പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന്‌ സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിൻറെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ. ഏതൊരു അല്ലാഹുവിൻറെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും ( നിങ്ങൾ സൂക്ഷിക്കുക. ) തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

2 അനാഥകൾക്ക്‌ അവരുടെ സ്വത്തുക്കൾ നിങ്ങൾ വിട്ടുകൊടുക്കുക. നല്ലതിനുപകരം ദുഷിച്ചത്‌ നിങ്ങൾ മാറ്റിയെടുക്കരുത്‌. നിങ്ങളുടെ ധനത്തോട്‌ കൂട്ടിചേർത്ത്‌ അവരുടെ ധനം നിങ്ങൾ തിന്നുകളയുകയുമരുത്‌. തീർച്ചയായും അത്‌ ഒരു കൊടും പാതകമാകുന്നു.

3 അനാഥകളുടെ കാര്യത്തിൽ നിങ്ങൾക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങൾ ഭയപ്പെടുകയാണെങ്കിൽ ( മറ്റു ) സ്ത്രീകളിൽ നിന്ന്‌ നിങ്ങൾ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാൽ ( അവർക്കിടയിൽ ) നീതിപുലർത്താനാവില്ലെന്ന്‌ നിങ്ങൾ ഭയപ്പെടുകയാണെങ്കിൽ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കിൽ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങൾ അതിരുവിട്ട്‌ പോകാതിരിക്കാൻ അതാണ്‌ കൂടുതൽ അനുയോജ്യമായിട്ടുള്ളത്‌.

4 സ്ത്രീകൾക്ക്‌ അവരുടെ വിവാഹമൂല്യങ്ങൾ മനഃസംതൃപ്തിയോട്‌ കൂടി നിങ്ങൾ നൽകുക. ഇനി അതിൽ നിന്ന്‌ വല്ലതും സൻമനസ്സോടെ അവർ വിട്ടുതരുന്ന പക്ഷം നിങ്ങളത്‌ സന്തോഷപൂർവ്വം സുഖമായി ഭക്ഷിച്ചു കൊള്ളുക.

5 അല്ലാഹു നിങ്ങളുടെ നിലനിൽപിന്നുള്ള മാർഗമായി നിശ്ചയിച്ച്‌ തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുകൾ നിങ്ങൾ വിവേകമില്ലാത്തവർക്ക്‌ കൈവിട്ട്‌ കൊടുക്കരുത്‌. എന്നാൽ അതിൽ നിന്നും നിങ്ങൾ അവർക്ക്‌ ഉപജീവനവും വസ്ത്രവും നൽകുകയും, അവരോട്‌ മര്യാദയുള്ള വാക്ക്‌ പറയുകയും ചെയ്യുക.

6 അനാഥകളെ നിങ്ങൾ പരീക്ഷിച്ച്‌ നോക്കുക. അങ്ങനെ അവർക്കു വിവാഹപ്രായമെത്തിയാൽ നിങ്ങളവരിൽ കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കൾ അവർക്ക്‌ വിട്ടുകൊടുക്കുക. അവർ ( അനാഥകൾ ) വലുതാകുമെന്നത്‌ കണ്ട്‌ അമിതമായും ധൃതിപ്പെട്ടും അത്‌ തിന്നുതീർക്കരുത്‌. ഇനി ( അനാഥരുടെ സംരക്ഷണമേൽക്കുന്ന ) വല്ലവനും കഴിവുള്ളവനാണെങ്കിൽ ( അതിൽ നിന്നു എടുക്കാതെ ) മാന്യത പുലർത്തുകയാണ്‌ വേണ്ടത്‌. വല്ലവനും ദരിദ്രനാണെങ്കിൽ മര്യാദപ്രകാരം അയാൾക്കതിൽ നിന്ന്‌ ഭക്ഷിക്കാവുന്നതാണ്‌. എന്നിട്ട്‌ അവരുടെ സ്വത്തുക്കൾ അവർക്ക്‌ നിങ്ങൾ ഏൽപിച്ചുകൊടുക്കുമ്പോൾ നിങ്ങളതിന്‌ സാക്ഷിനിർത്തേണ്ടതുമാണ്‌. കണക്കു നോക്കുന്നവനായി അല്ലാഹു തന്നെ മതി.

7 മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തിൽ പുരുഷൻമാർക്ക്‌ ഓഹരിയുണ്ട്‌. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തിൽ സ്ത്രീകൾക്കും ഓഹരിയുണ്ട്‌. ( ആ ധനം ) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത്‌ നിർണയിക്കപ്പെട്ട ഓഹരിയാകുന്നു.

8 ( സ്വത്ത്‌ ) ഭാഗിക്കുന്ന സന്ദർഭത്തിൽ ( മറ്റു ) ബന്ധുക്കളോ, അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാൽ അതിൽ നിന്ന്‌ അവർക്ക്‌ നിങ്ങൾ വല്ലതും നൽകുകയും, അവരോട്‌ മര്യാദയുള്ള വാക്ക്‌ പറയുകയും ചെയ്യേണ്ടതാകുന്നു.

9 തങ്ങളുടെ പിന്നിൽ ദുർബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാൽ ( അവരുടെ ഗതിയെന്താകുമെന്ന്‌ ) ഭയപ്പെടുന്നവർ ( അതേവിധം മറ്റുള്ളവരുടെ മക്കളുടെ കാര്യത്തിൽ ) ഭയപ്പെടട്ടെ. അങ്ങനെ അവർ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക്‌ പറയുകയും ചെയ്യട്ടെ.

10 തീർച്ചയായും അനാഥകളുടെ സ്വത്തുകൾ അന്യായമായി തിന്നുന്നവർ അവരുടെ വയറുകളിൽ തിന്നു ( നിറക്കു ) ന്നത്‌ തീ മാത്രമാകുന്നു. പിന്നീട്‌ അവർ നരകത്തിൽ കത്തിഎരിയുന്നതുമാണ്‌.

11 നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തിൽ അല്ലാഹു നിങ്ങൾക്ക്‌ നിർദേശം നൽകുന്നു; ആണിന്‌ രണ്ട്‌ പെണ്ണിൻറെതിന്‌ തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികം പെൺമക്കളാണുള്ളതെങ്കിൽ ( മരിച്ച ആൾ ) വിട്ടേച്ചു പോയ സ്വത്തിൻറെ മൂന്നിൽ രണ്ടു ഭാഗമാണ്‌ അവർക്കുള്ളത്‌. ഒരു മകൾ മാത്രമാണെങ്കിൽ അവൾക്ക്‌ പകുതിയാണുള്ളത്‌. മരിച്ച ആൾക്കു സന്താനമുണ്ടെങ്കിൽ അയാളുടെ മാതാപിതാക്കളിൽ ഓരോരുത്തർക്കും അയാൾ വിട്ടേച്ചുപോയ സ്വത്തിൻറെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാൾക്ക്‌ സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കൾ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കിൽ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാൾക്ക്‌ സഹോദരങ്ങളുണ്ടായിരുന്നാൽ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആൾ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കിൽ അതിനും ശേഷമാണ്‌ ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവർ ആരാണെന്ന്‌ നിങ്ങൾക്കറിയില്ല. അല്ലാഹുവിൻറെ പക്കൽ നിന്നുള്ള ( ഓഹരി ) നിർണയമാണിത്‌. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

12 നിങ്ങളുടെ ഭാര്യമാർക്ക്‌ സന്താനമില്ലാത്ത പക്ഷം അവർ വിട്ടേച്ചുപോയ ധനത്തിൻറെ പകുതി നിങ്ങൾക്കാകുന്നു. ഇനി അവർക്ക്‌ സന്താനമുണ്ടായിരുന്നാൽ അവർ വിട്ടേച്ചുപോയതിൻറെ നാലിലൊന്ന്‌ നിങ്ങൾക്കായിരിക്കും. അവർ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിൽ അതും കഴിച്ചാണിത്‌. നിങ്ങൾക്ക്‌ സന്താനമില്ലെങ്കിൽ നിങ്ങൾ വിട്ടേച്ചുപോയ ധനത്തിൽ നിന്ന്‌ നാലിലൊന്നാണ്‌ അവർക്ക്‌ ( ഭാര്യമാർക്ക്‌ ) ഉള്ളത്‌. ഇനി നിങ്ങൾക്ക്‌ സന്താനമുണ്ടായിരുന്നാൽ നിങ്ങൾ വിട്ടേച്ചു പോയതിൽ നിന്ന്‌ എട്ടിലൊന്നാണ്‌ അവർക്കുള്ളത്‌. നിങ്ങൾ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിൽ അതും കഴിച്ചാണിത്‌. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാൾക്ക്‌ ( മാതാവൊത്ത ) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താൽ അവരിൽ ( ആ സഹോദരസഹോദരിമാരിൽ ) ഓരോരുത്തർക്കും ആറിൽ ഒരംശം ലഭിക്കുന്നതാണ്‌. ഇനി അവർ അതിലധികം പേരുണ്ടെങ്കിൽ അവർ മൂന്നിലൊന്നിൽ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കിൽ അതൊഴിച്ചാണിത്‌. അല്ലാഹുവിങ്കൽ നിന്നുള്ള നിർദേശമത്രെ ഇത്‌. അല്ലാഹു സർവ്വജ്ഞനും സഹനശീലനുമാകുന്നു.

13 അല്ലാഹുവിൻറെ നിയമപരിധികളാകുന്നു ഇവയൊക്കെ. ഏതൊരാൾ അല്ലാഹുവിനെയും അവൻറെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത്‌ കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുന്നതാണ്‌. അവരതിൽ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം.

14 ആർ അല്ലാഹുവെയും അവൻറെ ദൂതനെയും ധിക്കരിക്കുകയും, അവൻറെ ( നിയമ ) പരിധികൾ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയിൽ പ്രവേശിപ്പിക്കും. അവനതിൽ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ്‌ അവന്നുള്ളത്‌.

15 നിങ്ങളുടെ സ്ത്രീകളിൽ നിന്ന്‌ നീചവൃത്തിയിൽ ഏർപെടുന്നവരാരോ അവർക്കെതിരിൽ സാക്ഷികളായി നിങ്ങളിൽ നിന്ന്‌ നാലുപേരെ നിങ്ങൾ കൊണ്ട്‌ വരുവിൻ. അങ്ങനെ അവർ സാക്ഷ്യം വഹിച്ചാൽ അവരെ നിങ്ങൾ വീടുകളിൽ തടഞ്ഞു വെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവർക്കൊരു മാർഗം ഉണ്ടാക്കുകയോ ചെയ്യുന്നത്‌ വരെ.

16 നിങ്ങളുടെ കൂട്ടത്തിൽ നിന്ന്‌ ആ നീചവൃത്തി ചെയ്യുന്ന രണ്ടുപേരെയും നിങ്ങൾ പീഡിപ്പിക്കുക. എന്നാൽ അവർ ഇരുവരും പശ്ചാത്തപിക്കുകയും നടപടി നന്നാക്കിത്തീർക്കുകയും ചെയ്യുന്ന പക്ഷം നിങ്ങൾ അവരെ വിട്ടേക്കുക. തീർച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.

17 പശ്ചാത്താപം സ്വീകരിക്കാൻ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത്‌ അറിവുകേട്‌ നിമിത്തം തിൻമ ചെയ്യുകയും, എന്നിട്ട്‌ താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവർക്ക്‌ മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

18 പശ്ചാത്താപം എന്നത്‌ തെറ്റുകൾ ചെയ്ത്‌ കൊണ്ടിരിക്കുകയും, എന്നിട്ട്‌ മരണം ആസന്നമാകുമ്പോൾ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന്‌ പറയുകയും ചെയ്യുന്നവർക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട്‌ മരണമടയുന്നവർക്കുമുള്ളതല്ല. അങ്ങനെയുള്ളവർക്ക്‌ വേദനയേറിയ ശിക്ഷയാണ്‌ നാം ഒരുക്കിവെച്ചിട്ടുള്ളത്‌.

19 സത്യവിശ്വാസികളേ, സ്ത്രീകളെ ബലാൽക്കാരമായിട്ട്‌ അനന്തരാവകാശ സ്വത്തായി എടുക്കൽ നിങ്ങൾക്ക്‌ അനുവദനീയമല്ല. അവർക്ക്‌ ( ഭാര്യമാർക്ക്‌ ) നിങ്ങൾ കൊടുത്തിട്ടുള്ളതിൽ ഒരു ഭാഗം തട്ടിയെടുക്കുവാൻ വേണ്ടി നിങ്ങളവരെ മുടക്കിയിടുകയും ചെയ്യരുത്‌. അവർ പ്രത്യക്ഷമായ വല്ല നീചവൃത്തിയും ചെയ്തെങ്കിലല്ലാതെ. അവരോട്‌ നിങ്ങൾ മര്യാദയോടെ സഹവർത്തിക്കേണ്ടതുമുണ്ട്‌. ഇനി നിങ്ങൾക്കവരോട്‌ വെറുപ്പ്‌ തോന്നുന്ന പക്ഷം ( നിങ്ങൾ മനസ്സിലാക്കുക ) നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തിൽ അല്ലാഹു ധാരാളം നൻമ നിശ്ചയിക്കുകയും ചെയ്തെന്ന്‌ വരാം.

20 നിങ്ങൾ ഒരു ഭാര്യയുടെ സ്ഥാനത്ത്‌ മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന പക്ഷം അവരിൽ ഒരുവൾക്ക്‌ നിങ്ങൾ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതിൽ നിന്ന്‌ യാതൊന്നും തന്നെ നിങ്ങൾ തിരിച്ചുവാങ്ങരുത്‌. കള്ള ആരോപണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധർമ്മം ചെയ്തുകൊണ്ടും നിങ്ങളത്‌ മേടിക്കുകയോ?

21 നിങ്ങൾ അന്യോന്യം കൂടിച്ചേരുകയും അവർ നിങ്ങളിൽ നിന്ന്‌ കനത്ത ഒരു കരാർ വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ നിങ്ങൾ അതങ്ങനെ മേടിക്കും?

22 നിങ്ങളുടെ പിതാക്കൾ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങൾ വിവാഹം കഴിക്കരുത്‌; മുമ്പ്‌ ചെയ്തുപോയതൊഴികെ. തീർച്ചയായും അത്‌ ഒരു നീചവൃത്തിയും വെറുക്കപ്പെട്ട കാര്യവും ദുഷിച്ച മാർഗവുമാകുന്നു.

23 നിങ്ങളുടെ മാതാക്കൾ, പുത്രിമാർ, സഹോദരിമാർ, പിതൃസഹോദരിമാർ, മാതൃസഹോദരിമാർ, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാർ, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാർ, നിങ്ങളുടെ ഭാര്യാമാതാക്കൾ എന്നിവർ ( അവരെ വിവാഹം ചെയ്യൽ ) നിങ്ങൾക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ലൈംഗികവേഴ്ചയിൽ ഏർപെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളർത്ത്‌ പുത്രിമാരും ( അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു ). ഇനി നിങ്ങൾ അവരുമായി ലൈംഗികവേഴ്ചയിൽ ഏർപെട്ടിട്ടില്ലെങ്കിൽ ( അവരുടെ മക്കളെ വേൾക്കുന്നതിൽ ) നിങ്ങൾക്കു കുറ്റമില്ല. നിങ്ങളുടെ മുതുകിൽ നിന്ന്‌ പിറന്ന പുത്രൻമാരുടെ ഭാര്യമാരും ( നിങ്ങൾക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ) രണ്ടുസഹോദരിമാരെ ഒന്നിച്ച്‌ ഭാര്യമാരാക്കുന്നതും ( നിഷിദ്ധമാകുന്നു. ) മുമ്പ്‌ ചെയ്ത്‌ പോയതൊഴികെ. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

24 ( മറ്റുള്ളവരുടെ ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും ( നിങ്ങൾക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ) നിങ്ങളുടെ കൈകൾ ഉടമപ്പെടുത്തിയവർ ( അടിമസ്ത്രീകൾ ) ഒഴികെ. നിങ്ങളുടെ മേൽ അല്ലാഹുവിൻറെ നിയമമത്രെ ഇത്‌. അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം ( മഹ്‌റായി ) നൽകിക്കൊണ്ട്‌ നിങ്ങൾ ( വിവാഹബന്ധം ) തേടുന്നത്‌ നിങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ വൈവാഹിക ജീവിതം ലക്ഷ്യമാക്കുന്നവരായിരിക്കണം. നീചവൃത്തി ആഗ്രഹിക്കുന്നവരാകരുത്‌. അങ്ങനെ അവരിൽ നിന്ന്‌ നിങ്ങൾ വല്ല സുഖവുമനുഭവിച്ചാൽ അവർക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയിൽ നിങ്ങൾ നൽകേണ്ടതാണ്‌. ബാധ്യത ( വിവാഹമൂല്യം ) നിശ്ചയിച്ചതിനു ശേഷം നിങ്ങൾ അന്യോന്യം തൃപ്തിപ്പെട്ട്‌ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതിൽ നിങ്ങൾക്ക്‌ കുറ്റമൊന്നുമില്ല. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

25 നിങ്ങളിലാർക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാൻ സാമ്പത്തിക ശേഷിയില്ലെങ്കിൽ നിങ്ങളുടെ കൈകൾ ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ ദാസിമാരിൽ ആരെയെങ്കിലും ( ഭാര്യമാരായി സ്വീകരിക്കാവുന്നതാണ്‌. ) അല്ലാഹുവാകുന്നു നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുന്നവൻ. നിങ്ങളിൽ ചിലർ ചിലരിൽ നിന്നുണ്ടായവരാണല്ലോ. അങ്ങനെ അവരെ ( ആ ദാസിമാരെ ) അവരുടെ രക്ഷാകർത്താക്കളുടെ അനുമതിപ്രകാരം നിങ്ങൾ വിവാഹം കഴിച്ച്‌ കൊള്ളുക. അവരുടെ വിവാഹമൂല്യം മര്യാദപ്രകാരം അവർക്ക്‌ നിങ്ങൾ നൽകുകയും ചെയ്യുക. മ്ലേച്ഛവൃത്തിയിൽ ഏർപെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ പതിവ്രതകളായിരിക്കണം അവർ. അങ്ങനെ അവർ വൈവാഹിക ജീവിതത്തിൻറെ സംരക്ഷണത്തിലായിക്കഴിഞ്ഞിട്ട്‌ അവർ മ്ലേച്ഛവൃത്തിയിൽ ഏർപെടുന്ന പക്ഷം സ്വതന്ത്രസ്ത്രീകൾക്കുള്ളതിൻറെ പകുതി ശിക്ഷ അവർക്കുണ്ടായിരിക്കും. നിങ്ങളുടെ കൂട്ടത്തിൽ ( വിവാഹം കഴിച്ചില്ലെങ്കിൽ ) വിഷമിക്കുമെന്ന്‌ ഭയപ്പെടുന്നവർക്കാകുന്നു അത്‌. ( അടിമസ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാനുള്ള അനുവാദം. ) എന്നാൽ നിങ്ങൾ ക്ഷമിച്ചിരിക്കുന്നതാകുന്നു നിങ്ങൾക്ക്‌ കൂടുതൽ ഉത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

26 നിങ്ങൾക്ക്‌ ( കാര്യങ്ങൾ ) വിവരിച്ചുതരുവാനും, നിങ്ങളുടെ മുൻഗാമികളുടെ നല്ല നടപടികൾ നിങ്ങൾക്ക്‌ കാട്ടിത്തരുവാനും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാനും, അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

27 അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നു. എന്നാൽ തന്നിഷ്ടങ്ങളെ പിൻപറ്റി ജീവിക്കുന്നവർ ഉദ്ദേശിക്കുന്നത്‌ നിങ്ങൾ ( നേർവഴിയിൽ നിന്ന്‌ ) വൻതോതിൽ തെറ്റിപ്പോകണമെന്നാണ്‌.

28 നിങ്ങൾക്ക്‌ ഭാരം കുറച്ചുതരണമെന്ന്‌ അല്ലാഹു ഉദ്ദേശിക്കുന്നു. ദുർബലനായിക്കൊണ്ടാണ്‌ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.

29 സത്യവിശ്വാസികളേ, നിങ്ങൾ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കൾ അന്യായമായി നിങ്ങൾ അന്യോന്യം എടുത്ത്‌ തിന്നരുത്‌. നിങ്ങൾ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്‌. തീർച്ചയായും അല്ലാഹു നിങ്ങളോട്‌ കരുണയുള്ളവനാകുന്നു.

30 ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്ന പക്ഷം നാമവനെ നരകാഗ്നിയിലിട്ട്‌ കരിക്കുന്നതാണ്‌. അത്‌ അല്ലാഹുവിന്‌ എളുപ്പമുള്ള കാര്യമാകുന്നു.

31 നിങ്ങളോട്‌ നിരോധിക്കപ്പെടുന്ന വൻപാപങ്ങൾ നിങ്ങൾ വർജ്ജിക്കുന്ന പക്ഷം നിങ്ങളുടെ തിൻമകളെ നിങ്ങളിൽ നിന്ന്‌ നാം മായ്ച്ചുകളയുകയും, മാന്യമായ ഒരു സ്ഥാനത്ത്‌ നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌.

32 നിങ്ങളിൽ ചിലർക്ക്‌ ചിലരെക്കാൾ കൂടുതലായി അല്ലാഹു നൽകിയ അനുഗ്രഹങ്ങളോട്‌ നിങ്ങൾക്ക്‌ മോഹം തോന്നരുത്‌. പുരുഷൻമാർ സമ്പാദിച്ചുണ്ടാക്കിയതിൻറെ ഓഹരി അവർക്കുണ്ട്‌. സ്ത്രീകൾ സമ്പാദിച്ചുണ്ടാക്കിയതിൻറെ ഓഹരി അവർക്കുമുണ്ട്‌. അല്ലാഹുവോട്‌ അവൻറെ ഔദാര്യത്തിൽ നിന്ന്‌ നിങ്ങൾ ആവശ്യപ്പെട്ടുകൊള്ളുക. തീർച്ചയായും അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

33 ഏതൊരാൾക്കും തൻറെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ച്‌ പോയ സ്വത്തിന്‌ നാം അവകാശികളെ നിശ്ചയിച്ചിട്ടുണ്ട്‌. നിങ്ങളുടെ വലംകൈകൾ ബന്ധം സ്ഥാപിച്ചിട്ടുള്ളവർക്കും അവരുടെ ഓഹരി നിങ്ങൾ കൊടുക്കുക. തീർച്ചയായും അല്ലാഹു എല്ലാ കാര്യങ്ങൾക്കും സാക്ഷിയാകുന്നു.

34 പുരുഷൻമാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരിൽ ഒരു വിഭാഗത്തിന്‌ മറു വിഭാഗത്തേക്കാൾ അല്ലാഹു കൂടുതൽ കഴിവ്‌ നൽകിയത്‌ കൊണ്ടും, ( പുരുഷൻമാർ ) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌. അതിനാൽ നല്ലവരായ സ്ത്രീകൾ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം ( പുരുഷൻമാരുടെ ) അഭാവത്തിൽ ( സംരക്ഷിക്കേണ്ടതെല്ലാം ) സംരക്ഷിക്കുന്നവരുമാണ്‌. എന്നാൽ അനുസരണക്കേട്‌ കാണിക്കുമെന്ന്‌ നിങ്ങൾ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങൾ ഉപദേശിക്കുക. കിടപ്പറകളിൽ അവരുമായി അകന്നു നിൽക്കുക. അവരെ അടിക്കുകയും ചെയ്ത്‌ കൊള്ളുക. എന്നിട്ടവർ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങൾ അവർക്കെതിരിൽ ഒരു മാർഗവും തേടരുത്‌. തീർച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.

35 ഇനി, അവർ ( ദമ്പതിമാർ ) തമ്മിൽ ഭിന്നിച്ച്‌ പോകുമെന്ന്‌ നിങ്ങൾ ഭയപ്പെടുന്ന പക്ഷം അവൻറെ ആൾക്കാരിൽ നിന്ന്‌ ഒരു മദ്ധ്യസ്ഥനെയും അവളുടെ ആൾക്കാരിൽ നിന്ന്‌ ഒരു മദ്ധ്യസ്ഥനെയും നിങ്ങൾ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ്‌ ഉദ്ദേശിക്കുന്നതെങ്കിൽ അല്ലാഹു അവർക്കിടയിൽ യോജിപ്പുണ്ടാക്കുന്നതാണ്‌. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.

36 നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട്‌ യാതൊന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട്‌ നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല.

37 പിശുക്ക്‌ കാണിക്കുകയും, പിശുക്ക്‌ കാണിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങൾക്ക്‌ അല്ലാഹു തൻറെ ഔദാര്യം കൊണ്ട്‌ നൽകിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവർ. ആ നന്ദികെട്ടവർക്ക്‌ അപമാനകരമായ ശിക്ഷയാണ്‌ നാം ഒരുക്കിവെച്ചിരിക്കുന്നത്‌.

38 ജനങ്ങളെ കാണിക്കുവാനായി തങ്ങളുടെ സ്വത്തുക്കൾ ചെലവഴിക്കുന്നവരും, അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വാസമില്ലാത്തവരുമാണവർ. പിശാചാണ്‌ ഒരാളുടെ കൂട്ടാളിയാകുന്നതെങ്കിൽ അവൻ എത്ര ദുഷിച്ച ഒരു കൂട്ടുകാരൻ!

39 അവർ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹു അവർക്ക്‌ നൽകിയതിൽ നിന്ന്‌ ചെലവഴിക്കുകയും ചെയ്തു പോയാൽ അവർക്കെന്തൊരു ദോഷമാണുള്ളത്‌? അല്ലാഹു അവരെ പറ്റി നന്നായി അറിയുന്നവനാകുന്നു.

40 തീർച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നൻമയുമാണുള്ളതെങ്കിൽ അതവൻ ഇരട്ടിച്ച്‌ കൊടുക്കുകയും, അവൻറെ പക്കൽ നിന്നുള്ള വമ്പിച്ച പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്‌.

41 എന്നാൽ ഓരോ സമുദായത്തിൽ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട്‌ വരികയും ഇക്കൂട്ടർക്കെതിരിൽ നിന്നെ നാം സാക്ഷിയായി കൊണ്ട്‌ വരികയും ചെയ്യുമ്പോൾ എന്തായിരിക്കും അവസ്ഥ!

42 അവിശ്വസിക്കുകയും റസൂലിനെ ധിക്കരിക്കുകയും ചെയ്തവർ ആ ദിവസം കൊതിച്ചു പോകും; അവരെ മൂടിക്കൊണ്ട്‌ ഭൂമി നിരപ്പാക്കപ്പെട്ടിരുന്നു വെങ്കിൽ എത്ര നന്നായിരുന്നുവെന്ന്‌. ഒരു വിവരവും അല്ലാഹുവിൽ നിന്ന്‌ അവർക്ക്‌ ഒളിച്ചു വെക്കാനാവില്ല.

43 സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട്‌ നിങ്ങൾ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങൾ പറയുന്നതെന്തെന്ന്‌ നിങ്ങൾക്ക്‌ ബോധമുണ്ടാകുന്നത്‌ വരെ. ജനാബത്തുകാരായിരിക്കുമ്പോൾ നിങ്ങൾ കുളിക്കുന്നത്‌ വരെയും ( നമസ്കാരത്തെ സമീപിക്കരുത്‌. ) നിങ്ങൾ വഴി കടന്ന്‌ പോകുന്നവരായിക്കൊണ്ടല്ലാതെ. നിങ്ങൾ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താൽ- അല്ലെങ്കിൽ നിങ്ങളിലൊരാൾ മലമൂത്രവിസർജ്ജനം കഴിഞ്ഞ്‌ വരികയോ, സ്ത്രീകളുമായി സമ്പർക്കം നടത്തുകയോ ചെയ്തുവെങ്കിൽ -എന്നിട്ട്‌ നിങ്ങൾക്ക്‌ വെള്ളം കിട്ടിയതുമില്ലെങ്കിൽ നിങ്ങൾ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട്‌ നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീർച്ചയായും അല്ലാഹു ഏറെ മാപ്പുനൽകുന്നവനും പൊറുക്കുന്നവനുമാകുന്നു.

44 വേദഗ്രന്ഥത്തിൽ നിന്ന്‌ ഒരു വിഹിതം നൽകപ്പെട്ടവരെ നീ കണ്ടില്ലേ? അവർ ദുർമാർഗം വിലയ്ക്ക്‌ വാങ്ങുകയും, നിങ്ങൾ വഴിതെറ്റിപ്പോകണമെന്ന്‌ ആഗ്രഹിക്കുകയും ചെയ്യുന്നു.

45 അല്ലാഹു നിങ്ങളുടെ ശത്രുക്കളെപ്പറ്റി നന്നായി അറിയുന്നവനാകുന്നു. നിങ്ങൾക്ക്‌ രക്ഷകനായി അല്ലാഹു മതി, സഹായിയായും അല്ലാഹു തന്നെ മതി.

46 യഹൂദരിൽ പെട്ടവരത്രെ ( ആ ശത്രുക്കൾ. ) വാക്കുകളെ അവർ സ്ഥാനം തെറ്റിച്ച്‌ പ്രയോഗിക്കുന്നു. തങ്ങളുടെ നാവുകൾ വളച്ചൊടിച്ച്‌ കൊണ്ടും, മതത്തെ കുത്തിപ്പറഞ്ഞ്‌ കൊണ്ടും സമിഅ്നാ വഅസൈനാ എന്നും ഇസ്മഅ്‌ ഗൈറ മുസ്മഅ്‌ എന്നും റാഇനാ എന്നും അവർ പറയുന്നു. സമിഅ്നാ വഅത്വഅ്നാ ( ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു ) എന്നും ഇസ്മഅ്‌ ( കേൾക്കണേ ) എന്നും ഉൻളുർനാ ( ഞങ്ങളെ ഗൗനിക്കണേ ) എന്നും അവർ പറഞ്ഞിരുന്നെങ്കിൽ അതവർക്ക്‌ കൂടുതൽ ഉത്തമവും വക്രതയില്ലാത്തതും ആകുമായിരുന്നു. പക്ഷെ അല്ലാഹു അവരുടെ നിഷേധം കാരണമായി അവരെ ശപിച്ചിരിക്കുന്നു. അതിനാൽ അവർ വിശ്വസിക്കുകയില്ല; ചുരുക്കത്തിലല്ലാതെ.

47 ഹേ; വേദഗ്രന്ഥം നൽകപ്പെട്ടവരേ, നിങ്ങളുടെ പക്കലുള്ള വേദത്തെ സത്യപ്പെടുത്തിക്കൊണ്ട്‌ നാം അവതരിപ്പിച്ചതിൽ നിങ്ങൾ വിശ്വസിക്കുവിൻ. നാം ചില മുഖങ്ങൾ തുടച്ചുനീക്കിയിട്ട്‌ അവയെ പിൻവശങ്ങളിലേക്ക്‌ മാറ്റുന്നതിന്‌ മുമ്പായി, അല്ലെങ്കിൽ ശബ്ബത്തിൻറെ ആൾക്കാരെ നാം ശപിച്ചത്‌ പോലെ നിങ്ങളെയും ശപിക്കുന്നതിന്നുമുമ്പായി നിങ്ങൾ വിശ്വസിക്കുവിൻ. അല്ലാഹുവിൻറെ കൽപന പ്രാവർത്തികമാക്കപ്പെടുക തന്നെ ചെയ്യും.

48 തന്നോട്‌ പങ്കുചേർക്കപ്പെടുന്നത്‌ അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവൻ ഉദ്ദേശിക്കുന്നവർക്ക്‌ അവൻ പൊറുത്തുകൊടുക്കുന്നതാണ്‌. ആർ അല്ലാഹുവോട്‌ പങ്കുചേർത്തുവോ അവൻ തീർച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ്‌ ചമച്ചുണ്ടാക്കിയിരിക്കുന്നത്‌.

49 സ്വയം പരിശുദ്ധരെന്ന്‌ അവകാശപ്പെടുന്നവരെ നീ കണ്ടില്ലേ? എന്നാൽ അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ പരിശുദ്ധരാക്കുന്നു. അവരോട്‌ ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.

50 എങ്ങനെയാണ്‌ അവർ അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുന്നത്‌ എന്ന്‌ നോക്കൂ. പ്രത്യക്ഷമായ കുറ്റമായിട്ട്‌ അതു തന്നെ മതി.

51 വേദത്തിൽ നിന്ന്‌ ഒരു വിഹിതം നൽകപ്പെട്ടവരെ നീ നോക്കിയില്ലെ? അവർ ക്ഷുദ്ര വിദ്യകളിലും ദുർമൂർത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവർ പറയുന്നു; ഇക്കൂട്ടരാണ്‌ വിശ്വാസികളെക്കാൾ നേർമാർഗം പ്രാപിച്ചവരെന്ന്‌.

52 എന്നാൽ അവരെയാണ്‌ അല്ലാഹു ശപിച്ചിരിക്കുന്നത്‌. ഏതൊരുവനെ അല്ലാഹു ശപിച്ചിരിക്കുന്നുവോ അവന്ന്‌ ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല.

53 അതല്ല, ആധിപത്യത്തിൽ വല്ല വിഹിതവും അവർക്കുണ്ടോ? എങ്കിൽ ഒരു അണുവോളവും അവർ മനുഷ്യർക്ക്‌ നൽകുമായിരുന്നില്ല.

54 അതല്ല, അല്ലാഹു അവൻറെ ഔദാര്യത്തിൽ നിന്ന്‌ മറ്റു മനുഷ്യർക്ക്‌ നൽകിയിട്ടുള്ളതിൻറെ പേരിൽ അവർ അസൂയപ്പെടുകയാണോ? എന്നാൽ ഇബ്രാഹീം കുടുംബത്തിന്‌ നാം വേദവും ജ്ഞാനവും നൽകിയിട്ടുണ്ട്‌. അവർക്ക്‌ നാം മഹത്തായ ആധിപത്യവും നൽകിയിട്ടുണ്ട്‌.

55 അതിൽ വിശ്വസിച്ച ഒരു വിഭാഗം അവരുടെ കൂട്ടത്തിലുണ്ട്‌. അതിൽ നിന്ന്‌ പിന്തിരിഞ്ഞ വിഭാഗവും അവരിലുണ്ട്‌. ( അവർക്ക്‌ ) കത്തിജ്വലിക്കുന്ന നരകാഗ്നി തന്നെ മതി.

56 തീർച്ചയായും നമ്മുടെ തെളിവുകൾ നിഷേധിച്ചവരെ നാം നരകത്തിലിട്ട്‌ കരിക്കുന്നതാണ്‌. അവരുടെ തൊലികൾ വെന്തുപോകുമ്പോഴെല്ലാം അവർക്ക്‌ നാം വേറെ തൊലികൾ മാറ്റികൊടുക്കുന്നതാണ്‌. അവർ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാൻ വേണ്ടിയാണത്‌. തീർച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.

57 വിശ്വസിക്കുകയും സൽപ്രവൃത്തികളിൽ ഏർപെടുകയും ചെയ്തവരാകട്ടെ, താഴ്ഭാഗത്ത്‌ കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോട്ടങ്ങളിൽ നാം അവരെ പ്രവേശിപ്പിക്കുന്നതാണ്‌. അവരതിൽ നിത്യവാസികളായിരിക്കും. അവർക്കവിടെ പരിശുദ്ധരായ ഇണകളുണ്ടായിരിക്കും. സ്ഥിരവും ഇടതൂർന്നതുമായ തണലിൽ നാമവരെ പ്രവേശിപ്പിക്കുകയും ചെയ്യും.

58 വിശ്വസിച്ചേൽപിക്കപ്പെട്ട അനാമത്തുകൾ അവയുടെ അവകാശികൾക്ക്‌ നിങ്ങൾ കൊടുത്തു വീട്ടണമെന്നും, ജനങ്ങൾക്കിടയിൽ നിങ്ങൾ തീർപ്പുകൽപിക്കുകയാണെങ്കിൽ നീതിയോടെ തീർപ്പുകൽപിക്കണമെന്നും അല്ലാഹു നിങ്ങളോട്‌ കൽപിക്കുന്നു. എത്രയോ നല്ല ഉപദേശമാണ്‌ അവൻ നിങ്ങൾക്ക്‌ നൽകുന്നത്‌. തീർച്ചയായും എല്ലാം കേൾക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു.

59 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിൻറെ ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ ( അതാണ്‌ വേണ്ടത്‌. ) അതാണ്‌ ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും.

60 നിനക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും നിനക്ക്‌ മുമ്പ്‌ അവതരിപ്പിക്കപ്പെട്ടതിലും തങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന്‌ ജൽപിക്കുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? ദുർമൂർത്തികളുടെ അടുത്തേക്ക്‌ വിധിതേടിപ്പോകാനാണ്‌ അവർ ഉദ്ദേശിക്കുന്നത്‌. വാസ്തവത്തിൽ ദുർമൂർത്തികളെ അവിശ്വസിക്കുവാനാണ്‌ അവർ കൽപിക്കപ്പെട്ടിട്ടുള്ളത്‌. പിശാച്‌ അവരെ ബഹുദൂരം വഴിതെറ്റിക്കുവാൻ ഉദ്ദേശിക്കുന്നു.

61 അല്ലാഹു അവതരിപ്പിച്ചതിലേക്കും ( അവൻറെ ) ദൂതനിലേക്കും നിങ്ങൾ വരൂ എന്ന്‌ അവരോട്‌ പറയപ്പെട്ടാൽ ആ കപടവിശ്വാസികൾ നിന്നെ വിട്ട്‌ പാടെ പിന്തിരിഞ്ഞ്‌ പോകുന്നത്‌ നിനക്ക്‌ കാണാം.

62 എന്നാൽ സ്വന്തം കൈകൾ ചെയ്ത്‌ വെച്ചതിൻറെ ഫലമായി അവർക്ക്‌ വല്ല ആപത്തും ബാധിക്കുകയും, അനന്തരം അവർ നിൻറെ അടുത്ത്‌ വന്ന്‌ അല്ലാഹുവിൻറെ പേരിൽ സത്യം ചെയ്ത്‌ കൊണ്ട്‌ ഞങ്ങൾ നൻമയും അനുരഞ്ജനവുമല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിരുന്നില്ല എന്ന്‌ പറയുകയും ചെയ്യുമ്പോഴുള്ള സ്ഥിതി എങ്ങനെയായിരിക്കും?

63 അത്തരക്കാരുടെ മനസ്സുകളിൽ എന്താണുള്ളതെന്ന്‌ അല്ലാഹുവിന്നറിയാം. ആകയാൽ ( നബിയേ, ) അവരെ വിട്ട്‌ തിരിഞ്ഞുകളയുക. അവർക്ക്‌ സദുപദേശം നൽകുകയും, അവരുടെ മനസ്സിൽ തട്ടുന്ന വാക്ക്‌ അവരോട്‌ പറയുകയും ചെയ്യുക.

64 അല്ലാഹുവിൻറെ ഉത്തരവ്‌ പ്രകാരം അനുസരിക്കപ്പെടുവാൻ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവർ അവരോട്‌ തന്നെ അക്രമം പ്രവർത്തിച്ചപ്പോൾ നിൻറെ അടുക്കൽ അവർ വരികയും, എന്നിട്ടവർ അല്ലാഹുവോട്‌ പാപമോചനം തേടുകയും, അവർക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കിൽ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവർ കണ്ടെത്തുമായിരുന്നു.

65 ഇല്ല, നിൻറെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അത്‌ പൂർണ്ണമായി സമ്മതിച്ച്‌ അനുസരിക്കുകയും ചെയ്യുന്നതു വരെ അവർ വിശ്വാസികളാവുകയില്ല.

66 നിങ്ങൾ സ്വന്തം ജീവൻ ബലിയർപ്പിക്കണമെന്നോ, വീട്‌ വിട്ടിറങ്ങണമെന്നോ നാം അവർക്ക്‌ കൽപന നൽകിയിരുന്നുവെങ്കിൽ അവരിൽ ചുരുക്കം പേരൊഴികെ അത്‌ ചെയ്യുമായിരുന്നില്ല. അവരോട്‌ ഉപദേശിക്കപ്പെടും പ്രകാരം അവർ പ്രവർത്തിച്ചിരുന്നുവെങ്കിൽ അതവർക്ക്‌ ഏറ്റവും ഉത്തമവും ( സൻമാർഗത്തിൽ ) അവരെ കൂടുതൽ ശക്തമായി ഉറപ്പിക്കുന്നതും ആകുമായിരുന്നു.

67 എന്നാൽ അവർക്ക്‌ നമ്മുടെ പക്കൽ നിന്നുള്ള മഹത്തായ പ്രതിഫലം നാം നൽകുകയും,

68 നാമവരെ നേർവഴിയിൽ ചേർക്കുകയും ചെയ്യുമായിരുന്നു.

69 ആർ അല്ലാഹുവെയും അവൻറെ ദൂതനെയും അനുസരിക്കുന്നുവോ അവർ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകൻമാർ, സത്യസന്ധൻമാർ, രക്തസാക്ഷികൾ, സച്ചരിതൻമാർ എന്നിവരോടൊപ്പമായിരിക്കും. അവർ എത്ര നല്ല കൂട്ടുകാർ!

70 അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹമത്രെ അത്‌. എല്ലാം അറിയുന്നവനായി അല്ലാഹു മതി.

71 സത്യവിശ്വാസികളേ, നിങ്ങൾ ജാഗ്രത കൈക്കൊള്ളുവിൻ. അങ്ങനെ ചെറുസംഘങ്ങളായോ, ഒന്നിച്ചൊറ്റകൂട്ടമായോ നിങ്ങൾ ( യുദ്ധത്തിന്‌ ) പുറപ്പെട്ട്‌ കൊള്ളുക.

72 തീർച്ചയായും നിങ്ങളുടെ കൂട്ടത്തിൽ മടിച്ച്‌ പിന്നോക്കം നിൽക്കുന്നവനുണ്ട്‌. അങ്ങനെ നിങ്ങൾക്ക്‌ വല്ല വിപത്തും ബാധിച്ചുവെങ്കിൽ, ഞാൻ അവരോടൊപ്പം ( യുദ്ധത്തിന്‌ ) ഹാജരാകാതിരുന്നത്‌ വഴി അല്ലാഹു എനിക്ക്‌ അനുഗ്രഹം ചെയ്തിരിക്കുകയാണ്‌ എന്നായിരിക്കും അവൻ പറയുക.

73 നിങ്ങൾക്ക്‌ അല്ലാഹുവിങ്കൽ നിന്ന്‌ വല്ല അനുഗ്രഹവും വന്നുകിട്ടുകയാണെങ്കിലോ, നിങ്ങളും അവനും തമ്മിൽ യാതൊരു സ്നേഹബന്ധവുമുണ്ടായിരുന്നില്ല എന്ന മട്ടിൽ അവൻ പറയും; ( ഹാ കഷ്ടമായി! ) ഞാൻ അവരുടെ കൂടെയുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. എങ്കിൽ എനിക്കൊരു വലിയ നേട്ടം നേടിയെടുക്കാമായിരുന്നു.

74 ഇഹലോകജീവിതത്തെ പരലോകജീവിതത്തിന്‌ പകരം വിൽക്കാൻ തയ്യാറുള്ളവർ അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധം ചെയ്യട്ടെ. അല്ലാഹുവിൻറെ മാർഗത്തിൽ വല്ലവനും യുദ്ധം ചെയ്തിട്ട്‌ അവൻ കൊല്ലപ്പെട്ടാലും വിജയം നേടിയാലും നാമവന്‌ മഹത്തായ പ്രതിഫലം നൽകുന്നതാണ്‌.

75 അല്ലാഹുവിൻറെ മാർഗത്തിൽ നിങ്ങൾക്കെന്തുകൊണ്ട്‌ യുദ്ധം ചെയ്തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകൾ അധിവസിക്കുന്ന ഈ നാട്ടിൽ നിന്ന്‌ ഞങ്ങളെ നീ മോചിപ്പിക്കുകയും, നിൻറെ വകയായി ഒരു രക്ഷാധികാരിയെയും നിൻറെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക്‌ നീ നിശ്ചയിച്ച്‌ തരികയും ചെയ്യേണമേ. എന്ന്‌ പ്രാർത്ഥിച്ച്‌ കൊണ്ടിരിക്കുന്ന മർദ്ദിച്ചൊതുക്കപ്പെട്ട പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയും ( നിങ്ങൾക്കെന്തുകൊണ്ട്‌ യുദ്ധം ചെയ്തു കൂടാ? )

76 വിശ്വാസികൾ അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധം ചെയ്യുന്നു. സത്യനിഷേധികളാകട്ടെ, ദുർമൂർത്തികളുടെ മാർഗത്തിൽ യുദ്ധം ചെയ്യുന്നു. അതിനാൽ പിശാചിൻറെ മിത്രങ്ങളുമായി നിങ്ങൾ യുദ്ധത്തിൽ ഏർപെടുക. തീർച്ചയായും പിശാചിൻറെ കുതന്ത്രം ദുർബലമാകുന്നു.

77 ( യുദ്ധത്തിനുപോകാതെ ) നിങ്ങൾ കൈകൾ അടക്കിവെക്കുകയും, പ്രാർത്ഥന മുറപോലെ നിർവഹിക്കുകയും. സകാത്ത്‌ നൽകുകയും ചെയ്യുവിൻ എന്ന്‌ നിർദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? പിന്നീടവർക്ക്‌ യുദ്ധം നിർബന്ധമായി നിശ്ചയിക്കപ്പെട്ടപ്പോൾ അവരിൽ ഒരു വിഭാഗമതാ അല്ലാഹുവെ ഭയപ്പെടും പോലെയോ, അതിനെക്കാൾ ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുന്നു. ഞങ്ങളുടെ രക്ഷിതാവേ, നീയെന്തിനാണ്‌ ഞങ്ങൾക്ക്‌ യുദ്ധം നിർബന്ധമാക്കിയത്‌? അടുത്ത ഒരു അവധിവരെയെങ്കിലും ഞങ്ങൾക്ക്‌ സമയം നീട്ടിത്തന്നുകൂടായിരുന്നോ? എന്നാണ്‌ അവർ പറഞ്ഞത്‌. പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്‌. പരലോകമാണ്‌ സൂക്ഷ്മത പാലിക്കുന്നവർക്ക്‌ കൂടുതൽ ഗുണകരം. നിങ്ങളോട്‌ ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല.

78 നിങ്ങൾ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്‌. നിങ്ങൾ ഭദ്രമായി കെട്ടി ഉയർത്തപ്പെട്ട കോട്ടകൾക്കുള്ളിലായാൽ പോലും. ( നബിയേ, ) അവർക്ക്‌ വല്ല നേട്ടവും വന്നുകിട്ടിയാൽ അവർ പറയും; ഇത്‌ അല്ലാഹുവിങ്കൽ നിന്ന്‌ ലഭിച്ചതാണ്‌ എന്ന്‌. അവർക്ക്‌ വല്ല ദോഷവും ബാധിച്ചാൽ അവർ പറയും; ഇത്‌ നീ കാരണം ഉണ്ടായതാണ്‌ എന്ന്‌.പറയുക: എല്ലാം അല്ലാഹുവിൻറെ പക്കൽ നിന്നുള്ളതാണ്‌. അപ്പോൾ ഈ ആളുകൾക്ക്‌ എന്ത്‌ പറ്റി? അവർ ഒരു വിഷയവും മനസ്സിലാക്കാൻ ഭാവമില്ല.

79 നൻമയായിട്ട്‌ നിനക്ക്‌ എന്തൊന്ന്‌ വന്നുകിട്ടിയാലും അത്‌ അല്ലാഹുവിങ്കൽ നിന്നുള്ളതാണ്‌. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിൻറെ പക്കൽ നിന്നുതന്നെ ഉണ്ടാകുന്നതാണ്‌. ( നബിയേ, ) നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായിട്ടാണ്‌ നിയോഗിച്ചിരിക്കുന്നത്‌.( അതിന്‌ ) സാക്ഷിയായി അല്ലാഹു മതി.

80 ( അല്ലാഹുവിൻറെ ) ദൂതനെ ആർ അനുസരിക്കുന്നുവോ തീർച്ചയായും അവൻ അല്ലാഹുവെ അനുസരിച്ചു. ആർ പിന്തിരിഞ്ഞുവോ അവരുടെ മേൽ കാവൽക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.

81 അവർ പറയും: ഞങ്ങളിതാ അനുസരിച്ചിരിക്കുന്നു എന്ന്‌. എന്നിട്ടവർ നിൻറെ അടുക്കൽ നിന്ന്‌ പുറത്ത്‌ പോയാൽ അവരിൽ ഒരു വിഭാഗം തങ്ങൾ പുറത്ത്‌ പറയുന്നതിന്‌ വിപരീതമായി രാത്രിയിൽ ഗൂഢാലോചന നടത്തുന്നു. അവർ രാത്രി ഗൂഢാലോചന നടത്തുന്നതെല്ലാം അല്ലാഹു രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആകയാൽ നീ അവരെ വിട്ട്‌ തിരിഞ്ഞുകളയുക. എന്നിട്ട്‌ അല്ലാഹുവെ ഭരമേൽപിക്കുക. ഭരമേൽപിക്കപ്പെടുന്നവനായി അല്ലാഹു മതി.

82 അവർ ഖുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത്‌ അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.

83 സമാധാനവുമായോ ( യുദ്ധ ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാർത്തയും അവർക്ക്‌ വന്നുകിട്ടിയാൽ അവരത്‌ പ്രചരിപ്പിക്കുകയായി. അവരത്‌ റസൂലിൻറെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന്‌ വിട്ടിരുന്നുവെങ്കിൽ അവരുടെ കൂട്ടത്തിൽ നിന്ന്‌ നിരീക്ഷിച്ച്‌ മനസ്സിലാക്കാൻ കഴിവുള്ളവർ അതിൻറെ യാഥാർത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേൽ അല്ലാഹുവിൻറെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ നിങ്ങളിൽ അൽപം ചിലരൊഴികെ പിശാചിനെ പിൻപറ്റുമായിരുന്നു.

84 എന്നാൽ( നബിയേ, ) നീ അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധം ചെയ്തു കൊള്ളുക. നിൻറെ സ്വന്തം കാര്യമല്ലാതെ നിന്നോട്‌ ശാസിക്കപ്പെടുന്നതല്ല. സത്യവിശ്വാസികളിൽ നീ പ്രേരണ ചെലുത്തുകയും ചെയ്യുക. സത്യനിഷേധികളുടെ ആക്രമണശക്തിയെ അല്ലാഹു തടുത്തുതന്നേക്കും. അല്ലാഹു ഏറ്റവും കൂടുതൽ ആക്രമണശക്തിയുള്ളവനും അതികഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു.

85 വല്ലവനും ഒരു നല്ല ശുപാർശ ചെയ്താൽ ആ നൻമയിൽ ഒരു പങ്ക്‌ അവന്നുണ്ടായിരിക്കും. വല്ലവനും ഒരു ചീത്ത ശുപാർശ ചെയ്താൽ ആ തിൻമയിൽ നിന്ന്‌ ഒരു പങ്കും അവന്നുണ്ടായിരിക്കും. അല്ലാഹു എല്ലാകാര്യങ്ങളുടെയും മേൽനോട്ടം വഹിക്കുന്നവനാകുന്നു.

86 നിങ്ങൾക്ക്‌ അഭിവാദ്യം അർപ്പിക്കപ്പെട്ടാൽ അതിനെക്കാൾ മെച്ചമായി ( അങ്ങോട്ട്‌ ) അഭിവാദ്യം അർപ്പിക്കുക. അല്ലെങ്കിൽ അതുതന്നെ തിരിച്ചുനൽകുക. തീർച്ചയായും അല്ലാഹു ഏതൊരു കാര്യത്തിൻറെയും കണക്ക്‌ നോക്കുന്നവനാകുന്നു.

87 അല്ലാഹു- അവനല്ലാതെ യാതൊരു ദൈവവുമില്ല. ഉയിർത്തെഴുന്നേൽപിൻറെ ദിവസത്തേക്ക്‌ അവൻ നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതിൽ സംശയമേ ഇല്ല. അല്ലാഹുവെക്കാൾ സത്യസന്ധമായി വിവരം നൽകുന്നവൻ ആരുണ്ട്‌?

88 എന്നാൽ കപടവിശ്വാസികളുടെ കാര്യത്തിൽ നിങ്ങളെന്താണ്‌ രണ്ട്‌ കക്ഷികളാകുന്നത്‌? അവർ സമ്പാദിച്ചുണ്ടാക്കിയത്‌ ( തിൻമ ) കാരണം അല്ലാഹു അവരെ തലതിരിച്ചു വിട്ടിരിക്കുകയാണ്‌. അല്ലാഹു പിഴപ്പിച്ചവരെ നിങ്ങൾ നേർവഴിയിലാക്കാൻ ഉദ്ദേശിച്ചിരിക്കുകയാണോ? അല്ലാഹു ഒരുവനെ പിഴപ്പിച്ചാൽ പിന്നെ അവന്ന്‌ ഒരു വഴിയും നീ കണ്ടെത്തുന്നതല്ല.

89 അവർ അവിശ്വസിച്ചത്‌ പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായിത്തീരുകയും ചെയ്യാനാണ്‌ അവർ കൊതിക്കുന്നത്‌. അതിനാൽ അവർ അല്ലാഹുവിൻറെ മാർഗത്തിൽ സ്വന്തം നാട്‌ വിട്ടുവരുന്നതു വരെ അവരിൽ നിന്ന്‌ നിങ്ങൾ മിത്രങ്ങളെ സ്വീകരിച്ച്‌ പോകരുത്‌. എന്നാൽ അവർ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കിൽ നിങ്ങളവരെ പിടികൂടുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച്‌ നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരിൽ നിന്ന്‌ യാതൊരു മിത്രത്തെയും സഹായിയെയും നിങ്ങൾ സ്വീകരിച്ചു പോകരുത്‌.

90 നിങ്ങളുമായി സഖ്യത്തിൽ കഴിയുന്ന ഒരു ജനവിഭാഗത്തോട്‌ ചേർന്ന്‌ നിൽക്കുന്നവരൊഴികെ. നിങ്ങളോട്‌ യുദ്ധം ചെയ്യാനോ, സ്വന്തം ആൾക്കാരോട്‌ യുദ്ധം ചെയ്യാനോ മനഃപ്രയാസമുള്ളവരായി നിങ്ങളുടെ അടുത്ത്‌ വരുന്നവരും ഒഴികെ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളുടെ മേൽ അവർക്കവൻ ശക്തി നൽകുകയും, നിങ്ങളോടവർ യുദ്ധത്തിൽ ഏർപെടുകയും ചെയ്യുമായിരുന്നു. എന്നാൽ നിങ്ങളോട്‌ യുദ്ധം ചെയ്യാതെ അവർ വിട്ടൊഴിഞ്ഞ്‌ നിൽക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാനനിർദേശം വെക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരായി യാതൊരു മാർഗവും അല്ലാഹു നിങ്ങൾക്ക്‌ അനുവദിച്ചിട്ടില്ല.

91 വേറെ ഒരു വിഭാഗത്തെയും നിങ്ങൾ കണ്ടെത്തിയേക്കും. നിങ്ങളിൽ നിന്നും സ്വന്തം ജനതയിൽ നിന്നും ഒരുപോലെ സുരക്ഷിതരായിക്കഴിയാൻ അവർ ആഗ്രഹിക്കുന്നു. കുഴപ്പത്തിലേക്ക്‌ അവർ തിരിച്ചുവിളിക്കപ്പെടുമ്പോഴെല്ലാം അതിലവർ തലകുത്തി വീഴുന്നു. എന്നാൽ അവർ നിങ്ങളെ വിട്ട്‌ ഒഴിഞ്ഞ്‌ നിൽക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാന നിർദേശം വെക്കുകയും, സ്വന്തം കൈകൾ അടക്കിവെക്കുകയും ചെയ്യാത്ത പക്ഷം അവരെ നിങ്ങൾ പിടികൂടുകയും, അവരെ കണ്ടുമുട്ടുന്നേടത്ത്‌ വെച്ച്‌ നിങ്ങൾ കൊലപ്പെടുത്തുകയും ചെയ്യുക. അത്തരക്കാർക്കെതിരിൽ നാം നിങ്ങൾക്ക്‌ വ്യക്തമായ ന്യായം നൽകിയിരിക്കുന്നു.

92 യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാൻ പാടുള്ളതല്ല; അബദ്ധത്തിൽ വന്നുപോകുന്നതല്ലാതെ. എന്നാൽ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തിൽ കൊന്നുപോയാൽ ( പ്രായശ്ചിത്തമായി ) ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും, അവൻറെ ( കൊല്ലപ്പെട്ടവൻറെ ) അവകാശികൾക്ക്‌ നഷ്ടപരിഹാരം നൽകുകയുമാണ്‌ വേണ്ടത്‌. അവർ ( ആ അവകാശികൾ ) അത്‌ ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ. ഇനി അവൻ ( കൊല്ലപ്പെട്ടവൻ ) നിങ്ങളോട്‌ ശത്രുതയുള്ള ജനവിഭാഗത്തിൽ പെട്ടവനാണ്‌; അവനാണെങ്കിൽ സത്യവിശ്വാസിയുമാണ്‌ എങ്കിൽ സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക മാത്രമാണ്‌ വേണ്ടത്‌. ഇനി അവൻ ( കൊല്ലപ്പെട്ടവൻ ) നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തിൽ പെട്ടവനാണെങ്കിൽ അവൻറെ അവകാശികൾക്ക്‌ നഷ്ടപരിഹാരം നൽകുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്‌. വല്ലവന്നും അത്‌ സാധിച്ച്‌ കിട്ടിയില്ലെങ്കിൽ തുടർച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ ( മാർഗ ) മാണത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

93 ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂർവ്വം കൊലപ്പെടുത്തുന്ന പക്ഷം അവന്നുള്ള പ്രതിഫലം നരകമാകുന്നു. അവനതിൽ നിത്യവാസിയായിരിക്കും. അവൻറെ നേരെ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ്‌ അവന്നുവേണ്ടി അല്ലാഹു ഒരുക്കിവെച്ചുട്ടുള്ളത്‌.

94 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധത്തിനുപോയാൽ ( ശത്രു ആരെന്നും മിത്രം ആരെന്നും ) നിങ്ങൾ വ്യക്തമായി മനസ്സിലാക്കണം. നിങ്ങൾക്ക്‌ സലാം അർപ്പിച്ചവനോട്‌ നീ വിശ്വാസിയല്ല എന്ന്‌ നിങ്ങൾ പറയരുത്‌. ഇഹലോകജീവിതത്തിലെ നേട്ടം കൊതിച്ചുകൊണ്ടാണ്‌ ( നിങ്ങളങ്ങനെ പറയുന്നത്‌. ) എന്നാൽ നേടിയെടുക്കാവുന്ന ധാരാളം സ്വത്തുകൾ അല്ലാഹുവിൻറെ അടുക്കലുണ്ട്‌. മുമ്പ്‌ നിങ്ങളും അത്‌ പോലെ ( അവിശ്വാസത്തിൽ ) ആയിരുന്നല്ലോ. അനന്തരം അല്ലാഹു നിങ്ങൾക്ക്‌ അനുഗ്രഹം ചെയ്തു. അതിനാൽ നിങ്ങൾ ( കാര്യങ്ങൾ ) വ്യക്തമായി ( അന്വേഷിച്ച്‌ ) മനസ്സിലാക്കുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.

95 ന്യായമായ വിഷമമില്ലാതെ ( യുദ്ധത്തിന്‌ പോകാതെ ) ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിൻറെ മാർഗത്തിൽ സമരം ചെയ്യുന്നവരും തുല്യരാകുകയില്ല. തങ്ങളുടെ ധനം കൊണ്ടും ദേഹംകൊണ്ടും സമരം ചെയ്യുന്നവരെ ഒഴിഞ്ഞിരിക്കുന്നവരേക്കാൾ അല്ലാഹു പദവിയിൽ ഉയർത്തിയിരിക്കുന്നു. എല്ലാവർക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാൽ സമരത്തിൽ ഏർപെടുന്നവർക്ക്‌ ഒഴിഞ്ഞിരിക്കുന്നവരേക്കാളും കൂടുതലായി അല്ലാഹു മഹത്തായ പ്രതിഫലം നൽകുന്നതാണ്‌.

96 അവൻറെ പക്കൽ നിന്നുള്ള പല പദവികളും പാപമോചനവും കാരുണ്യവുമത്രെ ( അവർക്കുള്ളത്‌. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

97 അവിശ്വാസികളുടെ ഇടയിൽ തന്നെ ജീവിച്ചുകൊണ്ട്‌ ) സ്വന്തത്തോട്‌ അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോൾ മലക്കുകൾ അവരോട്‌ ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവർ പറയും: ഞങ്ങൾ നാട്ടിൽ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവർ ( മലക്കുകൾ ) ചോദിക്കും: അല്ലാഹുവിൻറെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങൾക്ക്‌ സ്വദേശം വിട്ട്‌ അതിൽ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാൽ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!

98 എന്നാൽ യാതൊരു ഉപായവും സ്വീകരിക്കാൻ കഴിവില്ലാതെ, ഒരു രക്ഷാമാർഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷൻമാരും സ്ത്രീകളും കുട്ടികളും ഇതിൽ നിന്നൊഴിവാകുന്നു.

99 അത്തരക്കാർക്ക്‌ അല്ലാഹു മാപ്പുനൽകിയേക്കാം. അല്ലാഹു അത്യധികം മാപ്പ്‌ നൽകുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു.

100 അല്ലാഹുവിൻറെ മാർഗത്തിൽ വല്ലവനും സ്വദേശം വെടിഞ്ഞ്‌ പോകുന്ന പക്ഷം ഭൂമിയിൽ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവൻ കണ്ടെത്തുന്നതാണ്‌. വല്ലവനും തൻറെ വീട്ടിൽ നിന്ന്‌ - സ്വദേശം വെടിഞ്ഞ്‌ കൊണ്ട്‌ - അല്ലാഹുവിലേക്കും അവൻറെ ദൂതനിലേക്കും ഇറങ്ങി പുറപ്പെടുകയും, അനന്തരം ( വഴി മദ്ധ്യേ ) മരണമവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കൽ സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

101 നിങ്ങൾ ഭൂമിയിൽ യാത്രചെയ്യുകയാണെങ്കിൽ സത്യനിഷേധികൾ നിങ്ങൾക്ക്‌ നാശം വരുത്തുമെന്ന്‌ നിങ്ങൾ ഭയപ്പെടുന്ന പക്ഷം നമസ്കാരം ചുരുക്കി നിർവഹിക്കുന്നതിൽ നിങ്ങൾക്ക്‌ കുറ്റമില്ല. തീർച്ചയായും സത്യനിഷേധികൾ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കളാകുന്നു.

102 ( നബിയേ, ) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും, അവർക്ക്‌ നേതൃത്വം നൽകിക്കൊണ്ട്‌ നമസ്കാരം നിർവഹിക്കുകയുമാണെങ്കിൽ അവരിൽ ഒരു വിഭാഗം നിൻറെ കൂടെ നിൽക്കട്ടെ. അവർ അവരുടെ ആയുധങ്ങൾ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവർ സുജൂദ്‌ ചെയ്ത്‌ കഴിഞ്ഞാൽ അവർ നിങ്ങളുടെ പിന്നിലേക്ക്‌ മാറിനിൽക്കുകയും, നമസ്കരിച്ചിട്ടില്ലാത്ത മറ്റെ വിഭാഗം വന്ന്‌ നിൻറെ കൂടെ നമസ്കരിക്കുകയും ചെയ്യട്ടെ. അവർ ജാഗ്രത കൈക്കൊള്ളുകയും, തങ്ങളുടെ ആയുധങ്ങൾ എടുക്കുകയും ചെയ്യേണ്ടതാണ്‌. നിങ്ങളുടെ ആയുധങ്ങളെപ്പറ്റിയും, നിങ്ങളുടെ സാധനങ്ങളെപ്പറ്റിയും നിങ്ങൾ അശ്രദ്ധരായെങ്കിൽ, നിങ്ങളുടെ നേരെ തിരിഞ്ഞ്‌ ഒരൊറ്റ ആഞ്ഞടി നടത്താമായിരുന്നുവെന്ന്‌ സത്യനിഷേധികൾ മോഹിക്കുകയാണ്‌. എന്നാൽ മഴ കാരണം നിങ്ങൾക്ക്‌ ശല്യമുണ്ടാകുകയോ, നിങ്ങൾ രോഗബാധിതരാകുകയോ ചെയ്താൽ നിങ്ങളുടെ ആയുധങ്ങൾ താഴെ വെക്കുന്നതിന്‌ കുറ്റമില്ല. എന്നാൽ നിങ്ങൾ ജാഗ്രത പുലർത്തുക തന്നെ വേണം. തീർച്ചയായും അല്ലാഹു സത്യനിഷേധികൾക്ക്‌ അപമാനകരമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്‌.

103 അങ്ങനെ നമസ്കാരം നിർവഹിച്ചു കഴിഞ്ഞാൽ നിങ്ങൾ നിന്നു കൊണ്ടും ഇരുന്ന്‌ കൊണ്ടും കിടന്ന്‌ കൊണ്ടും അല്ലാഹുവെ ഓർമിക്കുക. സമാധാനാവസ്ഥയിലായാൽ നിങ്ങൾ നമസ്കാരം മുറപ്രകാരം തന്നെ നിർവഹിക്കുക. തീർച്ചയായും നമസ്കാരം സത്യവിശ്വാസികൾക്ക്‌ സമയം നിർണയിക്കപ്പെട്ട ഒരു നിർബന്ധബാധ്യതയാകുന്നു.

104 ശത്രുജനതയെ തേടിപ്പിടിക്കുന്ന കാര്യത്തിൽ നിങ്ങൾ ദൗർബല്യം കാണിക്കരുത്‌. നിങ്ങൾ വേദന അനുഭവിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ വേദന അനുഭവിക്കുന്നത്‌ പോലെത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്‌. നിങ്ങളാകട്ടെ അവർക്ക്‌ പ്രതീക്ഷിക്കാനില്ലാത്തത്‌ ( അനുഗ്രഹം ) അല്ലാഹുവിങ്കൽ നിന്ന്‌ പ്രതീക്ഷിക്കുന്നുമുണ്ട്‌. അല്ലാഹു അറിവുള്ളവനും യുക്തിയുള്ളവനുമാകുന്നു.

105 നിനക്ക്‌ അല്ലാഹു കാണിച്ചുതന്നതനുസരിച്ച്‌ ജനങ്ങൾക്കിടയിൽ നീ വിധികൽപിക്കുവാൻ വേണ്ടിയാണ്‌ സത്യപ്രകാരം നാം നിനക്ക്‌ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്‌. നീ വഞ്ചകൻമാർക്ക്‌ വേണ്ടി വാദിക്കുന്നവനാകരുത്‌.

106 അല്ലാഹുവോട്‌ പാപമോചനം തേടുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

107 ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകൾക്ക്‌ വേണ്ടി നീ തർക്കിക്കരുത്‌. മഹാവഞ്ചകനും അധർമ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല.

108 അവർ ജനങ്ങളിൽ നിന്ന്‌ ( കാര്യങ്ങൾ ) ഒളിച്ചു വെക്കുന്നു. എന്നാൽ അല്ലാഹുവിൽ നിന്ന്‌ ( ഒന്നും ) ഒളിച്ചുവെക്കാൻ അവർക്ക്‌ കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവർ രാത്രിയിൽ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോൾ അവർ അവരുടെ കൂടെത്തന്നെയുണ്ട്‌. അവർ പ്രവർത്തിക്കുന്നതെല്ലാം സമ്പൂർണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു.

109 ഹേ! കൂട്ടരേ, ഐഹികജീവിതത്തിൽ നിങ്ങളവർക്ക്‌ വേണ്ടി തർക്കിച്ചു. എന്നാൽ ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവർക്ക്‌ വേണ്ടി അല്ലാഹുവോട്‌ തർക്കിക്കാൻ ആരാണുള്ളത്‌? അല്ലെങ്കിൽ അവരുടെ കാര്യം ഏറ്റെടുക്കാൻ ആരാണുണ്ടായിരിക്കുക?

110 ആരെങ്കിലും വല്ല തിൻമയും ചെയ്യുകയോ, സ്വന്തത്തോട്‌ തന്നെ അക്രമം പ്രവർത്തിക്കുകയോ ചെയ്തിട്ട്‌ അല്ലാഹുവോട്‌ പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവൻ കണ്ടെത്തുന്നതാണ്‌.

111 വല്ലവനും പാപം സമ്പാദിച്ച്‌ വെക്കുന്ന പക്ഷം അവൻറെ തന്നെ ദോഷത്തിനായിട്ടാണ്‌ അവനത്‌ സമ്പാദിച്ച്‌ വെക്കുന്നത്‌. അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു.

112 ആരെങ്കിലും വല്ല തെറ്റോ കുറ്റമോ പ്രവർത്തിക്കുകയും, എന്നിട്ട്‌ അത്‌ ഒരു നിരപരാധിയുടെ പേരിൽ ആരോപിക്കുകയും ചെയ്യുന്ന പക്ഷം തീർച്ചയായും അവൻ ഒരു കള്ളആരോപണവും പ്രത്യക്ഷമായ ഒരു പാപവും പേറുകയാണ്‌ ചെയ്തിരിക്കുന്നത്‌.

113 നിൻറെ മേൽ അല്ലാഹുവിൻറെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കിൽ അവരിൽ ഒരു വിഭാഗം നിന്നെ പിഴപ്പിച്ച്‌ കളയുവാൻ തുനിഞ്ഞിരിക്കുകയായിരുന്നു. ( വാസ്തവത്തിൽ ) അവർ അവരെ തന്നെയാണ്‌ പിഴപ്പിക്കുന്നത്‌. നിനക്ക്‌ അവർ ഒരു ഉപദ്രവവും വരുത്തുന്നതല്ല. അല്ലാഹു നിനക്ക്‌ വേദവും ജ്ഞാനവും അവതരിപ്പിച്ച്‌ തരികയും, നിനക്ക്‌ അറിവില്ലാതിരുന്നത്‌ പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിൻറെ മേലുള്ള അല്ലാഹുവിൻറെ അനുഗ്രഹം മഹത്തായതാകുന്നു.

114 അവരുടെ രഹസ്യാലോചനകളിൽ മിക്കതിലും യാതൊരു നൻമയുമില്ല. വല്ല ദാനധർമ്മവും ചെയ്യാനോ , സദാചാരം കൈക്കൊള്ളാനോ, ജനങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കാനോ കൽപിക്കുന്ന ആളുകളുടെ വാക്കുകളിലൊഴികെ. വല്ലവനും അല്ലാഹുവിൻറെ പൊരുത്തം തേടിക്കൊണ്ട്‌ അപ്രകാരം ചെയ്യുന്ന പക്ഷം അവന്‌ നാം മഹത്തായ പ്രതിഫലം നൽകുന്നതാണ്‌.

115 തനിക്ക്‌ സൻമാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിർത്ത്‌ നിൽക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക്‌ തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട്‌ നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം!

116 തന്നോട്‌ പങ്കുചേർക്കപ്പെടുക എന്നത്‌ അല്ലാഹു പൊറുക്കുകയില്ല; തീർച്ച. അതൊഴിച്ചുള്ളത്‌ അവൻ ഉദ്ദേശിക്കുന്നവർക്ക്‌ അവൻ പൊറുത്തുകൊടുക്കുന്നതാണ്‌. ആർ അല്ലാഹുവോട്‌ പങ്കുചേർക്കുന്നുവോ അവൻ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.

117 അല്ലാഹുവിന്‌ പുറമെ അവർ വിളിച്ച്‌ പ്രാർത്ഥിക്കുന്നത്‌ ചില പെൺദൈവങ്ങളെ മാത്രമാകുന്നു. ( വാസ്തവത്തിൽ ) ധിക്കാരിയായ പിശാചിനെ മാത്രമാണ്‌ അവർ വിളിച്ച്‌ പ്രാർത്ഥിക്കുന്നത്‌.

118 അവനെ ( പിശാചിനെ ) അല്ലാഹു ശപിച്ചിരിക്കുന്നു. അവൻ ( അല്ലാഹുവോട്‌ ) പറയുകയുണ്ടായി: നിൻറെ ദാസൻമാരിൽ നിന്ന്‌ ഒരു നിശ്ചിത വിഹിതം ( എൻറെതായി ) ഞാൻ ഉണ്ടാക്കിത്തീർക്കുന്നതാണ്‌.

119 അവരെ ഞാൻ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട്‌ കൽപിക്കുമ്പോൾ അവർ കാലികളുടെ കാതുകൾ കീറിമുറിക്കും. ഞാനവരോട്‌ കൽപിക്കുമ്പോൾ അവർ അല്ലാഹുവിൻറെ സൃഷ്ടി ( പ്രകൃതി ) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന്‌ പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീർച്ചയായും അവൻ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു.

120 അവൻ ( പിശാച്‌ ) അവർക്ക്‌ വാഗ്ദാനങ്ങൾ നൽകുകയും, അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച്‌ അവർക്ക്‌ നൽകുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല.

121 അത്തരക്കാർക്കുള്ള സങ്കേതം നരകമാകുന്നു. അതിൽ നിന്ന്‌ ഓടിരക്ഷപ്പെടുവാൻ ഒരിടവും അവർ കണ്ടെത്തുകയില്ല.

122 എന്നാൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവരെ നാം കീഴ്ഭാഗത്ത്‌ കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുന്നതാണ്‌. അവരതിൽ നിത്യവാസികളായിരിക്കും. അല്ലാഹുവിൻറെ സത്യമായ വാഗ്ദാനമാണത്‌. അല്ലാഹുവേക്കാൾ സത്യസന്ധമായി സംസാരിക്കുന്നവൻ ആരുണ്ട്‌?

123 കാര്യം നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല. ആര്‌ തിൻമ പ്രവർത്തിച്ചാലും അതിന്നുള്ള പ്രതിഫലം അവന്ന്‌ നൽകപ്പെടും. അല്ലാഹുവിന്‌ പുറമെ തനിക്ക്‌ ഒരു മിത്രത്തെയും സഹായിയെയും അവൻ കണ്ടെത്തുകയുമില്ല.

124 ആണാകട്ടെ പെണ്ണാകട്ടെ , ആർ സത്യവിശ്വാസിയായിക്കൊണ്ട്‌ സൽപ്രവൃത്തികൾ ചെയ്യുന്നുവോ അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്‌. അവരോട്‌ ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.

125 സദ്‌വൃത്തനായിക്കൊണ്ട്‌ തൻറെ മുഖത്തെ അല്ലാഹുവിന്‌ കീഴ്പെടുത്തുകയും, നേർമാർഗത്തിലുറച്ച്‌ നിന്ന്‌ കൊണ്ട്‌ ഇബ്രാഹീമിൻറെ മാർഗത്തെ പിന്തുടരുകയും ചെയ്തവനേക്കാൾ ഉത്തമ മതക്കാരൻ ആരുണ്ട്‌? അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു.

126 ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിൻറെതാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും പൂർണ്ണമായ അറിവുള്ളവനാകുന്നു.

127 സ്ത്രീകളുടെ കാര്യത്തിൽ അവർ നിന്നോട്‌ വിധി തേടുന്നു. പറയുക: അവരുടെ കാര്യത്തിൽ അല്ലാഹു നിങ്ങൾക്ക്‌ വിധി നൽകുന്നു. സ്ത്രീകൾക്ക്‌ നിശ്ചയിക്കപ്പെട്ട അവകാശം നിങ്ങൾ നൽകാതിരിക്കുകയും, എന്നാൽ നിങ്ങൾ വിവാഹം കഴിക്കാൻ മോഹിക്കുകയും ചെയ്യുന്ന അനാഥ സ്ത്രീകളുടെ കാര്യത്തിലും, ബലഹീനരായ കുട്ടികളുടെ കാര്യത്തിലും ഈ ഗ്രന്ഥത്തിൽ നിങ്ങൾക്ക്‌ വായിച്ചുകേൾപിക്കപ്പെടുന്നത്‌ ( നിങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുക. ) അനാഥകളോട്‌ നിങ്ങൾ നീതിയോടെ വർത്തിക്കണമെന്ന കൽപനയും ( ശ്രദ്ധിക്കുക. ) നിങ്ങൾ ചെയ്യുന്ന ഏതൊരു നല്ലകാര്യവും അല്ലാഹു ( പൂർണ്ണമായി ) അറിയുന്നവനാകുന്നു.

128 ഒരു സ്ത്രീ തൻറെ ഭർത്താവിൽ നിന്ന്‌ പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കിൽ അവർ പരസ്പരം വല്ല ഒത്തുതീർപ്പും ഉണ്ടാക്കുന്നതിൽ അവർക്ക്‌ കുറ്റമില്ല. ഒത്തുതീർപ്പിൽ എത്തുന്നതാണ്‌ കൂടുതൽ നല്ലത്‌. പിശുക്ക്‌ മനസ്സുകളിൽ നിന്ന്‌ വിട്ട്‌ മാറാത്തതാകുന്നു. നിങ്ങൾ നല്ല നിലയിൽ വർത്തിക്കുകയും, സൂക്ഷ്മത പാലിക്കുകയുമാണെങ്കിൽ തീർച്ചയായും അല്ലാഹു നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.

129 നിങ്ങൾ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാർക്കിടയിൽ തുല്യനീതി പാലിക്കാൻ നിങ്ങൾക്കൊരിക്കലും സാധിക്കുകയില്ല. അതിനാൽ നിങ്ങൾ ( ഒരാളിലേക്ക്‌ ) പൂർണ്ണമായി തിരിഞ്ഞുകൊണ്ട്‌ മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌. നിങ്ങൾ ( പെരുമാറ്റം ) നന്നാക്കിത്തീർക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

130 ഇനി അവർ ഇരുവരും വേർപിരിയുകയാണെങ്കിൽ അല്ലാഹു അവൻറെ വിശാലമായ കഴിവിൽ നിന്ന്‌ അവർ ഓരോരുത്തർക്കും സ്വാശ്രയത്വം നൽകുന്നതാണ്‌. അല്ലാഹു വിപുലമായ കഴിവുള്ളവനും യുക്തിമാനുമാകുന്നു.

131 ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അല്ലാഹുവിൻറെതാകുന്നു. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക എന്ന്‌ നിങ്ങൾക്ക്‌ മുമ്പ്‌ വേദം നൽകപ്പെട്ടവരോടും, നിങ്ങളോടും നാം വസ്വിയ്യത്ത്‌ ചെയ്തിരിക്കുന്നു. നിങ്ങൾ അവിശ്വസിക്കുന്ന പക്ഷം ( അല്ലാഹുവിന്‌ ഒരു നഷ്ടവുമില്ല. കാരണം ) ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിൻറെതാകുന്നു. അല്ലാഹു പരാശ്രയമുക്തനും സ്തുത്യർഹനുമാകുന്നു.

132 ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിൻറെതാകുന്നു. കൈകാര്യകർത്താവായി അല്ലാഹു മതി.

133 ജനങ്ങളേ, അവൻ ഉദ്ദേശിക്കുന്നുവെങ്കിൽ നിങ്ങളെ അവൻ നീക്കം ചെയ്യുകയും, മറ്റൊരു വിഭാഗത്തെ അവൻ കൊണ്ട്‌ വരികയും ചെയ്യുന്നതാണ്‌. അല്ലാഹു അതിന്‌ കഴിവുള്ളവനത്രെ.

134 വല്ലവനും ഇഹലോകത്തെ പ്രതിഫലമാണ്‌ ലക്ഷ്യമാക്കുന്നതെങ്കിൽ ( അവൻ മനസ്സിലാക്കട്ടെ ) അല്ലാഹുവിൻറെ പക്കൽ തന്നെയാണ്‌ ഇഹലോകത്തെ പ്രതിഫലവും പരലോകത്ത പ്രതിഫലവും.അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാകുന്നു.

135 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്‌ വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയിൽ കണിശമായി നീതി നിലനിർത്തുന്നവരായിരിക്കണം. അത്‌ നിങ്ങൾക്ക്‌ തന്നെയോ, നിങ്ങളുടെ മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ എന്നിവർക്കോ പ്രതികൂലമായിത്തീർന്നാലും ശരി. ( കക്ഷി ) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട്‌ വിഭാഗത്തോടും കൂടുതൽ ബന്ധപ്പെട്ടവൻ അല്ലാഹുവാകുന്നു. അതിനാൽ നിങ്ങൾ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിൻപറ്റരുത്‌. നിങ്ങൾ വളച്ചൊടിക്കുകയോ ഒഴിഞ്ഞ്‌ മാറുകയോ ചെയ്യുന്ന പക്ഷം തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.

136 സത്യവിശ്വാസികളേ, അല്ലാഹുവിലും, അവൻറെ ദൂതനിലും, അവൻറെ ദൂതന്ന്‌ അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ്‌ അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങൾ വിശ്വസിക്കുവിൻ. അല്ലാഹുവിലും, അവൻറെ മലക്കുകളിലും, അവൻറെ ഗ്രന്ഥങ്ങളിലും അവൻറെ ദൂതൻമാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീർച്ചയായും അവൻ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.

137 ( ഒരിക്കൽ ) വിശ്വസിക്കുകയും പിന്നീട്‌ അവിശ്വസിക്കുകയും, വീണ്ടും വിശ്വസിച്ചിട്ട്‌ പിന്നെയും അവിശ്വസിക്കുകയും, അനന്തരം അവിശ്വാസം കൂടിക്കൂടി വരുകയും ചെയ്തവരാരോ അവർക്ക്‌ അല്ലാഹു പൊറുത്തുകൊടുക്കുകയേ ഇല്ല. അവരെ അവൻ നേർവഴിയിലേക്ക്‌ നയിക്കുന്നതുമല്ല.

138 കപടവിശ്വാസികൾക്ക്‌ വേദനയേറിയ ശിക്ഷയുണ്ട്‌ എന്ന സന്തോഷവാർത്ത നീ അവരെ അറിയിക്കുക.

139 സത്യവിശ്വാസികളെ വിട്ട്‌ സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നവരാകുന്നു അവർ. അവരുടെ ( സത്യനിഷേധികളുടെ ) അടുക്കൽ പ്രതാപം തേടിപ്പോകുകയാണോ അവർ? എന്നാൽ തീർച്ചയായും പ്രതാപം മുഴുവൻ അല്ലാഹുവിൻറെ അധീനത്തിലാകുന്നു.

140 അല്ലാഹുവിൻറെ വചനങ്ങൾ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങൾ കേട്ടാൽ അത്തരക്കാർ മറ്റുവല്ല വർത്തമാനത്തിലും പ്രവേശിക്കുന്നത്‌ വരെ നിങ്ങൾ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തിൽ അല്ലാഹു നിങ്ങൾക്ക്‌ അവതരിപ്പിച്ചു തന്നിട്ടുണ്ടല്ലോ. കപടവിശ്വാസികളെയും അവിശ്വാസികളെയും ഒന്നിച്ച്‌ അല്ലാഹു നരകത്തിൽ ഒരുമിച്ചുകൂട്ടുക തന്നെചെയ്യും.

141 നിങ്ങളുടെ സ്ഥിതിഗതികൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നവരത്രെ അവർ ( കപടവിശ്വാസികൾ ) നിങ്ങൾക്ക്‌ അല്ലാഹുവിങ്കൽ നിന്ന്‌ ഒരു വിജയം കൈവന്നാൽ അവർ പറയും; ഞങ്ങൾ നിങ്ങളുടെ കൂടെയായിരുന്നില്ലേ എന്ന്‌. ഇനി അവിശ്വാസികൾക്കാണ്‌ വല്ല നേട്ടവുമുണ്ടാകുന്നതെങ്കിൽ അവർ പറയും; നിങ്ങളുടെ മേൽ ഞങ്ങൾ വിജയ സാധ്യത നേടിയിട്ടും വിശ്വാസികളിൽ നിന്ന്‌ നിങ്ങളെ ഞങ്ങൾ രക്ഷിച്ചില്ലേ എന്ന്‌. എന്നാൽ ഉയിർത്തെഴുന്നേൽപിൻറെ നാളിൽ നിങ്ങൾക്കിടയിൽ അല്ലാഹു വിധി കൽപിക്കുന്നതാണ്‌. വിശ്വാസികൾക്കെതിരിൽ അല്ലാഹു ഒരിക്കലും സത്യനിഷേധികൾക്ക്‌ വഴി തുറന്നുകൊടുക്കുന്നതല്ല.

142 തീർച്ചയായും കപടവിശ്വാസികൾ അല്ലാഹുവെ വഞ്ചിക്കാൻ നോക്കുകയാണ്‌. യഥാർത്ഥത്തിൽ അല്ലാഹു അവരെയാണ്‌ വഞ്ചിക്കുന്നത്‌. അവർ നമസ്കാരത്തിന്‌ നിന്നാൽ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാൻ വേണ്ടിയുമാണ്‌ നിൽക്കുന്നത്‌. കുറച്ച്‌ മാത്രമേ അവർ അല്ലാഹുവെ ഓർമിക്കുകയുള്ളൂ.

143 ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയിൽ ആടിക്കൊണ്ടിരിക്കുന്നവരാണവർ. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാൽ അവന്ന്‌ പിന്നെ ഒരു മാർഗവും നീ കണ്ടെത്തുകയില്ല.

144 സത്യവിശ്വാസികളേ, നിങ്ങൾ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങൾക്കെതിരിൽ വ്യക്തമായ തെളിവുണ്ടാക്കിവെക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?

145 തീർച്ചയായും കപടവിശ്വാസികൾ നരകത്തിൻറെ അടിത്തട്ടിലാകുന്നു. അവർക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല.

146 എന്നാൽ പശ്ചാത്തപിച്ച്‌ മടങ്ങുകയും, നിലപാട്‌ നന്നാക്കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും, തങ്ങളുടെ മതത്തെ നിഷ്കളങ്കമായി അല്ലാഹുവിനു വേണ്ടി ആക്കുകയും ചെയ്തവർ ഇതിൽ നിന്നൊഴിവാകുന്നു, അവർ സത്യവിശ്വാസികളോടൊപ്പമാകുന്നു. സത്യവിശ്വാസികൾക്ക്‌ അല്ലാഹു മഹത്തായ പ്രതിഫലം നൽകുന്നതാണ്‌.

147 നിങ്ങൾ നന്ദികാണിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങളെ ശിക്ഷിച്ചിട്ട്‌ അല്ലാഹുവിന്‌ എന്ത്‌ കിട്ടാനാണ്‌ ? അല്ലാഹു കൃതജ്ഞനും സർവ്വജ്ഞനുമാകുന്നു.

148 ചീത്തവാക്ക്‌ പരസ്യമാക്കുന്നത്‌ അല്ലാഹു ഇഷ്ടപ്പെടുകയില്ല. ദ്രോഹിക്കപ്പെട്ടവന്ന്‌ ഒഴികെ. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.

149 നിങ്ങൾ ഒരു നല്ല കാര്യം രഹസ്യമായോ പരസ്യമായോ ചെയ്യുകയാണെങ്കിൽ, അഥവാ, ഒരു ദുഷ്പ്രവൃത്തി മാപ്പ്‌ ചെയ്ത്‌ കൊടുക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹു ഏറെ മാപ്പുനൽകുന്നവനും സർവ്വശക്തനുമാകുന്നു.

150 അല്ലാഹുവിലും അവൻറെ ദൂതൻമാരിലും അവിശ്വസിക്കുകയും, ( വിശ്വാസകാര്യത്തിൽ ) അല്ലാഹുവിനും അവൻറെ ദൂതൻമാർക്കുമിടയിൽ വിവേചനം കൽപിക്കാൻ ആഗ്രഹിക്കുകയും ഞങ്ങൾ ചിലരിൽ വിശ്വസിക്കുകയും, ചിലരെ നിഷേധിക്കുകയും ചെയ്യുന്നു എന്ന്‌ പറയുകയും, അങ്ങനെ അതിന്നിടയിൽ ( വിശ്വാസത്തിനും അവിശ്വാസത്തിനുമിടയിൽ ) മറ്റൊരു മാർഗം സ്വീകരിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നവരാരോ,

151 അവർ തന്നെയാകുന്നു യഥാർത്ഥത്തിൽ സത്യനിഷേധികൾ. സത്യനിഷേധികൾക്ക്‌ അപമാനകരമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്‌.

152 അല്ലാഹുവിലും അവൻറെ ദൂതൻമാരിലും വിശ്വസിക്കുകയും, അവരിൽ ആർക്കിടയിലും വിവേചനം കാണിക്കാതിരിക്കുകയും ചെയ്തവരാരോ അവർ അർഹിക്കുന്ന പ്രതിഫലം അവർക്ക്‌ അല്ലാഹു നൽകുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

153 വേദക്കാർ നിന്നോട്‌ ആവശ്യപ്പെടുന്നു; നീ അവർക്ക്‌ ആകാശത്ത്‌ നിന്ന്‌ ഒരു ഗ്രന്ഥം ഇറക്കികൊടുക്കണമെന്ന്‌. എന്നാൽ അതിനെക്കാൾ ഗുരുതരമായത്‌ അവർ മൂസായോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌ ( അതായത്‌ ) അല്ലാഹുവെ ഞങ്ങൾക്ക്‌ പ്രത്യക്ഷത്തിൽ കാണിച്ചുതരണം എന്നവർ പറയുകയുണ്ടായി. അപ്പോൾ അവരുടെ അക്രമം കാരണം ഇടിത്തീ അവരെ പിടികൂടി. പിന്നെ വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിന്‌ ശേഷം അവർ കാളക്കുട്ടിയെ ( ദൈവമായി ) സ്വീകരിച്ചു. എന്നിട്ട്‌ നാം അത്‌ പൊറുത്തുകൊടുത്തു. മൂസായ്ക്ക്‌ നം വ്യക്തമായ ന്യായപ്രമാണം നൽകുകയും ചെയ്തു.

154 അവരോട്‌ കരാർ വാങ്ങുവാൻ വേണ്ടി നാം അവർക്ക്‌ മീതെ പർവ്വതത്തെ ഉയർത്തുകയും ചെയ്തു. നിങ്ങൾ ( പട്ടണ ) വാതിൽ കടക്കുന്നത്‌ തലകുനിച്ച്‌ കൊണ്ടാകണം എന്ന്‌ നാം അവരോട്‌ പറയുകയും ചെയ്തു. നിങ്ങൾ ശബ്ബത്ത്‌ നാളിൽ അതിക്രമം കാണിക്കരുത്‌ എന്നും നാം അവരോട്‌ പറഞ്ഞു. ഉറപ്പേറിയ ഒരു കരാർ നാമവരോട്‌ വാങ്ങുകയും ചെയ്തു.

155 എന്നിട്ട്‌ അവർ കരാർ ലംഘിച്ചതിനാലും, അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചതിനാലും, അന്യായമായി പ്രവാചകൻമാരെ കൊലപ്പെടുത്തിയതിനാലും, തങ്ങളുടെ മനസ്സുകൾ അടഞ്ഞുകിടക്കുകയാണ്‌ എന്ന്‌ അവർ പറഞ്ഞതിനാലും ( അവർ ശപിക്കപ്പെട്ടിരിക്കുന്നു. ) തന്നെയുമല്ല, അവരുടെ സത്യനിഷേധം കാരണമായി അല്ലാഹു ആ മനസ്സുകളുടെ മേൽ മുദ്രകുത്തിയിരിക്കുകയാണ്‌. ആകയാൽ ചുരുക്കത്തിലല്ലാതെ അവർ വിശ്വസിക്കുകയില്ല.

156 അവരുടെ സത്യനിഷേധം കാരണമായും മർയമിൻറെ പേരിൽ അവർ ഗുരുതരമായ അപവാദം പറഞ്ഞതിനാലും

157 അല്ലാഹുവിൻറെ ദൂതനായ, മർയമിൻറെ മകൻ മസീഹ്‌ ഈസായെ ഞങ്ങൾ കോന്നിരിക്കുന്നു എന്നവർ പറഞ്ഞതിനാലും ( അവർ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തിൽ അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാർത്ഥ്യം ) അവർക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീർച്ചയായും അദ്ദേഹത്തിൻറെ ( ഈസായുടെ ) കാര്യത്തിൽ ഭിന്നിച്ചവർ അതിനെപ്പറ്റി സംശയത്തിൽ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവർക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടില്ല.

158 എന്നാൽ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക്‌ ഉയർത്തുകയത്രെ ചെയ്തത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

159 വേദക്കാരിൽ ആരും തന്നെ അദ്ദേഹത്തിൻറെ ( ഈസായുടെ ) മരണത്തിനുമുമ്പ്‌ അദ്ദേഹത്തിൽ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിർത്തെഴുന്നേൽപിൻറെ നാളിലാകട്ടെ അദ്ദേഹം അവർക്കെതിരിൽ സാക്ഷിയാകുകയും ചെയ്യും.

160 അങ്ങനെ യഹൂദമതം സ്വീകരിച്ചവരുടെ അക്രമം കാരണമായി അവർക്ക്‌ അനുവദിക്കപ്പെട്ടിരുന്ന പല നല്ല വസ്തുക്കളും നാമവർക്ക്‌ നിഷിദ്ധമാക്കി. അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ അവർ ജനങ്ങളെ ധാരാളമായി തടഞ്ഞതുകൊണ്ടും.

161 പലിശ അവർക്ക്‌ നിരോധിക്കപ്പെട്ടതായിട്ടും, അവരത്‌ വാങ്ങിയതുകൊണ്ടും, ജനങ്ങളുടെ സ്വത്തുകൾ അവർ അന്യായമായി തിന്നതുകൊണ്ടും കൂടിയാണ്‌ ( അത്‌ നിഷിദ്ധമാക്കപ്പെട്ടത്‌. ) അവരിൽ നിന്നുള്ള സത്യനിഷേധികൾക്ക്‌ നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്‌.

162 എന്നാൽ അവരിൽ നിന്ന്‌ അടിയുറച്ച അറിവുള്ളവരും, സത്യവിശ്വാസികളുമായിട്ടുള്ളവർ നിനക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും നിനക്ക്‌ മുമ്പ്‌ അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നു. പ്രാർത്ഥന മുറപോലെ നിർവഹിക്കുന്നവരും, സകാത്ത്‌ നൽകുന്നവരും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമത്രെ അവർ. അങ്ങനെയുള്ളവർക്ക്‌ നാം മഹത്തായ പ്രതിഫലം നൽകുന്നതാണ്‌.

163 ( നബിയേ, ) നൂഹിനും അദ്ദേഹത്തിൻറെ ശേഷമുള്ള പ്രവാചകൻമാർക്കും നാം സന്ദേശം നൽകിയത്‌ പോലെ തന്നെ നിനക്കും നാം സന്ദേശം നൽകിയിരിക്കുന്നു. ഇബ്രാഹീം, ഇസ്മാഈൽ, ഇഷാഖ്‌, യഅ്ഖൂബ്‌. യഅ്ഖൂബ്‌ സന്തതികൾ, ഈസാ, അയ്യൂബ്‌, യൂനുസ്‌, ഹാറൂൻ, സുലൈമാൻ എന്നിവർക്കും നാം സന്ദേശം നൽകിയിരിക്കുന്നു. ദാവൂദിന്‌ നാം സബൂർ ( സങ്കീർത്തനം ) നൽകി.

164 നിനക്ക്‌ നാം മുമ്പ്‌ വിവരിച്ചുതന്നിട്ടുള്ള ദൂതൻമാരെയും, നിനക്ക്‌ നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതൻമാരെയും ( നാം നിയോഗിക്കുകയുണ്ടായി. ) മൂസായോട്‌ അല്ലാഹു നേരിട്ട്‌ സംസാരിക്കുകയും ചെയ്തു.

165 സന്തോഷവാർത്ത അറിയിക്കുന്നവരും, താക്കീത്‌ നൽകുന്നവരുമായ ദൂതൻമാരായിരുന്നു അവർ. ആ ദൂതൻമാർക്ക്‌ ശേഷം ജനങ്ങൾക്ക്‌ അല്ലാഹുവിനെതിരിൽ ഒരു ന്യായവും ഇല്ലാതിരിക്കാൻ വേണ്ടിയാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

166 എന്നാൽ അല്ലാഹു നിനക്ക്‌ അവതരിപ്പിച്ചുതന്നതിൻറെ കാര്യത്തിൽ അവൻ തന്നെ സാക്ഷ്യം വഹിക്കുന്നു. അവൻറെ അറിവിൻറെ അടിസ്ഥാനത്തിൽ തന്നെയാണ്‌ അവനത്‌ അവതരിപ്പിച്ചിട്ടുള്ളത്‌. മലക്കുകളും ( അതിന്‌ ) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു മതി.

167 അവിശ്വസിക്കുകയും, അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ ( ജനങ്ങളെ ) തടയുകയും ചെയ്തവർ തീർച്ചയായും ബഹുദൂരം പിഴച്ച്‌ പോയിരിക്കുന്നു.

168 അവിശ്വസിക്കുകയും, അന്യായം പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക്‌ അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കുന്നതല്ല.

169 നരകത്തിൻറെ മാർഗത്തിലേക്കല്ലാതെ മറ്റൊരു മാർഗത്തിലേക്കും അവൻ അവരെ നയിക്കുന്നതുമല്ല. എന്നെന്നേക്കുമായി അവരതിൽ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന്‌ അത്‌ എളുപ്പമുള്ള കാര്യമാകുന്നു.

170 ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യവുമായി നിങ്ങളുടെ അടുക്കലിതാ റസൂൽ വന്നിരിക്കുന്നു. അതിനാൽ നിങ്ങളുടെ നൻമയ്ക്കായി നിങ്ങൾ വിശ്വസിക്കുക. നിങ്ങൾ നിഷേധിക്കുകയാണെങ്കിലോ, ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിൻറെതാണ്‌. ( എന്ന്‌ നിങ്ങൾ ഓർത്തു കൊള്ളുക. ) അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

171 വേദക്കാരേ, നിങ്ങൾ മതകാര്യത്തിൽ അതിരുകവിയരുത്‌. അല്ലാഹുവിൻറെ പേരിൽ വാസ്തവമല്ലാതെ നിങ്ങൾ പറയുകയും ചെയ്യരുത്‌. മർയമിൻറെ മകനായ മസീഹ്‌ ഈസാ അല്ലാഹുവിൻറെ ദൂതനും, മർയമിലേക്ക്‌ അവൻ ഇട്ടുകൊടുത്ത അവൻറെ വചനവും, അവങ്കൽ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത്‌ കൊണ്ട്‌ നിങ്ങൾ അല്ലാഹുവിലും അവൻറെ ദൂതൻമാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക്‌ നിങ്ങൾ പറയരുത്‌. നിങ്ങളുടെ നൻമയ്ക്കായി നിങ്ങൾ ( ഇതിൽ നിന്ന്‌ ) വിരമിക്കുക. അല്ലാഹു ഏക ആരാധ്യൻ മാത്രമാകുന്നു. തനിക്ക്‌ ഒരു സന്താനമുണ്ടായിരിക്കുക എന്നതിൽ നിന്ന്‌ അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവൻറെതാകുന്നു. കൈകാര്യകർത്താവായി അല്ലാഹു തന്നെ മതി.

172 അല്ലാഹുവിൻറെ അടിമയായിരിക്കുന്നതിൽ മസീഹ്‌ ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. ( അല്ലാഹുവിൻറെ ) സാമീപ്യം സിദ്ധിച്ച മലക്കുകളും ( വൈമനസ്യം കാണിക്കുന്നതല്ല. ) അവനെ ( അല്ലാഹുവെ ) ആരാധിക്കുന്നതിൽ ആർ വൈമനസ്യം കാണിക്കുകയും, അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവൻ തൻറെ അടുക്കലേക്ക്‌ ഒരുമിച്ചുകൂട്ടുന്നതാണ്‌.

173 എന്നാൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തത്‌ ആരോ അവരുടെതായ പ്രതിഫലം അവർക്കവൻ നിറവേറ്റികൊടുക്കുകയും, അവൻറെ അനുഗ്രഹത്തിൽ നിന്ന്‌ കൂടുതലായി അവർക്ക്‌ നൽകുകയും ചെയ്യുന്നതാണ്‌. എന്നാൽ, വൈമനസ്യം കാണിക്കുകയും, അഹങ്കരിക്കുകയും ചെയ്തവരാരോ അവർക്കവൻ വേദനയേറിയ ശിക്ഷ നൽകുന്നതാണ്‌. അല്ലാഹുവെ കൂടാതെ തങ്ങൾക്ക്‌ ഒരു ഉറ്റമിത്രത്തെയോ സഹായിയെയോ അവർ കണ്ടെത്തുകയുമില്ല.

174 മനുഷ്യരേ, നിങ്ങൾക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങൾക്ക്‌ ഇറക്കിത്തന്നിരിക്കുന്നു.

175 അതുകൊണ്ട്‌ ആർ അല്ലാഹുവിൽ വിശ്വസിക്കുകയും, അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തൻറെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവൻ പ്രവേശിപ്പിക്കുന്നതാണ്‌. അവങ്കലേക്ക്‌ അവരെ നേർവഴിയിലൂടെ അവൻ നയിക്കുന്നതുമാണ്‌.

176 ( നബിയേ, ) അവർ നിന്നോട്‌ മതവിധി അന്വേഷിക്കുന്നു. പറയുക: കലാലത്തിൻറെ പ്രശ്നത്തിൽ അല്ലാഹു നിങ്ങൾക്കിതാ മതവിധി പറഞ്ഞുതരുന്നു. അതായത്‌ ഒരാൾ മരിച്ചു; അയാൾക്ക്‌ സന്താനമില്ല; ഒരു സഹോദരിയുണ്ട്‌. എങ്കിൽ അയാൾ വിട്ടേച്ചു പോയതിൻറെ പകുതി അവൾക്കുള്ളതാണ്‌. ഇനി ( സഹോദരി മരിക്കുകയും ) അവൾക്ക്‌ സന്താനമില്ലാതിരിക്കുകയുമാണെങ്കിൽ സഹോദരൻ അവളുടെ ( പൂർണ്ണ ) അവകാശിയായിരിക്കും. ഇനി രണ്ട്‌ സഹോദരികളാണുള്ളതെങ്കിൽ, അവൻ ( സഹോദരൻ ) വിട്ടേച്ചുപോയ സ്വത്തിൻറെ മൂന്നിൽ രണ്ടു ഭാഗം അവർക്കുള്ളതാണ്‌. ഇനി സഹോദരൻമാരും സഹോദരിമാരും കൂടിയാണുള്ളതെങ്കിൽ, ആണിന്‌ രണ്ട്‌ പെണ്ണിൻറെതിന്‌ തുല്യമായ ഓഹരിയാണുള്ളത്‌. നിങ്ങൾ പിഴച്ച്‌ പോകുമെന്ന്‌ കരുതി അല്ലാഹു നിങ്ങൾക്ക്‌ കാര്യങ്ങൾ വിവരിച്ചുതരുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/നിസാഅ്&oldid=52314" എന്ന താളിൽനിന്ന് ശേഖരിച്ചത്