അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണ കുംഭകർണ്ണ സംഭാഷണം
നിദ്രയും കൈവിട്ടു കുംഭകർണ്ണൻ തദാ
വിദ്രുതമഗ്രജൻ തന്നെ വണങ്ങിനാൻ
ഗാഢ ഗാഢം പുണർന്നൂഢമോദം നിജ
പീഠമതിന്മേലിരുത്തിദ്ദശാസ്യനും
വൃത്താന്തമെല്ലാമവരജൻ തന്നോടു
ചിത്താനുരാഗേണ കേൾപ്പിച്ചനന്തരം
ഉൾത്താരിലുണ്ടായ ഭീതിയോടുമവൻ
നക്തഞ്ചരാധീശ്വരനോടു ചൊല്ലിനാൻ
“ജീവിച്ചു ഭൂമിയിൽ വാഴ്കെന്നതിൽ മമ
ദേവത്വമാശു കിട്ടുന്നതു നല്ലതും 360
ഇപ്പോൾ ഭവാൻ ചെയ്ത കർമ്മങ്ങളൊക്കെയും
ത്വൽ പ്രാണഹാനിക്കുതന്നെ ധരിക്ക നീ
രാമൻ ഭവാനെ ക്ഷണം കണ്ടുകിട്ടുകിൽ
ഭൂമിയിൽ വാഴ്വാനയയ്ക്കയില്ലെന്നുമേ
ജീവിച്ചിരിക്കയിലാഗ്രഹമുണ്ടെങ്കിൽ
സേവിച്ചുകൊള്ളുക രാമനെ നിത്യമായ്
രാമൻ മനുഷ്യനല്ലേക സ്വരൂപനാം
ശ്രീമാൻ മഹാവിഷ്ണു നാരായണൻ പരൻ
സീതയാകുന്നതു ലക്ഷ്മീഭഗവതി
ജാതയായാൾ തവനാശം വരുത്തുവാൻ 370
മോഹേന നാദഭേദം കേട്ടു ചെന്നുടൻ
ദേഹനാശം മൃഗങ്ങൾക്കു വരുന്നിതു
മീനങ്ങളെല്ലാം രസത്തിങ്കൽ മോഹിച്ചു
താനേ ബളിശം വിഴുങ്ങി മരിക്കുന്നു
അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങൾ
മഗ്നമായ് മൃത്യുഭവിക്കുന്നിതവ്വണ്ണം
ജാനകിയെക്കണ്ടു മോഹിക്ക കാരണം
പ്രാണവിനാശം ഭവാനുമകപ്പെടും
നല്ലതല്ലേതുമെനിക്കിതെന്നുള്ളതു-
മുള്ളിലറിഞ്ഞിരിക്കുന്നതെന്നാകിലും 380
ചൊല്ലുമതിങ്കൽ മനസ്സതിൻ കാരണം
ചൊല്ലുവൻ മുന്നം കഴിഞ്ഞ ജന്മത്തിലേ
വാസനകൊണ്ടതു നീക്കരുതാർക്കുമേ-
ശാസനയാലു മടങ്ങുകയില്ലതു
വിജ്ഞാനമുള്ള ദിവ്യന്മാർക്കുപോലുമ-
റ്റജ്ഞാനികൾക്കോ പറയേണ്ടതില്ലല്ലോ
കാട്ടിയതെല്ലാമപനയം നീയതു
നാട്ടിലുള്ളോർക്കുമാപത്തിനായ് നിർണ്ണയം
ഞാനിതിനിന്നിനി രാമനേയും മറ്റു
വാനരന്മാരെയൊമൊക്കെയൊടുക്കുവൻ 390
ജാനകിതന്നെയനുഭവിച്ചീടു നീ
മാനസേ ഖേദമുണ്ടാകരുതേതുമേ
ദേഹത്തിനന്തരം വന്നുപോം മുന്നമേ
മോഹിച്ചതാഹന്ത! സാധിച്ചുകൊൾക നീ
ഇന്ദ്രിയങ്ങൾക്കു വശനാം പുരുഷനു
വന്നീടുമാപത്തു നിർണ്ണയമോർത്തു കാൺ
ഇന്ദ്രിയനിഗ്രഹമുള്ള പുരുഷനു
വന്നുകൂടും നിജ സൌഖ്യങ്ങളൊക്കവേ”
ഇന്ദ്രാരിയാം കുംഭകർണ്ണോക്തി കേട്ടള-
വിന്ദ്രജിത്തും പറഞ്ഞീടിനാനാദരാൽ 400
“മാനുഷനാകിയ രാമനേയും മറ്റു
വാനരന്മാരെയൊമൊക്കെയൊടുക്കി ഞാൻ
ആശുവരുവനനുജ്ഞയെച്ചെയ്കിലെ-“
നാശരാധീശ്വരനോടു ചൊല്ലീടിനാൻ.