അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/യുദ്ധാരംഭം
വാനര സേനയും കണ്ടകമേബഹു-
മാനവും കൈക്കൊണ്ടിരിക്കും ദശാന്തരെ
യുദ്ധത്തിനായ് രജനീചരവീരരെ-
സ്സത്വരം തത്ര വരുത്തി വാഴും വിധൌ
രാവണനെക്കണ്ടു കോപിച്ചുരാഘവ-
ദേവനും സൌമിത്രിയോടു വിൽ വാങ്ങിനാൻ
പത്തുകിരീടവും കൈകളിരുപതും
വൃത്രനോടൊത്ത ശരീരവും ശൌര്യവും
പത്തു കിരീടങ്ങളും കുടയും നിമി-
ഷാർദ്ധേന ഖണ്ഡിച്ചനേരത്തു രാവണൻ
നാണിച്ചു താഴെത്തിറങ്ങി ഭയം കൊണ്ടു
ബാണത്തെ നോക്കിച്ചരിച്ചീടിനാൻ.
മുഖ്യപ്രഹസ്തപ്രമുഖപ്രവരന്മാ-
രൊക്കവേ വന്നു തൊഴുതോരനന്തരം
‘യുദ്ധമേറ്റീടുവിൻ കോട്ടയിൽപ്പുക്കട-
ച്ചത്യന്തഭീത്യാ വസിക്കയില്ലത്ര നാം.’
ഭേരീമൃദംഗഢക്കാപണവാനാക-
ദാരുണ ഗോമുഖാദ്യങ്ങൾ വാദ്യങ്ങളും
വാരണാശ്വോഷ്ട്രഖരഹരി ശാർദ്ദൂല-
സൈരിഭസ്യന്ദനമുഖ്യയാനങ്ങളിൽ
ഖഡ്ഗശൂലേഷുചാപപ്രാസാതോമര-
മുൽഗരയഷ്ടി ശക്തിച്ഛുരികാദികൾ
ഹസ്തേ ധരിച്ചുകൊണ്ടസ്തഭീത്യാ ജവം
യുദ്ധസന്നദ്ധരായുദ്ധതബുദ്ധിയോ-
ടബ്ധികളദ്രികളുർവ്വിയും തൽക്ഷണ-
മുദ്ധൂതമായിതു സത്യലോകത്തോളം
വജ്രഹസ്താശയിൽ പുക്കാൻ പ്രഹസ്തനും
വജ്രദംഷ്ട്രൻ തഥാ ദക്ഷിണദിക്കിലും
ദുശ്ച്യവനാരിയാം മേഘനാദൻ തദാ
പശ്ചിമഗോപുരദ്വാരി പുക്കീടിനാൻ.
മിത്ര വർഗ്ഗാമാത്യഭൃത്യജനത്തൊടു-
മുത്തരദ്വാരി പുക്കാൻ ദശവക്ത്രനും
നീലനും സേനയും പൂർവദിഗ്ഗോപുരേ
ബാലിതനയനും ദക്ഷിണഗോപുരേ
വായുതനയനും പശ്ചിമഗോപുരെ
മായാമനുഷ്യനാമാദിനാരായണൻ
മിത്രതനയസൌമിത്രീവിഭീഷണ-
മിത്രസംയുക്തനായുത്തരദിക്കിലും
ഇത്ഥമുറപ്പിച്ചു രാഘവരാവണ-
യുദ്ധം പ്രവൃത്തമായ് വന്നു വിചിത്രമായ്.
ആയിരം കോടിമഹാകോടികളോടു-
മായിരമർബുദമായിരം ശംഖങ്ങൾ
ആയിരം പുഷ്പങ്ങളായിരം കല്പങ്ങ-
ആയിരം ലക്ഷങ്ങളായിരം ദണ്ഡങ്ങൾ
ആയിരം ധൂളികളായിരമായിരം
തോയാകരപ്രളയങ്ങളെന്നിങ്ങനെ
സംഖ്യകളോടു കലർന്ന കപിബലം
ലങ്കാപുരത്തെ വളഞ്ഞാലതിദ്രുതം.
പൊട്ടിച്ചടർത്ത പാഷാണങ്ങളേക്കൊണ്ടും
മുഷ്ടികൾകൊണ്ടും മുസലങ്ങളേക്കൊണ്ടും
ഉർവ്വീരുഹം കൊണ്ടും ഉർവ്വീധരം കൊണ്ടും
സർവതോ ലങ്കാപുരം തകർത്തീടിനാർ.
കോട്ടമതിലും കിടങ്ങും തകർത്തൂടൻ
കൂട്ടമിട്ടാർത്തുവിളിച്ചടുക്കുന്നേരം
വൃഷ്ടിപോലെ ശരജാലം പൊഴിക്കയും
വെട്ടുകൊണ്ടറ്റു പിളർന്നു കിടക്കയും
അസ്ത്രങ്ങൾ ശസ്ത്രങ്ങൾ ചക്രങ്ങൾ ശാക്തിക-
ളർദ്ധചന്ദ്രാകാരമായുള്ള പത്രികൾ
ഖഡ്ഗങ്ങൾ ശൂലങ്ങൾ കുന്തങ്ങളീട്ടികൾ
മുൽഗരപംക്തികൾ ഭിണ്ഡിപാലങ്ങളും
തോമരദണ്ഡം മുസലങ്ങൾ മുഷ്ടികൾ
ചാമീകരപ്രഭപൂണ്ട ശതഘ്നികൾ
ഉഗ്രങ്ങളായ വജ്രങ്ങളിവ കൊണ്ടു
നിഗ്രഹിച്ചീടിനാർ നക്തഞ്ചരേന്ദ്രരും.
ആർത്തി മുഴുത്തു ദശാസ്യനവസ്ഥകൾ
പേർത്തുമറിവതിനായയച്ചീടിനാൻ
ശാർദ്ദൂലനാദിയാം രാത്രിഞ്ചരന്മാരെ
രാത്രിയിൽ ചെന്നാലവരും കപികളായ്.
മർക്കടെന്ദ്രന്മാരറിഞ്ഞു പിടിച്ചടി-
ച്ചുൽക്കടരോഷേണ കൊൽവാൻ തുടങ്ങുമ്പോൾ
ആർത്തനാദം കേട്ടുരാഘവനും കരു-
ണാർദ്രബുദ്ധ്യാ കൊടുത്താനഭയം ദ്രുതം.
ചെന്നവരും ശുകസാരണരെപ്പോലെ
ചൊന്നതു കേട്ടു വിഷാദേണ രാവണൻ
മന്ത്രിച്ചുടൻ വിദ്യുജ്ജിഹ്വനുമായ് ദശ-
കന്ധരൻ മൈഥിലി വാഴുമിടം പുക്കാൻ.
രാമശിരസ്സും ധനുസ്സുമിതെന്നുടൻ
വാമാക്ഷിമുന്നിലാമ്മാറൂ വച്ചീടിനാൻ
ആയോധനേ കൊന്നു കൊണ്ടുപോന്നേനെന്നു
മായയാ നിർമ്മിച്ചു വച്ചതുകണ്ടപ്പോൾ
സത്യമെന്നോർത്തു വിലാപിച്ചു മോഹിച്ചു
മുഗ്ദ്ധാംഗി വീണുകിടക്കും ദശാന്തരേ
വന്നൊരു ദൂതൻ വിരവൊടു രാവണൻ-
തന്നേയും കൊണ്ടുപോന്നീടിനാനന്നേരം
വൈദേഹി തന്നോടു ചൊന്നാൾ സരമയും:
‘ഖേദമശേഷമകലെക്കളക നീ
എല്ലാം ചതിയെന്നു തേറീടിതൊക്കവേ
നല്ലവണ്ണം വരും നാലുനാളുള്ളിലി-
ങ്ങില്ലൊരു സംശയം കല്ല്യാണദേവതേ!
വല്ലഭൻ കൊല്ലും ദശാസ്യനെ നിർണ്ണയം.’
ഇത്ഥം സരമാസരസവാക്യം കേട്ടു
ചിത്തം തെളിഞ്ഞിരുന്നീടിനാൻ സീതയും.
മംഗലദേവതാവല്ലഭാജ്ഞാവശാ-
ലംഗദൻ രാവണൻ തന്നോടൂ ചൊല്ലിനാൻ:
‘ഒന്നുകിൽ സീതയെ കൊണ്ടുവന്നെന്നുടെ
മുന്നിലാമ്മാറൂവച്ചീടുക വൈകാതെ.
യുദ്ധത്തിനാശൂപുറപ്പെടുകല്ലായ്കി-
ലത്തൽ പൂണ്ടുള്ളിലടച്ചങ്ങിരിക്കിലും
രാക്ഷസസേനയും ലങ്കാനഗരവും
രാക്ഷസരാജനാം നിന്നോടു കൂടവേ
സംഹരിച്ചീടുവാൻ ബാണമെയ്തെന്നുള്ള
സിംഹനാദം കേട്ടതില്ലയൊ രാവണ!
ജ്യാനാത ഘോഷവും കേട്ടതില്ലെ ഭവാൻ?
നാണം നിനക്കേതുമില്ലയോ മാനസേ?’
ഇത്ഥമധിക്ഷേപവാക്കുകൾ കേട്ടതി-
ക്രുദ്ധനായോരു രാത്രീഞ്ചരവീരനും
വൃത്രാരിപുത്രതനയനെക്കൊൾകെന്നു
നക്തഞ്ചരാധിപന്മാരോടു ചൊല്ലിനാൻ.
ചെന്നു പിടിച്ചാർ നിശാചര വീരരും
കൊന്നു ചുഴറ്റിയെറിഞ്ഞാൻ കപീന്ദ്രനും
പിന്നെയപ്രാസാദവും തകർത്തീടിനാ-
നൊന്നു കുതിച്ചങ്ങുയർന്നു വേഗേന പോയ്
മന്നവൻ തന്നെത്തൊഴുതു വൃത്താന്തങ്ങ-
ളൊന്നൊഴിയാതെയുണർത്തിനാനംഗദൻ
പിന്നെസ്സുഷേണൻ കുമുദൻ നളൻ ഗജൻ
ധന്യൻ ഗവയൻ ഗവാക്ഷൻ മരുത്സുതൻ
എന്നിവരാദിയാം വാനരവീരന്മാർ
ചെന്നു ചുഴന്നു കിടങ്ങും നിരത്തിനാർ.
കല്ലും മലയും മരവും ധരിച്ചാശു
നില്ലു നില്ലെന്നു പറഞ്ഞടുക്കുന്നേരം
ബാണചാപങ്ങളും വാളും പരിചയും
പ്രാണഭയം വരും വെണ്മഴു കുന്തവും
ദണ്ഡങ്ങളും മുസലങ്ങൾ ഗദകളും
ഭിണ്ഡിപാലങ്ങളും മുൽഗരജാലവും
ചക്രങ്ങളും പരിഘങ്ങളുമീട്ടികൾ
സുക്രചകങ്ങളും മറ്റുമിത്രാദികൾ
ആയുദ്ധമെല്ലാമെടൂത്തു പിടിച്ചുകൊ-
ണ്ടായോധനത്തിന്നടുത്താരരക്കരും.
വാരണനാദവും വാജികൾ നാദവും
രാക്ഷസരാർക്കയും സിംഹനാദങ്ങളും
രൂക്ഷതയേറൂം കപികൾനിനാദവും
തിങ്ങി മുഴങ്ങിപ്പുഴങ്ങി പ്രപഞ്ചവു-
മെങ്ങുമിടതൂർന്നു മാറ്റൊലിക്കൊണ്ടു തേ
ജംഭാരിമുമ്പാം നിലിമ്പരും കിന്നര-
കിം പുരുഷോരഗഗുഹ്യക സംഘവും
ഗർന്ധർവ്വസിദ്ധവിദ്യാധരചാരണാ-
ദ്യരീക്ഷാന്തരേ സഞ്ചരിക്കും ജനം
നാരദാദികളായ മുനികളും
ഘോരമായുള്ള ദു:ഖം കണ്ടു കൊള്ളുവാൻ
നാരികളോടൂം വിമാനയാനങ്ങളി-
ലരുഹ്യ പുഷ്കരാന്തേ നിറഞ്ഞീടിനാർ.
തുംഗനാമിന്ദ്രജിത്തേറ്റാനതുനേര-
മംഗദൻ തന്നോടതിന്നു കപീന്ദ്രനും
സുതനെക്കൊന്നു തേരും തകർത്താൻ മേഘ-
നാദനും മറ്റൊരു തേരിലേറീടിനാൻ.
മാരുതി തന്നെ വേൽകൊണ്ടു ചാട്ടീടിനാൻ
ധീരനാകും ജംബുമാലി നിശാചരൻ
സാരഥി തന്നോടു കൂടവേ മാരുതി
തേരും തകർത്തവനെക്കൊന്നലറിനാൻ.
മിത്രതനയൻ പ്രഹസ്തനോടേറ്റിതു
മിത്രാരിയോടു വിഭീക്ഷണവീരനും
നീലൻ നികുംഭനോടേറ്റാൻ തപനനെ-
കാലപുരത്തിന്നയച്ചാൻ മഹാഗജൻ.
ലക്ഷ്മണനേറ്റാൻ വിരൂപാക്ഷനോടഥ
ലക്ഷ്മീപതിയാം രഘുത്തമൻ തന്നോടു
രക്ഷധ്വജാഗ്നിധ്വജാദികൾ പത്തുപേർ
തൽക്ഷണേ പോർചെയ്തു പുക്കാർ സുരാലയം.
വാനരന്മാർക്കു ജയം വന്നിതന്നേരം
ഭാനുവും വാരിധിതന്നിൽ വീണീടിനാൻ.
ഇന്ദ്രാത്മജാത്മജനോടേറ്റു തോറ്റു പോ-
യിന്ദ്രജിത്തംബരാന്തേ മറഞ്ഞീടിനാൻ
നാഗസ്ത്രമെയ്തു മോഹിപ്പിച്ചിതു ബത
രാഘവന്മാരേയും വാനരന്മാരെയും
വന്ന കപികളെയും നരന്മാരെയു-
മൊന്നൊഴിയാതെ ജയിച്ചേനിതെന്നവൻ
വെന്നിപ്പെരുമ്പറ കൊട്ടിച്ചു മേളീച്ചു
ചെന്നു ലങ്കാപുരം തന്നിൽ മേവീടിനാൻ.
താപസവൃന്ദവും ദേവസമൂഹവും
താപം കലർന്നു വിഭീഷണവീരനും
ഹാ! ഹാ! വിഷാദേന ദു:ഖവിഷണ്ണരായ്
മോഹിതന്മാരായ് മരുവും ദശാന്തരേ
സപ്തദീപങ്ങളും സപ്താർണ്ണവങ്ങളും
സപ്താചലങ്ങളുമുൾക്ഷോഭമാം വണ്ണം
സപ്താശ്വകോടിതേജോമയനായ് സുവർ-
ണ്ണാദ്രിപോലേ പവനാശനനാശനൻ
അബ്ധിതോയം ദ്വിധാ ഭിത്വാ സ്വപക്ഷയു-
ഗ്മോദ്ധൂതലോകത്രയത്തോടതിദ്രുതം
നാഗാരി രാമപാദം വണങ്ങീടിനാൻ
നാഗാസ്ത്രബന്ധനം തീർന്നിതു തൽക്ഷണേ.
ശാഖാ മൃഗങ്ങളുമസ്ത്രനിർമ്മുക്തരായ്
ശോകവും തീർന്നു തെളിഞ്ഞു വിളങ്ങിനാർ
ഭക്തപ്രിയൻ മുദാപക്ഷിപ്രവരനെ
ബദ്ധസമ്മോദമനുഗ്രഹം നൽകിനാൻ.
കൂപ്പിത്തൊഴുതനുവാദവും കൈക്കൊണ്ടു
മേൽപ്പോട്ടു പോയ് മറഞ്ഞീടിനാൻ താർക്ഷ്യനും
മുന്നേതിലും ബലവീര്യവേഗങ്ങൾ പൂ-
ണ്ടുന്നതന്മാരാം കപിവരന്മാരെല്ലാം
മന്നവൻ തൻ നിയോഗേന മരങ്ങളും
കുന്നും മലയുമെടുത്തെറിഞ്ഞീടിനാർ.
വന്നശത്രുക്കളെക്കൊന്നു മമാത്മജൻ
മന്ദിരം പുക്കിരിക്കുന്നതിൽ മുന്നമേ
വന്നാരവരുമിങ്ങെന്തൊരു വിസ്മയം
നന്നുനന്നെത്രയുമെന്നേ പറയാവൂ.
ചെന്നറിഞ്ഞീടുവിനെന്തൊരു ഘോഷമി’-
തെന്നു ദശാനനൻ ചെന്നോരനന്തരം
ചെന്നു ദൂതന്മാരറിഞ്ഞു ദശാനനൻ
തന്നോടു ചൊല്ലിനാർ വൃത്താന്തമൊക്കവേ.
‘വീര്യബലവേഗവിക്രമം കൈക്കൊണ്ടു
സൂര്യാത്മജാദികളായ കപികുലം
ഹസ്തങ്ങൾതോറുമലാതവും കൈക്കൊണ്ടു
ഭിത്തിതന്നുത്തമാംഗത്തിന്മേൽ നിലുന്നോർ
നാണമുണ്ടെങ്കിൽ പുറത്തു പുറപ്പെടു-
കാണുങ്ങളെങ്കിലെന്നാർത്തു പറകയും
കേട്ടതില്ലെ ഭവാ’നെന്നവർ ചൊന്നതു
കേട്ടു ദശാസ്യനും കോപേന ചൊല്ലിനാൻ:
‘മാനവന്മാരെയുമേറെ മദമുള്ള
വാനരന്മാരെയും കൊന്നൊടുക്കീടുവാൻ
പോകധൂമ്രാക്ഷൻ പടയോടു കൂടവേ
വേഗേന യുദ്ധം ജയിച്ചു വരിക നീ’
ഇത്ഥമനുഗ്രഹം ചെയ്തയച്ചാനതി-
ക്രുദ്ധനാം ധൂമ്രാക്ഷനും നടന്നീടിനാൻ.
ഉച്ക്ജൈസ്തരമായ വാദ്യഘോഷത്തോടും
പശ്ചിമഗോപുരത്തൂടെ പുറപ്പെട്ടാൻ
മാരുതിയോടെതിർത്താനവനും ചെന്നു
ദാരുണമായിതു യുദ്ധവുമെത്രയും.
ബലസിവന്മഴു കുന്തം ശരാസനം
ശൂലം മുസലം പരിഘഗദാദികൾ
കൈക്കൊണ്ടു വാരണവാജിരഥങ്ങളി-
ലുൾക്കരുത്തോടേറി രാക്ഷസവീരരും
കല്ലും മരവും മലയുമായ് പർവ്വത-
തുല്യശരീരികളായ കപികളും
തങ്ങളിലേറ്റു പൊരുതു മരിച്ചിതൊ-
ട്ടങ്ങുമിങ്ങും മഹാവീരരായുള്ളവർ.
ചോരയുമാറായൊഴുകീ പലവഴി
ശൂരപ്രവരനാം മാരുതി തൽക്ഷണേ
ഉന്നതമായൊരു കുന്നിൻ കൊടുമുടി-
തന്നെയടർത്തെടിത്തൊന്നെറിഞ്ഞീടിനാൻ.
തേരിൽ നിന്നാശു ഗദയുമെടുത്തുടൻ-
പാരിലാമ്മാറു ധൂമ്രാക്ഷനും ചാടിനാൻ
തേരും കുതിരകളും പൊടിയായിതു
മാരുതിക്കുള്ളിൽ വർദ്ധിച്ചിതു കോപവും
രാത്രിഞ്ചരരെയൊടുക്കിത്തുടങ്ങിനാ-
നാർത്തി മുഴുത്തതു കണ്ടു ധൂമ്രാക്ഷനും
മാരുതിയെഗ്ഗദകൊണ്ടടിച്ചീടിനാൻ
ധീരതയോ,ടതിനാകുലമെന്നിയേ
പാരം വളർന്നൊരുകോപവിവശനായ്
മാരുതി രണ്ടാമതൊന്നറിഞ്ഞീടിനാൻ
ധൂമ്രാക്ഷനേറുകൊണ്ടുമ്പർപുരത്തിങ്ക-
ലാമ്മാറൂ ചെന്നു സുഖിച്ചു വാണീടിനാൻ.
ശേഷിച്ച രാക്ഷസർ കോട്ടയിൽ പുക്കിതു
ഘോഷിച്ചിതംഗനമാർ വിലാപങ്ങളും.
വൃത്താന്തമാഹന്ത! കേട്ടു ദശാസ്യനും
ചിത്തതാപത്തോടു പിന്നെയും ചൊല്ലിനാൻ:
‘വജ്രഹസ്താരി പ്രബലൻ മഹാബലൻ
വജ്രദംഷ്ട്രൻ തന്നെ പോക യുദ്ധത്തിനായ്
മാനുഷവാനരന്മാരെ ജയിച്ചഭി-
മാനകീർത്ത്യാ വരികെ’ന്നയച്ചീടിനാൻ.
ദക്ഷിണഗോപുരത്തൂടെ പുറപ്പെട്ടു
ശക്രാത്മജാത്മജനോടെതിർത്തീടിനാൻ
ദുർന്നിമിത്തങ്ങളുണ്ടായതനാദൃത്യ
ചെന്നു കപികളോടേറ്റു മഹാബലൻ
വൃക്ഷശിലാശൈലവൃഷ്ടികൊണ്ടേറ്റവും
രക്ഷോവരന്മാർ മരിച്ചു മഹാരണേ.
ഖഡ്ഗശസ്ത്രാസ്ത്രശക്ത്യാദികളേറ്റേറ്റു
മർക്കടന്മാരും മരിച്ചാരസംഖ്യമായ്,
പത്തംഗയുക്തമായുള്ള പെരുമ്പട
നക്തഞ്ചരന്മാർക്കു നഷ്ടമായ് വന്നിതു
രക്തനദികളൊലിച്ചു പലവഴി
നൃത്തം തുടങ്ങി കബന്ധങ്ങളും ബലാൽ
താരേയനും വജ്രദംഷ്ട്രനും തങ്ങളിൽ
ഘോരമായേറ്റം പിണങ്ങിനിൽക്കും വിധൌ
വാളും പറീച്ചുടൻ വജ്രദംഷ്ട്രൻ ഗള-
നാദം മുറിച്ചെറിഞ്ഞീടിനാനംഗദൻ.
അക്കഥകേട്ടാശു നക്തഞ്ചരാധിപൻ
ഉൾക്കരുത്തേറുമകമ്പനൻ തന്നെയും
വൻപടയോടുമയച്ചാനതു നേരം
കമ്പമുണ്ടായിതു മേദിനിക്കന്നേരം
ദുശ്ച്യവനാരിപ്രവനകമ്പനൻ
പശ്ചിമഗോപുരത്തൂടേ പുറപ്പെട്ടാൻ.
വായു തനയനോടേറ്റവനും നിജ-
കായം വെടിഞ്ഞു കാലാലയം മേവിനാൻ.
മാരുതിയെ സ്തുതിച്ചു മാലോകരും
പാരം ഭയം പെരുത്തു ദശകണ്ഠനും
സഞ്ചരിച്ചാൻ നിജ രാക്ഷസസേനയിൽ
പഞ്ചദ്വയാസ്യനും കണ്ടാനതുനേരം
രാമേശ്വരത്തോടു സേതുവിന്മേലുമാ-
രാമദേശാന്തം സുബേലാചലോപരി
വാനരസേന പരന്നതും കൊട്ടക-
ലൂനമായ് വന്നതും കണ്ടോരനന്തരം
‘ക്ഷിപ്രം പ്രഹസ്തനെക്കൊണ്ടുവരികെ’ന്നു
കല്പിച്ചനേരമവൻ വന്നു കൂപ്പിനാൻ
‘നീയറിഞ്ഞീലയോ വൃത്താന്തമൊക്കവേ
നാകയകന്മാർ പടക്കാരുമില്ലായ്കയോ?
ചെല്ലുന്ന ചെല്ലുന്ന രാക്ഷസവീരരെ-
ക്കൊല്ലുന്നതും കണ്ടീങ്ങിരിക്കയില്ലിങ്ങു നാം.
ഞാനോ ഭവാനോ കനിഷ്ഠനോ പോർ ചെയ്തു
മാനുഷവാനരന്മാരെയൊടുക്കുവാൻ
പോകുന്നതാരെന്നു ചൊൽ’കെന്നു കേട്ടവൻ
‘പോകുന്നതിന്നു ഞാ’നെന്നു കൈകൂപ്പിനാൻ
തന്നുടെ മന്ത്രികൾ നാലുപേരുള്ളവർ
ചെന്നു നാലംഗപ്പടയും വരുത്തിനാർ.
നാലൊന്നു ലങ്കയിലുള്ള പടയ്ക്കെല്ലാ-
മാലംബനാം പ്രഹസ്തൻ മഹാരഥൻ.
കുംഭഹനും മഹാനാദനും ദുർമ്മുഖൻ
ജംഭാരി വൈരിയാം വീരൻ സമുന്നതൻ
ഇങ്ങനെയുള്ളൊരു മന്ത്രികൾ നാല്വരും
തിങ്ങിന വൻപടയോടും നടന്നിതു.
ദുർന്നിമിത്തങ്ങളുണ്ടായിതു കണ്ടവൻ-
തന്നകതാരിലുറച്ചു സന്നദ്ധനായ്
പൂർവപുരദ്വാരദേശേപുറപ്പെട്ടു
പാവകപുത്രനോടേറ്റോരനന്തരം
മർക്കടന്മാർ ശിലാവൃക്ഷാചലം കൊണ്ടു
രക്ഷോഗണത്തെയൊതുക്കിത്തുടങ്ങിനാർ
ചക്രഖഡ്ഗപ്രാസ ശക്തിശസ്ത്രാസ്ത്രങ്ങൾ
മർക്കടന്മാർക്കേറ്റൊക്കെമരിക്കുന്നു.
ഹസ്തിവരന്മാരുമശ്വങ്ങളും ചത്തു
രക്തംനദികളായൊക്കെയൊലിക്കുന്നു.
അംഭോജസംഭവനന്ദനൻ ജാംബവാൻ
കുംഭഹനുവിനേയും ദുർമ്മുഖനേയും
കൊന്നുമഹാനാദനേയും സമുന്നതൻ-
തന്നെയും പിന്നെ പ്രഹസ്തൻ മഹാരഥൻ
നീലനോടേറ്റുടൻ ദ്വന്ദയുദ്ധം ചെയ്തു
കാലപുരിപുക്കിരുന്നരുളീടിനാൻ.
സേനാപതിയും പടയും മരിച്ചതു
മാനിയാം രാവണൻ കേട്ടു കോപാന്ധനായ്.