പരിശുദ്ധ ഖുർആൻ/മുർസലാത്ത്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 |
1 തുടരെത്തുടരെ അയക്കപ്പെടുന്നവയും,
2 ശക്തിയായി ആഞ്ഞടിക്കുന്നവയും,
3 പരക്കെ വ്യാപിപ്പിക്കുന്നവയും,
4 വേർതിരിച്ചു വിവേചനം ചെയ്യുന്നവയും,
5 ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം;
6 ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ
7 തീർച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.
8 നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,
9 ആകാശം പിളർത്തപ്പെടുകയും,
10 പർവ്വതങ്ങൾ പൊടിക്കപ്പെടുകയും,
11 ദൂതൻമാർക്ക് സമയം നിർണയിച്ചു കൊടുക്കപ്പെടുകയും ചെയ്താൽ!
12 ഏതൊരു ദിവസത്തേക്കാണ് അവർക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്?
13 തീരുമാനത്തിൻറെ ദിവസത്തേക്ക്!
14 ആ തീരുമാനത്തിൻറെ ദിവസം എന്താണെന്ന് നിനക്കറിയുമോ?
15 അന്നേ ദിവസം നിഷേധിച്ചു തള്ളിയവർക്കാകുന്നു നാശം.
16 പൂർവ്വികൻമാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?
17 പിന്നീട് പിൻഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്.
18 അപ്രകാരമാണ് നാം കുറ്റവാളികളെക്കൊണ്ട് പ്രവർത്തിക്കുക.
19 അന്നേ ദിവസം നിഷേധിച്ചു തള്ളിയവർക്കായിരിക്കും നാശം.
20 നിസ്സാരപ്പെട്ട ഒരു ദ്രാവകത്തിൽ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?
21 എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തിൽ വെച്ചു.
22 നിശ്ചിതമായ ഒരു അവധി വരെ.
23 അങ്ങനെ നാം ( എല്ലാം ) നിർണയിച്ചു. അപ്പോൾ നാം എത്ര നല്ല നിർണയക്കാരൻ!
24 അന്നേ ദിവസം നിഷേധിച്ചു തള്ളിയവർക്കാകുന്നു നാശം.
25 ഭൂമിയെ നാം ഉൾകൊള്ളുന്നതാക്കിയില്ലേ?
26 മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും.
27 അതിൽ ഉന്നതങ്ങളായി ഉറച്ചുനിൽക്കുന്ന പർവ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾക്കു നാം സ്വച്ഛജലം കുടിക്കാൻ തരികയും ചെയ്തിരിക്കുന്നു.
28 അന്നേ ദിവസം നിഷേധിച്ചു തള്ളിയവർക്കാകുന്നു നാശം.
29 ( ഹേ, സത്യനിഷേധികളേ, ) എന്തൊന്നിനെയായിരുന്നോ നിങ്ങൾ നിഷേധിച്ചു തള്ളിയിരുന്നത് അതിലേക്ക് നിങ്ങൾ പോയി ക്കൊള്ളുക.
30 മൂന്ന് ശാഖകളുള്ള ഒരു തരം തണലിലേക്ക് നിങ്ങൾ പോയിക്കൊള്ളുക.
31 അത് തണൽ നൽകുന്നതല്ല. തീജ്വാലയിൽ നിന്ന് സംരക്ഷണം നൽകുന്നതുമല്ല.
32 തീർച്ചയായും അത് ( നരകം ) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും.
33 അത് ( തീപ്പൊരി ) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും.
34 അന്നേ ദിവസം നിഷേധിച്ചു തള്ളിയവർക്കാകുന്നു നാശം.
35 അവർ മിണ്ടാത്തതായ ദിവസമാകുന്നു ഇത്.
36 അവർക്ക് ഒഴികഴിവു ബോധിപ്പിക്കാൻ അനുവാദം നൽകപ്പെടുകയുമില്ല.
37 അന്നേ ദിവസം നിഷേധിച്ചു തള്ളിയവർക്കാകുന്നു നാശം.
38 ( അന്നവരോട് പറയപ്പെടും: ) തീരുമാനത്തിൻറെ ദിവസമാണിത്. നിങ്ങളെയും പൂർവ്വികൻമാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.
39 ഇനി നിങ്ങൾക്ക് വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കിൽ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക.
40 അന്നേ ദിവസം നിഷേധിച്ചു തള്ളിയവർക്കാകുന്നു നാശം.
41 തീർച്ചയായും സൂക്ഷ്മത പാലിച്ചവർ ( സ്വർഗത്തിൽ ) തണലുകളിലും അരുവികൾക്കിടയിലുമാകുന്നു.
42 അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവർഗങ്ങൾക്കിടയിലും.
43 ( അവരോട് പറയപ്പെടും: ) നിങ്ങൾ പ്രവർത്തിച്ചിരുന്നതിൻറെ ഫലമായി ആഹ്ലാദത്തോടെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.
44 തീർച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തർക്ക് പ്രതിഫലം നൽകുന്നത്.
45 അന്നേ ദിവസം നിഷേധിച്ചു തള്ളിയവർക്കാകുന്നു നാശം.
46 ( അവരോട് പറയപ്പെടും: ) നിങ്ങൾ അൽപം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീർച്ചയായും നിങ്ങൾ കുറ്റവാളികളാകുന്നു.
47 അന്നേ ദിവസം നിഷേധിച്ചു തള്ളിയവർക്കാകുന്നു നാശം.
48 അവരോട് കുമ്പിടൂ എന്ന് പറയപ്പെട്ടാൽ അവർ കുമ്പിടുകയില്ല.
49 അന്നേ ദിവസം നിഷേധിച്ചു തള്ളിയവർക്കാകുന്നു നാശം.
50 ഇനി ഇതിന് ( ഖുർആന്ന് ) ശേഷം ഏതൊരു വർത്തമാനത്തിലാണ് അവർ വിശ്വസിക്കുന്നത്?