ഭാഷാഭാരതം/ആദിപർവ്വം/അർജ്ജുനവനവാസപർവ്വം

ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
അർജ്ജുനവനവാസപൎവ്വം

[ 664 ] 664

അർജ്ജുനവനവാസപർവ്വം

തിരുത്തുക

217. അർജ്ജുനതീർത്ഥയാത്ര

തിരുത്തുക

ഒരർദ്ധരാത്രി സമയം ഗൃഹദ്വാരത്തിൽവന്നു മുറവിളികൂട്ടിയ ബ്രാഹ്മണന്റെ സ്വത്ത് കള്ളന്മാരിൽനിന്നു വീണ്ടെടുക്കുന്നതിനുവേണ്ടി ആയുധമെടുക്കാനായി ധർമ്മപുത്രവസതിയിൽച്ചെന്ന അർജ്ജുനൻ സത്യഭംഗം നേരിടാതിരിക്കാൻ പന്ത്രണ്ടുമാസം നീണ്ടുനില്ക്കുന്ന വനവാസത്തിനു പുറപ്പെടുന്നു.


വൈശമ്പായന‌ൻ പറഞ്ഞു
ഈവണ്ണം നിയമം വെച്ചിട്ടവിടെപ്പാർത്തു പാണ്ഡവർ
ശസ്ത്രപ്രഭാവംകൊണ്ടന്യഭൂപരെക്കീഴടക്കുവോർ. 1
മനുഷ്യസിംഹരായീടുമവരൈവരിലും സമം
വശവർത്തിനിയായ് നിന്നൂ പാർത്ഥവല്ലഭ പാർഷതി. 2
അവളായവരോടൈവരവരായവളോടുമേ
ചേർന്നു നന്ദിച്ചു നാഗങ്ങൾ പിടിയോടെന്നപോലവേ. 3
പാണ്ഡവന്മാരിപ്രകാരം ധർമ്മംകാത്തുവരും വിധൗ
കുരുപ്രജകൾ വർദ്ധിച്ചൂ കുറ്റമറ്റു സുഖത്തൊടും. 4
ഏറെനാളീവിധം വാഴ്കെയൊരു വിപ്രന്റെ മന്ദിരേ
കള്ളന്മാർ ചിലർ വന്നെത്തീ കട്ടുകൊണ്ടാർ പശുക്കളെ. 5
ഗോധനം കട്ടിടും നേരം ക്രോധമാർന്നാ ദ്വിജോത്തമൻ
ഖാണ്ഡവപ്രസ്ഥമുൾപ്പുക്കാർത്തുണർത്തീ പാണ്ഡുപുത്രരെ. 6

ബ്രാഹ്മണൻ പറഞ്ഞു
ക്ഷുദ്രരാം ദുഷ്ചോരന്മാരീ നാട്ടിൽ ഗോധനങ്ങളെ
ഹരിക്കുന്നൂ പാണ്ഡവരേ, ചെന്നു നേരിട്ടെതിർക്കുവിൻ 7
കാക്കകൊത്തിപ്പരത്തുന്നൂ ശാന്തവിപ്രഹവിസ്സുകൾ
വ്യാഘ്രത്തിൻഗുഹപുക്കോരിയിടുന്നിതു കുറുക്കനും. 8
ഷഷ്ഠാംശം കരവും വാങ്ങിരക്ഷിക്കാത്ത നരേന്ദ്രനെ
സർവ്വലോകരിലും പൂർണ്ണപാപനെന്നോതിടുന്നുപോൽ! 9
ബ്രഹ്മസ്വം ചോരർ മോഷ്ടിച്ചു ധർമ്മലോപം വരുത്തവേ
ഞാനേവം വിലപിക്കുമ്പോളവലംബം തരേണമേ! 10

വൈശമ്പായനൻ പറഞ്ഞു
അടുത്തേവം നിലവിളിച്ചീടും വിപ്രന്റെ വാക്കുകൾ
ഒക്കയും കേട്ടുകൊണ്ടാനാക്കുന്തീപുത്രൻ ധനഞ്ജയൻ 11
കേട്ടവാറേ പേടിയായ്കെന്നോതിയാ വിപ്രനോടവൻ.

[ 665 ]

665
യോഗ്യരാം പാംണ്ഡുപുത്രന്മാർക്കുള്ളൊരായുധമൊക്കെയും 12
പാഞ്ചാലിയും ധർമ്മജനും പാർത്തിടുന്ന ഗൃഹത്തിലാം.
ചെൽവാനും ചെന്നിടായ്‌വാനുമൊല്ലാതായിട്ടു പാണ്ഡവൻ 13
ആർത്ത്യാ പഴിപറഞ്ഞീടും വിപ്രപ്രേരണകാരണം
ആസ്സങ്കടത്തിൽ കൗന്തേയൻ മാലോടും ചിന്ത തേടിനാൻ: 14
“തപസ്വിയാം ബ്രാഹ്മണന്റെ ധനം കക്കുന്നനേരമേ
കണ്ണീർ തുടച്ചുകൊള്ളേണമെന്നല്ലോ നല്ല നിശ്ചയം; 15
ഉപേക്ഷചെയ്താലധികമധർമ്മം നൃപനാപ്പെടും
പടിക്കൽ കരയും വിപ്രപാലനം ചെയ്തിടായ്കിലോ 16
അനാസ്തിക്യവുമീ ഞങ്ങൾക്കുള്ള രക്ഷയിലേറ്റവും
പറ്റിപ്പോയീടുമെന്നല്ല ധർമ്മവും കെട്ടുപോയിടും. 17
നൃപനേ ഞാനാദരിക്കാതകത്തേക്കു കടക്കിലോ
അജാതശത്രുരാജാവിന്നനൃതം ചെയ്തതായി ഞാൻ. 18
രാജപാർശ്വത്തിൽ ഞാൻ ചെന്നാൽ വനവാസം ദൃഢം മമ
രാജധർഷണ നോക്കേണം മറ്റെല്ലാം തുച്ഛമല്ലയോ? 19
അധർമ്മത്താലാപ്പെടട്ടേ വനേ മരണവും മമ
ദേഹം പോയീടിലും ധർമ്മം കാത്തുകൊൾവതു മെച്ചമാം.” 20
എന്നു ചിന്തിച്ചുറച്ചുട്ടു കുന്തീപുത്രൻ ധനഞ്ജയൻ
അകത്തുചെന്നരചനോടറിയിച്ചവനീപതേ! 21
വില്ലെടുത്തുംകൊണ്ടു ചെന്നു വിപ്രനോടേവമോതിനാൻ.

അർജ്ജുനൻ പറഞ്ഞു
ബ്രാഹ്മണേന്ദ്ര, വരൂവേഗം പരദ്രവ്യാപഹാരികൾ 22
ക്ഷുദ്രന്മാരകലെപ്പോകും മുൻപു ചെന്നേറ്റെതിർക്കണം,
കള്ളന്മാർ പക്കൽനിന്നാശു നിൻ ധനം വീണ്ടെടുക്കുവാൻ. 23

വൈശമ്പായനൻ പറഞ്ഞു
തേരും വില്ലും ചട്ടയുമായ് വീരൻ ചെന്നേറ്റു പാണ്ഡവൻ
അമ്പെയ്തു ചോരരെക്കൊണ്ടാ ബ്രഹ്മസ്വം വിടുവിച്ചുതേ. 24
വിപ്രോപകാരം ചെയ്തേവം കീർത്തികൈക്കൊണ്ടു പാണ്ഡവൻ
അഗ്ഗോധനം ബ്രാഹ്മണന്നായൊക്കെയും നല്കി വെക്കമേ. 25
പുറത്തേക്കു തിരിച്ചെത്തീ സവ്യസാചി ധനഞ്ജയൻ
ഗുരുക്കളെക്കണ്ടു കൂപ്പീട്ടഭിനന്ദനമേറ്റവൻ 26
ഉണർത്തീ ധർമ്മജനൊടു "കല്പിക്കേണം വ്രതം മമ
ഇവിടുത്തെക്കാൺകയാലേ തെറ്റിച്ചൂ സമയത്തെ ഞാൻ 27
വനവാസം ചെയ്തുകൊൾവനിതല്ലോ പൂർവ്വനിശ്ചയം"
ഉടനേ ധർമ്മതനയൻ കേട്ടീയപ്രിയവാക്കിനെ 28
ഇതെങ്ങനേയെന്നു ചൊന്നാൻ ലജ്ജാസങ്കടസംയുതം
യുധിഷ്ഠിരൻ ഗുഡാകേശനാകും സോദരനോടുടൻ 29
ഭീമസേനനായിട്ടു താനേവമരുളീടിനാൻ.

[ 666 ]

666
ധർമ്മപുത്രൻ പറഞ്ഞു
ഞാൻ പ്രമാണം നിനക്കെന്നാലെൻവാക്കൊന്നിതുകേൾക്കനീ 30
അകത്തു കയറിത്താനെന്നപ്രിയം ചെയ്തുവെങ്കിലും
അതൊക്കെ ഞാൻ സമ്മതിച്ചേനെനിക്കില്ലൊരു നീരസം 31
ജ്യേഷ്ഠദാരാവലോകത്തിൽ കുറ്റമില്ലനുജന്നെടോ
അനുജാനുപ്രവേശത്തിൽ ജ്യേഷ്ഠന്നോ വിധിവിലോപമാം 32
വനം പോകേണ്ട ഹേ വീര, കേട്ടുകൊൾകെന്റെ വാക്കിനെ
ധർമ്മലോപം നിനക്കില്ലാ ധർഷണം ചെയ്തതില്ല നീ. 33

അർജ്ജുനൻ പറഞ്ഞു
ധർമ്മം വ്യാജാൽ നടത്തൊല്ലെന്നങ്ങു ചൊല്ലീട്ടു കേൾപ്പു ‌ഞാൻ
സത്യം തെറ്റിക്കുകില്ലീ ഞാൻ സത്യമായുധമാണു മേ. 34

വൈശമ്പായനൻ പറഞ്ഞു
രാജാനുവാദം വാങ്ങിച്ചു വനചര്യാ വ്രതത്തൊടും
വനത്തിങ്കൽ പന്തിരണ്ടുമാസം വാഴ്വാനിറങ്ങിനാൻ. 35

218. ഉലൂപീസംഗമം

തിരുത്തുക

ഗംഗാതീരത്തിൽ താമസിക്കുന്ന അവസരത്തിൽ പ്രണയാഭ്യർത്ഥനചെയ്ത ഉലൂപി എന്ന നാഗകന്യകയിൽ അർജ്ജുനൻ ഇരാവാൻ എന്ന പുത്രനെ ജനിപ്പിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
വീരനാക്കൗരവയശോധരനർജ്ജുനനങ്ങനെ
പുറപ്പെട്ടപ്പൊഴേ കൂടെപ്പുറപ്പെട്ടു ദ്വിജാതികൾ 1
വേദവേദാംഗവിദ്വാന്മാരദ്ധ്യാത്മവഴിയോർക്കുവോർ
ഭിക്ഷയേല്പോർ ദേവഭക്തർ പുരാണകഥ ചൊല്ലുവോർ, 2
പഴങ്കഥക്കാർ യതികൾ വടുക്കൾ വനവാസികൾ
ദിവ്യാഖ്യാനങ്ങൾ മധുരമരുൾചെയ്യുന്ന ഭൂസുരർ, 3
ഇവരും മറ്റുപലരും തുണയായ് പാണ്ഡുനന്ദനൻ
ശ്ലക്ഷ്ണവൃത്തരുമായ് വാനോരൊത്ത ശക്രൻകണക്കിനെ 4
രമണീയങ്ങളാം ചിത്രകാനനങ്ങൾ സരസ്സുകൾ
പുഴയാഴികളെന്നോരോ ദേശത്തിൽ ചുറ്റി ഭാരത! 5
പുണ്യ തീർത്ഥങ്ങളോരോന്നു കണ്ടിതാബ്ഭരതർഷഭൻ
ഗംഗാദ്വാരത്തിലെത്തീട്ടു വസിച്ചിതവിടെ പ്രഭു. 6
അവന്നവിടെയുണ്ടായ വൃത്തം കേൾ ജനമേജയ!
വിശുദ്ധനാം പാണ്ഡുപുത്രപ്രവരൻ ചെയ്തൊരത്ഭുതം. 7
കൗന്തേയനാ ബ്രാഹ്മണരോടൊന്നിച്ചവിടെ വാഴവേ
അഗ്നിഹോത്രങ്ങളും ചെയ്തുംകൊണ്ടു പാർത്തിതു ഭൂസുരൻ. 8

[ 667 ]

667
അഗ്നിയുണ്ടാക്കിയും കത്തിവന്നുമാഹുതിചെയ്തുമേ
പുഷ്പോപഹാരംചെയ്തും വൻ പുഴവക്കിൽ നിരക്കവേ 9
സ്നാനം ചെയ്താസ്സൽപഥസ്ഥവിദ്വൽഭൂസുരരാജിയാൽ
ഏറ്റം ശോഭിച്ചിതന്നേരം ഗംഗാദ്വാരം ധരാപതേ! 10
ഏവമോരോതരമവരിരിക്കെപ്പാണ്ഡവർഷഭൻ
സ്നാനത്തിനായിക്കൗന്തേയൻ ഗംഗയിങ്കലിറങ്ങിനാൻ 11
അവിടെ സ്നാനവും ചെയ്തു പിതൃതർപ്പണമാർന്നവൻ
അഗ്നികാര്യത്തിനായാറ്റിൽനിന്നു കേറുന്ന നേരമേ, 12
അപകർഷിച്ചിതവനെ നാഗരാജന്റെ കന്യക
ഉലൂപിയെന്നവൾ പരം കാമിച്ചംഭസ്സിൽവെച്ചഹോ! 13
കണ്ടാനാപ്പാർത്ഥനവിടെജ്ജ്വലിച്ചാളുന്ന വഹ്നിയെ
ശ്ലാഘ്യമാകുന്ന കൗരവ്യനാഗരാജന്റെ മന്ദിരേ. 14
അവിടെച്ചെയ്താനഗ്നികാര്യം പാർത്ഥൻ ധനഞ്ജയൻ
നിശ്ശങ്കമാഹുതിയിനാൽ തുഷ്ടനായീ ഹുതാശനൻ 15
അഗ്നികാര്യം ചെയ്തശേഷം നാഗകന്യകയോടവൻ
മന്ദസ്മിതം പൂണ്ടിവണ്ണം മന്ദമായരുളീടിനാൻ. 16

അർജ്ജുനൻ പറഞ്ഞു
ഭീരു, നീ സാഹസമിതു ചെയ്തതെന്തയി ഭാമിനി!
ഈ നല്ല ദേശമേതാരുനീയാരുടയ നന്ദിനി? 17

ഉലൂപി പറഞ്ഞു
ഐരാവതകുലത്തിങ്കൽ കൗരവ്യൻ പന്നഗോത്തമൻ
അവന്റെ പുത്രിയല്ലോ ഞാനുലൂപിയുരഗാംഗന. 18
ഈ ഞാൻ കുളിപ്പാൻ പുഴയിലിറിങ്ങിക്കൊണ്ടരങ്ങയെ
കണ്ടനേരം നരവ്യാഘ്ര, കാമമൂർച്ഛിതയായിനേൻ. 19
നിന്മൂലം മദനാതങ്കം പൂണ്ടെന്നെക്കുരുനന്ദന!
സ്വന്തമെന്നോർത്താത്മദാനം കൊണ്ടുനന്ദിപ്പെടുത്തുക. 20

അർജ്ജുനൻ പറഞ്ഞു
ബ്രഹ്മചര്യം പന്തിരണ്ടുമാസമുണ്ടിങ്ങെനിക്കെടോ
ധർമ്മരാജന്റെ വിധിയാം സ്വാതന്ത്ര്യമിതിലില്ല മേ. 21
ജലചാരണി, നിന്നിഷ്ടം ചെയ്‌വാനിച്ഛിപ്പതുണ്ടു ഞാൻ
അനൃതം ഞാൻ മുൻപു ചെയ്തിട്ടീല ചൊല്ലില്ലൊരിക്കലും. 22
എനിക്കനൃതമാകാതെ നിനക്കും പ്രിയമാം വിധം
ധർമ്മത്തിൽ കേടുതട്ടാതെ ചെയ്താലുമുരഗാംഗനേ! 23

ഉലൂപി പറഞ്ഞു
അറിവേൻ ഞാൻ പാണ്ഡവ, നിൻദേശസഞ്ചാരകാരണം
ബ്രഹ്മചര്യവുമവ്വണ്ണം ധർമ്മജ്ഞ, ഗുരുശാസ്യവും. 24
പാഞ്ചാലിയൊന്നിച്ചൊരുത്തൻ മേവുമ്പോളിഹ മറ്റൊരാൾ

[ 668 ]

അടുത്തുചെന്നാൽ പന്തീരുമാസമന്നേമുതൽക്കവൻ 25
വനവാസം ബ്രഹ്മചര്യാൽ ചെയ്യെന്നാം നിങ്ങൾ നിശ്ചയം.
എന്നാലോ ദ്രൗപദീമൂലമിതന്യോന്യപ്രവാസനം 26
ധർമ്മത്തിനായ് വെച്ചതല്ലോ ധർമ്മലോപവുമില്ലിതിൽ
ആർത്തത്രാണം ചെയ്തിടേണം പാർത്ഥ, ദീർഗ്ഘവിലോചന! 27
എൻ പരിത്രാണമൂലം നിൻ ധർമ്മലോപം വരാ ദൃഢം
ഇദ്ധർമ്മത്തിനു സൂക്ഷ്മത്തിലൊരു തെറ്റു ഭവിക്കിലും 28
എൻ പ്രാണദാനമൂലം തേ ധർമ്മമാമതുമർജ്ജുന!
ഭക്തയെന്നെബ്ഭജിച്ചാലും പാർത്ഥ, സജ്ജനധർമ്മമാം 29
ഇതങ്ങുചെയ്യില്ലെന്നാലോ മൃതയാംഞാനുറയ്ക്കനീ.
പ്രാണദാനത്തിനാൽ മുഖ്യമായ ധർമ്മം നടത്തെടോ 30
ശരണം പൂകിടുന്നുണ്ടു നരപുംഗവ, നിന്നെ ഞാൻ.
ദീനാനാഥരെ നീയെന്നും താനേ കാപ്പോൻ പൃഥാസുത! 31
ശരണം പുക്കുകൊണ്ടീ ഞാൻ കരയുന്നുണ്ടു മാലൊടും
കാമം പൂണ്ടിട്ടിരിക്കുന്നേൻ കാമം മേ തന്നിടേണമേ! 32
ആത്മപ്രാദാനാലങ്ങെന്നെയാപ്തകാമിതയാക്കണം

വൈശമ്പായനൻ പറഞ്ഞു
പന്നഗാംഗനയീവണ്ണം ചൊന്ന കുന്തീകുമാരകൻ 33
ധർമ്മമെന്നു വിചാരിച്ചു സമ്മതിച്ചു നടത്തിനാൻ
നാഗഗേഹത്തിലാരാത്രി പാർത്തു പാർത്ഥൻ പ്രതാവവാൻ. 34
അവൾക്കിരാവാനെന്നേറ്റം വീരസുന്ദരപുത്രനെ
ജനിപ്പിച്ചു മഹായോഗ്യനായിട്ടാശ്ശക്രനന്ദനൻ. 35
വീണ്ടുമായവളോടൊത്തു ഗംഗാദ്വാരത്തിലെത്തിനാൻ;
ഉലൂപി പതിയേ വിട്ടു പൂകിനാൾ നിജമന്ദിരം. 36
ജലചാരികളൊക്കേയും സ്വാധീനപ്പെടുമെന്നുടൻ
ജലത്തിങ്കലജേയത്വം പാർത്ഥന്നു വരമേകിനാൾ. 37

219. ചിത്രാംഗദാസംഗമം

തിരുത്തുക

അർജ്ജുനൻ പലപുണ്യതീർത്ഥങ്ങളും സന്ദർശിച്ചു് സമുദ്രതീരത്തിലുള്ള മണലുരപുരത്തിലെത്തിച്ചേരുന്നു. അവിടെ ചിത്രാംഗദരാജപത്രിയായ ചിത്രാംഗദയെ കണ്ടു മോഹിച്ചു് അവളെ വേട്ടു് അവളിൽ ഗർഭോത്പാദനം നടത്തി അവിടംവിട്ടു തീർത്ഥാടം തുടരുന്നു.


വൈശമ്പായൻ പറഞ്ഞു
അതൊക്കെയും ബ്രാഹ്മണരോടവരനോതീട്ടു ഭാരത!
ഹിമവൽപ്പാർശ്വമുൾപ്പുക്കാനമരേന്ദ്രകുമാരകൻ. 1
അഗസ്ത്യവടവും കേറി വസിഷ്ഠഗിരി പുക്കവൻ

[ 669 ]

ഭൃഗുതുംഗത്തിലും ചെന്നിട്ടാത്മശുദ്ധി വരുത്തിനാൻ. 2
ഗോസഹസ്രങ്ങൾ വളരെദ്ദാനംചെയ്തിതു ഭാരത!
ഗൃഹങ്ങളും ബ്രാഹ്മണർക്കായ്ക്കൊടുത്തൂ കുരുസത്തമൻ. 3
ഹിരണ്യബിന്ദുതീർത്ഥത്തിൽ സ്നാനംചെയ്തു നരോത്തമൻ
പുണ്യായതനഭേദങ്ങൾ കണ്ടു പാണ്ഡവപുംഗവൻ . 4
ബ്രാഹ്മണശ്രേഷ്ഠരോടൊന്നിച്ചിറങ്ങിപ്പോന്നു ഭാരത!
കിഴക്കുദിക്കു നോക്കീട്ടു ഗമിച്ചൂ ഭരതർഷഭൻ. 5
ക്രമത്തിലോരോ തീർത്ഥങ്ങൾ കണ്ടു കൗരവസത്തമൻ
ഉല്പലിന്യാഖ്യനദിയും നൈമിഷാരണ്യദേശവും 6
നളന്ദയവ്വണ്ണമമരനന്ദ കൗശികിയെന്നതും
മഹാനദി ഗയ ശ്രീമൽ ഗംഗയും പുനരിങ്ങനെ 7
ഇമ്മട്ടു തീർത്ഥവും പുണ്യാശ്രമവും കണ്ടുകണ്ടവൻ
ആത്മശുദ്ധി വരുത്തിത്താൻ ബ്രാഹ്മണർക്കേകി ഗോക്കളെ. 8
അംഗവംഗംകലിംഗങ്ങളിങ്കൽ തീർത്ഥങ്ങളൊക്കെയും
പുണ്യക്ഷേത്രങ്ങളും പുക്കാൻ സർവ്വവും വാസവാത്മജൻ; 9
വിധിപോലെയായതെല്ലാം കണ്ടതിൽ ദാനങ്ങളേകിനാൻ.
കാലിംഗരാഷ്ട്രദ്വാരത്തിലർജ്ജുനാനുരാഗരാം ദ്വിജർ 10
പാർത്ഥന്റെ സമ്മതത്തോടും പിൻതിരിച്ചിതു ഭാരത!
അന്തണന്മാർ സമ്മതിക്കെക്കുന്തീപുത്രൻ ധനഞ്ജയൻ 11
അല്പം സഹായക്കാരോടൊത്തബ്ധിയുള്ളിടമെത്തിനാൻ.
അവൻ കലിംഗദേശം വിട്ടേവം പുണ്യസ്ഥലങ്ങളും 12
രമ്യഹർമ്യങ്ങളും മറ്റും ചെമ്മേ കണ്ടുനടന്നുതേ.
മഹർഷികളിരിപ്പോരു മഹേന്ദ്രാദ്രിയണഞ്ഞവൻ 13
മെല്ലെക്കടൽക്കരവഴി മണലൂരിലണഞ്ഞുതേ.
അവിടെത്തീർത്ഥവും പുണ്യക്ഷേത്രവും പാർത്തുപാർത്തവൻ 14
മഹാവീരൻ ചെന്നുകണ്ടു മഹാധർമ്മിഷ്ഠനായഹോ!
മണലൂരപുരം വാഴും ചിത്രാംഗദനരേന്ദ്രനെ. 15
അവന്നു ചിത്രാംഗദയെന്നുണ്ടു സുന്ദരിയാം മകൾ
യദൃച്ഛയാ കണ്ടു താനാപ്പുരത്തിലവളെ സ്വയം. 16
കണ്ടു കാമിച്ചിതാച്ചാരുചിത്രവാഹനപുത്രിയെ
രാജാവിനെച്ചെന്നുകണ്ടവ്യാജം കാമിതമോതിനാൻ: 17
“യോഗ്യക്ഷത്രിയനായീടുമെനിക്കീക്കന്യയെത്തരൂ.”
അതുകേട്ടോതിയരച'നങ്ങാരുടെ നന്ദനൻ?' 18
ചൊന്നാനവൻ 'പാണ്ഡവൻ ഞാൻ കുന്തീപുത്രൻ ധനഞ്ജയൻ.'
അവനോടോതിയാ രാജാവഥ സാന്ത്വമൊടിങ്ങനെ.

ചിത്രാംഗദൻ പറഞ്ഞു
പ്രഭഞ്ജനാഖ്യനായുണ്ടായീക്കുലത്തിലൊരൂഴിപൻ

[ 670 ]

അപുത്രൻ സന്തതിക്കായിത്തപം ചെയ്തീടിനാനവൻ. 20
അവന്റെ വൻതപസ്സാലേ പിനാകി പരമേശ്വരൻ
ദേവദേവൻ പ്രസാദിച്ചു ഭഗവാൻ പാർവ്വതീപതി. 21
അവന്നേകീ കുലത്തിങ്കലോരോ സന്തതി ശങ്കരൻ
അതിനാലുണ്ടീക്കുലത്തിലെന്നുമോരോരു സന്തതി. 22
എൻ പൂർവ്വപുരുഷർക്കോരോരാണ്മക്കളുളവായിനാർ
കുലവർദ്ധിനിയായിട്ടിങ്ങെനിക്കീയൊരു കന്യയാം. 23
പുത്രനാണിതെനിക്കെന്നാണെൻ ഭാവം പുരുഷർഷഭ!
പുത്രികാപുത്രനെൻ പൗത്രനെന്നത്രേ ഭരതർഷഭ! 24
അതിനാൽ ഭാരത, ഭവാനീപ്പെണ്ണിങ്കലൊരുണ്ണിയെ
ഉണ്ടാകിത്തരികെൻ വംശവർദ്ധനയ്ക്കിതു ശുല്ക്കമാം. 25
ഈ നിശ്ചയത്തോടിവളെ സ്വീകരിക്കുക പാണ്ഡവ!

വൈശമ്പായനൻ പറഞ്ഞു
അവനവ്വണ്ണമെന്നേറ്റാക്കന്യയേ വേട്ടു പാണ്ഡവൻ 26
അവളോടൊത്തു മേളിച്ചാൻ മൂന്നുമാസം ധനഞ്ജയൻ
അവളിൽ ഗർഭമുണ്ടായശേഷം പുല്കീട്ടു കാന്തയെ 27
നൃപനോടും യാത്രചൊല്ലി വീണ്ടും തീർത്ഥങ്ങൾ ചുറ്റിനാൻ.

220. തീർത്ഥഗ്രാഹവിമോചനം

തിരുത്തുക

അർജ്ജുനൻ ദക്ഷിണസമുദ്രതീരത്തിലെത്തിച്ചേരുന്നു. അവിടെ ആരും ഉപയോഗിക്കാത്ത അഞ്ചു തീർത്ഥങ്ങൾ കാണുന്നു. അവിടെ മുതലകളുടെ വേഷത്തിൽ കിടന്നിരുന്ന വർഗ്ഗ മുതലായ അഞ്ചു് അപ്സരസ്ത്രീകളുടെ ശാപകാരണം മനസ്സിലാക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
തെക്കൻ സമുദ്രതീരത്തിൽ തീർത്ഥങ്ങൾ മുനിസത്തമർ
സേവിപ്പവകളുൾപ്പുക്കാൻ പിന്നെയപ്പാണ്ഡുനന്ദനൻ. 1
അഞ്ചു തീർത്ഥങ്ങൾ വർജ്ജിപ്പിതവിടെത്താപസോത്തമർ
മുന്നം താപസമുഖ്യന്മാർ പാർത്തിരുന്നവയാമവ. 2
അഗസ്ത്യതീർത്ഥം സൗഭദ്രം പൗലോമമതിപാവനം
കാരന്ധമം സുപ്രസന്നമശ്വമേധഫലപ്രദം 3
ഭരദ്വാജന്റെയാത്തീർത്ഥമേറ്റവും പാപനാശനം
എന്നേവമഞ്ചു തീർത്ഥങ്ങൾ കണ്ടിതാക്കുരുസത്തമൻ. 4
വിവിക്തസ്ഥിതിയായിട്ടായവ പാർത്തിട്ടു പാണ്ഡവൻ
ബുദ്ധിയേറും മുനീന്ദ്രന്മാർ വർജ്ജിക്കുന്നതു കാണ്കയാൽ 5
ചോദിച്ചു മുനിമാരോടായ് കൈകൂപ്പിക്കുരുനന്ദനൻ

[ 671 ]

“ബ്രഹ്മവാദികൾ വർജ്ജിപ്പതെന്തീത്തീർത്ഥങ്ങളൊക്കയും?” 6

താപസന്മാർ പറഞ്ഞു
അഞ്ചു നക്രങ്ങളുണ്ടിങ്ങു പിടിപ്പൂ മുനിമുഖ്യരെ
അതുകൊണ്ടാണു വർജ്ജിപ്പതിവയെക്കുരുനന്ദന!

വൈശമ്പായനൻ പറഞ്ഞു
എന്നു കേട്ടാ മഹാബാഹു തപോധനർ തടുക്കിലും
ആത്തീർത്ഥങ്ങളിലുൾപ്പുക്കു നോക്കിനാൻ പുരുഷർഷഭൻ.8
ഉടൻ സൗഭദ്രമായീടും മുനിതീർത്ഥമണഞ്ഞവൻ
ഇറങ്ങി സ്നാനവുംചെയ്തൂ ശൂരനേറ്റം പരന്തപൻ. 9
അപ്പൊഴാ വീരനായീടും കെല്പേറീടുന്ന പാർത്ഥനെ
വെള്ളത്തിൽവെച്ചുഗ്രനക്രം കാലിന്മേൽ പിടികൂടിനാൻ. 10
പിടയുന്നോരു നക്രത്തെപ്പിടിച്ചുംകൊണ്ടു പാണ്ഡവൻ
കടുത്തകയ്യൂക്കുടയോനുടൻ കരയിലേറിനാൻ. 11
യശസ്വിയാമർജ്ജുനൻതാനുയർത്തിക്കൊണ്ട നക്രവും
പരം ഭൂഷകൾ ചാർത്തീടുമൊരു സുന്ദരിയായിതേ. 12
ഭവ്യശ്രീ കലരുന്നോരു ദിവ്യരൂപമിയന്നഹോ!
ഇപ്പടിക്കുള്ളത്ഭുതത്തെയപ്പോൾ കണ്ടൂ ധനഞ്ജയൻ. 13
പരമപ്രീതി കൈക്കൊണ്ടു പറഞ്ഞാനവളോടുടൻ.

അർജ്ജുനൻ പറഞ്ഞു
ഹന്ത! നീയാരു കല്യാണി,യെന്തേ മുതലയാകുവാൻ? 14
ഏവമാവത്തക്ക പാപമെന്തു നീ ചെയ്തു മുന്നമേ?

വർഗ്ഗ പറഞ്ഞു
ദേവാരണ്യത്തിൽ ലാണീടുമപ്സരസ്സാണു ഞാൻ വിഭോ! 15
വിത്തേശനിഷ്ടയല്ലോ ഞാൻ വർഗ്ഗയെന്നാണു പേരു മേ
ശുഭമാരായ് കാമഗകൾ നാലു തോഴികളുണ്ടു മേ 16
അവരോടൊത്തു പോയ്ക്കൊണ്ടേൻ ലോകപാലഗൃഹത്തിൽ ഞാൻ.
അവിടെക്കണ്ടതീ ഞങ്ങൾ തപസ്സിലാണ്ടൊരു വിപ്രനെ 17
സുന്ദരാകാരനൊറ്റയ്ക്കോത്തുചൊല്ലിയെഴും വിധൗ.
അദ്ദേഹത്തിൻ തപസ്സാലക്കാടൊക്കത്തെളിവാർന്നുതേ 18
ആദിത്യനെപ്പോലെയവനാദ്ദേശം തെളിവാക്കിനാൻ.
അവന്റെയാത്തേജസ്സും നല്ലഴകും കണ്ടൊരീജ്ജനം 19
അദ്ദേശത്തിൽ ചെന്നിറങ്ങീ തപോവിഘ്നം വരുത്തുവാൻ.
ഞാനവ്വണ്ണം സൗരഭേയി സമീചി ബുൽബുദാ ലതാ 20
ഒരുമിച്ചേവരും ചെന്നൂ വിപ്രപാർശ്വത്തു ഭാരത!
പാടിയും പുഞ്ചിരിക്കൊണ്ടും മുനീന്ദ്രനെ മയക്കുവാൻ. 21
അദ്ദേഹമോ ഞങ്ങളിലന്നാശവെച്ചില്ല ലേശവും
ഇളകീലാ മഹാതേജസ്സാത്തപസ്സിലിരിപ്പവൻ. 22

[ 672 ]

ശപിച്ചൂ ഞങ്ങളെക്കോപാൽ ബ്രാഹ്മണൻ ക്ഷത്രിയർഷഭ!
“വെള്ളത്തിൽ നക്രമായിട്ടു നിങ്ങൾ നൂറാണ്ടു വാഴുവിൻ.” 23

221. അർജ്ജുനതീർത്ഥയാത്ര

തിരുത്തുക

ആ അഞ്ചു് അപ്സരസ്ത്രീകൾക്കും കിട്ടിയ ശാപത്തിനുള്ള കാരണം മനസ്സിലാക്കി അർജ്ജുനൻ അവർക്കു ശാപമോക്ഷം നല്കുന്നു. അവിടെ നിന്നു തീർത്ഥയാത്ര തുടർന്നു ഗോകർണ്ണത്തെത്തിച്ചേരുന്നു.


വർഗ്ഗ പറഞ്ഞു.
ഉടൻ ഭയപ്പെട്ടു ഞങ്ങളേവരും ഭരതോത്തമ!
ശരണംപൂകിനാരന്നാത്താപസോത്തമമുഖ്യനെ. 1
“രൂപയൗവനകന്ദർപ്പദർപ്പംകൊണ്ടിപ്പൊഴീവിധം
അയുക്തം ചെയ്തുപോയ് ഞങ്ങളങ്ങുന്നെല്ലാം ക്ഷമിക്കണം. 2
ഞങ്ങൾക്കീശിക്ഷതാനേറ്റം പോരുമേ മുനിസത്തമ!
സംശിതവ്രതനാമങ്ങെ ഭ്രമിപ്പിപ്പാൻ തുനിഞ്ഞതിൽ. 3
അവദ്ധ്യമാരബലകളെന്നോർപ്പൂ ധർമ്മചാരികൾ
അതോർത്തു ധർമ്മം കാത്താലും ഹിംസിച്ചീടൊല്ലാ ഞങ്ങളെ. 4
സർവ്വഭൂതസമൻ ദാന്തൻ വിപ്രനെന്നല്ലി ചൊൽവതും?
സത്യമായിട്ടുവരട്ടേയിമ്മട്ടു പണ്ഡിതഭാഷിതം 5
ശരണം പുക്കവർകളെശ്ശിഷ്ടന്മാർ കാത്തുകൊളളുമേ
നീയേ ഞങ്ങൾക്കുശരണം കുറ്റമെല്ലാം ക്ഷമിക്കണം” 6
ഏവം കേട്ടിട്ടു ധർമ്മജ്ഞൻ ശുഭകൃത്താ ദ്വിജോത്തമൻ
രവിസോമപ്രഭൻ പാരം പ്രസാദിച്ചിതു ഞങ്ങളിൽ. 7

ബ്രാഹ്മണൻ പറഞ്ഞു
ശതം സതസഹസ്രംതാനിവയക്ഷയ്യവാചകം
ഈ നൂറു നൂറളവു താനാകില്ലക്ഷയ്യവാചകം 8
ഗ്രാഹങ്ങളായ് പുരുഷരെ ഗ്രഹിച്ചീടുന്ന നിങ്ങളെ
വെള്ളത്തിൽനിന്നൊരു മഹാവീരനെന്നു കയറ്റുമോ, 9
അന്നുതാൻ നിങ്ങളെല്ലാരും സ്വരൂപത്തെയണഞ്ഞിടും.
നേരംപോക്കായുംനൃതം പറയുന്നവനല്ല ഞാൻ 10
അന്നേമുതല്ക്കാത്തീർത്ഥങ്ങളൊക്കയും പാരിലെങ്ങുമേ
നാരീതീർത്ഥങ്ങളെന്നേവം പേരുനേടിപ്പുകഴ്ന്നിടും 11
പുണ്യങ്ങളായറിവെഴുന്നോർക്കു ശുദ്ധി വരുത്തിടും.

[ 673 ]

വർഗ്ഗ പറഞ്ഞു
പിന്നെയാ വിപ്രനെക്കൂപ്പി വലംവെച്ചിട്ടു പോന്നുടൻ 12
ചിന്തും ദുഃഖത്തൊടും ഞങ്ങൾ ചിന്തിച്ചിതു പരസ്പരം.
'നാമെങ്ങുചെന്നു കൂടിട്ടാണാമട്ടല്പദിനത്തിനാൽ 13
സ്വരൂപം തന്നിടുന്നോരാ നരനെക്കണ്ടുകൊൾവതും?'
ഒട്ടുനേരം വിചാരിച്ചശേഷമീ ഞങ്ങൾ ഭാരത! 14
കണ്ടെത്തീ മഹിമാവേറും ശ്രീനാരദമഹർഷിയെ.
നന്ദീച്ചൂ ഞങ്ങളാദ്ദേവർഷീന്ദ്രനെക്കാണ്ക കാരണം 15
വന്ദിച്ചുനിന്നൂ നാണിച്ചു മന്ദം തലകുനിച്ചുതാൻ
ചോദിച്ചൂ മുനി മാൽമൂലമോതീ ഞങ്ങളശേഷവും 16
അതു കേട്ടാ മുനിശ്രേഷ്ഠനിതു കല്പിച്ചിതുത്തരം.

നാരദൻ പറഞ്ഞു
തെക്കേക്കടൽക്കരയിലായുണ്ടു തീർത്ഥങ്ങൾ കേവലം 17
പുണ്യരമ്യങ്ങളവിടെ നിങ്ങൾ പോയ്ച്ചെന്നു കൂടുവിൻ.
തത്ര വീരനുടൻ പാണ്ഡുപുത്രനെത്തും ധനഞ്ജയൻ 18
മോചിപ്പിക്കും നിങ്ങളെയീ മാലിൽനിന്നിട്ടസംശയം.

വർഗ്ഗ പറഞ്ഞു
എന്നാ മുനീന്ദ്രമൊഴിയിൽ പോന്നതീ ഞങ്ങളേവരും 19
അതിപ്പോൾ സത്യമായെന്നെ മോചിപ്പിച്ചൂ ഭവാൻ വിഭോ!
നാലുപേരെൻ തോഴിമാരോ ജലത്തിൽത്താൻ കിടക്കയാം 20
ശുഭകർമ്മം ചെയ്ക വീര, മോക്ഷം നല്കുകേവർക്കുമേ.

വൈശമ്പായനൻ പറഞ്ഞു
ഉടനാപ്പാണ്ഡവശ്രേഷ്ഠനവനേവരെയും പ്രഭോ! 21
നന്ദിയോടപ്പൊഴാശ്ശാപാൽ മോചിപ്പിച്ചിതു വീര്യവാൻ.
വെള്ളത്തിൽനിന്നു കയറി സ്വന്തം രൂപമിയന്നവർ 22
അപ്സരസ്സുകളെല്ലാരുമപ്പോൾക്കാണായി മുൻപടി.
തീർത്ഥശുദ്ധി വരുത്തീട്ടായവർക്കാജ്ഞ കൊടുത്തവൻ 23
ചിത്രാംഗദാദർശനാർത്ഥം മണലൂർക്കുടനെത്തിനാൻ.
അവളിൽത്താൻ ജനിപ്പിച്ചൂ ബഭ്രുവാഹനവീരനെ 24
അവനെപ്പാർത്തോതി പാർത്ഥൻ ചിത്രവാഹനനോടുടൻ:
“ചിത്രാംഗദശുല്കമിതാ ബഭ്രുവാഹനനാത്മജൻ 25
ഇവനെക്കൊണ്ടു തീർത്തേൻ ഞാനൃണം തവ നരാധിപ!”
ചിത്രാംഗദയോടും ചൊല്ലീ പിന്നെയാപ്പാണ്ഡുനന്ദനൻ. 26

അർജ്ജുനൻ പറഞ്ഞു
ഇങ്ങു പാർക്കൂ ശുഭം ഭദ്രേ, വളർത്തു ബഭ്രുവാഹനനെ
ഇന്ദ്രപ്രസ്ഥഗൃഹത്തിങ്കൽ വന്നു പിന്നെ രമിച്ചിടാം. 27
കുന്തി ധർമ്മസുതൻ ഭീമനെന്നല്ലെന്നുടെ തമ്പിമാർ
അഞ്ചു വന്നിവരെക്കാണാം മറ്റു ബന്ധുക്കളേയുമേ. 28

[ 674 ]

ബന്ധുക്കളോടൊത്തു പാർത്തു നന്ദിക്കും നീയനിന്ദിതേ!
ധർമ്മനിഷ്ഠൻ സത്യധീരൻ കുന്തീപുത്രൻ യുധിഷ്ഠിരൻ 29
ഭൂമിയൊക്കെജ്ജയിച്ചിട്ടു രാജസൂയം കഴിക്കുമേ.
അന്നെത്തുമവിടെപ്പാരിലുള്ള രാജാക്കളൊക്കയും 30
ബഹുരത്നങ്ങളും കൊണ്ടങ്ങെത്തും നിന്നുടെയച്ഛനും.
ചിത്രവാഹനനോടൊന്നിച്ചന്നു നീ വന്നുകൊള്ളെടോ 31
കണ്ടോളാം ‌രാജസൂയത്തിൽ, മകനെക്കാക്കു മാഴ്കൊലാ.
മന്നിൽ നില്ക്കുന്നൊരെൻ പ്രാണൻ ബഭ്രുവാഹനനാമിവൻ 32
അതിനാൽ പാല്യനീ വംശകരനാം വീരനന്ദനൻ.
ചിത്രവാഹനദായാദൻ ധർമ്മാൽ പൗരവനന്ദനൻ 33
പാണ്ഡവർക്കിഷ്ടതനയൻ പാല്യനാണിവനെപ്പൊഴും.
വിരഹംകൊണ്ടു സന്താപമരുതേതുമനിന്ദിതേ! 34

വൈശമ്പായനൻ പറഞ്ഞു
ചിത്രാംഗദയൊടീവണ്ണമോതി ഗോകർണ്ണമെത്തിനാൻ
ആദ്യമാകും ശിവക്ഷേത്രം കാഴ്ചയിൽത്തന്നെ മോക്ഷദം; 35
അവിടെപ്പാപി പോയാലും കൈവരും പരമം പദം.

222. അർജ്ജുനകൃഷ്ണസമാഗമം

തിരുത്തുക

വഴിപോക്കർ പറഞ്ഞു് സുഭദ്രയുടെ സൗന്ദര്യത്തെപ്പറ്റി കേട്ട അർജ്ജുനൻ കൃഷ്ണനെക്കണ്ട് എങ്ങനെയെങ്കിലും ആ സുന്ദരിയെ കൈക്കലാക്കണമെന്നു് തീരുമാനിക്കുന്നു. കൃഷ്ണാർജ്ജുനസമാഗമം. കൃഷ്ണൻ അർജ്ജുനനെ രൈവതക പർവവ്വതത്തിൽ കൊണ്ടുചെന്നാക്കി തനിയേ ദ്വാരകയിലേക്കു പോകുന്നു.


വൈശമ്പായനൻ പറഞ്ഞു
അപരാന്തമെഴും പുണ്യതീർത്ഥക്ഷേത്രങ്ങളായവൻ
എല്ലാം ക്രമംപോലെ പോയിക്കണ്ടാനമിതവിക്രമൻ 1
പശ്ചിമാദ്രിതടം പറ്റും തീർത്ഥക്ഷേത്രങ്ങളായവൻ
എല്ലാം നടന്നു കണ്ടിട്ടാ പ്രഭാസത്തിങ്കലെത്തിനാൻ. 2
രാത്രിയിൽ ഗദനെക്കണ്ടിട്ടവൻ ചൊല്ലി ശ്രവിക്കയാൽ
സുഭദ്രാരൂപമാധര്യഗുണങ്ങളാൻ ചിന്തയേന്തിനാൻ. 3
അവളെക്കിട്ടുവാനെന്തുവഴിയെന്നു നിനച്ചവൻ
വേഷം മാറീട്ടു സന്യാസിവേഷം കൈക്കൊണ്ടു പാണ്ഡവൻ. 4
കുകുരാന്ധകവൃഷ്ണീന്ദ്രരറിയാത്തവിധത്തിലായ്
നടന്നു ഭിക്ഷയും വാങ്ങിപ്പരിവ്രാജകരൂപനായ് 5
'വല്ല കൗശലവും കൈക്കൊണ്ടാ ഗൃഹത്തിൽക്കടന്നു ഞാൻ
അഴകേറുന്ന കൃഷ്ണന്റെയനുജത്തി സുഭദ്രയെ 6
കണ്ടു കൃഷ്ണന്റെ മതവും കണ്ടു കല്യാണമേല്ക്കവൻ'

[ 675 ]

എന്നെല്ലാം നിശ്ചയിച്ചിട്ടു ദീക്ഷകൈക്കൊണ്ടിതായവൻ 7
ത്രിദണ്ഡി മുണ്ഡിതൻ കുണ്ഡിയക്ഷമാല ധരിച്ചവൻ
യോഗപട്ട ധരൻപാർത്ഥൻ പേരാലിനുടെ ചോട്ടിലായ് 8
കടന്നിരുന്നു ബീഭത്സു നിനച്ചൂ വാസുദേവനെ.
ചിന്തചെയ്തതറിഞ്ഞാനദ്ദിവ്യജ്ഞൻ കേശിസൂദനൻ 9
സത്യഭാമയൊടൊന്നിച്ചു മെത്തകേറിക്കിടക്കവേ.
പെട്ടന്നൊന്നു ചിരിച്ചാനന്ദിച്ചു കേശവനേറ്റവും 10
വിണ്ടും വീണ്ടും സത്യഭാമ ചോദിച്ചൂ കൃഷ്ണനോടുടൻ‌.

സത്യഭാമ പറഞ്ഞു
എന്തോ ഭവാൻ ചിന്തചെയ്തീശ്ശയനത്തിൽ കിടക്കവേ 11
ഭഗവാനേ, പലവിധം ചിരിക്കുന്നുണ്ടു വീണ്ടുമേ!
എനിക്കുകേൾക്കാമെന്നാകിൽ കനിവുണ്ടെങ്കലെങ്കിലോ 12
അരളിച്ചെയ്ക ഗോവിന്ദ, കേൾപ്പാനുണ്ടേറ്റമാഗ്രഹം.

ഭഗവാൻ പറഞ്ഞു
എന്നച്ഛൻപെങ്ങടെ മകൻ ഭീമന്നനുജനർജ്ജുനൻ 13
സമയം കാരണം തീർത്ഥയാത്ര ചെയ്യുന്നതുണ്ടെടോ.
തീർത്ഥയാത്ര കഴിഞ്ഞിന്നീ രാത്രിനേടത്തു ഭാരതൻ 14
ചിന്തചെയ്താനുലകിന്നഴകേറും സുഭദ്രയെ
ആബ്ഭദ്രയെച്ചിന്തചെയ്തു യതിവേഷത്തൊടർജ്ജുനൻ 15
സന്യാസിയായ് ദ്വാരകയിൽ വന്നാ മാധവിയെ സ്വയം
വല്ലപാടും കണ്ടു പിന്നെ വാസുദേവമതപ്പടി 16
യത്നിച്ചുകൊൾവനെന്നാണീയർജ്ജുനന്റെ മനോഗതം.
ഏവമെല്ലാമുറച്ചിട്ടു കള്ളസ്സന്യാസി പാണ്ഡവൻ 17
പേരാലിനുടെ പോടിങ്കൽ വർഷത്തെയും സഹിച്ചഹോ!
യോഗപട്ടവുമായ് ചിന്തായോഗം കൈക്കൊണ്ടിരിപ്പതാം. 18

വൈശമ്പായനൻ പറഞ്ഞു
ഭ്രാതാവിനെച്ചെന്നുകാണ്കെന്നോതിനാൾ സത്യഭാമയും
ഉടൻ മെത്തയിൽനിന്നേറ്റു നടന്നൂ മധുസൂദനൻ. 19
പ്രഭാസദേശമെത്തീട്ടുണ്ടർജ്ജുനൻ തീർത്ഥയാത്രയിൽ
ചാരണന്മാർ ചൊല്ലിയേവം കേട്ടിതാ മധുസൂദനൻ. 20
അതുകേട്ടപ്പൊഴൊറ്റയ്ക്കു ഭഗവാനാജ്ജനാർദ്ദനൻ
അറിയാത്തവിധം ചെന്നൂ പാർത്ഥപാർശ്വത്തിൽ മാധവൻ. 21
കൃഷ്ണാർജ്ജുനന്മാരന്യോന്യം പ്രഭാസേ കണ്ടു സാദരം
തമ്മിലാലിംഗനം ചെയ്തു കുശലം ചൊല്ലിയങ്ങനെ. 22
ഇരുന്നിതാ സ്നേഹിതന്മാർ നരനാരായണർഷികൾ
കൃഷ്ണനർജ്ജുനനോടായിച്ചോദിച്ചൂ സാന്ത്വമായുടൻ: 23
“എന്തിന്നാണീത്തീർത്ഥയാത്ര ചെയ്‌വൂ നീ പാണ്ഡുനന്ദന?”

[ 676 ]

ഉടൻ വിവരമായ്ച്ചൊല്ലിക്കൊടുത്താനൊക്കെയർജ്ജുനൻ; 24
അതു കേട്ടോതി വാർഷ്ണേയനിതെന്നാൽ ശരിയെന്നുതാൻ,
ഇഷ്ടമട്ടീപ്രഭാസത്തിൽ ക്രീഡിച്ചാ കൃഷ്ണപാണ്ഡവർ 25
പാർപ്പതിന്നായ് രൈവതപൃകപർവ്വതത്തെയ്ക്കു പൂകിനാർ.
മുന്നമേ കൃഷ്ണവാക്കാലാക്കുന്നിലിലാൾക്കാരിരിപ്പിടം 26
അലങ്കരിച്ചൊരുക്കീട്ടുണ്ടഷ്ടിക്കുള്ളൊരു വട്ടവും.
അതൊക്കെയേറ്റർജ്ജുനൻതാനുപയോഗിച്ചു പാണ്ഡവൻ 27
നാട്യനൃത്തങ്ങളും കണ്ടാ വാസുദേവനോടൊപ്പമേ.
നന്ദിച്ചവരെ മാനിച്ചു വിട്ടയച്ചിതു പാണ്ഡവൻ 28
വിരിച്ച ദിവ്യപ്പൂമെത്ത കേറി കണ്ണനുമൊത്തുതാൻ.
തീർത്ഥങ്ങൾ ദിവ്യക്ഷേത്രങ്ങൾ പുഴ മാടുകൾ കാടുകൾ 29
ഇവ കണ്ടതു തഞ്ചമ്പോലവിടെച്ചൊല്ലിയർജ്ജുന‌ൻ.
അവൻ കഥപറഞ്ഞും കൊണ്ടുറങ്ങീ ജനമേജയ! 30
സ്വർഗ്ഗത്തിനൊത്ത പൂമെത്തയിന്മേൽ കുന്തീകുമാരകൻ.
മധരസ്വരമാം പാട്ടു വീണവായനയങ്ങനെ 31
സ്തോത്രമെന്നിവ കേട്ടാദ്യുണർന്നൂ മംഗളത്തൊടും.
കൃഷ്ണാഭിനന്ദിതൻ നിത്യകൃത്യമെല്ലാം കഴിച്ചവൻ 32
കൃഷ്ണന്റെ സമ്മതം വാങ്ങിച്ചങ്ങു പാർപ്പുമുറച്ചുതേ.
കണ്ണനവ്വണ്ണമെന്നോതീട്ടണ്ണനോടുരചെയ്തുടൻ 33
സന്യാസിവേഷനിപ്പാണ്ഡുപുത്രനേ വിട്ടു കേശവൻ
പൊന്മണിത്തേരിലേറീട്ടാ ദ്വാരകയ്ക്കെഴുന്നെള്ളിനാൻ. 34
ദ്വാരകാപുരിയോ കുന്തീപുത്രന്റെ വരവിന്നഹോ!
അലങ്കരിച്ചിരുന്നൂ നിഷ്കണ്ടകം സർവ്വഭാഗവും. 35
കൗന്തേയനെക്കാണ്മതിന്നായ് ദ്വാരകാപുരവാസികൾ
രാജമാർഗ്ഗത്തിലേക്കെത്തീ നൂറുമായിരവും ക്ഷണാൽ. 36
നൂറുമായിരവും നാരിമാരും കാണും വഴിക്കഹോ!
ഭോജവൃഷ്ണ്യന്ധകന്മാരുമാശു തിക്കിത്തിരക്കിതേ. 37
അവ്വണ്ണമേ ഭോജവൃഷ്ണ്യന്ധകപൂജിതനാമവൻ
വന്ദ്യരായോരെ വന്ദിച്ചു നന്ദിയേറ്റു യഥാക്രമം. 38
കുമാരന്മാർ ചെയ്ത സൽക്കാരാഭിവാദ്യങ്ങളേറ്റുടൻ
വയസ്സുകിടയായോരെ സ്വയംപൂകീട്ടു വീണ്ടുമേ, 39
സ്വന്തമാ മന്ദിരം പൂകീ ഹന്ത കൃഷ്ണൻ മഹാദ്യുതി
പ്രഭാസാൽ വന്നൊരാക്കൃഷ്ണൻതന്നെപ്പൂജിച്ചു ദേവകൾ 40