ഇന്ത്യയിലെ ഇതിഹാസകഥകൾ

രചന:സീത, സാവിത്രി, ഉമ, മിസ്സിസ് സത്യനാഥൻ
.


[ 1 ]


ഇ ന്ത്യ യി ലേ


ഇ തി ഹാ സ ക ഥ ക ൾ.


സീത, സാവിത്രി, ഉമ.
മിസ്സസ് സത്യനാഥൻ
രചിച്ചതിന്റെ പരിഭാഷ.




*********************************************************************
MACMLLAN AND CO., LTD.
MADRAS - BOMBAY - CALCUTTA .
*********************************************************************


1


**********************************************************************
[ 2 ]
ഇന്ത്യയിലേ


ഇതിഹാസകഥകൾ


ശ്രീരാമന്റെ ഭാര്യ സീതാദേവി



ഒന്നാമദ്ധ്യായം


ശ്രീരാമന്റെ ബാല്യം


നമ്മുടെ രാജ്യം ഇന്ത്യയാകുന്നു. അതിന്നു ഭാരതവർഷം എന്നും പേരുള്ളതിനാൽ നാം ഭാരതീയരാകുന്നു. ഭാരതീയ സ്ത്രീകൾ സൌന്ദര്യം സത്യം വിനയം മുതലായ സദ്ഗുണങ്ങൾ ഉള്ളവരാകുന്നു. എന്നാൽ ഇവർക്കു തക്കതായ പഠിപ്പില്ലെന്ന ഒരു കുറവുമുണ്ട്. മറ്റുജനങ്ങളുമായി അടുത്തു പെരുമാറാൻ ഇവർക്കു തരമില്ല. ഈ കാരണത്താൽ വിദേശീയർക്കു ഇന്ത്യയിലെ സ്ത്രീകളെക്കുറിച്ച് അറിവു നന്ന കുറയും. എന്നാൽ പണ്ട് ഇവരുടെ സ്ഥിതി ഇങ്ങനെ ആയിരുന്നില്ല. അന്ന് ഇവർ നല്ലവണ്ണം പഠിച്ചിരുന്നു. സ്നേഹിതരുടെ കൂട്ടത്തിൽ ചേൎന്നു ഇഷ്ടം പോലെ നടക്കാമായിരുന്നു. വിദ്യാഭ്യാസം മുതലായ ഗുണങ്ങളാൽ മഹിമയും കീൎത്തിയും സംപാദിച്ച സ്ത്രീകളെ എല്ലാവരും സ്നേഹിച്ചു ബഹുമാനിക്കയും ചെയ്തു. [ 3 ]
2
ശ്രീരാമന്റെ ഭാര്യ സീതാദേവി


ഇങ്ങനെയുള്ളവരിൽ പെട്ട ഒരു ഉത്തമസ്ത്രീ ആയിരുന്നു സീതാദേവി. സീത രാമദേവന്റെ ഭാര്യ ആയിരുന്നു. ഈ ദേവിയുടെ കീൎത്തിക്ക് അതിരില്ല. ഭാരതീയർ സീതയെ ഇത്ര അധികം സ്നേഹിപ്പാനും മാനിപ്പാനും കാരണമെന്തെന്നു അന്വേഷിപ്പാൻ നിങ്ങൾക്ക് ഇഷ്ടമില്ലെന്നു വരാമോ? ജനങ്ങൾ സീതയെ സ്നേഹിപ്പാൻ കാരണം അവളുടെ വെറും സൌന്ദര്യവും സാമർത്ഥ്യവും മാത്രമാണോ? സീതക്കു വേറെയും അനേകഗുണങ്ങൾ ഉണ്ടായതിനാലത്രേ ജനങ്ങൾ അവളെ ആദരവോടെ മാനിക്കുന്നത്. ഈ സദ്ഗുണങ്ങൾ ഹേതുവായി സീതാദേവി ശ്രീരാമനെ തന്റെ പ്രാണനെക്കാൾ അധികം സ്നേഹിച്ചു. ഈ നിരുപമമായ സ്നേഹം കണ്ടു സന്തോഷിക്കുന്ന ഭാരതീയരുടെ ബഹുമാനത്തിന്നു സീത പാത്രമാകുന്നു. സ്ത്രീകൾ സീതയെപ്പോലെ സദ്ഗുണമുള്ളവർ ആയിരിപ്പാൻ ആശിച്ച് ഇന്നും ഭാരതീയർ ബാലികമാരെ സീതയെന്നു പേർ വിളിക്കുന്നു.

അനേകായിരം കൊല്ലങ്ങൾക്കു മുമ്പ് ഈ രാജ്യത്തിൽ വളരെ രാക്ഷസന്മാർ ഉണ്ടായിരുന്നു. ഈ ദുഷ്ടന്മാരുടെ ശരീരം നീണ്ടതും ആകാരം വികടവും ആയിരുന്നു. ഈശ്വരനെ സേവിച്ചു, പുണ്യം സമ്പാദിക്കുന്ന ഋഷിമാർ എന്ന സൽപുരുഷന്മാരും വനങ്ങളിൽ വസിച്ചിരുന്നു.ഈ മഹാന്മാരെ നിർദ്ദയരായ രാക്ഷസന്മാർ ഉപദ്രവിച്ച് അവരുടെ തപസ്സിനു മുടക്കം വരുത്തി. രാക്ഷസന്മാരുടെ ദ്രോഹം സഹിപ്പാൻ കഴിയാതെ ഋഷിമാർ വിഷ്ണുവിനെ ശരണം പ്രാപിച്ചു രക്ഷക്കായി പ്രാർഥിച്ചു. "രാക്ഷസന്മാരുടെ രാജാവായ രാവണൻ എന്ന ദുരാത്മാവിനെ കൊല്ലുവാനായി ഞൻ ഭൂമിയിൽ മനുഷ്യനായി ജനി [ 4 ] ക്കും." എന്നു പറഞ്ഞു വിഷ്ണു ഋഷിമാരെ ആശ്വസിപ്പിച്ചു.

  ഈ കാലത്ത് അയോധ്യാരാജ്യത്തിൽ ദശരഥൻ എന്ന മഹാരാജാവു വാണിരുന്നു. ദശരഥൻ പ്രജകളെ വാത്സല്യത്തോടെ ഭരിച്ചതു കൊണ്ട് അവർ മഹാരാജാവിനെ പിതാവിനെപ്പോലെ ബഹുമാനിച്ചു. രാജ്യത്തിൽ എങ്ങും നല്ല സമൃദ്ധി ഉണ്ടായിരുന്നിട്ടും മക്കളില്ലാത്ത കാരണം രാജാവിനു മനസ്സുഖമുണ്ടായിരുന്നില്ല. സന്താനത്തിനായി രാജാവു വളരെ സൽക്കർമ്മങ്ങളെ ചെയ്തു. ദേവന്മാരെ പ്രസാദിപ്പിപ്പാൻ ദശരഥൻ ഒരു യാഗം തുടങ്ങി. ദേവന്മാർ സ്വർഗ്ഗത്തിൽ യോഗം കൂടി വിഷ്ണുവിനോടു ദശരഥന്റെ മനോരഥം സഫലമാക്കാൻ പ്രാർത്ഥിച്ചു. വിഷ്ണു ദേവസഭയിൽ വെച്ച് അവരുടെ അപേക്ഷയെ സാധിച്ചുകൊടുക്കാമെന്നു വാഗ്ദാനം ചെയ്തു.

  ദേവർ ദശരഥന്റെ യാഗത്തിങ്കൽ വന്നു ചേർന്നു തങ്ങൾക്കുള്ള അംശങ്ങളെ കൈക്കൊള്ളുകയായിരുന്നു. അപ്പോൾ പെട്ടെന്ന് അഗ്നികുണ്ഡത്തിൽ നിന്ന് ഒരു ദിവ്യപുരുഷൻ പ്രത്യക്ഷനായി. ഉടനെ ദശരഥനും യാഗശാലയിൽ കൂടിയ സ്ത്രീപുരുഷന്മാരും ഈ ദേവനെ നമസ്കരിച്ചു സ്തുതിച്ചു. ദേവൻ തന്റെ കൈയിൽ ഉണ്ടായിരുന്ന സ്വർണ്ണപാത്രത്തെ ദശരഥന്റെ വശം കൊടുത്ത് അമൃതോപമമായ ഈ പായസം പത്നിമാർക്കു പകുത്തു കൊടുത്താൽ നാലു പുത്രന്മാർ ജനിക്കും എന്നു പറഞ്ഞു മറഞ്ഞു. ദശരഥൻ ഒരു സല്പുമാനാണെന്നു ഈ അവസരത്തിൽ വിഷ്ണു അറിഞ്ഞു അദ്ദേഹത്തിന്റെ പുത്രന്മാരിൽ ഒരുവനായി അവതരിപ്പാൻ നിശ്ചയിച്ചു.

  ദശരഥൻ ആ ദിവ്യപായസത്തെപ്പങ്കിട്ടു കൗസല്യ, സുമിത്ര, കൈകേയി എന്ന തന്റെ മൂന്നു ഭാര്യമാർക്കു കൊ [ 5 ] ടുത്തു.അവർ പായസം കഴിച്ചു കുറെ കാലം ചെന്നപ്പോൾ മഹാരാജാവിന്നു നാലു പുത്രന്മാർ ജനിച്ചു. ശ്രീരാമൻ കൗസല്യയുടെയും ഭരതൻ കൈകേയിയുടേയും പുത്രന്മാരായിരുന്നു. സുമിത്രക്കു ലക്ഷ്മണൻ ശത്രുഘ്നൻ എന്ന ഇരട്ടക്കുട്ടികൾ ഉണ്ടായി. പ്രിയകുട്ടികളേ, ഈ ബാലകന്മാർ സാധാരണശിശുക്കൾ അല്ലെന്നു നിങ്ങൾക്കറിയാമല്ലോ. അവർ വാസ്തവത്തിൽ വിഷ്ണുഭഗവാന്റെ അംശങ്ങളാണു. അവരിൽ ജ്യേഷ്ഠനായ ശ്രീരാമൻ വിഷ്ണുവിന്റെ അർദ്ധാംശം കൊണ്ടു ജനിച്ചു. മറ്റേ പകുതി ശേഷം മൂന്നു പുത്രന്മാരായും ജനിച്ചു.

  സുന്ദരന്മാരായ ഈ കുട്ടികളെപ്പല വിഷയങ്ങളും പഠിപ്പിച്ചു. നാൾക്കുനാൾ ഇവരുടെ സത്സ്വഭാവം, ധൈര്യം, ജ്ഞാനം എന്നിവ വർദ്ധിച്ചു പോന്നു. ഒരു ദിവസം പുണ്യാത്മാവായ വിശ്വാമിത്രമഹർഷി അയോദ്ധ്യയിൽ എഴുന്നെള്ളി, രാക്ഷസന്മാരുടെ അസഹ്യമായ ഉപദ്രവത്താൽ തന്റെ ധർമ്മത്തിനു വിഘ്നം നേരിട്ടതായി രാജാവിനെ അറിയിച്ചു. "അവരിൽ രണ്ടു പേർ എന്റെ യാഗം മുടക്കുന്നു. യാഗത്തെക്കാത്തു രക്ഷിപ്പാൻ അങ്ങയുടെ പുത്രൻ രാമനെ എന്റെ ഒരുമിച്ചു അയച്ചാൽ സർവവും ശുഭമായ്ക്കലാശിക്കും" എന്നു വിശ്വാമിത്രൻ പറഞ്ഞു.

  ഇതു കേട്ടു രാജാവ് എന്തു ചെയ്യേണമെന്ന് അറിയാതെ പരിഭ്രമിച്ചു. രാമനെ ഋഷിയുടെ ഒന്നിച്ചു കാട്ടിൽ അയപ്പാൻ രാജാവിനു മനസ്സില്ലായിരുന്നു. കോമള ബാലനായ രാമന്നു ദുഷ്ടരാക്ഷസന്മാരോടു യുദ്ധം ചെയ്യാൻ സാധ്യമോ? രാമനെ അയച്ചില്ലെങ്കിൽ വിശ്വാമിത്രൻ കയർത്തു കോപിക്കും. അന്നും മഹാരാജാക്കന്മാർ പോലും ഈശ്വരഭക്തരെ ഭയപ്പെട്ടു നടന്നിരുന്നു. ഒടുക്കം മകനെ [ 6 ]

അയക്കാതിരിപ്പാൻ നിവൃത്തിയില്ലെന്നു കണ്ടു പ്രിയപുത്രനെ വിട്ടു നിൽക്കേണ്ടി വന്നുവല്ലോ എന്നു വ്യസനിച്ചു. തന്റെ വാക്കു സത്യമാക്കാൻ തീൎച്ചയാക്കി രാമനേയും ലക്ഷ്മണനേയും മഹൎഷിയെ ഭരമേൽപ്പിച്ചു. മൂവരും ഉടനെ യാത്രയായി. അവർ കാട്ടിൽ കാൽനടയായി നടന്നു. പല കുന്നുകളും പുഴകളും ആറുകളും കടക്കേണ്ടി വന്നു. ഒടുക്കം ഒരു വങ്കാട്ടിൽ എത്തി. അവിടെ ഉണ്ടായിരുന്ന വിശ്വാമിത്രന്റെ ആശ്രമത്തെക്കണ്ടു. ആ കാട്ടിൽ രാമലക്ഷ്മണന്മാർ രാക്ഷസരുമായി ഘോരയുദ്ധം ചെയ്തു രണ്ടുപേരെ കൊന്നു. വിശ്വാമിത്രൻ യാഗം സമ്പൂൎണ്ണമായിക്കഴിക്കയും ചെയ്തു.

വിശ്വാമിത്രൻ ശ്രീരാമന്റെ വിവാഹത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങി. ദേവനായ രാമന്ന് അവനെപ്പോലെ മഹിമയുള്ള കന്യകയാണു ഭാൎയ്യാകേണ്ടത്. അക്കാലത്തു മിഥിലാരാജ്യത്തിൽ മഹാരാജാവായി ജനകൻ വാണിരുന്നു. ഒരു നാൾ ജനകൻ യാഗം ചെയ്യാൻ ഉഴുത വയൽ കാണ്മാൻ ചെന്നിരുന്നു. അപ്പോൾ ഒരു ഉഴവുചാലിൽ ഒരു പെൺപൈതലിനെക്കണ്ടു, രാജാവ് അതിനെ ഭാൎയ്യവശം കൊടുത്തു. ഉഴവുചാലിനു സംസ്കൃതത്തിൽ സീതയെന്നു പറയും. അതു കൊണ്ട് അവർ കുട്ടിക്ക് സീതയെന്നു പേർ വിളിച്ചു. മക്കളില്ലായ്കയാൽ ദമ്പതിമാർ ഈ ശിശുവിനെ പുത്രിയായിപ്പോറ്റി വളർത്തി.

സീത ഒരു രാജകുമാരിക്ക് ഉചിതമായ പല പല വിഷയങ്ങളും പഠിച്ചു. ഇങ്ങനെ കുറെ കൊല്ലങ്ങൾ കഴിഞ്ഞു. സീത വിദ്യയും സൗന്ദര്യവും മനോഗുണങ്ങളും തികഞ്ഞ ഒരു കന്യകയായി വളർന്നു. വാസ്തവത്തിൽ സീത വിഷ്ണുവിന്റെ ഭാര്യയായ ലക്ഷ്മി തന്നെയയിരുന്നു. വിഷ്ണു രാമനായി ഭൂമിയിൽ അവതരിച്ച ശേഷം ലക്ഷ്മിയും സീത

[ 7 ]

യായി ഈ ലോകത്തിൽ വന്നു ചേൎന്നിരികയായിരുന്നു. അതു കൊണ്ട് ഈശ്വരൻ രാമന്നായി സംകല്പിച്ചു വെച്ച ഭാര്യ തന്നെയായിരുന്നു സീത. എന്നിട്ടും സീതയെ ഭാൎയ്യായി കൈക്കൊള്ളുവാൻ ഉള്ള അവസരം അതു വരെ എത്തിയിരുന്നില്ല. വിശ്വാമിത്രൻ ആ അവസരം ഉണ്ടാക്കിക്കൊടുത്തു. രാമലക്ഷ്മണന്മാരെ അദ്ദേഹം മിഥിലയിൽ കൂട്ടിക്കൊണ്ടു പോയി. സീതയെ ഭാര്യയായിക്കിട്ടാൻ ഇച്ഛിക്കുന്നവൻ ശിവന്റെ വലിയ വില്ലു കുലച്ചു അമ്പു തൊടുക്കേണ്ടിയിരുന്നു. സീതയെ വരിപ്പാൻ പല രാജാക്കന്മാരും മിഥിലയിൽ ചെന്നു വില്ലു കുലപ്പാൻ ശ്രമിച്ചു, എങ്കിലും അത് ആൎക്കും സാധിച്ചില്ല. എന്നാൽ ശ്രീരാമൻ പ്രയാസം തെല്ലുമില്ലാതെ വില്ലു കുലച്ചു അമ്പു തൊടുത്തു. ഉടനെ സീത വന്നു രാമന്റെ കഴുത്തിൽ വരണമാലയിട്ടു. പിന്നെ വളരെ ആഘോഷത്തോടും ആഡംബരത്തോടും കൂടി സീതാവിവാഹം ശുഭമായി കഴിഞ്ഞു; ലോകത്തിൽ എങ്ങും സന്തോഷമുണ്ടായി.


[ 8 ]
രണ്ടാമദ്ധ്യായം


ശ്രീരാമന്റെ വനവാസം


വാർദ്ധക്യം കൊണ്ടു ദശരഥൻ ക്ഷീണിക്കയായിരുന്നു. വിവാഹം കഴിഞ്ഞു യൌവനം തികയുന്ന രാമന്നു രാജ്യം ഭരിപ്പാൻ സാമൎത്ഥ്യം ഉണ്ടു്. അതു കൊണ്ടു രാജ്യം അവന്നു വിട്ടു കോടുപ്പാനും അവനെ രാജാവായി അഭിഷേകം ചെയ് വാനും ദശരഥൻ നിശ്ചയിച്ചു. രാജാവിന്റെ നിശ്ചയം കേട്ടു പ്രജകൾ സന്തോഷിച്ചു. അവർ പട്ടാഭിഷേകത്തിന്നായി കേമിച്ച ഒരുക്കങ്ങൾ ചെയ്തു തുടങ്ങി. “വിധിച്ചതേ വരൂ; കൊതിച്ചതു വരാ” എന്ന ചൊല്ലിന്റെ സാരം അവർ ഓൎത്തിരുന്നില്ല. അവർ സ്വപ്നത്തിൽ പോലും ശങ്കിക്കാത്ത ഒരു സംഭവം നിമിത്തം അവൎക്കു വലിയ ആശാഭംഗം നേരിട്ടു.

ദശരഥന്റെ ഭാര്യ കൈകേയി രാജകുടുംബത്തിന്നു ദ്രോഹമായ്ത്തീൎന്നു. ഈ രാജ്ഞി ദുൎബ്ബുദ്ധിയായ തന്റെ ദാസിയുടെ ദുരുപദേശം കേട്ടു. അതു ഹേതുവായി കൈകേയിക്കു രാമനിൽ പക വൎദ്ധിച്ചു തുടങ്ങി. എത്രയോ കൊല്ലങ്ങൾക്കു മുമ്പു ദശരഥൻ കൈകേയിക്കു രണ്ടു വരങ്ങൾ കൊടുത്തിരുന്നു. രാജ്ഞി ചോദിക്കുമ്പോൾ അവയെക്കൊടുക്കാമെന്നു രാജാവു സത്യം ചെയ്തിരുന്നു. ഈ വരങ്ങളെ സാധിപ്പാൻ വേണ്ടി രാജ്ഞി ദശരഥന്റെ സന്നിധിയിൽ ചെന്നു പണ്ടു വാഗ്ദാനം ചെയ്ത വരങ്ങൾ കൊടുക്കണമെന്നു യാചിച്ചു.“രാമന്റെ അഭിഷേകം ഹേതുവായി ഗൃഹന്തോറും മഹോത്സവമായിരിക്കേ ഞാൻ ഭവതിയുടെ ഇഷ്ടം

[ 9 ]

എന്താണു താൽപൎയ്യം എന്നു കേൾക്കട്ടെ” എന്നു ദശരഥൻ പറഞ്ഞു.

ഇതുകേട്ട രാജ്ഞി പറഞ്ഞു, “രാമൻ പതിനാലു കൊല്ലം കാട്ടിൽ പാൎക്കെണം . ഇതു ഒന്നാം വരം. ഇപ്പോൾ രാമന്റെ അഭിഷേകത്തിന്നു് ഒരുക്കിയ സാമഗ്രികൾ കൊണ്ട് ഭരതനെ രാജാവായി അഭിഷേകം ചെയ്യണം. ഇതു രണ്ടാം വരം.”

കൈകേയിയുടെ വാക്കു രാജാവിന്നു ശല്യമായി ഹൃദയത്തിൽ തറച്ചു. എന്താണു നിവൃത്തി? ഭാൎയ്യക്കു കൊടുത്ത വാക്കു മാറ്റി നടക്കാമോ? അതു രജാവിന്റെ ഗൌരവത്തിനു പോരായ്കയാൽ ഒട്ടും പാടില്ല. രാജാവു രാമനെ വരുത്തി താൻ കൈകേയിക്കു കൊടുത്ത വരങ്ങളെക്കുറിച്ചു സംസാരിച്ചു. അച്ഛന്റെ ഇഷ്ടത്തെ ബഹുമാനിച്ചു നടക്കുന്നതു തന്റെ മുറയാകുന്നു എന്നു രാമന്നു നല്ലവണ്ണം അറിയാമായിരുന്നു. അതു കൊണ്ടു രാമന്നു ചിറ്റമ്മയോടു വെറുപ്പ് അശേഷം തോന്നിയില്ല. അദ്ദേഹം അച്ഛനെ ആശ്വസിപ്പിച്ചു സത്യം രക്ഷിക്കെണമെന്നു അച്ഛനോടു യാചിച്ചു. പിതാവിന്റെ ആജ്ഞയെ തലയിൽ വഹിച്ചും കൊണ്ടു സന്തോഷത്തോടെ താൻ കാട്ടിലേക്കു പുറപ്പെടുമെന്നു രാമൻ ബോധിപ്പിച്ചു.

പിന്നെ രാമൻ അവിടുന്നു കൊട്ടാരത്തിൽ ചെന്നു സീതയെക്കണ്ടു നടന്ന വിവിരങ്ങൾ കേൾപ്പിച്ചു. “ഞാൻ കാട്ടിൽ വാഴേണമെന്നാണു താതാജ്ഞ. അതിനെ നടത്തുവാൻ ഞാൻ പോകയാണ്” എന്നു രാമൻ പറഞ്ഞു.

ശ്വശുരന്റെ ആജ്ഞയെ നടത്തുവാൻ കാട്ടിൽ പോയാൽ അനുഭവിക്കേണ്ടുന്ന സങ്കടങ്ങൾ ഓൎത്തു സീത മുഷി

[ 10 ]

ഞ്ഞുവോ? ഇല്ല, ആ കുലീന സ്ത്രീ അത്യന്തം സന്തോഷിക്കയാണു ചെയ്തതു. രാജ്യസുഖങ്ങളെല്ലം ഉപേക്ഷിച്ചു്, ആപത്തുകളെ അലക്ഷ്യമാക്കി, പിതാവിന്റെ ആജ്ഞയെ നടത്തുന്നതിനു ഒരുങ്ങിയ ഭൎത്താവിന്റെ നിശ്ചയത്തെ അറിഞ്ഞു സീത അത്യന്തം സന്തോഷിച്ച് അദ്ദേഹത്തെ സ്തുതിച്ചു. ഭൎത്താവിന്റെ ഐശ്വര്യത്തിൽ ഭാൎയ്യക്കും അവകാശം ഉള്ളതു കൊണ്ടു തന്റെ ഭാഗം അനുഭവിപ്പാൻ തന്നേയും അരണ്യത്തിൽ കൊണ്ടു പോകേണമെന്നു സീത പ്രാൎത്ഥിച്ചു.

“പ്രിയേ, ജനിച്ച നാൾ മുതല്‌ക്കു സുഖാനുഭോഗങ്ങളും ഉപചാരങ്ങളും അനുഭവിച്ചു ശീലിച്ച ഭവതി കൊട്ടാരം വിട്ടു പോവാൻ ആശിക്കേണ്ടാ. കാട്ടിൽ ഒരു നേരം കഴിപ്പാൻ വിചാരിക്കേണ്ടാ. അതു നാടല്ല; കല്ലും മുള്ളും നിറഞ്ഞു ദുൎഗ്ഗമമായ അടവിയിൽ നടക്ക എന്നതു ജാനകിക്കു ശക്യമല്ല.അവിടെ സുഖമില്ലെന്നു മാത്രമല്ല എണ്ണമറ്റ ആപത്തുകൾ ഉണ്ടു താനും” എന്നു രാമൻ പറഞ്ഞു.

“സുഖദുഃഖങ്ങളെ ലക്ഷ്യമാക്കാതെ ഭൎത്താവിനെ ഭജിക്കുന്നവളാണു പതിവ്രത. ഭൎത്താവാണു ഈശ്വരൻ എന്നു വിശ്വസിക്കുന്ന സ്ത്രീക്കു ഭൎത്താവിന്റെ ശുശ്രൂഷ ഒന്നു മാത്രമേ സന്തോഷകാരണമാകയുള്ളു. ഭൎത്താവിന്റെ രക്ഷയിലുള്ള സ്ത്രീക്കു വനത്തിലേ ആപത്തുകളേയും സങ്കടങ്ങളേയും കുറിച്ചു ചിന്തിപ്പാനില്ല. സഹധൎമ്മചാരിണിയായ ഞാൻ ഒന്നിച്ചു് ഉണ്ടെങ്കിൽ അങ്ങേക്കു കഷ്ടങ്ങൾ കുറയുകയും സൌകൎയ്യങ്ങൾ കൂടുകയും ചെയ്യും; അതു കൊണ്ട് എന്നെ വിട്ടു പോകരുതെന്നു ഞാൻ പ്രാൎത്ഥിച്ചു കൊള്ളുന്നു” എന്നു സീത കണ്ണീർ തൂകിപ്പറഞ്ഞു.

2

[ 11 ]

“പ്രിയ സീതേ, നമ്മുടെ ഉദ്യാനത്തിൽ എന്റെ ഒന്നിച്ചു കാൽനാഴിക നടക്കുമ്പോഴെക്കു ഭവതി എത്ര കഷ്ടപ്പെടും! പിന്നെയുണ്ടോ ഭവതി ദുൎഗ്ഗമവനത്തിൽ പതിനാലുകൊല്ലം നടക്കുന്നു? അതു കേവലം അസാധ്യം തന്നെ. ഭവതിയേയും കാനനത്തിൽ കൊണ്ടുപോവാൻ അച്ഛൻ കല്പിച്ചിട്ടുമില്ല. അതു കൊണ്ടു വനവാസം കഴിഞ്ഞു ഞാൻ മടങ്ങി വരുന്നതു വരെ ഭവതി അമ്മയുടെ ഒരുമിച്ചു സ്വസ്ഥയായി അരമനയിൽ ഇരിക്കയാണു ഉത്തമം,” എന്നു രാമൻ പറഞ്ഞു.

വ്യസനം സഹിപ്പാൻ കഴിയാതെ കരഞ്ഞും കൊണ്ടു സീത പറഞ്ഞു:— “എന്റെ പ്രാണനാഥാ, അങ്ങയെ വിട്ട് ഒരു ക്ഷണം പോലും എനിക്കു ജീവിച്ചുകൂടാ. പതിനാലു കൊല്ലം ഞാൻ വിട്ടു് പാൎക്കേണമെന്നു എന്റെ ഹൃദയം അറിയാത്ത ആളെപ്പോലെ കല്പിപ്പാൻ അങ്ങെക്കു തോന്നിയതാണു വലിയ കഷ്ടം! എന്റെ യാചനയെത്തള്ളിക്കളവാൻ തക്ക കുറ്റം ഞാൻ എന്താണു ചെയ്തതു്? ഒന്നിച്ചു സഞ്ചരിക്കുമ്പോൾ അങ്ങേക്കു കഷ്ടത്തിന്നോ ഉപദ്രവത്തിന്നോ ഞാൻ ഇട വരുത്തുകയില്ല. അങ്ങയുടെ ക്ലേശങ്ങളെക്കുറച്ചു കളവാൻ ഞാൻ നിത്യം ശ്രമിക്കും. എന്റെ പ്രാണേശ്വരാ, എന്നെ വിട്ടു പോകരുതെ! എന്റെ പ്രാൎത്ഥനയെക്കൂട്ടാക്കാതെ എന്നെ വിട്ടു പോകുന്ന പക്ഷം എന്റെ ശേഷക്രിയക്കു വട്ടം കൂട്ടീട്ടേ പോകേണ്ടു. വിജ്ഞന്മാരോട് അതിപ്രസംഗം വേണമെന്നില്ലല്ലോ.”

പ്രിയബാലരേ, സീതയുടെ സദ്ഗുണങ്ങളെ ഗ്രഹിച്ചു കൊള്ളുവിൻ! പ്രാണപ്രിയനെ അത്യന്തം സ്നേഹിച്ച കാരണം സീത സർവ്വസുഖങ്ങളേയും ത്യജിച്ചു് അദ്ദേഹത്തിന്റെ സങ്കടങ്ങളിൽ പങ്കു കൊൾവാൻ കാട്ടിൽ പോയില്ലേ! ഭാര

[ 12 ]

തീയബാലികമാരേ, സീതയെ അനുകരിച്ചു നടപ്പാൻ ശ്രമിക്കുവിൻ! സീത നിങ്ങളുടെ ഹൃദയത്തിൽ വിളങ്ങിക്കൊണ്ടിരിക്കട്ടെ!

സീത പ്രീതിപൂൎവം ചെയ്ത പ്രാൎത്ഥനയെക്കൈക്കൊള്ളാതിരിപ്പാൻ രണശ്രൂരനായിട്ടും രാമന്നു സാധിച്ചില്ല. അശ്രുക്കളെ തടുപ്പാൻ ആയുധമുണ്ടോ? ബാഷ്പബാണങ്ങളെ പ്രയോഗിക്കുന്നവരോ അബലമാർ? രാമന്റെ ഒന്നിച്ചു സീതയും പുറപ്പെട്ടു. രാമൻറെ ബഹിശ്ചരപ്രാണനായ ലക്ഷ്മണൻ പിന്നാലെ നടന്നു. വ്യസനപരവശരായ പൌരർ കണ്ണീർ തൂകിത്തുകി നടന്നു പോയി. നഗരം വിട്ട് അനേകം കാതം ദൂരത്തായപ്പോൾ ശ്രീരാമൻ ജനങ്ങളെ ആശ്വസിപ്പിച്ചു മടക്കി അയച്ചു.

രാമൻ കാട്ടിൽ പോയി പത്തുനാൾ കഴിഞ്ഞു. പുത്രവിരഹത്താൽ ദശരഥന്നു കഠിനമായ മനസ്താപം ഉണ്ടായി. വ്യസനാധിക്യത്താൽ രാജാവു ക്ഷിണിച്ചു. രാമാ രാമാ എന്നു വിലപിച്ചു, പരലോകം പ്രാപിച്ചു. മരണകാലത്തു രാജാവിന്റെ സമീപം പുത്രന്മാരാരും ഉണ്ടായിരുന്നില്ല. കഷ്ടം! ശത്രുഘ്നോടു കൂടി ഭരതൻ മാതുലനെക്കാണ്മാൻ കേകയരാജ്യത്തിൽ പോയിരുന്നു.

ദശരഥന്റെ മരണശേഷം മന്ത്രിമാർ യോഗം കൂടി, ഭരതനെ വരുത്തുവാൻ ദൂതന്മാരെ അയച്ചു. ഭരതൻ ബദ്ധപ്പെട്ടു വന്നു. അയോധ്യയെ നിൎജ്ജീവവും നിശ്ശബ്ദവുമായിക്കണ്ടു പരിഭ്രമിച്ചു. വസ്തുത അറിവാൻ അമ്മയുടെ പ്രാസാദത്തിലേക്കു പോയി. കൈകേയി സന്തോഷിച്ചു പുത്രനെ ആലിംഗനം ചെയ്തു. രാജാവായി രാജ്യം ഭരിച്ചു സർവ്വഭോഗങ്ങളേയും അനുഭവിച്ചുകൊൾക എന്ന് ആശീൎവദിച്ചു. ശ്രീരാമൻ എവിടെയെന്നും തനിക്കു രാജ്യപ്രാപ്തി എങ്ങിനെ

[ 13 ]

ഉണ്ടായി എന്നും ഭരതൻ ചോദിച്ചപ്പോൾ കൈകേയി നടന്ന സംഗതികളെല്ലാം വിവരിച്ചു. തനിക്കു രാജ്യം കിട്ടാൻ വേണ്ടി അമ്മ അച്ഛനെക്കൊന്നു എന്നും നിൎദ്ദോഷിയായ ജ്യേഷ്ഠനെ നാടു കടത്തി എന്നും ഭരതൻ അറിഞ്ഞു: അമ്മയുടെ ദുഷ്ടത ഓർത്തു ലജ്ജിച്ചു വ്യസനാധിക്യത്താൽ ബോധം കെട്ടു വീണു. കൈകേയി അവനെ ആശ്വസിപ്പിച്ചു. ബോധം വന്നപ്പോൾ ഭരതൻ പറഞ്ഞു:— "അമ്മേ, നിങ്ങൾ ഭർത്താവിനെക്കൊന്നു മഹാപാതകം ചെയ്തു, രഘുവംശത്തിൻറെ കീൎത്തിയെ നശിപ്പിച്ചു. അന്യായത്താൽ സിദ്ധിച്ച ഈ രാജ്യം ഞാൻ ഭരിച്ചാൽ ഞാൻ അമ്മയുടെ പാതകത്തെ പങ്കുകൊള്ളും. അതുകൊണ്ടു ഞാൻ നിങ്ങളുടെ മകനല്ലായ്കയാൽ എനിക്കു രാജ്യത്തിന്നു യാതൊരു് അവകാശവും ഇല്ലെന്നു സത്യം ചെയ്തു പറയുന്നു. ന്യായധൎമ്മങ്ങൾ പ്രകാരം രാജ്യം ജ്യേഷ്ഠപുത്രനായ ശ്രീരാമൻറെ ജന്മാവകാശമാകുന്നു. ആ അവകാശം കൈമാറ്റം ചെയ്‌വാൻ ബ്രഹ്മാവിനും കഴികയില്ല. പിതാവിന്റെ വാക്കു സത്യമാക്കാനായി അരണ്യവാസദുഃഖം അനുഭവിക്കുന്ന രാമഭദ്രന്റെ അടിമയായി ഞാൻ ജീവശേഷം കഴിപ്പാൻ ശപഥം ചെയ്യുന്നു. അമ്മയുടെ കാലാണ സത്യം. ഈ വിധം ദാസ്യം തന്നെ നമ്മൾ ഇരുവരുടേയും പാപപരിഹാരത്തിന്നു മതിയായ പ്രായശ്ചിത്തം.”

പിന്നെ ഭരതൻ മന്ത്രിമാരെച്ചെന്നു കണ്ടു. അവർ ഉപദേശിച്ച പ്രകാരം പിതൃക്രിയകൾ ചെയ്തു. ക്രിയകൾക്കു ശേഷം പൌരന്മാർ യോഗം കൂടി ഭരതനോടു രാജ്യം ഭരിപ്പാൻ അപേക്ഷിച്ചു. അപ്പോൾ ഭരതൻ പറഞ്ഞു:— “എൻറെ അമ്മ രാജ്യം കൈവശമാക്കാൻ എൻറെ പിതാവിനെച്ചതിച്ചു ജ്യേഷ്ഠനെ നാടു കടത്തി. ഈ അന്യായം

[ 14 ]

നിങ്ങൾ മൌനമായി സഹിക്കയും ജ്യേഷ്ഠൻ പ്രവസിക്കുന്നതിനെ അനുമോദിക്കയും ചെയ്തതു് എനിക്കു വലിയ പുതുമതന്നെ. അമ്മയുടെ ഈ അധൎമ്മത്തിൽ ഞാനും അനുകൂലിച്ചു നടക്കേണമെന്നു കല്പിക്കുന്നത് എനിക്കു വലിയ സങ്കടമാണു്. മനു മുതല്ക്കുള്ള സൂര്യവംശരാജാക്കന്മാർ പ്രജകളെ നീതിന്യായാനുഗുണം പ്രസാദിപ്പിപ്പാൻ എന്നും പ്രയത്നം ചെയ്തവരായിരുന്നു എന്നതു സുപ്രസിദ്ധമാണല്ലോ. എന്നാൽ അവർ ധൎമ്മത്തെയോ നീതിയെയോ ലംഘിച്ചതായി നിങ്ങൾക്കറിവുണ്ടോ? സമുദായത്തെ സംരക്ഷിക്കുന്നതു മതവും ധൎമ്മവും നീതിയും ആകയാൽ ഇവയെ നശിപ്പിക്കാതിരിപ്പാൻ നാം ശ്രമിക്കേണം. അച്ഛൻതന്ന രാജ്യത്തിന്നു ന്യായമായ അധികാരം എനിക്കില്ലായ്കയാൽ അതിനെ ഭരിച്ചു കൊള്ളേണമെന്നു രാമനോട് അപേക്ഷിപ്പാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു. അതു നിങ്ങൾക്കും സന്തോഷകരമാകുമെന്നു ഞാൻ പൂൎണ്ണമായി വിശ്വസിക്കുന്നു. നാളെ കാലത്ത് അമ്മമാരോടും മന്ത്രിമാരോടും ചില പ്രമാണികളോടും മറ്റുംകൂടി ഞാൻ പുറപ്പെടും. ഞങ്ങൾ മടങ്ങി വരുന്നതു വരെ രാജ്യത്തെ സംരക്ഷിക്കേണ്ട ഭാരം നിങ്ങളെ ഏല്പിച്ചിരിക്കുന്നു.”

ഈ നിശ്ചയം കേട്ടു സന്തോഷിച്ചു പൌരന്മാർ ഭരതനെ ശ്ലാഘിച്ചു പിരിഞ്ഞു പോയി. പിറ്റേന്നു ഭരതൻ യാത്രയായി, രാമനെച്ചെന്നു കണ്ടു. ദശരഥന്റെ മരണം കേട്ടു രാമലക്ഷമണന്മാർ ശോകത്താൽ മോഹാലസ്യപ്പെട്ടു. അമ്മമാർചെയ്ത ആശ്വാസനത്താൽ ബോധം വന്ന ഉടനെ നദിയിൽ കുളിച്ചു പിതൃക്രിയ തുടങ്ങി.

പിന്നെ ഭരതൻ താൻ വന്ന കാര്യം രാമനെ അറിയിച്ചു, രാജ്യം അംഗീകരിച്ചു ഭരിപ്പാൻ അപേക്ഷിച്ചു. രാമൻ അനുകൂ

[ 15 ]

ലിച്ചില്ല. “പരലോകത്തു ചെന്ന താതന്നു വീഴ്ച വരാതിരിപ്പാൻ നാം ധൎമ്മത്തെ വിധിപ്രകാരം നടത്തെണം. ഇപ്പോൾ താതാജന്തയെ ഭക്തിവിശ്വാസത്തോടുകൂടി നടത്തെണം. ഭരതന്റേയും പൌരരുടേയും ഇഷ്ടപ്രകാരം ഞാൻ രാജാവായാൽ എൻറെ അപരാധം രണ്ടാകും:— പതിന്നാലുവൎഷങ്ങൾക്കു മുമ്പായി കാടു വിട്ടു നാട്ടിൽ വന്ന കുറ്റം ഒന്നു്, പതിനാലു സംവത്സരം ഭരതൻ രാജ്യം ഭരിക്കേണമെന്നു പിതാവു ചെയ്ത നിശ്ചയം മുടക്കിയ കുറ്റം രണ്ടു്; ഇവയെ ഞാൻ ചെയ്യുന്നതല്ല. ഭരതൻ രാജാവായാൽ പിതാവിന്റെ ആജ്ഞയെ നടത്തിയ പുണ്യവും പ്രജകളെ ധൎമ്മപ്രകാരം സംരക്ഷിച്ച സുകൃതവും കോസലരാജ്യത്തെ സ്വാധീനത്തിൽ വെച്ച കീൎത്തിയും കിട്ടും. അതുകൊണ്ടു ഞാൻ മടങ്ങി വരുന്നതു വരെ രാജ്യം ഭരിച്ചു കൊൾക.”

രാമൻറെ ഈ സ്ഥിരനിശ്ചയം കേട്ടു ഭരതൻ രാജ്യം ഭരിക്കാതിരിപ്പാൻ നിവൃത്തിയില്ലെന്ന് അറിഞ്ഞു്, അതിനെ രക്ഷിപ്പാൻ ഒരു വിധം സമ്മതിച്ചു. “അങ്ങയുടെ പ്രതിനിധിയായി പതിനാലു കൊല്ലം ഞാൻ രാജ്യഭാരം ചെയ്യാം. പതിനാലു കൊല്ലം അവസാനിച്ച പിറ്റെന്നു പ്രഭാതത്തിങ്കൽ ജ്യേഷ്ഠൻ അയോധ്യയിൽ എത്തിക്കണ്ടില്ലെങ്കിൽ പിന്നെ ഞാൻ രാജ്യം ഭരിക്കില്ല. ഉച്ചക്കു മുമ്പായി ദേഹത്യാഗം ചെയ്യും. ഇതു സമ്മതമാണെങ്കിൽ തൃപ്പാദുകങ്ങൾ എനിക്കു തരേണം. അവയെ അങ്ങയുടെ പ്രതിനിധിയായി സിംഹാസനത്തിൽ പ്രതിഷ്ഠ ചെയ്യും. രാജാൎഹമായ അയോധ്യയെ വിട്ടു ഞാൻ നന്ദിഗ്രാമത്തിൽ താമസിക്കും. ജടയും വല്കലവും ധരിച്ച് ആരണ്യകവൃത്തിയോടെ ജീവിച്ചു ജ്യേഷ്ഠന്റെ ആഗമനം കാത്തു കൊണ്ടിരിക്കും” എന്നു ഭരതൻ ബോധിപ്പിച്ചു.

[ 16 ]

ഭരതന്റെ ദൃഢഭക്തി അറിഞ്ഞു ശ്രീരാമൻ അത്യന്തം സന്തോഷിച്ച് അദ്ദേഹത്തെ പ്രീതിപൂർവ്വം ആലിംഗനം ചെയ്ത്, ആശ്വസിപ്പിച്ചു പാദുകങ്ങൾ കൊടുത്തു യാത്രയാക്കി. ഭരതൻ പാദുകങ്ങളെ തലയിൽ വെച്ചു് ഒരു മഹാരാജാവിന്നു യോഗ്യമായ ആദരവോടും ആഡംബരത്തോടും അവയെ രഥത്തിൽ കയറ്റിക്കൊണ്ടു പോയി. അയോധ്യയിലേ സിംഹാസത്തിൽ വെച്ച് അവ ശ്രീരാമൻ തന്നെ എന്നു കരുതിപ്പോന്നു. ഭരതൻ ശ്രീരാമൻറെ പേരിൽ ഭക്തി വിശ്വാസത്തോടു കൂടി രാജ്യകാൎയ്യങ്ങൾ ന്യായമായി നടത്തിയെങ്കിലും രാജഭോഗങ്ങൾ ഒന്നും അനുഭവിച്ചില്ല. ജ്യേഷ്ഠന്റെ സുഖം തൻറെ സുഖം; ജ്യേഷ്ഠന്റെ ദുഃഖം തൻറെ ദുഃഖം എന്ന അദ്വൈതഭാവത്തെ ഭരതൻ പ്രത്യേക്ഷമായി ലോകത്തിലേ എല്ലാ ജ്യേഷ്ടാനുജന്മാരേയും ഉപദേശിച്ചു. ഭരതനെപ്പോലെ ഗുണവാനും സ്വാൎത്ഥത്തെ ഉപേക്ഷിച്ചവനും ആയ ഒരു സഹോദരനെ ലോകത്തിലേ മറ്റൊരു രാജ്യത്തിൽ നിങ്ങൾ കാണുമോ?

ഭരതനും അനുയായിമാരായി വന്ന എല്ലാവരും അയോധ്യയിലേക്കു തിരിച്ചു പോയ ശേഷം രാമനും സീതയും ലക്ഷ്മണനും യാത്ര തുടങ്ങി, പല പല അടവികളിൽ സഞ്ചരിച്ചു. പന്ത്രണ്ടു കൊല്ലങ്ങൾ കഴിഞ്ഞുപോയി.

[ 17 ]
മൂന്നാമദ്ധ്യായം


സീതാപഹരണം


വനത്തിൽ വളരെ കാലം കഴിക്കുമ്പോൾ സീത ദുഃഖിച്ചുവോ? ഈ വിധം കഷ്ടങ്ങൾ വരുത്തിയതു ഭർത്താവാണെന്നറിഞ്ഞു സീത അദ്ദേഹത്തോടു കോപിച്ചുവോ? അവൾ ദുഃഖിക്കയോ കോപിക്കയോ ചെയ്യാതെ തൻറെ കഷ്ടങ്ങളെ മിണ്ടാതെ സഹിച്ചു. തൻറെ സങ്കടങ്ങൾ അറിഞ്ഞാൽ ഭർത്താവിൻറെ മനസ്സു വെന്തുരുകും എന്ന് ഓൎത്തു തൻറെ കഷ്ടപ്പാടുകളെ നിസ്സാരങ്ങളാക്കി തൻറെ പ്രാണനാഥൻറെ സുഖസന്തോഷങ്ങൾക്കായി കഴിയുന്നത്ര ശ്രമിച്ചു. ചിലപ്പോൾ നമുക്കു നേരിടുന്ന ശോകങ്ങൾ ഈശ്വരൻ അയക്കുന്നതാണ്. നമ്മുടെ പരമസുഹൃത്തായ ജഗദീശൻ നമുക്കു ഗുണമല്ലാതെ ദോഷം ചെയ്കയില്ല. നമ്മെ പരിശുദ്ധരാക്കാൻ ആപത്തുകൾ നേരിടുന്നു എന്നു വിശ്വസിച്ചു. അവയെക്കുറിച്ചു പിറുപിറുക്കരുത്. പിറുപിറുത്തു സങ്കടപ്പെടുന്നവർ ഈശ്വരന്നു വിവേകമില്ലെന്നു വിചാരിക്കുന്നു. ഇതു പാപം. സുഖം അനുഭവിക്കുന്ന സന്തോഷത്തോടും സ്ഥിരതയോടും കൂടി തന്നെ കഷ്ടങ്ങളേയും സഹിക്കേണം. ഈ പരമാൎത്ഥം സീതക്കു നല്ല നിശ്ചയമുണ്ടായിരുന്നു. സീത നീണ്ട മലകൾ കയറിയിറങ്ങുകയും താഴ്വരകളിൽ സഞ്ചരിച്ചു വിശ്രമിക്കുകയും അവിടവിടെ കിട്ടുന്ന ആഹാരം കഴിക്കുകയും ചെയ്തു. ഈ സഞ്ചാരങ്ങളിൽ ഉണ്ടായ ഖേദങ്ങളെ വക വെക്കാതെ സീത രാമലക്ഷ്മണന്മാരെ സഹായിച്ചു, തന്റെ പ്രസന്നതയാൽ അവരുടെ സങ്കടങ്ങളെ

[ 18 ]
         സീതാപഹരണം          17










              3




3 [ 19 ]

ക്കുറച്ചു കളഞ്ഞു. എന്നിട്ടും വരാനുള്ള കഷ്ടങ്ങളെ അവർ അപ്പോൾ അറിഞ്ഞിരുന്നില്ല.

സീതയുടെ സൌന്ദൎയ്യത്തെക്കുറിച്ചു രാക്ഷസരാജാവായ രാവണന്നു് അറിവു കിട്ടീട്ടു സീതയെക്കട്ടു കൊണ്ടുപോവാൻ നിശ്ചയിച്ചു. തന്റെ ബന്ധുവായ മാരിചനെച്ചെന്നു കണ്ടു്, ഒരു പൊന്മാനായി സീതയുടെ മുന്പിൽ ആടാൻ അയച്ചു. മനോഹരമായ വസ്തുക്കളെക്കണ്ടാൽ കൈവശം ആക്കാൻ മിക്ക സ്ത്രീകളും ഇഷ്ടപ്പെടുന്നതു സാധാരണമല്ലോ. സീത പൊന്മാനിനെക്കണ്ടിട്ട് അതിനെപ്പിടിച്ചു കൊണ്ടുവരേണമെന്നു ശ്രീരാമനോടു പ്രാൎത്ഥിച്ചു. രാമൻ അതിനെപ്പിടിപ്പാനായി നടന്നു നടന്നു വളരെ അകലെ എത്തിപ്പോയി.

മൃഗത്തെപ്പിടിപ്പാൻ പോകുമ്പോൾ രാമൻ സീതയെ ലക്ഷ്മണനെ ഭരമേല്പിച്ചു അവളെ വിട്ടു പോകരുതെന്നു ശാസിച്ചിരുന്നു. ഇവർ രാമന്റെ വരവു കാത്തു വളരെ നേരം നിന്നു. രാമൻ വരാൻ വൈകിയതുകൊണ്ടു സീത വ്യസനിച്ചു. വളരെ ദൂരത്തു നിന്ന്, “അയ്യോ സീതേ, അയ്യോ ലക്ഷ്മണാ,” എന്നു മുറവിളി അവർ കേട്ടു. അതു രാമന്റെ സ്വരമായി അവൎക്കു തോന്നിയെങ്കിലും വാസ്തവത്തിൽ അത് അദ്ദേഹത്തിന്റെ ധ്വനിയായിരുന്നില്ല. രാമന്റെ ബാണമേറ്റു മരിക്കാറായ മായാമൃഗം പുറപ്പെടുവിച്ച ശബ്ദമായിരുന്നു അത്. സീതയെച്ചതിപ്പാൻ ഇച്ഛിച്ചു രാക്ഷസനായ മാരീചൻ ഇങ്ങനെ മുറവിളി കൂട്ടിയതാണു്.

ഈ ആൎത്തനാദം കേട്ടു സീത ഭയപ്പെട്ടു. ആപത്തു നേരിട്ടിട്ടു രാമൻ നിലവിളിക്കയാണെന്നു ശങ്കിച്ചു സീത ഭർത്താവിനെച്ചെന്നു സേവിപ്പാൻ ലക്ഷ്മണനോടു പറഞ്ഞു.

[ 20 ]

രാമനെക്കൊല്ലാൻ ആൎക്കും സാധ്യമല്ലെന്നു ലക്ഷ്മണൻ ദൃഢമായി അറിയിച്ചു. സീത വിശ്വസിച്ചില്ല. ആ സ്ത്രീകരഞ്ഞു കോപരവശയായി ഓരോന്നു പറഞ്ഞു. ലക്ഷ്മണൻ പോകാത്തതു കണ്ടു സീത സത്യം ചെയ്തു:— “ഇനി ഉടനെ പോകാത്ത പക്ഷം ഞാൻ ദേഹത്യാഗം ചെയ്യും.”

ഈ ദുസ്സഹവാക്കു കേട്ടു ലക്ഷ്മണൻ പരിഭ്രമിച്ചു. ജ്യേഷ്ഠന്റെ ആജ്ഞപ്രകാരം ആശ്രമം വിട്ടു പോയ്ക്കൂടാ. സീതയുടെ ദർവാക്കുകൾ കേട്ടുംകൊണ്ട് ഇരുന്നുകൂടാ. ഇനി വേറൊരു നിവൃത്തിയും ഇല്ലെന്നറിഞ്ഞു ലക്ഷ്മണൻ രാമനെ അന്വേഷിച്ചു കാട്ടിൽ പോയി.

സീത ചെയ്തതു വലിയ തെറ്റു തന്നെ എന്നു നിങ്ങളും സമ്മതിക്കും. ഒന്നാമതു മാനിനെ ആവശ്യപ്പെടേണ്ടിരുന്നില്ല. രണ്ടാമതു വീരപുരുഷനായ ഭർത്താവിൻറെ രക്ഷയെപ്പറ്റി ചിന്തിക്കേണ്ടിയിരുന്നില്ല. മുന്നാമതു ഭൎത്താവിൻറെ കല്പനപ്രകാരം തന്നെകാത്തു നിന്ന ലക്ഷ്മണനെ സമീപം നിൎത്തേണ്ടിയിരുന്നു. എന്നാൽ ഭർത്താവിന്നു് അപായം നേരിടുമെന്ന ശങ്കയാൽ പരവശയായ ആ സാധുസ്ത്രീക്ക് ആലോചിപ്പാൻ അവസരം കിട്ടിയിരുന്നില്ല. ഈ ആലോചനക്കുറിവിനാൽ എത്ര കഠിനമായ ശിക്ഷയാണു സീത അനുഭവിച്ചതെന്നും ശേഷം കഥയിൽ നിന്നു നിങ്ങൾ അറിയും.

ലക്ഷ്മണൻ പോയപ്പോൾ സന്ന്യാസിവേഷം ധരിച്ചു് ഒരാൾ സീതയുടെ സമീപം ചെന്നു സംസാരിച്ചു തുടങ്ങി. സീത ആദരവോടു കൂടി സംസാരിച്ചു. ഇങ്ങനെ തമ്മിൽ കുറെ സല്ലാപം കഴിഞ്ഞ ശേഷം സന്ന്യാസി മൎയ്യാദ വിട്ടു പറവാൻ തുടങ്ങി. ഒടുവിൽ കപടവേഷം വെടിഞ്ഞു. അവൻ സാക്ഷാൽ രാവണനായിരുന്നു. പത്തു

[ 21 ]

തലയും ഇരുപതു കൈയും പൎവ്വതം പോലെയുള്ള വണ്ണവും ഉള്ള ഈ ദുഷ്ടരാക്ഷസനെക്കണ്ടു സീത പേടിച്ചുവോ? ഇല്ല. തന്റെ ആലോചനക്കുറവിന്റെ ഫലം അവൾക്കു ബോധ്യമായി. ലക്ഷ്മണനെ അയച്ചതു തെറ്റിപ്പോയി. എന്നിട്ടും അവൾ നിൎഭയയായി ദേവന്മാരെ ശരണം പ്രാപിച്ചു. തന്നെ തൊടരുതെന്നും തൊട്ടു പോയാൽ തൽക്ഷണം മരിക്കുമെന്നും അവൾ രാവണനോടു പറഞ്ഞു.

സീത പറഞ്ഞതു സത്യമാണെന്നു രാവണനും അറിഞ്ഞിരുന്നു. അക്കാലങ്ങളിൽ ഈശ്വരൻ പതിവ്രതമാൎക്കു വലിയ ശക്തി നൽകിയിരുന്നു. അതുകൊണ്ടു രാവണൻ സീതയെത്തൊട്ടില്ല. സീത നിന്ന സ്ഥലം കിളച്ചെടുത്ത് അതിനെ അവളോടുകൂടി തേരിൽ വെച്ചു കൊണ്ടുപോയി. വഴിയിൽ സീത ഉച്ചത്തിൽ കരഞ്ഞു വൃക്ഷങ്ങളോടും പക്ഷികളോടും തന്റെ സങ്കടം അറിയിച്ചു. തന്നെ അപഹരിച്ചുകൊണ്ടുപോയ ദിക്കേതെന്നു രാമനെ അറിയിപ്പാൻ അവൾ യാചിച്ചു. കഴുക്കളുടെ രാജാവായ ജടായു ഈ വിലാപം കേട്ട് ഇറങ്ങിവന്നു രാവണനോടു യുദ്ധം ചെയ്തു. എന്നാൽ യുദ്ധത്തിൽ ജടായു തോറ്റു മരിക്കാറായി. അതിൽ പിന്നെ രാവണൻ സീതയെ തന്റെ ലങ്കാരാജ്യമെന്ന ദ്വീപിലേക്കു കൊണ്ടുപോയി.

അവിടെ എത്തിയശേഷം രാവണൻ തന്നെ ഭൎത്താവായി കൈക്കാള്ളേണം എന്നു പ്രാൎത്ഥിച്ചു സീതയെ ബുദ്ധിമുട്ടിച്ചു. അവളെ വീണ്ടു കൊൾവാൻ രാമൻ അവിടെ ഒരു കാലത്തും വരികയില്ല എന്നു അവൻ പറഞ്ഞു. തന്റെ ഭാര്യയായിരിപ്പാൻ സമ്മതിക്കാത്ത പക്ഷം താൻ അവളെ ശിക്ഷിക്കുമെന്ന് അവൻ ഭീഷണി കൂട്ടി. തന്റെ ഭാൎയ്യയാൽ നിശ്ചയമായും അവളെ പട്ടമഹിഷിയും ത്രിഭൂവനേശ്വ

[ 22 ]
സീതാപഹരണം
21


രിയും ആക്കും എന്നു തൻറെ സംപത്തിൻറെ മഹിമ കാണിച്ചു മോഹിപ്പിപ്പാൻ ശ്രമിച്ചു. എന്നിട്ടും സീതയുടെ പാതിവ്രത്യത്തിന് ഇളക്കം വരുത്താൻ സാധിച്ചില്ല. പ്രിയകുട്ടികളേ, ഈ വിഷയത്തിൽ ആകുന്നു നിങ്ങൾ സീതയെ അനുസരിച്ചു നടക്കേണ്ടത്.

സീത രാവണനോടു ധൈര്യപ്പെട്ടു പറഞ്ഞു- "ദുഷ്ടാത്മാവേ, നിൻറെ ദുരുപദേശങ്ങളെ ഞാൻ കേട്ടു നടക്കുമെന്നു നീ കരുതുന്നുവോ? മഹാശയനായ ശ്രീരാമൻറെ അർദ്ധാംഗം ആണ് ഞാൻ. എനിക്ക് അവരിലുള്ള പ്രേമഭക്തിക്കു ഭംഗം വരുത്തുവാൻ വൃഥാ മോഹിക്കേണ്ടാ. നിൻറെ ഉപദ്രവങ്ങളേയും പീഡകളേയും ഞാൻ പുല്ലോളം കൂട്ടാക്കുന്നതല്ല. എന്നെത്തൊടാനുള്ള സാമർത്ഥ്യം നിണക്കുണ്ടോ? നിൻറെ ആയുധങ്ങൾക്കുണ്ടോ എന്നെക്കൊല്ലാൻ ശക്തി? ശ്രീരാമൻ വന്നു എന്നെ രക്ഷിക്കും തീർച്ച, എന്ന് എനിക്കു പൂർണ്ണവിശ്വാസം ഉണ്ട്. അവർ വരുന്നതുവരെ ഞാൻ ജീവധാരണം ചെയ്യുന്നതാണ്. നിണക്ക് ഇനി എന്താണ് ആവശ്യം അതു ചെയ്തോളൂ."

ഇതുകേട്ടു കയർത്ത രാവണൻ അഗ്നിയെപ്പോലെ പ്രജ്വലിച്ചു. എന്നാൽ സീതയെ ഒന്നും ചെയ്‌വാൻ അവനു സാധിച്ചില്ല. അവളെ രാക്ഷസിമാരുടെ വശം ഏല്പിച്ചു, പേടിപ്പിച്ചു തൻറെ വശമാക്കാൻ നോക്കെണമെന്ന് അവരോടു കല്പിച്ചു, രാവണൻ തൻറെ കൊട്ടാരത്തിലേക്കു പോയി.

[ 23 ]
നാലാമദ്ധ്യായം


രാമൻ സീതെയ വീണ്ടുകൊണ്ടതു്.


രാമൻ മാരീചനെക്കൊന്നു തിരിച്ചു വരുമ്പോൾ വഴിക്കൽ ലക്ഷ്മണനെക്കണ്ടു് ആശ്ചര്യപ്പെട്ടു. സീതയുടെ കഠിനവാക്കുകൾ കേൾപ്പാൻ കഴിയാതെ താൻ ജ്യേഷ്ഠനെ അന്വേഷിച്ചു വന്നുവെന്നു ലക്ഷ്മണൻ അറിയിച്ചു. ഇരുവരും സീതെയത്തിരഞ്ഞു പൎണ്ണശാലയിൽ ചെന്നു; അവിടെ സീതയെക്കണ്ടില്ല. അവളെ അന്വേഷിച്ചു കാട്ടിൽ സഞ്ചരിക്കുമ്പോൾ അവർ മരിക്കാറായ ഗൃധ്രരാജനെകണ്ടു. രാവണൻ സീതയെക്കട്ടു കൊണ്ടുപോയി എന്നു ജടായു പറഞ്ഞു. പിന്നെ അവർ യാത്ര തുടർന്നു പോകമ്പോൾ ഒരു സ്നേഹിതനെക്കണ്ടു. വാനരരാജവായ സുഗ്രീവന്റെ സഹായത്താൽ സീതയെ വീണ്ടു കിട്ടുമെന്ന് അവൻ പറഞ്ഞു. അതിനാൽ രാമൻ സുഗ്രീവനെച്ചെന്നു കണ്ടു സഖ്യം ചെയ്തു.

ശ്രീരാമൻ ഹനുമാനെ വിളിച്ചു തന്റെ പേർ കൊത്തിയ മോതിരം അവന്റെ കൈയിൽ കൊടുത്തു, അതിനെ സീതക്കു കൊടുപ്പാൻ പറഞ്ഞു. ഹനുമാൻ ഇന്ത്യക്കും ലങ്കക്കും മദ്ധ്യേയുള്ള സമുദ്രം കടന്നു ലങ്കയിൽ പോയി. ഹനുമാൻ രാവണന്റെ കൊട്ടാരത്തിൽ പ്രവേശിച്ചു സീതയെ അന്വേഷിച്ചു കണ്ടില്ല. ഭാഗ്യവശാൽ രാവണന്റെ പൂങ്കാവിൽ ചെന്നു. അശോകവൃക്ഷത്തിന്റെ ചുവട്ടിൽ വ്യസനിച്ചു കൊണ്ടിരിക്കുന്ന സീതയെക്കണ്ടു. ഹനുമാൻ ചെറിയ ഒരു പൂച്ചയോളം വലിപ്പമുള്ള ശരീരം ധരിച്ചു് ആ

[ 24 ]

വൃക്ഷത്തിന്മേൽ ഇരുന്നു രാമകഥ മധുരമായിക്കേൾപ്പിച്ചു. സീത തല ഉയൎത്തി മരത്തിന്മേൽ നോക്കിയപ്പോൾ ഹനു

[ 25 ]

മാൻ സീതയെ നമസ്കരിച്ചു താൻ രാമദൂതൻ ആകുന്നു. എന്ന് അറിയിച്ചു മോതിരം കൊടുത്തു. സീത മോതിരം കണ്ടു സന്തോഷിച്ചു, ഉടനെ ലങ്കയിൽ വന്നു തന്നെ രക്ഷിക്കേണമെന്നു രാമനോടു പറവാൻ അപേക്ഷിച്ചു. ഭർത്താവിന്റെ ആശ്വാസത്തിനും വിശ്വാസത്തിനും വേണ്ടി താൻ തലയിൽ ധരിച്ച ചൂഡാമണി ഹനുമാനു കൊടുത്തു.

ഹനുമാൻ ബോധിപ്പിച്ച വിവരമറിഞ്ഞ രാമൻ സന്തോഷിച്ചു. വാനരന്മാർ സമുദ്രത്തിൽ ചിറ കെട്ടി. സൈന്യങ്ങളോടുകൂടി രാമൻ അതിലൂടെ ലങ്കയിൽ എത്തി, ഭയങ്കരമായ യുദ്ധം തുടങ്ങി. പട സമുദ്രം പോലെ ഗൎജ്ജിച്ചു. വാനരന്മാർക്കു യുദ്ധത്തിനു സ്ഥലം കിട്ടിയപ്പോൾ അവർ രാക്ഷസന്മാരെ ഓടിച്ചു. ഒടുവിൽ ശ്രീരാമൻ രാവണനെ വധിച്ചു. തന്നിമിത്തം ലോകത്തെങ്ങും ശാന്തിയും സന്തോഷവും ഉണ്ടായി. ആനന്ദപരവശരായ ദേവർ ആടുകയും പാടുകയും പുഷ്പങ്ങൾ വൎഷിക്കുകയും ചെയ്തു. ദിക്കുകൾ ശ്രീരാമന്റെ സ്തുതികൾകൊണ്ടു മുഴുങ്ങി. ശ്രീരാമന്നു സീതയിൽ സ്നേഹവും വിശ്വാസവും ഉണ്ടായിരുന്നുവെങ്കിലും അവളെത്തിരികെ ഭാര്യയായി സ്വീകരിപ്പാൻ ശങ്കിച്ചു. രാമൻ പറഞ്ഞു:— “ഭവതിയെ രാക്ഷസനിൽ നിന്നു ഞാൻ രക്ഷിച്ചു. അന്യഹൃഹത്തിൽ ഇത്ര കാലം താമസിച്ചതു കൊണ്ടു ഭവതിയെ എനിക്കു സ്വീകരിച്ചുകൂടാ. ഈ വാക്കു പറയുന്നതു സങ്കടമാണു; പറയാതാരിപ്പാൻ നിവൃത്തിയുമില്ല.”

ഈ ക്രൂരവാക്കുകൾ കേട്ടു സീതയുടെ ഹൃദയം പുണ്ണായി. വേദനയാൽ സീത മരിക്കാറായി. മരിക്കുന്നതായാലും തന്റെ നേരു മുഴുവനും അറിയിച്ചേ മരിക്കാവൂ എന്ന് ഉറച്ചു സീത ധൈൎയ്യത്തോടു കൂടി പറഞ്ഞു:— “എന്റെ

[ 26 ]

പ്രാണനാഥൻ കല്പിക്കും പോലെ ജീവിക്കുകയോ മരിക്കുകയോ ചെയ്യുന്നത് എന്റെ ധൎമ്മം തന്നെ. ഇപ്പോൾ എന്നെത്തള്ളികളവാൻ ആണു ഭാവം. അത് എന്റെ ഭൎത്താവിന്റെ സന്തോഷത്തിന്നുള്ള കാരണം ആകയാൽ അതുപ്രകാരം നടന്ന് അങ്ങയെ പ്രസാദിപ്പിപ്പാൻ ഞാൻ ഒരുക്കം തന്നെ. എനിക്കു ദുഃഖം ഇല്ലെന്ന് എന്റെ ശീലം നിശ്ചയമുളള ഭർത്താവിനോടു പറയേണമെന്നില്ല. എന്നാൽ എന്റെ നിർവ്യാജമായ ദുഃഖത്തിന്റെ ബീജം അങ്ങുന്ന് എന്നിൽ ആരോപിച്ച ദോഷമാണ്. പതിദേവതയായ എന്നെക്കുറ്റപ്പെടുത്തുവാൻ ന്യായമില്ല എന്നു ധൎമ്മജന്തനായ അങ്ങയെ ഞാൻ പഠിപ്പിക്കയല്ല; സ്മരിപ്പിക്കയാണു- ഈ നിശ്ചയം ഹനുമാനെക്കൊണ്ട് എന്നെ മുമ്പു തന്നെ അറിയിച്ചിരുന്നുവെങ്കിൽ ഞാൻ രാവണന്നു ഭക്ഷണമായീതീൎന്നു സേതുബന്ധം യുദ്ധം മുതലായ പരിശ്രമങ്ങൾക്കു കാരണമായ്ഭവിക്കയില്ലയായിരുന്നു. ഞാൻ അങ്ങയെവിട്ടു ദൂരദേശത്തായപ്പോൾ എന്റെ സ്നേഹശൃംഖല അങ്ങയെ വലിച്ചു കൊണ്ടു വന്ന് എന്റെ ഹൃദയത്തിൽ പാൎപ്പിച്ചത് അങ്ങെക്കു നിശ്ചയമില്ലേ? അന്നം, പാനം, നിദ്ര എന്നിവയില്ലാതെ ജന്തുക്കൾക്കു ജീവിക്ക് വയ്യാ. ഇവയിൽ ഒന്നിനെയെങ്കിലും സംപാദിപ്പാൻ ശ്രമിച്ചാൽ എന്റെ ഹൃദയം വിട്ട് അങ്ങുന്നു പോയ്ക്കളയും എന്ന ഭയത്താൽ ഞാൻ പാറാവായ്നിന്നു. അങ്ങുന്നു ശൂന്യഹൃദയനായത്തീൎന്നിരിക്കുന്നു എന്നു ഹനുമാൻ പറഞ്ഞതു ഞാൻ യഥാൎത്ഥമായി വിശ്വസിക്കുന്നു. കാരണം അങ്ങ് എപ്പോഴും എന്റെ നിർമ്മല ഹൃദയത്തിൽ വസിക്കയായിരുന്നു. ഇത്ര വലുതായ പ്രേമാനുബന്ധം അങ്ങുന്ന് അറുത്തു കളവാൻ ഇച്ഛിക്കുന്നുവെങ്കിൽ എനിക്ക് ഇനി ജീവിച്ചു ഫലമില്ല.”

4

[ 27 ]

ഇങ്ങനെ പറഞ്ഞു സീത ഒരു ചിതയുണ്ടാക്കി. അഗ്നി ഭഗവാനെത്തൊഴുതു ധ്യാനിച്ചു:- “സർവവസ്തുക്കളേയും പവിത്രമാക്കുന്ന ഭഗവാനേ, എന്റെ ചാരിത്ര്യശുദ്ധിയെ പ്രത്യക്ഷമാക്കി എന്നെ അപവാദത്തിൽ നിന്നു കാത്തുകൊള്ളെണമേ” എന്നു പറഞ്ഞു ചിതയെ വലംവെച്ച് അഗ്നിയിൽ പ്രവേശിച്ചു. ശ്രീരാമന്റെ കണ്ണുകളിൽ നിന്നു ധാരമുറിയാതെ ഒഴുകുന്ന അശ്രുക്കൾ ചിതാഗ്നിയെ കൊടുത്തുകളയും എന്നു തോന്നി.

ഈ ശുഭമുഹൂർത്തത്തിങ്കൽ ബ്രഹ്മാദിദേവന്മാർ ലങ്കയിൽ പ്രത്യക്ഷരായി. ബ്രഹ്മാവു പറഞ്ഞു—“രാമഭദ്രാ, സീത അഗ്നിയെപ്പോലെ നിത്യപവിത്രയാണ്. അതുകൊണ്ട് ആ ദേവിയെ അംഗീകരിക്കൂ. ഇനിയും ഒരു വിശേഷസംഗതി കേൾപ്പിക്കാം. അത് അങ്ങെക്കും നിശ്ചയമുണ്ട്. അങ്ങുന്നു സാക്ഷാൽ വിഷ്ണുഭഗവാനും സീത സാക്ഷാൽ ലക്ഷ്മീദേവിയും ആണല്ലോ. അങ്ങുന്നു രാവണനെ വധിച്ചു അവതാരകാര്യം അവസാനിപ്പിച്ചു. അങ്ങയുടെ ഭൃത്യരായ ഞങ്ങൾക്കു പരമാനന്ദമായി. സീതാദേവിയോടുകൂടി അയോധ്യയിൽ തിരിച്ചുപോയി ലോകത്തിൽ ധൎമ്മം സ്ഥാപിച്ചു, സൂര്യവംശകീർത്തിയെ വർദ്ധിപ്പിച്ചു ശ്രീവൈകുണ്ഠത്തിൽ മടങ്ങിപ്പോവുക.”

ബ്രഹ്മദേവന്റെ ഭാഷണം തീരുന്നതിന്നു മുമ്പു തേജഃസ്വരൂപിയായ അഗ്നി സീതയോടുകൂടി വന്നു, ശ്രീരാമനോടു പറഞ്ഞു:- “രാമഭദ്രാ, പവിത്രയായ ഈ സാധ്വിയെ സ്വീകരിച്ചു കൊൾക. അവളുടെ ധൎമ്മസാക്ഷിയായ ഞാൻ തന്നെ അവളെ അങ്ങെക്കു ഭരം ഏല്പിച്ചു തരുന്നു.”

[ 28 ]

അപ്പോൾ ശ്രീരാമൻ പറഞ്ഞു. “ഞാൻ സീതയെ സ്നേഹിക്കുന്നില്ലെന്ന് എല്ലാവരും വിചാരിക്കയാണ്. അങ്ങനെ വിശ്വസിപ്പാൻ ഇടയില്ല. ഈ ദേവി പവിത്രയാണെന്ന് എനിക്ക് അറിയാം. മേലാലും ഇത്ര തന്നെ ശുദ്ധിയുള്ള ചാരിത്രത്തോടുകൂടി തന്നെ ഇരിക്കും നിശ്ചയം. അഗ്നിസാക്ഷികമായി അവളുടെ പാതിവ്രത്യം തെളിയിക്കേണ്ടതു് എന്റെ ഭാരമായിരുന്നു. അതുകാരണം ഞാൻ എന്റെ പ്രണേശ്വരിയെ അഗ്നിപ്രവേശത്തിന്നായി നിർബ്ബന്ധിച്ചു. ഇപ്പോൾ എല്ലാവർക്കും അവളുടെ നിൎദ്ദോഷത്വം സ്പഷ്ടമായി അറിയാം. സന്തോഷപൂൎവ്വം ഞാൻ സീതയെ വീണ്ടും കൈക്കൊള്ളുന്നു.”

അതിൽ പിന്നെ ശ്രീരാമൻ രാവണന്റെ അനുജൻ വിഭീഷണനെ ലങ്കാരാജാവായി നിശ്ചയിച്ചു. വിഭീഷണൻ രാവണന്റെ അക്രമങ്ങളും അനീതിയും സഹിപ്പാൻ കഴിയാതെ രാമനെ ശരണം പ്രാപിച്ചിരുന്നു. അവന്റെ ഭക്തിയും വിശ്വാസവും അറിഞ്ഞു രാമൻ അവന്നു ലങ്കാ രാജ്യം കൊടുത്തു. ലങ്കയിലേ കാൎയ്യങ്ങളെല്ലാം തീൎച്ചപ്പെടുത്തിയശേഷം ശ്രീരാമനും സീതയും ലക്ഷ്മണനും രാക്ഷസസൈന്യങ്ങളോടും വാനരസൈന്യങ്ങളോടും കൂടി പുഷ്പകവിമാനം കയറി അയോദ്ധ്യയിൽ പതിനാലാം കൊല്ലം അവസാനിച്ച പിറ്റെന്നു രാവിലേ എത്തി. രാജ്യത്തിൽ പരമാനന്ദമായി. അധികം നാൾ കഴിയുന്നതിന്നു മുമ്പു തന്നെ സീതയോടു കൂടി ശ്രീരാമനെ അഭിഷേകം ചെയ്തു എല്ലാവരും സുഖമായി ജീവിച്ചു.

[ 29 ]
അഞ്ചാം അദ്ധ്യായം


സീതാപരിത്യാഗം


രാമൻ രാജ്യം ഭരിച്ചു തുടങ്ങിട്ട് അനേകം കൊല്ലങ്ങൾ കഴിഞ്ഞു. ഒരു നാൾ രാമൻ തന്നെക്കുറിച്ചു അപകീൎത്തി കേട്ടു വളരെ ഖേദിച്ചു. സീതയെക്കൈക്കൌണ്ടതു നിമിത്തം ജനങ്ങൾ രാമനെ നിന്ദിക്കയായിരുന്നു. “സീത നിൎദ്ദോഷ ആകയാൽ കൈക്കൊള്ളാം എന്നു ദേവന്മാർ തന്നെ കല്പിച്ചുവല്ലോ. എന്നാൽ ഞാൻ അവളെ സ്വീകരിച്ചതു നിമിത്തം എന്നെച്ചീത്ത പറയുന്ന പ്രജകളെ പ്രസാദിപ്പിക്കുന്നത് എന്റെ ധൎമ്മം. അതിനാൽ എന്റെ സുഖം നശിച്ചു ഞാൻ ദുഃഖിക്കേണ്ടി വരും. ഈ സ്വാൎത്ഥത്തെ വക വെക്കാതെ പ്രജകളെ സന്തോഷിപ്പിക്കുക തന്നെ. അവളുടെ പരിശുദ്ധിയിൽ ലേശം പോലും കളങ്കമില്ലെന്ന് എനിക്കു തീൎച്ചയായി അറിയാം. ഇപ്പോൾ അവളെ ഞാൻ വിട്ടു കളഞ്ഞാൽ വ്യസനത്താൽ എന്റെ നെഞ്ഞു വെന്തുരുകിപ്പോകും. വിശേഷിച്ചു പ്രസവം അടുത്തവല്ലോ. രാമചണ്ഡാലനായ ഞാൻ ഈ ഗൎഭിണിയെ ഉപേക്ഷിച്ചാൽ അവളുടെ ഹൃദയം പിളർന്നു അവൾ വ്യസനസമുദ്രത്തിൽ ആണ്ടു പോകും. എന്നാലും എനിക്കും ധൎമ്മം ഉപേക്ഷിച്ചു കൂടയല്ലോ.” ഇങ്ങനെ രാമനു ഓരോന്നു വിചാരിച്ചു വലിയ സംശയത്തിൽ അകപ്പെട്ടു.

ശ്രീരാമൻ ലക്ഷ്മണനെ വരുത്തി സ്വകാൎയ്യം പറഞ്ഞു. “നാളെ കാലത്തു സീതയെ രഥത്തിൽ കയറ്റി വന

[ 30 ]

ത്തിൽകൊണ്ടുപോയി വാല്മീകിയുടെ ആശ്രമത്തിന്നു സമീപത്ത് അവളെ വിട്ടു വാ.”

ലക്ഷ്മണന്റെ ഒരുമിച്ചു സീത കാട്ടിൽ പോയി. ഋഷി പത്നിമാരെക്കാണ്മാൻ ദേവി ഇഷ്ടപ്പെട്ടിരുന്നു. വാലമീകിയുടെ പർണ്ണശാലക്ക് അരികെ എത്തിയപ്പോൾ ലക്ഷ്മണൻ ബോധിപ്പിച്ചു:- “ഇവിടെ ഭവതിയെ വിട്ടു ചെല്ലാനാണു ജ്യേഷ്ടന്റെ കല്പന. ഭഗവതിയുടെ പാതിവ്രത്യം ജ്യേഷ്ടന്നു നല്ല നിശ്ചയമുണ്ടു്. ദുൎജ്ജനങ്ങളുടെ ആക്ഷേപങ്ങൾ കേട്ടു ജ്യേഷ്ടൻ ഈ ക്രൂരകൎമ്മം ചെയ്യേണ്ടി വന്നു.”

ഭർത്താവിന്റെ ഈ ക്രൂരനിയോഗം കേട്ടു വ്യസനിച്ചു സീത ഇടിവാൾ തട്ടിയതുപോലെ പെട്ടെന്നു വീണു. ഈ കഷ്ടങ്ങൾ കാണ്മാൻ കഴിയാതെ ലക്ഷ്മണൻ സ്തംഭിച്ചു നിന്നു; അസഹ്യദുഃഖത്തിൽ ആണ്ടുപോയി. സീതക്കു ബോധം വന്നു: ക്ഷീണം മാറി അവൾ നാലു പുറത്തും നോക്കി. ജനങ്ങൾ ഇല്ലാത്ത ആ കാടു കണ്ട് അവൾ ഒന്നു ഞെട്ടി. “അയ്യോ എന്റെ പ്രാണനാഥന്നു് എന്റെ ഹൃദയം അറിയാതെ പോയതല്ലേ വലിയ സങ്കടം ? എന്നിൽ പ്രീതി ഒട്ടുമില്ലാത്തതു പോലെ എന്നെ പ്രസവകാലത്ത് അയച്ചതല്ലയോ കഷ്ടം! പ്രസവശേഷം ശിശുവിനെ എടുത്തു് ആർ രക്ഷിക്കും? രഘുകുലദേവതകളേ എന്റെ പൈതലിനെക്കാട്ടുമൃഗങ്ങളിൽ നിന്നു രക്ഷിപ്പിൻ” എന്നു വിലപിച്ചു ദുഃഖം നിമിത്തം ബോധം കെട്ടു നിലത്തു വീണു.

സീത ഒരു നല്ല കുലസ്ത്രീയായിരുന്നു. അവൾക്കു വിവേകവും സാമർത്ഥ്യവും ഉണ്ടായിരുന്നു. അവൾക്കു സ്വാൎത്ഥമില്ലായിരുന്നു. തന്നെ ഇത്ര നിൎദ്ദയമായി വിട്ടു കളവാൻ കാരണമെന്തെന്നു സീത കുറെ ആലോചിച്ചു നോക്കി. “പ്രജകളുടെ ഇഷ്ടപ്രകാരം നടക്കുന്നതു രാജധൎമ്മം.

[ 31 ]

തന്നെ. പ്രജകൾ രാമഭാൎയ്യ അസതിയെന്നു വിചാരിച്ചു. അതുകാരണം അവർ രാജാവിനേയും ദുൎവൃത്തൻ എന്നു വിചാരിക്കും. രാജാവു ദുൎവൃത്തൻ എന്ന വിചാരത്താൽ ജനങ്ങളും ദുഷ്ടരായ്ത്തീരും. രാജാവും ചെയ്തു പ്രജകളും ചെയ്യും. ഈ സംഗതികളിൽ നിന്നു രാമന്റെ കൎത്തവ്യം വെളിവായി. ഭാൎയ്യയും ഭൎത്താവും ഒരു ജീവൻ ആകയാൽ രാമൻ തന്റെ സ്വാൎത്ഥമോ ഭാൎയ്യയുടെ ഹിതമോ വിചാരിക്കരുത്. ഭാൎയ്യ സഹധൎമ്മചാരിണിയാണ്. ഭൎത്താവിന്റെ ഗതി തന്നെ ഭാൎയ്യക്കും. ഭാൎയ്യയെ പീഡിപ്പിക്കുന്ന ഭൎത്താവുതന്നെത്താൻ ദ്ര്യോഹിക്കുന്നു. രാമന്ന് എന്നിൽ അതിരറ്റ പ്രീതിയുള്ളതുകൊണ്ട് ഈ വിയോഗം രാമന്നു ജിവന്മരണം എന്ന് എനിക്കറിയാം.” ഇങ്ങനെ സീത ആശ്വസിച്ചു. തന്റെ വിയോഗത്താൽ ഭൎത്താവിന് അപായം വരാതിരിപാൻ ഭക്തിയുടെ പ്രാർത്ഥിച്ചു.

ഈ ആലോചനയുടെ ശേഷം സീതക്കു തന്റെ കർത്തവ്യം എന്തെന്നു ബോധിച്ചു. ഭൎത്താവിന്റെ ഇഷ്ടത്തിന്നു വിരോധമായി നടക്കരുത്. പിറുപിറുക്കയോ അദ്ദേഹത്തെ ഉപദ്രവിക്കയൊ ചെയ്യരുത്. സ്വസ്ഥമനസ്സോടെ ദുഃഖം സഹിക്കേണം. വിഷണ്ണമായ രാമഹൃദയത്തെ തന്റെ ശോകത്താത് വേദനപ്പെടുത്തരുത്. വാല്മീകിമഹൎഷിയുടെ ആശ്രമത്തിനു സമീപം അയച്ചതുകൊണ്ട് അദ്ദേഹം പിതാവെന്ന പോലെ തന്നെ രക്ഷിക്കും എന്ന് സീത അറിഞ്ഞു രാമന്റെ സ്നേഹത്തെ ബഹുമാനിച്ചു.

ശ്രീരാമനെ അറിയിപ്പാനായിലക്ഷ്മണനോടു സീത ഇങ്ങനെ പറഞ്ഞു. “അങ്ങുന്ന് എന്നെക്കുറിച്ച് അധികം വ്യസനിക്കരുതെ. പ്രജാരഞ്ജനം അങ്ങയുടെ കുല

[ 32 ]

ധൎമ്മം തന്നെ. ധൎമ്മത്തെ രക്ഷിപ്പാൻ താതൻ അങ്ങയെ ക്കാട്ടിൽ അയച്ചു. അധൎമ്മത്തെ പേടിച്ചു ധൎമ്മം സ്ഥാപിക്കുന്ന അങ്ങയുടെ ധൈൎയ്യം ഓർത്തു എന്റെ ദുഖം തന്നാലേ ശമിച്ചു. എനിക്കു കോപവും വെറുപ്പും ഒട്ടും ഇല്ല. ഇതു വരെ അനുഭവിച്ചു പോന്നു വന്ന സുഖവും പ്രേമവും ഓർത്തു ഞാൻ ആശ്വസിച്ചു, പുത്രനായി ജനിക്കുന്ന അങ്ങയുടെ ആത്മാവിനെ പോറ്റി വളർത്തുന്നതിൽ ശേഷിച്ച കാലം കഴിച്ചു നമ്മുടെ സംയോഗത്തെ പ്രാർത്ഥിച്ചു കൊള്ളുന്നു. പ്രിയലക്ഷ്മണാ, എന്റെ ഈ സന്ദേശം ജ്യേഷ്ഠനെ അറിയിച്ച് ആശ്വസിപ്പിക്ക. ജ്യേഷ്ഠൻ കടുപ്പം ചെയ്തു പോയി എന്നു വിചാരിച്ചു കോപിക്കൊല്ലാ. അങ്ങയുടെ വ്യസനം കലശലാകയാൽ പ്രീതിയോടെ അങ്ങയെ കാത്തുകൊൾക. നിന്റെ വ്യസനം സഹിപ്പാൻ നിന്നെ ജഗദീശൻ സഹായിക്കട്ടെ.സ്നേഹത്തോടെ ഞാൻ നിന്നെ ആശിർവദിക്കുന്നു. താമസിയാതെ മടങ്ങിപ്പോക.”

ലക്ഷ്മണൻ സീതയെ കാട്ടിൽ വിട്ടു തിരിച്ചു പോയി. വാല്മീകി സീതയെ സ്വാഗതം ചൊല്ലി ആശ്രമത്തിൽ കൂട്ടിക്കൊണ്ടു പോയി പാൎപ്പിച്ചു. അദ്ദേഹം ചെറിയ ഒരു വള്ളീക്കുടിഞ്ഞിലുണ്ടാക്കി; അതിൽ സീത ചെന്നു സൌഖ്യത്തിൽ പാർത്തു. കുറെനാൾ കഴിഞ്ഞ ശേഷം സീത പെറ്റു, ഇരട്ടക്കുട്ടികൾ ജനിച്ചു. അവർ അഴകും ആരോഗ്യവും ഉള്ളവർ ആയിരുന്നു. പുത്രന്മാരുടെ മുഖങ്ങൾ കാണ്മാൻ ഭൎത്താവു സമീപം ഇല്ലാത്തതിനാൽ സീത വിഷാദിച്ചു. നിവൃത്തിയില്ലല്ലോ എന്നറിഞ്ഞ് അടങ്ങിയിരുന്നു. വാല്മികിയുടെ സഹായത്തോടു കൂടി സീത ശിശുക്കളെ സൂക്ഷിച്ചു വളൎത്തി. മഹർഷി ശിശുക്കൾക്കു കുശൻ എന്നും ലവൻ എന്നും പേർ വിളിച്ചു. അദ്ദേഹം അവരെ അനേകം വിഷ

[ 33 ]

യങ്ങൾ പഠിപ്പിച്ചു. അമ്പും വില്ലും ഉപയോഗിനും മൃഗങ്ങളെ വേട്ടയാടുവാനും യുദ്ധം ചെയ്‌വാനും അദ്ദേഹം അവരെ പഠിപ്പിച്ചു. രാമൻ ആണ് അവരുടെ പിതാവു എന്ന് അറിയിക്കാതെ അദ്ദേഹം അവരെ രാമായണം പഠിപ്പിച്ചു. അവർ അതു പഠിച്ചു പാടിക്കൊണ്ടു രസിച്ചു. രാമൻ മഹാപുരുഷൻ എന്നു് അറിഞ്ഞു് അദ്ദേഹത്തെ അവർ സ്നേഹിച്ചു. ധൈൎയ്യം, സത്യം, നീതി, ക്ഷമ, ദയ മുതലായ ഗുണങ്ങളുടെ ശോഭയാൽ അവർക്കു ജനനത്താൽ ഉണ്ടായിരുന്ന അഴകു വർദ്ധിച്ചു് അവർ പ്രിയദൎശന്മാരായി.

ഒരിക്കൽ രാമനും ലക്ഷ്മണനും നായാട്ടിന്നായി ആ കാട്ടിൽ വന്നു. അവർ കുശനേയും ലവനേയും കണ്ടു സന്തോഷിച്ചു. അവർ രാമചരിതം പാടിത്തുടങ്ങി. തന്റെ ജീവചരിത്രം പാട്ടാക്കിച്ചമച്ചതിനെയാണു് ഇവർ പാടുന്നതെന്നു രാമൻ അറിഞ്ഞു സന്തോഷിച്ചു. കുട്ടികളോടു ഗുരുനാഥന്റെ പേർ എന്തെന്നു ചോദിച്ചു. അവർ വാല്മീകിയാണെന്നു പറഞ്ഞപ്പോൾ രാമന്നു കാൎയ്യസ്ഥിതി എളുപ്പം മനസ്സിലായി. ഈ ബാലന്മാർ തന്റെ പുത്രന്മാർ എന്നു തീൎച്ചയാക്കി സന്തോഷിച്ചു. സീതയെച്ചെന്നു കണ്ടു താൻ ചെയ്ത അപകാരം ക്ഷമിപ്പാൻ രാമൻ യാചിച്ചു. “ആൎയ്യപുത്രാ അങ്ങുന്നു കുറ്റക്കാരനല്ലെന്നു് അറിയുന്ന എന്നോടു ക്ഷമായാചനം ചെയ്യുന്നതു കഠിനപ്രവൃത്തി തന്നെ. ഞാൻ നിൎദോഷയാണെന്ന് ഈ യാചന ഒന്നു കൊണ്ടു തന്നെ അങ്ങുന്നു സമ്മതിച്ചു കഴിഞ്ഞു. എന്നിൽ അങ്ങയുടെ പ്രീതി ജ്വലിച്ചു കൊണ്ടിരുന്നതു കൊണ്ടു ഞാൻ ഇതു വരെ ജീവിച്ച് ആൎയ്യപുത്രന്റെ പ്രസന്നമായ മുഖം കാണ്മാനുള്ള ഭാഗ്യം ഇന്നു സിദ്ധിച്ചു. എന്റെ ജന്മം സഫലമായി.

[ 34 ]

ഈ ജീവകാലത്തു തന്നെ എനിക്കു മോക്ഷത്തിലേ ആനന്ദം ലഭിച്ചു. പ്രിയഭൎത്താവെ ജയിപ്പൂതാക.”

ഇതുകേട്ടു സന്തോഷത്താൽ മതി മറന്ന രാമൻ സീതയോടു അയോധ്യയിൽ ചെല്ലാൻ പറഞ്ഞു. എന്നാൽ ചെല്ലുന്നത് ആലോചനക്കുറവാകും എന്നു സീത കണ്ടു. പൌരന്മാർ തന്നെ പിന്നെയും ദുൎവൃത്തയാണെന്നു കരുതി രാമനെ കുറ്റം പറയും എന്നു സീത അറിഞ്ഞു. ജനങ്ങളുടെ നിരാധാരമായ ഈ ദുരഭിപ്രായം അവൾക്ക് അസഹ്യം ആയിരുന്നു. സീത മനസ്സിൽ ഒരു ആലോചന ചെയ്തു വെച്ചു താൻ അയോധ്യയിൽ വരുമെന്നു രാമനോടു പറഞ്ഞു.

ആലോചിച്ചു വെച്ച ദിവസം വന്നു. സീതയോടും കുശവന്മാരോടും കൂടി വാല്മീകി അയോധ്യയിൽ പോയി. രാമൻ ഇവരെക്കണ്ടു സന്തോഷിച്ചു. എന്നാൽ സീത രാമന്റെ ഒന്നിച്ചു വസിപ്പനല്ല ചെന്നത്. രാജഗൃഹത്തിൽ പൌരർ സീതയുടേയും പുത്രന്മാരുടേയും വരവു കാത്തു കൊണ്ടിരിക്കയായിരുന്നു.

സീതയുടെ അമ്മ ഭൂമിദേവിയാണ്. സീതയെ ഉഴവുചാലിൽ വെച്ചതു ഭൂമിദേവിയാണ്. ചാലിൽ കിടന്ന ശിശുവിനെ ജനകമഹരാജാവു കണ്ടു തന്റെ മകളായി വളൎത്തി. സിംഹാസനത്തിൽ ഇരുന്ന ഭൎത്താവിന്റെ മുമ്പിൽ നിന്നു സീതാദേവി കൈകൂപ്പി തല താഴ്ത്തി ഗംഭീരസ്വർത്തിൽ പ്രാൎത്ഥിച്ചു. "ധരിത്രീദേവീ, എല്ലാ ഭാരങ്ങളേയും ക്ഷമയോടെ വഹിച്ചു ലോകം രക്ഷിക്കുന്ന മാതാവേ, അങ്ങുന്നാണല്ലോ എന്റെ അമ്മ. പാണിഗ്രഹണമുഹൂൎത്തം മുതൽ ഈ പുണ്യമുഹൂൎത്തം വരെയുള്ള ഈ ദീർഘകാലം ഭൎത്താവായ ശ്രീരാമനെ ഞാൻ എന്റെ പരദേവതയാണെന്നു ഭക്തി

[ 35 ]

യോടും അദ്വൈതഭാവനയോടും കൂടി ഭജിച്ചു പോന്നു. എന്റെ ചാരിത്രശുദ്ധിയെത്തെളിയിപ്പാൻ എന്നെ ഇവിടെ നിന്നു കൊണ്ടു പോവാൻ പ്രാൎത്ഥിക്കുന്നു.”

ഈ പ്രാൎത്ഥന അവസാനിച്ചപ്പോൾ ഒരു ആശ്ചയ്യം സംഭവിച്ചു. പെട്ടെന്നു തറയിൽ ഒരു ദ്വാരം ഉണ്ടായി: ഒരു മഹാനാഗത്തിന്റെ തലയിൽ വെച്ച ഒരു ദിവ്യസിംഹാസനത്തിൽ ഇരുന്നു ഭൂമിദേവി പ്രത്യക്ഷയായി സഭാമദ്ധ്യത്തിൽ പ്രകാശിച്ചു. ഭൂമിദേവി കൈ നീട്ടി, “എന്റെ പ്രിയപുത്രി ഇങ്ങു വാ, അയോധ്യാരാജ്യത്തിലേ ശാന്തി സൌഖ്യം ഐശ്വര്യം മുതലായ ഗുണങ്ങൾ അനുഭവിച്ചുമത്തരായി ഈശ്വരവിചാരം ലേശമില്ലാതെ പരദൂഷണത്തിൽ രസിക്കുന്ന കൃതഘ്നരുടെ ഇടയിൽ നീ പാൎക്കരുതു്. കാൎയ്യബോധം ഉണ്ടായിട്ടും നിന്റെ ഭൎത്താവൂ ദുഷ്ടരെ ശിക്ഷിക്കാതെ പ്രാകൃതനൃപനെപ്പോലെ ഇവർ ചെയ്ത ദോഷത്തിന്നു പ്രിയപുത്രിയെയാണല്ലോ ശിക്ഷിച്ചതു്. വ്യാഘ്രത്തിന്റെ ഏകാദശിവ്രതത്തിന് ഉപദ്രവം ഒന്നുംചെയ്യാത്ത പശുവാണ് പാരണ! ഭൎത്താവു ദുഷ്ടരെ പ്രസാദിപ്പിക്കുന്നതു ധൎമ്മവിരോധമകായാൽ ഭൎത്താവിനെ വിട്ടു പോകുന്നതാണ് സതീധൎമ്മം. പ്രിയസീതേ ഇങ്ങു വാ.” എന്നു പറഞ്ഞു ഭൂമിദേവി മകളെ മുറുകിത്തഴുകി സിംഹസനത്തിന്മേൽ ഇരുത്തി താനും ഇരുന്നു ക്ഷണത്തിൽ തിരോഭവിച്ചു.

സീതയെകാണാഞ്ഞു രാമൻ ദുഃഖത്തിൽ ആണ്ടു പോയി. എന്നാൽ ബ്രാഹ്മാവു പിന്നെയും വന്നു വിഷാദിക്കരുതെന്നു പറഞ്ഞു:-“അങ്ങുന്നു വിഷ്ണുഭഗവാൻ ആകയാൽ താമസം ഇല്ലാതെ ശ്രീവൈകുണ്ഠത്തു ചെല്ലും. സീത ലക്ഷ്മിയാകയാൽ ആ ദേവിയും അവിടെ വന്നു ചേരും.”

[ 36 ]

ഇങ്ങനെ ആശ്വസിപ്പിച്ചു ബ്രഹ്മാവു സത്യലോകത്തിലേക്കു പോയി. കാലക്രമത്തിൽ രാമനും അനുജന്മാരും വൈകുണ്ഠത്തിൽ പോയി.

എത്രയോ മഹിമയുള്ള വൈകുണ്ഠം വിട്ടു ഭൂമിയിൽ ജനിക്കുന്നതു വിഷ്ണുവിന്നു ഒരു മഹാക്ലേശം തന്നെ. ലോകത്തെ രക്ഷിക്കുന്നതു സ്വധൎമ്മം ആകയാൽ വിഷ്ണു ഭൂമിയിൽ അവതരിച്ചു. തനിക്കു ലോകത്തിന്റെ അതിരറ്റ കൃപയുള്ളതുകൊണ്ടു വിഷ്ണു കഷ്ടങ്ങൾ എത്രയോ സഹിച്ചു ലോകകണ്ടുകനായ രാവണനെ വധിച്ചു. എന്നാൽ രാമന്റെ അവതാര കാൎയ്യങ്ങളെ നിർവഹിക്കുന്നതിന് സഹായിച്ചതു ആരായിരുന്നു? അത് അദ്ദേഹത്തിന്റെ പ്രാണപ്രിയയായ സീതതന്നെ. ഒരു നോക്കു കൊണ്ടു ജഗത്തിനെ ധന്യമാക്കുന്ന മഹാലക്ഷ്മി ശ്രീ വൈകുണ്ഠത്തിലെ പരമാനന്ദത്തെ ഉപേക്ഷിച്ചു ഭൂമിയിൽ ജനിച്ച് ഒരു പ്രാകൃതസ്ത്രീയെ പോലെ കഷ്ടങ്ങൾ സഹിച്ചു. രാവണൻ ചെയ്ത അപമാനങ്ങളേയും ഭീഷ്ണികളേയും ഉപദ്രവങ്ങളേയും ക്ഷമയോടെ സഹിച്ചുവല്ലോ. ഭൎത്താവിനെ ധ്യാനിച്ചു അന്നപാനങ്ങളെ തൊടാതെ ശീതം, വാതം, ആതപം മുതലായ ദുഃഖങ്ങളെ അശൊകവൃക്ഷത്തിൻ ചുവട്ടിൽ ഇരുന്നു സഹിച്ചു കഷ്ടപ്പെട്ടില്ലേ. ഭൎത്താവല്ലാതെ വേറെ പ്രീതിവസ്തു ഇല്ലെന്നു വിശ്വസിക്കുന്ന‌വർക്ക് ഈ വിധം ദുഃഖമാണു പരമാനന്ദം. അല്ലെങ്കിൽ കനൽ കോരി ആരാനും തലയിൽ ഇടുമോ?

തന്റെ ഭൎത്താവിനെ സഹായിക്കുന്നതു ഭാൎയ്യയുടെ ധൎമ്മമാണ്. ഭാൎയ്യ ഭൎത്താവിന്റെ സുഹൃത്തായിരിക്കേണം. വിവാഹത്തിങ്കൽ ഭാൎയ്യഭൎത്താക്കന്മാരുടെ സഖ്യം നഖമാംസം പോലെ അഭെദ്യമാണെന്നു കാണിപ്പാൻ ബ്രാഹ്മണ കന്യകമാരെ സപ്തപദീ നടത്തുന്നു. ഏഴു അടി ഒന്നിച്ചു

[ 37 ]

നടന്നാൽ അവർ സഖാക്കൾ ആയി എന്നതു ഹിന്ദുധൎമ്മം. അതു കൊണ്ട് സംസ്കൃതത്തിൽ സഖിത്വത്തിന്നു സാപതപദിനം എന്നു പേർ പറയും.ഈ വിഷയങ്ങളെല്ലാം അറിഞ്ഞിരുന്ന സീത തന്റെ ധൎമ്മം പ്രശംസിക്കത്തക്ക വിധം അനുഷ്ഠിച്ചു. എല്ലാവരും അവരവരുടെ പ്രവൃത്തികൾ ന്യായമായും കൃത്യമായും ചെയ്യെണം. അതു ആയാസം കൂടിയതായിരിക്കാം. എന്നാലും ചെയ്യാതിരിക്കരുത്. ഈ ധൎമ്മ അനുഷ്ഠിച്ചാൽ ഈശ്വരൻ നമ്മിൽ പ്രാസാദിക്കും.ഈശ്വരൻ പ്രസാദിച്ചാൽ എന്താണ് അലഭ്യം?

വാക്കുകൊണ്ടു പറഞ്ഞും എഴുത്തുകൊണ്ടു എഴുതിയും ചെയ്യേണ്ടുന്ന അഭ്യാസങ്ങൾ.


1. രാമായണത്തെ കുറിച്ചു നിങ്ങൾക്ക് എന്തറിയാം. കേവലവാക്യങ്ങളെക്കൊണ്ടുത്തരങ്ങൾ എഴുതുക.
2. നിങ്ങൾ വിശ്വാമിത്രൻ എന്നു വിചാരിക്കു. (1) രാമന്റെ സഹായം എങ്ങനെ സംപാദിച്ചു~ എന്നും. (2) രാമന്റേയും സീതയുടെയും വിവാഹം എങ്ങനെ സാധിപ്പിച്ചു എന്നും ഉത്തമ‌പുരുഷനായി വർണ്ണിക്കുക.
3. ഭരതന്റെ ചരിതം സ്വന്തവാക്കുകൾ കൊണ്ടു കഥിക്ക.
4. രാവണൻ സീതയെ ലങ്കയിലേക്കു കൊണ്ടുപോവാൻ എടുത്ത ഉപായങ്ങളെ വിവരിക്കുക.
5. ഹനുമാന്റെ പ്രവൃത്തികളെ ചുരുക്കിപ്പറക.
6. പട്ടാഭിഷേകം കഴിഞ്ഞാൽ പിന്നെ രാമൻ സീതയേ എന്തിനു കാട്ടിൽ അയച്ചു? രാമന്റെ പ്രവൃത്തി ന്യായം തന്നെ എന്നു സീത എങ്ങനെ കാണിച്ചു?
7. ലക്ഷ്മണന്റെ കഥയെ സ്വന്തം വാക്കുകളിൽ പറക. ജ്യേഷ്ഠനിൽ ലക്ഷ്മണന്നുള്ള ഭക്തിയെ വിവരിച്ചു പറക. ആവശ്യമുള്ളേടത്തു സംഭാഷണവും ചേൎക്കുക.
8. കുശലവന്മാരുടെ കഥ സ്വന്തം വാക്കുകളിൽ കഥിക്ക.

[ 38 ]


സാവിത്രി.


 സീതയെപ്പോലെ പ്രഖ്യാതിയുള്ള മറ്റെരു സ്ത്രീരത്നം ആണു സാവിത്രി. സാവിത്രിയുടെ ചരിത്രം വളരെ മനോഹരം തന്നെ. അതിന്റെ ആദ്യഭാഗം വിഷാദകരം എങ്കിലും അന്തം വളരെ സുഖപ്രദം അണ്.

 പണ്ട് ഇന്ത്യൻ അശ്വപതി എന്ന ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം സദ് വൃത്തനും ധീമാനും ആയിരുന്നു.പ്രജളൊക്കെ അദ്ദേഹത്തെ സ്നേഹിച്ചു. എന്നാൽ മക്കൾ ഇല്ലായ്കയാൽ രാജാവിന്നു സന്തോഷം ഉണ്ടായില്ല. മക്കൾ ഉണ്ടാവാനായി സാവിത്രിയെ ആരാധിച്ചു. ദേവിയുടെ പ്രസാദത്തിന്നായി യാഗങ്ങൾ കഴിച്ചു. ഇങ്ങനെ വളരെ കാലം കഴിഞ്ഞു. ഒരിക്കൽ ദേവി പ്രത്യക്ഷയായി ഒരു മകൾ ഉണ്ടാകുമെന്നു പറഞ്ഞു. ഇതു കേട്ടു രാജാവിന്ന് ആശാഭംഗം ഉണ്ടായി. പെൺകുട്ടിയാൽ എന്തു പ്രയോജനം ? തന്റെ പിന്തുർച്ചക്കാരനായി ഒരു മകൻ വേണം എന്നായിരുന്നു രാജാവ് ആശിച്ചിരുന്നത്. അപ്പോൾ രാജാവിന്റെ ഉള്ളിലേ വിചാരങ്ങൾ ഗ്രഹിച്ചു ദേവി അരുൾ ചെയ്തു :---" അശ്വപതേ, വിഷാദിക്കരുത്. ഈശ്വര ചിർത്താ ആക്കറിയാം. പുത്രി പുത്രനെപ്പോലെ ഗുണവതിയും സദ്വൃത്തയും ആകാമല്ലോ."

 ദേവി കല്പിച്ചതു പോലെ തന്നെ സംഭവിച്ചു. കുറെ മാസങ്ങൾ കഴുഞ്ഞു രാജ്ഞി പെററു ഒരു മകൾ ജനിച്ചു.സാവിത്രീദേവി നല്കിയതു കൊണ്ടു ശിശുവിന് അവൾ സാവിത്രി എന്നു പേരിട്ടു. അവൾക്കു നല്ല ബുദ്ധിയും സാമർത്ഥവും ഉണ്ടായിരുന്നു. അവൾ പല കാര്യങ്ങളേയും [ 39 ]


 38              സാവിത്രി.

പഠിച്ചു, സർവോപരിയായ ഉത്തമസ്ത്രീയായി വളർന്നു.അവളുടെ സ്വഭാവം മനോഹരമാണ്. അമ്മയച്ഛന്മാരെ സ്നേഹിച്ച് അവർ പറയുന്നതു കേട്ടു നടന്നു. ഒരുത്തനോടും അവൾ നിർമ്മര്യാദയായി പെരുമാറാറില്ല. ദീനരിൽ അവൾക്കുദയ ഉണ്ട്. തന്റെ സ്നേഹിതരുടെ സുഖം അധികമാക്കാൻ ശ്രമിച്ചു. വല്ലവർക്കും ഒരു വാക്കു കൊടുത്താൽ അതിനെ അവൾ എപ്പോഴും സത്യമാക്കും. അവൾ ഒരിക്കലും അസത്യം പറക ഉണ്ടായില്ല. ധീരതയുള്ളതു കൊണ്ട് അവൾ സ്വകൃത്യം വിശ്വസ്തതയോടെ നിർവഹിച്ചു. ഇങ്ങനെ വളർന്ന് അവൾ സുന്ദരിയും ഗുണവതിയും ആയ തരുണിയായ്ത്തീർന്നു.

ഇപ്പോൾ അവളുചെ വിവാഹകാലം അടുത്തു. യോഗ്യനായ ഒരു പുരുഷൻ അവളുടെ ഭർത്താവായിരിക്കേണം എന്ന് ആശിച്ച് അശ്വപതി അന്വേഷണം ചെയ്തു . രാജാവിന്നുവരനെക്കണ്ടു കിട്ടിയില്ല.അപ്പോൾ സാവിത്രി താൻ തന്നെ വരനെ അന്വേഷിപ്പാൻ താൽപര്യപ്പെടുന്നു എന്ന് അറിച്ചു. അവൾ ബുദ്ധിയുള്ള കന്യകയാകയാൽ യോഗ്യനായലനെപ്പിഴക്കാതെ തിരഞ്ഞടുക്കും എന്നു രാജാവു അറിഞ്ഞു, ഇഷ്ടമുള്ളവനെ വരിച്ചു കൊൾവാൻ അവളെ അനുവദിച്ചു.

ഇപ്പോഴാകട്ടെ ഭാരതീയകന്യകമാരെ ഇങ്ങനെ വിവാഹം കഴിച്ചു കൊടുക്കാറില്ല. അവർ ഇഷ്ടമുള്ള പുരുഷരെ വരിക്കാറില്ല. അവരുടെ വിവാഹത്തെ സംബന്ധിച്ച എല്ലാകാര്യങ്ങളും അവരുടെ മാതാപിതാക്കന്മാർതന്നെ താർച്ചപ്പെടുത്തും. ഈ വിധമായ ഭേദഗതിക്കു പല കാരണങ്ങളും ഉണ്ട്. അവയിൽ മുഖ്യമായ ഒന്നിനെ പറയാം. ഭർത്താവിനെത്തിരഞ്ഞെടുപ്പാൻ തക്ക വിവേകം മക്കൾക്ക് ഇല്ലെ [ 40 ]

ന്നു മാതാപിതാക്കന്മാർക്ക് നിശ്ചയം ഉണ്ട്. അവർ അസൽ പുരുഷന്മാരെ തിരഞ്ഞെടുത്താലോ എന്ന് അവർ ശങ്കിക്കുന്നുണ്ട്, കാര്യസ്ഥിതി ഇങ്ങനെ ആകയാൽ ഭാരതീയ കന്യകമാർക്ക് എന്തു ചെയ് വാൻ കഴിയും? അവർ അവരുടെ സാവിത്രിയെ അനുകരിപ്പാൻ പ്രയത്നിക്കേണ്ടതാണു- അവർ ജ്ഞാനം, സാമർത്ഥ്യം, സദാചാരം മുതലായ ഗുണങ്ങളെ സംപാദിച്ചു ഭർത്തൃവരണത്തിന്നു യോഗ്യരായിരിക്കേണം. തങ്ങൾക്ക് യോഗ്യമായ വിദ്യാഭ്യാസം നൽകെണമെന്നു മാതാപിതാക്കന്മാരോട് അപേക്ഷിച്ചു കൊണ്ടിരിക്കേണം.

 ഒരു ദീർഘയാത്രക്കുള്ള കോപ്പുകൾ എല്ലാം കൂട്ടി സാവിത്രി തയ്യാറായി. അകമ്പടി കൂട്ടാനായി അവളുടെ പിതാവ് അനേകം പരിചാരകന്മാരെ ഒന്നിച്ച് അയച്ചു. വിചിത്രവും മനോഹരവും ആയ രാജ്യങ്ങളിൽ കൂടി അവർ യാത്ര ചെയ്തു. ഒടുവിൽ സാവിത്രി തനിക്കു യോഗ്യനായ ഒരു പുരുഷനെക്കണ്ടു. അദ്ദേഹം ആയിരുന്നു സത്യവാൻ. അദ്ദേഹം സദ് വൃത്തനും സമർത്ഥനും ആണു. അദ്ദേഹത്തിന്റെ അച്ഛൻ ഇപ്പോൾ രാജ്യഭ്രഷ്ടനായി കാട്ടിൽ പാർക്കുന്ന ഒരു രാജർഷിയാണു. ഈ രാജർഷി ദരിദ്രനും അന്ധനും ആയിരുന്നു. എങ്കിലും ധർമ്മിഷ്ഠനും ഭക്തനും ആയിരുന്നു.

 പിന്നെ സാവിത്രി സ്വഗൃഹത്തിൽ തിരിച്ചുവന്നു; സത്യവാനെ ഭർത്താവായി വരിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഇതു കേട്ട് അച്ഛൻ സന്തോഷിച്ചു. എന്നാൽ ആ സന്തോഷം ക്ഷണികമായിരുന്നു; കാരണം ദു:ഖം അടുത്തു വന്നു. നാരദൻ എന്ന ഒരു സിദ്ധൻ അശ്വപതിയെ കാണ്മാൻ വന്നു. സത്യവാന്ന് ഒരു ശാപം ഉണ്ടെന്നും അവൻ [ 41 ]

ഇനി ഒരു കൊല്ലം മാത്രമേ ജീവിക്കയുള്ളു എന്നും മഹർഷി പറഞ്ഞു. സത്യവാനെ വരിക്കരുതെന്ന് ഈ സിദ്ധൻ പ്രീതിയോടെ സാവിത്രിയോട് ഉപദേശിച്ചു. സത്യവാനെ ഭർത്താവായി സ്വീകരിച്ചാൽ ഒരു കൊല്ലം കൊണ്ടു വൈധവ്യദു:ഖം സഹിക്കേണ്ടിവരും; പിന്നെ രണ്ടാമതും വിവാഹം പാടില്ല; മരണം വരെ ദു:ഖാഗ്നി മാത്രം അവൾക്കു ശരണം ആകും.

 നാരദന്റെ ആദേശം കേട്ടു സാവിത്രി ഭയപ്പെട്ടുവോ? അവൾ ലൗകികസുഖം ആശിച്ചു സത്യവാനെ ഉപേക്ഷിച്ചുവോ? ഇല്ല. തന്റെ ആദ്യനിശ്ചയം മാറ്റാൻ അവൾ ഒട്ടും ഇഷ്ടപ്പെട്ടില്ല. സത്യവാനെ കാമിച്ചതു കൊണ്ട് അവൻ തന്നെയാണു ഭർത്താവ്. അധികകലം ജീവിക്കാതെ അദ്ദേഹം മരിച്ചാലും അവളുടെ ഭക്തി അവനിൽ തന്നെ ഉറച്ചിരിക്കും.സാവിത്രിയുടെ ദൃഢനിശ്ചയം അറിഞ്ഞ് അശ്വപതി അവളെ വേളി കഴിച്ചു സത്യവാന്നു കൊടുത്തു. ഇരുവരും സുഖമായി ജീവിച്ചു.

 പ്രിയകുട്ടികളേ, സാവിത്രി വിവാഹം കഴിഞ്ഞതിൽ പിന്നെ എവിടെ നിവസിച്ചു എന്നു നിങ്ങൾ വിചാരിക്കുന്നു? അവൾ തന്റെ അച്ഛന്റെ വിശാലവും മനോഹരവും സൗഖ്യപ്രദവും ആയ അരമനയിൽ തന്നെ പാർത്തുവോ? ഇല്ല.അവൾ ഭർത്താവിന്റെ ഒന്നിച്ചു കാട്ടിൽ ചെന്നു ശ്വശുരൻ താമസിക്കുന്ന കുടിഞ്ഞിലിൽ പ്രവേശിച്ചു. അവിടെ അവൾക്കു വേലക്കാർ ഉണ്ടായിരുന്നില്ല. ഒരു സാധാരണ ബാലികയെപ്പോലെ അവൾ അദ്ധ്വാനിച്ചു ഗൃഹകർമ്മങ്ങൾ ചെയ്തു. വൃദ്ധരായ ദംപതിമാരെ അവൾ പ്രീതിയോടെ ശുശ്രൂഷിച്ചു. അവൾ ഈ കഷ്ടങ്ങൾ പിറുപിറുക്കയോ ദു:ഖിക്കയോ ചെയ്തില്ല. [ 42 ]

സാവിത്രി
                              41            

താൻ ചെയ്യേണ്ടിയ കാര്യങ്ങളെല്ലാം വിഹിതമായ കാലത്തു സന്തോഷത്തോടെ ചെയ്തു. സാവിത്രിയും സത്യവാനും അന്യോന്യം സ്നേഹിച്ച് ഒരുപോലെ ആനന്ദിച്ചു.

കൊല്ലം അവസാനിക്കാറായി, സത്യവാൻ മരിക്കും എന്ന പരമാർഥം സാവിത്രി മാത്രം അറിഞ്ഞിരുന്നു. അവളുടെ ഹൃദയത്തിൽ ഭയം നിറഞ്ഞുവെങ്കിലും അവൾ വിലപിക്കയോ അവലാതി പറകയോ ചെയ്തില്ല. അനേകം പെൺകുട്ടികൾ തങ്ങളുടെ ഉപദ്രവങ്ങളെ കേൾപ്പിച്ചു മറ്റുള്ളവരെ ദു:ഖിപ്പിക്കുന്നു. അവൾ ഈശ്വരനെ ശരണം പ്രാപിച്ചു തന്റെ ദു:ഖനിവൃത്തിയെ പ്രാർത്ഥിച്ചിരുന്നു. അവൾ വ്രതങ്ങളേയും ഉപവാസങ്ങളേയും മറ്റു തപസ്സുകളേയും ചെയ്തു. എന്നിട്ടും ഈ കാലങ്ങളിലെല്ലാം തന്റെ മനോവ്യഥയെ വെളിവാക്കിയില്ല. വ്യഥയെ മറച്ചു വെച്ചില്ലെങ്കിൽ ജനങ്ങൾ തന്റെ വ്യസനകാരണം അൻവേഷിച്ച് അറിവാൻ നോക്കും. അതു കൊണ്ട് അവൾ പുറമെ മുഖപ്രസാദവും സന്തോഷഭാവവും കാണിച്ചു കൊണ്ടിരുന്നു. ഈ സംഗതിയാൽ സത്യവാന്നു പരമാർത്ഥം അറിവാൻ കഴിഞ്ഞില്ല.

ഒടുവിൽ ഹൃദയം ക്രൂരമായി പിളർക്കുന്ന ദിവസം എത്തിക്കഴിഞ്ഞു. വിറകു വെട്ടി കൊണ്ടുവരാനായി സത്യവാൻ കാട്ടിൽ പോയി. സാവിത്രിയും അവന്റെ ഒരുമിച്ചു നടന്നു. അവളുടെ ഹൃദയം ദു:ഖഭാരത്താൽ കനത്തിരുന്നു. എന്നാൽ അവൾ പുഞ്ചിരിയോടും ഉന്മേഷത്തോടും ഭർത്താവിനോടു സംസാരിച്ചു കൊണ്ടിരുന്നു. ഭർത്താവു വിറകു മുറിപ്പാൻ തുടങ്ങി. പെട്ടെന്നു കഠിനമായ തലവേദന ഉണ്ടായി. അദ്ദേഹത്തിന്നു മൂർച്ച വരുന്നു എന്നു തോന്നി. ഉപചരിപ്പാൻ ഭാര്യയെ വിളിച്ചു. കാലൻ അടുത്തതു [ 43 ]
[ 44 ]


അറിഞ്ഞിട്ട് അവൽ കരകയോ മുറവിളി കൂട്ടുകയോ ചെയ്തില്ല. അവൾ ധൈര്യം ഉറച്ചു അദ്ദേഹത്തി ന്റെ അരികെ ഇരുന്നു. തല എടുത്ത് മടിയിൽ വെച്ച് അദ്ദേഹത്തിന്റെ വേദന കുറച്ചു കളവാൻ യത്നിച്ചു. എന്നാൽ അവളുടെ ഉപചാരത്താൽ ഒരു ഫലവും കിട്ടിയില്ല. സത്യവാന്റെ അവസ്ഥ വിഷമിച്ചു. അവൻ മരിക്കാറായി എന്നു സാവിത്രി അറിഞ്ഞു.

 കണ്ണീർ ധാരയായി അവളുടെ കണ്ണൂകളിൽ നിന്ന് ഒഴുകി നിലത്തു വീണു. അപ്പോൾ ഭ്യങ്കരമായ ഒരു സ്വരൂപം അവൾക്കു കാണാറായി. ഈ പുരുഷൻ ദീപ്രമായ രക്തവസ്ത്രങ്ങൾ ധരിച്ചിരുന്നു. അദ്ദേഹത്തിന്റെ തലയിൽ ഉജ്ജ്വലിക്കുന്ന കിരീടം ഉണ്ടായിരുന്നു. കണ്ണുകൾ തീക്കനൽ പോലെ പ്രകാശിച്ചു. മുഖം കറുത്തതും ഭീഷണവും ആയിരുന്നു.

 ഇതു കണ്ടിട്ടു സാവിത്രി ഭയപ്പെട്ടില്ല. ആരാണെന്ന് അവൾ അപരിചിതനോടു ചോദിച്ചു. "ഞാൻ ഭവതിയുടെ ഭർത്താവിന്റെ പ്രാണനെക്കൊണ്ടു പോവാൻ വന്ന യമൻ ആണെ"ന്നു പറഞ്ഞു. സത്യവാന്റെ പ്രാണനെ ശരീരത്തിൽ നിന്നു വലിച്ചെടുത്ത് ആ സ്ഥലം വിട്ടു പോയി.

 എന്നാൽ ധൈര്യമുള്ള സാവിത്രി മൂഢയായി അവിടെതന്നെ ആ ശവം കാത്തിരിപ്പാൻ ഉറച്ചില്ല. അവൾ ക്രമേണ യമന്റെ പിന്നാലെ നടന്നു. ഒടുവിൽ യമൻ തിരിഞ്ഞുനോക്കി എന്തു വേണം എന്നു ചോദിച്ചു. ഭർത്താവിന്റെ ജീവനെ തരെണമെന്നു സാവിത്രി പ്രാർത്ഥിച്ചു. അവൾ ആലോചനയോടു കൂടി മധുരപദങ്ങളെ ഉപയോഗിച്ചു പറയുന്നതു കേട്ടു പ്രസന്നനായി യമൻ പറഞ്ഞു:-"ഭർത്തൃജീവൻ ഒന്നു ഒഴികെ ശേഷം എന്തു ചോദിച്ചാലും തരാം." [ 45 ]

 44                                                     സാവിത്രി.

അപ്പോൾ സാവിത്രി അന്ധനായ ശ്വശുരന്നു ദൃഷ്ടി ഉണ്ടാകേണം എന്നു പ്രാർത്ഥിച്ചു. ഈ വരം സന്തോഷത്തോടു കൂടി നൽകി യമൻ മുൻ നടന്നു. സാവിത്രി വിടാതെ പിന്നാലെ തുടർന്നു പോയി. യമൻ അവളോടു ഭർത്താവിന്റെ ജീവദാനം ഒഴികെ എന്തു ചോദിച്ചാലും തരാമെന്നു പറഞ്ഞു. അപ്പോൾ സാവിത്രി ശ്വശുരന്നു രാജ്യം വീണ്ടും കിട്ടേണം എന്നു പ്രാർത്ഥിച്ചു. ഈ വരത്തെയും യമൻ നൽകി. എങ്കിലും സാവിത്രി തൃപ്തിപ്പെടാതെ യാത്ര തുടർന്നു. ഒരിക്കലും കൂടി അന്തകൻ സാവിത്രിയോട് ഇഷ്ടമുള്ള വരം ചോദിപ്പാൻ പറകയും അവളുടെ അപേക്ഷയെ നിർവ്വഹിക്കയും ചെയ്തു. എന്നിട്ടും അവൾ ഭയങ്കരമൂർത്തിയായ മൃത്യുവിനെ പിന്തുടർന്നു പോയി.

ഒടുവിൽ സാവിത്രിക്കു ഭർത്താവിലുള്ള പ്രേമം കണ്ട് യമൻ അത്യന്തം പ്രസന്നനായി. അവൾ ചോദിക്കുന്നതെല്ലാം തരാമെന്നു യമൻ പറഞ്ഞു. ഉടനെ സാവിത്രി ഭർത്താവിന്റെ ജീവനെ അപേക്ഷിച്ചു. തൽക്ഷണം യമൻ സത്യവാനെ ജീവിപ്പിച്ചു.

സാവിത്രിയെപ്പോലെ ധന്യയായ സ്ത്രീ ആരാണുള്ളത്? ഭാരതീയ കന്യകമാർ സാവിത്രിയെപ്പോലെ പ്രവൃത്തിപ്പാൻ ആഗ്രഹിക്കേണം. അവർ സൗമ്യത, സ്നേഹം,ദയ മുതലായ സദ്ഗുണങ്ങൾ ഉള്ളവർ ആയിരിക്കേണം. അവർ സ്നേഹിക്കുന്ന പുരുഷന്റെ നേരെ സത്യമുള്ളവർ ആയി പ്രവൃത്തിക്കേണം. അവർ ദാരിദ്ര്യത്തെ ജയിപ്പാൻ അധർമ്മം നടക്കരുത്. കിട്ടിയതു അല്പമായാലും അത് ഈശ്വരൻ തന്നതാണെന്നു വിശ്വസിച്ചു തൃപ്തിപ്പെടേണം. അവർ സന്തോഷിച്ചു ധർമ്മമാചരിക്കേണം. വ്യസനങ്ങൾ നിമിത്തം കഷ്ടങ്ങൾ എത്ര നേരിട്ടാലും അന്യരെ അവർ ഉപദ്രവി [ 46 ] ക്കരുതു. വലിയ ആപത്തു നേരിട്ടാൽ നെഞ്ഞുറപ്പോടു കൂടിയിരിക്കേണം. ഭയങ്കരമായ സാധനങ്ങളെ കണ്ടു ധൈര്യം വിടരുത്. കൃതാന്തന്റെ സന്നിധിയിൽ സാവിത്രി എത്ര ധൈര്യത്തോടും സ്ഥൈര്യത്തോടും കൂടിയിരുന്നു! യമൻ തന്റേയും പ്രാണനെ അപഹരിക്കുമെന്നു വിചാരിച്ചു സാവിത്രി മണ്ടിപ്പോയോ? ഭർത്താവിനെത്തിരികെ കിട്ടുന്നതുവരെ അവൾ യാചിക്കയും പ്രാർത്ഥിക്കയും ചെയ്തുകൊണ്ടിരുന്നു. അവളുടെ ശീലവും നടപ്പും ചീത്തയായിരുന്നുവെങ്കിൽ ധർമ്മരാജാവ് അവളെ സംശയം കൂടാതെ കൊല്ലുമായിരുന്നു എന്നത് ഓർക്കേണ്ടതാകുന്നു. അവൾ സദ്ഗുണങ്ങളും പാതിവ്രത്യവും ഉള്ളവൾ ആയിരുന്നതു കൊണ്ട് യമനെ പ്രത്യക്ഷമായി കാണ്മാനും അദ്ദേഹത്തെ പിന്തുടരുവാനും സാധിച്ചു. തനിക്കായി ഒരു വരവും അപേക്ഷിക്കാതെ ഭർത്തൃജീവൻ ഒന്നു മാത്രം യാചിച്ചത് അറിഞ്ഞു യമൻ അവളുടെ പ്രാർത്ഥനയെ അംഗീകരിച്ചു. സാവിത്രിയുടെ പാതിവ്രത്യം ലോകർ ഇന്നും സ്തുതിക്കുന്നുവല്ലോ. നമ്മുടെ ഭാരതീയകന്യകമാർ എല്ലാവരും സാവിത്രിയെപ്പോലെ ഗുണമുള്ളവർ ആയിരിക്കേണമേ.

വാക്കുകൊണ്ട് പറഞ്ഞും എഴുത്തുകൊണ്ടു എഴുതിയും ചെയ്യേണ്ടുന്ന അഭ്യാസങ്ങൾ

 1.സാവിത്രിയുടെ ചരിതം നിങ്ങളുടെ വാക്കുകളിൽ എഴുതുക.
 2.സത്യവാനെത്തന്നെ ഭർത്താവാക്കാൻ അവൾ എന്തിന്നു തീർച്ചപ്പെടുത്തി?
 3.അവൾ ഭർത്താവിനെ ജീവിപ്പിച്ചതു എങ്ങനെ എന്നതു കാണിപ്പാൻ ഒരു സംവാദം എഴുതുക. വാചക രീതിയും മറ്റും പ്രത്യക്ഷമായി നടക്കുന്നതുപോലെ തോന്നെണം.

. [ 47 ]

                                                 ഉമ അല്ലെങ്കിൽ ശ്രീപാർവ്വതി.

ഇന്ത്യയുടെ വടക്കെ അതൃത്തിയിൽ കിടക്കുന്ന പർവതങ്ങളുടെ നിരകളാണു ഹിമാലയം. അവ ലോകത്തിലേ പർവ്വതങ്ങളിൽ വെച്ച് ഏറ്റവും പൊക്കം ഉള്ളവയാണു.അവ വിശാലതയും ശോഭയും ഭംഗിയും ഉള്ളവ തന്നെ.അവയുടെ കൊടുമുടികൾ എന്നും ഹിമം കൊണ്ടു മൂടിയിരിക്കും.സൂര്യന്റെ പൊന്നിറമുള്ള വെളിച്ചത്തിൽ ആ കൊടുമുടികളിലേ ഹിമം വൈരക്കല്ലൂകളെപ്പോലെ ശോഭിക്കും. മങ്ങിയ നിലാവിൽ ഈ ശിഖരങ്ങൾ മുത്തുകൾ പോലെ തിളങ്ങും. ഈ പർവ്വതത്തിൽ അനേകം ഗുഹകൾ ഉണ്ട്. ഇവയിലായിരുന്നു പണ്ടു ഋഷിമാർ നിവസിച്ചത്. ഇന്നും അസംഖ്യം പുണ്യവാന്മാർ അവിടെ പാർക്കുന്നുണ്ട്.

ഈ പർവ്വതത്തെക്കുറിച്ച് രസകരമായ ഒരു കഥ പറഞ്ഞു വരുന്നു. ദുഷ്ടന്മാരും ക്രൂരന്മാരും ആയ രാക്ഷസന്മാർ ഈ ഇന്ത്യാരാജ്യത്തിൽ പണ്ട് ഉണ്ടായിരുന്നു. അവർക്കു ബലവും സാമർത്ഥ്യവും ഉണ്ടായിരുന്നതു കൊണ്ട് അവർ ദേവന്മാരോട് യുദ്ധം ചെയ്തു;അവരെത്തോല്പിച്ചു തടവിൽ ഇട്ടു. ഈ ദുർ വൃത്തരായ രാക്ഷസരിൽ നിന്നു രക്ഷപ്പെടാൻ ദേവന്മാർക്കു ധീരനായ ഒരു വീരൻ ആവശ്യമായിരുന്നു. ഭയങ്കരരായ രക്ഷസരെ എതിർത്തു ജയിപ്പാൻ ആർക്കാണു സാധ്യം? ആശ്ചര്യകരമായ ശക്തിയും ധൈര്യവും ഉള്ള ഒരു ദേവന്നു മാത്രം അതു സാധ്യം.

ദേവന്മാർക്കു ശിവന്റെ സഹായം ആവശ്യം ആയിരുന്നു. ശിവൻ ഉഗ്രമായ തപസ്സു ചെയ്കയായിരുന്നു. [ 48 ]

                                               ഉമ അല്ലെങ്കിൽ ശ്രീപാർവ്വതി                                    47

അതിനാൽ ദേവന്മാർക്കു നേരിട്ടു ചെന്നു ശിവനോടു തങ്ങളുടെ ഇഷ്ടം അറിയിച്ചു കൂടാ. ശിവന്ന് ഒരു പുത്രൻ ഉണ്ടായാൽ ആ പുത്രന്നു രാക്ഷസരെ ജയിപ്പാൻ കഴിയും. തപസ്സിൽ മുഴുകിയ ശിവന്നു വിവാഹം ഇഷ്ടമല്ല. വിവാഹം ചെയ്യേണം എന്നു ശിവനോട് അപേക്ഷിപ്പാൻ അവർക്ക് ധൈര്യവും ഇല്ല. ശിവന്റെ മഹിമക്കു യോജിച്ച ഭാര്യ മനുഷ്യലോകത്തിൽ ഇല്ല.

ഹിമാലയപർവ്വതത്തിന്റെ നാഥനായ ദേവൻ ഹിമവാൻ ആണു. ദേവന്മാരുടെ കാര്യം സാധിപ്പാൻ ഉമ എന്ന ദേവി ഹിമവാന്റെ പുത്രിയായി ജനിച്ചു. പർവതരാജാവിന്റെ മകൾ ആയതു കൊണ്ട് അവൾ പാർവതിയായി; ഹിമവാന്റെ പുത്രി എന്ന അർഥത്തിൽ ഉമയെ ഹൈമവതി എന്നും പറയും. ഹിമാലയപർവതത്തിൽ സ്വൈരമായി നടന്നു പാർവതിക്കു ശരീരത്തിൽ ദാർഢ്യവും ഹൃദയത്തിൽ ധൈര്യവും സിദ്ധിച്ചു.നാൾക്കുനാൾ അവൾക്കു സൗന്ദര്യവും വിനയവും മത്സരിച്ചു വളർന്നുവന്നു.

അക്കാലത്തു ശിവൻ തപസ്സിൽ നിമഗ്നനായിരുന്നു. തപസ്സെന്നാൽ ഈശ്വരവിചാരം തന്നെ. ഈ വിചാരത്തിന്നു മുടക്കം വരാതിരിപ്പാൻ തപസ്സു ചെയ്യുന്നവർ സുഖങ്ങളെയും സൗകര്യങ്ങളേയും

ഉപേക്ഷിക്കും. മഹാദേവരുടെ പ്രസാദത്താൽ എന്താണു അസാധ്യം? ഹിമവാൻ ശിവനെ ശുശ്രൂഷിപ്പാൻ പാർവതിയെ നിയമിച്ചു. പാർവതി മഹാദേവരെ പ്രീതിയോടെ സേവിച്ചു. ശിവന്റെ ആദേശം എത്ര നിസ്സാരമായാലും കൂടി ആയതിനെച്ചെയ് വാൻ പാർവതി എല്ലായ്പോഴും തയ്യാറായിരുന്നു. ശിവൻ അവളെ നോക്കി സന്തോഷിച്ചു. എന്നാൽ ഭാര്യയായി [ 49 ]

പരിഗ്രഹിപ്പാൻ ഉള്ള വിചാരം ശിവന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല.

പാൎവതി ചെയ്യുന്ന ഉപചാരങ്ങളെക്കണ്ടു കൊണ്ടിരുന്ന ദേവരിൽ കാമനും കൂടിയുണ്ടായിരുന്നു. ശിവൻ ഉമയെ ഭാര്യയാക്കാൻ ഇഷ്ടപ്പെടാത്തതു കൊണ്ടു കാമദേവൻ ദുഃഖിച്ചു. മന്മഥന്നു ജനങ്ങളുടെ മേൽ മലരമ്പുകൾ പൊഴിക്കയാണു പ്രവൃത്തി. ഈ പുഷ്പശരങ്ങൾ ഏറ്റവർക്ക് സുഖം അനുഭവിപ്പാൻ ഇച്ഛ ഉണ്ടാകും. ശിവന്നു പാൎവതിയിൽ സ്നേഹം ഉണ്ടാവാനായി കാമൻ ഒരു അമ്പ് എയ്തു. ഇങ്ങനെ ചെയ്തതു കൊണ്ടു ശിവൻ കാമദേവനോടു കോപിച്ചു. ധ്യാനം നിമിത്തം അടഞ്ഞ ശിവന്റെ മൂന്നാം കണ്ണ് തൽക്ഷണം തുറന്നു, കാമനിൽ പതിച്ചു. കോപാഗ്നി കണ്ണിൽ വളരെ ശോഭയോടു പ്രകാശിച്ചു. ഈ അഗ്നിജ്വാലയാൽ കാമൻ ദഹിച്ചു ഭസ്മമായി.

ഇതു കണ്ടു പാൎവതി വ്യസനിച്ചു. താൻ എന്തൊ പിഴച്ചു പോയി എന്ന് അവൾ ശങ്കിച്ചു. തനിക്കു ദോഷമില്ലായിരുന്നുവെങ്കിൽ ശിവന്നു കാമദേവനോട് ക്രോധിപ്പാൻ കാരണമുണ്ടായിരിക്കയില്ല. ഈ കോപത്തിന്നു കാരണം താൻ തന്നെ എന്ന് ഉമ തീൎച്ചയാക്കി. തന്റെ നടപ്പു സ്തുത്യർഹമാക്കാൻ നിശ്ചയിച്ചു. ഉമയുടെ വിനയവും ദാക്ഷിണ്യവും എത്ര! ഉമക്കു ശിവനിൽ നീരസം ഉണ്ടായില്ല. ശിവനിലുള്ള പ്രീതി അവൾ കുറച്ചു കളഞ്ഞതുമില്ല. അവൾക്ക് തന്നിൽ തന്നെ വെറുപ്പ് തോന്നി. മഹാദേവരെ ഭജിക്കുമ്പോൾ വന്നു പോയ ലാഘവം എന്തെന്ന് അറിയാതെ അവൾ വിഷാദിച്ചു. ഇങ്ങനെയെല്ലാം ആലോചിക്കുമ്പോൾ ഈശ്വരനിൽ ഉള്ള പ്രേമത്തിന്നു ശക്തി കൂടി.

[ 50 ]

ശിവൻ തന്നെ പരിഗ്രഹിപ്പാനുള്ള യോഗ്യത കിട്ടാനായിട്ടു മാത്രം ആലോചിച്ചു.

ഈ കാരണത്താൽ ഉമ തപസ്സു ചെയ്തു. അവൾ ഏകാകിനിയായി ഒരു വിജനപ്രദേശത്തു ചെന്നു, ധ്യാനത്തിൽ മനസ്സുറച്ചിരുന്നു. അന്നപാനാദികൾ മിതമായി കഴിച്ച് ഒരു വിധേന ജീവസന്ധാരണം ചെയ്തു. ഉഗ്രമായ തപോനിഷ്ഠയാൽ ശരീരം വളരെ ശോഷിച്ചു. ശിവൻ തന്നെ പരിഗ്രഹിപ്പാൻ ഉള്ള യോഗ്യത ലഭിപ്പാൻ പാൎവതി ഇത്രയെല്ലാം പണിപ്പെട്ടു.

ശിവൻ പാൎവതിയുടെ തപസ്സിനേയും തന്നിൽ വേരൂന്നിയ ഭക്തിയേയും അറിഞ്ഞു. തന്നെ ശിവൻ പരിഗ്രഹിക്കേണമെന്ന് ഇച്ഛിച്ചു പാൎവതി ചെയ്തു വരുന്ന സാഹസങ്ങളെ ശിവന്നു ബോധിച്ചു, മനസലിഞ്ഞു. എന്നിട്ടും ഉമയുടെ ഹൃദയത്തെ ഒന്നും കൂടി പരീക്ഷിച്ചു നോക്കുവാൻ താൽപര്യപ്പെട്ടു. അവൾക്കു തന്നിലുള്ള പ്രേമം യഥാൎത്ഥമോ എന്നറിയുവാൻ ശിവൻ ആഗ്രഹിച്ചു.

ഒരു ദിവസം ശിവൻ സുന്ദരനും സുകുമാരനും ആയ ഒരു ഋഷിയുടെ വേഷം ധരിച്ചു പാൎവതി ഉള്ളേടത്തു ചെന്നു. ഇദ്ദേഹം പാൎവതിയിൽ തനിക്കുള്ള ദയയെ വെളിവാക്കി മധുരമായി സംസാരിച്ചു. ഉമ തൻറെ വൃത്താന്തം അറിയിച്ചു. ഋഷികുമാരൻ അവളുടെ സദ്‌വൃത്തിയെ പ്രശംസിച്ചു. ശിവൻ മര്യാദയും സൽസ്വഭാവവും ഇല്ലാത്തവൻ ആകയാൽ പാൎവതിക്കു യോഗ്യനല്ല. ഉഗ്രനായ ശിവന്നുണ്ടോ ദയയും സ്നേഹവും? ഉമ എന്തിന്നാണു ശിവനെ ഭർത്താവായി വരിപ്പാൻ ആശിക്കുന്നതു? പാൎവതിയുടെ അതിയായ സൌന്ദര്യത്തിനു തുല്യമായ ഒരു ഗുണം പോലും ചുടുകാട്ടിൽ

[ 51 ]

വസിക്കുന്ന ജടാധരന്നുണ്ടോ? ശിവന്നു പാൎവതിയുടെ പ്രാണനാഥൻ ആവാൻ യോഗ്യത പോരാ. ശിവനെ മറന്നു കളയെണം. ശിവനെക്കാൾ തരുണനും ദയാലുവും സദ്‌വൃത്തനും ആയ ഒരുവനെ സ്നേഹിക്കേണം. ശിവനെ പോലുള്ളവനെ ഒട്ടും സ്നേഹിക്കരുതു. ശിവനെ വിട്ടു കളയെണം.

ഇതു കേട്ട് ഉമ ഋഷികുമാരനോട്‌ വളരെ കോപിച്ചു. താൻ ആരാധിക്കുന്ന ദേവനെ ദുഷിക്കരുതെന്നു പാൎവതി നീരസത്തോടെ ശാസിച്ചു പറഞ്ഞു. കാരണം അവൾ തൻറെ ആത്മാവിനെ ശിവന്നു സമൎപ്പിച്ചു കഴിഞ്ഞിരുന്നു. അന്യനെ ഒട്ടും ഇഷ്ടപ്പെടുന്നതല്ല. ശിവൻ തന്നെക്കാമിച്ചു വരുന്നതുവരെ തപസ്സു ചെയ്യും. ശിവൻറെ പ്രേമം കിട്ടിയില്ലെങ്കിൽ താൻ തപസ്സു ചെയ്തു ശിവഭക്തയായി മരിക്കും എന്ന് ദൃഡമായി നിശ്ചയിച്ചു. അപ്പോൾ ഉണ്ടായ അദ്ഭുതം എന്തു പറയാനാണു! കപടവേഷം ധരിച്ച ഋഷി സാക്ഷാൽ ശിവനായി ശോഭിച്ചു.

ഉടനെ ഉമാമഹേശ്വരന്മാരുടെ വിവാഹം ഹിമവാൻ ഘോഷമായി കഴിച്ചു. അവൎക്ക് കുമാരൻ എന്ന ഒന് പുത്രൻ ഉണ്ടായി. ഈ പുത്രൻ അതിശൂരനായി വളൎന്നു രാക്ഷസന്മാരെക്കൊന്നു. അതിനാൽ ദേവന്മാൎക്കു സ്വാതന്ത്ര്യം കിട്ടി. അവർ താന്താങ്ങളുടെ സ്ഥാനത്തു ചെന്നു പ്രവൃത്തിച്ചു തുടങ്ങി.

ഇങ്ങനെയാണു ശ്രീപാൎവതി ലോകോപകാരം ചെയ്തതു. ആ ദേവി നല്ല ഗുണങ്ങൾ ഉള്ള സ്ത്രീയെന്നു സ്പഷ്ടം തന്നെ. അവൾക്കു വിനയവും ക്ഷമയും ഉണ്ടായിരുന്നു. സദ്‌വിഷയങ്ങളെപ്പഠിപ്പാൻ അവൾ ഒരുക്കമായിരുന്നു.

[ 52 ]


തന്റെ നന്മയെ വർദ്ധിപ്പിപ്പാൻ ഇച്ഛിച്ചു ഹൃദയത്തിൽ ദൃഡമായ സത്യം കുടി കൊണ്ടു പാർത്തു. തന്റെ സംകൽപം വിട്ടു മാറാൻ അവൾക്ക് അസാദ്ധ്യമായിരുന്നു. ഈ സത്യസംകൽപത്തിന്ൻ അതിമഹത്തായ പ്രതിഫലം അവൾക്കു കിട്ടി. അവൾ ആശിച്ചതുപോലെ മഹേശ്വരിയായി ഭാഗ്യാധിക്യത്താൽ ജന്മം സഫലമാക്കി ലോകമാതാവായ്ത്തീർന്നു.


വാക്കുകൊണ്ട് പറഞ്ഞും എഴുത്തുകൊണ്ടു എഴുതിയും ചെയ്യേണ്ടുന്ന അഭ്യാസങ്ങൾ.


 1. ഉമ ആരാണ്? 2. അവൾ എന്തിന്നു തപസ്സു ചെയ്തു? 3. അവളുടെ വിവാഹം വർണ്ണിക്ക.



PRINTED AT THE DIOCESAN PRESS, MADRAS ― A.18149.

[ 54 ]

മേക്ക്മില്ലൻ കമ്പനിക്കാരുടെ


മലയാള പാഠപുസ്തകങ്ങൾ


(പരിഷ്കരിച്ചതു)


ക. ണ. പ.


ചിത്രാക്ഷരമാല എം. എസ്സ് . ഹരിഹര അയ്യർ. 0 1 0


ബാലശിക്ഷ എം. എസ്സ് . ഹരിഹര അയ്യർ. ... 0 1 0


ഒന്നാം പാഠപുസ്തക ... ... ... 0 2 0


രണ്ടാം പാഠപുസ്തക ... ... ... 0 4 0


മൂന്നാം പാഠപുസ്തക ... ... ... 0 7 0


നാലാം പാഠപുസ്തക ... ... ... 0 6 0


അഞ്ചാം പാഠപുസ്തക ... ... ... 0 6 0


ആറാം പാഠപുസ്തക ... ... ... 0 8 0


ഏഴാം പാഠപുസ്തക ... ... ... 0 12 0


എട്ടാം പാഠപുസ്തക ... ... ... 0 10 0


ഒൻപതാം പാഠപുസ്തക ... ... 0 8 0


 ഈ പാഠപുസ്തകങ്ങൾ പല ഉപാദ്ധ്യായന്മാരുടേയും സ്ക്കൂൾ ഇൻസ്പെക്ടർ മാരുടേയും അഭിപ്രായങ്ങൾക്കനുസരിച്ചു. യോഗ്യന്മാരായ മലയാളവിദ്വാന്മാർ പരിഷ്കരിച്ചു തിരുത്തി എഴുതിയതാണ് . ഇവയിലേ വാചകരീതി ക്രമത്തിൽ ഉയർന്നു വരുന്നതും പാഠങ്ങൾ പല രസകരവിഷയങ്ങളെ സംബന്ധിച്ചവയും ആകുന്നു. തെക്കേ ഇന്ത്യയിൽ വിശേഷിച്ചു കണ്ടുവരുന്ന മൃഗങ്ങൾ, സസ്യങ്ങൾ, പ്രകൃതിയിലേ സംഭവങ്ങൾ എന്നിവയെപ്പററിയുള്ള കഥകളും,പാഠങ്ങളും മാത്രമല്ല,ഈ പാഠപുസ്തകങ്ങളിൽ ആരോഗ്യശാസ്ത്രത്തേയും, കൃഷിമുതലായ വ്യവസായങ്ങളേയും കുറിച്ചും ഉള്ള പാഠങ്ങൾ ഉണ്ട്. മലയാളരാജ്യത്തിലേ വീരന്മാർ കവിമാർ തുടങ്ങിയുള്ള ശ്രേഷ്ഠന്മാരുടെ ചരിത്രങ്ങളും അടങ്ങിയിരിക്കുന്നു. പാഠവിഷയങ്ങളെ അടിസ്ഥാനമാക്കി വ്യാകരണാഭ്യാസങ്ങളേയും ഉപന്യാസവിഷയങ്ങളെയും ചേർത്തിട്ടുണ്ടു. [ 55 ]


മേക്ക്മില്ലൻ കമ്പനിക്കാരുടെ മലയാളകഥാപുസ്തകങ്ങൾ .
പി. ആർ. ചിദംബരയ്യർ.


ക.   ണ.   പ.



കഥാപാഠപുസ്തകം 1-ാം ഗ്രേഡ് . നമ്പ്ര 1    ...   0   2   0



"  "   2-ാം   "    നമ്പ്ര 1   ...   0   3   0


 ഈ പുസ്തകങ്ങളിലെ കഥകൾ എല്ലാം പുതുതായി നിർമ്മിച്ചവയാകുന്നു.അവ സ്ക്കൂൾ കുട്ടിയ നിധിയെപ്പോലെ വളരെ വിലമതിക്കുമെന്നതിൽ രണ്ടു പക്ഷമില്ല. കഥകൾ വായിച്ചു ബാലർ രചിച്ചു ഇനി കഥാപാഠം എപ്പോൾ വരുമെന്ന് അവർ കാത്തിരിപ്പാൻ അവരെ ഉത്സാഹിപ്പിക്കുന്നതുമാകുന്നു ഈ പുസ്തകങ്ങളുടെ ഉദ്ദേശം. കഥകളെല്ലാം കുട്ടികളുടെ അറിവിൽപെടുന്ന സംഗതികളെ സംബന്ധിച്ചതാണ് . ഓരോ കഥ ഒരു നീതിയെ ഉപദേശികേകും. എന്നാൽ ഈ ഉപദേശം ദുരൂഹമായിരിക്കുയില്ല.  കുട്ടികൾ എപ്പോ അറിവാനായി കഥകളെ ലളിതപടങ്ങളെക്കൊണ്ടു എഴുതിയിരികുന്ന വാചകരീതി ക്രമത്തിൽ കയറിവരും ; കഥകളിലെ മുഖ്യ സംഗതികളെ അധികം വിശദമാക്കുവാൻ വേണ്ടി പ്രത്യേകമായി വരഞ്ഞിട്ടുള്ള അനേകം ചിത്രങ്ങളും ഇവയിലുണ്ടു. ഈ ചിത്രങ്ങൾ സംഭാഷണപാഠങ്ങൾക്കു വളരെ ഉപയോഗപ്രദമാണ്.


ക.   ണ.   പ.


 ശ്രീരാമചരിതവും ചന്ദ്രഹാസ ചരിതവും


എം കൃഷ്ണൻ ബി. എ., ബി. എൽ ... ... 0 8 0


സാവിത്രി ... ... ... ... 0 4 0


 രണ്ടും മൂന്നും ഫാറങ്ങളിലും (ഏഴും എട്ടും ക്ലാസ്സുകളിലും) പാഠപുസ്തകത്തിന്നു പുറമെ പഠിപ്പിപ്പാനുള്ള കഥാപുസ്തകങ്ങൾക്കുള്ള ആവശ്യങ്ങളെ താർപ്പാനായി സരളഭാഷയിൽ പ്രത്യേകിച്ചു് എഴുതിയുണ്ടാക്കിയവയാകുന്നു. ഇവയിലെ കഥാംശങ്ങളെ വിവരിപ്പാൻ പ്രയോജനകരമായ ചിത്രങ്ങളും ഉണ്ടു.

ക. ണ. പ.


പ്രക്രതിശാസ്ത്രത്തിലെ അത്ഭുതങ്ങൾ


മൂളർക്കാത്തു കുമാരൻ ... .... .... 1 8 0


മലയാള രാജ്യത്തിന്റെ ഭൂമിശാസ്ത്രം .... 0 8 0


 ഈ പുസ്തകം രണ്ടു ഭാഗങ്ങളീയി അച്ചടിച്ചിട്ടുണ്ടു. ഒന്നാം ഭാഗത്തിൽ ഭൂമിശാസ്ത്രസംബന്ധമായ വിഷയങ്ങളെ ലളിത മലയാളത്തിൽ വിവരിച്ചിട്ടുണ്ടു.മറ്റേ ഭാഗത്തിൽ മലയാള രാജ്യത്തിന്റെ വിവരങ്ങളും ചരിത്രവും കുട്ടികൾക്കു എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിൽ വിവരിചിട്ടുണ്ടു.

Mrs. Satyanadhan's Sita, Savitri and Uma. Malayalam.

"https://ml.wikisource.org/w/index.php?title=ഇന്ത്യയിലെ_ഇതിഹാസകഥകൾ&oldid=216788" എന്ന താളിൽനിന്ന് ശേഖരിച്ചത്