ലൂഥരിന്റെ ചെറിയ ചോദ്യോത്തരപുസ്തകം

ലൂഥരിന്റെ ചെറിയ ചോദ്യോത്തരപുസ്തകം (1869)

[ 3 ] FIRST CATECHISM.

ലുഥരിന്റെ
ചെറിയ
ചോദ്യോത്തരപുസ്തകം.

SECOND EDITION.

MANGALORE:
PRINTED BY STOLZ & REUTHER, BASEL MISSION PRESS.
1869. [ 5 ] ലുഥരിന്റെ
ചെറിയ
ചോദ്യോത്തരപുസ്തകം.

൧ാം അദ്ധ്യായം.

പത്തു കല്പനകൾ.

(൨മൊ. ൨൦, ൧—൧൮.)

൧.) ചോദ്യം. ഒന്നാം കല്പന ഏതു?
ഉ. "അടിമ വീടായ മിസ്രദേശത്തുനിന്നു നി
"ന്നെ കൊണ്ടുവന്നവനായ യഹോവയെ ഞാൻ
"നിന്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അ
"ന്യ ദേവകൾ നിണക്കു ഉണ്ടാകരുതു."

൨.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. നാം ദൈവത്തെ എല്ലാറ്റിന്മീതെ ഭയപ്പെ
ട്ടും സ്നേഹിച്ചും ആശ്രയിച്ചും ഇരിക്കെണം എന്നു
തന്നെ.

൩.) ചോ. രണ്ടാം കല്പന എന്തു?
ഉ. "നിങ്ങൾക്ക് ഒരു വിഗ്രഹത്തെയും ഉണ്ടാ
"ക്കരുത് മീതെ ആകാശത്തിൽ എങ്കിലും താഴെ ഭൂമി
"യിൽ എങ്കിലും ഭൂമിക്ക കീഴെ വെള്ളത്തിൽ എങ്കിലും
"ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു; നീ
"അവറ്റെ കുംബിടുകയും സേവിക്കയും അരുതു." [ 6 ] ൪.) ചോ. ഇതിൻറെ അൎത്ഥം എന്തു?
ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊ
ണ്ടു എല്ലാ വിഗ്രഹസേവയും കള്ളദേവാരാധനയും
നിരസിച്ചു ഒഴിക്കയും യേശുക്രിസ്തങ്കൽ പിതാവായി
വിളങ്ങി വന്ന ഏക സത്യദൈവത്തോടു മാത്രമെ
ദിവ്യ സഹായവും ആശ്വാസവും അന‌്വെഷിക്കയും
ആരാലും ദോഷത്തെ പേടിക്കായ്കയും വേണ്ടത്. സ
ൎവ്വാധികാരം ദൈവത്തിൻ കയ്യിൽ ഉണ്ടല്ലൊ.

൫.) ചോ. മൂന്നാം കല്പന ഏതു?
ഉ. നിന്റെ ദൈവമായ യഹോവയുടെ നാമ
"ത്തെ വൃഥാ എടുക്കരുത; തന്റെ നാമം വൃഥാ എ
"ടുക്കുന്നവനെ യഹോവ കുററമില്ലാത്തവൻ ആ
"ക്കി വെക്കുകയില്ല."

൬.) ചോ. ഇതിൻറ അൎത്ഥം എന്തു?
ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊ
ണ്ടു, അവന്റെ നാമം ചൊല്ലി കള്ളസത്യം, ശാപം,
മാരണം, മന്ത്രവാദം, വ്യാജം, ചതി എന്നിവ പ്രയോ
ഗിക്കാതെ, എല്ലാസങ്കടങ്ങളിൽ അവനെ വിളിച്ചും,
പ്രാൎത്ഥിച്ചും, സ്തുതിച്ചും, നന്ദിച്ചും ഇരിക്കെണം.

൭.) ചോ. നാലാം കല്പന ഏതു?
ഉ. "സ്വസ്ഥനാളിനെ ശുദ്ധീകരിപ്പാൻ ഓൎക്ക,
"ആറുദിവസം നീ അദ്ധ്വാനപ്പെട്ടു നിന്റെ വേല
"ഒക്കയും ചെയ്ത ഏഴാം ദിവസം നിന്റെ ദൈവമാ
"യ യഹോവയുടെ സ്വസ്ഥത ആകുന്നു, അതിൽ
"നീയും പുത്രീപുത്രന്മാരും ദാസീദാസന്മാരും കന്നു
"കാലികളും നിന്റെ വാതില്ക്കകത്തുള്ള അന്യനും ഒരു
"വേലയും ചെയ്യരുതു; ആറു ദിവസം കൊണ്ടല്ലൊ [ 7 ] "യഹോവ ആകാശഭൂമിസമുദ്രങ്ങളെയും അവറ്റി
"ലുള്ള സകലത്തെയും ഉണ്ടാക്കി, ഏഴാം ദിവസം
"സ്വസ്ഥനായിരുന്നതിനാൽ ആസ്വസ്ഥനാളിനെ
"യഹോവ അനുഗ്രഹിച്ചു ശുദ്ധീകരിക്കയും ചെയ്തു."

൮.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊ
ണ്ടു തിരുവചനത്തിൻറെ പ്രസംഗത്തെ തൃണീകരി
ക്കാതെ, വണക്കത്തോടു താല്പൎയ്യമായി കേട്ടം പഠിച്ചും
ജീവനത്തിന്നു പ്രമാണമാക്കി കൈക്കൊണ്ടു സ്വ
സ്ഥനാളിനെ ശുദ്ധമായി ആചരിക്കെണം.

൯.) ചോ. അഞ്ചാം കല്പന ഏതു?
ഉ. "നിന്റെ ദൈവമായ യഹോവ നിണക്ക്
"തരുന്ന ദേശത്തു നിന്റെ നാളുകൾ ദീൎഘമാകുവാ
"നായിട്ടു നിന്റെ മാതാപിതാക്കന്മാരെ ബഹുമാ
"നിക്ക."

൧൦.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊ
ണ്ടു പിതാക്കളെയും യജമാനന്മാരേയും തൃണീകരിക്ക
യും കോപിപ്പിക്കയും ചെയ്യാതെ, അവരെ ബഹുമാ
നിച്ചും സേവിച്ചും അനുസരിച്ചും ഉപകാരം വരു
ത്തീട്ടും സ്നേഹവണക്കങ്ങളോടും ആചരിച്ചും ഇരി
ക്കെണം.

൧൧.) ചോ. ആറാം കല്പന ഏതു?
ഉ. "നീ കുല ചെയ്യരുതു."

൧൨.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും
കൊണ്ടു, വിചാരവാക്കു ക്രിയകളാലെ കൂട്ടുകാരന്റെ [ 8 ] ദേഹത്തിന്നു നഷ്ടവും ദോഷവും പിണക്കാതെ, ഞെ
രുക്കങ്ങളിൽ താങ്ങി സഹായിക്കയും വേണം.

൧൩.) ചോ. ഏഴാം കല്പന ഏതു?
ഉ. "നീ വ്യഭിചരിക്കരുതു."

൧൪.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊ
ണ്ടു വിചാരവാക്കു ക്രിയകളിൽ നിൎമ്മലതയും അട
ക്കവും കാണിച്ചു ഭാൎയ്യാഭൎത്താക്കന്മാർ അന്യൊനം
സ്നേഹിക്കയും മാനിക്കയും വേണം.

൧൫.) ചോ. എട്ടാം കല്പന ഏതു?
ഉ. "നീ മോഷ്ടിക്കരുത്"

൧൬.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊ
ണ്ടു കൂട്ടുകാരൻറ ധനമൊ വസ്തുവൊ കക്കാതെയും
കൌശലവ്യാപാര എടപാടുകൾകൊണ്ടു പിടുങ്ങാ
തെയും അവയെ നന്നാക്കി കാക്കുവാൻ അവന്നു
സഹായിക്കയും വേണം.

൧൭.) ചോ. ഒമ്പതാം കല്പന ഏതു?
ഉ. "നിന്റെ കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷി
"പറയരുതു."

൧൮.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊ
ണ്ടു കൂട്ടുകാരനോടു കളവു പറയാതെയും ഏഷണി
കുരളകളെകൊണ്ടു അപകീൎത്തി വരുത്താതെയും അ
വനെകൊണ്ടു നന്മ ചൊല്ലി പിൻതുണയായി നി
ന്നുകൊണ്ടു ഗുണം വരുത്തുവാൻ താല്പൎയ്യപ്പെടെണം.

൧൯.) ചോ. പത്താം കല്പന ഏതു ? [ 9 ] ഉ. "നിന്റെ കൂട്ടുകാരന്റെ ഭവനത്തെ മോഹി
"ക്കരുതു; കൂട്ടുകാരന്റെ ഭാൎയ്യയെയും ദാസീദാസന്മാ
"രെയും കാളകഴുതകളെയും കൂട്ടുകാരന്നുള്ള യാതൊ
"ന്നിനെയും മോഹിക്കരുതു."

൨൦.) ചോ. ഇതിന്റെ അൎത്ഥം എന്തു?
നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു
കൂട്ടുകാരന്റെ അവകാശത്തെയും ഭവനഭാൎയ്യാദിക
ളെയും ഉപായംകൊണ്ടും കള്ളഅന്യായംകൊണ്ടും വ
ശീകരിച്ചു കൈക്കൽ ആക്കരുതു. അവ എല്ലാം അവ
നിൽ ഉറപ്പിപ്പാൻ തുണക്കുകെ ആവു.

൨൧.) ചോ. ഈ കല്പനകളെകൊണ്ടു ദൈവം എന്തു അരുളി
ചെയ്തിരിക്കുന്നു?
ഉ. "നിന്റെ ദൈവമായ യഹോവയായ ഞാൻ
"എരിവുള്ള ദൈവമാകുന്നു. എന്നോടു പകക്കുന്നവ
"രിൽ മൂന്നാമത്തവരും നാലാമത്തവരും വരെ ഉള്ള
"മക്കളുടെ മേൽ പിതാക്കന്മാരുടെ ദോഷത്തെ കുറി
"ച്ചു ചോദിക്കയും, എന്റെ കല്പനകളെ പ്രമാണിക്കു
"ന്നവൎക്കു ആയിരം വരെയും കരുണ കാട്ടുകയും ചെ
"യുന്നു."

൨൨.) ചോ. ഇതിൻറെ അൎത്ഥം എന്തു?
ഉ. ദൈവം തി രു കല്പനകളെ ലംഘിക്കുന്നവരെ
ശിക്ഷിന്നപ്രകാരം അവയെ ചെയ്യുന്നവരിൽ കരു
ണ കാണിക്കുന്നത് കൊണ്ടു അവന്റെ കോപത്തെ
പേടിക്ക എന്നു തന്നെ അല്ല; അവനെ സ്നേഹിച്ചും
ആശ്രയിച്ചും മനസ്സോടെ തിരുകല്പനകളെ അനു
സരിക്കയും വേണ്ടതു. [ 10 ] ൨ാം അദ്ധ്യായം.

ക്രിസ്തീയ വിശ്വാസം.

൨൩.) ചോ. ക്രിസ്തീയവിശ്വാസത്തിൻറെ മുഖ്യ അംശങ്ങൾ എത്ര?
ഉ. മൂന്നു തന്നെ.

൨൪.) ചോ. ഒന്നാം അംശം ഏതു?
ഉ. "സ്വൎഗ്ഗങ്ങൾ്ക്കും ഭൂമിക്കും സ്രഷ്ടാവായി സ
"ൎവ്വശക്തനായി പിതാവായിരിക്കുന്ന ദൈവത്തി
"ങ്കൽ ഞാൻ വിശ്വസിക്കുന്നു."

൨൫.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. ദൈവം സൎവ്വ വസ്തുക്കളെപോലെ എന്നെ
യും സൃഷ്ടിച്ചു പ്രിയ കുട്ടിയാക്കി കൈക്കൊണ്ടിരിക്കു
ന്നു എന്നു ഞാൻ വിശ്വസിക്കുന്നു. അവൻ എ
നിക്കു ശരീരവും ദേഹിയും ആത്മാവും ഇന്ദ്രിയബു
ദ്ധി മുതലായ പലതര പ്രാപ്തി വരങ്ങളും തന്നു ര
ക്ഷിച്ചു പോരുന്നു എന്നും അന്നവസ്ത്രാദികളും നില
മ്പറമ്പുകളും ഭാൎയ്യാമക്കളും ദാനം ചെയ്തു കഴിച്ചലിന്നു
വേണ്ടുന്നത എത്തിക്കയും അനൎത്ഥദോഷങ്ങളിൽനി
ന്നു കടാക്ഷിച്ചുദ്ധരിക്കയും ചെയ്യുന്നു എന്നും ഇവ
എല്ലാം എന്നിലൊ അന്യരിലൊ വല്ല പുണ്യയോ
ഗ്യതകളെ കണ്ടിട്ടല്ല, പിതാവിൻദയാകാരുണ്യങ്ങളാ
ലത്രെ എന്നും അറിഞ്ഞിട്ടു ഇവ എല്ലാംകൊണ്ടു ദൈ
വത്തിന്നു നന്ദി കാട്ടി സ്തുതിപ്പാനും അനുസരിച്ചു
സേവിപ്പാനും എനിക്കു കടം തന്നെ; ഇതു സത്യം.

൨൬.) ചോ. രണ്ടാം അംശം ഏതു?
ഉ. "അവൻറ ഏകപുത്രനായി നമ്മുടെ ക
ൎത്താവായ യേശുക്രിസ്തങ്കലും ഞാൻ വിശ്വസി
"ക്കുന്നു; ആയവൻ വിശുദ്ധാത്മാവിനാൽ മറിയ [ 11 ] "എന്ന കന്യകയിൽ ഉല്പാദിതനായി ജനിച്ചു, പൊ
"ന്ത്യപിലാതന്റെ താഴെ കഷ്ടമനുഭവിച്ചു ക്രൂശി
"ക്കപ്പെട്ടു മരിച്ചു; അടക്കപ്പെട്ടു, പാതാളത്തിലിറ
"ങ്ങി, മൂന്നാം ദിവസം ഉയിൎത്തെഴുനീററു, സ്വൎഗ്ഗാ
"രോഹണമായി സൎവ്വശക്തിയുള്ള പിതാവായ ദൈ
"വത്തിന്റെ വലത്തു ഭാഗത്തിരിക്കുന്നു; അവിടെ
"നിന്നു ജീവികളോടും മരിച്ചവരോടും ന്യായം വിസ്ത
"രിപ്പാൻ വരികയും ചെയ്യും."

൨൭.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. യേശു ക്രിസ്തൻ അനാദികാലത്തിങ്കൽ പി
താവിൽനിന്നു ജനിച്ച സത്യദൈവവും കന്യകയാ
യ മറിയയിൽനിന്നു ജനിച്ച സത്യമനുഷ്യനും എ
ന്റെ കൎത്താവും ആകുന്നു എന്നു ഞാൻ വിശ്വസി
ക്കുന്നു. അവൻ ഈ അരിഷ്ടനും ശപിക്കപ്പെട്ടവ
നുമായ എന്നെ സൎവ്വ പാപത്തിൽനിന്നും മരണ
ത്തിൽനിന്നും പിശാചിന്റെ അധികാരത്തിൽനിന്നും
വീണ്ടു കൊണ്ടതു, പൊൻവെള്ളികളാലല്ല, വിലഏറി
യ സ്വരക്തത്താലും കുററം കൂടാതെ അനുഭവിച്ച
കഷ്ടമരണങ്ങളാലുമത്രെ. താൻ മരണത്തിൽനി
ന്നെഴുനീറ്റു നിത്യമായിജീവിച്ചു വാഴുംപ്രകാരം ഞാ
നും അവനുള്ളവനായി നിത്യ നീതി നിൎമ്മലത ഭാഗ്യ
തകളിൽ അവനെ സേവിച്ചു വരേണ്ടതിന്നു ത
ന്നെ. ഇത് സത്യം.

൨൮.) ചോ. മൂന്നാം അംശം ഏതു?
ഉ. "വിശുദ്ധാത്മാവിലും, വിശുദ്ധന്മാരുടെ കൂ
"ട്ടായ്മയാകുന്ന ശുദ്ധ സാധാരണ സഭയിലും, പാ
"പമോചനത്തിലും, ശരീരത്തോടെ ജീവിച്ചെഴുനീ [ 12 ] "ല്ക്കുന്നതിലും, നിത്യജീവങ്കലും, ഞാൻ വിശ്വ
"സിക്കുന്നു. ആമെൻ."

൨൯.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. സ്വന്ത ബുദ്ധിശക്തികളാലെ യേശു ക്രി
സ്തൻ എൻ കൎത്താവാകുന്നു എന്നു വിശ്വസിച്ചു
അടുപ്പാൻ കഴിയായ്കകൊണ്ടു വിശുദ്ധാത്മാവായ
വൻ ശേഷമുള്ള ക്രിസ്തീയ സഭയെ വിളിച്ചു പ്രകാ
ശിപ്പിക്കയും ശുദ്ധീകരിച്ചു ക്രിസ്തയേശുവിങ്കൽ ഉറ
പ്പിക്കയും ഏകമായ സത്യവിശ്വാസത്തിങ്കൽ സ്ഥി
രീകരിക്കയും ചെയ്യുന്നപ്രകാരം അവൻ സുവിശേ
ഷമൂലം എന്നെയും വിളിച്ചു, തന്റെ വരങ്ങളെകൊ
ണ്ടു, മനസ്സിനെ പ്രകാശിപ്പിച്ചു സത്യവിശ്വാസ
ത്തിൽ ശുദ്ധീകരിക്കയും ചെയ്യുന്നു എന്നു ഞാൻ വി
ശ്വസിക്കുന്നു. ഇതല്ലാതെ, അവൻ ദിവസേന എ
ന്നോടും സൎവ്വ ക്രിസ്തീയവിശ്വാസികളോടും എല്ലാ
പാപങ്ങളെ ക്ഷമിക്കയും അവസാനനാളിൽ എന്നെ
യും മരിച്ചവർ എല്ലാവരെയും ഉണൎത്തുകയും എനി
ക്കും സൎവ്വവിശ്വാസികൾ്ക്കും ക്രിസ്തങ്കൽ നിത്യജീവ
നെ നല്കും എന്നും ഞാൻ വിശ്വസിക്കുന്നു. ഇത്
സത്യം.

൩ാം അദ്ധ്യായം.

കൎത്തൃപ്രാൎത്ഥന.

൩൦.) ചോ. നീ എങ്ങിനെ പ്രാൎത്ഥിക്കുന്നു?
ഉ. യേശുക്രിസ്തൻ ശിഷ്യരെ പഠിപ്പിച്ചപ്രകാരം
ഞാനും സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ എന്നു
പ്രാൎത്ഥിക്കുന്നു. [ 13 ] ൩൧.) ചോ. ഇതിന്റെ സാരം എന്തു?
ഉ. പ്രിയ മക്കൾ തങ്ങളുടെ അച്ഛനോടു ശങ്കകൂ
ടാതെ യാചിക്കും പോലെനാമും സാക്ഷാൽ മക്കളെ
ന്നും ദൈവം നമുക്കു സാക്ഷാൽ പിതാവു എന്നും
വിശ്വസിച്ചു ധൈൎയ്യത്തോടെ അടുത്തു അപേക്ഷി
ക്കേണ്ടതിന്നു ദൈവം നമ്മെ ഉത്സാഹിപ്പിക്കുന്നു.

൩൨.) ചോ. കൎത്തൃപ്രാൎത്ഥനയിൽ എത്ര അപേക്ഷകൾ ഉണ്ടു?
ഉ. ഏഴുണ്ടു.

൩൩.) ചോ. ഒന്നാം അപേക്ഷ ഏതു?
ഉ. "നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണ
"മെ"

൩൪.) ചോ. അതെന്തു?
ഉ. തന്നാൽ തന്നെ ശുദ്ധമുള്ള ദൈവനാമം ന
മ്മളാലും ശുദ്ധീകരിക്കപ്പെടേണം എന്നത്രെ.

൩൫.) ചോ. അത എങ്ങിനെ വരും?
ഉ. ദൈവവചനം കൂട്ടു കൂടാതെ നിൎമ്മലമായിപഠി
പ്പിക്കപ്പെടുകയും നാമും ദൈവമക്കളായി ആയതിൻ
പ്രകാരം ശുദ്ധിയിൽ ജീവിക്കുകയും ചെയ്യുന്നതിനാ
ലത്രെ. പ്രിയ സ്വൎഗ്ഗസ്ഥപിതാവെ ഇതിന്നു സഹാ
യിക്കേണമേ! എന്നാൽ ദൈവവചനത്തിന്നു വിപ
രീതമായി ഉപദേശിക്കയും നടക്കയും ചെയ്യുന്നവൻ
ദൈവനാമത്തെ അശുദ്ധമാക്കുന്നു. സ്വൎഗ്ഗസ്ഥപി
താവെ! ഈ ദോഷത്തിൽനിന്നു ഞങ്ങളെ കാക്കേ
ണമേ!

൩൬.) ചോ. രണ്ടാം അപേക്ഷ ഏതു?
"നിന്റെ രാജ്യം വരേണമേ."

൩൭.) ചോ. അതെന്തു?
ഉ. ദൈവരാജ്യം നമ്മുടെ പ്രാൎത്ഥന കൂടാതെ [ 14 ] തന്നാലെ വരുന്നുണ്ടു എങ്കിലും നമ്മിലും വരേണ്ടതി
ന്നു ഇതിനാൽ യാചിക്കുന്നു.

൩൮.) ചോ. അതെങ്ങിനെ വരും?
ഉ. തന്റെ കരുണയാൽ തിരുവചനത്തെ വി
ശ്വസിച്ചു ഇഹത്തിലും പരത്തിലും ദിവ്യജീവനം
കഴിക്കേണ്ടതിനായി സ്വൎഗ്ഗസ്ഥപിതാവു നമുക്കു ത
ന്റെവിശുദ്ധാത്മാവിനെ തരുന്നതിനാൽ വരുന്നത.

൩൯.) ചോ. മൂന്നാം അപേക്ഷ ഏതു?
ഉ. "നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലെ പോലെ
ഭൂമിയിലും നടക്കേണമേ."

൪൦.) ചോ. അതെന്തു?
ഉ. നന്മയും കരുണയും ഉള്ള ദൈവത്തിൻറ
ഇഷ്ടം നമ്മുടെ പ്രാൎത്ഥന കൂടാതെ നടക്കുന്നുണ്ടു എ
ങ്കിലും നമ്മിലും നടക്കേണം എന്നു ഇതിനാൽ പ്രാ
ൎത്ഥിക്കുന്നു.

൪൧.) ചോ. അത് എങ്ങിനെ വരും?
ഉ. നമ്മിൽ ദൈവനാമത്തിന്റെവിശുദ്ധീകരണ
ത്തിന്നും ദൈവരാജ്യത്തിന്റെ വരവിന്നും എതിർനി
ല്ക്കുന്ന പിശാചിന്റെയും ലോകത്തിന്റെയും ജഡ
ത്തിന്റെയും ദുരാലോചനാഹിതങ്ങളെ ദൈവം നശി
പ്പിച്ചു നാം അവസാനത്തോളം തന്റെ വചനത്തി
ലും വിശ്വാസത്തിലും സ്ഥിരമായി നില്ക്കേണ്ടതിന്നു
നമ്മുക്കു ശക്തി നല്കുന്നതു അവന്റെ കരുണയും
നന്മയും ഉള്ള ഇഷ്ടം ആകുന്നു.

൪൨.) ചോ. നാലാം അപേക്ഷ ഏതു?
ഉ. "ഞങ്ങൾ്ക്കു വേണ്ടുന്ന അപ്പം ഇന്നു തരേ
ണമേ." [ 15 ] ൪൩.) ചോ. അതെന്തു?
ഉ. ദൈവം എല്ലാമനുഷ്യൎക്കുംദുഷ്ടൎക്കും ദിവസേ
ന വേണ്ടുന്നതു നമ്മുടെ അപേക്ഷ കൂടാതെ, കൊടു
ക്കുന്നുണ്ടു. എന്നാൽ നാം നാൾതോറും കിട്ടുന്നതു അ
വന്റെ ദാനം എന്നറിഞ്ഞിട്ടും നന്ദിയോടു അതിനെ
കൈക്കൊള്ളേണ്ടതിന്നു ഇതിനാൽ യാചിക്കുന്നു.

൪൪.) ചോ. വേണ്ടുന്ന അപ്പം എന്തു?
ഉ. ശരീരരക്ഷക്കായി ആവശ്യവും മുട്ടും ഉള്ളതെ
ല്ലാം തന്നെ. അതൊ? അന്നം, പാനീയം, വസ്ത്രം,
ഭവനം, പറമ്പു, നിലം, മൃഗം, പണം, ഭക്തിയുള്ള
ഭാൎയ്യയും ഭൎത്താവും, ഭക്തിയുള്ള മക്കൾ, വിശ്വസ്തരാ
യ വേലക്കാർ ഭക്തിയും വിശ്വാസവുമുള്ള രാജകാൎയ്യ
സ്ഥന്മാർ, ശുഭവാഴ്ച, ശുഭകാലം, സമാധാനം, സൌ
ഖ്യം, അടക്കം, മാനം, നല്ല സ്നേഹിതന്മാർ, വിശ്വസ്ത
അയല്ക്കാർ മുതലായ നന്മകൾ തന്നെ.

൪൫.) ചോ. അഞ്ചാം അപേക്ഷ ഏതു?
ഉ. "ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വിടുന്നതു
"പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണമേ."

൪൬. ) ചോ. അതെന്തു?
ഉ. സ്വൎഗ്ഗസ്ഥപിതാവിന്റെ നേരെ നാം ദിവസേ
ന ചെയ്തുവരുന്ന ദോഷങ്ങൾ നിമിത്തം, ഈ അ പ
ക്ഷയാൽ ക്ഷമ യാചിക്കുന്നു. അവൻ നമ്മുടെ പാ
പങ്ങളെ കുറിക്കൊള്ളാതെയും അവ നിമിത്തം നമ്മു
ടെ അപേക്ഷയെ തള്ളിക്കളയാതെയും ഇരിപ്പാൻ
ഇങ്ങു യോഗ്യത ഇല്ലെങ്കിലും കരുണമൂലം നമ്മുടെ
പിഴകളെ ക്ഷമിക്കേണമെന്നു നാം യാചിക്കുന്നു.
ശിക്ഷിപ്പാൻ തക്ക അതിക്രമങ്ങൾ പലതും നമ്മിൽ [ 16 ] ദിവസേന കാണ്മാൻ ഉണ്ടാകയാൽ, നമ്മുടെ നേരെ
ദോഷം ചെയ്യുന്നവരോടും പൂൎണ്ണമനസ്സാലെ ക്ഷമി
ക്കുന്നത് നമുക്കും കടം തന്നെ.

൪൭.) ചോ. ആറാം അപേക്ഷ ഏതു?
ഉ. "ഞങ്ങളെ പരീക്ഷയിൽ കടത്തരുതു."

൪൮.) ചോ. അതെന്തു?
ഉ. ദൈവം ദോഷത്തിന്നായി ആരെയും പരീ
ക്ഷിക്കുന്നില്ല എങ്കിലും, നാം പിശാചിന്റെയും ലോ
കത്തിന്റെയും ജഡത്തിന്റെയും ചതിയിൽ അക
പ്പെടാതെയും, ദുൎവ്വിശ്വാസത്തിലും അഴിനിലത്തിലും
മററു കൊടിയ പാപ അശുദ്ധികളിലും വീഴാതെയും,
പരീക്ഷവന്നാലും ജയം പ്രാപിക്കേണ്ടതിന്നു ഇതി
നാൽ യാചിക്കുന്നു.

൪൯.) ചോ. ഏഴാം അപേക്ഷ ഏതു?
ഉ. "ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേ
"ണമേ."

൫൦.) ചോ. അതെന്തു?
ഉ. ഈ ചെറിയ അപേക്ഷയാൽ, സ്വൎഗ്ഗസ്ഥ
പിതാവിനോടു ശരീരത്തിന്നും ആത്മാവിന്നും സമ്പ
ത്തിന്നും മാനത്തിന്നും ഹാനി വരുത്തുന്ന എല്ലാ ദോ
ഷങ്ങളിൽനിന്നും നമ്മെ ഉദ്ധരിപ്പാനും, ഊഴിയിലെ
പെരുമാറ്റത്തിന്നു നല്ല ഒടുക്കം കല്പിപ്പാനും, ഇങ്ങെ
ഞെരുക്കങ്ങളിൽനിന്നു കരുണയാൽ, നമ്മെ സ്വ
ൎഗ്ഗത്തിൽ തന്നടുക്കൽ എത്തിച്ചു ചേൎപ്പാനും യാചിച്ചു
വരുന്നു.

൫൧.) ചോ. കൎത്തൃപ്രാൎത്ഥനയുടെ അവസാന വാചകം എങ്ങിനെ?
ഉ. "രാജ്യവും ശക്തിയും തേജസ്സും യുഗാദികളി
"ലും നിണക്കല്ലൊ ആകുന്നു." [ 17 ] ൫൨.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. നാം നമ്മുടെ സ്വൎഗ്ഗസ്ഥപിതാവിനെ മെ
യ്യായ വിശ്വാസത്തിലും സത്യത്തിലും വിളിക്കുന്നതു
കൂടാതെ, തന്റെ രാജ്യം സൎവ്വശക്തിതേജസ്സുകളോടു
നമ്മിൽ വ്യാപരിക്കെണ്ടതാകുന്നു എന്നു ഓൎക്കുമ്പോൾ,
നാം പ്രാൎത്ഥിക്കും പോലെ അവൻ തൻ രാജ്യത്തെ
നമ്മിൽ ഉറപ്പിച്ചു, നമുക്കു സകലത്തിലും ഊക്കുവരു
ത്തി തന്റെ മഹിമയുടെ അറിവിൽ നാൾതോറും
വളരുവാനും എന്നന്നേക്കും സ്തോത്രം ചെയ്തു സ്തുതി
പ്പാനും പ്രാപ്തി വരുത്തും എന്നു ധൈൎയ്യം പൂണ്ടുനി
ല്ക്കുന്നു.

൫൩.) ചോ. കൎത്തൃപ്രാൎത്ഥനയുടെ അവസാനവാക്കു ഏതു?
ഉ . "ആമെൻ എന്ന വാക്കു തന്നെ."

൫൪.) ചോ. ഇതിന്റെ അൎത്ഥം എന്തു?
ഉ. കൎത്തൃപ്രാൎത്ഥനയെ പഠിപ്പിച്ചും പ്രാൎത്ഥി
പ്പാൻ കല്പിച്ചും പിതാവ് നമ്മെ കേൾക്കും എന്നു
വാഗ്ദത്തം ചെയ്തും ഇരിക്കുന്ന യേശുക്രിസ്തൻമൂലം
എന്റെ അപേക്ഷകൾ സ്വൎഗ്ഗസ്ഥപിതാവായവ
ന്നു സുഗ്രാഹ്യങ്ങളും ക്രിസ്തൻമൂലം സാധിക്കുന്നവ
യും ആകുന്നു എന്നു ഞാൻ ഉറക്കേണം. ആമെൻ
ആമെൻ എന്നതൊ ഉവ്വ ഉവ്വ, അത് സംശയം കൂ
ടാതെ സംഭവിക്കും എന്നു തന്നെ.

൪ാം. അദ്ധ്യായം.

തിരുസ്നാനം എന്ന ചൊല്ക്കുറി.

൫൫.) ചോ. ചൊല്ക്കുറികളുടെ ഉപകാരം എന്തു?
ഉ. അവ വിശ്വാസത്തെ നമ്മിൽ ജനിപ്പിച്ചുറ
പ്പിപ്പാനും ദൈവം കരുണയോടു ചൊല്ലി തന്നത് [ 18 ] ക്രിസ്തൻമൂലം സ്ഥിരപ്പെടുത്തുവാനും യേശു സ്ഥാപി
ച്ച മുദ്ര അടയാളങ്ങൾ ആകുന്നു. ഇവയിൽ നിത്യ
ജീവന്ന് വേണ്ടി കൎത്താവായ യേശുക്രിസ്തന്റെ
രക്ഷയും കൂട്ടായ്മയും എത്തി വരികയും ചെയ്യുന്നു.

൫൬.) ചോ. തിരുസ്നാനത്തിന്റെ സ്ഥാപനവചനം ഏതു?
ഉ. കൎത്താവായ യേശു ശിഷ്യരോടു അരുളി ചെ
യ്തിത്: സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാര
വും എനിക്കു നല്കപ്പെട്ടിരിക്കുന്നു.ആകയാൽ നിങ്ങൾ
പുറപ്പെട്ടു, പിതാ പുത്രൻ വിശുദ്ധാത്മാവു എന്നീ
നാമത്തിലേക്കു സ്നാനം ഏല്പിച്ചും ഞാൻ നിങ്ങളോ
ടു കല്പിച്ചവ ഒക്കയും സൂക്ഷിപ്പാൻ തക്കവണ്ണം ഉ
പദേശിച്ചം ഇങ്ങിനെ സകല ജാതികളെയും ശി
ഷ്യരാക്കികൊൾ്വിൻ. (മത്ത. ൨൮, ൧൯—൨൦.)വിശ്വ
സിച്ചു സ്നാനപ്പെട്ടുമുള്ളവൻ രക്ഷിക്കപ്പെടും; വിശ്വ
സിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. (മാ
ൎക്ക. ൧൬, ൧൬.) ഞാനൊ ഇതാ യുഗസമാപ്തിയോളം
എല്ലാനാളും നിങ്ങളോടു കൂട ഉണ്ടു.

൫൭.) ചോ. തിരുസ്നാനം എന്നത് എന്തു?
ഉ. തിരുസ്നാനം വെറും വെള്ളമല്ല, ദൈവകല്പ
നയിലടച്ചം ദൈവവാക്യത്തോടു ചേൎന്നും
ഇരിക്കുന്ന വെള്ളം തന്നെ ആകുന്നു.

൫൮.) ചോ. ആ ദൈവവചനം ഏതു?
ഉ. "കൎത്താവായ ക്രിസ്തന്റെ അരുളപ്പാടാവിത്:
"നിങ്ങൾ പുറപ്പെട്ടു പിതാ പുത്രൻ വിശുദ്ധാത്മാ
"വു എന്നീ നാമത്തിൽ സ്നാനം ഏല്പിപ്പിൻ എന്നു
"തന്നെ."

൫൯.) ചോ. തിരുസ്നാനത്തിന്റെ പ്രയോജനം എന്തു? [ 19 ] ഉ. വിശ്വസിക്കുന്നവൎക്കു അത് പാപമോചന
വും പിശാചിൽനിന്നും മരണത്തിൽനിന്നും ഉദ്ധാര
ണവും നിത്യഭാഗ്യതയും എത്തിച്ചുതരുന്നു. ഇതി
നെ ദൈവവചനവാഗ്ദത്തങ്ങൾ സൂചിപ്പിക്കുന്നു.

൬൦.) ചോ. ഈ ദൈവവചനവാഗ്ദത്തങ്ങൾ ഏവ?
ഉ. "വിശ്വസിച്ചും സ്നാനപ്പെട്ടുമുള്ളവൻ രക്ഷി
"ക്കപ്പെടും; വിശ്വസിക്കാത്തവൻശിക്ഷാവിധിയിൽ
"അകപ്പെടും എന്നു തന്നെ."

൬൧.) ചോ. വെള്ളത്തിന്നു ഇത്ര വലിയവ ചെയ്വാൻ കഴിയുന്ന
ത് എങ്ങിനെ?
ഉ. വെറും വെള്ളത്താൽ കഴികയില്ല. വെള്ള
ത്തോടു ദൈവവചനവും ചേൎന്നിരിക്കയാലും വിശ്വാ
സം വെള്ളത്തിലെ ദൈവവചനത്തെ പിടിക്കയാ
ലും, അത് കരുണകളുടെ ജിവനീരും വിശദ്ധാത്മാ
വിൽ പുനൎജ്ജന്മക്കുളിയും തന്നെ. ദൈവവചന
ത്തോടു ചേരാത്ത വെള്ളം വെറും വെള്ളമത്രെ; അ
ത് സ്നാനവുമല്ല, ദൈവവചനത്തോടു ചേൎന്നെ
ങ്കിലെ അത് സ്നാനം ആകുന്നുള്ളൂ.

൬൨.) ചോ. ഇത് എവിടെ എഴുതികിടക്കുന്നു?
ഉ. പൌൽ അപോസ്തലൻ തീതന്നു എഴുതിയ
ത്: (തീത. ൩, ൪ — ൮.) "നമ്മുടെ രക്ഷിതാവായ ദൈ
"വത്തിൻറെ വാത്സല്യവും മനുഷ്യരഞ്ജനയും ഉദിച്ചു
"വന്നപ്പോൾ, നാം അവന്റെകരുണയാൽ, നീതീക
"രിക്കപ്പെട്ടിട്ടു, പ്രത്യാശപ്രകാരം നിത്യജീവന്റെ അ
"വകാശികളായി തീരേണ്ടതിന്നു, നാം ചെയ്ത നീതി
"ക്രിയകളെ വിചാരിച്ചല്ല; തന്റെ കനിവാലത്രെ ന
"മ്മെ രക്ഷിച്ചിരിക്കുന്നതു. നമ്മുടെ രക്ഷിതാവായ [ 20 ] "യേശുക്രിസ്തന്മൂലം നമ്മുടെ മേൽ ധാരാളമായി പക
"ൎന്ന പരിശുദ്ധാത്മാവിലെ നവീകരണവും പുന
"ൎജ്ജന്മവും ആകുന്ന കുളികൊണ്ടു തന്നെ; ഈ വ
"ചനം പ്രമാണം."

൬൩.) ചോ. ജലസ്നാനത്തിന്റെ അൎത്ഥം എന്തു?
ഉ. നമ്മിൽ ഉള്ള പഴയ ആദാം സൎവ്വ പാപങ്ങ
ളോടും ദുൎമ്മോഹങ്ങളോടും ദിവസേനയുള്ള ദുഃഖാനു
താപങ്ങളിൽ മുങ്ങി ചാകെണം എന്നും പുതുമനുഷ്യ
നായി ദിവസേന പൊങ്ങി എഴുനീററു ദൈവസ
ന്നിധിയിൽ നീതിയിലും നിൎമ്മലതയിലും ജീവിക്കെ
ണം എന്നും തിരുസ്നാനം സൂചിപ്പിക്കുന്നു.

൬൪.) ചോ. ഇത് എവിടെ എഴുതികിടക്കുന്നു?
ഉ. പൌൽ അപോസ്തലൻ രോമരോടു കല്പിച്ചി
തു: "നാം അവന്റെ മരണത്തിലെ സ്നാനത്താൽ
"അവനോടു കൂടെ കുഴിച്ചിടപ്പെട്ടത് ക്രിസ്തൻ പിതാ
"വിൻ തേജസ്സിനാൽ, മരിച്ചവരിൽനിന്നു ഉണൎന്നു
"വന്നത് പോലെ നാമും ജീവൻറ പുതുക്കത്തിൽ
"നടക്കേണ്ടതിന്നത്രെ." (൬, ൪.)


൫ാം അദ്ധ്യായം.

തിരുവത്താഴം എന്ന ചൊല്ക്കുറി.

൬൫.) ചോ. തിരുവത്താഴത്തിൻ സ്ഥാപനവചനം ഏതു?
ഉ. ( ൧ കൊ. ൧൧, ൨൩—൨൭.) "ഞാനാകട്ടെകൎത്താ
"വിൽനിന്നു പരിഗ്രഹിച്ചു, നിങ്ങൾ്ക്കും ഏല്പിച്ചത്
"എന്തെന്നാൽ: കൎത്താവായ യേശു തന്നെ കാണി
"ച്ചു കൊടുക്കുന്നാൾ രാത്രിയിൽ അപ്പത്തെ എടുത്തു [ 21 ] "സ്തോത്രം ചൊല്ലി, നുറുക്കി പറഞ്ഞു: വാങ്ങിഭക്ഷി
"പ്പിൻ; ഇത് നിങ്ങൾക്കു വേണ്ടി നുറുക്കപ്പെടുന്ന
"എന്റെ ശരീരം ആകുന്നു. എന്റെ ഓൎമ്മക്കായിട്ടു
"ഇതിനെ ചെയ്വിൻ; അപ്രകാരം തന്നെ അത്താഴ
"ത്തിൽ പിന്നെ പാനപാത്രത്തെയും എടുത്തു പറ
"ഞ്ഞു: ഈ പാനപാത്രം എൻറെ രക്തത്തിൽ പുതിയ
"നിയമം ആകുന്നു. ഇതിനെ കുടിക്കുന്തോറും എന്റെ
"ഓൎമ്മക്കായിട്ടു ചെയ്വിൻ; എങ്ങിനെ എന്നാൽ: നി
"ങ്ങൾ ഈ അപ്പം ഭക്ഷിക്കയും പാനപാത്രം കുടി
"ക്കയും ചെയ്യുന്തോറും കൎത്താവ് വരുവോളത്തിന്നു
"അവന്റെ മരണത്തെ പ്രസ്താവിക്കുന്നു."

൬൬.) ചോ. തിരുവത്താഴം എന്തു?
ഉ. ആയത് കൎത്താവായ യേശുക്രിസ്തൻ സ്ഥാ
പിച്ചതും ക്രിസ്ത്യാനരായ നമുക്കു വേണ്ടി അപ്പം മു
ന്തിരിരസം എന്നിവറ്റിൽ അനുഭവത്തിന്നായി ക
ല്പിച്ചു തരുന്നതുമായ അവന്റെ മെയ്യായ ശരീരവും
രക്തവും ആകുന്നു.

൬൭.) ചോ. അതിന്റെ പ്രയോജനം എന്തു?
ഉ. "ഇത് നിങ്ങൾ്ക്കുവേണ്ടി നുറുക്കപ്പെടുന്ന എ
"ന്റെ ശരീരം എന്നും അനേകൎക്കു വേണ്ടി പാപമോ
"ചനത്തിന്നായി ഒഴിക്കപ്പെടുന്ന എന്റെ രക്തം"
എന്നും യേശു ചൊന്നതിനാലെ പാപമോചനവും
നിത്യജീവനും ഭാഗ്യതയും അതിന്റെ ഫലമാകുന്നു
എന്നു കാണുന്നു. പാപമോചനം എവിടെയൊ അ
വിടെ ജീവഭാഗ്യതകളും ഉണ്ടു.

൬൮.) ചോ. ശരീരപ്രകാരമുള്ള ഈ ഭോജനപാനീയങ്ങൾ
(കൊണ്ടു) ഇത്ര വലിയവ സാധിക്കുമൊ? [ 22 ] ഭക്ഷിച്ചാലും കുടിച്ചാലും (തന്നെ) പോരാ; നിങ്ങ
ടെ പാപമോചനത്തിന്നായി ഇവ നുറുക്കപ്പെട്ടും
ഒഴിക്കപ്പെട്ടുമിരിക്കുന്നു എന്നു യേശു ചൊന്ന തിരു
വചനവും ഇവറ്റോടു ചേൎന്നിരിക്കേണം. ഈ വച
നവും ഭക്ഷിച്ചു കുടിക്കുന്നതും ഈ ചൊല്ക്കുറിയുടെ
മുഖ പൊരുൾ ആകുന്നു; ഈ വചനത്തെ വിശ്വ
സിക്കുന്നവന്നു പാപമോചനമുണ്ടു.

൬൯.) ചോ. തിരുവത്താഴത്തെ പാത്രമായി അനുഭവിക്കുന്നവൻ
ആർ?
ഉ. ഉപവാസം മുതലായ പുറമെയുള്ള ഒരുമ്പാടു
കൾ നല്ലതാകുന്നെങ്കിലും, ഇതിന്നു അവ പോര; "നി
ങ്ങളുടെ പാപമോചനത്തിന്നായി ഇത് നുറുക്കപ്പെ
"ട്ടും ഒഴിക്കപ്പെട്ടും ഇരിക്കുന്നു" എന്ന് ദിവ്യവാക്കിനെ
സത്യമായി വിശ്വസിക്കുന്നവനും നടപ്പിൽ ഗുണ
പ്പെടുവാൻ ആഗ്രഹിക്കുന്നവനുമത്രെ പാത്രം. ഈ
വചനങ്ങളെ വിശ്വസിക്കാതെ, സംശയിക്കുന്നവൻ
അപാത്രം ആകയാൽ "നിങ്ങൾ്ക്കായി" എന്ന വാക്കി
നെ സ്വീകരിപ്പാൻ വിശ്വസിക്കുന്ന ഹൃദയം ആ
വശ്യം.

൬ാം അദ്ധ്യായം.

പാപത്തെ പിടിപിക്ക, അഴിക്ക, ഏറ്റു പറക.

൭൦.) ചോ. പാപത്തെ പിടിപ്പിക്ക, അഴിക്ക എന്ന അധികാരം
കൊണ്ടു എന്ത് എഴുതിയിരിക്കുന്നു?
ഉ. കൎത്താവായ യേശു ശിഷ്യരോടു കല്പിച്ചിതു:
"പിതാവു എന്നെ അയച്ചപ്രകാരം ഞാനും നിങ്ങളെ [ 23 ] "അയക്കുന്നു എന്നു ചൊല്ലി, അവരുടെ മേൽ ഊതി
"പറയുന്നിതു: വിശുദ്ധാത്മാവിനെ കൈക്കൊൾ്വിൻ
"ആൎക്കെങ്കിലും നിങ്ങൾ പാപങ്ങളെ മോചിച്ചാൽ,
"അവൎക്കു മോചിക്കപ്പെടുന്നു; ആൎക്കെങ്കിലും പിടിപ്പി
"ച്ചാൽ, അവൎക്കു പിടിക്കപ്പെട്ടിരിക്കുന്നു" (യോഹ. ൨൦,
"൨൨—൨൩.) പിന്നെ പേത്രനോടു കല്പിച്ചിതു: "സ്വ
"ൎഗ്ഗരാജ്യത്തിൻറെ താക്കോലുകളെ നിണക്ക് തരും
"നീ ഭൂമിമേൽ വിലക്കി കെട്ടുന്നത് ഒക്കയും സ്വൎഗ്ഗ
"ങ്ങളിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിമേൽ സമ്മതിച്ച
"അഴിക്കുന്നത് ഒക്കെയും സ്വൎഗ്ഗങ്ങളിൽ അഴിഞ്ഞി
"രിക്കയും ചെയ്യും" (മത്ത. ൧൬, ൧൯.)

൭൧.) ചോ. ഇതിന്റെ അൎത്ഥം എന്തു ?
ഉ. ക്രിസ്തന്റെ ഭൃത്യർ പ്രസിദ്ധമായി പാപം
ചെയ്തവരെ ക്രിസ്തീയസഭയിൽനിന്നു നീക്കം ചെ
യ്യുന്നതും തങ്ങളുടെ പാപത്തെകൊണ്ടു അനുതപി
ച്ചു ഗുണപ്പെടുവാൻ ഇച്ഛിക്കുന്നവരെ ചേൎക്കുന്ന
തും ദൈവകല്പനപ്രകാരം ആകുന്നു എന്നും ആയത
ക്രിസ്തൻ താൻ ചെയ്തപ്രകാരം സ്വൎഗ്ഗത്തിലും ബല
വും സ്ഥിരതയും ഉള്ളതാകുന്നു എന്നും ഞാൻ വിശ്വ
സിക്കുന്നു.

൭൨.) ചോ. ഈ കാൎയ്യംകൊണ്ടു പിന്നെയും എന്തു എഴുതി കിട
ക്കുന്നു?
ഉ. കൎത്താവു പിന്നെയും കല്പിച്ചിതു: നിന്റെ
സഹോദരൻ നിന്നോടു പിഴച്ചാൽ, നീ ചെന്നു അ
വനുമായിട്ടു തന്നെ കണ്ടു കുറ്റം അവന്നു ബോധം
വരുത്തുക, അവൻ നിന്നെ കേട്ടാൽ നീ സഹോദര
നെ നേടി. (മത്ത. ൧൮, ൧൫—൨൦.) [ 24 ] ൭൩.) ചോ. ഈ വാക്കുകളുടെ അൎത്ഥം എന്തു?
ഉ. വിശ്വാസികൾ എല്ലാവരും തിരുസ്നാനംകൊ
ണ്ടു, കൎത്താവായ ക്രിസ്തനിൽ ഏകശരീരത്തിന്റെ
അവയവങ്ങളും ദൈവമക്കളും അവകാശികളും സ്വ
ൎഗ്ഗനിവാസികളും നിത്യ നന്മയിൽ കൂട്ടുകാരുമാകകൊ
ണ്ടു, ആരും നരകത്തിലും നിത്യനാശവിധിയിലും
അകപ്പെടാതെ ഇരിപ്പാനും, സ്വൎഗ്ഗത്തിനായും നി
ത്യജീവനായും ക്രിസ്തീയശാസന മുതലായതിനെ
കൊണ്ടു, നിൎമ്മലസ്നേഹത്താൽ, സഹോദരന്മാർ അ
ന്യോന്യം സഹായിക്കയും വേണ്ടത.

൭൪.) ചോ. അത് എങ്ങിനെ ചെയ്യേണ്ടു?
ഉ. വിശ്വാസത്തിൽ ഉറപ്പു കുറഞ്ഞവരെ വല്ല
പാപത്തിൽ അകപ്പെട്ടിട്ടു ദുഃഖിതരായി കാണുമ്പോൾ,
സൌമ്യതയോടെ കൈക്കൊണ്ടു ഉപദേശിച്ചു, ദിവ്യ
വാഗ്ദത്തത്താൽ ആശ്വസിപ്പിക്കേണം. അനുതാപ
മില്ലാതെ, കഠിനക്കാരായി സഭയുടെ ഉപദേശം കേ
ൾ്ക്കാതെ. തങ്ങളുടെ പരസ്യമായ വമ്പാപങ്ങളെകൊ
ണ്ടും ദുഷ്ടനടപ്പിനെകൊണ്ടും, ഇടൎച്ച വരുത്തിയവ
രെ പരസ്യമായി ശാസിക്കേണ്ടതു: അവർ നാണിച്ചു
പാപങ്ങളിൽനിന്നു തെറ്റി മനം തിരിഞ്ഞു ഗുണപ്പെ
ടേണ്ടതിന്നു തന്നെ.

൭൫. ) ചോ. ഈ സഹോദരശാസനയും ബുദ്ധിയുപദേശവും എ
ങ്ങിനെ ചെയ്യേണ്ടു?
ഉ. യേശുനാമത്തിൽ സൎവ്വശക്തനായ ദൈവ
ത്തെ വിശുദ്ധാത്മാവിന്റെ സഹായത്തിന്നായി പ്രാ
ൎത്ഥിച്ചിട്ടു കൂട്ടുകാരന്നു അന്യായവും ദുഷ്കീൎത്തിയും വ
രുത്താതെ കണ്ടു, താഴ്മ-സ്നേഹ-സൂക്ഷ ബുദ്ധിയോടു [ 25 ] ഈ സഹോദരശാസനയെ നടത്തേണ്ടത. സ
ഹോദരന്റെ ഗുണപ്പാടും രക്ഷയും അത്രെ. നാം താ
ല്പൎയ്യമായി തേടുന്നു എന്നു വിളങ്ങി വരേണം.

൭൬.) ചോ. കുറ്റം ചെയ്യുന്ന സഹോദരനെ എത്ര വട്ടം ഇപ്ര
കാരം ശാസിക്കേണ്ടതു?
ഉ. ശാസനകൊണ്ടും, ബുദ്ധി ഉപദേശംകൊ
ണ്ടും അവൻ ഗുണപ്പെടും എന്നു കാണുന്നേടത്തോ
ളം തന്നെ.

൭൭.) ചോ. ഈ ശാസന നടത്തുവാൻ ആൎക്കു അധികാരമുണ്ടു?
ഉ. സഭെക്കും വിശേഷിച്ചു അതിലെ അദ്ധ്യക്ഷ
ന്മാൎക്കും തന്നെ.

൭൮.) ചോ. എത്ര വട്ടം ക്ഷമിക്കേണ്ടു?
ഉ. ചെയ്തത് എനിക്കു സങ്കടം എന്നു തെറ്റിപോ
യ സഹോദരൻ സത്യാനുതാപത്തോടു ഏറ്റുപറയു
ന്ന ഇടത്തോളം.

൭൯.) ചോ. അവനോടു തീൎച്ചയായി എന്തു കല്പിക്കേണ്ടു?
ഉ. അരുതാത്തത് ഇനി ചെയ്യൊല്ലാ! ശീലിച്ച
ദുൎന്നയങ്ങളെ ഉപേക്ഷിക്ക! ക്രിസ്തസഭക്ക് ഇടൎച്ച
വരുത്താതെ നടക്ക എന്നു കല്പിക്കേണം.

൮൦.) ചോ. പാപം ഏറ്റു പറക എന്നത് എന്തു?
ഉ. യേശു ക്രിസ്തൻ നമ്മെ പഠിപ്പിച്ച പ്രാൎത്ഥ
നയിൽ കാണുന്നപ്രകാരം നാം പാപങ്ങളാകുന്ന ക
ടങ്ങളെ അനുസരിക്കുന്നതും ക്ഷമക്കായി യാചിക്കു
ന്നതും തന്നെ. പാപം ഏറ്റു പറയുന്നതു ആകുന്നു.
ഇതിൽ രണ്ടു കാൎയ്യം പ്രമാണം. അതൊ പാപം ഏ
റ്റുപറക എന്നതും മോചനവാക്കും തന്നെ. മോച
നവാക്കു അദ്ധ്യക്ഷൻറ വായാലെ വരുന്നെങ്കിലും [ 26 ] അതു ദൈവത്തിൽനിന്നു ലഭിച്ചപ്രകാരം വിശ്വസി
ക്കുകെ വേണ്ടു.

൮൧.) ചോ. ഏതു പാപങ്ങളെ ഏറ്റു പറയേണ്ടു?
ഉ. ദൈവത്തോടു കൎത്തൃപ്രാൎത്ഥനയിൽ ചെയ്യും
പോലെ അറിഞ്ഞും അറിയാതെയും ഉള്ള സകല
പാപങ്ങളെ ഏറ്റുപറയേണ്ടത് അദ്ധ്യക്ഷനോ
ടൊ ബോധമായും വ്യസനമായും ഉള്ളവ തന്നെ.

൮൨.) ചോ. ഈ പാപങ്ങൾ ഏവ പോൽ?
ഉ. പത്തു കല്പന മുന്നിട്ടു നിൻ സ്ഥാനത്തെ
ഓൎത്തു, വല്ല അനുസരണക്കേടു, അവിശ്വാസം, മടി
വു, കോപം, ദുൎമ്മോഹം ഇത്യാദി കാണിച്ചുവൊ എ
ന്നും, വാക്കുക്രിയകളാൽ വല്ലവൎക്കും നഷ്ടവും ദുഃഖ
വും വരുത്തിയൊ എന്നും ഉറ്റുനോക്കി നിന്നെ ത
ന്നെ ശോധന ചെയ്യേണ്ടതാകുന്നു.

൮൩.) ചോ. ദൈവത്തോടു പാപം ഏറ്റുപറയുന്ന ക്രമം എ
ങ്ങിനെ?
ഉ. അരിഷ്ടപാപിയായ ഞാൻ എൻ ദൈവവും
പ്രിയ പിതാവുമായവന്റെമുമ്പിൽ ഏറ്റുപറയുന്നി
തു: ഞാൻ പലവിധത്തിലും കൊടിയ പാപം ചെ
യ്തു പുറമെ തിരുകല്പനകളെ ലംഘിച്ചതിനാൽ മാത്ര
മല്ല, ഉള്ളിൽ കാട്ടിയ മൌഢ്യം, അവിശ്വാസം, സം
ശയം, ഗുരുത്വക്കേടു, പൊറുതിക്കേടു, ഡംഭം, ദുൎമ്മോ
ഹം, ലോഭം, അസൂയ, പക, കാണറായ്മ, മററും
കൊള്ളരുതാത്ത ദുൎന്നയങ്ങൾ പലതും എന്റെ കൎത്താ
വായ ദൈവം അറിയും പോലെ മറ്റും അറിഞ്ഞുകൊ
ൾ്വാൻ കഴിയാത്തവൻ എങ്കിലും ഞാൻ അവയെ
വിചാരിച്ചു ദുഃഖിച്ചു സങ്കടപ്പെട്ടു പ്രിയ പുത്രനായ [ 27 ] യേശുക്രിസ്തൻ നിമിത്തം ക്ഷമ യാചിക്കയും ദിവ്യ
കൃപയുടെ സഹായത്താൽ ഇനി മേലാൽ ദോഷങ്ങ
ളിൽനിന്നു ഒഴിഞ്ഞു ജീവന്റെ പുതുക്കത്തിൽ നട
പ്പാൻ ആശിക്കയും ചെയ്യുന്നു.

൮൪.) ചോ. അദ്ധ്യക്ഷൻ ഇപ്രകാരമുള്ളവരെ ആശ്വസിപ്പിപ്പാ
ൻ എന്തു കല്പിക്കേണ്ടു.
ഉ. ദൈവം നിന്നിൽ കനിഞ്ഞു, നിൻവിശ്വാ
സത്തെ ഉറപ്പിക്കേണമെ! ആമെൻ.

അല്ലെങ്കിൽ.

നിൻവിശ്വാസപ്രകാരം നിണക്കുണ്ടാക. കൎത്താ
വായ യേശുക്രിസ്തന്റെ കല്പനപ്രകാരം പിതാ പു
ത്രൻ വിശുദ്ധാത്മാവു എന്നീ നാമത്തിൽ നിന്നോടു
പാപമോചനം അറിയിക്കുന്നു. ആമെൻ.

അല്ലെങ്കിൽ.

സമാധാനത്തിൽ പോക, നിന്റെ വിശ്വാസം
നിന്നെ രക്ഷിച്ചിരിക്കുന്നു എന്നിത്യാദി വേദവാക്യ
ങ്ങളെ പറയെണം.


൭ാം അദ്ധ്യായം.

ക്രിസ്തീയ പ്രാൎത്ഥനാചാരങ്ങൾ.

൧. രാവിലെ പ്രാൎത്ഥിക്കേണ്ടതു.

പിതാ പുത്രൻ വിശുദ്ധാത്മാവായ ദൈവമേ!
കൃപയാലെ എന്നെ പരിപാലിക്കേണമെ! സ്വൎഗ്ഗ
സ്ഥനായ എൻ പിതാവെ, നീ യേശു മൂലം കഴിഞ്ഞ
രാത്രിയിൽ യാതൊരു ദോഷവും അനൎത്ഥവും തട്ടാതെ, [ 28 ] എന്നെ കടാക്ഷിച്ചതുകൊണ്ടു, നിണക്കു സ്തോത്രം.
ഈ പകൽ മുഴുവനും ഞാൻ വല്ല ദോഷത്തിലും തി
ന്മയിലും അകപ്പെടാതെ, എൻ വേലയും നടപ്പും നി
ണക്കിഷ്ടമുള്ളവ ആകേണ്ടതിന്നു എന്നെ കാക്കേണ
മെ! എൻ ദേഹിദേഹങ്ങളെയും എനിക്കുള്ള സകല
ത്തെയും ഇതാ തൃക്കയ്യിൽ ഏല്പിക്കുന്നു. പിശാചായ
വൻ തന്റെ അധികാരം എന്നിൽ നടത്താതെ ഇ
രിക്കേണ്ടതിന്നു തൃക്കൈകൊണ്ടു എന്നെമൂടേണമെ!
ആമെൻ.

സ്വൎഗ്ഗസ്ഥപിതാവെ ഇത്യാദി.

൨. വൈകുന്നേരത്തെ പ്രാൎത്ഥന.

പിതാ പുത്രൻ വിശുദ്ധാത്മാവായ ദൈവമെ,
എന്നെ പരിപാലിക്കേണമെ! എൻ സ്വൎഗ്ഗസ്ഥപി
താവെ, പ്രിയ പുത്രനായ യേശുമൂലം ഈ ദിവസ
ത്തിലും കൃപയോടെ എന്നെ നടത്തിയത്കൊണ്ടു,
നിന്നെ സ്തുതിക്കുന്നു. ഞാൻ നിന്നെ ഓൎക്കാതെ
പാപവും അന്യായവുമായി ചെയ്തത് കരുണയാലെ
ക്ഷമിച്ചു, ഈ രാത്രിയിലും എന്നെ കാത്തു കൊള്ളേ
ണമെ! എൻദേഹിയും ദേഹവും എനിക്കുള്ള സകല
വും തൃക്കയ്യിൽ ഏല്പിക്കുന്നു. നിൻവിശുദ്ധദൂതനെ
കൊണ്ടു പിശാചിന്റെ മന്ത്രതന്ത്രങ്ങളെ ദുൎബ്ബലമാ
ക്കി കാത്തു രക്ഷിക്കേണമെ! ആമെൻ.

സ്വൎഗ്ഗസ്ഥപിതാവെ.

൩. ഭക്ഷിക്കുമ്പോൾ പ്രാൎത്ഥിക്കേണ്ടതു.

ദൈവമെ, എല്ലാവരുടെ കണ്ണുകളും നിന്നെ പാ
ൎത്തിരിക്കുന്നു. നീയും തത്സമയത്ത് താന്താന്റെ തീൻ [ 29 ] അവൎക്കു നല്ക്കുന്നു. തൃക്കൈയെ നീ തുറന്നു എല്ലാ
ജീവികൾ്ക്കും പ്രസാദത്താൽ തൃപ്തി വരുത്തുന്നു. സ്വ
ൎഗ്ഗസ്ഥ പിതാവെ, നിൻ കനിവിനാലെ അനുഭവി
പ്പാൻ നല്കിയതിനെ ഞങ്ങൾ്ക്കു ഉപകാരം ആകേ
ണ്ടതിന്നു യേശു ക്രിസ്തന്മൂലം അനുഗ്രഹിക്കേണ
മെ! ആമെൻ.

൪. ഭക്ഷണം തീൎന്ന ശേഷം സ്തുതിക്കേണ്ടതു.

യഹോവയെ വാഴ്ത്തുവിൻ അവൻ നല്ലവൻത
ന്നെ; അവന്റെ കരുണ യുഗപൎയ്യന്തമുള്ളത് ആ
കുന്നു എന്നും, ജീവിച്ചു വാഴുന്നവനായി പ്രിയപി
താവായ ദൈവത്തിന്നു സൎവ്വനന്മകൾക്കു വേണ്ടി
യേശുമൂലം സ്തോത്രം ഉണ്ടാകേണമെ! ആമെൻ.