അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/വിഭീഷണന്റെ ശരണപ്രാപ്തി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


രാവണൻ‌തൻനിയോഗേന വിഭീഷണൻ
ദേവദേവേശപാദാബ്ജസേവാർത്ഥമായ്
ശോകം വിനാ നാലമാത്യരുമായുട-
നാകാശമാർഗ്ഗേ ഗമിച്ചാനതിദ്രുതം
ശ്രീരാമദേവനിരുന്നരുളുന്നതിൻ
നേരേ മുകളിൽ‌നിന്നുച്ചൈസ്തരമവൻ
വ്യക്തവർണ്ണേനചൊല്ലീടിനാനെത്രയും
ഭക്തിവിനയവിശുദ്ധമതിസ്ഫുടം:
‘രാമ! രമാരമണ! ത്രിലോകീപതേ!
സ്വാമിൻജയ ജയ! നാഥ! ജയ ജയ!
രാജീവനേത്ര! മുകുന്ദ! ജയ ജയ!
രാജശിഖാമണേ! സീതാപതേ! ജയ!
രാവണൻ‌തന്നുടെ സോദരൻഞാൻതവ
സേവാർത്ഥമായ് വിടകൊണ്ടേൻദയാനിധേ!
ആമ്നായമൂർത്തേ! രഘുപതേ! ശ്രീപതേ!
നാമ്നാ വിഭീഷണൻത്വൽ‌ഭക്തസേവകൻ
‘ദേവിയെക്കട്ടതനുചിതം നീ’യെന്നു
രാവണനോടു ഞാൻനല്ലതു ചൊല്ലിയേൻ.
ദേവിയെ ശ്രീരാമനായ്കൊണ്ടു നൽകുകെ-
ന്നാവോലമേറ്റം പറഞ്ഞേൻപലതരം
വിജ്ഞാനമാർഗ്ഗമെല്ലാമുപദേശിച്ച-
തജ്ഞാനിയാകയാലേറ്റതില്ലേതുമേ.
പഥ്യമായുള്ളതു ചൊല്ലിയതേറ്റമ-
പഥ്യമായ് വന്നിതവന്നു വിധിവശാൽ.
വാളുമായെന്നെ വധിപ്പാനടുത്തിതു
കാളഭുജംഗവേഗേന ലങ്കേശ്വരൻ
മൃത്യുഭയത്താലടിയനുമെത്രയും
ചിത്താകുലതയാ പാഞ്ഞുപാഞ്ഞിങ്ങിഹ
നാലമാത്യന്മാരുമായ് വിടകൊണ്ടേനൊ-
രാലംബനം മറ്റെനിക്കില്ല ദൈവമേ!
ജന്മമരണമോക്ഷാർത്ഥം ഭവച്ചര-
ണാംബുജം മേ ശരണം കരുണാംബുധേ!’
ഇത്ഥം വിഭീഷണവാക്യങ്ങൾകേട്ടള-
വുത്ഥായ സുഗ്രീവനും പറഞ്ഞീടിനാൻ:
‘വിശ്വേശ! രാക്ഷസൻമായാവിയെത്രയും
വിശ്വാസയോഗ്യനല്ലെന്നതു നിർണ്ണയം.
പിന്നെ വിശേഷിച്ചു രാവണരാക്ഷസൻ
തന്നുടെ സോദരൻവിക്രമമുള്ളവൻ
ആയുധപാണിയായ് വന്നാനമാത്യരും
മായാവിശാരദന്മാരെന്നു നിർണ്ണയം.
ഛിദ്രം കുറഞ്ഞൊന്നു കാൺകിലും നമ്മുടെ
നിദ്രയിലെങ്കിലും നിഗ്രഹിച്ചീടുമേ.
ചിന്തിച്ചുടൻനിയോഗിക്ക കപികളെ
ഹന്തവ്യനിന്നിവനില്ലൊരു സംശയം.
ശത്രുപക്ഷത്തിങ്കലുള്ള ജനങ്ങളെ
മിത്രമെന്നോർത്തുടൻവിശ്വസിക്കുന്നതിൽ
ശത്രുക്കളെത്തന്നെ വിശ്വസിച്ചീടുന്ന-
തുത്തമമാകുന്നതെന്നതോർക്കേണമേ.
ചിന്തിച്ചു കണ്ടിനി നിന്തിരുവുള്ളത്തി-
ലെന്തെന്നഭിമതമെന്നരുൾചെയ്യണം‘
മറ്റുള്ള വാനരവീരരും ചിന്തിച്ചു
കുറ്റംവരായ്‌വാൻപറഞ്ഞാർപലതരം
അന്നേരമുത്ഥായ വന്ദിച്ചു മാരുതി
ചൊന്നാൻ‘വിഭീഷണനുത്തമനെത്രയും
വന്നു ശരണം ഗമിച്ചവൻതന്നെ നാം
നന്നു രക്ഷിക്കുന്നതെന്നെന്നുടെ മതം
നക്തഞ്ചരാന്വയത്തിങ്കൽജനിച്ചവർ
ശത്രുക്കളേവരുമെന്നു വന്നീടുമോ?
നല്ലവരുണ്ടാമവരിലുമെന്നുള്ള-
തെല്ലാവരും നിരൂപിച്ചുകൊള്ളേണമേ!
ജാതിനാമാദികൾക്കല്ല ഗുണഗണ-
ഭേദമെന്നത്രേ ബുധന്മാരുടെ മതം
ശാശ്വതമായുള്ള ധർമ്മം നൃപതികൾ
ക്കാശ്രിതരക്ഷണമെന്നു ശാസ്ത്രോക്തിയും.’
ഇത്ഥം പലരും പലവിധം ചൊന്നവ
ചിത്തേ ധരിച്ചരുൾചെയ്തു രഘുപതി:
‘മാരുതി ചൊന്നതുപപന്നമെത്രയും
വീര! വിഭാകരപുത്ര! വരികെടോ
ഞാൻപറയുന്നതു കേൾപ്പിനെല്ലാവരും
ജാംബവദാദി നീതിജ്ഞവരന്മാരേ!
ഉർവ്വീശനായാലവനാശ്രിതന്മാരെ
സർവ്വശോ രക്ഷേച്ഛുനശ്ശ്വപചാനപി
രക്ഷിയാഞ്ഞാലവൻബ്രഹ്മഹാ കേവലം
രക്ഷിതാവശ്വമേധം ചെയ്ത പുണ്യവാൻ
എന്നു ചൊല്ലുന്നിതു വേദശാസ്ത്രങ്ങളിൽ
പുണ്യപാപങ്ങളറിയരുതേതുമേ
മുന്നമൊരു കപോതം നിജ പേടയോ-
ടൊന്നിച്ചൊരു വനം‌തന്നിൽമേവീടിനാൻ.
ഉന്നതമായൊരു പാദപാഗ്രേ തദാ
ചെന്നൊരു കാട്ടാളനെയ്തു കൊന്നീടിനാൻ
തന്നുടെ പക്ഷിണിയെസ്സുരതാന്തരേ
വന്നൊരു ദു:ഖം പൊറാഞ്ഞു കരഞ്ഞവൻ
തന്നെ മറന്നിരുന്നീടും ദശാന്തരേ
വന്നിതു കാ‍റ്റും മഴയും, ദിനേശനും
ചെന്നു ചരമാബ്ധിതന്നിൽമറഞ്ഞിതു,
ഖിന്നനായ്‌വന്നു വിശന്നു കിരാതനും
താനിരിക്കുന്ന വൃക്ഷത്തിൻമുരടതിൽ
ദീനതയോടു നിൽക്കുന്ന കാട്ടാളനെ-
കണ്ടു കരുണകലർന്നു കപോതവും
കൊണ്ടുവന്നാശു കൊടുത്തിതു വഹ്നിയും
തന്നുടെ കൈയിലിരുന്ന കപോതിയെ
വഹ്നിയ്യിലിട്ടു ചുട്ടാശു തിന്നീടിനാൻ
എന്നതു കൊണ്ടു വിശപ്പടങ്ങീടാഞ്ഞു
പിന്നെയും പീഡിച്ചിരിക്കും കിരാതനു
തന്നുടെ ദേഹവും നൽകിനാനമ്പോടു
വഹ്നിയിൽവീണു കിരാതാശനാർത്ഥമായ്.
അത്രപോലും വേണമാശ്രിതരക്ഷണം
മർത്ത്യനെന്നാലോ പറയേണ്ടതില്ലല്ലോ
എന്നെശ്ശരണമെന്നോർത്തിങ്ങു വന്നവ-
നെന്നുമഭയം കൊടുക്കുമതേയുള്ളു.
പിന്നെ വിശേഷിച്ചുമൊന്നു കേട്ടീടുവി-
നെന്നെച്ചതിപ്പതിനാരുമില്ലെങ്ങുമേ.
ലോകപാലന്മാരെയും മറ്റു കാണായ
ലോകങ്ങളെയും നിമേഷമാത്രകൊണ്ടു
സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടുവാ-
നൊട്ടുമേ ദണ്ഡമെനിക്കില്ല നിശ്ചയം,
പിന്നെ ഞാനാരെബ്ഭയപ്പെടുന്നു മുദാ
വന്നീടുവാൻചൊല്ലവനെ മടിയാതെ.
വ്യഗ്രിയായ്കേതുമിതു ചൊല്ലി മാനസേ
സുഗ്രീവ! നീ ചെന്നവനെ വരുത്തുക.
എന്നെശ്ശരണംഗമിക്കുന്നവർക്കു ഞാ-
നെന്നുമഭയം കൊടുക്കുമതിദ്രുതം.
പിന്നെയവർക്കൊരു സംസാരദു:ഖവും
വന്നുകൂടാ നൂനമെന്നുമറിക നീ.
ശ്രീരാമവാക്യാമൃതം കേട്ടു വാനര-
വീരൻവിഭീഷണൻ‌തന്നെ വരുത്തിനാൻ
ശ്രീരാമപാദാന്തികേ വീണു സാഷ്ടാംഗ-
മാരൂഢമോദം നമസ്കരിച്ചീടിനാൻ.
രാമം വിശാലാക്ഷമിന്ദീവരദള-
ശ്യാമളം കോമളം ബാണധനുർദ്ധരം
സോമബിംബാഭപ്രസന്നമുഖാംബുജം
കാമദം കാമോപമം കമലാവരം
കാന്തം കരുണാകരം കമലേക്ഷണം
ശാന്തം ശരണ്യം വരേണ്യം വരപ്രദം
ലക്ഷ്മണസംയുതം സുഗ്രീവമാരുതി-
മുഖ്യകപികുലസേവിതം രാഘവം
കണ്ടുകൂപ്പിത്തൊഴുതേറ്റം വിനീതനാ-
യുണ്ടായ സന്തോഷമോടും വിഭീഷണൻ
ഭക്തപ്രിയനായ ലോകൈകനാഥനെ
ഭക്തിപരവശനായ് സ്തുതിച്ചീടിനാൻ:
‘ശ്രീരാമ! സീതാമനോഹര! രാഘവ!
ശ്രീരാമ! രാജേന്ദ്ര! രാജീവലോചന!
ശ്രീരാമരാക്ഷസവംശവിനാശന!
ശ്രീരാമപാദാംബുജേ നമസ്തേ സദാ.
ചണ്ഡാംശുഗോത്രോത്ഭവായ നമോനമ-
ശ്ചണ്ഡകോദണ്ഡധരായ നമോ നമ:
പണ്ഡിതഹൃൽ‌പുണ്ഡരീകചണ്ഡാംശവേ
ഖണ്ഡപരശുപ്രിയായ നമോ നമ:
രാമായ സുഗ്രീവമിത്രായ കാന്തായ
രാമായ നിത്യമനന്തായ ശാന്തായ
രാമായ വേദാന്തവേദ്യായ ലോകാഭി-
രാമായ രാമഭദ്രായ നമോ നമ:
വിശ്വോത്ഭവസ്ഥിതിസംഹാരഹേതവേ
വിശ്വായ വിശ്വരൂപായ നമോ നമ:
നിത്യായ സത്യായ ശുദ്ധായതേ നമ:
ഭക്തപ്രിയായ ഭഗവതേ രാമായ
മുക്തിപ്രദായ മുകുന്ദായതേ നമ:
വിശ്വേശനാം നിന്തിരുവടിതാനല്ലോ
വിശ്വോത്ഭവസ്ഥിതിസംഹാരകാരണം
സന്തതം ജംഗമാജംഗമഭൂതങ്ങ-
ളന്തർബ്ബഹിർവ്യാപ്തനാകുന്നതും ഭവാൻ.
നിന്മഹാമായയാ മൂടിക്കിടക്കുമാ-
നിർമ്മലമാം പരബ്രഹ്മമജ്ഞാനിനാം
തന്മൂലമായുള്ള പുണ്യപാപങ്ങളാൽ
ജന്മമരണങ്ങളുണ്ടായ്‌വരുന്നിതും
അത്രനാളേക്കും ജഗത്തൊക്കവേ ബലാൽ
സത്യമായ് തോന്നുമതിനില്ല സംശയം
എത്രനാളേക്കറിയാതെയിരിക്കുന്നി-
തദ്വയമാം പരബ്രഹ്മം സനാതനം
പുത്രദാരാദി വിഷയങ്ങളിലതി-
സക്തികലർന്നു രമിക്കുന്നിതന്വഹം.
ആത്മാവിനെയറിയായ്കയാൽനിർണ്ണയ-
മാത്മനി കാണേണമാത്മാനമാത്മനാ
ദു:ഖപ്രദം വിഷയേന്ദ്രിയസംയോഗ-
മൊക്കെയുമോർത്താലൊടുക്കമനാത്മനാ
ആദികാലേ സുഖമെന്നു തോന്നിക്കുമ-
തേതും വിവേകമില്ലാതവർമാനസേ.
ഇന്ദ്രാഗ്നിധർമ്മരക്ഷോവരുണാനില-
ചന്ദ്രരുദ്രാജാഹിപാദികളൊക്കെയും.
ചിന്തിക്കിലോ നിന്തിരുവടി നിർണ്ണയ-
മന്തവുമാദിയുമില്ലാത ദൈവമേ!
കാലസ്വരൂപനായീടുന്നതും ഭവാൻ
സ്ഥൂലങ്ങളിൽവച്ചതിസ്ഥൂലനും ഭവാൻ
നൂനമണുവിങ്കൽ‌നിന്നണീയാൻഭവാൻ
മാനമില്ലാത മഹത്തത്ത്വവും ഭവാൻ
സർവലോകാനാം പിതാവായതും ഭവാൻ
ദർവ്വീകരേന്ദ്രശയന! ദയാനിധേ!
ആദിമ്ദ്ധ്യാന്തവിഹീനൻപരിപൂർണ്ണ-
നാധാരഭൂതൻപ്രപഞ്ചത്തിനീശ്വരൻ
അച്യുതനവ്യയനവ്യക്തനദ്വയൻ
സച്ചിൽ‌പുരുഷൻ‌പുരുഷോത്തമൻപരൻ
നിശ്ചലൻനിർമ്മമൻനിഷ്കളൻനിർഗ്ഗുണൻ
നിശ്ചയിച്ചാർക്കുമറിഞ്ഞുകൂടാതവൻ.
നിർവികാരൻനിരാകാരൻനിരീശ്വരൻ
നിർവികല്പൻനിരൂപാശ്രയൻശാശ്വതൻ
ഷഡ്ഭാവഹീനൻപ്രകൃതി പരൻ‌പുമാൻ.
സൽഭാവയുക്തൻസനാതനൻസർവ്വഗൻ
മായാമനുഷ്യൻമനോഹരൻമാധവൻ
മായാവിഹീനൻമധുകൈടഭാന്തകൻ
ഞാനിഹ ത്വൽ‌പാദഭക്തിനിശ്രേണിയെ-
സ്സാനന്ദമാശു സമ്പ്രാപ്യ രഘുപതേ!
ജ്ഞാനയോഗാഖ്യസൌധം കരേറീടുവാൻ
മാനസേ കാമിച്ചു വന്നേൻജഗൽ‌പതേ!
സീതാപതേ! രാമ! കാരുണികോത്തമ!
യാതുധാനാന്തക! രാവണാരേ! ഹരേ!
പാദാംബുജം നമസ്തേ ഭവസാഗര-
ഭീതനാമെന്നെ രക്ഷിച്ചുകൊള്ളേണമേ!’
ഭക്തിപരവശനായ് സ്തുതിച്ചീടിന
ഭക്തനെക്കണ്ടു തെളിഞ്ഞു രഘൂത്തമൻ
ഭക്തപ്രിയൻപരമാനന്ദമുൾക്കൊണ്ടു
മുഗ്ദ്ധസ്മിതപൂർവ്വമേവമരുൾ‌ചെയ്തു:
‘ഇഷ്ടമായുള്ള വരത്തെ വരിക്ക സ-
ന്തുഷ്ടനാം ഞാൻവരദാനൈകതൽ‌പരൻ
ഒട്ടുമേ താപമൊരുത്തനെന്നെക്കണ്ടു-
കിട്ടിയാൽപിന്നെയുണ്ടാകയില്ലോർക്ക നീ.’
രാമവാക്യാമൃതം കേട്ടു വിഭീഷണ-
നാമോദമുൾക്കൊണ്ടുണർത്തിച്ചരുളിനാൻ:
‘ധന്യനായെൻകൃതകൃത്യനായേനഹം
ധന്യാകൃതേ കൃതകാമനായേനഹം
ത്വൽ‌പാദപത്മാവലോകനംകൊണ്ടു ഞാ-
നിപ്പോൾവിമുക്തനായേനില്ല സംശയം
മത്സമനായൊരു ധന്യനില്ലൂഴിയിൽ
മത്സമനായൊരു ശുദ്ധനുമില്ലഹോ!
മത്സമനായ് മറ്റൊരുവനുമില്ലിഹ
ത്വത്സ്വരൂപം മമ കാണായകാരണാൽ.
കർമ്മബന്ധങ്ങൾനശിപ്പതിനായിനി
നിർമ്മലമാം ഭവദ്ജ്ഞാനവും ഭക്തിയും
ത്വദ്ധ്യാനസൂക്ഷ്മവും ദേഹി മേ രാഘവ!
ചിത്തേ വിഷയസുഖാശയില്ലേതുമേ.
ത്വൽ‌പാദപങ്കജഭക്തിരേവാസ്തു മേ
നിത്യമിളക്കമൊഴിഞ്ഞു കൃപാനിധേ!’
ഇത്ഥമാകർണ്യ സമ്പ്രീതനാം രാഘവൻ
നക്തഞ്ചരാധിപൻ‌തന്നോടരുൾചെയ്തു:
‘നിത്യം വിഷയവിരക്തരായ് ശാന്തരായ്
ഭക്തി വളർന്നതിശുദ്ധമതികളായ്
ജ്ഞാനികളായുള്ള യോഗികൾ‌മാനസേ
ഞാനിരിപ്പൂ മമ സീതയുമായ് മുദാ.
ആകയാലെന്നെയും ധ്യാനിച്ചു സന്തതം
വാഴ്ക നീയെന്നാൽനിനക്കു മോക്ഷം വരും.
അത്രയുമല്ല നിന്നാൽകൃതമായൊരു
ഭക്തികരസ്ത്രോത്രമത്യന്തശുദ്ധനായ്
നിത്യവും ചൊൽകയും കേൾക്കയും ചെയ്കിലും
മുക്തി വരുമതിനില്ലൊരു സംശയം.’
ഇത്ഥമരുൾചെയ്തു ലക്ഷ്മണൻതന്നോടു
ഭക്തപ്രിയനരുൾചെയ്തിതു സാദരം:
‘എന്നെക്കനിവോടുകണ്ടതിന്റെ ഫല-
മിന്നു തന്നെ വരുത്തേണമതിന്നു നീ
ലങ്കാധിപനിവനെന്നഭിഷേകവും
ശങ്കാവിഹീനമൻപോടു ചെയ്തീടുക
സാഗരവാരിയും കൊണ്ടുവന്നീടുക
ശാഖാമൃഗാധിപന്മരുമായ് സത്വരം
അർക്കചന്ദ്രന്മാരുമാകാശഭൂമിയും
മൽ‌ക്കഥയും ജഗത്തിങ്കലുള്ളന്നിവൻ
വാഴ്ക ലങ്കാരാജ്യമേവം മമാജ്ഞയാ
ഭാഗവതോത്തമനായ വിഭീഷണൻ.’
പങ്കജനേത്രവാക്യം കേട്ടു ലക്ഷ്മണൻ
ലങ്കാപുരാധിപത്യാർത്ഥമഭിഷേക-
മൻ‌പോടു വാദ്യഘോഷേണ ചെയ്തീടിനാൻ.
വമ്പരാം വാനരാധീശ്വരന്മാരുമായ്
സാധുവാദേന മുഴങ്ങി ജഗത്ത്രയം
സാധുജനങ്ങളും പ്രീതിപൂണ്ടീടിനാർ.
ആദിതേയോത്തമന്മാർപുഷ്പവൃഷ്ടിയു-
മാധിവേറിട്ടു ചെയ്തീടിനാരാദരാൽ.
അപ്സരസ്ത്രീകളും നൃത്തഗീതങ്ങളാ-
ലപ്പുരുഷോത്തമനെബ്ഭജിച്ചീടിനാർ.
ഗന്ധർവകിന്നരകിം‌പുരുഷന്മാരു-
മന്തർമ്മുദാ സിദ്ധവിദ്യാധരാദിയും
ശ്രീരാമചന്ദ്രനെ വാഴ്ത്തിസ്തുതിച്ചിതു
ഭേരീനിനാദം മുഴക്കിനാരുമ്പരും.
പുണ്യജനേശ്വരനായ വിഭീഷണൻ
തന്നെപ്പുണർന്നു സുഗ്രീവനും ചൊല്ലിനാൻ:
പാരേഴു രണ്ടിനും നാഥനായ് വാഴുമീ
ശ്രീരാമകിങ്കരന്മാരിൽമുഖ്യൻഭവാൻ.
രാവണനിഗ്രഹത്തിന്നു സഹായവു-
മാവോളമാശു ചെയ്യേണം ഭവാനിനി.
കേവലം ഞങ്ങളും മുൻ‌‌നടക്കുന്നുണ്ടു
സേവയാ സിദ്ധിക്കുമേറ്റമനുഗ്രഹം.’
സുഗ്രീവവാക്യമാകർണ്യ വിഭീഷണ-
നഗ്രേ ചിരിച്ചവനോടു ചൊല്ലീടിനാൻ:
‘സാക്ഷാൽജഗന്മയനാമഖിലേശ്വരൻ
സാക്ഷിഭൂതൻസകലത്തിന്നുമാകയാൽ
എന്തു സഹായേന കാര്യമവിടേക്കു
ബന്ധുശത്രുക്കളെന്നുള്ളതുമില്ല കേൾ.
ഗൂ‍ഢ്സ്ഥനാനന്ദപൂർണ്ണനേകാത്മകൻ
കൂടസ്ഥനാശ്രയം മറ്റാരുമില്ലെടോ!
മൂഢ്ത്വമത്രേ നമുക്കു തോന്നുന്നതു
ഗൂഢത്രിഗുണഭാവേന മായാബലാൽ
തദ്വശന്മാരൊക്കെ നാമെന്നറിഞ്ഞുകൊ‌
ണ്ടദ്വയഭാവേന സേവിച്ചുകൊൾക നാം.‘
നക്തഞ്ചരപ്രവരോക്തികൾകേട്ടൊരു
ഭക്തനാം ഭാനുജനും തെളിഞ്ഞീടിനാൻ.