അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/യുദ്ധയാത്ര
അഞ്ജനാനന്ദനൻ വാക്കുകൾകേട്ടഥ
സഞ്ജാതകൌതുകം സംഭാവ്യ സാദരം
അഞ്ജസാ സുഗ്രീവനോടരുൾചെയ്തിതു
കഞ്ജവിലോചനനാകിയ രാഘവൻ:
‘ഇപ്പോൾവിജയമുഹൂർത്തകാലം പട-
യ്ക്കുൽപ്പന്നമോദം പുറപ്പെടുകേവരും.
നക്ഷത്രമുത്രമതും വിജയപ്രദം
രക്ഷോജനർക്ഷമാം മൂലം ഹതിപ്രദം
ദക്ഷിണനേത്രസ്ഫുരണവുമുണ്ടു മേ
ലക്ഷണമെല്ലാം നമുക്കു ജയപ്രദം
സൈന്യമെല്ലാം പരിപാലിച്ചു കൊള്ളണം
സൈന്യാധിപനായ നീലൻമഹാബലൻ
മുമ്പും നടുഭാഗവുമിരുഭാഗവും
പിൻപടയും പരിപാലിച്ചുകൊള്ളുവാൻ
വമ്പരാം വാനരന്മാരെ നിയോഗിക്ക
രംഭപ്രമാഥിപ്രമുഖരായുള്ളവർ
മുൻപിൽഞാൻമാരുതികണ്ഠവുമേറി മൽ
പിമ്പേ സുമിത്രാത്മജനംഗദോപരി
സുഗ്രീവനെന്നെപ്പിരിയാതരികവേ
നിർഗ്ഗമിച്ചീടുക മറ്റുള്ള വീരരും
നീലൻഗജൻഗവയൻഗവാക്ഷൻബലി
ശൂലിസമാനനാം മൈന്ദൻവിവിദനും
പങ്കജസംഭവസൂനു സുഷേണനും
തുംഗൻനളനും ശതബലി താരനും
ചൊല്ലുള്ള വാനരനായകന്മാരോടു
ചൊല്ലുവാനാവതല്ലാതൊരു സൈന്യവും
കൂടിപ്പുറപ്പെടുകേതുമേ വൈകരു-
താടലുണ്ടാകരുതാർക്കും വഴിക്കെടോ!’
ഇത്ഥമരുൾചെയ്തു മർക്കടസൈനിക-
മദ്ധ്യേ സഹോദരനോടും രഘുപതി
നക്ഷത്രമണ്ഡലമദ്ധ്യേ വിളങ്ങുന്ന
നക്ഷത്രനാഥനും ഭാസ്കരദേവനും
ആകാശമാർഗ്ഗേ വിളങ്ങുന്നതുപോലെ
ലോകനാഥന്മാർതെളിഞ്ഞു വിളങ്ങിനാർ.
ആർത്തു വിളിച്ചു കളിച്ചു പുളച്ചു ലോ-
കാർത്തി തീർത്തീടുവാൻമർക്കടസഞ്ചയം
രാത്രിഞ്ചരേശ്വരരാജ്യം പ്രതി പര-
മാസ്ഥയാ വേഗാൽനടന്നുതുടങ്ങിനാർ.
രാത്രിയിലൊക്കെ നിറഞ്ഞു പരന്നൊരു
വാർദ്ധി നടന്നങ്ങടുക്കുന്നതുപോലെ
ചാടിയുമോടിയുമോരോ വനങ്ങളിൽ
തേടിയും പക്വഫലങ്ങൾഭുജിക്കയും
ശൈലവനനദീജാലങ്ങൾപിന്നിട്ടു
ശൈലശരീരികളായ കപികുലം
ദക്ഷിണസിന്ധുതന്നുത്തരതീരവും
പുക്കു മഹേന്ദ്രാചലാന്തികേ മേവിനാർ
മാരുതിതന്നുടെ കണ്ഠ്ദേശേനിന്നു
പാരിലിറങ്ങി രഘുകുലനാഥനും
താരേയകണ്ഠമമർന്ന സൌമിത്രിയും
പാരിലിഴിഞ്ഞു വണങ്ങിനാനഗ്രജം
ശ്രീരാമലക്ഷ്മണന്മാരും കപീന്ദ്രരും
വാരിധി തീരം പ്രവേശിച്ചനന്തരം
സൂര്യനും വാരിധിതന്നുടെ പശ്ചിമ-
തീരം പ്രവേശിച്ചതപ്പോൾനൃപാധിപൻ
സൂര്യാത്മജനോടരുൾചെയ്തിതാശു ‘നാം
വാരിയുമുത്തു സന്ധ്യാവന്ദനംചെയ്തു
വാരാന്നിധിയെക്കടപ്പാനുപായവും
ധീരരായുള്ളവരൊന്നിച്ചു മന്ത്രിച്ചു
പാരാതെ കല്പിക്കവേണമിനിയുടൻ
വാനരസൈന്യത്തെ രക്ഷിച്ചുകൊള്ളണം
സേനാധിപന്മാർകൃശാനുപുത്രാദികൾ
രാത്രിയിൽമായാവിശാരദന്മാരായ
രാത്രിഞ്ചരന്മാരുപദ്രവിച്ചീടുവോർ‘
ഏവമരുൾചെയ്തു സന്ധ്യയും വന്ദിച്ചു
മേവിനാൻപർവതാഗ്രേ രഘുനാഥനും
വാനരവൃന്ദം മകരാലയം കണ്ടു
മാനസേ ഭീതി കലർന്നു മരുവിനാർ
നക്രചക്രൌഘ ഭയങ്കരമെത്രയു-
മുഗ്രം വരുണാലയം ഭീമനിസ്വനം
അത്യുന്നതതരംഗാഢ്യമഗാധമി-
തുത്തരണം ചെയ്‌വതിന്നരിതാർക്കുമേ
ഇങ്ങനെയുള്ള സമുദ്രം കടന്നു ചെ-
ന്നെങ്ങനെ രാവണൻതന്നെ വധിക്കുന്നു?
ചിന്താപരവശന്മാരായ് കപികളു-
മന്ധബുദ്ധ്യാ രാമപാർശ്വേ മരുവിനാർ
ചന്ദ്രനുമപ്പോഴുദിച്ചു പൊങ്ങീടിനാൻ
ചന്ദ്രമുഖിയെ നിരൂപിച്ചു രാമനും
ദു:ഖം കലർന്നു വിലാപം തുടങ്ങിനാ-
നൊക്കെ ലോകത്തെയനുകരിച്ചീടുവാൻ
ദു:ഖഹർഷഭയക്രോധലോഭാദികൾ
സൌഖ്യമദമോഹകാമജന്മാദികൾ
അജ്ഞാനലിംഗത്തിനുള്ളവയെങ്ങനെ
സുജ്ഞാനരൂപനായുള്ള ചിദാത്മനി
സംഭവിക്കുന്നു വിചാരിച്ചു കാൺകിലോ
സംഭവിക്കുന്നിതു ദേഹാഭിമാനിനാം
കിം പരമാത്മനി സൌഖ്യദു:ഖാദികൾ
സമ്പ്രസാദത്തിങ്കലില്ല രണ്ടേതുമേ
സമ്പ്രതി നിത്യമാനന്ദമാത്രം പരം
ദു:ഖാദിസർവ്വവും ബുദ്ധിസംഭൂതങ്ങൾ
മുഖ്യനാം രാമൻപരാത്മാ പരംപുമാൻ
മായാഗുണങ്ങളിൽസംഗതനാകയാൽ
മായവിമോഹിതന്മാർക്കു തോന്നും വൃഥാ.
ദു:ഖിയെന്നും സുഖിയെന്നുമെല്ലാമതു-
മൊക്കെയോർത്താലബുധന്മാരുടെ മതം.