പരിശുദ്ധ ഖുർആൻ/മുനാഫിഖൂൻ
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 |
1 കപട വിശ്വാസികൾ നിൻറെ അടുത്ത് വന്നാൽ അവർ പറയും: തീർച്ചയായും താങ്കൾ അല്ലാഹുവിൻറെ ദൂതനാണെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്നറിയാം തീർച്ചയായും നീ അവൻറെ ദൂതനാണെന്ന്. തീർച്ചയായും മുനാഫിഖുകൾ ( കപടൻമാർ ) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
2 അവർ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കയാണ്. അങ്ങനെ അവർ അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന് ( ജനങ്ങളെ ) തടഞ്ഞിരിക്കുന്നു. തീർച്ചയായും അവർ പ്രവർത്തിക്കുന്നത് എത്രയോ ചീത്ത തന്നെ.
3 അത്, അവർ ആദ്യം വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും ചെയ്തതിൻറെ ഫലമത്രെ. അങ്ങനെ അവരുടെ ഹൃദയങ്ങളിൻമേൽ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാൽ അവർ (കാര്യം) ഗ്രഹിക്കുകയില്ല.
4 നീ അവരെ കാണുകയാണെങ്കിൽ അവരുടെ ശരീരങ്ങൾ നിന്നെ അത്ഭുതപ്പെടുത്തും. അവർ സംസാരിക്കുന്ന പക്ഷം നീ അവരുടെ വാക്ക് കേട്ടിരുന്നു പോകും. അവർ ചാരിവെച്ച മരത്തടികൾ പോലെയാകുന്നു. എല്ലാ ഒച്ചയും തങ്ങൾക്കെതിരാണെന്ന് അവർ വിചാരിക്കും. അവരാകുന്നു ശത്രു. അവരെ സൂക്ഷിച്ചു കൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണവർ വഴിതെറ്റിക്കപ്പെടുന്നത്?
5 നിങ്ങൾ വരൂ. അല്ലാഹുവിൻറെ ദൂതൻ നിങ്ങൾക്ക് വേണ്ടി പാപമോചനത്തിന് പ്രാർത്ഥിച്ചുകൊള്ളും എന്ന് അവരോട് പറയപ്പെട്ടാൽ അവർ അവരുടെ തല തിരിച്ചുകളയും. അവർ അഹങ്കാരം നടിച്ചു കൊണ്ട് തിരിഞ്ഞുപോകുന്നതായി നിനക്ക് കാണുകയും ചെയ്യാം.
6 നീ അവർക്ക് വേണ്ടി പാപമോചനത്തിന് പ്രാർത്ഥിച്ചാലും പ്രാർത്ഥിച്ചിട്ടില്ലെങ്കിലും അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അല്ലാഹു ഒരിക്കലും അവർക്കു പൊറുത്തുകൊടുക്കുകയില്ല. തീർച്ചയായും അല്ലാഹു ദുർമാർഗികളായ ജനങ്ങളെ നേർവഴിയിലാക്കുകയില്ല.
7 അല്ലാഹുവിൻറെ ദൂതൻറെ അടുക്കലുള്ളവർക്ക് വേണ്ടി, അവർ ( അവിടെ നിന്ന് ) പിരിഞ്ഞു പോകുന്നത് വരെ നിങ്ങൾ ഒന്നും ചെലവ് ചെയ്യരുത് എന്ന് പറയുന്നവരാകുന്നു അവർ. അല്ലാഹുവിൻറെതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകൾ. പക്ഷെ കപടൻമാർ കാര്യം ഗ്രഹിക്കുന്നില്ല.
8 അവർ പറയുന്നു; ഞങ്ങൾ മദീനയിലേക്ക് മടങ്ങിച്ചെന്നാൽ കൂടുതൽ പ്രതാപമുള്ളവർ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന്. അല്ലാഹുവിനും അവൻറെ ദൂതന്നും സത്യവിശ്വാസികൾക്കുമാകുന്നു പ്രതാപം. പക്ഷെ, കപടവിശ്വാസികൾ ( കാര്യം ) മനസ്സിലാക്കുന്നില്ല.
9 സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയിൽ നിന്ന് നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആർ അങ്ങനെ ചെയ്യുന്നുവോ അവർ തന്നെയാണ് നഷ്ടക്കാർ.
10 നിങ്ങളിൽ ഓരോരുത്തർക്കും മരണം വരുന്നതിനു മുമ്പായി നിങ്ങൾക്ക് നാം നൽകിയതിൽ നിന്ന് നിങ്ങൾ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവൻ ഇപ്രകാരം പറഞ്ഞേക്കും. എൻറെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കിൽ ഞാൻ ദാനം നൽകുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്.
11 ഒരാൾക്കും അയാളുടെ അവധി വന്നെത്തിയാൽ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.