മലബാറി/ഉപസംഹാരം
←സമുദായപരിഷ്കൎത്താ | മലബാറി രചന: ഉപസംഹാരം |
മലബാറി→ |
[ 113 ]
ലോകോപകാരാർത്ഥം സംജാതരാകുന്ന മഹാ പുരുഷന്മാർ, അവർ ഉദ്ദേശിച്ചുവന്ന മഹാ കാര്യം സാധിച്ചുകഴിഞ്ഞാൽ, പിന്നീടു് മറ്റൊന്നിലും കരൾ ചെലുത്താതെ ലോകരംഗത്തിൽ നിന്നു മറയുകയാണു സാധാരണമായി കണ്ടുവരാറുള്ളതു്. സമുദായ പരിഷ്ക്കാരദ്വാരം തുറന്നു വെച്ച മലബാറിയാവട്ടെ , തദനന്തരം തദൃശമായ പുതിയ കർമ്മങ്ങളിലൊന്നും പ്രവേശിക്കയുണ്ടായില്ലെങ്കിലും, ആർക്കും നിർബാധം സഞ്ചരിക്കാവുന്നവണ്ണം ആ മാർഗ്ഗത്തെ സുഗമവും വിസ്തൃതവുമാക്കുക കൂടിയുണ്ടായിട്ടുണ്ടു്. നിശ്ചിത വിവാഹ പ്രായത്തെ സംബന്ധിച്ചുള്ള നിയമം കൊണ്ടു് ദുരാചാരവൃക്ഷത്തിന്റെ ആണിവേർ തന്നെ അറുത്തു കളയുന്ന കാലത്തു മലബാറി ക്കു ൩൮ വയസ്സു മാത്രമേ പ്രായമായിരുന്നുള്ളു. പിന്നെയുള്ള ശ്രമം മുഴുവൻ, സമുദായപരിഷ്കാരബോധം നാട്ടിലെങ്ങും പരത്തുന്നതിനായിരുന്നു. വൃത്താന്ത പത്രങ്ങൾ, ലഘുലേഖകൾ, പ്രസംഗങ്ങൾ എന്നീ വഴിക്കു പുതിയ പുതിയ വിചാര കർമ്മങ്ങൾ സർവ്വത്ര അങ്കുരിപ്പിച്ചു. സമുദായപരിഷ്കാരത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള സംഘങ്ങൾ പലെടത്തും സ്ഥാപിതമായി [ 114 ] പ്രഭു ജനങ്ങളെ സ്വാധീനപ്പെടുത്തി, ഇത്തരം പരിശ്രമങ്ങൾക്കായി പണം ശേഖരിക്കയും, അതു അതാതു സ്ഥാപനങ്ങൾക്കു ആവശ്യം പോലെ വീതിച്ചു കൊടുക്കയും ചെയ്തു വന്നു. പന്ത്രണ്ടു വയസ്സിനു അധികം മുമ്പായി ബാലികകളെ വിവാഹം ചെയ്തുകൊടുക്കരുതെന്നു അദ്ദേഹം ജനങ്ങളോടുപദേശിക്കയും, പ്രായം കൂടുന്നതുകൊണ്ടു പാവപ്പെട്ട കുടുംബങ്ങൾക്കു ആപത്തുണ്ടായാൽ അതിൽ താൻ തന്നെ രക്ഷനൽകുകയും ചെയ്തുകൊണ്ടു, ശൈശവ വിവാഹത്തിൽ, കഴിയുന്നത്ര, വൈരസ്യം പരത്തുവാനും അദ്ദേഹം ശ്രമിച്ചു. പാവപ്പെട്ട എത്രയെത്രയോ വിധവകൾ അദ്ദേഹത്തിന്റെ ശ്രമത്താൽ സഭർത്തൃകകളായിട്ടുണ്ടു്. തൻ മൂലമുണ്ടായ ജാതിഭ്രംശത്താൽ കഷ്ടപ്പെടേണ്ടിവന്നവരെ അദ്ദേഹം യഥോചിതം സഹായി ച്ചു് സംതൃപ്തരാക്കുകയും ചെയ്തിരിക്കുന്നു. പിന്നിൽ താങ്ങുണ്ടെന്നു വന്നപ്പോൾ, ദുരാചാര ലംഘനം സർവ്വത്ര സാധാരണമായിത്തീർന്നതു് സംഗതം തന്നെയാണല്ലൊ. ഈ ക്രമ ത്തിൽ ശൈശവ വിവാഹത്തിൽ ഉന്മുഖതയും രാജ്യത്തിൽ വർദ്ധിച്ചുകൊണ്ടേവന്നു. മലബാറിയുടെ പ്രോത്സാഹനത്താൽ സാമുദായിക സംഘങ്ങൾ കുളിർത്തു തളിർത്തു വളർന്നു തുടങ്ങി. പൂർവികാചാരങ്ങൾ കാലോചിതം പരിഷ്ക്കരിക്കാമെന്നും, അതിൽ [ 115 ] വൈദികന്മാർ കോപിച്ചു പിണങ്ങിനിന്നാലും ഗവർമെണ്ടിനു് ഇടപെടാമെന്നും സാധിക്ക ണമെന്നുമാത്രം കരുതിയാണല്ലോ; വൈവാഹിക നിശ്ചിതപ്രായം നിയമനിർമ്മാണം കൊണ്ടു് പത്തിൽനിന്നു പന്ത്രണ്ടാക്കുവാൻ അദ്ദേഹം പത്തുകൊല്ലം തികച്ചും നിരന്തര പ്രയത്നം ചെയ്തതു്. അതിൽ വിജയിയായപ്പോൾ, ആ വിജയം തന്നെ, അപരിഷ്കൃ താചാരധ്വംസത്തിനു ദിവ്യശക്തിയൊത്ത മഹായുധമായിത്തീർന്നു. പിന്നീടു് മൂവേഴുകൊല്ലം ഉൽകർഷാസ്പദമായ സദാചാരങ്ങളെ ഉദ്ധരിക്കുവാനായി, ദുരധികാര പ്രമത്തതയോടേ ആപദ്വർഷം ചെയ്യുന്ന ദുരാചാരസഹസ്രങ്ങളോടു് അദ്ദേഹം ധീരധീരനായി, ഘോരഘോ രം പടവെട്ടിനിന്നതു് ഇന്ത്യാരാജ്യം മറന്നുകളയാവുന്ന സംഭവമല്ല. ഇന്നു ഇക്കാണായ സമുദായപരിഷ്കാര ശ്രമങ്ങൾക്കെല്ലാം മുഖ്യഹേതു ഭൂതൻ മലബാറിയാണു്. ഇന്നും ഇനി മേലിലുമുള്ള സമുദായ പരിഷ്കർത്താക്കൾക്കെല്ലാം കുലദൈവമാണു് അദ്ദേഹമെന്നു കൂടിയും നമുക്കു് നിസ്സംശയം പറയാവുന്നതാണു്. കുറേ സരസപ്രസംഗങ്ങൾ തുടർച്ചയായി ചെിയ്യുന്നവനെ നാം അഭിനന്ദനീയനായ സമുദായാഭിമാനിയായി ഗണിക്കാറുണ്ടു്. പ്രസംഗത്തി നൊത്തവണ്ണം പൂർവ്വികാചാരമൊന്നേതാനും ലംഘിക്കുവാൻ ധൈര്യപ്പെടുന്നവനെ നാം മാതൃകാപുരുഷനായി ഉയർത്ത [ 116 ] വെക്കുന്നു. സമുദായഗുണത്തിനു് സ്വാർജ്ജിതവിത്തത്തിൽ ചെറിയൊരംശം ചെലവു ചെയ്യുന്നവനെയാവട്ടെ, നാം പരോപകാരികളിൽ അഗ്രഗണ്യനെന്നു് പുകഴ്ത്തുകയും ചെയ്യുന്നു. എന്നാൽ, മുപ്പത്തിയൊന്നുകൊല്ലം, ഒരു നിമിഷം പോലുമൊഴിവില്ലാതെ, സമുദായക്ഷേമത്തിനു് തീവ്രമായി അധ്വാനിച്ചുകൊണ്ടിരിക്കുകയും, പൂർവ്വാചാരവ്യവസ്ഥ ലംഘനീയം തന്നെയെന്നു് സാധിക്കയും, സമുദായപരിഷ്കാരമാർഗ്ഗം വിസ്തൃതമായി വെട്ടിത്തുറന്നിടുകയും, സുമധുരഫലങ്ങളാൽ സമ്പൂർണ്ണമായി, ശാഖോപശാഖകളായി പടർന്നു് പരന്നു, അക്ഷയശ്രീ വിളങ്ങി നിൽക്കുമാറു് ആചാര നവീകരണോദ്യമത്തെ നട്ടു വളർത്തുകയും സ്വന്തം സുഖവും, സ്വന്തം ഗുണവും, സ്വന്തം പണവുമെല്ലാം സമുദായ-അല്ലാ, പരസമുദായ-അതുമല്ല, മാതൃരാജ്യഗുണത്തിനായി നിശ്ശേഷം സമർപ്പിക്കയും, അനാഥകളായി ആശതകർന്നു് കണ്ണീർ ചൊരിഞ്ഞു കിടന്നിരുന്ന അനേകശതം വിധവകളെ സനാഥകളായി, സുമംഗലികളായി ആഹ്ലാദപൂർണ്ണകളാക്കുകയും, സുമങ്ങളും ഫലങ്ങളും നഷ്ടമോ,ദുഷ്ടമോ ആകുമാറു്-അഥവാ, നീചകർമ്മം, ക്ഷീണവിചാരം, ദീനസന്താനം എന്നിവയ്ക്കുല്പാദ്യസ്ഥാനമാകുമാറു്, ബാലികാജീവിതമൃദുലതികയെ ശൈശവവിവാഹ രൂപേണ ദൃഢതമം ബന്ധിച്ചിരിക്കുന്ന ദാമ്പത്യശൃം [ 117 ] ഖലയെ സാർവ്വത്രികമായി ഒട്ടൊന്നയച്ചുവിട്ടതിനു പുറമേ, പലെടത്തും മുറിച്ചുകളയുക തന്നെയും ചെയ്തു് ലക്ഷോപലക്ഷം കുടുംബങ്ങൾക്കു് ആശ്വാസം നൽകുകയും, ദുരാചാരലംഘനം നിമിത്തം വൈദികശാപത്താൽ ഗ്രസ്തരായിത്തീർന്നു് വിഷമിക്കുന്നവർക്കെല്ലാം അഭയപ്രദനായി പ്രശോഭിക്കുകയും ചെയ്ത മലബാറിയെ നമ്മുടെ സ്വന്തം പരിതൃപ്തിക്കുവേണ്ടിത്തന്നെയാവട്ടെ നാം ഏതൊരു പദംകൊണ്ടാണു് വിശേഷിപ്പിക്കേണ്ടതു് ?
ഇനി, ഈ ജീവിതചരിതം ഇതിലധികം ദീർഘിപ്പിക്കേണമെന്നു് ഞാൻ ആഗ്രഹിക്കുന്നില്ല. ബി. എം. മലബാറി രാജ്യാഭിവൃദ്ധിക്കായി ചെയ്ത വിശിഷ്ടകർമ്മങ്ങളിൽ എത്രയെത്രയോ എണ്ണം എന്റെ കാഴ്ചയിലും കേൾവിയിലും പെടാതെ വിട്ടു പോയിരിക്കാം. അതെല്ലാം തേടിപ്പിടിച്ചു്, എന്റെ അറിവിൽ പെടുന്നെടത്തോളം സംഗതികൾ മാത്രം, വ്യാഖ്യാനമോ വിചിന്തനമൊ ഒന്നും കൂടാതെ നഗ്നമായിത്തന്നെ ഇവിടെ നിരത്തുന്നതായാൽ , അതൊരു മഹാഭാരതമായി ചമഞ്ഞേക്കാം. ആ ദുഷ്കരകർമ്മത്തിൽ പ്രവേശിക്കാതെ മലബാറിയുടെ സാധാരണ ജീവിതരീതിയെക്കുറിച്ചു് ഒട്ടൊന്നു വിവരിച്ചിട്ടു് ഈ കൃതി ഉപസംഹരിക്കയാണുചിതം. [ 118 ]
അദ്ദേഹത്തിന്റെ ജീവിതം കേവലം ആഢംബരഹീനമായിരുന്നു. അതു് അദ്ദേഹത്തിന്റെ എല്ലാ കർമ്മങ്ങളിലും വ്യക്തമായി പ്രതിബിംബിക്കയും ചെയ്തിരുന്നു. വിശിഷ്ടാശയനും വിക്രാന്തചരിതനുമായ അദ്ദേഹം വിനതനും വിനീതനുമായിട്ടാണു് മാതൃഭൂമിയെ സേവിച്ചതു്. മരണംവരെയും അദ്ദേഹം ഏറ്റവും ഒതുങ്ങിയ മട്ടിൽത്തന്നെ കഴിഞ്ഞു. അഹങ്കാരം നിശ്ശേഷമില്ലാഞ്ഞിട്ടല്ലാ അദ്ദേഹം ഇങ്ങനെ ജീവിച്ചതു്. അഹങ്കാരമെന്നതു് ദുർഗുണങ്ങളിലൊന്നാണെങ്കിൽ, മഹാശയന്മാരിൽ സാധാരണമായുള്ള ആ ദോഷം മലബാറിയിലും കൂടുതൽതന്നെയുണ്ടായിരുന്നു. എന്നാൽ, മനോനിയന്ത്രണത്തിൽ അദ്ദേഹത്തിനുള്ള അന്യാദൃശ സാമർത്ഥ്യത്താൽ ആ ദോഷം അദ്ദേഹത്തിന്റെ കൃത്യങ്ങളിലൊന്നും പകരാതെ ഉള്ളിലൊതുങ്ങിക്കിടക്കയാണു് ചെയ്തതു. സമുദായസേവനത്തിനാഗ്രഹിക്കുന്നവർ മലബാറിയുടെ ജീവിതചരിതത്തിൽ നിന്നു് ഈയൊരു ഗുണം മാത്രം ഗ്രഹിച്ചാൽ മതി, അവരുടെ കർമ്മങ്ങളെല്ലാം ഫലവത്താക്കുവാൻ. പരോപകാരികളെന്നു ഭാവിക്കുന്നവരിൽ അധികം പേരും ജനങ്ങളെ ഭ്രമിപ്പിച്ചു് സ്വന്തം ധനം വർദ്ധിപ്പിക്കുവാനുള്ള കാപട്യത്താലോ, ചുരുങ്ങിയ ചെലവിൽ കീർത്തിനേടാമെന്ന ദുർമ്മോഹത്താലോ പ്രേരിതരായിരിക്കും. അവർക്കു് തങ്ങളുടെ കർമ്മങ്ങളെ നോക്കി, ചുറ്റുമുള്ളവർ അത്ഭുതപരത [ 119 ] ന്ത്രരായി പ്രശംസിക്കുന്നതു കേൾക്കുന്നതിന്മീതെ ആഹ്ലാദകരമായി മറ്റൊന്നില്ല. മലബാറിയാവട്ടെ, അത്തരം സ്തുതികളിൽ നിന്നു് ദുരെയകന്നുനിൽക്കയാണു് ചെയ്തതു്. ക്ലേശമൊട്ടുമില്ലാത്ത നിർബാധ സ്ഥിതിയിൽ വിശ്രമിച്ചുകഴിയേണമെന്നു് അദ്ദേഹം ആഗ്രഹിച്ചിട്ടേയില്ല. തന്റെ ശുഭകർമ്മങ്ങളാൽ സ്വയമേവാഗതയായ കീർത്തിവരാംഗിയെ അദ്ദേഹത്തിനു് ഗത്യന്തരമില്ലായ്കയാൽ പരിഗ്രഹിക്കേണ്ടി വന്നുപോയിയെന്നേയുള്ളു. സ്വന്തം (ദൃശ്യ) കുടുംബിനിഅസാധാരണമായ ഒരു സിദ്ധിയാണെന്നു് യുവകാമുകന്മാരല്ലാത്തവരാരും കരുതാറില്ലെന്നിരിക്കെ, നിഷ്കാമ കർമ്മയോഗിയായ മലബാറിക്കു് (അദൃശ്യ) കുടുംബിനിയായിത്തീർന്ന കീർത്തിയെക്കുറിച്ചു്, പ്രത്യേകതയൊന്നുമുണ്ടാകാതിരുന്നതിൽ അത്ഭുതപ്പെടുവാനില്ലല്ലൊ. അധികാരപ്രതാപവും ചിത്ത വൈഭവുമെല്ലാം അദ്ദേഹത്തിനു, ശുഷ്കതൃണം പോലെയാണു് തോന്നിയതു. തന്റെ മുമ്പിൽ സ്വയം വന്നുചേർന്നുകൊണ്ടിരുന്ന സുഖ ധനയശസ്സുകളെയെല്ലാം തള്ളിത്തള്ളിയകറ്റി, വെറും സാധാരണനെപ്പോലെ ജീവിക്കുവാൻ അദ്ദേഹം ശ്രമിച്ചു. സ്വന്തം പുസ്തകങ്ങൾ വഴിയായും മറ്റും ഒട്ടൊട്ടു കിട്ടിക്കൊണ്ടിരുന്ന പണംതന്നെ പൊതുകാര്യത്തിലേക്കാണു് അധികവും ചെലവുചെയ്തിരിക്കുന്നതു്. സമ്പാദ്യം തുച്ഛമായിരുന്നിട്ടും, തികഞ്ഞ പരിതൃപ്തിയോടുകൂടി അ [ 120 ] ദ്ദേഹം ജീവിക്കുന്നതു കണ്ടിട്ടു, അതിന്റെ രഹസ്യമറിയാതെ പലരും അത്ഭുതപ്പെട്ടു പോയിട്ടുണ്ടു്. ഇതിനെപ്പറ്റി ചോദ്യമുണ്ടായപ്പോൾ, തന്റെ ഒരു സ്നേഹിതനോടു അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയാണു "ആ രഹസ്യമെന്തെന്നു് ഞ്ൻ പറയട്ടെയൊ? ധരിക്കുവാനായി ആദ്യം കിട്ടിയ വിലകുറഞ്ഞ ഒരേ വസ്ത്രം തന്നെ, മറ്റൊരു പുതിയതിനാഗ്രഹിക്കാതെ, പലകൊല്ലത്തേക്കു് ഞാൻ ഉപയോഗിക്കും. ഇതുപോലെ തന്നെ മറ്റെല്ലാകാര്യത്തിലും, കൈയ്യിലുള്ളതുകൊണ്ടു് കഴിയുന്നെടത്തോളം നീണ്ടകാലത്തേക്ക് ഞാൻ കഴിട്ടുകൂട്ടും. മാളികയും, വണ്ടിയും, ഭൃത്യവർഗ്ഗവുമൊന്നും എനിക്കു് വേണ്ട. ആഢംബരപ്രിയന്മാരുമായുള്ള സഹവാസവും എനിക്കു വേണ്ട. വിത്താധികാരവിദ്യാസമ്പന്നന്മാരിലാരായാലും, അവരുമായി കേവലം താൽക്കാലിക രസത്തിനായി സോല്ലാസം സമ്മേളിക്കുന്ന സമ്പ്രദായം എനിക്കെപ്പോഴുമില്ല. വെറും സാധാരണനെപ്പോലെ ഇങ്ങിനെ ജീവിക്കുമ്പോൾ, റോഡിൽക്കൂടി ആരുടേയും ശ്രദ്ധയെ ആകർഷിക്കാത്ത താണമട്ടിൽ ഒതുങ്ങിനടക്കവേ, ഒരു ആഢംഭര രസികന്റെ വണ്ടി എന്നെ തൃണവൽഗണിച്ചു് എന്റെ ശരീരത്തിൽ കയറുവാൻ വന്നുവെന്നും, അവന്റെ കുറ്റത്തിനു് എന്നെ ഉത്തരവാദിയാക്കി, കുതിരച്ചമ്മട്ടികൊണ്ടു് എനിക്കു ഒന്നുരണ്ടു തന്നുവെന്നും വരാം. ഇങ്ങി [ 121 ] നെ പല സംഭവങ്ങളിലും, ദിവസേനയെന്നുതന്നെയല്ലാ, മുഹൂർത്തം തോറും തന്നെ ദേഹാഭിമാനപരിത്യാഗത്തിനിടയായേക്കാം. ആദ്യമാദ്യം ദുസ്സഹമായി തോന്നിക്കൊണ്ടിരുന്ന ആ ത്യാഗം ഇപ്പോൾ സംതൃപ്തിയും സമാധാനവും നിറഞ്ഞ വിജയമായി പരിണമിച്ചിരിക്കുന്നു. രഹസ്യം ഇത്രതന്നെ"
യൗെവനകാലത്തു് സർവ്വസമ്മതനായി, പ്രഖ്യാതനായി ഉയർന്നുനിൽക്കുമ്പോൾ ബാല്യത്തിൽ തന്നോടൊന്നിച്ചു വളർന്നുവന്ന കർത്തവ്യകർമ്മത്തെ അദ്ദേഹം ഒരിക്കലും വിസ്മരിക്കയുണ്ടായിട്ടില്ല. സമ്പൽ പൂർണ്ണമായ ഉന്നതസ്ഥാനം ഒഴിഞ്ഞുകിടന്നിട്ടും, തന്റെ കൂടെപ്പിറപ്പായ ദാരിദ്ര്യം തന്നെയാണു് അദ്ദേഹത്തിനു് പ്രിയതരമായിരുന്നതു്. സ്വന്തം സന്താനങ്ങൾ, അവർ തന്റെ ആത്മജന്മാരാണെങ്കിൽ, തന്നോടൊന്നിച്ചു് കഷ്ടപ്പടുവാൻ കടപ്പെട്ടവർ തന്നെയെന്നു് നിശിച്ഛയിച്ചു്, അവർക്കായിട്ടുകൂടിയും വകയൊന്നും കരുതാതെ, തനിക്കു സുലഭമായി സിദ്ധിച്ചിരുന്ന സുഖം, മാനം, പണം എന്നിതെല്ലാം അദ്ദേഹം ബഹുജനഗുണത്തിനായി പരിത്യജിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം ആരംഭം മുതൽ അവസാനംവരെ സ്വാർത്ഥവിചാരകർമ്മങ്ങളിൽ ഒരു ശകലം പോലും സ്വപ്നത്തിൽകൂടിയും അനുഭവി [ 122 ] ച്ചിട്ടില്ല. രാജാക്കന്മാർ തുടങ്ങി താണതരം വിദ്യാർത്ഥികൾവരെ എത്രയെത്രയോ പേർ അദ്ദേഹത്തിന്റെ ഉപദേശസഹായങ്ങളാൽ സുരക്ഷിതരായി സുഖാവസ്ഥയിലെത്തീട്ടുണ്ടു്. അദ്ദേഹം, പണം നേടുവാനുതകുന്ന ഓരോവക ജോലികളിൽ പ്രവേശിപ്പിച്ചും,അപ്പോഴപ്പോഴുണ്ടാകുന്ന കഷ്ടനഷ്ടങ്ങളകറ്റിക്കൊടുത്തും പരിരക്ഷിച്ചിട്ടുള്ളവരുടെ സംഖ്യ എത്രയെന്നു് നിർണ്ണയിക്കുവാൻ ആർക്കും വയ്യ. ഇവരിൽത്തന്നെ ചിലർ ശുദ്ധാശയനായ അദ്ദേഹത്തിൽ നിന്നു് വ്യാജഭാവത്താൽ പണമപഹരിക്കയും, അദ്ദേഹത്തിന്റെ മുമ്പിൽ വിശ്വസ്തരെന്നു് നടിച്ചുനിന്നു് ഒടുക്കം വഞ്ചിക്കയും , അസത്യപ്രസ്താവത്താൽ അപകടത്തിൽ ചാടിക്കയും, അദ്ദേഹത്തിന്റെ ആജ്ഞാവാഹരെന്നു് മറ്റുള്ളവരെ ധരിപ്പിച്ചു് കപടകൃത്യങ്ങളിലേർപ്പെട്ടു് അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുകയും മറ്റും പലപ്പൊഴും ചെയ്തിട്ടുണ്ടു്. ഇങ്ങിനെ എന്തെല്ലാം ദുഷ്കൃത്യങ്ങൾ ആരെല്ലാം പ്രവർത്തിച്ചാലും, ജനങ്ങളെ സംബന്ധിച്ചു് അദ്ദേഹത്തിനുള്ള അനുതാപകലിതമായ മനോഭാവം ഒരിക്കലും ചലിച്ചിട്ടില്ല. നൈരാശ്യവും ക്ലേശവും സാധാരണമായിരുന്നിട്ടും, അതു് പലപ്പൊഴും ദുസ്സഹമായിത്തീർന്നിട്ടും അദ്ദേഹം പരോപകാര തൽപരതയെയല്ലാ, സ്വമനസ്ഥൈര്യത്തെയാണു് പഴിച്ചതു്. അദ്ദേഹത്തിൽ ഇത്രയും മ [ 123 ] നോഗുണം തികഞ്ഞുകണ്ടിട്ടു് സമ്മതനായ ഒരു ഭരണാധികാരി ആത്മത്യാഗികളിൽ അഗ്രഗണ്യനായ ബുദ്ധമഹർഷിയെ സ്മരിക്കയുണ്ടായിപോൽ. വിദ്യാഭ്യാസവും ബുദ്ധിസാമർത്ഥ്യവും അല്പമായുള്ളവർക്കുപോലും ആയാസമെന്നിയേ പ്രവേശിച്ചു്, നിസ്സംശയം ശ്രേയസ്സു നേടാവുന്നതായ രാജകാര്യ വ്യവഹാര വിഷയത്തിൽ നിന്നു് വിദ്യാസമ്പന്നനും വരധീമതിയുമായ മലബാറി തീരെ ഒഴിഞ്ഞുമാറിയതിൽ പ്രകടിതമായ മനോനിയന്ത്രണ ശക്തിയിൽ ബുദ്ധമഹാത്യാഗത്തിന്റെ നേർപ്പകർപ്പല്ലാ തിളങ്ങിക്കാണുന്നതെന്നു് ആർക്കു് വാദിപ്പാൻ കഴിയും? ഭാരതഭൂസന്താനങ്ങളിൽ ശുകൻ, ബുദ്ധൻ എന്നീ രണ്ടു പേർ കഴിഞ്ഞാൽ, കീർത്തിയിൽ നിശ്ശേഷം വിരക്തനായ മൂന്നാമത്തെ മഹാൻ മലബാറിയാണ്. എത്രയെത്രയോകോടി ജനങ്ങൾ എത്രയെത്രയോകാലം പലപല കഷ്ടനഷ്ടങ്ങളനുഭവിച്ചു നിരന്തരം ചെയ്ത തീവ്രയത്നപരമ്പരയാൽ സിദ്ധമായ സുഖസൗെകര്യങ്ങളാണല്ലോ ഇന്നു് നമുക്കുചുറ്റും കാണുന്നവ. പൊതുസ്വത്തായ ഈ സുഖവും സൗെകര്യവും അനുഭവിച്ചുകൊണ്ടുള്ളതാണു് നമ്മുടെ ജീവിതം. പൊതുപ്രയത്നത്താൽ സംരക്ഷിതമായ നമ്മുടെ ജീവിതം പൊതുജനങ്ങൾക്കല്ലാതെ, മറ്റർക്കാണവകാശപ്പെടുക? പൂർവിക കർമ്മപരമ്പരയിൽനിന്നു്, സഹജീവികളാൽ സംരക്ഷി [ 124 ] തമായിക്കൊണ്ടാണു് നമ്മുടെ കർമ്മങ്ങളൊന്നൊന്നും സംജാതമാകുന്നതു്. ബഹുജനങ്ങളുടേതായ തൽകർമ്മഫലങ്ങൾ, നാം കാപട്യത്താൽ സ്വന്തമാക്കി അടക്കിവെച്ചു, ആവശ്യമുള്ളവർക്കുമാത്രം കൂടുതൽ വിലയ്ക്കു കൊടുക്കുന്ന വെറും കച്ചവടമാണു് നമ്മുടെ ജീവിതം കൊണ്ടു നിർവഹിക്കാറുള്ളതു്. ഒരാൾ കുടുംബത്തിലെ പൊതുവകയിൽ നിന്നു ചിലതെല്ലാം മോഷ്ടിച്ചെടുത്തു്, ഒട്ടൊട്ടുരൂപപ്പെടുത്തിയതിൽപ്പിന്നെ സ്വന്തമാക്കിവെച്ചു് അതു തന്റെ സഹോദരന്നുതന്നെ വിലയ്ക്കുകൊടുത്തു പണം നേടുന്നപോലെ, പൂർവികജന പരമ്പരാപ്രയത്നത്തെ അവലംബിച്ചു്, ആധുനിക ജനസാമാന്യമധ്യത്തിൽ സംരക്ഷിതമായി നമ്മളിൽ ഉത്ഭുതങ്ങളാകുന്ന കർമ്മങ്ങൾ അവനവന്റേതാക്കിവെച്ചു്, ബഹുജനസമക്ഷം നിരത്തി, ഒന്നൊന്നായി എടുത്തുകൊടുത്തു് കീർത്തിധനം പ്രതിഫലമായി പറ്റുന്നതും ദുഷ്ടമൃഗങ്ങൾപോലും ചെയ്യാത്ത അത്ര ഭയങ്കരവും ക്രൂരവുമായ വഞ്ചനയാണു്. എന്നിട്ടു്, ഈ മനുഷ്യരാണുപോൽ ഉൽകൃഷ്ടാശയന്മാർ! ഉണ്ണുന്നതിലും ഉടുക്കുന്നതിലും നമുക്കു് ആരെയെങ്കിലും സ്തുതിക്കുവാനുണ്ടോ? അതുപോലെയുള്ള ദിനകൃത്യം തന്നെയാണു് പരോപകൃതിയുമെന്നും, കടം മേടിച്ച പണത്തിനു് പലിശകൊടുക്കുന്നതു് കീർത്തനീയമായ ദാനധർമ്മമല്ലെങ്കിൽ പൊതുസ്വത്തനുഭവിച്ചു ജീവിക്കുന്ന മനുഷ്യൻ ത [ 125 ] ന്റെ കടമപ്രകാരം പരാർത്ഥം പ്രവർത്തിക്കുന്നതിൽ പ്രത്യേകം ശ്രദ്ധാർഹമായി ഒന്നുമില്ലെന്നുമാണ് മലബാറിയുടെ സിദ്ധാന്തം. എന്നാൽ, സ്വന്തം കടമയെകുറിച്ചു ഒട്ടും തന്നെ ബോധമില്ലാതെ ശാപഗ്രസ്തമായ നികൃഷ്ടജീവിതം ധരിക്കുന്ന നാം, പണം കടം വാങ്ങിക്കൊണ്ടു പോയവൻ അതിന്റെ പലിശ കൊണ്ടുവന്നു തരുന്നതുപോലെയാണ്, മലബാറിയെപോലെയുള്ള മഹാശയന്മാർ ചെയ്യുന്ന സമുദായസേവനമെന്നു് അശ്രദ്ധമായി ഗണിക്കുവാൻ തക്ക അത്ര മനോവികാസമുള്ളവരല്ലല്ലോ.
ഒതുങ്ങിയിരുന്നുകൊണ്ടു്-ആരുമേതുമറിയാതെയെന്നുതന്നെ പറയാം-അങ്ങിനെയാണു് മലബാറി ജീവകാലമത്രയും പരോപകാരം ചെയ്തിരിക്കുന്നതു്. ജനങ്ങൾ സ്തുതിക്കയോ നിന്ദിക്കയോ എന്തുതന്നെ ചെയ്താലും അദ്ദേഹത്തിന്റെ കർത്തവ്യകർമ്മ ഗതിക്കു് ഇളക്കമുണ്ടായിട്ടില്ല. രാജ്യകാര്യവ്യവഹാരത്തിൽത്തന്നെ അദ്ദേഹം പിന്നെയും ശ്രമിച്ചിരുന്നുവെന്നു് വരികിൽ , "ജന്മനാ ജനനേതാവു്" എന്നു് കർണ്ണൽ ഓൾക്കോട്ടിനാൽ പ്രകീർത്തനായ മലബാറി ലൗെകിക സുഖാവസ്ഥയിൽ അത്ര വളരെ ഉയർന്നുകയറുമായിരുന്നു! സാഹിത്യവീരനാവേണമെന്നാണു് അദ്ദേഹം ആഗ്രഹിച്ചു പ്രവർത്തിച്ചതെങ്കിൽ, വി [ 126 ] ത്തവും കീർത്തിയും നേടി ഐശ്വര്യ പൂർണ്ണനായി വിളങ്ങുവാൻ ആ മാർഗ്ഗവും അദ്ദേഹത്തിനു് തുറന്നുകിടന്നിരുന്നു. അതെല്ലാം കൈവിട്ടുകളഞ്ഞു്, പാവങ്ങൾക്കിടയിൽ കടന്നു് അവരെ സംരക്ഷിക്കുവാനാണു് അദ്ദേഹം മുതിർന്നതു്. അനാഥരും നിർഗ്ഗതികളുമായ ദീനന്മാർക്കു വേണ്ടി തന്റെ സർവ്വസുഖങ്ങളേയും, തന്റെ ബന്ധുജനത്തെത്തന്നെയും അദ്ദേഹം പരിത‍്യജിച്ചിരിക്കുന്നു. ആരെയും പരിഭവിപ്പിക്കേണമെന്നു് അദ്ദേഹം വിചാരിച്ചിരുന്നില്ലെങ്കിലും അദ്ദേഹത്തിനു് ശത്രുക്കൾ വളരെയധികമുണ്ടായിട്ടുണ്ടു്. വൈദികാചാരപ്രതിപന്നന്മാർക്കു് ഈ ആചാരപരിഷ്കർത്താവിൽ വിദ്വേഷമുണ്ടാകുന്നതു് സംഭാവ്യം തന്നേയാണല്ലൊ. അദ്ദേഹമാവട്ടെ, തനിക്കു് കുടുംബകാര്യത്തിലും പൊതുകാര്യത്തിലും മറ്റുള്ളവർ പലതുപലതായിച്ചെയ്ത ഉപദ്രവങ്ങളെല്ലാം അപ്പോഴപ്പോൾ തന്നെ ക്ഷമിച്ചു് വിസ്മരിച്ചുകളകയാണു് ചെയ്തതു്. കീർത്തിമോഹത്താൽ പ്രേരിതനായ താന്തോന്നിയാണെന്നും മറ്റുംപറഞ്ഞു് മലബാറിയെ അദ്ദേഹത്തിന്റെ ശത്രുക്കൾ ഒട്ടല്ലാതെ അധിക്ഷേപിച്ചിട്ടുണ്ട്. തന്റെ സുഖസൗകര്യങ്ങളെയെല്ലാം പരിത്യജിച്ചു്, സഹായത്തിനായി ഒരുങ്ങിവന്ന സ്നേഹിതന്മാരെക്കൂടിയും മുഷിപ്പിച്ചയച്ചു്, ബഹുജനങ്ങ [ 127 ] ളിൽ നിന്നുളള പ്രശംസയിൽ നിന്നെല്ലാം ഒഴിഞ്ഞകന്നു്, രാജകീയബഹുമതികൾ കൂടിയും ഇന്ത്യക്കാർക്കെല്ലാം വിസ്മയജനകമാംവണ്ണം നിരാകരിച്ചു്, പുസ്തകമോ ലേഖനമോ എഴുതുന്നതിൽ നിന്നു കിട്ടുന്ന തുച്ഛമായ പ്രതിഫലത്തിൽനിന്നു് കയ്യയച്ചു ചെയ്യുന്ന ദാനധർമ്മം കഴിച്ചു് ബാക്കിവരുന്ന സംഖ്യകൊണ്ടു ദരിദ്രനെക്കാളും കഷ്ടപ്പെട്ടുജീവിച്ചു്, ലക്ഷോപലക്ഷം പാവങ്ങൾ ചുടുചുടെ വാർക്കുന്ന ബാഷ്പപൂരം ഒട്ടെങ്കിലും തോർന്നുകാണുന്നതിനായി രാപ്പകലൊഴിയാതെ അധ്വാനിച്ച മഹാപുരുഷനെ "കീർത്തി മോഹത്താൽ പ്രേരിതനായ താന്തോന്നി" യെന്നു് അ ഭിസംബോധനം ചെയ്യാമെങ്കിൽ, ഈ ലോകത്തിൽ ആർക്കു ആരെ എന്തുതന്നെ പറഞ്ഞുകൂടാ! ദോഷരഹിതമായ ഗുണൈകവസ്തു ലോകത്തിൽ ഒന്നുംതന്നെയില്ലല്ലൊ. സുരഭില വിചാര സമീരണസമ്പർക്കത്താൽ ആലോലസുന്ദരമായി, വികസിതകർമ്മാരവിന്ദസംപൂർണ്ണതയാൽ ഹൃദയാകർഷകമായി വിലസുന്ന മലബാറിയുടെ നിർമ്മലജീവിത സരോവരത്തിൽ അടിമുങ്ങിത്തപ്പുന്നവർക്കു് ചേറും ചെളിയും ഒട്ടധികംതന്നെ കണ്ടേക്കാം. എന്നാൽ, തന്നിലുള്ള ദോഷങ്ങൾ അദ്ദേഹം മറച്ചുവെക്കയല്ലാ, ആർക്കും കാണത്തക്കവണ്ണം തുറന്നുവെക്കയാണു ചെയ്തതു്. [ 128 ]
ഇങ്ങിനെ, മലബാറിയുടെ ജീവതചരിത്രത്തിൽ അലംകൃതമായിരിക്കുന്ന വിശിഷ്ടരത്നങ്ങൾ ഒന്നൊന്നായി എടുത്തു നോക്കിത്തുടങ്ങിയാൽ അതിനൊരവസാനമുണ്ടാകയില്ല, ദാരിദ്രത്തിനു് ഒരു വക്കുപോലും കടിച്ചെടുത്തുവിഴുങ്ങുവാൻ കഴിയാത്തവണ്ണം അത്ര മഹത്തരമാണു് മലബാറിയുടെ ജീവിതം. പാവങ്ങൾക്കിടയിൽ കടന്നു് പാവപ്പെട്ടവനെന്നപോലെ തന്നെ നടമാടി അവരെ സഹായിക്കയും സമാശ്വസിപ്പിക്കയും ചെയ്യുവാനുതകുന്ന ആഡംബരഹീനമായ വേഷം ചമയേണ്ടതിലേക്കു് മലബാറിയുടെ ജീവിതത്തെ ഗംഭീരാശയനായ അദ്ദേഹത്തിന്റെ ആജ്ഞാത്യുഗ്രതയാൽ വിനതയായി, ഭയവിഹ്വലയായിത്തീർന്ന ദാരിദ്ര്യം നീക്കുപോക്കില്ലാതെ കെട്ടിപ്പിടിച്ചുനിൽക്കമാ ത്രമാണുണ്ടായിട്ടുള്ളതു്. അതുപോലെതന്നെ, കീർത്തി കുടുംബിനി അദ്ദേഹത്തിന്റെ ആജ്ഞയ്ക്കനുസരിച്ചു് അന്തപുരത്തിൽ അടങ്ങിപാർക്കുകയേ ചെയ്തിട്ടുള്ളു. മലബാറി മരിച്ചതിൽപ്പിന്നെയാണു്, സ്വതന്ത്രയായിത്തീർന്ന ആ കീർത്തി ലോകമെങ്ങും സഞ്ചരിച്ചുതുടങ്ങിയിരിക്കുന്നതു്. മലബാറി ജീവിച്ചിരുന്ന കാലത്തു് ദേശാഭിമാനികളിൽത്തന്നെ ചിലർ അദ്ദേഹത്തിന്റെ പേർ കേട്ടിട്ടുകൂടിയില്ലായിരുന്നു. പരോപകൃതിയൊന്നൊന്നും, അതിന്റെ ഏതൊരുഭാവത്തിലും തേജോമയം തന്നെയാകയാൽ പരമാർത്ഥജീവിതധരനായി [ 129 ] ബഹുജനസേവനമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഒരാൾക്കു് ഇത്രയും അപ്രസിദ്ധനായി ഒതുങ്ങിയനിലയിൽ ജീവിക്കുവാൻ കഴിഞ്ഞതുതന്നെ മറ്റുദേശാഭിമാനികൾക്കെല്ലാം ഇതുവരേയും ദുഷ് പ്രാപമായി കിടക്കുന്ന സിദ്ധിവിശേഷമാണു്. അതേ: എന്തിനാണു് കീർത്തി! എന്തിനാണു് ധനം! മനസ്സമാധാന സംപൂർണ്ണനായിത്തന്നെ മലബാറി ജീവിച്ചു. മനസ്സമാധാസംപൂർണ്ണനായിത്തന്നെ അദ്ദേഹം സ്വധർമ്മം നിർവഹിച്ചു. മനസ്സമാധാനസംപൂർണ്ണനായിത്തന്നെ അദ്ദേഹം ഇൗശ്വരസന്നിധിയിൽ ചെല്ലുകയും ചെയ്തു.