അധ്യാത്മവിചാരം പാന

രചന:അജ്ഞാതകർതൃകം
പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനയ്ക്കു സമമെന്നോ അതിനുപരി എന്നോ പറയത്തക്ക നിലയിൽ അജ്ഞാതനാമാവായ ഒരു കവി രചിച്ചതാണ്‌ അധ്യാത്മവിചാരം പാന. കൊല്ലവർഷം ഒമ്പതാം നൂറ്റാണ്ടിലാണു് (ക്രിസ്ത്വബ്ദം ഏകദേശം പതിനേഴാം നൂറ്റാണ്ടിനടുത്തു്) ഈ കൃതി രചിക്കപ്പെട്ടത് എന്ന് 1959-ൽ കണ്ടെടുത്തു പുനഃപ്രസിദ്ധീകരണം നടത്തിയ കെ.രാഘവൻ പിള്ള അനുമാനിക്കുന്നു. — സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിലെ, അധ്യാത്മവിചാരം പാന എന്ന ലേഖനത്തിൽനിന്ന് ഉദ്ധരിച്ചത്.

[ 7 ]

അദ്ധ്യാത്മവിചാരം പാന


അംബികാസുതനായ ഗണേശനും
നിൎമ്മലാംഗി സരസ്വതീ ദേവിയും
നമ്മുടെ ഗുരുനാഥന്മാരുമേറ്റം
നന്മകൾ വരുത്തീടുക സന്തതം!


ജ്ഞാനമാർഗ്ഗമറിയേണമെങ്കിലോ
ജ്ഞാനികൾ പറയുന്നതു കേൾക്കണം
ജ്ഞാനമെന്നിയേ മറ്റൊന്നുമില്ലെന്നു
ജ്ഞാനികൾ പറ കൊട്ടി മുഴക്കുന്നു.


ആചാര്യന്മാരെ വന്ദിച്ചു ചൊല്ലുന്നേൻ
ആയവണ്ണം ചുരുക്കത്തിലൊക്കെയും
ആമോദമോടു കേട്ടാലിതേവനും
വ്യാമോഹങ്ങളൊഴിഞ്ഞു സുഖം വരും.


പറയാവതല്ലെങ്കിലുമെന്നുടെ
ഗുരുപാദങ്ങളുള്ളിൽ വിളങ്ങുമ്പോൾ
ഒരുവണ്ണം പറയാമെന്നൊണ്ടിതു
പറയുന്നു ഞാൻ കേൾപ്പിനിതാദരാൽ [ 8 ]
വിശ്വസൃഷ്ടിക്കു കാരണമാം ബ്രഹ്മം
വിശ്വമുള്ളപ്പോഴില്ലെന്നിരിക്കുമോ
വിശ്വനാശം വരുമ്പഴുമുണ്ടതു
ശാശ്വതമെന്നു ചിന്തിച്ചുറയ്ക്കണം.


കാരണമൊന്നും കൂടാതെയില്ലല്ലോ
കാര്യമൊന്നുമൊരേടത്തുമോർക്കുമ്പോൾ
അതുകൊണ്ടു ജഗത്തിനു കാരണം
പരമാത്മസ്വരൂപമായീടുന്നു.


അതുതന്നെയിക്കാണുന്നതൊക്കെയും
ഇതു നിശ്ചയം വന്നാൽ മതിയല്ലോ
കാരണം തന്നെ കാര്യമായീടുന്നു
നാമരൂപങ്ങൾ കൊണ്ടെന്നറിഞ്ഞാലും.


കാണുന്നീലയോ മൃത്സുവർണ്ണാദികൾ
ഘടകുണ്ഡലരൂപമാകുന്നതും
മുത്തുകൊണ്ടു ചമച്ച ഘടാദികൾ
മുത്തു കൂടാതെ സത്യമായെന്തുള്ളു?


സത്യമിങ്ങനെ കാണുന്നതൊക്കെയും
സച്ചിദാനന്ദമല്ലാതെയില്ലെടോ
ഘടമെന്നുള്ള നാമവും രൂപവും
ഘടികാർദ്ധംകൊണ്ടങ്ങു നശിക്കുമ്പോൾ


മുത്തു ശേഷിക്കും സത്യസ്വരൂപമാ-
മപ്രകാരം പ്രപഞ്ചവും ബ്രഹ്മമാം
നാമരൂപങ്ങൾ തോന്നുവാനെന്തെന്നാൽ
മായകൊണ്ടതു തോന്നിയാലെന്തഹോ. [ 9 ]
തോന്നിയാലതു സത്യമാമോ എന്നാൽ
തോന്നുന്നതൊക്കെ സത്യമായീടുമോ
തോന്നുന്നീലയോ രജ്ജുവിൽ സർപ്പവും
ശുക്തിയിൽ രജതത്തെയുമങ്ങനെ.


ദിഗ്ഭ്രമം മൃഗതൃഷ്ണയെന്നീവക
തോന്നീടുന്നതു സത്യമായീടുമോ?
ഒന്നുതന്നെ പലതായി തോന്നുമെ-
ന്നൊന്നു രണ്ടല്ല കണ്ടറിയുന്നു നാം.       48


എന്നതൊന്നു വിചാരിച്ചു നോക്കണം
മന്ദബുദ്ധികളെങ്കിലും നാമിപ്പോൾ
ഏകനായുള്ള സൂര്യനെത്തോയത്തി-
ലേറിയോന്നായിക്കാണുന്നിതില്ലയോ.


ഹേതുവെന്തിതിനെന്നു നിനയ്ക്കുമ്പോൾ
മോഹമെന്നിയേ മറ്റൊന്നുമില്ലഹോ
ഫേനമെന്നും തരംഗമെന്നും ജല-
പ്പോളയെന്നും ചുഴിയെന്നുമിങ്ങനെ.


നേരുതന്നെ വിചാരിച്ചുകാണുമ്പോൾ
വാരി തന്നെ പലതായിത്തോന്നുന്നു
മഹത്താകിയോരാകാശമല്ലയോ
മഠത്തിന്നകത്തൊക്കവേ കാണുന്നു.       60


ഘടത്തിന്നകത്തിങ്കലും കാണുന്നു
ഘടിച്ചീടുമോ ഭേദമിവറ്റിങ്കൽ
ജീവനെന്നും പരമെന്നും ചൊല്ലുന്നു
ഏവമെന്നത്രേ വേദം പറയുന്നു. [ 10 ]
ഭേദമായ് നിനച്ചീടുന്നു പിന്നെയും
ഖേദിപ്പാനൊരു കൗശലമിങ്ങനെ
വേദവിശ്വാസം പോരായ്ക കാരണം
വാദിച്ചീടുന്നു ഭേദിച്ചു പിന്നെയും


ബോധിച്ചീടണമൊന്നെന്നുറയ്ക്കാഞ്ഞാൽ
ബാധിച്ചീടും നരകഭയങ്ങളാൽ
സാധിച്ചീടുന്നു വേദത്തിലിങ്ങനെ
ബോധിക്കാത്തതുമത്ഭുതമോർക്കുമ്പോൾ.       72


വേദവാക്കിനെ വിശ്വസിക്കാഞ്ഞാലോ
ഖേദിക്കുന്നതോ കുറ്റമല്ലൊട്ടുമേ
വേദത്തേക്കാൾ പ്രമാണമായിട്ടിഹ
വൈദികമാർഗ്ഗത്തിലേതുമൊന്നില്ലയ്യോ.


ഇത്രയെല്ലാമറിവാൻ പണിയെന്നാൽ
അത്ര വേണ്ടാ പറയാമെളുപ്പത്തിൽ
പുത്രന്മാരെന്നും വിത്തമെന്നും ചില
മിത്രമെന്നും കളത്രമെന്നിങ്ങനെ.
എത്ര ജന്മം കഴിഞ്ഞു നാമെന്നതും
കുത്ര പോയെന്നും ചിന്തിച്ചു ചൊല്ലാമോ.


ഉള്ളതല്ലായ്ക കൊണ്ടതു തോന്നുന്നീ-
ലുള്ളതുള്ളനാളൊക്കെയുമുണ്ടല്ലോ       48(84)
ഉള്ളിലിങ്ങനെ ചിന്തിച്ചുറച്ചവ-
നുള്ളതായ്‌വരുമന്നേ സുഖം വരൂ.


സത്യമല്ല ജഗത്തെന്നറിയുമ്പോൾ
സ്വപ്നമല്ലയോ കാണുന്നു നിത്യവും [ 11 ]
അതിലെന്തൊരു ഭേദമെന്നുള്ളതു
മതിയുള്ളവർ ചിന്തിച്ചു നോക്കണം
സ്വപ്നത്തിലൊരു ഭൂപനായീടുന്നു
കല്പനകളുമൊക്കെ നടത്തുന്നു
ഉല്പലാക്ഷിമാരോടുമൊരുമിച്ചു
തല്പമേറിയിരുന്നു രമിക്കുന്നു.
ശത്രുരാജ്യത്തെ വെട്ടിപ്പിടിച്ചോരോ
ശസ്ത്രപാണികൾ വന്നു വണങ്ങുന്നു
സാർവ്വഭൗമനെന്നുള്ള കീർത്തിയോ-
ടേറെക്കാലം സുഖിച്ചു വസിക്കുമ്പോൾ.
മിത്രഭേദം വരുത്തിയോരോ വഴി
ശത്രുക്കൾ വന്നടുത്തു വശമായി
ചിത്രമെന്നേ പറയാവു തന്നുടെ
പുത്രൻ കൂടെച്ചതിപ്പാനൊരുമ്പെട്ടു.
രണത്തിനായ് നൃപോത്തമനോർക്കുമ്പോൾ
പണത്തിനായ്മറിഞ്ഞു പോയെല്ലാരും
കണക്കല്ലിതെന്നോർത്തു നരേന്ദ്രനും
പിണക്കത്തിനായ് പിന്നെ മിതിർന്നില്ല.
എന്തു ചെയ്യേണ്ടു ഞാനിന്നെന്നുള്ളൊരു
ചിന്ത കൊണ്ടവൻ ഭ്രാന്തനായേറ്റവും
നാടും വീടുമുപേക്ഷിച്ചു രാത്രിയിൽ
കാടു നോക്കിപ്പതുക്കെപ്പുറപ്പെട്ടു.
പേടിച്ചീടുന്നു പിന്നെയും പിന്നെയും
കൂടിച്ചേർന്നു ചതിച്ച ജനത്തിനെ [ 12 ]
കാടുപുക്കു തളർന്നു കിടക്കയും
കൂടെക്കൂടെ നെടുവീർപ്പിടുകയും.
കഴിഞ്ഞൊരു സുഖത്തെ നിരൂപിച്ചു
പൊഴിഞ്ഞീടുന്നു കണ്ണുനീരേറ്റവും
കിഴിഞ്ഞീടുന്ന ദേഹവുമായിട്ട-
ങ്ങുഴന്നീടിനാനേറെ നാളങ്ങനെ.
കഷ്ടകാലം കഴിയുമ്പോഴീശ്വരൻ
തുഷ്ടിനല്കീടുമെന്നോർത്തു ഭൂപനും
പുഷ്ടമോദം തപസ്സുചെയ്താനവ-
നൊട്ടുചെന്നങ്ങു നിദ്രയുണർന്നു പോയ്.
പൊട്ടനായതു ചിന്തിച്ചു പിന്നെയു-
മൊട്ടുനേരം ചലിച്ചിതു ചിത്തവും.
സത്യമല്ലിതു സ്വപ്നമെന്നല്ലയോ
ചിത്തതാപമൊഴിയുന്നിതേവരും.
എന്തൊരുഭേദമിന്നിക്കാണുന്നതു-
മെന്തുകൊണ്ടതു ചിന്തിച്ചു നോക്കാത്തു?
“ചിന്തനത്തോളം നന്നല്ല മറ്റൊന്നും
സന്താപത്തിന്റെ വേരറുത്തീടുവാൻ.
ബന്ധുക്കളുമുണ്ടേറെ നമുക്കിപ്പോൾ
ബന്ധമുക്തന്മാരായ മഹാത്മാക്കൾ
സന്തതമവരെന്തെല്ലാം ചൊല്ലീട്ടും
ചിന്തിച്ചീടാഞ്ഞാലെന്തു ഫലമയ്യോ.
സജ്ജനങ്ങൾ പറഞ്ഞതുമൊക്കെയും
ഇജ്ജനങ്ങൾക്കു ബോധിപ്പാനല്ലയോ. [ 13 ]
ദുർജ്ജനങ്ങളെപ്പോലെ നരകത്തി-
ലിജ്ജനങ്ങൾ വസിക്കേണമെന്നുണ്ടോ
അജ്ഞാനം കൊണ്ടു വന്നോരനർത്ഥത്തെ
വിജ്ഞാനം കൊണ്ടു വേണ്ടയോ നീക്കുവാൻ
പ്രജ്ഞാനം കിഞ്ചിദുണ്ടെങ്കിലുണ്ടല്ലോ
സജ്ജനങ്ങളരുൾചൈത മാർഗ്ഗങ്ങൾ.
അതു കൂടാതെ തീരുന്നതെത്രയും
അതിസാഹസമെന്നേ പറയാവൂ
ചതിയായ്‌വരും മേലിലതൊക്കെയും
മതിയുള്ളവരോർത്തു കൊള്ളേണമേ.
സജ്ജനത്തിനെ നിന്ദിച്ചീടുന്നവൻ
ദുർജ്ജനോത്തമനെന്നതു നിർണ്ണയം,
സജ്ജനങ്ങളെ പൂജിച്ചീടുന്നവൻ
സജ്ജനോത്തമനെന്നുമറിയണം.
അർജ്ജുനനോടുമുദ്ധവരോടുമാ-
കൃഷ്ണസ്വാമിയരുൾചെയ്തതോർക്കെടോ.
ദുർജ്ജനങ്ങളെ ദൂരത്തുപേക്ഷിച്ചു
സജ്ജനങ്ങളെ സേവിപ്പിനെന്നല്ലേ.
ചിത്സ്വരൂപമറിവാനെളുപ്പമായ്
സത്സംഗത്തോളം നന്നല്ല മറ്റൊന്നും
മത്സരാദികൾ കൂടാതെ നാമെല്ലാം
ഉത്സാഹിക്കേണ്ടതിന്നതിനല്ലയോ.
പഠിച്ചീടുന്നു ശാസ്ത്രങ്ങളോരോന്നേ
നടിച്ചീടുന്നു വിദ്വാനെന്നുള്ളതും. [ 14 ]
പിടിച്ചീടുന്നു മോഹങ്ങൾ പിന്നെയും
മുടിച്ചീടുകയില്ലവൻ ജന്മത്തെ,
കടിച്ചീടുന്ന പാമ്പിന്റെ വാലിനെ
പിടിച്ചീടുന്നപോലെ ശിവ! ശിവ!
തടിച്ചീടിന മൃത്യുമുഖത്തിങ്കൽ
മടിച്ചീടാതെ ചെന്നങ്ങു ചാടുന്നു.
തന്നത്താനറിയായ്കകൊണ്ടിങ്ങനെ
ഖിന്നത പൂണ്ടുഴലുന്നു നിത്യവും
തന്നെത്താനറിഞ്ഞീടുന്ന നേരത്തു
മുന്നിൽ തോന്നിയതെല്ലാമസത്യമാം.
ഗുരുവാക്യവും വേദാന്തവാക്യവും
ഒരു ഭേദമില്ലെന്നങ്ങുറയ്ക്കണം
പരമാർത്ഥസ്വരൂപമറിവാനും
ഒരു ദുർഘടമില്ലെന്നറിഞ്ഞാലും.
വിശ്വമൊക്കെയും നശ്വരമെന്നല്ലേ
വിശ്വനാഥനരുൾചെയ്തു ഗീതയിൽ
ഈശ്വരനുമയോടരുൾചെയ്തതും
ശാശ്വതമല്ലിതൊന്നുമെന്നല്ലയോ.
ജ്ഞാനവാരിധിയായ വസിഷ്ഠനും
മാനനീയനാം രാമനോടാദരാൽ
കേവലമരുളിച്ചെയ്തതൊക്കെയും
ഈവണ്ണമതു ഭേദമില്ലൊട്ടുമേ.
വേദശാസ്ത്രം പുരാണങ്ങൾ ഗീതയും
ബാദരായണസൂത്രവും ഭാഷ്യവും [ 15 ]
ഭേദവാദിക്കസത്യമായ്ത്തോന്നീടും
ഭേദമില്ലതിനേതുമറിഞ്ഞാലും.
വിശ്വാസമിതിലൊന്നിലുമില്ലാഞ്ഞാ-
ലാശ്വസിപ്പതിനില്ല വഴി പിന്നെ.
ആത്മാനാത്മവിവേകം വരാഞ്ഞാല-
ങ്ങാത്മജ്ഞാനം വരികയില്ലാർക്കുമേ
ആത്മാവല്ലാത്തതൊക്കെയനാത്മാവാം
ആത്മാവേതെന്നറിഞ്ഞാൽ മതിയല്ലോ.
ഇദം ബുദ്ധി വിഷയമനാത്മാവു-
മഹംബുദ്ധി വിഷയമാമാത്മാവും
ഇതുതന്നെയുണർന്നു നോക്കുന്നേരം
മതിസാക്ഷിയിൽ ചേർന്നു സുഖം വരും.
ദേഹമാത്മാവാമെങ്കിലിതെന്നുടെ
ദേഹമെന്നും പറയുന്നതെങ്ങനെ.
ഇന്ദ്രിയങ്ങളും പ്രാണാദികളഞ്ചും
ബുദ്ധിയും മനസ്സെന്നിവയൊന്നുമേ
സത്യമാകിയൊരാത്മാവല്ലോർക്കുമ്പോൾ
മമതാവിഷയത്വമുണ്ടാകയാൽ
ഇതിനുള്ളൊരു കാരണമജ്ഞാന-
മതുമാത്മാവായീടുകയില്ലല്ലോ.
ജാഗ്രത്സ്വപ്നസുഷുപ്തിയിലൊക്കെയും
സാക്ഷിയായിട്ടിരിക്കുന്ന ചൈതന്യം
സാക്ഷാദാത്മസ്വരൂപമതെന്നല്ലോ
മോക്ഷശാസ്ത്രങ്ങളൊക്കവേ ചൊല്ലുന്നു. [ 16 ]
ജാഗ്രത്സ്വപ്നസുഷുപ്തികളെന്നിവ
ബുദ്ധിക്കുള്ളൊരവസ്ഥകളാകയാൽ
ബോധരൂപനാമാത്മാവിനല്ലെന്നു
ബോധിപ്പാനൊരു വൈഷമ്യമില്ലല്ലോ.
ശോകമോഹവിഷാദഭയങ്ങളും
രാഗദോഷമദാദികൾ കൊണ്ടല്ലോ
ചിത്തിനില്ലതുകൊണ്ടിന്നു സത്യമാം
ചിത്തധർമ്മങ്ങളെന്നല്ലോ ചൊല്ലുന്നു.
ദേഹത്തിന്നു മലങ്ങളും മാലിന്യം
ദേഹിക്കോർക്കിലിദ്ദേഹവും മാലിന്യം
ദേഹിയും പിന്നെ സാക്ഷിക്കു മാലിന്യം
സാക്ഷി ചിത്തിനു മാലിന്യമോർക്കണം.
ചിത്തൊന്നേയുള്ളു ശുദ്ധമായിട്ടപ്പോൾ
സച്ചിദാനന്ദബ്രഹ്മമതുതന്നെ
വിസ്തരിച്ചു പറയുന്ന ശാസ്ത്രത്തി-
നിത്രമാത്രമതിനുള്ള താല്പര്യം.
ചിത്തൊഴിഞ്ഞുള്ളതൊക്കെയസത്യമെ-
ന്നസ്തശംകം വിചാരിച്ചുറയ്ക്കണം
സത്യമത്രേ സമസ്തശ്രുതികളും
നിത്യമുക്തനവനെന്നു ചൊല്ലുന്നു.
എങ്കിലുമസംഭാവനയും തഥാ
വിപരീതമതിയും നശിക്കാതെ
അദ്വിതീയത്വം ബ്രഹ്മത്തിനും ശുദ്ധ-
ബ്രഹ്മരൂപത്വം ജീവനും വന്നിടാ. [ 17 ]
ബഹുവാരം ശ്രവണം കഴിച്ചാലും
ഒരു നേരവും ദേഹാദി സാക്ഷിയാം
സ്വസ്വരൂപത്തെത്തോന്നാതിരിക്കുന്ന-
തസംഭാവനയെന്നല്ലോ ചൊല്ലുന്നു.
ഏകവാരം ശ്രവണങ്ങളെക്കൊണ്ടു
ദേഹാദിവ്യതിരിക്താത്മവിജ്ഞാനം
ഉണ്ടായെന്നാലും പൂർവജന്മങ്ങളി-
ലഭ്യസിച്ചുള്ള ദുർവാസനാബലാൽ.
കൂടെക്കൂടെയിദ്ദേഹമാത്മാവെന്നും
ജഗത്‌സത്യമെന്നും പിന്നെ ചിത്തത്തിൽ
തോന്നീടുന്നതിനെയും വിപരീത-
ഭാവനയെന്നു ചൊല്ലുന്നു സത്തുക്കൾ.
അസംഭാവനയേയും വിപരീത
ഭാവനയുമശേഷംനശിപ്പിപ്പാൻ
ജഗന്മിഥ്യാത്വദേഹമനാത്മത്വ-
മിവ രണ്ടും മറക്കാത്ത വൈഷമ്യം.
അദ്ധ്യാരോപാപവാദങ്ങൾ കൂടാതെ-
(ജഗന്മിഥ്യാത്ത്വം രണ്ടു നന്നായുറക്കാത്തതിനാലെ.)
യദ്ധ്യാരോപാപവാദങ്ങളിൽ വച്ചു
അദ്ധ്യാരോപം ജഗത്തിനെ ചൊല്ലുന്നു
ബുദ്ധ്യാരൂഢമാക്കീടുവാൻ ബ്രഹ്മത്തിൽ.
സിദ്ധന്മാരരുൾചെയ്ത പ്രകാരങ്ങൾ
സാധ്യമേറെയുണ്ടാകകൊണ്ടങ്ങനെ
നിർവ്വികാരമാം ബ്രഹ്മത്തിനുണ്ടല്ലോ
സർവനിർമ്മാണശക്തിയതു തന്നെ. [ 18 ]
സത്ത്വാദിഗുണസാമ്യദശയിങ്ക-
ലുത്തമപ്രകൃതിയെന്നുംചൊല്ലുന്നു
ശുദ്ധസത്വഗുണങ്ങളുണ്ടാകയാൽ
ശുദ്ധബ്രഹ്മം പ്രതിബിംബിച്ചീടുമ്പോൾ
മായയെന്നു പറയുന്നതു തന്നെ
മാലിന്യംകൊണ്ടവിദ്യയായീടുന്നു;
മായാസത്ത്വവിശുദ്ധിയൊന്നാകയാൽ
മായോപാധികനീശ്വരനേകനായ്
മായയിങ്കൽ പ്രതുബിംബിച്ചീശ്വര-
ന്മായയ്ക്കൊട്ടുമധീനമല്ലാത്തവൻ
മായയെത്താനധീനമാക്കിക്കൊണ്ടു
മായങ്ങളിവയൊക്കവേ കാട്ടുന്നു.


സർവജ്ഞത്ത്വാദി ധർമ്മങ്ങളും പിന്നെ
സർവകർത്തൃത്ത്വമാദിയായുള്ളതും
സർവവുമവനുണ്ടതുകാരണം
സർവജ്ഞനെന്നു ചൊല്ലുന്നു വേദത്തിൽ.
വിക്ഷേപമെന്നുമാവരണമെന്നും
ശിക്ഷയിൽ ശക്തി രണ്ടുണ്ടു മായയ്ക്കു
വിപരീതവിയദാദിയായുള്ള
നാമരൂപങ്ങൾ തോന്നിക്കും വിക്ഷേപം.
തമഃപ്രാധാന്യംകൊണ്ടു ബ്രഹ്മത്തിന്റെ
നിർമ്മലാംശം മറയ്ക്കുന്നതാവൃതി
തമോയുക്തമായുള്ള രജസ്സുകൊ-
ണ്ടമലനാകും സച്ചിദാത്മാവിങ്കൽ. [ 19 ]
പൂർവ്വകല്പത്തിൽ ചെയ്തൊരു കർമ്മത്താൽ
വേറെ വേറെ ശബളമായ് ബ്രഹ്മത്തിൽ
ലീനന്മാരായ്കിടക്കുന്ന ജീവന്മാർ
നാനാകർമ്മഭേദങ്ങളോടും കൂടി.
അക്കർമ്മങ്ങൾ ഫലോന്മുഖമാകുമ്പോൾ
ഒക്കെയും ബ്രഹ്മത്തിന്റെ വിശേഷാംശം
തക്കം നോക്കി മറച്ചീടുമാവൃതി
അക്കാലത്തുടൻ വിക്ഷേപശക്തിയാൽ.
ശബ്ദതന്മാത്രയാകിനോരാകാശം
ഉത്ഭവിക്കപ്പെടും സൂക്ഷ്മരൂപമായ്
വായുരൂപമാം ബ്രഹ്മത്തിൽ നിന്നുടൻ
രൂപതന്മാത്രയാമൊരു വഹ്നിയും;
ശബ്ദസ്പർശരൂപഗുണയുക്തനായു-
ത്ഭവിച്ചീടും സൂക്ഷ്മസ്വരൂപമായ്
തേജോരൂപമാം ബ്രഹ്മത്തിൽ നിന്നുടൻ
രസതന്മാത്രയാമൊരു തോയവും;
ശബ്ദസ്പർശരൂപരസയുക്തമാ-
യുത്ഭവിച്ചീടും സൂക്ഷ്മസ്വരൂപമായ്
തോയരൂപമാം ബ്രഹ്മത്തിൽ നിന്നുടൻ
ഗന്ധതന്മാത്രയാമൊരു ഭൂമിയും;
ശബ്ദാദിഗുണപഞ്ചകയുക്തമാ-
യുത്ഭവിച്ചീടുമിപ്രകാരന്തന്നെ.
ബ്രഹ്മസത്ത്വാശ്രയത്താലിസൃഷ്ടിയും
ബ്രഹ്മമാത്രമെന്നോതുന്നു ശാസ്ത്രത്തിൽ [ 20 ]
ഇപ്രകാരത്തിൽ സൂക്ഷ്മഭൂതങ്ങളും
ഉല്പന്നങ്ങളായ് വന്നോരനന്തരം
അജ്ഞാനാത്മകകാരണോപാധിയാൽ
പ്രാജ്ഞശബ്ദിത ജീവഗണത്തിനു
സുഖദുഃഖാനുഭോഗാർത്ഥമാകിയ
സൂക്ഷ്മദേഹോത്ഭവത്തെപ്പറയുന്നു
ഈശ്വരാജ്ഞയാ മായാ ഗുണങ്ങളാം
സത്ത്വാദികളുമാകാശാദികളിൽ
അനുവർത്തിക്കു മൂലന്നഭോഗത-
വൃഷ്ടിസത്വഗുണാംശം ശ്രുതീന്ദ്രിയം.
വായുസത്ത്വഗുണാംശം ത്വഗിന്ദ്രിയം
വഹ്നിസത്ത്വഗുണാംശം നയനവും
ജലസത്ത്വഗുണാംശാദ്രസനയും
ഭൂമിസത്ത്വഗുണാംശത്താൽ ഘ്രാണവും
ആകാശാദി സമഷ്ടിസത്ത്വാംശം കൊ-
ണ്ടുണ്ടായന്തഃകരണവുമീവണ്ണം.
സങ്കല്പവികല്പാത്മകമാകുമ്പോൾ
അതുതന്നെ മനസ്സായ് ഭവിക്കുന്നു.
നിശ്ചയാത്മകമാകുമ്പോൾ ബുദ്ധിയും
അഭിമാനാത്മകമഹംകാരവും
സന്ധാനംകൊണ്ടു ചിത്തവുമങ്ങനെ
വൃത്തിഭേദത്താൽ നാലെന്നു ചൊല്ലുന്നു.
ആകാശാത്മകവൃഷ്ടിരജോംശത്താൽ
വാക്കും വായുരജോംശത്താൽ പാണിയും [ 21 ]
വഹ്നിനിഷ്ഠരജോംശത്താൽ പാദവും,
തോയനിഷ്ഠരജോംശത്താൽ പായുവും,
ഭൂമിനിഷ്ഠരജോംശത്താലുപസ്ഥവും,
വ്യോമാദിസ്ഥസമഷ്ഠിരജോംശത്താൽ;
പ്രാണാദികളുമഞ്ചുമുളവായി
പ്രാണലിംഗം ശരീരമിതത്രെയും.
ഈശ്വരാജ്ഞയാ പഞ്ചീകരണത്താൽ
സൂക്ഷ്മഭൂതങ്ങൾ സ്ഥൂലഭൂതങ്ങളായ്
സ്ഥൂലഭൂതങ്ങളിൽ നിന്നുളവായി
സ്ഥൂലമാകിയോരണ്ഡകടാഹവും.
അതിനുള്ളിലീ ഭൂതകാര്യങ്ങളാ-
ലുളവായി ചതുർവിധദേഹവും.
ജരായുഭവമണ്ഡജം സ്വേദജ-
മുത്ഭിജ്ജമിതിഭേദം ചതുർവിധം
സ്ഥൂലഭോഗാർത്ഥജീവന്മാർക്കുണ്ടായി
സ്ഥൂലദേഹങ്ങളിങ്ങനെ വെവ്വേറെ
ഏവമായപ്പോൾ ജീവനവിദ്യതൻ
കാരണശരീരമെന്നറിയണം
സ്ഥൂലസൂക്ഷ്മശരീരഹേതുത്വേന
കാരണത്വവും ചേരുമതിനിപ്പോൾ.
ജ്ഞാനാഗ്നികൊണ്ടു ശീര്യമായീടുമ്പോൾ
ചേരുമല്ലോ ശരീരത്ത്വവുമതിൽ
അപഞ്ചീകൃതപഞ്ചമഹാഭൂത-
വഞ്ചിതമായി ലിംഗശരീരത്തെ [ 22 ]
സൂക്ഷ്മദേഹമിതെന്നു പറയുന്നു
സൂക്ഷ്മദർശികളായ മഹത്തുക്കൾ
സർവവ്യാപ്തനെന്നാകിലുമാത്മാവു
സർവ്വത്രാനുഭവയോഗ്യനല്ലഹോ.
ലിംഗദേഹാംശമായൊരു ബുദ്ധിയിൽ
ഭംഗിയോടവലംബിക്കും സാക്ഷിയായ്
അതുകൊണ്ടാത്മസംഭവേ ലിംഗമായ്
ഇന്ദ്രിയാഗമ്യത്ത്വംകൊണ്ടു സൂക്ഷ്മമായ്
ഈശ്വരേച്ഛയാ പഞ്ചീകരണത്താൽ
സ്ഥൂലപഞ്ചമഹാഭൂതകാര്യമാം.
അന്നത്തിന്റെ രസപരിണാമമാം
ശുക്ലരക്തവികാരസ്വരൂപമായ്
ഹസ്തമസ്തകസംയുതമായിതും
സ്ഥൂലമായ ശരീരമെന്നോതുന്നു
സ്ഥൂലഭൂതങ്ങളിൽ നിന്നുണ്ടാകയാൽ
സ്ഥൂലത്വവും ജരാരോഗാദികളാൽ
ശീര്യമാണത്വം കൊണ്ടിത്തടിക്കിപ്പോൾ
ചേരുമത്ര ശരീരമെന്നുള്ളതും.
വഹ്നികൊണ്ടു സുതാദികളും ജ്ഞാന-
വഹ്നികൊണ്ടു മുമുക്ഷു ജനങ്ങളും
ഇശ്ശരീരങ്ങൾ മൂന്നിനേയുന്ദഹി-
പ്പിക്കയാൽ ദേഹമെന്നും പറയുന്നു.
ഇവറ്റിനുള്ള ജന്മമരണവും
ക്ഷുത്പിപാസയും ശോകമോഹങ്ങളും [ 23 ]
ഉപാധാനം ചെയ്തീടുന്നു സാക്ഷിയി-
ലതുമൂലമുപാധിയെന്നും ചൊല്ലും.
ഇപ്രകാരം ജഗദദ്ധ്യാരോപണം
നിരുപാധികനാം പരമാത്മാവിൽ
കരിമ്പിങ്കലേ പാനീയം ശർക്കരാ
ഗുഡത്വാരോപംപോലെയറിയണം.
അപ്പോഴേകനായുള്ള പരമാത്മാ
സമഷ്ടിരൂപമായോപാധിത്വേന
ഈശ്വരനെന്നുമന്തർയ്യാമിയെന്നും
ഇശ്ശരീരികളാൽ ചൊല്ലപ്പെടും.
മലിനസത്ത്വമായാസംഭേദമാം
വ്യഷ്ടിയുമവിദ്യോപാധികത്വേന
പാരമാർത്ഥികജീവനെന്നും പിന്നെ
പ്രാജ്ഞനെന്നും പറയപ്പെടുമല്ലോ.
സമഷ്ട്യാത്മകസൂക്ഷ്മഭൂതോപാധി
നിമിത്തമായ് ഹിരണ്യ ഗർഭനെന്നും
സൂത്രാത്മാവെന്നുമാത്മാവിനെത്തന്നെ
ശാസ്ത്രമാനത്താൽ വെവ്വേറെ ചൊല്ലുന്നു.
വ്യഷ്ടിലിംഗശരീരോപാധിത്വേന
തൈജസൻ സ്വപ്നകല്പിതനിങ്ങനെ
പ്രാതിഭാസികനെന്നും പറയുന്നു
പ്രേമരൂപനാമാത്മാവിനെത്തന്നെ.
സമഷ്ട്യാരൂഢബ്രഹ്മാണ്ഡോപാധിയാൽ
വിരാഡൈശ്വാനരനെന്നു ചൊല്ലുന്നു. [ 24 ]
വ്യഷ്ടിരൂപദേഹോപാധികൊണ്ടിന്നു
വ്യാവഹാരികൾ വിശ്വമെന്നും ചൊല്ലും.
ഈവണ്ണം തന്നെ ജാഗ്രദവസ്ഥയിൽ
സ്ഥൂലസൂക്ഷ്മാധിഷ്ഠാനത്ത്വേന
സാക്ഷിയെന്നും പറയുന്നു, സ്വാന്തത്തിൽ
പ്രതിബിംബിക്കുമൂലം പ്രമാതാവായ്.
വൃത്യാരൂഢനാകുമ്പോൾ പ്രമാതാവും
വൃത്തിവ്യാപ്തിഘടാധിഷ്ഠാനത്വേന
പ്രമയെന്നും ചൊല്ലുന്നിതു ശാസ്ത്രത്തിൽ
പ്രമാണമതുതന്നെ നമുക്കിപ്പോൾ.
വസ്തുതോ നിരുപാധികത്വംകൊണ്ടു
ശുദ്ധബ്രഹ്മസ്വരൂപമെന്നും ചൊല്ലും
വിസ്താരഭയം കൊണ്ടു ചുരുക്കുന്നു
വസ്തുതമാത്രം ചൊന്നാൽ മതിയല്ലോ.
ചിത്രവസ്ത്രം സ്വതഃശുഭ്രമെങ്കിലും
അത്ര ചൊല്ലുന്നു വെവ്വേറെ നാമങ്ങൾ
മതികൊണ്ടു കുറിക്കുമ്പോൾ ലാഞ്ഛിതം
ചായം വയ്ക്കുമ്പോൾ രഞ്ജിതമായിടും.
സൂക്ഷ്മഭൂതസംബന്ധേന സൂത്രാത്മാ
സ്ഥൂലഭൂതസംബന്ധാൽ വിരാട്ടെന്നും
ഏവമാരോപിതമാം ജഗത്തിങ്കൽ
ജീവൻ സംസാരിച്ചീടും പ്രകാരത്തെ.
ആവോളം ചുരുക്കത്തിൽ പറയുന്നു
സാവധാനമായ് കേൾപ്പിനെല്ലാവരും [ 25 ]
കേവലസാക്ഷി നിർവ്വികാരനല്ലോ
ഭൗതികാന്തഃകരണം ജഡമല്ലോ.
ദേഹാദികളും ഭൗതികത്വാൽ ജഡം
ചിത്പ്രതിബിംബം ചിത്‌ഭിന്നമല്ലല്ലോ
വ്യക്തി വേർപെടുത്തിങ്ങനെ നോക്കുമ്പോൾ
മുക്തിയൊന്നിനും ചേരുകയില്ലല്ലോ.
അതുകൊണ്ടു സാക്ഷ്യാദിദേഹാന്തമാം
സംഘാതത്തിനു ജീവത്വം കല്പിച്ചു
ചിത്പ്രതിബിംബത്തോടഹംകാരനും
സഹജമാം താദാത്മ്യത്തെ പ്രാപ്തനായ്
നിർവഹിക്കുന്നു സംസാരം സാക്ഷിയിൽ
കല്പിതയാമവിദ്യാവശത്തിനാൽ
അപ്പോഴന്തഃകരണം ജനിക്കുന്നു
സത്ത്വാംശത്താലതിസ്വച്ഛമായതിൽ
അപ്പോഴച്ചിത്തിൽ പ്രതിബിംബമുണ്ടാകും,
അതുകൊണ്ടത്താദാത്മ്യം സഹജമായ്
തപ്തായഃപിണ്ഡംപോലെ ഭവിക്കുന്നു
സുഷുപ്തിയിങ്കലന്തഃകരണവും.
അജ്ഞാനം കൊണ്ടു നഷ്ടമായീടുമ്പോൾ
അത്താദാത്മ്യവും നഷ്ടമാകുമെന്നും
ചിത്തംതന്നിലുറച്ചുകൊള്ളേണമേ
നിത്യവുമറിവുള്ള ജനങ്ങളേ!
ജാഗ്രത്ഭോഗനിമിത്തമാം കർമ്മംതാൻ
സ്വപ്നഭോഗനിമിത്തമാം കർമ്മംതാൻ [ 26 ]
ഉദ്ബോധിക്കുമ്പോൾ സ്ഥൂലസൂക്ഷ്മങ്ങളാം
ദേഹങ്ങളോടു താദാത്മ്യമുണ്ടാക്കും.
സ്ഥൂലഭോഗപ്രദകർമ്മം സ്വപ്നത്തിൽ
സൂക്ഷ്മഭോഗദകർമ്മം സുഷുപ്തിയിൽ
നശിച്ചീടുമ്പോഴത്താദാത്മ്യങ്ങളും
നശിച്ചുപോകുമെന്നുമറിയണം.
പാലിലിട്ടൊരു ദിവ്യമരതകം
പാലും തൻ നിറമാകുന്നപോലെയും
ദർപ്പണത്തിൽ പ്രതിബിംബിച്ചാദിത്യൻ
ഗർഭഗേഹം ജ്വലിപ്പിക്കുംപോലെയും
സ്വപ്രകാശമാമാത്മപ്രകാശവും
അഹംകാരപ്രതിബിംബദ്വാരേണ
ദേഹമൊക്കെയും ചേതനമാകുന്നു
ദേഹചേഷ്ടയുമപ്പൊഴുണ്ടാകുന്നു.
അതുകൊണ്ടഹങ്കാരനിവൃത്തിയിൽ
നിദ്രാരംഭേ പതിക്കുന്നു ദേഹവും
അഹമെന്നുള്ളിൽ ശോഭിക്കും സാക്ഷിയിൽ
അഭ്യസിച്ചോരവിദ്യാവിലാസത്താൽ.
പരികല്പിതമായോരഹംകാരം
ഭ്രാന്തികൊണ്ടു ചിദാഭാസദ്വാരേണ
സാക്ഷിവൃത്യാദികങ്ങളശേഷവും
തനിക്കുണ്ടെന്നു കല്പിച്ചു തന്നുടെ
കർത്തൃത്വാദികളൊക്കെയും സാക്ഷിയിൽ
അഹംബുദ്ധിവിഷയത്വസാമ്യേന [ 27 ]
അഭേദമായിട്ടാരോപിച്ചീടുന്നു
ഭ്രാന്തിജന്യതാദാത്മ്യമിതു തന്നെ.
ഇത്താദാത്മ്യനിവൃത്തിക്കുമിന്നിപ്പോൾ
ആത്മാനാത്മവിവേകമതു തന്നെ
മുക്തികാരണമെന്നു പറയുന്നു
മുമുക്ഷുക്കളായുള്ള മഹത്തുക്കൾ.
അതുകൂടാതെ മുക്തി വരുത്തുവാൻ
ഒരു മാർഗ്ഗവും കാൺകയില്ലേതുമേ
മൂക്കടച്ചാലും നാക്കുവളച്ചാലും
നോക്കുറച്ചാലും ഊക്കു കുറച്ചാലും.
ഓർക്കാതെയൊരു മുക്തിയില്ലിന്നിപ്പോൾ
ആർക്കാനും പറഞ്ഞിട്ടറിയേണമോ
പ്രാസംഗികമായ് ചൊന്നതിരിക്കട്ടെ
പ്രകൃതമിനിച്ചൊല്ലുന്നു കേട്ടാലും.
രക്തമാം പദാർത്ഥത്തിന്റെ സന്നിധൗ
വർത്തിച്ചീടും സ്ഫടികമണിപോലെ
അഹങ്കാരവികാരത്താൽ സാക്ഷിയും
ഭവിക്കുന്നു വികാരവാനെപ്പോലെ.
ഏവമുള്ളൊരവിവേകവൈഭവാൽ
ഒട്ടൊഴിയാതെകണ്ടുള്ള ജീവന്മാർ
ചിദാഭാസസ്വരൂപമായുള്ളൊരു
വ്യാവഹാരികജീവസംജ്ഞന്മാരായ്
വിസ്മയിക്കയാൽ സ്വസ്വരൂപമായ
കൂടസ്ഥപ്രത്യൿചിന്മാത്രരൂപത്തെ [ 28 ]
കല്പിതങ്ങളാം വർണ്ണാശ്രമങ്ങളോ-
ടൊത്തിരിക്കുന്ന സ്ഥൂലദേഹങ്ങളിൽ
സ്വാത്മബുദ്ധിയുണ്ടാകയാൽ ചെയ്യുന്നു
കാൽക്ഷണമിളയ്ക്കാതെ കർമ്മങ്ങളെ
തത്ഫലങ്ങളെ നന്നായ് ഭുജിക്കുന്നു
സ്വർഗ്ഗമിശ്രനാകങ്ങളിൽ ചേർന്നു.
ദുർഭഗമായ ഗർഭനിവാസാദി
കൂടെക്കൂടെ ലഭിക്കുന്നു ജീവന്മാർ
യോനിയന്ത്രപ്രപീഡനമാദിയായ്
ബാല്യയൗവ്വനവാർദ്ധക്യാവസ്ഥയിൽ
അസ്വതന്ത്രവും കാമാദികൊണ്ടുള്ള
പാരവശ്യവും ശക്തിക്ഷയാദിയും
മരണത്തിലേ സന്ധിബന്ധങ്ങളും
മർമ്മങ്ങളുമശേഷവും ഭേദിക്കും.
പ്രാണവായു തടഞ്ഞുമുടനുടൻ
ക്ഷീണഭാവേന കണ്ണു മിഴിക്കയും
ഊക്കുപാരമതുനേരമൂർദ്ധ്വനും
മൂക്കുതപ്പിടും മെല്ലെക്കരങ്ങളാൽ
എന്നു വേണ്ടാ വിവിധ ദുഃഖങ്ങളാൽ
അന്നന്നിങ്ങനെ ബാദ്ധ്യമാനന്മാരായ്
ആത്മജ്ഞാനം വരുവോളം ഖേദിക്കും
ആത്മാവെന്നു നിനയ്ക്കയാൽ ദേഹത്തെ
ഇപ്രകാരം ജഗദദ്ധ്യാരോപത്തെ
ചിത്പ്രകാശജഗത്തിങ്കൽ ചൊല്ലിനേൻ [ 29 ]
അപവാദക്രമമിനിച്ചൊല്ലുന്നേൻ
ഉപദേശക്രമേണ ഗുരുതന്റെ.
അനാദിയായനിർവാച്യരൂപമായ്
ദുർഘടത്തെ ഘടിപ്പിക്ക ശീലമായ്
ത്രിഗുണാത്മികയാം ഭഗവത് ശക്തി-
രൂപയാകിയ മായകൊണ്ടിങ്ങനെ
കല്പിതമാം ജഗത്തിലെ ദുഃഖങ്ങൾ
അല്പമല്ല വിചാരിച്ചു കാണുമ്പോൾ.
ദേഹാദികളിലാത്മബുദ്ധികൊണ്ടു
ഗേഹവിത്തകളത്രപുത്രാദിയിൽ.
സത്യത്വബുദ്ധികൊണ്ടു നിരന്തരം
സക്തന്മാരായി തദ്വിയോഗാദിയിൽ
നിത്യദുഃഖിതന്മാരായി മോഹംകൊ-
ണ്ടത്യന്തം വലഞ്ഞീടുന്നു ജീവന്മാർ.
ഇഷ്ടം സാധിച്ചനിഷ്ടം കളവതി-
നൊട്ടുംതന്നെയെളുതല്ലെന്നാകയാൽ
ചിന്തയായുള്ള ചെന്തീയിൽ വീണവർ
വെന്തുരുകുന്നതെന്തു പറയാവൂ.
വിചിത്രങ്ങളാം കർമ്മഫലങ്ങളാ-
ലമുത്രേഹ പരിഭ്രമിച്ചീടുന്നു.
സന്മാർഗ്ഗത്തെയറിയാതെ പോയവർ
ദുർമ്മതികളൊരുകാലമെങ്കിലും
ജ്ഞാനമുള്ള മഹാപുരുഷന്മാരെ-
ത്താനറിഞ്ഞവർ കണ്ടിട്ടുമില്ലല്ലോ [ 30 ]
അങ്ങനെയുള്ള ജന്തുക്കളിൽവച്ചി-
ട്ടങ്ങൊരുത്തനനേകജന്മങ്ങളാൽ
ചെയ്തിട്ടുള്ളൊരു പുണ്യകർമ്മങ്ങളാ-
ലൊന്നെന്നാലും ഘുണാക്ഷരന്യായേന
ജന്യമാകയാലീശ്വരാജ്ഞാവശാൽ
ശ്രുതിസ്മൃത്യുക്തപുണ്യകർമ്മങ്ങളിൽ
മതിയുണ്ടാമതുകൊണ്ടനന്തരം
സജ്ജനങ്ങളിൽ ഭക്തിയുണ്ടാകുമ്പോൾ
അവർചൊല്ലീടും മാർഗ്ഗത്തിൻ ധർമ്മത്തെ
ഈശ്വരാർപ്പണരൂപേണ ചെയ്യുമ്പോൾ
തന്മാഹാത്മ്യത്താലന്തഃകരണവും
ശുദ്ധമായീടുമന്നേരമാദരാൽ
സൽക്കഥാശ്രവണാദികൾകൊണ്ടുടൻ
വിജ്ഞാതമാകും സംസാരദോഷവും.
അന്നേരത്തു പരമപുരുഷാർത്ഥ-
മാകും മോക്ഷത്തിലിച്ഛയുണ്ടായ്‌വരും
സാധനങ്ങളെ നാലിനേയുമങ്ങു
സമ്പാദിച്ചുംകൊണ്ടപ്പുരുഷോത്തമൻ.
മോക്ഷസൗഖ്യപ്രദനാം പരബ്രഹ്മ-
സാക്ഷാത്ക്കാരത്തോടുംകൂടി സർവദാ
പ്രക്ഷീണാശേഷദോഷവാനായ് പ്രാണി-
വർഗ്ഗങ്ങളിൽ കരുണയോടും കൂടി
സർവദാ ശ്രുതിമസ്തകവാക്യത്തെ
ശ്രവണംചെയ്തനുഭവരൂപനായ് [ 31 ]
ഊഢാനുഗ്രഹം തന്നെ നിനച്ചുള്ളിൽ
ഗാഢമോദമിരുന്നരുളീടുന്നു.
ശ്രീഗുരുവരൻതന്റെ സമീപേ ചെ-
ന്നാദരവോടുപഹാരവും വച്ചു
പാദപങ്കജേ വീണു വിവശനായ്
ഖേദമമ്പോടുണർത്തീടുകിങ്ങനെ:
സ്വാമിൻ! ദുസ്തരസംസാരസാഗരേ
നിത്യം വീണുഴലുമിജ്ജനത്തിനെ
ഹസ്തപത്മംകൊണ്ടുദ്ധരിച്ചമ്പോടു
ബദ്ധമോദമനുഗ്രഹിക്കേണമേ.
ഇത്രയും ഗുരുവര്യൻ ശ്രവിക്കുമ്പോൾ
എത്രയും കരുണാർദ്രഹൃദയനായ്
അപ്പുരുഷനെ നന്നായ്പരീക്ഷിച്ചി-
ട്ടിപ്രകാരം ഹിതമരുളിച്ചെയ്യും.
ദൈവയോഗാൽ ഭവനീമനസ്സിപ്പോൾ
ചെവ്വിൽ വന്നു ഭയമില്ലിനിക്കിപ്പോൾ
മേലിൽ ചെവ്വല്ലതെകണ്ടുള്ള വിചാരത്താൽ
സർവവുമിഹ തെറ്റായി വന്നതും.
ആത്മജ്ഞാനമില്ലായ്ക നിമിത്തമ-
നാത്മാവിലുളവായൊരിസ്സംസാരം
സ്വാത്മചിന്തകൊണ്ടുല്പന്നമായിതു-
മാത്മജ്ഞാനംകൊണ്ടല്ലാതെ പോകുമോ?
അതുകൊണ്ടാത്മാവേതെന്നറിയണ-
മതിന്നായി പറയുന്നു കേട്ടാലും [ 32 ]
അഹം ബുദ്ധ്യാശ്രയത്തുങ്കലാത്മത്വം
വ്യവഹാരദശയിങ്കലിങ്ങനെ
ദേഹത്തിന്നും ഘടാദിക്കും കാണുന്നു
ഘടദ്രഷ്ടാ ഘടമല്ലെന്നോർക്കണം
ദൃശ്യമാം ഘടം ദൃഷ്ടവുമല്ലല്ലോ
അതുപോലെ മമേദം ശരീരവും.
ഇദം ബുദ്ധിയിൽ സൂക്ഷ്മദേഹത്തിന്റെ
സാക്ഷി രൂപമായന്വയിച്ചിടുമ്പോൾ
സ്ഥൂലദേഹത്തെ തോന്നാതെ പോകയാൽ
വ്യതിരേകവുമുണ്ടാമതു തന്നെ.
ഏവം സൂക്ഷ്മശരീരവുമായ്‌വരും
ദൃശ്യമായ ഘടാദികളെപ്പോലെ
ഇതു നമ്മുടെ സൂക്ഷ്മശരീരമെ-
ന്നിദംബുദ്ധിവിഷയമായ് നിത്യവും
ദൃശ്യഭൂതമാം സൂക്ഷ്മശരീരവും
ദൃഷ്ടമായീടും ആത്മാവല്ലെന്നതും
സൂക്ഷ്മദേഹത്തെക്കാണുന്നൊരാത്മാവും
സുപ്തിസാക്ഷിയായന്വയിച്ചീടുമ്പോൾ.
സൂക്ഷ്മദേഹവ്യതിരേകം കൊണ്ടുമി-
ന്നാത്മത്വമിതിനില്ലെന്നു സിദ്ധമാം
ഇത്രനേരവും നല്ല സുഷുപ്തിയാ-
ലെത്രയും സുഖമായുറങ്ങീടിനേൻ.
ഏതൊന്നുമറിഞ്ഞില്ലെന്നും സുപ്തി-
സാക്ഷിയാലനുഭൂതമായീടുന്ന [ 33 ]
അജ്ഞാനാത്മകകാരണദേഹവും
ആത്മാവല്ലതു ദൃശ്യമായ് പോകയാൽ.
യോഗാവസ്ഥയിൽ തത്‌സാക്ഷിയായിട്ട-
ങ്ങാത്മാവന്വയിച്ചീടുന്ന നേരത്തു
കാരണദേഹത്തിന്റെ വ്യതിരേകം
കൊണ്ടുമാത്മാവല്ലെന്നതു നിശ്ചയം.
ഇപ്രകാരം ശരീരാദ്യവിദ്യാന്ത-
സംഘാതവുമനാത്മാവദൃശ്യത്വാൽ
ദൃശ്യമൊക്കെയനാത്മാവെന്നുള്ളതും
വിശ്വാസത്തോടു ചിന്തിച്ചുറയ്ക്കണം.
യാതൊരുത്തനിവറ്റിന്റെ ദ്രഷ്ടാവാ-
യഹംബുദ്ധ്യാശ്രയനായ്‌വിളങ്ങുന്നു
ആയവനാത്മാവെന്നറിഞ്ഞീടണ-
മേവം ധ്യാനിച്ചുറപ്പിച്ചുകൊണ്ടുടൻ
സർവസാക്ഷ്യഹമെന്നു സന്ധാനവു-
മഹംബുദ്ധ്യാശ്രയനായിച്ചെയ്യുമ്പോൾ
സാത്ത്വികാഹംകാരത്തോടു കൂടീടും
ചിത്പ്രതിബിംബത്തിന്റെയും സാക്ഷിയാം
യാതൊരു വസ്തു നിർവ്വികാരമായി
ശോഭിച്ചീടുന്നതുതന്നെ നിശ്ചയം
സർവദ്ധ്യാരോപകൂടസ്ഥനാം പ്രത്യ-
ഗാത്മചൈതന്യം സർവോത്തമോത്തമം.
സുഷുപ്ത്യാദിയിൽ ചിച്ഛായ തന്നുടെ
നാശത്തിങ്കലും സാക്ഷിസ്വരൂപമായ് [ 34 ]
പ്രത്യാഗാത്മാവനുഗമിച്ചീടുന്നു
നിത്യനെന്നറിവാനിതു പോരയോ.
ഏവം ധ്യാനിച്ചീടുന്ന ചിദാഭാസ-
നഹംകാരതദാത്മ്യത്തെ പ്രാപിച്ചു
ജ്ഞാനിത്വാജ്ഞാനിത്വങ്ങളോടും കൂടി
അഹമെന്ന പദത്തിന്റെ വാച്യാ ർത്ഥം.
ഇത്താദാദ്മ്യവും ദേഹാദികളിലു-
ള്ളത്തൽ ബുദ്ധിയും നിശ്ശേഷം പോകുമ്പോൾ
സ്ഥൂലദേഹാദ്യഹംകാരാന്തമായ
സംഘാതത്തിന്റെ സാക്ഷിസ്വരൂപമാം
സുഷുപ്ത്യജ്ഞാനവൃത്തിയിൽ വ്യക്തമായ്
പ്രതിബിംബിക്കുമാനന്ദത്തിന്റെയും
സാക്ഷിസ്വരൂപമായ് സ്വാത്മാവിനെത്തന്നെ
കാൽക്ഷണം പിരിയാതെ നിനയ്ക്കണം.
ഇപ്രകാരം ശരീരാദിഭിന്നമായ്
സാക്ഷിരൂപമാമാത്മസ്വരൂപത്തെ
പ്രത്യക്ഷമെന്നു നന്നായ്‌വിചാരിച്ചു
നിശ്ചയം വരുത്തീടുന്ന നേരത്തു
ജാഗ്രദാദ്യവസ്ഥാത്രയത്തിങ്കലും
യോഗരൂപന്തുരീയാവസ്ഥയിലും
ദേഹം മൂന്നിനും ഭാനമില്ലായ്കയാൽ
വ്യതിരേകദശയിങ്കലുമാത്മാ.
നാശംകൂടാതെ ദേഹാദി സാക്ഷിയാ-
യന്വയിക്ക നിമിത്തമായ്സന്തതം [ 35 ]
സത്യജ്ഞാനസ്വരൂപനഹമെന്നും
സിദ്ധമാമതിനില്ലൊരു സംശയം.
പുത്രദാരധനാദികളെക്കാളും
എത്രയും പ്രിയനാകയാൽ നിത്യവും
സുപ്തിയിൽ വിപരീതമാം ബുദ്ധികൾ
ഒക്കെയും നശിച്ചീടുന്ന നേരത്തു
പ്രേമശേഷനായി ശേഷിക്കകൊണ്ടു-
മഹമാനന്ദരൂപനെന്നും സിദ്ധം.
ജാഗ്രദാദിയിൽ ദേഹാദി നിഷ്ഠമാം
സുഖദുഃഖാദിസാക്ഷിസ്വരൂപമായ്
സംബന്ധമൊന്നും കൂടാതെ നിൽക്കയാൽ
അസംഗനഹമെന്നോ ദൃഢമല്ലോ.
സ്വപ്നത്തിലും സുഷുപ്തിയിലും പിന്നെ
ചന്ദ്രസൂര്യപ്രകാശാദി കൂടാതെ
സ്വപ്നവിശ്വവും കാരണജ്ഞാനവും
ആത്മാവിങ്കൽ പ്രകാശിക്ക മൂലമായ്
സ്വപ്രകാശസ്വരൂപനഹമെന്നും
ഇപ്രകാരമറികയാൽ സിദ്ധമായ്.
വിശ്വമൊക്കെയും സ്വപ്നജഗത്തിന്റെ
ദ്രഷ്ടാവായീടുമെങ്കിലവിവേകാൽ
കല്പിതമത്രയല്ലാതെയില്ലൊന്നും
അതുകൊണ്ടഹമദ്വയനായല്ലോ.
നിത്യത്വം കൊണ്ടും സർവാത്മത്വം കൊണ്ടും
പൂർണ്ണത്വവുമനന്തത്വവും കൊണ്ടും [ 36 ]
ത്രിവിധപരിച്ഛേദരഹിതനാ
മനന്തനഹമെന്നതും സിദ്ധമായ്.
അപ്പോൾ സത്യജ്ഞാനാനന്തമദ്വയാ-
സംഗചിന്മാത്രസ്വപ്രകാശത്വമായ്
സമസ്തോപനിഷത്പ്രതിപാദ്യമാം
ബ്രഹ്മൈവാഹമെന്നുള്ളതതിസ്ഫുടം.
ബ്രഹ്മം തന്നെ ജഗത്‌സൃഷ്ട്യവനാന്ത
രാഗാദിമൂലസംബന്ധനുമായി
പ്രതഗാത്മസ്വരൂപനാകുന്നുവെ-
ന്നല്ലോ ചൊല്ലുന്നു സർവശ്രുതികളിൽ.
അഖണ്ഡൈകരസമാം പരബ്രഹ്മ-
മഹമെന്നപരോക്ഷമായ് തോന്നുമ്പോൾ
അബ്രഹ്മത്വം നിവർത്തിക്കും ജീവന്റെ
ബ്രഹ്മത്തിന്റെ പരോക്ഷത്വവും പോകും.
പൂർണ്ണാനന്ദൈകരൂപമായന്നേരം
പ്രത്യഗാത്മസ്ഥിതിയും പ്രകാശിക്കും
ഇതുതന്നെ പരമകൃപാംബുധി
ഭാഷ്യകർത്താ ഭഗവല്പാദാചാര്യൻ
‘വാക്യവൃത്തി’*യിൽ സ്പഷ്ടമരുൾചെയ്തു
യോഗ്യന്മാർക്കറിവാൻതക്കവണ്ണമായ്
ഏവമായപ്പോൾ സംസാരാവസ്ഥയും
അതിൽ തോന്നുന്ന കർത്തൃത്വാദികളും
അഹംകാരനു തന്നെയതും തുര്യ-
ചിന്മയാത്മാവിനില്ലെന്നും സിദ്ധമായ്

  • ശ്രീ ശങ്കരാചാര്യവിരചിതമായ ഒരു അദ്വൈത വേദാന്തഗ്രന്ഥം. [ 37 ]
അഹംകാരദശയിങ്കലുള്ളൊരു
സുഖദുഃഖാദി സംസാരദോഷങ്ങൾ
അഹംകാരലയമാം സുഷുപ്തിയിൽ
അഖിലവും നശിച്ചുപോകുമല്ലോ
ശ്രീമത് ഭാഗവതൈകാദശസ്കന്ധേ
ശ്രേയസ്താമനാമുദ്ധവൻ തന്നൊടും
ശ്രീകൃഷ്ണനരുൾചെയ്തതു തന്നെ
ശ്രേയസ്സെന്തിതിലേറെയൊന്നുള്ളതു
ഇപ്രകാരമഖണ്ഡാനന്ദാദ്വയ-
ബ്രഹ്മാഭിന്നനാം പ്രത്യഗാത്മാവുതാൻ
സർവത്തിന്നുമവിഷയനെങ്കിലും
വൃത്തിവ്യാപ്തനാമില്ല ഫലവ്യാപ്തി
ദേഹാദികളിലാത്മത്വം മൂലമായ്
സമസ്തവും നിരസ്തമായീടുമ്പോൾ
സർവസാക്ഷ്യഹമെന്നഖണ്ഡാനന്ദ-
സാക്ഷാത്ക്കാരമാം ചിത്തവൃത്തികൊണ്ടു
സാക്ഷ്യഹംകാരഭേദം മറച്ചീടും
ബ്രഹ്മനിഷ്ഠയാമജ്ഞാനം നഷ്ടമാം.
ശുദ്ധരൂപനാം പ്രതഗാത്മാവപ്പോൾ
സ്വപ്രകാശനായ് ബുദ്ധിതൻ വൃത്തിയിൽ
പ്രതിബിംബിക്കും വൃത്തിവ്യാപ്തിയെന്നു
പറയുന്നിതതുതന്നെ ശാസ്ത്രത്തിൽ
വൃത്തിനിഷ്ഠചിദാഭാസനെത്തന്നെ
ഫലചൈതന്യമെന്നും പറയുന്നു [ 38 ]
അതുകൊണ്ടു ഘടാദികളെപ്പോലെ
സ്വപ്രകാശാത്മാ ശോഭിക്കയില്ലല്ലോ.
അത്രയല്ല ഫലചൈതന്യമപ്പോൾ
സൂര്യജ്യോതിഷി രൂപപ്രഭപോലെ
സ്വപ്രകാശമാം സാക്ഷിപ്രകാശത്തിൽ
ക്ഷിപ്രമന്തർഭൂതമായ്ഭവിച്ചീടും.
ഇതുകൊണ്ടല്ലോ വേദാന്തവാക്യങ്ങൾ
ശ്രുതിഗമ്യത്വം ബുദ്ധ്യാദ്യഗമ്യത്വം
രണ്ടുമാത്മാവിനുണ്ടെന്നു ചൊല്ലുന്നു
കണ്ടുകൊള്ളണം ചേഷ്ടിതമിങ്ങനെ
വിദ്യാവാരിധിപാരഗനാകിയ
വിദ്യാരണ്യമുനീന്ദ്രഗുരുക്കളും
വിസ്തരിച്ചിതു തന്നെയരുൾചെയ്തു
‘തൃപ്തിദീപ’*ത്തിലെത്രയും സ്പഷ്ടമായ്.
ഇപ്രകാരം സമുത്പന്നമായൊരു
വിജ്ഞാനത്തിൻ ദാർഢ്യാർത്തമായിട്ടു
പ്രതിബിംബമാം ദേഹാത്മബുദ്ധിയും
ജഗത്‌സത്യത്വബുദ്ധിയും നിശ്ശേഷം
നശിച്ചീടുവാൻ കാരണമായൊരു
ദേഹാദിവ്യതിരിക്താത്മചിന്തനം
ജഗന്മിഥ്യാത്വചിന്തനവും സദാ
പരിശീലിച്ചുകൊൾക നിരന്തരം.

  • ശ്രീ വിദ്യാരണ്യമുനികൃതമായ പഞ്ചദശിയിലേ 7-ആം പ്രകരണമാണു് തൃപ്തിദീപം. [ 39 ]
ഇത്ഥമഭ്യസനപ്രതിബന്ധമാം
അപരോക്ഷാത്മവിജ്ഞാനമന്നേരം
വിജ്ഞാനത്താലസംഭാവനാദിക-
ളോടും കൂടീടുമജ്ഞാനം നഷ്ടമാം.
അന്നേരത്താത്മാവിങ്കലാ(നാ)ത്മാവെ-
ന്നഭിമാനിച്ചീടുന്നൊരഹംകാരം
ബന്ധമോക്ഷങ്ങൾക്കാശ്രയനാമവൻ
വന്ധ്യാപുത്രനെപ്പോലെ നശിച്ചീടും.
തന്നിഷ്ടങ്ങളായുള്ളൊരു കർമ്മങ്ങൾ
സഞ്ചിതാഗാമിരൂപങ്ങളന്നേരം
ബഹുജന്മനിമിത്തങ്ങളെങ്കിലും
ക്ഷണമാത്രം കൊണ്ടൊക്കെ നശിച്ചുപോം.
ഭൂതഭാവനനായ ഭഗവാനും
ഗീതതന്നിലിതുതന്നെ സ്പഷ്ടമായ്
ഭൂതദ്രോഹത്തിൽ ഭീതവാനായൊരു
ശ്വേതവാഹനനോടരുൾചെയ്തതും.
ലോകാനുഗ്രഹഹേതുവായ് ജ്ഞാനികൾ
ദേഹാദികളാൽ ചെയ്യുന്നു കർമ്മങ്ങൾ
പ്രാരബ്ധക്ഷയത്തോളമതെന്നിയേ
ജ്ഞാനികൾക്കില്ലഹംകാരനാശത്താൽ.
ദധിതന്നിലങ്ങൊന്നായ്‌വസിക്കുന്ന
നവനീതം കടഞ്ഞെടുത്തമ്പോടെ
പിന്നെയുമദ്ദധിതന്നിലിട്ടാലും
ഭിന്നമായ്ത്തന്നെ വർത്തിക്കുമായതും
അവിവേകദശയിലതുപോലെ
മിത്ഥ്യാതാദാത്മ്യംതന്നെ നിമിത്തമായ് [ 40 ]
ദേഹാഹംകാരംതന്നോടഭിന്നമായ്
സ്ഥിതമെങ്കിലും സത്ഗുരുവാക്യത്താൽ
ശ്രുതിയുക്ത്യനുഭൂതികളെക്കൊണ്ടും
പൃഥൿസാക്ഷാത്കൃതാത്മസ്വരൂപവും
വേറെതന്നെയിരിക്കുന്നു പത്മ-(?)
പത്രത്തിൽ പയോബിന്ദുവിനെപ്പോലെ.
ഗീതഭാഗവതാദികളിലിതു-
മോതി നന്നായ് ജഗത്പതി മാധവൻ
ഭീതിയൊട്ടുമില്ലീവഴി കണ്ടവ-
ർക്കായതിനൊരു സംശയവുമില്ല.
വർത്തമാനശരീരജനകമാം
കർമ്മം പ്രാരബ്ധമെന്നല്ലോ ചൊല്ലുന്നു.
ആരബ്ധഫലമാകയാലതു
ചാപനിർവൃത്തമായ ശരംപോലെ
മധ്യേ വിച്ഛിത്തികൂടാതതിനുടെ
ഭോഗത്തിന്റെയവധി വരുവോളം
ജ്ഞാനത്തിനുപകാരമാമജ്ഞാനം
കൊണ്ടു നഷ്ടമാം ദേഹേന്ദ്രിയങ്ങൾക്കും.
സുഖദുഃഖാദി നല്കീടുമെന്നല്ലോ
പരിഭാഷ നടക്കുന്നു ശാസ്ത്രത്തിൽ
ആത്മാവങ്ങതിനുംകൂടെ സാക്ഷിയായ്
നിർവ്വികാരനായ്ത്തന്നെ വസിക്കുന്നു.
ഇപ്രകാരമുള്ളോരു സ്ഥിതിയല്ലോ
ജീവന്മുക്തിയെന്നോതുന്നു ശാസ്ത്രത്തിൽ. [ 41 ]
ലോകസൃഷ്ടിയിൽ ദേഹാദിയുക്തനായ്
ജീവനായ്ത്തന്നെ മുക്തനാകുന്നല്ലോ.
ജീവന്മുക്തിയെ സംരക്ഷണം ചെയ്‌വാൻ
ഏവം ശീലിച്ചീടേണം സമാധിയും
സവികല്പകംതന്നെ രണ്ടായീടും
ദൃശ്യാനുവിദ്ധം ശബ്ദാനുവിദ്ധവും.
ഇപ്രകാരം ത്രിവിധസമാധിയും
ബാഹ്യാഭ്യന്തരഭേദത്താലാറാകും
ആറുമിപ്പോൾ ക്രമത്താലെ ചൊല്ലുന്നേൻ
ഏറെ വിസ്തരിക്കാതെ ചുരുക്കത്തിൽ
മുമ്പിത്തന്നെ ഗുരുവരനോതിയ
വേദാന്തശ്രവണത്താൽ പരമാർത്ഥം
ശ്രദ്ധ മാത്രത്താൽ സാമാന്യമായറി-
ഞ്ഞത്ര പിന്നെ സ്വബുദ്ധികൊണ്ടേറ്റവും
യുക്തിപൂർവമായുള്ള വിചാരമാം
മനനമതും നന്നായ്ക്കഴിഞ്ഞുടൻ
ദേഹത്തുങ്കലഹമെന്നുമീവക
വിപരീതമതികളെ വർജ്ജിച്ചു.
ദേഹാദിസാക്ഷ്യഹമെന്നും സന്തതം
സജാതീയമതിപ്രവാഹമായ
നിദിദ്ധ്യാസനവും ചെയ്തനന്തരം
സമാദ്ധ്യഭ്യാസംചെയ്ക വഴിപോലെ.
അവിടെപ്പിന്നെ ദൃശ്യാനുവിദ്ധത്തെ
പ്രഥമം പരിശീലിച്ചുകൊള്ളണം [ 42 ]
ദൃശ്യദേഹാദിയോടു സഹിതത്തെ
ദൃശ്യാനുവിദ്ധമെന്നു പറയുന്നു.
ദേഹാദികളെ ദൃശ്യങ്ങളായിട്ടു
നിർദ്ദേശിച്ചു തത്‌സാക്ഷ്യഹമെന്നുള്ളിൽ
അനുസന്ധാനം ചെയ്യുന്നതു തന്നെ
ദൃശ്യാനുവിദ്ധമായ സമാധിയാം.
ഇതും ദേഹാദിദൃശ്യനിരാസത്തെ
കൂടാതെ തന്നെ സാക്ഷിസാക്ഷാത്ക്കാരം
ദൃഢമായ്‌വരുവോളം നിരന്തരം
പരിശീലിച്ചുകൊൾക വഴിപോലെ.
ഇതു നന്നായ്സുദൃഢമാക്കികൊണ്ടു
ശബ്ദാനുവിദ്ധമഭ്യസിച്ചീടണം
സത്യജ്ഞാനാദിശബ്ദം സ്മരിച്ചതി-
നർത്ഥമായിട്ടങ്ങാത്മാനുചിന്തനം
ചെയ്തീടുന്നതു ശബ്ദാനുവിദ്ധമാം
സവികല്പസമാധിയറിഞ്ഞാലും
ശുദ്ധരൂപോƒഹമാനന്ദരൂപോƒഹം
അദ്വിതീയോƒഹം ബ്രഹ്മാഹമിങ്ങനെ
സുദൃഢാനുഭവം വരുവോളവും
ശബ്ദാനുവിദ്ധമഭ്യസിച്ചീടണം.
അതുകൊണ്ടഹം ബ്രഹ്മമെന്നേറ്റവും
അപരോക്ഷമായ് സാക്ഷാത്ക്കൃതമായാൽ
ബ്രഹ്മാഹമെന്നു ഖണ്ഡാകാരമായ
വൃത്തിയെക്കൂടെ വിസ്മരിച്ചീടണം [ 43 ]
ധ്യേയബ്രഹ്മമാത്രമായ്മനോവൃത്തി
ഭവിക്കുന്നതതു നിർവികല്പകം.
വിഘ്നങ്ങളുണ്ടവിവേകമായതിൽ
ലയം വിക്ഷേപമേവം കഷായവും
രസാസ്വാദവുമിങ്ങനെ നാലുണ്ട-
ങ്ങതിനുള്ള സ്വഭാവം പറഞ്ഞീടാം.
നിദ്രകൊണ്ടുള്ളഭിഭവം ചിത്തത്തി-
ലതുതന്നെ ലയമെന്നും ചൊല്ലുന്നു.
കൂടെക്കൂടെ വിഷയങ്ങളിൽ ചിത്തം
വാസനയാ പോകുന്നതു വിക്ഷേപം.
ലയം വിക്ഷേപം രണ്ടുമല്ലാതെ കണ്ടി-
ടയിൽ ചിത്തം രാഗാദിദോഷത്താൽ
രൂഢഭാവേന തുഷ്ണീമവസ്ഥയെ
പ്രാപിച്ചീടുന്നതെല്ലോ കഷായവും.
അപാലംബാവസ്ഥയിൽ ചിത്തവും
അഖണ്ഡാനന്ദരൂപമായീടാതെ
വൃത്തിയിൽ പ്രതിബിംബിതാനന്ദത്തെ
ആസ്വദിക്കുന്നതല്ലോ രസാസ്വാദം
ഇപ്രകാരം സമാധികാലത്തുള്ള
വിഘ്നങ്ങളെ പരീക്ഷിച്ചു നന്നായി
നിദ്രക്കും കൂടെ സാക്ഷിതാനെന്നോർത്തു
ലയമാശു പരിഹരിച്ചീടണം.
വിഷയേ ദോഷചിന്തനവും തഥാ
സ്വാത്മാനന്ദാനുസന്ധാനവും ചെയ്തു
വിക്ഷേപത്തെ കളയണമാത്മാനു-
സന്ധാനത്താൽ കഷായത്തെ നീക്കണം. [ 44 ]
വൃത്തിവിസ്മരണത്താൽ രസാസ്വാദം
സത്ത്വരം നിവൃത്തിച്ചുകൊള്ളേണമേ
മുമ്പിൽ മുമ്പിലുണ്ടാകുന്ന വൃത്തിയെ
മറന്നീടുവാൻ ചെയ്യും പ്രയത്നത്താൽ
പിന്നെപ്പിന്നെയുണ്ടാകാതെയായിട്ടു
വൃത്തിപോകുമ്പോൾ ചിത്തവുമില്ലല്ലോ.
നിർവികല്പസമാധി
നിർവികല്പസമാധിക്രമമിനി
ഗുർവനുഗ്രഹത്താൽ പറഞ്ഞീടുന്നേൻ,
സ്ഥൂലദേഹാഭിമാനിയാം വിശ്വനെ
വിരാണ്മാത്രമായ്ക്കല്പിച്ചുറച്ചുടൻ
വ്യഷ്ടിസ്ഥൂലശരീരസ്വരൂപമായ്
സമഷ്ടിബ്രഹ്മാണ്ഡത്തെയുമീവണ്ണം.
വിരാഡ്രൂപത്തെപ്പിന്നെ വഴിപോലെ
ഹിരണ്യഗർഭമാത്രമായ്ക്കല്പിച്ചു
അവിടെപ്പിന്നെ സൂക്ഷ്മദേഹസ്ഥനാം
തൈജസനെയും വ്യഷ്ടിസമഷ്ടിയായ്.
സൂക്ഷ്മദേഹങ്ങളേയും വഴിപോലെ
ലയിപ്പിച്ചു ഹിരണ്യഗർഭനെ (?)
മായോപാധികനായീടുമീശങ്കൽ
സമർപ്പിച്ചുടൻ കാരണോപാധിയിൽ
അഭിമാനിയാം പ്രാജ്ഞനേയും പിന്നെ
വ്യഷ്ടികാരണദേഹസഹിതമായ്
സമഷ്ടിരൂപമായീടും മായയും
ഈശ്വരരൂപമായിട്ടുറപ്പിച്ചു [ 45 ]
ഈശ്വരനേയുമിപ്രകാരം തന്നെ
സർവസാക്ഷിയായ് സർവാന്തരംഗനായ്
സച്ചിദാനന്ദരൂപനായ് വർത്തിക്കും
സ്വപ്രകാശനാം പ്രത്യഗാത്മാവിങ്കൽ
നിർവ്വിശേഷം ലയിപ്പിച്ചുകൊള്ളണം
നിർവ്വികല്പസമാധിയിലന്വഹം.
പ്രത്യൿചൈതന്യം ശുദ്ധപരബ്രഹ്മ
ചൈതന്യമെന്നു നിശ്ചയിച്ചാൽ പിന്നെ
നിശ്ചയവും കതകരജോന്യായം
തത്ര താനേ ലയിച്ചീടുമന്നേരം
നിശ്ചലാനന്ദസാന്ദ്രസുധാബ്ധിയായ്
വർത്തിച്ചീടും സമാധിഗതിയുടെ
പര്യവസാനഭൂമിയെന്നാചാര്യ-
വര്യന്മാർ പരിചോടരുൾചെയ്തിതു.
നിവൃത്തിച്ചു സമാധിദശയിൽ നി-
ന്നനുവർത്തിച്ചീടുന്നേരം സംസാരം
ബഹിർവിക്ഷേപം കൂടാതിരിപ്പാനായ്
ബാഹ്യമായ സമാധിത്രയത്തെയും
പരിശീലിച്ചിടേണമതിനായി
പറയുന്നേനറിഞ്ഞവണ്ണമതും.
സമാധിത്രയം
ഇപ്രപഞ്ചത്തിലസ്തി ഭാതി പ്രിയം
നാമരൂപമെന്നഞ്ചംശമുള്ളതിൽ
ആദ്യം മൂന്നംശം ബ്രഹ്മസ്വരൂപമാം
ശിഷ്ടം രണ്ടംശവും ജഗദ്രൂപമാം. [ 46 ]
അസ്തി ഭാതി പ്രിയമെന്നാലായതും
സച്ചിദാനന്ദം തന്നെയാകുന്നല്ലോ
സച്ചിദാനന്ദം സർവത്ര നിശ്ചലം
നാമരൂപങ്ങളസ്ഥിരം സർവത്ര.
ഇപ്രകാരമായുള്ള ജഗത്തിങ്കൽ
വ്യാവൃത്തങ്ങളാം നാമരൂപങ്ങളെ
വേർപെടുത്തതിന്നാധാരമായിട്ട-
ങ്ങനുവർത്തിക്കും സർവത്ര സർവദാ
സച്ചിദാനന്ദമെന്നുള്ള ചിന്തനം
ബാഹ്യദൃശ്യാനുവിദ്ധം സവികല്പം
നാമരൂപപൃഥക്കരണത്തിനാൽ
സച്ചിദാനന്ദമെന്നുള്ള ചിന്തനം
ബാഹ്യദൃശ്യാനുവിദ്ധം സവികല്പം
നാമരൂപപൃഥക്കരണത്തിനാൽ
സച്ചിദാനന്ദബ്രഹ്മാനുസന്ധാനം
ദൃഢമായുറയ്ക്കുമതുനേരത്തിൽ
നാമരൂപങ്ങളേയുമുപേക്ഷിച്ചു
അഖണ്ഡാനന്ദബ്രഹ്മമിതൊക്കെയും
അഖണ്ഡാദി പദസ്മൃതിപൂർവമായ്
തദർത്ഥമായിട്ടാത്മാനുസന്ധാനം
ബാഹ്യശബ്ദാനുവിദ്ധസവികല്പ-
മിപ്രകാരം ബഹിർഭാഗത്തുങ്കലും
അഖണ്ഡാനന്ദബ്രഹ്മാനുസന്ധാനം
ദൃഢമാകുമ്പോഴന്തഃകരണവും [ 47 ]
അഖണ്ഡാനന്ദമാത്രത്തിന്നാധാര-
മാകയാലുള്ള പാരവശ്യംകൊണ്ടും
അഖണ്ഡാദികളേയും മറന്നുടൻ
വൃത്തികൂടാതെ വർത്തിച്ചീടുന്നേരം
ബാഹ്യനിർവികല്പകസമാധിയാം
ഇസ്സമാധിയും നന്നായ് ദൃഢമായാൽ
ബാഹ്യാഭ്യന്തരമെന്നുള്ള ഭേദവും
ചിത്തത്തിനില്ലിതുകൊണ്ടു സർവത്ര
സർവദാ ഭവിക്കുന്നു സമാധിയും
നിർവികല്പാദി ഭേദവിഹീനമായ്
ആത്മാകാരമനാത്മാകാരമെന്നും
രണ്ടുരൂപം മനസ്സിലുണ്ടായതിൽ.
ആത്മാകാരത്തെക്കൊണ്ടുകളയണ-
മനാത്മാകാരഭാഗമെന്നിങ്ങനെ
സർവജ്ഞാത്മമുനീന്ദ്രവചനത്തി-
ന്നിസ്സമാധികളെല്ലാം വിഷയമാം.
ഇപ്രകാരത്തിലുള്ള സമാധികൾ
എപ്പേരും വിട്ടു സ്പഷ്ടതരമായി
‘ദൃഗ്‌ദൃശ്യവിവേക’ത്തിലരുൾചെയ്തു
വിദ്യാരണ്യമുനീന്ദ്രഗുരുക്കളും.
ഏവമുള്ള സമാധികളെക്കൊണ്ട-
ങ്ങാത്മാകാരമാക്കീടുകയാൽ ചിത്തം
അനാത്മാകാരമൊക്കെ നശിക്കുമ്പോൾ
സ്വപ്രകാശമായ് സിദ്ധമായുള്ളൊരു [ 48 ]
സാക്ഷി പ്രത്യൿസ്വരൂപം പരബ്രഹ്മം
സന്തതം സ്ഫുരിച്ചീടുമതുകൊണ്ടു
ഉല്പത്തിക്രമപ്രതിലോമമായി-
ട്ടിപ്രപഞ്ചമവിദ്യാസഹിതമായ്.
ബുദ്ധികൊണ്ടുടൻ പ്രത്യഗഭിന്നമാം
ബ്രഹ്മത്തിങ്കലശേഷം ലയിപ്പിച്ചു
വർത്തിച്ചീടുകകൊണ്ടുമഭിജ്ഞനാം
ബ്രഹ്മനിഷ്ഠസമാധിസ്ഥൻ സർവദാ
വിശ്വത്തെ ലയിപ്പിക്കും പ്രകാരവും
ശാശ്വതം പറയുന്നതു കേട്ടാലും.
ഭൂമി തോയത്തിൽ തോയമനലങ്ക(#)
അഗ്നിയുമനിലംകലനലനും.
വ്യോമത്തിങ്കലും വ്യോമവും മായയിൽ
മായയോടു സഹിതമാം കൂടസ്ഥൻ
പ്രത്യഗ്രൂപപരബ്രഹ്മത്തിങ്കലും
ലയിപ്പിക്കുന്നു മുക്തന്മാരായവർ.
ഏവമെന്നാൽ പ്രഥമം പഞ്ചീകൃത-
പഞ്ചഭൂതകാര്യമാം ബ്രഹ്മാണ്ഡത്തെ
സ്ഥൂലപഞ്ചമഹാഭൂതമാത്രമായ്
കല്പിച്ചിട്ടുടൻ സ്ഥൂലസൂക്ഷ്മങ്ങളെ
സൂക്ഷ്മപഞ്ചഭൂതമാത്രമായീടും
പൃഥിവ്യാദികളേയുമനന്തരം
സ്വസ്ഥകാരണമാത്രമാക്കീടുമ്പോൾ
വിശ്വമൊക്കെ ലയിച്ചീടും നിശ്ചയം. [ 49 ]
അദ്ധ്യാരോപിതമായ ജഗത്തിന്റെ
അപവാദം ഗുരുവരകാരുണ്യാൽ
ഒരുവണ്ണം പറഞ്ഞേനിതുകൊണ്ടും
ജീവന്മുക്തി സുശിക്ഷിതമായീടും.
ഇപ്രകാരമാകുംപോഴജ്ഞാനവു-
മതുകൊണ്ടുള്ള ബന്ധവുമങ്ങനെ
ജ്ഞാനവുമതിനാലുള്ള മോക്ഷവും
നിത്യശുദ്ധനായീടുമാത്മാവിന്നു
ഒരുകാലവുമില്ലെന്നു തന്നെയാം
ദൃഢനിശ്ചയം ബ്രഹ്മനിഷ്ഠന്മാർക്കും
ഇതുതന്നെ ശ്രുതിശിരോവാക്യങ്ങൾ-
ക്കതിഗൂഢമായുള്ള സിദ്ധാന്തവും.
ശാസ്ത്രഗർത്തത്തിൽ വീണുരുളുന്നതു
മാത്രംകൊണ്ടറിയാമോ പരമാർത്ഥം
നേത്രമുള്ള ഗുരുവരകാരുണ്യാൽ
ശ്രോത്രം തന്നിലുപദേശം കൂടാതെ.
പാത്രമെന്നുമപാത്രമെന്നും ചില
ശാസ്ത്രം കൊണ്ടു പറയുന്നതൊക്കെയും
ശ്രോത്രിയാണാം ഗുരുവറിഞ്ഞിട്ടല്ലോ
ശാസ്ത്രസാരമുപദേശിക്കുന്നതും
ഗുരുശാസ്ത്രമൊഴിഞ്ഞുടനാരിന്നു
പരമാർത്ഥസ്വരൂപമറിയുന്നു
ഗുരുപാദശുശ്രൂഷകൊണ്ടുണ്ടാകും
പരമായുള്ള ശാസ്ത്രവിജ്ഞാനവും. [ 50 ]
തൃക്കടേരി യതിപ്രവരനെയും
അക്കണക്കന്യദേശികന്മാരെയും
ഉൾക്കരളിൽ കരുതുക കൊണ്ടല്ലോ
ധിക്കൃതമായി മായാപ്രപഞ്ചവും.
ഇപ്രകാരമിപ്പാനപ്രബന്ധത്തെ
സ്വല്പബുദ്ധികൾക്കായിട്ടു ചൊല്ലിയേൻ
അല്പങ്ങളായ ദോഷങ്ങളൊക്കെയും
സല്പുമാന്മാർ സഹിച്ചരുളേണമേ.
ഇപ്രബന്ധമൊരുത്തനനുദിനം
അല്പമെങ്കിലും ശ്രദ്ധയായ് ചൊല്ലുകിൽ
അപ്പുരുഷന്റെ സംസാരസങ്കടം
മുപ്പുരാന്തകനാണെ നശിച്ചീടും.
അച്യുതാനന്ത! ഗോവിന്ദ! മാധവ!
സച്ചിദാനന്ദമൂർത്തേ! സനാതന!
ത്വച്ചരണാരവിന്ദമെന്മാനസേ
നിശ്ചലമായ്‌വസിച്ചരുളീടണം.
കോ നു രാജന്നിന്ദ്രിയവാന്മുകുന്ദചരണാംബുജം
ന ഭജേൽ സർവതോ മൃത്യുരുപാസ്യമമരോത്തമൈഃ
ഇതി പാനപ്രബന്ധം സമാപ്തം
"https://ml.wikisource.org/w/index.php?title=അധ്യാത്മവിചാരം_പാന&oldid=41912" എന്ന താളിൽനിന്ന് ശേഖരിച്ചത്