എന്റെ നാടുകടത്തൽ (ആത്മകഥ)

രചന:സ്വദേശാഭിമാനി രാമകൃഷ്ണപിള്ള




എന്റെ

നാടുകടത്തൽ




സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള




[ 2 ] 'കേരള ദർപ്പണം' പത്രാധിപരായിരിക്കെ സ്വദേശാഭിമാനി എഴുതിയ ഒരു കത്ത്.

തിരുവനന്തപുരം
൧൯൦൦, നവംബർ ൧൧



'കേരളസഞ്ചാരി'പത്രാധിപർക്കു്-

സർ,

ഇന്നു കിട്ടിയ ൭-ാംനമ്പർ 'കേരളസഞ്ചാരി'യിൽ "ഭാഷാപോഷിണിയും കേരളദൎപ്പണവും" എന്നൊരു ലേഖനം കണ്ടു. അതു പ്രസിദ്ധീകരണത്തിനായി ഇവിടെ അയച്ചിരുന്നുയെന്നു് ലേഖകൻ പ്രസ്താവിച്ചിട്ടുള്ളതു വ്യാജമാകുന്നു. അങ്ങനെ ഒരു ലേഖനം ഇവിടെ എത്തിനോക്കുക പോലും ചെയ്തിട്ടില്ല. അതു എനിക്കയച്ചിരുന്നില്ലെന്നതു അതിലെ ചില വാചകങ്ങളുടെ വൈലക്ഷണ്യത്താൽ തന്നെ പ്രജ്ഞാദൃക്കുകൾക്കു കൂടി ഗ്രഹിക്കാവുന്നതാകുന്നു.

എന്നിട്ടും, 'കേരളസഞ്ചാരി' പത്രാധിപരായ താങ്കൾ അതിനെ അകൈതവബുദ്ധ്യാ പ്രസിദ്ധീകരിച്ചതിൽ ഞാൻ വ്യസനിക്കുന്നു. 'അസമാനവിവാദേന ലഘുതൈവോപജായതേ' എന്നുള്ളതിനാൽ ഞാൻ അതിനു മറുപടി എഴുതുവാൻ ഉദ്യമിക്കുന്നില്ല. എങ്കിലും, താങ്കളെ ഇത്രയും ഗ്രഹിപ്പിക്കണമെന്നു കരുതി ഈ കത്തയയ്ക്കുന്നതാണു്. ഇങ്ങനെയുള്ള കൃത്രിമസംഗതികളെ പ്രസിദ്ധപ്പെടുത്താൻ 'കേരളസഞ്ചാരി' തന്റെ പത്രപംക്തികളെ വിനിയോഗിക്കുന്നതു് അധൎമ്മമാണെന്നു താങ്കൾ സ്മരിക്കാതിരിക്കുന്നുവെങ്കിൽ അതു ദയനീയം തന്നെ.

എന്നു് താങ്കളുടെ


കേ.രാമകൃഷണപിള്ള
ഒപ്പ്
കേരളദർപ്പണപത്രാധിപർ.

[ 5 ]


'സ്വദേശാഭിമാനി'യുടെ മുഖപ്രസംഗങ്ങളും ലേഖനങ്ങളും


കൈക്കൂലിപ്പിശാചിന്റെ വിക്രിയകൾ

ടശ്ശേരി ക്ഷേത്രക്കേസ് സംബന്ധിച്ചു ജഡ്ജ്മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. തിരുവിതാംകൂർ ദീർഘകാലമായി കൈക്കൂലിപ്പിശാചിന്റെ സ്വച്ഛന്ദവിഹാരമായിരുന്നു എന്നുള്ളതും തിരുവിതാംകൂർ സർക്കാർസർവ്വീസിലെ ഉദ്യോഗസ്ഥന്മാർ ഈ പിശാചിന്റെ ഉപാസകന്മാരായിരുന്നുവെന്നുള്ളതും ഇക്കാലമത്രയും പരസ്യമായി ഒരു രഹസ്യമായിരുന്നു. എന്നാൽ അതിപ്പോൾ സർവലോകപ്രസിദ്ധമായിത്തീർന്നിരിക്കുകയാണ്. നമ്മുടെ ഗവണ്മെന്റിന്റെ-ജനങ്ങളുടെ താത്പര്യങ്ങളും അവകാശങ്ങളും ആദരിച്ചു ഭരണം നടത്തുന്ന എല്ലാ പരിഷ്കൃത ഗവണ്മെന്റുകളെയും പോലെ നീതിയിൽ അധിഷ്ഠിതമായ ഒരു ഗവണ്മെന്റിന്റെ-കാര്യങ്ങളിൽ കൊട്ടാരത്തിലെ ചില ഉദ്യോഗസ്ഥന്മാർ ഇടപെട്ടു കാണിച്ച കൊള്ളരുതായ്മകൾ ഈ കേസ്സിൽക്കൂടെ പൊതുജനങ്ങൾക്കും, ഗവണ്മെന്റിനും, മേൽക്കോയ്മയ്ക്കും രാജ്യത്തിനു വെളിയിലുള്ളവർക്കും പരമബോദ്ധ്യമായിത്തീർന്നിരിക്കുന്നുവെന്നുള്ളത് ചാരിതാർത്ഥ്യജനകമാണ്. നീതിനിഷ്ഠനായ മി. സദാശിവയ്യരുടെ വിശദവും വിദഗ്ധവുമായ ജഡ്ജ്മെന്റിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്ന യാഥാർത്ഥ്യങ്ങളിൽ ഈ രാജ്യത്തെ ജനങ്ങൾക്കാർക്കും അത്ഭുതത്തിനവകാശമില്ല. അവർക്ക് അതത്രമേൽ സുപരിചിതങ്ങളാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസംകൊണ്ട് സത്യം, ധർമം, നീതി, വിശ്വാസ്യത, ആദർശപരത്വം മുതലായ വിശിഷ്ടഗുണങ്ങളാർജ്ജിച്ചിരിക്കുന്ന ചില ഉദ്യോഗസ്ഥന്മാർ, തങ്ങൾ സർവകലാശാലയിൽനിന്നു ബിരുദം സ്വീകരിക്കുന്ന അവസരത്തിൽ ചെയ്യുന്ന സത്യപ്രതിജ്ഞയെയും തങ്ങൾക്കു ലബ്ധമായിരിക്കുന്ന സംസ്കാരത്തെയും ആത്മാഭിമാനത്തിന്റെ അമൂല്യതയെയും വിസ്മരിച്ച് ശുപാർശ, കൈക്കൂലി മുതലായ കുമാർഗ്ഗങ്ങളിൽ ചരിക്കുന്നത് എത്രയോ അപഹാസ്യമാണെന്ന് ഈ കേസ്സിന്റെ ചരിത്രം വിശദമാക്കുന്നു. ഇങ്ങനെ ജുഗുപ്സാവഹങ്ങളായ മാർഗ്ഗങ്ങളിൽക്കൂടെ ഉദ്യോഗത്തിൽ പ്രവേശിച്ചിട്ടുള്ളവർ നമ്മുടെ സർക്കാർസർവ്വീസിൽ ഒന്നോ രണ്ടോ അല്ലെന്ന് ഞങ്ങൾക്കു ധൈര്യസമേതം പറവാൻ കഴിയും. പല ഉദ്യോഗസ്ഥന്മാരും വിദ്യാർത്ഥിജീവിതകാലത്ത് ആദർശപരമായി ജീവിച്ചിട്ടുള്ളവരായിരിക്കും. തങ്ങൾ മനസ്സാക്ഷിക്കു വിരുദ്ധമായി കുത്സിതമാർഗ്ഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരായിത്താർന്നതാണെന്ന് അവരുടെ മനസ്സാക്ഷി തന്നെ ഇപ്പോൾ സമ്മതിക്കാതിരിക്കയില്ല. എന്തിനധികം പറയുന്നു. സർക്കാർസർവ്വീസിൽ പ്രവേശിക്കുന്നതുവരെയേ സത്യധർമ്മാദികൾ ഉള്ളു എന്ന നിലയിലാണ് ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റം. കൈക്കൂലിക്കും, ചില [ 6 ] കൊട്ടാരം ഉദ്യോഗസ്ഥന്മാരുടെ ശുപാർശകൾക്കും വിധേയനായതായി തെളിവുമൂലം വിചാരിക്കപ്പെടാവുന്ന ദിവാൻപേഷ്കാർ മിസ്റ്റർ മാധവൻപിള്ളയെപ്പോലുള്ള ഉന്നതകലാശാലാബിരുദധാരികളുടെപോലും സ്വഭാവത്തിൽ വന്നിരിക്കുന്ന വ്യത്യാസം ആലോചിച്ച് നോക്കുക. സർക്കാർസർവ്വീസിലെ അഴിമതികളുടെ സർവസാധാരണത്വമാണ് ഇതിൽനിന്നൊക്കെ വിശദമാകുന്നത്. തിരുവിതാംകൂറിന്റെ ധാർമ്മികപ്രശസ്തിയെത്തന്നെ ദൂഷിതമാക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. കൈക്കൂലിയിൽ മുങ്ങിക്കിടക്കുന്ന ഒരു രാജ്യമെന്നുള്ള ദുര്യെശസ്സ് തിരുവിതാംകൂറിനുണ്ടാക്കുകയാണ് ഇവരുടെ ജീവിതവ്രതമെന്നു തോന്നിപ്പോകുന്നു. ഇക്കൂട്ടരെ നാമാവശേഷമാക്കുവാൻ നമ്മുടെ ദിവാൻജിമാരിൽ ആർക്കെങ്കിലും കഴിഞ്ഞിട്ടില്ല. ഇതെത്രയോ ദുഃഖകരമായ ഒരവസ്ഥയാണ്? ദേവികുളത്തെ 'ലീ' കേസ്സ് സംബന്ധമായ സാഹചര്യങ്ങളിൽ തിരുവിതാംകൂറിലെ കൈക്കൂലിയെപ്പറ്റി മദ്രാസ് ഹൈക്കോർട്ടിൽ പരാമർശമുണ്ടായത് ഈയിടെ മാത്രമാണ്. ഈ ദുഃസ്ഥിതി പരിഹരിക്കാമെന്നൊക്കെ ഉദ്ഘോഷിക്കപ്പെടാറുണ്ടെങ്കിലും കൈക്കൂലി ഇന്നും തിരുവിതാംകൂറിൽ നടമാടുന്നുണ്ട്. ഇതിനൊരന്തരം വരുത്തുവാൻ ഗവണ്മെന്റ് യാതൊന്നും ഇതുവരെ പ്രവർത്തിച്ചിട്ടുമില്ല. പ്രബലവും സംശയരഹിതവുമായി തെളിവുകൾ ഗവണ്മെന്റിനു ലഭിക്കായ്കയാലായിരിക്കുമോ? ഗവണ്മെന്റധികൃതർക്ക് ആവശ്യമായിരുന്നെങ്കിൽ തെളിവിനു യാതൊരു പ്രയാസവുമുണ്ടാകയില്ലെന്ന് ഇപ്പോൾ പ്രകടമായിരിക്കുന്നു. തിരുവിതാംകൂറിലെ അഴിമതികളെപ്പറ്റി നാം എത്ര കൂടുതൽ ചിന്തിക്കുമോ അത്ര കൂടുതൽ വ്യസനിക്കുകയേ കരണീയമായിട്ടുള്ളു. കൈക്കൂലിക്കുറ്റത്തിന് പങ്കുകാരെന്ന് ഈ കേസ്സിൽ സംശയിക്കപ്പെടുന്നവരുടെമേൽ ഗവണ്മെന്റ് നടപടികളെടുക്കുന്നില്ലെങ്കിൽ, ഈ ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമെല്ലാം നിഷ്ഫലമാവുകയും ജനങ്ങൾ നിരാശയിലേക്കുതന്നെ മടങ്ങുകയും ചെയ്യുമെന്നു ഞങ്ങൾക്കു ഭയമുണ്ട്. ഫൗസ്ദാർ മി. അനന്തരാജയ്യരും പാലസ് മാനേജർ മി. ശങ്കരൻതമ്പിയും അവരുടെ പേരിനു വന്നു കൂടിയിരിക്കുന്ന കളങ്കം എങ്ങനെ പരിഹരിക്കാമെന്നുള്ളതിനെപ്പറ്റി ഉടനടി പര്യാലോചന നടത്തുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. അവർ അപ്രകാരം ചെയ്യാത്തപക്ഷം പൊതുജനഹൃദയങ്ങളിൽ അവരെപ്പറ്റി ഉണ്ടായിട്ടുള്ള ചീത്ത അഭിപ്രായം ഒരു കാലത്തും മാറിപ്പോകുന്നതല്ലെന്നും ഞങ്ങൾ അവരെ ധരിപ്പിച്ചുകൊള്ളുന്നു. അപ്രകാരംതന്നെ, രാജ്യത്തിന്റെ സൽപ്പേരിനുണ്ടായിരിക്കുന്ന ഈ കളങ്കം സംബന്ധിച്ചു ദിവാൻ മി. മാധവറാവുവിന്റെ ഗവണ്മെന്റ് അന്വേഷണം നടത്തി തക്കതായ പ്രതിവിധികൽ നിർദ്ദേശിക്കാത്തപക്ഷം അതു തിരുവിതാംകൂർ ഗവണ്മെന്റിന് ആക്ഷേപകരമായിരിക്കുമെന്നും ഞങ്ങൾ കരുതുന്നു. .

(1908 മാർച്ച് 7)

[ 7 ]


തിരുവിതാംകൂറിലെ അഴിമതികൾ

'മാതൃകാരാജ്യം', 'ധർമ്മരാജ്യം' എന്നും മറ്റുമുള്ള വിശേഷണങ്ങൾകൊണ്ട് ഒരുകാലത്തു പ്രഖ്യാപിതമായിരുന്ന തിരുവിതാംകൂർ സംസ്ഥാനത്തിന് 'അഴിമതിനാട്' എന്നുള്ള പര്യായത്തെ നല്കത്തക്കവിധത്തിൽ, ഈ നാട്ടിലുള്ള രാജസേവകന്മാരും ചില ഉദ്യോഗസ്ഥന്മാരും സ്വേച്ഛപോലെ പലേ അഴിമതികൾ നടത്തിവരുന്നു എന്നു നാടെങ്ങും പ്രസിദ്ധമായിത്തീർന്നിട്ടുണ്ടല്ലോ. നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ഈ കളങ്കത്തെ നിശ്ശേഷം നിർമ്മാർജ്ജനം ചെയ്യുന്നതിനു ജനസമുദായത്തിന്റമ മുറവിളി നിരന്തരം ഇളക്കിക്കൊണ്ടിരുന്നിട്ടും, രാജ്യഭരണകർത്താക്കന്മാർ ഈ വിഷയത്തിൽ അശ്രദ്ധന്മാരായിരിക്കുന്നതല്ലാതെ, ഗവണ്മെന്റിന്റെ സൽകീർത്തിയെ പരിപാലിക്കുന്നതിനുവേണ്ട നിവൃത്തി മാർഗ്ഗങ്ങൾ അന്വേഷിക്കുന്നതായി കാണപ്പെടുന്നില്ല. രാജസേവകന്മാരുടെ പ്രഭാവത്തിൽ അടിമപ്പെടാതെയും, സ്വന്തം മനസ്സിനെ വഞ്ചിക്കാതെയും രാജ്യനിവാസികളുടെ ഏകകണ്ഠമായ അഭിപ്രായങ്ങളെ അനുകൂലിച്ചു പ്രവർത്തിക്കുന്നതിനു മനോധൈര്യമുള്ള ഒരു മന്ത്രിയെ നാട്ടിലേക്കു കിട്ടിയാൽ, മേൽപറഞ്ഞ വർധമാനമായ അഴിമതിക്കളങ്കം ഉടനടി അല്ലെങ്കിലും, ക്രമേണ മാഞ്ഞുപോകുമെന്നുള്ള പൊതുജനങ്ങളുടെ വിചാരത്തിന്, ദിവാൻ മി. രാജഗോപാലാചാരിയുടെ ഭരണകാലത്തിൽ അവകാശമില്ലെന്നാണ് ഇതേവരെ കഴിഞ്ഞ കഥകൾകൊണ്ട് ഊഹിക്കേണ്ടിവരുന്നത്.

തിരുവിതാംകൂറിലെ അഴിമതികളിൽ മുഖ്യമായി നിൽക്കുന്നതു കൈക്കൂലിയാണെന്നു തെരുവുകളിൽ തെണ്ടിനടക്കുന്ന 'പിച്ച'ക്കാർക്കുകൂടെയും നല്ല ബോദ്ധ്യമായിട്ടുണ്ട്. ഉയർന്ന സർക്കാരുദ്യോഗം തുടങ്ങി പിച്ചതെണ്ടലിനുകൂടെയും, മഹാരാജവുതിരുമനസ്സിലെ കൊട്ടാരത്തിന്റെ കീർത്തിചന്ദ്രികയെ ഗ്രസിച്ചുകളയുന്ന സേവകരാഹുകേതുക്കളുടെ അനുവാദം സമ്പാദിക്കുകയും, അതിലേക്ക് അവർക്കു കൈക്കൂലി കൊടുക്കുകയും ചെയ്യേണ്ടതാണെന്നു ബഹുജനങ്ങൾ ഗ്രഹിച്ചു വച്ചിരിക്കുന്നു. മഹാരാജാവു തിരുമനസ്സിലെ ഇരുപതിലധികം സംവത്സരക്കാലത്തെ രാജ്യഭരണത്തിന്റെ കീർത്തിയെ മലിനപ്പെടുത്തുമാറ് ഈ സേവകന്മാർ ചെയ്തിട്ടുള്ള അക്രമങ്ങളെയും അഴിമതികളെയും ഇത്രമേൽ സ്വച്ഛന്ദവിഹാരത്തിന് അനുവദിച്ചുപോന്ന ഗവണ്മെന്റിന്റെ നടപടിയെ ചിന്തിക്കുമ്പോൾ, തിരുവിതാംകൂറിന്റെ പേരിൽ മേൽക്കോയ്മയായ ബ്രിട്ടീഷ് ഗവണ്മെന്റിനു കരുണയില്ലേ എന്നു കൂടി ജനങ്ങൾ [ 8 ] ശങ്കിച്ചുപോകുന്നു. ഇടയ്ക്കിടയ്ക്ക് മി. വി.പി. മാധവരായരെപ്പോലെ ധീരന്മാരായ ഏതാനും ചിലരെ മന്ത്രിപദത്തിൽ നിയമിച്ചിരുന്നതിനാൽ, അക്കാലങ്ങളിൽ അഴിമതി മങ്ങിയിരുന്നു എന്നു വരികിലും, മി. ഗോപാലാചാര്യരെപ്പോലെയുള്ള ചില 'അരമനദാസ'ന്മാരുടെ ഭരണത്തിൽ ഈ ദോഷം ഉജ്ജ്വലിച്ചുകണ്ടിരിക്കുന്നു. തിരുവിതാംകൂർ രാജ്യഭരണകാര്യങ്ങളിൽ, രാജസേവകന്മാർ എങ്ങനെയൊക്കെ തലയിടുന്നുണ്ടെന്നും; ഏതു പ്രകാരങ്ങളിൽ നീതിയെ നശിപ്പിക്കുന്നുവെന്നും, ജനങ്ങളുടെ പണം ഏതു മാർഗ്ഗത്തിൽ ഈ സേവകന്മാരുടെ കൈകളിൽ എത്തുന്നു എന്നും മറ്റുമുള്ള സംഗതികൾ, പ്രസിദ്ധപ്പെട്ട് വടശ്ശേരികോവിൽക്കേസ്സ് മുഖേന വെളിപ്പെട്ടിട്ടുണ്ട്. ഇക്കേസ്സിലെ റിക്കാർട്ടുകൾ, തിരുവിതാംകൂറിലെ ഇപ്പോഴത്തെ രാജസേവകന്മാരുടെ അഴിമതികൾക്ക് ഒരു ശാശ്വതമായ സ്മാരകസ്തംഭമായി നിൽക്കുന്നുണ്ട്. വടശ്ശേരികോവിൽക്കേസിൽ പ്രധാന നടനായി അരങ്ങത്തിറങ്ങാതെ കളിച്ചിരിക്കുന്ന 'സേവകൻ ശങ്കരൻതമ്പി' അവർകളുടെ ആതതായിത്വത്തെ തെളിയിക്കുന്നതിന് ഒന്നാന്തരം ലക്ഷ്യമായ പൂഞ്ഞാറ്റിടവകക്കേസിന്റെ പ്രദർശിപ്പിക്കപ്പെടാത്ത പലേ രംഗങ്ങളും ജനങ്ങൾക്കു ദിദൃക്ഷുത്വത്തെ വർധിപ്പിക്കുമെന്നുതന്നെ ഞങ്ങൾ വിചാരിക്കുന്നു. പൂഞ്ഞാറ്റിടവകയും തിരുവിതാംകൂർ സർക്കാരും തമ്മിൽ അഞ്ചുനാടു സംബന്ധിച്ച് കുറെക്കാലം മുമ്പു നടന്ന വഴക്ക് ഏതുവിധം കലാശിച്ചു എന്നുള്ളതിനെപ്പറ്റി ഞങ്ങൾ മുൻലക്കം പത്രങ്ങളിൽ പ്രസ്താവിച്ച സംഗതികളിൽ, ഇക്കാര്യത്തിൽ ശങ്കരൻതമ്പി പൂഞ്ഞാറ്റൂ രാജാവവർകളോടു കൈക്കൂലി ആവശ്യപ്പെട്ടിരുന്നു എന്നും, പൂഞ്ഞാറ്റു രാജകുടുംബത്തിനു പലേ നഷ്ടങ്ങളും വന്നിട്ടുണ്ടെന്നും സൂചിപ്പിച്ചിരുന്നുവല്ലോ. കഴിഞ്ഞ മകരം 10-ാം തീയതി (ജനുവരി 23-ാം തീയതി)യിലെ സ്വദേശാഭിമാനിയിൽ 'തിരുവിതാംകൂറിലെ കൈക്കൂലിക്കാര്യം' എന്ന വിഷയത്തെപ്പറ്റി പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ ഒരു ഘട്ടത്തിൽ ഞങ്ങൾ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ഞങ്ങലുടെ ദൃഷ്ടിക്കു വിഷയീഭവിച്ചിരിക്കുന്ന ചില റിക്കാർട്ടുകൾ, ഈ സംഗതിയിൽ നീതിവൈകല്യത്തെ ആശങ്കിപ്പിക്കുന്നു എന്ന് ഞങ്ങൾ പറഞ്ഞിട്ടുള്ളതിൽ വായനക്കാർക്കു സന്ദേഹം ഉണ്ടെങ്കിൽ, താഴെ പകർത്തുന്ന ഒരു കത്തിലെ ഏതാനും ഘട്ടങ്ങൾ ഞങ്ങളുടെ ആശങ്കയെ പ്രബലപ്പെടുത്തുന്നു എന്നു പറഞ്ഞുകൊള്ളട്ടെ.


തിരുവനന്തപുരം
1077 മീനം 26-ാം തീയതി


"അടിയൻ ഈ മാസം 4-ാം തീയതി ഇവിടെ എത്തി. 1-ാം തീയതിയിലെ തിരുവെഴുത്ത് ഇന്നലെ ഇവിടെ കിട്ടുകയും ചെയ്തു. ശങ്കരപ്പിള്ളയെ അതിർത്തിത്തർക്കം തീരുമാനിക്കുന്നതിന് നിയമിച്ചിട്ടുള്ളതു ദോഷകരമെന്നുതന്നെയാണ് അടിയന്റെ അഭിപ്രായം. അതിനെ തത്കാലം ഭേദപ്പെടുത്തുന്നതിന് ഒരു മാർഗ്ഗവും കാണുന്നില്ലാ. ആ ആളിനെ ഭേദപ്പെടുത്തുന്ന കാര്യം വളരെ സംശയത്തിലായിരിക്കുന്നു. അടിയനും പ്രത്യേകം ശ്രമിച്ചു നോക്കാം. കാര്യക്കാരദ്ദേഹത്തിനു തടിയോ വിലയോ കൊടുപ്പാൻ ഇനിയും താമസിക്കുന്നതു പോരാത്തതാണെന്നു തോന്നുന്നു. വേറെ ഇനത്തിൽ വകവച്ച് എടുത്തുകൊള്ളണമെന്നും മറ്റും പറയാവുന്ന സ്ഥലമല്ലാ. 150 കണ്ടിയിൽ കുറഞ്ഞു വേണ്ടാ എന്നാണു നിർബന്ധം. 100 കണ്ടിയുടെ വിലയെങ്കിലും മുൻകൂട്ടി അയച്ചുകൊടുത്താൽ സമാധാനമുണ്ടാകും..."

ഈ എഴുത്തിനോടുകൂടി താഴെച്ചേർക്കുന്നവയെ യോജിപ്പിച്ചു വായിച്ചു നോക്കിയാൽ പൂഞ്ഞാറ്റിൽ രാജകുടുംബത്തിനു ശങ്കരൻതമ്പി (കാര്യക്കാർ) നിമിത്തം എന്തൊക്കെ സംഭവിച്ചിരിക്കുമെന്നു വായനക്കാർക്ക് അവ്യക്തമായിട്ടെങ്കിലും ഒരു ഊഹം ഉണ്ടാകും.


തിരുവന്തപുരം
1077 കന്നി 13-ാം തീയതി
[ 9 ]
ശ്രീ


"പൂഞ്ഞാറ്റു വലിയതമ്പുരാൻ തിരുമനസ്സറിയിക്കുന്നതിന്. അടിയൻ ഈയിടെ ചവറയിൽ ഒരു വീടു പുത്തനായിട്ടു പണിയിച്ചിട്ടുള്ളതും അതിൽ വളരെ ബുദ്ധിമുട്ടുകളും നഷ്ടങ്ങളും അനുഭവിച്ചിട്ടുള്ള വിവരവും കല്പിച്ച് അറിഞ്ഞിരിപ്പാനിടയുണ്ട്. അടിയങ്ങളുടെ പൂർവ്വതറവാടു വളരെക്കാലത്തേക്കു മുമ്പുള്ളതും ഇപ്പോഴത്തെ പരിഷ്കാരത്തിൽ അശേഷം ഉൾപ്പെട്ടിട്ടില്ലാത്തതും ആണ്. അടിയങ്ങൾ രണ്ടുമൂന്നു ശാഖക്കാർ ഇപ്പോൾ ഉണ്ട്. അതിൽ അടിയന്റെ ശാഖ ഒഴികെ ശേഷം ഉള്ളവർക്കു പഴയ കുപ്പപ്പാട്ടിൽ താമസിക്കുന്നതിനു സ്ഥലം മതിയാവുന്നതല്ലെന്നു തന്നെയുമല്ലാ പുത്തനാക്കാഴികകൊണ്ടുള്ള പരിഭവവും അവർക്കിരിക്കുന്നു....പഴയ കുപ്പപ്പാടിനെ ഒന്നഴിച്ചു പണിയിച്ചാൽ കൊള്ളാമെന്നു മോഹം ഉണ്ട്. അതിലേക്കു കല്പിച്ചു മുന്നൂറു കണ്ടി തടി തരുവിക്കുന്നപക്ഷം മേല്പറഞ്ഞ ഏർപ്പാടിലേക്ക് അടിയൻ തുനിയുന്നതാകുന്നു. ഈ വിവരങ്ങൾ ഒക്കെയും പത്മനാഭപിള്ളയുടെ അടുക്കലും പറഞ്ഞിട്ടുണ്ട്."

കോട്ടയം
1077 മകരം 19-ാം തിയതി


___തമ്പി അങ്ങത്തേക്കു തടി ഇപ്പോൾത്തന്നെ കൊടുക്കണമെന്നും 150 കണ്ടിയിൽ കുറഞ്ഞ് ആവശ്യമില്ലെന്നും നിർബന്ധമായിട്ടു പറഞ്ഞിരിക്കുന്നു. അതിലേക്കായി അദ്ദേഹത്തിന്റെ മരുമകൻ കൊട്ടാരം രായസം ശങ്കുണ്ണിപ്പിള്ളയെ ഈ മാസം 25-ാം തിയതി ഇടയ്ക്കു പൂഞ്ഞാറ്റിൽ അയയ്ക്കുമെന്നാണു പറഞ്ഞിട്ടുള്ളത്......"

ഈ കത്തുകൾക്കു പുറമേ, "ചവറയിൽ ഞാറയ്ക്കാട്ടു വീടുപണിവകയ്ക്കു നൂറുകണ്ടി ആഞ്ഞിലിത്തടി വാങ്ങി... കൊടുക്കുന്നതിലേക്കു.... കോയിക്കാര്യം മുതൽപടി...വശം മദ്രാസ് 87851 മുതൽ 87870 വരെ കറൻസിനോട്ട് ഇരുപതിൽ വകവച്ചു." രണ്ടായിരം രൂപാ. 1076-ാമാണ്ട് തുലാമാസം 17-ാം തിയതി പൂഞ്ഞാറ്റിൽ കമ്മീഷണറാഫീസിൽ ഗുമസ്താ കുഞ്ഞുകൃഷ്ണപിള്ള പറ്റീട്ടുണ്ടോ എന്ന് അന്വേഷിച്ചറിയേണ്ടതാകുന്നു. പൂഞ്ഞാറ്റിടവകയും തിരുവിതാംകൂർ സർക്കാരും തമ്മിൽ ഉണ്ടായ മുൻപറഞ്ഞ കേസ്സിലെ സംഗതികൾ, ശങ്കരൻതമ്പിയുടെ ഇടച്ചൽ നിമിത്തം മാറീട്ടുണ്ടെന്നും, പൂഞ്ഞാറ്റിൽ തമ്പുരാക്കന്മാർ ശങ്കരൻതമ്പിക്കു തൃപ്തിവരുവോളം കൈക്കൂലി കൊടുക്കായ്കയാൽ ഇടവകയ്ക്കു പല ദോഷങ്ങളും നേരിട്ടിട്ടുണ്ടെന്നും ഞങ്ങൾ ധൈര്യപൂർവ്വം പ്രസ്താവിക്കുന്നു. ഈ കൈക്കൂലിക്കാര്യത്തെപ്പറ്റി തിരുവിതാംകൂർ ഗവണ്മെന്റോ, ബ്രിട്ടീഷ് റെസിഡണ്ടോ, മദ്രാസ് ഗവണ്മെന്റോ അന്വേഷണം ചെയ്യുന്നുണ്ടെങ്കിൽ, അതിലേക്കുവേണ്ട തെളിവുകൾ, മേൽപടി പൂഞ്ഞാർ രാജകുടുംബത്തിലെ അശ്വതിതിരുനാൾ രാമവർമ ഇളയരാജാ അവർകളെയും, കമ്മീഷണറായിരുന്ന മി.സി. പത്മനാഭപിള്ളയെയും സാക്ഷികളായി വിചാരണ ചെയ്താൽലഭിക്കുമെന്നും, ഇതിലേക്കു വേണ്ട ലക്ഷ്യങ്ങൾ ശേഖരിപ്പാൻതാൻ തയ്യാറാണെന്നും ഒരു മാന്യൻ പ്രതിജ്ഞ ചെയ്തു ഞങ്ങലെ അറിയിക്കുന്നുണ്ട്.

തിരുവിതാംകൂറിലെ ജനങ്ങളെ ഇത്രത്തോളം ഭയങ്കരമായ നിലയിൽ വലയിക്കുന്ന അഴിമതികളിൽ മുന്നിട്ടു നില്ക്കുന്ന കൈക്കൂലിക്കാര്യത്തെ പല പത്രങ്ങൾമുഖേനയും ഗവണ്മെന്റിന്റെ ദൃഷ്ടിപഥത്തിൽ പതിപ്പിച്ചിട്ടും, ഗവണ്മെന്റ് മൗനംഭജിക്കുന്നത് എത്ര ഘോരമായ അപനയമാകുന്നു? ഡാക്ടർ എൻ. സുബ്രഹ്മണ്യയ്യർ അവർകൾ ദിവാൻപേഷ്കാർ ഉദ്യോഗം സമ്പാദിച്ചതു പന്തീരായിരം രൂപ കൈക്കൂലി കൊടുത്തിട്ടാണെന്നു 'സുഭാഷിണി' പത്രം കുറെ മുമ്പ് വിളിച്ചുപറഞ്ഞതിന്റെ യഥാർത്ഥതയെ തെളിയിക്കുന്നതിന് ഗവണ്മെന്റ് ആവശ്യപ്പെടാത്തതുതന്നെ, മി.ഗോപാലാചാര്യരുടെ മന്ത്രിപദപരിപാലനത്തെപ്പറ്റി കഠിനമായ ആക്ഷേപത്തിനു ഹേതുവായിട്ടുണ്ട്. 'പത്രം', 'പരാതി ഹർജി', 'പൊതുജനയോഗം' എന്നീ മൂന്നു 'പ'കാരങ്ങളാണ് ജനങ്ങളുടെ സങ്കടങ്ങളെയും ആവശ്യങ്ങളെയും [ 10 ] ഗവണ്മെന്റിനെ അറിയിക്കുന്നതിനുള്ള പരിഷ്കൃതമാർഗങ്ങൾ. ഇവയാണ് പരിഷ്കൃതമായ രാജ്യഭരണഘടനയുള്ള ഏതൊരു രാജ്യത്തും നടപ്പിൽ വന്നിരിക്കുന്നവ. ഇവയിൽ, ആദ്യത്തെ രണ്ടു മാർഗ്ഗങ്ങളെയും, തിരുവിതാംകൂറിലെ അഴിമതികളെ അമർത്തുന്നതിനായുള്ള പ്രയത്നങ്ങളിൽ, ജനങ്ങൾ സ്വീകരിച്ചു പ്രയോഗിച്ചുകഴിഞ്ഞിരിക്കുന്നു. കൈക്കൂലിക്കുറ്റം ചുമത്തി ചില ഉദ്യോഗസ്ഥന്മാരെക്കുറിച്ച് പത്രങ്ങൾ ധാരാളം പ്രസ്താവിച്ചിട്ടുള്ളതിനു പുറമേ, ജനങ്ങൾ പരാതിഹർജികൾ ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവകൊണ്ടൊന്നും ഗവണ്മെന്റ് കുലുങ്ങീട്ടില്ലെന്നു തോന്നുന്നു. അഴിമതിക്കാർ, അതുനിമിത്തം, അനീതി പ്രവർത്തിക്കുന്നതിന് അധികം മനസ്സുറപ്പുള്ളവരായും ഭവിച്ചിരിക്കുന്നു. മൂന്നാമത്തെ മാർഗമായ 'പൊതുജനയോഗങ്ങൾ' കൂടി ഇക്കാര്യത്തിൽ ഓരോ നിശ്ചയം ചെയ്തു ഗവണ്മെന്റിനെ അറിയിക്കണമെന്നും അതിലേക്കു താലൂക്കുതോറും ജനങ്ങൾ ഉത്സാഹിക്കണമെന്നും കഴിഞ്ഞ മാർച്ച് 9-ാം തീയതിയിലെ 'മലയാളി' ഒരു പ്രസംഗംമുഖേന അഭിപ്രായം പുറപ്പെടുവിച്ചിരിക്കുന്നു. ഈ സഹജീവിയുടെ അഭിപ്രായത്തിൽ ഞങ്ങൾ പൂർണ്ണമായി യോജിക്കുകയും, തിരുവിതാംകൂറിൽ വളർന്നുപടർന്നുവരുന്ന അഴിമതിക്കാടിനെ വെട്ടിത്തെളിച്ച്, രാഹു-കേതു മുതലായ ഘോരസർപ്പങ്ങളുടെയും, അഴിമതിക്കഴുകന്മാരുടെയും ഹിംസ്രമൃഗങ്ങളുടെയും ശല്യത്തെ നശിപ്പിച്ച് നാട്ടാർക്ക് നല്ല വെളിച്ചവും നല്ല കാറ്റും കിട്ടത്തക്കവണ്ണം പരിഷ്കരിക്കുന്നതിന് ജനങ്ങൾ മടിവിട്ട് ഉത്സാഹിക്കണമെന്ന് പൊതുജനങ്ങളെ ഞങ്ങൾ ഉണർത്തുകയും ചെയ്തുകൊള്ളുന്നു.⚫

(1907 മാർച്ച് 20)

[ 11 ]


ആവശ്യമേത്? പത്രനിരോധനിയമമോ അഴിമതിനിരോധമോ?

മൈസൂർ സംസ്ഥാനത്ത് ഒരു പുതിയ പ്രസ്സ് നിയമം നടപ്പിലാക്കിയതിനെപ്പറ്റി ഇന്ത്യൻ നാട്ടുപത്രങ്ങൾ മിക്കവാറും ഒരേ വിധത്തിൽ ആക്ഷേപം തന്നെ പറഞ്ഞുവരുന്നതായി കാണുന്നു. ഗവണ്മെന്റിനേയും പ്രജകളേയും തമ്മിൽ, അവാസ്തവ കഥനങ്ങൾ കൊണ്ടു ഛിദ്രിപ്പിക്കാൻ തുനിയുന്ന പത്രങ്ങളെ, ദിവാൻജിയുടെ ഇഷ്ടം പോലെ അമർത്തുന്നതിനുള്ള ഒരു നിരോധന യന്ത്രമാണ് ഈ ചട്ടമെന്ന്, സ്വാതന്ത്ര്യത്തെ ഇച്ഛിക്കുന്നവർ ആക്ഷേപിക്കുന്നുണ്ട്. ഗവണ്മെന്റിന്നു ഇഷ്ടക്കേടായി പ്രവർത്തിക്കുന്ന പത്രപ്രവർത്തകന്മാരെ, യാതൊരു സമാധാനവും ചോദിക്കാതെ, നാട്ടിൽനിന്ന് പുറത്തേക്കാക്കുകയും അച്ചുകൂടം കണ്ടുകെട്ടി ഗവണ്മെന്റിലേക്ക് എടുക്കുകയും ചെയ്യാൻ അധികാരമുണ്ടെന്നാണ് ഈ നിയമം കൊണ്ടറിയുന്നത്. മൈസൂരിനകത്തിരുന്ന് അച്ചടിക്കുന്ന പത്രങ്ങൾക്ക് മാത്രമല്ല, മറുനാട്ടിലിരുന്നച്ചടിച്ച് മൈസൂരിനകത്ത് പ്രചാരപ്പെടുത്തുന്ന പത്രങ്ങൾക്കും ഈ നിയമത്തിലെ നിബന്ധനകൾ മുറുകെ ബാധകമായിരിക്കുന്നുണ്ട്. ഈ നിയമത്തെ സംബന്ധിച്ച് നിരൂപണം ചെയ്യുന്ന സന്ദർഭത്തിൽ, ഞങ്ങളുടെ ഒരു സഹജീവി, തിരുവിതാംകൂറിലെ പത്രങ്ങൾക്ക് ആവശ്യപ്പെടാതെ തന്നെ ഒരു ഉപദേശപ്രസംഗം കൂടി ചെയ്തിരിക്കുന്നതായി കാണുന്നു. തിരുവിതാംകൂറിലെ [ 12 ] ഭാഷാപത്രങ്ങളുടെ സ്വരം താഴ്ത്തണമെന്നും മഹാരാജാവു തിരുമനസ്സിലെ ആക്ഷേപിച്ചു ഒന്നു രണ്ടു പത്രങ്ങൾ ചിലതുപ്രസ്താവിച്ചതായി ആ സഹജീവി കണ്ടിട്ടുണ്ടെന്നും; പത്രങ്ങളുടെ സ്വാതന്ത്ര്യത്തെ മുടക്കുന്നതിന്ന് ഒരു നിയമം ഉണ്ടാക്കുവാൻ നാട്ടുഭാഷാപത്രങ്ങൾ ഇടകൊടുക്കരുതെന്നും മറ്റുമാണ് സഹജീവിയുടെ ഉപദേശത്തിൽ അടങ്ങീട്ടുള്ളത്. ഇങ്ങനെയൊരുപദേശം ഈ സഹജീവിയുടെ മുഖത്തുനിന്ന് പുറപ്പെടേണ്ട ആവശ്യം തോന്നത്തക്കവിധത്തിൽ, ഈ നാട്ടിലെ പത്രങ്ങൾ അതിക്രമസ്വരത്തിൽ വല്ലതും എഴുതുന്നുണ്ടെന്ന് ഞങ്ങൾ അറിയുന്നില്ല. സഹജീവി പ്രത്യേകം ഒരു പത്രത്തേയും ചൂണ്ടിക്കാണിക്കുന്നുമില്ല. തിരുവിതാംകൂറിലെ പത്രങ്ങൾ മാത്രമല്ല, ജനങ്ങൾ ആകപ്പാടെ, മഹാരാജാവിന്റെ പേരിൽ എത്രയോ ഭക്തിയുള്ളവരാണെന്ന് അവരുടെ വാക്കുകളും പ്രവർത്തികളും തെളിയിക്കുന്നുണ്ട്. എന്നാൽ, രാജഭക്തി എന്നത്, രാജസേവകൻമാരുടെ ആക്രമങ്ങളെയും അഴിമതികളേയും ഇവ നിമിത്തമുണ്ടാകുന്ന പൊതുജന സങ്കടത്തെയും അറിഞ്ഞില്ലാ എന്ന ഭാവത്തിൽ സഹിച്ചുകൊണ്ടിരിക്കുകയാകുന്നു എന്നിരിക്കിൽ, ആ സംഗതിയിൽ കുറ്റക്കാരായി പലരേയും കാണാനിടയാകും എന്നു പറയാതെ കഴികയില്ല. തിരുവിതാംകൂറിലെ ഇക്കാലത്തെ ശാപങ്ങളിൽ മുന്നിട്ടുനിൽക്കുന്നത് രാജസേവകപ്രഭാവവും സ്വേച്ഛാചാരികളായ ഉദ്യോഗസ്ഥന്മാരുടെ ധാർഷ്‌ട്യവും കൊണ്ടുള്ള കഷ്ടസ്ഥിതിയാകുന്നു. ഇതിനെ പരിഹരിക്കുകയും ജനങ്ങളെ ഈ അക്രമങ്ങളിൽ നിന്നും അഴിമതികളിൽ നിന്നും വിമോചിപ്പിച്ച് പരിശുദ്ധമാക്കുകയും ചെയ്യുന്നതിനാണ് എത്രയോ കാലമായ ജനപ്രതിനിധികൾ മുറവിളി കൂട്ടുന്നത്. പ്രജകളുടെ അഭ്യുദയത്തിനു പ്രതിപന്നനായ ഒരു മഹാരാജാവിനെപ്പറ്റി ആർക്കും ഭക്തിയാണുള്ളത്. എന്നാൽ മഹാരാജാവിന്റെ കൊട്ടാരത്തിനുള്ളിൽ അഭയം പ്രാപിച്ച്, ആ തിരുമനസ്സിലെ പേരുപറഞ്ഞുകൊണ്ട് നാട്ടുകാരെ ദ്രോഹിക്കുന്ന രാജസേവകന്മാരുടെ അഴിമതികളെ ആദരിപ്പാൻ ജനങ്ങൾക്കു കടമയോ ആവശ്യമോ ഇല്ല. ഈ അഴിമതിക്കാരുടെ പ്രീതിയെക്കൊതിച്ച്, അവരെ പ്രശംസിക്കയും അവരുടെ അക്രമങ്ങളെപ്പറ്റി മൗനം ഭജിക്കുകയും ചെയ്യുന്നതിനു ഒരുക്കമുള്ളവരാണ് രാജഭക്തന്മാരെങ്കിൽ, ആവക ഗണത്തിൽ ഉൾപ്പെടുന്നത് അഭിമാനകരമാണെന്നു ഗണിക്കുവാൻ ജനങ്ങൾ സന്നദ്ധരല്ല. ഈ അഴിമതിക്കാരെപ്പറ്റി ആക്ഷേപം പറയുന്നത് രാജദ്രോഹമാണെങ്കിൽ, അത് ഒരു ബഹുമാനമാണെന്ന് ഗണിക്കുവാനും ആളുകളുണ്ടാകും. തിരുവിതാംകൂറിൽ രാജദ്രോഹത്തിന്റെ ആവശ്യമില്ല. ഈ നാട് ബ്രിട്ടീഷ്‌കോയ്മയുടെ അധികാരത്തിൻകീഴ്, സഖ്യത്തിലിക്കുന്നതും, ബ്രിട്ടീഷ്‌കോയ്മയുടെ ഭരണത്തെപ്പറ്റി ദ്വേഷം ജനിപ്പാൻ ജനങ്ങൾക്കു അവകാശമില്ലാത്തതുമാണ്. പ്രജകൾ മഹാരാജാവിനെ സ്വകുടുംബ പിതാവെന്നപോലെ ആദരിക്കുന്നു; അവർ കുടുംബപിതാവിന്റെ പേരുപറഞ്ഞുകൊണ്ട് കുടുംബത്തിന്നു ദുഷ്‌കീർത്തി വരുത്തുന്ന അഴിമതിക്കാരുടെ കൊള്ളകളെ സഹിക്കവയ്യാതെ വ്യസനത്തോടുകൂടി സങ്കടം പറയുന്നു. ഈ സങ്കടത്തിനുള്ള ഹേതുക്കളെ നിശ്ശേഷം നശിപ്പിക്കുന്നതുവരെ ജനങ്ങളുടെ നിലവിളി ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ്. എന്നാൽ ഇങ്ങനത്തെ സങ്കടങ്ങളുടെ പ്രകടനത്തിന്ന് ഓരോരുത്തരുടെ പ്രകൃതിയനുസരിച്ച് പ്രകാരഭേദമുണ്ടായിരിക്കാം. അതിനെ വലിയ കാര്യമായി ഗണിക്കാനില്ല. രാജദ്രോഹത്തെ നശിപ്പിക്കാനുള്ള മുഖ്യമായ ഒരു മാർഗ്ഗം അതിന്റെ കാരണത്തെ നശിപ്പിക്കുകയാകുന്നു എന്ന് ഒരു മഹാൻ അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ, ഈ സങ്കട പ്രകടനങ്ങളെ ശമിപ്പിക്കുന്നതിനുള്ള മാർഗ്ഗം, അവയെ തടയുകയല്ല, അവയുടെ കാരണങ്ങളെ ഇല്ലായ്മ ചെയ്യുകയാകുന്നു. ജനങ്ങൾക്കു പൊതുവേ ഹിതമല്ലാത്ത ഭരണനടപടികളെ വെറുക്കുന്ന ശീലം ഇന്നോ ഇന്നലേയോ മുളച്ചിട്ടുള്ളതല്ല. അവരുടെ പൂർവ്വകാല ചരിത്രം തന്നെ, ഭരണകർത്താക്കന്മാരുടെ സ്വേച്ഛാധികാരങ്ങളുമായുള്ള വഴക്കിൽ അടങ്ങിയിരിക്കുന്നു എന്ന് കേരളത്തിലെ പൂർവ്വചരിത്രങ്ങൾ നമ്മെ അറിയിക്കുന്നു. അതിക്രമങ്ങളെയും അഴിമതികളെയും സഹിക്കാതിരിക്കുക എന്ന ശീലം വരെ തലമുറയായി അവരുടെ ജീവിതസ്വഭാവമായി തുടർന്നുവന്നിരിക്കുമ്പോൾ, ഇക്കാലത്ത് വിശേഷിച്ചു പാശ്ചാത്യവിദ്യാഭ്യാസ പ്രചാരത്താൽ രാജ്യതന്ത്ര തത്ത്വങ്ങൾ ഒരു [ 13 ] പുതിയ വെളിച്ചത്തിൽ പ്രകാശിച്ചു കാണിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത്, രാജസേവകന്മാരുടേയും സ്വാധികാരപ്രമത്തന്മാരായ ഉദ്യോഗസ്ഥന്മാരുടേയും ദുരാചാരങ്ങളെ നിന്ദിക്കുന്നത് അദ്ഭുതജനകമല്ല. തിരുവിതാംകൂറിൽ ഇപ്പോൾ ആവശ്യമുള്ളത് പത്രസ്വാതന്ത്ര്യത്തെ നിരോധിക്കുന്നതിനുള്ള നിയമമല്ലാ, അഴിമതിക്കാരെ അമർത്തുകയും ഗവണ്മെന്റിന്റെ ഘടകങ്ങൾ എല്ലാം സത്യം, നീതി മുതലായവ ഉള്ളവരായിരിക്കുകയും ചെയ്യുന്നതിനുള്ള ഭരണ സമ്പ്രദായമാകുന്നു. തിരുവിതാംകൂറിലെ മേൽപറഞ്ഞ രാജസേവകന്മാരുടേയും ഉദ്യോഗസ്ഥന്മാരുടേയും അക്രമങ്ങളേയും അഴിമതികളേയും ഏതുകാലത്ത് തീരെ ഇല്ലാതെയാക്കുന്നുവോ, അക്കാലത്ത്, പത്രങ്ങളിൽ ഇപ്പോൾ കാണുന്ന തരത്തിലുള്ള സ്വരകാഠിന്യം താനേ ശമിക്കുമെന്ന് നിശ്ചയം തന്നെ; ഏതൊരു കാലം വരെ പൊതുജനങ്ങളുടെ ഈ ആകാംക്ഷയെ പൂരിപ്പിക്കാതെയിരിക്കുന്നുവോ, അക്കാലംവരെ, അഴിമതികൾ നിമിത്തമുള്ള ബഹുജനസങ്കടങ്ങളുടെ പ്രകടനം ഏതെങ്കിലും രൂപത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുമെന്നും; ജനങ്ങൾക്ക് ഈശ്വരനാൽ ദത്തമായ ഈ സ്വഭാവം-അഴിമതിയിൽ വെറുപ്പ്-യാതൊരു നിരോധന നടപടികൊണ്ടും ഉൻമൂലനം ചെയ്യാൻ കഴികയില്ലെന്നും നിശ്ചയം തന്നെ.

(1908 ആഗസ്റ്റ് 22-ാം തീയതിയിലെ 'സ്വദേശാഭിമാനി'യിൽ മുഖപ്രസംഗത്തിന്റെ രണ്ടാം ഭാഗം)

"തിരുവിതാംകൂറിൽ ഇപ്പോൾ ആവശ്യമായിട്ടുള്ളത് പത്രസ്വാതന്ത്ര്യത്തെ നിരോധിക്കുന്നതിനുള്ള നിയമമല്ല, അഴിമതിക്കാരെ അമർത്തുകയും ഗവണ്മെന്റിന്റെ ഘടകങ്ങൾ എല്ലാം സത്യം, നീതി മുതലായ ഗുണങ്ങൾ ഉള്ളവരായിരിക്കയും ചെയ്യുന്നതിനുള്ള ഭരണ സമ്പ്രദായമാകുന്നു" - എന്ന് ഞങ്ങൾ കഴിഞ്ഞ തവണ പ്രസ്താവിച്ചിരുന്നുവല്ലൊ. രാജ്യഭരണകർമ്മത്തിൽ, നിരോധനയം എന്നു ശാന്തമായി വിളിക്കപ്പെട്ട നിഗ്രഹ നയത്തിന്റെ പ്രവേശം ഇക്കാലത്ത് അസ്ഥാനത്തിലാണെന്നും. ഈ നയത്തിന്റെ ആവശ്യം ഭാവിയായ ഫലം ജനങ്ങളുടെ സങ്കടപ്രകടനങ്ങളെ അമർത്തുകയല്ലാ വളർത്തുകയാണെന്നും, ഞങ്ങൾ മറ്റൊരു സന്ദർഭത്തിലും പ്രസ്താവിച്ചിരുന്നു. ഈ നയത്തിന്റെ ഫലങ്ങളെ തെറ്റായോ ശരിയായോ പലേ ജനങ്ങളാൽ വിചാരിക്കപ്പെട്ടുവരുന്ന, അന്യദേശങ്ങളിലെ ചില സംഭവങ്ങൾ ദിനേ ദിനേ നമ്മുടെ അറിവിൽപ്പെട്ടുകൊണ്ടിരിക്കുമ്പോൾ, രാജ്യഭരണത്തിൽ നിഗ്രഹനയത്തെ കൈക്കൊള്ളുവാൻ ഉപദേശിക്കയോ വിചാരിക്കയോ ചെയ്യുന്നത് ബുദ്ധിപൂർവ്വമായ രാജതന്ത്രമല്ല. തിരുവിതാംകൂർ ഒരു സ്വദേശ്യ രാജാവിനാൽ ഭരിക്കപ്പെടുന്ന രാജ്യമായിരിക്കയാൽ, വിദേശ ഗവണ്മെന്റിനാൽ ഭരിക്കപ്പെടുന്ന മറുനാടുകളിലെ ജനങ്ങൾക്കുതോന്നാവുന്ന താപമോ വൈമനസ്യമോ ഇവിടുത്തെ പ്രജകൾക്ക് ഉണ്ടാകേണ്ട ആവശ്യമില്ലെന്നും ഞങ്ങൾ പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലെ 'നാഷണലിസ്റ്റ്' എന്ന സ്വരാജവാദ കക്ഷിക്കാരെപ്പോലെ, മേൽക്കോയ്മയെപ്പറ്റി സകാരണമായോ നിഷ്കാരണമായോ വല്ലതും പറയുന്നതിനുള്ള ആവശ്യം ഇവിടെ ഇല്ല. അവിടെയാകട്ടെ, രാജ്യഭരണം നടത്തേണ്ട അവകാശം സ്വദേശീയർക്കുതന്നെ കിട്ടണമെന്നും വിദേശ ഗവണ്മെന്റ് ആവശ്യമില്ലെന്നുമാണ് സ്വരാജവാദത്തിൽ അതിക്രമ കക്ഷികൾ വഴക്കുകൂട്ടുന്നത്. ഈ സംസ്ഥാനത്തിൽ ഗവണ്മെന്റിനെപ്പറ്റി ആർക്കും വഴക്കില്ല. ഗവണ്മെന്റിന്റെ തലവനായ മഹാരാജാവു തിരുമനസ്സുകൊണ്ട് സ്വദേശ്യരാജാവാകയാലും, തിരുമനസ്സിനെ പ്രജാ സമുദായത്തിന്റെ കുടുംബപിതാവായി ഗണിച്ചിരിക്കുന്നതിനാലും, രാജഭക്തി എന്നത് ജനങ്ങളുടെ സ്വാഭാവിക ധർമ്മമായിരിക്കുന്നു. എന്നാൽ, ഗവണ്മെന്റിനെപ്പറ്റി വഴക്കില്ലെന്നിരിക്കിൽ, തിരുവിതാംകൂറിലെ ജനങ്ങൾക്കുള്ള അസ്വസ്ഥത ഏതു നിമിത്തം ആയിരിക്കാം? ഗവണ്മെന്റിന്റെ സ്വരൂപം നിമിത്തമല്ലാ; ഗവണ്മെന്റ് പ്രജകളുടെ പേരിൽ കരുണയില്ലാതിരിക്കുന്നു എന്ന കുറ്റവും പറവാനില്ലാ; എന്നാൽ ഗവണ്മെന്റിന്റെ ഘടകങ്ങളായ ഉദ്യോഗസ്ഥന്മാരുടെ ഇടയിൽ സത്യം നീതി, ന്യായം, ആർജ്ജവം മുതലായ ധർമ്മങ്ങൾ കുറഞ്ഞും കൈക്കൂലി, പ്രജോപദ്രവം മുതലായ അധർമ്മങ്ങൾ വളർന്നും ജനങ്ങളുടെ മേൽ വലിയ സങ്കടഭാരം പതിച്ചിരിക്കയാലാണ് ജനങ്ങളുടെ അസ്വസ്ഥത. [ 14 ] തിരുവിതാംകൂർ സംസ്ഥാനം സ്ഥിതിസ്ഥാപകനായ ഒരു ഹിന്ദു രാജകുടുംബത്താൽ ഭരിക്കപ്പെടുന്നതാണല്ലോ. പൗരസ്ത്യ രാജ്യങ്ങളിൽ പാശ്ചാത്യരാജ്യതന്ത്ര പരിഷ്കാരത്തിന്റെ ബോധം എത്രതന്നെ ബലവത്തായി ബാധിച്ചാലും രാജഭരണ പരിഷ്ക്കാരം ദുസ്സാധമാണെന്നുള്ള വാദം തെറ്റാണെന്ന്, തുർക്കിരാജ്യത്തിലെ ഇപ്പോഴത്തെ രാജതന്ത്ര പരിഷ്കാരത്താൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നതായി, `മറാട്ടാ' എന്ന സഹജീവിയുടെ ഇക്കഴിഞ്ഞ ലക്കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്, തിരുവിതാംകൂറിലും പരമാർത്ഥം തന്നെയാകുന്നു. രാജാവ് ഈശ്വരന്റെ അംശമാണെന്നും, രാജാവിന്റെ പേരിനെ കൂട്ടുപിടിച്ചും കൊണ്ട് ആര് എന്തുതന്നെ ചെയ്താലും പ്രജകൾ സഹിച്ചുകൊള്ളുകയാണ് പ്രജാധർമ്മമെന്നും ഉള്ള പഴയ വിശ്വാസങ്ങൾ പാശ്ചാത്യ വിദ്യാഭ്യാസത്താൽ ഉലയ്ക്കപ്പെട്ടുപോയിട്ടുണ്ട്. അതിനാൽ തന്നെയാണ് രാജസേവകന്മാരുടെ വിക്രിയകൾ ജനങ്ങൾക്കു രുചിക്കാത്തത്. അക്രമങ്ങളേയും അഴിമതികളേയും അനുവദിക്കുന്ന അവസ്ഥതന്നെ ജനങ്ങൾക്ക് പാശ്ചാത്യരിൽനിന്ന് സിദ്ധിച്ചിട്ടുള്ള ഉത്തമങ്ങളായ പ്രമാണങ്ങൾക്കു വിരുദ്ധമായിട്ടുള്ളതാകുന്നു. രാജസേവകന്മാരുടെ അക്രമങ്ങളെ സഹിക്കാഞ്ഞ്, അവയെ അമർത്തുവാൻ ഈ നാട്ടിലെ ജനങ്ങൾ പഴയകാലത്തും ഉദ്യമിച്ചിട്ടില്ലെന്നില്ല. അക്കാലത്തെ ജനങ്ങൾ, രാജ്യതന്ത്രകാര്യത്തിൽ പരിഷ്കൃതത്ത്വബോധം കൊണ്ടായിരിക്കയില്ല അങ്ങിനെ അസഹ്യത കാണിച്ചത്. ഒരു നൂറ്റാണ്ടിന്നുമുമ്പ് ജയന്തൻ ശങ്കരൻ നമ്പൂതിരിയുടെ ധിക്കാരങ്ങളെ അടക്കുവാൻ ജനങ്ങൾ തുനിഞ്ഞത്, രാജാധികാരത്തെ അനർഹനായും അയോഗ്യനായുള്ള ഒരു ധൃഷ്ടൻ അപഹരിച്ചു പ്രയോഗിച്ചതിങ്കൽ അവർക്കുണ്ടായ അഭിമാനഭംഗ വിചാരത്താലായിരുന്നു. അവർ രാജാവിനെ രാജാവെന്ന ഭക്തിയോടെ ആദരിച്ചിരുന്നതിനാൽ, രാജാധികാരത്തെ ആക്രമിക്കുന്നവരോടു കാണിച്ചിരുന്ന വെറുപ്പ് ഏകദേശം മതവിശ്വാസാക്രമികളോടുള്ളതിനോടൊപ്പമായിരുന്നു എന്നു പറയാം. എന്നാൽ ഇപ്പോഴത്തെകാലത്തെ വിചാരം അതാണെന്നു പറഞ്ഞുകൂട. "രാജാവിനെ ചുഴലുന്ന ദൈവത്വം, അതിശീഘ്രം നിഷ്പ്രഭമായിത്തീരുന്നു; രാജാക്കന്മാരുടെ സ്വേച്ഛാധികാര ദിനങ്ങൾ കേവലം അതീതകാലത്തിൽപ്പെട്ടുപോയിരിക്കുന്നു" എന്നുള്ള ബോധം പാശ്ചാത്യ രാജ്യതന്ത്രതത്ത്വങ്ങൾ ജനങ്ങളുടെ ഉള്ളിൽ ഉറപ്പിച്ചുവരുത്തുന്ന അവസ്ഥക്ക്, ഇക്കാലത്തെ ജനങ്ങൾ രാജസേവകന്മാരുടെ അധികാര പ്രകടനങ്ങളെ മതവിശ്വാസമായിട്ടല്ല വിചാരിക്കുന്നത്; രാജ്യധർമ്മഭ്രംശമായി ഗണിക്കുന്നു. സ്ഥാനം പോയി, കരാർ പ്രമാണമായിരിക്കുന്ന ഇക്കാലത്ത്, കർത്തവ്യത്തിന്നുവേണ്ടി എന്ന നിഷ്ഠ ജനങ്ങൾക്കു വർദ്ധിച്ചുവരുന്നതിനാൽ, രാജ്യഭരണ നടപടികളിൽ ഗവണ്മെന്റുദ്യോഗസ്ഥൻമാരുടേയും രാജസേവകന്മാരുടേയും അനർഹവും അനാവശ്യവുമായ പ്രവേശത്തെ ജനങ്ങൾ ദ്വേഷിക്കുന്നത് സ്വാഭാവികം തന്നെയാണ്. ഈ പ്രവേശത്തെ വിരോധിക്കുന്നതായാലല്ലാതെ, അവ നിമിത്തമുണ്ടാകുന്ന ജനസങ്കടം പരിഹരിക്കപ്പെടുന്നതെങ്ങനെയെന്ന് ഞങ്ങൾ അറിയുന്നില്ല. തിരുവിതാംകൂറിലെ വർത്തമാനപത്രങ്ങൾ ഇക്കാലത്ത് ഗവണ്മെന്റിനെ യാതൊരു കാരണത്താലും ദ്വേഷിക്കുന്നില്ല. ദ്വേഷിക്കുവാൻ ആവശ്യവുമില്ല. അവ എങ്ങിനെയെങ്കിലും ആരെയെങ്കിലും ദ്വേഷിക്കുന്നുണ്ടെങ്കിൽ അത്, ഗവണ്മെന്റ് ഭാരവാഹികളുടെ ഭരണദൂഷണങ്ങളേയും ഈ ദോഷങ്ങളുടെ കർത്താക്കളായ ഉദ്യോഗസ്ഥന്മാരേയും, അവയ്ക്കും അവർക്കും പ്രേരകന്മാരായി നിന്ന് രാജ്യത്തിന്റെ സൽകീർത്തിയെ ധ്വംസിക്കുന്ന രാജസേവകന്മാരേയും ആകുന്നു. നാട്ടിന്റെ ഈ ദൂഷ്യഭാഗം മാത്രമാണ് പ്രമാർജ്ജനം ചെയ്യപ്പെടേണ്ടത്. ഈ ദൂഷ്യങ്ങളെ സഹിക്കാഞ്ഞ് ജനങ്ങൾക്കുള്ള സങ്കടങ്ങളെ ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ പ്രകടീകരിക്കുന്ന പത്രപ്രവർത്തകന്മാരുടെ നാവടക്കുന്ന നിഗ്രഹനയം അനപേക്ഷിതവും, ഭാവിക്കുന്ന രോഗത്തേക്കാൾ ദോഷജനമായ ഔഷധവും ആയിരിക്കുന്നതാകുന്നു.⚫ [ 15 ]


പത്രധർമ്മമോ?

ത്രപ്രവർത്തന വിഷയത്തിൽ, 'സ്വദേശാഭിമാനി'യെക്കാൾ പഴമപരിചയം കൂടുതലുള്ളവയെന്ന് പ്രസിദ്ധപ്പെട്ടിട്ടുള്ള ചില സഹജീവികൾ കൂടെ, ഈയിടെ, അവരുടെ പരിചയത്താൽ സിദ്ധമാകേണ്ടിയിരുന്ന വിവേകത്തെ വെടിഞ്ഞ്, നിരുത്തരവാദിത്വ ലക്ഷ്യങ്ങളായ പ്രസ്താവങ്ങൾ ചെയ്തുവരുന്നതായി കാണുന്നതിൽ ഞങ്ങൾ വ്യസനിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്യുന്നു. വ്യസനം, അവരുടെ അനുചിത കർമ്മാരംഭത്തെക്കണ്ടിട്ടും, ആശ്ചര്യം, അവരുടെ ബുദ്ധിചാപല്യത്തെ ഓർത്തിട്ടും ഉണ്ടാകുന്നതാണ്. 'സ്വദേശാഭിമാനി' പത്രാധിപരായ മിസ്റ്റർ കെ.രാമകൃഷ്ണപിള്ള ബി.ഏ.യെ തിരുവിതാംകൂർ സംസ്ഥാനത്തുനിന്ന് വഹിഷ്കരിക്കുവാൻ ഗവണ്മെന്റ് കല്പിച്ചിരിക്കുന്നുവെന്നും; 'സ്വദേശാഭിമാനി'യിൽ ഈയിടെയായി അതിർകവിഞ്ഞും രാജ്യദ്രോഹകരമായും ഉള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതുകൊണ്ട് ഗവണ്മെന്റിന്റെ ഈ നടപടിയെപ്പറ്റി അദ്ഭുതപ്പെടുവാനോ, രോഷപ്പെടുവാനോ, അവകാശമില്ലെന്നും, ഈ നാട്ടിലെ ജനസമുദായമധ്യത്തിൽ സമാധാന പരിപാലനത്തിന്നു ഗവണ്മെന്റിന്റെ ഈ പ്രവർത്തി യുക്തംതന്നെയെന്നും മറ്റുമാണ് ഈ ചില സഹജീവികൾ ജല്പിച്ചിരിക്കുന്നത്. ഈ അപവാദങ്ങൾ വളരെ ഗൗരവപ്പെട്ടവയും വാസ്തവ സംഗതികളാൽ ആധരിക്കപ്പെടാത്തവയാണെങ്കിൽ തൽകർത്താക്കന്മാർക്ക് അവരുടെ കുറ്റങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ മാർഗ്ഗം നിൽകാത്തവയും ആകുന്നുവെന്ന്. അവർ തങ്ങളുടെ പത്രപ്രവർത്തന പരിചയത്താൽ ഓർമ്മിക്കാത്തത് അവർക്ക് പ്രശംസാവഹമാണെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. ഡിസംബർ 9-ാം തിയതിയിലെ 'മലബാർ ഡെയ്‌ലി ന്യൂസ്' (Malabar Daily News) പത്രവും, ഡിസംബർ 11-ാം തിയതിയിലെ 'കൊച്ചിൻ ആർഗസ്' (Cochin Argus) പത്രവും മേൽവിവരിച്ച പ്രകാരം ചില 'കബന്ധങ്ങൾ' പ്രസിദ്ധീകരിച്ചിരുന്നതിനെക്കുറിച്ച് ഞങ്ങൾ പറഞ്ഞിട്ടുണ്ടെല്ലൊ. 'സ്വദേശാഭിമാനി'യോട് സ്പർദ്ധ വച്ചുകൊണ്ടും, ഞങ്ങളെപ്പറ്റി എന്തും ആഭാസമായും അപകീർത്തികരമായും അവാസ്തവമായും ലേഖനങ്ങൾ പ്രസിദ്ധീകരിച്ച്, ബഹുജനങ്ങളുടെ ഉള്ളിൽ ദുരഭിപ്രായങ്ങൾ മുളപ്പിക്കുന്നതിന്നു തക്കവിധം ദുർഭാഷണം ചെയ്യുവാൻ ഒരുങ്ങിയിരിക്കുന്ന ചില കുചരിതന്മാരുടെ ഗണത്തിലായിരിക്കുന്നു ഈ സഹജീവികളെങ്കിൽ, ഞങ്ങൾ ഇത്രയും പ്രസ്താവിക്കേണ്ടിവരികയില്ലായിരുന്നു. എന്നാൽ, പ്രവൃത്തികളുടെ ഫലഗതി ഇന്നതെന്ന് ഊഹിപ്പാൻ തക്ക ലോകപരിചയം സിദ്ധിച്ചിട്ടുള്ളവർ, സാഹസികസ്വഭാവം പ്രദർശിപ്പിക്കുമ്പോൾ, അവരുടെ ബുദ്ധിക്ക് നല്ല പ്രജ്ഞയുണ്ടാകേണ്ടിയിരുന്നു എന്ന് വ്യസനിക്കുവാൻ ആർക്കും [ 16 ] തോന്നുന്നതാണ്. 'സ്വദേശാഭിമാനി' പത്രാധിപരെ നാടുകടത്തുന്നതിനോ, മറ്റോ, തക്കവണ്ണം ഞങ്ങൾ യാതൊന്നും എഴുതീട്ടും പ്രവർത്തിച്ചിട്ടും ഇല്ലെന്ന് ഞങ്ങൾക്ക് നല്ല ബോധമുണ്ട്. രാജാധികാരത്തെ ആദരിക്കുന്ന വിഷയത്തിൽ, 'സ്വദേശാഭിമാനി' ഈശ്വരഭക്തിപ്രതിഷ്ഠിതവും മതവിശ്വാസോപക്ഷുബ്ധവും ആയ പ്രമാണത്തെ അനുവർത്തിക്കുന്നുണ്ടെന്നും ആ പരിശുദ്ധ പ്രമാണത്തിൽ നിന്ന് ഞങ്ങൾ വ്യതിചലിക്കുന്നതല്ലെന്നും ഞങ്ങളെപ്പറ്റി നല്ലവണ്ണം അറിയാവുന്നവർക്ക് ബോധമുണ്ടായിരിക്കാനിടയുണ്ട്. എന്നാൽ, ഞങ്ങളുടെ പ്രമാണം.. അതിന്റെ അക്ഷരങ്ങളെ മാത്രം സ്പർശിക്കുന്ന ബഹിർമാത്ര പ്രധാനമായ ഒരു പ്രകടനമല്ല; അതിന്റെ ആന്തരമായ ചൈതന്യത്തെയാണ് ഞങ്ങൾ ആദരിക്കുന്നത്. ഇതുനിമിത്തം തന്നെയാണ് ഞങ്ങൾ തിരുവിതാംകൂറിലെ രാജസേവകന്മാരുടേയും ഉദ്യോഗസ്ഥന്മാരുടേയും അഴിമതികളേയും അക്രമങ്ങളേയും പറ്റി തുടരെത്തുടരെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ അധർമ്മങ്ങളെ അധർമ്മങ്ങളെന്ന് അറിയുവാനും, ഇവയുടെ മൂലത്തെ ഛേദിപ്പാനും ഞങ്ങളെ പ്രേരിപ്പിച്ചിട്ടുള്ളത് ഞങ്ങൾ പ്രമാണമായി ധരിച്ചിട്ടുള്ള ധർമ്മത്തിന്റെ ചൈതന്യം തന്നെയാണ്. ഈ ചൈതന്യം ഞങ്ങളോടു കൂടി ജനിച്ചതല്ല, അത് ഈശ്വരചൈതന്യത്തിന്റെ അംശമെന്നോ, ഈശ്വരചൈതന്യംതന്നെയെന്നോ പറയുമ്പോൾ, അതിന്റെ ആദിയും അന്തവും എന്തെന്ന് വായനക്കാർക്ക് ഊഹിക്കാവുന്നതാണ്. ഈ ചൈതന്യം യാതൊരുവൻ മുഖേന അതാതു കാലങ്ങളിൽ പ്രകടിപ്പിക്കുന്നുവോ, അവനെ എന്തുതന്നെ പീഡിപ്പിച്ചാലും അവനെ നശിപ്പിച്ചാലും, ഇതിന്റെ ഉല്പത്തിയേയോ വ്യാപാരത്തേയോ നശിപ്പിക്കുവാൻ കഴിയുമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. രാജസേവകന്മാരുടേയും സർക്കാർ ഉദ്യോഗൻസ്ഥന്മാരുടേയും അഴിമതി അക്രമങ്ങൾ ജനങ്ങളുടെമേൽ ഇനിയെങ്കിലും പതിക്കാതെയിരിക്കണമന്നുള്ള അഭിവാഞ്ഛയോടുകൂടി, ആ അധർമ്മങ്ങളെപ്പറ്റി, ഏറെക്കുറെ പരുഷമായിട്ടെങ്കിലും പ്രസ്താവിക്കുന്നത് രാജദ്രോഹമാണെന്നുള്ള വർത്തമാനം ഞങ്ങൾ ഇദംപ്രഥമായിട്ടാണ് കേൾക്കുന്നത്. ഞങ്ങൾ ബഹുമാനഭക്തിപൂർവ്വം ആദരിക്കുന്ന മഹാരാജാവിനെ മറന്നിട്ടാണ് ഈ അഴിമതിക്കാർ അധർമ്മങ്ങൾ പ്രവർത്തിച്ചുപോരുന്നതെന്ന് ഞങ്ങൾക്കു ബോധമുള്ളതിനാൽ, ഈ അധർമ്മികളെ നിന്ദിക്കുന്നത് രാജാധികാരത്തിന്റെ പവിത്രതയെ പരിപാലിക്കാനായുള്ള ഞങ്ങളുടെ അഭിലാഷത്തിന്റെ പ്രകടനമാണെന്ന് ഞങ്ങൾക്കു നിശ്ചയമുണ്ട്. ഇത് ഗവണ്മെന്റിന്റെ അധികാരത്തെ ധ്വംസിക്കയോ പ്രജകളുടെ ഉള്ളിൽ ഗവണ്മെന്റിനോട് ദ്വേഷം ജനിപ്പിക്കയോ ചെയ്യുന്ന കൃത്യമല്ലായ്കയാൽ, ഞങ്ങൾക്ക് ധർമ്മം ജയിക്കും എന്നുള്ള വിശ്വാസം നശിച്ചു പോയിട്ടില്ല. ഞങ്ങളുടെ പ്രവൃത്തി ഗവണ്മെന്റിനെ അപകടപ്പെടുത്തുന്നതല്ലെന്ന് ഗവണ്മെന്റിനു തന്നെ നല്ല ബോധമുള്ള സ്ഥിതിക്ക് ഞങ്ങളുടെ സഹജീവികൾ നിരുത്തരവാദികളായി അവാസ്തവങ്ങളും അസംബന്ധങ്ങളും പ്രലപിച്ച് തന്നത്താൻ കൊലമാല ധരിക്കുന്നതിന്റെ ഔചിത്യവും ആവശ്യവും എന്തെന്ന് ഞങ്ങൾ അറിയുന്നില്ല. ഇപ്പോഴത്തെ കാലസ്ഥിതിയെപ്പറ്റി ഞങ്ങൾ അറിയായ്കയില്ല; ഈ വിഷയത്തിൽ ഞങ്ങളുടെ സഹജീവികൾ ഉപരിജ്ഞാനമുള്ളവരെന്ന് അഭിനയിച്ച് ഞങ്ങളെ ഉപദേശിക്കേണ്ടതും ഇല്ലായിരുന്നു. രാജദ്രോഹകരമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കുവാൻ ശ്രദ്ധവയ്ക്കേണ്ടത് പത്രപ്രവർത്തകരുടെ കടമതന്നെയാണ്. അതേ കടമയോടുകൂടിത്തന്നെ, പബ്ലിക് കാര്യ പ്രവർത്തകരുടെ പബ്ലിക് കൃത്യങ്ങളെപ്പറ്റി അവധാനത്തോടെ വിചിന്തനം ചെയ്യുകയും അങ്ങിനെ ചെയ്യുന്നവരെ രാജദ്രോഹികളെന്നോ മറ്റോ ധാർഷ്ട്യപൂർവ്വം അപകീർത്തിപ്പെടുത്താതിരിക്കുകയും ചെയ്യുന്നതിനുള്ള കടമയും ഉണ്ടെന്ന് ഓർക്കേണ്ടതാണ്. രാജദ്രോഹകരങ്ങളായ ലേഖനങ്ങൾ ഗവണ്മെന്റിനേയും പ്രജകളേയും തമ്മിൽ ഛിദ്രിപ്പിക്കുന്നവയാണെങ്കിൽ, രണ്ടാമതു പറഞ്ഞ കടമയെ ലംഘിച്ചു ചെയ്യുന്ന അപകീർത്തികരങ്ങളായ ലേഖനങ്ങൾ ഗവണ്മെന്റിനേയും ജനങ്ങളേയും നേർവഴി തെറ്റിക്കയും നിർദ്ദോഷനായ ഒരു പ്രജയെക്കുറിച്ച് ഗവണ്മെന്റിന്നും ജനങ്ങൾക്കും ദുരഭിപ്രായങ്ങൾ ജനിപ്പിക്കയും ചെയ്യുന്നവയാണെന്നും ഓർത്തിരിക്കേണ്ടതാണ്. ഈ വകതിരിവില്ലാത്തവരായി പത്രപ്രവർത്തകർ ആർ പ്രവർത്തിക്കുന്നുവോ അവരുടെ ബുദ്ധിയേയും നിലയ്ക്കു നിർത്തുന്നതിന് ഗവണ്മെന്റിനു തന്നെ നിയമങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇവർക്ക് ഓർമ്മയുണ്ടാകുമോ ഇല്ലയോ എന്ന് വഴിയേ അറിഞ്ഞുകൊള്ളാം.⚫ [ 17 ]


സ്വരാജ്യഭക്തി

വാസ്തവമായ രാജഭക്തിയെക്കുറിച്ചോ രാജ്യഭക്തിയെക്കുറിച്ചോ പ്രസ്താവിക്കുമ്പോൾ ചില പഴകാത്ത കാളകളുടെ മുമ്പിൽ ചുവന്ന കൊടിക്കൂറ കാണിക്കുന്നതുപോലെയുള്ള ക്ഷോഭങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. രാജഭക്തി കൂടാതെ രാജ്യഭക്തിയുണ്ടാകുന്നതല്ലെന്നും ഞങ്ങൾ മുമ്പേ പ്രസ്താവിച്ചുവല്ലോ. (ഒരു രാജ്യത്തിന്റെ ഏകയോഗക്ഷേമത്തിനെ ഉത്പാദിപ്പിക്കുന്നതിന്, ആ രാജ്യത്തിൽ നിവസിക്കുന്ന എല്ലാ ജനങ്ങളും ഏകോപിച്ചു പ്രവർത്തിക്കേണ്ടതാകുന്നു. എല്ലാ പരിഷ്കൃതരാജ്യങ്ങൾക്കും ഇപ്പോൾ മാതൃകയായി നില്ക്കുന്നത് ഇംഗ്ലീഷ് സാമ്രാജ്യമാകുന്നു.) അത്ര ശക്തിയോടുകൂടിയ ഒരു സാമ്രാജ്യം ഇതേവരെ ഉണ്ടായിട്ടില്ലെന്നുതന്നെ പറയണം. ആ സാമ്രാജ്യത്തിന്റെ ഭരണാധികാരം, പ്രജകളിൽ സ്ഥിതിചെയ്യുന്നു. ഇംഗ്ലീഷ് മന്ത്രിമാർ പ്രജകളുടെ പ്രതിനിധികളാകുന്നു. ഭരണകാര്യങ്ങളിൽ പ്രവേശിക്കുമ്പോൾ, ഇംഗ്ലീഷുകാർ പല കക്ഷികളായി പിരിഞ്ഞു മത്സരിക്കുന്നുണ്ടെങ്കിലും ഇംഗ്ലീഷ് സാമ്രാജ്യത്തിന്റെ ഏകയോഗക്ഷേമത്തിൽ അവർ മത്സരംവിട്ട് ഏകോപിച്ചു പ്രവർത്തിക്കുന്നവരാണ്. ഇംഗ്ലീഷ് സാമ്രാജ്യം നിലനില്ക്കുന്നതിന്റെ രഹസ്യവും ഇതിൽ അറിയാവുന്നതാണ്. രാജ്യാധികാരത്തെയും രാജാവിന്റെ വരവു ചെലവുകളെത്തന്നെയും നിർണ്ണയിക്കുന്നത് ഈ പ്രജാസഭയാകുന്നു. തിരുവിതാംകൂർ അങ്ങനെയുള്ള രാജ്യമല്ല. ഇവിടെ ദ്വിജന്മാർ, നായന്മാർ, ക്രിസ്ത്യാനികൾ, ഈഴവർ, പറയർ എന്നിങ്ങനെ പല ശാഖകളായി പ്രജകൾ പിരിഞ്ഞിരിക്കുന്നു. മറ്റ് രാജ്യഭരണകാര്യങ്ങളിൽ ഗവണ്മെന്റ് പക്ഷേ, ഈ ജാതിവ്യത്യാസത്തെ ഗണിക്കാറില്ലെങ്കിലും, ഓരോ ജാതിക്കാരും സമുദായങ്ങളെ വിട്ടു പ്രവർത്തിക്കുമ്പോൾ എങ്കിലും, മറ്റു ജാതിക്കാരോടു യോജിക്കുവാൻ തയ്യാറുള്ളവരല്ലാ. ഇവർ പ്രത്യേകം പ്രത്യേകമായി പിരിഞ്ഞ്, സമുദായപരിഷ്കരണത്തെ മാത്രം ഉദ്ദേശിക്കുന്ന ഭാവത്തിൽ ഭരണകാര്യങ്ങളിൽ പ്രബലത സിദ്ധിക്കുവാൻ പരിശ്രമിക്കുന്നു. മന്ത്രിമാർ സാധാരണ ദ്വിജന്മാരാണ്; അവർ ദ്വിജന്മാരോടുചേർന്ന് അവരെ പ്രോത്സാഹിപ്പിക്കുമ്പോൾ, ഇതരജാതിക്കാർ സ്പർദ്ധിച്ച് ക്ഷോഭിക്കയും, നായന്മാരോടുചേർന്ന് അവരെ അനുകൂലിക്കുമ്പോൾ ഇതരന്മാർ സ്പർദ്ധിച്ചു [ 18 ] വശമാകയും ചെയ്യുന്നതു നമ്മുടെ അനുഭവത്തിൽപ്പെട്ടതും പെടുന്നതും ആയ സംഗതികൾ ആകുന്നു. ഇങ്ങനെയുള്ള ഏതെങ്കിലും പ്രതിപത്തി കൂടാതെയുള്ള ദിവാൻജിമാർ, തിരുവിതാംകൂറിനു ലഭിക്കുന്നില്ലാ എന്നുള്ളതു തിരുവിതാംകൂറിന്റെ ദുർഭാഗ്യം തന്നെ. ദിവാൻജിമാർതന്നെ, അങ്ങനെയുള്ള പക്ഷപാതത്തിനു വശപ്പെടുമ്പോൾ മറ്റുദ്യോഗസ്ഥന്മാരുടെ നയം എന്തായിരിക്കുമെന്നു ഞങ്ങൾ പറയാതെതന്നെ വായനക്കാർ അറിയുമായിരിക്കും. ഈ നയം, ഇങ്ങനെ ഉദ്യോഗസ്ഥന്മാരുടെ പ്രതിരത്തീ-വിപ്രതിപത്തികളാൽ പോഷിപ്പിക്കപ്പെടുന്നതായി വരുമ്പോൾ, ന്യായത്തിനും, ധർമ്മത്തിനും വിഗതി അല്ലാതെ മറ്റെന്തുണ്ടായിരിക്കും? തിരുവിതാംകൂറിന്റെ യശസ്സിനെ മലിനപ്പെടുത്തുന്ന സംഗതികൾക്ക് ആധാരമായിട്ടു നില്ക്കുന്നത് ഈ ജാതിമത്സരമാകുന്നു. സർക്കാർ ഉദ്യോഗങ്ങളെ ഒരു വർഗ്ഗക്കാർക്കായി സ്വാധീനപ്പെടുത്തുവാനുള്ള യത്നങ്ങളിൽ അവർ കൈക്കൂലി വാങ്ങുവാനും കൈക്കൂലി കൊടുക്കുവാനും തയ്യാറാകുന്നതിൽ എന്താണു വിസ്മയം? ഇവരുടെ ജാതിസ്പർദ്ധയാണ് തിരുവിതാംകൂറിൽ രാജസേവകപ്രതാപം നിലനില്ക്കുന്നതിനു പ്രധാന ഹേതുവായി നില്ക്കുന്നത്. രാജസേവകന്മാരോ ആ തരത്തെ നോക്കിയുംകൊണ്ട് തങ്ങൾക്ക് കോഴകൊടുക്കുവാൻ തയ്യാറുള്ളവരെ, സഹായിക്കുവാൻവേണ്ടി എന്തും പ്രവർത്തിക്കുവാൻ ഒരുങ്ങിയിരിക്കുന്നവരാണ്. അവർ പറയത്തക്ക വിശ്വാസമോ, ലോകപരിചയമോ, സൽസംസർഗ്ഗമോ ഇല്ലാതെ രാജസന്നിധിയിൽ സദാ സേവിക്കുന്നവരായി പല ഛിദ്രങ്ങളെ നാട്ടിൽ ഉത്പാദിപ്പിക്കയും, മന്ത്രിമാർക്കു ക്ലിഷ്ടതകളെ ഉണ്ടാക്കുകയും ചെയതിട്ട്, മദോന്മത്തരായിരിക്കുന്നു. അവർ അവർക്ക് അനർഹങ്ങളായ മാസപ്പടികളെ ലഭിക്കുന്നതുകൊണ്ടും തൃപ്തിപ്പെടുന്നില്ലാ. അവർ രാജമന്ദിരവാസവും രാജൈശ്വര്യാനുഭവങ്ങളും അപഹരിക്കുന്നവരായിട്ടും തൃപ്തിപ്പെടുന്നില്ലാ. അവരുടെ കുടുംബങ്ങൾക്കും രാജൈശ്വര്യങ്ങളെ നല്കി വരുന്നതുകൊണ്ടും തൃപ്തിപ്പെടുന്നില്ലാ. അവരുടെ ചാർച്ചക്കാർക്കു രാജ്യദ്രവ്യത്തെ അപഹരിക്കാനുള്ള സന്ദർഭങ്ങളെ നൽകുന്ന ജോലികളെ കൊട്ടാരങ്ങളിലും പുറമേയും, കൊടുക്കുന്നതുകൊണ്ടും, ആ സേവകന്മാർ തൃപ്തിപ്പെടുന്നില്ലാ. ഉദ്യോഗങ്ങളെ വിറ്റ് അങ്ങനെയും, ദ്രവ്യശേഖരം ചെയ്യുന്നതുകൊണ്ടും അവരുടെ ദ്രവ്യദുർമ്മോഹം തൃപ്തിപ്പെടുന്നില്ലാ. രാജസേവകന്മാർക്കു കോഴ കൊടുക്കാതെയോ, മറ്റുവിധത്തിൽ ആശ്രയിക്കുന്നതിനു മനസ്സില്ലാതെയോ ഉദ്യോഗകൃത്യത്തെ ശരിയായി നിർവഹിക്കുന്നവരെ പലവിധത്തിൽ മർദ്ദിച്ചിട്ടും ആ സേവകന്മാരുടെ ദുഷ്പ്രതാപം തൃപ്തിപ്പെടുന്നില്ലാ. ആ രാജസേവകന്മാരുടെ സർവ്വസുകൃതികളെയും വാഴ്ത്തുന്നതിനും, അവയെ അനുസരിക്കുന്നതിനും, അങ്ങനെ ചെയ്യുന്നതാണു രാജഭക്തി എന്നു നിലവിളി കൂട്ടിയുംകൊണ്ടു ചില വർത്തമാനപത്രങ്ങളെയും സ്വാധീനപ്പെടുത്തി, സേവകകൊടിക്കൂറയെ നാട്ടിൽ പറത്തുന്നതിനും കച്ചകെട്ടി പുറപ്പെട്ടിരിക്കുന്ന ഒരുവക വകതിരിവില്ലാത്ത കൂട്ടം സ്വാർത്ഥലാഭത്തിനായി അങ്ങനെ ചെയ്യാത്തവരെ ഉച്ചത്തിൽ ഭർത്സിക്കുന്നതിനു നിർല്ലജ്ജകരമായി പുറപ്പെട്ടിരിക്കുന്നതാണു ഞങ്ങൾക്ക് അനല്പമായ കൗതുകത്തെ നൽകുന്നത്. ആ കൂട്ടം ജനസാമാന്യത്തിന്റെ അനാദരണീയമായ ഭാഗം അല്ലാ. അവർ പാശ്ചാത്യവിദ്യാഭ്യാസം സ്വീകരിച്ചും വിരുതുകൾ നേടിയും നാട്ടിൽ പ്രബലന്മാരായിരിക്കുന്നവരാ​ണ്. അവർ അറിവില്ലാത്തവരല്ല. സത്യമെന്തെന്നും, ന്യായമെന്തെന്നും, ധർമ്മമെന്തെന്നും, രാജഭക്തി എന്തെന്നും അറിയാത്തവരല്ലാ. രാജസേവകന്മാരുടെ നീചകൃത്യങ്ങളെ പുച്ഛിക്കുവാൻ, ആദ്യമായി നാട്ടുകാരെ പഠിപ്പിച്ചത് ഈ ആളുകൾ ആണ്. അങ്ങനെ ചെയ്തതുകൊണ്ട് അവർക്കു രാജപ്രസാദമോ, സേവകപ്രസാദമോ ലഭിക്കുന്നില്ലെന്നുകണ്ട് അവരുടെ സ്വാർതഥപൂർത്തിക്കായി സേവകഭാഗത്തോടു ചാഞ്ഞുനില്ക്കുകയും ആ ഭാഗത്തെ സഹായിക്കുന്നതിനും, ധൈര്യപ്പെടുത്തുന്നതിനും ഒരുമ്പെട്ടിരിക്കയും ചെയ്യുന്നു എന്നതാണ് ഞങ്ങൾക്കു സഹതാപത്തെ നല്കുന്നത്. അതും പോകട്ടെ; സേകന്മാരുടെ കുസൃതികളെ തുറന്നുപറയുന്നതു രാജദ്രോഹമാണെന്നു ഘോഷിക്കുവാൻ ഇവർക്കു മടിയില്ലാത്തത് ആശ്ചര്യംതന്നെ. രാജസേവകന്മാരുടെ ചപലതകളെ താങ്ങുന്നതും [ 19 ] അവർക്കു കോഴ നല്കി ഉദ്യോഗം വിലയ്ക്കു വാങ്ങുന്നതും, സേവകഭക്തിയായിരിക്കാം; ഒരിക്കലും രാജഭക്തിയായിരിക്കയില്ലാ. രാജധർമ്മത്തെ അനുഷ്ഠിക്കുവാൻ സമ്മതിക്കാത്ത ഈ സേവകന്മാർ, രാജദ്രോഹികൾ ആണെന്ന് ഏവരും സമ്മതിക്കുമല്ലോ. അവരെ സഹായിക്കുന്നവരും, ധൈര്യപ്പെടുത്തുന്നവരും രാജദ്രോഹികൾ അല്ലെന്ന് എങ്ങനെ വരുമെന്ന് അവർതന്നെ പറഞ്ഞുതന്നാൽ കൊള്ളാമായിരുന്നു.

സർക്കാരുദ്യോഗങ്ങളെ വിലയ്ക്കു വില്ക്കുന്നതും, വാങ്ങുന്നതും രാജദ്രോഹമല്ലെങ്കിൽ അങ്ങനെയുള്ള പ്രവൃത്തികളെ പരസ്യമായി പറയുന്നത് എങ്ങനെ രാജ്യദ്രോഹമായി പര്യവസാനിക്കുമെന്നു ഞങ്ങൾക്കു മനസ്സിലാകുന്നില്ലാ. സ്വവർഗ്ഗോന്നതിക്കായി സമാജങ്ങളെ ഏർപ്പെടുത്തി രാജ്യത്തിന്റെ ഏകയോഗക്ഷേമത്തെ ദുഷിപ്പിക്കുന്നതു രാജ്യഭക്തിയോ രാജഭക്തിയോ ആയിരിക്കുമോ? പഠിപ്പുള്ളവർ സത്യത്തെയും, ന്യായത്തെയും, ധർമ്മത്തെയും കൈവെടിഞ്ഞു രാജസേവകപാദങ്ങളിൽ കാണിക്കയിടുന്നതും, ആ സേവകസേവയെ പ്രമാണമാക്കി ഉദ്യോഗധർമ്മത്തെ വ്യഭിചരിക്കുന്നതും, രാജ്യദ്രോഹമല്ലെങ്കിൽ മറ്റെന്താണ്? എന്നാൽ ഇവർ സ്വാർത്ഥങ്ങളെ നേടുന്നവരായിട്ട് ദുര്യെശസ്സിനെ സമ്പാദിക്കുന്നതിൽ ഞങ്ങൾക്കു മനഃസ്താപമില്ലാതില്ലാ. ഇവരെ കണ്ടു പഠിക്കേണ്ട രാജ്യസന്താനങ്ങൾ ദുഷിച്ചു പോകുന്നതിൽ അതിയായ ഖേദം എല്ലാ രാജ്യഭക്തന്മാർക്കും ഉണ്ടാകുന്നതാണ്. രാജ്യഭക്തി, സ്വവർഗ്ഗപ്രതിപത്തിയെ പ്രമാണമാക്കി സമാജങ്ങളെ ഏർപ്പെടുത്തി സ്വൈര്യമായ രാജ്യത്തിന്റെ ഏകയോഗക്ഷേമത്തെ ധ്വംസനം ചെയ്യുന്നതല്ലാ. ആ രാജ്യഭക്തി, ദുർമ്മോഹികളും ദുരഹങ്കാരികളുമായ രാജസേവകന്മാരെ സർവ്വ ചപലതകളെയും ഗോപനം ചെയ്യുന്നതിലും, വാഴ്ത്തുന്നതിലും അറിയുന്നത് ഏറ്റവും കഷ്ടതയല്ലയോ? ⚫

(1909 ഡിസംബർ 31)

[ 20 ]


എന്റെ നാടുകടത്തൽ

കോഴിക്കോട്ടെ 'മലബാർ ഡെയിലി ന്യൂസും' കൊച്ചിയിലെ 'കൊച്ചിൻ ആർഗസ്സും' ഇവരെ അനുഗമിച്ച് മറ്റു ചില പത്രങ്ങളും ഇതിനിടെ എന്നെ നാടുകടത്തിയിരുന്നതു കഴിഞ്ഞു ഞാൻ ഇപ്പോൾ സ്വൈര്യമായി തിരുവിതാംകൂറിലേക്കു മടങ്ങിയെത്തിയിരിക്കുന്നു. തിരുവിതാംകൂർ ഗവണ്മെന്റിനേയും പ്രജകളേയും ഛിദ്രിപ്പിക്കുകയും ജനങ്ങളുടെ ഉള്ളിൽ രാജദ്രോഹബുദ്ധിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ലേഖനങ്ങൾ ഞാൻ എന്റെ പത്രത്തിൽ പ്രസിദ്ധീകരിക്കുന്നുവെന്ന് എന്റെ മേൽ കഠിനമായി കുറ്റം ആരോപിച്ചുകൊണ്ടായിരുന്നു ഈ 'ചങ്ങാതിമാർ' കുറേ നാൾ മുമ്പ് രാജദ്രോഹത്തിന്നായി എന്നെ വേട്ടയാടാൻ ഒരുങ്ങിയതെന്ന് ഇതാ നാടുകടത്തൽ കഴിഞ്ഞു തിരിച്ചെത്തിയ ശേഷമാണ് എനിക്ക് മനസ്സിലായത്. എന്നെ തിരുവിതാംകൂർ സംസ്ഥാനത്ത് നിന്ന് നാടുകടത്തുവാൻ തിരുവിതാംകൂർ ഗവണ്മെന്റ് കല്പിച്ചിരിക്കുന്നുവെന്നും ഈ കൽപ്പന എന്റെ രാജദ്രോഹകരങ്ങളായ ലേഖനങ്ങളുടെ ഫലമാണെന്നും അതിനാൽ തിരുവിതാംകൂർ ഗവണ്മെന്റ് ഒരു നിഷ്ഠുരമായ നടപടിയെ അവലംബിച്ചതായി ഗവണ്മെന്റിനെ കുറ്റപ്പെടുത്തുവാൻ അവകാശമില്ലെന്നും ഈ നാട്ടിൽ അസ്വസ്ഥത മാറ്റി സമാധാനം ഉറപ്പിക്കുന്നതിന്നു ഗവണ്മെന്റിന്റെ ഈ നടപടി യുക്തം തന്നെയെന്നും ഈ 'ചങ്ങാതിമാർ' മുഖേന ലോകർ ഗ്രഹിക്കുകയും, പക്ഷേ ചിലർ സന്തോഷിക്കുകയും, മറ്റു പലരും [ 21 ] ആശ്ചര്യപ്പെടുകയും, വ്യസനിക്കുകയും ചെയ്തിരിക്കാനിടയുണ്ട്. ഈ 'ചങ്ങാതിമാരും' അവരുടെ ചങ്ങാതിമാരും ഇത്ര വളരെ കുതൂഹല കോലാഹലം കൂട്ടിയപ്പോൾ, അങ്ങിനെയൊരു സംഗതി സംഭവിച്ചിട്ടുണ്ടോ എന്ന് വിചിന്തനം ചെയ്യാതെ, എരിതീയിൽ ചാടിയ ശലഭങ്ങളുടെ പദത്തെ പ്രാപിക്കുവാൻ, ഇടയായത് സ്പൃഹണീയം തന്നെയാണ്. തിരുവിതാംകൂർ ഗവണ്മെന്റ് എന്നെ നാടുകടത്താൻ തീരുമാനിച്ചിട്ടില്ല എന്ന് മാത്രമല്ല, അ‌ങ്ങിനെ ഒരു കല്പനയ്ക്ക് ഹേതുവായി ഞാൻ ഒന്നും പ്രവർത്തിച്ചിട്ടുമില്ല! ഈ പരമാർത്ഥം ആദ്യമേ മനസ്സിലാക്കുവാൻ കഴിയാതിരുന്ന ഈ ചങ്ങാതികൾക്ക് നല്ല പ്രജ്ഞയുണ്ടായപ്പോൾ തങ്ങളുടെ ഉന്മത്ത പ്രലപനങ്ങളെ തിരിയെ രക്ഷിക്കേണ്ടിവന്നതിൽ അവരുടെ ദയനീയാവസ്ഥയെപ്പറ്റി ഞാൻ നിർവ്യാജം സഹതപിക്കുന്നു.

എന്നെ നാടുകടത്താൻ തക്കവണ്ണം ഞാൻ എന്താണ് പ്രവർത്തിച്ചിട്ടുള്ളത്? ഈ 'ചങ്ങാതികൾ' പറയുന്നത് എൻറെ പത്രത്തിലെ ചില ലേഖനങ്ങൾ ഈയിടെ രാജഭക്തിയെ ഇല്ലായ്മ ചെയ്യുന്നവയായിരിക്കുന്നുവെന്നാണ്. ഏതു ലേഖനമാണ്, ഏതു വാചകമാണ് ഈ കുറ്റത്തെ ദ്യോതിപ്പിക്കുന്നതെന്ന് ഇവരാരും നിർമ്മൽസരമായും വ്യക്തമായും ചൂണ്ടിക്കാണിക്കുന്നില്ല. 'തിരുവിതാംകൂർ നവീകരണം' എന്ന തലവാചകത്തിൻ കീഴിൽ, ഈ പത്രത്തിൽ ഒരു ഉപന്യാസ പരമ്പര ഞാൻ പ്രസിദ്ധീകരിച്ചിട്ടുള്ളതിൽ മഹാരാജാവിൻറെയോ ഗവണ്മെൻറിൻറെയോ പേരിൽ ജനങ്ങൾക്ക് അപ്രീതി ജനിപ്പിക്കുയോ വളർക്കുകയോ ചെയ്യുന്നതായി യാതൊരു സംഗതിയും നിർമ്മൽസരന്മാർക്കു കാണുവാൻ ഉണ്ടാകയില്ലെന്ന് എനിക്ക് നല്ല ബോധമുണ്ട്. മഹാരാജാവു തിരുമനസ്സിലെ കൊട്ടാരത്തിൽ പാർത്തുകൊണ്ട്, സർക്കാരുദ്യോഗങ്ങൾ വിലയ്ക്കുവിറ്റും കൊട്ടാരത്തിലെ മുതലുകൾ കവർന്നും അന്യായമായി ധനാർജനം ചെയ്തും ഈ ധർമ്മരാജ്യത്ത് അധർമ്മത്തിന്റെ വിജയപതാകയെ നാട്ടുവാൻ ഉദ്യമിച്ചിരിക്കുന്ന രണ്ടു സേവകന്മാരെയും അവരുടെ ആശ്രിതന്മാരായ ഉദ്യോഗസ്ഥന്മാരെയും, ഇവരുടെ അഴിമതികൾ നിമിത്തം നാട്ടുകാർക്ക് ഉണ്ടായിട്ടുള്ളതും ഉണ്ടാകുന്നതും ഉണ്ടാകാവുന്നതും ആയ കഷ്ടനഷ്ടങ്ങളെയും മേൽപ്പടി ലേഖന പരമ്പരയിൽ പ്രതിപാദിച്ചിട്ടുള്ളത് രാജദ്രോഹമാണെങ്കിൽ, ആ രാജദ്രോഹം ഈ സംസ്ഥാനത്തിലെ എന്നല്ല, ഇന്ത്യാമഹാരാജ്യത്തിലെയും ശിക്ഷാനിയമത്താൽ പരികൽപിക്കപ്പെട്ടിട്ടില്ലെന്ന് ഞാൻ നല്ലവണ്ണം അറിയുന്നുണ്ട്. ഇവരുടെ അക്രമങ്ങളെപ്പറ്റി പറയുന്നത് രാജദ്രോഹമാണെങ്കിൽ, ഇവർ രാജഭരണകീർത്തിയെ മലിനപ്പെടുത്തുമാറു ചെയ്യുന്ന ജനദ്രോഹ കർമ്മങ്ങൾ മേൽപ്പറഞ്ഞ ചങ്ങാതിമാരുടെ ദൃഷ്ട്യാ, രാജഭക്തിയുടെ പ്രകടനങ്ങളായിരിക്കണം. അത്തരത്തിലുള്ള രാജഭക്തിയിൽ ഞാൻ ലുബ്ധൻ തന്നെ എന്നു സമ്മതിക്കുന്നു. അഴിമതിക്കാരായ രാജസേവകന്മാരുടെ അക്രമങ്ങൾ കൊണ്ടു ജനതയ്ക്കുള്ള സങ്കടങ്ങളെ പറയുന്നത് രാജദ്രോഹമാണെങ്കിൽ അത്തരത്തിലുള്ള രാജദ്രോഹത്തിന്നു ഞാൻ ദണ്ഡനാർഹൻ തന്നെ. എന്നാൽ ഈ സംസ്ഥാനത്തെ അധിപതിയായ മഹാരാജാവു തിരുമനസ്സിലെ പേരിലുള്ള ഭക്തിയിൽ ഞാൻ അന്യൂനനാണെന്നും മഹാരാജാവിൻറെ പേരിൽ ദ്രോഹബുദ്ധി എൻറെ പത്രത്തിലുള്ള യാതൊരു ലേഖനത്തിലും സ്ഫുരിക്കുന്നതിന്നു സംഗതിയില്ലെന്നും ഞാൻ ഉറപ്പുപറയുന്നു. എൻറെ ദൈവം കല്ലും മരവുമല്ലാ; എൻറെ രാജാവ് അഴിമതിക്കാരായ രാജസേവകന്മാരുമല്ലാ. എന്നെ നാടുകടത്തുന്നത് രാജ സേവന്മാരുടെ പേരിൽ ഭക്തിയില്ലെന്ന കുറ്റത്തിനാണെങ്കിൽ ആ ശിക്ഷാനിയമം ആ സേവന്മാരുടെ മനോരാജ്യത്തിൽ നടപ്പാക്കപ്പെട്ടിട്ടുള്ള വകയായിരിക്കാം, തിരുവിതാംകൂർ രാജ്യത്തിലെ ശിക്ഷാനിയമപ്രകാരമായിരിക്കയില്ല. അല്ലെങ്കിൽ തന്നെ, നാടുകടത്തൽ, കാരാഗൃഹം മുതലായ ശിക്ഷകളെ ഭയപ്പെടേണ്ട ആവശ്യം എനിക്കില്ല. ഞാൻ എൻറെ രാജ്യത്തിലെ നിയമത്തെ ലംഘിക്കുന്നില്ല. ആ ശിക്ഷകളെ ഭയപ്പെടേണ്ടവർ, കൊട്ടാരങ്ങളിൽ കൊലപാതകം ചെയ്തും, സാധുജനങ്ങളുടെ ധനാപഹരണം ചെയ്തും, യജമാനന്മാരെ ദ്രോഹിച്ചും ഈശ്വര സങ്കൽപ്പത്തിന്നു [ 22 ] വിരുദ്ധമായ മറ്റു അകൃത്യങ്ങൾ പ്രവർത്തിച്ചും പാപക്കുണ്ടിൽ പതിച്ചിരിക്കുന്നവരാണ്. അവർക്കാണ് കാരാഗൃഹവാസം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അവർ രമ്യഹർമ്മ്യങ്ങളിലോ രാജസദനങ്ങളിലോ മറ്റോ പാർക്കുന്നതായി ഇതരന്മാർക്കു തോന്നുന്നുണ്ടായിരിക്കുമെങ്കിലും അവ അവരുടെ കാരാഗൃഹങ്ങളാകുന്നു. ധർമ്മം, സത്യം മുതലായ സൽപ്രമാണങ്ങളെ ജീവിത മാതൃകകളായി ഗ്രഹിച്ച് അധർമ്മം, അസത്യം മുതലായവയെ വർജ്ജിക്കുന്നവർക്ക്, ഏതു കാരാഗൃഹവും കാരാഗൃഹമാകയില്ല. പാപം ചെയ്ത മനസ്സിനേ ചുറ്റുമുള്ള ചുമരുകളുടെ മദ്ധ്യേ കാരാഗൃഹത്തെ ശങ്കിക്കുവാൻ സംഗതിയുള്ളൂ. അത്രയുമല്ല, ഈ ഭൂലോകത്തെ ഏതു ഗവണ്മെന്റിനും ഒരുവന്റെ ശരീരത്തെയല്ലാതെ, മനസ്സിനെ തടവിലിടുവാൻ അധികാരമില്ല, ശക്തിയുമില്ല. ഈശ്വരനെ കല്ലും മരവുമല്ലാതെ ധർമ്മം, സത്യം മുതലായവയുടെ സങ്കേതമായ പരബ്രഹ്മമായി ധ്യാനിക്കുന്നവർക്കു ശരീരം നിസ്സാരവും, ആത്മാവിനെ അധർമ്മങ്ങളുടെ കേളീരംഗമായ ഭൂമിയിൽനിന്ന് നാടുകടത്തുന്നത് എത്രയോ ആനന്ദപ്രദവും ആകുന്നു. അതിനാൽ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ കീർത്തിയെ ഹനിച്ചിരിക്കുന്ന രാജസേവന്മാരുടെ അഴിമതികളുടെ നേർക്കുള്ള പ്രതിരോധത്തിൽ, അവരുടെ ആശ്രിതന്മാരായ ഉദ്യോഗസ്ഥന്മാരിൽ നിന്നോ മറ്റോ നേരിടാവുന്ന വിപത്തുകൾ എനിക്കു ഭീഷണങ്ങളല്ലാ. ഞാൻ ഇതേവരെ ഒരു രാജദ്രോഹവും പ്രവർത്തിച്ചിട്ടില്ല, പ്രസംഗിച്ചിട്ടുമില്ല. വിചാരിച്ചിട്ടുമില്ല. അഴിമതിക്കാർക്കു വിരോധമായി വർത്തിക്കുന്നതു രാജദ്രോഹവുമല്ല. എന്നെ രാജദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കണമെന്ന് ദുർഭാഷണം ചെയ്തു നടക്കുന്നവരുടെ പ്രകൃതിവിരുദ്ധങ്ങളായ കർമ്മങ്ങൾ മനോരമ്യങ്ങളായിരിക്കട്ടെ: അവ എന്നെ ബാധിക്കുകയില്ല. അവ അവർക്കുതന്നെ കണ്ഠപാശമായി തീരുകയേ ഉള്ളൂ. ⚫ [ 23 ]


പുതിയ പ്രസ്സ് റെഗുലേഷൻ

ചുവടെ ചേർക്കുന്നത് ഒരു ലേഖകൻ വഴിയിൽ കിട്ടിയ കടലാസിൽ നിന്ന് പകർത്തിയെഴുതി അയച്ചുതന്നതാകുന്നു. വായിച്ചുനോക്കിയിടത്തോളം, അത് ആരോ എഴുതിയുണ്ടാക്കിയ ഒരു പ്രസ്സ് റെഗുലേഷന്റെ നഖൽ ആണെന്നു കാണുന്നു. ഇതിന്റെ കർത്താവ് ആരാണെന്നോ ഇത് ഏതു നിയമ നിർമ്മാണസഭയിൽ പ്രയോഗിക്കുവാൻ പോകുന്നതെന്നോ ഊഹിക്കുന്നതിലേക്ക് ഒരു ലക്ഷ്യവും കാണുന്നില്ല എന്നും ലേഖകൻ അറിയിക്കുന്നു. പത്രവായനക്കാരായ ബഹുജനങ്ങൾക്കു രസകരമായിരിക്കുമെന്നു വിചാരിച്ചാണ് ഇതിനെ പ്രസിദ്ധീകരിക്കാമെന്നു നിശ്ചയിച്ചത്.

108-ാമാണ്ടത്തെ ാം റെഗുലേഷൻ


അച്ചടിശാലകളെയും വർത്തമാന പത്രങ്ങളേയും നിയന്ത്രണം ചെയ്യുന്നതിനായി 1079-ാമാണ് തയ്യാറാക്കിയ രണ്ടാം റെഗുലേഖനെ ഭേദപ്പെടുത്തേണ്ടത് ആവശ്യമാണെന്നു കണ്ടിരിക്കകൊണ്ട് ഇതിനാൽ നിയമിക്കുന്നതെന്തെന്നാൽ,

(1) ഈ റെഗുലേഷനെ അച്ചടിശാലകളേയും വർത്തമാനപത്രങ്ങളേയും നിയന്ത്രിക്കുന്നതിനായുള്ള 108ാമാണ്ടത്തെ -ാം റെഗുലേഷൻ എന്നു വിളിക്കുന്നതാകുന്നു. [ 24 ]

(2) 1079-ാമാണ്ടത്തെ രണ്ടാം റെഗുലേഷനിൽ നിന്ന് ഇതിൽ ഭേദപ്പെടുത്തിയിരിക്കുന്നേടത്തോളം ഭാഗങ്ങൾ അത്രയും ഇതിനാൽ റദ്ദുചെയ്യുന്നതും അവയ്ക്കു പകരം ഇതിലെ വകുപ്പുകളെ അംഗീകരിക്കാൻ ആജ്ഞാപിക്കുന്നതും ആകുന്നു.

(3) ഈ റെഗുലേഷനിലെ പരികല്പനങ്ങൾ, തെക്കു കന്യാകുമാരി മുതൽ വടക്കു വടങ്കോട്ടുവരേയും കിഴക്ക് സഹ്യാദ്രി മുതൽ പടിഞ്ഞാറ് അറേബ്യൻ സമുദ്രംവരേയും ഉള്ള ഭൂമിയിൽ നമ്മുടെ ദിവാൻജിമാരുടെ പിടിപ്പുകേടു നിമിത്തം അന്യന്മാർക്കു വിട്ടുകൊടുത്തു പോയിട്ടുള്ള പ്രദേശങ്ങളൊഴികെയുള്ള സ്ഥലജലങ്ങളിലെങ്ങും വ്യാപിക്കുന്നതും, ഇത് ഉടനടി നടപ്പിൽ വരുന്നതും ആകുന്നു.

(4) ഈ റെഗുലേഷനിൽ, സന്ദർഭത്താൽ അന്യഥാ അർത്ഥം വല്ലതും ഉണ്ടായാലല്ലാതെ, താഴെകുറിക്കുന്ന പദങ്ങൾക്ക് ഇതിനാൽ വിവരിക്കുന്ന അർത്ഥം ഉണ്ടായിരിക്കുന്നതാകുന്നു.

(എ) അച്ചടി എന്നതിൽ, കല്ലച്ചിലോ സൈക്ലോസ്റ്റൈലിലോ പതിക്കുന്നതോ കൈകൊണ്ട് എഴുതുന്നതോ ആയ സകലതും ഉൾപ്പെടുന്നതാകുന്നു.

ജ്ഞാപകം-കൈയെഴുത്തു പത്രങ്ങൾ ഈ റെഗുലേഷന്റെ കാര്യത്തിൽ അച്ചടിയായി ഗണിക്കപ്പെടുന്നതാണ്.

(ബി) വർത്തമാനപത്രം- എന്നാൽ, നിയതകാലങ്ങളിൽ പുറപ്പെടുന്നതും പബ്ലിക് വാർത്തകളോ പബ്ലിക് വാർത്തകളെപ്പറ്റിയ നിരൂപണങ്ങളോ അടങ്ങിയതും, മടക്കിക്കുത്തിക്കെട്ടാത്തതും ആയ കൃതിയാകുന്നു.

(സി) പുസ്തകം- എന്നാൽ, 1079-മാണ്ടത്തെ രണ്ടാം റെഗുലേഷനിൽ വിവരിച്ചിട്ടുള്ളതിന്നുപുറമെ, പബ്ലിക് വാർത്തകളോ പബ്ലിക് വാർത്തകളെപ്പറ്റിയ നിരൂപണങ്ങളോ അടങ്ങിയതും, നിയതകാലത്തിൽ പുറപ്പെടുവിക്കുന്നതും ആയിരുന്നാലും, മടക്കിക്കുത്തികെട്ടീട്ടുള്ളതായ കൃതി എന്നുകൂടി അർത്ഥമാകുന്നു.

ജ്ഞാപകം- മാസം തോറുമോ, രണ്ടുമസത്തിലൊരിക്കലോ, മൂന്നുമാസത്തിലൊരിക്കലോ മറ്റോ പ്രസിദ്ധപ്പെടുത്തിവരാറുള്ള 'മാഗസീൻ' (പത്രഗ്രന്ഥം), വർത്തമാനപത്രങ്ങളെപ്പോലെ, പബ്ലിക് വാർത്തകളോ പബ്ലിക് വാർത്തകളെപ്പറ്റിയ നിരൂപണങ്ങളോ അടങ്ങിയതും, നിയതകാലത്തിൽ പുറപ്പെടുവിക്കുന്നതും ആയിരുന്നാലും, വർത്തമാനപത്രം ആകയില്ല, പുസ്തകം ആകുന്നു.

(1910 ജൂൺ 1-ായിലെ 32-ാം നമ്പർ ഹജ്ജൂർ ലെറ്ററും 1085 ഇടവം 20-ലെ 48-ാം നമ്പർ അഞ്ചൽ സർക്കുലറും നോക്കുക.)

(5) ഈ റെഗുലേഷൻ വ്യാപിക്കുന്ന പ്രദേശങ്ങളിൽ എവിടേയും, ഈ റെഗുലേഷൻ നടപ്പാക്കുന്ന തീയതിയിൽ ഉണ്ടായിരിക്കുന്നതോ, മേലാൽ ഉണ്ടാവുന്നതോ, ആയ യാതൊരു അച്ചടിശാലയും വർത്തമാനപത്രവും അയ്യായിരം രൂപ ഗവണ്മെന്റിലേക്ക് ജാമ്യം കെട്ടിവെക്കേണ്ടതാകുന്നു. ഇപ്പോഴുള്ള അച്ചടിശാലകളും വർത്തമാനപത്രങ്ങളും ഈ റെഗുലേഷൻ നടപ്പാക്കുന്ന ക്ഷണം മുതൽക്ക് ഒരു മണിക്കൂറിന്നുള്ളിലും, മേലാൽ സ്ഥാപിക്കുന്ന അച്ചടിശാലകളും വർത്തമാനപത്രങ്ങളും, സ്ഥാപനത്തിനു മുമ്പേയും, ജാമ്യം കെട്ടിവെക്കേണ്ടതാണ്.

ദിവാൻജിക്കു യുക്തമെന്നു തോന്നുന്ന പക്ഷം, ജാമ്യത്തുക ചുരുക്കുകയോ ജാമ്യം വേണ്ടെന്നു [ 25 ] വെക്കുകയോ ചെയ്യാവുന്നതാകുന്നു.

ജാമ്യത്തുകകളെ അൽവെത്ത്നട്ട് കമ്പനി ബാങ്കിൽ നിക്ഷേപിക്കുന്നതും, പലിശ അതാതിന്റെ ഉടമസ്ഥന്മാർക്ക് കൊടുക്കുന്നതുമാകുന്നു. എന്നാൽ മേൽപടി കമ്പനി ബാങ്ക് പൊളിഞ്ഞുപോയാൽ ജാമ്യത്തുക വീണ്ടും കെട്ടിവേക്കേണ്ടതല്ലാതെ, നഷ്ടത്തിന്നു ഗവണ്മെന്റ് ഉത്തരവാദിയാകുന്നതല്ല.

(6) യാതൊരു അച്ചടിശാലയിൽനിന്നും ദിവാൻജിയുടേയോ, യാതൊരു കൊട്ടാരം സേവന്റേയോ, മാതൃകാ ഉദ്യോഗസ്ഥന്റേയോ, രഹസ്യമായോ പരസ്യമായോ ഉള്ള നടത്തയെക്കുറിച്ച്, ബഹുജനങ്ങളുടെ ഉള്ളിൽ ജുഗുപ്സ ജനിപ്പിക്കത്തക്കവണ്ണം വ്യംഗ്യമായോ വാച്യമായോ അർത്ഥമാകുന്ന രാജദ്രോഹകരമായ യാതൊന്നും അച്ചടിക്കയോ, പ്രസിദ്ധീകരിക്കുകയോ ചെയ്തുകൂടാത്തതാകുന്നു.

വിവരണം:- ഒരു ദിവാൻജി വേശ്യാലമ്പടനാണെന്നു പറയുന്നത് രാജദ്രോഹമാകുന്നു. ഒരു മാതൃകാ ഉദ്യോഗസ്ഥൻ ഒരു ദിവാൻജിക്കു വേശ്യകളെ സംഭരിച്ചു കൊടുക്കുന്നു എന്നു പറയുന്നതും രാജദ്രോഹമാകുന്നു. ഒരു കൊട്ടാരം സേവൻ സർക്കാരുദ്യോഗങ്ങൾ കൊടുപ്പാനായി കൈക്കൂലി മേടിക്കുന്നു എന്നു പറയുന്നത് രാജദ്രോഹമാകുന്നു. ഒരു കൊട്ടാരം സേവൻ അരമനമുതൽ അപഹരിക്കുന്നു എന്നു പറയുന്നതും രാജദ്രോഹമാകുന്നു. ദിവാൻജി സ്വേച്ഛാപ്രഭുവായി ഹൈക്കോടതിയെ നിന്ദിക്കുന്നുവെന്നോ, ജാതിസ്പർദ്ധാജനകമായ നടപടികൾ നടത്തുന്നു എന്നോ പറയുന്നതും രാജദ്രോഹമാകുന്നു. ഒരു ദിവാൻജി പൊതുജനങ്ങളുടെ പക്കൽനിന്നു ശേഖരിക്കുന്ന പബ്ലിക് പണത്തെ പാഴ്ച്ചെലവു ചെയ്യുന്നു എന്നു പറയുന്നതും രാജദ്രോഹമാകുന്നു. ഉദ്യോഗക്കയറ്റത്തിന്ന് ന്യായാവകാശിയെ വിസ്മരിച്ച് ആശ്രിതന്മാരെ നിശ്ചയിക്കുന്നു എന്നു പറയുന്നതും രാജദ്രോഹമാകുന്നു.

വ്യത്യസ്തം:- (1) ദിവാൻജിയുടേയോ കൊട്ടാരം സേവൻന്റേയോ മാതൃകാ ഉദ്യോഗസ്ഥന്റേയോ നടപടികളെക്കുറിച്ചുള്ള ആക്ഷേപം അവരെ മുഖസ്തുതി ചെയ്യുന്ന പത്രങ്ങളിൽ വന്നാൽ രാജദ്രോഹമാകയില്ല.

വ്യത്യസ്തം:- (2) മുൻ വിവരിച്ച വിധത്തിൽ ആക്ഷേപം പറഞ്ഞതിന്റെ ശേഷം ഒരു പത്രം മേലാൽ അങ്ങിനെ ആക്ഷേപം പറയാതിരിക്കുന്നതിന്ന് പ്രതിഫലമായി പട്ടോ, പണമോ, വളയോ സംഭാവന മേടിക്കുമെങ്കിൽ ആ ആക്രേപ പ്രസ്താവം രാജദ്രോഹമാകയില്ല.

(7) മുൻ ആറാം വകുപ്പിൽ പറഞ്ഞിരിക്കുന്ന തരത്തിൽ രാജദ്രോഹകരമായോ, പ്രക്ഷോഭജനകമായോ, ഭീഷണമായോ, മനോവ്യഥാജനകമായോ ഉള്ള വാക്കുകളടങ്ങിയ വർത്തമാനപത്രങ്ങളേയോ പുസ്തകങ്ങളേയോ അഞ്ചൽവഴി അയക്കുകയോ, ചെലവു ചെയ്‌കയോ, യാതൊരുവനും വായിക്കുകയോ ചെയ്തുകൂടാത്തതും, അപ്രകാരം ശങ്കിക്കപ്പെടുവാൻ കാരണമുള്ള യാതൊരു വർത്തമാനപത്രത്തെയും പുസ്തകത്തെയും മേൽവിലാസക്കാർക്കു കൊടുക്കാതെ യുക്തമെന്നു തോന്നുന്ന പ്രകാരത്തിൽ നശിപ്പിച്ചു കളവാൻ അഞ്ചൽമാസ്റ്റർമാർ, ഗുമസ്തന്മാർ, ചെലവു സാധനക്കാർ, അഞ്ചലോട്ടക്കാർ എന്നിവർക്കു, ഗവണ്മെന്റിന്റെ ആജ്ഞയില്ലെങ്കിൽകൂടെയും അധികാരം ഉള്ളതുമാകുന്നു.

(8) മുൻ ആറാം വകുപ്പിലെ നിബന്ധനയ്ക്കു വിപരീതമായി, രാജദ്രോഹകരമായ വല്ലതും അച്ചടിക്കയോ പ്രസിദ്ധീകരിക്കയോ ചെയ്യുന്ന യാതൊരുവന്നും, കുറ്റം സ്ഥാപിച്ചു കഴിഞ്ഞാൽ, ജീവപര്യന്ത്യം ഏകാന്തത്തടവോ, അമ്പതുകൊല്ലത്തിൽ കവിയാത്ത കാലത്തേക്കു നാടുകടത്തലോ, രണ്ടുംകൂടേയോ ശിക്ഷവിധിക്കുന്നതാകുന്നു. അച്ചടിശാലയെ ഗവണ്മെന്റ് കണ്ടുകെട്ടിയെടുക്കുന്നതും ആകുന്നു. [ 26 ]

(9) മുൻ ഏഴാം വകുപ്പിൽ പറയും പ്രകാരം ഉള്ള രാജദ്രോഹകരമോ, പ്രക്ഷോഭജനകമോ, ഭീഷണമോ, മറ്റോ വ്യഥാജനകമോ ആയ വാക്കുകളടങ്ങിയ വർത്തമാന പത്രമോ പുസ്തകമോ, അഞ്ചലിലയക്കാൻ കൊണ്ടുപോയി പെട്ടിക്കുള്ളിലിടുകയോ, വായിക്കുകയോ ചെയ്യുന്ന യാതൊരുവന്നും, അതു കണ്ടുപിടിച്ചാൽ, കൊരടാവുകൊണ്ട് അടിമുതൽ മുടിവരെ നൂറു പ്രഹരമോ, കൈകാലുകളിൽ ഇരുമ്പുകോൽ പഴുപ്പിച്ച് അമ്പതുചൂടോ, രണ്ടു കൂടെയോ, ശിക്ഷ വിധിക്കുന്നതാകുന്നു.

(10) യാതൊരു അച്ചടി ശാലയേയും വർത്തമാനപത്രത്തേയും ഈ റെഗുലേഷന്റെ നിബന്ധനകളിൽ നിന്ന് ഒഴിവാക്കുവാൻ നമ്മുടെ ദിവാൻജിക്കു അധികാരമുള്ളതാകുന്നു.

നാലാം വകുപ്പിൽ കൂട്ടിച്ചേർപ്പാൻ

(ഡി) ദിവാൻജി- എന്നാൽ, നമ്മുടെ അധീനതയിലിരിക്കുന്ന സംസ്ഥാനത്തെ ഭരിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥന്മാരിൽ എക്സിക്യൂട്ടീവ് (കർമ്മാധികാര)മേലാവാകുന്നു.

ജ്ഞാപകം- എക്സിക്യൂട്ടീവ് മേലാവായിട്ട് സ്ഥിരലാവണത്തിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥനൊഴികെ, ദിവാൻ കാര്യവിചാരത്തിനായി തൽക്കാലത്തേക്കു നിയോഗിക്കുന്ന അഫീഷ്യേറ്റിംഗ് ദിവാൻ ദിവാൻജിയായി ഗണിക്കപ്പെട്ടുകൂടാ.

ഉദാ:- സ്ഥിരം ദിവാനായ ഏ-യ്ക്കു പകരം തൽക്കാലം കാര്യവിചാരം ചെയ്യുന്ന അഫീഷ്യേറ്റിംങ് ദിവാനായ സീനിയർ ദിവാൻ പേഷ്ക്കാർ ദിവാൻജിയല്ല.

(ഇ) 'കൊട്ടാരം സേവൻ'- എന്നാൽ മഹാരാജാവു തിരുമനസ്സിലെ അരമനയെ സേവിക്കുന്നവനും, തിരുമനസ്സറിയാതെ അരമനയിലെ മുതലിനെ ചൂഷണം ചെയ്യുന്നവനും, രാജ്യകാര്യങ്ങളിൽ സ്വപ്രഭാവത്തെ പ്രയോഗിക്കുന്നവനും ആയ ജീവനക്കാരൻ ആകുന്നു.

ജ്ഞാപകം- 'അവൻ' എന്നതിന്ന് ഉപലക്ഷണയാണ് 'അവൾ' എന്നും അർത്ഥമാകുന്നു.

(എഫ്) 'മാതൃകാ ഉദ്യോഗസ്ഥൻ'- എന്നാൽ ദിവാൻജിയാൽ കാമിതങ്ങളായുള്ളവയെല്ലാം ശരിയായി സാധിച്ചുകൊടുക്കുന്ന സർക്കാർ ജീവനക്കാരൻ എന്നർത്ഥമാകുന്നു. പൊതുജനഹിതത്തെ മാത്രം ദീക്ഷിക്കുന്ന സർക്കാർ ജീവനക്കാരൻ അല്ല. ⚫ [ 27 ]


ഗർഹ്യമായ നടത്ത

ദിവാൻ മി. പി. രാജഗോപാലാചാരി തിരുവിതാംകൂർ സംസ്ഥാനത്തിൽ മന്ത്രിസ്ഥാനം കൈയേറ്റതിന്റെ ശേഷമായി, ഈ നാട്ടിലെ സദാചാരബോധത്തിന്, മുമ്പ് യാതൊരു ദിവാൻജിയുടെയും കാലത്ത് ഉണ്ടായിട്ടില്ലാത്തവിധത്തിൽ വൈകല്യം തട്ടീട്ടുണ്ടെന്നു ഞങ്ങൾ ഒന്നിലധികം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പറയേണ്ടിവന്ന സന്ദർഭങ്ങളൊക്കെയും, മി. ആചാരിയുടെ നടത്തയെക്കുറിച്ച് ബഹുജനങ്ങൾക്ക് രോഷമുണ്ടാകത്തക്കവണ്ണം അദ്ദേഹം സദാചാരത്തിൽനിന്ന് വ്യതിയാനം ചെയ്തതുനിമിത്തം ജനങ്ങൾ ക്രുദ്ധിച്ചു വശമായ സന്ദർഭങ്ങളായിരുന്നു എന്ന് വായനക്കാർ പലരും അറിഞ്ഞിരിക്കയില്ലാ. ഒരു നാട്ടിലെ മന്ത്രി സാധാരണ സർക്കാരുദ്യോഗസ്ഥന്മാരേക്കാൾ തുലോം ഉയർന്ന മാതൃകാസ്ഥാനത്തോടുകൂടിയവനാണെന്നും, മന്ത്രിമാർ ജനങ്ങൾക്ക് കണ്ടുപഠിക്കേണ്ട ഉത്തമഗുണങ്ങളോടുകൂടിയവരായിരിക്കേണ്ടതാണെന്നും, ഈ ഗുണങ്ങളിൽ മുഖ്യമായത് മന്ത്രിമാരുടെ നടത്തയാണെന്നും ഗ്ലാഡ്സ്റ്റൻ മുതലായ മഹാന്മാരുടെ ജീവിതവൃത്തിയെയും ഇംഗ്ലീഷ്ജനതയുടെ അഭിപ്രായഗതികളെയും ഉദാഹരിച്ചുകൊണ്ട് ഞങ്ങൾ ഇതിനുമുമ്പ് പ്രസംഗിച്ചിട്ടുണ്ട്. അക്കാലങ്ങളിൽ, മി. ആചാരിയുടെ നടത്തയെ സാധൂകരിക്കുന്നതിന് പത്രധർമ്മച്ചെപ്പടിവിദ്യകാൾ നിപുണന്മാരായ ചില സഹജീവികൾ മുന്നോട്ടു ചാടിവന്ന് മി. ആചാരിയുടെ ന്യൂനതകൾ അദ്ദേഹം ഒരു മനുഷ്യനായിട്ടുമാത്രം വന്നിട്ടുള്ള ന്യൂനതകളാണെന്നും മറ്റും വ്യപദേശം ചെയ്തിരുന്നു. ഇത്തരം ഒരു വ്യപദേഷ്ടാവായിരുന്ന കോട്ടയത്തെ 'മലയാളമനോരമ'യുടെ ഈ 'മനുഷ്യ'നെ മറ്റു മനുഷ്യരുടെ കൂട്ടത്തിൽ നിറുത്താതെ, മന്ത്രിസ്ഥാനത്തു പിടിച്ചിരുത്തിയത്, സാധാരണമനുഷ്യരെക്കാൾ ഉയർന്ന നിലയിൽ നടക്കേണ്ടതിന് ചുമതലപ്പെട്ട ഒരു ജോലിയെ നിർവ്വഹിക്കുവാൻ പരീക്ഷാബിരുദയോഗ്യതകൊണ്ടും മറ്റും മി. ആചാരിക്ക് അർഹതയുണ്ടായിരിക്കുമെന്നു കരുതീട്ടായിരിക്കണമെന്ന്, സമ്മതിക്കാതെ കഴികയില്ലാ. എന്നാൽ 'മലയാളമനോരമ'യുടെ ഈ 'മനുഷ്യൻ' മനുഷ്യർക്ക് ഈശ്വരനാൽ ദത്തമായിട്ടുള്ള ആത്മനിയന്ത്രണശക്തിയെയും ആത്മജ്ഞത്വത്തെയും ആത്മാഭിമാനത്തെയും വെടിഞ്ഞ് കേവലം മൃഗങ്ങൾക്ക് ഉചിതങ്ങളായ ആവേശങ്ങൾക്കു വശപ്പെട്ട് അസന്മാർഗചേഷ്ടകളെ കാണിക്കുന്നു എന്നു വന്നാൽ, അങ്ങനെയുള്ള ഒരു മനുഷ്യന്റെ ന്യൂനതയെ വ്യപദേശിക്കുന്നതിന് 'മലയാളമനോരമ'യ്ക്ക് ലജ്ജയില്ലായ്മയുണ്ടായിരിക്കാമെങ്കിലും, സദസദ്വിവേചന ശക്തിയുള്ള അന്യന്മാർ അതിനെ സഹിക്കയില്ലെന്നതു നിസ്സംശയംതന്നെയാണ്. മി. ആചാരി തന്റെ നിലയെയും, തന്റെ വിദ്യാഭ്യാസഗുണത്തെയും, താൻ ഒരു [ 28 ] ധർമ്മരാജ്യത്തിന്റെ വിശ്വസ്തഭൃത്യനായിത്തീർന്നിരിക്കുന്നതിനാൽ ആ രാജ്യത്തിന്റെ പേരിലുണ്ടായിരിക്കേണ്ട ബഹുമാനത്തെയും മറന്ന്, സാധാരണ മനുഷ്യരിൽ അധമന്മാർകൂടെയും ചെയ്യാൻ അറയ്ക്കുന്ന പ്രവൃത്തികളെ ധാർഷ്ട്യത്തോടുകൂടി ചെയ്യാൻ ഒരുമ്പെട്ടിരിക്കുന്നത് 'മലയാളമനോരമ'യെപ്പോലെയുള്ള വ്യപദേഷ്ടാക്കന്മാരാൽ ആദരിക്കപ്പെടുമായിരിക്കുമെങ്കിലും, തിരുവിതാംകൂറിലെ പൊതുജനങ്ങളുടെയിടയിൽ സത്കരിക്കപ്പെടുന്നതല്ലെന്നു ഞങ്ങൾക്കു വിശ്വാസമുണ്ട്. സർക്കാരുദ്യോഗസ്ഥന്മാരുടെ ഉദ്യോഗസംബന്ധമായ നടപടികളെ ഞങ്ങൾ പലപ്പോഴും കുറെയേറെ പരുഷസ്വരത്തിലാണെന്നുവരികിലും, പറയാറുണ്ടെന്നിരുന്നാലും അവരിൽ ചിലരുടെ ദുർന്നടത്തകളെ ഞങ്ങൾ സൂചിപ്പിക്കാറുണ്ടെന്നല്ലാതെ, ഈ ദുർന്നടത്തകളിൽ, പ്രസ്താവത്തിൽ മർമ്മഭേദകങ്ങളായി തോന്നുന്നവയെ, വെട്ടിത്തുറന്നു പറയുവാൻ ഞങ്ങൾ ഒരുങ്ങീട്ടില്ലാ. മി. ആചാരിയെ സംബന്ധിച്ചും ഇങ്ങനെതന്നെയാണ് ഞങ്ങൾ ആചരിച്ചിട്ടുള്ളതെങ്കിലും, അദ്ദേഹത്തിന്റെ നടത്ത ഞങ്ങളെ ആ അതിരിൽനിന്നും കവിഞ്ഞുപോവാൻ പലപ്പോഴും പ്രേരിപ്പിക്കാറുമുണ്ട്. മി. ആചാരി സർക്കീട്ടുപോകുന്ന സ്ഥലങ്ങളിൽനിന്ന് അദ്ദേഹത്തിന്റെ നടത്തയെക്കുറിച്ച് വളരെ നിന്ദ്യമായ വർത്തമാനങ്ങളാണ് ഇളകിക്കൊണ്ടിരിക്കുന്നതെന്ന് ഈ നാട്ടിലെ പത്രപ്രവർത്തകന്മാർക്കൊക്കെ അറിവുണ്ടായിരിക്കാനിടയുണ്ട്. വിശേഷിച്ചും, അദ്ദേഹത്തിന്റെ വ്യപദേഷ്ടാവായ 'മലയാളമനോരമ'യുടെ ദേശത്തുള്ളവർ മി. ആചാരിയുടെ ഈ ചപലതയെപ്പറ്റി അത്യുച്ചത്തിൽ അപഹസിച്ചു പലേ കഥകൾ ഞങ്ങളോടുതന്നെ പറഞ്ഞിട്ടുണ്ട്. ഈ അപഹസിക്കപ്പെട്ട ചപലത എന്തായിരിക്കും എന്ന് വായനക്കാർ ചിലർ, പക്ഷേ, മി. ആചാരിയുടെ വ്യപദേഷ്ടാവുകൂടെയും ചോദിക്കുമായിരിക്കാം. അത് ഇവിടെ നടപ്പുള്ള കൈക്കൂലി അല്ലാ; അധികാരപ്രമത്തതയുമല്ലാ; സാധുദ്രോഹവുമല്ലാ; ഈ നാട്ടിൽ ചിലർ ബഹുമാനവൃത്തിയായി ആചരിക്കുന്ന വേശ്യാലമ്പടത്വമാകുന്നു. ഞങ്ങളുടെ പ്രസ്താവം മി. ആചാരിയുടെയും അദ്ദേഹത്തിന്റെ സ്തുതിപാഠകന്മാരുടെയും ഹൃദയത്തിൽ അഗ്ന്യസ്ത്രമെറിഞ്ഞതായി തോന്നിയേക്കാം. ഇത്തരം സത്യപ്രസ്താവങ്ങൾ മർമ്മഭേദകങ്ങളാകയാൽ, അവയെ തടയുവാൻ മി. ആചാരി ഒരു പ്രസ്സാക്‌ടും കൊണ്ടുവന്നേക്കാം. തന്റെ ദുർന്നടത്തകളെയും ദുർന്നയങ്ങളെയുംകുറിച്ചുള്ള അമർഷത്തെ വെളിപ്പെടുത്തുന്ന പത്രങ്ങളെ ഹനിച്ചേക്കാം. ഈ വക പ്രസ്താവങ്ങളെ തർജ്ജമ ചെയ്തു കേൾപ്പിക്കാൻ പ്രത്യേകം ഏർപ്പാടുചെയ്തിരിക്കാം. തുർക്കിയിലെ സുൽത്താൻ ഹമീദിനെപ്പോലെ സ്വതന്ത്രാഭിപ്രായപ്രകടനമാർഗ്ഗങ്ങളെയൊക്കെ നിരോധിച്ചേക്കാം. പക്ഷേ, അല്ലാ, നിശ്ചയമായും 'സ്വദേശാഭിമാനി'യെയും തന്റെ കോപത്തിന്നിരയാക്കിയേക്കാം. ഈ ഫലങ്ങളെ ഞങ്ങൾ നിശ്ശേഷം വകവയ്ക്കുന്നില്ലാ. ഇവയെ ഞങ്ങൾ സസന്തോഷം സത്കരിക്കുന്നു. ഈ അപകടങ്ങളൊക്കെ ഞങ്ങൾക്കു വന്നേക്കുമെന്നു ഭയപ്പെട്ടിട്ടോ, മി. ആചാരിയുടെ സേവയ്ക്കു നിന്നാൽ, കുറെ സ്വകാര്യങ്ങൾ നേടാമെന്നു കരുതീട്ടോ, മി. ആചാരിയുടെ മന്ത്രിസ്ഥാനവ്യഭിചാരത്തെപ്പറ്റി ജനതതിയുടെ രോഷത്തെ പ്രസ്താവിക്കാതെ, മൗനം ഭജിക്കുവാൻ ഞങ്ങൾ വിചാരിക്കുന്നില്ലാ. ഈശ്വരവിരോധിയായ സേറ്റാനോട് അടിമപ്പെട്ടു നില്ക്കുന്നതിനേക്കാൾ, അധർമ്മചാരിയായ അവന്റെ അധർമ്മങ്ങളെ എതിർത്തു നില്ക്കുന്നതിൽ, ക്ഷതിയുണ്ടാവുന്നതാണ് ഉത്തമം. ഇത്തരം ഒരു ക്ഷതിയെ ധൈര്യത്തോടെ അനുഭവിക്കുവാൻ ഞങ്ങൾ തയ്യാറാണ്. പൊതുജനസമുദായത്തിൽ അസന്മാർഗ്ഗബീജങ്ങളെ വ്യാപിപ്പിക്കുന്ന ഒരു മന്ത്രിയുടെ കുചേഷ്ടിതങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള നീരസത്തെ പറവാനല്ലെങ്കിൽ പൊതുജനപ്രതിനിധിസ്ഥാനത്തിൽ ഒരു വർത്തമാനപ്പത്രം ജീവിച്ചിട്ട് യാതൊരു കാര്യവുമില്ലാ. മി. ആചാരിയുടെ സൻമാർഗ്ഗ വ്യഭിചാരപാദങ്ങളെ ലേഖനം ചെയ്യുവാൻ തക്കവണ്ണം മനോനീചന്മാരായവർ അങ്ങനെ ചെയ്തുകൊള്ളട്ടെ. ഞങ്ങൾക്കു മി. ആചാരിയുടെ നടത്തയെപ്പറ്റി അമർഷമുണ്ടെങ്കിൽ, ആ അമർഷം ബഹുജനങ്ങളുടേതും ന്യായവും മാത്രമാകുന്നു. മി. ആചാരിയുടെ നടത്തയെപ്പറ്റി അനേകം അപവാദങ്ങൾ ഈ നഗരത്തിൽതന്നെ അടിക്കടി [ 29 ] ചെവിക്കല്ലിൽ തറയ്ക്കുന്നില്ലയോ? മി. ആചാരിയുടെ വിടവിഭാവരിയിൽ അമർഷം തോന്നിയ ഒരുദ്യോഗസ്ഥൻ, മദ്രാസിലെ പത്രാധിപർക്ക് എഴുത്തെഴുതി മി. ആചാരിക്ക് ബോധം വരുത്തേണ്ടിവന്നില്ലയോ? മറ്റൂ പലേ അപവാദങ്ങൾ ജനങ്ങൾ കേട്ടിട്ടുള്ളതല്ലയോ? ഇതിനെപ്പറ്റി മി. ആചാരിക്ക് നേരിട്ടുതന്നെ ചിലർ അയച്ചിട്ടുള്ള കത്തുകൾ അദ്ദേഹത്തിനു കിട്ടീട്ടില്ലയോ? വടശ്ശേരി അമ്മവീട്ടിൽ കല്യാണത്തിന് മി. ആചാരി ദേവദാസിയുടെ മുമ്പിൽ ചാപല്യങ്ങൾ കാട്ടിയതും ജനങ്ങൾ കണ്ടിരുന്നില്ലയോ? ആ കല്യാണത്തിൽ മേൽവിചാരത്തിനെന്നു പറഞ്ഞ് മാനനീയമായ വിധത്തിൽ ദേഹം മറയ്ക്കാതെ ആ കല്യാണവീട്ടിലെ അന്തഃപുരത്തിൽ കിടന്നുറങ്ങുവാൻ തോന്നിയ മനസ്സിന്റെ നികൃഷ്ടതയും ജനങ്ങൾ ഗ്രഹിച്ചിട്ടില്ലയോ? മി. ആചാരിയെ പ്രസാദിപ്പിക്കാനായി ചില അധമജനങ്ങൾ വേശ്യകളെ സംഭരിക്കുമാറുള്ളതും പ്രസിദ്ധമല്ലയോ? തന്റെ കാമചാരിതയെ അനുകൂലിക്കാൻ മനസ്സില്ലാത്ത പലേ കീഴ്ജീവനക്കാർക്കും ദോഷം സംഭവിച്ചിട്ടുള്ളതും ജനങ്ങൾ അറിഞ്ഞില്ലയോ? അല്ലെങ്കിൽതന്നെ, മി. ആചാരി കച്ചേരി ചെയ്യുന്ന ഹജൂരാഫീസ് മുറിയിൽ നിഷ്കൗപീനനായി ഒരു പാവുമുണ്ടും ബനിയനും ധരിച്ചുകൊണ്ടിരിക്കുമാറുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ അടുക്കൽ ചെല്ലേണ്ടിവന്ന കീഴുദ്യോഗസ്ഥന്മാരും വക്കീലന്മാരും കക്ഷികളും ലജ്ജിച്ചു മുഖം താഴ്‌ത്തിപ്പോയിട്ടില്ലയോ? എത്രയോ പരിപാവനമായ ദിവാന്റെ ആസ്ഥാനം തുടങ്ങി സ്വകാര്യനിലവരെ, ആഭാസമായ വിധത്തിൽ ആചരിച്ചുവരുന്ന മി. ആചാരി, ഇക്കഴിഞ്ഞ വെള്ളിയാഴ്ചനാളിൽ കോട്ടയ്ക്കകം പെൺപാഠശാലക്കെട്ടിടത്തിന്റെ മുകൾത്തട്ടിൽ അഭിനയിച്ച പേക്കൂത്തുകൾ എന്തായിരുന്നു? അതിനെപ്പറ്റി ചിന്തിക്കുമ്പോൾ തന്നെ ഒരുവന്റെ രക്തപരിവാഹം വെട്ടിത്തിളച്ചുമറിയുന്നതാണ്. ജൂബിലി പ്രമാണിച്ചു മഹാരാജാവുതിരുമനസ്സിലെ തിരുമുമ്പിൽച്ചെന്നു വന്ദിപ്പിനായി വിദ്യാർത്ഥികൾ ആറേഴായിരംപേർ ചേർന്ന ഒരു സംഘം, തെക്കേത്തെരുവുകൊട്ടാരത്തിനു മുമ്പിൽ ഘോഷയാത്രയായി ചെന്നപ്പോൾ, മി. ആചാരി എവിടെയായിരുന്നു നിന്നിരുന്നത്? മറ്റുദ്യോഗസ്ഥന്മാർ എവിടെ നിന്നിരുന്നു? ആ മറ്റുദ്യോഗസ്ഥന്മാർ തിരുമനസ്സിലെ ബഹുമാനിച്ചും തങ്ങളുടെ രാജ്യത്തിന്റെ കീർത്തിയെ കരുതിയും തിരുമനസ്സിലെ കൊട്ടാരവാതിൽക്കൽ തിരുമനസ്സിലെ കല്പനകളെ ശ്രവിപ്പാനായി നിന്നിരുന്നപ്പോൾ, മി. ആചാരിയോ? മാന്യസ്ത്രീജനങ്ങൾക്കായി പ്രത്യേകം ഒഴിച്ചിട്ടിരുന്നതും, അതനുസരിച്ച് അനേകം ഘോഷാസ്ത്രീകൾ തിങ്ങിനിന്നിരുന്നതുമായ പെൺപാഠശാലയുടെ മുകളിൽ, സ്ത്രീജനങ്ങളുടെ മനോവ്യഥയെ അഗണ്യമാക്കിക്കൊണ്ട് കടന്നുചെന്ന് നില്ക്കയായിരുന്നില്ലയോ? ശ്രീകൃഷ്ണനെപ്പോലെ താനും ഒരു ഗോപാലൻ ആണെന്ന് ഉദാഹരിപ്പാൻ വേണ്ടി ഈ സ്ത്രീകളുടെ സംഘത്തിൽ കടന്നുചെന്ന് അവരുടെ മനസ്സിനെ വ്രണപ്പെടുത്തിയതായിരിക്കുമോ? അതല്ലാ, തന്റെ എതിർവശത്തെ മാളികയിൽ നിന്നിരുന്ന കൊട്ടാരത്തിലെ സ്ത്രികൾക്ക് കീഴെ തെരുവീഥിയിലെ ജനസംഘത്താൽ ദൃഷ്ടിദോഷമുണ്ടാവാതിരിപ്പാൻവേണ്ടി 'വാണിയൻ കെട്ടി' നിന്നതായിരിക്കുമോ? എന്തുതന്നെയായാലും മി. ആചാരിയുടെ നടത്ത തീരെ ഗർഹണീയവും സദാചാരബോധത്തിന് ബീഭത്സവുമായിരുന്നു. ആ പാഠശാലയിൽ നിന്നിരുന്ന സ്ത്രീജനങ്ങൾ മി. ആചാരിയുടെ ആളുകളല്ലായിരുന്ന സ്ഥിതിക്കും, മി. ആചാരിക്ക് അവിടെപ്പോയി നില്ക്കേണ്ട സർക്കാരാവശ്യമോ തത്കാലം ആപത്തിനാലാവശ്യമോ ഇല്ലായിരുന്ന സ്ഥിതിക്കും, തിരുമനസ്സിലെ സമീപത്തുണ്ടായിരിക്കേണ്ട കടമയുണ്ടായിരുന്ന സ്ഥിതിക്കും മി. ആചാരിയുടെ നടത്തയെ ഒരു പ്രകാരത്തിലും സാധൂകരിക്കാൻ വഴികാണുന്നില്ലാ. മഹാരാജാവു തിരുമനസ്സുകൊണ്ട് അവിടത്തെ മന്ത്രിയുടെ ഈ വിധത്തിലുള്ള ആഭാസപ്രവൃത്തികളെ അറിഞ്ഞിട്ടില്ലായിരിക്കുമോ? സ്ത്രീജനങ്ങളെ ബഹുമാനിക്കേണ്ടത് എല്ലാ പരിഷ്കൃതരാജ്യങ്ങളിലെയും സന്മാർഗ്ഗമുറകളിലൊന്നാണ്. ആ മുറ തിരുവിതാംകൂറിൽ ആവശ്യമല്ലെന്ന് ഞങ്ങൾ വിചാരിക്കുന്നില്ലാ. ആ മുറയെ ഒരു മന്ത്രിക്കു നിർബാധമായി ഉല്ലംഘിക്കാമെന്നും ങ്ങൾ വിചാരിക്കുന്നില്ലാ. ആ മുറയെ അനേകായിരം ജനങ്ങൾ കൂടിയിരിക്കുന്ന ഒരു സന്ദർഭത്തിൽ [ 30 ] മി. ആചാരി കുരങ്ങന്റെ കൈയിൽ കിട്ടിയ പൂമാലയെപ്പോലെ നശിപ്പിക്കാനനുവാദമുണ്ടെന്നും ഞങ്ങൾ വിശ്വസിക്കുന്നില്ലാ. രാജ്യകാര്യസംബന്ധമായി ഞങ്ങൾക്ക് എന്തുതന്നെ അഭിപ്രായമായിരുന്നുകൊള്ളട്ടെ എന്നാലും, ആ സ്ത്രീജനങ്ങൾ സ്ത്രീവർഗ്ഗത്തിലുള്ളവർ ആകുന്നു. അവർ പബ്ലിക്കിൽ ഇറങ്ങുമ്പോൾ അവർക്കു സ്ത്രീവർഗ്ഗത്തിന്റെ നേർക്കു മനുഷ്യർ ചെയ്യേണ്ട ആദരങ്ങൾ കടപ്പെട്ടിരിക്കുന്നു. അവർ ഒരു പബ്ലിക് ഉത്സവത്തെ കണ്ടുനില്ക്കുമ്പോൾ, അവരുടെ എതിരെ അവരെ തുറിച്ചുനോക്കിക്കൊണ്ടും അവരെപ്പോലെ സ്ത്രീവർഗ്ഗാവകാശമായ ആദരത്തെ അർഹിക്കുന്ന മറ്റു സ്ത്രീജനങ്ങളെ അസഹ്യപ്പെടുത്തിയും നിന്ന മി. ആചാരിയുടെ നടത്ത തീരെ ക്ഷന്തവ്യമല്ലാ. നാടുനീങ്ങിപ്പോയ വിശ്വവിഖ്യാതനായ വിശാഖംതിരുനാൾ തിരുമനസ്സുകൊണ്ടു ദേശസഞ്ചാരം കഴിഞ്ഞു മടങ്ങി എഴുന്നള്ളിയ ഒരു സന്ദർഭത്തിൽ, തിരുമനസ്സിലെ പള്ളിബോട്ടടുത്ത ചാക്കെക്കടവിലും, പിന്നീട് വലിയ കൊട്ടാരവാതില്ക്കലും കുറെ ബാലികകളെ കൊണ്ടുപോയി പാടിച്ച ഉദ്യോഗസ്ഥന്മാരെ അവിടുന്നു കഠിനമായി അധിക്ഷേപിച്ചിരുന്നു എന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്. വിശാഖംതിരുനാൾ തിരുമനസ്സുകൊണ്ടായിരുന്നു എങ്കിൽ മി. ആചാരിയുടെ ഇന്നത്തെ കുറ്റത്തത്തിന്, തിരുമനസ്സിലെ കുതിരക്കാരന്റെ കവുഞ്ചികൊണ്ട് ഈ മന്ത്രിസ്ഥാനവ്യഭിചാരിയുടെ തൊലി പൊളിച്ചുവിടുമായിരുന്നു എന്നുള്ളതിൽ ഞങ്ങൾക്കു സന്ദേഹമില്ലാ. ⚫

(1910 ആഗസ്റ്റ് 24)

[ 31 ]


യുക്തിഭ്രമങ്ങൾ

തിരുവിതാംകൂറിൽ പൊതുജനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളെപ്പറ്റി വാദപ്രതിവാദം ചെയ്യുമ്പോൾ, ചില ജനങ്ങൾ, അവരവർ തന്നത്താൻ ശോധന ചെയ്ത് ഉറപ്പുവരുത്താത്തതായ ചില യുക്തികളെ മുറുകെപ്പടിച്ചുതുടങ്ങുന്നതായി കാണുമാറുണ്ട്. ജാതിസ്പർദ്ധ, സ്വജനപക്ഷപാതം, സ്വവർഗ്ഗസ്നേഹം, സ്വാമിപ്രീതി മുതലായവയാണ് ഇങ്ങനെയുള്ള യുക്തിഭ്രമങ്ങൾക്കു മൂലമായിട്ടുള്ളത്. ബഹുജനപ്രതിനിധികളുടെ സ്ഥാനത്തെ ആരോഹണം ചെയ്തുംകൊണ്ടു ചിലർ ചെയ്യുന്ന അഭിഭാഷണങ്ങൾ, ഈ വിധത്തിലുള്ള ഭ്രമമൂലകങ്ങളായ സംഗതികളിന്മേൽ കെട്ടിക്കിളർത്തി, ഇന്ദ്രജാലക്കാരന്റെ പിഞ്ഛികാസഞ്ചയത്തെ ഇളക്കിക്കാണിച്ചു കാണികളെ മയക്കുന്നതുപോലെ, ജനങ്ങളുടെ മനസ്സിനെ മോഹാന്ധതയിലാക്കിക്കളയുന്നതുകൊണ്ട് അവർക്കു ഗുണാഗുണനിരൂപണം ചെയ്യുന്നതിനു സാധിക്കാതെതന്നെ ആ യുക്തിഭ്രമച്ചുഴികളിൽ ചെന്നു ചാടിത്തിരിയേണ്ടിവരുന്നു. മനസ്സിൽ വിവേകം ഉദിക്കുന്നതിലധികം ശീഘ്രമായി ആവേഗം ഉണ്ടാകുന്നതു സാധാരണമാകയാൽ, സാമാന്യജനങ്ങൾ ആവേഗത്തിന് അധീനന്മാരായിത്തീർന്നുപോകുന്നു. ആവേഗം എന്നത് അന്ധമായ ഒരു ശക്തിയാണ്; മനസ്സ് ഇന്ന ഉദ്ദേശ്യത്തോടുകൂടി പ്രവർത്തിക്കുന്നു എന്നുള്ള ബോധമില്ലാതെ വ്യാപരിക്കുകയാണ് ആവേഗത്തിന്റെ ലക്ഷണം. ഒരു കുരുടൻ തന്റെ മുമ്പിലുള്ള വസ്തുവിനെ കാണ്മാൻ കഴിയാതെയും, തനിക്ക് ഇന്ന വസ്തുവിനെ പ്രാപിക്കേണമെന്ന് അറിവില്ലാതെയും നടന്നുപോകുന്നതുപോലെയാണു മനസ്സിന്റെ ആവേഗം, മനുഷ്യരെ അവര് നിനച്ചിരിക്കാത്ത പദങ്ങളിൽ കൊണ്ടുചാടിക്കുന്നത്. വിവേകമോ, ഉപായോപേയങ്ങളുടെ ബോധത്തോടു കൂടിയതാകയാൽ, ഒരുവന്, താൻ ഇന്നടത്തുനിന്നു പുറപ്പെട്ടാൽ ഇന്നടത്തെത്തും എന്നുള്ള നിശ്ചയം ഉണ്ടാകുന്നു. ഈ മനോനിശ്ചയം ശ്രമരഹിതമായിട്ടുള്ളതല്ലാത്തതുകൊണ്ടും, കുരുടനെപ്പോലെ ചെല്ലുന്നിടത്തു ചെല്ലട്ടെ എന്നു വിചാരിച്ചുനടക്കുന്നതു ശ്രമമില്ലാത്തതാകകൊണ്ടുമാണു ജനങ്ങൾ പ്രായേണ ആവേഗങ്ങൾ വഴിപ്പെട്ടുപോകുന്നത്. വിവേകം സത്യത്തെ ആശ്രയിച്ചിരിക്കുന്നു; സത്യംതന്നെ നീതി; നീതിതന്നെ സത്യം. എന്നാൽ, ആവേഗത്തിനു സത്യം ആശ്രയമായിരിക്കേണമെന്നില്ല; പലപ്പോഴും അസത്യം ആശ്രയമായിരിക്കാം. മനസ്സ് വ്യാമോഹിക്കപ്പെടുമ്പോൾ സത്യാസത്യവിചാരത്തിനു ശക്തമല്ലാതെയാവുന്നതുകൊണ്ടാണ്, ഞങ്ങൾ മേൽപറഞ്ഞമാതിരിയിലുള്ള [ 32 ] ഭ്രമങ്ങൾക്കു സാമാന്യജനങ്ങൾ വശപ്പെട്ടുപോകുന്നത്. ഈ ഭ്രമങ്ങൾ ജാതിസ്പർദ്ധ മുതലായവയാൽ ഉണ്ടാകുന്നവയാണെന്നു ഞങ്ങൾ പറഞ്ഞുവല്ലോ. ഒരു നായരുടെ കാര്യത്തെപ്പറ്റി ദോഷമായി വല്ലതും പറയുമ്പോൾ, അത് ഒരു നായർക്കു രുചിക്കുന്നില്ലാ എന്നുവരും; ബ്രാഹ്മണന്റെ കാര്യമാണെങ്കിൽ ബ്രാഹ്മണനും; ഇങ്ങനെ മറ്റു ജാതിക്കാർക്കും; ഇതു സ്വജാതിസ്നേഹത്താലുണ്ടാകുന്നതാണ്. എന്നാൽ ഒരു ബ്രാഹ്മണനെപ്പറ്റി ദോഷം പറയുന്നത് ഒരു നായർക്കും; നായരെപ്പറ്റിയാണെങ്കിൽ മറ്റുള്ളവർക്കും രുചിക്കുന്നു; ഇതു ജാതിസ്പർദ്ധയുടെ ഫലമാണ്. ഇനിയും ഒരുവന് ഉപകാരം ചെയ്തിട്ടുള്ള ഒരാളെപ്പറ്റി മറ്റൊരുവൻ ദോഷം പറയുന്നത് അസഹ്യമായിരിക്കും. അഥവാ തന്റെ സ്വന്തം ആളെപ്പറ്റി ദൂഷ്യം പറഞ്ഞുകേൾക്കുന്നത് തനിക്കു രസിക്കയില്ല; ഇവ സ്വാമി പ്രീതിയുടെയും സ്വജനസ്നേഹത്തിന്റെയും ഫലങ്ങളാണ്. ഇപ്രകാരമാണു ലോകത്തിൽ പ്രായേണ നടക്കുന്നത്. എന്നാൽ തനിക്കു രുചിക്കാത്തതിനുള്ള കാരണം, ആ ദോഷപ്രസ്താവത്തിന്റെ അവാസ്തവത്വമാണെങ്കിൽ, ആ വെറുപ്പ് യുക്തംതന്നെയാണ്. ദോഷപ്രസ്താവം വാസ്തവത്തിനൊത്തതായിരിക്കുമ്പോൾ അതിനോടു വെറുപ്പുതോന്നുന്നതാണു യുക്തിഭ്രമം എന്നു ഞങ്ങൾ പറയുന്നത്. ഇത്തരം ഭ്രമങ്ങൾ ഈ നാട്ടിൽ പലേടത്തും പലപ്പോഴും ധാരാളം കാണുമാറുണ്ട്. അവ പൊതുജനകാര്യങ്ങളെപ്പറ്റി വർത്തമാനപത്രങ്ങൾ ചെയ്യുന്ന പ്രസംഗങ്ങളെ ഗ്രഹിക്കുമ്പോഴാണ് അധികം ഇളകാറുള്ളത്. അടുത്തുകഴിഞ്ഞ ചില ഉദാഹരണങ്ങൾ ഞങ്ങൾ പറയാം. ദിവാൻ മിസ്റ്റർ രാജഗോപാലാചാരിയുടെ നടത്തയെപ്പറ്റി ഞങ്ങൾ ഇതിനിടെ ആക്ഷേപം ചെയ്തതിനെക്കുറിച്ചു ജനങ്ങളുടെയിടയിൽ വാദപ്രതിവാദങ്ങൾ ഇനിയും ഒതുങ്ങീട്ടില്ല. മി. ആചാരി ദിവാൻജിയല്ലയോ? അദ്ദേഹത്തിന്റെ നടത്തയെപ്പറ്റി ദോഷം പറയുന്നതു യുക്തമാണോ? എന്നാണു ചിലരുടെ ചോദ്യം. ഈ വാദത്തിന്റെ അധിഷ്ഠാനം ദിവാൻജിമാരുടെ നടത്തയെപ്പറ്റി ദോഷം പറഞ്ഞു കൂടുന്നതല്ലാ എന്നൊരു ധാരണയാണ്. ഇങ്ങനെ ഒരു നിയമമുണ്ടെങ്കിൽ ഈ ചോദ്യം യുക്തംതന്നെയാണ്. എന്നാൽ എന്നാൽ ഈ ചോദ്യം ചെയ്യുന്നവർ ഇങ്ങനെ ഒരു നിയമത്തെ സംഭാവന ചെയ്യുന്നതല്ലാതെ, വാസ്തവത്തിൽ നിയമമില്ലല്ലോ. പിന്നെ മറ്റൊരുവിധം വാദമുണ്ട്: "ദിവാൻജിയുടെ പബ്ലിക് നടത്തകളിൽ ഗുണദോഷനിരൂപണം ചെയ്യാം. എന്നാൽ പ്രൈവറ്റു നടത്തയെപ്പറ്റി നിരൂപണം ചെയ്യുന്നതു യുക്തമല്ല" എന്നാണ്. ഈ വാദത്തിൽ സംഭാവനം ചെയ്യുന്നത്, ദിവാൻജി മറ്റുള്ള ജനങ്ങളെപ്പോലെ രഹസ്യമായും പരസ്യമായും രണ്ടുവിധം ജീവിതത്തെ നയിക്കാവുന്ന ആളാണെന്നാണ്. ഈ ഭ്രമം ദിവാൻജിയുടെയും അന്യന്മാരുടെയും സ്ഥാനങ്ങൾ തമ്മിലുള്ള ഭേദത്തെ ഗണിക്കായ്‌കയാൽ ഉണ്ടാകുന്നതാകുന്നു. ദിവാൻജി എന്ന ഉദ്യോഗസ്ഥൻ ഒരു രാജ്യഭരണകർമ്മത്തിന്റെ ചുമതലക്കാരനും, തന്നിമിത്തം കീഴിലുള്ള ഉദ്യോഗസ്ഥന്മാർക്കു മാത്രമല്ലാ, ഭരണീയർക്കും, മാതൃകാ ജീവിതവൃത്തിയോടുകൂടിയിരിക്കേണ്ടവനുമാണ്. ആ ഉദ്യോഗസ്ഥൻ തന്റെ സ്ഥാനവലിപ്പത്തെ തരമാക്കിക്കൊണ്ട് അധർമ്മങ്ങൾ പ്രവർത്തിച്ചാൽ മറ്റുള്ളവർക്കും അതേപ്രകാരം പ്രവർത്തിക്കുന്നതിനു മനസ്സുറപ്പുണ്ടാകുന്നു. ഇനിയൊരു വാദമുണ്ട്: ദിവാൻജി അങ്ങനെ നടന്നുവെങ്കിൽ ആക്ഷേപമെന്തിന്? നടത്തയിൽ ന്യൂനതയില്ലാത്തവരാരുണ്ട് ലോകത്തിൽ? എന്നാണു ചോദ്യം. ലോകത്തിൽ ദുർന്നടത്തക്കാരല്ലാത്തവരില്ലായ്‌കകൊണ്ടു ദുർന്നടത്ത സാധുവാണെന്നാണ് ഈ വാദക്കാർ സംഭാവനം ചെയ്യുന്നത്. എന്നാൽ ദുർന്നടത്ത സാധുവോ അസാധുവോ എന്ന ചോദ്യമാണ് ഇവിടെ പര്യാലോചനാവിഷയം. ഒരു ചോദ്യത്തിന്റെ ഉത്തരത്തിന് ആ ചോദ്യത്തെ സിദ്ധവത്കരിച്ചാൽ മതിയാകുമെന്നു വിചാരിക്കുന്നതു വക്രയുക്തിയാണെന്ന് അവർ ഗ്രഹിക്കുന്നില്ലാ. ദുർന്നടത്ത നല്ലതാണെങ്കിൽ നല്ലനടത്ത അതിനു നേരെ വിപരീതവുമാണല്ലോ. അപ്പോൾ നടത്ത ഏതായാലും നല്ലതാണെന്നു സമ്മതിക്കണം. നല്ലതും ചീത്തയും എന്ന ഭേദം ഇല്ലാ എന്നു വരുന്നു. ഇതിലധികം കൗതുകകരമാണു മറ്റൊരു വാദമുള്ളത്. "നമ്മുടെ നാട് അത്രമേൽ പരിഷ്കാരപ്പെട്ടിട്ടില്ലാ. കേവലം പരിശുദ്ധമായ നടത്ത സാദ്ധ്യമല്ലാത്ത സ്ഥിതിക്ക്, [ 33 ] ഈമാതിരിയൊക്കെ സഹിക്കത്തക്കതാണ്" എന്നാണു വാദം. മാതൃകാനടത്ത അസാദ്ധ്യമാണെന്നു സമ്മതിക്കാം. അതുകൊണ്ട്, ആ നടത്തയെ മാതൃകയാക്കിവെച്ച് അതിനെ കഴിയുന്നിടത്തോളം പ്രാപിക്കുവാൻ പാടില്ലെന്നുണ്ടോ? എങ്കിലല്ലാതെ, അതിൽനിന്ന് അകന്നുപോകുന്നതിന് എന്തു ന്യായമാണുള്ളത്? നമ്മുടെ നാടു പരിഷ്കാരപ്പെട്ടിട്ടില്ലെങ്കിൽ ആ പരിഷ്കാരപദത്തെ പ്രാപിക്കുന്നതിനായി വേണ്ടതു പ്രവർത്തിക്കുന്നതിനുപകരം അപരിഷ്കാരത്തിൽ ചേർന്നവിധത്തിൽ പ്രവർത്തിച്ചാൽ, എങ്ങനെയാണു പരിഷ്കാരത്തിലെത്തുന്നത്? മുൻപറഞ്ഞതിനേക്കാളൊക്കെ സ്മരണീയമായ ഒരു വാദം കേൾക്കുക: "ദിവാൻജി നായന്മാർക്കു ഗുണം ചെയ്യാൻ വന്നിരിക്കുന്ന ആളാണ്; അതിനാൽ ഒരു നായരും അദ്ദേഹത്തിനുള്ള ദോഷത്തെ പറയരുത്." ഈ വാദമാണ് സ്വാർഥതത്പരൻമാർ പ്രയോഗിക്കുന്നത്. ദിവാൻജി നായന്മാർക്കു ഗുണം ചെയ്യാൻ വന്നിരിക്കുന്നു എന്ന സംഗതി തന്നെയും അദ്ദേഹം ചെയ്തിട്ടുള്ള ഗുണങ്ങളെ ലക്ഷ്യമാക്കിക്കൊണ്ട് തെളിയിക്കപ്പെടേണ്ടതായിരിക്കുന്നതേയുള്ളു. പിന്നെ നായന്മാർക്കു ഗുണംചെയ്യാൻ വന്നിരിക്കുന്നവരെയൊക്കെ, നായന്മാർ ദോഷം കണ്ടാലും ആരാധിക്കണമെന്നു നിബന്ധനയില്ലാത്ത സ്ഥിതിക്ക് ഈ വാദത്തിന്റെ ഉത്തരാർദ്ധവും നിരർത്ഥമാകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഒരു യുക്തിഭ്രമം നായന്മാരായ പത്രപ്രവർത്തകന്മാർ ആക്ഷേപം പറയരുത് എന്നതിലാകുന്നു. ഒരു പത്രത്തിന്റെ പ്രവർത്തകൻ നായർവർഗ്ഗത്തിൽ ജനിച്ചവനാണെന്നിരുന്നതാൽ, ആ പത്രം നായർപ്രതിനിധിയായി ഗണിക്കപ്പെടേണമോ? പത്രങ്ങൾ പൊതുജന പ്രതിനിധികളാണ്. പൊതുജനങ്ങളിൽ നായന്മാരും ഉൾപ്പെടും! എന്നാൽ നായന്മാരെക്കൊണ്ടുമാത്രം പൊതുജനങ്ങൾ ആകുന്നില്ലാ. ആസ്ഥിതിക്ക് ഒരു പത്രത്തിന്റെ അധിപതി, പൊതുജനപ്രതിനിധിയാണെങ്കിൽ, നായന്മാരുടെ മാത്രം പ്രതിനിധിയാകുന്നതെങ്ങനെ? ഈ വിചാരം ഇപ്പോഴത്തെ മരുമക്കത്തായ നായർത്തറവാടുകളിലെ ഇളമുറക്കാർ, തറവാട്ടുസ്വത്തു മുഴുവനും അവരിലോരോരുത്തന്റെയും മുതലാണെന്നു പറയുന്ന യുക്തിഭ്രമത്തെ അനുസരിച്ചുള്ളതായിരിക്കാം. വാസ്തവം അങ്ങനെയല്ലല്ലോ. ഇത്തരം ഭ്രമങ്ങൾ അസ്തമിച്ചാലല്ലാതെ പൊതുജനക്ഷേമപ്രവർത്തനം സുസാധമാകുന്നതല്ലാ. ⚫


(191 സെപ്തംബർ 2)

[ 34 ]


പ്രസ്സ് ലാ

ദിവാൻ മി. രാജഗോപാലാചാരി തന്റെ നടത്തയെയും നടപടികളെയും പറ്റി ആക്ഷേപം പറയുന്ന പത്രങ്ങളുടെ നേർക്ക് ഇളക്കുന്നതിലേക്കായി ഇന്നത്തെ നിയമനിർമാണസഭയാകുന്ന കൊല്ലവേലപ്പുരയിൽവച്ച് കാച്ചി അടിച്ച് പ്രയോഗിക്കുവാൻ ആഗ്രഹിച്ചിരുന്ന പ്രസ്സാക്ടായുധത്തെ ഉലയിൽ വെപ്പാൻ തക്ക കൈക്കരുത്തു കുറഞ്ഞിട്ടോ എന്തോ, അതിനെ വെളിയിൽ എടുക്കാതെ വച്ചുകളയേണ്ടി വന്നത് സ്മരണീയമായ സംഭവംതന്നെയാകുന്നു. തിരുവിതാംകൂറിലെ പത്രങ്ങളെ അമർത്തുന്നതിനായി മി. ആചാരി ഒരു പ്രസ് ആക്ട് കൊണ്ടുവരുന്നു എന്നുംമറ്റും ചില സഹജീവികൾ വിലപിക്കുകയും, അങ്ങനെയൊരു നിയമം കൊണ്ടുവരരുതേ എന്നു മുറവിളിയോടെ യാചിക്കയും ചെയ്തതിന്റെ ഫലമായിട്ടായിരിക്കുമോ മി. ആചാരി തന്റെ ആയുധത്തെ അടിച്ചു മൂർച്ച കൂട്ടുന്നതിന് ഉത്സാഹിക്കാതെ അടങ്ങിയതെന്നു ഞങ്ങൾക്കു നിശ്ചയമില്ലാ. പത്രങ്ങളുടെ സ്വാതന്ത്ര്യത്തെ കുറയ്ക്കുന്നതിന് ഒരു നിയമം കൊണ്ടുവരേണ്ട ആവശ്യകത ഈ സംസ്ഥാനത്തുണ്ടായിട്ടില്ലെന്നും, ഇവിടത്തെ പത്രങ്ങളിൽ ചിലതിനു സ്വരഭേദം ഉണ്ടെന്നല്ലാതെ, യാതൊന്നും രാജദ്രോഹകരമോ രാജാധികാരധ്വംസകമോ ആയ പ്രസംഗം ചെയ്യുന്നില്ലെന്നും, ജനസമുദായം നിശ്ശേഷം രാജഭക്തന്മാരും സമാധാനപ്രിയന്മാരും ആണെന്നും പരക്കെ സമ്മതമായ സംഗതികളായിരിക്കെ, മി. ആചാരി ഒരു പുതിയ നിയമം കൊണ്ടുവരുന്ന പക്ഷത്തിൽ അതു തന്റെ സ്വകാര്യവൈരനിര്യാതനത്തിന്നായിട്ടല്ലാതെ, പൊതുജനക്ഷേമാർത്ഥമായിരിക്കുന്നതല്ലാ എന്നു ഞങ്ങൾ ഇതിനുമുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഈ തത്ത്വം മി. ആചാരിക്കു പക്ഷേ, ഇപ്പോൾ ബോധ്യപ്പെട്ടിരിക്കാനിടയുണ്ടെന്നുള്ളതിനു ഗവണ്മെന്റിന്റെ വിശ്വസ്തതയെ സമ്പാദിച്ചിട്ടുള്ള 'വെസ്റ്റേൺ സ്റ്റാറിന്റെ' സെപ്തംബർ 1-ാം തിയതിയിലെ മുഖപ്രസംഗം സൂചന തന്നിട്ടുമുണ്ട്. "തിരുവിതാംകൂർ സംസ്ഥാനത്തു ജനക്കലക്കമോ രാജ്യക്ഷോഭമോ ഒരിക്കലും ണ്ടായിട്ടില്ല. ഈ സംസ്ഥാനത്ത് ഒരു കോൺഗ്രസോ, കോൺഫെറൻസോ ഉണ്ടായിട്ടില്ലാ. ഈ സംശ്ഥാനത്ത് രാജാധികാരധ്വംസനമോ, രാജദ്രോഹമോ സ്വപ്നത്തിൽപോലും കണ്ടിട്ടില്ലാ... അതിനാൽ, നിയമമനുസരിച്ചു നടക്കുന്ന ഒരു ജനതതിയെ അമർത്തുന്നതിന് എന്തെങ്കിലും നിയമം കൊണ്ടുവരുന്നത് [ 35 ] അയുക്തമായിരിക്കുമെന്നു മാത്രമല്ലാ, രാജദ്രോഹമോ രാജാധികാരദ്വേഷമോ ഇല്ലാത്ത ഒരു രാജ്യത്ത് അവയെ ഒതുക്കുന്നതിന്നായുള്ള ഒരു നിയമം കൊണ്ടുവരുന്നതിന്റെ ഒരേയൊരു ഫലം, അവയിലൊന്നിലേക്കു ജനങ്ങളെ പ്രേരിപ്പിക്കുകയായിരിക്കുന്നതുമാണ്" -ഇപ്രകാരമാണ് 'സ്റ്റാർ' മി. ആചാരിയെ അറിയിച്ചിരിക്കുന്നത്. ഇതിന്റെ അർത്ഥം ഏറെ സ്പഷ്ടം തന്നെയല്ലൊ. ഈ സംസ്ഥാനത്തിന്റെ നില ഇപ്രകാരമായിരിക്കുന്ന സ്ഥിതിക്ക് മി. ആചാരിയുടെ ആവേഗത്തെ ബ്രിട്ടീഷ് ഗവണ്മെന്റു വിവേകമെന്നു തെറ്റിദ്ധരിക്കയില്ലെന്നു വിശ്വസിക്കാം. മി. ആചാരിയുടെ നടത്തയെയും നടപടികളെയും പറ്റി പരുഷവചനങ്ങൾകൊണ്ട് ആക്ഷേപം പറയുന്ന പത്രങ്ങൾ തിരുവിതാംകൂറിലുണ്ട്. പക്ഷേ ആ വക പത്രങ്ങളുടെ സാരത്തെ മാർദ്ദവപ്പെടുത്താനായിരിക്കാം സ്റ്റാർ 'താത്കാലികമായ ഒരു വ്യവസ്ഥ ചെയ്യേണ്ടിയിരിക്കുന്നുണ്ടെന്നു ഞങ്ങൾക്കു തോന്നുന്നു.' എന്നുകൂടെ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ കാര്യം സാധിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഒരു പത്രാധിപയോഗം കൂടണമെന്നു 'സ്റ്റാർ'ഉത്സാഹിച്ചതെന്നും പറഞ്ഞിരിക്കുന്നു. സ്റ്റാറിന്റെ ഈ അഭിപ്രായം സെപ്തംബർ 1-ാം തിയതിയിലെ ലക്കത്തിലാണു പുറപ്പെടുവിച്ചിട്ടുള്ളതെന്നും, തലേദിവസമായ ആഗസ്റ്റ് 31-ാം തീയതിയാണ് പത്രാധിപയോഗത്തിനായുള്ള ക്ഷണക്കത്തുകൾ അയച്ചു തുടങ്ങിയതെന്നും, അതിനു തലേന്നാൾ ആഗസ്റ്റ് 30-ാം തീയതിയായിരുന്നു ദിവാൻജിയുടെ വ്യപദേഷ്ടാക്കളായ സർക്കാരച്ചുകൂടം സൂപ്രേണ്ട് മി.സി.വി. രാമൻപിള്ളയും 'സുഭാഷിണി' പത്രാധിപർ മി. പി.കെ. ഗോവിന്ദപ്പിള്ളയും സ്റ്റാർ പ്രവർത്തകനെ കണ്ടു ചില ആലോചനകൾ നടത്തിയതെന്നുമുള്ള വസ്തുതകളെ വായനക്കാർ ഓർത്തുകൊൾവാൻ അപേക്ഷ. പത്രാധിപയോഗത്തിന്റെ ആലോചന ദിവാൻജിയുടെ രക്ഷയെ ഉദ്ദേശിച്ചുണ്ടായതാണെന്നും, തിരുവിതാംകൂറിലെ പത്രങ്ങളുടെ രക്ഷയെ അത്രമേൽ സഹായിക്കാനായിട്ടായിരുന്നില്ലെന്നും ഊഹിക്കുന്നതിനു മറ്റു തെളിവുകൾ ആവശ്യമെങ്കിൽ ഞങ്ങൾ പിന്നാലെ അറിയിച്ചുകൊള്ളാം. എന്നാൽ മി. ആചാരിയുടെ വ്യപദേഷ്ടാക്കളുടെ പേരും ഉത്സാഹവും ഇന്നതാണെന്നു 'സ്വദേശാഭിമാനി' വെളിപ്പെടുത്തിയത് ഇവരുടെ ആശയെ ഭംഗപ്പെടുത്തി എന്ന് അറിയുന്നതിൽ ഞങ്ങൾ വ്യസനിക്കുന്നു. ഇവരുടെ ഉത്സാഹം, ദിവാൻജിയെ ഒരു വൈഷമ്യത്തിന്റെ കൊമ്പുകളിൽനിന്നു രക്ഷപ്പെടുത്താനായിരുന്നില്ലയോ? പ്രസ്സാക്ട് കൊണ്ടുവരുന്നതിനു മി. ആചാരിക്കു തത്കാലം അപാടവം ഉണ്ടെന്നും, എന്നാൽ, പ്രസ്സാക്ട് കൊണ്ടുവരുമെന്നു ചെയ്ത വീരവാദത്തെ ഉടൻ സാധിക്കാതെയിരിക്കുന്നതു തനിക്ക് അഭിമാനഹാനികരമാണെന്നു കാണുകയും, ഇവ രണ്ടിനെയുമോ ഒന്നിനെയോ തട്ടിനീക്കി സ്വസ്ഥതപ്പെടുത്തുന്നതിനു തന്നോടു പത്രപ്രവർത്തകന്മാർ ഒരു യോഗം കൂടി യാചിക്കുന്നതായാൽ ആ യാചനയെ ആധാരമാക്കിക്കൊണ്ടു പ്രസ്സാക്ടിനെ പിൻവലിച്ചതായി സമാധാനപ്പെടാമെന്നു മി. ആചാരിയുടെ വ്യപദേഷ്ടാക്കാൾ നിശ്ചയിക്കയും ചെയ്തതിന്റെ ഫലമായിട്ടല്ലയോ പത്രാധിപയോഗാലോചനയെ മുട്ടയിട്ടത് എന്നണു സംശയം. എന്നാൽ, കഷ്ടം! മി. ആചാരിയോ വ്യപദേഷ്ടാക്കളോ മുട്ടയിട്ടതും, മി. സി.വി. രാമൻപിള്ളയും കൂട്ടരും അടയിരുന്നതുമായ ഈ തന്ത്രം അവരുദ്ദേശിച്ച സ്വരൂപത്തിലുള്ള സന്താനത്തെ വിരിച്ചെടുക്കാൻ സാധിക്കാതെപോയതു ശോചനീയംതന്നെയാകുന്നു.⚫


(1910 സെപ്തംബർ 12)

[ 36 ]


ദിവാൻപദം

'കാളേജ് ഓണം ഡേ' ഉത്സവാഘോഷാവസരത്തിൽ അഗ്രാസനം വഹിച്ചുകൊണ്ട് ദിവാൻ മി. രാജഗോപാലാചാരി പ്രസംഗിച്ചതായ ഉപദേശങ്ങൾ സാമാന്യത്തിലധികമായ ശ്രദ്ധയെ അർഹിച്ചു കാണുന്നുണ്ട്. മി. ആചാരി തന്റെ മുമ്പിൽ യോഗം കൂടിയിരുന്ന ചെറുപ്പക്കാരെ അഭിമുഖീകരിച്ചുകൊണ്ടു ചെയ്ത ഉപദേശങ്ങളിൽ മുഖ്യമായുള്ളവ, തിരുവിതാംകൂർ രാജ്യത്തിന്റെ ഭാവിയെപ്പറ്റിയുള്ള ആശംസയെയും ഈ സംസ്ഥാനഭരണത്തിന്റെ പൂർവ ചരിത്രത്തെപ്പറ്റിയുള്ള പശ്ചാത്താപത്തെയും കുറിക്കുന്നതായിരുന്നു. ഭാവിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം പ്രസ്താവിച്ചത്: "തിരുവിതാംകൂറിന്റെ ഭവിഷ്യൽസ്ഥിതി നിങ്ങളുടെ കൈയിലാകുന്നു." എന്നായിരുന്നു. ഇത്തരത്തിലുള്ള അഭിപ്രായം സാധാരണമായി ഏതു നാട്ടിലെയും വിദ്യാർത്ഥികൾക്ക് ഉപദേശിക്കപ്പെടാറുള്ളതുകൊണ്ട് ഇതിനു പറയത്തക്കവണ്ണം കൗതുകം തോന്നുവാനില്ല. എന്നാൽ ഈ അഭിപ്രായത്തെ തുടർന്നുകൊണ്ടു ചെയ്തതായ ഒരു ആശംസ നിസ്സംശയമായും കൗതുകകരമായിട്ടുള്ളതാണ്. മി. ആചാരിയുടെ ആശംസ ഇങ്ങനെയായിരുന്നു: "നിങ്ങൾക്ക് ഇപ്പഴത്തേതിലധികം സൗകര്യമുള്ള അവസരങ്ങളും, ഇപ്പോഴത്തേതിലധികം വിതതമായ കർമ്മങ്ങളും ഉണ്ടായിരിക്കുവാനവകാശമുള്ള ഒരു കാലം വരും. അപ്പോൾ നിങ്ങളിലൊരാൾ, ഞാൻ ഇപ്പോൾ പ്രാപിച്ചിരിക്കുന്നതായ സ്ഥാനത്തെ പ്രാപിക്കുവാനുമിടയാകും. നിങ്ങളുടെ ചെറുപ്പകാലം മുതൽക്കുള്ള ജീവിതത്തിൽ നിങ്ങൾ സമസൃഷ്ടങ്ങളായ മനുഷ്യരിൽ നിരന്തരം ദയയോടും കൂറോടുകൂടി ഇരുന്നിട്ടുണ്ടെന്നു ചാരിതാർത്ഥ്യപ്പെടുവാൻ സാധിക്കുന്നതായാൽ അതു വളരെ വലിയ കാര്യമായിരിക്കുന്നതാണ്." അർത്ഥവത്തായ ഈ വാക്യങ്ങളുടെ വാച്യാർത്ഥത്തിലല്ലാ കൗതുകം തോന്നുന്നതിന് ആവശ്യമുള്ളത്. ഇവയുടെ വ്യംഗ്യാർത്ഥത്തെ തിരുവിതാംകൂർകാർ വിശേഷശ്രദ്ധയോടുകൂടി ഗ്രഹിക്കേണ്ടതാണ്. ഇപ്പോഴത്തെ വിദ്യാർത്ഥികളിൽ ഒരാൾ ഭാവികാലത്ത് തിരുവിതാംകൂറിലെ മന്ത്രിയായി വന്നേക്കാമെന്നുള്ള ആശംസകൊണ്ട് വിദേശീയനായ തന്നെപ്പോലെയുള്ളവർ ഇവിടെ മന്ത്രിയായി ഇപ്പോൾ വന്നിരിക്കുന്നത് തങ്ങളുടെ അവകാശപ്രാബല്യത്താൽ അല്ലാ, എന്നും ഗത്യന്തരമില്ലാഞ്ഞിട്ട് മേല്ക്കോയ്മ തങ്ങളെ നിയമിക്കയാലാണെന്നും ധ്വനിപ്പിച്ചിരിക്കുന്നു. [ 37 ] തിരുവിതാംകൂറിലുള്ളവർക്കാർക്കും ഇക്കാലത്ത് ഇവിടത്തെ മന്ത്രിയായിരിപ്പാൻ സാധിക്കാതെയായത്, സമസൃഷ്ടങ്ങളായ ഇതരജാതിക്കാരുടെ പേരിൽ കൂറും, ദയയും ഇല്ലാഞ്ഞതിനാലാണെന്നും മേല്പടി വാക്യത്തിലെ ഉത്തരാർദ്ധത്തിൽ സൂചിപ്പിച്ചിരിക്കുന്നു. ഈ ഒടുവിൽ പറഞ്ഞ സൂചന, മി. ആചാരിയുടെ പ്രസംഗത്തിലെ രണ്ടാമത്തെ ഉപദേശത്തിൽ വിശദമാക്കിക്കാണിക്കുന്നുണ്ട്. തിരുവിതാംകൂരിന് ഇക്കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലക്കാലത്തിൽ വളരെ ക്ഷേമാഭിവൃദ്ധി ഉണ്ടായിട്ടുണ്ടെന്നിരുന്നാലും, തിരുമനസ്സിലെ രാജ്യത്തിനുള്ളിൽ പാർക്കുന്ന വിവിധ ജാതി പ്രജകളൊക്കെയും അവരുടെ ഹിതങ്ങളുടെ ഐക്യത്തെ വേണ്ടവണ്ണം അറിഞ്ഞു പ്രവർത്തിച്ചിരുന്നുവെങ്കിൽ, ഈ ക്ഷേമാഭിവൃദ്ധി എത്രയോ അധികം ആകുമായിരുന്നു എന്ന് ഇവിടത്തെ സ്ഥിതികളെപ്പറ്റി അല്പമെങ്കിലും കണ്ടറിഞ്ഞിട്ടുള്ള എന്നെപ്പോലെ വിദേശീയനായ ഒരുവന്, വ്യസനിക്കാതെയിരിപ്പാൻ നിർവാഹമില്ലാ- എന്നു മി. ആചാരി പ്രസ്താവിച്ചതിൽ, തിരുവിതാംകൂറിലെ ജനങ്ങളുടെ സ്വഭാവത്തെ സംക്ഷേപിച്ചിട്ടുണ്ടെന്നു സമ്മതിച്ചേ കഴിയൂ. തിരുവിതാംകൂറിന്റെ അവസ്ഥ ഇപ്രകാരംതന്നെയാണെന്നു സമ്മതിക്കാൻ ഞങ്ങൾ തയാറല്ലാ. ഈ രാജ്യത്തെ ഭരിപ്പാനായി തിരുവിതാംകൂറുകാരെത്തന്നെ മന്ത്രിപദത്തിൽ പ്രതിഷ്ഠിച്ചിരുന്ന കാലമുണ്ടായിരുന്നു. അക്കാലങ്ങളിൽ തിരുവിതാംകൂറിനുള്ളിൽ പ്രജാസമൂഹത്തിലെ വിവിധ ജാതികൾ തമ്മിൽ ഛിദ്രിച്ച് രാജ്യഭരണത്തെ ക്ലേശിപ്പിച്ചിരുന്നുവെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. പടവെട്ടി നാടുപിടിച്ചടക്കിയിരുന്ന പണ്ടേക്കാലത്തെ കഥ പോകട്ടെ; ആധുനികകാലഘട്ടത്തിൽ ഈ നാട്ടിലെ മന്ത്രിപദത്തെ അലങ്കരിച്ചിരുന്ന സ്വദേശീയർ ഗവണ്മെന്റിനെ അലങ്കോലപ്പെടുത്തിയിരുന്നില്ല. വിദേശീയന്മാർ മന്ത്രിമാരായി വന്നതിന്റെ ശേഷമാണ് ജാതിസ്പർദ്ധ ഈ നാട്ടിൽ പ്രകടമായി പ്രകാശിച്ചിട്ടുള്ളത്. ഈ നാട്ടുകാരുടെ വിവിധ ഹിതങ്ങളെ അറിയാതെയും, അവയൊക്കെ യോജിപ്പിച്ചുകൊണ്ടുപോകാൻ സാമർത്ഥ്യമില്ലാതെയും, ഏതെങ്കിലുമൊരു കക്ഷിയുടെ ആശ്രയത്തെ അവലംബിച്ചുകൊണ്ട് രാജ്യം ഭരിക്കുവാൻ ഒരുങ്ങിയിരുന്ന വിദേശീയമന്ത്രിമാരുടെ കാലങ്ങളിൽ ജാതിസ്പർദ്ധ തഴച്ചുവളർന്നു എന്ന് കീഴ്‌കഴിഞ്ഞിട്ടുള്ള ചരിത്രത്താൽ തെളിയുന്നു. എന്നാൽ നാനാജാതികളെയും കൂട്ടിയിണക്കി നടത്തുവാൻ കഴിഞ്ഞിട്ടുള്ള വിദേശീയമന്ത്രിമാർ ദുർല്ലഭം ചിലർ ഉണ്ടായിരുന്നു എന്നു സമ്മതിക്കാമെങ്കിലും, ഭൂരിപക്ഷവും ഞങ്ങൾ മുൻപറഞ്ഞ വിധത്തിലുള്ളവരായിരുന്നു. വിദേശീയമന്ത്രികളുടെ ഭരണനയദൂഷ്യത്താൽ ഉണ്ടായി വളർന്ന ജാതിസ്പർദ്ധ പലേ അവസ്ഥകളിൽ-കയറിയുമിറങ്ങിയും, മങ്ങിയും മയങ്ങിയും- ഇരുന്നിട്ടുള്ളതല്ലാതെ ഇതേവരെ നാമാവശേഷമായിട്ടില്ലാ. മി. രാജഗോപാലാചോരിയുടെ ഭരണകാലത്തും ഈ സ്പർദ്ധാനലനെ ഊതിജ്വലിപ്പിക്കുന്ന അപനയങ്ങൾ ആയിരുന്നു പ്രയോഗിക്കപ്പെട്ടിട്ടുള്ളതെന്നു ഞങ്ങൾ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാണല്ലോ. മി. ആചാരി തന്റെ അചിരകാലപരിചയത്താൽ, ഈ വഴക്കിനെ വർധിപ്പിക്കുമാറുള്ള നയങ്ങൾ സ്വീകാര്യങ്ങളല്ലെന്നു ഗ്രഹിച്ചതും തന്റെ അനുഭവത്തെ സൂചിപ്പിച്ചിരിക്കുന്നതും ഉചിതംതന്നെയാണ്. ഈ സ്ഥിതിക്ക് ഇത്തരം വിദേശീയരെ ഇവിടത്തെ മന്ത്രിസ്ഥാനത്തു നിയോഗിക്കാതിരിക്കുന്നതിനു ജനങ്ങൾ മേല്ക്കോയ്മയോടു പ്രാർഥിക്കേണ്ടിയ കാലം വൈകിഎന്നു ഗ്രഹിക്കാവുന്നതാണല്ലോ. തിരുവിതാംകൂറുകാരനെത്തന്നെ മന്ത്രിയായി കിട്ടുവാൻ മി. ആചാരി ആശംസിക്കുന്നതായ ഭാവികാലത്തെ പ്രതീക്ഷിച്ചിരിക്കേണമോ? അതിനുമുമ്പുതന്നെ പാടില്ലെന്നുണ്ടോ? ⚫


(സ്വദേശാഭിമാനിയുടെ അവസാനത്തെ മുഖപ്രസംഗം- 1910 സെപ്റ്റംബർ 23)

[ 38 ]


ആത്മകഥ     


എന്റെ നാടുകടത്തൽ



[ 39 ] നാടുകടത്തൽ

1910 സെപ്തംബർ 26ാം തീയതി തിങ്കളാഴ്ച പകൽ മണി 1 കഴിഞ്ഞു. ഞാൻ 'സ്വദേശാഭിമാനി' ആഫീസിൽ. ഉച്ചയ്ക്ക് ഊണും കഴിച്ച്, അന്നത്തെ ലക്കം 'സ്വദേശാബിമാനി' പത്രമിടപെട്ട ജോലി തീർക്കുയായിരുന്നു. ദിവാൻ മിസ്റ്റർ രാജഗോപാലാചാരിയുടെ നടത്തയെ ആക്ഷേപിച്ചിരുന്നത് അവാസ്തവമെങ്കിൽ 'സ്വദേശാബിമാനി' പത്രാധിപരുടെ മേൽ ക്രിമിനൽകേസ്സു കൊടുപ്പാനായി ആഹ്വാനം ചെയ്ത് 'A challenge' എന്ന തലവാചകത്തിൽ കീഴിൽ എഴുതിയിരുന്ന ഇംഗ്ലീഷ് ലേഖനത്തിന്റെ പ്രൂഫ് തിരുത്തിക്കൊടുത്തിട്ട്, അത് സംബന്ധിച്ച തെളിവിലേക്കുള്ള ചില കത്തുകൾ എടുത്തുവയ്ക്കുകയും, ചില സ്വകാര്യകത്തുകൾ നശിപ്പിക്കയും ചെയ്തുകൊണ്ടിരിക്കയായിരുന്നു. കുറെ നാളായിട്ട് തമ്മിൽ കാണാതിുന്ന് അന്ന് എന്നെ കണ്ടേ തീരൂ എന്ന ഉത്കണ്ഠയോടെ, തനിക്ക് സുഖക്കേടാണെങ്കിലും അത് വകവയ്ക്കാതെ വന്നുകണ്ട മുഹമ്മദീയപ്രമാണിയായ ഒരു സ്നേഹിതൻ, പത്രത്തെപ്പറ്റിയും മുഹമ്മദീയരുടെ ഇടയിൽ അപ്പോൾ ആലുവായിൽ സ്ഥാപിക്കാൻ പോകുന്ന മദ്രസ സംബന്ധിച്ചുണ്ടായിക്കൊണ്ടിരിക്കുന്ന തർക്കങ്ങളെപ്പറ്റിയും സംസാരിച്ചുകൊണ്ടിരുന്നു. അപ്പോൾ, പെട്ടെന്ന് ചിലർ തെരുതെരെ നടന്നുവരുന്ന ബൂട്ട്സിന്റെ ഒച്ച കേട്ടു. എന്റെ പിൻഭാഗത്തെ മറയുടെ (സ്ക്രീൻ) മുകളിലൂടെ ?? ചുവന്ന തലപ്പാവുകൾ കണ്ടു. അടുത്തനിമിഷത്തിൽ മറയുടെ ഇടത്തേഭാഗത്തെ വഴിയിലൂടെ, ചുവന്ന തലപ്പാവും കാക്കി ഉടുപ്പുകളും ധരിച്ച ഒരാളും ശുദ്ധ വെള്ള ഉടുപ്പുകളോടും വെള്ള ഹാറ്റോടും കൂടിയ ഒരു വെള്ളക്കാരനും എന്റെ ദൃഷ്ടിപഥത്തിലായി. പിറകെ മറ്റു ചിലരും ഉണ്ടായിരുന്നു. തലപ്പാവും കാക്കി ഉടുപ്പും ധരിച്ച് ആദ്യം വന്നയാൾ എന്റെ ഇഷ്ടന്മാരിലൊരാളും എന്റെ ഗുരുഭൂതൻ രാമക്കുറുപ്പു മുൻഷിസാറിന്റെ മൂത്തപുത്രനും ആയ പൊലീസ് ഇൻസ്പെക്ടർ ആർ.അച്യുതൻപിള്ള ബി.എ അവർകളായിരുന്നു. വെള്ളക്കാരൻ, പുതിയ പൊലീസ് സൂപ്രേണ്ട് മിസ്റ്റർ എഫ്.എസ്.എസ്.ജോർജ്ജ് ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചതിൻവണ്ണം, അദ്ദേഹം തന്നെയായിരുന്നു. പിറകെ ഉണ്ടായിരുന്ന ചിലർ കോട്ടയ്ക്കകം പൊലീസ് ഇൻസ്പെക്ടർ ബി. ഗോവിന്ദപ്പിള്ള അവർകളും, പുത്തൻചന്ത പൊലീസ് ഇൻസ്പെക്ടർ മിസ്റ്റർ പിച്ചു അയ്യങ്കാരും, പിന്നെ ചില കാൺസ്റ്റബിൾമാരും ആയിരുന്നു. മിസ്റ്റർ ജോർജ്ജിനെ കണ്ടപ്പോൾ ആദ്യമായി ഞാൻ വിചാരിച്ചത്, ഏതാനും നാൾക്കു മുൻപ് മദ്രാസിൽനിന്ന് എനിക്ക് കിട്ടിയിരുന്നതും, മുൻലക്കം 'സ്വദേശാഭിമാനി'യിൽ പ്രസ്താവിച്ചിരുന്നതുമായ വാറോലയായ??തിനെക്കുറിച്ച് അദ്ദേഹത്തിന് ഞാൻ അയച്ചിരുന്ന എഴുത്തിനെപ്പറ്റി എന്നോട് വല്ലതും ചോദിച്ചറിയുന്നതിലേക്കായി അദ്ദേഹം വന്നതായിരിക്കാം എന്നതായിരുന്നു. അടുത്തക്ഷണത്തിൽ ഈ വിചാരം [ 40 ] മാറി. മിസ്റ്റർ ജോർജ്ജ് കടന്നുവന്നപ്പോൾ ഞാൻ എണീറ്റു മുമ്പോട്ട് ചെന്നയുടനെ "മിസ്റ്റർ രാമകൃഷ്ണപിള്ള ആരാണ്. നിങ്ങളാണോ?" - എന്ന് ചോദിച്ചു.

"ഞാൻ തന്നെ" - എന്നു മറുപടി പറഞ്ഞു.

ഞങ്ങളുടെ സംവാദം ഇംഗ്ലീഷിലായിരുന്നു.

"നിങ്ങളുടെ പത്രത്തിന്റെ പ്രതികളെവിടെ?" ഉടൻ എന്റെ മേശപ്പുറത്ത് ഇടതുഭാഗത്ത് അടുക്കിവെച്ചിരുന്ന പല പത്രങ്ങളെയും നോക്കിക്കൊണ്ട്. "ഇവയൊക്കെ എന്താണ്?" എന്ന് മിസ്റ്റർ ജോർജ്ജ് ചോദിച്ചു.

"ഇവയൊക്കെ മാറ്റത്തിനായും മറ്റും വന്നിട്ടുള്ള പത്രങ്ങളാണ്" എന്ന് ഞാൻ പറഞ്ഞു.

മദ്രാസ് സ്റ്റാൻഡേർഡ്, വെസ്റ്റ് കോസ്റ്റ് റിഫാർമർ, മലബാർ ഹിറാൾഡ്, കൊച്ചിൻ ആർഗ്സ്, മലബാർ ഡെയ്‌ലി ന്യൂസ്, വെസ്റ്റേൺ സ്റ്റാർ, മറാട്ടാ, ഇന്ത്യൻ സോഷ്യൽ റിഫാർമർ, ഇന്ത്യൻ റിവ്യൂ മുതലായ പത്രികകളെയും മറ്റും ഇളക്കിനോക്കീട്ട്, "നിങ്ങളുടെ പത്രത്തിന്റെ ചില പ്രതികൾ കാണിക്കാമോ?" എന്ന് മിസ്റ്റർ ജോർജ്ജ് ചോദിച്ചു. "ഇതേ ഇരിക്കുന്നു." എന്ന് ചില പ്രതികൾ കാണിച്ചു കൊടുത്തു. "എനിക്ക് നിങ്ങളുടെ ആഫീസ് ശോധന ചെയ്യണം." എന്ന് സായിപ്പു പറഞ്ഞു.

"ഓഹോ, ആവാം. യാതൊരു തടസ്സുമില്ലാ" എന്ന് ഞാൻ മറുപടി കൊടുത്തു.

"മിസ്റ്റർ ഗോവിന്ദപ്പിള്ളേ! ഈ പത്രങ്ങളിൽ ഗവൺമെന്റിനെ പറ്റി ആക്ഷേപിച്ചിട്ടുള്ള ലേഖനങ്ങളടങ്ങിയത് ചിലത് തെരഞ്ഞെടുക്കുക", എന്ന് 'സ്വദേശാഭിമാനി'യെ കാണിച്ചിട്ട്, സായിപ്പ് ആജ്ഞാപിച്ചു. "ഏതാണ് നിങ്ങൾക്ക് കാണേണ്ടത്? ഇതാ നോക്കുക. ദിവാൻജിയുടെ പ്രജാസഭനിയമനിരൂപണത്തെപ്പറ്റിയുള്ളത്." എന്ന് ഞാൻ പറഞ്ഞു. "അതെന്താണ്?" എന്ന് സായിപ്പ് ചോദിച്ചു. "പ്രജാസഭയുടെ ചട്ടങ്ങളെ ദിവാൻജി പുതുക്കി, അതിനെ ആക്ഷേപിച്ചിട്ടാണ്." എന്ന് മിസ്റ്റർ ഗോവിന്ദപ്പിള്ള വിവരിച്ചു. "പ്രജാസഭ എന്നാലെന്ത്?" എന്ന് മിസ്റ്റർ ജോർജ്ജ് ചോദിച്ചു. "അത് ജനങ്ങളുടെ സങ്കടങ്ങളെ കേൾപ്പാൻ ആണ്ടുതോറും അവരുടെ പ്രതിനിധികളെ വിളിച്ചുകൂട്ടുന്ന സഭയാണ്," എന്ന് മിസ്റ്റർ ഗോവിന്ദപ്പിള്ള പറഞ്ഞു. "അതുപോട്ടെ നിങ്ങൾക്ക് പത്രത്തിന്റെ ഫയൽ ഇല്ലയോ? ഇതേവരെയുള്ളത് തരുക." എന്ന് സായിപ്പ് എന്നോട് ആവശ്യപ്പെട്ടു.

"ഫയൽ ഇക്കൊല്ലത്തേതു കുത്തിക്കെട്ടി വെച്ചിട്ടില്ലാ. ഒറ്റയൊറ്റയായി അടുക്കി. കുറെ ഇവിടെയും കുറെ അവിടെയുമായി കിടക്കുന്നുണ്ടാകും!" എന്ന് ഞാൻ ചിലത് ചൂണ്ടിപ്പറഞ്ഞു. ഉടൻ ഞാൻ ഒരു കടലാസ് മറിച്ചു. 'ഗർഹ്യമായ നടത്ത' എന്ന തലവാചകത്തിൻകീഴിൽ ദിവാൻ മിസ്റ്റർ രാജഗോപാലാചാരിയെപ്പറ്റി എഴുതിയിരുന്ന ലേഖനമടങ്ങിയ പത്രം എടുത്തുകാണിച്ചു. ഇതും ദിവാൻജിയെ കുതിരക്കവുച്ചെടുത്ത് അടിക്കും എന്നും മറ്റും എഴുതീട്ടുള്ളതാണ്. "ഗവർമ്മേണ്ടുദ്യോഗസ്ഥൻമാരെ ആക്ഷേപിക്കുന്ന ലേഖനങ്ങൾ എല്ലാ ലക്കങ്ങളിലും കാണാറുണ്ട്" എന്ന് മിസ്റ്റർ ഗോവിന്ദപ്പിള്ള പറഞ്ഞു.

"നിങ്ങൾക്ക് പത്രം നടത്തിപ്പു ജോലിതന്നെയോ?" എന്ന് സുപ്രേണ്ടു ചോദിച്ചു. "അല്ലാ, ഞാൻ നിയമപരീക്ഷയ്ക്ക് വായിച്ചുകൊണ്ടിരിക്കുന്നുമുണ്ട്," എന്നു ഞാൻ പറഞ്ഞു. "പിന്നെന്താണ് നിങ്ങൾ പഠിച്ചു ജയിച്ചു വക്കീൽ വേലയ്ക്ക് പോകാതെ ഇങ്ങനെ പത്രം നടത്തിക്കൊണ്ടിരിക്കുന്നത്?" എന്ന് മി. ജോർജ്ജ് പുഞ്ചിരിയിട്ടു ചോദിച്ചു. എന്നിട്ട്, മേശയുടെ മുൻഭാഗത്ത് ഒരുവശത്തുള്ള, നിന്നെഴുതുന്ന മേശയുടെ തട്ടുകളിലും, മുകളിലും, മറ്റൊരുവശത്തുള്ള സ്റ്റാൻഡിലും ഇരുന്നിരുന്ന [ 41 ] പത്രഫയലുകളെ നോക്കിക്കൊണ്ട്, "ഇവ എന്താണ്?" എന്ന് എന്നോട് ചോദിക്കുകയും, അവ ഹിന്ദു, ടൈംസ് ആഫ് ഇന്ത്യാ, ഇല്ലസ്ട്രേറ്റഡ് വിക്കിലി മുതലായ പത്രങ്ങളും മറ്റുമാണ് എന്ന് ഞാൻ മറുപടി പറഞ്ഞതുകേട്ടിട്ട്, ശോധനയ്ക്കായി പ്രസ്സ് മുറിയിലേക്ക് കടന്നുപോവുകയും ചെയ്തു.

എന്തെങ്കിലും ശോധന ചെയ്തുകൊള്ളട്ടെ എന്ന് പറഞ്ഞു ഞാൻ സ്നേഹിതനുമായി സംഭാഷണം തുടർന്നുകൊണ്ടിരുന്നു.

മിസ്റ്റർ ഗോവിന്ദപ്പിള്ള 'സ്വദേശാഭിമാനി'യുടെ ചില ലക്കങ്ങൾ മറിച്ചുനോക്കി കുറിച്ചുകൊണ്ടിരുന്നു. സുപ്രേണ്ടും മറ്റു സിൽബന്ധികളും പ്രസ്സ് മുറിയിൽ ചെന്ന്, അച്ചറി തീർന്ന ഫാറങ്ങൾ നോക്കി; കമ്പോസിറ്ററൻമാർ അച്ചുനിരത്തിക്കൊണ്ടിരുന്ന കൈയെഴുത്തുപകർപ്പുകൾ നോക്കി; അവയുടെ പ്രൂഫ് എടുത്തടത്തോളം വാങ്ങി നോക്കി; അവയൊക്കെ അന്നത്തെ ലക്കത്തിലേക്ക് ഉള്ളവയാണെന്ന് ഇടയ്ക്ക് എന്നോട് വന്നു ചോദിച്ചറിഞ്ഞതിൻവണ്ണം അവയെല്ലാം പെറുക്കി എടുത്ത് ലിസ്റ്റ് തയ്യാറാക്കാൻ പറഞ്ഞു. ടൈപ്പുകേസുകൾ മുതലായ സാമാനങ്ങളുടെ പേരുകൾ കമ്പോസിറ്ററർമാരോട് ചോദിച്ചറിഞ്ഞ് എഴുതി. ഇങ്ങനെ പലതും ബഹളമായി നടത്തിക്കൊണ്ടിരുന്നു. ഇതിനിടെ മിസ്റ്റർ അച്യുതൻപിള്ള എന്റെ സമീപത്ത് വരികയും, സർക്കീട്ടിലായിരുന്ന സായിപ്പ് പെട്ടെന്ന് വന്നതാണെന്നും അന്നുച്ചയ്ക്ക് മുമ്പു നിനച്ചിരിക്കാതെ തന്നെ വഴിയിൽ വച്ച് പിടിച്ചുകൊണ്ട്, എന്നെ അറിയുമോ എന്നു ചോദിച്ചു എന്നും, എന്റെ പാർപ്പിടം കാണിച്ചുകൊടുക്കാനാവശ്യപ്പെട്ടു എന്നും, അതിൻവണ്ണം പുത്തൻചന്ത സ്റ്റേഷൻ സമീപമുള്ള എന്റെ വാസസ്ഥലത്തു ചെന്ന് നോക്കിയതിൽ എന്നെ കാണാഞ്ഞ് അവിടെ എന്റെ കുട്ടികളെയും വാല്യക്കാരനെയും കണ്ടിട്ട് ഞാൻ എവിടെയാണെന്ന് ചോദിച്ചറിഞ്ഞു എന്നും, വീട്ടിൽ ഏതാനും കാൺസ്റ്റബിൾമാരെ ബന്തവസ്സിന് നിറുത്തിയിട്ട് പോന്നിരിക്കുകയാണെന്നും, കഥ എന്തെന്നറിവില്ലെന്നും പറയുകയും ചെയ്തു. മിസ്റ്റർ ഗോവിന്ദപ്പിള്ളയും തനിക്കിതെന്തന്നറിവില്ലെന്നു പറഞ്ഞു. ഞാൻ വീണ്ടും എന്റെ സ്നേഹിതനുമായി സംസാരിച്ചുകൊണ്ടിരുന്നു. ഇതിനിടെ എന്റെ വാല്യക്കാരൻ ഓടി എരച്ചുവന്ന്, "വീട്ടിൽ കാൺസ്റ്റബിൾമാർ വന്ന് പുരമുറിക്കൊക്കെ മുദ്രവച്ചിരിക്കുന്നു. കുട്ടികളും വാല്യക്കാരിയും ഞാനും മാത്രമേ ഉള്ളു." എന്ന് പറഞ്ഞു. "തരക്കേടില്ല-ഭയപ്പെടേണ്ടാ-അവർ മുദ്രവയ്ക്കയോ; എന്തോ ചെയ്തോട്ടെ. കുട്ടികളെ സൂക്ഷിച്ചുകൊള്ളു." എന്ന് അവനെ പറഞ്ഞയച്ചു. കുട്ടികൾ എന്ന് പറഞ്ഞത്, നാലു വയസ്സായ പുത്രിയെയും ഉദ്ദേശം മൂന്നു വയസ്സായ പുത്രനെയും ഉദ്ദേശിച്ചായിരുന്നു. വാല്യക്കാരി ഈ കുട്ടികളോടൊന്നിച്ച് കളിപ്പാനായി നിറുത്തിയിരുന്ന ഒരു പെൺകുട്ടിയുമായിരുന്നു. അവർ മാത്രമേ ഉള്ളു എന്ന് പറഞ്ഞത്, എന്റെ ഭാര്യ വീട്ടിൽ ഇല്ലാത്തതിനെ ഉദ്ദേശിച്ചായിരുന്നു. ഗവൺമെന്റു വക ഇംഗ്ലിഷ് ബാലികാമഹാപാഠശാലയിൽ ഉപാദ്ധ്യായിനിയായ എന്റെ ഭാര്യ ആ സമയം പാഠശാലയിൽ ആയിരുന്നു.

'സ്വദേശാഭിമാനി' ആഫീസിനെ പൊലീസുകാർ വളഞ്ഞിരിക്കുന്നു എന്ന വർത്തമാനം ഇതിനുള്ളിൽ മുഴങ്ങിക്കേട്ടിട്ട്, എന്റെ ചങ്ങാതികളായും പത്രത്തിന്റെ പേരിലും എന്റെ പേരിലും താൽപര്യമുള്ളവരായും ആളുകൾ തുരുതുരെ ആഫീസിലേക്ക് വന്നുകയറിത്തുടങ്ങി. ഞാൻ മുന്നോട്ട് ചെന്ന് ചിലരുടെയൊക്കെ പരിഭ്രമത്തെ ശമിപ്പിച്ചു. "എങ്കിലും ശോധന എന്തിനാണ്? നിങ്ങളെ വാറണ്ടു കാണിച്ചുവോ?" എന്ന് അവരിൽ ഒരാൾ എന്നോട് ചോദിച്ചു.

"ഇല്ലാ-ഞാൻ ആവശ്യപ്പെട്ടുമില്ലാ."

"എന്നാലും വാറണ്ടുകൂടാതെ ഇങ്ങനെ ചെയ്യാമോ?"

"പാടില്ലാ- വാറണ്ടുണ്ടായിരിക്കാം." [ 42 ]

"അങ്ങനെ സമാധാനപ്പെട്ടാൽ പോരാ. ചോദിക്കുക. വാറണ്ടില്ലെങ്കിൽ അവർ എന്തും ചെയ്തോട്ടെ. നിങ്ങൾ ഇതൊന്നും കാണേണ്ട; ഇറങ്ങിപ്പോരാമല്ലോ."

ഇതിനിടയ്ക്ക്, മിസ്റ്റർ ജോർജ്ജ് ആൾക്കുട്ടം വർദ്ധിക്കുന്നു എന്നുകണ്ട് ഞങ്ങൾ നിന്നിരുന്ന മുറിയിലേക്ക് വന്നു. "ഇവരൊക്കെയാർ?" എന്ന് എന്നോട് ചോദിച്ചു.

"എന്റെ ചങ്ങാതിമാർ."

"ഇവർ ഇവിടെ എന്തിന് കൂട്ടം കൂടുന്നു? ഇറങ്ങിപ്പോകട്ടേ."

"ഇവർ എന്നെ കാൺമാൻ വന്നവരാണ്. എന്തിനായിട്ട് ഇറങ്ങിപ്പോകണം? ആട്ടെ ശോധനയ്ക്കുള്ള വാറണ്ടുണ്ടെങ്കിൽ എന്നെ കാണിക്കണം."

"വറണ്ടുണ്ട്. കാണിക്കയില്ല."

"മജിസ്ട്രേട്ടിന്റെ വാറണ്ട് കാണിക്കാതെ സ്വേഛപോലെ ശോധന ചെയ്യാമെന്നോ? ശോധന ചെയ്തുകൊള്ളു. ഞാൻ ലിസ്റ്റ് ഒപ്പിടുകയില്ല."

"നിങ്ങൾ ഒപ്പിടണം."

"ഇല്ലാ- വാറണ്ടു കാണണം."

"വറണ്ടു കാണിക്കയില്ലാ. എന്റെ വാക്കിനെ വിശ്വസിക്കൂ. വാറണ്ട് എന്റെ പക്കലുണ്ട്."

"നിങ്ങളെ അവിശ്വസിക്കയില്ല. എങ്കിലും വാറണ്ടു കാൺമാൻ എനിക്ക് അവകാശമുണ്ട്. കാണണം, കാണിക്കാഞ്ഞാൽ ശോധന നിയമവിരോധമാണ്."

"എന്നാൽ നിങ്ങൾ നിയമപ്രകാരം നടപടി നടത്തിക്കൊള്ളു. എന്റെ പക്കൽ വാറണ്ടുണ്ട്, അത് രാജാവിന്റെ പക്കൽ നിന്നുള്ള വാറണ്ടാണ്."

"എന്നാൽ കാണിക്കരുതോ?"

"ഇല്ല, കാണിപ്പാൻ തയ്യാറില്ല."

ഇതിനിടയ്ക്ക്, എന്റെ സ്നേഹിതൻ എന്നെ വിളിച്ചു പറഞ്ഞു; "വാറണ്ടു കാണിക്കയില്ലെങ്കിൽ അവർ മനസ്സുപോലെ എന്തും ശോധന ചെയ്തെടുക്കട്ടെ. നിങ്ങൾ ഇവിടെ നിൽക്കുന്നതെന്തിന്?"

ഇത് കഴിഞ്ഞ് ഞാൻ സുപ്രേണ്ടിന്റെ അടുക്കലേക്കു ചെന്നപ്പോൾ, മിസ്റ്റർ ജോർജ്ജ് രോഷാകുലനായി എന്റെ സ്നേഹിതനെ നോക്കി കുറെ മര്യാദകേടായി സംബോധന ചെയ്തുകൊണ്ട്, ദുരെപ്പോവൂ- താനാണ് ഇയാളെ ഇളക്കുന്നത്, എന്ന് പറഞ്ഞു.

"ഇത് നിങ്ങളുടെ വീടല്ല; മിസ്റ്റർ രാമകൃഷ്ണപിള്ളയുടെ ആഫീസാണ്. ഞാൻ മിസ്റ്റർ രാമകൃഷ്ണപിള്ളയുടെ ചങ്ങാതിയും അദ്ദേഹത്തെ അന്വേഷിച്ചുവന്നയാളും ആണ്. ഇവിടം നിങ്ങളുടെ അധീനതയിൽ അല്ലാതിരിക്കുന്നിടത്തോളം കാലം ഇവിടം വിട്ടുപോകുന്നതിന് പറവാൻ നിങ്ങൾക്കവകാശമില്ല."

സായിപ്പ് ഇത് കേട്ട് തണുത്തു.

"നോക്കൂ- ഇവിടെ വന്നിരിക്കുന്നവർ എന്റെ ചങ്ങാതികളാണ്. എന്റെ കാര്യത്തിൽ [ 43 ] താൽപര്യക്കാരുമാണ്. അവർ എന്റെ സ്ഥലത്ത് എന്നെ കാണ്മാനും ഉപദേശിപ്പാനും വന്നു. അവരെ നിങ്ങൾ മര്യാദകെട്ടവരുെ വാക്കുകൾ വിളിച്ചത് നിങ്ഹൾക്ക് യോഗ്യതയായില്ല. എന്നെ ബന്തവസ്സിൽ വെപ്പാൻ ?? വാറണ്ടുണ്ടെങ്കിൽ പറയൂ. വാറണ്ടില്ലെങ്കിൽ ഞാൻ പോകുന്നു," എന്നു ഞാൻ പറഞ്ഞു.

"വാറണ്ടുണ്ടെന്ന് അർത്ഥമാക്കിക്കൊള്ളു."

"എന്നാൽ വാറണ്ടു കാണണം."

"കാണിക്കയില്ലാ."

"എന്റെ മേൽ എന്തു ചാർജ്ജിനാണ് എന്നെ ബന്ധവസ്സിൽ വയ്ക്കുന്നത്? വാറണ്ടു കാട്ടൂ."

"ഇല്ല- അത് നാളെ അറിയാം- നാളെ കാണാം."

ഇതിനിടയിൽ എന്റെ സ്നേഹിതൻമാർ വക്കീലൻമാരോടാലാചിക്കുകയും, അവർ ഈ സ്വേച്ഛാനടപടിയെപ്പറ്റി പിറ്റേന്നു കേസുകൊടുത്തുകൊള്ളാമെന്നും, തത്കാലം അനുസരണമായി കഴിടട്ടേ എന്നും ഉപദേശിച്ചയയ്ക്കുകയും ചെയ്തു.

സൂപ്രേണ്ടും കൂട്ടരും പ്രസ്സ്മുറിയിലെ സാമാനങ്ങൾക്ക് ലിസ്റ്റുണ്ടാക്കുന്ന തെറക്കായിരുന്നു. കുറെ ??കൾ കൊണ്ടുവരാൻ ആവശ്യപ്പെടുന്നതും കേട്ടു.

എന്റെ ബാര്യ, വീട്ടിൽ ബന്ധവസ്സിട്ടിരിക്കുന്ന വാർത്തമാനമറിഞ്ഞ് വീട്ടിലെത്തി, തന്റെ പുരമുറിക്കുള്ളിൽ കടക്കാൻ പാടില്ലാഞ്ഞ, പുറമേ ഇരിക്കയാണെന്നും, അത്താഴത്തിന് ആവശ്യമുള്ള ഭക്ഷണസാധനങ്ഹൾ എല്ലാം എടുക്കാൻ നിവൃത്തിയില്ലാത്തവിധം കലവറപ്പുര മുദ്രവച്ചിരിക്കുകയാണെന്നും, എന്തു ചെയ്യണെന്ന് അറിയേണമെന്നും പറഞ്ഞയിച്ചിരിക്കുന്നതായി ആൽ വന്ന് എന്നെ അരിയിക്കുകയും, പോലീസുകാരുടെ ബന്ധവസ്സുള്ളതുകൊണ്ട് അവിടെയുള്ള സാമാനങ്ഹൾക്കൊക്കെ അവർ ഉത്തരവാദം ചെയ്തുകൊള്ളുമെന്നും വാല്യക്കാരെ അവിടെ നിറുത്തീട്ട്, കുട്ടികളെയും കൂട്ടിക്കൊണ്ട് ബന്ധുക്കളുടെ അടുക്കലേക്കു കൊണ്ടുചെന്നാക്കുകയെന്നും ഴന്ന ആളോടു ഞാൻ സമാധാനം പറഞ്ഞയ്ക്കുകുയം ചെയ്തതിന്മണ്ണം അവരെല്ലാം ആ വീടുവിട്ടു പോയി.

ആഫീസിലെ സ്ഥിതിയോ? ആളുകൾ ആഫീസുമുറ്റത്തും ഗേറ്റിങ്കലും അയൽപ്പുരയിടങ്ങളിലും ഒത്തുകൂടി പെരുകുന്നതു കണ്ടു. മെയിൽറോട്ടിൽ നിന്ന് അപ്പോഴപ്പോൾ കൂകിവിളികളും പൊങ്ങിത്തുടങ്ങി. മുൻവശത്തുള്ള കോഡർഷാപ്പിലെ കണ്ണാടിവാതിലിലൂടെ അനേകം ആളുകളുടെ രൂപങ്ങൾ സപ്ര??യങ്ങളായ നോട്ടങ്ങളോടുകൂടെ കാണുമാറുണ്ടായിരുന്നു. സൂപ്രേണ്ട് പ്രസ്സ് മുറിയിലെ സാമാനങ്ങൾക്കു ലിസ്റ്റ് തയ്യാറാക്കിച്ചിട്ട് പത്രാധിപരുടെ ആഫീസുമുറിയ്ൽ കടന്ന്, എന്റെ മേശപ്പുറത്തുള്ള കടലാസുകളെക്കുറിച്ചു ചോദിച്ചു.

"നിങ്ങളുടെ കത്തുഫയൽ പുസ്തകങ്ങളെവിടെ?"

"അതേ, അവിടെയിരിക്കുന്നു."

"ലേഖകന്മാരുടെ കത്തുകൾ ഇതിൽ ഫയൽ ചെയ്തിട്ടുണ്ടല്ലോ?"

"ഇല്ല."

"യാതൊരാളുടെയും ഇല്ലയോ?" [ 44 ]

"അവരുടെ കത്തുകൾ സാധാരണ ഫയൽ ചെയ്യാറില്ല."

"പിന്നെ എന്തു ചെയ്കയാണ്."

"ഉടൻ നശിപ്പിക്കുകയാണ്."

"നിങ്ങളുടെ സ്വന്ത ലേഖകന്മാരല്ലാത്തവർ വല്ല ലേഖനവുമയച്ചുതന്നാൽ പ്രസിദ്ധം ചെയ്യാറില്ലേ?"

"ഉണ്ട്. എല്ലാവരുടെയും ഇല്ല. ചിലരുടെ ലേഖനങ്ങൾ ഉപേക്ഷിക്കും."

"ആട്ടെ, ലേഖകന്മാർ ലേഖനങ്ങളോടൊന്നിച്ചു സ്വകാര്യക്കത്തയയ്ക്കാറുണ്ടല്ലോ. അവയൊക്കെ എവിടെ?"

"മിക്കവാറും നശിപ്പിക്കുന്നു."

"അത് യുക്തമോ?"

"എന്താ അല്ലായ്ക? പത്രത്തിൽ പ്രസിദ്ധപ്പെടുത്തുന്നതിനൊക്കെ പത്രാധിപർ ഉത്തരവാദിയാണ്. പിന്നെ ഞാനെന്തിനാണ് മറ്റുള്ളവരുടെ മേൽ ഭാരം ചുമത്തുന്നത്?"

"അങ്ങനെ മതിയോ?"

"ഓഹോ! എല്ലാറ്റിനും ഞാൻ ഉത്തരം പറഞ്ഞുകൊള്ളാം."

"ആട്ടെ- ഇന്നത്തെ പത്രത്തിന്റെ ലേഖനങ്ങളെവിടെ?"

"അവ കമ്പോസിങ്ങുമുറിയിൽ നിന്ന് നിങ്ങൾ എടുത്തുവല്ലോ?"

"വേറെയില്ലയോ?"

"വേറെ വല്ലതും ഇരിപ്പുണ്ടായിരിക്കും."

"ലേഖനങ്ങൾ സംബന്ധിച്ച സ്വകാര്യക്കത്തുകൾ ഒന്നുമില്ലയോ? നിങ്ങളുടെ ലേഖകന്മാരെന്നറിവാൻ രേഖകളില്ലയോ?"

"വല്ലവരുടെയും കത്തുകൾ കാണുമായിരിക്കും. ലേഖകന്മാർക്ക് ലിസ്റ്റ് വെച്ചിട്ടില്ല."

"ആട്ടെ, ഇതാ ഈ പകർപ്പുകൾ എന്താണ്?"

"ഇവ 'സമുദായ പരിഷ്കാരിണി' എന്ന പത്രികയിലേക്കുള്ള ചില ഉപന്യാസങ്ങളാണ്. ആ പത്രിക ഇവിടത്തെ വകയല്ല. ആ ഉപന്യാസങ്ങൾ നോക്കി തിരുത്തി അയപ്പാൻ അതിന്റെ പ്രവർത്തകന്മാർ എന്നെ ഏൽപ്പിച്ചിട്ടുള്ളതാണ്."

"ഇതാ ഇതോ?"

"അതു ശാരദ - സ്തീകൾക്കായുള്ള ഒരു മാസികാ പുസ്തകം."

"പിന്നെ ഇതോ?"

"അതൊക്കെ ചില സ്വകാര്യകത്തുകളാണ്. പത്രം സംബന്ധിച്ചല്ലാ."

"ആട്ടെ- നിങ്ങൾക്ക് മദിരാശിയിൽ നിന്ന് ഒരു വാറോലക്കത്തു കിട്ടിയതായി എനിക്ക് [ 45 ] എഴുത്തയച്ചിട്ടുണ്ടല്ലോ. ആ കത്തെവിടെ?"

"ആ കത്ത് വീട്ടിലുണ്ട്. ആ കത്തിനെപ്പറ്റി നിങ്ങൾക്ക് മാത്രമല്ല, എഴുതിയിട്ടുള്ളത്. മദ്രാസ് ഗവർണർസായിപ്പിന്റെ പ്രൈവറ്റ് സെക്രട്ടറി, ബ്രിട്ടീഷ് റസിഡണ്ട്, ഡിസ്‌ട്രിക്ട് മജിസ്ട്രേട്ട് ഇവർക്കൊക്കെ എഴുതീട്ടുണ്ട്."

"നിങ്ങളെന്തിനാണ് ആ വാറോലയെ ഗണ്യമാക്കിയത്"

"ഞാൻ ഗണ്യമാക്കിയതല്ല. എനിക്ക് അതിൻമേൽ നിയമപ്രകാരം നടപടി നടത്തണമെന്നാഗ്രഹമുണ്ടായില്ല. എന്നാൽ, ഇങ്ങനെയൊരു വാറോല എനിക്ക് കിട്ടീട്ടുണ്ട് എന്ന വസ്തുതയെ നിങ്ങൾ മുതലായവരെ ധരിപ്പിക്കേണ്ടതാവശ്യമെന്നു കരുതിയാണ്. അതിനേപ്പറ്റി പത്രത്തിലും പ്രസ്താവിച്ചിട്ടുണ്ട്."

"ആട്ടെ. ഈ സാമാനലിസ്റ്റ് ഒപ്പിട്ടുതരാമല്ലോ," എന്ന് പ്രസ്സ്മുറിയിലെ സാമാനങ്ങളുടെ ലിസ്റ്റ് കാണിച്ചിട്ടു പറഞ്ഞു.

"ഇല്ലാ. ഈ സാമാനങ്ങളുടെ വിവരം വ്യക്തമായി വേണം. ടൈപ്പുകൾ തൂക്കം നോക്കി തിട്ടപ്പെടുത്തണം."

"അതെന്തിനാണ്? ടൈപ്പുകൾ തൂക്കം നോക്കിയാണോ വിലവയ്ക്കുന്നത്?"

"അതേ മാത്രമല്ല, സാമാനങ്ങളുടെ ഉടമസ്ഥൻ ഞാനല്ല. ഞാൻ അച്ചുകൂടം നടത്തിപ്പുകാരൻ മാത്രമാണ്. ഉടമസ്ഥൻ ഒരു മുഹമ്മീയനാണ്."

"ഇവിടെ കുറെ മുമ്പേ കണ്ടിരുന്ന മുഹമ്മദിയനാണോ?"

"അല്ല. അദ്ദേഹം ഇവിടെ മണക്കാട്ടുള്ള ഒരു സ്നേഹിതനാണ്. ഉടമസ്ഥൻ ചിറയിൻകീഴിൽ വക്കം എന്ന സ്ഥലത്തുള്ള ഒരാളാണ്."

"ടൈപ്പുകൾ ഞങ്ങൾ കളകയില്ലാ. തൂക്കം നോക്കേണ്ടതെന്തിന്?"

"നിങ്ങൾ കളകയില്ലായിരിക്കാം. വല്ലവിധവും നഷ്ടം വന്നാൽ ആരാണ് ഉത്തരം പറയുന്നത്? എന്തുമാത്രം സാമാനം ഉണ്ടെന്ന് എങ്ങനെ നിശ്ചയിക്കാം?"

"എന്നാൽ, ഇൻസ്പെക്ടറേ, ഒരു തുലാസു കൊണ്ടുവന്നു തൂക്കം നോക്കിപ്പോകട്ടെ."

"നിങ്ങൾ ഇതൊക്കെ എടുത്തുകൊണ്ടു പോകയാണെങ്കിൽ നിശ്ചയമായും തൂക്കം നോക്കി തിട്ടപ്പെടുത്തണം."

"അതേ. ഈ സാമാനങ്ങളൊക്കെ എടുത്തുകൊണ്ടു പോവാനാണ് എനിക്കു കല്പന കിട്ടീട്ടുള്ളത്."

"ബോധിച്ചപോലെ ചെയ്യൂ." എന്നു പറഞ്ഞു ഞാൻ മറ്റൊരു ഭാഗത്തേക്കു പോയി.

സ്‌ക്രീൻ വച്ചു മറച്ചിരുന്ന മറുഭാഗം സാധാരണയായി, അച്ചടിച്ചുകഴിഞ്ഞ പത്രം മടക്കിക്കെട്ടി അയപ്പാനും, അതു സംബന്ധിച്ച സിൽബന്തികൾക്ക് ഇരിപ്പാനും ഉപയോഗപ്പെടുത്തി വന്നിരുന്നതായിരുന്നു. അവിടെയാണ്, സാധാരണയായി, പുറമേനിന്നു പത്രാധിപരെ കാണ്മാൻ വരുന്ന ആളുകൾ ആദ്യമായി കടക്കുന്നത്. മുറ്റത്തുനിന്ന് ആ മുറിക്കുള്ളിൽ കടക്കുന്ന വാതില്ക്കൽ ആളുകൾ മുമ്പത്തേതിലധികം വന്നുചേർന്നു. ഞാൻ അവരോടു വർത്തമാനം പറഞ്ഞുനിന്നതിനിടയിൽ, എന്റെ [ 46 ] ആഫീസ്മുറിക്കുള്ളിൽ പൊലീസ് സൂപ്രേണ്ടിന്റെയും അനുചരന്മാരുടെയും ചലനങ്ങൾ പ്രകടമായി കേട്ടു.

അവർ പത്രഫയലുകളെയും, മേശപ്പുറത്തുണ്ടായിരുന്ന കയ്യെഴുത്തു പകർപ്പുകൾ, കത്തുകൾ, പുസ്തകങ്ങൾ, കടലാസ്, പേന, പെൻസിൽ, മഷിക്കുപ്പി മുതലായവയും താഴെ ഉണ്ടായിരുന്ന ചവറ്റുപെട്ടിയും, പക്ഷേ, പത്രാധിപരുടെ കസാലയുടെ ചോട്ടിൽ കിടന്ന പൊടികളെക്കുടെയും എടുത്തുമറിച്ചു തള്ളുന്നതും കേൾക്കാമായിരുന്നു.

ഞാൻ നിന്നിരുന്നതിന് അടുത്ത പുരമുറിയിലും ആളുകൾ വന്നുകയറുന്നതു കാണാമായിരുന്നു. ആ പുരമുറിയാണ് മാനേജരുടെയും ഗുമസ്താവിന്റെയും ആഫീസ്. അതിനുള്ളിലാണ് അച്ചടിക്കടലാസുകൾ, അച്ചടിച്ച കടലാസുകൾ, അച്ചടിക്കുവേണ്ട പല ഉപകരണങ്ങൾ, റിക്കാർഡുകളടങ്ങിയ അലമാര, വില്പാൻ വെച്ചിട്ടുള്ള പുസ്തകങ്ങൾ, പഴയ പത്രങ്ങൾ മുതലായ ഒട്ടേറെ സാധങ്ങൾ സൂക്ഷിച്ചിരുന്നത്. അവിടെ, ഒരറ്റത്ത്, പൊലീസ് ഇൻസ്പെക്ടർ മിസ്റ്റർ ഗോവിന്ദപ്പിള്ള ഒരു ജനാലയുടെ അരികിൽ ഒരു നാല്ക്കാലിയിൻമേൽ ഇരിക്കുന്നുണ്ടായിരുന്നു. ജിജ്ഞാസുക്കളായി വന്നുകൊണ്ടിരുന്ന ആളുകളോടു ഞാൻ ഓരോ സമാധാനം പറഞ്ഞുകൊണ്ടുനിന്നതിനിടയിൽ നടന്ന ചില നേരമ്പോക്കുകൾ രസജനകമായിരുന്നു. എന്റെ ബന്ധുക്കളിൽ ഒരാൾ പരിഭ്രമത്തോടെ ഓടിവന്ന്, ``ജാമ്യത്തിൽ വിട്ടയയ്ക്കുകയില്ലേ, എന്നു ചോദിച്ചു,

"യാതൊന്നും അറിയുന്നില്ല," എന്നു ഞാൻ മറുപടി പറഞ്ഞു.

"അറസ്റ്റ് ചെയ്യുമോ?"

"ഇപ്പോൾ അറസ്റ്റിലാണല്ലോ."

"അതല്ലാ ഞാൻ ചോദിച്ചത്--അറസ്റ്റ് പല വിധത്തിലുണ്ട്. അവമാനിച്ചറസ്റ്റു ചെയ്യുമോ?"

"എനിക്കു മനസ്സിലാകുന്നില്ലാ. അവമാനിച്ചറസ്റ്റു ചെയ്ക എന്താണ്?"

"കൈയ്ക്കു വിലങ്ങുവെക്കുകതന്നെ."

"അതിലേക്കു ഞാൻ എന്തു കുറ്റം ചെയ്തു? വിലങ്ങുവെച്ചാൽതന്നെ എന്ത്? കൈയ്ക്കല്ലേ? പിന്നെ ജയിലിൽ കൊണ്ട് അടയ്ക്കുമായിരിക്കാം. അതാണോ നിങ്ങൾ അർത്ഥമാക്കുന്നത്?"

"അതെ. അതുതന്നെ."

"ഏയ്, അതൊന്നും സാരമില്ല. കുറ്റം ചെയ്തവനല്ലയോ അതിൽ മാനാവമാനങ്ങളെപ്പറ്റി വിചാരപ്പെടാനുള്ളു. കുറ്റം ചെയ്തിട്ടില്ലെങ്കിൽ, അവർ എന്തുതന്നെ ചെയ്താലെന്ത്? എനിക്ക് അവമാനം വരാനില്ലാ. ഞാൻ തന്നത്താൻ ലജ്ജിക്കത്തക്ക കുറ്റം ഒന്നും ചെയ്തിട്ടില്ലാ. നിങ്ങൾ സ്വസ്ഥമനസ്സായിരിക്കുക."

ഇങ്ങനെ സംസാരിച്ചു നില്ക്കുന്ന മദ്ധ്യേ, അവിടത്തെ ജോലിക്കാരിലൊരുവാൻ ആ മുറിക്കുള്ളിൽ വച്ചിരുന്ന തലയോടുകൂടിയ കലമാൻകൊമ്പിനെ എടുത്തുകൊണ്ടുപോവാൻ ആഗ്രഹിച്ചിട്ട് ഇൻസ്പെക്ടറോട് ആ വിവരം പറഞ്ഞു.

"ഒന്നും എടുത്തുകൊണ്ടു പോകരുത്. അങ്ങനെയാണ് ഞങ്ങൾക്കുത്തരവ്." എന്ന് ഇൻസ്പെക്ടർ പറഞ്ഞു. [ 47 ]

"കലമാൻകൊമ്പ് അച്ചുകൂടം വകയല്ല. ആ വക സാമാനങ്ങളിലുൾപ്പെട്ടതുമല്ല." എന്നായി ജോലിക്കാരൻ.

"യാതൊന്നും പുറമേ കൊണ്ടുപോകരുത്." എന്ന് ഇൻസ്പെക്ടറും. ഹെയ്, അതവിടെ വെച്ചേ?. അതെടുക്കണ്ടാ. ഒരുവേള, അതും, പത്രാധിപരുടെമേൽ ക്രിമിനൽകേസിന് ഉപയോഗപ്പെടും. ??ാൻജി തുടങ്ങിയ ഉദ്യോഗസ്ഥൻമാരുടെ നേർക്കു പാഞ്ഞ് ഉപദ്രവിക്കുന്നതിനായി തന്റെ സിൽബ?കളുടെ തലയിൽ വെച്ചുകെട്ടി അയപ്പാൻ പത്രാധിപർ കലങ്കൊമ്പുകൾ ശേഖരിച്ചുവന്നിരുന്നു എന്നു ?ർജ്ജ് ചെയ്യരുതോ? കലങ്കൊമ്പും അപായകരമായ ആയുധമല്ലേ? എന്ന് ഒരാൾ അപഹസിച്ചു പറഞ്ഞു.

"എന്നാൽ ഞാനതെടുക്കുന്നില്ലാ." എന്ന് ആ സിൽബന്തി സമാധാനം പറഞ്ഞുപോയി.

ഇതിനിടയിൽ ഞാൻ മറ്റേ ഭാഗത്തേക്കു കൂടക്കൂടെ പോകുന്നുണ്ടായിരുന്നു. മുറ്റത്ത് അച്ചുക്കൂടം ?? കേസുകൾ, സ്റ്റാൻഡുകൾ, മേശ മുതലായവ എടുത്തു തള്ളുന്നതും, അവയെ വണ്ടികളിൽ കയറ്റി അയയ്ക്കുന്നതും കണ്ടു. വണ്ടികൾ റോട്ടിലിറങ്ങുമ്പോൾ ആളുകളുടെ കൂക്കൂവിളികലും പൊങ്ങിക്കൊണ്ടിരുന്നു.

പത്രാധിപരുടെ ആഫീസ് ശോധനചെയ്ത് എല്ലാ സാധനങ്ങളും കൈവശപ്പെടുത്തിയാറെ, സൂപ്രേണ്ടും കൂട്ടരും ഇപ്പുറത്തേക്കു കടന്നു. അവിടെ പത്രം മടക്കിക്കെട്ടി അയയ്ക്കുന്നതിന് ഉപയോഗപ്പെടുത്താറുള്ള നീണ്ട മേശയുടെ ഒരറ്റത്തു വരിക്കാരുടെ മേൽവിലാസഹ്ങൽ അച്ചടിച്ചു പറ്റിച്ച റാപ്പർ കടലാസുകൾ അടുക്കിവച്ചിരുന്നതും സമീപത്തായി പശ പകർന്ന പാത്രം ഇരുന്നതും, മുകളിൽ ഴളക്കു തൂക്കിയിരുന്നതും അവർ കണ്ടു. അവയൊക്കെ എടുത്തു. കുറേനേരംകൂടി കഴിഞ്ഞപ്പോൾ, അവിടത്തെ ??യും സ്ക്രീനും മറ്റു സാമാനങ്ങളുമൊക്കെ മുറ്റത്തായി. ആ മുറിയും പ്രസ്സ്മുറിയും മിക്കവാറും ?. ഞാൻ പ്രസ്സ്മുറിയിൽ ചെന്നപ്പോൾ കാൺസ്റ്റബിൾമാർ അവിടെനിന്നു മഹസ്സർ തയ്യാറാക്കുകയായിരുന്നു.

നേരം സന്ധ്യയായി. പൊലീസ് സൂപ്രേണ്ട് മുറ്റത്തിറങ്ങി, അവിടെ നിന്നവരോടു പുറമേ പോകാൻ ആവശ്യപ്പെട്ടു. ചിലർ പോയി, ചിലർ പോയില്ല. സൂപ്രേണ്ടു ഴീണ്ടും കെട്ടിടത്തിനുള്ളിൽക്കൂടി ചുറ്റി മാനേജരുടെ മുറിയിലുള്ള സാമാനങ്ങൾ മാറ്റാൻ ഇതേവരെ ആരംഭിച്ചിട്ടില്ല. സൂപ്രേണ്ടു മുറ്റത്തിറങ്ങി ആളുകളെ വിരട്ടി. പൊലീസ് ഹെഡ്ക്വാർട്ടർ ആഫീസിലെ മി. ഗാല്യോവും അവിടെ വന്നെത്തിയിരുന്നു. അവർ ഗേറ്രിനു പുറമേയിറങ്ങി റോട്ടിലേക്കുള്ള വഴിയിൽ നിന്ന് ആളുകളെ വിരട്ടിയപ്പോൾ ഒട്ടേറെ കൂക്കൂവിളികളും ഇളകി. ഒരു അരമണിക്കൂറോളം സമയം കഴിഞ്ഞാണ് തിരിയെ വന്നത്. ആ നേരമ??ും റോട്ടിൽ ആളുകളെ വിലക്കുവാൻ ശ്രമിച്ചുനിന്നിരുന്നതായും, ആളുകൾക്ക് അസഹ്യത തട്ടുക??.

ഇരുട്ടായിത്തുടങ്ങിയതോടുകൂടെ പൊലീസ് ഇൻസ്പെക്ടർമാരിൽ ഒന്നോരണ്ടോ പേർ എന്റെ ??വും സഹചരിക്കുന്നുണ്ടായിരുന്നു. "നിങ്ങൾ ചാടിപ്പൊയ്ക്കളയാതിരിപ്പാൻ സൂപ്രേണ്ട് ഇവരോട് ആജ്ഞാപിച്ചിട്ടുണ്ടെന്നറിയുന്നു," എന്ന് ഒരു സ്നേഹിതൻ എന്നോടു പറഞ്ഞു. "ഭോഷത്തം! ഞാൻ എന്തിനാണു ചാടിപ്പോകുന്നത്? അവർ ലോകം മുഴുവൻ മറിച്ച് എന്റെ നേർക്കു കൊണ്ടുവരട്ടെ ഭയപ്പെട്ട് പോകേണ്ട ആവശ്യം എനിക്കില്ലാ. ഞാൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിലല്ലേ പേടിക്കേണ്ടൂ," എന്നു ഞാൻ സമാധാനം പറഞ്ഞു. [ 48 ]

ഏകദേശം ഏഴുമണി സമയമായി, സൂപ്രേണ്ട് അകത്തുവന്നു, ഇൻസ്പെക്ടർ മിസ്റ്റർ ഗോവിന്ദപ്പിള്ളയെ വിളിച്ച് എന്തോ ചെവിയിൽ പറയുന്നതുകണ്ടു. അതുകഴിഞ്ഞു സൂപ്രേണ്ട് പുറമേയിറങ്ങി. മിസ്റ്റർ ഗോവിന്ദപ്പിള്ള എന്റെ അരികിലെത്തിപ്പറഞ്ഞു: "രാത്രിയായി. ഇവിടെ ഇരിക്കേണ്ടാ. സ്റ്റേഷനിൽ പോയിരിക്കാമെന്നു സൂപ്രേണ്ടു പറയുന്നു. "ഓഹോ! പോകാം," എന്നു മറുപടി പറഞ്ഞു. ഞാൻ മുറ്റത്തിറങ്ങി. ആ സമയം ചില സ്നേഹിതൻമാർ അടുത്തുവന്നു പറഞ്ഞു: "നിങ്ങൾ സുഖക്കേടുകരനാകകൊണ്ട്, ഡാക്ടറെ വിളിച്ചു ദേഹപരിശോധന കഴിക്കണം." ഇതിനിടയിൽ, സൂപ്രേണ്ടും അടുത്തുവന്നു. "ഞാൻ സുഖക്കേടുകാരനാണ് ചികിത്സയിലിരിക്കാണ്. അതിനാൽ എനിക്കു രാത്രി സുഖമായി കിടക്കുന്നതിനു മെത്ത മുതലായവ സംഭരിക്കണം. എന്റെ ദേഹം ഡാക്ടറെക്കൊണ്ടു പരിശോധിപ്പിക്കുന്നതും യുക്തമായിരിക്കും," എന്നു ഞാൻ പറഞ്ഞതിന്, "നിങ്ങൾക്കു സുഖമായി കിടപ്പാൻ വേണ്ടപോലെ ഏർപ്പാടു ചെയ്യാം," എന്നു സൂപ്രേണ്ടു മറുപടി പറഞ്ഞു. ഉടൻ മിസ്റ്റർ ഗോവിന്ദപ്പിള്ളയും (ഇൻസ്പെക്ടർ) കൂട്ടരും ഹെയ്! നിങ്ങളെന്തിനാണിങ്ങനെ പറയുന്നത്? ദേഹപരിശോധന എന്തിന്? എന്നു ചോദിച്ചു. "അതല്ലാ, എന്റെ ശരീരസ്ഥിതി അങ്ങനെയാണ്. വല്ല സുഖക്കേടും വന്നാൽ നിങ്ങളെ അപരാധികളാക്കുവാൻ ഇടയാക്കരുതല്ലോ. ആ മുൻകരുതലാണ്," ഇങ്ങനെ പറഞ്ഞിട്ടു റോട്ടിലേക്കെത്തി, മുന്നോട്ടു നോക്കിയപ്പോൾ, ഒരു പത്തായിരത്തിലധികം ജനങ്ങൾ.

"തെരുതെരെ മണൽവാരിത്തെള്ളി മേല്പോട്ടെറിഞ്ഞാ-
ലൊരുതരി മണൽപോലും താഴെ വീഴാതെവണ്ണം"

റോട്ടിൽ നിരന്നിട്ടുണ്ട്. റോട്ടിന്റെ ഇരുഭാഗങ്ങളിലുമുള്ള ഷാപ്പുകളിലും 'വെസ്റ്റേൺ സ്റ്റാർ' ആഫീസ് മുഖപ്പുവരാന്തയിലും മറ്റും കാഴ്ചക്കാർ കൂടിട്ടുണ്ട്. ആ ആൾക്കൂട്ടത്തിന്റെ ഇടയിൽ കുറെ ശ്രമപ്പെട്ടായിരുന്നു വഴിതെളിച്ചത്. പൊലീസ് സൂപ്രേണ്ടും മിസ്റ്റർ ഗാല്യോവും വഴി വിലക്കി. എന്റെ ഇടം വലമായി മിസ്റ്റർ ഗോവിന്ദപ്പിള്ള, മിസ്റ്റർ പിച്ചു അയ്യങ്കാർ മുതലായവരും നടന്നിരുന്നു. മെയിൻറോട്ടുവിട്ട് സ്റ്റേഷനിലേക്കുള്ള വഴിയിൽ തിരിയാറായപ്പോൾ, പിറകിൽനിന്നും, റോട്ടിന്റെ ഇരുഭാഗങ്ങളിൽ നിന്നും, വലത്തുനിന്നും, 'തള്ളിത്തിങ്ങിക്കലങ്ങിപ്പെരുകി വരു'ന്നുണ്ടായിരുന്ന ജനപ്രവാഹങ്ങൾ എല്ലാം കൂടി, 'വെള്ളത്തിൽ വേഗമേറും ഗതി മണലണയെത്തട്ടി നീക്കുന്നവണ്ണം,' പൊലീസുകാരുടെ തടസ്ഥത്തെ വകവയ്ക്കാതെ, 'തള്ളിത്തള്ളി' സ്റ്റേഷനിലോട്ടു വലിഞ്ഞുതുടങ്ങി. ഒരഞ്ചുമിനിട്ട് ഇങ്ങനെ കഴിഞ്ഞപ്പോൾ ഞങ്ങൾ പൊലീസ്‌സ്റ്റേഷൻ വാതില്ക്കൽ എത്തി. എന്നാൽ, ഈ ജനപ്രവാഹത്തിനൊക്കെ ആ പതനപ്രദേശത്തേക്കു കടക്കുന്നതിനു മാർഗമില്ലാത്ത വിധത്തിൽ അവിടം പ്രതിബന്ധിക്കപ്പെട്ടിരുന്നു. പൊലീസുകാരും, 'പ്രേക്ഷക പ്രേക്ഷിതനായ' ഞാനും ഒഴികെ. മറ്റെല്ലാവരും പുറത്തു നില്ക്കേണ്ടിവന്നു. വാതിൽ കടന്ന് അകത്തുവരാൻ ഭാവിച്ച ചില സ്നേഹിതന്മാരെ പൊലീസ് സൂപ്രേണ്ട് അസഹനനായി പുറത്തേക്കു തള്ളി. എന്നാൽ പുറമേ നില്ക്കേണ്ടിവന്ന ആളുകളിൽ ചില സൂപ്രേണ്ടിന്റെ ഈ ആവേശപ്രകടനങ്ങളെക്കണ്ട് അപഹാസസൂചകമായി കൂകിവിളിച്ചുകൊണ്ട് സ്റ്റേഷൻ അതിർത്തിമതില്ക്കുപുറമേ, റോഡിൽ ദിദൃക്ഷുക്കളായിത്തന്നെ നിന്നു.

രണ്ട്


പൊലീസ്‌സ്റ്റേഷന്റെ ഗേറ്റുകടന്നു മുറ്റത്തിറങ്ങിയപ്പോൾ ആദ്യമായി കണ്ടത് അച്ചുകൂടം വക കേസ്, സ്റ്റാന്റുകൾ തുടങ്ങിയ പലേ സാമാനങ്ങൾ മുറ്റത്തുകൊണ്ട് തള്ളിയിരുന്നതായിരുന്നു. അവയെ കടന്നു സ്റ്റേഷൻ മുഖപ്പിലുള്ള വരാന്തയിൽ കയറി. അവിടെ റിസർവ് പൊലീസ് ഇൻസ്പെക്ടർ മി. ഗോമസ് വാളൂരിപ്പിടിച്ചുകൊണ്ട് ലാത്തുന്നുണ്ടായിരുന്നു. പൊലീസ് സൂപ്രേണ്ട് ഈ സമയത്തിനിടയ്ക്ക് [ 49 ] അവിടം വിട്ടുപോയിരുന്നു. എന്നോട് ഇരിക്കുവാൻ പറഞ്ഞതിൻവണ്ണം അവിടെ മുഖപ്പുവരാന്തയിൽത്തന്നെ ഒരു കസാലയിൽ ഞാൻ ഇരുന്നു. ഹാ! ആ കസാല 'സ്വദേശാഭിമാനി' ആപ്പീസിൽനിന്ന് സർക്കാർ കൈയടക്കിയവയിൽ ഒന്നുതന്നെയായിരുന്നു! ഞാൻ റോഡിൽ നിന്നിരുന്ന ജനങ്ങൾക്ക് അഭിമുഖമായും അവർക്കു കാണ്മാൻ സൗകര്യപ്പെടുമാറും ഇരിക്കയായിരുന്നു. ജനങ്ങൾ കൂട്ടുംവിട്ടുപിരിഞ്ഞുപോയിരുന്നില്ല. അവരുടെയിടയിൽ ചില ആരവങ്ങളും തെരക്കുകളും കേൾക്കാമായിരുന്നു. ഇതു സ്വഭാവേന പൊലീസുകാർക്ക് അല്പം കുണ്ഠിതത്തിനുകാരണമായി എന്നു തോന്നുന്നു. എന്തെന്നാൽ, മിസ്റ്റർ ഗോമസ്സും മിസ്റ്റർ ഗോവിന്ദപ്പിള്ളയും മറ്റും എന്നോട് അകത്തുള്ള കസാലയിൽ ഇരിക്കുന്നതായാൽ ഈ ബഹളം പുറമേ ഉണ്ടാകാതെ കഴിയുമായിരുന്നു എന്നു പറയുകയുണ്ടായി. "അകത്തു കടന്നിരിക്കുമ്പോൾ ആളുകൾക്ക് എന്നെ കാണ്മാൻ കഴിയാതെയാവും; അവരുടെ ആശങ്ക വർദ്ധിക്കും; കുറേക്കൂടെ ബഹളമാകും. പുറമേയിരുന്നാൽ അവർക്ക് എന്നെ കാണ്മാൻ കഴിയുന്നതായാൽ ദുശ്ശങ്കകൾ ഉണ്ടാകയില്ല. ഇതു വിചാരിച്ചിട്ടാണു കുറേനേരം പുറത്തിരിക്കാമെന്നു ഞാൻ പറയുന്നത്," എന്നു ഞാൻ അവരോടു മറുപടി പറഞ്ഞു. ഈ വിധം കുറേനേരം പുറമേയിരുന്നു. മിസ്റ്റർ ഗോമസ്സുമായി ചില വർത്തമാനങ്ങൾ സംസാരിച്ചുകൊണ്ടിരുന്നതിനിടയിൽ, റോട്ടിലെ ജനക്കുട്ടം കുറെശ്ശെ മെലിഞ്ഞു തുടങ്ങിയതായി തോന്നി. വരാന്തയിൽ നെടുനീളെ 'സ്വദേശാഭിമാനി' ആപ്പീസിൽ നിന്ന് എടുത്ത പുസ്തകങ്ങൾ, റിക്കാർട്ടുകൾ മുതലായവയൊക്കെ വാരിവിതറിക്കൂട്ടിയിരിക്കയായിരുന്നു. കുറേനേരം കഴിഞ്ഞാറെ ഞാൻ അകത്തുള്ള കസാലയിൽ ചെന്നിരുന്നു. പൊലീസ് ഇൻസ്പെക്ടർമാരും സ്റ്റേഷൻ ആഫീസറും മറ്റും അവരുടെ ചില ജോലികൾ നോക്കുന്നതിനിടയിൽ, എന്റെ ആ രാത്രിയിലെ താമസത്തിനായിട്ടാണെന്നു തോന്നുന്നു, ഒരു വലിയ മുറി ഒഴിക്കാനും അകം വൃത്തിയാക്കാനും ഉത്സാഹിച്ചു തുടങ്ങി. ഇതിനിടെ സൂപ്രേണ്ടു വരികയും, എന്റെ ആഹാരവും മെത്തയും എപ്പോൾ വന്നുചേരുമെന്നു ചോദിക്കുകയും ചെയ്തിട്ടു പോയി. പിന്നെയും, ഞാൻ മിസ്റ്റർ ഗോവിന്ദപിള്ളയുമായി സംസാരിച്ചുകൊണ്ടിരിക്കയായിരുന്നു. കുറേനേരം കഴിഞ്ഞു സൂപ്രേണ്ടും മിസ്റ്റർ ഗാല്യോവും വന്നു; വരാന്തയിൽ കിടന്നിരുന്ന റിക്കാർട്ടുകളെ കെട്ടി അരക്കു മുദ്ര വച്ച്, എനിക്കായി ഒഴിച്ചിട്ട വലിയ മുറിക്കുള്ളിൽ കൊണ്ടുവെപ്പിച്ച്, അവയ്ക്കു ലിസ്റ്റുകൾ എഴുതി, വീണ്ടും പോയി.

മണി ഏകദേശം ഒമ്പതാകുമെന്നു തോന്നുന്നു. എനിക്ക് ആഹാരവും മെത്തയും കൊണ്ടുവരാനായി നിയോഗിക്കപ്പെട്ടിരുന്ന പൊലീസ് ഇൻസ്പെക്ടർ മിസ്റ്റർ അച്യുതൻപിള്ളയും എന്റെ വാല്യക്കാരും മടങ്ങിവന്നിട്ടില്ല. പുറമേ റോട്ടിലുണ്ടായിരുന്ന ആളുകളും മിക്കവാറും പോയിക്കഴിഞ്ഞു. സൂപ്രേണ്ടു വീണ്ടും വരുകയും ആഹാരാദികാര്യങ്ങളെപ്പറ്റി അന്വേഷണം ചെയ്കയും ചെയ്തു. അനന്തരം സൂപ്രേണ്ട് എന്നിൽനിന്നു കുറെ അകലെ ഇരുന്ന് ഒരു കടലാസു മേടിച്ച് എന്തോ എഴുതി. ആ ഫുൾസ്കേപ്പു കടലാസ്സിന്റെ എഴുതിയ പകുതി ചീന്തിയെടുത്തു മടക്കി, ഇൻസ്പെക്ടർ മിസ്റ്റർ ഗോവിന്ദപ്പിള്ളയെ ഏല്പിച്ച്, എന്റെ ആഹാരാദികാര്യങ്ങളെപ്പറ്റി വീണ്ടും അന്വേഷണം ചെയ്തിട്ടുപോയി. മിസ്റ്റർ ഗോവിന്ദപ്പിള്ളയും കുറേ അനുഗമിച്ചിട്ടു മടങ്ങിവന്നു. തന്റെ കയ്യിൽ കിട്ടിയ രേഖയെ നോക്കി കാര്യം ഗ്രഹിച്ചശേഷം, മടക്കി കീശയിലാക്കി. കുറേ കഴിഞ്ഞാറേ, താൻ രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയതാണെന്നും, ഉച്ചയ്ക്ക് ആഹാരം കഴിഞ്ഞിട്ടില്ലെന്നും മറ്റും തന്റെ കൂട്ടുകാരോടു പറകയും, ഒരു കാൺസ്റ്റബിളിനെ വിളിച്ച് വീട്ടിൽ പോയി ഉടുപ്പാൻ മുണ്ടും, നേരിയതും, അഞ്ചുറുപ്പികയും വാങ്ങിക്കൊണ്ടു വരാൻ, ഒരു കുറിമാനം കൊടുത്തയയ്ക്കുകയും ചെയ്തു. അതേവരെ എന്നെ എന്തുചെയ്യാനാണു പോകുന്നതെന്നു നിശ്ചയമറിഞ്ഞിരുന്നില്ലെങ്കിലും, പക്ഷേ, പിറ്റേന്നാൾ എന്റെമേൽ മുറയ്ക്കുവല്ല കുറ്റവും ആരോപിച്ചു കേസ് തുടങ്ങാമെന്നു പലരും സംശയിച്ചിരുന്നതിന്മണ്ണം ആശങ്കിച്ചിരുന്ന എനിക്ക് ആ ആശങ്ക അസംഗതമെന്ന് ഉടൻ തോന്നി. എന്റെ മനസ്സിൽ അപ്പോൾ ഉദിച്ചുപൊങ്ങിയ, [ 50 ] വിചാരങ്ങൾ ഇപ്രകാരമായിരുന്നു: 'സൂപ്രേണ്ട് ഒരു രേഖ മിസ്റ്റർ ഗോവിന്ദപ്പിള്ളയെ ഏല്പിക്കുന്നു. മിസ്റ്റർ പിള്ള വീട്ടിലേക്ക് ആളയച്ച് ഉടുപ്പാൻ മുണ്ടും നേരിയതും ഉറുപ്പികയും ആവശ്യപ്പെടുന്നു. ഇതെന്തിന്? രേഖ എന്താവാം? എന്നെ ബന്തവസ്സിൽ സൂക്ഷിപ്പാൻ മിസ്റ്റർ പിള്ളയെ ചുമതലപ്പെടുത്തിയതാണെങ്കിൽ, മിസ്റ്റർ പിള്ള ഈ രാത്രിയിൽ ഉറുപ്പിക ആവശ്യപ്പെടുന്നതെന്തിന്? അതുമല്ല, പാളയം സ്റ്റേഷൻ ചാർജ് വഹിക്കുന്ന ഇൻസ്പെക്ടർ മിസ്റ്റർ ഗോവിന്ദപ്പിള്ള അല്ലതാനും. അതിനാൽ സൂപ്രേണ്ടു കൊടുത്ത രേഖ മറ്റെന്തോ ഉദ്ദേശ്യത്തോടുകൂടിയതായിരിക്കണം. അതെന്താണ്? എന്റെ ആപ്പീസും അച്ചുകൂടവും പെട്ടെന്നു ശോധനചെയ്യാനാണെന്ന് പറഞ്ഞുവന്നിട്ടു സകല സാധനങ്ങളും പൊലീസ്‌സ്റ്റേഷനിലേക്കു മാറ്റി. ശോധനവാറണ്ട് എന്നെ കാണിച്ചിട്ടില്ല. ആവശ്യപ്പെട്ടതിലും കാണിക്കയില്ലെന്നു സൂപ്രേണ്ടു പറഞ്ഞു. മജിസ്ട്രേട്ടിന്റെ വാറണ്ടല്ലാ എന്നും തിരുവെഴുത്തുവാറണ്ടാണെന്നും പറഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ, രാജ്യരക്ഷയെ ഉദ്ദേശിച്ച് ഏർപ്പെടുത്തീട്ടുള്ള നിയമങ്ങളെ നടത്തിപ്പോകുന്നതിനു നിയോഗിച്ചിരിക്കുന്ന ന്യായാധിപതിമാർ മുഖേന ചെയ്യേണ്ടിയിരുന്നതായ നടപടികളെ ഉപേക്ഷിച്ചിട്ടു രാജാവിന്റെ അധികാരമഹിമാവിനെ പ്രയോഗിച്ചിരിക്കുന്ന സ്ഥിതിക്ക്, സൂപ്രേണ്ടിന്റെ രേഖ ആ അധികാരപ്രകടനത്തിന്റെ മറ്റൊരു അംശമായിരിക്കം. ആ രേഖ എന്നെ ഈ നാട്ടിൽനിന്നു പുറമേ അയയ്ക്കണമെന്ന ഉദ്ദേശ്യത്തിലുള്ളതായിരിക്കാം; സംശയമില്ല.' എന്നു ചിന്തിച്ച് മിസ്റ്റർ ഗോവിന്ദപ്പിള്ളയോട് ചോദിച്ചു: 'നമ്മൾക്ക് എപ്പോൾ പുറപ്പെടാം?' എന്നു മാത്രം. ഈ ചോദ്യത്തെ അദ്ദേഹം ആ സമയം പ്രതീക്ഷിച്ചിരുന്നില്ലാ എന്നു തോന്നുന്നു. എന്തെന്നാൽ, അതു കേട്ടിട്ട് അദ്ദേഹം കുറേനേരം ഒന്നും മിണ്ടാതെയിരുന്നു. "വേണ്ട, നിങ്ങൾ ഒളിച്ചുവയ്ക്കേണ്ട ആവശ്യമില്ല. എന്താണു വരാൻപോകുന്നതെന്നു ഞാൻ ഊഹിച്ചുകഴിഞ്ഞു. അതിനാൽ എപ്പോൾ പുറപ്പെടാമെന്നു മാത്രം പറക," എന്നു ഞാൻ വീണ്ടും ചോദിച്ചു. അദ്ദേഹം വീണ്ടും മന്ദഹസിച്ചു. എന്തായാലും, എപ്പോഴെങ്കിലും പറയേണ്ടതായി വരുമല്ലോ എന്നു സമാധാനപ്പെട്ടിട്ടായിരിക്കാം. അദ്ദേഹം അനുശോചനസ്വരത്തിൽ, "പന്ത്രണ്ടു മണിക്കു പുറപ്പെടാം." എന്നു മറുപടി പറഞ്ഞു. "രാത്രിയോ പകലോ?" എന്ന എന്റെ ചോദ്യത്തിന്, "ഇപ്പോൾ തന്നെ; രാത്രിയിൽ," എന്ന് ഉത്തരം പറഞ്ഞു. "അതാണുത്തമം- കഴിയുന്ന വേഗത്തിൽ ഇവിടം വിടണം, ബഹളമുണ്ടാവാൻ സംഗതി വരരുതല്ലോ. പക്ഷേ, ഈ കഥ വളരെ മുമ്പുതന്നെ സൂപ്രേണ്ടിന് എന്നെ അറിയിക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ, വീട്ടിൽവേണ്ട വ്യവസ്ഥകൾക്ക് അറിവുകൊടുക്കാമായിരുന്നു. പോട്ടെ, സാരമില്ല. മിസ്റ്റർ അച്യുതൻപിള്ളയും വാല്യക്കാരും വന്നുചേർന്നെങ്കിൽ ഊണുകഴിച്ചു നേരത്തേ യാത്രയാകാമായിരുന്നു." എന്നു ഞാൻ മിസ്റ്റർ ഗോവിന്ദപ്പിള്ളയോടു പറഞ്ഞു. ഈ സംഭാഷണസമയം സമീപത്തു മറ്റാരും ഉണ്ടായിരുന്നില്ല. അദ്ദേഹം സമാശ്വസിപ്പിക്കുന്നതിനായി ചിലതു സംസാരിച്ചു. "ഹേയ്! അതൊന്നും കൂടാതെ തന്നെ എനിക്കു സമാധാനം ഉണ്ട്. എനിക്ക് ഏതു നാട്ടിലോ, കാട്ടിലോ ജീവിച്ചാലെന്ത്? ഞാൻ ഇവിടെ പാർക്കരുത് എന്നാണു മഹാരാജാവിന് അഭിമതമെങ്കിൽ എനിക്ക് ഇവിടെ പാർക്കുവാൻ ആഗ്രഹവുമില്ല. ആകട്ടെ, ഏതു വഴിക്കാണു യാത്ര?" എന്നു ഞാൻ ചോദിച്ചു. "തെക്കൻ വഴി" എന്നു മിസ്റ്റർ ഗോവിന്ദപ്പിള്ള മറുപടി പറഞ്ഞു. "കൊല്ലം വഴിയായിരുന്നെങ്കിൽ നിങ്ങൾക്കു ബുദ്ധിമുട്ടുകൂടാതെ കഴിയുമായിരുന്നു." "എന്താ ചെയ്ക? പൊലീസുഡിപ്പാർട്ടുമെന്റിലെ കഷ്ടപ്പാടുകൾ ഇങ്ങനെയൊക്കെയാണ്. തെക്കൻവഴി പണ്ടത്തേ ഏർപ്പാടാണ്." "ഓഹോ! തോവാളക്കോട്ട കടത്തുക എന്നാണല്ലോ." "നിങ്ങൾക്കു ഗുണമാണെന്നു സമാധനപ്പെടുക; അധികം സ്വാതന്ത്ര്യമുള്ള ദിക്കിൽ പാർക്കാം."

ഇപ്രകാരം സംഭാഷണം കുറെ കഴിഞ്ഞപ്പോൾ, മിസ്റ്റർ അച്യുതൻപിള്ളയും വാല്യക്കാരും വന്നുചേർന്നു. കുറെക്കഴിഞ്ഞ് മിസ്റ്റർ ഗാല്യോവിന്റെ ആൾ ഒരു കത്തു കൊണ്ടുവന്ന് ഇൻസ്പെക്ടർ മിസ്റ്റർ ഗോവിന്ദപ്പിള്ളയെ ഏല്പിച്ചു. അവർ അതു വായിച്ചു നോക്കിയശേഷം. ഞങ്ങൾ ഊണിന് [ 51 ] ഒരുക്കമായി. ഊണു കഴിഞ്ഞു. ഇതിനിടയിൽ, അവിടെ വന്നിരുന്ന ബന്ധുക്കളോടും മറ്റും, ഞാൻ മദ്രാസിലേക്കു പോവുകയാണ്, എന്നു പറയുകയും, ആ വിവരം എന്റെ ഭാര്യ മുതലായവരെ ഗ്രഹിപ്പിക്കാൻ അവരോടാവശ്യപ്പെടുകയും; വഴിയിൽ സഹായത്തിനു രണ്ടാൾ പ്രത്യേകം പോരുവാൻ വ്യവസ്ഥ ചെയ്തയയ്ക്കുകയും ചെയ്തു. പതിനൊന്നുമണി കഴിഞ്ഞപ്പോൾ വണ്ടി തയ്യാറായി, എന്ന് ആൾ വന്നറിയിച്ചു. പിന്നെ, അരമണിക്കൂറിനുള്ളിൽ യാത്ര ഒരുങ്ങി. പതിനൊന്നരയ്ക്കു ഞാനും പൊലീസ് ഇൻസ്പെക്ടർമാർ മിസ്റ്റർ ഗോവിന്ദപ്പിള്ളയും മിസ്റ്റർ പിച്ചു അയ്യങ്കാരും ജഡ്ക്കയിൽ കയറി. രാത്രി നന്നേ ഇരുട്ടായിരുന്നു. യാത്രയും പുറപ്പെട്ടു. 'യാത്രാമുഖേശോഭനം' ആയ ഒരു ദീപം എതിരേവന്നു. 'ഇരുളിൽനിന്നു വെളിച്ചത്തേക്ക്' എന്നു ദൈവം സൂചന തന്നതായിരിക്കുമോ എന്ന് ഒരു വിചാരം മനസ്സിനു ധൈര്യത്തിങ്കൽ സ്ഥൈര്യത്തേയും നല്കി.

പൊലീസ്‌വേഷം (യൂണിഫാറം) ധരിച്ചിരുന്ന ആ രണ്ട് ഇൻസ്പെക്ടർമാർക്കു കൂടെയും ഒന്നായി യാത്ര ചെയ്‌വാൻ തക്ക സൗകര്യം ഇല്ലായിരുന്ന ആ ജഡ്ക്കയ്ക്കുള്ളിൽ, എന്നെക്കൂടാതെ എന്റെ മെത്ത മുതലായ സാധനങ്ങളും ഉണ്ടായിരുന്നതുകൊണ്ട്, അടുത്ത താവളമായ നെയ്യാറ്റിങ്കര എത്തിയതുവരെ, യാത്രയിൽ,

"നേരം പൊയതറിഞ്ഞിടാത്തവിധമായ്
താനേ കഴിഞ്ഞു നിശ."

നെയ്യാറ്റിങ്കര എത്തിയപ്പോൾ, നേരം ഏകദേശം രണ്ടരമണി കഴിഞ്ഞിരിക്കുന്നു. പൊലീസ്‌സ്റ്റേഷനിൽ വിളക്കു നിന്നെരിയുന്നുണ്ട്. പാറാക്കാർ ഉണർന്നിരിക്കുന്നുണ്ട്. ഉടൻ, അവിടുത്തെ ഇൻസ്പെക്ടർക്ക് ആളയച്ചു. മിസ്റ്റർ ഗോപാലസ്വാമിപ്പിള്ള-അതാണ് ഇൻസ്പെക്ടറുടെ പേര്-വന്നു ചേർന്നു. കാര്യം ചോദിച്ചറിയുകയും, തനിക്ക് ഇങ്ങനെയൊരു സന്താപകരമായ കൃത്യം കൈയേല്ക്കേണ്ടിവന്നല്ലോ എന്നു വ്യസനിക്കയും ചെയ്തു. ഞങ്ങൾ തമ്മിൽ പറഞ്ഞു തീർച്ചപ്പെടുത്തിയതിന്മണ്ണം ജഡ്ക്കാവണ്ടിക്കു പകരം, വില്ലുവെച്ച (തിരുനെൽവേലി) കാളവണ്ടി ഏർപ്പാട് ചെയ്ത്, ഉദ്ദേശം നാലുമണിസമയം, യാത്ര തുടർന്നു. ആ സ്റ്റേഷനിൽ നിന്ന് ഇൻസ്പെക്ടർക്കുപുറമേ ഒരു സ്റ്റേഷനാഫീസറും പോരുന്നതിനു സൂപ്രേണ്ടിന്റെ ആജ്ഞ ഉണ്ടായിരുന്നു എന്നും വെളിപ്പെട്ടു. എന്നെ പിരിയുന്ന സമയം മിസ്റ്റർ ഗോവിന്ദപ്പിള്ളയും മിസ്റ്റർ പിച്ചു അയ്യങ്കാരും തങ്ങളുടെ സഹതാപത്തെ പ്രസ്താവിക്കയും എനിക്കു സകല ശ്രേയസ്സുകളെയും ആശംസിക്കുകയും ചെയ്തു. "വന്ദനം! ഈ സംഭവംകൊണ്ടു താൻ ഖിന്നനായിട്ടില്ലാ എന്നും, നല്ലവണ്ണം മനഃപ്രസാദം എനിക്കുണ്ടെന്നും എന്നെപ്പറ്റി ചോദിക്കുന്നവരോടു പറവാൻ അപേക്ഷ." എന്നു പറഞ്ഞു ഞാനും പിരിഞ്ഞു.

സൂര്യോദയമാകുന്നതിനു മുമ്പ് നെയ്യാറ്റിങ്കര കടന്നിരിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. നെയ്യാറ്റിങ്കര എന്റെ തറവാട്ടുവീടും സ്വജനങ്ങളുമുള്ള ദേശമാകയാൽ ഇവർ ഇക്കഥ അറിഞ്ഞു വന്നുചേരുവാനും ശോകരസപൂരിതമായ രംഗം വല്ലതും ഉണ്ടാവാനും ഇടവരാതെ കഴിക്കേണമെന്നായിരുന്നു ഉദ്ദേശ്യം. അതിനാലായിരുന്നു തിരുവനന്തപുരത്തുനിന്നുതന്നെയും നേരത്തെ പുറപ്പെട്ടത്.

മിസ്റ്റർ ഗോപാലസ്വാമിപ്പിള്ളയും ഞാനും മാത്രം വണ്ടിക്കകത്തായിരുന്നതിനാൽ, സുഖമായിരിപ്പാനും കിടപ്പാനും സൗകര്യമുണ്ടായിരുന്നു. അദ്ദേഹം തന്റെ ചങ്ങാതികളോടു ചോദിച്ചറിഞ്ഞ വർത്തമാനങ്ങൾകൊണ്ട് തൃപ്തിപ്പെടാഞ്ഞ്, എന്നോടു കഥകൾ ചോദിച്ചറികയും "എനിക്ക് വാസ്തവമായിട്ടും മനസ്സ് തപിക്കുന്നു. നിങ്ങളെങ്ങനെയാണ്, ഈ വിധം, കുലുക്കം ഇല്ലാതെയിരിക്കുന്നത്?" എന്നു ചോദിക്കയും ചെയ്തതിന്, "ഇതിലെന്താണ് വ്യാകുലപ്പെടാൻ?" എന്നു മറുചോദ്യംകൊണ്ട് [ 52 ] സമാധാനപ്പെടുകയല്ലാതെ, മറ്റൊരു മറുപടിയും എനിക്കു തോന്നിയില്ല. ഇപ്രകാരം, പലതും സംസാരിച്ചു. രാവിലെ കുഴിത്തുറെയെത്തി.

കുഴിത്തുറെ പോലീസ് സ്റ്റേഷനിലെത്തിയ സമയം മണി ആറരയായി എന്നു തോന്നുന്നു. പോലീസ് സൂപ്രേണ്ട് മിസ്റ്റർ ഹുഗ്വർഫ് അന്ന് അവിടെ പരിശോധനയ്ക്കായി വരുന്നുണ്ടായിരുന്നതിനാൽ, ഇൻസ്പെക്ടർ തുടങ്ങിയവരൊക്കെ സ്റ്റേഷനിൽ രാവിലെ ഹാജരായിരുന്നു. 'സ്വദേശാഭിമാനി' പ്രസ്സ് പോലീസുകാർ കയറി കൈയടക്കം ചെയ്തിരിക്കുന്നതായി കമ്പിവഴി വർത്തമാനം കിട്ടുക ഹേതുവായിട്ട്, എന്നെ അന്വേഷിച്ച് നെയ്യാറ്റിങ്കര നിന്നു തിരുവനന്തപുരത്തു പോയിരുന്ന ചിലബന്ധുക്കൾ അവിടെ എത്തിയ സമയം ഞാൻ യാത്ര പുറപ്പെട്ടതായി അറികയാൽ, മടങ്ങി, എന്നെ കാണ്മാനായി പിൻതുടർന്നു, രാവിലെ കുഴിത്തുറെ എത്തി. ഈ നേരംകൊണ്ട് വർത്തമാനം പരന്നുതുടങ്ങിയിരുന്നു; എന്തെന്നാൽ, ആളുകൾ പലർ സ്റ്റേഷനിലേക്കു വന്നു കൂടിത്തുടങ്ങി. മിസ്റ്റർ ഹുഗ്വർഫും എത്തിയിരുന്നു; അദ്ദേഹം പരിശോധന പൂർത്തിയാക്കാൻ കഴിയാതെ മടങ്ങി. രാവിലെ ആഹാരം കഴിഞ്ഞ് ഏകദേശം എട്ടുമണി സമയം, ഞങ്ങൾ യാത്ര തുടർന്നു. നെയ്യാറ്റിങ്കരെനിന്നു വന്നിരുന്ന പൊലീസ് ഇൻസ്പെക്ടറും സ്റ്റേഷനാഫീസറും അവരുടെ അതിർത്തി കഴികയാൽ മുറയ്ക്ക് കുഴിത്തുറെ പോലീസ് ഇൻസ്പെക്ടറെയും സ്റ്റേഷനാഫീസറെയും ചുമതലയേല്പിച്ചിട്ട് എനിക്കു മംഗളാശംസകൾ ചെയ്തു മടങ്ങി.

കുഴിത്തുറെ പോലീസ് ഇൻസ്പെക്ടർ മിസ്റ്റർ ഓവെൽ ജോസഫ് (ബി.എ) തക്കലവരെ പോന്നു. വഴിനീളെ ഞങ്ങളുടെ സംഭാഷണവിഷയം 'സ്വദേശാഭിമാനി'യെപ്പറ്റിയായിരുന്നു. ഞങ്ങൾ തക്കല എത്തിയപ്പോൾ, ഉദ്ദേശം (പകൽ) പതിനൊന്നു മണിയായി. 'സ്വദേശാഭിമാനി' പത്രമുടക്കത്തെക്കുറിച്ചുള്ള വർത്തമാനം മാത്രം അല്പം ചിലർ അറിഞ്ഞിരുന്നു. ഞങ്ങൾ പോലീസ് ഇൻസ്പെക്ടറുടെ പാർപ്പിടത്തിലാണു ചെന്നിറങ്ങിയത്. ഏതാനും നിമിഷനേരത്തിനുള്ളിൽ, വർത്തമാനം കാട്ടുതീപോലെ പരന്നു. ഇൻസ്പെക്ടർ മിസ്റ്റർ. പി.പി. തര്യന്റെ പാർപ്പിടത്തിലും പുറമേ റോട്ടിലുമായി ഒട്ടേറെ ആൾ തിക്കിക്കൂടി. മിസ്റ്റർ ജോസഫ് മിസ്റ്റർ തര്യനെ ചുമതലയേൽപ്പിച്ചിട്ട്, എനിക്ക് വിജയാശംസ ചെയ്തു പിരിഞ്ഞുപോയി. പിന്നെ, ഉച്ചയ്ക്ക് ഊണുകഴിവോളവും അനന്തരം വിശ്രമാവസരത്തിലും, അവിടെ കാണ്മാൻ വന്നുകൂടിയിരുന്നവരോടു തലേനാൾ നടന്ന സംഭവങ്ങളെപ്പറ്റി ഞാൻ സംസാരിച്ചുകൊണ്ടിരുന്നു. ഈ അവസരത്തിൽ, എന്തോ ആവശ്യത്തിനായി എന്റ കുപ്പായക്കീശയിൽ ഉണ്ടായിരുന്ന 'ഫൗണ്ടൻപെൻ' എടുക്കുവാൻ അതിന്റെ കൂടു തുറന്നപ്പോഴാണ്, ഞാൻ തലേന്നാൾ അതിനുള്ളിൽ കണ്ടിരുന്നതായ എന്റെ വക ചെറിയ പേനാക്കത്തി അതിൽനിന്ന് എങ്ങനെയോ പൊയ്പ്പോയതായി അറിഞ്ഞത്. ഞാൻ ആ വിവരം പറഞ്ഞ സമയം മിസ്റ്റർ തര്യൻ, "പേനാക്കത്തി ഞാൻ തരാം," എന്നു പറഞ്ഞ് അതേ കത്തി എന്നെ കാട്ടി. അത് എങ്ങനെ അദ്ദേഹത്തിന്റെ കൈയ്യിൽ കിട്ടിയെന്നു ചോദിച്ചതിന്, തലേരാത്രിയിൽ പാളയം പോലീസ്‌സ്റ്റേഷനിൽ എന്റെ കുപ്പായം തൂക്കിയിരുന്നതിൽ നിന്ന് ഇൻസ്പെക്ടർ മിസ്റ്റർ ഗോവിന്ദപ്പിള്ള, ഞാനറിയാതെ അതെടുത്തുവെന്നും, ആ കത്തി ഞാൻ തിരുവിതാംകൂർ അതിർത്തി കടന്നാലുടൻ എന്നെ ഏല്പിക്കുമെന്നും, മിസ്റ്റർ തര്യൻ മറുപടി പറഞ്ഞു.

ഉച്ചതിരിഞ്ഞ്, നേരം മണി രണ്ടു കഴിഞ്ഞിരിക്കുന്നു. അവിടെ തിങ്ങിക്കൂടിയിരുന്ന ആളുകൾ പിരിഞ്ഞു പോയിട്ടില്ലാ. വർത്തമാനം അധികം പരന്നു തുടങ്ങിയതിന്റെ ഫലമായി, അകലെനിന്നും ആളുകൾ വന്നു കൂടിത്തുടങ്ങിയിരിക്കുന്നു. ഇവരെയൊക്കെ എങ്ങനെയാണ് റോട്ടിൽനിന്ന് അകറ്റി നിർത്തുന്നത് എന്നു ചിന്തപൂണ്ടു നില്‌ക്കവേ, ഞങ്ങൾക്കു പോവാനുള്ള വണ്ടി തയാറായി വരുകയും യാത്ര തുടരാൻ ഒരുങ്ങുകയും ചെയ്തു. റോട്ടിലേക്കിറങ്ങിയപ്പോൾ കണ്ടതായ കാഴ്ച, സത്യമായും മനസ്സിനു പാരവശ്യത്തെ ഉണ്ടാക്കുന്നതായിരുന്നു. അവിടെ സാശ്രുക്കളായി നിന്നിരുന്ന സ്നേഹിതൻമാരോടും, ജ്യേഷ്ഠസഹോദരനോടും യാത്ര പറഞ്ഞു പിരിഞ്ഞിട്ട് വണ്ടിയിൽ കയറിയ സമയം [ 53 ] ഉത്കണ്ഠിതരായി വണ്ടിയിലേക്കുതന്നെ നയനങ്ങളെ പതിപ്പിച്ചുകൊണ്ടു നിന്നിരുന്ന ആ ജനസംഘത്തിന്റെ ഇടയിൽനിന്ന്, "അങ്ങയെ വിട്ടുപിരിയുന്നതിൽ ഞങ്ങൾക്കുള്ള വ്യസനം എത്രയെന്നു പറഞ്ഞറിയിപ്പാൻ പ്രയാസമാണ്. അങ്ങയെ താമസിയാതെ ഞങ്ങളുടെയിടയിൽ തിരിച്ചുവന്നു കാൺമാൻ സംഗതി വരുത്തേണമേ എന്നു ഞങ്ങൾ ഈശ്വരനോടു പ്രാർത്ഥിക്കുന്നു." എന്ന്, ഒരാൾ, എന്നെ, "കണ്ണീർവീഴ്ത്തുമുടൻ നിറഞ്ഞിടുമതിൽ മധ്യത്തിലീക്ഷിച്ചു" കൊണ്ടും, തന്റെ പ്രസംഗാവസാന ഘട്ടത്തിൽ ഉൽക്ഷിപ്തഹസ്തനായി നേത്രങ്ങളെ ഉന്മീലനം ചെയ്ത് ആകാശത്തെ നോക്കിക്കൊണ്ടും, ഉച്ചത്തിൽ പറഞ്ഞു. "തരക്കേടില്ലാ," എന്നു മാത്രം പറവാനേ എന്നാൽ കഴിഞ്ഞുള്ളു. ഇത്രയും പറഞ്ഞിട്ട്, അവരോടൊക്കെ, ഭാവത്താൽ യാത്രചോദിച്ചിട്ട് പുറപ്പെടുകയും ചെയ്തു.

വൈകുന്നേരം ആറുമണിയോടുകൂടി കോട്ടാർ പൊലീസ്‌സ്റ്റേഷനു സമീപമെത്തി. സ്റ്റേഷനിൽ ഇൻസ്പെക്ടർ ഉണ്ടായിരുന്നില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ പാർപ്പിടത്തിലേക്കു പോയി. അവിടെയും അദ്ദേഹത്തെ ഉടനടി കാണ്മാൻ കഴിഞ്ഞില്ല. അദ്ദേഹം ഏതോ കേസു സംബന്ധിച്ച് അന്വേഷണത്തിനായി പോയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പാർപ്പിടത്തിൽ ചില പരിചയക്കാരെ കാണുകയും, അവർ കുശലപ്രശ്നങ്ങൾ ചോദിക്കുകയും ചെയ്തു. അവരാരും ഈ വാർത്ത അറിഞ്ഞിരുന്നില്ല. "എങ്ങോട്ടേക്കാണു പുറപ്പെട്ടിരിക്കുന്നത്?" എന്ന് അവർ എന്നോടു ചോദിച്ചതിന്, "തിരുവിതാംകൂർ അതിർത്തിക്കു പുറമേ പോകുവാൻ," എന്ന് സാധാരണമട്ടിൽ മറുപടിപറഞ്ഞതു നേരമ്പോക്കായിട്ടാണ് അവർ വിചാരിച്ചത്. അവരുടെ ചോദ്യത്തിനു വീണ്ടും അതേ മറുപടി പറയുന്നതു കേട്ട് അവർ അപവാര്യയായി, മിസ്റ്റർ തര്യനോടു വിവരങ്ങൾ ചോദിച്ചറിഞ്ഞു. അവരിലൊരാൾ, ഒരു സർക്കാരുദ്യോഗസ്ഥൻ-അവർ മിക്കവരും സർക്കാർ ജീവനക്കാരായിരുന്നു-എന്റെ അരികിലേക്ക് തിരിച്ചുവന്ന സമയം, അദ്ദേഹത്തിന്റെ കണ്ണുകളിൽനിന്ന് അശ്രുധാര ചിറപൊട്ടിവീഴാൻ ഭാവിക്കുന്നതും, സംസാരിക്കുന്നതിനു നാവ് അനക്കാൻ കഴിയാതെ അല്പം കുഴങ്ങുന്നതും ഞാൻ കണ്ടു. ആ സ്നേഹിതൻ, "കഷ്ടം! തിരുവിതാംകൂർ പഴയ കാലത്തേക്ക് തിരിച്ചുപോകയാണോ? ഇങ്ങനെയായാൽ ആളുകൾക്ക് രക്ഷയെവിടെ? സമാധാനമെവിടെ?" എന്നു ഗദ്ഗദാക്ഷരമായി വിലപിക്കുകയും തദനന്തരം മൗനമടയുകയും ചെയ്തു. "അല്പം മുമ്പു കിട്ടിയ 'മലബാർ ഹിറാൾഡ്' (Malabar Herald) പത്രത്തിൽ നിങ്ങളെപ്പറ്റി തിരുവനന്തപുരത്തുനിന്നുള്ള ഒരു കമ്പിവാർത്ത വായിച്ചതേയുള്ളു. മിസ്റ്റർ രാജഗോപാലാചാരിയുടെ ഭരണത്തെക്കുറിച്ചു മേലാൽ ആക്ഷേപം പറഞ്ഞാൽ നിങ്ങളെ പ്രഹരിക്കും എന്നു ഒരു വാറോല നിങ്ങൾക്കു കിട്ടിയതായിട്ടാണ് കമ്പിവാർത്ത. അതു വാസ്തവമാണോ?" "വാറോല കിട്ടിയതു വാസ്തവം തന്നെയാണ്." "എന്നാൽ ഇപ്പോൾ കാണിച്ചിരിക്കുന്ന നടപടിയുടെ അർത്ഥമെന്ത്?" "അർത്ഥം മറ്റൊന്നുമില്ല. ഞാൻ തിരുവിതാംകൂറിനു പുറമേ പൊയ്ക്കൊള്ളണമെന്നു മാത്രം." ഇപ്രകാരം ഞങ്ങളുടെ സംഭാഷണം തുടർന്നു. തലേന്നാൾ നടന്ന കഥകളൊക്കെ വിസ്തരിച്ചു. ഇതിനിടയിൽ ഇൻസ്പെക്ടർ മിസ്റ്റർ ഗുലാംഘോസ് വന്നുചേരുകയും, ഞങ്ങൾ ഉദ്ദേശം എട്ടുമണി സമയം അവരോട് യാത്ര പറഞ്ഞു കോട്ടാറ് വിട്ടുപോരുകയും ചെയ്തു. വഴിക്ക് നാഗരുകോവിലിൽ ഒരു സ്നേഹിതന്റെ സത്കാരം സ്വീകരിച്ചിട്ട് ഒഴുകിനാശ്ശേരിയിൽ തപാൽവണ്ടിപ്പേട്ടയിലെത്തി ഒരു തപാൽവണ്ടി ഏർപ്പാടു ചെയ്തു. ഉദ്ദേശം പത്തുമണി സമയംവരെ അവിടെ വിശ്രമിച്ചു.

ഒഴുകിനാശ്ശേരിയിൽനിന്ന് തിരുനൽവേലിക്കു പോകുന്ന തപാൽ വണ്ടികളിലൊന്നായിരുന്നു ഏർപ്പാടു ചെയ്തത്. തിരുവിതാംകൂർ അതിർത്തി കടക്കുന്നതു രാത്രിയിലായിരുന്നതിനാലും, അതിർത്തി വിട്ടാൽ വേറെ വണ്ടി കിട്ടുവാൻ സാദ്ധ്യമല്ലായ്കയാലും തിരുനൽവേലിക്കുതന്നെ നീളെ യാത്ര ചെയ്യാനുള്ള വ്യവസ്ഥയായിരുന്നു ഉത്തമപക്ഷമായിരുന്നത്. വണ്ടിക്കൂലി, അതിർത്തിവരേക്കും തിരുവിതാംകൂർ ഗവണ്മെന്റുവക ചെലവിലായിരുന്നു എന്നാണ് ഊഹിക്കേണ്ടിയിരിക്കുന്നത്. എന്തെന്നാൽ, [ 54 ] അതിർത്തിക്കു പുറമേ തുടങ്ങി തിരുനൽവേലിവരെയുള്ള കൂലി മാത്രമേ എന്നോടു വസൂൽ ചെയ്തിരുന്നുള്ളു. അക്രമികളായ മറവന്മാരുടെ ശല്യത്തെ ഭയപ്പെട്ട് സാധാരണയായി തപാൽവണ്ടികൾ കൂട്ടുകൂടി പോകാറുള്ളതിന്മണ്ണം ഞങ്ങളും പത്തുമണി കഴിഞ്ഞാറെ കൂട്ടുവണ്ടികളൊന്നിച്ചു പേട്ടയിൽ നിന്നു പുറപ്പെട്ടു.

വില്ലുവെച്ച വണ്ടി ആയിരുന്നു അതെങ്കിലും, നിരത്തിന്റെ നിരപ്പില്ലായ്മകൊണ്ടും, വണ്ടിയുടെ ഉലച്ചൽകൊണ്ടും, അത് ‌'എല്ലൊടിപ്പൻ' വണ്ടി ആയിത്തിർന്നിരുന്നു. കുറേദൂരം കഴിഞ്ഞപ്പോൾ തുടങ്ങി കരക്കാറ്റു കുറേശ്ശെ വീശി. മുന്നോട്ടു പോകുന്തോറും, കാറ്റിന്റെ ഊക്കും കയറിത്തുടങ്ങി. ഏതായിട്ടും ഞങ്ങൾ ഉറങ്ങി ഉറങ്ങിയില്ലാ എന്ന അവസ്ഥയിൽ, വണ്ടിയുടെ ഉലച്ചിൽകൊണ്ട് ഇടംവലം ഉരുണ്ടുകിടക്കുകയായിരുന്നു. കാറ്റിന്റെ ഊക്ക് അതിപ്രചണ്ഡമായി കണ്ടു, വണ്ടിയെ തള്ളിമറിക്കുമോ എന്നുകൂടെ ഞങ്ങൾ ശങ്കിച്ചു. നേരം രണ്ടുമണി കഴിഞ്ഞിരിക്കുമെന്നു തോന്നുന്നു. ആരുവാമൊഴിക്കോട്ടയ്ക്കു സമീപമെത്താറായി. വണ്ടിക്കു കടന്നുപോവാൻ വേണ്ടുംവണ്ണം സൗകര്യമില്ലാത്ത പ്രകാരത്തിൽ, വഴിനടുവിൽ രണ്ടുമൂന്നു വലിയ വണ്ടികൾ പാടേ മറിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ഇവ കാറ്റടിച്ചു മറിഞ്ഞു പോയവയായിരുന്നു. ഇവയുടെ ഉടലിന്റെ വലിപ്പംകൂടെയും കാറ്റിന് അഗണ്യമായി തോന്നിയിരുന്ന അവസ്ഥയ്ക്ക്, "വിന്ധ്യനെയിളക്കുവെൻ, സിന്ധുകൾ കലക്കുവെൻ" എന്നു കാഹളം ഊതി നടക്കുകയായിരുന്നു ആ കാറ്റ് എന്നു പറയുന്നതിൽ അതിശയോക്തി ദോഷാരോപത്തിന് അവകാശമുണ്ടാകയില്ല. കോട്ടവാതിൽ സമീപിക്കാറായപ്പോൾ, രാത്രി, അക്രമികളുടെ ശല്യത്തിൽനിന്നു യാത്രക്കാരെ രക്ഷിപ്പാനായി 'പട്രോൾ' ചുറ്റുന്ന ആയുധപാണികളായ പൊലീസുകാരെ കാണുകയും, അവർ ബ്രിട്ടീഷ് പൊലീസുകാരുടെ കാവൽസ്ഥലംവരെ ഞങ്ങളെ അനുചരിക്കുകയും ചെയ്തു. അവിടെവെച്ച് ഇൻസ്പെക്ടറും സ്റ്റേഷനാഫീസറും സഹതാപപൂർവം യാത്രപറഞ്ഞു പിരിഞ്ഞു. തലേനാൾ രാത്രിയിൽ ഇൻസ്പെക്ടർ മിസ്റ്റർ ഗോവിന്ദപ്പിള്ള എന്റെ കുപ്പായക്കീശയിൽനിന്നെടുത്തിരുന്നതും, ഓരോ സ്റ്റേഷനിലെയും ഇൻസ്പെക്ടർമാരെ മുറയ്ക്ക് ഏല്പിച്ചിരുന്നതുമായ ചെറിയ പേനാക്കത്തി മിസ്റ്റർ ഗുലാംഘോസ് ആ വിവരം പറഞ്ഞ് എന്നെ ഏല്പിക്കുകയും ചെയ്തു.

പൊലീസുകാരുടെ ബന്തവസ്സിൽ എനിക്കു യാതൊരു ക്ലേശവും തട്ടാതെയിരിപ്പാൻ അവർ വേണ്ടതൊക്കെ സൗകര്യത്തിൽ ഏർപ്പാടു ചെയ്തിരുന്നു എന്നു പറയാതിരിപ്പാൻ ഞാൻ വിചാരിക്കുന്നില്ല. ഞങ്ങളുടെ യാത്രയിൽ അവർ എന്നെ ഉദ്ദേശിച്ചും എന്നോടായിട്ടും എന്തൊക്കെയാണു ചെയ്തിരുന്നതെന്ന് ഞാൻ പ്രസ്താവിച്ചിട്ടുണ്ട്. ഞാൻ ആരുവാമൊഴിക്കോട്ടയ്ക്കു പുറമേ കടന്നതിന്റെ ശേഷം എന്താണ് ചെയ്യേണ്ടത് എന്നാകട്ടെ, എന്തു ചെയ്യരുതെന്നാകട്ടെ, അവരിലാരും എന്നെ തെരിയപ്പെടുത്തീട്ടുണ്ടായിരുന്നില്ല. എന്നെ എന്തിനായിട്ടാണ് തിരുവിതാംകൂറിനു പുറമേക്കയച്ചിരിക്കുന്നതെന്നും അവരാരും എന്നെ അറിയിച്ചിട്ടുമില്ലാ. എന്നെ ഇപ്രകാരം പുറത്തേക്കയപ്പാൻ അവരെ അധികാരപ്പെടുത്തിയ രേഖകളേയും കാണിച്ചിട്ടില്ലാ. "എപ്പോൾ പുറപ്പെടാം?" എന്നു തലേനാൾ ഞാനായിട്ട് അവരോടു ചോദിച്ചിരുന്നതിനാൽ അവർക്കും കിട്ടിയിരുന്ന കല്പനങ്ങളെ ഞാൻ മനസ്സിലാക്കിയിരുന്നതായി അവർ സംഭാവനം ചെയ്തിരുന്നിരിക്കാം എന്ന് ഊഹിക്കയല്ലാതെ മറുവഴിയില്ലാ.

തിരുവിതാംകൂർ സർക്കാരധികൃതന്മാരുടെ അധീനതയിൽനിന്നു പിരിഞ്ഞ സ്ഥലം തുടങ്ങി കുറേ ദൂരമത്രയും മറവൻമാരുടെ ശല്യമുണ്ടാകാറ് പതിവുള്ള ദിക്കാണ്. അതിനാൽ, മിസ്റ്റർ ഗുലാംഘോസ്, സ്നേഹവിഷയത്തിൽ, എന്റെയും എന്റെ അനുയായികളുടെയും രക്ഷയെ കരുതി, ബ്രിട്ടീഷ് പൊലീസ് സിൽബന്തികളിലൊരാളെ പ്രത്യേകം ശിപാർശി ചെയ്ത് ഒരുമിച്ചയച്ചിരുന്നു. രാവിലെ ഉദ്ദേശം നാലുമണി സമയത്തായിരുന്നു ഞങ്ങൾ ആ സന്ധിപ്പു വിട്ടത്. നേരം പുലരുന്നതുവരെ ആ സിൽബന്തി കൂടെയുണ്ടായിരുന്നു. കാലത്ത് (സെപ്റ്റംബർ 28-ന്) എട്ടുമണിക്ക് പണകുടിയിലും, ഉച്ചയ്ക്കു [ 55 ] നാങ്കനേരിയിലും കുറേ വിശ്രമിച്ചു സൂര്യാസ്തമയം കഴിഞ്ഞ്, ഉദ്ദേശം ഏഴുമണിസമയം തിരുനൽവേലിയിലെത്തി, യാത്രയുടെ ദുർഘടങ്ങളും കഴിഞ്ഞു.

തിരുനൽവേലിയിൽ ഏതാനും ദിവസം താമസിച്ചു. അതിനിടയ്ക്ക് എന്റെ ഭാര്യയും കുട്ടികളും ചില ബന്ധുക്കളും സ്നേഹിതൻമാരും വന്നു ചേരുകയും 'സ്വദേശാഭിമാനി' ആഫീസും വീടും പൊലീസുകാർ ശോധന ചെയ്തതു സംബന്ധിച്ചു ഞാൻ അറിഞ്ഞിട്ടില്ലായിരുന്ന വിവരങ്ങൾ ഒക്കെ അറിയിക്കുകയും ചെയ്തു.

സെപ്റ്റംബർ 27-ന് ചൊവ്വാഴ്ച കാലത്തായിരുന്നു വീടു ശോധന ചെയ്തത്. എന്നെ നാടുകടുകടത്തിയിരിക്കുന്ന വിവരം അന്നു രാവിലെ മാത്രം അറിഞ്ഞു വ്യസനിച്ചവരായ ഒട്ടേറെ ജനങ്ങൾ, എന്റെ സ്വന്തം ആളുകളെ കാണ്മാനും സഹതാപത്തെ അറിയിപ്പാനുമായി ചെന്നുചേരുന്നുണ്ടായിരുന്നു. പൊലീസ് സൂപ്രേണ്ടും എന്നെ നെയ്യാറ്റിങ്കരയോളം അനുഗമിച്ച ഇൻസ്പെക്ടർമാരും മറ്റു ചില പൊലീസ് ജീവനക്കാരും വീടുശോധനയ്ക്കായി എത്തുകയും, ആ സമയം കൂടെയുണ്ടായിരിപ്പാൻ എന്റെ ഭാര്യയ്ക്കും ബന്ധുക്കൾക്കും അറിവുകൊടുത്ത് അവരെക്കൂടെ വരുത്തുകയും ചെയ്തിരുന്നു. വീട്ടിനുള്ളിലും പുറമേ റോട്ടിലും അനേകശതം ജനങ്ങൾ കൂട്ടംകൂടിയിരുന്നു. മിസ്റ്റർ ജോർജ് ആചാരം പറഞ്ഞു കേട്ടിട്ട്. "നിങ്ങൾക്കെന്താണ് ഇവിടെ വേണ്ടത്?" എന്നു ഗൃഹനായിക ചോദിച്ചപ്പോൾ, "നിങ്ങളുടെ ഭർത്താവിന്റെ എഴുത്തുഫയലുകളും, കടലാസുകളും, പുസ്തകങ്ങളും എവിടെയിരിക്കുന്നു എന്നു കാണിച്ചുതരാമോ? അവയെ എനിക്കു ശോധന ചെയ്യണം, എന്നു മിസ്റ്റർ ജോർജ് പറഞ്ഞു. അനന്തരം, തലേനാൾ അരക്കു മുദ്രവച്ചിരുന്ന മുറികളുടെ മുദ്ര പൊളിക്കാൻ സൂപ്രേണ്ടു സിൽബന്തികളോട് ആജ്ഞാപിക്കുകയും, ആദ്യമായി പുറമേ വരാന്തയിൽ ഉണ്ടായിരുന്നതും മുദ്രവെച്ചിരുന്നതല്ലാത്തതുമായ ഒരു മേശ തുറന്ന് അകത്തുണ്ടായിരുന്നവയൊക്കെ താഴത്തേക്ക് എടുത്തുവയ്ക്കയും ചെയ്തു. "പ്രൈവറ്റു കത്തുകൾ ഇവയിൽ വല്ലതുമുണ്ടെങ്കിൽ കാണിച്ചുതരുമോ? അവ ഞങ്ങൾക്കു കാണേണ്ട. അവയെ നിങ്ങൾ എടുത്തുകൊള്ളുക." എന്നു സൂപ്രേണ്ടു പറഞ്ഞു. "എനിക്കൊന്നും നിശ്ചയമില്ലാ, നിങ്ങൾക്കാവശ്യമുള്ളവയെല്ലാം എടുത്തിട്ടു ബാക്കി അതിലിട്ടേക്കുക," എന്നായിരുന്നു ഗൃഹനായികയുടെ മറുപടി. സൂപ്രേണ്ടു ചില കത്തുകൾ കാണിച്ചിട്ട്, "ഈ ഒപ്പ് ആരുടെതെന്നറിയാമോ?" എന്നു ചോദിച്ചു. "എനിക്കു നിശ്ചയമില്ല," എന്നു മറുപടി കിട്ടി.

"ശാരദയുടെ ലേഖനങ്ങളും അതു സംബന്ധിച്ച കത്തുകളും എവിടെ? ആ മാസിക നിങ്ങളല്ലേ നടത്തുന്നത്?"

"ഞാൻ അതിന്റെ പ്രസാധികമാരിലൊരാളാണ്. അതിലേക്കുള്ള ലേഖനങ്ങൾ മുതലായവ ചിലത് ആഫീസിലും ചിലത് ഇവിടെ ഈ മേശയ്ക്കുള്ളിലും ഉണ്ടായിരിക്കാം. നിങ്ങൾ എടുത്തുവച്ചിരിക്കുന്ന കൂട്ടത്തിൽ ചിലതു കാണും."

"സോമാലിലാൻഡിൽനിന്ന് ഈ കത്തയച്ചിരിക്കുന്ന ആൾ ആരാണ്?"

"ശാരദയുടെ വരിക്കാരിലൊരാളാണ്."

"അയാളെപ്പറ്റി എന്തറിയാം?"

"ശാരദയുടെ വരിക്കാരൻ എന്നല്ലാതെ ഒന്നുമറിവില്ലാ."

"നിങ്ങളുടെ ഭർത്താവിനു മദ്രാസിൽ സ്നേഹിതന്മാർ വല്ലവരും ഉണ്ടോ? അവർ ഇവിടെ വന്നു കാണാറുണ്ടോ?" [ 56 ] "മദ്രാസിലെ സ്നേഹിതന്മാരോ? നിങ്ങളുടെ ചോദ്യം എനിക്കു മനസ്സിലാകുന്നില്ലാ. ഈ നാട്ടുകാരും പരിചിതരുമായ ചിലർ മദ്രാസിലുണ്ട്. അവർ ചില സമയങ്ങളിൽ ഇവിടെ വന്നിട്ടുമുണ്ട്. അവരാണോ?"

"അവരല്ലാ. Real Madrasees."

(മദിരാശിയിൽതന്നെ പാർത്തുപോരുന്ന ആ ദിക്കുകാർ)

"എന്തോ എനിക്കു നിശ്ചയമില്ലാ. ഇവിടെ വരുന്ന ആളുകളെയെല്ലാം ഞാൻ കാണാറില്ല. അവരുടെ ഊരും പേരും അന്വേഷിക്കാറുമില്ല."

"ക്ഷമിക്കണമേ" (I beg your pardon)

ഇപ്രകാരം സംവാദത്തിനിടയ്ക്ക് ആ കടലാസുകളിൽ ചിലതു നീക്കി വയ്ക്കുകയും മറ്റുള്ളവയെ കളയുകയും ചെയ്തു. എഴുത്തുകാർ രണ്ടുകെട്ടായും, ഉപന്യാസങ്ങൾ വേറെ രണ്ടുകെട്ടായും കെട്ടി സൂക്ഷിച്ചു. അനന്തരം, പുരമുറിക്കുള്ളിൽ ഉണ്ടായിരുന്ന അലമാരകളിൽനിന്നു പുസ്തകങ്ങൾ എടുത്തു നോക്കുകയും അവയിൽ മിക്കതിലും എന്റെ ഭാര്യയുടെ പേരെഴുതി കാണുകയാൽ തിരിയെ വെച്ചുകളകയും ചെയ്തു. എന്നാൽ ഒരലമാരയിൽ നിന്നുമാത്രം മൂന്നുനാലു പുസ്തകങ്ങളും, എതാനു എഴുത്തുകളും കൈയെഴുത്തുപകർപ്പുകളും, ചില മലയാളപത്രങ്ങളും എടുത്തു. പുസ്തങ്ങൾ ഗവർമ്മേണ്ടിനാൽ തടയപ്പെട്ടവയാണെന്നു പറഞ്ഞിട്ടായിരുന്നു എടുത്തത്. ഇവയിൽ ഒന്ന്, കീയ്ർഹാർഡി അവർകൾ എഴുതിയിട്ടുള്ള 'ഇൻഡ്യാ (India By Kier Hardie) എന്ന പുസ്തകവും, മറ്റൊന്ന് മദ്രാസിലെ ജി.എ. നടേശ കമ്പിനിക്കാർ പ്രസിദ്ധം ചെയ്തതും തെക്കേ ആഫ്രിക്കയിലെ ഇൻഡ്യക്കാരെപ്പറ്റി 'ഇൻഡ്യൻ ഒപ്പിനിയൻ' പത്രാധിപർ മിസ്റ്റർ എച്ച്.എസ്.എൽ. പോളക്ക് എഴുതിയതും ആയ (Indians of South Africa By H.S.L. Polak) ഒരു ചെറിയ പുസ്തകവും ആയിരുന്നു. ഇവ യാതൊന്നും ഇന്നേവരെ തടയപ്പെട്ടിട്ടുള്ളവയല്ലാതാനും. അനന്തരം മറ്റു പുരമുറികളും ശോധന ചെയ്തിട്ട്, ഉദ്ദേശം ഒമ്പതരമണിയോടുകൂടി ശോധന അവസാനിപ്പിച്ച് മഹസ്സർ തയ്യാറാക്കി പൊലീസുകാർ വീടുവിട്ടു പോകയും ചെയ്തു. താൻ നിമിത്തം ആ വീട്ടുകാർക്കുണ്ടായ ബുദ്ധിമുട്ടുകളെ ക്ഷമിക്കുവാൻ അപേക്ഷിച്ചിട്ടാണ് സൂപ്രേണ്ടു പോയത്. പൊലീസുകാർ ശോധന ചെയ്ത് എടുത്തതു കഴിച്ചുള്ള എഴുത്തുകൾ മുതലായവയൊക്കെ, 'അലങ്കോലം' ആയി അവിടെ തള്ളിയിരുന്നു. ശോധനയ്ക്കു മുമ്പിലാകട്ടെ, അതു നടന്നുകൊണ്ടിരുന്നപ്പോഴാകാട്ടെ, അതിനു പിൻപിലാകട്ടെ, അതിലേക്കു പൊലീസുകാരെ അധികാരപ്പെടുത്തിയിരുന്നതായി സംഭാവനം ചെയ്യപ്പെട്ടിട്ടുള്ള യാതൊരു രേഖയും ആ വീട്ടിൽ പാർത്തിരുന്ന യാതൊരാളെയും പൊലീസുകാർ കാണിച്ചിരുന്നതുമില്ല. 'സ്വദേശാഭിമാനി' അച്ചുക്കൂടത്തിലും പത്രം ആഫീസിലും നിന്നും വീട്ടിൽനിന്നും മേല്പടി പത്രം സംബന്ധിച്ചുള്ള സകല സാമഗ്രികൾക്കും പുറമേ 'ശാരദ, 'കേരളൻ', 'വിദ്യാർഥി' എന്നീ മാസികാ പുസ്തകങ്ങളെ സംബന്ധിച്ചുള്ള കത്തുകൾ, ലേഖനങ്ങൾ, നാൾവഴിക്കണക്കുകൾ, മറ്റു റിക്കാർഡുകൾ എന്നിതുകളും, അവിടെ അച്ചടിച്ചു വില്പാൻ വച്ചിരുന്ന അനേകം പുസ്തകങ്ങളും പൊലീസുകാർ സർക്കാരിലേക്കു കൈയടക്കം ചെയ്തിരുന്നു.

മേൽപ്പറഞ്ഞ ശോധനകളും കൈയടക്കവും നാടുകടത്തലും മറ്റും കഴിഞ്ഞ്, ജനങ്ങൾ അത്ഭുതപരവേശരായിരിക്കുമ്പോഴായിരുന്നു ഇതിന്നൊക്കെ ആധാരമായി പറഞ്ഞുകൊണ്ടിരുന്ന തിരുവെഴുത്തുവിളംബരം ജനങ്ങളുടെയിടയിൽ പ്രചാരപ്പെടുത്തപ്പെട്ടത്. ⚫ [ 57 ]


രാജകീയ വിളംബരം

ശ്രീ പത്മനാഭദാസ വഞ്ചിപാല സർ രാമവർമ കുലശേഖര കിരീടപതിമന്നെ സുൽത്താൻ മഹാരാജ രാജരാമരാജബഹദൂർ ഷംഷർജംഗ്, നൈറ്റ് ഗ്രാണ്ട് കമാണ്ഡർ ഓഫ് ദി മോസ്റ്റ് എക്സാൾറ്റെഡ് ആഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യാ, നൈറ്റ് ഗ്രാണ്ട് കമാണ്ഡർ ഓഫ് ദി മോസ്റ്റ് എമിനന്റ് ഓർഡർ ഓർഡർ ഓഫ് ദി ഇന്ത്യൻ എംപയർ, എഫ്.എം.യു., എം.ആർ.ഏ.എസ്സ്. ആഫീസർ ദി ലാ ഇൻസ്ട്രക്ഷൻ പബ്ലിക് മഹാരാജ അവർകൾ സകലമാനപേർക്കും പ്രസിദ്ധപ്പെടുത്തുന്ന

വിളംബരം

തിരുവനന്തപുരത്തുനിന്നും പ്രസിദ്ധം ചെയ്യുന്ന സ്വദേശാഭിമാനി എന്ന വർത്തമാന പത്രത്തെ അമർച്ച ചെയ്യുന്നതും ആ പത്രത്തിന്റെ മാനേജിംഗ് പ്രൊപ്രൈറ്ററും എഡിറ്ററുമായ കെ. രാമകൃഷ്ണപിള്ളയെ നമ്മുടെ നാട്ടിൽനിന്നും നീക്കം ചെയ്യുന്നതും പൊതുജനക്ഷേമത്തിന് ആവശ്യമെന്ന് നമുക്കു ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാൽ മേൽപറഞ്ഞ കെ. രാമകൃഷ്ണപിള്ളയെ ഉടനെ അറസ്റ്റ് ചെയ്തു നമ്മുടെ സംസ്ഥാനത്തിന്റെ അതിർത്തിക്കുപുറത്താക്കുകയും നാം വേറേവിധം ആജ്ഞാപിക്കുന്നതുവരെയ്ക്കും മേൽപറഞ്ഞ കെ. രാമകൃഷ്ണപിള്ള നമ്മുടെ സംസ്ഥാനത്തിൽ തിരിയെ വരികയോ പ്രവേശിക്കുകയോ ചെയ്യുന്നതിനെ വിരോധിക്കയും ചെയ്യണമെന്ന് നാം ഇതിനാൽ ആജ്ഞാപിക്കുന്നു. യാതൊരു കാലത്തും കാണപ്പെടുന്ന 'സ്വദേശാഭിമാനി' എന്ന വർത്തമാനപത്രത്തിന്റെ എല്ലാ പ്രതികളും മേൽപറഞ്ഞ 'സ്വദേശാഭിമാനി' എന്ന വർത്തമാനപത്രം അച്ചടിച്ചുവരുന്ന അച്ചടിയന്ത്രവും അതിന്റെ അനുസാരികളും അതിനെ സംബന്ധിച്ചു മറ്റു വസ്തുക്കളും നമ്മുടെ ഗവർമെന്റിലേക്കു കണ്ടുകെട്ടി എടുക്കപ്പെടണമെന്നും നാം ആജ്ഞാപിക്കുന്നു. മേൽ അടങ്ങിയ നമ്മുടെ ആജ്ഞകളെ അനുസരിച്ചോ ആസ്പദമാക്കിയോ അപ്രകാരമെന്നു ഗണിച്ചോ ചെയ്യപ്പെടുന്ന യാതൊരു പ്രവൃത്തിയേയും സംബന്ധിച്ചു നമ്മുടെ ഗവർമെന്റിന്റേയോ നമ്മുടെ ഗവർമെന്റിലെ യാതൊരു ഉദ്യോഗസ്ഥന്റേയോ പേരിൽ സിവിലായോ ക്രിമിനലായോ യാതൊരു വ്യവഹാരത്തിനും ഇടയില്ലാത്തതാകുന്നു എന്നും കൂടി നാം ആജ്ഞാപിക്കുന്നു.

എന്ന്
1910-ാം വർഷം സെപ്തംബർ മാസം 26-ാം തീയതി 1086-ാമാണ്ട് കന്നിമാസം 10-ാം തീയതി.

[ 58 ]


പത്രപ്രതികരണങ്ങൾ


ഭീമമായ തെറ്റ്
(ദി ഹിന്ദു)


നടപടിക്ക് അടിസ്ഥാനമാക്കി തിരുവെഴുത്തുവിളംബരത്തിൽ പറയുന്നത്, "സ്വദേശാഭിമാനിപ്പത്രത്തെ അമർച്ചചെയ്യുന്നതും അതിന്റെ പത്രാധിപരെ നമ്മുടെ രാജ്യത്തുനിന്നും നീക്കം ചെയ്യുന്നതും പൊതുജനക്ഷേമത്തിന് ആവശ്യകമെന്നു നമുക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാൽ." എന്നു മാത്രമാകുന്നു. ഈ നിഷ്‌ഠുരനടപടി പൊതുക്ഷേമത്തിന് ആവശ്യകമായത് എന്തുകൊണ്ടാണെന്നും, മഹാരാജാവിന് അപ്രകാരം ബോദ്ധ്യംവരാൻ മാർഗ്ഗമെന്തെന്നും, കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന പത്രാധിപർക്കു തന്റെമേലുള്ള കുറ്റം എന്താണെന്നു നോട്ടീസു കൊടുക്കുകയോ, അതിനെ നിഷേധിപ്പാൻ തെളിവുകൊണ്ടുവന്നു വ്യവഹരിക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്നും, തന്റെ കുറ്റത്തെപ്പറ്റി പശ്ചാത്തപിച്ചു ക്ഷമായാചനം ചെയ്‌വാൻ പത്രാധിപർക്ക് അവസരം കൊടുത്തിരുന്നുവോ എന്നും മറ്റുമുള്ള വിവരങ്ങൾ അറിയിച്ചിട്ടില്ല. ഈ നടപടികളൊക്കെ സ്വേച്ഛാധികാരനയത്തെയും അനീതിയെയും തടയുന്നവയായിരുന്നിട്ടും, ഇവയൊന്നും ഈ ശിക്ഷ നൽകുന്നതിനുമുമ്പായി നടത്തീട്ടില്ലെന്നു വിചാരിക്കുവാനാണ് അവകാശം കാണുന്നത്. തിരുവിതാംകൂർ സംസ്ഥാനത്ത് ഒരു നിയമനിർമാണസഭയുണ്ട്, നിയമശാസനസഞ്ചയവുമുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലുള്ളതിനോടൊട്ടൊക്കെ ഒപ്പമായ നിയമപരിപാലനവ്യവസ്ഥയുണ്ട്. മഹാരാജാവിന്റെ സ്ഥാനത്തിനു സഹജാതമായ അധികാരം എന്തുതന്നെ ആയിരുന്നാലും, ഒളിവിൽ സംഭരിച്ചുവെച്ചിരിക്കുന്ന ഒരു രാജാധികാരത്തെ എടുത്തു പ്രയോഗിക്കുന്നതിന് അത്രമേൽ അസാമാന്യമായ ഒരു അടിയന്തരാവശ്യം ഉണ്ടായിരിക്കേണ്ടതാണ്- മഹാരാജാവു തന്റെ മേൽക്കോയ്മയ്ക്കുള്ളതിലധികം അധികാരത്തെ ആവശ്യപ്പെടുന്നതായി കാണുന്നത് പ്രകടമായും രാജതന്ത്രനിയമത്തിനു വിരോധമായിരിക്കുന്നുണ്ട്- ഈ നാടുകടത്തൽ സംഗതിയിൽ, [ 59 ] തിരുവിതാംകൂർ ഗവണ്മെന്റ് ഏറ്റവും ഭീമാകൃതിയിലുള്ള തെറ്റു ചെയ്തിരിക്കുന്നു എന്നാണ് ഞങ്ങൾ വിചാരിക്കുന്നത്. 'സ്വദേശാഭിമാനി' പത്രം നിയമത്തെ മനഃപൂർവ്വമായും ധിക്കാരത്തോടുകൂടിയും ലംഘിച്ചു വന്നിരുന്നു എന്നിരിക്കിൽ ആ രാജ്യത്തു നടപ്പുള്ള ശിക്ഷാനിയമപ്രകാരം അതിന്റെമേൽ കേസ്സുനടത്തി ശിക്ഷിപ്പിക്കാൻ സാദ്ധ്യമല്ലായിരുന്നു എന്നു വിശ്വസിക്കുന്നതിന് ഞങ്ങൾക്ക് പ്രയാസം തന്നെയാണ്...


സാധാരണ സംഗതിക്ക് അസാധാരണ ആയുധം
(മദ്രാസ് സാന്റഡാർഡ്)

നാടുകടത്തുന്നതിനു ഹേതുവായ കുറ്റത്തിന്റെ സ്വഭാവം ഇന്നതെന്നു വിളംബരം വ്യക്തമായി വെളിപ്പെടുത്തുന്നില്ല. പൊതുജനക്ഷേമാർത്ഥം എന്നാണു വിളംബരത്തിൽ പറയുന്നത്. ഈ വാക്കുകൊണ്ട് എന്തർത്ഥം വിവക്ഷിച്ചിരിക്കുന്നു എന്നു വിശദമാകുന്നില്ല. ഞങ്ങൾ പ്രസിദ്ധീകരിച്ച കമ്പി വാർത്തകളിൽ ഒന്നിൽ, അതയച്ച ലേഖകൻ തിരുവിതാംകൂർ ഗവണ്മെന്റിന്റെ ഭാഗം വ്യപദേഷ്ടാവായി നിന്നുകൊണ്ടു പറയുന്നതെന്തെന്നാൽ, "സ്വദേശാഭിമാനി ഗവണ്മെന്റിനോടാകപ്പാടെയും ദിവാൻ‌ജി തുടങ്ങി കീഴ്പോട്ടുള്ള സർക്കാരുദ്യോഗസ്ഥന്മാരിൽ എല്ലാത്തരക്കാരോടും എല്ലാക്കൂട്ടരോടും വളരെ പ്രചണ്ഡമായ പോരു നടത്തുകയായിരുന്നു", എന്നാണ്. എന്നാൽ, "പത്രാധിപർ ഇതൊക്കെ സ്വമേധയാ മാത്രം നടത്തുകയായിരുന്നു എന്നു ഞങ്ങൾ ഉറപ്പുപറയുന്നു," എന്നു ലേഖകൻ പറഞ്ഞിരിക്കുന്നതിനെക്കൂടെ പര്യാലോചിക്കുമ്പോൾ, തിരുവിതാംകൂർ ഗവണ്മെന്റ്, തീരെ പിൻബലമില്ലാത്ത ഒരാളെ ആദരണീയങ്ങളായ വേറെ സമ്പ്രദായങ്ങളിലൊന്നിൽ അമർത്താമായിരുന്നിരിക്കെ, നാടുകടത്തൽ എന്ന മഹാശക്തിമത്തായ ആയുധത്തെ പ്രയോഗിച്ചിരിക്കുന്നു എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു... രാജ്യത്തിൽ സമാധാനവും ശാന്തതയും വ്യാപിച്ചിരിക്കുന്നതായ സാധാരണ സന്ദർഭങ്ങളിൽ യാതൊരു ഗവണ്മെന്റും തന്റെ അധികാരശക്തിയിൽ കൈവച്ചുപ്രയോഗിക്കുന്നതു ന്യായമല്ലാ. ഈ തത്ത്വത്തെ ആധാരപ്പെടുത്തിക്കൊണ്ടു ഞങ്ങൾ, മറ്റ് ഇന്ത്യൻ സഹജീവികളോടൊത്ത്, ബ്രിട്ടീഷിന്ത്യയിൽ ഇതിനിടെ നടത്തപ്പെട്ട നാടുകടത്തലുകളുടെ അധിഷ്ഠാനമായ നയത്തെ ആക്ഷേപിച്ചിട്ടുള്ളതാണ്. ഞങ്ങൾക്ക്, ബ്രിട്ടീഷ് ഇന്ത്യയെ സംബന്ധിച്ച് ഒന്നും, തിരുവിതാംകൂറിനെപ്പോലെയുള്ള നാട്ടുരാജ്യങ്ങളെ സംബന്ധിച്ചു മറ്റൊന്നും ഇങ്ങനെ രണ്ടു നയങ്ങൾ വെവ്വേറെ ഇല്ലായ്‌കകൊണ്ടും, ഒരു നീതിതത്ത്വം യാതൊരാളാൽ ലംഘിക്കപ്പെട്ടതായാലും ഭേദമില്ലാത്തതാകകൊണ്ടും, തിരുവിതംകൂർ ഗവണ്മെന്റിന്റെ ഈ പ്രവൃത്തിയെ ഞങ്ങൾ നിന്ദിക്കുന്നു.


'ഭംഗി'യായ നടപടി!
(എമ്പയർ, കൽക്കത്ത)

നാട്ടുരാജ്യങ്ങളിൽ കാര്യങ്ങൾ എത്ര ഭംഗിയായിട്ടാണു നടത്തുമാറുള്ളതെന്ന് ഏതാനും ആളുകൾ തീരെ മുഷിവില്ലാതെ പറയുന്നുണ്ട്; അവർ പറയുന്നതു ശരിയാണെന്നു വിശ്വസിച്ചു തുടങ്ങേണ്ടി വന്നിരിക്കുന്നു. തിരുവിതാംകൂർ മഹാരാജാവ് ഇതിനിടെ നടത്തിയതെന്തെന്നു നോക്കുക. ഒരു വർത്തമാനപത്രത്തെ ഒതുക്കി. അച്ചുക്കൂടത്തെ പിടിച്ചെടുത്ത്, പത്രാധിപരെ ബന്ധിച്ചു നാടുകടത്തി; ബ്രിട്ടീഷിന്ത്യയിൽ ക്ഷോഭം മുഴുത്തിരിക്കുമ്പോൾ ഇപ്രകാരമൊക്കെ ചെയ്യാൻ കഴിയും എന്നു പറയുമായിരിക്കാം. എന്നാൽ, മഹാരാജാവ് എന്തു കൽപ്പിച്ചിരിക്കുന്നു എന്നു കേൾക്കുക: ``നമ്മുടെ ആജ്ഞകളെ അനുസരിച്ചോ, ആസ്പദമാക്കിയോ അപ്രകാരമെന്നു ഗണിച്ചോ ചെയ്യപ്പെടുന്ന യാതൊരു പ്രവൃത്തി [ 60 ] യെയും സംബന്ധിച്ചു നമ്മുടെ ഗവണ്മെന്റിന്റെയോ, നമ്മുടെ ഗവണ്മെന്റിലെ യാതൊരുദ്യോഗസ്ഥന്റെയോ പേരിൽ സിവിലായോ ക്രിമിനലായോ യാതൊരു വ്യവഹാരത്തിനും ഇടയില്ലാത്തതാകുന്നു എന്നും നാം ആജ്ഞാപിക്കുന്നു. ബെൽവെഡറിൽ നിയമകാര്യസാമാജികസ്ഥാനം ഒഴിവാകുമ്പോൾ അടുത്തകുറി നമുക്കു മഹാരാജാവിനെ ക്ഷണിക്കാം. പക്ഷേ വക്കീലന്മാർക്ക് അത് ഹിതകരമായിരിക്കയില്ലായിരിക്കാം. എങ്കിലും, ഇന്ത്യൻ സിവിൽ സർവീസുകാർക്ക് അതിൽ സന്തോഷമായിരിക്കും എന്നു തോന്നുന്നു.


രാക്ഷസീയമായ പ്രവൃത്തി
(ബംഗാളി, കൽക്കത്ത)

തിരുവിതാംകൂർ ഗവണ്മെന്റ് ഒരു പത്രപ്രവർത്തകനെ നാടുകടത്തുകയും ആ ആളുടെ അച്ചുകൂടത്തെ സർക്കാരിലേക്കു പിടിച്ചെടുക്കയും ചെയ്തത് അസാധാരണമായ പ്രവൃത്തിയായിരിക്കുകയാൽ അതിലേക്ക് എന്തെങ്കിലും സമാധാനം പറയാനുണ്ടാകും എന്നു ഞങ്ങൾ ആശിക്കുന്നു. മി. കെ. രാമകൃഷ്ണപിള്ളയോടു പെരുമാറിയ വിധത്തിൽ ഒരു പത്രപ്രവർത്തകനോടു പെരുമാറുന്നതു രാക്ഷസീയമായിരിക്കുന്നു. പൊതുജനക്ഷേമാർത്ഥം പത്രത്തെ അമർച്ച ചെയ്യുകയും പത്രാധിപരെ നാടുകടത്തുകയും ആ ആളുടെ അച്ചുക്കൂടത്തെയും അനുസാരികളെയും സർക്കാരിലേക്കു പിടിച്ചടക്കുകയും ചെയ്യേണ്ടത് ആപേക്ഷിതമാണെന്നു ഗവണ്മെന്റിനു ബോധ്യപ്പെട്ടിരിക്കുന്നു. എന്തു കാരണങ്ങളാലാണെന്നു ഞങ്ങൾ യാതൊന്നും അറിയുന്നില്ല. മി. പിള്ള വളരെ ഗൗരവപ്പെട്ട ഒരു കുറ്റം ചെയ്തവനായിരിക്കാം. എന്നാലും ഒരു പത്രപ്രവർത്തകനോട് ഈ വിധത്തിൽ, യാതൊരു വിചാരണയും നടത്താതെ പെരുമാറുന്നതു നീതിതത്ത്വത്തിനെതിരെ അസാധുവും നടപ്പിനു ദൂഷകവും ആകുന്നു. തിരുവിതാംകൂർ ഗവണ്മെന്റ് എല്ലാ നീതി പ്രമാണങ്ങൾക്കും പ്രത്യക്ഷം വിരോധമായിട്ടുള്ള ഒരു പ്രവൃത്തി ചെയ്കയാൽ ന്യായമായ ആക്ഷേപത്തിനു പാത്രമായിരിക്കുന്നു. ഒരു രാക്ഷസന്റെ ബലം ഉണ്ടായിരിക്ക എന്നതു നല്ലതുതന്നെ. എന്നാൽ, തിരുവിതാംകൂർ ഗവണ്മെന്റ് തന്റെ അധികാരബലത്തെ ഒരു രാക്ഷസനെന്നോണം പ്രയോഗിക്കുന്നു....

തിരുവിതാംകൂർ ഗവണ്മെന്റ് ഒരു പത്രപ്രവർത്തകന്റെ അച്ചുക്കുടത്തെ പിടിച്ചെടുത്തതിന്റെശേഷം അയാളെ നാടുകടത്തിയ സംഗതിയെക്കുറിച്ച് മദാസിലെ പത്രങ്ങളുടെ അഭിപ്രായം ഭിന്നമായിരിക്കുന്നു. `ഇന്ത്യൻ പേട്രിയറ്റ്' ഇതിനിടെ തിരുവിതാംകൂറിലെ എല്ലാ വസ്തുക്കളെയും ആകാശത്തോളം പൊക്കി സ്‌തുതിക്കുന്നതായ ലേഖനപരമ്പര എഴുതിക്കൊണ്ടിരിക്കയാണ്. ഞങ്ങളുടെ മാന്യ സഹജീവി തിരുവിതാംകൂർ കാര്യങ്ങളെയൊക്കെ അഭിനന്ദിക്കുന്നതിന്മണ്ണം, സർക്കാരിനെ വെള്ളയടിക്കാൻ ഉദ്യമിച്ചിരിക്കുന്നു. ഞങ്ങളുടെ സഹജീവിയുടെ അഭിപ്രായത്തിൽ, തിരുവിതാംകൂറിലേക്ക് ഒരു പ്രസ്സ് ആക്ട് നടപ്പാക്കുന്നതിനെക്കാൾ നല്ലത് ഒരു പത്രപ്രവർത്തകനെ നാടുകടത്തുകയാണ്--ശിരച്ഛേദം ചെയ്തുകൂടാ എന്നുണ്ടോ?---സഹജീവിയുടെ വാദം അസംബന്ധമാണ്. തിരുവിതാംകൂറിലെ പത്രങ്ങൾ കഷ്ടപ്പാടനുഭവിക്കേണമെന്നുണ്ടെങ്കിൽ, ഒരുവനെ അവന്റെ സമാധാനം കേൾക്കാതെ ഭരണകർമ്മാധികാരപ്രവ്രത്തികൊണ്ടു ഗർഹണം ചെയ്യുന്നതിനെക്കാൾ, എല്ലാവരും പൊതുവേ കഷ്ടപ്പാടനുഭവിക്കട്ടെ. തിരുവിതാംകൂർ സംസ് സ്ഥാനത്തിൽ ഇംഗ്ഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധപ്പെടുത്തുന്നവയായി അനേകം വർത്തമാനപത്രങ്ങൾ ഉണ്ട്. ആ സംസ്ഥാനത്തു കുറ്റം ചെയ്യുന്നവനായി ഇപ്പോൾ ഭരണ കർമ്മാധികാരികളുടെ അധികാരപ്രമത്തതയ്ക്ക് ഇരയായിത്തീർന്ന ഈ ഒരേയൊരു പത്രപ്രവർത്തകൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നു സഹജീവി ഭാവിക്കുന്നുണ്ടോ? അങ്ങനെയായിരുന്നാൽക്കൂടെ [ 61 ] യും, ഒരുവനെ യുക്തമായ പ്രകാരത്തിൽ നിയമം അനുസരിച്ച് എന്തെങ്കിലും ചെയ്യുന്നതായിരുന്നു ഉത്തമം എന്ന് ഞങ്ങൾ വിചാരിക്കുന്നു --


എന്തുകൊണ്ട് കേസെടുത്തില്ല?
(മദ്രാസ് ടൈംസ്)

...'സ്വദേശാഭിമാനി'യിലെ അപരാധകങ്ങളായ ലേഖനങ്ങൾ മലയാളത്തിലാകയാൽ അവയുടെ താത്പര്യത്തെപ്പറ്റി ഞങ്ങൾക്ക് യാതൊന്നും അറിവില്ലാ. എന്നാൽ, ഡാക്ടർ നായർ ആ ലേഖനങ്ങൾ വായിച്ചതായും രാജാവിന്റെയോ രാജ്യത്തിന്റെയോ നേർക്കു കുറ്റം ചെയ്യുന്നതായി അർത്ഥമാക്കാവുന്ന യാതൊന്നും ആ ലേഖനത്തിൽ കാണ്മാൻ തനിക്കു കഴിഞ്ഞിട്ടില്ലാ എന്നും ഡാക്ടർ നായർ ഉറപ്പു പറയുന്നു. ലേഖനങ്ങളിലെ ദോഷാരോപങ്ങൾ ദിവാൻ പി. രാജഗോപാലാചാരിയുടെ സ്വകാര്യനിലയെപ്പറ്റിയല്ലാതെ തിരുവിതംകൂർ ദിവാൻ എന്ന ഉദ്യോഗനിലയെ സംബന്ധിച്ചല്ലാ എന്നും ഡോക്ടർ നായർ ഉറപ്പ് പറയുന്നു. ആ ലേഖനങ്ങളിൽ മിസ്റ്റർ ആചാരിയുടെമേൽ സ്ത്രീവിഷയമായ ദുർന്നടത്തയെ കുറെ ഗ്രാമ്യഭാഷയിൽ ആരോപിക്കുന്നതല്ലാതെ, ദുർഭരണത്തെ ആരോപിക്കുന്നതേയില്ല. സംഗതി ഇപ്രകാരമാണെങ്കിൽ, തീരെ അയുക്തമായ ശിക്ഷാസമ്പ്രദായത്തെ ഉപയോഗപ്പെടുത്തിയിരിക്കുന്നു എന്നാണു ഞങ്ങൾക്ക് തോന്നുന്നത്... മിസ്റ്റർ രാമകൃഷ്ണപിള്ള സമുദായാചാര പരിഷ്കാര വിഷയത്തിൽ കരുത്തോടുകൂടിയും സ്വകാര്യതത്പരത കൂടാതെയും പ്രവർത്തിച്ചു പോരുന്ന ആളാണെന്ന് `ഹിന്ദു'വിലെ മറ്റൊരു ലേഖകൻ പറയുന്നുണ്ട്. ഈ സ്ഥിതിക്ക്, മിസ്റ്റർ രാമകൃഷ്ണപിള്ളയെ നാടുകടത്തുക നിമിത്തം ദിവാൻ നിരപരാധിയാണെന്നുള്ള ബോധം ആ രാജ്യത്തിലെ മറ്റു ജനങ്ങൾക്കുണ്ടാകയില്ല. ദിവാൻജിയുടെ ഉയർന്ന പദവിയെയും മദ്രാസ് സംസ്ഥാനഭരണകർമ്മത്തിൽ ഉയർന്ന ബഹുമാന്യപദങ്ങൾക്കു യോഗ്യമായി അവകാശം പറയാവുന്നവരുടെ സംഘത്തിൽ അദ്ദേഹത്തിന്റെ പേരും സ്വച്ഛന്ദമായി പറയപ്പെട്ടുവരുന്നുണ്ടെന്ന സംഗതിയെയും ചിന്തിക്കുമ്പോൾ, അദ്ദേഹം തന്റെ ദോഷാരോപകകർത്താവിന്റെമേൽ നിയമകോടതിയിൽ കേസ്സു നടത്തി തന്റെ നടത്തയെ സാധൂകരിക്കയും ദോഷാരോപകനെ ശിക്ഷിപ്പിക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കുമെന്നു വിചാരിക്കാത്തതിനെക്കുറിച്ച് ഞങ്ങൾക്കു വ്യസനിക്കാതിരിക്കാൻ നിർവാഹമില്ല. എന്തായാലും നാടുകടത്തൽ എന്നത് ഒരു സ്വകാര്യസംഗതിക്കായി പ്രയോഗിച്ചു കൂടുന്നതല്ലാത്തതായ ഒരു ആയുധമാകുന്നു. ഒരു രാജ്യത്തിന്റെ രക്ഷയെ കരുതേണ്ടിവരുമ്പോൾ അത് ഏറ്റവും വിലയേറിയതുതന്നെയാൺ. എന്നാൽ ആളുകളെ അപകീർത്തിപ്പെടുത്തലിൽ നിന്നു രക്ഷിപ്പാനായിട്ട് അതൊരിക്കലും ഉദ്ദേശിക്കപ്പെട്ടിട്ടില്ല.


തിരുവിതാംകൂറിനു യോജിച്ചതല്ല
(പഞ്ചാബി, ലാഹൂർ)

'സ്വദേശാഭിമാനി'യെ സംബന്ധിച്ചു തിരുവിതാംകൂർ ഗവണ്മെന്റു നടത്തിയ നടപടി സാധുവായിട്ടുള്ളതാണെന്നു സ്ഥാപിപ്പാൻ മദ്രാസിലെ `ഇന്ത്യൻ പേട്രിയറ്റ്' ആഗ്രഹിക്കുന്നുണ്ടെങ്കിലും അധികവിവരങ്ങൾ അറിഞ്ഞിടത്തോളം അത് അത്ര സാധുവല്ലെന്നാണു ഞങ്ങൾക്കു തോന്നുന്നത്. `സ്വദേശാഭിമാനി'യേയും അതിന്റെ പാവപ്പെട്ട പത്രാധിപരെയും അനർത്ഥത്തിൽ ചാടിച്ചതായ ലേഖനങ്ങളുടെ താല്പര്യം ഇന്നതെന്നു പൊതുജനങ്ങളെ ഗ്രഹിപ്പിക്കുവഴിയായി മദ്രാസിലെ പൊതുക്കാര്യപരായണനായ ഡാക്ടർ ടി.എം. നായർ എന്ന പ്രഖ്യാതനായ മലയാളി വളരെ വിലയേറിയ ഒരു പൊതുജനക്ഷേമാർത്ഥകമായ കാര്യം സാധിച്ചിരിക്കുന്നു. പ്രസ്തുത ലേഖനങ്ങളിൽ ഗവണ്മെന്റിനെ ദ്വേഷിക്കു [ 62 ] ന്നതായോ, രാജഭക്തിയെ ധ്വംസിക്കുന്നതെന്നു സംശയിക്കത്തക്കതായോ യാതൊരു വസ്തുവും ഇല്ല. രാജദ്രോഹമോ ഇല്ലതാനും. അവ ദിവാൻജിയെ ആക്ഷേപിച്ചിട്ടുള്ള ലേഖനങ്ങൾ മാത്രമാണ്. ഇതുതന്നെയും, ദിവാൻജിയുടെ ഉദ്യോഗത്തെ സംബന്ധിച്ചല്ല, സ്വകാര്യനടത്തയെ സംബന്ധിച്ചാണെന്ന് ഡാക്ടർ നായർ പറയുന്നു. ദിവാൻജിയെ അപകീർത്തിപ്പെടുത്തിയ ആളെ പ്രതിയാക്കി കോടതിയിൽ കേസ്സ് ഫയലാക്കുന്നതിനു അദ്ദേഹത്തോടാജ്ഞാപിക്കാമെന്നുള്ളതിലധികം, ഗവണ്മെന്റിനു ഈ വിഷയത്തിൽ യാതൊന്നും ചെയ്‌വാൻ നിശ്ചയമായും നിവൃത്തിയില്ലായിരുന്നു. എന്നാൽ, ഒരു ദിവാൻജിയുടെ സ്വകാര്യനടത്തയെപ്പറ്റി ആക്ഷേപം ചെയ്തതിനു ഒരു പത്രാധിപരെ നാടുകടത്തുകയും, അയാളുടെ പത്രത്തെ നിർത്തലാക്കുകയും അയാളുടെ അച്ചുക്കൂടത്തെ സർക്കാരിലേക്കു പിടിച്ചെടുക്കുകയും ചെയ്ക എന്ന നടപടി, തിരുവിതാംകൂറിനു രാജ്യകാര്യവിവേകം, അഭിവൃദ്ധി എന്നിവയുണ്ടെന്നുള്ള കീർത്തിക്കു തീരെ യോജിപ്പായിരിക്കയില്ല എന്നു സമ്മതിച്ചേ കഴിയൂ.


ഭാവിയെ ദൂഷ്യപ്പെടുത്തും
(അഡ്വക്കെറ്റ്, ലക്‌നൗ)

ചില സർക്കാരുദ്യോഗസ്ഥന്മാരെ അധിക്ഷേപിക്കയും, നിന്ദ്യലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ളതല്ലാതെ പത്രാധിപർ രാജ്യത്തെ ധ്വംസിക്കുന്നവിധം യാതൊന്നും ചെയ്തിട്ടില്ലാ എന്നാണു് സഹജീവികളിലെ റിപ്പോർട്ടുകളിൽ നിന്നു ഞങ്ങൾ ഗ്രഹിക്കുന്നത്. മി. രാജഗോപാലാചാരിയുടെ മേൽ മി. രാമകൃഷ്ണപിള്ള ആരോപിച്ചിട്ടുള്ള ദോഷത്തെ മി. ആചാരി ഒരു കോടതിയിൽ വിചാരണ ചെയ്യിച്ച് തീർച്ച വരുത്തേണ്ടതായിരുന്നു എന്ന് പറഞ്ഞേതീരൂ. ബ്രിട്ടീഷ് ഇന്ത്യയിൽ ഉള്ളതിൽനിന്നു വ്യത്യാസപ്പെടാത്ത പ്രകാരത്തിൽ ഒരു നിയമനിർമാണസഭയും, നിയമസഞ്ചയവും നീതിന്യായ പരിപാലനവ്യവസ്ഥയും തിരുവിതാംകൂറിൽ ഉണ്ട്. ആ സംസ്ഥാനത്ത് ഇപ്പോൾ നടപ്പുള്ള നിയമങ്ങളൽ ഒന്നുകൊണ്ടുംശിക്ഷിക്കാൻ സാധിക്കാത്തതായ ഒരു കുറ്റം ആ പത്രാധിപർ ചെയ്തിട്ടില്ലാ. തിരുവിതാംകൂർ ഗവണ്മെന്റ് ഈ സംഗതിയിൽ ഗൗരവപ്പെട്ട പ്രമാദം വരുത്തി എന്നു ഞങ്ങൾ വിചാരിക്കുന്നു. നാടെങ്ങും സമാധാനമായും ശാന്തമായും ഇരിക്കയും, പ്രജകൾ രാജാവിന്റെ നേർക്ക് ആദരത്തെയും ഭക്തിയെയും അന്യൂനമായി പ്രദർശിപ്പിക്കയും ചെയ്തിരിക്കുന്ന ഒരവസരത്തിൽ നാട്ടിലെ നിയമത്തെ മുറയ്ക്ക് പ്രയോഗിക്കുന്നതിനുപകരം ഈ അസാധാരണമായ ആയുധത്തെ പ്രയോഗിപ്പാൻ ഗവണ്മെന്റു തുനിഞ്ഞതെന്തിനാണെന്ന് ഞങ്ങൾക്കു മനസ്സിലാകുന്നില്ലാ. കുറ്റം വിചാരണ ചെയ്യാതെ നാടുകടത്തുകയും മുതൽ പിടിച്ചടക്കുകയും ചെയ്യുന്നതിനുള്ള അധികാരം ആപത്കരമാകുന്നു...തിരുവിതാംകൂർ ഗവണ്മെന്റിന്റെ ഭാവിയെ വളരെ ദൂഷ്യപ്പെടുത്തുന്നതായ നാടുകടത്തലേർപ്പാട് എത്രമേൽ അനർത്ഥകരമായിട്ടുള്ളതാണെന്ന് ഗ്രഹിപ്പാൻ തിരുവിതാംകൂറിലെ ജനങ്ങൾക്ക് ബുദ്ധിശക്തിയില്ലെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. രാജ്യത്തിൽ സമാധാനം നിറഞ്ഞിരിക്കുന്ന ഈ സമയത്ത് തിരുവിതാംകൂർ ഗവണ്മെന്റു പ്രവർത്തിച്ചതായ ഈ സമ്പ്രദായം തീരെ അസാധുവും ഒരു പരിഷ്കൃതഗവണ്മെന്റിൻ ഒട്ടും യോഗ്യമല്ലാത്തതുമാകുന്നു.


ബ്രി. ഗവണ്മെന്റുകൂടി ചെയ്യാത്തത്
(ലീഡർ, അലഹബാദ്)

ങ്ങൾ നോക്കിയേടത്തോളം, തിരുമനസ്സിലെ ഗവണ്മെന്റു പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന തിരുവെഴുത്തു വിളംബരത്തിൽ, പത്രാധിപരുടെമേൽ അപരാധമായി യാതൊന്നും ആരോപിച്ചു കാണു [ 63 ] ന്നില്ല. എന്തെങ്കിലും കുറ്റമോ കുറ്റങ്ങളോ പത്രാധിപരുടെമേൽ ചുമത്തിയിട്ടില്ല; രാജ്യത്തിന്റെയോ, രാജാവുതിരുമനസ്സിലെയോ നേർക്കു ഗൗരവപ്പെട്ടു വല്ല കുറ്റമോ കുറ്റങ്ങളോ പത്രാധിപർ ചെയ്തതായിട്ടാകട്ടെ, ചെയ്യാനുദ്യമിച്ചതായിട്ടാകട്ടെ, യാതൊന്നും ലക്ഷ്യം കാണുന്നില്ല. തിരുവെഴുത്തുവിളംബരത്തിൽ, രാജദ്രോഹക്കുറ്റമാകട്ടെ, അതിനു സമമായ മറ്റേതെങ്കിലും കുറ്റമാകട്ടെ പത്രാധിപരുടെമേൽ ആരോപിച്ചിട്ടേയില്ല. "പൊതുജനക്ഷേമത്തെക്കരുതി സ്വദേശാഭിമാനി പത്രത്തെ നിർത്തലാക്കേണ്ടത് ആവശ്യമാകുമെന്ന് തിരുമനസ്സിലേക്കു ബോദ്ധ്യം ആയിരിക്കുന്നു," എന്നു മാത്രമേ വിളംബരത്തിൽ പറയുന്നുള്ളു... രാമകൃഷ്ണപിള്ളയെ ഇത്ര കഠിനമായി ശിക്ഷിച്ചിരിക്കുന്നത് ഏതു കുറ്റത്തിനാണെന്നുള്ള വിവരമൊഴികെ മറ്റൊക്കെ വിളംബരത്തിലുണ്ട്. രാമകൃഷ്ണപിള്ളയെ നാടുകടത്തി, പത്രത്തെ നിറുത്തലാക്കി, പത്രം അച്ചടിച്ചു വന്ന അച്ചുക്കൂടത്തെയും സാമഗ്രികളെയും മറ്റും സർക്കാരിലേക്കൊതുക്കി; ഗവർമെൺന്റിന്റെയും സർക്കാരുദ്യോഗസ്ഥന്മാരുടേയും പേരിൽ പിള്ളയ്ക്കു സിവിലായോ ക്രിമിനലായോ യാതൊരു പരിഹാരവും തേടുവാൻ അവകാശമില്ലെന്നും തടസ്ഥം ചെയ്തു. ഇതു ബ്രിട്ടീഷ് ഗവണ്മെന്റു കൂടെയും ഇന്നോളം ചെയ്യാത്തതായ ഒരു ശിക്ഷ, അഥവാ ശിക്ഷകളുടെ സങ്കലനം ആകുന്നു...


സ്വേച്ഛാധികാരവും അധികാരപ്രമത്തതയും
(മറാട്ട, പുനാ)

'സ്വദേശാഭിമാനി' പത്രാധിപർ മിസ്സ്റ്റർ രാമകൃഷ്ണപിള്ളയെ ഏതാനും ദിവസം മുമ്പു പെട്ടെന്നു നാടുകടത്തിയ സംഗതിയിൽ ഒരു ക്ഷോഭം ഉണ്ടായിരിക്കുന്നു. ആ പത്രാധിപർ ചെയ്തിട്ടുള്ളതായി ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റത്തിന്റെ സ്വാഭാവം ഇന്നതെന്നുള്ളതിനെപ്പറ്റി ഊഹങ്ങളെ അടിസ്ഥാനപ്പെടുത്തി പത്രങ്ങളിൽ വാദപ്രതിവാദങ്ങൾ നടക്കുന്നു. ദിവാൻജിയെ കഠിനമായി അപകീർത്തിപ്പെടുത്തി എന്നും, രാജ്യധ്വംസകമായും രാജദ്രോഹകരമായും ഒളിവിൽ അർത്ഥമുള്ള ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തി എന്നും ആണ് ഊഹങ്ങൾ. ഈ വാദപ്രതിവാദങ്ങളിൽ ഏതെങ്കിലും പക്ഷം പിടിക്കുന്നതിന് ഞങ്ങൾക്കാഗ്രഹമില്ല. മിസ്സ്റ്റർ പിള്ളയെ നാടുകടത്തിയതിനെ സംബന്ധിച്ച്, ഞങ്ങൾ, നീതിതത്ത്വത്തെ ആധാരമാക്കിക്കൊണ്ട്, തിരുവിതാംകൂർ ഗവണ്മെന്റിന്റെ നടപടിയെ പ്രബലമായി എതിർത്തു പറയുന്നു. യാതൊരാളെയും അയാളുടെ സമാധാനം ചോദിച്ചറിയാതെ ശിക്ഷിക്കരുത് . എന്നുള്ള നിയമസിദ്ധാന്തത്തെ ഗവണ്മെന്റ് നിർവ്യളികമായി ലംഘിച്ചിരിക്കുന്നു. പത്രാധിപരെ നാടുകടത്തി. പത്രത്തെ മുടക്കി. അച്ചുക്കൂടത്തെ പിടിച്ചടക്കി ഇതൊക്കെയും പത്രാധിപരുടെമേൽ ചുമത്തിയിരിക്കുന്ന കുറ്റമെന്തെന്ന് ആ ആളെ അറിയിക്കാതെയും, തന്റെ നിരപരാധിത്വത്തെ സ്ഥാപിക്കയോ ഒരു നിയമകോടതി വിചാരണചെയ്ത് കുറ്റം സ്ഥാപിക്കയോ ചെയ്യാൻ ആ ആൾക്ക് അവസരം നൽകാതെയും ചെയ്തിട്ടുള്ളതാണ്! മിസ്സ്റ്റർ പിള്ളയെ മുന്നറിവുകൊടുത്ത്, താക്കീതു ചെയ്തിട്ടുള്ളതായി, തിരുവിതാംകൂർ ഗവണ്മെന്റിന്റെ പക്ഷക്കാർകൂടെയും പറയുന്നില്ലാ. ഒരു എക്സിക്യുട്ടീവ് ഉത്തരവിന്മേൽ മാത്രം ഒരു മാന്യനായ പത്രാധിപരെ നാടുകടത്തുകയും ആ ആളുടെ പത്രത്തെ മുടക്കുകയും അച്ചുക്കൂടത്തെ സർക്കാരിലേക്കു കയ്യടക്കുകയും ചെയ്യുന്നത് അനീതി തന്നെയാണ്. തിരുവിതാംകൂർ സംസ്ഥാനത്ത്, തീരെ ഹീനമായ കുറ്റങ്ങൾ ചുമത്തപ്പെടുന്ന ഏറ്റവും നിന്ദ്യമായ ക്രിമിനൽ പുള്ളിയെക്കൂടെയും സമാധാനം ചോദിച്ചറിയാതെ ശിക്ഷിക്കാറില്ലെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത് . ഒരു നിയമക്കോടതി മുമ്പാകെ തനിക്കു പറവാനുള്ളതു പറവാനും തന്റെ ഭാഗം സ്ഥാപിപ്പാനും ഉള്ള അവസരം ഒരു പത്രാധിപർക്കും അതുപോലെ അനുവദിക്കപ്പെട്ടുകൂടെയോ?.... [ 64 ]


തിരുവിതാംകൂറിലെ മഹാവീരൻ
(ഉദയഭാനു)

'സ്വദേശാഭിമാനി' പത്രാധിപർ കെ. രാമകൃഷ്ണപിള്ള ബി.എ. അവർകളെ തിരുവിതാംകൂറിൽനിന്ന് പുറത്താക്കി അദ്ദേഹത്തിന്റെ അച്ചുക്കൂടത്തെയും മറ്റും സർക്കാരിലേക്കു പിടിച്ചടക്കുവാനായി മഹാരാജാവു തിരുമനസ്സിലേക്ക് `തിരുവുള്ളമുണ്ടാകയും' തിരുവിതാംകൂർ ഗവണ്മെന്റ് കല്പനപ്രകാരമെല്ലാം പ്രവർത്തിക്കയും, ചെയ്തതിനെപ്പറ്റി ഇംഗ്ലീഷ് ഭാഷയിലും നാട്ടുഭാഷകളിലും നടത്തപ്പെടുന്ന മിക്ക പത്രങ്ങളും മദിരാശി സംസ്ഥാനത്തിലെ പല മഹാന്മാരും അവരവരുടെ അഭിപ്രായം എഴുതിക്കഴിഞ്ഞിരിക്കുന്നുവല്ലോ. സ്വാർത്ഥതത്പരന്മാരും സ്വജനദ്രോഹികളും സ്വാത്മാഭിമാനം പോലുമില്ലാതെ ലോകാഭിമാനികളെന്നു നടിക്കുന്നവരുമായ ദുർലഭം ചിലരൊഴിച്ച്, മറ്റൊരാളും. ഈ വിഷയത്തിൽ മഹാരാജാവു തിരുമനസ്സുകൊണ്ട് ഇങ്ങനെ തിരുവുള്ളം വെച്ചത് ന്യായാനുസൃതവും നീതീകരിപ്പാൻ ശക്യവുമായ ഒരു പ്രവൃത്തിയാണെന്ന് അഭിപ്രായപ്പെട്ടുകാണാത്തതുകൊണ്ട് തൽസംബന്ധമായ വിവാദം അപ്രകൃതമാണെന്നു കരുതുന്നു. എങ്കിലും, ``ധർമ്മോസ്‌മൽ കുലദൈവതം" എന്ന മുദ്രാവാചകത്തെ ആധാരപ്പെടുത്തി, ശ്രീപത്മനാഭസ്വാമിയുടെ അനുമതിയോടുകൂടി ഭരിക്കപ്പെടുന്ന ഒരു രാജ്യത്തിൽ ജനിച്ചു വളർന്ന് സ്വതന്ത്രമായി ദിവസം കഴിച്ചുകൂട്ടുന്ന ഒരു പ്രജയെ, അയാളുടെമേൽ യാതൊരു കുറ്റവും ആരോപിക്കാതെ, നാടുകടത്തുന്നതിന് മഹരാജാവു തിരുമനസ്സിലേയ്ക്ക് തിരുമനസ്സുണ്ടായതിൽ അത്ഭുതപ്പെടാത്തവരാരുമില്ല. തിരുമനസ്സിലെ പ്രജാവാൽസല്യവും ധർമ്മബുദ്ധിയും മറ്റ് ഗുണങ്ങളും വിശ്വവിഖ്യാതങ്ങളാണ്. സർവ്വോപരി, തിരുമനസ്സിലെ കരുണാബുദ്ധി സർവത്ര പ്രസിദ്ധമാകുന്നു. ``സിംഹാസനസ്ഥനായ രാജാവിന് അത് (കാരുണ്യം കിരീടത്തെക്കാൾ ഗുണകരമാണ്" എന്ന് ആംഗലകാളിദാസൻ പറഞ്ഞിട്ടുള്ളതിനെ തിരുമനസ്സുകൊണ്ട് സ്വകൃത്യങ്ങളാൽ ന്യായമായി ഉദാഹരിച്ചു കാണിക്കയേ ഇതേവരെ ചെയ്തിട്ടുള്ളു -- ഇങ്ങനെയുള്ള ഒരു മഹാനുഭാവൻ രാജ്യതന്ത്ര ദൃഷ്ട്യാ ഇത്രയും ആക്ഷേപകരവും നീതിവിരുദ്ധവുമായ ഒരു രാജശാസനം എഴുതി തൃക്കൈവിളയാടുമെന്നു സ്വപ്നേപി വിചാരിക്കത്തക്കതല്ലായിരുന്നു.


മന്നവൻ ഗുണവാനെന്നാകിലും ദുർമന്ത്രികൾ

വന്നുചേരുമ്പോഴേറ്റം ദൂഷ്യവാനാകും നൃപൻ

എന്നൊരു സമാധാനം മാത്രമേ തത്കാലം ഇവിടെ പറവാൻ കാണുന്നുള്ളു...
(മലബാറി 1910 ഒൿടോബർ 26)



ഗൗരവമേറിയ അനീതി
(ഡോക്ടർ ടി.എം.നായർ)

ഡോക്‌ടർ ടി.എം.നായർ (മദിരാശിയിലെ ദി ഹിന്ദു, സ്റ്റാൻഡാർഡ് എന്നീ പ്രതിദിനപത്രങ്ങളിൽ) എഴുതിയിരിക്കുന്ന ഒരു ലേഖനത്തിന്റെ താത്പര്യം ഇപ്രകാരമാകുന്നു: ``തിരുവിതാംകൂർ ഗവണ്മെന്റ് തിരുവിതാംകൂറിലെ 'സ്വദേശാഭിമാനി' പത്രത്തിന്റെ അധിപരെ നാടുകടത്തുകയും അച്ചുക്കൂടത്തെ പിടിച്ചടക്കുകയും ചെയ്തിരിക്കുന്നതായി കുറെ ദിവസങ്ങൾക്കുമുമ്പേ മദ്രാസ് പ്രതിദിനപത്രങ്ങളിൽ കണ്ടിരുന്ന കമ്പിവാർത്തകളാൽ ഞാൻ അറിഞ്ഞു... എനിക്കു മഹാരാജാവിനെക്കുറിച്ച് ഏറെ ആദരവുമാണുള്ളത്; അദ്ദേഹം ഈശ്വരഭയത്തോടും മനസ്സാക്ഷിക്കനുസരണമായും [ 65 ] ഭരണം ചെയ്യുന്ന ആളാണെന്ന് എനിക്കറിവുണ്ട്. ഒരു നാട്ടുരാജ്യത്തിന്റെ അധിപതിയായ ഇങ്ങനത്തെ മഹാരാജാവ് ഇപ്രകാരമൊരു നാടുകടത്തലിനു കൽപന കൊടുക്കുന്നതായാൽ, ഇദ്ദേഹത്തെക്കാൾ മനഃപരിഷ്കാരം കുറഞ്ഞ രാജ്യാധിപതികൾ ഉള്ള നാട്ടുരാജ്യങ്ങളിൽ എന്തുതന്നെ സംഭവിച്ചേക്കുകയില്ല? നാം പഴയ നടപടികളിലേക്കു വഴുതിയിറങ്ങിപ്പോവുകയാണോ? നമ്മുടെ രാജ്യതാന്ത്രിക പരിമാണത്തിന്റെ പരമകാഷ്ടയെ പ്രാപിച്ചുവോ? ഈ പ്രവ്രുത്തികൾ നമ്മുടെ അധോഗമനത്തിന്റെ ചുവടുവെപ്പുകളാണോ?... മിസ്റ്റർ രാമകൃഷ്ണപിള്ളയെ നാടുകടത്തുന്നതായി ഈയിടെ പുറപ്പെടുവിച്ച രാജകീയ വിളംബരം ബുദ്ധിപൂർവ്വകമോ, ന്യായമോ, രാജതന്ത്രലക്ഷ്യമോ ആയിട്ടുള്ളതല്ലാ എന്നു മഹാരാജാവിന്റെ പേരിൽ യഥാർത്ഥമായും നിഷ്കപടമായും സ്നേഹമുള്ളവനായി ചൂണ്ടിപ്പറഞ്ഞുകൊള്ളുന്നു. അതു ഗൗരവപ്പെട്ട അനീതിയായിപ്പോയി എന്നാണ് എന്റെ താഴ്‌മയായ അഭിപ്രായം... [ 66 ]

കേ.സി. കേശവപിള്ളയുടെ ഡയറി

സ്വദേശാഭിമാനിയെ നാടുകടത്തുന്നു

പ്രസാഃ കെ. എൻ ഗോപാലപിള്ള, എം. ഏ.


1086 കന്നി 8- നു മൂലൂർ പണിക്കർ അയച്ച സംശയങ്ങൾക്കു മറുപടി എഴുതി.

10- നു - തലവൂർ തുണ്ടിൽ നാണുപിള്ളയും കണി പത്മനാഭൻ വൈദ്യനും മറ്റു മൂന്നുനാലു പേരും രാവിലെ വന്നു. വൈദ്യന്റെ സഭാപ്രവേശം ആട്ടക്കഥ പരിശോധിക്കാൻ വന്നതാണ്. ആട്ടക്കഥ ആദ്യം മുതൽ പരിശോധിച്ചു. വേറെ ജോലി ഒന്നും ചെയ്തില്ല. സ്വദേശാഭിമാനി പത്രാധിപർ കെ. രാമകൃഷ്ണപിള്ളയേയും അദ്ദേഹത്തിന്റെ അച്ചുകൂടത്തെയും ഇന്നു ദിവാന്റെ ആജ്ഞപ്രകാരം രണ്ടുമൂന്നു പോലീസ് ഇൻസ്പെക്റ്റർമാർ ചെന്ന് അറസ്റ്റ് ചെയ്തു പാളയത്തിൽ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയതായി കേട്ടു. പാർക്കുന്ന പുരയ്ക്കു മുദ്ര വച്ചതായും കേട്ടു.

11-നു - കെ. രാമകൃഷ്ണപിള്ളയെ ഇന്നലെ രാത്രി 12 മണിക്കു സ്റ്റേഷനിൽ നിന്നു ബന്തോവസ്തായി വണ്ടിവഴി കൊണ്ടുപോയി. ഇന്നു തോവാള കോട്ടയ്ക്കു വെളിയിൽ നാടു കടത്തിയിരിക്കുന്നതായി കേട്ടു. രാജദ്രോഹകരമായ ലേഖനമെഴുതി എന്നുള്ളതാണു കാരണം. ഇതു നിമിത്തം നഗരം മുഴുവൻ വലിയ ക്ഷോഭവും ബഹളവും കലശലായിരിക്കുന്നു.

(അന്നത്തെ ദിവാനായിരുന്ന രാജഗോപാലാചാരി തെക്കെത്തെരുവു മാളികയിൽ കൂടിയിരുന്ന് സ്ത്രീജനങ്ങളുടെ മദ്ധ്യത്തിൽ വിഹരിച്ചതിനെയാണു ധീരനായ രാമകൃഷ്ണപിള്ള പത്രത്തിൽ പ്രതിപാദിച്ചിരുന്നത്. ഏതാണ്ടിപ്രകാരം-

“... സ്ത്രീജനമദ്ധ്യത്തിൽ ഒരു നേരിയ വസ്ത്രം മാത്രം ധരിച്ചുകൊണ്ടു വിഹരിച്ച ഈ മന്ത്രിസ്ഥാന വ്യഭിചാരിയെ ആയില്യം തിരുനാളായിരുന്നുവെങ്കിൽ കുതിരക്കവഞ്ചികൊണ്ടടിച്ചു നാടിനു പുറത്താക്കുമായിരുന്നു..” എത്രയോ പരമാർത്ഥം! ഈ വാചകത്തിലാണു ബുദ്ധിമാനായ ദിവാൻ “രാജദ്രോഹം.. കണ്ടത്! അന്ന് അതൊക്കെ നടന്നു) - പ്രസാധകൻ.

12 - ം നു - സ്വദേശാഭിമാനി 6-ം പുസ്തകം 105-ം ലക്കം വായിച്ചു. ഇതു കന്നി 7-ം തീയതിയിലേതാണ്. ആഴ്ചയിൽ മൂന്നു വീതം നടത്തിവന്ന ഈ പത്രം ഈ ലക്കത്തോടു കൂടി നിന്നു എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. തിങ്കളാഴ്ചയിലെ (10-നു) പത്രം കുറെ അച്ചടിച്ചപ്പോഴാണത്രെ അറസ്റ്റ് ചെയ്തത്. രാജഭക്തിയെ ദുഷിപ്പിക്കുന്ന ലേഖനങ്ങൾ‌ പരസ്യം ചെയ്തു കണ്ടിരിക്കുന്നതിനാൽ‌ പത്രാധിപരെ നാടുകടത്തിയിരിക്കുന്നുവെന്നും, ഇനി മഹാരാജാവു സന്തോഷം തോന്നി അനുവദിക്കുന്നകാലം വരെ ഈ രാജ്യത്തു കടന്നുകൂടാ എന്നും അച്ചുകൂടം മുതലായവ സർ‌ക്കാരിൽ‌ നിന്നും എടുത്തിരിക്കുന്നുവെന്നും ആ പത്രം സംബന്ധിച്ചുള്ള യാതൊരു പരാതിയും ഈ രാജ്യത്തു സ്വീകരിക്കുന്നതല്ലെന്നും ഗസറ്റിൽ‌ പരസ്യം ചെയ്തിരിക്കുന്നു.

15 - നു- ഇന്നലെ കന്നിക്കോട്ടു പത്മനാഭൻ വൈദ്യർ എഴുതിത്തന്ന ഒരു ശ്ലോകം:-

 സൽകാവ്യ പുഷ്പവിഗള-

ദ്രസപുരമാധു
 ര്യാകൃഷ്ടസൂരി മധുപ-
സ്സുയശഃ പലാശഃ
 ചൈതന്യവാൻ പ്രഥിത
കേശവകോവിരേന്ദ്ര-
 കല്പദ്രുമഃ പ്രദിശതാം
മേ വാഞ്ഛിതാർത്ഥം.

18-നു- അച്ഛന്റെ പുലകുളിയെപ്പറ്റി താഴെവരുന്ന ലേഖനമെഴുതി സമുദായപരിഷ്കാരിണി എന്ന മാസികയ്ക്കയച്ചു. ഇതിന്റെ പ്രവർത്തകൻ സി. കൃഷ്ണപിള്ളയാണ്.

ഒരു പുലകുളി അടിയന്തിരം


എന്റെ അച്ഛൻ ഇക്കഴിഞ്ഞ ചിങ്ങമാസം 29-നു 70-മത്തെ വയസ്സിൽ ദേഹവിയോഗം ചെയ്യുകയുണ്ടായി, ശേഷിയുള്ള അടുത്ത അനന്തിരവർ ഇല്ലായ്കയാൽ അദ്ദേഹത്തിന്റെ ശവസംസ്ക്കാരം, സഞ്ചയനം, പുലകുളി ഈ മൂന്ന് അടിയന്തരങ്ങളും ഞാനാണു നടത്തിയത്. സംസ്ക്കാരാനന്തരം നടന്നുവരുന്ന “കോടല്ലിക്കണ്ണാക്ക്.. മുതലായ അർത്ഥമില്ലാത്ത പല ആചാരങ്ങൾ ഇതിൽ നടത്താൻ ഞാൻ അനുവദിച്ചില്ല. പുലകുളിയുടെ പിറ്റേ ദിവസം സദ്യ കഴിക്കണമെന്നും അതു ദീർഘായുസ്സിനും കുടുംബക്ഷേമത്തിനും അത്യാവശ്യമാണെന്നും അങ്ങനെ ചെയ്യാതിരിക്കുന്നതു വലുതായ ദുഷ്ക്കീർത്തിക്കു കാരണമാ‍ായിത്തീരുമെന്നും മറ്റും എന്നോട് സ്നേഹിതന്മാരും ബന്ധുക്കളും പല പ്രകാരത്തിൽ ഉപദേശിക്കുകയുണ്ടായി. അത്യാവശ്യം , ആവശ്യം , അനാവശ്യം ഇങ്ങനെ മൂന്നു വിധം നടപടികളുള്ളവയിൽ ഈ സദ്യ ഒന്നാമത്തേതിൽ ഉൾപ്പെടുകയില്ലെന്നും പക്ഷേ രണ്ടാമത്തേതിലേ ഉൾപ്പെടൂ എന്നും ഒന്നാമത്തെ ഇനത്തിൽ ഉൾപ്പെടുന്നവയായി അനേക കൃത്യങ്ങൾ ഉള്ളവതന്നെ പല അസൌകര്യങ്ങൾ നിമിത്തം ശരിയായി നടക്കാതെ കിടക്കുന്ന ഈ അവസരത്തിൽ ഇക്കൊല്ലം നടത്താൻ തരമില്ലെന്നും ഞാൻ ഈ ഉപദേഷ്ടാക്കന്മാരോടു പറകയും പുലകുളിക്ക് ഇങ്ങനെ സദ്യ കഴിക്കുന്നതിന്റെ അനൌചിത്യത്തെപ്പറ്റി സമുദായ പരിഷ്ക്കാരിണിയിൽ യുക്തിയുക്തമായി പ്രസ്താവിച്ചിട്ടുള്ളതിനെ ചൂണ്ടിക്കാണിക്കയും ചെയ്തു. എങ്കിലും അതിൽ ഭൂരിപക്ഷത്തെയും തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. ഈ അടിയന്തിരത്തിനു സദ്യകഴിച്ചു ദുർവ്യയം ചെയ്യണമെന്ന് ഉപദേശിക്കാൻ പലരും ഉണ്ടാകുമെന്നും ആ വക ഉപദേശങ്ങൾ സ്വീകരിക്കരുതെന്നും പരേതനായ ആ മഹാത്മാവുതന്നെ എന്നോടു രണ്ടുമൂന്നു തവണ നിഷ്കർഷയായി പറഞ്ഞിട്ടുണ്ടായിരുന്നു. ആ നിയോഗത്തെ അനുസരിച്ചും എന്റെ നിശ്ചയപ്രകാരവും ഈ അടിയന്തിരം സദ്യ നടത്താതെ മറ്റു സകല ക്രിയകളും ആചാരങ്ങളും ഭംഗിയായി നടത്തിച്ച് അവസാനിപ്പിക്കയാണു ചെയ്തത്. കാരണവന്മാരുടെ അധികാരത്തിൽ നടന്നിട്ടുള്ള ഈ മാതിരി അടിയന്തരങ്ങളിൽ ഒന്നല്ലെങ്കിലും ഈ ദുർവ്യയം ചുരുക്കണമെന്നുള്ള എന്റെ അഭിപ്രായം ഫലിച്ചിട്ടില്ല. ഈ മരണമുണ്ടായത് എനിക്കു പ്രത്യേകം സ്വാതന്ത്ര്യമുള്ള ഭവനത്തിൽവച്ചായതിനാലത്രെ എന്റെ നിശ്ചയം സാദ്ധ്യമായത്. ഈ വിവരം സമുദായ പരിഷ്കരണിയിൽ പ്രസിദ്ധപ്പെടുത്തുന്നത് നിഷ്ഫലമാകയില്ലെന്നു വിചാരിക്കുന്നു.

20- നു - “ജൂബിലിക്ക് ഓരോരുത്തർ തിരുമുമ്പിൽ‌ സമർപ്പിച്ച മംഗള പദ്യങ്ങളും മറ്റും അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുന്നതിനു യോഗ്യതയുള്ളതെല്ലാം പ്രൊഫസ്സർ‌ രാജരാജവർമ്മ കോയിത്തമ്പുരാനുമായി ആലോചിച്ചു ലിസ്റ്റു തയ്യാറാക്കി അയയ്ക്കുന്നതിന് കല്പനപ്രകാരം മിസ്റ്റർ‌ കേശവപിള്ളയെ നിയമിച്ചു എഴുതിവന്നിരിക്കകൊണ്ടു ശ്ളോകങ്ങൾ അയയ്ക്കുന്നു എന്നും ,, കോയിത്തമ്പുരാനു,, മായി ആലോചിച്ചു യോഗ്യതയുള്ള ശ്ളോകങ്ങൾ ലിസ്റ്റ് തയ്യാറാക്കി എഴുതിവരേണ്ടതാകുന്നു എന്നും ഗവർ‌മെന്റു ചീഫ് സെക്രട്ടറി മിസ്റ്റർ എ. ജെ. വിയറായുടെ ശ്ളോകങ്ങളും വന്നു.

എറണാകുളത്തുനിന്നു പുറപ്പെടുന്ന ബഹുരസം എന്ന മാസികയുടെ ഒന്നാം ലക്കം വന്നുകിടന്നിരുന്നതു വായിച്ചു. അതു കിട്ടിയ വിവരത്തിന് അനുമോദനക്കത്തും താഴെ വരുന്ന പദ്യവും തല്പത്രാധിപർക്കയച്ചു.

മംഗളാശംസ
ബഹുരസമൊരുവാരം ഹന്ത!

  വായിച്ച നേരം
ബഹുതാരസപൂരം ജാതമാ
  യിങ്ങപാരം
പരിഗത ബഹുസാരം പത്രികൊ
  ത്തം സഹീരം
വരഗുണമിതുഭാരം വാഴ്ക
  യാചന്ദ്രതാരം.

22-നു- ജൂബിലി പദ്യങ്ങൾ ഹജൂരിൽ നിന്നും വന്നവയിൽ മലയാളി മനോരമ (ശേഷം 25- ആം പേജിൽ)

സ്വദേശാഭിമാനിയെ നാടുകടത്തിയതിനെക്കുറിച്ച് പരാമർശിക്കുന്ന കെ. സി. കേശവപിള്ളയുടെ ഡയറിക്കുറിപ്പ് മതൃഭൂമി ആഴ്‌ചപ്പതിപ്പിൽ

[ 87 ]


എന്റെ ദൈവം കല്ലും മരവുമല്ലാ;
എന്റെ രാജാവ് അഴിമതിക്കാരായ രാജസേവകന്മാരുമല്ലാ.
എന്നെ നാടുകടത്തുന്നത് രാജസേവന്മാരുടെ പേരിൽ
ഭക്തിയില്ലെന്ന കുറ്റത്തിനാണെങ്കിൽ ആ ശിക്ഷാനിയമം
ആ സേവന്മാരുടെ മനോരാജ്യത്തിൽ
നടപ്പാക്കപ്പെട്ടിട്ടുള്ള വകയായിരിക്കാം;
തിരുവിതാംകൂർ രാജ്യത്തിലെ ശിക്ഷാനിയമപ്രകാരമായിരിക്കയില്ല.
അല്ലെങ്കിൽ തന്നെ, നാടുകടത്തൽ, കാരാഗൃഹം മുതലായ
ശിക്ഷകളെ ഭയപ്പെടേണ്ട ആവശ്യം എനിക്കില്ല.
ഞാൻ എന്റെ രാജ്യത്തിലെ നിയമത്തെ ലംഘിക്കുന്നില്ല.
ആ ശിക്ഷകളെ ഭയപ്പെടേണ്ടവർ, കൊട്ടാരങ്ങളിൽ
കൊലപാതകം ചെയ്തും, സാധുജനങ്ങളുടെ
ധനാപഹാരം ചെയ്‌തും, യജമാനന്മാരെ ദ്രോഹിച്ചും
ഈശ്വര സങ്കൽപ്പത്തിന്നു വിരുദ്ധമായ മറ്റു അകൃത്യങ്ങൾ
പ്രവർത്തിച്ചും പാപക്കുണ്ടിൽ പതിച്ചിരിക്കുന്നവരാണ്.
ഒപ്പ്
കെ രാമകൃഷ്ണപിള്ള


പുറം കണ്ണികൾ

തിരുത്തുക
"https://ml.wikisource.org/w/index.php?title=എന്റെ_നാടുകടത്തൽ&oldid=145004" എന്ന താളിൽനിന്ന് ശേഖരിച്ചത്