മംഗളമഞ്ജരി

(Mangala Manjari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മംഗളമഞ്ജരി (ഖണ്ഡകാവ്യം)

രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ (1918)
ശ്രീമൂലംതിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ടിപൂർത്തിവേളയിൽ ഉള്ളൂർ രചിച്ച മംഗളകാവ്യം.

ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ
കൃതികൾ

മഹാകാവ്യം

ഉമാകേരളം

ചമ്പു

സുജാതോദ്വാഹം

ഖണ്ഡകാവ്യങ്ങൾ

വഞ്ചീശഗീതി · ഒരു നേർച്ച
ഗജേന്ദ്രമോക്ഷം · മംഗളമഞ്ജരി
കർണ്ണഭൂഷണം · പിങ്‌ഗള
ചിത്രശാല · ചിത്രോദയം
ഭക്തിദീപിക · മിഥ്യാപവാദം
ദീപാവലി · ചൈത്രപ്രഭാവം
ശരണോപഹാരം · അരുണോദയം

കവിതാസമാഹാരങ്ങൾ

കാവ്യചന്ദ്രിക · കിരണാവലി
താരഹാരം · തരംഗിണി
മണിമഞ്ജുഷ · ഹൃദയകൗമുദി
രത്നമാല · അമൃതധാര
കല്പശാഖി · തപ്തഹൃദയം

ഗദ്യം

വിജ്ഞാനദീപിക
കേരളസാഹിത്യചരിത്രം


[ 1 ]

മംഗളമഞ്ജരി.




(ശ്രീമൂലംതിരുനാൾ പൊന്നുതമ്പുരാൻ
തിരുമനസ്സിലെ ഷഷ്ടിപൂൎത്തി-
പ്രശസ്തിപരമായ ഒരു
ലഘുകാവ്യം)


എസ്. പരമേശ്വരയ്യർ
എം. എ., ബി. എൽ.


ഉള്ളൂർ എസ്. കൃഷ്ണയ്യർ ബി. എ.
എഴുതിയ ടിപ്പണിസഹിതം.
പകർപ്പവകാശം ഗ്രന്ഥകർത്താവിൽ.


പ്രകാശകന്മാർ,
കരാർ ആർ. സുന്ദരം ആൻഡ് കൊ.
തിരുവനന്തപുരം.


കൊല്ലം വി. വി. പ്രസ്സിൽ അച്ചടിപ്പിച്ചതു്.


1093.
എല്ലാ പ്രതികളിലും ഗ്രന്ഥകർത്താവിന്റെ മുദ്ര ഉണ്ടായിരിക്കും.

[ 2 ] [ 3 ]

ശ്രീ


മംഗളമഞ്ജരി.



മൂലംനാൾ മുറ്റുമാളും മുഴുസുകൃതഫലം,
മുഖ്യവഞ്ചിക്ഷിതിശ്രീ-
മൂലം, മൂർദ്ധാഭിഷിക്തവ്രജമുകുടമിള-
ന്മുഗ്ദ്ധമുക്താകലാപം,
പാലംഭോരാശികന്യാപതിഭജനപരാ-
ധീന,മന്യൂനകീർത്തി-
ക്കാലംബം, രാമവർമ്മാഭിധ,മവനകലാ-
ലാലസം, ലാലസിപ്പൂ.       

ആനന്ദത്തൂമരന്ദപ്പൂഴയിലകമഴി-
ഞ്ഞാരുമാറാടുമാറി-
സ്സ്യാനന്ദൂരസ്ഥസൽക്ഷ്മാശതമഖമണിതൻ
ഷഷ്ടിപൂർത്ത്യുത്സവത്തെ
ഗാനം ചെയ്യും കവീന്ദ്രർക്കുടയ കളകള-
ത്തിങ്കലുൾശങ്കവിട്ടീ-
ഞാനജ്ഞൻ ചെന്നു ചാടാൻതുനിവതവനിഭൃൽ-
ഭക്തിതൻ ശക്തിതന്നേ.       

[ 4 ]

പാലാഴിപ്പൈതലാൾതൻ പടുനടനമലർ-
പ്പന്തലായും ത്രിലോകീ-
ഭാലാലങ്കാരമായും ഭവികസമുദയോ-
ദാരകേദാരമായും
ചേലാളും ദാക്ഷിണാത്യക്ഷിതിയുടെ പുകളിൻ
വഞ്ചിയാം വഞ്ചിദേശം
വേലാതീതപ്രഭാവത്തൊടു വിരുതിൽ വിള-
ങ്ങുന്നു വിശ്വൈകവശ്യം       

വാണീകാന്തൻ യജിച്ചും, ദനുജരിപു സുഖ-
സ്വാപമാർന്നും, ഗിരീശൻ
ക്ഷോണീരക്ഷയ്ക്കിണങ്ങും വിധമവതരണം
ചെയ്തു,മിന്ദ്രൻ തപിച്ചും,
വാണീടാർന്നുല്ലസിക്കും വസുമതി! മഹിതേ!
വഞ്ചി! നിൻചിത്രവൃത്തം
നാണീയസ്സാം പ്രശസ്തിദ്ധ്വജമുലകുപതി-
ന്നാലിലും നാട്ടിടുന്നു       

ഇപ്പാരാവാരകാഞ്ചീതടമകുടമണി-
ക്കീശരാകുന്ന സാക്ഷാൽ-
ത്തൃപ്പാപ്പൂരന്വയാംഭോനിധിയിലുദിതരാം
ക്ഷത്രനക്ഷത്രനാഥർ
നൽപ്പാൽ കുമ്പിട്ട കീർത്തിക്കതിർ നവനവമായ്
നാട്ടിലെങ്ങും പരത്തി-
ത്തൽപ്പാദം തന്നെതാങ്ങും തണലുമുലകിനെ-
ന്നുള്ളമട്ടുല്ലസിപ്പൂ.       

[ 5 ]

തന്നോമൽക്കാന്തി താഴ്ത്തിദ്ധവളധവളമായ്
ശക്രലോകത്തിലേക്കീ-
മന്നോർതന്മഞ്ജുളപ്പൂമ്പുകളണവതു ത-
ദ്വംശമൂലം ശശാങ്കൻ
അന്നോടന്നംബരാന്തസ്സമുദിതനവലോ-
കിപ്പു;ദർപ്പോദ്ധതത്വം
കുന്നോളം കൂടുവോർക്കും കുലജകൃതപരാ-
ഭൂതി സമ്പ്രീതിഹേതു       

പാരാകെപ്പത്തുമെട്ടും ദിനമശരണമായ്
ഭാരതായോധനത്തിൽ-
പ്പാരാതേർപ്പെട്ടു മാഴ്കുന്നളവരികിലിരു-
ന്നന്നദാനം നിദാനം
ആരാപ്പോരാളിമാർക്കന്നലിവൊടരുളി,യ
ദ്ധർമ്മജാതാവലംബം
പേരാർന്നീടും പെരുഞ്ചോറ്റുദയനൊരു മഹ-
സ്സാർന്ന വഞ്ചീന്ദ്രനല്ലോ       

അക്കാലംതൊട്ടശേഷക്ഷിതിധവരുമവ-
ർക്കുള്ളൊരാദർശമെന്നായ്-
സ്സൽക്കാരം ചെയ്തിടേണ്ടും സരണിയിൽ മുറപോൽ-
സ്സാധുസംരക്ഷചെയ്തും
ചിൽക്കാതൽക്കാലടിത്താരിണ ദൃഢതരമായ്-
ച്ചിത്തരംഗത്തിൽ നിർത്തി-
ത്തൽകാരുണ്യം ലഭിച്ചും ധരയിലിവർ ലസി-
ക്കുന്നു ധന്യാഗ്രഗണ്യർ.       

[ 6 ]

ധർമ്മത്തെദ്ദൈവമാക്കിത്തനതുജനതയിൽ-
ശാശ്വതൈശ്വര്യമേറ്റും
കർമ്മം ചെയ്തൂഴിയെങ്ങും കലിയുടെ കലുഷം
തീർത്തു കല്യാണമേകി
നർമ്മത്തിൽക്കൂടി നന്മയ്ക്കധികമുതകുമി-
പ്പൂജ്യരാം രാജ്യരക്ഷാ-
മർമ്മജ്ഞന്മാർ മഹേന്ദ്രോപമർ മഹിയിൽ വിള-
ങ്ങുന്നു മാഹാത്മ്യമോടേ.       

ശ്രീവഞ്ചിക്ഷ്മാവധൂടീമണിയുടെ നവനി-
സ്തുല്യമംഗല്യലക്ഷ്മീ-
കൈവല്യം കംസഭിത്തിൻ കരുണയുടെ കളി-
ക്കുള്ള കല്യാണരംഗം,
ദേവൻ മൂലർക്ഷജക്ഷ്മാരമണനറുപതാ-
ണ്ടിന്നുമുൻപുജ്ജ്വലത്താ-
മീവംശസ്ഥൂലമുക്താഫലപദമധിരോ-
ഹിച്ചു ശോഭിച്ചു മേന്മേൽ.       ൧൦

മാതാവും താതനും ഹാ! മഹിതമതി മഹ-
സ്സാണ്ട മാർത്താണ്ഡവർമ്മ-
ക്ഷ്മാതാരാനാഥനും പോയ്ത്തനതുസഹജനും
താനുമേതാനുമബ്ദം
ഓതാനാവാത്ത മാലിൽപ്പെടുകിലുമതുതൻ
ഹൃത്തിൽമെത്തുംകരുത്താൽ
വീതായാസം വിലംഘിച്ചിതു വിമലഗുണാ-
രാമനാം രാമരാജൻ.       ൧൧

[ 7 ]

തൻനൽക്കട്ടക്കിടാവിൻ തളിരൊളിമൃദുമെയ്
തള്ളിയന്നാളിലേതോ
മിന്നൽക്കൊപ്പം മറഞ്ഞോരമരപുരിയിലെ-
ത്തങ്കവാടാവിളക്കേ!
പിന്നത്തേയ്ക്കാത്മജന്നുള്ളൊരു പൃഥുലശുഭ-
ത്തിന്നു നൂനം നിദാനം
പൊന്നമ്മത്തമ്പുരാനേ! ഭവതിയുടെ സദാ-
ശിസ്സു സാഫല്യപൂർണ്ണം.       ൧൨

കാണിക്കും മാന്ദ്യമേശോതരിയ തിരുവയ-
സ്സഞ്ചിലീ വഞ്ചിഭൂഷാ-
മാണിക്യം മാതൃഭാഷാപഠനവിധിതുട-
ർന്നപ്പുറം കെല്പുറയ്ക്കേ
ഹൗണിക്കും സംസ്കൃതം തൊട്ടെഴുപമപരകളാം
വാണികൾക്കും ഹൃദന്തം
പ്രീണിക്കുംമട്ടു വിദ്യാഭഗവതിയെ വിശേ-
ഷിച്ചു പൂജിച്ചുപോന്നു.       ൧൩

വേലാതീതോരുവിദ്യാജലധിയിൽ വിഹരി-
പ്പോരു വിഖ്യാതനാമി-
ബ്ബാലാനന്താധിപൻതൻ പടുപഠനകലാ-
വൈഭവാഭോഗരീതി
ലീലാലോലം കിടാങ്ങൾക്കുടയ ഹൃദയമെ-
ന്നുള്ള ചൊല്ലുള്ളതല്ലെ-
ന്നാലാപം വാച്ചിടുംമാറഖിലഗുരുജന-
ങ്ങൾക്കുമാശ്ചര്യമേകി.       ൧൪

[ 8 ]

ശ്രീകാളും ഹൂണഭാഷാമഹിളയുടെ ഗളച-
ശങ്കമാമങ്കപാളി-
ക്കേകാന്തസ്ഥാനമാമിസ്സലിലനിധിലസ-
ന്മേഖലാലേഖനാഥൻ
ആകാരം കൊണ്ടൊരിൻഡ്യൻ നൃപനുമമലമാം
ഗീരുകൊണ്ടാംഗലക്ഷ്മാ-
നാകാധീശാഗ്ര്യഹാരത്തിനു നടുവിലെഴും
നായകക്കല്ലുമായി.       ൧൫

ഈവിഖ്യാതക്ഷിതിക്ഷിന്മണിയുടെയിണവി-
ട്ടുള്ള നൽത്തൂലികയ്ക്കും
നാവിന്നും തുമ്പിൽ നാനാനടനവിധിനട-
ത്തുന്ന നൃത്തപ്രവീണേ!
ശ്രീവിദ്യേ! ഹൗണി! മുറ്റും ജഗതി തവ പദാം-
ഭോജമമ്പോടജസ്രം
സേവിക്കാനന്യനാരുണ്ടിതിനുസമ,മസാ-
മാന്യനീമാന്യനമ്മേ!       ൧൬

ഈവിദ്യാംഭോധികുംഭോത്ഭവനു സഹജഭൂ-
വായ ഹസ്താവലംബം
കൈവിട്ടാഹന്തപൊയ്പോയ്ക്കദനമതനുവാ-
യന്നു കൈവന്നതെല്ലാം
ആവിശ്വേശൻ വിധിക്കുന്നതിനൊഴികഴിവും
നീക്കുപോക്കും ചുരുങ്ങും
ജീവിക്കെന്നോർത്തു സർവംസഹ സഹചരിയാ-
കേണ്ട ദേവൻ പൊറുത്തു.       ൧൭

[ 9 ]

ചാരുശ്രീ വായ്ക്കുവോരിന്നൃപനു തിരുവയ-
സ്സേഴുമീരേഴുമേഴും
ചേരും മുമ്പായി വേണാടുടയവിഭു വിശാ-
ഖാവനീ ജീവനാഥൻ-
പോരും ശേഷം കഥിപ്പാൻ പണി-ഭുവനപിതാ-
വിന്റെ വാഞ്ഛാബലത്താൽ-
ത്താരുണ്യത്തിൽ ധരിത്രീവധുവിനു ധവനായ്
മൂലകൻ ലാലസിച്ചു.       ൧൮

താരേശപ്പൂനിലാവിൻ ധവളതയവലം-
ബിച്ച കീൎത്തിച്ഛടാംഭഃ-
പൂരേ ലോകത്തെമുക്കും പുതിയ പതിയൊട-
ന്നഞ്ചിതേ! വഞ്ചിദേവി!
പാരേ! പാരം ജയിപ്പൂ ഭഗവതി; ഭവതി-
ക്കംബ! പണ്ടേ തുടങ്ങി-
പ്പാരേവാഗ്വൎത്തി ഭദ്രാസനമഹിമ,യതിൻ-
നന്മയാജന്മരമ്യം.       ൧൯

പാരാളും പാണ്ഡ്യചോളേശ്വരർ നിജമകുടീ-
ഭാസ്സിനാൽപ്പാദപീഠം
നീരാജിപ്പിച്ചു കാൽത്താർതൊഴുമളവു യഥാ-
വാഞ്ഛിതം കാഞ്ചിതന്നിൽ
പാരാവാരാംബരാലംകൃതഭരതമഹീ-
പ്രാജ്യസാമ്രാജ്യലക്ഷ്മീ-
താരാധീശാസ്യയാളെത്തഴുകിന ജയസിം-
ഹാത്മജൻ താവകീനൻ.       ൨൦

[ 10 ]

ആരാലർദ്ധക്ഷണംകൊണ്ടരിനികരതമ-
സ്കാണ്ഡമാർത്താണ്ഡഭാസ്സാ-
മാരാലെന്നമ്മവീണ്ടും പുതിയൊരുകമലാ-
വാസകാസാരമായി,
ആരാജീവാക്ഷസേവാരതനമിതഗുണം
പൂണ്ട മാർത്താണ്ഡവർമ്മ-
ക്ഷ്മാരാകാചന്ദ്രമസ്സും ഭഗവതി! വസുധേ!
വഞ്ചി! നിഞ്ചിത്തനാഥൻ.       ൨൧

നേരായിട്ടിപ്പൂവൊന്നിച്ചടരിനെതിരിടു-
ന്നോരു പോരാളിമാർതൻ
വാരാളും കണ്ഠരക്തപ്പുഴയിൽ മുഴുകിയും
പൊങ്ങിയും കേളിയാടി
ധാരാളം ധൗതഭാവം തടവിന പുകളാൽ-
ധന്യനായ്ത്തീർന്ന നവ്യ-
ശ്രീരാമൻ ധർമ്മരാജക്ഷിതിശതമഖനും
ദേവി! തേ ജീവിതേശൻ.       ൨൨

വാണീമാതിന്റെ വക്ഷോരുഹയുഗളി വഹി-
ക്കുന്ന നൽസ്തന്യസാരം
താണീടാതാസ്വദിപ്പാൻ തരമുടയമഹാൻ,
ഗർഭപാത്രാന്തരത്തിൽ
വാണീടുന്നാളുമൂഴിക്കധിപതി, വളരെ
ഖ്യാതിമാൻ, സ്വാതിജാത-
ക്ഷോണീസീമന്തമുത്തും കൃതസകലജഗ-
സ്വിസ്മയൻ യുഷ്മദീയൻ.       ൨൩

[ 11 ]

ശ്രീയിമ്മട്ടാർന്ന നാനാനൃപരുമതിനുമേൽ-
സ്സർവശാസ്ത്രജ്ഞനായോ-
രായില്യം തമ്പുരാനും നിശിതമതി വിശാ-
ഖാവനീശീതഭാസ്സും
സ്ഥായിക്കൊത്തുല്ലസിപ്പാൻ തരമുടയഭവ-
ദ്രത്നസിംഹാസനത്തി-
ന്നായിക്കൂപ്പുന്നുതായേ! പുളകമിളകിടും
മെയ്യൊടീയുള്ള ഞങ്ങൾ       ൨൪

തത്താദൃക്കായ സിംഹാസനമഹിമ തഴ-
ച്ചുല്ലസിക്കുന്നതിന്നും
ചിത്താനന്ദാമൃതത്തിൽജ്ജനതയനുദിനം
ചെന്നു മുങ്ങുന്നതിന്നും
സത്താം മാർഗ്ഗത്തിൽനിന്നുസ്സദയഹൃദയനാം
മൂലകശ്രീലസൽക്ഷ്മാ-
ഭർത്താവാളുന്ന യത്നം പരിചിനൊടു ഫലി-
പ്പിപ്പു പാഥോജനാഭൻ       ൨൫

ചട്ടം തീർക്കും സദസ്സങ്ങൊരുവക, വെളിവിൽ-
പ്പൗരരോടൊത്തുകാര്യം
ചട്ടംകെട്ടുന്ന സംസത്തൊരുവക, പുരസം-
സ്കാരഭാരം വഹിപ്പൻ
ഒട്ടല്ലന്യങ്ങളാകും സമിതികളിവയാ-
ലിപ്പുകൾക്കല്പകക്ഷ്മാ-
രുട്ടത്യന്തം ജയിപ്പൂ ജനതയുടെ മനോ-
ഭീഷ്ടദാനൈകലോലൻ.       ൨൬

[ 12 ]

മേടിക്കുന്നില്ല പുത്തൻകരമൊരുശകലം;
പണ്ടുപണ്ടുള്ളവയ്ക്കും
കൂടിക്കൂടുമ്പോഴെല്ലാം കുറവിലിവിൽവരു-
ത്തുന്നു കൂടുംവരയ്ക്കും;
ചേടിക്കൊപ്പം ജനത്തെജ്ജലധിസുത ഭജി-
ക്കാതെ യാതൊന്നുകൊണ്ടും
പാടി,ല്ലിക്ഷ്മാപചിത്തം പ്രകൃതിശുഭസരി-
ന്മജ്ജനോന്മജ്ജനോൽക്കം.       ൨൭

നെല്ലായും തേങ്ങയായും നികുതിശകലമി,-
ല്ലുള്ള ശുൽകംതരമ്പോ-
ലെല്ലാർക്കും കാശുമാറിസ്സപദി സുലഭമാ-
യഞ്ചലിൽത്താൻ ചെലുത്താം;
തെല്ലാസ്സംഖ്യയ്ക്കുമാറ്റം തെളിവിലെവിടെയും
മുപ്പതബ്ദം കഴിഞ്ഞാ-
ലല്ലാതെത്തില്ല; മറ്റെന്തിതിലുമധികമായ്-
ക്കർഷകോൽകർഷഹേതു?       ൨൮

മേടിക്കാം വായ്പ സർക്കാരൊടു, കൃഷികലയിൽ-
ജ്ഞാനമന്യൂനമെന്നും
നേടിക്കൊള്ളാം, തയാറായതിനൊരുതുറയു,-
ണ്ടേകനാകാത്തതിങ്കൽ
കൂടിത്തമ്മിൽ തുണയ്ക്കാ, മതിനുമൊരുവകു-
പ്പുണ്ടു; നിങ്ങൾക്കുകഷ്ട-
പ്പാടിന്നെന്തുള്ളു? മൂലംനൃപതി കൃഷകരേ!
പാരിടപ്പാരിജാതം       ൨൯

[ 13 ]

ബമ്പാക്കല്ലുപ്പു ബർമ്മാപ്പടവരിയിവത-
ന്നാഗമം സമ്പ്രതീക്ഷി-
ച്ചെമ്പാടും പൗരർ നില്പാനിനിയുമിടവരൊ-
ല്ലെന്നു ചിന്തിച്ചു മേന്മേൽ
തൻപാരിൽത്തന്നെ രണ്ടും വിളവതിനു തരം
നൽകി നൽക്കീർത്തിപൂരം
സമ്പാദിപ്പാനുമിക്ഷ്മാശശി സതതകൃപാ-
സാഗരൻ ജാഗരൂകൻ       ൩൦

നാടന്മട്ടുള്ള തായോരുഴവു വിത വളം-
ചേർക്കലിച്ചൊന്നതൊന്നും
വേടർക്കും വേണ്ട; മാടും പുതിയ കൃഷിപരി-
ഷ്കാരസാരം ഗ്രഹിപ്പൂ;
ആടൽപ്പാടല്പമെന്തെന്നറിവതിനിടയാ-
കാതെ നിർബാധമെന്നും
പാടം പച്ചപ്പടത്തെപ്പരിചൊടണിവതി-
പ്പാർത്ഥിവേന്ദ്രപ്രഭാവം       ൩൧

മാനും മുട്ടിക്കിടക്കും മലയുടെ മുകളും
കർണ്ണധാരർക്കശേഷം
മാനം മുട്ടിക്കുമോരോ കടലൊടു കിടയാം
കായലും മിക്കവാറും
ആനന്ദത്തോടു നെല്ലിൻകതിരുമതിരുവി-
ട്ടന്യധാന്യങ്ങളും പൂ-
ണ്ടൂനംവിട്ടൂഴിമാതിന്നുദയമുയരുമാ-
റുന്നമുച്ചുല്ലസിപ്പൂ       ൩൨

[ 14 ]

മാനിൻകൂട്ടങ്ങൾമാഴ്കും നിലയിലലറിടും
വ്യാഘ്രപാളിക്കു വായ്പോ-
രാനിർബാധാടനത്തിന്നലഘുപദവിയാം
വൻകൊടുങ്കാടശേഷം
വാനിൻമട്ടായതിങ്കൽപ്പൂതിയതെയിലയും
റബ്ബറും നില്പതാരും
മാനിപ്പോരി മഹീഭൃന്മണിയുടെ മഹിമ-
പ്പെട്ട മാഹേന്ദ്രജാലം.       ൩൩

കോലംപോത്തച്ഛഭല്ലം കരി പുലി കടുവാ-
തൊട്ടഹിംസ്രങ്ങളാലും
കാലക്കേടിന്നു പാറുന്നൊരു പനിമുതലാം
ഘോരരോഗങ്ങളാലും
ഏലക്കാർക്കുള്ള മാലോർത്തവരുടെ വലുതാം
പാരതന്ത്ര്യദ്രൂമത്തിൻ
മൂലംമുറ്റുംമുറിച്ചൂ മുദിതഹൃദയനാം
മൂലകക്ഷ്മാലലാമം.       ൩൪

ആതുംഗാഭോഗവത്താമരിയചിറചമ-
ച്ചത്ഭുതം കോതയാറ്റിൽ-
സ്സേതുക്കെട്ടാലതിൻ നീർ ശരിവരെയുമട-
ച്ചെത്രയോകുല്യവെട്ടി
ഏതുംകൂസാതെ നാട്ടാർക്കലഘുജലസുഖം
ചേർത്തുതൻ രാജ്യരക്ഷാ-.
ചാതുർയ്യം കാട്ടുമിക്ഷ്മാവിഭു ശുഭവിഭവൻ
സ്പഷ്ടദൃഷ്ടാപടാനൻ.       ൩൫

[ 15 ]

 
വാനത്തിൽക്കാറുവർഷാസമയവുമൊഴിവായ്
വാരി ലോകർക്കു തീരെ-
പ്പാനത്തിന്നും ചുരുങ്ങിപ്പരമഹഹ! നിലം
കാഞ്ഞതാം നാഞ്ചനാട്ടിൽ
വേനൽക്കാലത്തുമോമൽക്കതിരിനരവര-
യ്ക്കാറ്റുവെള്ളത്തിൽ വായ്ക്കും
സ്നാനത്തെക്കണ്ടുമേന്മേൽ ഖരകിരണഘൃണി-
ശ്രേണി നാണിച്ചിടുന്നു.       ൩൬

താലം നിൽക്കുന്ന പൊട്ടത്തറയുമവധി വി-
ട്ടമ്പുമംഭസ്സുതിങ്ങി-
ക്കൂലംപൊട്ടുന്ന മുട്ടങ്കുളവുമരിമയിൽ-
ത്തെക്കരാം നെൽക്കൃഷിക്കാർ
ലേലത്തിൽക്കൊണ്ടതെല്ലാം ഝടിതി കൃഷികലാ-
പാത്രമാം ക്ഷേത്രമാക്കി-
ക്കാലം തെറ്റാതെ തീറായ്ക്കമലയുടെ കടാ-
ക്ഷങ്ങൾ വാങ്ങിച്ചിടുന്നു       ൩൭

പാരം ചേറുള്ള കായൽക്കരിനിരകൾ പതി-
പ്പിച്ചു പാടേനികത്തി-
പ്പൗരന്മാർ നേരെയാക്കും പരിമൃദുലരുചി-
ക്കോപ്പണിത്തോപ്പിലെല്ലാം
കേരക്കൂട്ടങ്ങൾ നില്പുണ്ടലഘുഫലഭരം
തിങ്ങിവിങ്ങിത്തിളങ്ങി
സ്ഫാരശ്രീപാരിജാതപ്രകരപരിചിത-
പ്രൗഢിനാഡിന്ധമങ്ങൾ       ൩൮

[ 16 ]

ധാരാളം തീയെരിച്ചും തരുനിരയെ നശി-
പ്പിച്ചമിച്ഛാനുകൂലം
തീരാതുള്ളോരു താപം ജനതതിയടവീ-
ദേവിയാൾക്കേകിയപ്പോൾ
ആരാജാധീനയായോരബലയെയഭിര-
ക്ഷിച്ച മൂലർക്ഷജതൻ
പേരാളും ക്ഷാത്രതേജോബലമഖിലജഗ-
ജ്ജിത്വരം ചിത്തരമ്യം.       ൩൯

തൻ ചാരത്താർന്ന ദാവാനലശിഖയിലക-
പ്പെട്ടു ഭ്രരുട്ടശേഷം
വെൺചാമ്പൽ പ്രായമായിത്തൃണഗണവുമിണ-
ങ്ങാത്ത വൻകാട്ടിനുള്ളിൽ
സഞ്ചാരംചെയ്തു തേക്കും മലയജതരുവും
നട്ടു പുഷ്ടിപ്പെടുത്തി-
സ്സഞ്ചയക്കാർ വനശ്രീസുഷമയുടെ വള-
ച്ചയ്ക്കു ലാക്കേകിടുന്നു.       ൪൦

കാണപ്പാട്ടക്രമത്തിൽക്കലരുമൊരുകണ-
ക്കറ്റ തക്കങ്ങൾ കേറി-
ക്ഷീണത്വം ജന്മിമാർക്കും പലപടി കുടിയാ-
ന്മാർക്കുമുണ്ടാക്കിടുമ്പോൾ
ത്രാണത്തിന്നൊത്തചട്ടം സമിതിവഴിചമ-
ച്ചോരു വാരാശികാഞ്ചീ-
പ്രാണപ്രേഷ്ഠപ്രവേകൻ പരിഹസിതസുരാ-
ചാർയ്യചാതുർയ്യധുർയ്യൻ.       ൪൧

[ 17 ]

നായന്മാർക്കുള്ള വൈവാഹികവിധി നിയമ-
ത്തിന്നു കീഴ്പ്പെട്ടതാക്കി-
ശ്രേയസ്സാല്പ്രജാളിക്കഭിനവനിലയിൽ-
ച്ചേർത്തു സന്തൃപ്തിനൽകി
ആയംകൂടുന്ന മേധാബലമെഴുമവനീ-
പാലകൻ മൂലകൻ തൽ-
സ്ഫായൽസൽക്കീർത്തിവീരുൽപ്രസവപരിമളം
പാരിടത്തിൽപ്പരത്തി       ൭൨

ഏവം ക്രിസ്ത്യാനിമാർക്കും പലവിധമവകാ-
ശത്തിൽ മെത്തുന്ന തർക്കം
ധീവമ്പേറുന്ന മൂലർക്ഷജനൃപതിധരി-
ച്ചക്കുഴപ്പക്കൊഴുപ്പാൽ
വൈവശ്യം നേരിടായ്‌വാൻ നിയമമരുളിയ-
സ്സൽപ്രജാസഞ്ചയത്തിൻ
കൈവല്യം കൈവളർക്കുന്നിതു ഘനകരുണാ-
കഞ്ജമഞ്ജൂദ്വിരേഫം       ൭൩

ശ്രീതിങ്ങിപ്പൊങ്ങിമേന്മേൽ ശ്രിതസുജനമന-
സ്താപനിർവ്വാപമേകി-
ഖ്യാതിപ്രത്യഗ്രസമ്പത്തുടയ തിരുവിതാ-
ങ്കോട്ടിലെക്കോട്ടിലെങ്ങും
കാതിൽപ്പോലും ശ്രവിപ്പാൻ പണി കലിതുടരും
കന്മഷങ്ങൾക്കു; നിത്യം
നീതിക്കുൽകൃഷ്ടജൈത്രോത്സവമവിടെ നട-
ക്കുന്നു നിർബാധമായി.       ൭൪

[ 18 ]

ഘോരാകാരം നിനച്ചാൽക്കൊടിയ നരകവും
കുമ്പിടത്തക്ക ഭൂഭൃൽ-
കാരാഗാരം തദന്തസ്ഥിതഖലതതിയെ-
സ്സൽപ്പഥത്തിൽപ്പുലർത്തി
സാരാസാരജ്ഞരാക്കുന്നതിനു സതതമി-
സ്സാധുലോകാനുകമ്പാ-
പാരാവാരം പ്രയത്നിപ്പതു ഫലപടലീ-
പൂർണ്ണമായ്ത്തീർന്നിടുന്നു       ൪൫

ആരാനും ബാല്യകാലത്തഘമെഴുകിലതിൻ
ഹേതു മാതാപിതാക്ക-
ന്മാരാണെന്നോർത്തു കാരാഗൃഹവസതി കനി-
ഞ്ഞക്കുമാരർക്കു മാറ്റി
നേരായുള്ളോരു വിദ്യാപദവിയിൽ നെടുനാൾ
സ്വൈരസഞ്ചാരയോഗം
ധാരാളം നൽകുവോരിദ്ധരണികുലിശഭൃ-
ദ്വർയ്യനാചർയ്യചർയ്യൻ       ൪൬

മഞ്ചാടിക്കൊത്തകാർയ്യം മലയിലധികമായ്
മാറുമാറോടി വക്കീൽ-
തഞ്ചാരത്തെത്തി രാവുംപകലുമനുദിനം
നമ്പരെന്നമ്പരന്നോർ
പഞ്ചായത്തേർപ്പെടുത്തിപ്പരിചൊടിളഭരി-
ക്കുന്നൊരിമ്മന്നനാൽത്താൻ
നെഞ്ചാടീടാതെ നേടുന്നതു നിരുപമമാം
നിത്യസൌഹിത്യസൌഖ്യം       ൪൭

[ 19 ]

കാന്താരങ്ങൾക്കു ഘണ്ടാപഥപദമനിശം
കൈവളർത്തി ക്ഷണത്തിൽ-
പ്രാന്താലംകാരമാകും പല പുതിയതരം
പാത വെട്ടിച്ചു പാരിൽ
താൻതാൻ സന്മാർഗ്ഗബോധം സതതമഖിലലോ-
കത്തിനും ചേർത്തു നിത്യ-
സ്വാന്താനന്ദത്തെ നൽകുന്നിതു സുജനശുഭ-
സ്തോമദൻ ഭൂമഹേന്ദ്രൻ        ൪൮

കാട്ടാനയ്ക്കും കടക്കുന്നതിനു കഴിവക-
ന്നർക്കരശ്മിക്കു പാദം
നാട്ടാൻ പോലും പ്രയാസം തടവുമടവിയിൽ-
ത്തുംഗശൃംഗാടകങ്ങൾ
കേട്ടാലാശ്ചര്യമേറും വിധമവധിവെടി-
ഞ്ഞുണ്ടവയ്ക്കുള്ളിൽ മേന്മേൽ
മോട്ടോറോടിപ്പു മൂലംനൃപനുടെകൃപയാ-
ലെപ്പൊഴും തൽപ്രജൌഘം       ൪൯

ശൈലപ്രസ്ഥത്തിൽനിന്നും ഝടിതി പടുതര-
പ്രൗഢികൈക്കൊണ്ടു ചാടി-
കൂലംകുത്തിക്കുതിക്കും കുടിലതടിനികൾ-
ക്കുള്ള കോലാഹലത്തിൽ
ആലംബംവിട്ടുകേഴും ജനതയുടെ ഹിത-
ത്തിന്നു നന്നായനേകം
പാലംകെട്ടിപ്പു മേന്മേൽപ്പരിഹസിതസരി-
ഡ്ഡാമരൻ രാമരാജൻ        ൫൦

[ 20 ]

കോളല്പം കൊണ്ടിടുമ്പോൾക്കൊടിയ വടിവെഴും
കൊച്ചുപാഥോധിയിൽപ്പെ-
ട്ടോളപ്പാത്തിക്കകത്തായൊരു ഞൊടിയിൽ മറി-
ഞ്ഞോടി താണീടുമെന്നായ്
ക്ഷ്വേളഗ്രീവന്റെ ഭക്തർക്കണിമണി കരുതി-
ക്കോട്ടയംതൊട്ടു വയ്ക്ക-
ത്തോളം ലോകർക്കു പോകുന്നതിനൊരു ശുഭമാം
തോടു മുത്തോടു തീർത്തു       ൫൧

ദ്യോവിൽ കൈകേറിനിൽകും തിരയിൽ മറിയുമ-
ക്കായൽകണ്ടാലജസ്രം
വാവിട്ടോരോ വിലാപത്തിനു വശഗതരാം
വഞ്ചിസാമ്യാത്രികന്മാർ
ആവിബ്ബോട്ടിന്നകമ്പുക്കതിനെയപഹസി-
ക്കുന്നു തന്നൃത്തലീലാ-
വൈവിദ്ധ്യത്തിൽപ്പിഴയ്ക്കും നടനെ വിരുതരാം
പ്രേക്ഷകശ്രേഷ്ഠർപോലെ       ൫൨

ഈവമ്പേറും നവീനക്ഷിതിരമണനിത-
ത്തിന്നു ചെങ്കോട്ട-കൊല്ലം
തീവണ്ടിപ്പാതയെന്നുള്ളകൊഴുകുമര-
പ്പട്ടതീർത്തിട്ടമൂലം
ശ്രീവഞ്ചിക്ഷ്മാമഹോളാമണിയുടെ തിരുമെയ്-
തന്നിൽ മിന്നിത്തിളങ്ങും
ലാവണ്യത്തിൻപുകൾപ്പൂമ്പരിമളപരിപാ-
കത്തെ വാഴ്ത്താൻ പ്രയാസം       ൫൩

[ 21 ]

വാനസ്പത്യങ്ങൾ വാനംവരെ വളരുവതിൻ
വൻപെഴും പാർശ്വദേശം
ഗാനത്താൽപ്പൂതമാക്കും കിളികളുടെ കളി-
ക്കൊഞ്ചൽതഞ്ചും വനത്തെ
മാനത്തിൽക്കണ്ടു മർത്യാവലി മഹിതമഹാ-
നന്ദപർയൂഷയൂഷം
പാനംചെയ്യുന്നതാമാപ്പദവിയുടെപൃഥു-
ഖ്യാതി വിശ്വാതിശായി       ൫൪

മാനം പണ്ടേയ്ക്കുംപണ്ടേ പതഗപതിഗതി-
ക്കുള്ളിതില്ലാതെയാക്കി-
ത്താനത്യന്തം സുദൂരം സവിധമിവയിലു-
ള്ളർത്ഥഭേദത്തെ നീക്കി
ഈ നമ്മെക്കൂപഭേകസ്ഥിതിയിനിയുമിയ-
ന്നിൻഡ്യ കാണാതിരിപ്പാൻ
സ്യാനന്ദൂരത്തിലേക്കശ്ശകടസൃതികട-
ക്കുന്നു സാടോപമിപ്പോൾ       ൫൫

മൂലക്ഷ്മാപാലനാലപ്പുഴയിലധികമാ-
യാഴിതന്നുള്ളിൽ നീട്ടി-
പ്പാലംകെട്ടി പ്രശസ്യസ്ഥിതിയിൽ വണിജരെ-
പ്പാലനംചെയ്കമൂലം
ശ്രീലക്ഷീദേവിയാൾതൻനയനചലനമാം
ലോലലേലംബലീല-
യ്ക്കാലംബസ്ഥാനമായത്തുറമുഖമെവനും
ദൃഷ്ടിസന്തുഷ്ടിചേർപ്പൂ.       ൫൬

[ 22 ]

പാരാതീവഞ്ചിയെങ്ങും പ്രചുരതരശുഭൈ-
കാസ്പദാസ്പത്രി വായ്പി-
പ്പോരാ ശ്രീരാമവർമ്മാഭിധയിൽ വിദിതമാം
ദിവ്യപഞ്ചാക്ഷരത്തെ
നേരായിക്കേട്ടു ഞെട്ടും മനമൊടു സതതോ-
ച്ചാപലോച്ചാടനത്ത്-
ന്നാരാൽ പാത്രീഭവിപ്പൂ ഹരി! ഹരി! വിവിദ-
വ്യാധിചാതുർദ്ദശങ്ങൾ       ൫൭

ആയുർവ്വേദാഖ്യകോലും വിടപി, കടപുഴ-
ക്കുന്നതിന്നാഞ്ഞുചുറ്റി-
പ്പായും പാശ്ചാത്യവൈദ്യപ്പുഴയിലെഴുമൊഴു-
ക്കുത്തിലുദ്യൽപ്രകമ്പം
കായും ഹൃത്തോടു നിൽക്കുന്നളവതിനെ മനം-
വച്ചുറപ്പിച്ചു മേന്മേൽ-
ക്കായും പൂവും കലർത്തിക്കനിവൊടു പരിപാ-
ലിച്ചു മൂലക്ഷിതീശൻ       ൫൮

പൗരാശ്രേഷ്ഠർക്കു പാരം നിജനഗരപരി-
ഷ്കാരധൗരേയഭാവം
ചേരത്തക്കോരു ചട്ടം ശരിവരെയരുളി-
ത്തത്സഭാംഗങ്ങളാവാൻ
ആരംഭിക്കും ജനങ്ങൾക്കതിനെയനുവദി-
ക്കുന്ന ഗണ്യാധികാരം
സ്ത്രീരത്നങ്ങൾക്കുമേകീ നിശിതമതി ജഗ-
ദ്രക്ഷിവഞ്ചിക്ഷിതീന്ദ്രൻ       ൫൯

[ 23 ]

താരുണ്ണിത്തമ്പുരാൻതൻ സരസരസനയെ-
സ്സാരമില്ലെന്നു തള്ളി-
പ്പോരും വാഗ്ദേവതയ്ക്കുള്ളൊരു പുതുനടനം
നൂനമീനാട്ടിലെന്നാൽ
ഓരുമ്പോളായതസ്മച്ഛശിവിശദയശോ-
രാശിപൃഥ്വീശിതാവിൻ
കാരുണ്യോദ്യൽകടാക്ഷാഞ്ചലചലനകലാ-
ചാതരീസാധുരീതി       ൬൦

വേണാടേ! നിന്നിലോർത്താൽ വെറുമിരുപതിനാ-
റാണ്ടുകൊണ്ടെത്രമാത്രം
ചേണാർന്നീടുന്ന വിദ്യാലയപഠനഗതി-
ക്കന്തരം ഹന്ത! വന്നു!
നീണാളജ്ഞാനമാർന്നുള്ളൊരു മുറവിളി വി-
ട്ടിദ്ദിനം വാണിമാതിൻ
വീനിക്വാണമല്ലോ ചെവിയിലമൃതു തൂ-
കുന്ന,തമ്മേ! ജയിക്കൂ.       ൬൧

എന്തായാലെന്തു? വിദ്യാഭഗവതി വിളയാടാത്ത
ദേശത്തെ മേന്മേൽ-
ച്ചെന്താർമാതെത്രമാനിക്കിലുമതൊരുമണൽ-
ക്കാട്ടിനെക്കാട്ടിൽമോശം
എൻതായേ! വഞ്ചി! മറ്റുള്ളവ വരികിൽ വരും
പോകുകിൽപ്പോകുമീ നിൻ
സന്താനങ്ങൾക്കു സാരസ്വതഘൃണയരുളും
സന്തതാന്തഃപ്രമോദം       ൬൨

[ 24 ]

ഈനൽക്ഷ്മാപന്റെ രക്ഷാചതുരതയിലിളാ-
ദീപമായ് പ്രോല്ലസിക്കും
സ്യാനന്ദൂരസ്ഥഹൗണിപഠനകൃതമഹാ
പാഠശാലേ! വിശാലേ!
ഞാനങ്ങേപ്പുത്രനല്ലേ? ജനനി! ഭവതിതൻ
കീർത്തിസമ്പൂർത്തിവാഴ്ത്തി-
ഗ്ഗാനംചെയ്യട്ടെമറ്റുള്ളവർ; തനയർ ഭവൽ-
ഭക്തിസംരുദ്ധകണ്ഠർ!       ൬൩

ഊനംകൈവിട്ടുപായസ്ഥിതിയുടയകുടും-
ബത്തിലുള്ളോരുമാർക്കും
മാനംനൽകുന്നഹൗണീഭഗവതിയെയുപാ-
സിച്ചു മേന്മേൽസുഖിപ്പാൻ
താനമ്പോടിക്ഷമാഭൃത്തരുളി വിലസിടും
തുംഗചൈത്യങ്ങളെല്ലാം
നൂനം നീരന്ധ്രജാഡ്യദ്വിരദഹതിസമുൽ-
ക്കണ്ഠകണ്ഠീരവങ്ങൾ.       ൬൪

ആലംബംചെറ്റുകൈവിട്ടധികമവശയാ-
യാകുലപ്പെട്ടുമുറ്റും
ബാലപ്രായത്തിൽമാഴ്കുന്നൊരു വരതനുവാം
വാരൊളിക്കൈരളിക്കും
കാലംതെറ്റാതെ ശാലാസമുദയമരുളി-
ക്കാത്തുപോരുന്നൊരിക്ഷ്മാ-
പാലൻ പ്രാചീനബർഹിസ്സൊടു പടതുടരും
പ്രാഭവാഭോഗശാലി       ൬൫

[ 25 ]

സത്തോദത്തെശ്ശമിപ്പിപ്പതിനനവരതം
സജ്ജനാമിജ്ജനേശൻ
തത്തോകംപോലെ പാലിപ്പളവഴകുമല-
ങ്കാരവും പാരമേന്തി
ഹൃത്തോഷത്തോറ്റുമേളിപ്പതിനിടവരുമി-
ക്കൈരളിത്തയ്യലാളിൻ
നൃത്തോദ്യൽകങ്കണാളീകലിതകളകളം
കാട്ടിലും കേട്ടിടുന്നു.       ൬൬

വണ്ടാർപൂവേനിമാർക്കും വലിയനിലയിലായ്
വാണിയിൽ ഭക്തിസമ്പ-
ത്തുണ്ടാകുംമാറുവിദ്യാനിലയനിരയുദി-
പ്പിച്ചുതൻനാട്ടിലെങ്ങും
പണ്ടാരുംതന്നെനേടാത്തൊരുസുകൃതമൊടൊ-
ത്തമ്പുമിത്തമ്പുരാൻതാൻ
കൊണ്ടാടത്തക്കകീർത്തിച്ഛട വിബുധസരി-
ദ്വീചിസദ്ധ്രീചിതന്നെ       ൬൭

ക്ഷോനിക്കുത്തംസമാമിശ്ശുഭചരിതനിളാ-
ജാനി ശുശ്രൂഷയിങ്കൽ-
ക്കാണിക്കും ഭക്തിമൂലം കലിതകുതുകയായ്-
ത്തന്നിശാന്താന്തികത്തിൽ
പ്രീണിക്കും മാനസത്തോടനുദിനമഭിശോ-
ഭിപ്പു നിശ്ശേഷഭാഷാ-
ശ്രേണിക്കും റാണി, രത്നാഭരണഗണരണൽ-
പാണി, ഗീർവ്വാണവാണി       ൬൮

[ 26 ]

കാണിക്കും ജീവിതായോധനഭുവി കദന-
ത്തിന്റെ കാറ്റേശിടായ്‌വാൻ
വാണിജ്യത്തിൽക്കരുത്തും പലതൊഴിലുകളിൽ-
ക്കെല്പുമുല്പന്നമാക്കി
ക്ഷോണിക്കുൽക്കർഷമേകുന്നൊരു വിവിധകലാ-
മന്ദിരം വഞ്ചിഭൂഷാ-
മാണിക്യം തീർത്തു മാഹാത്മികമതി മഹിത-
ഖ്യാതിതൻ സൂതിഗേഹം       ൬൯

പൂവാളും വേണിമാരും പുരുഷരുമൊരുപോൽ-
പ്പൂർണ്ണവൈദുഷ്യമേന്തി-
ദ്ദൈവാധീന്യത്തെ നേടുന്നതിനു പലകലാ-
ധാമമക്ഷാമമേവം
ശ്രീവായ്ക്കും വഞ്ചിനാട്ടിൽ ശ്രിതസുരതരുവാ-
മീനൃപൻ തീർക്കയാലി-
ക്ഷ്മാവാസ്തവ്യർക്കിദാനീം വസുനിര നറുനെയ്
വിദ്യ ഹൈയംഗവീനം       ൭൦

ഹന്താനന്താഭകോലും പ്രതനവിബുധർതൻ
ഗ്രന്ഥസംബന്ധിയാകും
ചിന്താസന്താനമെല്ലാം ശിവശിവ! ചിതലും
പാറ്റയും തീറ്റയാക്കി!
എന്താവോ കഷ്ടമെന്നോർത്തവയുടെ നിഖിലോ-
ദ്ധാരമീരാമരാജൻ
തൻതാദൃൿപ്രാതിഭത്തിൻപ്രചുരതയിലിയ-
റ്റിച്ചു ധർമ്മിഷ്ഠമൌലി       ൭൧

[ 27 ]

മുമ്പേതൊട്ടുള്ള വഞ്ചിക്ഷിതിയുടെ ചരിതം
ഗൂഢമായ്‌വച്ചുപൂട്ടും
ചെമ്പേടും കല്ലുമെങ്ങും ചിതമൊടതു തുറ-
ന്നേകി നമ്മൾക്കു മേന്മേൽ
വൻപേരുണ്ടാവതിന്നായ് വടിവിലൊരു വകു-
പ്പുത്ഭവിപ്പിച്ചു വാണി-
ക്കൻപേറും ധന്യനാമീയവനികുമുദിനീ-
കാമിനീയാമിനീശൻ       ൭൨

ദേവസ്വങ്ങൾക്കുവായ്ക്കും വിറകരി നറുനെ-
യ്യെണ്ണതൊട്ടുള്ളതെല്ലാ-
മാവശ്യംപോലെതിന്നും ഖലഖനകനിര-
യ്ക്കന്തമത്യന്തമേകി
ആ വൽഗുസ്ഥാപനങ്ങൾക്കലഘുതരപരി-
ഷ്കാരമുണ്ടാക്കുവോരി-
ബ്ഭൂവല്ലീപാദപത്തിൻകഥ പുളകമുദി-
പ്പിപ്പു കേൾപ്പോർക്കശേഷം       ൭൩

കാലിക്കുംതാഴെയായിക്കടതെരുവുകളിൽ-
ക്കാലുകുത്താതെ പാരം
മാലിൽപ്പെട്ടമ്പരക്കും പറയർ, പുലയർതൊ-
ട്ടുള്ള സാധുക്കളേയും
മാലിന്യംവിട്ടു പൌരപ്രതിനിധിസഭതൻ-
മാംസളാംഗങ്ങളാക്കി-
പ്പോരിന്നൃപൻതന്മതി പതിത-
സമുദ്ധാരദീക്ഷാരസാർദ്രം       ൭൪

[ 28 ]

ഈമട്ടോരോന്നു ഞാനീയവനനവകലാ-
മർമ്മവിൽകർമ്മവൃത്ത-
ഗ്രാമംവർണ്ണിച്ചു നിന്നാലതിനൊരവധിയി-
ല്ലൊറ്റവാക്കിൽക്കഥിക്കാം
ഈമന്നൻതങുണൌഘം നിഖിലവസുമതീ-
പാലജാലാവലേപ-
സ്തോമാപ്രാദ്യൽസരോജാകരനികരഖിലീ-
കാരനീഹാരപൂരം       ൭൫

ഭേദംകൂടാതെ സർവ്വപ്രജകളെയുമൊരേ-
മട്ടു സൌരാജ്യസമ്പൽ-
സ്വാദന്യൂനം ഭുജിപ്പിച്ചലിവിൽ വിലസുമീ-
നന്മഹീശൻ മനീഷി
മോദംകൈകൊണ്ടു രക്ഷാവിധിയിൽ മഹിതമാം
മൈഥിലീനാഥലീലാ-
വൈദഗ്ധ്യം കൈവളർക്കും വിരുതുകൾ ജഗതീ-
ലോചനാസേചനങ്ങൾ       ൭൬

ദാസീഭാവംവഹിപ്പോരവനകലയൊടും
ദാനധർമ്മാഗമത്തിൻ
നാസീരത്തിൽഗമിക്കും നരപരിവൃഢർതൻ-
നായകസ്ഥാനമോടും
ജീ.സീ.യെസ്സൈതുടങ്ങിപ്പലവിരുതുകളാ-
ർന്നുല്ലസിക്കുന്നൊരിന്നൽ-
ഭൂസീമന്തൈകഭൂഷാമണി ഭുവനനഭ-
സ്സിന്നു പൂർണ്ണേന്ദുതന്നെ       ൭൭

[ 29 ]

ശൈലാലിപ്രായമെന്നും മിഴിയുമകമലർ-
ക്കാമ്പുമൊന്നാം പുമർത്ഥ-
പ്പാലാഴിപ്പള്ളിവെള്ളത്തിരകളില്വിഹരി-
പ്പോരു ശുഭ്രോരുകീർത്തി
നീലാംഭോദാഭനീലാധവപദകമലാ-
ലംബി ഭൂപാലമാലാ-
ലീലാലങ്കാരമസ്മദ്വിഭു ദൃഢമവനീ-
ശാർവ്വരീപാർവ്വണേന്ദു       ൭൮

ആനന്ദം പൂണ്ടു പത്മാസഹചരചരണ-
ത്താമരത്തൂമലർത്തേൻ
പാനം ചെയ്‌വാൻകളിച്ചാർത്തിളകിന വരിവ-
ണ്ടിണ്ടകണ്ടിണ്ടലെന്ന്യേ
താനമ്പിൽച്ചേർത്തു ചൂഡാതടിയിലണിയുമി-
ത്തമ്പുരാൻതന്നെ പാരിൽ
ദീനവ്രാതാർത്തിദാവാനലവിദലനകൃ-
ത്തായ പീയുഷമേഘം.        ൭൯

ഭൂരക്ഷാധൂരർയ്യനാമിപ്പുരുഷമണി തുണ-
യ്‌വോർക്കെഴുംവാസ്തു കണ്ടാൽ
ഹേരംബസ്വാമി മൃഷ്ടാശനസുഖമുളവാ-
മെന്നു തന്നുള്ളിലോർക്കും
സ്വൈരം ദുഗ്ദ്ധാബ്ധികന്യാഭഗവതി വിഗളൽ-
കമ്പയാം ശമ്പയാവാ-
നാരംഭിക്കും; വിശങ്കം പുരരിപ് കുലവി-
ല്ലാക്കുവാൻ ലാക്കുവയ്ക്കും       ൮൦

[ 30 ]

ശ്രീവാഴും മാറിടത്താൽ ഭൃഗുവിനുടെ ചവി-
ട്ടേറ്റ ദൈത്യാരിപോലും
സേവാവൃത്തിക്കുകൂടി ക്ഷമ സപദി പഠി-
ക്കുന്നൊരിത്തമ്പുരാനേ
ഭൂവാകെസ്സംഹരിപ്പാൻ കരുതിന ഭഗവാൻ
രുദ്രനാചാര്യനാക്കി-
പ്പോവാമെന്നാൽ ജഗത്തിന്നവസിതി വിലയ-
ത്തിങ്കലുണ്ടാവതല്ല       ൮൧

കാമക്കാക്കാൻ കഴുത്തിൽ കലിതധൃതി കുരു-
ക്കിട്ടു കണ്ടേടമെല്ലാം
കാമംപോൽ കൊണ്ടുചെന്നും കളിപലതുകളി-
പ്പിച്ചുമച്ഛിന്നഗർവ്വം
ഹാ! മർദ്ദിക്കും കുരങ്ങിൻ നിരയപരനൃപ-
ശ്രേണി,യിക്ഷോണിലക്ഷ്മീ-
ധാമം രണ്ടാംവിദേഹപ്രഭു വിദിതപര-
ബ്രഹ്മസബ്രഹ്മചാരി       ൮൨

സ്ഥൂലാഹങ്കാരമോടും വിമതജനതയെ-
ത്തൽഭുജോദ്യൽപ്രതാപ-
ജ്വാലാജാലത്തിലാക്കിശ്ശലഭനിലകല-
ർത്തുന്നു മറ്റുള്ളനമ്മർ
ആലാക്കിൽ ശത്രുനാമശ്രുതിയുമകലൗമി-
പ്പുണ്യവാൻതൻയശസ്സിൻ
ലീലാങ്കൂരങ്ങൾ രാകാശിശിരകതിര-
സ്കാരപാരംഗതങ്ങൾ       ൮൩

[ 31 ]

മുറ്റും ഷഡ്വർഗ്ഗഹാലാഹലജലനിധിയിൽ-
പ്പെട്ടു വട്ടംകറങ്ങും
മറ്റുർവ്വീപാലരെക്കണ്ടുലകിലെവിടെയും
വൻകൊടുംകാറ്റുപോലേ
ചെറ്റുംകൂസാതെപായും കലിയുടെ കലികൊ-
ണ്ടുള്ള തുള്ളൽത്തിരക്കിൽ-
ച്ചുറ്റും ധർമ്മാഖ്യകോലും തരുവിനൊരുവനീ-
മൂലകൻ മൂലകന്ദം       ൮൪

നിർമ്മർയ്യാദം നിരാലംബനനൃവരനിരാ-
സത്തിനുദ്യുക്തനാകും
ശർമ്മണ്യക്ഷോണിമാതിൻ ശമലമുടലെഴും
വേനനെദ്ദീനനാക്കി
ശർമ്മം ലോകത്തിനേകുന്നതിനു പരികരം-
കെട്ടി മുന്നിട്ടുനിൽക്കും
ധർമ്മജ്ഞൻ ജാർജ്ജുമന്നന്നൊരു പഴയപുറം-
പ്രാണനീ മാനനീയൻ       ൮൫

പോരാടിപ്പിൻതിരിഞ്ഞും, നടുവിലിളകിയും
തവ്വുകണ്ടാദരിച്ചും
വാരാളും മൈത്രിയുണ്ടോവരുവ,തുലകിതിൻ
താങ്ങലായാംഗലേയർ
തീരാൻ ലക്ഷ്യംചുരുങ്ങുന്നളവു തിരുവിതാ-
ങ്കൂറു മുങ്കൂറു കേറി-
ദ്ധാരാളംനൽകിയല്ലോ തുണ,യതിൽവളരും
മൈത്രിയേ മൈത്രിയാവൂ       ൮൬

[ 32 ]

പേരിന്നായിട്ടു കാട്ടും നടപടിമുഴുവൻ
സാർവ്വഭൗമർക്കുപോലും
പേരിന്നായ്ത്തീരു,മസ്മൽക്ഷിതിപതി തുടരും
ശുദ്ധനിഷ്കാമകർമ്മം
ഭൂരിഖ്യാതിക്കു വിത്തുംവളവുമുദകവും ചേർപ്പു;
സൂക്ഷ്മം നിനച്ചാൽ
പാരിൽ സ്വച്ഛന്ദചാരം പുക,ളതിൽവെറുതേ
വാരണപ്രേരണങ്ങൾ       ൮൭

കാമം വേണിക്കു മുല്ലപ്പുതുമലർ;നയന-
ത്തിന്നു കർപ്പൂര,മാത്ത-
പ്രേമം ചുണ്ടിന്നിളംപുഞ്ചിരി; രുചിരഗള-
ത്തിന്നു മുക്താകലാപം;
ഓമൽക്കാതിന്നുശീമക്കമലമണിമയ-
ക്കമ്മൽ;മേനിക്കു വെൺപ-
ട്ടീമട്ടാശാവധുക്കൾക്കരിയ നൃപയശ-
സ്സേതിനാവാതെയില്ല!       ൮൮

സ്തോകമ്മ്ശബ്ദാർത്ഥകോശം; ബഹുവിരളമല-
ങ്കാര,മത്യന്തതുച്ഛം
പാകം; ശൂന്യംഗുണൌഘം; ധ്വനിയുടെകഥയോ
ചൊല്ലിടാനില്ല,യെന്നായ്
നാകസ്ത്രീസഞ്ചയത്തിൻനടുവിൽ നളിനജ-
സ്വാമിദാരങ്ങൾപോലും
മൂകത്വംപൂണ്ടു മൂലംനൃപനുടെ വിലസൽ-
കീർത്തി വാഴ്ത്തുന്നതില്ല       ൮൯

[ 33 ]

സൌഗമ്യംപൂണ്ട സാരസ്വതരസനയിലും
ഗാനതാനപ്രദാന-
പ്രാഗത്ഭ്യംസ്തോകമാമീവിഷയമധികരി-
ച്ചാശപോലാലപിപ്പാൻ
രാഗജ്ഞൻപാരിലില്ലെന്നറികിലുമിഹഞാൻ
പണ്ഡിതന്മാർക്കു കർണ്ണോ-
ദ്വേഗംനൽകുന്നു നിർല്ലജ്ജതയുടെതുണയാ-
ലാവതും വാവദൂകൻ       ൯൦

വന്മേധാശാലിയാമീവരവിഭവനജാ-
താരി ഭൂപാരിജാതം
ചെമ്മേ പാലിച്ചു മേന്മേലുദയസമുദയം
തഞ്ചിടും വഞ്ചിനാടേ!
സമ്മേളിക്കാതെയെന്തുണ്ടൊരുശുഭമവിടെ-
യ്ക്കിന്നു സൂക്ഷ്മംനിനച്ചാ-
ലമ്മേ! ഭാവൽക്കഭാഗ്യോൽക്കരഹിമകരനി-
ത്തമ്പുരാനംബുരാശി!       ൯൧

ഇന്നാനാൽസൽഗുണങ്ങൾക്കിനിയനിലയമാം
കുംഭിനീജംഭഭേദി-
ക്കിന്നാണായുസ്സിലർദ്ധംതികയുവതു വയ-
സ്സമ്പതുംപത്തുമായി
മന്നാകെഷഷ്ടിപൂർത്തിപ്രഥിതമഹമകം-
കൊണ്ടു കൊണ്ടാടിടുന്നോ-
രിന്നാളിൻ മേന്മയോർത്താലിതുവരെയുമഹ-
സ്തലജംക്ഷുല്ലജന്മം       ൯൨

[ 34 ]

പാടട്ടേപഞ്ചമത്തിൽപ്പരഭൃതമിളമേൽ;
പാരിജാതപ്രസൂനം
പോടട്ടേ പൊൽക്കരംകൊണ്ടമരരഖിലരും
പോഷിതാശേഷതോഷം;
കൂടട്ടേ കൂത്തിനായിക്കുതുകമൊടു കുരംഗാക്ഷി-
മാരി; ഹന്ത! നാമും
നേടട്ടേ നേർന്നനേർച്ചയ്ക്കഗതികൾ നെടുനാൾ-
ക്കിപ്പുറം സൽഫലത്തേ       ൯൩

ആശാവക്ത്രംതെളിഞ്ഞും, കിളികൾ കളകളം
തേടിയും, മന്ദവാതം
വീശാനായിത്തുടർന്നും, നഗരനിരയല-
ങ്കാരമോരോന്നണിഞ്ഞും
ആശാലാഭാർണ്ണവത്തിൽ ജനമിളകിമറി-
ഞ്ഞാർത്തുമേളിച്ചുമിക്ഷ്മാ-
ധീശാഗ്ര്യന്നുല്ലസിപ്പൂ ധൃതസകലജഗ-
ത്തുഷ്ടിയാം ഷഷ്ടിപൂർത്തി       ൯൪

ലോകത്തിന്നാകമാനം ഹൃദയപദവിയിൽ
സാന്ദ്രപീയൂഷപൂരം
സേകം ചെയ്തും, കുളുർക്കെപ്പൊതുവിൽ മിഴിയി-
ണയ്ക്കഞ്ജനച്ചാർത്തണച്ചും
ആകമ്രാനന്ദബാഷ്പപ്പുഴയിലുടലുടൻ
മുക്കിയും, സൌഖ്യസമ്പൽ-
സാകല്യം കൈവളർപ്പോരനഘദിനഘടാ-
സൽപ്രഭോ! സുപ്രഭാതം       ൯൫

[ 35 ]

കാമം നീഹാരതോയപ്രമദനയനനീർ,
വെണ്മണൽപ്പുഞ്ചിരിച്ചാ,-
ർത്തോമൽസ്രക്തോരണാലംകൃതി, ബഹളമിളൽ-
പൌരരോമാഞ്ചമേവം
ശ്രീമത്താം വേഷമേന്തും തെരുവുകൾ വഴിയായ്
ഘോഷയാത്രയ്ക്കു വഞ്ചി-
ക്ഷ്മാമംഗല്യം പുറപ്പെട്ടരുളി; മിഴിയിണേ!
ഭാവുകം താവകീനം       ൯൬

മുന്നിൽക്കാണുന്നു മൂലക്ഷിതിപതിയെയിതാ-
ണിജ്ജനങ്ങൾക്കുവായ്ക്കും
കന്നിസ്സൌഭാഗ്യമൂലം; കനിവുമഴപൊഴി-
ക്കുന്ന കല്യാണമേഘം
മന്നിൻ മാണിക്യമാല്യം; മധുമഥനകഥാ-
മഞ്ജരീചഞ്ചരീകം
പൊന്നിൻപൂമേനി; വഞ്ചിക്ഷിതിയുടെ സുകൃത-
പ്പാൽക്കടൽപ്പൂർണ്ണചന്ദ്രൻ       ൯൭

കണ്ടാനന്ദിക്കൂ കണ്ണേ! കഥകളധികമായ്-
ക്കേട്ടു മോദിക്കുകാതേ!
കൊണ്ടാടിക്കൊള്ളു നാവേ! കുളിരെഴുമമൃത-
ച്ചാറ്റിൽ മജ്ജിക്കു ഹൃത്തേ!
ഉണ്ടായ് ശ്രീരാമചന്ദ്രൻ തിരുവടിയൊരുകാ-
ലത്തു; പിന്നെദ്ധരിത്രീ
കണ്ഠാലങ്കാരമായിന്നൃപനുമുദിതനായ്;
ധന്യരായന്യരാരോ?       ൯൮

[ 36 ]

പ്രാന്താഗ്രം രാജധാനിക്കുടയനിലയിൽനി-
ന്നുല്ലസിക്കും വിധത്തിൽ
താൻതാനീനാടുപാലിച്ചുലകിനനുദിനം
ചാരിതാർത്ഥ്യംവളർത്തി
സ്വാന്താനന്ദം ജനങ്ങൾക്കരുളിവിലസുമി-
സ്വാമിറ്റെപ്രേമപൂർവ്വം
നാന്തായുസ്സാക്കിടട്ടേ നളിനജനഗജാ-
നാഥനാരായണന്മാർ!       ൯൯

താനാശിക്കുന്നതെല്ലാം കരബരസമം
തീർന്നു സന്താനസമ്പ-
ത്തൂനാപേതം തഴച്ചീയുലകിനൊരു വിള-
ക്കെന്നമട്ടന്നുമെന്നും
നാനാസൌഭാഗ്യസൌഖ്യക്കടലിൽ നവയശ-
സ്സോടു മൂലോഡുജാത-
ക്ഷ്മാനാഥസ്വാമി നീന്തുന്നതിനു കനിയുമാ-
റാക നാളീകനാഭൻ!       ൧൦൦

ചേലിൽപ്പുത്രർക്കുതുല്യം സ്വപുരജനപദാ-
ഗാരരാം പേരെയെല്ലാം
പാലിക്കും മൂലവഞ്ചിക്ഷിതിസുകൃതപരീ-
പാകമാകല്പകാലം
താലിത്തങ്കപ്പതക്കപ്പടി ധരണിമഹേ-
ളയ്ക്കു മേളിയ്ക്കുവാൻ നിൻ-
കാലിക്കാണ്മോർക്കു തായേ! തുണ; കനിക മണീ-
സാനുധാനുഷ്കജായേ!       ൧൦൧


"https://ml.wikisource.org/w/index.php?title=മംഗളമഞ്ജരി&oldid=70279" എന്ന താളിൽനിന്ന് ശേഖരിച്ചത്