ദീപാവലി

(Deepavali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദീപാവലി (ഖണ്ഡകാവ്യം)

രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ (1935)

ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ
കൃതികൾ

മഹാകാവ്യം

ഉമാകേരളം

ചമ്പു

സുജാതോദ്വാഹം

ഖണ്ഡകാവ്യങ്ങൾ

വഞ്ചീശഗീതി · ഒരു നേർച്ച
ഗജേന്ദ്രമോക്ഷം · മംഗളമഞ്ജരി
കർണ്ണഭൂഷണം · പിങ്‌ഗള
ചിത്രശാല · ചിത്രോദയം
ഭക്തിദീപിക · മിഥ്യാപവാദം
ദീപാവലി · ചൈത്രപ്രഭാവം
ശരണോപഹാരം · അരുണോദയം

കവിതാസമാഹാരങ്ങൾ

കാവ്യചന്ദ്രിക · കിരണാവലി
താരഹാരം · തരംഗിണി
മണിമഞ്ജുഷ · ഹൃദയകൗമുദി
രത്നമാല · അമൃതധാര
കല്പശാഖി · തപ്തഹൃദയം

ഗദ്യം

വിജ്ഞാനദീപിക
കേരളസാഹിത്യചരിത്രം


[ 1 ]



ദീപാവലി
(1935)


[ 2 ]
ഒന്നാം പതിപ്പിന്റെ അവതാരിക

ന്മാർഗ്ഗപ്രതിപാദകങ്ങളായ അഞ്ഞൂറു ശ്ലോകങ്ങളടങ്ങിയ ഒരു കൃതിയാകുന്നു 'ദീപാവലി'. ഈ പുസ്തകത്തിലെ പദ്യങ്ങൾ എല്ലാം അനുഷ്ടുഭ്‍വൃത്തത്തിൽതന്നെ രചിച്ചിട്ടുള്ളവയാകയാൽ അവ സാക്ഷാൽ 'ശ്ലോകങ്ങൾ' തന്നെയാണ് എന്നു പറയേണ്ടതില്ലല്ലോ. ഈ വൃത്തത്തിൽ അനവധി സുഭാഷിതപദ്യങ്ങൾ ആദികവിയായ വാല്മീകി മഹർഷിയുടെ കാലം മുതല്ക്കുതന്നെ സംസ്കൃതസാഹിത്യത്തിൽ കാവ്യാന്തർഗ്ഗതങ്ങളായും മുക്തകങ്ങളായും കാണ്മാനുണ്ട്. അവയ്ക്കു ബാലന്മാരെയും ബാലികമാരെയും സന്മാർഗ്ഗത്തിൽ നയിപ്പിക്കുന്നതിനുള്ള ശക്തി അല്പമൊന്നുമല്ല; പ്രായം ചെന്നവർക്കും അവ മുഖസ്ഥമായാലുണ്ടാകാവുന്ന പ്രയോജനം വളരെയുണ്ട്. അത്തരത്തിലുള്ള പദ്യങ്ങൾക്കു ഭാരതഭൂമിയിലുള്ള അന്യാദൃശ്മായ പ്രചാരംതന്നെ അവയുടെ ആകർഷകതയെ പ്രകടമായി തെളിയിക്കുന്നു.

സുഭാഷിതപദ്യങ്ങൾ സങ്ഗ്രഹിക്കുന്ന ശീലം എന്നിക്കു വളരെക്കാലമായുണ്ട്. ആവക പദ്യങ്ങൾ എന്റെ ഉപന്യാസങ്ങളിൽ ധാരാളം ഞാൻ സന്ദർഭോചിതമായുദ്ധരിക്കാറുമുണ്ട്. സംസ്കൃതഭാഷ പരിചയമില്ലാത്ത പല കേരളീയരും ആ മാതിരിയിലുള്ള കുറെ പദ്യങ്ങൾ മലയാളത്തിൽ സംക്രമിപ്പിക്കുന്നത് അഭിലഷണീയമാണെന്ന് എന്നോടു പ്രസ്താവിച്ചിട്ടുള്ളതിനെ അനുസ്മരിച്ചാണ് ഞാൻ 'ദീപാവലി'യുടെ രചനയ്ക്ക് ഒരുമ്പെട്ടത്. ഇരുപത്തഞ്ചു വിഷയങ്ങൾ തിരഞ്ഞെടുത്ത് ഓരോ വിഷയത്തെ അധികരിച്ച് ഇരുപതീതുപദ്യങ്ങൾ ഞാൻ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തീട്ടുണ്ട്. ഇവയിൽ ചില പദ്യങ്ങൾ തർജ്ജിമയായും, മറ്റു ചിലവ ആ മാതിരി ആശയങ്ങളിൽ ആധുനികമനഃസ്ഥിതി അനുസരിച്ച് ചില മാറ്റങ്ങൾ വരുത്തിയതായും, ഇനിയും ചിലവ സ്വകപോലകല്പിതങ്ങളായും, മറ്റും വായനക്കാർക്ക് കാണാവുന്നതാണ്. ഇത് ഒരു സ്വതന്ത്രകവിതയാകണമെന്ന് എനിക്ക് ഒന്നുകൊണ്ടും ഉദ്ദേശമില്ലാത്തതിനാൽ പൂർവ്വസൂരികളുടെ ആശയങ്ങൾ സ്വീകരിക്കുന്നതിൽ ഞാൻ അശേഷം വൈമുഖ്യം പ്രദർശിപ്പിച്ചിട്ടില്ല. അധ്യേതാക്കൾക്കു നല്ല ആശയങ്ങളടങ്ങിയ പദ്യങ്ങൾ വേണമെന്നേ ആഗ്രഹമുണ്ടായിരിക്കൂ എന്നെനിക്കറിയാം; ആ ആഗ്രഹം നിറവേറ്റുവനാനല്ലാതെ ഞാൻ മറ്റൊന്നിനും മുതിർന്നിട്ടില്ലാത്തതുകൊണ്ട് ഈ കൃതി ആദ്യന്തം സ്വകപോലകല്പിതമാക്കേണ്ട ആവശ്യവുമില്ല. 'ദീപാവലി'യിലേ ശ്ലോകങ്ങൾ ചെറുതാണെങ്കിലും അവ പ്രായേണ അർത്ഥസമൃദ്ധങ്ങളും അലങ്കാരരുചിരങ്ങളും ധ്വനിപ്രധാനങ്ങളുമാണെന്നു സഹൃദയന്മാർക്കു ഗ്രഹിക്കുവാൻ കഴിയുന്നതാണ്. ഇതു പ്രാധാന്യേന വിദ്യാർത്ഥികളെ അഭിമുഖീകരിക്കേണ്ട ഒരു ഗ്രന്ഥമാകയാൽ ലാളിത്യാദിഗുണങ്ങളുടെ വിഷയത്തിൽ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. [ 3 ] ഇപ്പോൾ സ്വീകരിച്ചിട്ടുള്ള വിഷയങ്ങളിൽ ഓരോന്നിനേയും പറ്റിത്തന്നെ ഇനിയും അനേകം ശ്ലോകങ്ങൾ തർജ്ജിമ ചെയ്തും മറ്റും ചേർക്കേണ്ടതായും, ഇനിയും പല പുതിയ വിഷയങ്ങളെപ്പറ്റി ധാരാളം ശ്ലോകങ്ങൾ രചിക്കേണ്ടതായുമുണ്ട്. ഈ പന്ഥാവിൽ എന്റെ ഉപരിപ്രയത്നം ഈ പുസ്തകത്തിനു കേരളീയരിൽനിന്നു ലഭിക്കുന്ന ലാളനത്തെ ഏറെക്കുറെ ആശ്രയിച്ചിരിക്കും. ഈ പുസ്തകത്തിലുള്ള പല പദ്യങ്ങളും അനേകം കേരളീയർ കാണാതെ പഠിക്കുകയും സദസ്സുകളിലും ലേഖനങ്ങളിലും പ്രയോഗിക്കുകയും ചെയ്യുമെന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.

തിരുവനന്തപുരം
15-1-1110
ഉള്ളൂർ എസ്. പരമേശ്വരയ്യർ

[ 4 ] അവതരണപദ്ധതി

മേഘങ്ങൾക്കിടയിൽത്തങ്ങും മിന്നൽക്കീറിന്നുതുല്യമായ്
ദുഃഖമധ്യത്തിൽ മിന്നുന്നു-തുച്ഛം സ്വാർത്ഥപരം സുഖം

ഒരുത്തൻ നേടുമസ്സൗഖ്യ-മൊട്ടേറെപ്പേർക്കു ദുഃഖദം;
അവന്നുമസുഖപ്രായ-മപായാഗമശങ്കയാൽ

നരലോകത്തെയിമ്മട്ടിൽ-നാന്മുഖൻ സൃഷ്ടിചെയ്യവേ
കാന്താസഹജമായുള്ള-കനിവാർന്നോതി ഭാരതി

"പ്രാണനാഥ! ഭവൽസൃഷ്ടി-പാർത്തോളാം വികലം തുലോം;
പത്നി തീർക്കാനൊരുങ്ങുന്നൂ-ഭർത്താവിൻകേടുപാടുകൾ

ധാത്രിയിൽത്തന്നെ മർത്ത്യർക്കു-ചമയ്ക്കാമുലകൊന്നു ഞാൻ,
അപേതശോകവ്യാമോഹ-മഖണ്ഡാനന്ദസുന്ദരം."

"കാണട്ടെയതു ഞാൻ' എന്നു-കമലാസനനോതവേ
വാൽമീകി മുനിതൻ നാവിൽ-വാണാൾ പോയ്‌വാഗധീശ്വരി.

അന്നുദിച്ചു സമസ്തർക്കും-മന്തർന്നിർവൃതിദായകം
അപരിച്ഛേദ്യമാധുര്യ-മാദികാവ്യരസായനം

സുഭാഷിതങ്ങളൊട്ടേറെസ്സൂരീന്ദ്രരതുനാൾ മുതൽ
ശ്ലോകരൂപത്തിൽ നിർമ്മിച്ചു-സുഖിപ്പിക്കുന്നു മർത്യരെ

പാരിന്റെ മർമ്മം കണ്ടോര-പ്പരാനുഗ്രഹപണ്ഡിതർ
ശ്ലോകമാം ചിമിഴേകുന്നു-തുലോമർത്ഥസമൃദ്ധമായ്

കാണുവാനില്ല കണ്ണേതും; കണ്ടാലില്ലറിവാൻ മതി;
അറിഞ്ഞാലില്ല നാവോതാൻ:-അഹോ കവികൾ! ദുർല്ലഭർ

നഭോമാർഗ്ഗത്തിലെമ്മട്ടിൽ-നക്ഷത്രങ്ങൾ വിളങ്ങുമോ,
സുഭാഷിതങ്ങളമ്മട്ടിൽ-ശോഭിച്ചു കാവ്യ‌ വീഥിയിൽ

മനോഹരങ്ങളായോരീ-മഹദ്വാക്യങ്ങളെന്നിയേ
മറ്റെന്തുള്ളൂ മനുഷ്യർക്കു-മാർഗ്ഗദീപങ്ങളൂഴിയിൽ?

അദ്ദീപാവലി ഞാനല്പ-മധ്വഗന്മാർക്കു കാട്ടിടാം;
ഏതാണ്ടിടയ്ക്കു കത്തിക്കാ-മെന്റെയും കൈവിളക്കുകൾ

[ 5 ]

പാരിൽ മൂന്നുണ്ടു രത്നങ്ങൾ-പാഥ, സ്സന്നം, സുഭാഷിതം;
പൊട്ടക്കല്ലിന്നു നൽകുന്നു-ഭോഷൻ താൻ രത്നമെന്നുപേർ

ഭവമാം വേപ്പിൽ മിന്നുന്നൂ ഫലം രണ്ടമൃതോപമം;
ഒന്നു സൂക്തിരസാസ്വാദ-മൊന്നു സജ്ജനസങ്ഗമം

സുഭാഷിതത്തൊടൊത്തോരു-സുഹൃത്തില്ലൊരു മർത്ത്യനും;
പാതയിൽ സഞ്ചരിപ്പിക്കാൻ-പ്രാപ്യസ്ഥാനത്തിലാക്കുവാൻ

ധർമ്മാധർമ്മങ്ങളെപ്പേർത്തും-തദ്രുപത്തിൽ ധരിക്കുവാൻ
സുഭാഷിതത്തിൻ സാഹായ്യം സൂരിക്കും പ്രാർത്ഥനീയമാം

കീർത്തിയും ധർമ്മവും നമ്മൾ സൂക്തിയും സങ്ഗ്രഹിക്കണം;
ഇല്ല തെല്ലഴിവെന്നുള്ള-തീ മൂന്നിനുമൊരിക്കലും

മുഖം കറുത്തുപോയ് ഹന്ത!-മുന്തിരിങ്ങാപ്പഴത്തിനും;
സുധയും വാനിലേക്കോടീ-സൂക്തിയെക്കണ്ടു ഭീതയായ്.

അലങ്കരിക്കും ജിഹ്വാഗ്ര,-മാവശ്യം നിർവഹിച്ചീടും;
ഹരിക്കില്ലന്യരാരും വ,-ന്നർഘം സൂക്തിഭൂഷണം

ശരീരപദ്ധതി
പൂർണ്ണകാരുണ്യനാമീശൻ-പുരുഷാർത്ഥങ്ങൾ നേടുവാൻ
നമുക്കീവിഗ്രഹം നൽകീ-നാനവയവശോഭനം

പ്രപഞ്ചശില്പികാരൻതൻ-പ്രകൃഷ്ടകരകൗശലം
പ്രത്യങ്ഗം പ്രകടിപ്പിപ്പാൻ-പ്രഭാവം പൂണ്ടതിത്തനു.

ആത്മാവാം സാർവ്വഭൗമൻതൻ-ഹർമ്മ്യം മാനവമാനസം
ഇന്ദ്രിയങൾ പടുത്വത്തോ-ടിസ്സൗധം കാത്തിടും ഭടർ.

ഏകബന്ധു നമുക്കെന്നു-മ'ദ്ദേഹം'ലോകയാത്രയിൽ;
ഇതിൻ സുസ്ഥിതിയൊന്നിൽത്താ-നിരിപ്പൂ സർവസിദ്ധിയും

എത്രയ്ക്കെത്രയ്ക്കു സൂക്ഷിക്കു-മിതു നാം നിധിപോലവേ,
അത്രയ്ക്കത്രയ്ക്കു വർദ്ധിക്കു-മായുരാരോഗ്യവൈഭവം.

മർത്ത്യർക്കിക്കായമാവോളം -വ്യായാമത്താൽപ്പുലർത്തിടാം;
തുരുപ്പിടിച്ച യന്ത്രം താൻ-ദുർമ്മേദസ്സുള്ള വിഗ്രഹം

അക്രമിപ്പതിനാഞ്ഞെത്തി-മാമയാണുക്കളാകവേ
മരിച്ചുപോകും വീഴുമ്പോൾ-വ്യായാമസ്വേദവാരിയിൽ

തന്റെ സർവസ്വവും നൽകും-സമ്രാട്ടാരോഗ്യമാർന്നീടാൻ;
തന്നാരോഗ്യം കൊടുക്കില്ല-സമ്രാട്ടാവാൻ ദരിദ്രനും.

[ 6 ]

ശരീരസുഖമുള്ളോനു-സന്തോഷം സർവദുഃഖവും;
ദീനപ്പായിൽക്കിടപ്പോനു-തിക്തകം ജീവനാഥയും

മിതഭോഗത്തിൽ നിഷ്കർഷ,-മൃദുവാക്യം മനഃസ്ഥിതി;
സൽകർമ്മരതിയിമ്മൂന്നും-സർവർക്കും സൗഖ്യദായകം

തനിക്കു മാത്രമായല്ലീ-ദ്ധാത്രി നിർമ്മിച്ചതീശ്വരൻ;
എന്ന തത്ത്വം ഗ്രഹിച്ചീടി-ലേവനും മിതഭോഗിയാം

പണ്ടേ ചപലമാം ചിത്തം-പാനത്താൽ ഭ്രാന്തമാക്കൊലാ;
ഏറും കുരങ്ങിന്നേവൻതാ-നേണിവെച്ചുകൊടുത്തിടും?

മദ്യത്താൽ മത്തനാം മർത്ത്യൻ;-മത്തിനാൽപ്പാപിയായിടും;
പാപത്താൽ നരകം പൂകും;-പാനം സർവവിപല്പ്രദം.

ഉഷസ്സിൽക്കോഴി പൊന്തിക്കു-മോമൽശംഖൊലി കേൾക്കിലേ
പുണ്യംപ്രതിദിനം നേടൂ-പുമാൻതൻ ശ്രവണേന്ദ്രിയം

കാലത്തുണർന്നു സൂര്യന്റെ-കതിർപ്പൊന്നലയാഴിയിൽ
മുങ്ങിക്കുളിച്ചീടുന്നീലേ-മുറയ്ക്കെന്നെന്നുമിക്ഷിതി?

ഉത്ഥാനം ചെയ്യണം നാമു-മുഷ്ണരശ്മിയൊടപ്പമായ്;
പാലിച്ചുകൊൾകയും വേണം-പങ്കം പറ്റാതെ നമ്മളെ

കേരളാംബ വിശുദ്ധിക്കു-കേളികേട്ട നിതംബിനി;
അദ്ദേവിതന്നപത്യങ്ങൾ-ക്കശുചിത്വം നിരക്കുമോ?

വർഷത്തിൽ വിധി രണ്ടൂഴം-വർഷാകാലത്തെ നൽകവേ
എങ്ങില്ല തെളിനീർ നമ്മൾ-ക്കെന്നും നിർമ്മലരാകുവാൻ?

അശുചിത്വം പെടാത്തോർ താ-നരോഗദൃഢവിഗ്രഹർ
സൽസങ്ഗമത്തിന്നർഹന്മാർ,-സർവർക്കും പ്രിയദർശനർ

ദേഹം, വസന, മാഹാരം,-ഗേഹം തൊട്ടുള്ളതൊക്കെയും
മാലിന്യമറ്റിരിപ്പോർക്കേ-മനസ്സംശുദ്ധി വന്നിടൂ.

സൽഗുണപദ്ധതി
കായത്തിൻ ഭൂഷണം വസ്ത്രം;-കയത്തിൻ ഭൂഷണം ജലം;
വാനത്തിൻ ഭൂഷണം സൂര്യൻ;-മനസ്സിൻ ഭൂഷണം ഗുണം;

ഗുണമില്ലാത്ത നരനും-മണമില്ലാത്ത പുഷ്പവും
തിരക്കുകൂട്ടി നിൽക്കുന്നു-തൃണത്തിൻ കിട നേടുവാൻ

ദേഹമാമിഗ്ഗൃഹത്തിങ്കൽ-ച്ചേതസ്സാം സ്വർണ്ണസമ്പുടം
ഗുണരത്നങ്ങൾ സൂക്ഷിപ്പാൻ-കുറാർന്നേകി നമുക്കജൻ

[ 7 ]

നരൻ തൻ സാഹചര്യത്താൽ-നാനാപക്ഷിമൃഗാദികൾ
ജീവിപ്പീലേ ഗുണം നേടി?-ജ്ജന്മനാ ഗുണി താനവൻ

ഗുണത്തെയേവൻ ഹൃത്തിങ്കൽ-ക്കുടിവെയ്ക്കാതിരിക്കുമോ,
അവന്നനർത്ഥബീജങ്ങ-ളായുർവിത്തബലാദികൾ

ഗുണത്തിനത്രേ മാഹാത്മ്യം-കുലത്തിന്നല്ല കേവലം;
പൂവിൽച്ചിലപ്പോൾ കാണ്മീലേ-പുഴുപോലും ജനിപ്പതായ്

ഗുണത്തിനത്രേ സൗന്ദര്യം, കോലത്തിന്നല്ല നിശ്ചയം?
മെയ്മെഴുപ്പുള്ള പാമ്പിന്റെ വേഴ്ചയ്ക്കേവൻ കൊതിച്ചീടും?

സൽഗുണത്തിന്നുതാൻമെച്ചം-സ്ഥാനത്തിന്നല്ല തെല്ലുമേ;
കമ്പത്തിന്മേലിരുന്നാലും-കാകൻ ഗരുഡനാകുമോ?

നേടണം നാം ഗുണംതന്നെ,-നിഷ്ഫലം ഗളഗർജ്ജനം;
കണ്ഠഘണ്ട കൊതിച്ചാരു-കറവപ്പശു വാങ്ങീടും?

സൽഗുണത്തിൻ മുഖംവെച്ചു-സഞ്ചരിക്കുന്ന ദുർഗ്ഗുണം
ആച്ചര്യകൊണ്ടതിൻ മേന്മ-യറിയിക്കുന്നതത്ഭുതം.

ആത്മാവിൻമുന്നിൽ നാണംകൊ-ണ്ടധോവദനനാകുവോൻ
വാനംമുട്ടെ ഞെളിഞ്ഞാലും-വാമനൻ; മശകം കൃമി

ശ്രദ്ധയെപ്പിൻതുടർന്നീടും-വിദ്യ; ദാനത്തിനെപ്പുകൾ
സമുദ്യമത്തെസ്സമ്പത്തു-സൽഗുണത്തെ പ്രമോദവും

തന്നെബ്ഭരിക്കുവാൻവേണ്ട-ശക്തിയില്ലാതിരിപ്പവൻ
വാച്യനും ശോച്യനും തന്നെ-വസുധാനാഥനാകിലും

പഞ്ചേന്ദ്രിയങ്ങൾ നമ്മൾക്കു-പരിചാരകരാകവേ
അവയ്ക്കു ദാസ്യം നാം ചെയ്താൽ-ഹാസ്യമെന്തതിനപുറം?

കാമം സാധുവിനർത്ഥത്തിൻ-കൈങ്കര്യത്തിൽക്കഴിഞ്ഞീടും;
കാൽക്കീഴമർത്തിടും ധർമ്മം-കാമാർത്ഥങ്ങളെ നിത്യവും

വിത്തമെങ്ങോ കിടക്കട്ടൈ-വൃത്തത്തെക്കാത്തുകൊള്ളണം
വിത്തം പോയാൽ വരും വീണ്ടും;-വൃത്തം പോയതു പോയതാം

മേധ വേണം പഠിച്ചീടാൻ-മെയ്ക്കരുത്തടരാടുവാൻ;
അർത്ഥം ഭോഗം ഭുജിച്ചീടാൻ;-ആർക്കും ഗുണികളായിടാം.

ഗുണമാകുന്ന പോർച്ചട്ട-ഗുണിതൻ മേനി കാത്തിടും;
പാവങ്ങൾക്കഭയം നൽകും;-പാഴർക്കാടൽ വളർത്തിടും

ചെവിക്കു ചെവിയായ് ലോകം-ശ്രവിക്കും ഗുണിതൻഗുണം
കാറ്റിന്വഴിക്കു പാഞ്ഞീടും-കൈതപ്പൂമണമെങ്ങുമേ

മറ്റുള്ള നേട്ടം യാതൊന്നും-മരിച്ചാൽക്കൂടെ വന്നിടാ,
വാരുറ്റ സൽഗുണംമാത്രം-വാസനാരൂപമായ്‌വരും.

[ 8 ]

ഉദ്യമപദ്ധതി
ശിച്ചാൽപ്പോര യാതൊന്നു,മാർജ്ജിപ്പാനുദ്യമിക്കണം;
കൂർക്കം വലിച്ചിടും സിംഹം-കൊമ്പനെത്തിന്മതെങ്ങനേ?

ഉറുമ്പും മെല്ലവേ പോയാ-ലൊട്ടേറെ വഴി പോയിടും;
അനങ്ങിടാഞ്ഞാൽത്താർക്ഷ്യനു-മക്കിടപ്പിൽക്കിടക്കണം;

ഉദ്യമിപ്പവനെത്താങ്ങു-മോടിവന്നലർമങ്കയാൾ;
ചെറ്റനങ്ങാതിരിപ്പോനെ-ച്ചെറ്റയിൽച്ചേട്ട ചേർത്തിടും

ഊണിന്നു രുചിയുണ്ടാ,വില്ലുറക്കം ദൂരെ വിട്ടുപോം;
അകാലമൃത്യുവശനാ-മലസൻ ഹതജീവിതൻ

വിധിക്കു നരനോടില്ല-വീര്യം കാട്ടീടുവാൻ തരം,
സത്വം ഹരിപ്പാൻ മുൻകൂറ്റി-ത്തന്ദ്രിയെത്താതിരിക്കുകിൽ

ദാരിദ്ര്യമാം പിശാചിന്റെ-സദനദ്വാരമേവനും
തന്ദ്രിതൻകൈയിലുള്ളോരു-താകോൽകൊണ്ടേ തുറന്നിടൂ.

ബലമറ്റ ശരീരത്തെ-പ്പേർത്തും രോഗം ഗ്രസിച്ചീടും;
ആലസ്യത്തിലമിഴ്ന്നോനെ-യാപത്തടിമയാക്കിടും

പ്രതിഭയ്ക്കും ഭയം തീർന്നു-പാദം മുന്നോട്ടു വയ്ക്കുവാൻ
അഭ്യാസത്തിന്യെ സാഹായ്യ-മവശ്യം വേണമന്വഹം

വേലയ്ക്കായ് വിധി നൽകുന്നു-വെളിച്ചമിയലും പകൽ
ഇടയ്ക്കു വിശ്രമിച്ചീടാ-നിരുട്ടുള്ളോരു രാത്രിയും

അശുഭാഗമനത്രസ്ത-ന്നഹസ്സെന്നും തമിസ്രയാം;
ശുഭാപ്തി കാത്തിരിപ്പോനോ-സൂര്യനുണ്ടേതുരാവിലും

മുറയ്ക്കു ലാക്കിൽപ്പാഞ്ഞെത്താം-മുന്നോട്ടേക്കു കുതിക്കുകിൽ;
കൈകെട്ടിനിന്നാൽ നിന്നീടാം; -കാലം വന്നവഴിക്കുപോം

ആരു കണ്ടൂ? ജയം നമ്മൾ-ക്കടുത്ത നിമിഷം വരാം;
അല്ലെങ്കിലായുരന്തത്തി-ലാകട്ടേ; ഹാനിയെന്തതിൽ?

തന്നെത്താനുദ്ധരിക്കേണം; -തന്നെത്താഴ്ത്തരുതാരുമേ;
താൻതന്നെയാർക്കും തൻബന്ധു; -താൻ തന്നെ പരിപന്ഥിയും

ഉത്സാഹം രിപുവാം മിത്ര -മാലസ്യം മിത്രമാം രിപൂ;
വിദ്യ നഞ്ഞാകുമമൃതം, -തൃഷ്ണ പീയുഷമാം വിഷം

ഉണർന്നെഴുന്നേറ്റോജസ്സോ-ടുദ്യമിക്കുന്നവൻ പുമാൻ;
ശ്വസിക്കുന്ന ശവംമാത്രം-സ്വപ്നംകണ്ടു കിടപ്പവൻ

[ 9 ]

സ്രഷ്‌ടാവുചെയ്‌തുതൻ കൃത്യം-ദേഹം നമ്മൾക്കു നല്‌കവേ;
ഉരുളയ്‌ക്കുരുളയ്‌ക്കൂട്ടാ-നുഴറുന്നീല തൽകരം.

പൗരുഷം സേചനം ചെയ്‌തേ-ഫലിക്കൂ ദൈവമാം ദ്രുമം;
ഒറ്റച്ചക്രക്കറക്കത്തി-ലോടുന്നീലൊരുവണ്ടിയും.

ദൈവത്തെക്കാത്തിരിക്കാതെ-തേടണം നാം സമുദ്യമം;
വേലചെയ്യാം നമു,ക്കീശൻ-വേണമെങ്കിൽ ഫലം തരും.

ഏതുഭാരം വഹിപ്പാൻ നാം-യത്‌നിക്കുന്നു യഥാർത്ഥമായ്,
അബ്‌ഭാരത്തോടു താങ്ങീടു-മായിരം ദേവർ നമ്മളെ.

ഊതിപ്പറത്താം വിഘ്‌നങ്ങ,-ളുൾക്കരുത്തോടുയർന്നിടാം;
ഉത്സാഹിയൊരുനാൾ സ്വാമി-യൂഴിക്കും ത്രിദിവത്തിനും.


ധനാർജ്ജനപദ്ധതി

നാലുണ്ടുപുരുഷാർത്ഥങ്ങൾ-നമ്മൾക്കാർജ്ജിച്ചിടണ്ടതായ്;
ആമേടതന്നടിത്തട്ടാ-ണർത്ഥം സർവ്വപ്രയോജനം.

ആർക്കു വേണ്ടെന്നു വെച്ചീടാ-മന്നവസ്ത്രഗൃഹാദികൾ?
അർത്ഥം കൂടാതെ ജീവിപ്പാ-നജൻ തീർത്തീല മർത്ത്യരെ.

അർത്ഥവൃക്ഷം തഴയ്ക്കാനു-മർത്ഥബീജം മുളയ്ക്കണം;
ധർമ്മകാമാർജ്ജനം പിന്നെ -ദ്ധനമില്ലായ്കിലെങ്ങനെ?

വായുവിൽപ്പോയ് ലയിക്കുന്ന-വാക്കുമർത്ഥം ഭവിക്കവേ?
വർഷം നൂറു കഴിക്കേണ്ട-മനുഷ്യന്നതു വേണ്ടയോ?

പരോക്ഷമാകും നരകം-പ്രത്യേകം കണ്ടിടേണ്ട നാം;
പ്രത്യക്ഷമതു വായ്പീലേ-പാരിൽദ്ദാരിദ്ര്യരൂപമായ്

പൂ വിരിപ്പൂ ധനാഢ്യന്നു-ഭൂമി രഥ്യയിലെങ്ങുമേ;
മുടക്കി നില്പൂ നിസ്സ്വന്നു-മുൾനിരത്തിപ്പുരോഗതി.

വനം ഗ്രസിക്കും വഹ്നിക്കു-ബാഹ്യപ്രാണൻ സമീരണൻ,
കൃതാന്തൻ കൈവിളക്കിന്നു; -കൃശനോടാർക്കു സൗഹൃദം

സിദ്ധിയൊന്നരുളുന്നുണ്ടു-സേവിക്കുന്നോർക്കു ദുർഗ്ഗതി;
അവർക്കഖിലരും ദൃശ്യ; -രദൃശ്യരവരാർക്കുമേ.

ആശക്കിടാങ്ങളോരോന്നോ-യന്തരിക്കെ, യകിഞ്ചനർ
അവയ്ക്കണയ്പൂ കണ്ണീരാ-ലൗർദ്ധ്വദേഹികമാംബലി

"കെടാതെ ഞാനായ്ത്തീരൊല്ലേ!-കൊടുത്തങ്ങായ് ഭവിക്കണേ!"
ദരിദ്രൻ ധനിയോടോതും-ദേഹിക്കർത്ഥമിതാം ദൃഢം.

[ 10 ]

ഭൂതിയെന്തിന്നു മർത്ത്യന്നു-പുമാനായ്‌ത്തലപൊക്കുവാൻ'
കണ്ടവന്റെ പടിക്കൽപ്പോയ്-ക്കൈമലർത്താതിരിക്കുവാൻ.

കമലേ! ഭവതിക്കേവൻ-കടാക്ഷാതിഥിയാകുവോൻ
അശേഷജനഹിഹ്വയ്‌ക്കു-മവൻ സർവ്വഗുണാന്വിതൻ.

ഹിരണ്യഗർഭൻ വേധസ്സു; -ലക്ഷ്‌മീശ്വരൻ പുരുഷോത്തമൻ;
മേരുചാപൻ ശിവൻ; വാഴ്‌വൂ-മൂർത്തിത്രയ.....വുമിങ്ങനെ,

വിത്തവാനെബ്‌ഭജിക്കാത്ത-വിദ്വാനേവൻ ധരിത്രിയിൽ?
സർവ്വജ്ഞനേയും കാൺമൂ നം-ധനദോപാന്തസേവിയായ്.

കപാലി തലയിൽത്താങ്ങും-ഗങ്‌ഗരത്‌നാകരത്തിനെ
തേടിപ്പോകുന്നു, ധനിതാൻ-ദേവതൗഘത്തിനും പ്രിയൻ.

നരന്നടിമയല്ലേതും-നരൻ തുല്യവപുർദ്ധരൻ;
സ്വാമിയും ദാസനും മന്നിൽ-സ്വാപതേയപ്രകല്‌പിതർ.

അധർമ്മമായ് ധനം നേടൊ,-ല്ലടക്കൊല്ലതനന്തമായ്,
തത്ത്വമീരണ്ടുമോർമ്മിപ്പാൻ-ധനം നിന്ദിപ്പൂ സത്തുകൾ.

അഴകുണ്ടാം ശരീരത്തി-ന്നാഹ്ലാദം ഹൃത്തിനേറിടും;
അന്തസ്സു വായ്‌ക്കും വംശത്തി,-ന്നർത്ഥവാനെന്തലഭ്യമായ്?

ദൈവോപഹതരാമാരും-തേങ്ങിത്തേങ്ങിക്കരഞ്ഞിടും;
കണ്ണീരു തനിയേ തോരും-കാശെണ്ണിപ്പെട്ടിപൂട്ടിയാൽ.

തനിയേ വന്നു വീഴില്ല-ധനം നമ്മുടെ പാണിയിൽ;
വിലയായ് നല്‌കണം മെയ്‌തൻ വേപ്പുമുത്തുകൾ മേല്‌ക്കുമേൽ.


ധനോപഭോഗപദ്ധതി

നിക്കുമാത്രമായൂഴി-ചമയ്‌പാൻ വിധിയോർക്കുകിൽ
വളരെദ്ദുർഗ്ഗതർക്കെന്തേ-വായും വയറുമേകുവാൻ?

ധൂർത്തടിച്ചു തുലയ്‌ക്കൊല്ലേ-ദുർല്ലഭം വിത്തസഞ്ചയം:
കറവപ്പശുവിന്നേവൻ-കഴുത്തിൽക്കത്തിവെച്ചീടും?

ഋണവാനാവതിൽബ്‌ഭേദ-മിരക്കാൻ പാള കുത്തിടാം;
അവന്നതേന്താനില്ലേ ര-ണ്ടാമം വെയ്‌ക്കാത്ത പാണികൾ?

ചൊട്ടച്ചാൺ നീണ്ടവയറിൽ-ച്ചോറെത്രയ്‌ക്കു ചെലുത്തിടാം?
ആറടിപ്പൊക്കമാം മെയ്യി-ലാടയെത്രയ്‌ക്കു ചുറ്റിടാം?

കീഴ്‌പോട്ടേയ്‌ക്കു പതിക്കാതെ-ഗേഹമെത്രയ്‌ക്കുയർത്തിടാം?
ഭാര്യതൻമേലലങ്കാര-ഭാരമെത്രയ്‌ക്കു കേറ്റിടാം?

[ 11 ]

ആത്മഭോഗത്തിനാഢ്യർക്കു-മപാകമധികം ധനം;
അഗ്നിക്കേകുന്നു നിർവാണ-മാവശ്യാതീതമിന്ധനം.

പിശുക്കു നല്ലതല്ലാർക്കും,-പേർത്തും ദീപാളിവെയ്‌ക്കലും;
രണ്ടറ്റത്തും സുഖം പോരാ;-രഥ്യതൻ മധ്യമേ ശുഭം.

മൃത്യു ചാടി....സിപ്പീല-മിതാഹാരന്റെ വിഗ്രഹം;
വെടിയുന്നീല .......താർമങ്ക-മിതവ്യയനികേതനം.

മിതഭോഗത്തിനായ് വേണ്ടു-വിത്തംമാത്രം സുധോപമം;
അപ്പുറം വ്യർത്ഥമായ്‌ത്തങ്ങു-മർത്ഥം കാകോളസന്നിഭം.

നിതാന്തം മോഹവും ഭീയും-നിദ്രാനാ....ശവുമാർത്തിയും
ഏകുമർത്ഥമനർത്ഥം താൻ-ഹൃദയത്തിൻ മഹാമയം.

ഇന്ദ്രിയങ്ങൾ മുകൾകൊള്ളു,-മിഷ്‌ടർ മാറ്റലരായിടും;
ചോരൻ തുരങ്കം വെച്ചീടും;-സുതനും പിതൃഘാതിയാം.

ചാടിപ്പറന്നു പാഞ്ഞീടും-താരാർമാതെന്ന തത്തയെ
ഗുണബന്ധത്തിനാൽ വേണം-കൂട്ടിലാക്കിയിണക്കുവാൻ.

മലക്കറി, ഖലപ്രീതി,-വാനിലെക്കൊണ്ടലിൻ നിഴൽ,
യൗവനം ധനമീയഞ്ചു -മെത്രകാലം ഭുജിച്ചിടാം?

ശൗര്യമത്തന്നു കൈ കാണാം;-രൂപമത്തന്നു ദർപ്പണം;
വിദ്യാമത്തന്നു ജിഹ്വാഗ്രം; ജാത്യന്ധൻ വിത്തഗർവിതൻ.

ആക്കടുത്ത ഗദം നീങ്ങി-യവന്നക്ഷി തെളിഞ്ഞിടാൻ
ദൈവം കനിഞ്ഞു ചെയ്യേണം -ദാരിദ്ര്യാഞ്‌ജനലേപനം.

കാരുണ്യബാഷ്‌പം വീഴ്‌ത്തില്ല-കദര്യനൊരുനേരവും;
അതിന്റെ കണമോരോന്നു-മവന്നുൽകൃഷ്‌ടമൗക്തികം.

പിശുക്കൻ രാവിലെണ്ണുന്നു-പെട്ടിയിൽപ്പെട്ട ചില്ലുകൾ;
നക്ഷത്രാഖ്യങ്ങളാം തങ്ക-നാണയങ്ങൾ ദരിദ്രനും.

പെട്ടിയിൽപ്പെട്ടിടും കാശാൽ-പ്പിശുക്കൻ ധനിയാകുകിൽ
മേരുവാലതിലും ധന്യൻ-മേദിനീവാസി ദുർഗ്ഗതൻ.

കാലധർമ്മത്തിൽ മർത്ത്യന്നു-കാശൊന്നും കൂടെ വന്നിടാ;
വെറുകൈയൊടവൻചെന്നു-വീണിടേണം ചിതാഗ്നിയിൽ.

താൻ വിട്ടുപോയ സമ്പത്തു-സന്താനങ്ങൾ തുലയ്‌ക്കവേ
പരലോകത്തിൽനിന്നശ്രു-പാഴിൽ വീഴ്‌ത്തും മിതംപചൻ.

[ 12 ] ദാനപദ്ധതി

ർത്ഥവാൻ തന്റെയർത്ഥത്തി-ലല്‌പാംശത്തിന്നു താൻപതി;
ചെമ്മേ കാക്കുന്നു നിസ്സ്വർക്കായ്-ശേഷം, ന്യാസം കണക്കവൻ.

നല്ലകാലത്തിലർത്ഥം നാം-നല്‌കിയാൽ നഷ്‌ടമെന്തതിൽ?
ദുഷ്‌ക്കാലമാകിലോ പിന്നെച്ചോദിക്കേ,ണ്ടതു നല്‌കുവാൻ.

താൻ പണിപ്പെട്ടു നേടീട്ടും-തനിക്കനനുഭോഗ്യമായ്'
അന്യർക്കുമുതകാതുള്ളോ-രർത്ഥം കൊണ്ടാർക്കു താൻ ഫലം?

നിധി കാക്കുന്ന ഭൂതങ്ങൾ, -ഖജനാവിന്റെ ഗാട്ടുകാർ,
കേദാരചഞ്ചാരൂപങ്ങൾ, -കൃപണന്മാർ നരാധമർ.

ഉടഞ്ഞുപോകും മറ്റുള്ളോ-രുണ്ടികക്കടയൊക്കെയും;
നീണാൾ വഹിക്കും നിക്ഷേപം-നിസ്സ്വന്റെ കരസമ്പുടം,

വേർപെട്ടുതന്നെ പോകേണം-വിത്തമെപ്പൊഴുതെങ്കിലും;
നഷ്‌ടമെന്തിതു നാം പിന്നെ-നന്മട്ടിൽച്ചെലവാക്കിയാൽ?

പാത്രത്തെ നോക്കിത്താൻ വേണം-പ്രതിപാദിക്കുവാൻധനം;
അരോഗന്നല്ല നല്‌കേണ്ട-താതുരന്നുള്ളൊരൗഷധം

ക്ഷുത്തു മുന്നോട്ടു പായിപ്പൂ-ലജ്ജ പിന്നോട്ടു, മങ്ങനെ
നടുക്കങ്ങിങ്ങുഴന്നയ്യോ,-നരകിക്കുന്നു ദുർഗ്ഗതൻ.

'ദേഹി 'യെന്നോതിടുന്നോന്റെ- ദൈന്യദുഃഖം ധരിക്കുകിൽ
ഹൃത്തുള്ളോർ-വിത്തമോസാരം-ഏകും പ്രാണങ്ങൾകൂടിയും.

'ദേഹി'യാം വാക്കൊടൊന്നിച്ചു-ദീനന്നുയിർവെളിക്കുപോം.
കർണ്ണംവഴി തിരിച്ചെത്തും-കാശിന്റെയൊലി കേൾക്കുകിൽ;

സ്വയമുത്തമനേകുന്നു-ചോദിച്ചേകുന്നു മധ്യമൻ;
ചോദിച്ചീടിലുമേകാത്തോൻ-ക്ഷുദ്രൻ മനുജഗർദ്ദഭം.

നമസ്‌ക്കാരം! നിനക്കെന്റെ-നാവേ! കാലകരത്തിൽ നീ
നരകോൽഘാടനത്തിന്നു-നാസ്‌തികുഞ്ചിക നല്‌കൊലാ.

ഉച്ചപ്പട്ടിണി വായ്‌പോനോ-രുരുളച്ചോറു നൽകുവാൻ
മേരുവാകണമോ മർത്ത്യൻ?-വിത്തംപോലെ വിസർജ്ജനം.

ധീരന്നു വശമാം ലക്ഷ്‌മി;-ശൂരന്നു വശമാം ജയം;
ജ്ഞാനിക്കു വശമാം മോക്ഷം;-ത്യാഗിക്കു വശമാം പുകൾ.

[ 13 ]

കോഴിക്കും മല്ലുതട്ടീടാം;-കുരുവിക്കും പഠിച്ചിടാം;
അന്യന്നു ധനമാരേകു-മവൻ ശൂര,നവൻ ബുധൻ.

തരക്കേടുകളെന്തെല്ലാം-ദാതാവിൽക്കുടികൊൾകിലും
ദാനാംബുവിൻ പ്രവാഹത്തിൽ-ത്തനിയേ മാഞ്ഞുപോയിടും,

ദാതാവിൻ മുന്നിൽ വീഴുന്ന-ദരിദ്രന്റെ മുദശ്രുവാൽ
കുളിർക്കുന്നു തപിക്കുന്ന-കുംഭിനിക്കു ഹൃദന്തരം.

സർവ്വസ്വവും സന്ത്യജിച്ചു-ചാകും ലുബ്‌ധൻ ബഹുപ്രദൻ;
വാനിലും ചെ,ന്നതോടാത്തു-വാഴും ത്യാഗി മിതംപചൻ.

പ്രഥ ദാനത്തിനാൽ നേടീ-പയ്യും കല്ലും മരങ്ങളും;
ദാതാവിനത്രേ മാന്യത്വം; ദാനം ചെയ്യുക! ചെയ്യുക!!


വിദ്യാപദ്ധതി

വിത്തമെന്തിനു മർത്ത്യനു-വിദ്യ കൈവശമാകുകിൽ?
വെണ്ണയുണ്ടെങ്കിൽ നറുനെയ്-വേറിട്ടു കരുതേണമോ?

വിദ്യ വിട്ടു നരന്നാമോ-വിശ്വംഭരയിൽ വാഴുവാൻ?
ആയുധം കയ്യിലേറാത്തോ-നടരാടുന്നതെങ്ങനേ?

വിദ്യയാം പ്രാണനേവന്നു- വേർപെട്ടു നിലകൊള്ളുമോ
 സമ്പത്തും മററുമവനു ശവം ചാർത്തിന മാലകൾ.

അജ്ഞനായ് ജീവിതംപോക്കാ-നാർക്കു ധാർഷ്‌ട്യമുദിച്ചിടും.
വാലും കൊമ്പും വെടിഞ്ഞുള്ള-മഹിഷം തന്നെയപ്പുമാൻ.

കാണേണ്ടതൊന്നും കണ്ടീടാ; കേൾക്കേണ്ടുന്നതു കേട്ടിടാ;
ഓതേണ്ടതോതിടാ; മേവു-മജ്ഞനന്ധൈഡമൂകനായ്.

മേനിയെത്ര തടിച്ചാലും -വിദ്യാഹീനൻ വെറും തൃണം;
മറി,ച്ചതു ചടച്ചാലും-മനീഷിയമൃതാശനൻ.

മണിയും ചരലും കല്ലു;- മർത്ത്യർ വിജ്ഞനുമജ്ഞനും;
ഔജ്ജ്വല്യത്തിൻ പ്രഭവത്താ-ലറിവൂ വേർതിരിച്ചു നാം.

പുറങ്കണ്ണു തുറപ്പിപ്പൂ-പുലർവേളയിലംശുമാൻ;
അകക്കുണ്ണു തുറപ്പിക്കാ-നാശാൻ ബാല്യത്തിലെത്തണം.

അന്നമേകുന്നവൻ മോദ-മപ്പോൾ മാത്രമണച്ചിടും;
ആജീവനാന്തമാനന്ദ-മരുളും വിദ്യനല്‌കുവോൻ.

കൊണ്ടുപോകില്ല ചോരന്മാർ;-കൊടുക്കുന്തോറുമേറിടും;
മേന്മ നൽകും മരിച്ചാലും ;- വിദ്യതന്നെ മഹാധനം.

[ 14 ]

അമ്മയ്‌ക്കൊപ്പം വളർത്തീടു,-മച്ഛന്നൊപ്പം ഹിതം തരും;
വേളിക്കൊപ്പം സുഖിപ്പിക്കും; വിദ്യ സർവ്വാർത്ഥസാധകം.

തൻവീട്ടിലജ്ഞനും പൂജ്യൻ;-തൻനാട്ടിലരചാളുവോൻ;
വിദ്യാസമ്പന്നനാരാധ്യൻ- വിശ്വത്തിങ്കലശേഷവും.

പഠിക്കണം നാമോരോന്നു-ബാല്യംതൊട്ടു നിരന്തരം;
പഠിത്തം മതിയാക്കീടാം- പ്രാണൻ മേനി വിടുന്ന നാൾ.

പിശുക്കാൽപ്പിഴുകും ലക്ഷ്‌മി; -പേർത്തും ഗർവാൽ സമുന്നതി;
അനഭ്യാസത്തിനാൽ വിദ്യ;- യമർഷത്താൽ വിവേകവും.

ബാലൻതൻ വിദ്യയാലൊറ്റ-ബ്‌ഭവനത്തിന്നിരുട്ടുപോം.
ബാലൻതൻ വിദ്യയാൽ വായ്‌ക്കും - പ്രകാശം പലവീട്ടിലും.

വൈരമില്ലാകരം തോറും ;- മൗക്തികം ശുക്തിയേതിലും ;
ചന്ദനം കാനനം നീളെ; -സ്സംഖ്യാവാനേതു ദിക്കിലും.

വിദ്യതന്നെപരം നേത്രം ;- ബുദ്ധിതന്നെ പരം ധനം;
ദയതന്നെ പരം പുണ്യം; - ശമംതന്നെ പരം സുഖം.

വിശേഷബുദ്ധിയെന്തിന്നു-വിരിഞ്ചൻ മർത്ത്യനേകിനാൻ?
വിദ്യയാൽജ്ഞാനമാർജ്ജിപ്പാൻ-ജ്ഞാനത്താൽ മുക്തിനേടുവാൻ.

അനന്തം വിദ്യയാം സിന്ധു-വായുസ്സത്യന്തഭങ്‌ഗുരം;
പാരത്തിലെത്തണം താനും-പ്രാപിപ്പാൻ പരമം പദം.

അപവർഗ്ഗദമിത്തിർത്ഥ-മാവോളം സേവ ചെയ്‌തിടാം,
ഒക്കും മട്ടിസ്സമുദ്രത്തി-ലോടിക്കാം കപ്പലെപ്പൊഴും.


പുസ്‌തകപദ്ധതി

ണ്ടുള്ള പണ്‌ഡിതശ്രേഷ്‌ഠർ-പരലോകം ഗമിക്കിലും
പുസ്‌തകാകൃതി പൂണ്ടിന്നും-ഭൂഷിപ്പിക്കുന്നു ഭൂതലം.

കാലം കബളമാക്കീട്ടും-കനിഞ്ഞു രഘുവീരനെ
വാല്‌മീകിയിന്നും വാഴിപ്പൂ-മഹാരാജാധിരാജനായ്.

ഒരൊറ്റയുപകർത്താവാ-രൂഴിക്കെന്നുരചെയ്യുവാൻ
ലേശവും സംശയം വേണ്ട;-ലിപികണ്ടുപിടിച്ചവൻ.

വെളുത്ത കടലാസോടു-കറുത്ത മഷി ചേരവേ
പാരിടത്തിന്നു വന്നല്ലോ-ഭാഗധേയം നമസ്‌തവും.

മരങ്ങളഞ്ചുതാൻ നില്‌പൂ-വാനിൽക്കാമിതമേകുവാൻ;
സംഖ്യയറ്റൂഴിമേൽക്കാണ്മൂ-സൽഗ്രന്ഥാമരശാഖകൾ.

[ 15 ]

മറയ്‌പീല പയോദങ്ങൾ;-വായ്‌ക്കൊൾവീല വിധുന്തദൻ;
ഇജ്ജ്യോതിസ്സുകളാകല്പം-വിദ്യോതിക്കുന്നു രാപ്പകൽ

പേർത്തും ശൃങ്ഗാരചാരുത്വം-ബീഭത്സത്തിന്നുമേകുവാൻ
കല്യരീ രസസിദ്ധന്മാർ,-കൈപ്പും മധുരമാക്കുവാൻ

ഗ്രന്ഥശാലയ്ക്കകത്തൊന്നു-കേറിയോൽ വാഴ്കയായി നാം,
ആനന്ത്യത്തിൻ മടിത്തട്ടി-ലാനന്ദത്തിൻ തലോടലിൽ

നമ്മൾതൻ ഹൃദയം വിട്ടു-നാമങ്ങെത്തുകിലോടിടും
ഷഡ്വർഗ്ഗസുതരോടൊത്തു-തന്ദ്രീജാഡ്യവധൂധവർ

ഖലനജ്ഞൻ തുടങ്ങീട്ടു-കാണ്മു ലോകത്തിലൊട്ടുപേർ
വരിഷ്ഠഗുണർമാത്രം താൻ-വായ്പൂ പുസ്തകശാലയിൽ

കാലത്തിൻ കൈമുറം പാറ്റി-ക്കളഞ്ഞു പതിരൊക്കെയും
തന്നിരിക്കുന്നു നമ്മൾക്കീ-ദ്ധാന്യം സർവാങ്ഗപോഷകം

ഓടിച്ചുമാത്രം വായിച്ചാ-ലുള്ളിൽത്തങ്ങില്ലൊരെണ്ണവും,
എന്നും പിഴുതുനട്ടീടി-ലേതു വള്ളി തഴച്ചിടും?

ഗ്രന്ഥറ്റല്ലജമോരോന്നും-ക്ലേശിച്ചു വശമാക്കണം
കണ്ടീല കടലിൻ താഴ്ച-ഹനുമാൻ; കണ്ടു മന്ദരം

പൂഴിയിൽച്ചിതറും കാശാൽ-പുസ്തകം വാങ്ങിനോക്കിയാൽ
കലാശാല നമുകൊന്നു-കൈക്കലാമവിളംബിതം

ഒരൊറ്റപ്പുസ്തകം കൈയി-ലോമനപ്പതിനുള്ളവൻ
ഏതു സാമ്രാട്ടിനെക്കാളു-മെന്നാളും ഭാഗ്യമർന്നവൻ

വിജ്ഞരാവാനുപാദ്ധ്യായർ, -വിനോദിപ്പാൻ സുഹൃത്തുക്കൾ;
അന്തഃകരണബന്ധുക്കളാ-ത്മാർത്ഥാവേദനപ്രിയർ

വിളിച്ചാൽപ്പാട്ടില്വന്നീടും:-വേണ്ടെന്നാൽ ദൂരെനിന്നിടും
ചോദ്യത്തിനുത്തരം മാത്രം-ചൊല്ലും സൂനൃതരീതിയിൽ (യുഗ്മകം)

വിശങ്കമിവർ നൽകുന്ന വിമാനങ്ങളിലേറിയാൽ
പായാം യഥേച്ഛം നമ്മൾക്കു-പതിന്നാലുലകത്തിലും

തെല്ലൊന്നു വേഴ്ചയായാലി-ദ്ദിവ്യമങ്ഗളവിഗ്രഹർ
സ്മൃതിസത്മത്തിൽ വാഴുന്നു-സിദ്ധി രാപ്പകലേകുവാൻ

ഇവരെസ്സേവ ചെയ്യാം നാ, -മിവർതൻ വാക്കു കേട്ടിടാം
ഇവർ കാട്ടും വഴിക്കെത്താ-മീശസന്നിധിയിൽക്രമാൽ

[ 16 ]

സത്യപ്രവൃത്തി
നസ്സിലും നാം യാഥാർത്ഥ്യം-വാക്കിലും വദനത്തിലും
പ്രവൃത്തിയിലുമെന്നാളും പരിപാലിച്ചിടേണ്ടവർ

അർത്ഥങ്ങൾക്കൊക്കെയും സത്യ-മഗ്രസ്ഥാനത്തിൽ നിൽക്കയാൽ
പണ്ടേ മുതൽക്കതിനേകീ-പരമാർത്ഥാഖ്യ പണ്ഡിതർ

നേരേ ലക്ഷ്യത്തിലെത്തീടും നേരുംപകഴിയും സമം;
വളവും പുളവും ചേരും-വ്യാളവും വ്യാജവും സമം

ഉള്ളതുള്ളവിധം മാത്ര-മോതിയാലതു സത്യമാം;
പൊടിപ്പും തൊങ്ങലും മറ്റും-പുനസ്സൃഷ്ടിക്കു ഭൂഷണം

അനന്തനല്ല താങ്ങുന്ന-താദികച്ഛപമൂർത്തിയും
സത്യദേവത താങ്ങുന്നൂ -താണുപോകാതെ ഭൂമിയെ

സഞ്ചരിപ്പൂ ജഗല്പ്രാണൻ; -തപിപ്പൂ ലോകബാന്ധവൻ
തണ്ണീർപൊഴിപ്പൂ പർജ്ജന്യൻ; -സത്യദാസർ മഖാശനർ

സാഗരം മന്നി നിൽക്കുന്നു-സത്യം കല്പിച്ച രേഖയിൽ
താരങ്ങൾ വാനിൽത്തൂങ്ങുന്നു-സത്യം തൂക്കിന രീതിയിൽ

വാക്കെന്നുമൊരുപോലോതി-വാഴ്വൂ പക്ഷിമൃഗാദികൾ;
വിശ്വത്തെക്കബളിപ്പൂ-വിവിധോക്തിധനൻ നരൻ

അകമേ സാക്ഷിയായ് നിത്യ-മന്തരത്മാവിരിക്കവേ
അറിയ്ല്ലന്യരെന്നോർത്താ-ർക്കസത്യം ചൊല്ലിനിന്നീടാം?

ദ്വിജിഹാകൃതിയിൽപ്പോലും-ദൈവം തീർത്തീല മർത്ത്യരെ;
അനന്തജിഹ്വരായാലു-മസത്യോക്തി സുദുഷ്കരം

ആദായകരമായാലു-മസത്യത്തെ വെറുക്കണം;
ആശ്ലേഷണത്തിന്നണഞ്ഞാലു-മകറ്റേണം പിശാചിനെ

വാണി-സത്യസ്ഥയാം ദേവി-വാണീടും രസനാഞ്ചലം
അസത്യമോതിയാൽ, ക്ഷ്വേള-മമൃതാംശു വമിക്കണം

ത്യാഗമില്ലാത്തതാം ഭൂതി; -കാന്തനില്ലാത്ത കാമിനി
ശമമില്ലാത്തതാം വിദ്യ:-സത്യമില്ലാത്ത ഭാരതി

സത്യം നൽകുന്ന ഭിക്ഷാന്നം-സത്തുക്കൾക്കുത്തമോത്തമം
അസത്യമേകും സാമ്രാജ്യ-മമേധ്യമധമാധമം

സർവ്വലോകരിൽനിന്നും നാം-സത്യത്തെത്താൻ കൊതിക്കവേ
അതന്യർ നമ്മിൽനിന്നും തെ-ല്ലാശിച്ചാൽ കുറ്റമെന്തതിൽ?

[ 17 ]

സർവ്വസ്വവും വെടിഞ്ഞാലും-സത്യത്തെ വെടിയായ്കയാൽ
ഹരിച്ചു വാസവസ്വാന്തം-ഹരിശ്ചന്ദ്രനൃപൻ മഹാൻ

മഹി സർവ്വംസഹയ്ക്കില്ല-മറ്റുഭാരങ്ങളാൽ ക്ലമം.
അഹോ? ദുസ്സഹനദ്ദേവി-ക്കളീകോക്തിപരൻ നരൻ.

അന്യന്റെ വിത്തം തല്ലക്ഷ്മി; -യദ്ദേവിയെ മനസ്സിനാൽ
ആശിച്ചാൽക്കൂടിയും പാപം; ഹരിച്ചാൽച്ചൊല്ലിടേണമോ?

ശീലിപ്പു നല്ലോർ ഭാഷിപ്പാൻ-ശിലാരേഖയ്ക്കു തുല്യമായ്;
വരം പുമാന്നസുത്യാഗം; -വർജ്യം വാഗ്ദത്തലങ്ഘനം

ഋജ്ജുവാം പാതതാൻ ശീഘ്ര-മീശോപാന്തമണച്ചിടും;
മായതൻ കൂട്ടുകൈവിട്ടാൽ-മാനവൻ ജ്ഞാനിയായിടും

വചനപദ്ധതി

ത്യംചൊല്ലാം, പ്രിയം നമ്മൾ; -സത്യം ചൊല്ലരുതപ്രിയം;
അസത്യം പ്രിയവും ചൊല്ലൊ- ലതത്രേ ധർമ്മശാസനം.

സത്യം നാമെന്തിനോതേണം?-സർവഭൂതഹിതത്തിനായ്;
പരദ്രോഹഫലം സത്യം-ഭാഷിച്ചാലതു പാതകം.

മിതമായ്, മൃദുവായ്, സത്തായ് -ഹിതമായ്, പ്രീതിഹേതുവായ്.
കേൾപ്പോർക്കു മധുരിക്കുന്ന-ഗീരോതുന്നു മനീഷികൾ.

ഉമിനീരിൻ മലത്തോടീ-യൂഴിപൂകും സരസ്വതി
സ്മിതാമൃതത്തിൽ മുങ്ങാഞ്ഞാൽ-ത്തെല്ലും സംശുദ്ധയാകുമോ.

ആർദ്രയായ് വിലസും ജിഹ്വ-യതിന്നനുരൂപമായ്
പാരുഷ്യശുഷ്കമാം വാക്യം-പ്രസവിക്കുന്നതെങ്ങനെ?

നല്ല നാവിങ്കൽനിന്നൂറു-'മില്ല'പോലും രാസോത്തരം;
ഒല്ലാത്ത നാക്കുതുപ്പുന്നോ-രൂഴിയും പൂഴിയും സമം.

നല്ല വാക്കുരചെയ്‌വോന്റെ -നാവുവിട്ടൊരുദിക്കിലും
വാണീലക്ഷ്മികൊളൊന്നിച്ചു-വാഴുന്നീല ധരിത്രിയിൽ

പാവതൻ മെയ്യിലും ചാർത്താം പണ്ടവും പട്ടുവസ്ത്രവും;
മർത്ത്യന്നനാവിൽ മിന്നുന്ന-വാണിയാമണിതാനണി

തണ്ണീരൊരല്പം നൽകീടാം-തണലത്തൊട്ടിരുത്തിടാം
നല്ലവാക്കൊന്നുരച്ചീടാം-നമ്മൾക്കാരൊടുമെപ്പൊഴും

ആർക്കില്ല ഭാവനബന്ധ-മാർക്കില്ലാശയസന്തതി?
അതെല്ലാം വാഗ്മിയല്ലാത്തോ-ന്നലസും ഗർഭമല്ലയോ?

[ 18 ]

ഊമപ്പിറവി വന്നീടാ-മുണ്ടാകാം വാഗ്‌യതവ്രതം;
വരൊല്ലാർക്കും സദസ്സിങ്കൽ-വാക്സ്തംഭം മറ്റു രീതിയിൽ

കുറ്റിപോലെയിരിക്കുന്നൂ-ഗോഷ്ടിയിങ്കൽക്കുബേരനും;
എടുത്തമ്മാനമാടുന്നു-യഥേഷ്ടം വാഗ്മി സഭ്യരെ.

ആകർഷകം താൻ മധുര-മർത്ഥമില്ലാത്ത ശബ്ദവും;
വീണാക്വണത്തിലെന്തുള്ളു-വിചാരസഹമാം രസം?

നിറമില്ലനുരഞ്ജിക്കാൻ-സ്വരമാകുന്നു കാരണം;
കറുത്ത കുയിൽ നമ്മൾക്കു-ഗാനത്താൽ രമ്യമേറ്റവും.

മണ്ഡൂകമൊന്നും കട്ടീല; -മൈനതന്നീല പിന്നെയോ
വാക്കാലൊന്നു വെറുപ്പിപ്പൂ-മറ്റൊന്നുത്സവമേകവേ.

വറ്റൊന്നും കൈക്കലാവില്ല-വാമൂടിപ്പിച്ച തെണ്ടിയാൽ;
പാടുന്ന യാചകനെന്നും-പാത്രം ഭിക്ഷാന്നപൂർണ്ണമാം.

കടിക്കുന്നോരു പാമ്പിന്നും-കരയുന്നോരു കുഞ്ഞിനും
സന്തോഷം മാനസത്തിങ്കൽ-സാന്ത്വനത്താൽ വരുത്തിടാം.

അച്ഛസ്ഫടികപാത്രത്തി-ലൗഷധം കൈപ്പതെങ്കിലും
അല്പം തേൻ ചേർത്തു നൽകീടി-ലാസ്വദിക്കുമതാതുരൻ

കാലത്തിനാലുണങ്ങീടും-കണകൊണ്ടുളവാം ക്ഷതം;
ആജീവനാന്തം നിന്നീടു-മാർദ്രമായ് വാഗ്വിഷവ്രണം

ഓതുന്നു സാമം നീതിജ്ഞ-രൊന്നാമത്തെയുപായമായ്;
സാമഗന്മാർക്കു നൽകുന്നു-സർവ്വാർത്ഥങ്ങളുമീശ്വരൻ.

സമയപദ്ധതി

വിധി മർത്ത്യർക്കു നൽകുന്ന-വിവിധാനുഗ്രഹങ്ങളിൽ
അതിമാത്രം വിലപ്പെട്ട-തായുഷ്ക്കാലമസംശയം

അന്തമുണ്ടതിനെന്നുള്ള-താർക്കും ബോധ്യമനാരതം;
അതെപ്പോളെന്നുമാത്രം താ-നറിവീലാരുമേതുമേ

ഏറെ നീണ്ടാലമ്മിജ്ജന്മ-മെത്രനാളേക്കു നീണ്ടിടും?
ആർക്കു നൂറ്റാണ്ടു ജീവിക്കാ-മരോഗദൃഡഗാത്രനായ്?

പാതിപോം വിശ്രമത്തിങ്കൽ; -പ്പാതിപിന്നെയുമുള്ളതിൽ
ബ്ആല്യവാർദ്ധക്യരോഗങ്ങൾ -ഭാഗത്തിന്നവകാശികൾ

ശേഷിച്ച സമയംകൊണ്ടു-ശേമുഷിക്കൊത്തരീതിയിൽ
ധർമ്മാർത്ഥകാമമോക്ഷങ്ങൾ-സാധിക്കേണ്ടവർ മാനവർ.

[ 19 ]

ആയുരാരോഗ്യഭാഗ്യങ്ങ-ളടുത്ത നിമിഷത്തിലും
പാലിക്കുവാൻ നമുക്കേവൻ പ്രതിഭൂവായി നിന്നിടും?

സ്നേഹിപ്പാൻ മാത്രമേകുന്നു-ദൈവം മർത്ത്യന്നു ജീവിതം;
ദ്വേഷിപ്പാൻ കൂടിയില്ലല്ലോ-ദീർഘത്വമതിനേതുമേ.

ചെലവാക്കാൻ മടിപ്പൂ നാം-ജീവിതാർത്ഥം യഥാർത്ഥമായ്
കവർച്ചയ്ക്കു തരം പാർത്തു-കാലൻ പാതയിൽ നില്‌ക്കവേ

കൃതകൃത്യനൊരാളന്യൻ-ക്രീഡാമാത്രപാരായണൻ
സമവർത്തിക്കു തെല്ലില്ലി-ത്താരതമ്യ വിവേചനം

ശരീരമാം ഘടത്തിങ്കൽ-ത്തങ്ങിടും സ്വല്പജീവനം,
പായുന്ന ദിനരാത്രങ്ങൾ-പാനം ചെയ്യുന്നു നിത്യവും.

സമയത്തിന്റെ മൂല്യത്തിൻ-സാക്ഷാദ്രുപം ധരിക്കുവാൻ
കണ്ഠസ്ഥപ്രാണനായോന്റെ -കണ്ണീർക്കണ്ണാടി നോക്കണം

വേലയ്ക്കുവേണ്ടതാം കാലം-വിനോദം കൈക്കലാക്കുകിൽ
ഓദനത്തിൻ പദത്തിങ്കലുപദംശം കടക്കയായ്.

"ഇത്രയ്ക്കു നീട്ടി ഞങൾക്കെ-ന്തേകുവാൻ ജീവിതം ഭവാൻ?"
എന്നു പുച്ഛിപ്പുദൈവത്തെ-യെന്നാളും വ്യർത്ഥജീവിതർ.

അന്നുന്നു മുന്നിൽ വന്നെത്തു-മഹസ്സാമതിഥിക്കു നാം
അയ്യോ! പൂജനടത്തുന്ന-തതിൻ ചിത്രവധത്തിനാൽ!

മറ്റുള്ളോർക്കുള്ള മൂവെട്ടു-മണിക്കൂറുകളെന്നിയേ
ധാതാവു നൽകീലെന്നാളും-ശങ്കരാദ്യർക്കു കൂടിയും

"ഇന്നെന്തു സുകൃതം ചെയ്തേ, -നിന്നെന്തറിവു നേടിനേൻ?
ഇന്നെത്രപോന്നേൻ മുന്നോട്ടേ-ക്കിന്നലത്തേതിൽനിന്നു ഞാൻ?"

ചോദിക്കണം നാം രാവായാൽ-ച്ചോദ്യമാത്മാവൊടിത്തരം;
പ്രതികൂലോത്തരം കേട്ടാൽ-പശ്ചാത്താപാശ്രു വാർക്കണം;

അടുത്തനാളിലാത്മാവി-ന്നാനുകൂല്യത്തെ നേടുവാൻ
ശപഥം ചെയ്യണം; പിന്നെ-ശ്ശാന്തന്മാരായുറങ്ങണം
                                      (സന്ദാനിതകം)
ഭൂതം വീഴട്ടെ ഭൂതത്തിൽ; -ഭാവി തങ്ങട്ടെ ഭാവിയിൽ;
വരം തരട്ടെ നമ്മൾക്കു-വർത്തമാനം പുരഃസ്ഥിതം.

നാളെച്ചെയ്യേണ്ടകൃത്യങ്ങൾ-നാമിന്നേ ചെയ്തു തീർക്കുകിൽ
ചരിതാർത്ഥർ നമുക്കെന്നും-ശ്രാദ്ധദേവൻ പ്രിയാതിഥി.

[ 20 ]

ആശിച്ചതു ലഭിക്കാത്തോ-നരിശത്തിന്നദീനനാം ;
കാരണത്തെ നശിപ്പിച്ചാൽ -ക്കാര്യം താനേ നശിച്ചുപോം.

അശക്തന്നു ബലം ക്ഷാന്തി- ശക്തന്നതു വിഭൂഷണം  ;
തെറ്റുണ്ടെങ്കിൽ ക്ഷമിക്കേണം ;-തെറ്റില്ലെങ്കിൽ ക്ഷമിച്ചിടാം.

അവിധേയനോടാർക്കുമുണ്ടാ-മരിശത്താൽ പ്രയോജനം ?
വിധേയനോടുള്ളരിശം  ;-വിഭുവിന്നു വിളങ്ങുമോ?

ദാരിദ്രബാധിതൻ ത്യാഗി;- തരുണൻ വിജിതേന്ദ്രിയൻ ;
ബലവാൻ ക്ഷാന്തൻ ;-ഈ മൂന്നു- പേരും വാഴ്ത്തപ്പെടേണ്ടവർ.

ക്ഷമയാം ചട്ട പൂണ്ടോനു- ജയിക്കാമേതുലോകവും ;
തണ്ണീരിൽ വീഴും തീക്കൊള്ളി- തണുത്തേ മതിയായിടൂ.

കോമരത്തുള്ളൽ തുള്ളല്ലേ- കോപഭാധക്കൊരുത്തനും;
ദർശിക്കുവാൻ ചിറിക്കുന്ന- ദേഹായാസമതിൻ ഫലം.

ക്രോധം കോപത്തെ വെന്നീടാ;- കൂരിരുട്ടിരുൾ മാറ്റിടാ;
ക്ഷാന്തിയാലരിശം നീങ്ങും ;- തമസ്സമ്പിളിയാൽ കെടും.

സ്വാധീനമാം പുണ്യതീർത്ഥം,- ധനം വേണ്ടാത്തതാം ക്രതു,
ക്ളേശമറ്റ തപസ്സും താൻ - ക്ഷമാശീലം ശുഭാവഹം.

എത്രയോ സുന്ദരം നമ്മൾ-ക്കിശൻ നല്കിയൊരാനനം  ;
അരിശം കൊണ്ടു വൈരൂപ്യ- മതിനെന്തിനണയ്പ്പുനാം  ?

ദംഷ്ട്രവും തീക്കനൽക്കണ്ണും- നീണ്ടനാക്കു മലർച്ചയും
കാട്ടിലെങ്ങോ കിടക്കേണ്ട- കടുവക്കേകി നാന്മുഖൻ.

പിണി യാതൊന്നുമില്ലാതെ- പിച്ചും പേയും പുലമ്പിടും  ;
മദ്യമുള്ളിൽ കടക്കാതെ- മത്താടും കോപബാധിതൻ .

കൊള്ളിവെയ്ക്കും ഗൃഹത്തിന്നു;- കൂട്ടക്കൊല നടത്തിടും  ;
ആത്മഘാതിയുമായ്‌‌ത്തീരു- മരിശം പൂണ്ട പാതകി.

ഇടിയും മിന്നലും മുഞ്ഞി- യിരുണ്ട മുകിലാർന്നിടും
കാലം തെല്ലു കഴിഞ്ഞീടിൽ -ക്കണ്ണീർ തൂകുമനല്പ്പമായ്.

കോപിക്കൊലാ നാമാരോടും - കോപിക്കാൻ തീർച്ചയാക്കുകിൽ
കോപത്തോറ്റാട്ടെയക്കോപം;- ഘോരാരാതിയതല്ലയോ?

വിശുദ്ധമീ മന:ക്ഷേത്രം - വിവേകത്തിൻ പ്രതിഷ്ടയാൽ;
ഈറപ്പിശാചഴിഞ്ഞാടാ- നിതാർ പാഴ്‌‌ക്കളമാക്കിടും?

[ 21 ] <poem>

മാറിടത്തിൽച്ചവിട്ടീട്ടും - മാധവൻ ക്ഷാന്തനാകയാൽ പുരുഷോത്തമനെന്നോതി -പൂജിച്ചദ്ദേവനെബ്‌‌ഭൃഗു.

ക്ഷമാദേവതയെക്കാണ്മിൻ -ജഗൽപുണ്യപതാകയെ; പാഞ്ഞെത്തുമരിശപ്പാമ്പിൻ -പത്തിതാഴ്‌‌ത്തും വിഭൂതിയെ.

കനിവിൻ നീരുറന്നീടും -കൺകൊണ്ടൂഴിയെ നോക്കുവോൾ; പുഞ്ചിരിപ്പുണ്`ണ്ഡരീകപ്പൂ -പുരോഭൂവിൽ വിരിക്കുവോൾ;

മൗർഖ്യമാക്രോശനം ചെയ്താൽ -മൗനവൃത്തിഭജിക്കുവോൾ ; വികാരക്കെടുതീക്കുള്ളം -വിറകാക്കാതെ വാഴുവോൾ;

പ്രസന്നയായ് , മധുരയായ് ,- പ്രൗഢയായ് , പ്പരിശുദ്ധയായ് , മേവുമിദ്ദേവിയെക്കൂപ്പാം -മേന്മേൽപ്പാപം ശമിക്കുവാൻ.      (സന്ദാനിതകം )

സന്തുഷ്ടപദ്ധതി

തനിക്കുള്ളതുകൊണ്ടുള്ളിൽ -സന്തോഷമിയലുന്നവൻ സുരർക്കും ലഭ്യമല്ലാത്ത -സുധ നിത്യമശിക്കുവോൻ

വരാൻ വിളിച്ചിട്ടല്ലല്ലോ -വരുന്നതഴൽ ;ആവിധം വരും വരുമ്പോൾ സുഖവും ;മദ്ധ്യത്തിൽ ദൈന്യമെന്തിനോ?

സാധിക്കുന്നതു സാധിക്കും -സമ്യക്കാമുദ്യമത്തിനാൽ; പ്രാണൻ കളവതെന്തിന്നായ് -പ്രാപ്യമല്ലാത്തതിന്നു നാം ?

സന്തുഷ്ടഹൃദയന്മാർക്കു -സമ്പത്തുണ്ടെവിടത്തിലും ; ചെരിപ്പിട്ടു നടപ്പോർക്കു -ദിക്കെല്ലാം തോൽവിരിച്ചതാം.

ദു:ഖമാർക്കും കൊടാതേയും -ദുഷ്ടനെക്കുമ്പിടാതെയും ; സന്മാര്ഗ്ഗം വെടിയാതേയും; -സാധിക്കും തിരിയും ഗിരി.

കാറ്റിനാൽപ്പാമ്പു ജീവിപ്പൂ;- കാട്ടാന ചെറുപുല്ലിനാൽ ; തപോധനൻ കിഴങ്ങാലും ,-സന്തുഷ്ടിക്കാർക്കുതാൻ പണി ?

ആറുലോകങ്ങൾ മീതേയു- മാറിനോടൊന്നു താഴെയും ചമച്ചു ഭൂമിയോടോതി -സന്തോഷിച്ചീടുവാൻ വിധി.

അല്പ്പായുസ്സിൽ മരിക്കുന്നോ,- രങ്`ഗഹീനത വായ്‌‌ക്കുവോർ; പിണിതൻ വായിൽ വീഴുന്നോർ;-പിച്ചച്ചട്ടിയെടുക്കുവോർ;

സാധുക്കളെത്രെയില്ലേവം -സാമാന്യർക്കും ദയാർഹരായ്? അവരെക്കാൺകിലും നമ്മ- ളാശ്വസിക്കാത്തതത്ഭുതം.        (യുഗ്മകം )

<poem> [ 22 ]

കടുക്ക ദൈവം നൽകട്ടേ; -കല്ക്കണ്ടെന്നു നിനച്ചു നാം
കുടിച്ചിറക്കിയാൽത്തീർന്നു -കാര്യം; തോറ്റോടി തന്നവൻ.

ആശ്ചര്യമാം വിലങ്ങൊന്നു -ണ്ടാശയാം പേരിലൂഴിയിൽ;
തൽബദ്ധൻ ധാവനം ചെയ്‌വൂ; -തന്മുക്തൻ നില്‌പൂനിശ്ചലം.

ചൂളുക്കു വീണൂ വക്ത്രത്തിൽ; -ത്തൂവെള്ളിവടിവായ് മൂടി;
എല്ലെടുത്തു വപു,സ്സാശ -യ്‌ക്കെന്നിട്ടും നവയൗവനം!

പാശം യമൻ ഗളത്തിങ്കൽ -പ്പതിപ്പിക്കും ക്ഷണത്തിലും
പാരെല്ലാം സ്വന്തമാക്കീടാൻ -പരക്കം പാഞ്ഞീടുന്നു നാം.

എങ്ങും, വിഭവമാമാജ്യ -മെത്രയ്‌ക്കെത്രയ്‌ക്കു വീണിടും
ആശയാമഗ്നിതജ്വാല -യത്രയ്‌ക്കത്രയ്‌ക്കുയർന്നിടും.

കുഴിച്ചുമൂടും നാണത്തെ, -ക്കുരങ്ങാടിച്ചു നിർത്തിടും
കാനൽവെള്ളം കുടിപ്പിക്കും; -കടുപ്പം തൃഷ്‌ണതൻ ചതി.

ശൂന്യമാം മനമെന്നുള്ള -ചുടലക്കാട്ടിലെന്നിയേ
തൃഷ്‌ണാപിശാചിക്കാടീടാൻ -തീർത്തിട്ടില്ല കളം വിധി.

സന്തുഷ്‌ടിയെന്ന്യേ മറ്റില്ല -ശാശ്വതം ധനസഞ്ചയം;
ദുരയല്ലാതെ ലോകത്തിൽ -സ്ഥൂലമാമൃണഭാരവും.

ലഭിക്കുവോളമായാസം, ലഭിച്ചാലപ്പുറം മദം,
ദുഃഖം പൊയ്‌പോകിൽ;മറ്റെന്തും; -സുഖം സന്തോഷമൊന്നുതാൻ;

സ്വർഗ്ഗം മന്നോടടുപ്പിക്കും -ദൂരദർശിനിപോലവേ;
സ്വല്‌പത്തെ വലുതായ്‌ക്കാട്ടും -സൂക്ഷ്‌മദർശിനിപോലെയും.
                                                                                   (യുഗ്മകം)

ആരോഗ്യമേകുമാഹാര -മാധിതീർക്കുന്ന ഭേഷജം;
അന്തസ്സന്തോഷ,മതുവി -ട്ടാശയ്‌ക്കെന്തർഹമൂഴിയിൽ?


വിനയപദ്ധതി

വിനയം വാച്ചിടുന്നോനു -വിശ്വവും വശ്യമായ്‌വരും;
ശരത്തിൽ വെള്ളം താഴുമ്പോൾ -സ്‌നാനത്തിന്നർഹമാം നദി.

പാരായിടും നമുക്കുള്ള -പണ്ടത്തേത്തറവാടിതിൽ
താണുതന്നെ നടക്കേണം -തലമുട്ടാതിരിക്കുവാൻ.

താണുതാണുയരത്തേക്കു -തത്വവേദികൾ കേറവേ,
പൊങ്ങിപ്പൊങ്ങിക്കിഴുപ്പോട്ടു പോരുന്നൂ പടുവിഡ്‌ഢികൾ.

പാരം മൗലി കുനിക്കുന്നു -ഫലം തിങ്ങിന പാദപം,
അപ്രാപ്യമല്ല തന്നർത്ഥ -മാർക്കുമെന്നറിയിക്കുവാൻ.

[ 23 ]

പക്ഷിക്കു വാനിൽപ്പാഞ്ഞീടാൻ -പത്രംനൽകിന നാന്മുഖൻ
തറയിൽത്താൻ നടന്നീടാൻ -ചരണം മർത്ത്യനേകിനാൻ.

മാതാപിതാക്കളാചാര്യൻ -മഹീശൻ മുതലെത്രപേർ
വലിയോരില്ലേ നമ്മൾക്കു -വന്ദ്യരായ്പ്പലരീതിയിൽ?

താന്തോന്നിയാവതല്ലേതും -സ്വന്തന്ത്ര്യത്തിന്റെ ലക്ഷണം;
നിയമത്തിന്നു കീഴ്പ്പെട്ടു -നിൽപൂനിശ്ശേഷസൃഷ്ടിയും

വായ്പിപ്പുപൊക്കം മേനിക്കു -വാമനന്മാർ ഞെളിച്ചിലാൽ?
പ്രാംശുക്കൾ കുനിവൂ തങ്ങൾ -പരരോടൊപ്പമാകുവാൻ

അറിയുംതോറുമാർക്കംത -ന്നറിവില്ലായ്മ ബോദ്ധ്യമാം;
നിറയുന്ന കുടത്തിങ്കൽ -നീരു തുള്ളിത്തുളുമ്പുമോ?

കടൽക്കരയിൽന്നേതോ -കക്കമാത്രം പെറുക്കുവോൻ
താനെന്നുരച്ചുപോൽ ന്യൂട്ടൺ -സർവ്വശാസ്ത്രാബ്ധിപാരഗൻ

വംശം, വിദ്യ, ധനം, രൂപം, വദാന്യത്വം, പരാക്രമം,
ആറുമട്ടിത്തരം ലോക-ർക്കകതാരിൽ വരും മദം

മുറ്റുമോരോ കുലത്തിന്നും -മൂൽഅം നമ്മൾ തിരക്കുകിൽ
പത്മത്തിനൊപ്പമടിയിൽ -പ്പങ്കം വായ്പതു കണ്ടിടാം.

വിനയം വിട്ടു വിജ്ഞർക്കു -വിദ്യ ദർപ്പം വരുത്തുകിൽ
സ്തന്യം വി,ട്ടതു മക്കൾക്കു -തായ നഞ്ഞൂട്ടിടുന്നതാം

ഒരുകാറ്റിലുരുക്കുടു -മൊരിടത്തർത്ഥസഞ്ചയം;
അടുത്തകാറ്റിൽച്ചിതറി -യങ്ങിങ്ങാകെപ്പറന്നുപോം.

ഇന്നലെശ്ശിസുവായ് വാണോ -നിന്നു യൗവനഗർവിതൻ;
നാളെജ്ജരാതുരൻ; ഹന്ത! -മറ്റന്നാൾശ്ശമനാതിഥി!!

ഫലാഭിസന്ധി കൈവിട്ടും, -പരർ കേട്ടറിയാതെയും,
ചെയ്യുന്ന ദാനമേ ദാനം; -ശേഷം കച്ചവടക്രമം.

തിര്യക്കുകൾക്കും മെയ്യൂക്കു -ദൈവം നൽകിയിരിക്കവേ
ഘോരൻ താനെന്നുവെച്ചേവൻ -കൊമ്പൻമീശ പിരിച്ചിടും?

നല്ലോരെക്കണ്ടിടുന്നേരം നമ്രമാകും ശിരസ്സുതാൻ
ആഭിജാത്യാദിസമ്പന്ന -ർക്കടയാളം ധരിത്രിയിൽ

മദമാമാനമേലേറും -മഘവാവിനെയും ദ്രുതം
പൂഴിക്കുള്ളിൽപ്പതിപ്പിക്കും -പൂജ്യപൂജാവ്യതിക്രമം

ഏതു താമസമായുള്ള -ഹൃത്തും വിനയമേന്തുകിൽ
ശോഭിക്കും പനിനീർപ്പുഷ്പം -ചൂടും കാർകുഴൽപോലവേ.

[ 24 ] സൗജന്യപദ്ധതി


സൗജന്യം ചുമലിൽത്താങ്ങും-ധന്യൻതന്നെയുയർന്നവൻ;
സൗകര്യത്തിൽ ഗ്രഹിക്കുന്നൂ -സൗഖ്യദ്രുഫലമപ്പുമാൻ

ഗുണം കുറഞ്ഞോന്നന്യന്റെ -ഗുണോൽകൃഷ്ടത കാണവേ
മലിനീഭൂതമാകുന്നു -മാത്സര്യപ്പുകയാൽ മനം

പരന്റെ കീർത്തിയും ശ്രീയും -പാർക്കിലും കേൾക്കിലും ഖലൻ
ഉമിത്തീയിലമിഴ്ത്തിത്ത -ന്നുള്ളംനീറ്റുന്നു രാപ്പകൽ.

സാപ്പാടും നിദ്രയും നീങ്ങും; -ചടയ്ക്കും മേനി മേൽക്കുമേൽ;
ചികിത്സിക്കാവതല്ലാർക്കും -ജീവിതാന്തമഗ്ഗദം

ഏതു ഫലത്തിലാർന്നിടൊ -ല്ലീർഷ്യ; ഹേതുവിലാർന്നിടാം;
പരിശ്രമിക്കാം നമ്മൾക്കും -പലരെപ്പോലെയാകുവാൻ.

മനുഷ്യന്നുയരാൻ മാത്രം -മാത്സര്യമുതകീടുകിൽ
അതെത്രമെച്ച, മീയൂഴി-യതിനാൽത്തന്നെ നാകമാം

അക്ഷാന്തി പക്ഷെ വേഗത്തി -ലസൂയാരൂപമാർന്നിടും;
തൻനിലയ്ക്കുന്നതന്മാരെ -ത്താഴ്ത്തുവാൻ കൈയുയർത്തിടും;

ദാതാക്കൾക്കു യശഃകാംക്ഷ; -ദാന്തന്മാർക്കു ബകവ്രതം;
തന്റേടക്കാർക്കഹംഭാവം -തിന്മംശുവിനെ നോക്കിയും
(സന്ദാനിതകം)

ശാപശക്തി സമാർജിച്ച -ശമിയല്ലീയസൂയകൻ;
അതിനാൽ തൽപരീവാദ -മാദ്യന്തം വന്ധ്യജീവിതം

കൈക്കൊള്ളണം നാം ഗ്രാഹ്യാംശം -കണ്ടാലാക്ഷേപവാക്കിലും
ആചാര്യനാകാം രിപുവു, മൗഷധം നഞ്ഞുമൂഴിയിൽ

അമൂലമാണാവാക്കെങ്കി-ലതിനാലും കൃതാർത്ഥർ നാം,
കൈനഷ്ടമൊന്നും കൂടാതെ -കണ്ടോർക്കാനന്ദമേകുവോർ

സ്തുതിയും നിന്ദയും കേട്ടു -തുഷ്ടിയും മാലുമേന്തൊലാ;
ഒന്നു വെള്ളത്തിൽ മുക്കീടു -മൊന്നു തീയിലെരിച്ചിടും.

ആത്മശ്ലാഘോദ്യതന്മാരു -മാത്മഘാതികളും സമം
വ്യജ്ഞിക്കും സ്വഗുണംതന്നേ -വേറിട്ടുല്ലോരെ വാഴ്ത്തിയാൽ

സാധുവിന്നെന്തുവാൻ ഹാനി-സാസൂയൻ പഴി ചൊല്ലുകിൽ?
ക്ഷതിയെന്തമ്പിളിക്കുള്ളു -ചെറ്റപ്പട്ടി കുരയ്ക്കുകിൽ?

[ 25 ]

ചേർത്തുതാൻ ഗുണദോഷങ്ങൾ -തീർപ്പു മർത്ത്യരെ നാന്മുഖൻ.
ഏറ്റക്കുറച്ചിലുണ്ടാകാ -മിവതൻ യോഗരീതിയിൽ.

വെരുകിൽപ്പുഴുകുണ്ടാകാം; -പാമ്പിൻ തലയിലും മണി;
കടത്തിലും പട്ടസൂത്രം; -ചേറിലും സരസീരുഹം.

അധികാരികളോ നമ്മ -ളന്യർതൻ ദോഷമോതുവാൻ?
അന്ധൻ കാണന്നു കല്പിക്കു -മപവാദം നിരക്കുമോ?

ദോഷമാം കടലിന്നുള്ളിൽ -സൂക്ഷിച്ചാൽ ഗുണമൗക്തികം
കാണാം, മുങ്ങിയതോരോന്നു -കൈകൊൾവൂ പുണ്യശാലികൾ.

അന്യന്റെ സൽഗുണം കാണു -മക്ഷിതാൻ സഫലോദയം;
നാലുപേരോടതോതുന്ന -നാവുതാൻ ചരിതാർത്ഥവും.

അഹിംസാപദ്ധതി

അനേകമുണ്ടു ധർമ്മം നാ -മനുഷ്ഠിക്കേണ്ടതെങ്കിലും
അഹിംസതാനവയ്ക്കെല്ലാ -മസന്ദേഹമധീശ്വരി

ഹിംസാപിശാചിതൻ വേഴ്ച -യ്ക്കേവനുത്സുകനായിടും;
അവന്നു മക്കളായുണ്ടാ -മഘങ്ങൾ പലമാതിരി.

നമുക്കപ്രിയമാമൊന്നും -നാം നാം ചെയ്യൊല്ലാർക്കുമെന്നുമേ;
പ്രിയമാമേതുമേവർക്കും -പേർത്തും ചെയ്യണമെപ്പൊഴും

ചേതസ്സിനാലും വാക്കാലും -ചെയ്തിയാലുമൊരുത്തനും
ജന്തുഹിംസക്കൊരുമ്പെട്ടു -ജന്മം പാഴിൽത്തുലയ്ക്കൊലാ

അണുജീവിക്കുമാനന്ദ -മാത്മജീവിതമൂഴിയിൽ,
അധികാരികളോ നമ്മ -ളതിന്നറുതി ചേർക്കുവാൻ?

ദൈവം കൊടുത്തതാം ജീവൻ -ദൈവം വേണമെടുക്കുവാൻ
നാഥന്റെ ചെങ്കോൽ കീടങ്ങൾ -നാമോ തട്ടിപ്പറിക്കുവാൻ?

വരുത്തൊല്ലഴലുൾത്തട്ടിൽ; -വാർപ്പിക്കൊല്ലശ്രുവാർക്കുമേ;
അടിക്കൊല്ല കളിക്കായും; -ഹനനം പിന്നെയല്ലയോ?

സാപ്പാടുമോടിയാക്കേണ്ട, -സാമ്രാജ്യം നേടിടേണ്ട നാം;
വാനിലും കയറീടേണ്ട, -വധിച്ചിതരജീവിയെ.

കൊന്നുതിന്മാൻ വളർത്തുന്ന -കോഴികൾക്കൊപ്പമായ് നൃപർ
പിണ്ഡം ഭടർക്കു നൽകുന്നു -പീരങ്കിക്കിരയാക്കുവാൻ.

മർത്ത്യഘാതികളാം മന്നർ -മഹാന്മാരെന്നു വാഴ്ത്തവേ
ചരിത്രകൃത്തിൻ പേനയ്ക്കു -ചാരിത്രം മൺ‌മറഞ്ഞുപോയ്.

[ 26 ]

ജഗത്തിന്നഴൽ വായ്പിച്ചു -ജയഭേരി മുഴക്കുവാൻ-
പുരുഷാദൻ -മഹാനെങ്കിൽ -ഭൂകമ്പം മഹദഗ്രിമം

മനുജവ്യാഘ്രസംജ്ഞയ്ക്കു -മാറ്റു നൽകും കവീശ്വരൻ
മനുഷ്യരാക്ഷസാഭിഖ്യ മാനിച്ചീടാത്തതത്ഭുതം

അമ്പേറ്റു വീണുകേണീടു -മന്നത്തിൻ മെയ്തലോടവേ
അതൂരിത്തന്റെ ദേഹത്തി -ലാഞ്ഞുകുത്തീ ജിനൻ ശിശു;

മെയ്മുറിഞ്ഞു; മനംനൊന്തു; -മേന്മേൽ വഴികയായ് നിണം;
തൽക്ഷണം മഗ്നനായ് ദേവൻ -സർവ്വസത്വാനുകമ്പയിൽ
                                           (യുഗ്മകം)

ചണ്ഡാശോകനൃപന്നെന്നു -ധർമ്മാശോകാഖ്യ ലബ്ധമായ്;
ആരാധ്യനായ് ജഗത്തിന്ന -ന്നഹിംസാപരനമ്മഹാൻ

പരവിത്തം ഗരളമായ് -പ്പരസ്ത്രീജനയിത്രിയായ്
പരാർത്തിയാത്മവ്യഥയായ് -പ്പരികല്പിപ്പു സത്തുകൾ

ഉണ്ടേതു ദേഹിതൻ മേനി -ക്കുള്ളിലും ജഗദീശ്വരൻ;
മുക്താഹാരത്തിലോരോരോ -മുത്തിലും നൂലിനൊപ്പമായ്

മാതാവൂഴി, പിതാവീശൻ -മന്നവന്നുമുറുമ്പിനും;
എല്ലാ പ്രാണികളും നൂന-മേകോദരസഹോദരർ

ഹിംസമൂലം പ്രസാദിക്കി-ല്ലീശ്വരൻ കരുണാനിധി;
പ്രാണിപീഢാരസം കോലും-പാപിയല്ലജ്ജഗല്പ്രഭു.

ആരാധിക്കുവതെന്നോ നാ-മഹിംസാപുഷ്പമാലയാൽ,
സമ്മോദമന്നുതാനേന്തും -സച്ചിദാനന്ദവിഗ്രഹൻ

പരോപകാരപദ്ധതി

ചൊല്ലുവൻ ധർമ്മസർവസ്വം -ശ്ലോകാർദ്ധത്തിൽച്ചുരുക്കി ഞാൻ
പരോപകാരം താൻ പുണ്യം; -പാതകം പരപീഡനം

ശ്വസിച്ചിടുന്നില്ലേവൻതാൻ -സ്വർത്ഥമാത്രകൃതാർത്ഥനായ്?
കുക്ഷി വീർപ്പിപ്പു കാറ്റുണ്ടു-കൊല്ലന്റെയുലകൂടിയും

പാരിൽപ്പാമ്പുകളും കൂടി-ബ്ഭാര്യാപുത്രോപകാരികൾ;
ജന്മം പരാർത്ഥമർപ്പിച്ചു -ജീവിക്കുന്ന പുമാൻ പുമാൻ

ചർമ്മവും മറ്റുമേകുന്നു -ചത്താലും മറ്റു ജീവികൾ;
കൊള്ളില്ല തെല്ലും മർത്തന്റെ -കുണപം മാത്രമൊന്നിനും

തണ്ണിർക്കുമിളതൻമട്ടിൽ -ത്തങ്ങിടും നരജീവിതം,
ആശാഗരളസമ്മിശ്ര-മാധിവ്യാധിപരിപ്‌ളുതം-

[ 27 ]

ആദ്യന്തമതിവൈരസ്യ -മാർക്കും നല്കുമതിങ്കലും
ഗുണമുണ്ടൊ,ന്നൊന്നുമാത്രം, -കുബ്ജയിൽ ഭക്തിപോലവേ;

ഉടൽ വെൺചാമ്പലാകുംമുൻ -പുതകിക്കാമതേവനും
എങ്ങാനു, മെന്നാളെന്നാലു, -മേതുജന്തുവിനെങ്കിലും
                                      (സന്ദാനിതകം)

എന്നെങ്കിലും തനുത്യാഗ-മേവർക്കും വിധികല്പിതം;
അതു പിന്നെ ത്യജിച്ചാലെ -തന്യർക്കൊരുപകാരമായ്

പാലു നമ്മൾക്കു നല്കുന്ന -പശുവിൻ ഗ്രാസമാകവേ
ജീവിതത്തെ നിനയ്ക്കുന്നൂ -തൃണവും ചരിതാർത്ഥമായ്.

സർവവും ലംഘനം ചെയ്യാം -തൻകാര്യത്തിനുവേണ്ടുകിൽ;
ജാതിയായ് -മതമായ്-നാടായ്-ജാല്മർക്കന്യാർത്ഥചിന്തയിൽ

മരുപ്പരപ്പായ്ക്കാണ്മോരീ-മഹിയിങ്കലുമീശ്വരൻ
മർത്ത്യർക്കു നൽകീടുന്നുണ്ടു-മന്ദാരങ്ങളപൂർവ്വമായ്.

പടുനഞ്ഞു വമിക്കുന്ന -പാമ്പുകൾക്കും ശുഭം വരാൻ
താർക്ഷ്യന്നു നൽകീ തീനിന്നായ് -ത്തന്മെയ് ജീമൂതവാഹനൻ

കൃഷീവലസ്ത്രീ വാഴ്ത്തുന്ന -ഗീതംകേട്ടു കൃതാർത്ഥമായ്
ജന്മം ത്യജിപ്പൂ ജീമൂതം -ജഗതീജീവനൗഷധം

മാതാവിൻ കുക്ഷിയിൽപ്പെട്ടാൽ -മരിക്കും സമയംവരെ
ഇല്ലൊറ്റനിമിഷംപോലു-മീശൻ കാക്കാതെ നമ്മളെ

സർവപ്രാണിഗണത്തിന്നും -സമ്രാട്ടായുള്ള മാനുഷൻ
ഏവനും പരമോച്ചസ്ഥ-നെത്രമേൽത്താണിരിക്കിലും

ആർക്കില്ലവസരം മന്നി-ലന്യർക്കുപകരിക്കുവാൻ?
മനസ്സു മാത്രമേ വേണ്ടൂ; -മറ്റെല്ലാം തനിയേവരും

അധഃപതിച്ചൊരീയൂഴി -യാദികൂർമ്മമുയർത്തിപോൽ;
ആംമട്ടതാവാം നമ്മൾക്കും; -അണ്ണാനും സേതുബന്ധനം

പരന്റെ തപ്തഹൃത്തിങ്കൽ-പ്പനിനീരു തളിക്കുവോൻ
തൽസ്മേരവദനം കാണ്മൂ ചന്ദ്രൻ വെള്ളാമ്പൽപോലവേ.

വിവേകംതന്നെ സമ്പത്തു; -വിദ്യതന്നെ വിലോചനം;
സത്യംതന്നെ മഹാമന്ത്രം; -ദയതന്നെ പരം തപം.

വളയാലല്ല, ദാനത്താൽ -മാത്രം പാണി വിളങ്ങണം;
ഉടലും ചന്ദനത്താല -ല്ലുലകിൻ പരിചര്യയാൽ.

[ 28 ] <poem>
   ധൈര്യപദ്ധതി 

വിപത്തിലും സ്വഭാവത്തെ -വിടുവോരല്ല നല്ലവർ ; നീഹാരമാവതില്ലഗ്നി -നിർവാണസമയത്തിലും.

ഉഷ്ണാശുരക്തൻ താനൊപ്പ- മുദയാസ്തമയങ്ങളിൽ; ഏറുംവിധമിറങ്ങീടു -മേകഭാവർ മനസ്വികൾ.

മറിച്ചിട്ടാലെഴുന്നേൽപൂ- മാർജ്ജാരംകൂടിയും ദ്രുതം ; താഴെവീണാൽ മനുഷ്യന്നു- സമുത്ഥാനം പ്രയാസമോ?

ഭുകമ്പത്തിൽ കുലുങ്ങുന്നു -പുരഗ്രാമങ്ങൾ കൂടിയും ; ദൈവോപരോധം വന്നാലും - ധീരൻ നിശ്ചലമാനസൻ.

എതിരിൽപ്പാതമുട്ടിപ്പാ- നേതുവിഘ്നങ്ങൾ നിൽക്കിലും അവയെത്തട്ടിനീക്കീടാ- മധ്വനീനന്നു വേണ്ടുകിൽ.

അദ്രി മൺപുറ്റൊടൊത്തീടു- മാഴി നീർച്ചാലൊടൊത്തിടും ; ഉറച്ചൊന്നിന്നിറങ്ങുന്നോ- നൂഴി മുറ്റത്തൊടൊത്തിടും.

വാഴ്ത്തിടാം, താഴ്ത്തിടാം, ലോകർ; വരാം ലക്ഷ്മി, വരാതെയാം ; ചകാമിക്ഷണമോ മേലോ;- സന്മാർഗ്ഗം ധീരർ കൈവിടാ.

തേരിന്നൊരൊറ്റച്ചക്രം താൻ;- തേരാളി തുടയറ്റവൻ; എങ്കിലും വാനിലാദിത്യ- നെന്നും യാത്ര സുഖാവഹം.

പേടിച്ചീലല്പ്പവും നഞ്ഞാൽ; -ഭ്രമിച്ചീലലർമങ്കയാൽ; ആഴിവീണ്ടും മഥിച്ചാർപോ- ലമൃതം നേടുവാൻ സുരർ .

പൂവിന്റെ ധർമ്മം മാത്രം താൻ- പുലർത്തുന്നു മനസ്വികൾ ; മർത്ത്യതൻ മുടിയിൽച്ചേരും ; വാടി, യല്ലെങ്കിൽ വീണിടും.

യാചനാവാണി മാനിക്കു -നാവിൽനിന്നു പുറപ്പെടാൻ മുറയ്ക്കു പഞ്ചപ്രാണങ്ങൾ -മുന്നകമ്പടി പോകണം.

പരന്റെ പടി തേടാത്ത -പങ്ഗുതാൻ ഭവ്യമാർന്നവൻ ; അവന്റെ വക്ത്രം കാണാത്തോ- രന്ധൻ താൻ ഹന്ത! നിർവൃതൻ.

മുറ്റും ഖലരെ വാഴ്ത്താത്ത- മൂകൻതാൻ മുക്തപാതകൻ ; പേർത്തും തദുക്തികേൾക്കാത്ത -ബധിരൻതാൻ സുഖാന്വിതൻ.                 (യുഗ്മകം)

ദൂരസ്ഥമാം ഭയം കണ്ടു- തുടതുള്ളേണ്ട മാനുഷൻ; മുന്നിൽ വന്നതു നിന്നാലോ- മൂർദ്ധാവിൽ പ്രഹരിക്കണം.

ബാഹുക്കൾതൻ പരീവാദം -പേടിക്കേണ്ടവർ തന്നെനാം , ആത്മാവുമവരോടൊന്നി- ച്ചാക്രോശിപ്പാനൊരുങ്ങുകിൽ.

<poem> [ 29 ]

ഒരൊറ്റ ഞൊടിവാണാലു-മോജസ്സോടൊത്തുവാഴണം;
ശതായുസ്സാകിലും ഹന്ത! -ശവംതാൻ ഭീരു സന്തതം

ഉമി തീകത്തുകിൽപ്പാഴി-ലൊട്ടുനേരം പുകഞ്ഞിടും;
കാൽവിനാഴികയായാലും -കർപ്പൂരം നിന്നെരിഞ്ഞിടും

ധനമിച്ഛിക്കുന്നമധമൻ; -ധനമാനങ്ങൾ മധ്യമൻ;
മാനമുത്തമനും; മന്നിൽ -മാനൈകവിഭവൻ മഹാൻ.

പ്രാണൻ പോകുന്ന കാലത്തും -ഭയം ധീരനിയന്നിടാ;
കൽത്തൂണു പൊട്ടിയാൽപ്പൊട്ടും -ഘനം താങ്ങി; വളഞ്ഞിടാ

വിത്തവും ഭാഗ്യവും മറ്റും -വേർപെടും സമയത്തിലും
ഭർത്താവിനെസ്സുഖിപ്പിക്കും -പ്രാണപ്രേയസിയാം ധൃതി.

സജ്ജനപദ്ധതി

ണ്ണും കല്ലും നിറഞ്ഞോരീ -മന്നിലങ്ങിങ്ങപൂർവ്വമായ്
സ്വർണ്ണവും രത്നവും കാണാം -സൂക്ഷിച്ചടിയിൽനോക്കിയാൽ

കടൽപണ്ടു ജനിപ്പിച്ചു -കാളകൂടാമൃതങ്ങളെ;
ക്ഷോണിയിന്നും ജനിപ്പിപ്പൂ-ദുഷ്ടസാധുജങ്ങളെ

സജ്ജനങ്ങൾക്കു വേണ്ടിത്താൻ സഹസ്രാംശുവുദിപ്പതും,
വായു വീശുവതും, മന്നിൽ-വാരിദം മഴ പെയ്‌വതും.

ധനം മാത്രം ഹരിക്കുന്നു-തസ്കരന്മാരടുക്കുകിൽ;
കക്കുന്നു ദൂരെ വാണാലും -കണ്ണും കരളുമുത്തമർ

അപകാരിക്കുമേകീടു-മഭയം സജ്ജനം പരം;
വറ്റിക്കും ബഡവാഗ്നിക്കും -വാസമേകുന്നു വാരിധി

മനോവാക്കായകർമ്മങ്ങൾ-മഹാന്മാർക്കെന്നുമൊന്നുതാൻ;
മുടക്കംവിട്ടതന്യർക്കോ-മൂന്നും മൂന്നുവിധത്തിലാം

ഗോവിന്റെപാൽ കറന്നിട്ടു-കുറെച്ചെന്നാൽപ്പിരിഞ്ഞുപോം;
പാലാഴിതൻ പാലെന്നാളും പാലായ്ത്തന്നെയിരുന്നിടും.

പ്രളയത്തിങ്കൽ മര്യാദ -പാരാവാരം ത്യജിച്ചിടും;
അതെന്നും കൈവിടുന്നോര-ല്ലതിഗംഭീരർ സത്തുകൾ.

ഖലന്റെ നാവാം പാമ്പിന്റെ -കടിതൻ ദുഷ്ടു മാറുവാൻ
സാധുക്കൾ സേവ ചെയ്യുന്നു -ശമമാം പരമൗഷധം.

താപം തീർക്കും തുഷാരാംശു; -ദൈന്യം തീർക്കും സുരദ്രുമം;
താപവും ദൈന്യവും തീർക്കും -സാധു സാന്ത്വധനങ്ങളാൽ.

[ 30 ] <poem>

വാരിദം ക്ഷാരനീരുണ്ടാൽ- വർഷിക്കും മധുരോദകം  ; ദുർവാക്കു കേട്ടാൽ സാധുക്കൾ സുനൃതോത്തരമോതിടും.

മുളയ്ക്കില്ല; മുളച്ചാലും -കരിയും  ; കരിയായ്കിലും കായ്ക്കില്ല നല്ലോർതൻ കോപം , ഖലർതൻ ദയപോലവേ.

സുജനത്തിന്നു മാചാരം - വ്യജനത്തിന്നുമൊന്നുതാൻ- പരിഭ്രമിച്ചിടും രണ്ടും -പരതാപമകറ്റുവാൻ.

ആത്മതാപത്തിൽമാത്രംതാ- നലിവൂ വെണ്ണകൂടിയും ; അന്യന്റെ താപം കേട്ടാലു - മലിയും സാധുവിൻ മനം.

അധമന്നു ഭയം ക്ഷൗത്തു;-മധ്യമന്നു ഭയം മൃതി; പാതകം മാത്രമെന്നാളും;-ഭയമുത്തവന്നൂഴിയിൽ.

തുടങ്ങില്ലൊന്നുമധമൻ;- വിടും മധ്യത്തിൽ മധ്യമൻ ഫലം വരെ പ്രയത്നിക്കും- പ്രാണനുണ്ടെങ്കിലുത്തമൻ.

മഹാന്മാർ വീഴുകിൽപ്പന്തിൽ-മട്ടിൽ വീണ്ടുമുയർന്നിടും ; മറ്റുള്ളോർ പൊടിയായ്പ്പോകും -മണ്ണാങ്കട്ടയ്ക്കു തുല്യരായ്.

സത്തിങ്കൽച്ചീത്തയും നന്നു;-ദുഷ്ടങ്കൽ ചീത്ത നല്ലതും പശു പാലാക്കിടും പുല്ലു ;-പാമ്പു പാൽ വിഷമാക്കിടും.

പരസ്ത്രീദർശനാന്ധന്മാർ, പരാക്ഷേപകഥാജഡർ, പ്രാരാർത്ഥഹൃദിപങ`ഗുക്കൾ,- പരമാർത്ഥത്തിലുത്തമർ.

തലയ്ക്കുമേലാരേറ്റില്ല- സാധുദൈവതവിഗ്രഹം  ? ആരോഹിപ്പാനുമാർക്കർഹ-മയ്യോ! ഖര(ല)കളേബരം ?

ദുർജ്ജനപദ്ധതി

കാളകൂടം ഗ്രസിച്ചീല- കണ്ഠത്തിൽപ്പാർവതീപതി; ധാരാളമതുകൊണ്ടിന്നും - ചമയ്പ്പൂ വിധി മർത്ത്യരെ.

ഖലന്റെ മന്വും നാവും - കര്വും തീർത്ത നാന്മുഖൻ ശസ്ത്രവും വിഷവും തീയ്യും - ചമച്ചൂ പുനരുക്തമായ് .

സുജനോപദ്രവം ചെയ്`വൂ- ദുഷ്ടൻ തൻ നിത്യകർമ്മമായ്`; അവശ്യകരണീയത്തീ-ന്നാരപേക്ഷിപ്പു കാരണം ?

ദോഷമില്ല തനിക്കെന്നു - തോഷിച്ചീടേണ്ട സജ്ജനം ; അതത്രേ വലുതാം ദോഷ- മസത്തിൻ സൂക്ഷമദൃഷ്ടിയിൽ.

തപോബലത്താൽ കാണുന്നു- സർവം തന്മയമായ് ഖലൻ; സത്തുക്കളെയുമല്ലെങ്കിൽ -ദുഷ്ടരെന്നവനോതുമോ?


<poem> [ 31 ]  <poem>

തക്കം കാണ്മാൻ സഹസ്രാക്ഷർ - താഡിപ്പാൻ ബാണഹൈഹയർ; അധിക്ഷേപിക്കുവാൻ ശേഷ- രാർക്കും ഭീകരർതാൻ ഖലർ;

പരാപവാദം സം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ക്രീഡ- പരസന്താപമുത്സവം ; പരദോഷകണാലോകം - പാപിക്കു നിധി ദർശനം .

പാമ്പു ദുഷ്ടം ഖലൻ ദുഷ്ടൻ ;-പാമ്പിൽ ദുഷ്ടതരൻ ഖലൻ; പാമ്പു വല്ലപ്പൊഴും കൊത്തും  ;-പകലും രാത്രിയും ഖലൻ; വ്യാളത്തിന്നു വിഷം ദന്തം ;-മക്ഷികത്തിനു മസ്തകം  ; തേളിന്നു പുഛം ; ദുഷ്ടന്നോ- ദേഹമാനഖ, മാശിഖം.

ഖലന്റെ രസനപ്പാമ്പു- കാട്ടും ചേഷ്ടിത മത്ഭുതം  ; അന്യന്റെ കർണ്ണം ദംശിക്കു, - മന്യൻ പ്രാണവിഹീനനാം .

വദനം പുഞ്ചിരിക്കൊള്ളും  ;- വചസ്സമൃതൊഴുക്കിടും ; കൊടുന്തീ കത്തുമുള്ളത്തിൽ ;-ഘോരം ദുർജ്ജന വിഗ്രഹം.

ഇണങ്ങട്ടെ, പിണങ്ങട്ടെ;- യിങ്ങുമങ്ങും ഖലൻ ഖലൻ, കത്തുന്ന തീയിൽ കൈപൊള്ളും ;-കരിയിൽക്കൈകറുത്തിടും.

സ്തുതിച്ചാലും പഴിച്ചാലും- ദുഷ്ടനാസ്വാസ്ഥ്യമേകിടും ; നക്കിയാലും കടിച്ചാലും -നല്`കും പ്രാണഭയം ഫണി.

മൂർച്ചകൂടുന്നു വാളിന്നു- മുറ്റും സ്നേഹം പുരട്ടുകിൽ ; ദഹിപ്പാൻ ശക്തിയേറുന്നു- ചെന്തീക്കായതു ചേരുകിൽ.

മരത്തിൻ തണലിൽത്തങ്ങി- മാറിപ്പോകുന്ന വേളയിൽ അതിൻ കടപുഴക്കീടു -മാനയും ഖലനും സമം.

ആരാൽ താൻ പുഷ്ടനായ്; ദുഷ്ട-നവനെക്കൊല്ലു മക്ഷണം. താൻ ജനിച്ച മരം തന്നെ -ദാവാഗ്നിക്കാദ്യ ഭക്ഷണം .

പഠിത്തം വാച്ചിടും തോറും - പാപി പാപിഷ്ഠനായിടും ജലം പൊങ്ങിവരും തോറും - തീരം പുഴയുടച്ചിടും.

പ്രദ്രോഹഫലംതന്നെ- പാപിതൻ പുണ്യകർമ്മവും ; പാഴാം വ്യാഘ്രോപവാസത്തിൻ-പാരണം പശുമാരണം.

ഖലന്നും മുള്ളിനും രണ്ടേ -കാണ്മൂ നാം മറുകൈകളായ്; ജോടുകൊണ്ടുചവിട്ടേണം;- ദൂരത്തല്ലെങ്കിൽ മാറണം.

അധനത്വം പൊറുത്തീടാ- മാധിയും വ്യാധിയും വിധേ! അകാലമൃത്യ്വും കൂടി;- യസഹ്യം ഖല ദർശനം.

<poem> [ 32 ]

സംസർഗ്ഗപദ്ധതി

ൽസംഗമം വരിക്കേണം; -സദാലാപം ശ്രവിക്കണം;
സന്മാർഗ്ഗത്തിൽച്ചരിക്കേണം -സൽസമ്മതി ലഭിക്കണം

സമീപിക്കാമെളുപ്പത്തിൽ; ഛായയും ഫലവും തരും;
മറ്റുള്ളവർക്കായ് ജീവിപ്പൂ -മഹാനും മാർഗ്ഗശാഖിയും

തണുപ്പും വെണ്മയും ചേരും -സാധുസംഗമഗംഗയിൽ
സ്നാതനാവോൻ വിശുദ്ധൻതാൻ -തപസ്സിൻക്ലേശമെന്നിയേ.

വിജ്ഞസംസർഗ്ഗവൃക്ഷത്തിൽ -വിവേകാഭിധമാം സുമം
വിരിഞ്ഞു നമ്മൾക്കേകുന്നു -വിജയാഭിഖ്യമാം മധു.

ചന്ദനം ശീതമെന്നാളും; -ചന്ദ്രൻ ശീതനതിന്നുമേൽ;
ചന്ദ്രന്നുമേലും ശീതം താൻ -സർവർക്കും സാധുസംഗമം.

സൽസംഗമം ലഭിച്ചോനു -ശത്രുപോലും സഹോദരൻ;
മരുപോലും മലർക്കാർവു; -മരണം പോലുമുത്സവം

തുച്ഛർക്കുമുളവാം മേന്മ -സുമനസ്സംശ്രയത്തിനാൽ;
നാരിതൻ കൂന്തലിൽച്ചേരും -നാരിതിന്നു നിദർശനം

കൈവിടില്ലാശ്രയിച്ചോനെ -ക്കാലം മാറുകിലും മഹാൻ;
ഓഷധീശന്നു തന്നങ്ക -മൊപ്പം വൃദ്ധിക്ഷയങ്ങളിൽ

പുഴയിൽക്കഴിനീർ ചേർന്നാൽ -പ്പൂതമാം മധുരോദകം
കടലിൽപ്പുഴനീർ ചേർന്നാൽ -ക്കശ്മലം ലവണോദകം

ജലം മൗക്തികമാകുന്നു -ചിപ്പിക്കുള്ളിൽപ്പതിക്കുകിൽ;
കൺമറഞ്ഞാവിയാകുന്നു-കത്തും ചെന്തീയിൽ വീഴുകിൽ;

പൂവോടു ചേരും മണ്ണിന്നു-പൂവിൻ ഗന്ധമുദിച്ചിടും;
മറിച്ചാവില്ല, തിന്മട്ടാം -മഹൽക്ഷുദ്രസമാഗമം.

തമസ്സകറ്റും തിഗ്മാംശു-താപം തീർക്കും സദാഗതി,
അഘംപോക്കുന്നു ഗായത്രി, -യാശ നല്കും സുരദ്രുമം.

മങ്ങാത്ത പദവീദീപം; -വാടാത്ത മലർമാലയും,
മറ്റുമായ്ക്കാത്തുകൊള്ളുന്നു-മർത്ത്യരെസ്സാധുസംഗമം.
                                      (യുഗ്മകം)

താങ്ങില്ല മധ്യമന്മാരെ-ത്താണോരുത്തമർപോലവേ;
അദ്രിതൻ താപമാറ്റുന്നീ-ലഭ്രത്തിന്നൊപ്പമായ് നദി.

കല്യാണഹരിണത്തിന്നു -കാട്ടുതീ ഖലസംഗമം,
ധർമ്മശാഖിക്കു മത്തേഭം -ജ്ഞാനദീപത്തിനാശുഗം.

[ 33 ]

വിരിഞ്ഞു മേന്മേൽക്കൃശമായ് -വെണ്മയറ്റു വളഞ്ഞതായ്
കൂർത്തൊരഗ്രമെഴും പോത്തിൻ-കൊമ്പുതാൻ ദുഷ്ടസൗഹൃദം.

വക്ത്രം വൈരൂപ്യമാർന്നീടാൻ -ശ്വിത്രമെത്ര പരക്കണം?
ഭോജനം ദുഷ്ടമായീടാൻ-പുഴുവെത്ര കിടക്കണം?

വിപിന്നത വരാൻ മർത്ത്യൻ -വിഷമെത്ര കുടിക്കണം?
അല്പംപോരും പതിച്ചീടാ-നാർക്കും ദുർജ്ജനസംഗമം.
                                               (യുഗ്മകം)
എത്രമേൽ നീരൊഴിച്ചാലു-മേതും പാറ വളർന്നിടാ;
സമുത്ഥാനേച്ഛയുള്ളോരു-ശാഖി വാച്ചു തഴച്ചിടും.

നാകത്തിൽ നമ്മെയേറ്റീടും -നൽക്കോവണികൾ സത്തുകൾ;
നിരയത്തിലിറക്കീടും -നീശ്രേണികളസത്തുകൾ.

മിത്രപദ്ധതി

യഥാർത്ഥാനന്ദമേവർക്കു-മേകുവാനീശദത്തമായ്
മിത്രമെന്നുണ്ടൊരുൽകൃഷ്ട-രത്നമീ രന്തഗർഭയിൽ.

ഓരോന്നു കട്ടുകൊണ്ടോടാ-നൊട്ടേറെപ്പേർ വയസ്യരാം;
ആ മിത്രമുഖരാം മാറ്റാ-രവശ്യം ത്യാജ്യരാർക്കുമേ.

വെള്ളത്തുള്ളിയൊടൊത്താലും-വിഴുങ്ങീടൊല്ല പാരദം;
ലളിതാവേഷമാർന്നാലും-ലാളിച്ചീടൊല്ല യക്ഷിയെ.

വേണ്ടപോലെ പരീക്ഷിച്ചു-വിശ്വാസം വന്നതിന്നുമേൽ
മിത്രമായ് സ്വീകരിച്ചീടാം-വിവേകിക്കു വിശിഷ്ടനെ.

സൂക്ഷിച്ചുവേണം കൈകൊൾവാൻ-സുഹൃദ്വിപ്രവധുക്കളെ;
കൈകൊണ്ടാലില്ല വേർപാടു -കാലധർമ്മത്തിലെന്നിയേ.

ഉടലോടുയിർചേരുമ്പോ-ളുദിച്ചീടുന്നു ജീവിതം;
ഉയിരോടുയിർ ചേരുമ്പോ-ളുത്ഭവിക്കുന്നു സൗഹൃദം.

കാണേണ്ട കേൾക്കയും വേണ്ട; -കരൾകൊണ്ടോർത്തിടുമ്പൊഴും
അന്തരംഗം ദ്രവിച്ചീടി-ലതുതാൻ സ്നേഹലക്ഷണം.

തിന്മവിട്ടു കരേറ്റണം; നന്മയിങ്കൽ നയിക്കണം;
വെടിയൊല്ലേതുകാലത്തും;-മിത്രത്തിൻ ശൈലിയിത്തരം.

ഉറപ്പേറീടുമാപത്താ-മുരകല്ലിലുരയ്ക്കവേ
ചെറ്റെങ്ങാൻ വേഴ്ചയാം പൊന്നിൽ-
ച്ചെമ്പുണ്ടെങ്കിൽത്തെളിഞ്ഞിടും.

[ 34 ]

ശൂരൻ വെളിപ്പെടും പോരിൽ; -ശുചിയേകാകിയാകുകിൽ
സാധ്വി ഭർത്താവിരന്നീടിൽ; -സന്മിശ്രം ഭാഗ്യഹാനിയിൽ

തോളൊന്നുവിട്ടു മറ്റൊന്നിൽ-ച്ചുമലും ചുമടിൻപടി
ദുഃഖിക്കു ദുഃഖം നീങ്ങുന്നു-സുഹൃത്തിൻ ഹൃത്തിൽ വീഴവേ

വ്യാധികൊണ്ടുള്ള വൈരൂപ്യ-മാധികൊണ്ടുള്ള കാർശ്യവും
മിത്രദൃക്കഴകായ്ക്കാണ്മൂ-വിപത്താം ദർശരാത്രിയിൽ

കരങ്ങൾപോലെ മേനിക്കു,-കണ്ണിന്നിമകൾ പോലെയും,
കാവലായ് നില്പു നമ്മൾക്കു-കാംക്ഷവിട്ട സുഹൃത്തുകൾ

ഒന്നിച്ചിരിക്കുവാ,നുണ്ണാ,-നോരോ കാര്യമുരയ്ക്കുവാൻ-
ഈ മൂന്നിനും സുഹൃത്തുള്ളോ-ർക്കിളതാൻ ത്രിദശാലയം

ഒറ്റക്കു നാം ഭുജിക്കേണ്ട-തൊന്നു താൻൢഇൻ ഗദം;
മറ്റുള്ളതൊക്കെയും മേന്മേൽ-മധുരിക്കും സജഗദ്ധിയിൽ

പേർത്തും കാട്ടേണ്ട നാമുള്ളം-പിതൃഭ്രാതൃവധുക്കളെ;
അധികാരികളാക്കാഴ്ച-യ്ക്കന്തരാത്മാവുമിഷ്ടനും

ദർപ്പണം വസ്തുവിൻ രൂപം ദർശിപ്പിക്കുന്ന രീതിയിൽ
സുഹൃത്തിൻ സുഖദുഃഖങ്ങൾ-സുഹൃത്തിൻ മേനി കാട്ടിടും

രണ്ടിഷ്ടർക്കേതുമോതിടാ, രഹസ്യം നിർവിശങ്കമായ്;
മൂന്നമനരികിൽച്ചെന്നാൻ-മുടിഞ്ഞു സങ്കഥാസുഖം.

താനും സുഹൃത്തുമൊന്നെന്ന-തത്ത്വം ഞാനെന്നുമോർക്കണം;
പുകളെൻ മിത്രമാർന്നീടിൽ-പുളകം ഞാൻ വഹിക്കണം

പഴകുംതോറുമേറുന്നൂ-പലവസ്തുക്കൾ മേന്മയിൽ;
സൂക്ഷ്മത്തിലില്ലിവയ്ക്കൊന്നും-സുഹൃത്തിന്നൊപ്പമാം ഗുണം

ധർമ്മപദ്ധതി

ഇഹാമുത്രസുഖം മർത്ത്യ-ർക്കേതിനാലുളവാകുമോ,
അതു ധർമ്മമസന്ദേഹ-മധർമ്മം മറ്റശേഷവും

തന്നെദ്ധരിപ്പൂ സത്തുക്കൾ; താൻ ധരിപ്പൂ ധരിത്രിയെ;
തന്മൂലമപ്പേർ പണ്ടേകീ -ധർമ്മത്തിന്നാപ്തവാക്കുകൾ

മഹാജനങ്ങൾ പോകുന്ന -മാർഗ്ഗമൊന്നുണ്ടു ഭൂമിയിൽ;
അപവർഗ്ഗത്തിലെത്തിക്കു-മതുതാൻ ധർമ്മപദ്ധതി

ധർമ്മാധർമ്മങ്ങളൊന്നിച്ചു-സഞ്ചരിപ്പീല ധാത്രിയിൽ;
അഹസ്സും രാത്രിയുംപോലെ-യവയ്ക്കുണ്ടെന്നുമന്തരം.

[ 35 ]

സർവ്വഭൂതഹിതത്തിന്നും-തൻഹിത്തിനും തുല്യമായ്
പ്രയത്നിക്കൊന്നതൊന്നത്രേ-പരമം ധർമ്മലക്ഷണം.

പരാത്ഥജീവിയാകേണ്ടോൻ -പഞ്ചേന്ദ്രിയമനസ്സുകൾ
സ്വാധീനതയിലാക്കേണം; -ത്യാഗം പരിചയിക്കണം.

അശുദ്ധേന്ദ്രിയഹൃത്തേവ-നാചാരപരനായിടും;
ആട്ടിൻതോലിട്ടൊരച്ചെന്നാ-യാർക്കുതാൻ ഭയമേകിടാ;

അനുഷ്ഠിച്ചീടണം ധർമ്മ-മർത്ഥകാമാഭിലാഷിയും
വിതയ്ക്കാൻ വിത്തുനേടാത്തോൻ-വിളവെങ്ങനെ കൊയ്തിടും?

പണ്ടനുഷ്ഠിച്ച ധർമ്മത്തിൻ-ഫലമിക്കണ്ട ഭാവുകം;
അത്തത്ത്വമറിവോനേവ-നധർമ്മത്തിന്നൊരുങ്ങിടും?

സ്വാർത്ഥമെന്നുള്ള പേർ നല്കീ-സ്വാർത്ഥാഭാസത്തിനേവനോ?
സാക്ഷാൽ സ്വാർത്ഥം നരന്നെന്തു-ധർമ്മാനുഷ്ഠാനമെന്നിയേ?

അപേക്ഷിപ്പീല യാതൊന്നു-മാരോടും ധർമ്മതൽപരൻ;
അന്തരാത്മാവു തോഷിക്കു,-മതിനാൽ ധന്യനാമവൻ.

അധർമ്മംകൊണ്ടു വർദ്ധിക്കു-മല്പം ചിലരരക്ഷണം;
വീഴും താഴത്തു പെട്ടെന്നാ-വേർമാഞ്ഞീടിന ശാഖികൾ.

ധർമ്മം സർവവുമൊന്നിച്ചു-സംഗ്രഹിപ്പതു ദുഷ്കരം;
അതു നാം നേടുകിൽപ്പോരു-മല്പാല്പ,മനുവാസരം.

ജലബിന്ദുക്കളൊട്ടേറെ-ച്ചേരുന്നതു മഹാർണ്ണവം;
മൃദണുക്കളതിന്മട്ടിൽ-മേന്മേൽ വായ്പതു പർവതം.
                                             (യുഗ്മകം)

ധർമ്മവക്താക്കളുണ്ടേറെ-ദ്ധാരാളം പുസ്തകങ്ങളും-
കേൾക്കുവോരും പഠിപ്പോരും; -ക്രിയാവാൻതന്നെ ദുർല്ലഭൻ.

അധർമ്മചാരിക്കുണ്ടാകു-മായിരംപേർ ഗുരുക്കളായ്;
അല്ലെങ്കിലാർക്കുതാൻ വേണ-മാലംബം താഴെ വീഴുവാൻ?

ഇരിക്കാമന്യമാം ലോക-മില്ലാതെയിരുന്നിടാം;
ഇല്ലാഞ്ഞാൽ ധാർമ്മികന്നെന്താ-ണിരുന്നാൽച്ചുറ്റി പാതകി;

അതിനാൽ നാം ഭുജിക്കേണ-മൈഹികം സുഖമാവതും,
പാരത്രികസുഖത്തിന്നു-ഭംഗം പറ്റാത്ത രീതിയിൽ.
                                             (യുഗ്മകം)

സാധുക്കൾ ധർമ്മപോതത്തിൽ-സംസാരാബ്ധി കടക്കവേ
അധർമ്മശീല വക്ഷസ്സി-ലാർന്നു താഴുന്നു പാപികൾ.

[ 36 ]

അന്ധൻ പഠിത്തമില്ലാത്തോൻ; ശഠൻ ദാനപരാങ്മുഖൻ;
മൃതൻ സൽകീർത്തിനേടാത്തോൻ;-
ശോച്യൻ ധർമ്മവിവർജിതൻ

കാലാവലോകനപദ്ധതി

കാണ്മോളമത്ഭുതം മേന്മേൽ-കാലചക്രപ്രവർത്തനം;
ഈ യന്ത്രത്തിൽക്കറങ്ങേണ -മീരേഴുലകുമെപ്പൊഴും

ഇന്നലെക്കണ്ട പാർത്തട്ട-ല്ലിന്നു കാണുന്നതേവനും;
നാളെ മറ്റൊന്നു കണ്ടീടും; -നാലാംമട്ടൊന്നടുത്തനാൾ

സനാതനങ്ങൾ സത്യാദി -ധർമ്മങ്ങളവികാരികൾ;
മറ്റുള്ളതെല്ലാമന്നന്നു-മാറും കാലാനുകൂലമായ്

ഭാരതോർവിയേയും കാണാം-പരിവൃത്തിക്കധീനയായ്;
മനുവിൻ ഭാരതം മാറി-മറ്റൊന്നായ് നവ്യഭാരതം.

പരസ്സഹസ്രം ദിവ്യന്മാർ-പണ്ടീരാജ്യത്തിൽ വാണുപോൽ
തത്ത്വമസ്യാദിരത്നങ്ങൾ-ദാനം ചെയ്ത തപോധനർ

അനുഗ്രഹിപ്പൂ ലോകത്തെ-യമ്മഹത്മാക്കളിപ്പൊഴും,
അനശ്വരയശഃകായ-രസ്മൽപൂർവപിതാമഹർ

ഇന്നുമുണ്ടത്തരത്തിങ്ക-ലിൻഡ്യയ്ക്കുത്തമരാം സുതർ;
ഇദാനീന്തനമാർഗ്ഗത്തി-ലിവരും ലോകസേവകർ

ഇത്തിൾക്കണ്ണിയറുത്തീടു-മിവർ വൃക്ഷം തഴയ്ക്കുവാൻ;
കള കൈയാൽപ്പറിച്ചീടും-കണ്ടത്തിൽക്കതിർവായ്ക്കുവാൻ

തിടമ്പുടയ്ക്കില്ലിബ്ഭക്തർ, -തേച്ചുമേന്മേൽ മിനുക്കിടും;
നശിപ്പിക്കി,ല്ലതിന്നേകും-നവീകരണസംസ്കൃതി.

പരമാർത്ഥം നിരൂപിച്ചാൽ-പണ്ടിരുന്ന മുനീന്ദ്രരും
പരിഷ്കരിക്കാൻ ചെയ്തു-ഭാരതക്ഷിതിദേവിയെ

ആ നിസ്പൃഹർ കൊതിച്ചോര-ല്ലാചന്ദ്രാർക്ക,മഹർന്നിശം
തങ്ങൾക്കു ദാസരായ്‌ത്തന്നെ-സന്താനങ്ങൾ പുലർന്നിടാൻ

മാർഗ്ഗദർശികളായുള്ള-മണിദീപങ്ങൾ നമ്മളെ
കൽത്തുറുങ്കിലടച്ചിട്ടു-ഗാട്ടുനില്ക്കില്ല,നിർണ്ണയം

പരലെല്ലാം വിമാനത്തിൽ-പ്പറക്കുമിതുനാളിലും
പതുക്കെയിഴയുന്നൂ നാം-പണ്ടത്തെമട്ടി,ലൊച്ചുകൾ

കണ്ണൻചിരട്ടയിൽപ്പൂഴി-കൈരണ്ടുംകൊണ്ടു വാരി നാം
അയ്യോ! കാലപ്രവാഹത്തി-ലണകെട്ടുന്നു മേൽക്കുമേൽ.

[ 37 ]

പാലിച്ചുകൊള്ളണം നമ്മൾ-പണ്ടത്തേ നന്മയൊക്കയും;
തീരെത്തള്ളുകയും വേണം-തിന്മയുള്ളതശേഷവും.

എങ്ങുനിന്നും ഗ്രഹിച്ചീടാ-മേവർക്കും, ഗ്രാഹ്യമെപ്പോഴും;
താണുള്ള ഖനി തന്നാലും-താണതാവില്ല ഹീരകം.

സ്വബുദ്ധികൊണ്ടു ചിന്തിക്കാം-സ്വാതന്ത്ര്യത്തെ വരിച്ചിടാം;
സ്വാശ്രയത്തിൽപ്പുലർന്നീടാം;-സ്വാദെന്തുണ്ടതിനൊപ്പമായ്?

അടിച്ചവഴിയേ പോകാ-നാടും തേടുന്നു പാടവം!
പുത്തൻ വഴി തുറക്കുന്നു-പുമാൻ പൂജാർഹജീവിതൻ.

ഹസിക്കുമാദ്യം സാമാന്യ-രാക്ഷേപിക്കുമനന്തരം;
അനുതാപാർത്തരാം പിന്നെ, -യാരാധിക്കുമൊടുക്കമായ്-

കാലോചിതങ്ങളായുള്ള -കൈങ്കര്യങ്ങൾക്കു ഞങ്ങളെ
അനുശാസിച്ചുകൊണ്ടാലു-മമ്മേ! ഭാരതമേദിനി!

"https://ml.wikisource.org/w/index.php?title=ദീപാവലി&oldid=70258" എന്ന താളിൽനിന്ന് ശേഖരിച്ചത്