പരിശുദ്ധ ഖുർആൻ/നംൽ

(Holy Quran/Chapter 27 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ത്വാ-സീൻ. ഖുർആനിലെ, അഥവാ കാര്യങ്ങൾ സ്പഷ്ടമാക്കുന്ന ഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ.

2 സത്യവിശ്വാസികൾക്ക്‌ മാർഗദർശനവും സന്തോഷവാർത്തയുമത്രെ അത്‌.

3 നമസ്കാരം മുറപോലെ നിവ്വഹിക്കുകയും, സകാത്ത്‌ നൽകുകയും, പരലോകത്തിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവർക്ക്‌.

4 പരലോകത്തിൽ വിശ്വസിക്കാത്തതാരോ അവർക്ക്‌ തങ്ങളുടെ പ്രവർത്തനങ്ങൾ നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അങ്ങനെ അവർ വിഹരിച്ചുകൊണ്ടിരിക്കുന്നു.

5 അവരത്രെ കഠിനശിക്ഷയുള്ളവർ. പരലോകത്താകട്ടെ അവർ തന്നെയായിരിക്കും ഏറ്റവും നഷ്ടം നേരിടുന്നവർ.

6 തീർച്ചയായും യുക്തിമാനും സർവ്വജ്ഞനുമായിട്ടുള്ളവൻറെ പക്കൽ നിന്നാകുന്നു നിനക്ക്‌ ഖുർആൻ നൽകപ്പെടുന്നത്‌.

7 മൂസാ തൻറെ കുടുംബത്തോട്‌ പറഞ്ഞ സന്ദർഭം: തീർച്ചയായും ഞാൻ ഒരു തീ കണ്ടിരിക്കുന്നു. അതിൻറെ അടുത്ത്‌ നിന്ന്‌ ഞാൻ നിങ്ങൾക്ക്‌ വല്ല വിവരവും കൊണ്ട്‌ വരാം. അല്ലെങ്കിൽ അതിൽ നിന്ന്‌ ഒരു തീ നാളം കൊളുത്തി എടുത്ത്‌ ഞാൻ നിങ്ങൾക്ക്‌ കൊണ്ട്‌ വരാം. നിങ്ങൾക്ക്‌ തീ കായാമല്ലോ.

8 അങ്ങനെ അദ്ദേഹം അതിനടുത്ത്‌ ചെന്നപ്പോൾ ഇപ്രകാരം വിളിച്ചുപറയപ്പെട്ടു; തീയിലുള്ളവരും അതിനു ചുറ്റുമുള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ലോകരക്ഷിതാവായ അല്ലാഹു എത്രയോ പരിശുദ്ധനാകുന്നു.

9 ഹേ; മൂസാ, തീർച്ചയായും പ്രതാപിയും യുക്തിമാനുമായ അല്ലാഹുവാണ്‌ ഞാൻ.

10 നീ നിൻറെ വടി താഴെയിടൂ. അങ്ങനെ അത്‌ ഒരു സർപ്പമെന്നോണം ചലിക്കുന്നത്‌ കണ്ടപ്പോൾ അദ്ദേഹം പിന്തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ്‌ നോക്കിയില്ല. അല്ലാഹു പറഞ്ഞു: ഹേ; മൂസാ, നീ ഭയപ്പെടരുത്‌. ദൂതൻമാർ എൻറെ അടുക്കൽ പേടിക്കേണ്ടതില്ല; തീർച്ച.

11 പക്ഷെ, വല്ലവനും അക്രമം പ്രവർത്തിക്കുകയും, പിന്നീട്‌ തിൻമയ്ക്ക്‌ ശേഷം നൻമയെ പകരം കൊണ്ട്‌ വരികയും ചെയ്താൽ തീർച്ചയായും ഞാൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

12 നീ നിൻറെ കൈ കുപ്പായമാറിലേക്ക്‌ പ്രവേശിപ്പിക്കുക. യാതൊരു കളങ്കവും കൂടാതെ വെളുപ്പുനിറമുള്ളതായിക്കൊണ്ട്‌ അത്‌ പുറത്ത്‌ വരും. ഫിർഔൻറെയും അവൻറെ ജനതയുടെയും അടുത്തേക്കുള്ള ഒമ്പത്‌ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ ഇവ. തീർച്ചയായും അവർ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു.

13 അങ്ങനെ കണ്ണുതുറപ്പിക്കത്തക്ക നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക്‌ വന്നെത്തിയപ്പോൾ അവർ പറഞ്ഞു: ഇതു സ്പഷ്ടമായ ജാലവിദ്യതന്നെയാകുന്നു.

14 അവയെപ്പറ്റി അവരുടെ മനസ്സുകൾക്ക്‌ ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു. അപ്പോൾ ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കുക.

15 ദാവൂദിനും സുലൈമാന്നും നാം വിജ്ഞാനം നൽകുകയുണ്ടായി. തൻറെ വിശ്വാസികളായ ദാസൻമാരിൽ മിക്കവരെക്കാളും ഞങ്ങൾക്ക്‌ ശ്രേഷ്ഠത നൽകിയ അല്ലാഹുവിന്‌ സ്തുതി എന്ന്‌ അവർ ഇരുവരും പറയുകയും ചെയ്തു.

16 സുലൈമാൻ ദാവൂദിൻറെ അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: ജനങ്ങളേ, പക്ഷികളുടെ ഭാഷ നമുക്ക്‌ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ കാര്യങ്ങളിൽ നിന്നും നമുക്ക്‌ നൽകപ്പെടുകയും ചെയ്തിരിക്കുന്നു. തീർച്ചയായും ഇത്‌ തന്നെയാകുന്നു പ്രത്യക്ഷമായ അനുഗ്രഹം.

17 സുലൈമാന്ന്‌ വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തൻറെ സൈന്യങ്ങൾ ശേഖരിക്കപ്പെട്ടു. അങ്ങനെ അവരതാ ക്രമപ്രകാരം നിർത്തപ്പെടുന്നു.

18 അങ്ങനെ അവർ ഉറുമ്പിൻ താഴ്‌വരയിലൂടെ ചെന്നപ്പോൾ ഒരു ഉറുമ്പ്‌ പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങൾ നിങ്ങളുടെ പാർപ്പിടങ്ങളിൽ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിൻറെ സൈന്യങ്ങളും അവർ ഓർക്കാത്ത വിധത്തിൽ നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ.

19 അപ്പോൾ അതിൻറെ വാക്ക്‌ കേട്ട്‌ അദ്ദേഹം നന്നായൊന്ന്‌ പുഞ്ചിരിച്ചു. എൻറെ രക്ഷിതാവേ, എനിക്കും എൻറെ മാതാപിതാക്കൾക്കും നീ ചെയ്ത്‌ തന്നിട്ടുള്ള നിൻറെ അനുഗ്രഹത്തിന്‌ നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽകർമ്മം ചെയ്യുവാനും എനിക്ക്‌ നീ പ്രചോദനം നൽകേണമേ. നിൻറെ കാരുണ്യത്താൽ നിൻറെ സദ്‌വൃത്തരായ ദാസൻമാരുടെ കൂട്ടത്തിൽ എന്നെ നീ ഉൾപെടുത്തുകയും ചെയ്യേണമേ.

20 അദ്ദേഹം പക്ഷികളെ പരിശോധിക്കുകയുണ്ടായി. എന്നിട്ട്‌ അദ്ദേഹം പറഞ്ഞു; എന്തുപറ്റി? മരംകൊത്തിയെ ഞാൻ കാണുന്നില്ലല്ലോ, അഥവാ അത്‌ സ്ഥലം വിട്ടു പോയ കൂട്ടത്തിലാണോ?

21 ഞാനതിന്‌ കഠിനശിക്ഷ നൽകുകയോ, അല്ലെങ്കിൽ അതിനെ അറുക്കുകയോ തന്നെ ചെയ്യും. അല്ലെങ്കിൽ വ്യക്തമായ വല്ല ന്യായവും അതെനിക്ക്‌ ബോധിപ്പിച്ചു തരണം.

22 എന്നാൽ അത്‌ എത്തിച്ചേരാൻ അധികം താമസിച്ചില്ല. എന്നിട്ട്‌ അത്‌ പറഞ്ഞു: താങ്കൾ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാൻ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടുണ്ട്‌. സബഇൽ നിന്ന്‌ യഥാർത്ഥമായ ഒരു വാർത്തയും കൊണ്ടാണ്‌ ഞാൻ വന്നിരിക്കുന്നത്‌.

23 ഒരു സ്ത്രീ അവരെ ഭരിക്കുന്നതായി ഞാൻ കണ്ടെത്തുകയുണ്ടായി. എല്ലാകാര്യങ്ങളിൽ നിന്നും അവൾക്ക്‌ നൽകപ്പെട്ടിട്ടുണ്ട്‌. അവൾക്ക്‌ ഗംഭീരമായ ഒരു സിംഹാസനവുമുണ്ട്‌.

24 അവളും അവളുടെ ജനതയും അല്ലാഹുവിന്‌ പുറമെ സൂര്യന്‌ പ്രണാമം ചെയ്യുന്നതായിട്ടാണ്‌ ഞാൻ കണ്ടെത്തിയത്‌. പിശാച്‌ അവർക്ക്‌ തങ്ങളുടെ പ്രവർത്തനങ്ങൾ ഭംഗിയായി തോന്നിക്കുകയും, അവരെ നേർമാർഗത്തിൽ നിന്ന്‌ തടയുകയും ചെയ്തിരിക്കുന്നു. അതിനാൽ അവർ നേർവഴി പ്രാപിക്കുന്നില്ല.

25 ആകാശങ്ങളിലും ഭൂമിയിലും ഒളിഞ്ഞു കിടക്കുന്നത്‌ പുറത്ത്‌ കൊണ്ട്‌ വരികയും, നിങ്ങൾ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അറിയുകയും ചെയ്യുന്നവനായ അല്ലാഹുവിന്‌ അവർ പ്രണാമം ചെയ്യാതിരിക്കുവാൻ വേണ്ടി ( പിശാച്‌ അങ്ങനെ ചെയ്യുന്നു. )

26 മഹത്തായ സിംഹാസനത്തിൻറെ നാഥനായ അല്ലാഹു അല്ലാതെ യാതൊരു ദൈവവുമില്ല.

27 സുലൈമാൻ പറഞ്ഞു: നീ സത്യം പറഞ്ഞതാണോ അതല്ല നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലായിരിക്കുന്നുവോ എന്ന്‌ നാം നോക്കാം.

28 നീ എൻറെ ഈ എഴുത്ത്‌ കൊണ്ടു പോയി അവർക്ക്‌ ഇട്ടുകൊടുക്കുക. പിന്നീട്‌ നീ അവരിൽ നിന്ന്‌ മാറി നിന്ന്‌ അവർ എന്ത്‌ മറുപടി നൽകുന്നു എന്ന്‌ നോക്കുക.

29 അവൾ പറഞ്ഞു: ഹേ; പ്രമുഖൻമാരേ, എനിക്കിതാ മാന്യമായ ഒരു എഴുത്ത്‌ നൽകപ്പെട്ടിരിക്കുന്നു.

30 അത്‌ സുലൈമാൻറെ പക്കൽ നിന്നുള്ളതാണ്‌. ആ കത്ത്‌ ഇപ്രകാരമത്രെ: പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻറെ നാമത്തിൽ.

31 എനിക്കെതിരിൽ നിങ്ങൾ അഹങ്കാരം കാണിക്കാതിരിക്കുകയും, കീഴൊതുങ്ങിയവരായിക്കൊണ്ട്‌ നിങ്ങൾ എൻറെ അടുത്ത്‌ വരികയും ചെയ്യുക.

32 അവൾ പറഞ്ഞു: ഹേ; പ്രമുഖൻമാരേ, എൻറെ ഈ കാര്യത്തിൽ നിങ്ങൾ എനിക്ക്‌ നിർദേശം നൽകുക. നിങ്ങൾ എൻറെ അടുക്കൽ സന്നിഹിതരായിട്ടല്ലാതെ യാതൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല ഞാൻ.

33 അവർ പറഞ്ഞു: നാം ശക്തിയുള്ളവരും ഉഗ്രമായ സമരവീര്യമുള്ളവരുമാണ്‌. അധികാരം അങ്ങേക്കാണല്ലോ, അതിനാൽ എന്താണ്‌ കൽപിച്ചരുളേണ്ടതെന്ന്‌ ആലോചിച്ചു നോക്കുക.

34 അവൾ പറഞ്ഞു: തീർച്ചയായും രാജാക്കൻമാർ ഒരു നാട്ടിൽ കടന്നാൽ അവർ അവിടെ നാശമുണ്ടാക്കുകയും, അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യൻമാരാക്കുകയും ചെയ്യുന്നതാണ്‌. അപ്രകാരമാകുന്നു അവർ ചെയ്തു കൊണ്ടിരിക്കുന്നത്‌.

35 ഞാൻ അവർക്ക്‌ ഒരു പാരിതോഷികം കൊടുത്തയച്ചിട്ട്‌ എന്തൊരു വിവരവും കൊണ്ടാണ്‌ ദൂതൻമാർ മടങ്ങിവരുന്നതെന്ന്‌ നോക്കാൻ പോകുകയാണ്‌.

36 അങ്ങനെ അവൻ ( ദൂതൻ ) സുലൈമാൻറെ അടുത്ത്‌ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ സമ്പത്ത്‌ തന്ന്‌ എന്നെ സഹായിക്കുകയാണോ? എന്നാൽ എനിക്ക്‌ അല്ലാഹു നൽകിയിട്ടുള്ളതാണ്‌ നിങ്ങൾക്കവൻ നൽകിയിട്ടുള്ളതിനെക്കാൾ ഉത്തമം. പക്ഷെ, നിങ്ങൾ നിങ്ങളുടെ പാരിതോഷികം കൊണ്ട്‌ സന്തോഷം കൊള്ളുകയാകുന്നു.

37 നീ അവരുടെ അടുത്തേക്ക്‌ തന്നെ മടങ്ങിച്ചെല്ലുക. തീർച്ചയായും അവർക്ക്‌ നേരിടുവാൻ കഴിയാത്ത സൈന്യങ്ങളെയും കൊണ്ട്‌ നാം അവരുടെ അടുത്ത്‌ ചെല്ലുകയും, നിന്ദ്യരും അപമാനിതരുമായ നിലയിൽ അവരെ നാം അവിടെ നിന്ന്‌ പുറത്താക്കുകയും ചെയ്യുന്നതാണ്‌.

38 അദ്ദേഹം ( സുലൈമാൻ ) പറഞ്ഞു: ഹേ; പ്രമുഖൻമാരേ, അവർ കീഴൊതുങ്ങിക്കൊണ്ട്‌ എൻറെ അടുത്ത്‌ വരുന്നതിന്‌ മുമ്പായി നിങ്ങളിൽ ആരാണ്‌ അവളുടെ സിംഹാസനം എനിക്ക്‌ കൊണ്ടു വന്ന്‌ തരിക.?

39 ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലൻ പറഞ്ഞു: അങ്ങ്‌ അങ്ങയുടെ ഈ സദസ്സിൽ നിന്ന്‌ എഴുന്നേൽക്കുന്നതിനുമുമ്പായി ഞാനത്‌ അങ്ങേക്ക്‌ കൊണ്ടുവന്നുതരാം. തീർച്ചയായും ഞാനതിന്‌ കഴിവുള്ളവനും വിശ്വസ്തനുമാകുന്നു.

40 വേദത്തിൽ നിന്നുള്ള വിജ്ഞാനം കരഗതമാക്കിയിട്ടുള്ള ആൾ പറഞ്ഞു; താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക്‌ തിരിച്ചുവരുന്നതിന്‌ മുമ്പായി ഞാനത്‌ താങ്കൾക്ക്‌ കൊണ്ടു വന്ന്‌ തരാം. അങ്ങനെ അത്‌ ( സിംഹാസനം ) തൻറെ അടുക്കൽ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ നന്ദികാണിക്കുമോ, അതല്ല നന്ദികേട്‌ കാണിക്കുമോ എന്ന്‌ എന്നെ പരീക്ഷിക്കുവാനായി എൻറെ രക്ഷിതാവ്‌ എനിക്ക്‌ നൽകിയ അനുഗ്രഹത്തിൽപെട്ടതാകുന്നു ഇത്‌. വല്ലവനും നന്ദികാണിക്കുന്ന പക്ഷം തൻറെ ഗുണത്തിനായിട്ട്‌ തന്നെയാകുന്നു അവൻ നന്ദികാണിക്കുന്നത്‌. വല്ലവനും നന്ദികേട്‌ കാണിക്കുന്ന പക്ഷം തീർച്ചയായും എൻറെ രക്ഷിതാവ്‌ പരാശ്രയമുക്തനും, ഉൽകൃഷ്ടനുമാകുന്നു.

41 അദ്ദേഹം ( സുലൈമാൻ ) പറഞ്ഞു: നിങ്ങൾ അവളുടെ സിംഹാസനം അവൾക്ക്‌ തിരിച്ചറിയാത്ത വിധത്തിൽ മാറ്റുക. അവൾ യാഥാർത്ഥ്യം മനസ്സിലാക്കുമോ, അതല്ല അവൾ യാഥാർത്ഥ്യം കണ്ടെത്താത്തവരുടെ കൂട്ടത്തിലായിരിക്കുമോ എന്ന്‌ നമുക്ക്‌ നോക്കാം.

42 അങ്ങനെ അവൾ വന്നപ്പോൾ ( അവളോട്‌ ) ചോദിക്കപ്പെട്ടു: താങ്കളുടെ സിംഹാസനം ഇതു പോലെയാണോ? അവൾ പറഞ്ഞു: ഇത്‌ അത്‌ തന്നെയാണെന്ന്‌ തോന്നുന്നു. ഇതിനു മുമ്പ്‌ തന്നെ ഞങ്ങൾക്ക്‌ അറിവ്‌ നൽകപ്പെട്ടിരുന്നു. ഞങ്ങൾ മുസ്ലിംകളാവുകയും ചെയ്തിരുന്നു.

43 അല്ലാഹുവിന്‌ പുറമെ അവൾ ആരാധിച്ചിരുന്നതിൽനിന്ന്‌ അദ്ദേഹം അവളെ തടയുകയും ചെയ്തു. തീർച്ചയായും അവൾ സത്യനിഷേധികളായ ജനതയിൽ പെട്ടവളായിരുന്നു.

44 കൊട്ടാരത്തിൽ പ്രവേശിച്ചു കൊള്ളുക എന്ന്‌ അവളോട്‌ പറയപ്പെട്ടു. എന്നാൽ അവളതു കണ്ടപ്പോൾ അതൊരു ജലാശയമാണെന്ന്‌ വിചാരിക്കുകയും, തൻറെ കണങ്കാലുകളിൽ നിന്ന്‌ വസ്ത്രം മേലോട്ട്‌ നീക്കുകയും ചെയ്തു. സുലൈമാൻ പറഞ്ഞു: ഇത്‌ സ്ഫടികകഷ്ണങ്ങൾ പാകിമിനുക്കിയ ഒരു കൊട്ടാരമാകുന്നു. അവൾ പറഞ്ഞു: എൻറെ രക്ഷിതാവേ, ഞാൻ എന്നോട്‌ തന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന്‌ കീഴ്പെട്ടിരിക്കുന്നു.

45 നിങ്ങൾ അല്ലാഹുവെ ( മാത്രം ) ആരാധിക്കുക എന്ന ദൗത്യവുമായി ഥമൂദ്‌ സമുദായത്തിലേക്ക്‌ അവരുടെ സഹോദരനായ സ്വാലിഹിനെയും നാം അയക്കുകയുണ്ടായി. അപ്പോഴതാ അവർ അന്യോന്യം വഴക്കടിക്കുന്ന രണ്ട്‌ കക്ഷികളായിത്തീരുന്നു.

46 അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, നിങ്ങൾ എന്തിനാണ്‌ നൻമയെക്കാൾ മുമ്പായി തിൻമയ്ക്ക്‌ തിടുക്കം കൂട്ടുന്നത്‌.? നിങ്ങൾക്ക്‌ അല്ലാഹുവോട്‌ പാപമോചനം തേടിക്കൂടേ? എങ്കിൽ നിങ്ങൾക്കു കാരുണ്യം നൽകപ്പെട്ടേക്കാം.

47 അവർ പറഞ്ഞു: നീ മൂലവും, നിൻറെ കൂടെയുള്ളവർ മൂലവും ഞങ്ങൾ ശകുനപ്പിഴയിലായിരിക്കുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ശകുനം അല്ലാഹുവിങ്കൽ രേഖപ്പെട്ടതത്രെ. അല്ല, നിങ്ങൾ ( ദൈവികമായ ) പരീക്ഷണത്തിന്‌ വിധേയരാകുന്ന ഒരു ജനതയാകുന്നു.

48 ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരും, ഒരു നൻമയുമുണ്ടാക്കാത്തവരുമായ ഒമ്പതു പേർ ആ പട്ടണത്തിലുണ്ടായിരുന്നു.

49 അവനെ ( സ്വാലിഹിനെ ) യും അവൻറെ ആളുകളെയും നമുക്ക്‌ രാത്രിയിൽ കൊന്നുകളയണമെന്നും പിന്നീട്‌ അവൻറെ അവകാശിയോട്‌, തൻറെ ആളുകളുടെ നാശത്തിന്‌ ഞങ്ങൾ സാക്ഷ്യം വഹിച്ചിട്ടില്ല, തീർച്ചയായും ഞങ്ങൾ സത്യം പറയുന്നവരാകുന്നു എന്ന്‌ നാം പറയണമെന്നും നിങ്ങൾ അല്ലാഹുവിൻറെ പേരിൽ സത്യം ചെയ്യണം എന്ന്‌ അവർ തമ്മിൽ പറഞ്ഞുറച്ചു.

50 അവർ ഒരു തന്ത്രം പ്രയോഗിച്ചു. അവർ ഓർക്കാതിരിക്കെ നാമും ഒരു തന്ത്രം പ്രയോഗിച്ചു.

51 എന്നിട്ട്‌ അവരുടെ തന്ത്രത്തിൻറെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കുക. അതെ, അവരെയും അവരുടെ ജനങ്ങളെയും മുഴുവൻ നാം തകർത്തു കളഞ്ഞു.

52 അങ്ങനെ അവർ അക്രമം പ്രവർത്തിച്ചതിൻറെ ഫലമായി അവരുടെ വീടുകളതാ ( ശൂന്യമായി ) വീണടിഞ്ഞ്‌ കിടക്കുന്നു. തീർച്ചയായും മനസ്സിലാക്കുന്ന ജനങ്ങൾക്കു അതിൽ ദൃഷ്ടാന്തമുണ്ട്‌.

53 വിശ്വസിക്കുകയും, ധർമ്മനിഷ്ഠ പാലിച്ചു വരികയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.

54 ലൂത്വിനെയും ( ഓർക്കുക. ) അദ്ദേഹം തൻറെ ജനതയോട്‌ പറഞ്ഞ സന്ദർഭം: നിങ്ങൾ കണ്ടറിഞ്ഞു കൊണ്ട്‌ നീചവൃത്തി ചെയ്യുകയാണോ?

55 നിങ്ങൾ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട്‌ പുരുഷൻമാരുടെ അടുക്കൽ ചെല്ലുകയാണോ? അല്ല. നിങ്ങൾ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു.

56 ലൂത്വിൻറെ അനുയായികളെ നിങ്ങളുടെ രാജ്യത്ത്‌ നിന്നും പുറത്താക്കുക, അവർ ശുദ്ധിപാലിക്കുന്ന കുറെ ആളുകളാകുന്നു എന്നു പറഞ്ഞത്‌ മാത്രമായിരുന്നു അദ്ദേഹത്തിൻറെ ജനതയുടെ മറുപടി.

57 അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിൻറെ ആളുകളെയും നാം രക്ഷപ്പെടുത്തി; അദ്ദേഹത്തിൻറെ ഭാര്യ ഒഴികെ. പിൻമാറി നിന്നവരുടെ കൂട്ടത്തിലാണ്‌ നാം അവളെ കണക്കാക്കിയത്‌.

58 അവരുടെ മേൽ നാം ഒരു മഴ വർഷിക്കുകയും ചെയ്തു. താക്കീത്‌ നൽകപ്പെട്ടവർക്ക്‌ ലഭിച്ച ആ മഴ എത്രമോശം!

59 ( നബിയേ, ) പറയുക: അല്ലാഹുവിന്‌ സ്തുതി. അവൻ തെരഞ്ഞെടുത്ത അവൻറെ ദാസൻമാർക്ക്‌ സമാധാനം. അല്ലാഹുവാണോ ഉത്തമൻ; അതല്ല, ( അവനോട്‌ ) അവർ പങ്കുചേർക്കുന്നവയോ?

60 അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങൾക്ക്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവനോ? ( അതോ അവരുടെ ദൈവങ്ങളോ! ) എന്നിട്ട്‌ അത്‌ ( വെള്ളം ) മൂലം കൗതുകമുള്ള ചില തോട്ടങ്ങൾ നാം മുളപ്പിച്ചുണ്ടാക്കിത്തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങൾ മുളപ്പിക്കുവാൻ നിങ്ങൾക്ക്‌ കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്ല, അവർ വ്യതിചലിച്ചു പോകുന്ന ഒരു ജനതയാകുന്നു.

61 അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയിൽ നദികളുണ്ടാക്കുകയും, അതിന്‌ ഉറപ്പ്‌ നൽകുന്ന പർവ്വതങ്ങൾ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങൾക്കിടയിൽ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? ( അതോ അവരുടെ ദൈവങ്ങളോ? ) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരിൽ അധികപേരും അറിയുന്നില്ല.

62 അഥവാ, കഷ്ടപ്പെട്ടവൻ വിളിച്ചു പ്രാർത്ഥിച്ചാൽ അവന്നു ഉത്തരം നൽകുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ ( അതല്ല, അവരുടെ ദൈവങ്ങളോ? ) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച്‌ മാത്രമേ നിങ്ങൾ ആലോചിച്ച്‌ മനസ്സിലാക്കുന്നുള്ളൂ.

63 അഥവാ കരയിലെയും കടലിലെയും അന്ധകാരങ്ങളിൽ നിങ്ങൾക്ക്‌ വഴി കാണിക്കുകയും, തൻറെ കാരുണ്യത്തിന്‌ മുമ്പിൽ സന്തോഷസൂചകമായി കാറ്റുകൾ അയക്കുകയും ചെയ്യുന്നവനോ? ( അതല്ല, നിങ്ങളുടെദൈവങ്ങളോ? ) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അവർ പങ്കുചേർക്കുന്നതിനെല്ലാം അല്ലാഹു അതീതനായിരിക്കുന്നു.

64 അഥവാ, സൃഷ്ടി ആരംഭിക്കുകയും പിന്നീട്‌ അത്‌ ആവർത്തിക്കുകയും, ആകാശത്തു നിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക്‌ ഉപജീവനം നൽകുകയും ചെയ്യുന്നവനോ? ( അതല്ല, അവരുടെ ദൈവങ്ങളോ? ) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? ( നബിയേ, ) പറയുക: നിങ്ങൾ സത്യവാൻമാരാണെങ്കിൽ നിങ്ങൾക്കുള്ള തെളിവ്‌ നിങ്ങൾ കൊണ്ട്‌ വരിക.

65 ( നബിയേ, ) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങൾ എന്നാണ്‌ ഉയിർത്തെഴുന്നേൽപിക്കപ്പെടുക എന്നും അവർക്കറിയില്ല.

66 അല്ല, അവരുടെ അറിവ്‌ പരലോകത്തിൽ എത്തി നിൽക്കുകയാണ്‌. അല്ല, അവർ അതിനെപ്പറ്റി സംശയത്തിലാകുന്നു. അല്ല, അവർ അതിനെപ്പറ്റി അന്ധതയിൽ കഴിയുന്നവരത്രെ.

67 അവിശ്വസിച്ചവർ പറഞ്ഞു: ഞങ്ങളും ഞങ്ങളുടെ പിതാക്കളുമൊക്കെ മണ്ണായിക്കഴിഞ്ഞാൽ ഞങ്ങൾ ( ശവകുടീരങ്ങളിൽ നിന്ന്‌ ) പുറത്ത്‌ കൊണ്ടുവരപ്പെടുന്നവരാണെന്നോ?

68 ഞങ്ങളോടും മുമ്പ്‌ ഞങ്ങളുടെ പിതാക്കളോടും ഇപ്രകാരം വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്‌. പൂർവ്വികൻമാരുടെ ഇതിഹാസങ്ങൾ മാത്രമാകുന്നു ഇത്‌.

69 ( നബിയേ, ) പറയുക: നിങ്ങൾ ഭൂമിയിൽ കൂടി സഞ്ചരിച്ചിട്ട്‌ കുറ്റവാളികളുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന്‌ നോക്കുക.

70 നീ അവരുടെ പേരിൽ ദുഃഖിക്കേണ്ട. അവർ നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രത്തെപ്പറ്റി നീ മനഃപ്രയാസത്തിലാവുകയും വേണ്ട.

71 അവർ പറയുന്നു: എപ്പോഴാണ്‌ ഈ വാഗ്ദാനം നടപ്പിൽ വരിക? നിങ്ങൾ സത്യവാൻമാരാണെങ്കിൽ ( പറഞ്ഞുതരൂ. )

72 നീ പറയുക: നിങ്ങൾ ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ചിലത്‌ ഒരു പക്ഷെ നിങ്ങളുടെ തൊട്ടു പുറകിൽ എത്തിയിട്ടുണ്ടായിരിക്കാം.

73 തീർച്ചയായും നിൻറെ രക്ഷിതാവ്‌ മനുഷ്യരോട്‌ ഔദാര്യമുള്ളവൻ തന്നെയാകുന്നു. പക്ഷെ അവരിൽ അധികപേരും നന്ദികാണിക്കുന്നില്ല.

74 അവരുടെ ഹൃദയങ്ങൾ ഒളിച്ച്‌ വെക്കുന്നതും അവർ പരസ്യമാക്കുന്നതും എല്ലാം നിൻറെ രക്ഷിതാവ്‌ അറിയുന്നു.

75 ആകാശത്തിലോ ഭൂമിയിലോ മറഞ്ഞു കിടക്കുന്ന യാതൊരു കാര്യവും സ്പഷ്ടമായ ഒരു രേഖയിൽ രേഖപ്പെടുത്താതിരുന്നിട്ടില്ല.

76 ഇസ്രായീൽ സന്തതികൾ അഭിപ്രായഭിന്നത പുലർത്തിക്കൊണ്ടിരിക്കുന്ന വിഷയങ്ങളിൽ മിക്കതും ഈ ഖുർആൻ അവർക്ക്‌ വിവരിച്ചുകൊടുക്കുന്നു.

77 തീർച്ചയായും ഇത്‌ സത്യവിശ്വാസികൾക്ക്‌ മാർഗദർശനവും കാരുണ്യവുമാകുന്നു.

78 തീർച്ചയായും നിൻറെ രക്ഷിതാവ്‌ തൻറെ വിധിയിലൂടെ അവർക്കിടയിൽ തീർപ്പുകൽപിക്കുന്നതാണ്‌. അവനത്രെ പ്രതാപിയും സർവ്വജ്ഞനും.

79 അതിനാൽ നീ അല്ലാഹുവെ ഭരമേൽപിച്ചു കൊള്ളുക. തീർച്ചയായും നീ സ്പഷ്ടമായ സത്യത്തിൽ തന്നെയാകുന്നു.

80 മരണപ്പെട്ടവരെ നിനക്ക്‌ കേൾപിക്കാനാവുകയില്ല; തീർച്ച. ബധിരൻമാർ പുറംതിരിച്ചു മാറിപോയാൽ അവരെയും നിനക്ക്‌ വിളികേൾപിക്കാനാവില്ല.

81 അന്ധൻമാരെ അവരുടെ ദുർമാർഗത്തിൽ നിന്നും നേർവഴിക്ക്‌ കൊണ്ടുവരാനും നിനക്ക്‌ കഴിയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും തന്നിമിത്തം കീഴൊതുങ്ങുന്നവരായിരിക്കുകയും ചെയ്യുന്നവരെയല്ലാതെ നിനക്ക്‌ കേൾപിക്കാനാവില്ല.

82 ആ വാക്ക്‌ അവരുടെ മേൽ വന്നുഭവിച്ചാൽ ഭൂമിയിൽ നിന്ന്‌ ഒരു ജന്തുവെ നാം അവരുടെ നേരെ പുറപ്പെടുവിക്കുന്നതാണ്‌. മനുഷ്യർ നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ദൃഢവിശ്വാസം കൊള്ളാതിരിക്കുകയാകുന്നു എന്ന വിഷയം അത്‌ അവരോട്‌ സംസാരിക്കുന്നതാണ്‌.

83 ഓരോ സമുദായത്തിൽ നിന്നും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളുന്ന ഓരോ സംഘത്തെ നാം ഒരുമിച്ചുകൂട്ടുകയും, അങ്ങനെ അവർ ക്രമത്തിൽ നിർത്തപ്പെടുകയും ചെയ്യുന്ന ദിവസത്തെ ( ഓർക്കുക. )

84 അങ്ങനെ അവർ വന്നു കഴിഞ്ഞാൽ അവൻ പറയും: എൻറെ ദൃഷ്ടാന്തങ്ങളെപ്പറ്റി തികച്ചും മനസ്സിലാക്കാതെ നിങ്ങൾ അവയെ നിഷേധിച്ച്‌ തള്ളുകയാണോ ചെയ്തത്‌? അതല്ല, എന്താണ്‌ നിങ്ങൾ ചെയ്തു കൊണ്ടിരുന്നത്‌.?

85 അവർ അക്രമം പ്രവർത്തിച്ചതു നിമിത്തം ( ശിക്ഷയെപ്പറ്റിയുള്ള ) വാക്ക്‌ അവരുടെ മേൽ വന്നു ഭവിച്ചു. അപ്പോൾ അവർ ( യാതൊന്നും ) ഉരിയാടുകയില്ല.

86 രാത്രിയെ നാം അവർക്ക്‌ സമാധാനമടയാനുള്ളതാക്കുകയും, പകലിനെ പ്രകാശമുള്ളതാക്കുകയും ചെയ്തിരിക്കുന്നു എന്നവർ കണ്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങൾക്കു തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌.

87 കാഹളത്തിൽ ഊതപ്പെടുന്ന ദിവസത്തെ ( ഓർക്കുക ). അപ്പോൾ ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും ഭയവിഹ്വലരായിപ്പോകും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. എല്ലാവരും എളിയവരായിക്കൊണ്ട്‌ അവൻറെ അടുത്ത്‌ ചെല്ലുകയും ചെയ്യും.

88 പർവ്വതങ്ങളെ നീ കാണുമ്പോൾ അവ ഉറച്ചുനിൽക്കുന്നതാണ്‌ എന്ന്‌ നീ ധരിച്ച്‌ പോകും. എന്നാൽ അവ മേഘങ്ങൾ ചലിക്കുന്നത്‌ പോലെ ചലിക്കുന്നതാണ്‌. എല്ലാകാര്യവും കുറ്റമറ്റതാക്കിത്തീർത്ത അല്ലാഹുവിൻറെ പ്രവർത്തനമത്രെ അത്‌. തീർച്ചയായും അവൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

89 ആർ നൻമയും കൊണ്ട്‌ വന്നോ അവന്‌ ( അന്ന്‌ ) അതിനെക്കാൾ ഉത്തമമായത്‌ ഉണ്ടായിരിക്കും. അന്ന്‌ ഭയവിഹ്വലതയിൽ നിന്ന്‌ അവർ സുരക്ഷിതരായിരിക്കുകയും ചെയ്യും.

90 ആർ തിൻമയും കൊണ്ട്‌ വന്നുവോ അവർ നരകത്തിൽ മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്‌. നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങൾക്ക്‌ പ്രതിഫലം നൽകപ്പെടുമോ?

91 ( നീ പറയുക: ) ഈ രാജ്യത്തെ പവിത്രമാക്കിത്തീർത്ത ഇതിൻറെ രക്ഷിതാവിനെ ആരാധിക്കുവാൻ മാത്രമാണ്‌ ഞാൻ കൽപിക്കപ്പെട്ടിട്ടുള്ളത്‌. എല്ലാ വസ്തുവും അവൻറെതത്രെ. ഞാൻ കീഴ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കണമെന്നും കൽപിക്കപ്പെട്ടിരിക്കുന്നു.

92 ഖുർആൻ ഓതികേൾപിക്കുവാനും ( ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു. ) ആകയാൽ വല്ലവരും സൻമാർഗം സ്വീകരിക്കുന്ന പക്ഷം സ്വന്തം ഗുണത്തിനായി തന്നെയാണ്‌ അവൻ സൻമാർഗം സ്വീകരിക്കുന്നത്‌. വല്ലവനും വ്യതിചലിച്ചു പോകുന്ന പക്ഷം നീ പറഞ്ഞേക്കുക: ഞാൻ മുന്നറിയിപ്പുകാരിൽ ഒരാൾ മാത്രമാകുന്നു.

93 പറയുക: അല്ലാഹുവിന്‌ സ്തുതി. തൻറെ ദൃഷ്ടാന്തങ്ങൾ അവൻ നിങ്ങൾക്ക്‌ കാണിച്ചുതരുന്നതാണ്‌. അപ്പോൾ നിങ്ങൾക്കവ മനസ്സിലാകും. നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യാതൊന്നിനെപ്പറ്റിയും നിൻറെ രക്ഷിതാവ്‌ അശ്രദ്ധനല്ല.

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/നംൽ&oldid=52311" എന്ന താളിൽനിന്ന് ശേഖരിച്ചത്