പുരാണകഥകൾ

(Puranakadhakal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുരാണകഥകൾ ഒന്നാം ഭാഗം

രചന:കൊട്ടാരത്തിൽ ശങ്കുണ്ണി (1949)
[ 1 ]
പുരാണകഥകൾ
ഒന്നാം ഭാഗം


ഗ്രന്ഥകർത്താവു്
പി. എസ്. സുബ്ബരാമപട്ടർ
[ 2 ]
പ്രാചീനലോകത്തിലെ
സപ്താത്ഭുതങ്ങൾ


വില 0__12__0
ഗ്രന്ഥകൎത്താവ്:__
കെ. വാസുദേവൻമൂസ്സതു്.


പ്രാചീനലോകത്തിലെ ഏഴു മഹാത്ഭുതങ്ങളുടെ ഉത്ഭവചരിത്രമാണ് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം. ഈജിപ്തിലെ പിറമിഡുകൾ, ബാബിലോണിലെ ഹാങ്ങിംഗു് ഗാർഡൻ, റൊഡേസ്സിലെ വലിയ പ്രതിമ, ദയാനയുടെ ദിവ്യക്ഷേത്രം, അൎത്തിമിഷ്യരാജ്ഞിയുടെ സ്മാരകഹൎമ്മ്യം, അലക്സാണ്ട്റിയയിലെ ദീപസ്തംഭം, സിയസ്സി പ്രതിമ എന്നീ സപ്താതുഭതങ്ങളുടെ ഉല്പത്തി, നിൎമ്മാണം, നിൎമ്മാതാവു് എന്നിവയെപ്പററിയുള്ള ജ്ഞാനം ഈ ഗ്രന്ഥപാരായണംകൊണ്ടുണ്ടാകുന്നതാണു്.


വി. സുന്ദരയ്യർ & സൺസ്.
തൃശ്ശിവപേരൂർ.
[ 3 ]
PURANIC STORIES

PART ONE
BY
P. S. SUBBARAMA PATTAR
Author of Puranic Stories Part II, III, Historical Stories, Satheecharitham, Veeracharitham &c.
EDITED BY
P. S. ANTHANTHANARAYANA SASTRY.
Sanskrit Pandit, Maharajah's College, Ernakulam.
FOURTH EDITION

പുരാണകഥകൾ
ഒന്നാം ഭാഗം

ഗ്രന്ഥകൎത്താവു്:
പി. എസ്സ്. സുബ്ബരാമപട്ടർ.
പ്രസാധകർ:
പി. എസ്സ്. അനന്തനാരായണശാസ്ത്രി.
TRICHUR,
V. SUNDRA IYER & SONS
1949/1124

Price 9 As.]Copy-Right[വില ൯ ണ
[ 5 ]
മുഖവര


കുട്ടികൾക്കു കൊടുക്കുന്ന സാധനങ്ങളുടെ ഗുണദോഷം മാത്രമേ കൊടുക്കുന്നവർ നോക്കേണ്ടതള്ളു. അവയുടെ ആസ്വാദ്യതയും അന്യഥാത്വവും അവർ തന്നത്താൻ തീർച്ചപ്പെടുത്തിക്കൊള്ളും.

സത്യം, ത്യാഗം എന്നീ ശ്രേഷ്ഠഗുണങ്ങളെ, പ്രശാന്തപ്രകൃതികളായ പശു, പ്രാവു് എന്നീ രണ്ടു പ്രാണികളുടെ പ്രവൃത്തിക്കൊണ്ടു ഉദാഹരിച്ചുകാണിക്കുന്നവയാണു് ഇതിലെ ആദ്യത്തെ രണ്ടു കഥകൾ. മൂന്നാമത്തേതിൽ, ദാനത്തിന്റെ ശ്രേഷ്ഠത ദ്രവ്യത്തിന്റെ വലുപ്പത്തെയല്ല ആശ്രയിച്ചിരിക്കുന്നതു, ദാതാവിന്റെ ശ്രദ്ധയേയും ഒത്തവസ്തുവിന്റെ ശുദ്ധിയേയും അവലംബിച്ചാണ് സ്ഥിതിചെയ്യുന്നതു് എന്ന തത്വമാണ് കാണിക്കപ്പെട്ടിട്ടുള്ളതു്. നൎമ്മത്തിന്റെ മൂലതത്വങ്ങളെ ഉപദേശിക്കുന്ന ഈ മൂന്നു കഥകളും വേദംപകുത്ത് വ്യാസമഹൎഷിയുടെ വിശ്വവാത്സല്യംനിമിത്തം ലോകത്തിന്നു ലഭിച്ചവയാണ്. അവയെ ബാലന്മാരുടെ ഗ്രഹണശക്തിക്കു പാകമാക്കി മൊഴിമാറ്റി എഴുതുവാൻ മാത്രമാണ് ഞാൻ ശ്രമിച്ചിട്ടുള്ളതു്. മൂലത്തിന്റെ മട്ടു മുഴുവനും മാററി മനോധൎമ്മം പ്രയോഗിപ്പാൻ മോഹിച്ചിട്ടുതന്നെ ഇല്ല.

കേരളത്തിലെ ചെറിയ കുട്ടികളുടെ കൊച്ചുകൈകളിൽ ലളിതമായ ഒരു കഥാപുസ്തകം കൊടുപ്പാനുള്ള കൌതുകംകൊണ്ടു രചിച്ച ഈ ചെറുകൃതി അവൎക്കു രുചിക്കുമെങ്കിൽ ഇനിയും ഇതുപോലെയുള്ള ബാലപുസ്തകങ്ങൾ എഴുതുവാൻ ഞാൻ സസന്തോഷം ഉത്സാഹിക്കുന്നതാണു്.

പി. എസ്സ്. സുബ്ബരാമപട്ടർ.



[ 6 ]
വിഷയാനുക്രമണിക

1. നന്ദാചരിത്രം......1
(പത്മപുരാണത്തിൽനിന്നെടുത്തതു്.)

2. കപോതചരിതം......23
(മഹാഭാരതത്തിൽനിന്നെടുത്തതു്.)

3. നകുലോപാഖ്യാനം......36
(മഹാഭാരതത്തിൽനിന്നെടുത്തതു്.)

· · · · ·


[ 7 ]
പുരാണകഥകൾ

(ഒന്നാം ഭാഗം)


1. നന്ദാചരിത്രം.

പുരാതനകാലത്തു ഭാരതവൎഷത്തിൽ പ്രഭഞ്ജനൻ എന്നു പ്രസിദ്ധനായ ഒരു രാജാവു് ഉണ്ടായിരുന്നു. ക്ഷത്രിയന്മാൎക്കുചിതങ്ങളായ കൃത്യങ്ങൾ വേണ്ടുംവണ്ണം നടത്തുന്നതിൽ വളരെ ശ്രദ്ധയും നിഷ്കൎഷയുമുള്ള അദ്ദേഹം നായാട്ടു മുതലായ വിനോദങ്ങളിൽ പ്രത്യേകം താത്പൎയ്യമുള്ളവനായിരുന്നു. ഒരിക്കൽ അദ്ദേഹം വലിയൊരു കാട്ടിൽ നായാടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്നു മുൻഭാഗത്തുള്ള ഒരു പൊന്തയുടെ ഉള്ളിൽ ഒരു മാൻ നില്‌ക്കുന്നതു കാണുകയും അതിനെ മൂൎച്ചയുള്ള ഒരമ്പുകൊണ്ടു മുറിപ്പെടുത്തുകയും ചെയ്തു. കുട്ടിക്കു മുലകൊടുത്തുകൊണ്ടിരുന്ന ഒരു പെണ്മാൻ വിചാരിക്കാതെയുണ്ടായ വേദനയോടുകൂടി കൃത്യാകൃത്യങ്ങൾ ആലോചിക്കാതെ അമ്പെയ്തു രാജാവിന്റെ നേരെ തിരിഞ്ഞു പറഞ്ഞു.

മാൻ__ഹേ മൂഢാ! നീ ഇപ്പോൾ എന്തൊരു ദുഷ്കൃത്യമാണു ചെയ്തതു്? ഞാൻ എന്റെ ഓമനയായ ഈ കുട്ടിയെ കുടിപ്പിക്കുവാനായി മുഖംതാഴ്ത്തി കീഴ്പോട്ടു നോക്കിക്കൊണ്ടു നിശ്ശബ്ദമായ നില്‌ക്കു

[ 8 ]

മ്പോൾ കേവലം മാസലോഭംകൊണ്ടു നീ എന്നെ മുറിപ്പെടുത്തിയതു എത്രത്തോളം ധൎമ്മമാണെന്നു നീ അറിയുന്നുണ്ടോ? നായാട്ടുഭ്രാന്തന്മാരായ നരപതികൾപോലും ഉറങ്ങിക്കിടക്കുകയോ മുലകുടിപ്പിക്കുകയോ ചെയ്യുന്ന മൃഗങ്ങളെ കൊല്ലാറില്ലെന്നു ഞാനുംകൂടി കേട്ടിട്ടുണ്ടു്. നീ കേട്ടിട്ടില്ലേ? കുട്ടിയെ കുടിപ്പിച്ചുകൊണ്ടിരുന്ന എന്നെ അമ്പെയ്തു കൊല്ലുവാൻ പുറപ്പെട്ട അവിവേകിയായ നീ മാംസഭക്ഷണംചെയ്തു ജീവിക്കുന്ന ഒരു നരിയായിത്തീൎന്നു് മുള്ളുകൾ നിറഞ്ഞ ഈ വൻകാട്ടിൽ മൃഗങ്ങളെ പിടിച്ചു തിന്നുകൊണ്ടു നടക്കും.

നിൎദ്ദോഷിയായ മാൻപേട കോപത്തോടു കൂടി ഇപ്രകാരം ശപിച്ചപ്പോൾ പ്രബുദ്ധനായ രാജാവു് തന്റെ ആലോചനക്കുറവിനെപ്പറ്റി പശ്ചാത്തപിച്ചുംകൊണ്ടു മാനിന്റെ മുമ്പിൽ ചെന്നുനിന്നു വിനയത്തോടുകൂടി പറഞ്ഞു.

രാജാവു്__ഭദ്രേ, നീ കുട്ടിക്കു മുല കൊടുത്തുംകൊണ്ടിരുന്ന വിവരം ഞാൻ അറിഞ്ഞതേയില്ല. അതുകൊണ്ടു് അറിയാതെ ചെയ്തുപോയ ഈ അപരാധത്തെ നീ സദയം ക്ഷമിച്ചു് എനിക്കു ശാപമോക്ഷം നൽകണം. നിന്റെ ഉഗ്രമായ ഈ ശാപം കൊണ്ടു് ഉടനെ ഉണ്ടാവാൻപോകുന്ന വ്യാഘ്രരൂപത്തെ വിട്ടു് എന്റെ മാനുഷമായ ഈ സ്വരൂപത്തെ പിന്നേയും പ്രാപിപ്പാൻ എനിക്കു് എപ്പോൾ സാധിക്കുമെന്നുള്ളതും പറഞ്ഞുതരണം.

[ 9 ]

മാൻ__അല്ലയോ അവിവേകിയായ രാജാവേ, അങ്ങുന്നു് നൂറുകൊല്ലം നരിയുടെ രൂപംപൂണ്ടു് ഈ കാട്ടിൽ പാൎക്കണം. അതിന്റെ ശേഷം നന്ദ എന്നുപേരോടുകൂടി ഒരു പശു ഇവിടെ വരും. ആ പശുവിനും അങ്ങയ്ക്കും തമ്മിൽ ഒരു സംവാദമുണ്ടാകും. അപ്പോൾ മാത്രമേ ഈ ശാപത്തിൽ നിന്നും മോക്ഷം കിട്ടുകയുള്ളു.

കുറച്ചൊന്നു ശമിച്ച കോപത്തോടുകൂടിയ മാൻപേട ഇപ്രകാരം പ്രഭഞ്ജനന്നു ശാപമോക്ഷം കൊടുത്തു തള്ളയില്ലാത്ത തന്റെ ഇളംകുട്ടിയെ പുല്ലുമാത്രം തിന്നു ജീവിച്ചുകൊള്ളുവാനായി അനാഥമായി വിട്ടു, വ്രണംനിമിത്തമുള്ള വേദനയോടും, വത്സവിരഹംകൊണ്ടുള്ള വ്യസനത്തോടുംകൂടി ജീവനെ ത്യജിച്ചു. ഉടനെതന്നെ കമനീയകളേബരനായിരുന്ന രാജാവു നീണ്ട നഖങ്ങളോടും കൂൎത്ത പല്ലുകളോടുംകൂടിയ ഭയങ്കരമായ വ്രാഘൃരൂപത്തെ പ്രാപിച്ചു്, ആ കാട്ടിലുണ്ടായിരുന്ന നാൽക്കാലികളായ മൃഗങ്ങളേയും വഴിയാത്രക്കാരായി കാട്ടിൽകൂടെ കടന്നുപോകുന്ന മനുഷ്യരേയും പിടിച്ചുതിന്നുകൊണ്ടു വ്യാഘൃവൃത്തിയോടുകൂടി ശാപകാലം കഴിച്ചുകൂട്ടുവാനും തുടങ്ങി.

ഇങ്ങിനെ ഒരു നൂറ്റാണ്ടു തികഞ്ഞപ്പോൾ ഒരുനാൾ പച്ചപ്പുല്ലും പൊയ്കവെള്ളവും മരത്തണലും ധാരാളമുള്ള കാട്ടിലേയ്ക്കു വലിയൊരു പശുക്കൂട്ടം കടന്നുചെന്നു. ഗോപാലന്മാർ അനുഗമിച്ചിരുന്നു

[ 10 ]

വെങ്കിലും സ്വൈരമായി സഞ്ചരിപ്പാൻ അനുവദിക്കപ്പെട്ടിരുന്ന ആ ഗോവൃന്ദം ഇളംപുല്ലു തിങ്ങിവളരുന്ന പ്രദേശങ്ങളെ തിരഞ്ഞുംകൊണ്ടു നാലുപാടും പാഞ്ഞുതുടങ്ങി. ആ കൂട്ടത്തിൽ വെളുത്തനിറത്തിൽ തടിച്ച ശരീരത്തോടും നീണ്ടുയൎന്ന കൊമ്പുകളോടും ഭംഗിയുള്ള കഴുത്തോടും പാൽനിറഞ്ഞ വലിയ അകിടോടും കൂടീ ഉത്തമലക്ഷണങ്ങൾ തികഞ്ഞ ഒരു പശു ഉണ്ടായിരുന്നു. അതു സാധാരണയായി കൂട്ടത്തിന്റെ മുന്നണിയിൽ കൂസൽകൂടാതെ നടന്നുംകൊണ്ടു് ഇഷ്ടംപോലെ മേയുകയായിരുന്നു പതിവു്.

ഗോപാലന്മാർ പശുക്കളെ നിൎത്തിയ പ്രദേശത്തിന്റെ അടുക്കെ വിസ്താരമുള്ള ഒരു തടാകവും അതിന്റെ ഒരു കരയിൽ രോഹിതം എന്നു പേരുള്ള ഒരു പൎവ്വതവും ഉണ്ടായിരുന്നു. പൊക്കമേറിയ പാറക്കൂട്ടങ്ങളോടും ഇരുട്ടടഞ്ഞ ഗുഹകളോടും കൂടിയ ആ മലയുടെ നാലു താഴ്വരകളും ഇടതൂൎന്നു വളരുന്ന മരങ്ങൾ വള്ളികൾ മുതലായവക്കൊണ്ടു മൂടപ്പെട്ടു മറഞ്ഞുകിടന്നിരുന്നു. മനുഷ്യൎക്കു കടന്നുചെല്ലുവാൻ ഒരു ഊടുവഴിപോലുമില്ലാത്ത മലയുടെ ചുവട്ടിലായിരുന്നു അടുത്ത പ്രദേശങ്ങളിലുള്ള കാട്ടുമൃഗങ്ങളെല്ലാം പകൽസമയം സുഖനിദ്ര അനുഭവിച്ചിരുന്നതു്. രാജാക്കന്മാർ പരിവാരത്തോടുകൂടി നായാട്ടിന്നു വരുമ്പോൾ കറിതെറ്റാത്ത അവരുടെ അമ്പുകളേല്‌കാതെ അവ ഓടി രക്ഷപ്രാപിച്ചിരുന്ന

[ 11 ]

തും ആ വൻകാട്ടിന്റെ സഹായംകൊണ്ടായിരുന്നു വളരെക്കാലം മനുഷ്യരുടെ രാജാവായിരുന്നതിന്റെ ശേഷം സ്വധൎമ്മത്തിൽ പിഴ പറ്റിയതുകൊണ്ടു ശാപമേറ്റു വ്യാഘ്രത്വം പ്രാപിച്ചു നൂറുകൊല്ലക്കാലമായി മൃഗങ്ങളുടെ രാജ്യം ഭരിച്ചുകൊണ്ടു ശാപാവസാനത്തെ പ്രതീച്ചുകൊണ്ടിരുന്ന വ്യാഘ്രരാജനും അവിടെത്തന്നെയാണ് വസിച്ചിരുന്നതു്.

രോഹിതപൎവ്വതത്തിൻ്റെ താഴ്വരയിൽ ഒന്നാന്തരം പച്ചപ്പുല്ലു പടൎന്നു വളൎന്നു നില്‌ക്കുന്നതു ഗോപന്മാർ നോക്കിക്കണ്ടു ദുഷ്ടമൃഗങ്ങൾ നിറഞ്ഞ ആ ഭാഗത്തേയ്ക്കു പശുക്കൾ പോകാതിരിപ്പാൻ വേണ്ട മുൻകരുതലുകൾ ചെയ്തു. അവർ അങ്ങോട്ടു പോവാൻ തരംനോക്കുന്ന പശുക്കളെ തടുത്തുനിൎത്തി. എന്നിട്ടും യൌവനുംകൊണ്ടു മേനിത്തഴപ്പുകൊണ്ടും പുളച്ചുനിന്നിരുന്ന നന്ദ എന്ന മുൻവിവരിച്ച പശു പുല്ലിന്നുള്ള കൊതികൊണ്ടു് എങ്ങിനെയൊ കൂട്ടത്തിൽ നിന്നു തെറ്റി പൊന്തകളുടെ ഇടയിൽകൂടിക്കടന്നു പതുക്കെ ഗോപാലന്മാരാരും അറിയാതെ നരികൾ നിറഞ്ഞ മലംചുവട്ടിലേയ്ക്കു കടന്നുചെന്നു. അവിടെ എത്തി അതേവരെ മറ്റൊരു പശുവും സ്വാദുനോക്കാത്ത ആ വിശേഷപ്പെട്ട പുല്ലുകടിച്ചു തുടങ്ങിയപ്പോഴയ്ക്കും അത്യ്ച്ചത്തിൽ ഗൎജ്ജിച്ചുകൊണ്ടു ഭയങ്കരമായ ഒരു മഹാവ്യാഘ്രം അതിന്റെ ചോരയണിഞ്ഞ തേററകളെ പുറത്തേയ്ക്കു കാണിച്ചുകൊണ്ടു് നന്ദയുടെ നേരെ ഒരു ചാട്ടം ചാടി. ഗോക്കളുടെ

[ 12 ]

രാജ്ഞിയാണെന്നഭിമാനിച്ചിരുന്ന നന്ദു ഭയപ്പെട്ടു് വിറച്ചുകൊണ്ടു് ഒരു ചത്ത പശുവിനെപ്പോലെ താനറിയാതെ നിലത്തു വീണുപോയി. കുറെ കഴിഞ്ഞ ശേഷം കണ്ണൊന്നു മിഴിച്ചുനോക്കിയപ്പോൾ പശുക്കളുടെ അന്തകനായ ആ വ്യാഘ്രത്തിന്റെ ഘോരമായൊരു രൂപം മുൻഭാഗത്തു കണ്ടു. വ്യാഘ്രം അതിനെ കൊന്നുതിന്നുന്നതിന്നു മുമ്പായി അതിനെ ഭയപ്പെടുത്തി രസിക്കുന്നതുപോലെ തോന്നി. ദയാലുവായ ആ മഹാസത്വം ആ സാധുപ്പശുവിനെ തന്റെ ഊക്കേറിയ കൈകൊണ്ടു ഒരൊറ്റടിക്കു കൊന്നുകളയാതെ അതിനോടു് ഇപ്രകാരം വിളിച്ചു പറയുകയാണുണ്ടായതു്.

നരി__എനിക്കു് ഇന്നത്തെ ഭക്ഷണത്തിന്നായി നിന്നെയാണു് ഈശ്വരൻ അയച്ചുതന്നിട്ടുള്ളതു്. നല്ലതു്; നിന്നെപ്പോലെ മാംസപുഷ്ടിയുള്ള ഒരു പശുവിനെ ഞാൻ ഇന്നേവരെ തിന്നിട്ടില്ല. നീ ഇവിടെ വന്നുചേൎന്നതിൽ എനിക്കു വളരെ സന്തോഷമുണ്ടു്.

പുല്ലുതിന്നു പള്ളനിറയ്ക്കാൻ പോയ പശു പുലിയുടെ ഇരയായ്തീൎന്നവിവരം അറിഞ്ഞപ്പോൾ തന്റെ ആലോചനയില്ലായ്മയെപ്പറ്റി കഠിനമായി പശ്ചാത്തപിച്ചു. തനിക്കു സംഭവിച്ച ആപത്തിനേക്കാൾ അധികം തന്റെ കുട്ടിയുടെ കഷ്ടസ്ഥിതിയായിരുന്നു നന്ദയെ ദുഃഖിപ്പിച്ചതു്. പുല്ലു കടിച്ചു തുടങ്ങീട്ടില്ലാത്ത അതിന്റെ ചെറിയ കുട്ടിക്കു തള്ളയെ

[ 13 ]

പിരിഞ്ഞു ജീവിച്ചിരിക്കേണ്ടിവരുന്നതിൽ ഉണ്ടാകാവുന്ന കഷ്ടപ്പാടുകളെ ആലോചിച്ചു പുത്രവത്സലയായ നന്ദ നിലവിളിച്ചുതുടങ്ങി. അതിന്റെ വ്യസനം കണ്ടിട്ടു നരി ചോദിച്ചു.

നരി__“നീ എന്തിനാണു വെറുതെ കരയുന്നതു്? എന്റെ കയ്യിൽ അകപ്പെട്ടുപോയ നിന്നെ ഏതുവിധത്തിലും ഞാൻ കൊല്ലാതെ വിടുകയില്ല. നീ ചിരിച്ചാലും കരഞ്ഞാലും ഫലം ഒന്നുതന്നെ.” എന്നിങ്ങിനെ പറഞ്ഞു് അതിനോടു വീണ്ടും ചോദിച്ചു. “എന്തിനായിട്ടാണു നീ ദുഃഖിക്കുന്നതു്, അതൊന്നു പറഞ്ഞുകേൾക്കട്ടെ.”

നരിയുടെ ദയാലുത്വം കണ്ടപ്പോൾ നന്ദയ്ക്കു പുത്രദൎശനത്തിലുള്ള ആശ അധികമായി. ഒരു സമയം ഒരിക്കൽകൂടി അതിന്റെ കുട്ടിയെ കാണ്മാനുള്ള ഭാഗ്യം ഉണ്ടായേയ്ക്കാമെന്നു് അതിന്നു തോന്നി. അതുകൊണ്ടു നന്ദ വളരെ താഴ്മയോടുകൂടി ആവ്യാഘ്രരാജനോടു പറഞ്ഞു.

നന്ദ__അല്ലയോ വ്യാഘ്രരാജ, അവിടുന്നു പറഞ്ഞതു വളരെ ശരിയാണ്. അവിടുത്തെ ദൃഷ്ടിയിൽ അകപ്പെട്ടവൎക്കു മരണമല്ലാതെ മറ്റൊരു ഗതിയുമില്ല. അതറിഞ്ഞുകൊണ്ടിരുന്നിട്ടും ഞാൻ വ്യസനികുന്നതു് എന്റെ ജീവനാശത്തെപ്പററിയല്ല. ജനിച്ചവൎക്കെല്ലാം നിശ്ചയമായും മരണമുള്ളതുകൊണ്ടു് ഒരു നാളല്ലെങ്കിൽ മറ്റൊരുനാൾ എനിക്കും മരണം ഉണ്ടാകുന്നതാണു്. അതു ഇന്നു

[ 14 ]

സംഭവിക്കുന്നതിൽ വലിയ വ്യസനമൊന്നുമില്ല. പക്ഷേ, എനിക്കു ഒരു കുട്ടിയുണ്ട്. അതിന്നു വയസ്സു തികഞ്ഞിട്ടുകൂടിയില്ല. മുലകുടിച്ചു ജീവിക്കുന്ന ആ ബാലൻ പുല്ലുകൊടുത്താൽ നാറ്റിനോക്കുകപോലും പതിവില്ല. അതിനെ പുറത്തേയ്ക്കു വിട്ടയയ്ക്കാതെ ഗോപാലന്മാർ തൊഴുത്തിൽ കെട്ടിയിട്ടിരിക്കുകയാണു്. വൈകുന്നേരമാകുമ്പോഴയ്ക്കും വിശന്നു അലഞ്ഞ ആ ബാലവത്സം തള്ള വരുന്നുണ്ടോ എന്നു നോക്കിക്കൊണ്ടു കാത്തിരിക്കും. ആ കുട്ടിയുടെ സ്ഥിതി ഓൎക്കുമ്പോൾ എന്റെ ഹൃദയം പൊട്ടുന്നു. തണ്ണീർ തൊട്ടുനോക്കാത്ത ആ കുട്ടി ദാഹംകൊണ്ടു മറ്റു പശുക്കളുടെ കൂട്ടത്തിൽ തള്ളയെ കാണാതിരുന്നാൽ എന്തൊരു ദുഃഖമാണ് ആ പാവത്തിനുണ്ടാവുക! അവിടുത്തെ കൈകൊണ്ടു മരണമേല്‌ക്കുന്നതിനു മുമ്പായി ഒരു പ്രാവശ്യമെങ്കിലും ആ പ്രിയപുത്രന്നു മുലകൊടുത്താൽകൊള്ളാമെന്നു എനിക്കു ആഗ്രഹമുണ്ടു്. ദയവുചെയ്തു് ആ മോഹം സാധിപ്പിച്ചുതന്നാൽ നന്നു്. എന്റെ ഏകപുത്രനായ ആ കുട്ടിയെ ഒരേ ഒരു പ്രാവശ്യം കുടിപ്പിച്ചു് അതിനെ എന്റെ സഖിമാരുടെ കൈവശം ഏല്പിച്ചു യാത്ര പറഞ്ഞു പോരുവാൻ അനുവദിക്കണം. അതിന്റെ ശേഷം എന്നെ ഇഷ്ടംപോലെ കൊല്ലുന്നതിലും തിന്നുന്നതിലും എനിക്കും യാതൊരു ദുഃഖവുമില്ല.

[ 15 ]

നരി__നിനക്കു മരണം അടുത്തിരിക്കുന്ന വൎത്തമാനം അറിയുവാൻകൂടി കഴിയാത്ത കുട്ടിയെപ്പറ്റി നീ എന്തിനാണു വെറുതെ വ്യസനിക്കുന്നതു്? അങ്ങിനെയുള്ളൊരു സന്താനം നിനക്കെന്തൊരു സഹായമാണു ചെയ്‌വാൻ പോകുന്നതു്? മറ്റുള്ള മൃഗങ്ങളെല്ലാം എന്നെ കാണുമ്പോൾ പേടിച്ചരണ്ടു ചത്തുപോകുന്നു. മരണമടുത്തിട്ടുള്ള അവസരത്തിലുംകൂടി “അയ്യോ! എന്റെ കുട്ടി!” എന്നു നിവിളികൂട്ടുന്ന നിന്നെപ്പോലെ മറ്റൊരു മൃഗത്തേയും ഞാൻ ഇതേവരെ കണ്ടിട്ടില്ല. പുത്രണായാലും ശരി, പിതാവായാലും ശരി, മരണത്തിൽനിന്നും രക്ഷിപ്പാൻ ആൎക്കും കഴയില്ല. അതുകൊണ്ടു മൃത്യുവിന്റെ മുഖത്തിൽ പെട്ടുപോയ നീ രക്ഷപ്പെടുവാൻ ആശിച്ചിട്ടാവശ്യമൊന്നുമില്ല. ഇത്ര അകലപ്പെട്ടിട്ടുംകൂടി കുട്ടിയെ വിളിച്ചുകരയുന്ന നീ തൊഴുത്തിൽ പോയാൽ പിന്നെ മടങ്ങിവരുമെന്ന് എങ്ങിനെ വിചാരിക്കാം? അതുകൊണ്ടു ഞാൻ നിന്നെ ഒരിക്കലും വിട്ടയയ്ക്കുകയില്ല.

നന്ദ__ഞാൻ മടങ്ങിവന്നില്ലെങ്കിലോ എന്നുള്ള സംശയംകൊണ്ടാണോ എന്നെ വിട്ടയയ്ക്കുകയില്ലെന്നു പറയുന്നതു്? അങ്ങിനെയാണെങ്കിൽ ഞാൻ സത്യം ചെയ്യാം. ഞാൻ മടങ്ങിവന്നില്ലെങ്കിൽ അച്ഛനമ്മമാരെ കൊന്നാലുണ്ടാവുന്ന മഹാപാപം എനിക്കുണ്ടാകട്ടെ. കുട്ടിയെ കുടിപ്പിച്ചു വീണ്ടും ഞാൻ ഇവിടെ എത്തിയില്ലെങ്കിൽ മറ്റുള്ളവരെ

[ 16 ]

വിഷം കൊടുത്തു കൊല്ലുകയോ ഉറങ്ങുന്നവരെ അടിക്കുകയോ ചെയ്താൽ ഒരുവന്നുണ്ടാകുന്ന ഘോരമായ പാപം എന്നെ ബാധിക്കട്ടെ. സ്വഗൃഹത്തിൽ വന്ന അതിഥിക്കു് ഒന്നും കൊടുക്കാതെ മടക്കി അയച്ചാൽ ഉണ്ടാകുന്ന ഭയങ്കരമായ പാപം ഈ പ്രതിജ്ഞയെ ഞാൻ ലംഘിച്ചാൽ എനിക്കു നിശ്ചയമായും സംഭവിക്കട്ടെ.

ഇപ്രകാരം നന്ദ അനേകം ശപഥങ്ങൾ ചെയ്തു. അതെല്ലാം കേട്ടപ്പോൾ നരിക്കു നന്ദയുടെ സത്യത്തിൽ വിശ്വാസം ജനിച്ചുവെങ്കിലും അതിനെ മറച്ചുവെച്ചുകൊണ്ടു നരി നന്ദയോടു വീണ്ടും പറഞ്ഞു.

നരി__ശപഥം ചെയ്യുന്നവരെല്ലാം അവരുടെ സത്യത്തെ വീഴ്ച കൂടാതെ രക്ഷിക്കുമെന്നുള്ള നിയമമുണ്ടെങ്കിൽ ഇപ്പോൾ നിന്നെ വിട്ടയയ്ക്കുവാൻ വിരോധമില്ലായിരുന്നു. പക്ഷേ മിക്ക ജീവികളും അവരുടെ കാൎയ്യങ്ങൾ നേടുവാനായി അപ്പപ്പോൾ ചെയ്യുന്ന ശപഥങ്ങളെ പിന്നീടു് ഓൎമ്മവെക്കുക പോലും പതിവില്ല. എന്നല്ല, ആപത്തിൽ അകപ്പെട്ട ഒരുവന്നു് ആത്മരക്ഷയ്ക്കായി ചെയ്യേണ്ടിവരുന്ന പ്രതിജ്ഞകളെ പാലിക്കാതിരിക്കുന്നതിൽ പാപമില്ലെന്നുംകൂടി ചിലർ പറയാറുണ്ടു്. ഉപകാരത്തെ സ്മരിക്കുകയോ പ്രത്യുപകാരം ചെയ്പാൻ ശ്രമിക്കുകയോ ചെയ്യുന്നവരെ ചിലർ വിഡ്ഢികളെന്നുകൂടി വിളിക്കുന്നു. തള്ളയുടെ അകിട്ടിലുള്ള പാൽ മുഴുവനും വറ്റിപ്പോയാൽ കുട്ടിയുംകൂ

[ 17 ]

ടി തള്ളയെ തള്ളിക്കളയുന്നതു കണ്ടിട്ടില്ലേ? ലോകഗതി ഇങ്ങിനെയിരിക്കെ, ഞാൻ നിന്റെ വെറുംവാക്കുകളെ മാത്രം വിശ്വസിച്ചു വിട്ടയച്ചാൽ പൊട്ടനാവില്ലേ? നീ നേർവഴിക്കു നടക്കുന്നവളാണെങ്കിലും നിന്നോടു വല്ലതും പറഞ്ഞുപിടിപ്പിച്ചു വഴി തെറ്റിക്കുവാൻ വല്ലവരും ഉണ്ടായേക്കാം. അതൊന്നും ഞാൻ സമ്മതിക്കുകയില്ല.

നന്ദ__എന്റെ സത്യത്തിൽ വിശ്വാസമില്ലെങ്കിൽ ഞാൻ പിന്നെ എങ്ങിനെയാണു വിശ്വസിപ്പിക്കേണ്ടതു്? എന്റെ ശപഥത്തെ യാതൊരു നീക്കമോ മാററമോ കൂടാതെ നടത്താം എന്നൊരു ശപഥം കൂടി വെണമെങ്കിൽ ചെയ്യാം. അത്രമാത്രമേ എനിക്കു് ഇപ്പോൾ സാധിക്കുള്ളു.

നരി__എന്നാൽ നീ പോയി നിന്റെ ഓമനക്കുട്ടിയെ കണ്ടുവരിക. നിന്റെ സത്യനിഷ്ഠ എത്രത്തോളമുണ്ടെന്നു ഞാനൊന്നു നോക്കട്ടെ. പണ്ടു ദേവന്മാരും ഋഷിശ്രേഷ്ഠന്മാരുംകൂടി, ആപത്തിൽനിന്നും രക്ഷപ്പെടുവാനായി, ചെയ്തുപോയ ശപഥങ്ങളെല്ലാം ഉല്ലംഘിച്ചിട്ടുണ്ടെന്നും അങ്ങിനെ ചെയ്യുന്നതു ദോഷമല്ലെന്നും നിന്നോടു പലരും പറഞ്ഞേയ്ക്കാം. ആ വക ദുരുപദേശങ്ങൾക്കു ചെവികൊടുത്താൽ മൃത്യുമുഖത്തിൽനിന്നു രക്ഷപ്പെട്ട നീ അതിലുമധികം ഭയങ്കരമായ നരകക്കുഴിയിൽ പതിക്കും. അത്രമാത്രം ഓൎമ്മവെച്ചുകൊള്ളുക. നീ വരുന്നതുവരെ ഞാൻ ഇവിടെത്തന്നെ ഇരിക്കാം. വ

[ 18 ]

രാതിരിക്കരുതു്.

ഇപ്രകാരം അനുവദിക്കപ്പെട്ട നന്ദ തിരിച്ചുപോകുവാനായി പുറപ്പെട്ടു. അപ്പോഴയ്ക്കും നേരംസന്ധ്യാവാനടുത്തിരുന്നതുകൊണ്ടു മറ്റുള്ളാ പശുക്കളെല്ലാം കാട്ടിൽനിന്നും മടങ്ങി വഴിക്കുള്ള ഒരു ചെറുപുഴയിൽ വെള്ളംകുടിച്ചുംകൊണ്ടു നില്‌ക്കുകയായിരുന്നു. കൂട്ടത്തിൽ നന്ദയെക്കാണാതെ പരിഭ്രമിച്ചിരുന്ന ഗോപാലന്മാർ അതു വരുന്നതു കണ്ടു സന്തോഷിച്ചു. പശുക്കളെല്ലാം വെള്ളം കുടിച്ചശേഷം അവയെ തെളിച്ചുംകൊണ്ടു ഗോപാലനമാർ സന്ധ്യയ്ക്കുമുമ്പായി വീട്ടിലെത്തി. അവയുടെ കൂട്ടത്തിൽ മൃതപ്രായയായ നന്ദയുമുണ്ടായിരുന്നു. വീട്ടിലെത്തിയ നന്ദ ഒന്നാമതായി ചെയ്തതു കുട്ടിയെ കുടിപ്പിക്കുകയായിരുന്നു. അസഹ്യമായ ദാഹംകൊണ്ടു തളൎന്നിരുന്ന കുട്ടി കുറച്ചു കുടിച്ചു പകുതി ദാഹം തീൎന്നശേഷം സ്നേഹത്തോടുകൂടി തള്ളയുടെ മുഖത്തേയ്ക്ക് ഒന്നു തിരിഞ്ഞുനോക്കി. നന്ദയുടെ മുഖം പതിവുപോലെ പ്രസന്നമായിരുന്നില്ലെന്നു മാത്രമല്ല കണീർകൊണ്ടു കലങ്ങിയ കണ്ണുകളോടുകൂടിയതുമായിരുന്നു. ഒരുനാളും കണ്ടിട്ടില്ലാത്ത ആ കഴ്ചയ്ക്കുള്ള കാരാണമെന്തായിരിക്കുമെന്ന് ഊഹിപ്പാൻപോലും ആ കിടാവിന്നു കഴിഞ്ഞില്ല. അമ്മയുടെ മനസ്താപത്തെ കാണിക്കുന്ന ആ മുഖഭാവം കണ്ടപ്പോൾ കുട്ടിക്കു മുല കുടിക്കുന്നതിലുംകൂടി മനസ്സില്ലാതായി. മാതൃവത്സലമായ ആ ബാലവത്സം ഉള്ളിൽ തട്ടിയ ശോകത്തോടുകൂടി

[ 19 ]

പ്രിയജനനിയോടു ചോദിച്ചു.

കുട്ടി__അമ്മേ, അമ്മയുടെ മുഖത്തു പതിവായി കാണാറുള്ള സന്തോഷവും സൌമത്യതയും ഇന്നു കാണ്മാനില്ലല്ലോ. എന്നുമാത്രമല്ലാ എല്ലായ്പോഴും പ്രസന്നങ്ങളായ അമ്മയുടെ കണ്ണുകൾ രണ്ടും ഇന്നു് എന്തോ ഒരു ദുഃഖം നിമിത്തം കലങ്ങിയും കലശായ ഒരു ഭയംകൊണ്ടൂ പരിഭ്രമത്തോടുകൂടീയും കാണപ്പെടുന്നു. ഇതിന്നുള്ള കാരണമെന്താണ്?

നന്ദ__ഓമനേ, നീ അതൊന്നും ചോദിക്കാതെ മുലകുടിച്ചുകൊള്ളുക. ആവക ചോദ്യങ്ങൾക്കെല്ലാം സമാധാനം പറഞ്ഞുകൊണ്ടു സമയം കളയുവാൻ എനിക്കു തരമില്ല. നീ വേഗത്തിൽ വേണ്ടുവോളം കുടിച്ചു് എന്നെ വിട്ടയയ്ക്കണം. എനിക്കു കാട്ടിലേയ്ക്കുതന്നെ മടങ്ങിപ്പോകുവാൻ വൈകി. വിശന്നു വലഞ്ഞ ഒരു വ്യാഘ്രത്തിന്റെ വായിലകപ്പെട്ട ഞാൻ നിന്നെ ഒരു നോക്കു കാണുവാനുള്ള സമ്മതം വാങ്ങി ഉടനെ തിരിച്ചുവരാമെന്നു ശപഥംചെയ്തു പോന്നിരിക്കയാണ്. ആ പ്രതിജ്ഞയെ നടത്തുവാനായി എനിക്കു വേഗത്തിൽ പോകാതെ കഴികയില്ല. നീ വെറുതെ സംസാരിച്ചു സമയം കളയാതെ വേണ്ടുവോളം കുടിക്കുക. നാളെ പാൽ കുടിപ്പാനോ നിന്റെ പ്രിയമാതാവിന്റെ മുഖം കാണുവാനോ നിനക്കു സാധിക്കുന്നതല്ല.

കുട്ടി__എന്നാൽ അമ്മേ! നീ പോകുന്ന ദിക്കിലേ

[ 20 ]

യ്ക്കു ഞാനും വരാം. എന്റെ പ്രിയപ്പെട്ട അമ്മയുടെകൂടെ മരിക്കുന്നതആണു് എനിക്കും നല്ലതു. അമ്മയെ വിട്ടുപിരിഞ്ഞു ഞാൻ തനിച്ചു് ഇവിടെ താമസിക്കുന്നതായാലും എപ്പോഴെങ്കിലും ഒരിക്കൽ എനിക്കും മരിക്കാതെ കഴിയുമോ? അമ്മയുടെ ഒരുമിച്ചു ഞാനും കാട്ടിലേയ്ക്കു വരുന്നതായാൽ ഒരു സമയം ആ നരി എന്നേയും കൊല്ലുമായിരിക്കാം. അതുകൊണ്ടെന്താണു ദോഷം വരാനുള്ളതു്? മാതൃഭക്തനായ ഒരു പുത്രന്നു കിട്ടാവുന്ന ഗതി എനിക്കും ലഭിക്കും. അത്രമാത്രമേയുള്ളു. അതുകൊണ്ടു്, അമ്മേ! നിന്റെ പിന്നാലെ ഞാനും വരാം. അതുമല്ലെങ്കിൽ അമ്മയും പോകരുതു. എന്റെ പെറ്റമ്മയെ പിരിഞ്ഞു ഞാൻ എങ്ങിനെ ജീവിക്കും. മുല കുടിക്കുന്ന കുട്ടികൾക്ക് അമ്മ മരിച്ചാൽ പിന്നെ എന്തൊരു ഗതിയാണുള്ളതു്? അതുകൊണ്ടു് അമ്മ പോകുവാൻ പാടില്ല. പ്രതിജ്ഞാലംഘനത്തിന്റെ പാപമെല്ലാം ഞാൻ ഏറ്റുകൊള്ളാം.

നന്ദ__അയ്യോ കുട്ടി നീ അതൊന്നും പറയരുതു. ഇപ്പോൾ എനിക്കുമാത്രമേ മരണം വിധിച്ചിട്ടുള്ളു. നിനക്കു വിധിച്ചിട്ടില്ല. പിന്നെ എന്തിനാണു നീ എന്റെ കൂടെ വന്നു ചാകുന്നതു്. ഏതായാലും എനിക്കു പോകാതെ കഴിയില്ല. ഇനിമേൽ നിനക്കെങ്കിലും ഈ മാതിരി അപകടം പറ്റാതിരിപ്പാനായി ഞാൻ ഒരുപദേശം തരാം.

[ 21 ]

നീ അതു മനസ്സിരുത്തിക്കേട്ടു ധരിച്ചു് അതിനെ അനുസരിച്ചു നടക്കണം. കാട്ടിൽ മേയുവാൻ പോകുമ്പോഴും പുഴകളിലും കളങ്ങളിലും വെള്ളം കുടിപ്പാൻ ഇറങ്ങുമ്പോഴും നീ വളരെ മനസ്സിരുത്തണം. മിക്കവരും ആപത്തുകളിൽ കുടുങ്ങുന്നതു മനസ്സിരുത്തായ്കകൊണ്ടാണു്. വൈഷമ്യമുള്ള സ്ഥലങ്ങളിൽ വളരെ വിശേഷപ്പെട്ട പുല്ലുള്ളതായി പലപ്പോഴും കണ്ടേയ്ക്കാം. അതു തിന്മാൻ കൊതിച്ചാൽ കണ്ടിൽ ചാടി കഷ്ടപ്പെടേണ്ടിവരും. നേരിട്ടുള്ളതായി കേട്ടിട്ടുണ്ടു്. മനുഷ്യർ കണ്ണെത്താത്ത കടലിന്റെ മറുകര പിടിപ്പാൻ പുറപ്പെടുന്നതും കൂരിരുട്ടടഞ്ഞ കാടുകളിൽ കടന്നു ചെല്ലുന്നതും ലോഭംകൊണ്ടത്രെ. ലോഭം നിമിത്തം പടിപ്പുള്ളവർപോലും പാടില്ലാത്തതു പ്രവൎത്തിച്ചുപോകുന്നു. ആപത്തിന്നുള്ള മറ്റൊരു പ്രധാനകാരണം പരവിശ്വാസമാണു്. അവനവന്റെ ശത്രുക്കളെ ഒരു കാലത്തും വിശ്വസിച്ചുപോകരുതു്. നീണ്ട നഖവും ബലമുള്ള കൊമ്പുള്ള മൃഗങ്ങൾ, ആയുധം ധരിച്ച മനുഷ്യർ, ഒഴുകുന്ന വെള്ളത്തോടുകൂടിയ പുഴ, ഇതുകളെ നീ വിശ്വസിച്ചു യാതൊന്നും ചെയ്യരുതെന്നു ഞാൻ പ്രത്യേകം പറഞ്ഞുതരുന്നു. എന്തു തിന്നുന്നതായാലും നാററിനോക്കാതെ തിന്നരുതു്. ഗോക്കൾക്കു് എല്ലാററിലും മാൎഗ്ഗദൎശിയായിട്ടുള്ളതു ഗന്ധ

[ 22 ]

മാണു്. വലിയ കാടുകളിൽ ഒറ്റയ്ക്കുനിന്നുകൊണ്ടു മേയരുതു്. ഇതെല്ലാമാണു് എനിക്ക് നിന്നോടു പറയുവാനുള്ളതു്. ഇതിനെ അനുസരിച്ചു നടക്കുകമാത്രമേ നീ ചെയ്യേണ്ടതുള്ളു. പിന്നെ വരുന്നതെല്ലാം വിശ്വവിധാതാവിന്റെ വിധിയാണെന്നു വിചാരിച്ചുകൊള്ളുക. ആപത്തും മരണവും ജീവികൾക്കെല്ലാം ഉണ്ടാകുന്നതാണു്. അവയെ ആൎക്കും തടുപ്പാൻ കഴിയില്ല. അവയെ താൻ തന്നെ വരുത്തിക്കൂട്ടാതിരിപ്പാനുള്ള വഴിയാണു ഞാനിപ്പോൾ നിനക്കുപദേശിച്ചതു്. അതു കേട്ടു നടക്കുക. മകനെ, നീ ദുഃഖിച്ചിട്ടാവശ്യമില്ല. ഞാൻ പോയി എന്റെ പ്രതിജ്ഞയെ നടത്തി സത്യത്തെ രക്ഷിക്കട്ടെ.

ഇപ്രകാരം ഉപദേശിച്ചു കുട്ടിയെ സ്നേഹത്തോടുകൂടി നക്കിക്കൊണ്ടു നന്ദ വ്യസനം നിമിത്തം കുറേ നേരം നിലവിളിച്ചു. അതിൻ്റെശേഷം ആ സാധുപ്പശു കൂട്ടുകാരോടും യാത്രപറയുവാൻ പോയി. അവയുടെ അടുക്കൽ ചെന്നുനിന്നുംകൊണ്ടു് അതു പറഞ്ഞു.

നന്ദ__നിങ്ങളെല്ലാവരും എന്റെ കുട്ടിയെക്കാത്തു കൊള്ളണം. ഞാൻ അതിനെ അനാഥയായി വിട്ടുപോവാൻ ഭാവിക്കയാണു്. അറിവില്ലായ്മനിമിത്തം എനിക്കു് ഈ ആപത്തുവന്നുപിണഞ്ഞു. എന്റെ പുത്രനെങ്കിലും ഈ മാതിരി അപകടത്തിൽപെടാതിരിപ്പാൻ നിങ്ങൾ കഴിയുന്നത്ര ശ്രമിക്ക

[ 23 ]

ണം. നരി എന്നെ കാത്തുകൊണ്ടിരിക്കും. ഞാൻ കാട്ടിലേയ്ക്കു പോകട്ടെ.

നന്ദയുടെ ഈ വാക്കുകൾ കേട്ടു ഉള്ളിലൊതുക്കുവാൻ വയ്യാത്ത വ്യസനത്തോടുകൂടിയ സഖികൾ പറഞ്ഞു.

സഖികൾ__നന്ദേ, ഇതെന്തൊരാശ്ചൎയ്യമാണു്? എന്തൊരു സാഹസമാണു നീ ചെയ്‌വാൻ തുടങ്ങുന്നതു്? നിന്നെപ്പോലെയുള്ള ഒരു വിഡ്ഢിയെ ഞങ്ങൾ കണ്ടിട്ടും കേട്ടിട്ടുമില്ല. സത്യമാണെന്നും പറഞ്ഞു് എന്തെങ്കിലും കാട്ടുകയോ? ഒരു നരിയോടു് ഒരു വാക്കു പറഞ്ഞുപോയി എന്നുള്ള ഒരൊറ്റ കാരണംകൊണ്ടു പ്രിയപുത്രനേയും ഉപേക്ഷിച്ചു ആത്മത്യാഗംചെയ്‌വാൻ പുറപ്പെടുന്നതിൽപരം ഭോഷത്വമെന്താണുള്ളതു്? ആത്മാനാശം നേരിടുമ്പോൾ രക്ഷപ്പെടുവാനായി ചെയ്യുന്ന ശപഥങ്ങളെ അനുഷ്ഠിക്കാതിരുന്നാൽ പാപമില്ലെന്നു് ഋഷികൾകൂടി എത്ര ഗാഥകളിലാണു ഗാനംചെയ്തിട്ടുള്ളതു്? അതൊന്നും നിനക്കു അറിവില്ലേ?

നന്ദ__മറ്റുള്ളവരുടെ ജീവൻ രക്ഷിപ്പാനായി ആവശ്യമുണ്ടെങ്കിൽ ഞാൻ ഒരു ശപഥത്തെ ലംഘിക്കില്ലെന്നോ ഒരു പൊളിവാക്കു പറയില്ലെന്നോ ഇല്ല. പക്ഷേ എന്റെ പ്രാണന്നുവേണ്ടി അപ്രകാരം ചെയ്‌വാൻ എനിക്കു മനസ്സില്ല. ലോകം മുഴുവനും സത്യത്തിന്മേലാണു് നില്‌ക്കുന്നതു്. കടൽ തിൎത്തികവിഞ്ഞു കരയിലേക്കു കടന്നാൽ പിന്ന
,2

[ 24 ]

ത്തെ കഥ എന്തായിരിക്കും? നേരിനെ നിലനിൎത്തേണ്ടുന്ന ആവശ്യമില്ലെങ്കിൽ പിന്നെ എന്തിനാണു് മഹാബലിചക്രവൎത്തി മൂന്നുലോകവുമുപേക്ഷിച്ചു് ഒരു മുക്കിൽപോയി മിണ്ടാതിരിക്കുന്നതു്? അപ്രകാരമുള്ള സത്യത്തെ നശിപ്പിക്കുന്നൻ എന്തിനെത്തന്നെ നശിപ്പിക്കുന്നില്ല? അതുകൊണ്ടു് എന്റെ സത്യനിഷ്ഠയെ ഉപേക്ഷിപ്പാൻ നിങ്ങളാരും ഉപദേശിക്കരുതു്. പരിശുദ്ധവും അഗാധവുമായ സത്യതീൎത്ഥത്തിൽ കളിച്ചു പാപങ്ങളെ കളഞ്ഞു ഞാൻ സത്യലോകത്തെ പ്രാപിക്കട്ടെ.

സഖികൾ__നന്ദേ, നിന്റെ ധൎമ്മശ്രദ്ധ കുറേ കേമം തന്നെ. ധൎമ്മം നടത്തുന്നതിൽ ഒന്നാമത്തവളായ നിനക്കു് എല്ലാം നന്നായിവരും, നിന്നെപ്പോലെ തെളിഞ്ഞ മനസ്സുള്ളവൎക്കു് ഒരിടത്തും ഒരാപത്തും നേരിടുന്നതല്ല. നീ ദുഃഖിക്കാതെ പൊയ്‌ക്കൊൾക.

ഇങ്ങിനെ സഖിമാരോടു യാത്രപറഞ്ഞു പിരിഞ്ഞു കാട്ടിലേയ്ക്കു പുറപ്പെട്ട നന്ദ കുട്ടിയെ രക്ഷിച്ചുകൊള്ളുവാനായി പഞ്ചഭൂതങ്ങളോടും നവഗ്രഹങ്ങളോടും അഷ്ടദിൿപാലന്മാരോടും പ്രാൎത്ഥിച്ചു് ഒടുവിൽ വനദേവതകളെ വിളിച്ചുംകൊണ്ടുപറഞ്ഞു.__

“അച്ഛനുമമ്മയുമില്ലാതെ വിശപ്പുകൊണ്ടു വലഞ്ഞും ദാഹകൊണ്ടു തളൎന്നും ഈ വൻകാട്ടിൽ നിലവിളിച്ചുകൊണ്ടു് അലഞ്ഞുനടക്കുന്ന എൻ്റെ കുട്ടിയെ ഇവിടെ കുടികൊള്ളുന്ന വനദേവതകൾ രക്ഷിച്ചുകൊള്ളട്ടെ.”

[ 25 ]

ഇപ്രകാരം പലേ പ്രാൎത്ഥനകൾ ചെയ്തശേഷം പുത്രശോകാൎത്തമായ ആ പശു മരത്തിന്മേൽനിന്നു വീണ വള്ളിയെപ്പോലെ ആശ്രയമറ്റും, വടിപിടിച്ചു വഴികാണിച്ചുകൊടുപ്പാനാളില്ലാത്ത കണ്ണുപൊട്ടനെപ്പോലെ അങ്ങുമിങ്ങും ഉഴന്നും ഒരുവിധത്തിൽ രോഹിതപൎവ്വതത്തിന്റെ സമീപത്തിൽ ചെന്നെത്തി. മെല്ലെമെല്ലെ നടന്നു നരിയുടെ മുമ്പിലെത്തിയപ്പോഴയ്ക്കും നന്ദയുടെ കുട്ടിയും ഉത്സാഹത്തോടുകൂടി ഓടിക്കിതച്ചുംകൊണ്ടു് അവിടെ വന്നുനില്‌ക്കുന്നതു കണ്ടു. തന്റെ വലിയ ശരീരത്തെ ഒന്നായി വിഴുങ്ങിക്കളവാനായി വായ പിളൎന്നുകൊണ്ടു് അന്തകനെപ്പോലെ നില്‌ക്കുന്ന നരിയേയും അതിന്റെ മുമ്പിൽ തന്റെ കുട്ടിയേയും കണ്ടിട്ടു ഭയപ്പെട്ട നന്ദ അകലെ നിന്നുതന്നെ ഉറക്കെ വിളിച്ചു പറഞ്ഞു.

നന്ദ__അല്ലയോ വ്യാഘ്രശ്രേഷ്ഠ! ഞാനിതാ എത്തിപ്പോയി. എന്റെ മംസംതിന്നു് അങ്ങയുടെ വിശപ്പടക്കുക. എന്റെ ചോരകുടിച്ചു അങ്ങയുടെ ദാഹംതീൎക്കുക. ആ സാധുക്കുട്ടിയെ വിട്ടയയ്ക്കണേ. ഞാൻമാത്രമേ അങ്ങയുടെ ഇരയാവാൻ ശപഥം ചെയ്തിട്ടുള്ളു. ആ ബാലവത്സം കുറേനാൾകൂടി ജീവിച്ചിരുന്നുകൊള്ളട്ടേ.

നരി__അല്ലയോ കല്യാണി, നിനക്കു സ്വാഗതം. അല്ലയോ സത്യവാദിനി, നിനക്കു സകലമംഗളങ്ങളും ഭവിക്കട്ടെ. നിന്നെപ്പോലെ ഇത്ര സത്യനിഷ്ഠയുള്ള ഒരു പശുവിനെ ഞാൻ ഒരിക്കലും

[ 26 ]

കൊല്ലുകയില്ല. വാസ്തവത്തിൽ നിന്നെ കൊന്നു തിന്മാനുള്ള ആഗ്രഹംകൊണ്ടല്ല രണ്ടാമതും വരുവാൻ പറഞ്ഞതു്. നിന്റെ സത്യത്തെ പരീക്ഷിപ്പാനായിട്ടുമാത്രമാണു് ഞാൻ അപ്രകാരം ആവശ്യപ്പെട്ടതു്. അതല്ലെങ്കിൽ നിന്നെ അപ്പോൾ തന്നെ എനിക്കു തിന്നാമായിരുന്നില്ലേ? ഇപ്പോൾ നിന്റെ സത്യത്തിൽ എനിക്കു പൂൎണ്ണവിശ്വാസം വന്നു. എനിക്കു നീ ഒരു ഉടപ്പിറന്നവളും നിന്റെ പുത്രൻ മരുമകനുമായിത്തീൎന്നിരിക്കുന്നു. ഇനി നിങ്ങളെ ഞാൻ എങ്ങിനെ കൊല്ലും? ഇന്നേവരെ കണക്കില്ലാതെ പാപങ്ങൾ ചെയ്തുകൊണ്ടിരുന്ന എനിക്കു ധൎമ്മം ഉപദേശിക്കുകയാണു നീ ഇപ്പോൾ ചെയ്തതു്. അതിന്നുപകരം നിന്നെ ഞാൻ കൊന്നുതിന്നുകയാണോ വേണ്ടതു്? ലോകം മുഴുവനും സത്യത്തിലാണു നില്‌ക്കുന്നതെന്നു എനിക്കിപ്പോൾ മനസ്സിലായി. പശുക്കൾ സത്യംകൊണ്ടു പാൽ ചുരത്തിക്കൊടുത്തില്ലെങ്കിൽ മനുഷ്യൎക്കു ഹവിസ്സിന്നു വേണ്ട നെയ്യ് എവിടുന്നു കിട്ടും? അത്ര വിലയേറിയ സത്യത്തെ രക്ഷിക്കുന്ന നീയാണു് ഏറ്റവും ഭാഗ്യമുള്ളവൾ. നിന്റെ പാൽ കുടിക്കുന്നവരും നിന്നെപ്പോലെ ഭാഗ്യവാന്മാരാണ്. നിനക്കു പുല്ലുതരുന്ന പവിത്രങ്ങളായ പ്രദേശങ്ങളാണു യഥാർത്ഥത്തിലുള്ള പുണ്യതീൎത്ഥങ്ങൾ. പാപങ്ങൾകൊണ്ടു നിറഞ്ഞ് ഈ ജീവിതംതന്നെ എനിക്കു് ഇപ്പോൾ പിടിക്കുന്നില്ല. ഞാൻ എത്ര മൃഗ

[ 27 ]

ങ്ങളെയാണു കൊന്നിട്ടുളതു! ഞാൻ ചെയ്തിട്ടുള്ള പാപങ്ങളുടെ കണക്കും കടുപ്പവും ആലോചിച്ചാൽ ഏതെല്ലാം നരകങ്ങളിലേയ്ക്കാണു പോകേണ്ടിവരിക എന്നു മനസ്സിലാകുന്നില്ല. അല്ലയോ സത്യവാദിനി, ഈ പാപങ്ങൾ തീരുവാൻ എന്താണു ചെയ്യേണ്ടതു്? അതുംകൂടി ഒന്നുപദേശിച്ചുതരണം. തീൎത്ഥങ്ങളിൽ കുളിക്കുകയോ, തിയ്യിൽച്ചാടിച്ചാവുകയോ, മലമുകളിൽ കയറി കീഴ്പോട്ടു വീണു മരിക്കുകയോ എന്താണു ഞാൻ ചെയ്യേണ്ടതു്?

നന്ദ__അല്ലയോ വ്യാഘ്രരാജ, അങ്ങയുടെ ദയയും ധൎമ്മബുദ്ധിയും ഏറ്റവും പ്രശംസിക്കത്തക്കതുതന്നെ. കൃതയുഗത്തിൽ തപസ്സാണു് എല്ലാറ്റിലും ഉൽകൃഷ്ടമായ ധൎമ്മം. തേത്രായുഗത്തിൽ ജ്ഞാനം കൎമ്മം എന്നിവയും, ദ്വാപരയുഗത്തിൽ യജ്ഞവും പരമധൎമ്മങ്ങളായി പറയപ്പെട്ടിരിക്കുന്നു. കലിയുഗത്തിലാകട്ടെ, ദാനത്തേക്കാൾ വലുതായി മറ്റൊരു ധൎമ്മവുമില്ലെന്നാണു് മഹാന്മാരുടെ മതം. ദാനങ്ങളിലെല്ലാറ്റിലുംവെച്ചു് അഭയപ്രദാനമാണു് ഉത്തമമായി ഉപദേശിക്കപ്പെടുന്നതു്. അഹിംസാവ്രതം കയ്‌ക്കൊണ്ടു പ്രാണിവൎഗ്ഗങ്ങൾക്കെല്ലാം അഭയപ്രദാനം ചെയ്യുന്നവന്നു മോക്ഷം കിട്ടും; സംശയമേ ഇല്ല. മൂന്നുതരത്തിലുള്ള ദുഃഖങ്ങൾക്കൊണ്ടു തപിപ്പിക്കപ്പെട്ട പ്രാണികൾ യോഗവൃക്ഷത്തിന്റെ തണലിനെയാണു തേടിനടക്കു

[ 28 ]

ന്നതു്. ആ തണൽ അഹിംസയാണു്. കൎമ്മജ്ഞാനങ്ങൾ ആ യോഗവൃക്ഷത്തിന്റെ പുഷ്പങ്ങളും സ്വൎഗ്ഗമോക്ഷങ്ങൾ ഫലങ്ങളുമത്രേ. ഇതാണു ധൎമ്മത്തെപ്പറ്റി ചുരുക്കത്തിൽ ധരിക്കേണ്ടതു്. ഇതെല്ലാം അങ്ങയ്ക്കറിഞ്ഞുകൂടാത്തതല്ല. എങ്കിലും എന്നോടു ചോദിച്ചതിന്നു മറുപടി പറഞ്ഞു എന്നേയുള്ളു.

നരി__അല്ലയോ ശ്രേഷ്ഠയായ ധേനുകേ, പണ്ടൊരിക്കൽ ഒരു മാൻ എന്നെ ശപിക്കുകയുണ്ടായി. അന്നാണു എനിക്കു ഈ വ്യാഘ്രരൂപം കിട്ടിയതു. അതിന്റെ മുമ്പു ഞാനൊരു മനുഷ്യനായിരുന്നു. ആ കഥയെല്ലാം ഞാൻ മറന്നിരിക്കുകയായിരുന്നു. നിന്നെക്കണ്ടു സംഭാഷണംചെയ്തപ്പോൾ എന്റെ പൂൎവ്വവൃത്താന്തമെല്ലാം കുറേശ്ശയായി ഓൎമ്മവരുന്നു. അതുകൊണ്ടു ഞാൻ ഒരു കാൎയ്യംകൂടി ചോദിക്കട്ടെ. നിന്റെ പേരെന്താണെന്നു് പറയണം. ഞാൻ നൂറുകൊല്ലമായി കാത്തിരിക്കുന്നതു, പക്ഷേ നിന്റെ വരവിനെത്തന്നെ ആയിരിക്കാമെന്നു തോന്നുന്നു.

നന്ദ__എന്റെ പേർ നന്ദ എന്നാണു്. അതെല്ലാമിരിക്കട്ടെ. അങ്ങുന്നു് എന്തിനാണു് ഇങ്ങിനെ വേണ്ടാത്ത ചോദ്യങ്ങൾ ചോദിച്ചുകൊണ്ടു സമയം കളയുന്നതു്? ഇനിയെങ്കിലും എന്നെ ഭക്ഷിച്ചു വിശപ്പു ശമിപ്പിക്കരുതെ? നന്ദ എന്ന പരിശുദ്ധമായ പേർ കേട്ടപ്പോഴ

[ 29 ]

യ്ക്കും വ്യാഘ്രം ശാപത്തിൽനിന്നു മോചിക്കുകയും പ്രഭഞ്ജനമഹാരാജാവു് അമ്പും വില്ലും ധരിച്ചുംകൊണ്ടു നായാട്ടിനുള്ള ഉടുപ്പോടുകൂടി അവിടെ കാണപ്പെടുകയും ചെയ്തു. ഇപ്രകാരം ഒരു പശുവിന്റെ സത്യംകൊണ്ടു ഭയങ്കരമായ് ശാപത്തിൽനിന്നു രക്ഷിക്കപ്പെട്ടു ആ പ്രജാപാലകൻ അന്നുമുതൽ നിരപരാധികളായ പ്രാണികളെ ഹിംസിക്കുന്നതിൽനിന്നു വിരമിക്കുകയും സത്യത്തെ മുൻനിൎത്തിക്കൊണ്ടു പ്രജാപരിപാലനം നടത്തുകയും ചെയ്തു.

ധൎമ്മത്തെ ശ്രദ്ധയോടുകൂടി രക്ഷിച്ചുപോന്ന നന്ദയാകട്ടെ, ആ ധൎമ്മത്താൽതന്നെ രക്ഷിക്കപ്പെട്ടവളായിട്ടു, കുട്ടിയോടുകൂടി വളരെക്കാലം ജീവിച്ചിരിക്കുകയും അതിന്റെ പവിത്രമായ ചരിത്രം കേൾക്കുന്നവരുടെ ഹൃദയങ്ങളിൽ സത്യനിഷ്ഠയേയും ധൎമ്മശ്രദ്ധയേയും വൎദ്ധിപ്പിച്ചുകൊണ്ടു ശാന്തതയുടേയും സൌമ്യതയുടെയും ഒരു ഉത്തമോദാഹരണമയി വിളങ്ങുകയുംചെയ്തു.



2. കപോതചരിതം

പണ്ടൊരിക്കൽ ഒരു വലിയ കാട്ടിൽ ഒരു വേടൻ പാൎത്തിരുന്നു. അവൻ കാണുന്ന പക്ഷികളെയെല്ലാം പിടിച്ചുകൊല്ലുകയും തിന്നതുകഴിച്ചു ബാക്കിവിറ്റു മുതലാക്കുകയും ചെയ്തിരുന്നു. ക്രൂരമായ ഈ തൊഴിൽകൊണ്ടു ദിവസവൃത്തി കഴിച്ചിരുന്ന ആ

[ 30 ]

വേടനു പറയത്തക്ക ചാൎച്ചക്കാരൊ വേഴ്ചക്കാരോ ഉണ്ടായിരുന്നില്ല. ആൎക്കും ഒരു ഉപദ്രവവും ചെയ്യാതെ വനത്തിൽ വസിക്കുന്ന സാധുജീവികളെ കൊന്നുതിന്നു വയറുനിറയ്ക്കുന്ന ഒരു നീചന്റെ പേരിൽ സജ്ജനങ്ങൾക്കു സ്നേഹമുണ്ടാകുന്നതെങ്ങിനെ? അങ്ങിനെയുള്ള ഒരുവന്നു വല്ല ബന്ധുക്കളുമുണ്ടായിരുന്നാൽ അവരുംകൂടി അവനെ ഉപേക്ഷിക്കുകയല്ലേ ചെയ്യുകയുള്ളു? ദിവസംപ്രതി പുലരുമ്പോൾ എഴുന്നേറ്റു് ഒരു കയ്യിൽ വലയും വേറൊരുകയ്യിൽ വില്ലുമമ്പും എടുത്തുകൊണ്ടു വനത്തിലുള്ള വിഹംഗമങ്ങളെ വധിപ്പാൻ പുറപ്പെടുന്ന ആ ഘോരമൂൎത്തിയെ പക്ഷികളെല്ലാം യമനെപ്പോലെയാണു വിചാരിച്ചിരുന്നതു്. അപ്രകാരമുള്ളൊരു പാപവൃത്തിയെ ചാൎച്ചക്കാർ വിഷമേറിയ പാമ്പിനെപ്പോലെ അകലെ ആട്ടിക്കളഞ്ഞതിൽ ആശ്ചൎയ്യമെന്താണു്. പ്രകൃതികൊണ്ടും പ്രവൃത്തികൊണ്ടും അവന്നു ചേൎച്ചയുള്ള ഒരു ഭാൎയ്യമാത്രം ഒരുമിച്ചുണ്ടായിരുന്നു. അവർ രണ്ടുപേരുംകൂടി കാട്ടിലുള്ള പറവകളെയെല്ലാം കൊന്നൊടുക്കിക്കൊണ്ടു കാലംകഴിച്ചുകൂട്ടിയിരുന്നു. ഇങ്ങിനെ ഏറെനാൾ കഴിഞ്ഞുപോയി. എന്നിട്ടും അവരുടെ വൃത്തിയും പ്രവൃത്തിയും പാപമുള്ളതാണെന്നു അവർ അറിഞ്ഞതേയില്ല. കാലപ്പഴക്കംകൊണ്ടു പരിചിതമായിത്തീൎന്നിരുന്ന വ്യാധവൃത്തിയല്ലാതെ മറ്റൊരു തൊഴിൽ അവൎക്കു മനസ്സിനു പിടിച്ചതുമില്ല.

[ 31 ]

ഇങ്ങിനെയിരിക്കേ, ഒരു ദിവസം ആ വനത്തിൽ ആരും വിചാരിക്കാതെ ഒരു കാറ്റുംമഴയും വന്നു. നാലുപാടും പരന്നുനില്‌ക്കുന്ന നീണ്ടുതടിച്ച കൊമ്പുകളോടുകൂടിയ വലിയ വൃക്ഷങ്ങളെ വേരോടുകൂടി പറിച്ചുവീഴ്ത്തിക്കൊണ്ടു് ഊക്കോടെ വീശുന്ന കൊടുങ്കാറ്റും നഭോമണ്ഡലം മുഴുവൻ മുടിക്കൊണ്ടു് ഇടവിടാതെ മാരി കോരിച്ചൊരിയുന്ന കറുത്തിരുണ്ട കാർമേഘങ്ങളുംകൂടി കുറച്ചുസമയംകെണ്ടു് ആ കാട്ടിൽ ചെറിയൊരു പ്രളയമുണ്ടാക്കി. കാറ്റിന്റേയും മഴയുടേയും ഊക്കുകൊണ്ടു കൂടുകളിൽ ഇരുന്നുകഴിക്കുവാൻ കഴിയാതായ പറവകൾ നനഞ്ഞു കനത്ത ചിറകുകളോടുകൂടി അങ്ങുമിങ്ങും പറന്നുപോയി. അവയിൽ ചിലതു വലിയ മരത്തടികളിൽ ചെന്നടിച്ചു ചത്തുവീണു. മാൻ, പന്നി മുതലായ മൃഗങ്ങൾ പുറത്തു തലകാണിപ്പാൻപോലും പേടിച്ചു തണുത്തുവിറച്ചുംകൊണ്ടു വിശന്നു വലഞ്ഞു ഗഹകളിൽ കിടന്ന കിടപ്പിൽതന്നെ ഇളകാതെ കിടന്നു. വെള്ളം നിറഞ്ഞു കാട്ടിലുള്ള വഴികൂടി കണ്ടറിയുവാൻ കഴിയാതായി. തണുപ്പു തട്ടിത്തരിച്ചുപോയ കൈകാലുകൾ ഇളക്കുവാൻ എളുപ്പുമല്ലെങ്കിലും മരങ്ങൾ വേർപറിഞ്ഞു വീഴുമെന്നുള്ള പേടികൊണ്ടു അങ്ങോട്ടുമിങ്ങോട്ടും ഓടിയിരുന്ന വേടൻ വഴി അറിയുവാൻ കഴിയാതെ കാൽതെററി കഴികളിൽ വീണു കുഴങ്ങി.

ഇങ്ങിനെ കാട്ടിലുള്ള സകല പ്രാണികളും ജീവനെ രക്ഷിപ്പാൻ കൊതിച്ചോടിയിരുന്ന കൂട്ട

[ 32 ]

ത്തിൽ ഒരു ചെറിയ പെൺപ്രാവു് പേടികൊണ്ടു കൂടുവിട്ടു പുറത്തേയ്ക്കു പറക്കുകയും കുറച്ചുനേരം അങ്ങുമിങ്ങും പറന്നു ചിറകു നനഞ്ഞു പറക്കുവാൻ വയ്യാതായപ്പോൾ ഒരു മരത്തിന്റെ ചുവട്ടിൽ വീഴുകയും ചെയ്തു. അതു കണ്ടുനിന്നിരുന്ന വേടൻ വേഗത്തിൽ അതിനെ ചെന്നെടുത്തു കയ്യിലുണ്ടായിരുന്ന കൂട്ടിലിട്ടു. ചെറുപ്പകാലം മുതൽ ശീലിച്ചുവന്നിരുന്ന ആ പാപകൎമ്മം ചെയ്‌വാൻ ആപത്തിൽ അകപ്പെട്ടു ബുദ്ധിമുട്ടുന്ന അവസരത്തിൽകൂടി അവന്നു തോന്നിയതു് അഭ്യാസബലത്തിന്റെ ഫലം തന്നെയായിരുന്നു. അവന്റെ തലയ്ക്കുമീതെ പടൎന്നുപിടിച്ചു പന്തലിച്ചു കൊമ്പുകളോടും ഇടതൂൎന്നു വളരുന്ന ഇലകളോടും തിങ്ങിത്തൂങ്ങിനില്‌ക്കുന്ന പഴങ്ങളോടും കൂടിയ ഒരു വലിയ മരമാണു നിന്നിരുന്നതു്. അനേകായിരം പക്ഷികൾ ആ സദ്‌വൃക്ഷത്തെ ആശ്രയിച്ചുകൊണ്ടു് അത്ര വലിയ പേമാരി ചൊരിഞ്ഞിരുന്ന സമയത്തുകൂടി ഒരു തുള്ളി വെള്ളം മേൽവീഴാതെ പഴങ്ങൾ തിന്നുകൊണ്ടിരിക്കുന്നതും അവൻ കണ്ടു; ആ ഉദാരതരുവിന്റെ ചുവട്ടിൽതന്നെയായിരുന്നു ആ ദുഷ്ടവ്യാധൻ അപ്പോൾ ശരണാഗതനായി നനയാതെ നിന്നിരുന്നതു്. എന്നിട്ടും ഈശ്വരനാൽ പരോപകാരത്തിന്നു മാത്രമായി സൃഷ്ടിക്കപ്പെട്ട വൃക്ഷത്തിന്റെ ഔദാൎയ്യത്തെ കണ്ടുപഠിപ്പാൻ ആ പാപിക്കു കഴിഞ്ഞില്ല. പറക്കുവാൻ വയ്യാതെ വീണുപോയ പെൺപ്രാവു് പണിയെടുക്കാതെ ഭാഗ്യംകൊണ്ടു കിട്ടിയ ഭക്ഷണ

[ 33 ]

മാണെന്നു വിചാരിപ്പാനുള്ള മൂഢത്വം മാത്രമേ ആ മന്ദബുദ്ധിക്കുണ്ടായുള്ളൂ.

ഒരു നിമിഷം കഴിഞ്ഞപ്പോഴേയ്ക്കും കാറ്റ് ശമിച്ചു. ഇരുട്ടടഞ്ഞിരുന്ന ആകാശം മുഴുവനും വെളുത്തു വിളങ്ങി. മഴക്കാറിന്റെ ഒരു ചിഹ്നംകൂടി കാണ്മാനില്ലാതായി. ആ സൂൎയ്യൻ അസ്തമിച്ചിരുന്നു. അവിടവിടെയായി മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളോടുകൂടിയ നഭസ്സ് വിടൎന്നുനില്ക്കുന്ന ആമ്പൽപ്പൂക്കൾ നിറഞ്ഞ നിൎമ്മലമായ സരസ്സുപോലെ ശോഭിച്ചു. മഴവിട്ടതുകൊണ്ടു മനസ്സുകുളുൎത്ത വേടൻ നിന്നിരുന്ന പ്രദേശം അറിവാനായി നാലുപുറവും നോക്കിയപ്പോൾ അവന്റെ കുടിൽ അകലെയാണെന്നു മനസ്സിലായി. അന്നുരാത്രി ആ മരത്തിന്റെ അടിയിൽ തന്നെ കഴിച്ചുകൂട്ടാതെ നിവൃത്തിയില്ലെന്നു കണ്ടു താഴത്തു വീണുകിടന്നിരുന്ന ഇലകൾ പെറുക്കി നിലത്തുവിരിച്ച് ഒരു കല്ലിന്മേൽ തലയും വെച്ചുകൊണ്ട് അവൻ കിടക്കുകയും ക്ഷീണിച്ചു തളർന്നിരുന്നതിനാൽ വേഗത്തിൽ ഉറങ്ങിപ്പോവുകയും ചെയ്തു.

ആ മരത്തിന്മേൽ വളരെക്കാലമായി ഒരു പ്രാവു പിടയോടു കൂടി പാൎത്തിരുന്നു. ഇര തേടുവാനായി പകൽ പുറത്തേയ്ക്കു പോയ പ്രാവു് അന്നേദിവസം കാറ്റും മഴയും തുടങ്ങിയ ഉടനെ കൂട്ടിലേയ്ക്കും മടങ്ങിവന്നപ്പോൾ അതേ ആവശ്യത്തിനായി പോയിരുന്ന പെൺപ്രാവു തിരികെ വന്നെത്താത്തതുകൊണ്ടു വ്യസനിച്ചു വിലപിച്ചുതുടങ്ങി. അതു കേട്ടപ്പോൾ

[ 34 ]

വേടന്റെ കൂട്ടിൽ കിടന്നിരുന്ന അതിന്റെ ഇണ അതിനോടു വിളിച്ചുപറഞ്ഞു.

കപോതി__കാറ്റുകൊണ്ടും മഴകൊണ്ടും ക്ഷീണിച്ച ഈ വേടൻ നമ്മുടെ ഗൃഹത്തിൽ ഒരതിഥിയായിട്ടാണു വന്നിരിക്കുന്നതു്. അവൻ തണുപ്പുകൊണ്ടു തീരെ തളൎന്നും വിശപ്പുകൊണ്ടു വളരെ വലഞ്ഞുമിരിക്കുന്നു. അവനെ വേണ്ടുംവണ്ണം പൂജിച്ചാൽ നമുക്കു ശ്രേയസ്സുണ്ടാകും. ശരണാഗതനായ അവനെ രക്ഷിച്ചു പുണ്യം നേടുവാനുള്ള അവസരത്തെ വെറുതെ കളഞ്ഞു ഭാൎയ്യയെപ്പററി വിലപിച്ചും കൊണ്ടിരിക്കുന്നതു് ഒട്ടും ഉചിതമല്ല. അതിഥിയെ പട്ടിണിയിട്ടു കൊല്ലുന്ന ഗൃഹസ്ഥൻ മാതൃവധം ചെയ്യുന്ന പുത്രനെപ്പോലെ പാപിയാകുന്നു. ഒതുങ്ങിയ മട്ടിലാണെങ്കിലും തനിക്കു കഴിവുള്ളവണ്ണം അതിഥിസത്കാരം ചെയ്യുന്ന ഗൃഹസ്ഥനാകട്ടെ ഇഹലോകത്തിലും പരലോകത്തിലും പരമസുഖത്തെ പ്രാപിക്കുന്നു. അതുകൊണ്ടു് പുത്രന്മാരും പുത്രിമാരും വേണ്ടതുണ്ടല്ലോ. അതുകൊണ്ടു് എന്നെപ്പറ്റി വ്യസനിച്ചും കൊണ്ടിരിക്കാതെ സ്വഗൃഹത്തിൽ വന്നുചേൎന്ന അനാഥനായ അതിഥിയെ പൂജിച്ചു പുണ്യം സമ്പാദിപ്പാൻ ശ്രമിക്കുക. അതാണു വേണ്ടതു്.

ജന്മവൈരിയായ വേടന്റെ കൂട്ടിൽ കിടന്നും കൊണ്ടു് അവനെ സത്കരിപ്പാനായി ഭൎത്താവായ തന്നോടുപദേശിക്കുന്ന പെൺപ്രാവിന്റെ ഔദാൎയ്യ

[ 35 ]

ത്തേയും ധൎമ്മബോധത്തേയും കണ്ടപ്പോൾ ആ കപോതം മനസ്സലിഞ്ഞു ശരണാഗതനായ ശത്രുവിനെ ശുശ്രൂഷിപ്പാനുള്ള ശ്രമം തുടങ്ങി. അന്നന്നു തിന്മാൻ മാത്രം വല്ല നെന്മണിയോ മറേറാ അങ്ങുമിങ്ങും പറന്നു പെറുക്കിക്കൊണ്ടുവന്നു കാലം കഴിച്ചുകൂട്ടുന്ന ഒരു പക്ഷിയുടെ കൈവശം മനുഷ്യരെ സത്കരിപ്പാനുള്ള ഉപകരണങ്ങളിൽ എന്താണുണ്ടായിരിപ്പാൻ വഴിയുള്ളതു? മറെറാന്നുമില്ലെങ്കിലും മധുരമായ വാക്കുകൊണ്ടു സത്കരിക്കാമെന്നുറച്ചു ആ ഗൃഹസ്ഥകപോതം വേടന്റെ അടുക്കെ ചെന്നുണൎത്തിച്ചുപറഞ്ഞു.

കപോതം__അല്ലയോ അതിഥേ, അങ്ങയ്ക്കു സ്വാഗതം. ശത്രുവിന്റെ ഗൃഹത്തിൽ ശരണാഗതനായി വന്നതിനെപ്പററി അങ്ങു ലേശം ഖേദിക്കരുതു. സ്വന്തം ഗൃഹത്തിലെന്ന പോലെ ഇവിടെയുള്ളതെല്ലാം അങ്ങയുടെ സ്വാധീനമാണു്. കൊമ്പു മുറിപ്പാൻ വരുന്നവരെ തണൽ കൊണ്ടു കുളിപ്പിക്കുന്ന വൃക്ഷങ്ങളുണു ഞങ്ങൾക്ക് അതിഥിപൂജാക്രമം പഠിപ്പിച്ചിട്ടുള്ളതു്. അതുകൊണ്ടു്, എന്തു സഹായം വേണമെങ്കിലും ചെയ്തുതരുവാൻ ഈ സാധു സദാ സന്നദ്ധനാണു്. ആവശ്യമുള്ളതു മടിക്കാതെ പറഞ്ഞുകൊള്ളക. പഞ്ചയജ്ഞം നടത്തുന്നതിൽ ശ്രദ്ധയുള്ള ഗൃഹസ്ഥന്മാർ അതിഥികളെ പൂജിപ്പാനായി വേണ്ടിവന്നാൽ, പ്രാണനെക്കൂടി പരിത്യജിക്കുമെന്നു പറയേണ്ടതില്ലല്ലോ.

[ 36 ]

ദുഃഖിതനായ തന്നിൽ ദയയോടുകൂടി, പക്ഷിയാണെങ്കിലും, കാലോചിതം പോലെ പെരുമാറുന്ന പ്രാവിൻറ വിനയത്തോടുകൂടിയ വാക്കുകൾ കേട്ടിട്ടും കൂടി ആ വേടനു വിവേകമുണ്ടായില്ല. അവന്നു് അപ്പോഴും സജീവനെ രക്ഷിപ്പാനുള്ള ആലോചന മാത്രമേ ഉണ്ടായിരുന്നുള്ളൂ. തണുപ്പുകൊണ്ടു സംസാരിപ്പാൻ പ്രയാസപ്പെട്ടും കൊണ്ടു് ആ പാപംചാരൻ പ്രാവിനോടു പതുക്കെ പറഞ്ഞു.

വേടൻ__എനിക്കു തണുപ്പ് സഹിക്കാൻ വയ്യാ. അതിനു വല്ല പരിഹാരവുമുണ്ടാക്കി തരികയാണു ഒന്നാമതായി വേണ്ടതു്.

അതിഥിയുടെ ആവശ്യം മനസ്സിലായ ഉടനെ പ്രാവു കൊക്കുകൊണ്ടു കുറെ ചവററിലകൾ കൊത്തിക്കൊണ്ടുവന്നു കൂട്ടി. എവിടെനിന്നോ കുറച്ചു തിയ്യും വളരെ പണിപ്പെട്ട കൊണ്ടുവന്നു. ഒടുവിൽ അവന്റെ അരികെ തീ കത്തിച്ചുകൊടുത്തിട്ടു പറഞ്ഞു...

കപോതം__ഇനി തണുത്തു ബുദ്ധിമുട്ടേണ്ട. ഇഷ്ടം പോലെ ശരീരമെല്ലാം ചൂടുപിടിപ്പിച്ചുകൊള്ളക.

വേടൻ പതുക്കെ എഴുന്നേററിരുന്നു ദേഹമെല്ലാം ചൂടുപിടിപ്പിച്ചു. തണുപ്പു കഷ്ടിച്ചു മാറിയപ്പോൾ അവൻ തിന്മാൻ വല്ലതും കിട്ടിയാൽ കൊള്ളാമെന്നു പക്ഷിയോടപേക്ഷിച്ചു. നാളെ ഭക്ഷിപ്പാൻ മാൎഗ്ഗമെന്താണെന്നുള്ളതു് ഒരിക്കലും ആലോചിക്കാതെ അപ്പപ്പോൾ വേണ്ടതുമാത്രം തേടിപ്പിടിച്ചുണ്ടാക്കികാ

[ 37 ]

ലയാപനംചെയ്തുകൊണ്ടു കാട്ടിൽ കുടികൊള്ളുന്ന ഋഷിമാരെപ്പോലെ ദിവസവൃത്തി കഴിച്ചുകൂട്ടിയിരുന്ന ആ പ്രാവു കൂട്ടിലൊന്നും ശേഖരിച്ചു വെച്ചിട്ടില്ലായിരുന്നതുകൊണ്ടു തത്കാലം കുറച്ചൊന്നു പരിഭ്രമിക്കുകയും ഒരതിഥിയുടെ വിശപ്പു മാറ്റുവാൻ കൂടി കഴിയാത്ത തൻറെ ജീവിതസമ്പ്രദായത്തെ വെറുക്കുകയും ചെയ്തു.

വേണ്ടതെന്താണെന്നറിയാതെ വിഷണ്ണനായിത്തീൎന്ന കപോതം കുറേനേരം ആലോചിച്ച ശേഷം നല്ലൊരു വഴി കണ്ടുകിട്ടിയതായി നടിച്ചു പക്ഷിമാംസം ഭക്ഷിച്ചു പരിചയിച്ചിട്ടുള്ള അതിഥിയോടു പറഞ്ഞു.

കപോതം__ഒരതിഥിക്കു കൊടുപ്പാൻ യോഗ്യമായ ഭക്ഷണപദാർത്ഥമൊന്നും ഞാൻ ശേഖരിച്ചുവെച്ചിട്ടില്ല. പഴങ്ങൾ തിന്നിട്ടുള്ള ശീലവും അങ്ങയ്കണ്ടായിരിക്കയില്ല. എങ്കിലും വിശപ്പു മാറ്റുവാൻ മാത്രം വല്ലവഴിയും ഉണ്ടാക്കുവാൻ നോക്കാം. കുറച്ചുനേരം ക്ഷമിക്കുക. ഞാൻ ഈ തീയൊന്നു നന്നായി കത്തിക്കട്ടെ.

പ്രാവു പുറപ്പെടുന്നതെന്തുചെയ്യാനാണെന്നു വേടൻ ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കു പരോപകാരം ചെയ്യാനായി സ്വശരീരം ദഹിപ്പിപ്പാൻ തീൎച്ചപ്പെടുത്തിയ ദാനവീരനായ ആ പക്ഷി അഗ്നിയെ നല്ലവണ്ണം ജ്വലിപ്പിച്ചു പിന്നേയും അവനോടു പറഞ്ഞു.

[ 38 ]

കപോതം__പൂജ്യനായ അതിഥേ, പണ്ടു പലരും അതിഥികളെ പൂജിപ്പാനായി ആത്മത്യാഗംപോലും ചെയ്തിട്ടുണ്ടെന്നു പറഞ്ഞുകേട്ടിട്ടുണ്ടു്. അതു പോലെ ഇന്നിവിടെ എന്റെ ഭാഗ്യംകൊണ്ടു വന്നുചേൎന്ന അങ്ങേയ്ക്ക് ആഹാരം നൽകുവാനായി ഞാൻ ഇതാ ഈ ശരീരത്തെ തിയ്യിലിട്ടു ദഹിപ്പിപ്പാനാണു ഭാവിക്കുന്നതു്. ഈ ചെറിയ ശരീരം ഒരു നിമിഷത്തിന്നു ഉള്ളിൽ ഒരു കഷണം വെന്ത മാംസമായിത്തീരും. അതു ഭക്ഷിച്ചു ഭവാൻ തൃപ്തിപ്പെട്ടു് ഈയുള്ളവനെ അനുഗ്രഹിക്കുക.

ഇപ്രകാരം അപേക്ഷിച്ചുംകൊണ്ടു് അതിഥി സത്കാരം ശരിയാംവണ്ണം നടത്തുന്നതിലുള്ള കൃതാൎത്ഥതതയോടുകൂടി ജ്വലിക്കുന്ന ഹുതാശനെ മൂന്നു പ്രാവശ്യം വലം വെച്ചു യാഗാഗ്നിയിൽ ഹവിസ്സു ഹോമിക്കുന്നതുപോലെ പരിശുദ്ധമായ ആത്മശരീരത്ത അതിഥിക്കു സമൎപ്പിപ്പാനായി അഗ്നിപ്രവേശം ചെയ്തു.

ഈ അത്ഭുതകാഴ്ച കണ്ടുകൊണ്ടിരുന്ന ലുബ്ധകൻ്റെ ഹൃദയത്തിൻ പെട്ടെന്നൊരു മാററം സംഭവിച്ചു. അജ്ഞാനാന്ധകാരം കൊണ്ടു നിറഞ്ഞിരുന്ന അവന്റെ മനസ്സിൽ ജ്ഞാനസൂൎയ്യൻ ഉദിച്ചതുപോലെ തോന്നി. പാപകൃത്യങ്ങളിൽ മുങ്ങിക്കിടന്നിരുന്ന തന്നെ പക്ഷിവൎയ്യന്റെ ധൎമ്മകൎമ്മം മേല്‌പോട്ടു പിടിച്ചുയർത്തുകയാണെന്നു വേടൻ വിചാരിച്ചു. ആ നിമിഷംവരെ ചെയ്തിരുന്ന ക്രൂരകൃത്യങ്ങളെ പഴിച്ചുകൊണ്ടു് അവൻ ഇപ്രകാരം വിലപിച്ചു.

[ 39 ]

‘കഷ്ടം! കഷ്ടം! ഞാൻ എന്തൊരധൎമ്മമാണു ഇത്ര നാളും ചെയ്തിരുന്നതു്. ഭാൎയ്യയ്ക്കും കുട്ടികൾക്കും നിന്ദ്യമായ എന്റെ നീചാത്മാവിന്നും വേണ്ടി എത്ര പക്ഷികളെയാണു ഞാൻ കഴുത്തു മുറിച്ചു കൊന്നിട്ടുള്ളതു്. പ്രാണികളുടെ ജീവനാശം വരുത്താതെ ജീവിതം നയിക്കാൻ വേറെ അസംഖ്യം വഴികളുണ്ടായിരിക്കേ, ഹിംസകൊണ്ടു മലിനമായ വ്യാധവൃത്തിയെത്തന്നെ സ്വീകരിക്കാൻ തോന്നിയതു് അജ്ഞാനംകൊണ്ടല്ലേ? ഒരു നരാധമന്റെ വിശപ്പു ശമിപ്പിപ്പാനായി തിയ്യിൽ ചാടി ജീവനെ ത്യജിച്ച കപോതം ധൎമ്മത്തിന്റെ മാഹാത്മ്യത്തെ എനിക്കു നല്ലവണ്ണം മനസ്സിലാക്കിത്തന്നു. ഇനിമേൽ പാപകൎമ്മങ്ങളിൽ ഞാൻ പ്രവൎത്തിക്കയില്ല. ഭാൎയ്യയേയും കുട്ടികളേയും ത്യജിച്ച് ഇന്നുമുതൽ ഞാൻ ഈ പ്രാവിനെപ്പോലെ ആത്മത്യാഗം ശീലിക്കുന്നുണ്ടു്. മാംസം തിന്നു തടിച്ച ഈ ദേഹത്തെ ഉപവാസംകൊണ്ടു ക്ലേശിപ്പിച്ചു കൃശമാക്കിക്കളയാം. വേനല്‌ക്കാലത്തു വെയിൽ കൊണ്ടു നാൾക്കുനാൾ വററിപ്പോകുന്ന വെള്ളത്തോടുകൂടിയ പൊയ്കപോലെ വ്രതാനുഷ്ഠാനംകൊണ്ടു പ്രതിക്ഷണം ക്ഷീണിപ്പാൻപോകുന്ന ഈ ശരീരം മേലാൽ യാതൊരു പ്രാണിയേയും ഹിംസിക്കുന്നതല്ല.

ഇങ്ങിനെ പറഞ്ഞുകൊണ്ടു ധമ്മാചരണത്തിലുറച്ച മനസ്സോടുകൂടി ആ വ്യാധൻ കയ്യിലുണ്ടായിരുന്ന വില്ലു പൊട്ടിച്ചു ദൂരെ കളയുകയും വല ചീന്തി വ

3 [ 40 ]

ലിച്ചെറിയുകയും ചെയ്തു. കൂട്ടിലിട്ടടയ്ക്കപ്പെട്ടിരുന്ന പെൺപ്രാവിനെ പുറത്തേയ്ക്കും വിട്ടയച്ചു് അല്പനിമിഷങ്ങൾക്കു മുമ്പു കണ്ട അത്യാശ്ചൎയ്യകരമായ ആ അത്യാഗത്തെപ്പററി പിന്നെയും ആലോചിച്ചുകൊണ്ടിരിപ്പായി.

വ്യാധൻ ഇങ്ങിനെ ചിന്താമഗ്നനായിരിക്കെ, പഞ്ജരത്തിൽനിന്നു മുക്തയായ കപോതി ഭൎത്തൃനാശംകൊണ്ടുള്ള ദുസ്സഹമായ ദുഃഖത്തോടുകൂടി പതിയുടെ ദേഹത്തെ ദഹിപ്പിച്ചിരുന്ന അഗ്നിയുടെ അടുക്കൽ പറന്നെത്തി. അത്ര ധൎമ്മിഷ്ഠനായ ഒരു ഭൎത്താവിനെ ലഭിപ്പാനുള്ള ഭാഗ്യമുണ്ടായതിൽ അനല്പമായ സന്തോഷമുണ്ടായിരുന്നുവെങ്കിലും വിചാരിക്കാതെ വന്നുചേർന്ന വൈധവ്യത്തിൻറ അസഹ്യതയെ ആലോചിച്ചപ്പോൾ അതിന്നു വലുതായ വ്യസനമുണ്ടായി. മലകളുടെ മുകളിലും, മരങ്ങളുടെ ഇടയിലും, പുഴകളുടെ മണൽതിട്ടുകളിലും, പൊയ്കകളുടെ പ്രാന്തദേശങ്ങളിലും പ്രിയപതിയോടുകൂടി പറന്നുകളിച്ചിരുന്ന പരമസുഖമായ യൌവനകാലത്തിന്റെ സ്മരണകൾ അതിന്റെ ഹൃദയത്തെ അത്യന്തം ദുഃഖിപ്പിച്ചു. ഒടുവിൽ വിരഹതാപംകൊണ്ടു ദഹിപ്പിക്കപ്പെട്ട പതിവ്രതയായ കപോതി ജീവിതസൎവ്വസമായ പ്രിയഭൎത്താവിനെ അനുഗമിപ്പാൻ നിശ്ചയിച്ചു അതേ അഗ്നിയിൽ തന്നെ വീണു ആത്മശരീരത്തെ ദഹിപ്പിച്ചു. തിയ്യിൽകിടന്നു കത്തിക്കരിയുന്ന ശരീരത്തിലുള്ള പുണ്യജീവൻ പുറത്തേയ്ക്കു

[ 41 ]

നിൎഗ്ഗമിച്ച ഉടനെ ദിവ്യമായ ഒരു ശരീരത്തെ പ്രാപിച്ചു് ആകാശദേശത്തിൽ വിമാനത്തിൽ കയറിയിരിക്കുന്ന ഭർത്താവിനെ കാണുകയും ഒരുമിച്ചു അതിൽ കയറി സുകൃതംകൊണ്ടു സമ്പാദിച്ച സ്വർലോകത്തിലേയ്ക്കു ഗമിക്കുകയും ചെയ്തു.

കപോതദമ്പതികൾ സ്വൎഗ്ഗത്തേയ്ക്കു പേകുന്നതു കണ്ടുംകൊണ്ടു നിന്നിരുന്ന വേടൻ അന്നുമുതൽ അവയെപ്പോലെ ധമ്മം അനുഷ്ഠിച്ചു് അനശ്വരമായ സ്വൎഗ്ഗവാസസുഖം സമ്പാദിക്കാൻ ഉറയ്ക്കുകയും സർവ്വവും സന്യസിച്ചു വായ്വാഹാരനായി തപസ്സു തുടങ്ങുകയും ചെയ്തു. തപസ്സു ചെയ്യാൻ യോഗ്യമായ ഒരു പ്രദേശം അന്വേഷിച്ചുകൊണ്ടു് കാടുതോറും ചുററിനടന്നിരുന്ന അവൻ ഒരു ദിവസം തെളിഞ്ഞ തണുപ്പുള്ള വെള്ളവും താമരപ്പൂക്കളും നിറഞ്ഞ വലിയൊരു തടാകവും അതിൻറെ തീരത്തിൽ താപസന്മാർക്കു താമസിപ്പാൻ തക്കതായ സ്ഥലവും കണ്ടെത്തി. ചുററും പറന്നു സ്വൈരമായി സഞ്ചരിച്ചിരുന്ന പക്ഷികളെ തിരിഞ്ഞു നോക്കുകകൂടി ചെയ്യാതെ വേടൻ സരസ്സമീപത്തിലേയ്ക്കും നടന്നപ്പോൾ വഴിക്കുണ്ടായിരുന്ന മൂൎച്ചയുള്ള മുള്ളുകൾ തട്ടി മേലെല്ലാം മുറിഞ്ഞു. അങ്ങിനെ അവൻ കഷ്ടപ്പെട്ടുകൊണ്ടിരിക്കെ, പൊടുന്നനവേ ഒരു കാറ്റടിക്കുകയും അടുത്ത പ്രദേശത്തിൽ ഉണങ്ങിനിന്നിരുന്ന മരങ്ങൾ തമ്മിൽ കൂട്ടിമുട്ടി കാട്ടുതീയ്യ് കത്തിത്തുടങ്ങകയും ചെയ്തു. ചരങ്ങളും അചരങ്ങളുമായ ജീവജാലങ്ങളെ യെല്ലാം ദഹി

[ 42 ]

പ്പിച്ചു ഭസ്മമാക്കിയിരുന്ന ഭാവാനലനിൽ ദുഷ്കൃത്യങ്ങൾ ചെയ്തു ഒടുവിൽ പശ്ചാത്തപിച്ചുകൊണ്ടിരുന്ന് വേടൻ പലനാൾ ചെയ്തു. പാപങ്ങളുടെ പ്രായശ്ചിത്തമായി സ്വദേഹത്ത ദഹിപ്പിക്കുകയും കപോതങ്ങളെപ്പോലെ ദിവ്യമായ കളേബരത്തെ പ്രാപിക്കുകയും ചെയ്തു.

ഈശ്വര സൃഷ്ടികളിൽ എല്ലാറ്റിലുംവെച്ചു ശ്രേഷ്ഠനായ മനുഷ്യന്നുപോലും ആത്മകൎമ്മം കൊണ്ടു ധമ്മോപദേശം ചെയ്ത കപോതങ്ങളുടെ പാവനമായ ചരിത്രത്ത ഒരു പ്രാവശ്യമെങ്കിലും കേൾക്കുന്നവരുടെ പാപങ്ങൾ ഭിവൌഷധം സവിക്കുന്ന രോഗിയുടെ ദീനം പോലെയും, ഗംഗാജലം കുടിക്കുന്നവൻ ദാഹംപോലെയും ഉടനെ തന്നെ തീരെ നശിച്ചുപോകുന്നതാണു്. പതിവായി ചെയ്താലുണ്ടാകുന്ന ഫലമെന്തായിരിക്കുമെന്നു പറയേണമോ?

3. നകുലോപാഖ്യാനം

ഭാരത യുദ്ധം കഴിഞ്ഞു കൌരവന്മാരുടെ കൈവശം ഉണ്ടായിരുന്ന തങ്ങളുടെ രാജ്യം മുഴുവനും വീണ്ടെടുത്ത പാണ്ഡവന്മാർ അവരുടെ ആധിപത്യം സ്ഥാപിപ്പാനായി ഒരു ഭിവിജയം നടത്തുകയും അതിലുണ്ടായ വിജയത്തെ ആഘോഷിച്ചു കൊണ്ടു ധൎമ്മപുത്രർ ഒരു അപമേധയാഗം അനുഷ്ഠിക്കുക

[ 43 ]

യും ചെയ്തു. യുധിഷ്ഠിരന്റെ സഹോദരന്മാരായ ഭീമസേനൻ, അർജ്ജുനൻ, നകുലൻ, സഹദേവൻ, എന്നീ നാലു വീരന്മാർ നാലു ദിക്കുകളിലും പോയി ദിഗ്വിജയം ചെയ്തു സമ്പാദിച്ചുകൊണ്ടു വന്ന സമ്പത്തു മുഴുവനും ആ യജ്ഞത്തിൽ ചിലവു ചെയ്യുകയും വേദതത്ത്വപജ്ഞന്മാരായ അനേകം ഋഷിശ്രേഷ്ഠന്മാർ കൎമ്മങ്ങളെല്ലാം വിധിപ്രകാരം നടത്തുകയും ചെയ്തു. പാവനമായ ആ പുണ്യകൎമ്മത്തിൽ പങ്കുകൊള്ളവാനും, ദുൎല്ലഭം ചില ചക്രവർത്തികൾക്കുമാത്രം നടത്തുവാൻ കഴിയുന്ന ആ മഹാത്സവം കണ്ടു ദാനങ്ങൾ വാങ്ങുവാനുമായി കൂടിയിരുന്ന അസംഖ്യം ബ്രാഹ്മണരെ പലവിധത്തിലുള്ള ദാനങ്ങളും ദക്ഷിണയും കൊടുത്തു തൃപ്തിപ്പെടുത്തിയ ശേഷം യുധിഷ്ഠിരൻ യുദ്ധത്തിൽ മരിക്കാതെ ജീവിച്ച ചാച്ചിക്കാരെയും വേഴ്ചക്കാരെയും വിവിധങ്ങളായ സമ്മാനങ്ങളെക്കൊണ്ടു സന്തോഷിപ്പിച്ചു. അശക്തന്മാർക്കും അംഗവൈകല്യം നിമിത്തം ദീനദശയിൽ അകപ്പെട്ട ദുഃഖിക്കുന്ന ദരിദ്രന്മാർക്കും വേണ്ടതെല്ലാം വേണ്ടുവോളം കൊടുക്കപ്പെട്ടു. ഇപ്രകാരം കൎമ്മത്തിൻറ ശുദ്ധി കൊണ്ടും ദാനത്തിന്റെ ബാഹുല്യം കൊണ്ടും അതേവരെ ലോകത്തിൽ നടത്തപ്പെട്ട സകല യാഗങ്ങളെയും അതിശയിച്ചിരുന്ന ആ യജ്ഞത്തെ ബ്രാഹ്മണരെല്ലാം പ്രശംസിച്ചു. അത്ര ദ്രവ്യസമൃദ്ധിയുള്ള ആ യജ്ഞത്തിൽ ചെയ്തു ഹോമങ്ങൾകൊണ്ടു പ്രസാദിച്ചു ദേവന്മാർ ധൎമ്മത്തജന്റെ ശിരസ്സിൽ പുഷ്പ

[ 44 ]

വൎഷംചെയ്തു.

യാഗാവസാനത്തിൽ മംഗള സ്നാനം ചെയ്ത ചക്രവർത്തിയെ യാചകന്മാരും സാമന്തഭൂപന്മാരും മററും പ്രശംസിച്ചുകൊണ്ടിരുന്നു. അപ്പോൾ എവിടെ നിന്നോ വന്ന ഒരു നകുലം യാഗം നടന്നിരുന്ന ശാലയിലേയ്ക്കും കടന്നുചെന്നു കുറേനേരം അവിടെയെല്ലാം കിടന്നുരുണ്ടു, ഒടുവിൽ അത്യച്ചമായ സ്വരത്തിൽ, മനുഷ്യർ സംസാരിക്കുംപോലെ, ഇപ്രകാരം പറഞ്ഞു:__ “അല്ലയോ രാജാക്കന്മാരെ, കുരുക്ഷേത്രനിവാസിയും ഉഞ്ഛവൃത്തിയും ആയ ബ്രാഹ്മണൻ ഒരിടങ്ങഴി മലർപ്പൊടികൊണ്ടു ചെയ്തു യജ്ഞത്തിന്നു ശരിയല്ല ഈ കഴിഞ്ഞ യാഗം.”

നകുലത്തിന്റെ ഈ വാക്കുകൾ കേട്ട് ആശ്ചൎയ്യപ്പെട്ടു ബ്രാഹ്മണരെല്ലാം ആ അപമാനകരമായ അപവാദം പുറപ്പെടുവിച്ചത് ആരാണെന്നു അന്വേഷിച്ചപ്പോൾ യാഗശാലയുടെ ഒരു മുക്കിൽ ഒതുങ്ങിക്കിടന്നിരുന്ന കീരിയെ കണ്ടെത്തി. മിനുപ്പേറിയ അതിൻ്റെ മേനിയിലൊരു പകുതി മിന്നുന്ന പൊൻ നിറത്തോടുകൂടിയിരുന്നതു കണ്ടിട്ട് അതു സാധാരണയായ ഒരു കീരിയാവില്ലെന്നു് അവർ ഉറയ്ക്കുകയും യാഗത്തെ നിന്ദിച്ചതും ആ നകുലമാണെന്നു് അറിഞ്ഞു് അതിനോടു ചോദിക്കുക യും ചെയ്തു.

ബ്രാഹ്മണർ__ഹേ നകുലശ്രേഷ്ഠ! ദിവ്യമായ രൂപം ധരിച്ചുംകൊണ്ടു മനുഷ്യനെപ്പോലെ സംസാരിക്കുന്ന നീ ആരാണ്? എവിടെനിന്നാണു നീ വ

[ 45 ]

രുന്നതു്? വേദവിധിപ്രകാരം വേണ്ടുംവണ്ണം ഞങ്ങൾ നടത്തിയ ഈ യാഗത്തെ നിന്ദിക്കുവാൻ തക്കവണ്ണം എന്തൊരു ജ്ഞാനമാണു നിനക്കുള്ളതു? ദേവന്മാരെ ഹവിദ്ദാനംകൊണ്ടും, പിതൃക്കളെ ശ്രാദ്ധാതപ്പണങ്ങൾകൊണ്ടും, ബ്രാഹ്മണരെ മാനങ്ങൾകൊണ്ടും തൃപ്തിപ്പെടുത്തിയ ഈ യാഗത്തിൽ എന്തൊരു കർമ്മവൈകല്യമാണു നീ കണ്ടിട്ടുള്ളതു? ദരിദ്രന്മാരെ ദാനങ്ങൾകൊണ്ടും സുഹജ്ജന്മങ്ങളെ സമ്മാനങ്ങൾകൊണ്ടും സന്തോഷിപ്പിച്ച ഈ മഹാസത്രത്തിൽ സമ്പത്തിന്റെ ന്യൂനതയുള്ളതായി ആർക്കു തന്നെ പറയുവാൻ കഴിയും? നാലു ദിക്കുകളേയും ശ്ലാഘ്യമായ വിധത്തിൽ ജയിച്ചു ന്യായമായി നേടിയ പണംകൊണ്ടു ദാനധർമ്മങ്ങൾ നടത്തി, അനാഥന്മാക്കു രക്ഷനൽകി, ശരണാഗതന്മാർക്കു് അഭയപ്രദാനം ചെയ്തു. ഈ വിജയോത്സവത്തിൽ എന്തൊരു പൌരുഷക്കുറവാണു നിനക്കു പറവാനുള്ളതു? നിനക്കു തോന്നിയ തരക്കേടു എന്തായാലും പറഞ്ഞുകേട്ടാൽ കൊള്ളമെന്നുണ്ടു്.

വേദജ്ഞന്മാരായ വിപ്രന്മാരുടെ വിനയപൂർവ്വകമായ ഈ വാക്കു കേട്ടു നകുലം ഉറക്കെയൊന്നു പൊട്ടിച്ചിരിച്ച് അവരോടു പറഞ്ഞു: “ഞാൻ പറഞ്ഞതു പൊളിയാണോ എന്നു നിങ്ങൾ ലേശം ശങ്കിക്കേണ്ട. നാലുനാഴി മലർപ്പൊടികൊണ്ടു നടത്തിയ യജ്ഞത്തിന്റെ മാഹാത്മ്യത്താൽ സകടുംബനായി

[ 46 ]

സ്വർഗ്ഗം പ്രാപിച്ച ഉഞ്ഛരവൃത്തിയുടെ പാവനചരിതം കവികൾ കെട്ടിച്ചമച്ച ഒരു കഥയല്ല; ഞാൻ കണ്ടനുഭവിച്ച യഥാർത്ഥ സംഭവമാണു്. ആ കഥകൾക്കുവാൻ നിങ്ങൾക്കു കൌതുകമുണ്ടെങ്കിൽ മനസ്സിരുത്തി കേട്ടുകൊള്ളുക. ആ അത്ഭുത ചരിതം മുഴുവൻ കേട്ടു കഴിയുമ്പോൾ എന്റെ ഈ ശരീരത്തിൽ പകുതി പൊന്നായ്തീരുവാനുള്ള കാരണവും നിങ്ങൾക്കു മനസ്സിലാകും” എന്നു പറഞ്ഞു ആ സ്വൎണ്ണക്കീരി മോടിയില്ലാത്ത മഹായജ്ഞത്തിന്റെ വൃത്താന്തം ശ്രദ്ധാപൂർവ്വം ശ്രവിക്കുവാൻ തയ്യാറായ വിപ്രന്മാരോടു വീണ്ടും തുടർന്നു പറഞ്ഞു:__

ധർമ്മങ്ങളുടെ വിളനിലമായ കുരുക്ഷേത്രത്തിൽ ധർമ്മജ്ഞനും ധർമ്മാത്മാവുമായ ഒരു ബ്രാഹ്മണൻ പാർത്തിരുന്നു. അദ്ദേഹത്തിന്നു കുടുംബമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം ധനധാന്യങ്ങൾ സമ്പാദിച്ചു. ശേഖരിക്കുക പതിവുണ്ടായിരുന്നില്ല. പ്രകൃതിയുടെ പ്രസാദത്താൽ പടുമുളയായി മുളച്ചുണ്ടാകുന്ന നെല്ലിൻ കതിരിൽ നിന്നു കൊഴിഞ്ഞുവീഴുന്ന നന്മണികൾ പെറുക്കിയെടുത്തോ ഭിക്ഷാടനംചെയ്യോ ദിവസവൃത്തി കഴിച്ചുകൂട്ടിയിരുന്ന ആ ബ്രാഹ്മണൻ അന്നന്നു ഭക്ഷേണത്തിന്നു വേണ്ടതിലധികം ഒരു നാളും അന്വേഷിച്ചിരു ന്നില്ല. പുണ്യകർമ്മങ്ങൾ ചെയ്യുന്നതിലും ഈശ്വരനെ ഭജിക്കുന്നതിലും താല്‌പൎയ്യമുണ്ടായിരുന്നതിനാൽ വേണ്ടതിലധികം വിത്താൎജ്ജനം ചെയ്തു ആയുസ്സിനെ വൃഥാ വ്യയംചെയ്യാൻ അ

[ 47 ] നകുലോപാഖ്യാനം

ദ്ദേഹത്തിന്നു മനസ്സില്ലാതിരുന്നതു വിവേകത്തിൻറെ ലക്ഷണമാണെന്നു വിദ്വാന്മാർ വിചാരിച്ചിരുന്നു. അദ്ദേഹം പതിവായി പുലരുമ്പോൾ എഴുനേറ്റു പ്രാതഃസ്നാനംചെയ്തു നിത്യകർമ്മങ്ങളെല്ലാം നിയമപ്പടിക്കു നടത്തും. അതിന്റെ ശേഷം, അങ്ങുമിങ്ങും കൊഴിഞ്ഞുകിടക്കുന്ന നെന്മണി കൊത്തിത്തിന്നുവാൻ പോകുന്ന കപോതങ്ങളെപ്പോലെ, വല്ല ദിക്കിലും പോയി ആഹാരത്തിന്നു എന്തെങ്കിലും സമ്പാദിക്കും. ഉച്ചയാകുമ്പോൾ കിട്ടിയതുംകൊണ്ടു ഗൃഹത്തിലേയ്ക്കു തിരിച്ചെത്തി, അതിഥികൾ വല്ലവരുമുണ്ടെങ്കിൽ, ഉള്ളതുകൊണ്ടു് അവരെ സത്കരിച്ചു താനും ഭക്ഷണം കഴിക്കും. ചില ദിവസം വിശപ്പു മാറുവാൻ വേണ്ടേടത്തോളം ഭക്ഷണം കിട്ടും; ചിലപ്പോൾ കിട്ടിയില്ലെന്നും വരും. അങ്ങിനെയെല്ലാമാണെങ്കിലും അദ്ദേഹം സ്വധർമ്മങ്ങളെ അനുഷ്ഠിച്ചും കൊണ്ടിരുന്നതല്ലാതെ ധനാർജ്ജനത്തിന്നു പ്രയത്നിച്ചതേ ഇല്ല. ഇങ്ങിനെയിരിക്കെ ഒരിക്കൽ നാട്ടിൽ മുഴുവനും ദാരുണമായ ദുർഭിക്ഷം ബാധിച്ചു. ധനധാന്യങ്ങൾ ശേഖരിച്ചു ശീലിക്കാത്ത ബ്രാഹ്മണശ്രേഷ്ഠൻ വലിയ കുഴക്കത്തിലായി. തന്റെയും കുടുംബത്തിന്റെയും ദിവസവൃത്തി കഴിച്ചുകൂട്ടുവാൻ ഒരു വഴിയും കാണാതെ അദ്ദേഹം കഷ്ടപ്പെട്ടു. വേണ്ടസമയത്തു ഭക്ഷണം കിട്ടാതെ വിശന്നു വലഞ്ഞ വിപ്രകുടുംബം വീടു [ 48 ] പുരാണകഥകൾ

വിട്ടു പുറത്തേക്കിറങ്ങി നാടുതോറും ഭിക്ഷാടനം ചെയ്തുതുടങ്ങി. ഒരുനാൾ ഉച്ചയാകുന്നതുവരെ വെയിലത്തു നടന്നു തളർന്നു വിപ്രൻ ഒന്നും കിട്ടാതെ മടങ്ങി വന്നു. അന്നു് എല്ലാവരും പട്ടിണി കിടക്കേണ്ടിവരുമെന്നു തീർച്ചപ്പെടുത്തി. പക്ഷെ, ഉച്ചതിരിഞ്ഞപ്പോൾ ദൈവവശാൽ ആരോ അവർക്കു് ഒരിടങ്ങഴി നെല്ലു കൊടുത്തു. അതുകൊണ്ടു മലർപ്പൊടിയുണ്ടാക്കി വിപ്രനും, വിപ്രപത്നിയും, വിപ്രപുത്രനും, പുത്രഭാര്യ്യയുംകൂടി നാഴിവീതം പങ്കിട്ടെടുത്തു ഭക്ഷിച്ചു പ്രാണരക്ഷചെയ്യാമെന്നു വിചാരിച്ചു. അവർ മലർപ്പൊടി ഭാഗിച്ചു ഭക്ഷിക്കാൻ ഭാവിക്കുമ്പോൾ യദൃച്ഛയായി ഒരു ബ്രാഹ്മണൻ അവരുടെ ഭവനത്തിലേയ്ക്കു കയറിച്ചെന്നു. അതിഥിയെക്കണ്ടു സന്തോഷം പൂണ്ട് ഗൃഹസ്ഥൻ വഴിനടന്നു ക്ഷീണിച്ച ആ വിപ്രനെ എതിരേറ്റു സ്വാഗതം പറഞ്ഞു് അകത്തേയ്ക്കു വിളിച്ചുകൊണ്ടുപോയി ദർഭപ്പുല്ലു മടഞ്ഞു ഉണ്ടാക്കിയ ഒരു പായയിൽ ഇരുത്തി കാലു കഴുകിച്ചു. അപ്പോഴയ്ക്കും അദ്ദേഹത്തിന്റെ പുത്രൻ വെയിൽകൊണ്ടു തളർന്ന അതിഥിയെ ഒരു വിശറിയെടുത്തു വീശി വിശ്രമിപ്പിക്കുവാൻ തുടങ്ങി. ഗൃഹസ്ഥന്റെ ഭാര്യ്യ അതിഥിക്കു ഭക്ഷിക്കാൻ എന്താണു കൊടുക്കേണ്ടതു് എന്നാലോചിച്ചുകൊണ്ടിരിപ്പായി. ഇതിലിടയ്ക്കു ഗൃഹസ്ഥൻ ക്ഷുത്തുകൊണ്ടു ക്ഷീണനായ അതിഥിയെ അർഘ്യപാദ്യാദികൾകൊണ്ടു പൂജിച്ചു തനിക്കായി എടുത്തുവെച്ചിരുന്ന നാഴി മലർ [ 49 ] നകുലോപാഖ്യാനം

പ്പൊടിയെ അദ്ദേഹത്തിന്നു വിളമ്പിക്കൊടുത്തു മധുരമായി അദ്ദേഹത്തോടു പറഞ്ഞു.

ഗൃഹസ്ഥൻ-- അല്ലയോ ബ്രാഹ്മണസത്തമ, ഈ മലർപ്പൊടി ന്യായമായി സമ്പാദിക്കപ്പെട്ടതും, ശുചിയായി ഉണ്ടാക്കപ്പെട്ടതുമാണു്. ഇതു ഭക്ഷിച്ചു് അങ്ങയുടെ വിശപ്പു ശമിപ്പിക്കുക. അതിഥി അതു സ്വീകരിച്ചു ഭക്ഷിച്ചു എങ്കിലും അദ്ദേഹത്തിന്റെ വിശപ്പു് ശമിച്ചില്ല. ഗൃഹസ്ഥനായ ഉഞ്ഛവൃത്തി വിഷണ്ണനായിത്തീർന്നു. തന്റെ ഓഹരി മുഴുവനും അതിഥിക്കു ഭക്ഷിപ്പാൻ കൊടുത്തിട്ടും അദ്ദേഹത്തിന്റെ വിശപ്പു ശമിക്കാത്തതു കണ്ടു വിഷാദിച്ചിരിക്കുന്ന ഭർത്താവിനെ ആശ്വസിപ്പിച്ചുംകൊണ്ടു സഹധർമ്മിണിയായ ഗൃഹസ്ഥപത്നി പറഞ്ഞു. ഗൃഹസ്ഥപതി-- എന്റെ ഓഹരിയും ആ അതിഥിക്കു കൊടുക്കുക. അതിഥിയെ തൃപ്തിപ്പെടുത്തുവാൻ ഗൃഹസ്ഥനെപ്പോലെ ഗൃഹിണിയും കടപ്പെട്ടവളാണല്ലൊ. എന്റെ പ്രാണനാഥനായ അങ്ങുന്നു ഭക്ഷിക്കാതെ ഇരിക്കെ ഞാൻ മാത്രം ഭക്ഷിക്കുന്നതുചിതമല്ല. അതുകൊണ്ടു് എന്റെ ഈ ഓഹരിയും കൂടി അദ്ദേഹം ഭക്ഷിക്കട്ടെ. ഗ്രഹസ്ഥൻ-- പ്രിയേ, നീ ഇപ്രകാരം പറയുന്നതു ശരിയല്ല. പ്രകൃത്യാതന്നെ എന്നേക്കാൾ വളരെ അധികം ദുർബ്ബലയായ നീ വ്രതോപവാസങ്ങൾ കൊണ്ടും അത്യന്തം ക്ഷീണിച്ചിരിക്കുന്നു. ത്വഗ [ 50 ] പുരാണകഥകൾ

സ്ഥികൾമാത്രം ശേഷിപ്പുള്ള ശോഷിച്ച നിന്റെ ശരീരം ക്ലേശാർഹമല്ല. വ്രതശ്രദ്ധകൊണ്ടും ഭർത്തൃശുശ്രൂഷകൊണ്ടും ശ്രാന്തയായ നിനക്കു പട്ടിണികിടക്കുവാൻ ശക്തിയില്ല. തങ്ങളുടെ സുഖത്തിന്നും ധർമ്മസമ്പാദനത്തിന്നും കാരണഭൂതമാരായ പത്നിമാരെ ദുഃഖിപ്പിക്കുന്ന പുരുഷന്മാർക്കു ഇഹലോകത്തിലും പരലോകത്തിലും സുഖമില്ലെന്നാണു് വിദ്വാന്മാർ പറയുന്നതു്. ഗൃഹസ്ഥപത്നി-- സുഖദുഃഖങ്ങളും ധർമ്മാധർമ്മങ്ങളും ഭാര്യ്യാഭർത്താക്കന്മാർക്കു സമങ്ങളാണല്ലൊ. ഈശ്വരതുല്യനായ പതി പട്ടിണി കിടക്കുമ്പോൾ ഭക്ഷിക്കുന്ന പത്നിക്കു് അതുകൊണ്ടെന്തൊരു സുഖമാണുണ്ടാവുക ? അതിഥിയെ തൃപ്തിപ്പെടുത്തുവാൻ സാധിക്കാത്തതിലുള്ള താപവും പാപവും അങ്ങയ്ക്കും എനിക്കും ഒപ്പമല്ലേ? അതിനാൽ അങ്ങുന്നു് എന്റെ മലർപ്പൊടിയുംകൂടി അതിഥിക്കു കൊടുക്കുകയാണു വേണ്ടതു്. പത്നി എത്ര പറഞ്ഞിട്ടും ഗൃഹസ്ഥൻ അവളുടെ ആഹാരത്തെ അതിഥിക്കു കൊടുപ്പാൻ കൂട്ടാക്കിയില്ല. അതിഥിസൽക്കാരംപോലെ കുടുംബസംരക്ഷണവും ഗൃഹസ്ഥന്റെ കർത്തവ്യമാണല്ലൊ. ഒടുവിൽ അവൾതന്നെ തന്റെ മലർപ്പൊടി അതിഥിക്കു കൊടുത്തു. അതിഥി അതും വാങ്ങി ആർത്തിയോടെ ഭക്ഷിച്ചു. എന്നിട്ടും അദ്ദേഹത്തിന്റെ വിശപ്പിന്നു് ഒരു കുറവുമുണ്ടായില്ല. ഉഞ്ഛവൃത്തി പിന്നേയും വിഷാ [ 51 ] നകുലോപാഖ്യാനം

ദംകൊണ്ടു വ്യാകുലനായി. അതു കണ്ടപ്പോൾ അദ്ദേഹത്തിന്റെ പുത്രനും തന്റെ ഓഹരിയെ അച്ഛന്റെ കൈവശം കൊടുത്തു പറഞ്ഞു. പുത്രൻ-- ക്ഷുത്തുകൊണ്ടു പീഡിതനായ അതിഥിക്കു് ഇതുംകൂടി കൊടുക്കുക. പിതാവിന്റെ ജീവിതത്തേയും ധർമ്മത്തേയും പരിപാലിക്കുന്നതാണു് ഒരു പുത്രന്റെ പരമമായ ധർമ്മം. സ്വജീവിതത്തേക്കാൾ ധർമ്മത്തെ രക്ഷിപ്പാൻ അധികം അഭിലഷിക്കുന്ന അങ്ങയുടെ ആഗ്രഹസിദ്ധിക്കു് ഇതും ഉപകരിക്കട്ടെ. വൃദ്ധനായ അങ്ങുന്നു ശരീരധാരണത്തിൽപോലും ശ്രദ്ധിക്കാതെ ധർമ്മത്തെ രക്ഷിക്കുമ്പോൾ തരുണനായ ഞാൻ ചെയ്യേണ്ടതെന്താണെന്നു സംശയിപ്പാനുണ്ടോ? ഗ്രഹസ്ഥൻ-- നമ്മൾ രണ്ടുപേരും ഒരുപോലെ അല്ല. ഞാൻ ചിരകാലം സുഖങ്ങൾ അനുഭവിച്ചു ജീവിതത്തിൽ നിരഭിലാഷനായിരിക്കുന്നു. വളരെ തപസ്സുകൾചെയ്തു ക്ലേശങ്ങൾ സഹിച്ചു ശീലിച്ച എനിക്കു ദുഃഖാനുഭവത്തിലും മരണത്തിലും ഭയമില്ലാതായിട്ടുണ്ടു്. നീ ഒരു ബാലനാണു്. നീ ഇത്ര ചെറുപ്പത്തിൽതന്നെ കായക്ലേശംചെയ്തു് ആയുസ്സിനെ ക്ഷയിപ്പിച്ചാൽ സുഖാനുഭവത്തിന്നും ധർമ്മാർജ്ജനത്തിന്നും വഴിയില്ലാതായിത്തീരും. എങ്കിലും നിന്റെ ധർമ്മശ്രദ്ധയെ ഞാൻ അഭിനന്ദിക്കുന്നു. അതിനെ നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നതുമില്ല. [ 52 ] പുരാണകഥകൾ

എന്നുപറഞ്ഞു ഗ്രഹസ്ഥൻ പുത്രന്റെ മലർപ്പൊടി വാങ്ങി അതിഥിക്കു ദാനംചെയ്തു. സ്പർശിക്കുന്നതെല്ലാം ദഹിപ്പിക്കുന്ന അഗ്നിപോലെ ജ്വലിക്കുന്ന ബുഭുക്ഷയാൽ ബാധിക്കപ്പെട്ട അതിഥിക്കു് അതുകൊണ്ടും തൃപ്തി വന്നില്ല. ധർമ്മാത്മാവായ ഗൃഹസ്ഥൻ പിന്നേ വിഷാദമഗ്നനായി. അപ്പോൾ പുത്രഭാര്യ്യ അവളുടെ ഓഹരിയായി വേർതിരിച്ചുവെച്ചിരുന്ന മലർപ്പൊടിയേയും ശ്വശുരന്റെ കൈവശംകൊടുത്തു് അതും അതിഥിക്കു സമർപ്പിക്കുവാൻ അപേക്ഷിച്ചു. ബാലയായ അവളുടെ ആഹാരത്തെ അപഹരിക്കുന്നതു ശരിയല്ലെന്നു ഗൃഹസ്ഥനു തോന്നി. എങ്കിലും അവളുടെ നിബന്ധത്താൽ ഒടുവിൽ അദ്ദേഹം അതും അതിഥിക്കു നൽകി. ആ മലർപ്പൊടികൂടി ഭക്ഷിച്ചപ്പോൾ അതിഥിക്കു സംതൃപ്തി വരികയും പുരുഷവേഷം പൂണ്ടു ബ്രാഹ്മണന്റെ ധർമ്മശ്രദ്ധയെ പരീക്ഷിപ്പാനായി വന്ന ധർമ്മം സകുടുംബനായ ബ്രാഹ്മണനോടു് ഇപ്രകാരം പറകയും ചെയ്തു. ധർമ്മം-- അല്ലയോ ബ്രാഹ്മണ! അങ്ങയുടെ ഈ ദാനം കൊണ്ടു ഞാൻ ഏറ്റവും സന്തുഷ്ടനായിരിക്കുന്നു. ന്യായാർജ്ജിതവും നിർമ്മലഹൃദയത്തോടുകൂടി ദാനം ചെയ്യപ്പെട്ടതുമായ അങ്ങയുടെ മലർപ്പൊടി ഭക്ഷിച്ചതുകൊണ്ടുള്ള പ്രീതി ഇതിന്നുമുമ്പു് ഒരിക്കലും ഞാൻ അനുഭവിക്കാത്തതാണു്. അങ്ങയുടെ ദാനത്തെ പ്രശംസിച്ചുകൊണ്ടു ദേവകൾ ഇതാ പുഷ്പവർഷം ചെയ്യുന്നു. പുത്രകളത്രാദികളിലുള്ള [ 53 ] നകുലോപാഖ്യാനം

സ്നേഹത്താലും ആത്മരക്ഷണത്തിലുള്ള അഭിനിവേശത്താലും ധർമ്മത്തെ വിസ്മരിക്കാതെ ഭക്തിപൂർവ്വം സർവ്വസ്വവും ദാനംചെയ്ത അങ്ങുന്നു സ്വർഗ്ഗവാസത്തിന്നു യോഗ്യനായിത്തീർന്നിരിക്കുന്നു. അങ്ങുന്നു് ഇപ്പോൾ നടത്തിയ ഈ ദാനയജ്ഞം ദ്രവ്യവിഷയത്തിൽ വളരെ നിസ്സാരമാണെങ്കിലും ചിത്തശുദ്ധികൊണ്ടും ശ്രദ്ധാഭക്തികൾകൊണ്ടും നിസ്തുല്യമാണു്. ദാനത്തിൽ മുഖ്യങ്ങളായ അംശങ്ങൾ ചിത്തശുദ്ധിയും ദ്രവ്യശുദ്ധിയുമാകുന്നു. ദാനം ചെയ്യപ്പെടുന്ന വസ്തുവിന്റെ വലുപ്പം വളരെ അപ്രധാനമായ അംശമാണു്. അനേകായിരം ഗോക്കളെ ദാനം ചെയ്തു സുകൃതം നേടിയ നൃഗ മഹാരാജാവു സ്വന്തമല്ലാത്ത ഒരൊറ്റപ്പശുവിനെ ദാനം ചെയ്തതു നിമിത്തം നരകത്തിൽ പതിച്ചു. സ്വശരീരത്തിൽനിന്നു മാംസം മുറിച്ചു പരുന്തിന്നു കൊടുത്തു പ്രാവിന്റെ പ്രാണനെ രക്ഷിച്ച ശിബിചക്രവർത്തിയാകട്ടെ, അത്ര മാത്രം കൊണ്ടു സ്വർഗ്ഗവാസസുഖത്തെയാണു് ലഭിച്ചതു്. വിപുലങ്ങളായ ദാനദക്ഷിണകളോടുകൂടി അനുഷ്ഠിക്കപ്പെട്ട ഒരു വലിയ അശ്വമേധയാഗവും നിർമ്മലമായ മനസ്സോടും ഭക്തിഭരിതമായ ശ്രദ്ധാതിശയത്തോടുംകൂടി നാലുനാഴി മലർപ്പൊടികൊണ്ടു നിങ്ങൾ നടത്തിയ പവിത്രമായ യജ്ഞവും ഫലത്തിൽ തുല്യങ്ങളാണു്. അതുകൊണ്ടു് അങ്ങുന്നു കുടുംബസഹിതനായി ധർമ്മാർജ്ജി [ 54 ] പുരാണകഥകൾ

തമായ പുണ്യലോകത്തെ അനുഭവിപ്പാൻ പുറപ്പെടുക. നിങ്ങൾക്കു കയറിപ്പോകുവാനായി ഇതാ ദിവ്യമായ വിമാനം വന്നുനില്ക്കുന്നു. നിങ്ങളുടെ ആതിത്ഥ്യം അനുഭവിപ്പാൻ വന്ന ഈ ഞാൻ മനുഷ്യരൂപം കയ്ക്കൊണ്ട ധർമ്മമാണു്; മറ്റാരുമല്ല. മൂർത്തിമത്തായി അവതരിച്ച സാക്ഷാൽ ഭഗവാനായ ധർമ്മം ഇപ്രകാരം അരുളിച്ചെയ്തു വാക്കുകൾ കേട്ടു് ആനന്ദപരവശനായ വിപ്രവര്യ്യനും അദ്ദേഹത്തിന്റെ പുത്രാദികളും വിമാനത്തിൽ കയറി പുണ്യലബ്ധമായ പരമാനന്ദം അനുഭവിപ്പാനായി സ്വർഗ്ഗലോകത്തേയ്ക്കു ഗമിക്കുകയും ചെയ്തു. അതിന്റെ ശേഷം ആ പുണ്യവാന്മാരുടെ ഗൃഹത്തിലുള്ള ഒരു അളയിൽ പാർത്തിരുന്ന ഞാൻ കിട്ടുന്നതു വല്ലതും പെറുക്കിത്തിന്നുവാനായി പതിവുപ്രകാരം പുറത്തേയ്ക്കു വന്നു. ആ ദിവ്യനായ അതിഥിയെ പൂജിക്കുകയും ഭുജിപ്പിക്കുകയുംചെയ്ത സ്ഥലത്തിൽ വല്ലതും കിടപ്പുണ്ടോ എന്നു നോക്കുവാനായി ഞാൻ അവിടെയെല്ലാം ചുറ്റിനടന്നു. എനിക്കു തിന്മാൻതക്കവണ്ണം ഒന്നും കിട്ടിയില്ലെങ്കിലും മലർപ്പൊടിയുടെ സംസർഗ്ഗംകൊണ്ടും അതിഥിയെ കാൽ കഴുകിച്ച് തീർത്ഥജലത്തിന്റെ സ്പർശംകൊണ്ടും ദേവകൾ വർഷിച്ചിരുന്ന പുഷ്പങ്ങളുടെ സമ്പർക്കംകൊണ്ടും എന്റെ ശരീരത്തിൽ പകുതി സ്വർണ്ണമയമായിത്തീർന്നു. അന്നുമുതൽ അതുപോലെ പാവനമായ യജ്ഞാന്തര [ 55 ] നകുലോപാഖ്യാനം

ത്തെ അന്വേഷിച്ചുംകൊണ്ടു ഞാൻ നാടുതോറും നടക്കുകയാണു്. അനേകം തപോവനങ്ങളിലും യാഗശാലകളിലും പോയി അതുപോലെയുള്ള മറ്റൊരു പരിശുദ്ധകർമ്മം കാണ്മാൻ കഴിയാതെ ഇരിക്കുമ്പോഴാണു യുധിഷ്ഠിരമഹാരാജാവിന്റെ യാഗം നടക്കുന്നതായി ഞാൻ കേട്ടതു്. ആ വർത്തമാനം കേട്ട ഉടനെ ഞാൻ അസാമാന്യസന്തോഷത്തോടുകൂടി ഇങ്ങോട്ടു പുറപ്പെട്ടു. ഈ യാഗശാലയിൽ മുഴുവനും കിടന്നുരുണ്ടിട്ടും എന്റെ ശരീരത്തിലുള്ള ഒരു രോമംപോലും സ്വർണ്ണവർണ്ണമായില്ല. മുമ്പുതന്നെ സൌവർണ്ണമായിത്തീർന്നിരുന്ന ശരീരാർദ്ധമല്ലാതെ ബാക്കിയുള്ള ഭാഗം ഒരു ലേശംപോലും തങ്കനിറമായിട്ടുണ്ടോ എന്നു നിങ്ങൾതന്നെ നോക്കുക. അതുകൊണ്ടാണു ഞാൻ നാലുനാഴി മലർപ്പൊടികൊണ്ടു നിർമ്മലചിത്തനായ വിപ്രൻ നടത്തിയ യജ്ഞം ഇതിനേക്കാൾ മാഹാത്മ്യമേറിയതാണെന്നു പറഞ്ഞതു്. എന്നിപ്രകാരം നകുലം പറഞ്ഞ വിസ്മയാവഹമായ വിപ്രയജ്ഞവൃത്താന്തം കേട്ടു യുധിഷ്ഠിരപുരോഹിതന്മാർ ദ്രവ്യദർപ്പമെല്ലാം ദൂരെക്കളഞ്ഞു ദരിദ്രനായ ദ്വിജവരന്റെ ദാനത്തെ പ്രശംസിച്ചുകൊണ്ടു യഥാഗതം ഗമിച്ചു. [ 56 ] എ. പദാർത്ഥവിവരണം

1. ഭാരതവർഷം-- സംസ്കൃതഭാഷ സംസാരിച്ചിരുന്ന ആര്യ്യന്മാരുടെ പണ്ടയ്ക്കുപണ്ടേ ഉള്ള ഭൂമിശാസ്ത്രത്തിൽ ഭൂമിയെ ഒമ്പതു് ഖണ്ഡങ്ങളായി വിഭാഗിച്ചിരുന്നു. അവയിലൊന്നാണു് ഭാരതവർഷം. അതായതു്, പിന്നീടു മറുനാട്ടുകാർ ഇന്ത്യ എന്നു പേരിട്ട നമ്മുടെ രാജ്യം.

2. ക്ഷത്രിയന്മാർ-- ഇന്ത്യയിൽ ആദ്യത്തിലുണ്ടായ നാലു ജാതികളിൽ മാന്യതകൊണ്ടു രണ്ടാമത്തെ ജാതിക്കാർ. ഇവരുടെ പ്രവൃത്തി നാടു വാഴുകയാണു്.

3. മഹാബലി ചക്രവർത്തി-- മഹാബലി ഒരു അസുരരാജാവായിരുന്നു. മൂന്നുലോകവും കീഴടക്കിയിരുന്ന അദ്ദേഹത്തിന്റെ കൈവശത്തിൽനിന്നു് അതു മുഴുവൻ വാങ്ങുവാനായി വിഷ്ണു വാമനാവതാരം ചെയ്തു ബ്രഹ്മചാരിയുടെ വേഷം കൈക്കൊണ്ടു മൂന്നടി മണ്ണു യാചിച്ചു. ത്രിലോകചക്രവർത്തി തരാമെന്നു വാക്കുകൊടുത്തു. വിഷ്ണു അളന്നപ്പോൾ മൂന്നു ലോകവും കൂടി മൂന്നടി തികഞ്ഞില്ല. മഹാബലിക്ക് ഇരിക്കാൻ ഒരിടമില്ലാതായി. വാഗ്ദത്തം രക്ഷിക്കണമെന്നില്ലെങ്കിൽ അങ്ങിനെ കഷ്ണിക്കേണ്ടിവരില്ലായിരുന്നു.

4. പഞ്ചഭൂതങ്ങൾ-- മണ്ണ്, വെള്ളം, വെളിച്ചം, കാറ്റു്, ആകാശം എന്നിവയെ അഞ്ചു ഭൂതങ്ങളെന്നു പണ്ടത്തെ ശാസ്ത്രജ്ഞന്മാർ വിളിച്ചിരുന്നു.

5. നവഗ്രഹങ്ങൾ-- 1 സൂര്യ്യൻ (ഞായർ) 2. ചന്ദ്രൻ (തിങ്കൾ), 3. കുജൻ (ചൊവ്വ), 4. ബുധൻ, 5. വ്യാഴം, 6. ശുക്രൻ (വെള്ളി), 7. ശനി, 8. രാഹു. 9. കേതു എന്നിവ. [ 57 ] 6. അഷ്ടദിക്പാലന്മാർ-- ഇന്ദ്രൻ, യമൻ, വരുണൻ, കുബേരൻ എന്നിവർ ക്രമത്തിൽ കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ നാലു ദിക്കുകളുടേയും, അഗ്നി, നിഋതി, വായു, ഈശാനൻ എന്നീ നാലുപേർ നാലു കോണുകളുടേയും നാഥന്മാരാകുന്നു.

7. വനദേവതകൾ-- കാടു കാക്കുന്ന ഒരുജാതി ദേവന്മാർ. അവർ മരങ്ങളിലോ, പുഴയിലോ മറ്റോ ആണു് വസിക്കുക.

8. കൃതയുഗം-- കുട്ടികൾ കടലാസ്സുതോണി മുതലായ കളിസ്സാമാനങ്ങൾ ഉണ്ടാക്കി നശിപ്പിക്കുന്നതുപോലെ ഈശ്വരനും, നേരമ്പോക്കിനായി, ലോകത്തെ സൃഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒരു സൃഷ്ടി കഴിഞ്ഞാൽ പിന്നത്തെ പ്രളയംവരെ (ലോകനാശംവരെ) ഉള്ള കാലത്തെ നാലായി പകുത്തു കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നു നാലു പേർ കൊടുത്തിരിക്കുന്നു.

9. പരലോകം-- മനുഷ്യർ മരിച്ചാൽ അവരുടെ ജീവൻ മറ്റൊരു ദിക്കിലേയ്ക്കു പോകുമത്രെ. ആ പ്രദേശത്തെയാണു് പരലോകമെന്നു പറയുന്നതു്. അതു സ്വർഗ്ഗം, നരകം എന്നു രണ്ടായിട്ടുണ്ടു്. പുണ്യങ്ങൾ ചെയ്ത ജീവൻ സ്വർഗ്ഗത്തിൽ പോയി സുഖിക്കുകയും, പാപം ചെയ്തതു നരകത്തിൽ ചെന്നു കഷ്ണിക്കുകയും ചെയ്യും.

10. പഞ്ചയജ്ഞം-- ഒരു ഗൃഹസ്ഥൻ ദിവസംപ്രതി വീഴ്ചകൂടാതെ നടത്തേണ്ടതായി അഞ്ചു കർമ്മങ്ങളുണ്ടു്. അവയ്ക്കു പഞ്ചയജ്ഞമെന്നു പേർ. അവയിൽ ഒന്നാണു് അതിഥികളെ പൂജിക്കുന്നതു്. [ 58 ] 11. മൂന്നുതരത്തിലുള്ള ദുഃഖങ്ങൾ 1. ആദ്ധ്യാത്മികം, 2. ആധിഭൌതികം, 3.. ആധിദൈവികം. ആദ്ധ്യാത്മികംതന്നെ ശാരീരം, മാനസം എന്നു രണ്ടു വിധം. മൃഗങ്ങൾ, മനുഷ്യർ, പക്ഷികൾ, പാമ്പുകൾ, പിശാചുക്കൾ ഇവർമൂലം ഉണ്ടാകുന്നതിന്നു് ആധിഭൌതികം എന്നു പേർ. കാറ്റു, മഴ, മിന്നൽ, ചൂട്, തണുപ്പ് മുതലായതുകൊണ്ടുണ്ടാകുന്നതാണു് ആധിദൈവികം എന്നു പറയപ്പെടുന്നതു്. വിസ്തൃതമായ വിവരണം ആവശ്യപ്പെടുന്ന അദ്ധ്യാപകന്മാർ വിഷ്ണുപുരാണത്തിൽ താപത്രയവർണ്ണനം നോക്കട്ടെ.

12. ആമ്പൽപ്പൂക്കൾ നിറഞ്ഞ സരസ്സു് രാത്രി ആകാശത്തെയാണല്ലൊ വർണ്ണിക്കുന്നതു്. ആമ്പൽ രാത്രി വിടരുന്ന ഒരു പൂവാണുതാന്നും. ചന്ദ്രൻ നക്ഷത്രങ്ങളുടെ പതിയാണെന്നു പറയാറുള്ളതുപോലെ ആമ്പലിന്റെ ബന്ധുവാണെന്നും കവികൾ പറയാറുണ്ടു്. വ്യാസന്റെ വർണ്ണനയുടെ ഭംഗിയും ഔചിത്യവും നോക്കുക.

13. അശ്വമേധയാഗം-- അശ്വത്തെ കൊന്നു ഹോമിക്കുന്നതായ ഒരു യാഗം. ഈ യാഗം സാധാരണയായി ദിഗ്വിജയം ചെയ്തു നാടു മുഴുവനും കീഴടക്കിയ സാർവ്വഭൗമന്മാർ മാത്രമേ ചെയ്യാറുള്ളു. അശ്വമേധം നടത്തുവാൻ ആഗ്രഹിക്കുന്ന രാജാവു് ആദ്യമായി ഒരു കുതിരയെ നാടുതോറും സ്വൈരമായി സഞ്ചരിപ്പാൻ വിട്ടയയ്ക്കും, ദിഗ്ജയത്തിനായി പുറപ്പെട്ട സൈന്യത്തിന്റെ പുരോഗാമിയായ അശ്വമേധാശ്വമാണെന്നു് അടയാളത്താൽ അറിയാവുന്ന കുതിരയെ പിടിച്ചു കെട്ടിയിടുന്ന രാജാക്കന്മാരോടെല്ലാം പൊരുതി ജയം നേടിയശേഷമേ യാഗം നടത്തുക പതിവുള്ളു. [ 59 ] 14. നൃഗമഹാരാജാവ്-- നൃഗനൃപൻ അനേകായിരം പശുക്കളെ ദിനംപ്രതി ദാനം ചെയ്തിരുന്നു. ഒരിക്കൽ ആരുമറിയാതെ ദാനം ചെയ്ത പശുക്കളിലൊന്നു് അദ്ദേഹത്തിന്റെ സ്വന്തം പശുക്കളുടെ കൂട്ടത്തിൽ ചെന്നുചേർന്നുപോയി. രാജാവു് അതിനെത്തന്നെ രണ്ടാമതും ദാനം ചെയ്തു. അതുകൊണ്ടുള്ള പാപംനിമിത്തം അദ്ദേഹത്തിന്നു നരകദുഃഖം അനുഭവിക്കേണ്ടിവന്നു. (കൃഷ്ണപ്പാട്ടിൽ നൃഗമോക്ഷം നോക്കുക).

15. ശിബിചക്രവർത്തി-- ശിബി വളരെ ധർമ്മിഷ്ഠനാണെന്ന കേളികേട്ട ഒരു രാജാവായിരുന്നു. ഒരിക്കൽ ഇന്ദ്രനും അഗ്നിയുംകൂടി അദ്ദേഹത്തിന്റെ ധർമ്മബുദ്ധി പരീക്ഷിച്ചു നോക്കണമെന്നുറച്ചു. ഇന്ദ്രൻ ഒരു പരുന്തിന്റെയും, അഗ്നി പ്രാവിന്റെയും രൂപം കയ്ക്കൊണ്ടു. ഒരു പ്രാവിനെ പിടിച്ചുതിന്മാൻ നോക്കുകയും, പ്രാവു പരുന്തിൽനിന്നു തന്നെ രക്ഷിക്കണമെന്നു ശിബിയോടു പ്രാർത്ഥിക്കുകയും ചെയ്തു. ശിബി ശരണാഗതന്നു് അഭയപ്രദാനം ചെയ്തു. തന്റെ ഇര വിട്ടുതരേണ്ടതാണെന്നു പരുന്തു വാദിച്ചു. രാജാവു പകരം വേറെ വല്ലതും തരാമെന്നു പറഞ്ഞു. പരുന്തു രാജാവിന്റെ മാംസം ആവശ്യപ്പെട്ടു. ശിബി സസന്തോഷം സ്വമാംസം മുറിച്ചു പരുന്തിനു കൊടുത്തു പ്രാവിനെ രക്ഷിക്കുകയും ചെയ്തു.

18. ചരങ്ങളും അചരങ്ങളുമായി ജീവികൾ പുരാതനന്മാരായ ഭാരതീയർ സൃഷ്ടിവർഗ്ഗത്തെ ഇങ്ങിനെയാണു് ഇനം തിരിച്ചിരുന്നതു്. ഈശ്വരൻ സൃഷ്ടിച്ച പദാർത്ഥങ്ങൾ ചേതനം (ജീവനുള്ളതു്) അചേതനം (ജീവനില്ലാത്തതു) എന്നു രണ്ടുതരം. കല്ലു, മണ്ണു മുതലായവ അചേതനം. ചേതനങ്ങൾ, ചരങ്ങൾ (സഞ്ചരിക്കുന്ന) അചരങ്ങൾ (ഒരേ സ്ഥലത്തു സ്ഥിരമായി സ്ഥിതിചെയ്യുന്നവ) എന്നു രണ്ടു ജാതി.

മനുഷ്യൻ, മൃഗം, പക്ഷി ഇതുകൾ ചരങ്ങളും വൃക്ഷം, വള്ളി എന്നിവ അചരങ്ങളുമായ ജീവികളാണെന്നു സ്പഷ്ടം. [ 60 ]
ബി. വാക്യരചനാഭ്യാസം.
  1. താഴെ പറയുന്ന വിഷയങ്ങളെപ്പറ്റി ഈ പുസ്തകത്തിൽനിന്നു പഠിച്ചെഴുതുക:——
  1. സത്യം, 2. ത്യാഗം, 8 അഹിംസ, 4. അതിഥിസത്കാരം.
  2. വ്യാധന്റെയും വിപ്രന്റേയും വൃത്തികൾക്കുള്ള വ്യത്യാസമെന്തു്? അവയെ ഏതു പ്രാണികളുടെ വൃത്തിയോടു ഉപമിക്കാം?
  3. ഉഞ്ഛവൃത്തി ആയുസ്സിനെ എന്തിനായി വിനിയോഗിച്ചു? ആ വിനിയോഗം ശരിയാണോ?
  4. പുരാതനന്മാരായ ഭാരതീയരുടെ ജീവിതരീതിയെപ്പറ്റി ഈ പുസ്തകത്തിൽ നിന്നു് എന്തെല്ലാം പഠിക്കാം?





വിദ്യാവിനോദിനി അച്ചുകൂടം, തൃശ്ശിവപേരൂർ.
[ 61 ]
ഉപപാഠപുസ്തകങ്ങൾ




അമരസിംഹൻ       1_2_0
ഈശ്വരചന്ദ്രവിദ്യാസാഗർ       1_8_0
കാദംബരി       1_8_0
ചാണക്യൻ       1_0_6
ചിത്രശാല       1_14_0
കഥാമഞ്ജരി       1_8_0
ഗജേന്ദ്രസിംഹൻ       1_8_0
ചന്ദ്രഗുപ്തൻ       1_8_0
ചന്ദ്രഹാസൻ       1_2_0
ചെറുകഥകൾ       1_2_0
ജോസഫ്       0_12_0
ദശാവതാരം       1_14_0
ധൎമ്മപുത്രർ       1_2_0
ആഹല്യാഭായി       1_2_0
അഹല്യ       0_18_6
ആര്യചരിതം       0_12_0
ആത്മകഥകൾ       0_12_0


[ 62 ]
__ 2 __


ഇലഞ്ഞിമാല       0_12_0
ഇന്ത്യയിൽ മഹാത്മാക്കൾ       1_2_0
ചെങ്കട്ടവപ്രഭാവം       0_9_0
ജനോവ       1_2_0
കംസൻ       0_12_0
ഠിപ്പുസുൽത്താൻ       0_12_0
ദക്ഷിണവിക്രമം       0_12_0
ധൎമ്മോപദേശകഥകൾI       0_12_0
"II       0_12_0
"III       1_2_0


വിദ്യാവിനോദിനി ബാലഗ്രന്ഥശാല


ആദികവികൾ       0_4_6
ക്രിസ്തു സ്വൎഗ്ഗവാതിൽ തുറക്കുന്നു       0_6_0
ക്രിസ്തുവും പരിശുദ്ധ മറിയവും       0_8_0
ജോസഫ്       0_6_0
കശലവന്മാർ       0_6_0
കൃതഘ്നനായ പുത്രൻ       0_9_0


വി. സുന്ദരയ്യർ & സൺസ്, തൃശ്ശിവപേരൂർ

"https://ml.wikisource.org/w/index.php?title=പുരാണകഥകൾ&oldid=216782" എന്ന താളിൽനിന്ന് ശേഖരിച്ചത്