അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/കുംഭകർണ്ണവധം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


സോദരനേവം പറഞ്ഞതു കേട്ടതിക്രോധം
മുഴുത്തു ദശാസ്യനും ചൊല്ലിനാൻ
“ജ്ഞാനോപദേശമെനിക്കു ചെയ്‌വാനല്ല
ഞാനിന്നുണർത്തി വരുത്തി, യഥാസുഖം
നിദ്രയെ സേവിച്ചുകൊൾക, നീയെത്രയും
ബുദ്ധിമാനെന്നതുമന്നറിഞ്ഞേനഹം
വേദശാസ്ത്രങ്ങളും കേട്ടുകൊള്ളാമിനി
ഖേദമകന്നു സുഖിച്ചുവാഴുന്ന നാൾ
ആമെങ്കിലാശു ചെന്നായോധനം ചെയ്തു
രാമാദികളെ വധിച്ചു വരിക നീ”
അഗ്രജൻവാക്കുകളിത്തരം കേട്ടളവുഗ്രനാം
കുംഭകർണ്ണനൻ നടന്നീടിനാൻ
വ്യഗ്രവും കൈവിട്ടു യുദ്ധേ രഘൂത്തമൻ
നിഗ്രഹിച്ചാൽ വരും മോക്ഷമെന്നോർത്തവൻ
പ്രകാരവും കടന്നുത്തുംഗശൈലരാജാകാര
മോടലറിക്കൊണ്ടതിദ്രുതം
ആയിരംഭാരമിരുമ്പുകൊണ്ടുള്ള
തന്നായുധമായുള്ള ശൂലവും കൈക്കൊണ്ടു
വാനരസേനയിൽ പുക്കോരുനേരത്തു
വാനരവീരരെല്ലവരുമോടിനാർ
കുംഭകർണ്ണൻ‌തൻ വരവു കണ്ടാകുലാൽ
സംഭ്രമം പൂണ്ടു വിഭീഷണൻ‌തന്നോടു
“വൻപുള്ള രാക്ഷസനേവനിവൻ
പറകംബരത്തോളമുയരമുണ്ടത്ഭുതം!“
ഇത്ഥം രഘൂത്തമൻ ചോദിച്ചളവതിനുത്തരമാശു
വിഭീഷണൻ ചൊല്ലിനാൻ
“രാവണസോദരൻ കുംഭകർണ്ണൻ മമ
പൂർവജനെത്രയും ശക്തിമാൻ ബുദ്ധിമാൻ
ദേവകുലാന്തകൻ നിദ്രാവശനിവനാവതി
ല്ലാർക്കുമേറ്റാൽ ജയച്ചീടുവാൻ
തച്ചരിത്രങ്ങളെല്ലാമറിയിച്ചു ചെന്നിച്ഛ്യാ
പൂർവജൻ കാൽക്കൽ വീണീടിനാൻ
ഭ്രാതാ വിഭീഷണൻ ഞാൻ ഭവത്ഭക്തിമാൻ
പ്രീതിപൂണ്ടെന്നെയനുഗ്രഹിക്കേണമേ!
സീതയെ നൽകുക രാഘവനെന്നു
ഞാനാദരപൂർവ്വമാവോളമപേക്ഷിച്ചേൻ
ഖഡ്ഗവും കൈക്കൊണ്ടു നിഗ്രഹിച്ചീടുവാ
നുഗ്രതയോടുമടുത്തതു കണ്ടു ഞാൻ
ഭീതനായ് നാലമാതൃന്മാരുമായ് പോന്നു
സീതാപതിയെശ്ശരണമായ് പ്രാപിച്ചേൻ“
ഇത്ഥം വിഭീഷണവാക്കുകൾ കേട്ടവൻ
ചിത്തം കുളുർത്തു പുണർന്നാനനുജനെ
പിന്നെപ്പുറത്തു തലോടിപ്പറഞ്ഞിതു:
“ധന്യനല്ലോ ഭാവാനില്ല കില്ലേതുമേ
ജീവിച്ചിരിക്ക പലകാലമൂഴിയുൽ
സേവിച്ചുകൊൾക രാമപാദാംബുജം
നമ്മുടെ വംശത്തെ രക്ഷിപ്പതിന്നു നീ
നിർമ്മലൻ ഭാഗവതോത്തമനെത്രയും
നാരായണപ്രിയനെത്രയും നീയെന്നു
നാരദൻ തന്നെ പറഞ്ഞുകേട്ടേനഹം
മായാമയമിപ്രപഞ്ചമെല്ലെ,മിനിപ്പോ
യാലുമെങ്കിൽ നീ രാമപാദാന്തികേ“
എന്നതു കേട്ടഭിവാദ്യവും ചെയ്തതിഖിന്നനായ്
ബാഷ്പവും വാർത്തു വാങ്ങീടിനാൻ
രാമപാർശ്വം പ്രാപ്യ ചിന്താവിവശനായ്
ശ്രീമാൻ വിഭീഷണൻ നിൽക്കും ദശാന്തരേ
ഹസ്തപാദങ്ങളാൽ മർക്കടവീരരെ
ക്രുദ്ധനായൊക്കെ മുടിച്ചുതുടങ്ങിനാൻ
പേടിച്ചടുത്തുകൂടാഞ്ഞു കപികളുമോടി
ത്തുടങ്ങിനാർ നാനാദിഗന്തരേ
മത്തഹസ്തീന്ദ്രനെപ്പോലെ കപികളെ
പ്പത്തുന്നൂറായിരം കൊന്നാനരക്ഷണാൽ
മർക്കടരാജനതുകണ്ടൊരു മല
കൈക്കൊണ്ടെറിഞ്ഞതു മാറിൽത്തടുത്തവൻ
കുത്തിനാൻ ശൂലമെടുത്തതുകൊണ്ടതിവിത്ര
സ്തനായ്‌വീണു മോഹിച്ചിതർക്കജൻ
അപ്പോളവനെയുമൂക്കോടെടുത്തുകൊണ്ടു
ല്പന്നമോദം നടന്നു നിശാചരൻ
യുദ്ധേ ജയിച്ചു സുഗ്രീവനെയും കൊണ്ടു
നക്തഞ്ചരേശ്വരൻ ചെല്ലുന്ന നേരത്തു
നാരീജനം മഹാപ്രാസാദമേറിനിന്നാരൂഢമോദം
പനിനീരിൽ മുക്കിയ മാല്യങ്ങളും
കളഭങ്ങളും തൂകിനാരാലസ്യമാശു
തീർന്നീടുവാനാദരാൽ
മർക്കടരാജനതേറ്റു മോഹം വെടിഞ്ഞുൽ
ക്കടരോഷേണ മൂക്കും ചെവികളും
ദന്തനഖങ്ങളെക്കൊണ്ടു മുറിച്ചു
കൊണ്ടന്തരീക്ഷേ പാഞ്ഞുപോന്നാനതിദ്രുതം
ക്രോധവുമേറ്റമഭിമാനഹാനിയും
ഭീതിയുമുൾക്കൊട്നു രക്താഭിഷിക്തനായ്
പിന്നെയും വീണ്ടും വരുന്നതു കണ്ടതി
സന്നദ്ധനായടുത്തു സുമിത്രാത്മജൻ
പർവ്വതത്തിന്മേൽ മഴപൊഴിയുംവണ്ണം
ദുർവ്വാരബാണഗണം പൊഴിച്ചീടിനാൻ
പത്തുനൂറായിരം വാനരന്മാരെയും
വക്ത്രത്തിലാക്കിയടയ്ക്കുമവനുടൻ
കർണ്ണനാസാവിലത്തൂടേ പുറപ്പെടും
പിന്നെയും വാരിവിഴുങ്ങുമവൻ തദാ
രക്ഷോവരനുമന്നേരം നിരൂപിച്ചു
ലക്ഷമണൻ തന്നെയുപേക്ഷിച്ചു സത്വരം
രാഘവന്തന്നോടടുത്താനതു കണ്ടു വേഗേന
ബാണം പൊഴിച്ചു രഘൂത്തമൻ
ദക്ഷിണഹസ്തവും ശൂലവും രാഘവൻ
തൽക്ഷണേ ബാണമെയ്താശു ഖണ്ഡിക്കയായ്
യുദ്ധാങ്കണേ വീണു വാനരവൃന്ദവും
നക്തഞ്ചരന്മാരുമൊട്ടുമരിച്ചിതു
വാമഹസ്തേ മഹാസാലവും കെകൊണ്ടു
രാമനോടേറ്റമടുത്തു നിശാചരൻ
ഇന്ദ്രാസ്ത്രമെയ്തു ഖണ്ഡിച്ചാനതു വീണു
മിന്ദ്രാരികൾ പലരും മരിച്ചീടിനാർ
ബദ്ധകോപത്തോടലറിയടുത്തിതു
നക്തഞ്ചരാധിപൻ പിന്നെയുമന്നേരം
അർദ്ധചന്ദ്രാകാരമായ രണ്ടമ്പുകൊണ്ടു
ത്തുംഗപാദങ്ങളും മുറിച്ചീടിനാൻ