പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 അലിഫ്‌-ലാം-മീം.

2 ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന്‌ പറയുന്നത്‌ കൊണ്ട്‌ മാത്രം തങ്ങൾ പരീക്ഷണത്തിന്‌ വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന്‌ മനുഷ്യർ വിചാരിച്ചിരിക്കയാണോ?

3 അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്‌. അപ്പോൾ സത്യം പറഞ്ഞവർ ആരെന്ന്‌ അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും.

4 അതല്ല, തിൻമചെയ്ത്‌ കൊണ്ടിരിക്കുന്നവർ നമ്മെ മറികടന്ന്‌ കളയാം എന്ന്‌ വിചാരിച്ചിരിക്കുകയാണോ? അവൻ തീരുമാനിക്കുന്നത്‌ വളരെ മോശം തന്നെ.

5 വല്ലവനും അല്ലാഹുവുമായി കണ്ടുമുട്ടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും അല്ലാഹു നിശ്ചയിച്ച അവധി വരിക തന്നെ ചെയ്യും. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ.

6 വല്ലവനും ( അല്ലാഹുവിൻറെ മാർഗത്തിൽ ) സമരം ചെയ്യുകയാണെങ്കിൽ തൻറെ സ്വന്തം ഗുണത്തിനായിത്തന്നെയാണ്‌ അവൻ സമരം ചെയ്യുന്നത്‌. തീർച്ചയായും അല്ലാഹു ലോകരെ ആശ്രയിക്കുന്നതിൽ നിന്ന്‌ മുക്തനത്രെ.

7 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവരുടെ തിൻമകൾ അവരിൽ നിന്ന്‌ നാം മായ്ച്ചുകളയുക തന്നെ ചെയ്യും. അവർ പ്രവർത്തിച്ച്‌ കൊണ്ടിരുന്നതിൽ ഏറ്റവും നല്ലതിനുള്ള പ്രതിഫലം അവർക്ക്‌ നാം നൽകുന്നതുമാണ്‌.

8 തൻറെ മാതാപിതാക്കളോട്‌ നല്ല നിലയിൽ വർത്തിക്കാൻ മനുഷ്യനോട്‌ നാം അനുശാസിച്ചിരിക്കുന്നു. നിനക്ക്‌ യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട്‌ പങ്കുചേർക്കുവാൻ അവർ ( മാതാപിതാക്കൾ ) നിന്നോട്‌ നിർബന്ധപൂർവ്വം ആവശ്യപ്പെട്ടാൽ അവരെ നീ അനുസരിച്ച്‌ പോകരുത്‌. എൻറെ അടുത്തേക്കാണ്‌ നിങ്ങളുടെ മടക്കം. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി ഞാൻ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.

9 വിശ്വസിക്കുകയും, സൽകർമ്മങ്ങളൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവരെ നാം സദ്‌വൃത്തരുടെ കൂട്ടത്തിൽ ഉൾപെടുത്തുക തന്നെ ചെയ്യും.

10 ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. എന്ന്‌ പറയുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. എന്നാൽ അല്ലാഹുവിൻറെ മാർഗത്തിൽ അവർ പീഡിപ്പിക്കപ്പെട്ടാൽ ജനങ്ങളുടെ മർദ്ദനത്തെ അല്ലാഹുവിൻറെ ശിക്ഷയെപ്പോലെ അവർ ഗണിക്കുന്നു. നിൻറെ രക്ഷിതാവിങ്കൽ നിന്ന്‌ വല്ല സഹായവും വന്നാൽ ( സത്യവിശ്വാസികളോട്‌ ) അവർ പറയും: തീർച്ചയായും ഞങ്ങൾ നിങ്ങളോടൊപ്പം തന്നെയായിരുന്നു. ലോകരുടെ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ?

11 വിശ്വസിച്ചിട്ടുള്ളവരാരെന്ന്‌ അല്ലാഹു അറിയുക തന്നെ ചെയ്യും. കപടൻമാരെയും അല്ലാഹു അറിയും.

12 നിങ്ങൾ ഞങ്ങളുടെ മാർഗം പിന്തുടരൂ, നിങ്ങളുടെ തെറ്റുകുറ്റങ്ങൾ ഞങ്ങൾ വഹിച്ചുകൊള്ളാം എന്ന്‌ സത്യനിഷേധികൾ സത്യവിശ്വാസികളോട്‌ പറഞ്ഞു. എന്നാൽ അവരുടെ തെറ്റുകുറ്റങ്ങളിൽ നിന്ന്‌ യാതൊന്നും തന്നെ ഇവർ വഹിക്കുന്നതല്ല. തീർച്ചയായും ഇവർ കള്ളം പറയുന്നവരാകുന്നു.

13 തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവർ വഹിക്കേണ്ടിവരും. അവർ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഉയിർത്തെഴുന്നേൽപിൻറെ നാളിൽ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌.

14 നൂഹിനെ നാം അദ്ദേഹത്തിൻറെ ജനതയിലേക്ക്‌ അയക്കുകയുണ്ടായി. അമ്പതുകൊല്ലം ഒഴിച്ചാൽ ആയിരം വർഷം തന്നെ അദ്ദേഹം അവർക്കിടയിൽ കഴിച്ചുകൂട്ടി. അങ്ങനെ അവർ അക്രമികളായിരിക്കെ പ്രളയം അവരെ പിടികൂടി.

15 എന്നിട്ട്‌ നാം അദ്ദേഹത്തെയും കപ്പലിലുള്ളവരെയും രക്ഷപ്പെടുത്തുകയും അതിനെ ലോകർക്ക്‌ ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു.

16 ഇബ്രാഹീമിനെയും ( നാം അയച്ചു, ) അദ്ദേഹം തൻറെ ജനതയോട്‌ ഇപ്രകാരം പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമത്രെ. ): നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, അവനെ സൂക്ഷിക്കുകയും ചെയ്യുക. അതാണ്‌ നിങ്ങൾക്ക്‌ ഉത്തമം. നിങ്ങൾ മനസ്സിലാക്കുന്നുവെങ്കിൽ.

17 നിങ്ങൾ അല്ലാഹുവിന്‌ പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ്‌ ചെയ്യുന്നത്‌. അല്ലാഹുവിന്‌ പുറമെ നിങ്ങൾ ആരാധിക്കുന്നത്‌ ആരെയാണോ അവർ നിങ്ങൾക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാൽ നിങ്ങൾ അല്ലാഹുവിങ്കൽ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട്‌ നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ്‌ നിങ്ങൾ മടക്കപ്പെടുന്നത്‌.

18 നിങ്ങൾ നിഷേധിച്ച്‌ തള്ളുകയാണെങ്കിൽ നിങ്ങൾക്കുമുമ്പുള്ള പല സമുദായങ്ങളും നിഷേധിച്ച്‌ തള്ളുകയുണ്ടായിട്ടുണ്ട്‌. ദൈവദൂതൻറെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു.

19 അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിക്കുകയും, പിന്നെ അത്‌ ആവർത്തിക്കുകയും ചെയ്യുന്നു എന്ന്‌ അവർ ചിന്തിച്ച്‌ നോക്കിയില്ലേ? തീർച്ചയായും അത്‌ അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതത്രെ.

20 പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട്‌ അവൻ എപ്രകാരം സൃഷ്ടി ആരംഭിച്ചിരിക്കുന്നു എന്ന്‌ നോക്കൂ. പിന്നീട്‌ അല്ലാഹു അവസാനം മറ്റൊരിക്കൽകൂടി സൃഷ്ടിക്കുന്നതാണ്‌. തീർച്ചയായും അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.

21 താൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും, താൻ ഉദ്ദേശിക്കുന്നവരോട്‌ അവൻ കരുണ കാണിക്കുകയും ചെയ്യുന്നു. അവങ്കലേക്ക്‌ തന്നെ നിങ്ങൾ തിരിച്ച്‌ കൊണ്ടുവരപ്പെടുകയും ചെയ്യും.

22 ഭൂമിയിലാകട്ടെ ആകാശത്താകട്ടെ നിങ്ങൾക്കു ( അവനെ ) തോൽപിക്കാനാവില്ല. നിങ്ങൾക്കു അല്ലാഹുവിന്‌ പുറമെ ഒരു രക്ഷാധികാരയോ സഹായിയോ ഇല്ല.

23 അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളിലും, അവനെ കണ്ടുമുട്ടുന്നതിലും അവിശ്വസിച്ചവരാരോ അവർ എൻറെ കാരുണ്യത്തെപറ്റി നിരാശപ്പെട്ടിരിക്കുകയാണ്‌. അക്കൂട്ടർക്കത്രെ വേദനയേറിയ ശിക്ഷയുള്ളത്‌.

24 നിങ്ങൾ അവനെ കൊന്നുകളയുകയോ ചുട്ടെരിക്കുകയോ ചെയ്യൂ. എന്ന്‌ പറഞ്ഞതല്ലാതെ അപ്പോൾ അദ്ദേഹത്തിൻറെ ( ഇബ്രാഹീമിൻറെ ) ജനത മറുപടിയൊന്നും നൽകിയില്ല. എന്നാൽ അല്ലാഹു അദ്ദേഹത്തെ അഗ്നിയിൽ നിന്ന്‌ രക്ഷിച്ചു. വിശ്വസിക്കുന്ന ജനങ്ങൾക്ക്‌ തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌.

25 അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: അല്ലാഹുവിന്‌ പുറമെ നിങ്ങൾ വിഗ്രഹങ്ങളെ സ്വീകരിച്ചിട്ടുള്ളത്‌ ഐഹികജീവിതത്തിൽ നിങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിൻറെ പേരിൽ മാത്രമാകുന്നു. പിന്നീട്‌ ഉയിർത്തെഴുന്നേൽപിൻറെ നാളിൽ നിങ്ങളിൽ ചിലർ ചിലരെ നിഷേധിക്കുകയും, ചിലർ ചിലരെ ശപിക്കുകയും ചെയ്യുന്നതാണ്‌. നിങ്ങളുടെ സങ്കേതം നരകമായിരിക്കുകയും ചെയ്യും. നിങ്ങൾക്ക്‌ സഹായികളാരുമുണ്ടാകുകയില്ല.

26 അപ്പോൾ ലൂത്വ്‌ അദ്ദേഹത്തിൽ വിശ്വസിച്ചു. അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: തീർച്ചയായും ഞാൻ സ്വദേശം വെടിഞ്ഞ്‌ എൻറെ രക്ഷിതാവിങ്കലേക്ക്‌ പോകുകയാണ്‌. തീർച്ചയായും അവനാകുന്നു പ്രതാപിയും യുക്തിമാനും.

27 അദ്ദേഹത്തിന്‌ ( പുത്രൻ ) ഇഷാഖിനെയും ( പൗത്രൻ ) യഅ്ഖൂബിനെയും നാം പ്രദാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിൻറെ സന്തതിപരമ്പരയിൽ പ്രവാചകത്വവും വേദവും നാം നൽകുകയും ചെയ്തു. ഇഹലോകത്ത്‌ അദ്ദേഹത്തിന്‌ നാം പ്രതിഫലം നൽകിയിട്ടുണ്ട്‌. പരലോകത്ത്‌ തീർച്ചയായും അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.

28 ലൂത്വിനെയും ( ദൂതനായി അയച്ചു ) തൻറെ ജനതയോട്‌ അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമാകുന്നു: ) തീർച്ചയായും നിങ്ങൾ നീചകൃത്യമാണ്‌ ചെയ്തു കൊണ്ടിരിക്കുന്നത്‌. നിങ്ങൾക്കു മുമ്പ്‌ ലോകരിൽ ഒരാളും അതുചെയ്യുകയുണ്ടായിട്ടില്ല.

29 നിങ്ങൾ കാമനിവൃത്തിക്കായി പുരുഷൻമാരുടെ അടുത്ത്‌ ചെല്ലുകയും ( പ്രകൃതിപരമായ ) മാർഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സിൽ വെച്ച്‌ നിഷിദ്ധവൃത്തി ചെയ്യുകയുമാണോ? അപ്പോൾ അദ്ദേഹത്തിൻറെ ജനത മറുപടിയൊന്നും നൽകുകയുണ്ടായില്ല; നീ സത്യവാൻമാരുടെ കൂട്ടത്തിലാണെങ്കിൽ ഞങ്ങൾക്ക്‌ അല്ലാഹുവിൻറെ ശിക്ഷ നീ കൊണ്ടുവാ എന്ന്‌ അവർ പറഞ്ഞതല്ലാതെ.

30 അദ്ദേഹം പറഞ്ഞു: എൻറെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരിൽ എന്നെ നീ സഹായിക്കണമേ.

31 നമ്മുടെ ദൂതൻമാർ ഇബ്രാഹീമിൻറെ അടുത്ത്‌ സന്തോഷവാർത്തയും കൊണ്ട്‌ ചെന്നപ്പോൾ അവർ പറഞ്ഞു: തീർച്ചയായും ഞങ്ങൾ ഈ നാട്ടുകാരെ നശിപ്പിക്കാൻ പോകുന്നവരാകുന്നു. തീർച്ചയായും ഈ നാട്ടുകാർ അക്രമികളായിരിക്കുന്നു.

32 ഇബ്രാഹീം പറഞ്ഞു: ലൂത്വ്‌ അവിടെ ഉണ്ടല്ലോ. അവർ ( ദൂതൻമാർ ) പറഞ്ഞു: അവിടെയുള്ളവരെപ്പറ്റി നമുക്ക്‌ നല്ലവണ്ണം അറിയാം. അദ്ദേഹത്തെയും അദ്ദേഹത്തിൻറെ കുടുംബത്തെയും നാം രക്ഷപ്പെടുത്തുക തന്നെ ചെയ്യും. അദ്ദേഹത്തിൻറെ ഭാര്യയൊഴികെ. അവൾ ശിക്ഷയിൽ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു.

33 നമ്മുടെ ദൂതൻമാർ ലൂത്വിൻറെ അടുത്ത്‌ ചെന്നപ്പോൾ അവരുടെ കാര്യത്തിൽ അദ്ദേഹം ദുഃഖിതനാകുകയും, അവരുടെ കാര്യത്തിൽ അദ്ദേഹത്തിന്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തു. അവർ പറഞ്ഞു: താങ്കൾ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. തങ്കളെയും കുടുംബത്തെയും തീർച്ചയായും ഞങ്ങൾ രക്ഷപ്പെടുത്തുന്നതാണ്‌. താങ്കളുടെ ഭാര്യ ഒഴികെ. അവൾ ശിക്ഷയിൽ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു.

34 ഈ നാട്ടുകാരുടെ മേൽ അവർ ചെയ്തുകൊണ്ടിരുന്ന അധർമ്മത്തിൻറെ ഫലമായി ആകാശത്തു നിന്ന്‌ ഞങ്ങൾ ഒരു ശിക്ഷ ഇറക്കുന്നതാണ്‌.

35 തീർച്ചയായും അതിൽ ചിന്തിക്കുന്ന ആളുകൾക്ക്‌ വ്യക്തമായ ഒരു ദൃഷ്ടാന്തം നാം അവശേഷിപ്പിച്ചിട്ടുണ്ട്‌.

36 മദ്‌യങ്കാരിലേക്ക്‌ അവരുടെ സഹോദരനായ ശുഐബിനേയും ( നാം അയച്ചു ) അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, അന്ത്യദിനത്തെ പ്രതീക്ഷിക്കുകയും ചെയ്യുവിൻ. നാശകാരികളായിക്കൊണ്ട്‌ നിങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത്‌.

37 അപ്പോൾ അവർ അദ്ദേഹത്തെ നിഷേധിച്ചുതള്ളി. അതിനാൽ ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ അവർ തങ്ങളുടെ വീടുകളിൽ വീണടിഞ്ഞവരായിത്തീർന്നു.

38 ആദ്‌, ഥമൂദ്‌ സമുദായങ്ങളെയും ( നാം നശിപ്പിക്കുകയുണ്ടായി. ) അവരുടെ വാസസ്ഥലങ്ങളിൽ നിന്ന്‌ നിങ്ങൾക്കത്‌ വ്യക്തമായി മനസ്സിലായിട്ടുണ്ട്‌. പിശാച്‌ അവർക്ക്‌ അവരുടെ പ്രവർത്തനങ്ങൾ ഭംഗിയായി തോന്നിക്കുകയും അവരെ ശരിയായ മാർഗത്തിൽ നിന്ന്‌ തടയുകയും ചെയ്തു. ( വാസ്തവത്തിൽ ) അവർ കണ്ടറിയുവാൻ കഴിവുള്ളരായിരുന്നു.

39 ഖാറൂനെയും, ഫിർഔനെയും ഹാമാനെയും ( നാം നശിപ്പിച്ചു. ) വ്യക്തമായ തെളിവുകളും കൊണ്ട്‌ മൂസാ അവരുടെ അടുത്ത്‌ ചെല്ലുകയുണ്ടായി. അപ്പോൾ അവർ നാട്ടിൽ അഹങ്കരിച്ച്‌ നടന്നു. അവർ ( നമ്മെ ) മറികടക്കുന്നവരായില്ല.

40 അങ്ങനെ എല്ലാവരെയും അവരവരുടെ കുറ്റത്തിന്‌ നാം പിടികൂടി. അവരിൽ ചിലരുടെ നേരെ നാം ചരൽകാറ്റ്‌ അയക്കുകയാണ്‌ ചെയ്തത്‌. അവരിൽ ചിലരെ ഘോരശബ്ദം പിടികൂടി. അവരിൽ ചിലരെ നാം ഭൂമിയിൽ ആഴ്ത്തികളഞ്ഞു. അവരിൽ ചിലരെ നാം മുക്കിനശിപ്പിച്ചു.അല്ലാഹു അവരോട്‌ അക്രമം ചെയ്യുകയായിരുന്നില്ല. പക്ഷെ അവർ അവരോട്‌ തന്നെ അക്രമം ചെയ്യുകയായിരുന്നു.

41 അല്ലാഹുവിന്‌ പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത്‌ പോലെയാകുന്നു. അത്‌ ഒരു വീടുണ്ടാക്കി. വീടുകളിൽ വെച്ച്‌ ഏറ്റവും ദുർബലമായത്‌ എട്ടുകാലിയുടെ വീട്‌ തന്നെ. അവർ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കിൽ!

42 തനിക്ക്‌ പുറമെ അവർ വിളിച്ച്‌ പ്രാർത്ഥിക്കുന്ന ഏതൊരു വസ്തുവെയും തീർച്ചയായും അല്ലാഹു അറിയുന്നു. അവനാകുന്നു പ്രതാപിയും യുക്തിമാനും.

43 ആ ഉപമകൾ നാം മനുഷ്യർക്ക്‌ വേണ്ടി വിവരിക്കുകയാണ്‌. അറിവുള്ളവരല്ലാതെ അവയെപ്പറ്റി ചിന്തിച്ച്‌ മനസ്സിലാക്കുകയില്ല.

44 ആകാശങ്ങളും ഭൂമിയും മുറപ്രകാരം അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. തീർച്ചയായും അതിൽ സത്യവിശ്വാസികൾക്ക്‌ ദൃഷ്ടാന്തമുണ്ട്‌.

45 ( നബിയേ, ) വേദഗ്രന്ഥത്തിൽ നിന്നും നിനക്ക്‌ ബോധനം നൽകപ്പെട്ടത്‌ ഓതികേൾപിക്കുകയും, നമസ്കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക. തീർച്ചയായും നമസ്കാരം നീചവൃത്തിയിൽ നിന്നും നിഷിദ്ധകർമ്മത്തിൽ നിന്നും തടയുന്നു. അല്ലാഹുവെ ഓർമിക്കുക എന്നത്‌ ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതെന്തോ അത്‌ അല്ലാഹു അറിയുന്നു.

46 വേദക്കാരോട്‌ ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങൾ സംവാദം നടത്തരുത്‌- അവരിൽ നിന്ന്‌ അക്രമം പ്രവർത്തിച്ചവരോടൊഴികെ. നിങ്ങൾ ( അവരോട്‌ ) പറയുക: ഞങ്ങൾക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും നിങ്ങൾക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങൾ അവന്‌ കീഴ്പെട്ടവരുമാകുന്നു.

47 അതുപോലെ നിനക്കും നാം വേദഗ്രന്ഥം അവതരിപ്പിച്ച്‌ തന്നിരിക്കുന്നു. അപ്പോൾ നാം ( മുമ്പ്‌ ) വേദഗ്രന്ഥം നൽകിയിട്ടുള്ളവർ ഇതിൽ വിശ്വസിക്കുന്നതാണ്‌. ഈ കൂട്ടരിലും അതിൽ വിശ്വസിക്കുന്നവരുണ്ട്‌. അവിശ്വാസികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല.

48 ഇതിന്‌ മുമ്പ്‌ നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിൻറെ വലതുകൈ കൊണ്ട്‌ അത്‌ എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കിൽ ഈ സത്യനിഷേധികൾക്കു സംശയിക്കാമായിരുന്നു.

49 എന്നാൽ ജ്ഞാനം നൽകപ്പെട്ടവരുടെ ഹൃദയങ്ങളിൽ അത്‌ സുവ്യക്തമായ ദൃഷ്ടാന്തങ്ങളാകുന്നു. അക്രമികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല.

50 അവർ ( അവിശ്വാസികൾ ) പറഞ്ഞു: ഇവന്നു ഇവൻറെ രക്ഷിതാവിങ്കൽ നിന്ന്‌ എന്തുകൊണ്ട്‌ ദൃഷ്ടാന്തങ്ങൾ ഇറക്കികൊടുക്കപ്പെടുന്നില്ല? നീ പറയുക: ദൃഷ്ടാന്തങ്ങൾ അല്ലാഹുവിങ്കൽ മാത്രമാകുന്നു. ഞാൻ വ്യക്തമായഒരു താക്കീതുകാരൻ മാത്രമാകുന്നു.

51 നാം നിനക്ക്‌ വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. എന്നതു തന്നെ അവർക്കു ( തെളിവിന്‌ ) മതിയായിട്ടില്ലേ? അതവർക്ക്‌ ഓതികേൾപിക്കപ്പെട്ട്‌ കൊണ്ടിരിക്കുന്നു. വിശ്വസിക്കുന്ന ജനങ്ങൾക്ക്‌ തീർച്ചയായും അതിൽ അനുഗ്രഹവും ഉൽബോധനവുമുണ്ട്‌.

52 ( നബിയേ, ) പറയുക: എനിക്കും നിങ്ങൾക്കുമിടയിൽ സാക്ഷിയായി അല്ലാഹു മതി. ആകാശങ്ങളിലും ഭൂമിയിലുമുള്ളത്‌ അവൻ അറിയുന്നു. അസത്യത്തിൽ വിശ്വസിക്കുകയും അല്ലാഹുവിൽ അവിശ്വസിക്കുകയും ചെയ്തവരാരോ അവർ തന്നെയാണ്‌ നഷ്ടം പറ്റിയവർ.

53 ശിക്ഷയുടെ കാര്യത്തിൽ അർ നിന്നോട്‌ ധൃതികൂട്ടുന്നു. നിർണയിക്കപ്പെട്ട ഒരു അവധി ഉണ്ടായിരുന്നില്ലെങ്കിൽ അവർക്ക്‌ ശിക്ഷ വന്നുകഴിഞ്ഞിട്ടുണ്ടാകുമായിരുന്നു. അവർ ഓർക്കാതിരിക്കെ പെട്ടെന്ന്‌ അതവർക്ക്‌ വന്നെത്തുക തന്നെ ചെയ്യും.

54 ശിക്ഷയുടെ കാര്യത്തിൽ അവർ നിന്നോട്‌ ധൃതികൂട്ടികൊണ്ടിരിക്കുന്നു. തീർച്ചയായും നരകം സത്യനിഷേധികളെ വലയം ചെയ്യുന്നതാകുന്നു.

55 അവരുടെ മുകൾഭാഗത്തു നിന്നും അവരുടെ കാലുകൾക്കിടയിൽ നിന്നും ശിക്ഷ അവരെ മൂടിക്കളയുന്ന ദിവസത്തിൽ. ( അന്ന്‌ ) അവൻ ( അല്ലാഹു ) പറയും: നിങ്ങൾ പ്രവർത്തിച്ചിരുന്നതിൻറെ ഫലം നിങ്ങൾ ആസ്വദിച്ച്‌ കൊള്ളുക.

56 വിശ്വസിച്ചവരായ എൻറെ ദാസൻമാരെ, തീർച്ചയായും എൻറെ ഭൂമി വിശാലമാകുന്നു. അതിനാൽ എന്നെ മാത്രം നിങ്ങൾ ആരാധിക്കുവിൻ.

57 ഏതൊരാളും മരണത്തെ ആസ്വദിക്കുന്നതാണ്‌. പിന്നീട്‌ നമ്മുടെ അടുക്കലേക്ക്‌ തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും.

58 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക്‌ നാം സ്വർഗത്തിൽ താഴ്ഭാഗത്ത്‌ കൂടി നദികൾ ഒഴുകുന്ന ഉന്നത സൗധങ്ങളിൽ താമസസൗകര്യം നൽകുന്നതാണ്‌. അവർ അവിടെ നിത്യവാസികളായിരിക്കും. പ്രവർത്തിക്കുന്നവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!

59 ക്ഷമ കൈക്കൊള്ളുകയും, തങ്ങളുടെ രക്ഷിതാവിനെ ഭരമേൽപിച്ചു കൊണ്ടിരിക്കുകയും ചെയ്തവരത്രെ അവർ.

60 സ്വന്തം ഉപജീവനത്തിൻറെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്‌. അല്ലാഹുവാണ്‌ അവയ്ക്കും നിങ്ങൾക്കും ഉപജീവനം നൽകുന്നത്‌. അവനാണ്‌ എല്ലാം കേൾക്കുകയും അറിയുകയും ചെയ്യുന്നവൻ.

61 ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത്‌ ആരാണെന്ന്‌ നീ അവരോട്‌ ( ബഹുദൈവവിശ്വാസികളോട്‌ ) ചോദിക്കുന്ന പക്ഷം തീർച്ചയായും അവർ പറയും: അല്ലാഹുവാണെന്ന്‌. അപ്പോൾ എങ്ങനെയാണ്‌ അവർ ( സത്യത്തിൽ നിന്ന്‌ ) തെറ്റിക്കപ്പെടുന്നത്‌?

62 അല്ലാഹുവാണ്‌ തൻറെ ദാസൻമാരിൽ നിന്ന്‌ താൻ ഉദ്ദേശിക്കുന്നവർക്ക്‌ ഉപജീവനമാർഗം വിശാലമാക്കുന്നതും, താൻ ഉദ്ദേശിക്കുന്നവർക്ക്‌ അതു ഇടുങ്ങിയതാക്കുന്നതും. തീർച്ചയായും അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.

63 ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിയുകയും, ഭൂമി നിർജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന്‌ ജീവൻ നൽകുകയും ചെയ്താരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീർച്ചയായും അവർ പറയും; അല്ലാഹുവാണെന്ന്‌. പറയുക: അല്ലാഹുവിന്‌ സ്തുതി! പക്ഷെ അവരിൽ അധികപേരും ചിന്തിച്ച്‌ മനസ്സിലാക്കുന്നില്ല.

64 ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീർച്ചയായും പരലോകം തന്നെയാണ്‌ യഥാർത്ഥ ജീവിതം. അവർ മനസ്സിലാക്കിയിരുന്നെങ്കിൽ!

65 എന്നാൽ അവർ ( ബഹുദൈവാരാധകർ ) കപ്പലിൽ കയറിയാൽ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കികൊണ്ട്‌ അവനെ വിളിച്ച്‌ പ്രാർത്ഥിക്കും. എന്നിട്ട്‌ അവരെ അവൻ കരയിലേക്ക്‌ രക്ഷപ്പെടുത്തിയപ്പോഴോ അവരതാ ( അവനോട്‌ ) പങ്കുചേർക്കുന്നു.

66 അങ്ങനെ നാം അവർക്ക്‌ നൽകിയതിൽ അവർ നന്ദികേട്‌ കാണിക്കുകയും, അവർ സുഖം അനുഭവിക്കുകയും ചെയ്യുന്നവരായിത്തീർന്നു. എന്നാൽ വഴിയെ അവർ ( കാര്യം ) മനസ്സിലാക്കികൊള്ളും.

67 നിർഭയമായ ഒരു പവിത്രസങ്കേതം നാം ഏർപെടുത്തിയിരിക്കുന്നു എന്ന്‌ അവർ കണ്ടില്ലേ? അവരുടെ ചുറ്റുഭാഗത്തു നിന്നാകട്ടെ ആളുകൾ റാഞ്ചിയെടുക്കപ്പെടുന്നു. എന്നിട്ടും അസത്യത്തിൽ അവർ വിശ്വസിക്കുകയും അല്ലാഹുവിൻറെ അനുഗ്രഹത്തോട്‌ അവർ നന്ദികേട്‌ കാണിക്കുകയുമാണോ?

68 അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, സത്യം വന്നുകിട്ടിയപ്പോൾ അത്‌ നിഷേധിച്ച്‌ തള്ളുകയോ ചെയ്തവനെക്കാൾ അക്രമിയായി ആരുണ്ട്‌.? നരകത്തിൽ സത്യനിഷേധികൾക്കു വാസസ്ഥലം ഇല്ലയോ?

69 നമ്മുടെ മാർഗത്തിൽ സമരത്തിൽ ഏർപെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക്‌ നാം നയിക്കുക തന്നെ ചെയ്യുന്നതാണ്‌. തീർച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു.