ഭാസ്ക്കരമേനോൻ (നോവൽ)
രചന:രാമവർമ്മ അപ്പൻ തമ്പുരാൻ
പത്താമദ്ധ്യായം
[ 94 ]
പത്താമദ്ധ്യായം

ഉത്തമപുരുഷന്മാരുടെ

ചിത്തം വജ്രത്തിലും തുലോം കഠിനം
നൽത്താരിലും മൃദുതരം
സത്യസ്ഥിതി പാൎക്കിലാൎക്കറിയാം.

ഉത്തരരാമചരിതം.


പിറ്റേദിവസം പകൽ പത്തുമണിക്കുശേഷം സ്റ്റേഷനാപ്സരുടെ ശിഷ്യൻ പരമേശ്വരൻ അദ്ദേഹത്തിന്റെ വാസസ്ഥലം അടച്ചുപൂട്ടി വഴിപോലെ ബന്തോവസ്ത് ചെയ്തു പുറത്തിറങ്ങി സ്റ്റേഷനാപ്സരെ തേടുവാൻ ഒരുമ്പെട്ടു. അന്നേദിവസം പരമേശ്വരൻ കേറി ഇറങ്ങാത്ത വീടാകട്ടെ കുടിയാകട്ടെ കുടിലാകട്ടെ എളവല്ലൂർ ദേശത്തുണ്ടോ എന്നു സംശയമാണു്. പ്രത്യേകിച്ചു സ്റ്റേഷനാപ്സർക്കു പരിചയമുള്ള ദിക്കിലെല്ലാം അതി നിഷ്ക്കൎഷയോടുകൂടി അന്വേഷിച്ചു. ഇതുകൊണ്ടു യാതൊരു ഫലവും ഉണ്ടായില്ല. അദ്ദേഹം എവിടെയാണെന്നു സൂക്ഷ്മമായ വിവരം ഒന്നും ഉണ്ടായില്ല. ഓരോരുത്തർ അവരവരുടെ ശുഷ്കാന്തിയുടെ ശക്തിക്കനുസരിച്ചു ഓരോ ജാതി മറുവടിയാണു് പറഞ്ഞതെങ്കിലും മിക്കവയുടേയും വന്നുകൂടിയ അൎത്ഥം 'കണ്ടില്ല, രൂപമില്ല' എന്നുതന്നെ. എന്നാൽ [ 95 ] കോടതിക്കാൎയ്യത്തിന്നുപോയിരുന്ന ചിലർ, കുഞ്ഞുരാമൻനായരും കുമാരൻനായരും സ്റ്റേഷനാപ്സരുംകൂടി കോടതിയിൽനിന്നു പടിഞ്ഞാട്ടു പോകുന്നതു കണ്ടുവെന്നു പറഞ്ഞവരും ഉണ്ടു്.

ഇതു വിശ്വസിച്ചു പരമേശ്വരൻ വൈകുന്നേരം അഞ്ചുമണിയോടുകൂടി കോടതിവഴിക്കു അന്വേഷിച്ചു പോകുവാൻ ഉറച്ചു പുറപ്പെട്ടു. കൂട്ടിനു ചില പരിവാരങ്ങളും ഉണ്ടായിരുന്നു. ഉപജീവനം അവസാനിച്ചുവോ എന്നു ഭയപ്പെട്ടും വ്യസനിച്ചു അലഞ്ഞുനടക്കുന്ന ശിഷ്യന്റെ പേരിൽ കേവലം അനുകമ്പകൊണ്ടാണോ ഇവർ അയാളെ അനുഗമിച്ചിരുന്നതെന്നു തീർച്ചയില്ല. എന്തെങ്കിലും വിശേഷവിധിയായ ഒരു സംഭവം നടക്കുമ്പോൾ സ്വസ്ഥന്മാരുടെ സ്വസ്ഥവൃത്തിക്കു ഭംഗം വരുത്തി അവരെ ഇളക്കിത്തീൎക്കുന്നതായ ഒരുമാതിരി വാസനാവിശേഷംകൊണ്ടെന്നേ ഈ കൂട്ടരുടെ കാൎയ്യത്തിൽ ഊഹിക്കുവാൻ തരമുള്ളു. കിട്ടുണ്ണിമേനവന്റെ ദുൎമ്മരണം കഴിഞ്ഞിട്ടു അധികം ദിവസമായില്ല. അങ്ങിനെയിരിക്കുമ്പോൾ ആ കേസിൽ തെളിവെടുക്കുവാൻ ഉത്സാഹിച്ചിരുന്ന ഒരു സ്റ്റേഷനാപ്സർ പതിവിൻപടി വീട്ടിൽ ചെന്നിട്ടില്ലെന്നല്ല, തീർച്ചയായിട്ടും വൈകുന്നേരം വീട്ടിലെത്തുന്നതാണെന്നു പ്രത്യേകിച്ചു പറഞ്ഞുപോയിട്ടു അതുപോലെ ചെയ്യാതിരിക്കുകയും ചെയ്തിരിക്കുന്നു. വിശേഷിച്ചു സ്റ്റേഷനാപ്സർ കോടതിവിട്ടു പടിഞ്ഞാട്ടു പോകുന്നതു കണ്ടവരും ഉണ്ടു്. ഇതിൽനിന്നും വല്ലതും കൊട്ടിഘോഷിക്കുവാൻ വകയുണ്ടാവുമെന്ന വിചാരവും ഈ കൂട്ടൎക്കുണ്ടായിരുന്നു. അല്ല, മറ്റു [ 96 ] വിധത്തിൽ പ്രേരിപ്പിക്കപ്പെട്ടവരും ഈ കൂട്ടത്തിൽ ഇല്ലെന്നില്ല. ശിഷ്യന്റെ പക്ഷം യജമാനൻ ഒരു കാലവും വാക്കുതെറ്റി നടക്കുക പതിവില്ലാത്തതുകൊണ്ടു ഈ സംഭവം സംശയത്തിനു ഇടയാക്കിത്തീൎത്തിരിക്കുന്നുവെന്നു മാത്രമായിരുന്നു.

ഇവരെല്ലാവരുംകൂടി പെരുവല്ലാപ്പാലത്തിനടുത്തെത്തിയപ്പോൾ അവരിൽ ഒരു വിദ്വാൻ—

'അതാ ഒരു തലപ്പാവു കിടക്കുന്നു, എന്നു പറഞ്ഞു ഒരക്ഷരംപോലും ശബ്ദിക്കാതെ എല്ലാവരുംകൂടി ആ സ്ഥലത്തേക്കിറങ്ങി. ശിഷ്യനു് തലപ്പാവു കണ്ടപ്പോൾ സംശയമുണ്ടായില്ല. ഒരു നോട്ടത്തിൽ അതു യജമാനന്റേതാണെന്നു മനസ്സിലായി. അടുത്തു പലദിക്കിലും രണ്ടോ രണ്ടിലധികമോ ആളുകൾകൂടി ലഹള കുലുക്കീട്ടുള്ളതായ ലക്ഷണങ്ങളും കാണ്മാനുണ്ടു്. അതു നോക്കിക്കൊണ്ടു കുറെ ചെന്നപ്പോൾ രണ്ടുപേരുംകൂടി ഓടീട്ടുള്ള പാടു കണ്ടുതുടങ്ങി അതിനെ പിന്തുടൎന്നു കുറേക്കൂടി ചെന്നപ്പോൾ ഒരു കുപ്പായം കിടക്കുന്നതു കണ്ടു. അതും സ്റ്റേഷനാപ്സരുടേതാണെന്നു ശിഷ്യൻ വിധിച്ചു. കുപ്പായം കിടന്നിരുന്നതു വെള്ളത്തിനോടു വളരെ അടുത്തിട്ടായിരുന്നു. അതു മഴവെള്ളംകൊണ്ടും പുഴവെള്ളംകൊണ്ടും നനഞ്ഞിട്ടുകൂടിയുണ്ടു്. കോലാഹലത്തിന്റെ സൂചനകൾ കുപ്പായം കിടന്ന സ്ഥലത്തു അവസാനിച്ചിരുന്നു.

ശിഷ്യൻ കുപ്പായവും തലപ്പാവും കയ്യിലെടുത്തു് ഇൻസ്പെക്ടർ വന്നിട്ടുണ്ടോ എന്നു് അറിവാൻ ചേരിപ്പറമ്പിലേക്കു തിരിച്ചു. കൂട്ടരിൽ ചിലർ പിന്നാലെതന്നെ പുറപ്പെട്ടു. ചിലർ എളവല്ലൂർക്കും തിരിച്ചു.

ഇൻസ്പെക്ടർ കുണ്ടുണ്ണിനായർ അരുണോദയത്തേടുകൂടി ചേരിപ്പറമ്പിൽ എത്തീട്ടുണ്ടായിരുന്നു. പരമേശ്വരൻ [ 97 ] വന്നു വിവരം ബോധിപ്പിച്ചപ്പോൾ ഒരു നിമിഷം കളയാതെ കുപ്പായവും തലപ്പാവും കിടന്നിരുന്ന സ്ഥലം പരിശോധിക്കുവാൻ പുറപ്പെട്ടു. അവിടെചെന്നു പരിശോധന കഴിച്ചു്, നദീതീരത്തുകൂടിപ്പോയി ശവം വല്ലദിക്കിലും അടിഞ്ഞു കിടക്കുന്നുണ്ടോ എന്നു നോക്കിവരുവാൻ രണ്ടു പോലീസുകാർക്കു കല്പനയും കൊടുത്തു, എളവല്ലൂർക്കു പരമേശ്വരനേയും കൂട്ടിക്കൊണ്ടുപോയി. അവിടെ ചെന്നു സ്റ്റേഷനാപ്സരുടെ വാസസ്ഥലം മുദ്രവച്ചു ശിഷ്യന്റെ കയ്യിൽനിന്നും താക്കോലും വാങ്ങി രാത്രി പത്തുമണിയോടുകൂടി ചേരിപ്പറമ്പിൽ തിരികെ എത്തി. പരമേശ്വരൻ ഇൻസ്പെക്ടരുടെ കരുണകൊണ്ടു ചേരിപ്പറമ്പിൽത്തന്നെ അത്താഴവും കഴിച്ചു കിടന്നു.

പുലക്കാലത്തു പൂവുംചൂടി പൊട്ടുംതൊട്ടു സന്ധ്യയ്ക്കു തെണ്ടാൻപോയി എന്ന കുറ്റത്തിന്മേൽ ദേവകിക്കുട്ടിയെ പടിപ്പുരമുറിക്കകത്തു് ഇട്ടു പൂട്ടിയിരിക്കുകയായിരുന്നു. കാലത്തു കഞ്ഞികുടിക്കുമ്പോൾ പകുതിവയറോടുകൂടിയായിരുന്നു അച്ഛൻ വലിച്ചിഴച്ചുകൊണ്ടു പോയതു്; അതിൽപിന്നെ ജലപാനം കൊടുത്തിട്ടില്ല. ദേവകിക്കുട്ടി മറിക്കകത്തുകടന്നതുതന്നെ എച്ചിൽകൈയും ചുരുട്ടിപ്പിടിച്ചുകൊണ്ടാണു്. കണ്ണീരുകൊണ്ടു കൈകഴുകിയാൽ ശുദ്ധമാകുമെങ്കിൽ അതുമാത്രമല്ല ചെയ്തിട്ടുള്ളതു്, അതിൽ കുളിതന്നെ കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ കരഞ്ഞും, പിഴിഞ്ഞു, ഇരുന്നും, കിടന്നും പാതിരാവരെ പണിപ്പെട്ടു കഴിച്ചുകൂട്ടി. അർദ്ധരാത്രിയായപ്പോൾ വിശപ്പും ദാഹവും സഹിക്കുക വയ്യാതെ പരവശയായിട്ടു കറഞ്ഞൊന്നു മയങ്ങി. നിഷ്കരുണനായ വിധി ഹൃദയശല്യങ്ങളായ അനേകവിധം മനോവികാരങ്ങളാൽ ആകുലപ്പെട്ടിരിക്കുന്ന ഈ സുകുമാരിയിൽ ഗാഢനിദ്രയ്ക്കു പ്രവേശം കൊടുക്കാതെ അവളെ അർദ്ധനിദ്രയ്ക്കു അധീനയാക്കി ദുസ്വപ്നവേദനയെ [ 98 ] അനുഭവിക്കുമ്പോൾ പുറത്തേക്കുള്ള ജനാലയിന്മേൽ ആരോവന്നു മുട്ടുന്ന ശബ്ദം അവളെ ഈ കഷ്ടസ്ഥിതിയിൽനിന്നു രക്ഷപ്പെടുത്തി. അസമയത്തുണ്ടായ ഈ ശബ്ദം ഉണൎന്നെഴുന്നേറ്റിരുന്ന ദേവകിക്കുട്ടിയെ ക്ഷണനേരം ഭയപ്പെടുത്തിയെങ്കിലും ഉടനെ ദേവീ, ദേവീ എന്ന വാത്സല്യപൂരിതമായ നീട്ടിവിളി സമാധാനത്തെ മാത്രമല്ല, സമയത്തിനടുത്ത സന്തോഷത്തെക്കൂടി ജനിപ്പിച്ചു. ദേവീ എന്ന ഓമനപ്പേരു കുമാരൻനായരല്ലാതെ മറ്റാരും ഉപയോഗിക്കുക പതിവില്ല. കുമാരൻ നായരുതന്നെ ആ പേരിലുള്ള പ്രതിപത്തിവിശേഷംകൊണ്ടു അപൂർവമായിട്ടുമാത്രമേ അതു് എടുത്തു പെരുമാറാറുള്ളു. ദേവകിക്കുട്ടിയുടെ ഇപ്രകാരമുള്ള വിചാരങ്ങളുടെ ഇടയ്ക്കു്—

"ദേവീ, ദേവീ, ഈ വാതൽ തുറക്കു; ഞാനാണു് ഭയപ്പെടേണ്ട" എന്നു പിന്നെയും വാതുക്കൽ മുട്ടിവിളിക്കുന്നതുകേട്ടു ദേവകിക്കുട്ടിചെന്നു്—

"വാതൽ തുറക്കട്ടെ. മേൽ മുട്ടാണ്ടു സൂക്ഷിക്കണെ" എന്നുപറഞ്ഞു ജനാലവാതൽ സാവധാനത്തിൽ തുറന്നു. അപ്പോൾ നാട്ടുവെളിച്ചത്തിന്റെ സഹായത്താൽ കുമാരൻനായർ ഒരു ഇലപ്പൊതിയും കിണ്ടിയും ആയി നില്ക്കുന്നതു കണ്ടു. കുമാരൻനായരുടെ ആ ഒരു നില കണ്ടപ്പോൾ സന്താപാശ്രുവോ സന്തോഷാശ്രുവോ എന്തുതന്നെയായാലും ദേവകിക്കുട്ടിയുടെ കണ്ണിൽനിന്നു തെരുതെരെ കണ്ണുനീർ ഒഴുകുവാൻ തുടങ്ങി. കുമാരൻനായരുടെ ശ്വാസോച്ഛ്വാസത്തിന്റെ മാത്ര മുറുകി. ഇടയ്ക്കിടെ പുറപ്പെടുന്ന ദീർഘനിശ്വാസത്തിനു കരുത്തു കൂടുന്തോറും ദേവകിക്കുട്ടിയുടെ അശ്രുധാരയും വർദ്ധിച്ചുവന്നു. ഇങ്ങനെ മനസ്സോടുമനസ്സു പകൎന്നു ദുഃഖിച്ചിരുന്ന ദേവകീകുമാരന്മാൎക്കു കുറച്ചുനേരത്തേക്കു ഒരക്ഷരംപോലും ഉച്ചരിക്കുവാൻ സാധിച്ചില്ല. [ 99 ] ഈ ഒരു നിൽപു ഒരു വിധത്തിലും സമാധാനകരമല്ലെന്നുകണ്ടു കുമാരൻനായർ മനസ്സിനെ ആയാസപ്പെട്ടു പിടിച്ചടക്കി.

'ഇതുവരെ ദേവി ഉണ്ടില്ലല്ലൊ. ഇതാ ഈ ചോറുവാങ്ങി ഊണുകഴിക്കു' എന്നു പറഞ്ഞു ഇലപ്പൊതി അഴികളുടെ ഇടയിൽ കൂടി അകത്തേക്കു നീട്ടിക്കൊടുത്തു. ദേവകിക്കുട്ടി—

'എന്റെ കൈ എച്ചിലാണു്—കാലത്തു കഞ്ഞി കഴിഞ്ഞിട്ടു കഴുകീട്ടില്ല' എന്നുപറഞ്ഞു വെള്ളം വാങ്ങി കൈ കഴുകി ഇലവാങ്ങി താഴത്തുവച്ചു. എന്നിട്ടു്—

'എനിക്കു ദാഹമാണു സഹിക്കാൻ വയ്യാത്തതു്' എന്നു പറഞ്ഞു രണ്ടു കൈയും കൂടി അഴിയുടെ അടുക്കൽ കാണിച്ചു. കുമാരൻനായർ മൂന്നു നാലുതവണ വെള്ളം കയ്യിലൊഴിച്ചുകൊടുത്തിട്ടു്—

'ഇനി കുറച്ചു ഊണുകഴിഞ്ഞിട്ടാവാം, വെറും വയറ്റിൽ വെള്ളം അധികം കുടിക്കേണ്ട' എന്നു പറഞ്ഞിട്ടും ദേവകിക്കുട്ടി കൈ എടുക്കുവാൻ മടിച്ചു കുമാരൻനായരുടെ മുഖത്തേക്കു നോക്കിയപ്പോൾ ഒരു കൈ വെള്ളവുംകൂടി പകൎന്നിട്ടു കിണ്ടി താഴെവച്ചു. ദേവകിക്കുട്ടി ഇരുട്ടത്തുതന്നെ ഇലപ്പൊതി അഴിച്ചുവെച്ചു ഉണ്ണുനാനിരുന്നു. ഊണു കഷ്ടിച്ചു പകുതിയായപ്പോൾ മുറിയുടെ സാക്ഷാൽ വാതൽ പെട്ടെന്നു തുറന്ന കുണ്ടുണ്ണിനായർ ഇൻസ്പെക്ടരും ബാലകൃഷ്ണമേനവനും അകത്തേക്കു കടന്നു. ബാലകൃഷ്ണമേനവൻ കൈയിലെടുത്തിരുന്ന കല്ലുറാന്തലിന്റെ അടഞ്ഞ പുറത്തിന്റെ നിഴലുകൊണ്ടു മകളുടെ അപ്പോഴത്തെ പ്രകൃതമൊന്നു ഇൻസ്പെക്ടൎക്കു ആദ്യം മനസ്സിലായില്ല. [ 100 ]

'ബാലകൃഷ്ണാ! വെളക്കിങ്ങോട്ടു തിരിച്ചുപിടിക്കു' എന്നു കല്പിച്ചതു മുഴുവൻ കേൾക്കുന്നതിനുമുമ്പു ബാലകൃഷ്ണമേനവൻ തുറന്നുകിടക്കുന്ന ജനാലയുടെ അടുക്കൽചെന്നു അച്ഛനു അഭിമുഖമായി നിന്നിട്ടു റാന്തൽ തിരിച്ചുകാണിച്ചു കഴിഞ്ഞു. ഊണിന്റെ വട്ടവും ദേവകിക്കുട്ടിയുടെ പകച്ചനോട്ടവും ഇൻസ്പെക്ടരുടെ ദൃഷ്ടിയിൽപ്പെട്ട നിമിഷത്തിൽ ഉണ്ടിരുന്ന ഇല കാലുകൊണ്ടു ഒരു തട്ടുതട്ടി, എണീക്കു് എന്നു പറഞ്ഞു ദേവകിക്കുട്ടിയുടെ രണ്ടു കൈയും പിടിച്ചെഴുന്നേല്പിച്ചു—

'ആരാടീ? നിനക്കീ അർദ്ധരാത്രിക്കു ചോറുകൊണ്ടുവന്നു തരാനുണ്ടായതു്' എന്നു് ഉച്ചത്തിൽ കണ്ണുരുട്ടിക്കൊണ്ടു ചോദിച്ചു. കുറച്ചുനേരത്തേക്കു ദേവകിക്കുട്ടി ഒന്നും മിണ്ടിയില്ല. പിന്നെയും ഇൻസ്പെക്ടർ ദേഷ്യം ഒതുക്കുവാൻ വയ്യാതെ ദേവകിക്കുട്ടിയെപ്പിടിച്ചു കുലുക്കിക്കൊണ്ടു 'ആരാണെന്നു പറയാനല്ലേ പറഞ്ഞതു്?' എന്നു വീണ്ടും ചേദിച്ചു. അപ്പോൾ ദേവകിക്കുട്ടി—

'എന്റെ അച്ഛനും ജ്യേഷ്ഠനും എന്റെനേരെ സ്നേഹമില്ലെങ്കിലും എന്നെ ഇഷ്ടമുള്ള ആളുകൾ ഇല്ലെന്നില്ല. പരി—വട്ടത്തു കു—മാ—രൻനായരാണു ചോറുകൊണ്ടുവന്നു തന്നതു്. ജ്യേഷ്ഠൻ എത്രതന്നെ ഉത്സാഹിച്ചാലും, അച്ഛൻ എന്തുതന്നെ പറഞ്ഞാലും, എന്തുതന്നെ ചെയ്താലും, എന്നെ കൊന്നാലും വേണ്ടില്ല. ഈ ജന്മം ഞാൻ അദ്ദേഹത്തിനെയല്ലാതെ വേറെ ഒരാളെ സ്വീകരിക്കില്ല. എന്നു പറഞ്ഞു മുഖമൊക്കെത്തുടുത്തു തേങ്ങിതേങ്ങിക്കരയുവാൻ തുടങ്ങി. ബാലകൃഷ്ണമേനോൻ ഒന്നു പരുങ്ങി. ഇൻസ്പെക്ടർ ദേവകിക്കുട്ടിയുടെ കൈവിട്ടു ബാലകൃഷ്ണമേനവന്റെ നേരേ തിരിഞ്ഞു— [ 101 ] 'ബാലകൃഷ്ണാ! നീയെന്താ കുമാരൻനായരുടെ പേരെന്നോടു പറയാതിരുന്നതു്? അതു കാരണം ഈ കുട്ടിയെ വെറുതേ ഞാൻ ദണ്ഡിപ്പിച്ചില്ലേ? തറവാടിന്റെ മാനം കെടുത്തുവാൻ തീൎന്നവക! കുമാരൻനായൎക്കെന്താണൊരു ദോഷമുള്ളതു്?' എന്നു് ഇൻസ്പെക്ടരുടെ കോപം തിരിഞ്ഞുകത്തുവാൻ തുടങ്ങിയപ്പോൾ ബാലകൃഷ്ണമേനോൻ—

'ഞാൻ അച്ഛനോടു പറയാതിരുന്നതു രൂപമില്ലാ...' എന്നതു മുഴുവനാക്കുമുമ്പു 'രൂപമില്ലേ' എന്നു ദേവകിക്കുട്ടി കടന്നുപറഞ്ഞതുകേട്ടു ഉടപ്പിറന്നവളുടെ നേരെ തിരിഞ്ഞു. "നിന്നോടല്ല പറഞ്ഞതു്" എന്നു് അവളെ ഒതുക്കീട്ടു, അച്ഛനോടായിട്ടു് പിന്നെയും—

'രൂപമില്ലാഞ്ഞിട്ടല്ല' വേറെ ചില കാരണംകൊണ്ടാണു്. അതു സ്വകാൎയ്യമായിട്ടേ പറവാൻ തരമുള്ളു' എന്നു പറഞ്ഞു വിളക്കുകൊണ്ടു വാതുക്കലേക്കു നടന്നു. അപ്പോൾ ഇൻസ്പെക്ടരും 'കുട്ടി പോയിക്കിടന്നുറങ്ങു' എന്നു പറഞ്ഞു ദേവകിക്കുട്ടിയേയും കൂട്ടിക്കൊണ്ടു അകായിലേക്കു പോയി.

വിളക്കുംകൊണ്ടു ബാലകൃഷ്ണമേനവനും കുണ്ടുണ്ണിനായരും അകത്തേക്കു കടന്നതുകണ്ടു കുമാരൻനായർ ഒരറ്റത്തൊതുങ്ങി ഒളിച്ചു നിന്നു. കശപിശയൊക്കെശ്ശമിച്ചു് എല്ലാവരും അകായിലേക്കു പോകുന്നതുവരെ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നതേയുള്ളു. ദേവകിക്കുട്ടിയെ ഒരിക്കൽകൂടി തനിച്ചുകണ്ടു സംസാരിക്കുവാൻ തരമുണ്ടാവുമെന്നുള്ള ആശ തീരെ ഭഗ്നമായപ്പോൾ മുന്നൂറുവിധം ചീത്തവികാരങ്ങളോടുകൂടി ഇടയ്ക്കുനിന്നും ഇടയ്കു സാവധാനത്തിൽ നടന്നും ചിലപ്പോൾ മുറുകിനടന്നും വന്നവഴി പരിവട്ടത്തേക്കു മടങ്ങി. [ 102 ] കാൎയ്യസ്ഥനെ ജാമ്യത്തിൽ വിട്ടതിന്റെ ശേഷം ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ കാൎയ്യസ്ഥന്റെ പേരിലുള്ള സംശയം, ഒന്നുകൂടി ദൃഢമായതോടുകൂടി യോഗ്യരായ ചിലരുംകൂടി ഇക്കേസ്സിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു ശങ്കിക്കേണ്ടതായും വന്നു. കാൎയ്യസ്ഥന്റെ വീട്ടിലും മറ്റുമായി അയാളുടെ കൈവശമുള്ള റിക്കാർട്ടുകളെല്ലാം പരിശോധിച്ചതിൽ അനവധി നോട്ടുകളും ശീട്ടുകളും കാൎയ്യസ്ഥന്റെ പേരിലും പരിവട്ടത്തുകാരുടെ പേരിലും അവൎക്കുവേണ്ടീട്ടുള്ള മറ്റു ചിലരുടെ പേരിലും മാറി എഴുതിച്ചിട്ടുള്ളതായിട്ടും കിട്ടുണ്ണിമേനവന്റെ വക ചില പണ്ടങ്ങൾ കാൎയ്യസ്ഥന്റെവീട്ടിലും ഭാൎയ്യവീട്ടിലും പെരുമാറ്റമുള്ളതായിട്ടും കണ്ടെത്തുവാനിടയായി. ഇങ്ങനെയൊരോ തെളിവുകൾ സമ്പാദിച്ചതിന്റെ ശേഷം കാൎയ്യസ്ഥനെ സ്റ്റേഷനിൽ ഹാജരാക്കി രാത്രിസമയത്തു ഒന്നുകൂടി വിസ്തരിക്കണമെന്നു വിചാരിച്ചിരുന്ന ദിവസം വൈകുന്നേരമാണു് ഇൻസ്പെക്ടരുടെ ശ്രദ്ധ സ്റ്റേഷനാപ്സരുടെ കേസ്സിലേക്കു തിരിക്കേണ്ടി വന്നതു്. ദേവകിക്കുട്ടിയെ അകത്തിട്ടു് പൂട്ടിയ ദിവസത്തിന്റെ പിറ്റേദിവസം ഏകദേശം രണ്ടുനാഴിക രാച്ചെന്നപ്പോൾ കാൎയ്യസ്ഥനെ സ്റ്റേഷൻമുറിക്കകത്തിട്ടു വിസ്തരിക്കുവാൻ തുടങ്ങി. ആദ്യം ഇൻസ്പെക്ടർതന്നെയാണു് വിസ്തരിച്ചതു്.

'ഇതിനുമുമ്പു നിങ്ങളെ ഞാൻ വിസ്തരിച്ചപ്പോൾ നിങ്ങൾ വേണ്ടപോലെ സമാധാനമൊന്നും പറഞ്ഞിട്ടില്ല. ഒരിക്കൽകൂടി നിങ്ങളെ വിസ്തരിക്കുവാൻ നിശ്ചയിച്ചിരിക്കുന്നു. ഈ അവസരം വെറുതേ കളഞ്ഞാൽ വരുവാൻ പോകുന്ന കാൎയ്യം നിങ്ങൾക്കുതന്നെ അറിയാവുന്നതാണു്. അതുകൊണ്ടു മാനത്തിനും മൎയ്യാദയ്ക്കും മോഹമുണ്ടെങ്കിൽ [ 103 ] സകലതും സത്യംപോലെ വിട്ടുവീഴ്ച കൂടാതെ പറയുന്നതാണു നല്ലതെന്നു ആഫീസ്സുമേശയോടടുപ്പിച്ചു ചരിച്ചിട്ടിരിക്കുന്ന കസാലയിൽ ഇരുന്നു് മൂന്നു വരൽകൊണ്ടുമാത്രം പിടിച്ചിരിക്കുന്ന പെൻസിലിനെ മുമ്പിൽ നില്ക്കുന്ന കാൎയ്യസ്ഥന്റെ മൂക്കിനുനേരെ ലക്ഷ്യമാക്കിക്കൊണ്ടു, ഇൻസ്പെക്ടർ ഗൌരവമായി കല്പിച്ചു. കാൎയ്യസ്ഥൻ ഒരക്ഷരംപോലും ശബ്ദിച്ചില്ല.

'പുളിങ്ങോട്ടു കിട്ടുണ്ണിമേനവന്റെ എടവാടുകളെല്ലാം നിങ്ങൾ ഒതുക്കിയിരിക്കുന്നതു എന്തിനായിട്ടാണു്?' എന്നു ഇൻസ്പെക്ടർ വിസ്താരം ആരംഭിച്ചു.

'എജമാനൻ പറഞ്ഞിട്ടാണു' എന്നായിരുന്നു കാൎയ്യസ്ഥന്റെ സമാധാനം.

ചോദിച്ചതിനു സമാധാനം പറഞ്ഞാൽ മതി. എന്തിനാണെന്നാ ചോദിച്ചേ? ഇതു പറഞ്ഞപ്പോൾ ഇൻസ്പെക്ടരുടെ പെൻസിലിനു കാൎയ്യസ്ഥന്റെ മൂക്കു് ഒരിക്കൽകൂടി ലാക്കായിത്തീൎന്നു.

'എജമാനന്റെ വിശ്വാസം ദീനം വൈഷമ്മിക്കുമെന്നായിരുന്നു. അതിനു മുമ്പു സകല കാൎയ്യവും ഒതുക്കണമെന്നു എജമാനൻ സിദ്ധാന്തിച്ചിട്ടാണു്'.

'അപ്പാത്തിക്കരി ദീനം വൈഷമ്മിക്കുമെന്നു വിചാരിച്ചിരുന്നില്ലെന്നു എന്നോടു പറഞ്ഞുവല്ലൊ. ആട്ടെ, അതിരിക്കട്ടെ ആരെല്ലാവരുടേയും എടവാടു തീൎക്കുവാൻ ഉത്സാഹിച്ചു?' എന്ന ചോദ്യത്തിനു മറുപടിപറഞ്ഞകൂട്ടത്തിൽ ചേരിപ്പറമ്പുകാരുടെ കാൎയ്യം കാൎയ്യസ്ഥൻ വിട്ടുകളഞ്ഞു.

'കഴിഞ്ഞോ? എല്ലാം ആയോ? ഒന്നുകൂടി ആലോചിച്ചുനോക്കു.' [ 104 ] 'എടവാടു തീൎത്തിട്ടുള്ളവരുടെ പേരൊക്കെയായി' എന്നായിരുന്നു കാൎയ്യസ്ഥൻ ഓൎത്തുനോക്കി പറഞ്ഞ മറുവടി.

'പിരിച്ചെടുത്ത പണമൊക്കെ നിങ്ങൾ എന്തുചെയ്തു?'

'എജമാനൻ പറഞ്ഞതുപോലെയൊക്കെ ചെയ്തു.'

'ആ - ഹാ! നിങ്ങളും നിങ്ങൾക്കു വേണ്ടീട്ടുള്ളവരും വേണ്ടുവോളം അനുഭവിച്ചുകൊള്ളുവാനായിരിക്കാം എജമാനൻ പറഞ്ഞതു്. അല്ലേ! ആട്ടെ, അതും ഇരിക്കട്ടെ. കിട്ടുണ്ണിമേനോൻ മരിച്ചദിവസം നിങ്ങളുടെ ശിഷ്യനെ എന്തിനാണു പുളിങ്ങോട്ടേക്കു അയച്ചതു്?'

'എജമാനനു ഒരു എഴുത്തു കൊടുക്കാൻ.'

'എന്നാൽ എന്തിനാണു് അയാൾ അവിടെ കിടന്നതു്?'

'കുഞ്ഞിരാമൻനായരുടെ സഹായത്തിനു അവിടെ താമസിപ്പിക്കുകയാണു ചെയ്തതു്. എനിക്കു അവിടെ പാൎക്കുവാൻ കഴിഞ്ഞില്ല.'

'എന്നാൽ പിന്നെ എന്തുകൊണ്ടാണു അയാൾ ആ രാത്രിതന്നെ പുറത്തേക്കു പോയതു്.'

'ആവോ! പോയ വൎത്തമാനംതന്നെ ഞാനറിഞ്ഞില്ല' എന്നതുകേട്ടു ഇൻസ്പെക്ടർ കണ്ണുരുട്ടി മിഴിച്ചു പെൻസിൽ താഴത്തുവെച്ചു് രണ്ടു കായ്യും കുപ്പായക്കീശയിൽ തിരുകി—

'അറിഞ്ഞില്ലെന്നല്ലേ! ഒ! നിങ്ങളുടെ ഒറ്റുകാരൻ ശിഷ്യൻ ചെയ്ത ക്രൂരകൃത്യത്തിന്റെ വില പിശകുന്ന സമയത്തു തന്റേടം വിട്ടിരിക്കാം. ഈ കയ്യക്ഷരം ആരുടെയാണെന്നു രൂപമുണ്ടോ?' എന്നു ചോദിച്ചുകൊണ്ടു കസാലയിന്മേൽ നിന്നെഴുന്നേറ്റു ഒരു നീണ്ട ലക്കോട്ടെടുത്തു കാണിച്ചുകൊടുത്തു. [ 105 ] 'ഈ കയ്യെഴുത്തു എന്റെയാണു സംശയമില്ല.'

'ഇതിന്റെ ഉള്ളിലുള്ളതും നിങ്ങളുടേതുതന്നെ ആയിരിക്കണമല്ലൊ' എന്നു പറഞ്ഞു കുറെ വെളുത്തപൊടി ലക്കോട്ടിന്റെ ഉള്ളിൽ നിന്നെടുത്തു ഒരു ചെറിയ കടലാസുതുണ്ടിൽ വച്ചു കാണിച്ചുകൊടുത്തു. കാൎയ്യസ്ഥൻ മിഴിച്ചുപോയി.

'വിശ്വാസവഞ്ചനത്തിനും കൊലപാതകത്തിനും ഉള്ള മരുന്നു തരക്കേടില്ല. വൈദ്യന്റെ അവകാശവും പറ്റിക്കഴിഞ്ഞുവല്ലൊ. ഇനി, കൂട്ടുവൈദ്യന്മാരും ആരെല്ലാവരുമാണെന്നു കേൾക്കട്ടെ' എന്നു പറഞ്ഞു ഇൻസ്പെക്ടർ പൊടി ലക്കോട്ടിൽ തന്നെ ഇട്ടു. കാൎയ്യസ്ഥൻ കോൾമയിർകൊണ്ടു നഖശിഖാന്തം വിയൎത്തു പരവശനായിട്ടു—

'ലക്കോട്ടിൽ എജമാനന്രെ മരണപത്രമായിരുന്നു' എന്നു തൊണ്ട വിറച്ചുകൊണ്ടു പറഞ്ഞതു വ്യക്തമാവാഞ്ഞിട്ടോ എന്തോ—

അതെ മരണസൂത്രമാണെന്നു മനസ്സിലായി എന്നായിരുന്നു ഇൻസ്പെക്ടർ വ്യാഖ്യാനിച്ചതു്. ഇതിന്റെ ശേഷം കാൎയ്യസ്ഥന്റെ കൈപ്പീത്തെടുത്തിട്ടുള്ളതു വെടിപ്പാക്കുന്നതിനിടയ്ക്കു—

'എന്തിനായിട്ടാണു മിനിയാന്നു കാലത്തു നിങ്ങൾ പരിവട്ടത്തു പോയതു്?' എന്നുകൂടി ചോദിച്ചു. ഈ ചോദ്യത്തിനു—

'കുഞ്ഞിരാമൻ നായരോടു ഒസ്യത്തിന്റെ സംഗതി പറവാനാണു്' എന്നു സമാധാനം പറഞ്ഞതുകേട്ടു ചുണ്ടുകടിച്ചു തുറിച്ചുനോക്കിക്കൊണ്ടു—

'അതു ഞാൻ കുഞ്ഞിരാമൻ നായരോടു ചോദിച്ചറിഞ്ഞോളം, ഇതു ഇപ്പോൾ വായിച്ചുനോക്കി ഒപ്പിടു' [ 106 ] എന്നു പറഞ്ഞു കൈപ്പീത്തു കാണിച്ചുകൊടുത്തു. കാൎയ്യസ്ഥൻ അതു വായിച്ചുനോക്കി.

'ലക്കോട്ടിൽ വിഷമായിരുന്നു അടക്കം ചെയ്തയച്ചതു എന്നു ഞാൻ സമ്മതിച്ചിട്ടില്ല' എന്നു ശാഠ്യം പിടിച്ചുകൊണ്ടു പിന്നാക്കം മാറി.

'സമ്മതിച്ചുപോലും ഇല്ലപോലും ഇല്ലപോലും നിങ്ങൾ പറഞ്ഞേടംകൊണ്ടു തെളിവിന്റെ കാൎയ്യത്തിനു സംശയമില്ല. ഒപ്പിടാൻ മനസ്സുണ്ടെങ്കിൽ ഒപ്പിടു' എന്നു കൈപ്പീത്തു മേശയുടെ അറ്റത്തേക്കു മാറ്റിവച്ചു പേനയും മഷിയിൽ മുക്കി വച്ചുകൊടുത്തു.

'എജമാന്നെ, ഇങ്ങനെ കല്പിക്കരുതേ. എജമാന്നെ, മനസാവാചാ അറിയാത്ത അപരാധം എന്റെ പേരിൽ ചുമത്തരുതേ, എജമാന്നെ, എന്നെ ചതിച്ചതാണു്. എജമാന്നെ, എജമാന്നെ, എന്നെ രക്ഷിക്കണെ. എജമാന്നേ, എന്നു സങ്കടപ്പെട്ടു കണ്ണുനീർ പൊഴിക്കുമ്പോൾ ഇൻസ്പെക്ടർ ഇടത്തുകൈകൊണ്ടു കാൎയ്യസ്ഥന്റെ ചെകിട്ടത്തൊന്നു മൂളിച്ചു. രണ്ടാമതും കൈ ഓങ്ങിയപ്പോൾ കാൎയ്യസ്ഥൻ വലത്തേ ചെകിടു താങ്ങിക്കൊണ്ടു്—

'അയ്യോ എജമാന്നേ, എജമാന്നേ!' എന്നു പറഞ്ഞു നൃത്തം തത്തുവാൻ തുടങ്ങി.

'കിട്ടുണ്ണിമേവനന്റെ ചികിത്സ നിങ്ങൾ കഴിച്ചില്ലെ! നിങ്ങളുടെ പിഴിഞ്ഞുകുത്തും ധാരയും ഇവിടെ കഴിപ്പിക്കാം' എന്നു പറഞ്ഞു ഇൻസ്പെക്ടർ പുറത്തേക്കിറങ്ങി.

'തൊണ്ണൂറ്റഞ്ചു് എവിടെ? അകത്തുപോയി കാൎയ്യസ്ഥനെക്കൊണ്ടു കൈപ്പീത്തൊപ്പിടുവിക്കണം' എന്നു പറഞ്ഞനിമിഷത്തിൽ ഒരു കാൺസ്റ്റബിൾ, ഇൻസ്പെക്ടരുടെ [ 107 ] അഭിപ്രായം അറിഞ്ഞിട്ടെന്നപോലെ കൈരണ്ടും തിരുമ്മിക്കൊണ്ടു അകത്തേക്കു കടന്നു. ഇൻസ്പെക്ടർ സ്റ്റേഷൻമുറ്റത്തു ഒരു കസാലയിൽ ഇരുന്നു സുഖമനുഭവിക്കുനാനും തുടങ്ങി. അരമണിക്കൂർ നേരത്തേക്കു സ്റ്റേഷൻ മുറിയിൽ ചില ചാട്ടവും ഓട്ടവും ആൎത്തസ്വരവും നടന്നതിന്റെ ശേഷം ഒപ്പിട്ടുംവന്നു പറഞ്ഞു കാൺസ്റ്റബിൾ പുറത്തേക്കുവന്നു. അന്നത്തെ രാത്രിയിലെ കഥ ഇങ്ങനെ അവസാനിച്ചു. കാൎയ്യസ്ഥൻ ബന്തവസ്തിൽതന്നെ. തവണക്കാരൻ കാൺസ്റ്റബിൾ ഒഴികെ ശേഷമുള്ളവർ അതാതു ദിക്കിലേക്കു പോവുകയും ചെയ്തു.

പിറ്റേദിവസം പകൽ രണ്ടുമണിയോടുകൂടി കുഞ്ഞുരാമൻനായരെ പോലീസുസ്റ്റേഷനിലേക്കു കൊണ്ടുപോയി. കിട്ടുണ്ണിമേനവൻ മരിച്ചതിൽപിന്നെ കുഞ്ഞുരാമൻനായർ എളവല്ലൂൎക്കു കടന്നിട്ടില്ല. ഇതാ ഇപ്പോൾ ആ കിട്ടുണ്ണിമേനവന്റെ കൊലപാതകക്കേസ്സിൽതന്നെ ഒരു കുറ്റക്കാരനായിട്ടാണു എളവല്ലൂർ സ്റ്റേഷനിലേക്കു കടന്നതു്. ഭാസ്ക്കരമേനവനുപകരം പണിനോക്കുന്ന ഹെഡ്കാൺസ്റ്റബിൾക്കു ഈ കേസ്സിന്റെ മുഖം നല്ലവണ്ണം കണ്ടറിവാൻ ഇടയാവാത്തതുകൊണ്ടു ഇന്നു ഇൻസ്പെക്ടർതന്നെയാണു വിസ്താരരംഗത്തിൽ പ്രവേശിച്ചതു്. ഇന്നേദിവസം വിസ്താരത്തിനിടയ്ക്കു ഇൻസ്പെക്ടർ കൈകൾ പിന്നിൽ കോൎത്തുപിടിച്ചു നിന്നതേയുള്ളു. നോട്ടു് കുറിക്കുവാൻ പുതിയ സ്റ്റേഷനാപ്സരായിരുന്നു.

'കാൎയ്യസ്ഥനെ നല്ലവണ്ണം പരിചയമുണ്ടോ?' എന്നുള്ള ചോദ്യത്തിനു 'ഉവ്വു' എന്നു, 'അയാൾ എന്തു സ്വഭാവക്കാരനാണു' എന്നതിനു 'നല്ല സ്വഭാവക്കാരനാണു്' എന്നും, കാര്യസംബന്ധമായി വല്ല കൃത്രിമങ്ങളും ചെയ്തിട്ടുണ്ടോ? എന്നതിനു 'ഉള്ളതായിട്ടറിവില്ല' എന്നും ആകുന്നു. [ 108 ] ആരംഭത്തിലെ ചോദ്യോത്തരങ്ങളുടെ ചുരുക്കം. വിസ്താരം ഈ നിലയിൽ എത്തിയപ്പോൾ 'കിട്ടുണ്ണിമേനവന്റെ ആധാരങ്ങളും മറ്റും കാൎയ്യസ്ഥന്റെയും നിങ്ങളുടേയും പേരിൽ മാറി എഴുതിച്ചിട്ടുള്ളതായിട്ടു നിങ്ങൾക്കറിവില്ലേ?' എന്നു ചോദ്യപരമ്പരയിൽ ഒരു പടികൂടി ഇൻസ്പെക്ടർ മേല്പോട്ടു കയറി.

'നാലാന്നാൾ കാലത്തു കാൎയ്യസ്ഥൻ പറഞ്ഞപ്പോഴേ ഞാൻ അറിഞ്ഞുള്ളു.'

'നിങ്ങളുടെ പേരിലും എഴുതിക്കാണുന്നതു് എന്തുകൊണ്ടാണു്?'

'അദ്ദേഹത്തിന്റെ (കിട്ടുണ്ണിമേനവന്റെ) ഒസ്യത്തിൻപ്രകാരമാണെന്നാണു് കാൎയ്യസ്ഥൻ പറഞ്ഞതു്'

'കാൎയ്യസ്ഥൻ എന്തിനായിട്ടാണു നിങ്ങളുടെ വീട്ടിൽ വന്നതു്?'

'ഒസ്യത്തിന്റെ കാൎയ്യം പറവാൻതന്നെ.'

'ഒസ്യത്തെവിടെ?'

'അദ്ദേഹത്തിനയച്ചുകൊടുത്തതിൽ പിന്നെ അതിനെപ്പറ്റി യാതൊരു വിവരവും അറിവില്ലെന്നാണു കാൎയ്യസ്ഥൻ പറഞ്ഞതു്.'

'എന്നാൽ ഈ സംഗതി എന്തുകൊണ്ടു നിങ്ങൾ എന്നോടു പറഞ്ഞില്ല?'.

'സ്റ്റേഷനാപ്സർ ഭാസ്ക്കരമേനവനോടു പറഞ്ഞിട്ടുണ്ടായിരുന്നു.'

'ശരി, ഭാസ്ക്കരമേനോൻ മരിച്ചുപോയല്ലൊ? അല്ലെ? അതവിടെ ഇരിക്കട്ടെ കാൎയ്യസ്ഥന്റെ ശിഷ്യൻ എഴുത്തു കൊണ്ടു വന്നതു കണ്ടില്ലെ? അതിൽ എന്തായിരുന്നു?" [ 109 ] 'ഒസ്യത്തായിരുന്നുവെന്നാണു കാൎയ്യസ്ഥൻ പറഞ്ഞതു്. അദ്ദേഹം ആ ലക്കോട്ടിൽ നിന്നു കടലാസ്സെടുത്തു വായിക്കുന്നതു ഞാൻ കാണുകയും ഉണ്ടായി.'

'നിങ്ങൾ കിടക്കുവാൻ പോയസമയം വാതിലെല്ലാം അടച്ചു ബന്ധിച്ചിട്ടുണ്ടായിരുന്നുവെന്നു നിങ്ങൾ അന്നു പറഞ്ഞിട്ടുണ്ടല്ലോ. ഗോവിന്ദനെ അമ്പലക്കാട്ടേയ്ക്കു അയയ്ക്കുന്ന സമയം വാതിൽ വല്ലതും തുറന്നു കിടന്നിരുന്നോ?'

'ഇല്ല. ഗോവിന്ദൻ തന്നെയാണു വാതിൽ തുറന്നതു.'

'എന്നാൽ പിന്നെ എങ്ങിനെയാണു കാൎയ്യസ്ഥന്റെ ശിഷ്യൻ പുറത്തുപോയതു്? ഗോവിന്ദനാണു വാതിൽ തുറന്നു കൊടുത്തതെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?'

'ഞാൻ അതിനെപ്പറ്റി ആലോചിച്ചിട്ടില്ല; ശിഷ്യൻ എപ്പോഴാണു എഴുന്നേറ്റുപോയതെന്നുതന്നെ എനിക്കു രൂപമില്ല.'

'തളത്തിൽ നിന്നിരുന്ന നിങ്ങൾക്കു അതു രൂപമില്ല, അല്ലെ? മരുന്നിട്ട ചുക്കുവെള്ളക്കിണ്ടി ആരാണു മേശപ്പുറത്തു കൊണ്ടുവച്ചതു്?'

'ചുക്കുവെള്ളക്കിണ്ടി ഞാനാണു വെച്ചതു, അപ്പോൾ മരുന്നുണ്ടായിരുന്നില്ല.'

'അതു ഗോവിന്ദൻ പറ്റിച്ചതാണെന്നു തോന്നുന്നുണ്ടോ?'

'അയാഴുടെ കീൾനടപ്പാലോചിച്ചാൽ എനിക്കതു വിചാരിക്കുവാൻ തരമില്ല.'

ഇതിന്റെശേഷം ഇൻസ്പെക്ടർ ചോദ്യത്തിന്റെ വഴിയൊന്നു തെറ്റിച്ചു.

'കഴിഞ്ഞ എട്ടാംതീയതി നിങ്ങളും കുമാരൻനായരുംകൂടി സ്റ്റേഷനാപ്സരെ കൂട്ടിക്കൊണ്ടു വരുമ്പോൾ എന്തിനാണു് കുമാരൻനായരെ പിന്നാക്കം അയച്ചതു്?' [ 110 ] 'ഇവിടുന്നു ചേരിപ്പാറമ്പിൽ വന്നിട്ടുണ്ടെങ്കിൽ കാര്യസ്ഥനെ എന്നു് ഹാജരാക്കേണ്ടതാണെന്നു അറിഞ്ഞു വരുവാൻ.'

'സ്റ്റേഷനാപ്സരെ പത്തുമണിവരെ പരിവട്ടത്തു താമസിപ്പിച്ചതെന്തിനാണു്?'

'വെടിപറഞ്ഞിരുന്നുപോയതാണു്.'

'സ്റ്റേഷനാപ്സർ പോയിട്ടെത്രനേരം കഴിഞ്ഞു കുമാരൻനായർ വീട്ടിലെത്തിയപ്പോൾ?'

'ഏകദേശം ഒരു നാഴിക കഴിഞ്ഞു.'

'ഇത്ര താമസിക്കുവാനെന്താണു കാരണം?'

'രൂപമില്ല.'

'ഉം! അതും നിങ്ങൾ ആലോചിച്ചിട്ടില്ല, അല്ലേ? നിങ്ങളുടെ വാക്കിന്മേൽ, കാൎയ്യസ്ഥനെ ആദ്യം വിട്ടയച്ചതു് അന്നു ഞാൻ കേസ്സാക്കായ്കകൊണ്ടാണു്. ഇപ്പഴത്തെ മട്ടൊക്കെ മാറി, ഇതൊരു കൊലക്കേസ്സാണു്; ഓൎമ്മവേണം' എന്നു പറഞ്ഞു കേസ്സിന്റെ തെളിവൊക്കെ എടുത്തു തീരുന്നതുവരെ രണ്ടുപേരെയും ബന്തോവസ്തിൽ വയ്ക്കുവാൻ മജിസ്ത്രേട്ടിന്റെ രേഖാമൂലമായ അനുവാദം വരുത്തീട്ടുള്ളതു സ്റ്റേഷനാപ്സരുടെ പക്കൽനിന്നും വാങ്ങി വായിച്ചിട്ടു കുഞ്ഞിരാമൻനായരെ സ്റ്റേഷനിൽതന്നെ പാർപ്പിച്ചു. കൈപ്പീത്തും ഒപ്പിടുവിച്ചു.

കമ്പൌണ്ടരെ വിളിച്ചു പുറത്തേക്കു കൊണ്ടുപോയി ആസ്പത്രിയിൽനിന്നു വിഷമരുന്നപഹരിക്കുന്നതിൽ കാൎയ്യസ്ഥനെ സഹായിച്ചുവെന്നും, സ്റ്റേഷനാപ്സരെ വഴിക്കു തടുത്തുവച്ചു ദേഹോപദ്രവംചെയ്തു കൊലപ്പെടുത്തിയെന്നും, ഉള്ള കുറ്റത്തിന്മേൽ കുമാരൻനായരേയും പിറ്റേന്നാൾ ബന്തോവസ്തുചെയ്തു. പതിമുന്നാംതീയതി രണ്ടു കൊലക്കേസ്സുകൾ മജിസ്ത്രേട്ടുമുമ്പാകെ ചാർജ്ജുചെയ്വാനുള്ള ഒരുക്കങ്ങളും കൂട്ടിത്തുടങ്ങി. ഈ വൎത്തമാനം നാട്ടിൽ പരന്നതോടുകൂടി ഉത്ഭവിച്ച ബഹളത്തെപ്പറ്റി വായനക്കാർ ഊഹിച്ചുകൊള്ളട്ടെ.