പരിശുദ്ധ ഖുർആൻ/ഖസസ്

(Holy Quran/Chapter 28 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ത്വാ-സീൻ-മീം

2 സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ.

3 വിശ്വസിക്കുന്ന ജനങ്ങൾക്ക്‌ വേണ്ടി മൂസായുടെയും ഫിർഔൻറെയും വൃത്താന്തത്തിൽ നിന്നും സത്യപ്രകാരം നിനക്ക്‌ നാം ഓതികേൾപിക്കുന്നു.

4 തീർച്ചയായും ഫിർഔൻ നാട്ടിൽ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവൻ വ്യത്യസ്ത കക്ഷികളാക്കിത്തീർക്കുകയും ചെയ്തു. അവരിൽ ഒരു വിഭാഗത്തെ ദുർബലരാക്കിയിട്ട്‌ അവരുടെ ആൺമക്കളെ അറുകൊല നടത്തുകയും അവരുടെ പെൺമക്കളെ ജീവിക്കാൻ അനുവദിക്കുകയും ചെയ്തുകൊണ്ട്‌. തീർച്ചയായും അവൻ നാശകാരികളിൽ പെട്ടവനായിരുന്നു.

5 നാമാകട്ടെ ഭൂമിയിൽ അടിച്ചമർത്തപ്പെട്ട ദുർബലരോട്‌ ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ ( നാടിൻറെ ) അനന്തരാവകാശികളാക്കാനുമാണ്‌ ഉദ്ദേശിക്കുന്നത്‌.

6 അവർക്ക്‌ ( ആ മർദ്ദിതർക്ക്‌ ) ഭൂമിയിൽ സ്വാധീനം നൽകുവാനും, ഫിർഔന്നും ഹാമാന്നും അവരുടെ സൈന്യങ്ങൾക്കും അവരിൽ നിന്ന്‌ തങ്ങൾ ആശങ്കിച്ചിരുന്നതെന്തോ അത്‌ കാണിച്ചുകൊടുക്കുവാനും ( നാം ഉദ്ദേശിക്കുന്നു. )

7 മൂസായുടെ മാതാവിന്‌ നാം ബോധനം നൽകി: അവന്ന്‌ നീ മുലകൊടുത്തു കൊള്ളുക. ഇനി അവൻറെ കാര്യത്തിൽ നിനക്ക്‌ ഭയം തോന്നുകയാണെങ്കിൽ അവനെ നീ നദിയിൽ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീർച്ചയായും അവനെ നാം നിൻറെ അടുത്തേക്ക്‌ തിരിച്ച്‌ കൊണ്ട്‌ വരുന്നതും , അവനെ ദൈവദൂതൻമാരിൽ ഒരാളാക്കുന്നതുമാണ്‌.

8 എന്നിട്ട്‌ ഫിർഔൻറെ ആളുകൾ അവനെ ( നദിയിൽ നിന്ന്‌ ) കണ്ടെടുത്തു. അവൻ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാൻ വേണ്ടി. തീർച്ചയായും ഫിർഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു.

9 ഫിർഔൻറെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന്‌ കുളിർമയത്രെ ( ഈ കുട്ടി. ) അതിനാൽ ഇവനെ നിങ്ങൾ കൊല്ലരുത്‌. ഇവൻ നമുക്ക്‌ ഉപകരിച്ചേക്കാം. അല്ലെങ്കിൽ ഇവനെ നമുക്ക്‌ ഒരു മകനായി സ്വീകരിക്കാം. അവർ യാഥാർത്ഥ്യം ഗ്രഹിച്ചിരുന്നില്ല.

10 മൂസായുടെ മാതാവിൻറെ മനസ്സ്‌ ( അന്യ ചിന്തകളിൽ നിന്ന്‌ ) ഒഴിവായതായിത്തീർന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിർത്തിയില്ലായിരുന്നുവെങ്കിൽ അവൻറെ കാര്യം അവൾ വെളിപ്പെടുത്തിയേക്കുമായിരുന്നു. അവൾ സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാൻ വേണ്ടിയത്രെ ( നാം അങ്ങനെ ചെയ്തത്‌. )

11 അവൾ അവൻറെ ( മൂസായുടെ ) സഹോദരിയോട്‌ പറഞ്ഞു: നീ അവൻറെ പിന്നാലെ പോയി അന്വേഷിച്ചു നോക്കൂ. അങ്ങനെ ദൂരെ നിന്ന്‌ അവൾ അവനെ നിരീക്ഷിച്ചു. അവർ അതറിഞ്ഞിരുന്നില്ല.

12 അതിനു മുമ്പ്‌ മുലയൂട്ടുന്ന സ്ത്രീകൾ അവന്ന്‌ മുലകൊടുക്കുന്നതിന്‌ നാം തടസ്സമുണ്ടാക്കിയിരുന്നു. അപ്പോൾ അവൾ ( സഹോദരി ) പറഞ്ഞു: നിങ്ങൾക്ക്‌ വേണ്ടി ഇവനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെപ്പറ്റി ഞാൻ നിങ്ങൾക്ക്‌ അറിവ്‌ തരട്ടെയോ? അവർ ഇവൻറെ ഗുണകാംക്ഷികളായിരിക്കുകയും ചെയ്യും.

13 അങ്ങനെ അവൻറെ മാതാവിൻറെ കണ്ണ്‌ കുളിർക്കുവാനും, അവൾ ദുഃഖിക്കാതിരിക്കുവാനും, അല്ലാഹുവിൻറെ വാഗ്ദാനം സത്യമാണെന്ന്‌ അവൾ മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവൾക്ക്‌ തിരിച്ചേൽപിച്ചു. പക്ഷെ അവരിൽ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.

14 അങ്ങനെ അദ്ദേഹം ( മൂസാ ) ശക്തി പ്രാപിക്കുകയും, പാകത എത്തുകയും ചെയ്തപ്പോൾ അദ്ദേഹത്തിന്‌ നാം വിവേകവും വിജ്ഞാനവും നൽകി. അപ്രകാരമാണ്‌ സദ്‌വൃത്തർക്ക്‌ നാം പ്രതിഫലം നൽകുന്നത്‌.

15 പട്ടണവാസികൾ അശ്രദ്ധരായിരുന്ന സമയത്ത്‌ മൂസാ അവിടെ കടന്നു ചെന്നു. അപ്പോൾ അവിടെ രണ്ടുപുരുഷൻമാർ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാൾ തൻറെ കക്ഷിയിൽ പെട്ടവൻ. മറ്റൊരാൾ തൻറെ ശത്രുവിഭാഗത്തിൽ പെട്ടവനും. അപ്പോൾ തൻറെ കക്ഷിയിൽ പെട്ടവൻ തൻറെ ശത്രുവിഭാഗത്തിൽ പെട്ടവന്നെതിരിൽ അദ്ദേഹത്തോട്‌ സഹായം തേടി. അപ്പോൾ മൂസാ അവനെ മുഷ്ടിചുരുട്ടി ഇടിച്ചു. അതവൻറെ കഥ കഴിച്ചു. മൂസാ പറഞ്ഞു: ഇത്‌ പിശാചിൻറെ പ്രവർത്തനത്തിൽ പെട്ടതാകുന്നു. അവൻ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു.

16 അദ്ദേഹം പറഞ്ഞു: എൻറെ രക്ഷിതാവേ, തീർച്ചയായും ഞാൻ എന്നോട്‌ തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാൽ നീ എനിക്ക്‌ പൊറുത്തുതരേണമേ. അപ്പോൾ അദ്ദേഹത്തിന്‌ അവൻ പൊറുത്തുകൊടുത്തു. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

17 അദ്ദേഹം പറഞ്ഞു: എൻറെ രക്ഷിതാവേ, നീ എനിക്ക്‌ അനുഗ്രഹം നൽകിയിട്ടുള്ളതു കൊണ്ട്‌ ഇനി ഒരിക്കലും ഞാൻ കുറ്റവാളികൾക്കു സഹായം നൽകുന്നവനാവുകയില്ല.

18 അങ്ങനെ അദ്ദേഹം പട്ടണത്തിൽ ഭയപ്പാടോടും കരുതലോടും കൂടി വർത്തിച്ചു. അപ്പോഴതാ തലേദിവസം തന്നോട്‌ സഹായം തേടിയവൻ വീണ്ടും തന്നോട്‌ സഹായത്തിനു മുറവിളികൂട്ടുന്നു. മൂസാ അവനോട്‌ പറഞ്ഞു: നീ വ്യക്തമായും ഒരു ദുർമാർഗി തന്നെയാകുന്നു.

19 എന്നിട്ട്‌ അവർ ഇരുവർക്കും ശത്രുവായിട്ടുള്ളവനെ പിടികൂടാൻ അദ്ദേഹം ഉദ്ദേശിച്ചപ്പോൾ അവൻ പറഞ്ഞു: ഹേ മൂസാ, ഇന്നലെ നീ ഒരാളെ കൊന്നത്‌ പോലെ നീ എന്നെയും കൊല്ലാൻ ഉദ്ദേശിക്കുകയാണോ? നാട്ടിൽ ഒരു പോക്കിരിയാകാൻ മാത്രമാണ്‌ നീ ഉദ്ദേശിക്കുന്നത്‌. നൻമയുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകാൻ നീ ഉദ്ദേശിക്കുന്നില്ല.

20 പട്ടണത്തിൻറെ അങ്ങേ അറ്റത്തു നിന്ന്‌ ഒരു പുരുഷൻ ഓടിവന്നു. അയാൾ പറഞ്ഞു: ഹേ; മൂസാ, താങ്കളെ കൊല്ലാൻ വേണ്ടി പ്രമുഖവ്യക്തികൾ ആലോചന നടത്തികൊണ്ടിരിക്കുന്നുണ്ട്‌. അതിനാൽ താങ്കൾ ( ഈജിപ്തിൽ നിന്ന്‌ ) പുറത്ത്‌ പോയിക്കൊള്ളുക. തീർച്ചയായും ഞാൻ താങ്കളുടെ ഗുണകാംക്ഷികളുടെ കൂട്ടത്തിലാകുന്നു.

21 അങ്ങനെ ഭയപ്പാടോടും കരുതലോടും കൂടി അദ്ദേഹം അവിടെ നിന്ന്‌ പുറപ്പെട്ടു. അദ്ദേഹം പറഞ്ഞു: എൻറെ രക്ഷിതാവേ, അക്രമികളായ ജനതയിൽ നിന്ന്‌ എന്നെ നീ രക്ഷപ്പെടുത്തേണമേ.

22 മദ്‌യൻറെ നേർക്ക്‌ യാത്ര തിരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: എൻറെ രക്ഷിതാവ്‌ ശരിയായ മാർഗത്തിലേക്ക്‌ എന്നെ നയിച്ചേക്കാം.

23 മദ്‌യനിലെ ജലാശയത്തിങ്കൽ അദ്ദേഹം ചെന്നെത്തിയപ്പോൾ ആടുകൾക്ക്‌ വെള്ളം കൊടുത്ത്‌ കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത്‌ അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി ( തങ്ങളുടെ ആട്ടിൻ പറ്റത്തെ ) തടഞ്ഞു നിർത്തിക്കൊണ്ടിരിക്കുന്ന രണ്ട്‌ സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ്‌ നിങ്ങളുടെ പ്രശ്നം? അവർ പറഞ്ഞു: ഇടയൻമാർ ( ആടുകൾക്ക്‌ വെള്ളം കൊടുത്ത്‌ ) തിരിച്ചു കൊണ്ടു പോകുന്നത്‌ വരെ ഞങ്ങൾക്ക്‌ വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്‌.

24 അങ്ങനെ അവർക്കു വേണ്ടി അദ്ദേഹം ( അവരുടെ കാലികൾക്ക്‌ ) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക്‌ മാറിയിരുന്നിട്ട്‌ ഇപ്രകാരം പ്രാർത്ഥിച്ചു: എൻറെ രക്ഷിതാവേ, നീ എനിക്ക്‌ ഇറക്കിത്തരുന്ന ഏതൊരു നൻമയ്ക്കും ഞാൻ ആവശ്യക്കാരനാകുന്നു.

25 അപ്പോൾ ആ രണ്ട്‌ സ്ത്രീകളിൽ ഒരാൾ നാണിച്ചു കൊണ്ട്‌ അദ്ദേഹത്തിൻറെ അടുത്ത്‌ നടന്നു ചെന്നിട്ട്‌ പറഞ്ഞു: താങ്കൾ ഞങ്ങൾക്കു വേണ്ടി ( ആടുകൾക്ക്‌ ) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കൾക്കു നൽകുവാനായി എൻറെ പിതാവ്‌ താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിൻറെ അടുത്ത്‌ ചെന്നിട്ട്‌ തൻറെ കഥ അദ്ദേഹത്തിന്‌ വിവരിച്ചുകൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയിൽനിന്ന്‌ നീ രക്ഷപ്പെട്ടിരിക്കുന്നു.

26 ആ രണ്ടുസ്ത്രീകളിലൊരാൾ പറഞ്ഞു: എൻറെ പിതാവേ, ഇദ്ദേഹത്തെ താങ്കൾ കൂലിക്കാരനായി നിർത്തുക. തീർച്ചയായും താങ്കൾ കൂലിക്കാരായി എടുക്കുന്നവരിൽ ഏറ്റവും ഉത്തമൻ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ.

27 അദ്ദേഹം ( പിതാവ്‌ ) പറഞ്ഞു: നീ എട്ടു വർഷം എനിക്ക്‌ കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയിൽ എൻറെ ഈ രണ്ടു പെൺമക്കളിൽ ഒരാളെ നിനക്ക്‌ വിവാഹം ചെയ്തു തരാൻ ഞാൻ ഉദ്ദേശിക്കുന്നു. ഇനി പത്തുവർഷം നീ പൂർത്തിയാക്കുകയാണെങ്കിൽ അത്‌ നിൻറെ ഇഷ്ടം. നിനക്ക്‌ പ്രയാസമുണ്ടാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയിൽ വർത്തിക്കുന്നവരിൽ ഒരാളായി നിനക്ക്‌ എന്നെ കാണാം.

28 അദ്ദേഹം ( മൂസാ ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട്‌ അവധികളിൽ ഏത്‌ ഞാൻ നിറവേറ്റിയാലും എന്നോട്‌ വിരോധമുണ്ടാകരുത്‌. നാം പറയുന്നതിന്‌ അല്ലാഹു സാക്ഷിയാകുന്നു.

29 അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തൻറെ കുടുംബവും കൊണ്ട്‌ യാത്രപോകുകയും ചെയ്തപ്പോൾ പർവ്വതത്തിൻറെ ഭാഗത്ത്‌ നിന്ന്‌ അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തൻറെ കുടുംബത്തോട്‌ പറഞ്ഞു: നിങ്ങൾ നിൽക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന്‌ വല്ല വിവരമോ, അല്ലെങ്കിൽ ഒരു തീക്കൊള്ളിയോ ഞാൻ നിങ്ങൾക്ക്‌ കൊണ്ടുവന്ന്‌ തന്നേക്കാം. നിങ്ങൾക്ക്‌ തീ കായാമല്ലോ?

30 അങ്ങനെ അദ്ദേഹം അതിന്നടുത്ത്‌ ചെന്നപ്പോൾ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്ത്‌ നിന്ന്‌, ഒരു വൃക്ഷത്തിൽ നിന്ന്‌ അദ്ദേഹത്തോട്‌ വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ, തീർച്ചയായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു.

31 നീ നിൻറെ വടി താഴെയിടൂ! എന്നിട്ടത്‌ ഒരു സർപ്പമെന്നോണം പിടയുന്നത്‌ കണ്ടപ്പോൾ അദ്ദേഹം പിന്നോക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ്‌ നോക്കിയത്‌ പോലുമില്ല. അല്ലാഹു പറഞ്ഞു: മൂസാ! നീ മുന്നോട്ട്‌ വരിക. പേടിക്കേണ്ട. തീർച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു.

32 നീ നിൻറെ കൈ കുപ്പായമാറിലേക്ക്‌ പ്രവേശിപ്പിക്കുക. യാതൊരു കെടുതിയും കൂടാതെ വെളുത്തതായി അതുപുറത്ത്‌ വരുന്നതാണ്‌. ഭയത്തിൽ നിന്ന്‌ മോചനത്തിനായ്‌ നിൻറെ പാർശ്വഭാഗം നീ ശരീരത്തിലേക്ക്‌ ചേർത്ത്‌ പിടിക്കുകയും ചെയ്യുക. അങ്ങനെ അത്‌ രണ്ടും ഫിർഔൻറെയും, അവൻറെ പ്രമുഖൻമാരുടെയും അടുത്തേക്ക്‌ നിൻറെ രക്ഷിതാവിങ്കൽ നിന്നുള്ള രണ്ടു തെളിവുകളാകുന്നു. തീർച്ചയായും അവർ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു.

33 അദ്ദേഹം പറഞ്ഞു: എൻറെ രക്ഷിതാവേ, അവരുടെ കൂട്ടത്തിൽ ഒരാളെ ഞാൻ കൊന്നുപോയിട്ടുണ്ട്‌. അതിനാൽ അവർ എന്നെ കൊല്ലുമെന്ന്‌ ഞാൻ ഭയപ്പെടുന്നു.

34 എൻറെ സഹോദരൻ ഹാറൂൻ എന്നെക്കാൾ വ്യക്തമായി സംസാരിക്കാൻ കഴിവുള്ളവനാകുന്നു. അതു കൊണ്ട്‌ എന്നോടൊപ്പം എൻറെ സത്യത സ്ഥാപിക്കുന്ന ഒരു സഹായിയായി കൊണ്ട്‌ അവനെ നീ നിയോഗിക്കേണമേ. അവർ എന്നെ നിഷേധിച്ച്‌ കളയുമെന്ന്‌ തീർച്ചയായും ഞാൻ ഭയപ്പെടുന്നു.

35 അവൻ ( അല്ലാഹു ) പറഞ്ഞു: നിൻറെ സഹോദരൻ മുഖേന നിൻറെ കൈക്ക്‌ നാം ബലം നൽകുകയും, നിങ്ങൾക്ക്‌ ഇരുവർക്കും നാം ഒരു ആധികാരിക ശക്തി നൽകുകയും ചെയ്യുന്നതാണ്‌. അതിനാൽ അവർ നിങ്ങളുടെ അടുത്ത്‌ എത്തുകയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങൾ നിമിത്തം നിങ്ങളും നിങ്ങളെ പിന്തുടരുന്നവരും തന്നെയായിരിക്കും വിജയികൾ.

36 അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട്‌ മൂസാ അവരുടെ അടുത്ത്‌ ചെന്നപ്പോൾ അവർ പറഞ്ഞു: ഇത്‌ വ്യാജനിർമിതമായ ഒരു ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ പൂർവ്വ പിതാക്കളിൽ ഇങ്ങനെ ഒരു കാര്യത്തെപ്പറ്റി നാം കേട്ടിട്ടുമില്ല.

37 മൂസാ പറഞ്ഞു: തൻറെ പക്കൽ നിന്ന്‌ സൻമാർഗവും കൊണ്ട്‌ വന്നിട്ടുള്ളവനാരെന്നും, ഈ ലോകത്തിൻറെ പര്യവസാനം ആർക്ക്‌ അനുകൂലമായിരിക്കുമെന്നും എൻറെ രക്ഷിതാവിന്‌ നല്ലപോലെ അറിയാം. അക്രമികൾ വിജയം പ്രാപിക്കുകയില്ല; തീർച്ച.

38 ഫിർഔൻ പറഞ്ഞു: പ്രമുഖൻമാരെ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങൾക്കുള്ളതായി ഞാൻ അറിഞ്ഞിട്ടില്ല. അതുകൊണ്ട്‌ ഹാമാനേ, എനിക്കു വേണ്ടി കളിമണ്ണുകൊണ്ട്‌ ( ഇഷ്ടിക ) ചുട്ടെടുക്കുക. എന്നിട്ട്‌ എനിക്ക്‌ നീ ഒരു ഉന്നത സൗധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക്‌ എനിക്കൊന്നു എത്തിനോക്കാമല്ലോ. തീർച്ചയായും അവൻ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ്‌ ഞാൻ വിചാരിക്കുന്നത്‌.

39 അവനും അവൻറെ സൈന്യങ്ങളും ഭൂമിയിൽ അന്യായമായി അഹങ്കരിക്കുകയും, നമ്മുടെ അടുക്കലേക്ക്‌ അവർ മടക്കപ്പെടുകയില്ലെന്ന്‌ അവർ വിചാരിക്കുകയും ചെയ്തു.

40 അതിനാൽ അവനെയും അവൻറെ സൈന്യങ്ങളെയും നാം പിടികൂടി കടലിൽ എറിഞ്ഞ്‌ കളഞ്ഞു. അപ്പോൾ ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കൂ.

41 അവരെ നാം നരകത്തിലേക്ക്‌ ക്ഷണിക്കുന്ന നേതാക്കൻമാരാക്കി. ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവർക്കൊരു സഹായവും നൽകപ്പെടുന്നതല്ല.

42 ഈ ഐഹികജീവിതത്തിൽ അവരുടെ പിന്നാലെ നാം ശാപം അയക്കുകയും ചെയ്തു. ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവർ വെറുക്കപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.

43 പൂർവ്വതലമുറകളെ നാം നശിപ്പിച്ചതിന്‌ ശേഷം, ജനങ്ങൾക്കു ഉൾകാഴ്ച നൽകുന്ന തെളിവുകളും മാർഗദർശനവും കാരുണ്യവുമായിക്കൊണ്ട്‌ മൂസായ്ക്ക്‌ നാം വേദഗ്രന്ഥം നൽകുകയുണ്ടായി. അവർ ചിന്തിച്ച്‌ ഗ്രഹിച്ചേക്കാമല്ലോ.

44 ( നബിയേ, ) മൂസായ്ക്ക്‌ നാം കൽപന ഏൽപിച്ച്‌ കൊടുത്ത സമയത്ത്‌ ആ പടിഞ്ഞാറെ മലയുടെ പാർശ്വത്തിൽ നീ ഉണ്ടായിരുന്നില്ല. ( ആ സംഭവത്തിന്‌ ) സാക്ഷ്യം വഹിച്ചവരുടെ കൂട്ടത്തിൽ നീ ഉണ്ടായിരുന്നതുമില്ല.

45 പക്ഷെ നാം ( പിന്നീട്‌ ) പല തലമുറകളെയും വളർത്തിയെടുത്തു. അങ്ങനെ അവരിലൂടെ യുഗങ്ങൾ ദീർഘിച്ചു. മദ്‌യങ്കാർക്ക്‌ നമ്മുടെ ദൃഷ്ടാന്തങ്ങൾ ഓതികേൾപിച്ചു കൊടുത്തു കൊണ്ട്‌ നീ അവർക്കിടയിൽ താമസിച്ചിരുന്നില്ല.പക്ഷെ നാം ദൂതൻമാരെ നിയോഗിക്കുന്നവനായിരിക്കുന്നു.

46 നാം ( മൂസായെ ) വിളിച്ച സമയത്ത്‌ ആ പർവ്വതത്തിൻറെ പാർശ്വത്തിൽ നീ ഉണ്ടായിരുന്നുമില്ല. പക്ഷെ, നിൻറെ രക്ഷിതാവിങ്കൽ നിന്നുള്ള കാരുണ്യത്താൽ ( ഇതെല്ലാം അറിയിച്ച്‌ തരികയാകുന്നു. ) നിനക്ക്‌ മുമ്പ്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക്‌ നീ താക്കീത്‌ നൽകുവാൻ വേണ്ടിയത്രെ ഇത്‌. അവർ ആലോചിച്ച്‌ മനസ്സിലാക്കിയേക്കാം.

47 തങ്ങളുടെ കൈകൾ മുൻകൂട്ടിചെയ്തു വെച്ചതിൻറെ ഫലമായി അവർക്കു വല്ല വിപത്തും നേരിടുകയും അപ്പോൾ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ അടുത്തേക്ക്‌ നിനക്ക്‌ ഒരു ദൂതനെ അയച്ചുകൂടായിരുന്നോ, എങ്കിൽ ഞങ്ങൾ നിൻറെ തെളിവുകൾ പിന്തുടരുകയും, ഞങ്ങൾ സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്തേനെ എന്ന്‌ അവർ പറയുകയും ചെയ്യില്ലായിരുന്നുവെങ്കിൽ ( നാം നിന്നെ ദൂതനായി അയക്കുമായിരുന്നില്ല. )

48 എന്നാൽ നമ്മുടെ പക്കൽ നിന്നുള്ള സത്യം ( മുഹമ്മദ്‌ നബി മുഖേന ) അവർക്ക്‌ വന്നെത്തിയപ്പോൾ അവർ പറയുകയാണ്‌; മൂസായ്ക്ക്‌ നൽകപ്പെട്ടത്‌ പോലെയുള്ള ദൃഷ്ടാന്തങ്ങൾ ഇവന്ന്‌ നൽകപ്പെടാത്തത്‌ എന്താണ്‌ എന്ന്‌. എന്നാൽ മുമ്പ്‌ മൂസായ്ക്ക്‌ നൽകപ്പെട്ടതിൽ അവർ അവിശ്വസിക്കുകയുണ്ടായില്ലേ? അവർ പറഞ്ഞു: പരസ്പരം പിന്തുണ നൽകിയ രണ്ടു ജാലവിദ്യകളാണിവ. ഞങ്ങൾ ഇതൊക്കെ അവിശ്വസിക്കുന്നവരാണ്‌ എന്നും അവർ പറഞ്ഞു.

49 ( നബിയേ, ) പറയുക: എന്നാൽ അവ രണ്ടിനെക്കാളും നേർവഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിൻറെ പക്കൽ നിന്ന്‌ നിങ്ങൾ കൊണ്ട്‌ വരൂ; ഞാനത്‌ പിൻപറ്റിക്കൊള്ളാം. നിങ്ങൾ സത്യവാൻമാരാണെങ്കിൽ.

50 ഇനി നിനക്ക്‌ അവർ ഉത്തരം നൽകിയില്ലെങ്കിൽ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ്‌ അവർ പിന്തുടരുന്നത്‌ എന്ന്‌ നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കൽ നിന്നുള്ള യാതൊരു മാർഗദർശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടർന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്‌? അല്ലാഹു അക്രമികളായ ജനങ്ങളെ നേർവഴിയിലാക്കുകയില്ല; തീർച്ച.

51 അവർ ആലോചിച്ച്‌ മനസ്സിലാക്കേണ്ടതിന്നായി വചനം അവർക്ക്‌ നാം നിരന്തരമായി എത്തിച്ചുകൊടുത്തിട്ടുണ്ട്‌.

52 ഇതിന്‌ മുമ്പ്‌ നാം ആർക്ക്‌ വേദഗ്രന്ഥം നൽകിയോ അവർ ഇതിൽ വിശ്വസിക്കുന്നു.

53 ഇതവർക്ക്‌ ഓതികേൾപിക്കപ്പെടുമ്പോൾ അവർ പറയും: ഞങ്ങൾ ഇതിൽ വിശ്വസിച്ചിരിക്കുന്നു. തീർച്ചയായും ഇത്‌ ഞങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യമാകുന്നു. ഇതിനു മുമ്പു തന്നെ തീർച്ചയായും ഞങ്ങൾ കീഴ്പെടുന്നവരായിരിക്കുന്നു.

54 അത്തരക്കാർക്ക്‌ അവർ ക്ഷമിച്ചതിൻറെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നൽകപ്പെടുന്നതാണ്‌. അവർ നൻമകൊണ്ട്‌ തിൻമയെ തടുക്കുകയും, നാം അവർക്ക്‌ നൽകിയിട്ടുള്ളതിൽ നിന്ന്‌ ചെലവഴിക്കുകയും ചെയ്യും.

55 വ്യർത്ഥമായ വാക്കുകൾ അവർ കേട്ടാൽ അതിൽ നിന്നവർ തിരിഞ്ഞുകളയുകയും ഇപ്രകാരം പറയുകയും ചെയ്യും: ഞങ്ങൾക്കുള്ളത്‌ ഞങ്ങളുടെ കർമ്മങ്ങളാണ്‌. നിങ്ങൾക്കുള്ളത്‌ നിങ്ങളുടെ കർമ്മങ്ങളും. നിങ്ങൾക്കു സലാം. മൂഢൻമാരെ ഞങ്ങൾക്ക്‌ ആാ‍വശ്യമില്ല.

56 തീർച്ചയായും നിനക്ക്‌ ഇഷ്ടപ്പെട്ടവരെ നിനക്ക്‌ നേർവഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുന്നു. സൻമാർഗം പ്രാപിക്കുന്നവരെപ്പറ്റി അവൻ ( അല്ലാഹു ) നല്ലവണ്ണം അറിയുന്നവനാകുന്നു.

57 നിന്നോടൊപ്പം ഞങ്ങൾ സൻമാർഗം പിന്തുടരുന്ന പക്ഷം ഞങ്ങളുടെ നാട്ടിൽ നിന്ന്‌ ഞങ്ങൾ എടുത്തെറിയപ്പെടും. എന്ന്‌ അവർ പറഞ്ഞു. നിർഭയമായ ഒരു പവിത്രസങ്കേതം നാം അവർക്ക്‌ അധീനപ്പെടുത്തികൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങൾ അവിടേക്ക്‌ ശേഖരിച്ച്‌ കൊണ്ടു വരപ്പെടുന്നു. നമ്മുടെ പക്കൽ നിന്നുള്ള ഉപജീവനമത്രെ അത്‌. പക്ഷെ അവരിൽ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.

58 സ്വന്തം ജീവിതസുഖത്തിൽ മതിമറന്ന്‌ അഹങ്കരിച്ച എത്രരാജ്യങ്ങൾ നാം നശിപ്പിച്ചിട്ടുണ്ട്‌. അവരുടെ വാസസ്ഥലങ്ങളതാ, അവർക്കു ശേഷം അപൂർവ്വമായല്ലാതെ അവിടെ ജനവാസമുണ്ടായിട്ടില്ല. നാം തന്നെയായി ( അവയുടെ ) അവകാശി.

59 രാജ്യങ്ങളുടെ കേന്ദ്രത്തിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ ജനങ്ങൾക്ക്‌ ഓതികേൾപിക്കുന്ന ഒരു ദൂതനെ അയക്കുന്നത്‌ വരേക്കും നിൻറെ രക്ഷിതാവ്‌ ആ രാജ്യങ്ങളെ നശിപ്പിക്കുന്നവനല്ല. രാജ്യക്കാർ അക്രമികളായിരിക്കുമ്പോഴല്ലാതെ നാം രാജ്യങ്ങളെ നശിപ്പിക്കുന്നതുമല്ല.

60 നിങ്ങൾക്ക്‌ വല്ല വസ്തുവും നൽകപ്പെട്ടിട്ടുണ്ടെങ്കിൽ അത്‌ ഐഹികജീവിതത്തിൻറെ സുഖഭോഗവും, അതിൻറെ അലങ്കാരവും മാത്രമാകുന്നു. അല്ലാഹുവിങ്കലുള്ളത്‌ കൂടുതൽ ഉത്തമവും നീണ്ടുനിൽക്കുന്നതുമത്രെ. എന്നിരിക്കെ നിങ്ങൾ ചിന്തിച്ച്‌ മനസ്സിലാക്കുന്നില്ലേ?

61 അപ്പോൾ നാം ഏതൊരുവന്‌ നല്ലൊരു വാഗ്ദാനം നൽകുകയും എന്നിട്ട്‌ അവൻ അത്‌ ( നിറവേറിയതായി ) കണ്ടെത്തുകയും ചെയ്തുവോ അവൻ ഐഹികജീവിതത്തിൻറെ സുഖാനുഭവം നാം അനുഭവിപ്പിക്കുകയും, പിന്നീട്‌ ഉയിർത്തെഴുന്നേൽപിൻറെ നാളിൽ ( ശിക്ഷയ്ക്ക്‌ ) ഹാജരാക്കപ്പെടുന്നവരുടെ കൂട്ടത്തിലാവുകയും ചെയ്തവനെപ്പോലെയാണോ?

62 അവൻ ( അല്ലാഹു ) അവരെ വിളിക്കുകയും, എൻറെ പങ്കുകാർ എന്ന്‌ നിങ്ങൾ ജൽപിച്ചിരുന്നവർ എവിടെ? എന്ന്‌ ചോദിക്കുകയും ചെയ്യുന്ന ദിവസം ( ശ്രദ്ധേയമത്രെ. )

63 ( ശിക്ഷയെപ്പറ്റിയുള്ള ) വാക്ക്‌ ആരുടെ മേൽ സ്ഥിരപ്പെട്ടിരിക്കുന്നുവോ അവർ ( അന്ന്‌ ) ഇപ്രകാരം പറയുന്നതാണ്‌: ഞങ്ങളുടെ രക്ഷിതാവേ, ഇവരെയാണ്‌ ഞങ്ങൾ വഴിപിഴപ്പിച്ചത്‌. ഞങ്ങൾ വഴിപിഴച്ചത്‌ പോലെ അവരെയും വഴിപിഴപ്പിച്ചതാണ്‌. ഞങ്ങൾ നിൻറെ മുമ്പാകെ ഉത്തരവാദിത്തം ഒഴിഞ്ഞിരിക്കുന്നു. ഞങ്ങളെയല്ല അവർ ആരാധിച്ചിരുന്നത്‌.

64 നിങ്ങൾ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ എന്ന്‌ ( ബഹുദൈവവാദികളോട്‌ ) പറയപ്പെടും. അപ്പോൾ ഇവർ അവരെ വിളിക്കും. എന്നാൽ അവർ ( പങ്കാളികൾ ) ഇവർക്കു ഉത്തരം നൽകുന്നതല്ല. ശിക്ഷ ഇവർ നേരിൽ കാണുകയും ചെയ്യും. ഇവർ സൻമാർഗം പ്രാപിച്ചിരുന്നെങ്കിൽ.

65 അവൻ ( അല്ലാഹു ) അവരെ വിളിക്കുകയും, ദൈവദൂതൻമാർക്ക്‌ എന്ത്‌ ഉത്തരമാണ്‌ നിങ്ങൾ നൽകിയത്‌ എന്ന്‌ ചോദിക്കുകയും ചെയ്യുന്ന ദിവസം.( ശ്രദ്ധേയമാകുന്നു. )

66 അന്നത്തെ ദിവസം വർത്തമാനങ്ങൾ അവർക്ക്‌ അവ്യക്തമായിത്തീരുന്നതാണ്‌. അപ്പോൾ അവർ അന്യോന്യം ചോദിച്ചറിയുകയില്ല.

67 എന്നാൽ ഖേദിച്ചുമടങ്ങുകയും വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവനാരോ, അവൻ വിജയികളുടെ കൂട്ടത്തിലായേക്കാം.

68 നിൻറെ രക്ഷിതാവ്‌ താൻ ഉദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുകയും, ( ഇഷ്ടമുള്ളത്‌ ) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവർക്ക്‌ തെരഞ്ഞെടുക്കുവാൻ അർഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും, അവർ പങ്കുചേർക്കുന്നതിനെല്ലാം അതീതനുമായിരിക്കുന്നു.

69 അവരുടെ മനസ്സുകൾ ഒളിച്ചുവെക്കുന്നതും അവർ പരസ്യമാക്കുന്നതും നിൻറെ രക്ഷിതാവ്‌ അറിയുന്നു.

70 അവനത്രെ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. ഈ ലോകത്തും പരലോകത്തും അവന്നാകുന്നു സ്തുതി. അവന്നാണ്‌ വിധികർത്തൃത്വവും. അവങ്കലേക്ക്‌ തന്നെ നിങ്ങൾ മടക്കപ്പെടുന്നതുമാണ്‌.

71 ( നബിയേ, ) പറയുക: നിങ്ങൾ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? ഉയിർത്തെഴുന്നേൽപിൻറെ നാളുവരെ അല്ലാഹു നിങ്ങളുടെ മേൽ രാത്രിയെ ശാശ്വതമാക്കിത്തീർത്തിരുന്നെങ്കിൽ അല്ലാഹു അല്ലാത്ത ഏതൊരു ദൈവമാണ്‌ നിങ്ങൾക്ക്‌ വെളിച്ചം കൊണ്ട്‌ വന്നു തരിക? എന്നിരിക്കെ നിങ്ങൾ കേട്ടുമനസ്സിലാക്കുന്നില്ലേ?

72 പറയുക: നിങ്ങൾ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? ഉയിർത്തെഴുന്നേൽപിൻറെ നാളുവരെ അല്ലാഹു നിങ്ങളുടെ മേൽ പകലിനെ ശാശ്വതമാക്കിയിരുന്നുവെങ്കിൽ അല്ലാഹുവല്ലാത്ത ഏതൊരു ദൈവമാണ്‌ നിങ്ങൾക്ക്‌ വിശ്രമിക്കുവാൻ ഒരു രാത്രികൊണ്ട്‌ വന്ന്‌ തരിക? എന്നിരിക്കെ നിങ്ങൾ കണ്ടുമനസ്സിലാക്കുന്നില്ലേ?

73 അവൻറെ കാരുണ്യത്താൽ അവൻ നിങ്ങൾക്ക്‌ രാവും പകലും ഉണ്ടാക്കിതന്നിരിക്കുന്നു, രാത്രിയിൽ നിങ്ങൾ വിശ്രമിക്കുവാനും ( പകൽ സമയത്ത്‌ ) അവൻറെ അനുഗ്രഹത്തിൽ നിന്ന്‌ നിങ്ങൾ തേടിക്കൊണ്ട്‌ വരാനും, നിങ്ങൾ നന്ദികാണിക്കുവാനും വേണ്ടി.

74 അവൻ ( അല്ലാഹു ) അവരെ വിളിക്കുകയും എൻറെ പങ്കാളികളെന്ന്‌ നിങ്ങൾ ജൽപിച്ചു കൊണ്ടിരുന്നവർ എവിടെ? എന്ന്‌ ചോദിക്കുകയും ചെയ്യുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. )

75 ഓരോ സമുദായത്തിൽ നിന്നും ഓരോ സാക്ഷിയെ ( അന്ന്‌ ) നാം പുറത്ത്‌ കൊണ്ട്‌ വരുന്നതാണ്‌. എന്നിട്ട്‌ ( ആ സമുദായങ്ങളോട്‌ ) നിങ്ങളുടെ തെളിവ്‌ നിങ്ങൾ കൊണ്ട്‌ വരൂ എന്ന്‌ നാം പറയും. ന്യായം അല്ലാഹുവിനാണുള്ളതെന്ന്‌ അപ്പോൾ അവർ മനസ്സിലാക്കും. അവർ കെട്ടിച്ചമച്ചു കൊണ്ടിരുന്നതെല്ലാം അവരെ വിട്ടുമാറിപ്പോകുകയും ചെയ്യും.

76 തീർച്ചയായും ഖാറൂൻ മൂസായുടെ ജനതയിൽ പെട്ടവനായിരുന്നു. എന്നിട്ട്‌ അവൻ അവരുടെ നേരെ അതിക്രമം കാണിച്ചു. തൻറെ ഖജനാവുകൾ ശക്തൻമാരായ ഒരു സംഘത്തിനുപോലും ഭാരമാകാൻ തക്കവണ്ണമുള്ള നിക്ഷേപങ്ങൾ നാം അവന്‌ നൽകിയിരുന്നു. അവനോട്‌ അവൻറെ ജനത ഇപ്രകാരം പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമത്രെ: ) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീർച്ചയായും ഇഷ്ടപ്പെടുകയില്ല.

77 അല്ലാഹു നിനക്ക്‌ നൽകിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തിൽ നിന്ന്‌ നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക്‌ നൻമ ചെയ്തത്‌ പോലെ നീയും നൻമചെയ്യുക. നീ നാട്ടിൽ കുഴപ്പത്തിന്‌ മുതിരരുത്‌. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീർച്ചയായും ഇഷ്ടപ്പെടുന്നതല്ല.

78 ഖാറൂൻ പറഞ്ഞു: എൻറെ കൈവശമുള്ള വിദ്യകൊണ്ട്‌ മാത്രമാണ്‌ എനിക്കിതു ലഭിച്ചത്‌. എന്നാൽ അവന്നു മുമ്പ്‌ അവനേക്കാൾ കടുത്ത ശക്തിയുള്ളവരും, കൂടുതൽ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന്‌ അവൻ മനസ്സിലാക്കിയിട്ടില്ലേ? തങ്ങളുടെ പാപങ്ങളെ പറ്റി കുറ്റവാളികളോട്‌ അന്വേഷിക്കപ്പെടുന്നതല്ല.

79 അങ്ങനെ അവൻ ജനമദ്ധ്യത്തിലേക്ക്‌ ആർഭാടത്തോടെ ഇറങ്ങി പുറപ്പെട്ടു. ഐഹികജീവിതം ലക്ഷ്യമാക്കുന്നവർ അത്‌ കണ്ടിട്ട്‌ ഇപ്രകാരം പറഞ്ഞു: ഖാറൂന്‌ ലഭിച്ചത്‌ പോലുള്ളത്‌ ഞങ്ങൾക്കുമുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. തീർച്ചയായും അവൻ വലിയ ഭാഗ്യമുള്ളവൻ തന്നെ!

80 ജ്ഞാനം നൽകപ്പെട്ടിട്ടുള്ളവർ പറഞ്ഞു: നിങ്ങൾക്ക്‌ നാശം! വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർക്ക്‌ അല്ലാഹുവിൻറെ പ്രതിഫലമാണ്‌ കൂടുതൽ ഉത്തമം. ക്ഷമാശീലമുള്ളവർക്കല്ലാതെ അത്‌ നൽകപ്പെടുകയില്ല.

81 അങ്ങനെ അവനെയും അവൻറെ ഭവനത്തേയും നാം ഭൂമിയിൽ ആഴ്ത്തികളഞ്ഞു. അപ്പോൾ അല്ലാഹുവിന്‌ പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവൻ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല.

82 ഇന്നലെ അവൻറെ സ്ഥാനം കൊതിച്ചിരുന്നവർ ( ഇന്ന്‌ ) ഇപ്രകാരം പറയുന്നവരായിത്തീർന്നു: അഹോ! കഷ്ടം! തൻറെ ദാസൻമാരിൽ നിന്ന്‌ താൻ ഉദ്ദേശിക്കുന്നവർക്ക്‌ അല്ലാഹു ഉപജീവനം വിശാലമാക്കികൊടുക്കുകയും, ( താൻ ഉദ്ദേശിക്കുന്നവർക്ക്‌ അതു ) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. ഞങ്ങളോട്‌ അല്ലാഹു ഔദാര്യം കാണിച്ചിരുന്നില്ലെങ്കിൽ ഞങ്ങളെയും അവൻ ആഴ്ത്തിക്കളയുമായിരുന്നു. അഹോ, കഷ്ടം! സത്യനിഷേധികൾ വിജയം പ്രാപിക്കുകയില്ല.

83 ഭൂമിയിൽ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവർക്കാകുന്നു ആ പാരത്രിക ഭവനം നാം ഏർപെടുത്തികൊടുക്കുന്നത്‌. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവർക്ക്‌ അനുകൂലമായിരിക്കും.

84 ആർ നൻമയും കൊണ്ട്‌ വന്നുവോ അവന്ന്‌ അതിനേക്കാൾ ഉത്തമമായതുണ്ടായിരിക്കും. വല്ലവനും തിൻമയും കൊണ്ടാണ്‌ വരുന്നതെങ്കിൽ തിൻമ പ്രവർത്തിച്ചവർക്ക്‌ തങ്ങൾ പ്രവർത്തിച്ചിരുന്നതിൻറെ ഫലമല്ലാതെ നൽകപ്പെടുകയില്ല.

85 തീർച്ചയായും നിനക്ക്‌ ഈ ഖുർആൻ നിയമമായി നൽകിയവൻ തിരിച്ചെത്തേണ്ട സ്ഥാനത്തേക്ക്‌ നിന്നെ തിരിച്ചു കൊണ്ട്‌ വരിക തന്നെ ചെയ്യും. പറയുക: സൻമാർഗവും കൊണ്ട്‌ വന്നതാരെന്നും, സ്പഷ്ടമായ ദുർമാർഗത്തിലകപ്പെട്ടത്‌ ആരെന്നും എൻറെ രക്ഷിതാവ്‌ നല്ലവണ്ണം അറിയുന്നവനാണ്‌.

86 നിനക്ക്‌ വേദഗ്രന്ഥം നൽകപ്പെടണമെന്ന്‌ നീ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ നിൻറെ രക്ഷിതാവിങ്കൽ നിന്നുള്ള കാരുണ്യത്താൽ ( അതു ലഭിച്ചു ) ആകയാൽ നീ സത്യനിഷേധികൾക്കു സഹായിയായിരിക്കരുത്‌.

87 അല്ലാഹുവിൻറെ വചനങ്ങൾ നിനക്ക്‌ അവതരിപ്പിക്കപ്പെട്ടതിന്‌ ശേഷം അവർ നിന്നെ അതിൽ നിന്ന്‌ തടയാതിരിക്കട്ടെ. നിൻറെ രക്ഷിതാവിങ്കലേക്ക്‌ നീ ക്ഷണിക്കുക. നീ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തിലായിപ്പോകരുത്‌.

88 അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച്‌ പ്രാർത്ഥിക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവൻറെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. അവന്നുള്ളതാണ്‌ വിധികർത്തൃത്വം. അവങ്കലേക്ക്‌ തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും.

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ഖസസ്&oldid=69189" എന്ന താളിൽനിന്ന് ശേഖരിച്ചത്