പരിശുദ്ധ ഖുർആൻ/തഗാബൂൻ
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 |
1 ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹുവെ പ്രകീർത്തിക്കുന്നു. അവന്നാണ് ആധിപത്യം. അവന്നാണ് സ്തുതി. അവൻ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു.
2 അവനാണ് നിങ്ങളെ സൃഷ്ടിച്ചവൻ. എന്നിട്ട് നിങ്ങളുടെ കൂട്ടത്തിൽ സത്യനിഷേധിയുണ്ട്. നിങ്ങളുടെ കൂട്ടത്തിൽ വിശ്വാസിയുമുണ്ട്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി കണ്ടറിയുന്നവനാകുന്നു.
3 ആകാശങ്ങളും, ഭൂമിയും അവൻ മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾക്കവൻ രൂപം നൽകുകയും, നിങ്ങളുടെ രൂപങ്ങൾ അവൻ നന്നാക്കുകയും ചെയ്തിരിക്കുന്നു. അവങ്കലേക്കാകുന്നു തിരിച്ചുപോക്ക്.
4 ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവൻ അറിയുന്നു. നിങ്ങൾ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവൻ അറിയുന്നു. അല്ലാഹു ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു.
5 മുമ്പ് അവിശ്വസിച്ചവരുടെ വൃത്താന്തം നിങ്ങൾക്കു വന്നുകിട്ടിയിട്ടില്ലേ? അങ്ങനെ അവരുടെ നിലപാടിൻറെ ഭവിഷ്യത്ത് അവർ അനുഭവിച്ചു. അവർക്കു ( പരലോകത്ത് ) വേദനയേറിയ ശിക്ഷയുമുണ്ട്.
6 അതെന്തുകൊണ്ടെന്നാൽ അവരിലേക്കുള്ള ദൂതൻമാർ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കൽ ചെല്ലാറുണ്ടായിരുന്നു. അപ്പോൾ അവർ പറഞ്ഞു: ഒരു മനുഷ്യൻ നമുക്ക് മാർഗദർശനം നൽകുകയോ? അങ്ങനെ അവർ അവിശ്വസിക്കുകയും പിന്തിരിഞ്ഞു കളയുകയും ചെയ്തു. അല്ലാഹു സ്വയം പര്യാപ്തനായിരിക്കുന്നു. അല്ലാഹു പരാശ്രയമുക്തനും സ്തുത്യർഹനുമാകുന്നു.
7 തങ്ങൾ ഉയിർത്തെഴുന്നേൽപിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികൾ ജൽപിച്ചു.( നബിയേ, )പറയുക: അതെ; എൻറെ രക്ഷിതാവിനെ തന്നെയാണ, നിങ്ങൾ ഉയിർത്തെഴുന്നേൽപിക്കപ്പെടും. പിന്നീട് നിങ്ങൾ പ്രവർത്തിച്ചതിനെപ്പറ്റി നിങ്ങൾക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു.
8 അതിനാൽ നിങ്ങൾ അല്ലാഹുവിലും അവൻറെ ദൂതനിലും നാം അവതരിപ്പിച്ച പ്രകാശത്തിലും വിശ്വസിച്ചുകൊള്ളുക. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.
9 ആ സമ്മേളനദിനത്തിന് നിങ്ങളെ അവൻ ഒരുമിച്ചുകൂട്ടുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. ) അതാണ് നഷ്ടം വെളിപ്പെടുന്ന ദിവസം. ആർ അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുന്നുവോ അവൻറെ പാപങ്ങൾ അല്ലാഹു മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ അവനെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അതിൽ ( സ്വർഗത്തിൽ ) അവർ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.
10 അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചു തള്ളുകയും ചെയ്തവരാകട്ടെ അവരാണ് നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും. ( അവർ ) ചെന്നെത്തുന്ന ആ സ്ഥലം വളരെ ചീത്ത തന്നെ.
11 അല്ലാഹുവിൻറെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. വല്ലവനും അല്ലാഹുവിൽ വിശ്വസിക്കുന്ന പക്ഷം അവൻറെ ഹൃദയത്തെ അവൻ നേർവഴിയിലാക്കുന്നതാണ്. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
12 അല്ലാഹുവെ നിങ്ങൾ അനുസരിക്കുക. റസൂലിനെയും നിങ്ങൾ അനുസരിക്കുക. ഇനി നിങ്ങൾ പിന്തിരിയുന്ന പക്ഷം നമ്മുടെ റസൂലിൻറെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു.
13 അല്ലാഹു- അവനല്ലാതെ യാതൊരു ദൈവവുമില്ല. അല്ലാഹുവിൻറെ മേലായിരിക്കട്ടെ സത്യവിശ്വാസികൾ ഭരമേൽപിക്കുന്നത്.
14 സത്യവിശ്വാസികളേ, തീർച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങൾക്ക് ശത്രുവുണ്ട്. അതിനാൽ അവരെ നിങ്ങൾ സൂക്ഷിച്ചു കൊള്ളുക. നിങ്ങൾ മാപ്പുനൽകുകയും, വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന പക്ഷം തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
15 നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്.
16 അതിനാൽ നിങ്ങൾക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും നിങ്ങൾക്കു തന്നെ ഗുണകരമായ നിലയിൽ ചെലവഴിക്കുകയും ചെയ്യുക. ആർ മനസ്സിൻറെ പിശുക്കിൽ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവർ തന്നെയാകുന്നു വിജയം പ്രാപിച്ചവർ.
17 നിങ്ങൾ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങൾക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങൾക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു.
18 അദൃശ്യവും ദൃശ്യവും അറിയുന്നവനും പ്രതാപിയും യുക്തിമാനുമാകുന്നു അവൻ.