പരിശുദ്ധ ഖുർആൻ/ഫതഹ്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 |
1 തീർച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നൽകിയിരിക്കുന്നു.
2 നിൻറെ പാപത്തിൽ നിന്ന് മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തുതരുന്നതിനു വേണ്ടിയും, അവൻറെ അനുഗ്രഹം നിനക്ക് നിറവേറ്റിത്തരുന്നതിനു വേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന് വേണ്ടിയുമാകുന്നു അത്.
3 അന്തസ്സാർന്ന ഒരു സഹായം അല്ലാഹു നിനക്ക് നൽകാൻ വേണ്ടിയും.
4 അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ ശാന്തി ഇറക്കികൊടുത്തത.് അവരുടെ വിശ്വാസത്തോടൊപ്പം കൂടുതൽ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങൾ. അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമായിരിക്കുന്നു.
5 സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തു കൂടി നദികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ നിത്യവാസികളെന്ന നിലയിൽ പ്രവേശിപ്പിക്കാൻ വേണ്ടിയത്രെ അത്. അവരിൽ നിന്ന് അവരുടെ തിൻമകൾ മായ്ച്ചുകളയുവാൻ വേണ്ടിയും. അല്ലാഹുവിൻറെ അടുക്കൽ അത് ഒരു മഹാഭാഗ്യമാകുന്നു.
6 അല്ലാഹുവെപ്പറ്റി തെറ്റായ ധാരണവെച്ചുപുലർത്തുന്ന കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും ശിക്ഷിക്കുവാൻ വേണ്ടിയുമാണത്. അവരുടെ മേൽ തിൻമയുടെ വലയമുണ്ട്. അല്ലാഹു അവരുടെ നേരെ കോപിക്കുകയും അവരെ ശപിക്കുകയും, അവർക്ക് വേണ്ടി നരകം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം എത്രമോശം.
7 അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങൾ. അല്ലാഹു പ്രതാപിയും യുക്തിമാനുമായിരിക്കുന്നു.
8 തീർച്ചയായും നിന്നെ നാം ഒരു സാക്ഷിയായും സന്തോഷവാർത്ത നൽകുന്നവനായും താക്കീതുകാരനായും അയച്ചിരിക്കുന്നു.
9 അല്ലാഹുവിലും അവൻറെ റസൂലിലും നിങ്ങൾ വിശ്വസിക്കുവാനും അവനെ സഹായിക്കുവാനും ആദരിക്കുവാനും രാവിലെയും വൈകുന്നേരവും നിങ്ങൾ അവൻറെ മഹത്വം പ്രകീർത്തിക്കുവാനും വേണ്ടി.
10 തീർച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവർ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിൻറെ കൈ അവരുടെ കൈകൾക്കു മീതെയുണ്ട്. അതിനാൽ ആരെങ്കിലും ( അത് ) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിൻറെ ദോഷഫലം അവന് തന്നെയാകുന്നു. താൻ അല്ലാഹുവുമായി ഉടമ്പടിയിൽ ഏർപെട്ട കാര്യം വല്ലവനും നിറവേറ്റിയാൽ അവന്ന് മഹത്തായ പ്രതിഫലം നൽകുന്നതാണ്.
11 ഗ്രാമീണ അറബികളിൽ നിന്ന് പിന്നോക്കം മാറി നിന്നവർ നിന്നോട് പറഞ്ഞേക്കും: ഞങ്ങളുടെ സ്വത്തുക്കളുടെയും കുടുംബങ്ങളുടെയും കാര്യം ഞങ്ങളെ ( നിങ്ങളോടൊപ്പം വരാൻ പറ്റാത്ത വിധം ) വ്യാപൃതരാക്കികളഞ്ഞു. അത് കൊണ്ട് താങ്കൾ ഞങ്ങൾക്കു പാപമോചനത്തിനായി പ്രാർത്ഥിക്കണം. അവരുടെ നാവുകൾ കൊണ്ട് അവർ പറയുന്നത് അവരുടെ ഹൃദയങ്ങളിലുള്ളതല്ലാത്ത കാര്യമാണ്. നീ പറയുക: അപ്പോൾ അല്ലാഹു നിങ്ങൾക്കു വല്ല ഉപദ്രവവും ചെയ്യാൻ ഉദ്ദേശിച്ചാൽ അല്ലെങ്കിൽ അവൻ നിങ്ങൾക്ക് വല്ല ഉപകാരവും ചെയ്യാൻ ഉദ്ദേശിച്ചാൽ അവൻറെ പക്കൽ നിന്ന് നിങ്ങൾക്കു വല്ലതും അധീനപ്പെടുത്തിത്തരാൻ ആരുണ്ട്? അല്ല, നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
12 അല്ല, റസൂലും സത്യവിശ്വാസികളും ഒരിക്കലും അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തുകയേ ഇല്ല എന്ന് നിങ്ങൾ വിചാരിച്ചു. നിങ്ങളുടെ ഹൃദയങ്ങളിൽ അത് അലംകൃതമായി തോന്നുകയും ചെയ്തു. ദുർവിചാരമാണ് നിങ്ങൾ വിചാരിച്ചത്. നിങ്ങൾ തുലഞ്ഞ ഒരു ജനവിഭാഗമാകുന്നു.
13 അല്ലാഹുവിലും അവൻറെ റസൂലിലും വല്ലവനും വിശ്വസിക്കാത്ത പക്ഷം അത്തരം സത്യനിഷേധികൾക്ക് വേണ്ടി നാം ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെച്ചിരിക്കുന്നു.
14 അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കും. അവൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
15 സ്വത്തുക്കൾ കൈവശപ്പെടുത്താൻ ഉള്ളേടത്തേക്ക് നിങ്ങൾ (യുദ്ധത്തിന്) പോകുകയാണെങ്കിൽ ആ പിന്നോക്കം മാറി നിന്നവർ പറയും: ഞങ്ങളെ നിങ്ങൾ (തടയാതെ) വിട്ടേക്കണം. ഞങ്ങളും നിങ്ങളെ അനുഗമിക്കാം. അല്ലാഹുവിൻറെ വാക്കിന് മാറ്റം വരുത്താനാണ് അവർ ഉദ്ദേശിക്കുന്നത്. നീ പറയുക: നിങ്ങൾ ഒരിക്കലും ഞങ്ങളെ അനുഗമിക്കുകയില്ല, അപ്രകാരമാണ് അല്ലാഹു മുമ്പേ പറഞ്ഞിട്ടുള്ളത്. അപ്പോൾ അവർ പറഞ്ഞേക്കും; അല്ല, നിങ്ങൾ ഞങ്ങളോട് അസൂയ കാണിക്കുകയാണ് എന്ന്. അങ്ങനെയല്ല. അവർ (കാര്യം) ഗ്രഹിക്കാതിരിക്കുകയാകുന്നു. അൽപം മാത്രമല്ലാതെ.
16 ഗ്രാമീണ അറബികളിൽ നിന്നും പിന്നോക്കം മാറി നിന്നവരോട് നീ പറയുക: കനത്ത ആക്രമണശേഷിയുള്ള ഒരു ജനവിഭാഗത്തെ നേരിടാനായി നിങ്ങൾ വഴിയെ വിളിക്കപ്പെടും.അവർ കീഴടങ്ങുന്നത് വരെ നിങ്ങൾ അവരുമായി യുദ്ധം ചെയ്യേണ്ടിവരും. അപ്പോൾ നിങ്ങൾ അനുസരിക്കുന്ന പക്ഷം അല്ലാഹു നിങ്ങൾക്ക് ഉത്തമമായ പ്രതിഫലം നൽകുന്നതാണ്. മുമ്പ് നിങ്ങൾ പിന്തിരിഞ്ഞു കളഞ്ഞതുപോലെ (ഇനിയും) പിന്തിരിഞ്ഞു കളയുന്ന പക്ഷം വേദനയേറിയ ശിക്ഷ അവൻ നിങ്ങൾക്കു നൽകുന്നതുമാണ്.
17 അന്ധൻറെ മേൽ കുറ്റമില്ല. മുടന്തൻറെ മേലും കുറ്റമില്ല. രോഗിയുടെ മേലും കുറ്റമില്ല. വല്ലവനും അല്ലാഹുവെയും അവൻറെ റസൂലിനെയും അനുസരിക്കുന്ന പക്ഷം താഴ്ഭാഗത്ത് കൂടി നദികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ അവനെ പ്രവേശിപ്പിക്കുന്നതാണ്. വല്ലവനും പിന്തിരിഞ്ഞു കളയുന്ന പക്ഷം വേദനയേറിയ ശിക്ഷ അവന്നു നൽകുന്നതാണ്.
18 ആ മരത്തിൻറെ ചുവട്ടിൽ വെച്ച് സത്യവിശ്വാസികൾ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദർഭത്തിൽ തീർച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവൻ അറിയുകയും, അങ്ങനെ അവർക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവർക്ക് പ്രതിഫലമായി നൽകുകയും ചെയ്തു.
19 അവർക്ക് പിടിച്ചെടുക്കുവാൻ ധാരാളം സമരാർജിത സ്വത്തുകളും ( അവൻ നൽകി ) അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
20 നിങ്ങൾക്കു പിടിച്ചെടുക്കാവുന്ന ധാരാളം സമരാർജിത സ്വത്തുകൾ അല്ലാഹു നിങ്ങൾക്ക് വാഗ്ദാനം നൽകിയിരിക്കുന്നു. എന്നാൽ ഇത് ( ഖൈബറിലെ സമരാർജിത സ്വത്ത് ) അവൻ നിങ്ങൾക്ക് നേരത്തെ തന്നെ തന്നിരിക്കുകയാണ്. ജനങ്ങളുടെ കൈകളെ നിങ്ങളിൽ നിന്ന് അവൻ തടയുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികൾക്ക് അതൊരു ദൃഷ്ടാന്തമായിരിക്കുവാനും, നേരായ പാതയിലേക്ക് നിങ്ങളെ അവൻ നയിക്കുവാനും വേണ്ടി.
21 നിങ്ങൾക്ക് നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത മറ്റു നേട്ടങ്ങളും (അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു.) അല്ലാഹു അവരെ വലയം ചെയ്തിരിക്കുകയാണ്. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
22 ആ സത്യനിഷേധികൾ നിങ്ങളോട് യുദ്ധത്തിൽ ഏർപെട്ടിരുന്നെങ്കിൽ തന്നെ അവർ പിന്തിരിഞ്ഞ് ഓടുമായിരുന്നു. പിന്നീട് ഒരു സംരക്ഷകനെയോ, സഹായിയെയോ അവർ കണ്ടെത്തുകയുമില്ല.
23 മുമ്പു മുതലേ കഴിഞ്ഞുപോന്നിട്ടുള്ള അല്ലാഹുവിൻറെ നടപടിക്രമമാകുന്നു അത്. അല്ലാഹുവിൻറെ നടപടി ക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല.
24 അവർക്ക് ( ശത്രുക്കൾക്ക് ) എതിരിൽ നിങ്ങൾക്ക് വിജയം നൽകിയതിന് ശേഷം അവനാകുന്നു മക്കയുടെ ഉള്ളിൽ വെച്ച് അവരുടെ കൈകൾ നിങ്ങളിൽ നിന്നും നിങ്ങളുടെ കൈകൾ അവരിൽ നിന്നും തടഞ്ഞു നിർത്തിയത്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
25 സത്യത്തെ നിഷേധിക്കുകയും, പവിത്രമായ ദേവാലയത്തിൽ നിന്ന് നിങ്ങളെ തടയുകയും, ബലിമൃഗങ്ങളെ അവയുടെ നിശ്ചിത സ്ഥാനത്തെത്താൻ അനുവദിക്കാത്ത നിലയിൽ തടഞ്ഞുനിർത്തുകയും ചെയ്തവരാകുന്നു അവർ. നിങ്ങൾക്ക് അറിഞ്ഞ് കൂടാത്ത സത്യവിശ്വാസികളായ ചില പുരുഷൻമാരെയും സത്യവിശ്വാസിനികളായ ചില സ്ത്രീകളെയും നിങ്ങൾ ചവിട്ടിത്തേക്കുകയും, എന്നിട്ട് ( നിങ്ങൾ ) അറിയാതെ തന്നെ അവർ നിമിത്തം നിങ്ങൾക്ക് പാപം വന്നു ഭവിക്കാൻ ഇടയാവുകയും ചെയ്യില്ലായിരുന്നെങ്കിൽ ( അല്ലാഹു നിങ്ങളെ ഇരുവിഭാഗത്തെയും യുദ്ധത്തിൽ നിന്ന് തടയുമായിരുന്നില്ല. ) അല്ലാഹു തൻറെ കാരുണ്യത്തിൽ താൻ ഉദ്ദേശിക്കുന്നവരെ ഉൾപെടുത്തേണ്ടതിനായിട്ടാകുന്നു അത്. അവർ ( മക്കയിലെ വിശ്വാസികളും സത്യനിഷേധികളും ) വേറിട്ടായിരുന്നു താമസിച്ചിരുന്നതെങ്കിൽ അവരിലെ സത്യനിഷേധികൾക്ക് വേദനയേറിയ ശിക്ഷ നാം നൽകുക തന്നെ ചെയ്യുമായിരുന്നു.
26 സത്യനിഷേധികൾ തങ്ങളുടെ ഹൃദയങ്ങളിൽ ദുരഭിമാനം- ആ അജ്ഞാനയുഗത്തിൻറെ ദുരഭിമാനം -വെച്ചു പുലർത്തിയ സന്ദർഭം! അപ്പോൾ അല്ലാഹു അവൻറെ റസൂലിൻറെ മേലും സത്യവിശ്വാസികളുടെ മേലും അവൻറെ പക്കൽ നിന്നുള്ള മനസ്സമാധാനം ഇറക്കികൊടുത്തു. സൂക്ഷ്മത പാലിക്കാനുള്ള കൽപന സ്വീകരിക്കാൻ അവരെ നിർബന്ധിക്കുകയും ചെയ്തു. ( അത് സ്വീകരിക്കാൻ ) കൂടുതൽ അർഹതയുള്ളവരും അതിന് അവകാശപ്പെട്ടവരുമായിരുന്നു അവർ. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനായിരിക്കുന്നു.
27 അല്ലാഹു അവൻറെ ദൂതന്ന് സ്വപ്നം സത്യപ്രകാരം സാക്ഷാൽക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായി കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് നിങ്ങൾ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തിൽ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് എന്ന സ്വപ്നം. എന്നാൽ നിങ്ങളറിയാത്തത് അവൻ അറിഞ്ഞിട്ടുണ്ട്. അതിനാൽ അതിന്ന് പുറമെ സമീപസ്ഥമായ ഒരു വിജയം അവൻ ഉണ്ടാക്കിത്തന്നു.
28 സൻമാർഗവും സത്യമതവുമായി തൻറെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാൻ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി.
29 മുഹമ്മദ് അല്ലാഹുവിൻറെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവർ സത്യനിഷേധികളുടെ നേരെ കർക്കശമായി വർത്തിക്കുന്നവരാകുന്നു. അവർ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവർ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിൻറെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തിൽ അവരെ പറ്റിയുള്ള ഉപമ. ഇൻജീലിൽ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിൻറെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താർജിച്ചു. അങ്ങനെ അത് കർഷകർക്ക് കൗതുകം തോന്നിച്ചു കൊണ്ട് അതിൻറെ കാണ്ഡത്തിൻമേൽ നിവർന്നു നിന്നു. ( സത്യവിശ്വാസികളെ ഇങ്ങനെ വളർത്തിക്കൊണ്ട് വരുന്നത് ) അവർ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാൻ വേണ്ടിയാകുന്നു. അവരിൽ നിന്ന് വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.