കൗടില്യന്റെ അർത്ഥശാസ്ത്രം/ഒന്നാമധികരണം
←കൗടില്യന്റെ അർത്ഥശാസ്ത്രം | കൗടില്യന്റെ അർത്ഥശാസ്ത്രം വിനയാധികാരികം - ഒന്നാമധികരണം |
രണ്ടാമധികരണം→ |
[ 1 ]
പൃഥിവിയുടെ ലബ്ധിയെപ്പററിയും പാലനത്തെപ്പററിയും ഏതെല്ലാം അൎത്ഥശാസ്ത്രങ്ങൾ പുൎവ്വാചാൎയ്യന്മാർ നിൎമ്മിച്ചിട്ടുണ്ടോ അതെല്ലാം ചുരുക്കിയെടുത്തിട്ടാണു് ഈ അൎത്ഥശാസ്ത്രഗ്രന്ഥം മിക്കതും നിൎമ്മിച്ചിരിക്കുന്നതു്. ഇതിലെ പ്രകരണങ്ങളും അധികരണങ്ങളും ഇന്നതെല്ലാമാണെന്നു കാണിക്കാം.
൧. വിദ്യാസമുദ്ദേശം; ൨. വൃദ്ധസംയോഗം, ൩. ഇന്ദ്രിയജയം, ൪. അമാത്യോൽപത്തി, ൫. മന്ത്രിപുരോഹിതോൽപത്തി, ൬. ഉപധകൾ വഴിയായി അമാത്യന്മാരുടെ ശൌചാശൌചജ്ഞാനം, ൭. ഗൂഢപുരുഷോൽപത്തി, ൮. ഗൂഢപുരുഷപ്രണിധി, ൯. സ്വവിഷയത്തിലെ കൃത്യാകൃത്യപക്ഷരക്ഷണം, ൧൦. പരവിഷയത്തിലെ കൃത്യാകൃത്യ പക്ഷോപഗ്രഹം, ൧൧. മന്ത്രാധികാരം, ൧൨. ദൂതപ്രണിധി, ൧൩. രാജപുത്രരക്ഷണം, ൧൪. അവരുദ്ധവൃത്തം, ൧൫. അവരുദ്ധനിലുള്ള വൃത്തി, ൧൬. രാജപ്രണിധി, ൧൭, നിശാന്തപ്രണിധി, ൧൮. ആത്മരക്ഷിതകം. ഇങ്ങനെ വിനയാധികാരികം ഒന്നാമധികരണം. [ 2 ]
൧. ജനപദവിനിവേശം, ൨. ഭൂമിച്ഛിദ്രവിധാനം, ൩. ദുൎഗ്ഗവിധാനം, ൪. ദുൎഗ്ഗനിവേശം, ൫. സന്നിധാതൃനിചയകൎമ്മം, (കരംപിരിച്ചു ശേഖരിച്ചുവെയ്ക്കൽ), ൬. സമാഹൎത്തൃസമുദായപ്രസ്ഥാപനം (ഖനികളിൽനിന്നു ദ്രവ്യം ശേഖരിച്ചുവെയ്ക്കൽ), ൭. അക്ഷപടലത്തിൽ ഗാണനിക്യാധികാരം, ൮. യുക്താപഹൃതസമുദയപ്രത്യാനയനം, ൯. ഉപയുക്തപരീക്ഷ, ൧൦. ശാസനാധികാരം, ൧൧. കോശപ്രവേശ്യരത്നപരീക്ഷ, ൧൨. ആകരകൎമ്മാന്തപ്രവൎത്തനം, ൧൩. അക്ഷശാലയിൽ സുവൎണ്ണാധ്യക്ഷൻ, ൧൪. വിശിഖയിൽ സൌവൎണ്ണികപ്രചാരം, ൧൫. കോഷ്ഠാഗാരാധ്യക്ഷൻ, ൧൬. പണ്യാധ്യക്ഷൻ, ൧൭. കപ്യാധ്യക്ഷൻ, ൧൮. ആയുധാഗാരാധ്യക്ഷൻ, ൧൯. തുലാമാനാപൌതവം, ൨൦. ദേശകാലമാനം, ൨൧. ശുല്ക്കാധ്യക്ഷൻ, ൨൨. സൂത്രാധ്യക്ഷൻ, ൨൩. സീതാധ്യക്ഷൻ, ൨൪. സുരാധ്യക്ഷൻ, ൨൫. സൂനാധ്യക്ഷൻ, ൨൬. ഗണികാധ്യക്ഷൻ, ൨൭. നാവധ്യക്ഷൻ, ൨൮. ഗോധ്യക്ഷൻ, ൨൯. അശ്വാധ്യക്ഷൻ, ൩൦. ഹസ്ത്യധ്യക്ഷൻ, ൩൧. രഥാധ്യക്ഷൻ, ൩൨. പത്ത്യധ്യക്ഷൻ, ൩൩. സേനാപതിപ്രചാരം, ൩൪. മുദ്രാധ്യക്ഷൻ, ൩൫. വിവീതാധ്യക്ഷൻ, ൩൬. സമാഹൎത്തൃപ്രചാരം, ൩൭. ഗൃഹപതിവൈദേഹകതാപസവ്യഞ്ജനരായ പ്രണിധികൾ, ൩൮. നാഗരികപ്രണിധി. ഇങ്ങനെ അധ്യക്ഷപ്രചാരം രണ്ടാമധികരണം.
൧. വ്യവഹാരസ്ഥാപന, ൨. വിവാദപദനിബന്ധം, ൩. വിവാഹസംയുക്തം, ൪. ദായവിഭാഗം, ൫. വാസ്തുകം, ൬. സമയാനപാകൎമ്മം, ൭. ഋണാദാനം. ൮. ഔപനിധികം, ൯. ദാസകൎമ്മകരകല്പം, ൧൦. സംഭൂയ സമുത്ഥാനം, ൧൧. വിക്രീതക്രീതാനുശയം, ൧൨. ദത്താനപാകൎമ്മം, ൧൩. അസ്വാമിവിക്രയം, ൧൪. സ്വസ്വാമിസംബന്ധം, [ 3 ] ൧൫. സാഹസം, ൧൬. വാക്പാരുഷ്യം, ൧൭ ദണ്ഡപാരുഷ്യം, ൧൮ ദ്യുതസമാഹ്വയം, ൧൯. പ്രകീൎണ്ണകങ്ങൾ. ഇങ്ങനെ ധൎമ്മസ്ഥീയം മൂന്നാമധികരണം.
൧. കാരുകരക്ഷണം, ൨. വൈദേഹകരക്ഷണം, ൩. ഉപനിപാതപ്രതീകാരം. ൪. ഗൂഡാജീവിരക്ഷ, ൫. സിദ്ധവ്യജെനരെക്കൊണ്ടു മാണവപ്രകാശനം, ൬. ശങ്കാരൂപകൎമ്മാഭിഗ്രഹം, ൭. ആശുമൃതകപരീക്ഷ, ൮. വാക്യകൎമ്മാനുയോഗം, ൻ. സൎവ്വാധികരണരക്ഷണം, ൧ഠ. ഏകാംഗവധനിഷ്ക്രയം, ൧൧. ശുദ്ധചിത്രദണ്ഡകല്പം, ൧൨. കന്യാപ്രകൎമ്മം, ൧൩. അതിചാരദണ്ഡം. ഇങ്ങനെ കണ്ടകശോധനം നാലാമധികരണം
൧. ദാണ്ഡകൎമ്മികം, ൨. കോശാഭിസംഹരണം, ൩. ഭൃത്യഭരണീയം, ൪. അനുജീവിവൃത്തം, ൫. സമയാചാരികം, ൬. രാജ്യപ്രതിസന്ധാനം, ൭. ഏകൈശ്വൎയ്യം. ഇങ്ങനെ യോഗവൃത്തം അഞ്ചാമധികരണം.
൧. പ്രകൃതിസമ്പത്തുകൾ, ൨. ശമവ്യായാമികം. ഇങ്ങനെ മണ്ഡലയോനി ആറാമധികരണം.
൧. ഷാഡ്ഗുണ്യസമുദ്ദേശം, ൨. ക്ഷയസ്ഥാനവൃദ്ധിനിശ്ചയം, ൩. സംശ്രയവൃത്തി, ൪. സമഹീനജ്യായാന്മാരെപ്പറ്റിയുളള ഗുണാഭിനിവേശം, ൫, ഹീനസന്ധികൾ, ൬. വിഗൃഹ്യാസനം, ൭. സന്ധായാസനം, ൮. വിഗൃഹ്യയാനം, ൯. സന്ധായയാനം, ൧ഠ. സംഭൂയപ്രയാണം, ൧൧. യാതവ്യാമിത്രന്മാരെപ്പറ്റിയുളള അഭിഗ്രഹചിന്ത, ൧൨. പ്രകൃതികളുടെ ക്ഷയലോഭവിരാഗഹേതുക്കൾ, ൧൩. സാമവായികവിപരിമൎശം, ൧൪. സംഹിതപ്രയാണികം, ൧൫. പരിപണിതാപരിപണിതാപസൃത സന്ധികൾ, ൧൬. ദ്വൈധീഭാവത്തിലുളള സന്ധിവിക്രമങ്ങൾ, ൧൭. യാതവ്യവൃത്തി, ൧൮. അനുഗ്രാഹ്യമിത്രവി [ 4 ] ശേഷങ്ങൾ, ൧൯. മിത്രഹിരണ്യഭൂമികൎമ്മസന്ധികൾ, ൨ഠ. പാഷ്ണിഗ്രാഹചിന്ത, ൨൧. ഹീനശക്തിപൂരണം, ൨൨. ബലവാനോടു വിഗ്രഹിച്ച് ഉപരോധത്തിനുളള ഹേതുക്കൾ, ൨൩. ദണ്ഡോപനതവൃത്തം, ൨൪. ദണ്ഡോപനായിവൃത്തം, ൨൫. സന്ധികൎമ്മം, ൨൬. സന്ധിമോക്ഷം, ൨൭. മദ്ധ്യമചരിതം, ൨൮. ഉദാസീനചരിതം, ൨൯. മണ്ഡലചരിതം, ഇങ്ങനെ ഷാഡ്ഗുണ്യം ഏഴാമധികരണം.
൧. പ്രകൃതിവ്യസനവൎഗ്ഗം, ൨. രാജരാജ്യങ്ങളുടെ വ്യസനചിന്ത, ൩. പുരുഷവ്യസനവൎഗ്ഗം, ൪. പീഡനവൎഗ്ഗം, ൫. സ്തംഭവൎഗ്ഗം, ൬. കോശസംഗവൎഗ്ഗം, ൭. ബലവ്യസനവൎഗ്ഗം, ൮. മിത്രവ്യസനവൎഗ്ഗം. ഇങ്ങനെ വ്യസനാധികാരികം എട്ടാമധികരണം.
൧. ശക്തിദേശകാലബലാബലാജ്ഞാനം, ൨. യാത്രകാലങ്ങൾ, ൩. ബലോപാദാനകാലങ്ങൾ, ൪. സന്നാഹഗുണങ്ങൾ, ൫. പ്രതിബലകൎമ്മം, ൬. പശ്ചാൽകോപചിന്ത, ൭. ബാഹ്യാഭ്യന്തരപ്രകൃതികോപപ്രതീകാരം, ൮. ക്ഷയവ്യയലാഭവിപരിമൎശം, ൯. ബാഹ്യാഭ്യന്തരാപത്തുകൾ, ൧ഠ. ദൂഷ്യശത്രുസംയുക്താപത്തുകൾ, ൧൧. അൎത്ഥാനൎത്ഥസംശയയുക്താപത്തുകൾ, ൧൨. അവയുടെ ഉപായവികല്പസിദ്ധികൾ. ഇങ്ങനെ അഭിയാസ്യൽകൎമ്മം ഒമ്പതാമധികരണം.
൧. സ്ക്കന്ധാവാരനിവേശം, ൨. സ്ക്കന്ധാവാരപ്രയാണം, ൩. ബലവ്യസനാവസ്ക്കന്ദകാലരക്ഷണം, ൪. കൂടയുദ്ധവികല്പങ്ങൾ, ൫. സ്വസൈന്യോത്സാഹനം, ൬. സ്വബലാന്യബലവ്യായോഗം, ൭. യുദ്ധഭൂമികൾ, ൮. പത്ത്യശ്വരഥഹസ്തികൎമ്മങ്ങൾ, ൯. ബലാഗ്രത്താൽ പക്ഷകക്ഷോരസ്യവ്യൂഹവിഭാഗം, ൧ഠ. സാരഫല്ഗുബലവിഭാ [ 5 ] ഗം, ൧൧. പത്ത്യശ്വരഥഹസ്തിയുദ്ധങ്ങൾ , ൧൨. ദണ്ഡഭോഗമണ്ഡലാസംഹതവ്യൂഹവ്യൂഹനം, ൧൩. അതിന്നു പ്രതിവ്യൂഹസ്ഥാപനം. ഇങ്ങനെ സാംഗ്രാമികം പത്താമധികരണം.
൧. ഭേദോപാദാനങ്ങൾ, ൨. ഉപാംശൂദണ്ഡം. ഇങ്ങനെ സംഘവൃത്തം പതിനൊന്നാമധികരണം.
൧. ദൂതകൎമ്മം, ൨. മന്ത്രയുദ്ധം, ൩. സേനാമുഖ്യവധം, ൪. മണ്ഡലപ്രോത്സാഹനം, ൫. ശസ്രാഗ്നിരസപ്രണിധികൾ, ൬. വീവധാസാരപ്രസാരവധം, ൭. യോഗാതിസന്ധാനം, ൮. ദണ്ഡാതിസന്ധാനം, ൯. ഏകവിജയം. ഇങ്ങനെ ആബലീയസം പന്ത്രണ്ടാമധികരണം.
൧. ഉപജാപം, ൨. യോഗവാമനം, ൩. അപസൎപ്പപ്രണിധി, ൪. പര്യുപാസനകൎമ്മം, ൫. അവമൎദ്ദം, ൬. ലബ്ധപ്രശമനം. ഇങ്ങനെ ദുൎഗ്ഗലംഭോപായം പതിമ്മുന്നാമധികരണം.
൧. പരഘാതപ്രയോഗം, ൨. പ്രലംഭനം, ൩. സ്വബലോപഘാതപ്രതീകാരം. ഇങ്ങനെ ഔപനിഷദികം പതിന്നാലാമധികരണം.
൧. തന്ത്രയുക്തികൾ. ഇങ്ങനെ തന്ത്രയുക്തി പതിനഞ്ചാമധികരണം.
ശാസ്രസമുദ്ദേശം - പതിനഞ്ച് അധികരണങ്ങൾ, നൂറ്റയ്മ്പതു് അധ്യായങ്ങൾ, നൂറ്റെണ്പതു് പ്രകരണങ്ങൾ.
സുഖധീജ്ഞേയമായ് തത്ത്വ-
പദാൎത്ഥങ്ങളുറച്ചതായ്
ഗ്രന്ഥവിസ്തരമില്ലാതി-
ശ്ശാസ്ത്രം കൌടില്യനോതിനാൻ.
വിദ്യകളെന്നാൽ ആന്വീക്ഷികി, ത്രയി, വാൎത്ത, ദണ്ഡനീതി എന്നിവയാണു്.
ത്രയിയും വാൎത്തയും ദണ്ഡനിതീയുമാണ് വിദ്യകളെന്നു മനുശിഷ്യന്മാർ പറയുന്നു. അവരുടെ പക്ഷത്തിൽ ആന്വീക്ഷികി ത്രയിയുടെതന്നെ ഒരുവകഭേദമാണ്.
വാൎത്തയും ദണ്ഡനിതീയും എന്ന രണ്ടേ വിദ്യയുളളു എന്നു ബൃഹസ്പതിശിഷ്യന്മാർ അഭിപ്രായപ്പെടുന്നു. അവരുടെമതത്തിൽ, ത്രയി എന്നതു ലോകയാത്രയറിയുന്നവന്നു് ഒരു സംവരണം (രക്ഷ) മാത്രമാകുന്നു.
ദണ്ഡനിതീയൊന്നേ വിദ്യയുളളു എന്നു ശുക്രശിഷ്യന്മാർ. ദണ്ഡനിതീയിൽത്തന്നെ എല്ലാ വിദ്യകളുടെയും സാരങ്ങൾ അടങ്ങിയിരിക്കുന്നു എന്നാണ് അവരുടെ പക്ഷം.
വിദ്യകൾ നാലുംതന്നെയുണ്ടെന്നാണ് കൌടില്യമതം. വിദ്യകളുടെ വിദ്യാത്വമെന്നത് അവകൊണ്ടു ധൎമ്മാൎത്ഥങ്ങളെ അറിയാമെന്നുളളതുതന്നെയാണല്ലോ.
സാഖ്യം, യോഗം, ലോകായതം ഇവയാണ് ആന്വീക്ഷികി. ധൎമ്മാധൎമ്മങ്ങൾ ത്രയിയിലും, അൎത്ഥാനൎത്ഥങ്ങൾ വാൎത്തയിലും, നയാപനയങ്ങൾ ദണ്ഡനിതീയിലും പറഞ്ഞിരിക്കുന്നു. ഇവയിലെ ധൎമ്മാധൎമ്മാദികളുടെ ബലാബലങ്ങളെ യുക്തികളാൽ അന്വീക്ഷണം ചെയ്തുകൊണ്ട് ആന്വീക്ഷികി ലോകത്തിന്നുപകാരം ചെയ്യുന്നു; വ്യസനം വരുമ്പോഴും അഭ്യുദയം വരുമ്പോഴും വികാരം ഭവിക്കാത്തവിധം ബുദ്ധിയെ നിലനിൎത്തുന്നു. പ്രജ്ഞ, വാക്കു, പ്രവൃത്തി ഇവയ്ക്കു നൈപുണ്യമുണ്ടാക്കുകയും ചെയ്യുന്നു. [ 7 ]വിളക്കായ് വിദ്യകൾക്കെല്ലാം
ക്രിയയ്ക്കെല്ലാമുപായമായ്
ധൎമ്മങ്ങൾക്കാശ്രയവുമാ-
യാന്വീക്ഷികിജയിപ്പുതേ
സാമം, ഋക്കു്, യജൂസ്സ് എന്ന മൂന്നു വേദങ്ങളാണു് ത്രയി എന്നതു്. അഥൎവ്വവേദവും, ഇതിഹാസവേദവും വേദങ്ങൾതന്നെ. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നിവ വേദാംഗങ്ങൾ.
ഈ ത്രയിയിൽ ഉപദേശിക്കുന്ന ധൎമ്മം നാലു വൎണ്ണങ്ങൾക്കും നാലാശ്രമങ്ങൾക്കും സ്വധൎമ്മസ്ഥാപനം ചെയുന്നതിനാൽ ഉപകരിക്കുന്നു
ബ്രാഹ്മണന്റെ സ്വധൎമ്മം അധ്യയനം, അധ്യാപനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം എന്നിവ; ക്ഷത്രിയന്റേത് അധ്യയനം, യജനം, ദാനം, ശാസ്ത്രാജീവം, പ്രാണിപാലനം എന്നിവ; വൈശ്യന്റേതു അധ്യയനം, യജനം, ദാനം, കൃഷി, പാശുപാല്യം, വാണിജ്യം എന്നിവ; ശുദ്രന്റേതു് ദ്വിജാതികളുടെ ശുശ്രുഷ, വാൎത്ത, ശില്പികൎമ്മം, കുശീലവകൎമ്മം എന്നിവ
ഗൃഹസ്ഥന്റെ സ്വധൎമ്മം സ്വകൎമ്മം ചെയ്തപജീവിക്കുക, തുല്യരായും ഭിന്നഗോത്രക്കാരായുമുള്ളവരെ വിവാഹം ചെയ്യുക, ഋതുകാലങ്ങളിൽ ഭാൎയ്യാഗമനം ചെയ്യുക, [ 8 ] ദേവന്മാൎക്കും പിതൃക്കൾക്കും അതിഥികൾക്കും ഭൃത്യന്മാൎക്കും അന്നാദികൾ നൽകുക, അതിന്റെ അവശേഷം കൊണ്ടു ഭക്ഷണം കഴിക്കുക എന്നിവയാണു്.
ബ്രഹ്മചാരിയുടെ ധൎമ്മം സ്വാധ്യായം, അഗ്നികാൎയ്യം, അഭിഷേകം (ത്രിഷവണസ്നാനം) ഭിക്ഷാവൃത്തി, ഗുരുവിന്റെയോ ഗുരുവില്ലാത്ത പക്ഷം ഗുരുപുത്രന്റെയോ സബ്രഹ്മചാരിയുടെയോ അടുക്കൽ പ്രാണാവസാനത്തോളമുളള വൃത്തി എന്നിവയാണു്.
വാനപ്രസ്ഥന്റെ ധൎമ്മം ബ്രഹ്മചൎയ്യം അനുഷ്ഠിക്കുക, ഭൂമിയിൽ ശയിക്കുക, ജടയും തോലും ധരിക്കുക, അഗ്നിഹോത്രംചെയ്യുക, ത്രിഷവണസ്നാനം ചെയ്യുക, ദേവതകളേയും പിതൃക്കളേയും അതിഥികളേയും പൂജിക്കുക, വന്യങ്ങളെക്കൊണ്ട് ആഹാരം ചെയ്യുക എന്നിവയാണു്.
പരിവ്രാജകന്റെ ധൎമ്മം ഇന്ദ്രിയസംയമം, കൎമ്മങ്ങളൊന്നുമനുഷ്ഠിക്കായ്മ, അകിഞ്ചനത്വം, സൎവ്വസംഗപരിത്യാഗം, പല ഗൃഹങ്ങളിൽനിന്നും ഭിക്ഷ വാങ്ങി ഉപജീവിക്കുക, വനവാസം, ബാഹ്യവും, ആഭ്യന്തരവുമായുളള ശൌചം എന്നിവയാണു്.
അഹിംസ, സത്യം, ശൌചം, അനസൂയ, ആനൃശംസ്യം, ക്ഷമ എന്നിവ എല്ലാവൎക്കും സാധാരണമായിട്ടുളള ധൎമ്മങ്ങളാകുന്നു.
സ്വധൎമ്മം സ്വൎഗ്ഗത്തിന്നും നിത്യസുഖത്തിന്നും കാരണമാകും. അതിനെ അതിക്രമിച്ചു നടന്നാൽ ലോകം സാങ്കൎയ്യം വന്നു നശിച്ചുപോകും.
ജനങ്ങൾതൻ സ്വധൎമ്മത്ത
നൃപൻ തെറ്റാതെ നോക്കണം.,
സ്വധൎമ്മം കാക്കുകിൽ സൌഖ്യ-
മുണ്ടാമിഹപരങ്ങളിൽ.
നന്മൎയ്യാദയുറപ്പിച്ചും
കാത്തും വൎണ്ണാശ്രമങ്ങളെ
ത്രയിയാൽ പാലിതം ലോകം
തെളിയും.; ക്ഷയമാൎന്നിടാ
വാൎത്ത എന്നാൽ കൃഷിയും, പാശുപാല്യവും, വാണിജ്യവും ആകുന്നു. അതു ധാന്യം, പശു, ഹിരണ്യം, കപ്യം, വിഷ്ടി എന്നിവയെ നൽകി ഉപകാരം ചെയ്യുന്നു. വാൎത്തയാലുണ്ടാകുന്ന കോശദണ്ഡങ്ങളെക്കൊണ്ടു രാജാവു സ്വപക്ഷത്തേയും പരപക്ഷത്തേയും സ്വായത്തമാക്കുന്നു.
ആന്വീക്ഷികി, ത്രയി, വാൎത്ത എന്നിവയുടെ യോഗക്ഷേമത്തിന്നു സാധനമായിട്ടുളതത്രെ ദണ്ഡം. അതിന്റെ നീതിയാണു് ദണ്ഡനീതി. അലബ്ധമായ ഐശ്വൎയ്യം ലഭിക്കുവാനും, ലബ്ധമായതിനെ രക്ഷിക്കുവാനും, രക്ഷിതമായതിനെ വൎദ്ധിപ്പിക്കുവാനും, വൎദ്ധിച്ചതിനെ സൽപാത്രങ്ങളിൽ അൎപ്പിക്കുവാനും ദണ്ഡം പ്രയോജനപ്പെടുന്നു. അതിന്നധീനമായിട്ടാണു് ലോകയാത്ര നടക്കുന്നതു്. ആകയാൽ, ലോകയാത്ര നടക്കേണമെന്നിച്ഛിക്കുന്ന രാജാവ് എപ്പോഴും ദണ്ഡത്തെ പ്രയോഗിച്ചും കൊണ്ടിരിക്കണം.
ജനങ്ങളെ വശത്താക്കുന്നതിന്നു ദണ്ഡംപോലെ ഇത്ര നന്നായിട്ടു മറ്റൊന്നില്ലെന്നു് ആചാൎയ്യന്മാ൪ പറയു [ 10 ] ന്നു. അങ്ങനെയല്ലെന്നാണു' കൌടില്യന്റെ പക്ഷം. തീക്ഷ്ണമായ ദണ്ഡംചെയ്യുന്ന രാജാവ് പ്രജകളുടെ വെറുപ്പിന്നു പാത്രമാകും. മൃദുവായ ദണ്ഡം ചെയ്യുന്നവനെ അവർ തിരസ്ക്കരിക്കയും ചെയ്യും. അർഹതപോലെ ദണ്ഡം പ്രയോഗിക്കുന്നവൻ മാത്രമേ പൂജ്യനാകയുളളൂ. വേണ്ടതുപോലെ അറിഞ്ഞു പ്രയോഗിക്കുന്നതായാൽ ദണ്ഡം പ്രജകളെ ധർമ്മാർത്ഥകാമങ്ങളോടിണക്കും; കാമക്രോധങ്ങൾ കാരണം അറിവുകൂടാതെ ദണ്ഡത്തെ പിഴച്ചു പ്രയോഗിച്ചാൽ അതു വാനപ്രസ്ഥന്മാരേയും പരിവ്രാജകന്മാരേയുംകൂടി കോപിപ്പിക്കും; ഗൃഹസ്ഥന്മാരെക്കോപിപ്പിക്കുമെന്നു പിന്നെപ്പറയേണ്ടതുണ്ടോ? ദണ്ഡം തീരെ പ്രയോഗിക്കാതിരുന്നാലോ അതു മാത്സ്യന്യായ[1]ത്തെ ചെയ്യും; ദണ്ഡധരനായിട്ടൊരാളില്ലാതിരുന്നാൽ ബലമേറിയവ൯ ബലം കുറഞ്ഞവനെ ഗ്രസിച്ചുകളയും. ശരിയായ ദണ്ഡം കൊണ്ടു രക്ഷിക്കുകകാരണമാണ് ദുബ്ബലനായവനും ബലവാനാകുന്നതു്.
ചതുവ്വണ്ണാശ്രമം ലോകം
നൃപ൯ ദണ്ഡേന കാക്കുകിൽ
സ്വധർമ്മകർമ്മരതമായ്
നിജസ്ഥാനത്തിരുന്നിടും.
അതുകൊണ്ടു, ദണ്ഡത്തെ അടിസ്ഥാനമാക്കിയിട്ടാണ് മററു മൂന്നു വിദ്യകളും സ്ഥിതിചെയ്യുന്നത്. ദണ്ഡമാകട്ടെ വിനയമൂലമായിരുന്നാൽ മാത്രമേ ജീവികൾക്കു യോഗക്ഷേമങ്ങളെ സാധിപ്പിക്കുകയുള്ളു.
കൃതകമെന്നും സ്വാഭാവികമെന്നും രണ്ടുവിധത്തിലാണ് വിനയം. ക്രിയ ദ്രവ്യത്തെ മാത്രമല്ലതെ ദ്രവ്യമല്ലാത്തതിനെ വിനയിക്കുകയില്ലല്ലോ. ശുശ്രൂഷ, ശ്രവണം, ഗ്രഹണം, ധാരണം, വിജ്ഞാനം, ഊഹം, അപോഹം, തത്ത്വം എന്നിവയിൽ ബുദ്ധിക്ക് അഭിനിവേശമുളളവനെ മാത്രമേ വിദ്യ വിനയിക്കുകയുള്ളു; അങ്ങനെയല്ലാതുള്ളവനെ വിദ്യ വിനയിക്കുകയില്ല; വിദ്യകളുടെ വിനയവും നിയമവും അതാതു വിദ്യയുടെ ആചാൎയ്യനെ പ്രമാണിച്ചാകുന്നു.
ചൌളകൎമ്മം കഴിഞ്ഞാൽ ലിപിയും സംഖ്യാനവും ആഭ്യസിക്കണം. ഉപനയനം കഴിഞ്ഞാൽ ശിഷ്ടന്മാരായ അചാൎയ്യന്മാരിൽനിന്നും ത്രയിയും ആന്വീക്ഷികിയും, അധ്യക്ഷന്മാരിൽനിന്നു വാൎത്തയും, വാക്കിലും പ്രയോഗത്തിലും നൈപുണ്യമുള്ള ഗുരുക്കന്മാരിൽനിന്നു ദണ്ഡനീതിയും പഠിക്കണം.
പതിനാറു വയസ്സു തികയുന്നതുവരെ ബ്രമചൎയ്യം അനുഷ്ഠിക്കണം. അതിന്നു ശേഷം ഗോദാനം [കേശാന്തകൎമ്മം] ചെയ്തു വിവാഹം കഴിക്കണം. വിനയത്തിന്റെ വൃദ്ധിക്കുവേണ്ടി വിദ്യാവൃദ്ധന്മാരുമായി നിത്യവും സഹവാസം ചെയ്തുംകൊണ്ടിരിക്കണം. അതാണു വിനയത്തിന്നു മൂലം. [ 12 ] പകൽ സമയത്തെ മൂന്നായി ഭാഗിച്ച് ആദ്യത്തെ ഭാഗം മുഴുവൻ ഹസ്തിവിദ്യ, അശ്വവിദ്യ, രഥവിദ്യ, ആയുധവിദ്യ എന്നിവയിൽ അഭ്യാസം ചെയ്യണം. മൂന്നാമത്തെ ഭാഗത്തിൽ ഇതിഹാസത്തെ കേട്ടു പഠിക്കണം. ഇതിഹാസമെന്നാൽ പുരാണം, ഇതിവൃത്തം, ആഖ്യായിക, ഉദാഹരണം, ധർമ്മശാസ്ത്രം, അർത്ഥശാസ്ത്രം എന്നിവയാകുന്നു. അഹോരാത്രത്തിന്റെ ശേഷമുളള ഭാഗത്തിങ്കൽ മുൻപു പഠിക്കാത്ത വിദ്യകളെ ഗ്രഹിക്കുകയും, ഗ്രഹിച്ചതിനെ പരിചയിക്കുകയും, അല്പമാത്രം ഗ്രഹിച്ചിട്ടുളളതിനെ വീണ്ടും വീണ്ടും പഠിച്ചു' ഉപസ്ഥിതി വരുത്തുകയും വേണം.
ശ്രുതംകൊണ്ടു പ്രജ്ഞയുണ്ടാകുന്നു., പ്രജ്ഞകൊണ്ടു യോഗം സിദ്ധിക്കുന്നു; യോഗത്തിൽനിന്നു ആത്മവത്തയും ഉളവാകുന്നു. ഇങ്ങനെയാണു വിദ്യയുടെ സാമൎത്ഥ്യം.
വിദ്യയാൽ വിനയം നേടി
പ്രജാവിനയനിഷ്ഠനായ'
സർവ്വഭൂതഹിതൻ രാജാ
പാരടച്ചു ഭരിച്ചിടും.
വിദ്യാവിനയകാരണമായിട്ടുളളതു ഇന്ദ്രിയജയമാകുന്നു. അതിനെ കാമം, ക്രോധം, ലോഭം, മാനം, മദം, [ 13 ] ഹൎഷം എന്നിവയുടെ ത്യാഗംകൊണ്ടു സമ്പാദിക്കേണ്ടതാണ്. ഇന്ദ്രിയജയമെന്നാൽ കൎണ്ണം, ത്വൿ ചക്ഷുസ്സ്, ജിഹ്വ, ഘ്രാണം എന്നീ പഞ്ചേന്ദ്രിയങ്ങൾക്ക് ശബ്ദം, സ്പൎശം, രൂപം, രസം, ഗന്ധം എന്നീ വിഷയങ്ങളിൽ അവിപ്രതിപത്തി (വിരോധം കൂടാതെകണ്ടുളള പ്രവൃത്തി)യാകുന്നു. അഥവാ ശാസ്ത്രാൎത്ഥാനുഷ്ഠാനമാണു് ഇന്ദ്രിയജയമെന്നും പഠയാം. എന്തുകൊണ്ടെന്നാൽ, ഈ ശാസ്ത്രമെല്ലാംതന്നെ ഇന്ദ്രിയജയമത്രെ.[2]
ശാസ്ത്രവിരുദ്ധമായി പ്രവൃത്തിക്കുന്നവനും ഇന്ദ്രിയങ്ങളെ ജയിച്ചു കീഴടക്കാത്തവനുമായ രാജാവു്, ചതുസ്സമുദ്രപൎയ്യന്തയായ ഭൂമിയെ വാഴുന്നവൻതന്നെയായാലും, പൊടുന്നനവെ നശിച്ചുപോകും. ഇതിന്നു ദൃഷ്ടാന്തമാവിതു്: ഭോജദേശം വാണിരുന്ന ദാണ്ഡക്യനെന്ന രാജാവു് കാമത്താൽ ബ്രാഹ്മണകന്യകയെക്കുറിച്ചു ആസക്തനായിട്ടു ബന്ധുക്കളോടും രാഷ്ട്രത്തോടുംകൂടി നശിച്ചു; വിദേഹാധിപതിയായിരുന്ന കരാളനെന്ന രാജാവും അങ്ങനെതന്നെ നശിച്ചു. കോപത്താൽ, ജനമേജയനെന്ന രാജാവു ബ്രാഹ്മണരോടു കലഹിച്ചു ബന്ധുക്കളോടും, രാജ്യത്തോടുംകൂടി നശിച്ചു; അപ്രകാരംതന്നെ താലജംഘനെന്ന രാജാവും ഭൃഗുക്കളോടു കലഹിച്ചു നാശമടഞ്ഞു. ലോഭത്താൽ, ഐളൻ എന്ന രാജാവു ചതുൎവ്വൎണ്ണങ്ങളുടെ ധനം അപഹരിപ്പാൻ ശ്രമിച്ചിട്ടു നാശം പ്രാപിച്ചു; സുവീരദേശാധിപതിയായ അജബിന്ദു എന്ന രാജാവും അതേ കാരണത്താൽത്തന്നെ നശിച്ചു. മാനത്താൽ, രാവണൻ പരപത്നിയെ അപഹരിച്ചിട്ടു മടക്കിക്കൊടുക്കാതെ [ 14 ] നശിച്ചു; ദുൎയ്യോധനനും രാജ്യത്തിൽനിന്ന് അംശം കൊടുക്കാതെ നശിച്ചുപോയി. മദത്താൽ, ഡംഭോത്ഭവനെന്ന രാജാവു സൎവ്വഭൂതങ്ങളേയും അപമാനിച്ചു നശിച്ചു; ഹേഹയാധിപതിയായ കാൎത്തവീൎയ്യാൎജ്ജൂനനും അപ്രകാരംതന്നെ നശിച്ചുപോയി. ഹൎഷത്താൽ, വാതാപി എന്നവൻ അഗസ്ത്യമഹൎഷിയെ ആക്രമിപ്പാൻ പുറപ്പെട്ടു മരണമടഞ്ഞു; വൃഷ്ണിസംഘവും ദ്വൈപായനനെ ആക്രമിപ്പാൻ തുനിഞ്ഞു നശിച്ചുപോയി.
ഇച്ചൊന്നോരും മററുമേറെ-
യജിതേന്ദ്രിയരാം നൃപർ
അരിഷഡ്വൎഗ്ഗമേറാററാർ
ബന്ധുരാഷ്ട്രസമേതരായ്;
ഒഴിച്ചു ശത്രുഷഡ്വൎഗ്ഗം
വശിയാം ജാമദഗ്ന്യനും
നാഭാഗനാമംബരീഷൻ -
താനും വാണാരനേകനാൾ .
ആകയാൽ , രാജാവ് അരിഷഡ്വൎഗ്ഗങ്ങളെ അകററി ഇന്ദ്രിയജയത്തെ സാധിക്കണം; വൃദ്ധസംയോഗംകൊണ്ടു പ്രജ്ഞയെ ഉത്തേജിപ്പിക്കണം; ചാരനെക്കൊണ്ടു ചക്ഷുസ്സിന്റെ കാൎയ്യം നിർവഹിക്കണം; ഉത്ഥാനം (നിരന്തരമായ ഉദ്യോഗം) കൊണ്ടു യോഗക്ഷേമങ്ങളെ സാധിക്ക [ 15 ] ണം; കാൎയ്യാനുശാസനംകൊണ്ടു പ്രജകളെ സ്വധൎമ്മങ്ങളിൽ പ്രവൃത്തിപ്പിക്കണം; വിദ്യോപദേശംകൊണ്ടു വിനയത്തെ ഉണ്ടാക്കണം; അൎത്ഥസംയോഗംകൊണ്ടു ലോകരുടെ പ്രീതിയെ സമ്പാദിക്കണം; ഹിതംകൊണ്ടു ലോകയാത്രയെ നിൎവ്വഹിക്കുകയും വേണം.
ഇപ്രകാരം ഇന്ദ്രിയങ്ങളെ വശപ്പെടുത്തിയ രാജാവു പരസ്ത്രീയേയും പരദ്രവ്യത്തേയും പരഹിംസയേയും പരിത്യജിക്കണം. ഉചിതമല്ലാത്ത ഉറക്കം, അനുചിതവിഷയങ്ങളിൽ ലോലത, അസത്യഭാഷണം, ഔദ്ധത്യം തോന്നിക്കുന്ന വേഷം, അൎത്ഥസംയോഗത്തിന്നു വിപരീതമായ നടപടി, അധൎമ്മത്തേയും അനൎത്ഥത്തേയും ഉളവാക്കുന്ന ഇടപാടു എന്നിവയും വൎജ്ജിക്കണം.
ധൎമ്മാൎത്ഥങ്ങൾക്കു വിരോധം വരാത്തവിധത്തിൽ വേണം കാമത്തെ സേവിക്കുവാൻ. കാമമേ വേണ്ടെന്നു വച്ചു കേവലം സുഖരഹിതനായിരിക്കുവാനും പാടില്ല. അഥവാ അന്യോന്യാശ്രയമായിട്ടുള്ള ത്രിവൎഗ്ഗത്തെ (ധൎമ്മാൎത്ഥകാമങ്ങളെ) സമമാകുംവണ്ണം സേവിക്കുകയുമാകാം. എന്തുകൊണ്ടെന്നാൽ, ധൎമ്മാൎത്ഥകാമങ്ങളിൽവച്ചു ഒന്നിനെ മാത്രം അധികമായി സേവിച്ചാൽ അതു മററു രണ്ടിനേയും, തന്നേയും പീഡിപ്പിക്കും.
ത്രിവൎഗ്ഗത്തിൽ ധൎമ്മവും കാമവും അൎത്ഥത്തെ ആസ്പദിച്ചുള്ളവയാകയാൽ അൎത്ഥംതന്നെയാണു് പ്രധാനമെന്നാണ് കൌടില്യന്റെ അഭിപ്രായം.
രാജാവു ആചാൎയ്യന്മാരെയോ അമാത്യന്മാരെയോ പരമമായ മൎയ്യാദ (അലംഘ്യമായ അതിര്) ആയിട്ടു കല്പിക്കണം. അവർ അദ്ദേഹത്തെ അപായസ്ഥാനങ്ങളിൽനിന്നു നിവൎത്തിപ്പിക്കണം. രഹസ്യസ്ഥലങ്ങളിലെപ്പെരുമാററംകൊണ്ടു രാജാവു കാൎയ്യങ്ങളിൽ പ്രമാദം വരുത്തുന്നതാ [ 16 ] യിക്കണ്ടാൽ ഛായ (പുരുഷമാനം) നാളിക (കാലമാനം) എന്നിവയാകുന്ന കടിഞ്ഞാൺകൊണ്ടു അദ്ദേഹത്തെ അസഹ്യപ്പെടുത്തുകയും വേണം.[3]
തുണവേണ്ടോന്നു രാജത്വം,
ഒറ്റച്ചക്രം നടന്നിടാ;
ആകയാൽ സചിവന്മാരെ
വെച്ചു കേൾക്കുക തന്മതം.
സഹപാഠികളെ അമാത്യന്മാരായി നിശ്ചയിക്കേണമെന്നു ഭാരദ്വാജൻ അഭിപ്രായപ്പെടുന്നു. കാരണം, അവരുടെ ശൌചവും സാമൎത്ഥ്യവും കണ്ടറിഞ്ഞിട്ടുളളതാകയാൽ അവർ രാജാവിന്നു വിശ്വാസ്യന്മാരായിരിക്കുമെന്നതുതന്നെ.
അതരുതെന്നു വിശാലാക്ഷൻ. അവർ കൂടെക്കളിച്ചവരാകയാൽ രാജാവിനെ അനാദരിച്ചേക്കും. രാജാവിനോടൊത്തു ഗുഹ്യങ്ങളായ കാൎയ്യങ്ങളിൽ ഏൎപ്പെട്ടിട്ടുള്ളവരാരോ, അവർ അദ്ദേഹത്തിന്റെ ശീലത്തിലും വ്യസനത്തിലും (ശീലക്കേടിലും) സമാനന്മാരായതുകൊണ്ട് അവരെ അമാത്യന്മാരാക്കണമെന്നാണു വിശാലാക്ഷന്റെ പ [ 17 ] ക്ഷം. അവർ, തങ്ങളുടെ മൎമ്മമറിയുന്നവനാണു രാജാവെന്നുളള ഭയം കാരണം അദ്ദേഹത്തോടു് അപരാധം പ്രവൃത്തിക്കയില്ല.
ഇതു രണ്ടുപേൎക്കും സമാനമായിട്ടുളള ദോഷമാണെന്നു പരാശരൻ പറയുന്നു. എന്തുകൊണ്ടെന്നാൽ, അമാത്യന്മാർ തന്റെ മൎമ്മറിയുന്നവരാണെന്നുളള ഭയം കാരണം, അവരുടെ പ്രവൃത്തികൾ നല്ലതായാലും ചീത്തയായാലും, രാജാവു് അവയെ അനുസരിച്ചേക്കും.
എത്രപേരോടു രാജാവു
തന്റെ ഗുഹ്യം കഥിപ്പിതോ
അക്കമ്മത്താലത്രപേൎക്കും
വശ്യനാമവശൻ നൃപൻ.
ആകയാൽ, രാജാവിന്നു പ്രാണാപായകരങ്ങളായ ആപത്തുകളിൽ ഉപകാരം ചെയ്തിട്ടുളളവരാരോ അവരെ അമാത്യന്മാരാക്കണമെന്നാണു പരാശരമതം. കാരണം, അവരുടെ സ്നേഹം കണ്ടറിഞ്ഞിട്ടുളളതുതന്നെ.
അങ്ങനെയല്ലെന്നു പിശുനൻ പറയുന്നു. അവൎക്കുളളതു ഭക്തിയാണ്, ബുദ്ധിഗുണമല്ല. അൎത്ഥം സംബന്ധിച്ചുളള ജോലികളിൽ നിയോഗിക്കപ്പെട്ടിട്ട അതിൽനിന്നുളള ദ്രവ്യോൽപ്പത്തിയെ കുറവുകൂടാതെയോ കൂടുതലായോ ചെയ്യുന്നതാരോ അവരുടെ ഗുണം കണ്ടറഞ്ഞിട്ടുള്ളതാകയാൽ അവരെ അമാത്യന്മാരാക്കണമെന്നാണു പിശുനന്റ അഭിപ്രായം
അരുതെന്നു കൌണപാദന്തൻ. എന്തുകൊണ്ടെന്നാൽ, അവർ മററുള്ള അമാത്യഗുണങ്ങളില്ലാത്തവരാണല്ലോ. ആയതുകോണ്ടു പിതൃപിതാമഹന്മാർ മുതൽക്കുതന്നെ പാരമ്പൎയ്യംകൊണ്ടു അമാത്യപദവിയുള്ളവരെ വേണം അ [ 18 ] മാത്യന്മാരാക്കുവാൻ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്തുകൊണ്ടെന്നാൽ, അവരുടെ അപദാനം (പരാക്രമം) കണ്ടറിഞ്ഞിട്ടുള്ളതുകൊണ്ടുതന്നെ. അവർ സഗന്ധത്വം (ചിരപരിചയം) ഉള്ളവരാകയാൽ തങ്ങൾക്കു രാജാവു ദ്രോഹംചെയ്താൽക്കൂടിയും അദ്ദേഹത്തെ വിട്ടുനടക്കുകയില്ല. മനുഷ്യരല്ലാത്തവരിലുംകൂടി ഇതുകാ ണുന്നുണ്ട്. പശുക്കൾ സഗന്ധമല്ലാത്ത ഗോഗണത്തെ വിട്ടു സഗന്ധമായ കൂട്ടത്തിൽ ചെന്നുകൂടുന്നുണ്ടല്ലൊ.
അങ്ങനെയല്ലെന്നു വാതവ്യാധി പറയുന്നു. പാരമ്പൎയ്യവഴിക്കുളള അമാത്യന്മാർ സ്വാമിയുടെ വകയായിട്ടുളള സൎവ്വവും അപഹരിച്ചു സ്വമിയെപ്പോലെ നടക്കും. അതുകൊണ്ടു നീതിജ്ഞന്മാരും നവീനന്മാരുമായവരെ വേണം അമാത്യന്മാരാക്കുവാനെന്നാണു' അദ്ദേഹത്തിന്റെ പക്ഷം. നവീനന്മാരായ അമാത്യന്മാർ ദണ്ഡധരനായ രാജാവിനെ യമനെപ്പോലെ വിചാരിച്ച് അദ്ദേഹത്തിന്നു പിഴ ചെയ്യാതിരിക്കും.
അപ്രകാരമല്ലെന്നു ബാഹുദന്തീപുത്രൻ, ശാസ്ത്രജ്ഞനാണെങ്കിലും പ്രവൃത്തി കണ്ടു പരിചയിക്കാത്തവൻ കാൎയ്യങ്ങളിൽ വിഷാദത്തെ പ്രാപിക്കും.അതുകൊണ്ടു അഭിജനം (കുലീനത), പ്രജ്ഞ, ശൌചം, ശൊൎയ്യം, സ്വാമിഭക്തി എന്നീ ഗുണങ്ങളുളളവരെ അമാത്യന്മാരാക്കണം. കാരണം ഈ വിഷയത്തിൽ ഗുണത്തിന്നാണു പ്രാധാന്യമെന്നതുതന്നെ.
എല്ലാവരുടെ പക്ഷവും യുക്തമാണെന്നാണു കൌടില്യമതം. എന്തുകൊണ്ടന്നാൽ, കാൎയ്യസാമൎത്ഥ്യംകൊണ്ടു പുരുഷസാമൎത്ഥ്യത്തെ കല്പിക്കാവുന്നതാണ്. പക്ഷെ മററു സാമൎത്ഥ്യംകൂടി നോക്കുകയും വേണം. [ 19 ]അമാത്യഗുണവും നോക്കി-
ദ്ദേശകാലങ്ങൾ കൎമ്മവും
അമാത്യരാക്കാമിവരെ-
യെല്ലാം; മന്ത്രികളാക്കൊലോ
ജാനപദൻ (നാട്ടുവകതിരിവുളളവൻ) ആയിരിക്കുക , അഭിജാതനായിരിക്കുക , സ്വവഗ്രഹൻ (ജനസമ്മതൻ) ആയിരിക്കുക, കൃതശില്പൻ (കലാവിദ്യകളഭ്യസിച്ചവൻ) ആയിരിക്കുക, ചക്ഷുഷ്മാൻ (ശാസ്ത്രചക്ഷുസ്സോടു കൂടിയവൻ) ആയിരിക്കുക, പ്രാജ്ഞനായിരിക്കുക, ധാരയിഷ്ണുവായിരിക്കുക, ദക്ഷനായിരിക്കുക, വാഗ്മിയായിരിക്കുക, പ്രഗല്ഭനായിരിക്കുക, പ്രതിപത്തിമാൻ (പ്രതിഭാ ശക്തിയുളളവൻ) ആയിരിക്കുക, ഉത്സാഹയുക്തനായിരിക്കുക, പ്രഭാവയുക്തനായിരിക്കുക, ക്ലേശസഹനായിരിക്കുക, ശുചിയായിരിക്കുകക, മൈത്രൻ(മിത്രഭാവത്തിൽ വൎത്തിക്കുന്നവൻ) ആയിരിക്കുക, ദൃഢഭക്തിയായിരിക്കുക, സുശീലനായിരിക്കുക, ബലവാനായിരിക്കുക, ആരോഗ്യവാനായിരിക്കുക, സത്ത്വയുക്തനായിരിക്കുക, സ്തംഭചാപല്യ ഹീനനായിരിക്കുക, സംപ്രിയൻ (കാഴ്ചയിൽ പ്രീതിതോന്നിക്കുന്നവൻ)ആയിരിക്കുക, വൈരങ്ങൾചെയ്യാത്തവനായിരിക്കുക എന്നിവയാണ് അമാത്യസമ്പത്തു്. ഈ ഗുണങ്ങളിൽ നാലിലൊന്നു കുറഞ്ഞവൻ മധ്യമനും, പകുതി കുറഞ്ഞവൻ അധമനുമാകുന്നു. [ 20 ] മേൽപറഞ്ഞ ഗുണങ്ങളിൽവച്ചു ജാനപദത്വവും സ്വവഗ്രഹത്വവും ആപ്തന്മാരിൽനിന്നു പരീക്ഷിച്ചറിയേണ്ടതാണ്. ശില്പവും ശാസ്ത്രചക്ഷുഷ്മത്ത്വവും സമാനവിദ്യന്മാരായവരോടു ചോദിച്ചു മനസ്സിലാക്കണം. പ്രജ്ഞ, ധാരണാശക്തി, ദാക്ഷ്യം എന്നിവ പലതരം പ്രവൃത്തികളിൽനിന്ന് അറിയേണ്ടതാണ്. വാഗ്മിത്വവും, പ്രാഗല്ല്യവും, പ്രതിഭാശക്തിയും സംഭാഷണത്തിൽനിന്നു മനസ്സിലാക്കണം. ഉത്സാഹവും പ്രഭാവവും ക്ലേശസഹത്വവും ആപത്തു നേരിടുമ്പോൾ പരീക്ഷിച്ചറിയണം. ശൌചം, മൈത്രത്വം, ദൃഢഭക്തിത്വം എന്നിവ സംവ്യവഹാരം കൊണ്ടറിയണം. ശീലം, ബലം, ആരോഗ്യം, സത്ത്വം, സ്തംഭഹീനത, അചാപല്യം എന്നിവ സഹവാസികളിൽ നിന്നറിയണം. സംപ്രിയത്വവും അവൈരിത്വവും പ്രത്യക്ഷപരീക്ഷകൊണ്ടു മനസ്സിലാക്കണം.
രാജവൃത്തി എന്നതു പ്രത്യക്ഷംകൊണ്ടും പരോക്ഷം കൊണ്ടും അനുമാനംകൊണ്ടും ചെയ്യേണ്ടതാകുന്നു. തന്നെത്താൻകണ്ടതു പ്രത്യക്ഷം; പരന്മാർ പറഞ്ഞറിഞ്ഞതു പരോക്ഷം; ചെയ്തുകഴിഞ്ഞതിൽനിന്നു ചെയ്തുകഴിയാത്തതിനെ ഊഹിക്കുന്നതു അനുമാനം. രാജാവിന്നു ഒരേ സമയത്തു അനേകം പ്രവൃത്തികൾ ചെയ്യേണ്ടതായും അവ അനേകദേശങ്ങളിൽവച്ചു നടത്തേണ്ടതായും വരുന്നകൊണ്ടു ദേശകാലാത്യയം വരാതിരിപ്പാൻവേണ്ടി പരോക്ഷമായുള്ള കാൎയ്യത്തെ അമാത്യന്മാരെകൊണ്ടു ചെയ്യിക്കേണ്ടതാകുന്നു. ഇതാണു അമാത്യകൎമ്മം .
ഉദിതോദിത[4]ങ്ങളായ കുലശീലങ്ങളോടുകൂടിയവ [ 21 ] നും, ഷഡംഗമായ വേദവും ദൈവമായ നിമിത്തശാസ്ത്രവും ദണ്ഡനീതിയും നല്ലവണ്ണം പഠിച്ചറിഞ്ഞവനും, ദൈവകൃതങ്ങളും മനുഷ്യകൃതങ്ങളുമായുണ്ടാകുന്ന ആപത്തുകളെ അഥൎവ്വമന്ത്രങ്ങളെക്കൊണ്ടും ഉപായങ്ങളെക്കൊണ്ടും ഒഴിക്കുന്നവനുമായിട്ടുള്ളവനെ പുരോഹിതനാക്കണം. അദ്ദേഹത്തെ, ആചാൎയ്യനെ ശിഷ്യനെന്നപോലേയും, പിതാവിനെ പുത്രനെന്നപോലെയും, യജമാനനെ ഭൃത്യനെന്നപോലെയും രാജാവു അനുവൎത്തിക്കുകയും വേണം.
ബ്രഹ്മം വൎദ്ധിപ്പിച്ചു, മന്ത്രി
മന്ത്രത്താൽ രക്ഷചെയ്തുമേ
ശാസ്ത്രശസ്ത്രമെഴും ക്ഷത്രം
വെല്ലാത്തതിനെ വെന്നിടും
ഉപധകൾ വഴിയായി അമാത്യന്മാരുടെ ശൗചാശൗചജ്ഞാനം
രാജാവു, മന്ത്രിയോടും പുരോഹിതനോടുംകൂടി അമാത്യന്മാരെ ആദ്യം അപ്രധാനങ്ങളായ അധികരണങ്ങളിലിരുത്തിയിട്ടു്, ഉപധകൾ വഴിയായി പരിശോധിക്കണം
അയാജ്യനായ ഒരുവനെ യാഗവും വേദാധ്യയനവും [ 22 ] ചെയ്യിപ്പാൻ രാജാവു പുരോഹിതനോടു കല്പിക്കുക; കല്പന സമ്മതിക്കാതിരിക്കുന്ന പുരോഹിതനെ രാജാവു സ്ഥനത്തുനിന്നു നീക്കുക; സ്ഥാനഭ്രഷ്ടനായ പുരോഹിതൻ ശപഥം ചെയ്തു സ്ത്രീകൾ (ഒരുതരം ഗൂഢപുരുഷന്മാർ)വഴിയായി ഓരോ അമാത്യനേയും ഭേദിപ്പിക്കുക:- "അധാൎമ്മികനാണു് ഈ രാജാവു്. ഇരിക്കട്ടെ; ഇദ്ദേഹത്തിന്നു പകരം ഇദ്ദേഹത്തിന്റെ തന്നെ കുലത്തിൽ പിറന്ന ഒരുവനേയോ, അവരുദ്ധനായിരിക്കുന്നവനേയോ, കുലീനനും ഏകപ്രഗ്രഹനും (തനിക്കു താൻ പോന്നവൻ) ആയുളള ഒരു സാമന്തനേയോ, ആടവികനേ (അടവീപതി)യോ, ഔപപാദികൻ (നവോദിതൻ) ആയ ഒരുവനേയോ, ആരേയെങ്കിലും ധാൎമ്മികനായ ഒരാളെ നമുക്കു രാജാവായി വാഴിക്കണം. എല്ലാവൎക്കും ഇതു സമ്മതമാണു്. അങ്ങയുടെ പക്ഷം എങ്ങനെ?" എന്നു ചോദിക്കുക. അമാത്യൻ ഇതിന്നു മറുത്തു പറഞ്ഞാൽ അവൻ ശുചിയാകുന്നു. ഇതാണു് ധൎമ്മോപധ.
അസൽപ്രതിഗ്രഹം (നിന്ദ്യസ്വീകാരം) കാരണം അവക്ഷിപ്ത സേനാപതി, സ്ത്രീകൾ വഴിയായി ഒരോ അമാത്യനേയും ധാരാളം ധനം നൽകാമെന്നു പറഞ്ഞു, രാജാവിനെ നശിപ്പിക്കുവാൻപ്രേരിപ്പിക്കുക:-"എല്ലാവൎക്കും ഇതു സമ്മതമാണു് അങ്ങയ്ക്കെങ്ങനെ?" അമാത്യൻ ഇതിനെ പ്രത്യാഖ്യാനം ചെയ്താൽ അവൻ ശുചിയാകുന്നു. ഇതാണു അൎത്ഥോപധ.
അന്തഃപുരത്തിൽ വിശ്വാസപാത്രമായും സൽകരിക്കപ്പെടുന്നവളായുമിരിക്കുന്ന പരിവ്രാജിക (ഒരുതരം സന്യാസിനി) ചെന്നു ഒരോ മഹാമാത്രനെ (പ്രധാനാമാത്യനെ)യും ഭേദിപ്പിക്കുക:- "രാജമഹിഷി അങ്ങയുമായുള്ള സമാഗമത്തിന് ഉപായം കണ്ടുവെച്ചു അങ്ങയെ കാമിച്ചു [ 23 ] ക്കൊണ്ടിരിക്കുന്നു. അങ്ങയ്ക്കു് ഇതിൽനിന്നും വലിയ ധനലാഭമുണ്ടാകും" ഇതിന്നു വഴിപ്പെടാതെ അമാത്യൻ മറുത്തു പറഞ്ഞാൽ അവൻ ശുചിയാകുന്നു. ഇതാണ് കാമോപധ.
പ്രവഹണ[5](വിനോദയാത്ര)ത്തിന്നുവേണ്ടി ഒരമാത്യൻ എല്ലാ അമാത്യന്മാരേയും വരുത്തി ഒരുമിച്ചു കൂട്ടുക. അതുകണ്ടു ശങ്ക തോന്നി രാജാവു് അവരെയെല്ലാവരെയും അവരോധിക്കുക. അപ്പോൾ, മുമ്പുതന്നെ രാജാവിനാൽ അവരോധിക്കപ്പെട്ട ഒരു കാപടികച്ഛാത്രൻ (ഛാത്രനെന്ന വ്യാജേന നടക്കുന്ന ഗൂഢപുരുഷൻ) മേൽപ്രകാരം അൎത്ഥമാനങ്ങൾ പിടിച്ചടക്കി പിരിച്ചയച്ച ഓരോ അമാത്യനെയും ഭേദിപ്പിക്കുക:_ "അസൽക്കാൎയ്യങ്ങളിൽ പ്രവൃത്തിക്കുന്നവനാണു ഈ രാജാവു്. നമുക്കിദ്ദേഹത്തെ പൊടുന്നനവെ വധിച്ചു മറ്റൊരുവനെ പകരം വാഴിക്കാം. എല്ലാവൎക്കും ഇതു സമ്മതമാകുന്നു. എങ്ങനെയാണ് അങ്ങയുടെ പക്ഷം?" അമാത്യൻ ഇതിനെ പ്രത്യാഖ്യാനം ചെയ്താൽ അവൻ ശുചിയാകുന്നു. ഇതാണു ഭയോപധ.
മേൽപറഞ്ഞവയിൽവച്ചു ധൎമ്മോപധയിൽ ശുദ്ധന്മാരയവരെ ധൎമ്മസ്ഥീയം, കണ്ടകശോധനം എന്നിവ സംബന്ധിച്ച അധികാരങ്ങളിൽ നിയമിക്കണം. അൎത്ഥോപധയിൽ ശുദ്ധന്മാരായവരെ സമാഹൎത്താവിന്റെയും സന്നിധാതാവിന്റെയും നിചയകൎമ്മങ്ങളിൽ സ്ഥാപിക്കണം. കാമോപധയിൽ ശുദ്ധന്മാരായവരെ ബാഹ്യ [ 24 ] മായും ആഭ്യന്തരമായുമുളള വിഹാര[6]ങ്ങളെ (ക്രീഡാ സ്ഥാനങ്ങളെ) രക്ഷിക്കുന്ന കാൎയ്യത്തിൽ ഏൎപ്പെടുത്തണം. ഭയോപധയിൽ ശൂദ്ധന്മാരായവരെ രാജാവിന്റെ ആസന്നകാൎയ്യങ്ങളിൽ നിയമിക്കണം. എല്ലാ ഉപധകളിലും ശൂദ്ധന്മാരായവരെ വേണം മന്ത്രിമാരാക്കുവാൻ. എല്ലാ ഉപധകളിലും അശൂദ്ധന്മാരായവരെ ഖനികൾ, ദ്രവ്യവനങ്ങൾ, ഹസ്തിവനങ്ങൾ, കൎമ്മാന്തങ്ങൾ എന്നിവയിൽ നിയോഗിക്കാം.
ധൎമ്മാൎത്ഥ കാമഭീശൂദ്ധ-
രായുളേളാരെ യഥോചിതം
അതാതുജോലികൾക്കാക്കാ-
മെന്നാണാചാൎയ്യശാസനം.
അമാത്യശൂദ്ധിയിൽ നൃപൻ
തന്നെയും ദേവിയേയുമേ
ലക്ഷ്യമാക്കൊല്ലുപധകൾ-
ക്കെന്നു കൌടില്യദൎശനം.
വിഷത്താൽ ജലമെന്നോണം
ദുഷിപ്പിക്കൊല്ലദുഷ്ടനെ;
ഏറെദ്ദുഷിക്കിലവനു
മരുന്നില്ലെന്നു വന്നിടും.
നാലുമട്ടുളളുപധയാൽ
കലക്കിത്തീൎത്തതാം മതി
ധൃതിയിൽ സ്ഥിതയായ് നിന്നി-
ട്ടന്തമെത്താതൊഴിഞ്ഞിടാ.
അതിനാൽ ബാഹ്യനായുള്ള
ദൃഷ്യനേ ലക്ഷ്യമായ് നൃപൻ
അമാത്യരെസ്സത്രികളാൽ
പരീക്ഷിക്കേണമെപ്പോഴും
ഉപധകൾ വഴിയായി അമാത്യവൎഗ്ഗത്തെ സംശോധിച്ചതിനുശേഷം രാജാവു ഗൂഢപുരുഷന്മാരെ ഉൽപാദിപ്പിക്കണം. കാപടികൻ, ഉദാസ്ഥിതൻ, ഗൃഹപതിവ്യഞ്ജനൻ, വൈദേഹകവ്യഞ്ജനൻ, താപസവ്യഞ്ജനൻ എന്നിവരും സത്രികൾ, തീക്ഷ്ണന്മാർ, രസദന്മാർ, ഭിക്ഷുകികൾ എന്നിവരുമാണു ഗൂഢപുരുഷന്മാർ.
കാപടികനെന്നാൽ പരന്മാരുടെ മൎമ്മമറിയുന്നവനും പ്രഗല്ഭനുമായ ഛാത്രൻ (ശിഷ്യൻ) ആകുന്നു. അവനെ ധനമാനങ്ങളെക്കൊണ്ടു പ്രോഝാഹിപ്പിച്ചു മന്ത്രി പറവൂ:- "നീ രാജാവിനേയും എന്നെയും പ്രമാണമാക്കി, ആൎക്കെന്തു് അകുശലം (ദുൎന്നടപടി) കാണുന്നുവോ അതപ്പോൾത്തന്നെ അറിയിക്കണം"
ഉദാസ്ഥിതനെന്നാൽ പ്രവ്രജ്യാപ്രത്യാവസിത(സന്ന്യാസഭ്രഷ്ട)നും പ്രജ്ഞാശൗചങ്ങളുളളവനുമായ പുരുഷനാകുന്നു. അവൻ വാൎത്താകൎമ്മങ്ങൾക്കായിക്കൊടുത്ത [ 26 ] ഭൂമിയിൽ ധാരാളം ഹിരണ്യത്തോടും അന്തേവാസികളോടുംകൂടി പ്രവ്രത്തിചെയ്യിപ്പൂ. അതിൽനിന്നുണ്ടാകുന്ന ഫലംകൊണ്ടു പ്രവ്രജിതന്മാരായി വരുന്നവൎക്കെല്ലാം അന്നവും വസ്ത്രവും പാൎപ്പിടവും നൽകുകയും ചെയ്‌വൂ. അവരിൽവച്ചു വൃത്തികാമന്മാരായവരെ ഇങ്ങനെ ഭേദിപ്പിപ്പൂ.---"നിങ്ങൾ ഈ വേഷത്തോടുകൂടിത്തന്നെ നടന്നു രാജകാൎയ്യം അനുഷ്ഠിക്കുവിൻ. ഭക്തവും വേതനവും (ജീവിതവും ശമ്പളവും) നൽകേണ്ട കാലത്തു ഇവിടെ വന്നുകൊൾവിൻ." ഇപ്രകാരം എല്ലാ പ്രവ്രജിതന്മാരും താന്താങ്ങളുടെ വൎഗ്ഗത്തെയും ഭേദിപ്പിക്കണം.
ഗൃഹപതിവ്യഞ്ജനനെന്നാൽ വൃത്തിക്ഷീണനും (ഉപജീവനത്തിന്നില്ലാതെ ക്ലേശിക്കുന്നവൻ) പ്രജ്ഞാശൌചയുക്തനുമായ കൎഷകനത്രെ. അവൻ കൃഷിപ്പണിക്കായിക്കൊടുത്ത ഭൂമിയിൽ മേൽപ്രകാരം ചെയ്‌വൂ.
വൈദേഹകവ്യഞ്ജനനെന്നാൽ വൃത്തിക്ഷീണനും പ്രജ്ഞാശൌചവാനുമായ വാണിജകനാകുന്നു. അവൻ വാണിജ്യത്തിന്നായി നൽകിയ ഭൂമിയിൽ മേൽപ്രകാരം ചെയ്‌വൂ.
താപസവ്യഞ്ജനനെന്നാൽ വൃത്തികാമനായ മുണ്ഡനോ ജടിലനോ ആണ്. അവൻ നഗരസമീപത്തിൽ മുണ്ഡരോ ജടിലരോ ആയ ഒട്ടേറെ ശിഷ്യരോടുകൂടി പാൎപ്പുറപ്പിപ്പൂ. ഒന്നു രണ്ടു മാസം കൂടുമ്പോളൊരിക്കൽ കുറച്ചു ശാകമോ യവസമുഷ്ടിയോ (പുൽച്ചുരുള്) മാത്രമേ പ്രകാശമായിട്ടു ഭക്ഷിക്കാവൂ. ഗൂഢമായിട്ട് ഇഷ്ടമായ ആഹാരം കഴിക്കുകയുമാകാം. വൈദേഹകന്റെ ശിഷ്യന്മാർ ഇദ്ദേഹത്തെ സമിദ്ധിയോഗങ്ങൾ (അത്ഭുതസിദ്ധികൾ) ഉള്ളവനെന്ന നിലയ്ക്കു പൂജിക്കണം. സ്വന്തം ശിഷ്യന്മാർ "ഇദ്ദേഹം സിദ്ധനും സാമേധികനും (ഭാവിഫലമറിയു [ 27 ] ന്നവൻ) ആണു" എന്നു പ്രസിദ്ധമാക്കുകയും വേണം. സമേധാശാസ്തി (ഭാവിയെപ്പറ്റി അറിവാനുള്ള ആശ)യോടെ വരുന്നവരുടെ അംഗചേഷ്ടകൊണ്ടും ശിഷ്യന്മാർ കാട്ടുന്ന സംജ്ഞകൾകൊണ്ടും അവരുടെ അഭിജനകൎമ്മങ്ങളെ (തറവാട്ടുകാൎയ്യങ്ങളെ) ഇദ്ദേഹം വിവരിച്ചു പറവൂ. അല്പലാഭം, അഗ്നിദാഹം, ചോരഭയം, ദൂഷ്യൎക്കു (രാജദ്രോഹികൾക്കു) വധം, തുഷ്ടൎക്കു ദാനം എന്നിങ്ങനെ പറവൂ. ഇന്നേടത്തു് ഇന്ന കാൎയ്യം ഇന്നോ നാളയോ നടക്കുമെന്നും, ഇന്ന കാൎയ്യം രാജാവു ചെയ്യുമെന്നും ചൊല്ലി തനിക്കുള്ള വിദേശപ്രവൃത്തിജ്ഞാനവും കാണിപ്പൂ. ആ പറഞ്ഞതിനെ ഗൂഢരായ സത്രികൾ സാധിപ്പിക്കുകയും ചെയ്യണം.
ശൌൎയ്യവും പ്രജ്ഞയും വാഗ്മിത്വവുമുളള പ്രഷ്ടാക്കന്മൎക്കു രാജാവിങ്കൽനിന്നു ഭാഗ്യലാഭവും മന്ത്രിസംയോഗവും ഉണ്ടാകമെന്നു പറവു. മന്ത്രി അവൎക്കു വൃത്തികൎമ്മങ്ങൾ (ജീവിതവും പ്രവൃത്തിയും) നൽകി താപസൻ പറഞ്ഞതിനെ സഫലമലാക്കുകയും വേണം. ആർ തക്കകാരണമുണ്ടായിട്ടു രാജാവിന്റെ നേരെ ക്രുദ്ധരായിരിക്കുന്നുവോ അവരെ മന്ത്രി ധനമാനങ്ങൾ നൽകി ഒതുക്കണം അകാരണമായി ക്രോധിച്ചവരേയും രാജദ്വേഷം ചെയ്യുന്നവരേയും തൂഷ്ണീംദണ്ഡം (ഗൂഢവധം) കൊണ്ടു ശമിപ്പിക്കുകയും വേണം.
രാജാവു ധനമാനങ്ങൾ
നൽകിപ്പുജിച്ചിരുത്തുകിൽ
രാജോപജീവിശൌചത്തെ-
യറിയും സംസ്ഥയഞ്ചിവ.
എവർ അസംബന്ധിക(ഉറ്റവരില്ലാത്തവർ)ളും രാജാവു തീൎച്ചയായും ഭരിക്കേണ്ടവരുമായിട്ടുണ്ടോ ലക്ഷണം, അംഗവിദ്യ, ജംഭകവിദ്യ(ചെപ്പടിവിദ്യ), മായാഗതം (ഇന്ദ്രജാലം), ആശ്രമധൎമ്മം, നിമിത്തശാസ്ത്രം, അന്തരചക്രം (ശകുനശാസ്ത്രം) എന്നിവയോ സംസൎഗ്ഗവിദ്യകളോ(കാമശാസ്തം മുതലായവ) പഠിക്കുന്നു അവരാകുന്നു സത്രികൾ.
യാവചിലർ ജനപദത്തിൽവച്ചു ശുരന്മാരും ആത്മാവിനേഗ്ഗണിക്കാത്തവരും ദ്രവ്യത്തിന്നുവേണ്ടി ആനയോടോ വ്യാളത്തോടോ എതിൎത്തു യുദ്ധംചെയ്യന്നവരുമായിട്ടുണ്ടോ അവരത്രെ തീക്ഷ്ണന്മാർ.
യാവചിലർ ബന്ധുക്കളിൽ സ്നേഹശൂന്യന്മാരും ക്രൂരന്മാരും അലസന്മാരുമായിട്ടുണ്ടോ അവരാണ് രസദന്മാർ(വിഷംകൊടുക്കുന്നവർ)
ദരിദ്രയും വിധവയും പ്രഗല്ഭയും വൃത്തികാമയുമായി അന്തഃപുരത്തിൽ സൽക്കരിക്കപ്പെടുന്നവളായിട്ടുള്ള യാതൊരു ബ്രാഹ്മണസ്ത്രീ മഹാമാത്രന്മാരുടെ ഗൃഹങ്ങളിൽ പോയിക്കൊണ്ടിരിക്കുമോ അവളത്രെ പരിവ്രാജിക(ഭിക്ഷുകി).
പരിവ്രാജികയെപ്പറഞ്ഞതുകൊണ്ടുതന്നെ മുണ്ഡസ്ത്രീകളും വൃഷലികളും പറയപ്പെട്ടു -ഇങ്ങനെ സഞ്ചാരന്മാർ.
അവരെ രാജാവു സ്വവിഷയത്തൽ (തന്റെ നാട്ടിൽ) മന്ത്രിമാർ, പുരോഹിതന്മാർ, സേനാപതികൾ, യുവരാജാവു, ദൌവാരികന്മാർ, അന്തൎവ്വംശികന്മാർ (അന്തഃപുരാധികൃതന്മാർ), പ്രശാസ്താവു് (ദണ്ഡാധികാരി), സമാഹൎത്താവു്, സന്നിധാതാവു്, പ്രദേഷ്ടാവു് (കണ്ട [ 29 ] (കശോധനാധികാരി), നായകൻ, പൌരൻ (പുരമുഖ്യൻ), വ്യാവഹാരികൻ, കാത്താന്തികൻ, മന്ത്രിപരിഷദധ്യക്ഷൻ, ദണ്ഡപാലൻ, ദുൎഗ്ഗപാലൻ, അന്തപാലൻ, ആടവികൻ എന്നിവരുടെ അടുക്കൽ ശ്രദ്ധേയ(വിശ്വാസ്യ)മായ ദേശവും വേഷവും ശില്പവും ഭാഷയും അഭിജനവും അപദേശിച്ചുകൊണ്ടു ഭക്തിക്കും സാമൎത്ഥ്യത്തിന്നുമനുസരിച്ചു ചാരന്മാരായി വിടണം.
അവരുടെ (മന്ത്രിമാർ മുതലായവരുടെ) ബാഹ്യമായ ചാരത്തെ ഛത്രഗ്രാഹികളായും ഭൃംഗാരകഗ്രാഹിക (വെളളക്കിണ്ടിയെടുക്കുന്നവർ)ളായും വ്യജനഗ്രാഹികളായും പാദുകാഗ്രഹികളായും ആസനഗ്രാഹികളായും യാനഗ്രാഹിക (അന്തോളം ചുമക്കുന്നവർ )ളായും വാഹനഗ്രാഹിക(കുതിരയെ നോക്കുന്നവർ)ളായും അവരുടെ അടുക്കൽപെരുമാറിയും കൊണ്ട് തീക്ഷ്ണന്മാർ അറിയണം. അതിനെ സത്രികൾ സംസ്ഥകളിൽ അൎപ്പിക്കയും വേണം.
സൂദന്മരായും ആരാളികന്മാ( പലഹാരപ്പണിക്കാർ)രായും സ്നാപകന്മാരായും സംവാഹകന്മാരായും ആസ്തരകന്മാരായും കപ്പകന്മാ(ക്ഷുരകന്മാർ)രായും പ്രസാധകന്മാരായും ഉദകപരിചാരകന്മാരായും പെരുമാറുന്ന രസദന്മാരും കബ്ദൻ, വാമനൻ, കിരാതൻ(കൃശൻ), മൂകൻ, ബധിരൻ, ജഡൻ, അന്ധൻ എന്നിവരായി നടിക്കുന്നവരും നടൻ, നൎത്തകൻ, ഗായകൻ, വാദകൻ വാഗ്ജീവനൻ(വിദൂഷകൻ), കശീലവൻ എന്നിവരെന്നു നടിക്കുന്നവരും, സ്ത്രീകളും അവരുടെ ആഭ്യന്തരചാരത്തെ മനസ്സിലാക്കണം. അതിനെ ഭിക്ഷുകികൾ സംസ്ഥകളിൽ അറിയിക്കുകയും വേണം. സംസ്ഥകളിലെ അന്തേവാസികളും സംജ്ഞകൾ വഴിയായും എഴുത്തുവഴിയായും ചാരസഞ്ചാരത്തെ ചെയ്യണം. എന്നാൽ സംസ്ഥാന്തേ [ 30 ] വാസികളോ അവരോ തമ്മിൽ തമ്മിൽ അറിയുകയുമരുതു്.
ഭിക്ഷുകികൾക്കു അകത്തു കടപ്പാൻ തടസ്ഥമുളള പക്ഷം ദ്വാസ്ഥന്മാരുടെ പരമ്പരയോ, മാതാപിതൃവ്യഞ്ജനരോ(അന്ത:പുരത്തിൽ പെരുമാറുന്നവരുടെ അച്ഛനമ്മമാരായി നടിക്കുന്ന ഗൂഢപുരുഷന്മാർ), ശില്പകാരികകളോ, കുശീലവമാരോ, ദാസികളോ ഗീതം, പാഠ്യം, വാദ്യഭാണ്ഡം എന്നിവ മുഖേനയോ ഗൂഢലേഖ്യം വഴിക്കോ സംജ്ഞകൾ വഴിയായോ ചാരത്തെ നിൎവഹിക്കണം. ഉടൻതന്നെ ആൎക്കെങ്കിലും ദീൎഗ്ഘരോഗമാണെന്നോ ഉന്മാദമാണെന്നോ അഗ്നിഭയമോ വിഷഭയമോ നേരിട്ടുവെന്നോ വ്യജം പറഞ്ഞു ഗൂഢമായി പുറത്തു പോകയും വേണം.
മൂന്നു ചാരന്മാർ ഒരേവിധത്തിൽ ഒരു സംഗതി പറഞ്ഞാൽ അതു വിശ്വസിക്കണം. എന്നാൽ അഭീക്ഷ്ണ വിനീപാതം (ഒരിക്കൽ പറഞ്ഞതിനെ പിന്നീടു മാറിപ്പറയുക)കണ്ടാൽ അവൎക്കു തൂഷ്ണീംദണ്ഡമോ പ്രതിഷേധമോ (ജോലിയിൽ നിന്നുപിരിക്കൽ) വിധിക്കുകയും വേണം.
കണ്ടകശോധനത്തിൽ പറയപ്പെടുന്ന അപസൎപ്പന്മാർ പരരാജാക്കന്മാരുടെ സന്നിധിയിൽ കൃതവേതനന്മാ(ശമ്പളക്കാർ)രായിട്ടു സമ്പാതനിശ്ചാരം ചെയ്വാൻവേണ്ടി താമസിക്കണം. അവർ ഉഭയവേതനന്മാർ(രണ്ടിടത്തുനിന്നും ശമ്പളം വാങ്ങുന്നവർ) ആകുന്നു.
ഭാൎയ്യാപുത്രരെ രക്ഷി-
ച്ചാക്കണമീയുഭയവേതനന്മാരെ
അവരാൽ ശത്രുപ്രഹിതരെ-
യറിയാ, മവരേയുമതുവിധക്കാരാൽ.
ശത്രു, മിത്ര, മുദാസീനൻ,
മധ്യനീ നാലുപേരിലും
നിയോഗിക്ക ചരന്മാരെ-
ത്തീൎത്ഥങ്ങൾ പതിനെട്ടിലും
അന്തർഗൃഹത്തിൽക്കല്പിക്ക
കബ്ജവാമനഷണ്ഡരെ
ശില്പകാരിസ്ത്രീകൾ,മൂകർ,
പലേ മ്ലെച്ശഗണത്തെയും .
വണിക്സംസ്ഥകൾ ദുൎഗ്ഗത്തിൽ
ദുൎഗ്ഗാന്തേ സിദ്ധതാപസർ,
കൎഷകോദാസ്ഥർ രാഷ്ട്രത്തിൽ,
രാഷ്ട്രാന്തേ ഗോപരും ചരർ.
കാട്ടിൽ ചരന്മാർ കാട്ടാളർ
ശ്രമണാടവികാദികൾ
മാറ്റാർ ചെയ്തിയറിഞ്ഞീടാ-
നോട്ടന്മാരിവരേവരും.
ചാരസഞ്ചാരികൾ,സംസ്ഥർ,
ഗൂഢാഗൂഢരിതേവിധം
ശത്രുവിൻ ചാരരെക്കാണാ-
മമ്മട്ടുളളാത്മചാരരാൽ
അകൃത്യരാമാത്മരാഷ്ട്ര
മുഖ്യരെക്കാൎയ്യകാരണാൽ
മാറ്റാരൊറ്ററിവാൻ കൃത്യ-
രാക്കിയന്തത്തിൽ നിൎത്തണം.
[ 32 ]
സ്വവിഷയത്തിലെ ക്രത്യാക്രത്യപക്ഷരണം
മഹാമാത്രന്മാരിൽ അപ്പസൎപ്പന്മാരെ വിട്ടതിന്നുശേഷം രാജാവ് പൌരജാനപദന്മാരെയും അപസൎപ്പിക്കണം.
സത്രികൾ ഈരണ്ടുപേരായിട്ടു തീൎത്ഥങ്ങളിലും സഭകളിലും ശാലകളിലും പൂഗ(സമാജ)ങ്ങളിലും ജനസമവായങ്ങളിലും വച്ചു വിവാദംചെയ്‍വൂ:- "സൎവ്വഗുണസമ്പന്നനാണ് ഈ രാജാവെന്നു കേൾക്കുന്നു. എന്നാൽ ഇദ്ദേഹത്തിന്നു ഒരു ഗുണവും കാണുന്നില്ല. പൌരജാനപദന്മാരെ ദണ്ഡകരങ്ങൾ (പിഴയും നികുതിയും)കൊണ്ടു പീഡിക്കുകയാണിദ്ദേഹം ചെയ്യുന്നതു്". എന്നൊരു സത്രി പറവൂ.
അവിടെവച്ചു് ഇതിനെ ആർ അനുസരിച്ചു പറയൂന്നുവോ അവരേയും, ആ പറഞ്ഞ സത്രിയേയും മററവൻ പ്രതിഷേധിപ്പൂ:- "പണ്ടു മാത്സ്യന്യായത്താൽ പീഡിതരായ പ്രജകൾ വൈവസ്വതമനുവിനെ രാജാവാക്കി. ധാന്യത്തിൽ ആറിലൊന്നും, പണ്യത്തിൽ പത്തിലൊന്നും, പൊന്നും അദ്ദേഹത്തിനുള്ള ഭാഗമായിക്കല്പിക്കുകയും ചെയ്തു. ആ ഭാഗത്താൽ ഉപജീവനം കഴിച്ചുംകൊണ്ടു രാജാക്കന്മാർ പ്രജകളുടെ യോഗക്ഷേമങ്ങളുടെ പുലൎത്തുന്നു. ദണ്ഡകരങ്ങളെ പിരിക്കാത്ത രാജാക്കന്മാർ പ്രജകളുടെ പാപത്തെ സ്വീകരിക്കുകയും, അവരുടെ യോഗക്ഷേമങ്ങളെ കെടുത്തുകളകയും ചെയ്യുന്നു. അതുകൊണ്ടു, ആരണ്യകന്മാർ കൂടിയും ഉന്മരത്തിന്റെ (പെറുക്കിയെടുത്ത ധാന്യത്തിന്റെ) ആറിലൊരു ഭാഗം "ആരാണോ നമ്മെ രക്ഷിക്കുന്നതു അദ്ദേഹത്തിനുള്ള ഭാഗമാണിതു്" എന്നു വിചാരിച്ചു രാജാവിനെ സമൎപ്പിക്കുന്നു. പ്രത്യക്ഷമായിട്ടു [ 33 ] തന്നെ ഹേഡ(ദണ്ഡ)വും പ്രസാദവും ചെയ്യുന്നവരായ രാജാക്കന്മാർ ഇന്ദ്രന്റെയും യമന്റെയും സ്ഥാനമാകുന്നു. അവരെ അവമാനിക്കുന്നവൎക്കു ദൈവികമായ ദണ്ഡവും കൂടിയുണ്ടാകും. ആകയാൽ രാജാക്കന്മാരെ അവമാനിക്കരുതു". ഇങ്ങനെ പറഞ്ഞു ക്ഷുദ്രജനങ്ങളെ പ്രതിഷേധിപ്പൂ. രാജാവിനെക്കുറിച്ചുള്ള കിംവദന്തിയേയും സത്രികൾ മനസ്സിലാക്കണം.
ആർ രാജാവിന്റെ വക ധാന്യവും പശുക്കളും ഹിരണ്യവും ആശ്രയിച്ചു ജീവിക്കുന്നവോ അവൎക്കും, ആർ അദ്ദേഹത്തിനു വ്യസനത്തിലും അഭ്യുദയത്തിലും അവയെ നൽകി ഉപകരിക്കുന്നുവോ അവൎക്കും, ആർ അദ്ദേഹത്തിനോടു കോപിച്ചുവശായ ബന്ധുവിനേയോ രാഷ്ട്രത്തെയോ കോപത്തിൽനിന്നു നിവൎത്തിപ്പിക്കുന്നുവോ അവൎക്കും, ആർ അദ്ദേഹത്തിന്റെ നേരെ എതിൎക്കാൻ പുറപ്പെട്ട അമിത്രനെ(ശത്രുവിനെ)യോ ആടവികനെയോ തടുക്കുന്നുവോ അവൎക്കും അദ്ദേഹത്തോടുള്ള തുഷ്ടാതുഷ്ടതയെ (പ്രീത്യ പ്രീതികളെ) മുണ്ഡജടിലവേഷധാരികളായ ഗൂഢപുരുഷന്മാർ മനസ്സിലാക്കണം. തുഷ്ടരായിരിക്കുന്നവരെ രാജാവു അൎത്ഥമാനങ്ങളെക്കൊണ്ടു പൂജിപ്പൂ. അതുഷ്ടരെ അവരുടെ തുഷ്ടിക്കു വേണ്ടതിനെക്കൊടുത്തും സാമം പ്രയോഗിച്ചും പ്രസാദിപ്പിപ്പൂ. അതല്ലെങ്കിൽ അവരെ തമ്മിൽത്തമ്മിലും സാമന്തൻ, ആടവികൻ തൽക്കുലീനാവരുദ്ധൻ (ആ കുലത്തിൽ ജനിച്ചു അവരുദ്ധനായിട്ടുള്ളവൻ) എന്നിവരിൽനിന്നും ഭേദിപ്പിപ്പൂ. എന്നിട്ടും സന്തോഷിക്കാത്തവരെ ദണ്ഡകരങ്ങൾ പിരിക്കുവാനധികാരപ്പെടുത്തി നിയമിച്ചിട്ടു ജനപദവിദ്വേഷം (ദേശദ്രോഹം) പ്രവൎത്തിപ്പിപ്പൂ. വിദ്വിഷ്ടരായവരെ ഉപാംശുദണ്ഡം (ഗൂഢവധം) കൊണ്ടോ ജനപദകോപം വഴി [ 34 ] ക്കോ സാധിപ്പിപ്പൂ. അതല്ലെങ്കിൽ, അവരുടെ പുത്രന്മാരേയും ഭാൎയ്യമാരേയും രക്ഷിപ്പാനേൎപ്പാടുചെയ്തിട്ടു്, അവരെ ആകരകമ്മാൎന്തങ്ങളിൽ (ഖനികളിൽ) പാൎപ്പിപ്പൂ. അങ്ങനെ ചെയ്യാത്തപക്ഷം അവർ ശത്രുക്കൾക്കു ആസ്പദമായേക്കുമെന്നു ഭയപ്പെടണം
ക്രുദ്ധന്മാർ, ലുബ്ധന്മാർ, ഭീതന്മാർ, അവമാനിതന്മാർ എന്നിങ്ങനെയുള്ളവരാകട്ടെ ശത്രുക്കുൾക്കു കൃതൃർ (ശത്രുക്കളുടെ ഭേദപ്രയോഗത്തിൽപ്പെടുന്നവർ) ആകുന്നു. അങ്ങനെയുള്ളവരുടെ പരസ്പരാഭിസംബന്ധത്തെയും, അവർക്കു ശത്രുവിനോടോ ആടവികനോടോ ഉളള പ്രതിസംബന്ധത്തേയും കാൎത്താന്തികന്മാർ (ജോത്സ്യന്മാർ), നൈമിത്തികന്മാർ, മൌഹുൎത്തികന്മാർ എന്നിവരുടെ വേഷം ധരിച്ചു പെരുമാറുന്ന ഗൂഢപുരുഷന്മാർ മനസ്സിലാക്കണം.
അവർ തുഷ്ടരായാൽ അൎത്ഥമാനങ്ങളെക്കൊണ്ടു പൂജിപ്പൂ. അതുഷ്ടന്മാരെ സാമദാനഭേദദണ്ഡങ്ങളെക്കൊണ്ടു ഒതുക്കുകയും ചെയവൂ.
നാട്ടിൽ പ്രധാനരായാലും
ക്ഷുദ്രരോയാലൂമൂഴിപൻ
പരോപജാപമേൽക്കാതെ
കൃത്യാകൃത്യരെ നോക്കണം.
[ 35 ]
പരവിഷയത്തിലെ കൃത്യാകൃത്യപക്ഷോപഗ്രഹം.
കൃത്യാകൃത്യപക്ഷോപഗ്രഹം സ്വവിഷയത്തിലേതു പറഞ്ഞുകഴിഞ്ഞു. പരവിഷയത്തിലേതാണിനി പറയേണ്ടത്.
അൎത്ഥങ്ങൾ കൊടുക്കാമെന്നു വാഗ്ദാനം ചെയ്തിട്ടു വിപ്രലബ്ധ (വഞ്ചിത) നായവൻ, ശില്പത്തിലോ ഉപകാര (ധനോൽപാദകമായ പ്രവൃത്തി)ത്തിലോ തുല്യാധികാരികളായ ഇരുവരിൽ വെച്ചു വിമാനിതനായവൻ, (ഒപ്പം മാനിക്കാതെ താഴ്ത്തപ്പെട്ടവൻ), വല്ലഭാവരുദ്ധൻ, (രാജസേവകന്മാരാൽ തടുക്കപ്പെട്ടവൻ), സമാഹുയപരാജിതൻ (ക്ഷണിച്ചുവരുത്തിയിട്ട് ധിക്കരിക്കപ്പെട്ടവൻ), പ്രവാഭസാപതപ്തൻ (ദേശാന്തരത്തിൽപ്പാൎപ്പിച്ചു ക്ലേശിപ്പിക്കപ്പെട്ടവൻ), ധനവ്യയം ചെയ്തിട്ടു അലബ്ധകാൎയ്യ (കാൎയ്യം ലഭിക്കാത്തവൻ) നായവൻ, സ്വധൎമ്മം ചെയ്യുന്നതിൽനിന്നോ ദായം മുതലായവയിൽനിന്നോ ഉപരുദ്ധനായവൻ, മാനാധികാരഭ്രഷ്ടൻ (ബഹുമതിയിൽനിന്നും അധികാരത്തിൽനിന്നും നീക്കപ്പെട്ടവൻ), കുല്യാന്തൎഹിതൻ (രാജാജ്ഞയാൽ വീട്ടുകാരാൽ മറയ്ക്കപ്പെട്ടവൻ), പ്രസഭാഭിമുഷ്ടസ്ത്രീകൻ (ബലാൽക്കാരേണ ഭാൎയ്യാധൎഷണം ചെയ്തവൻ),കാമാഭിന്യസ്തൻ, പരോക്തദണ്ഡിതൻ (വിചാരണ കൂടാതെ ശിക്ഷിക്കപ്പെട്ടവൻ), മിത്ഥ്യാചാരവാരിതൻ (മിത്ഥ്യാചാരങ്ങളിൽനിന്നു വിലക്കപ്പെട്ടവൻ), സൎവ്വസ്വമാഹാരിതൻ (എല്ലാ മുതലുകളും കണ്ടുകെട്ടിയവൻ) ബന്ധനപരിക്ലിഷ്ടൻ, പ്രവാസിതബന്ധുവായിട്ടുളളവൻ - ഇങ്ങനെയെല്ലാമിരിക്കുന്നവർ ക്രുദ്ധവൎഗ്ഗമാകുന്നു. [ 36 ] സ്വയമുപഹതൻ (തന്നത്താൻ ദുഷ്കൎമ്മം മൂലം കെട്ടുപോയവൻ ), വിപ്രകൃതൻ, പാപകൎമ്മാഭിഖ്യാതൻ( ദുഷ്പ്രവൃത്തികൾ പരസ്യമായവൻ), തുല്യദോഷദണ്ഡോദ്വിഗ്നൻ (തന്നെപ്പോലെ കുററം ചെയ്ത മറെറാരുവനെ ദണ്ഡിക്കുന്നതു കണ്ടു പേടിച്ചവൻ), പയ്യാൎത്തഭൂമി(ഭൂമിപിടിച്ചടക്കിയവൻ), ദണ്ഡോപനതൻ (തടവിൽപ്പിടിച്ചു കൊണ്ടുവന്നവൻ), സൎവ്വാധികരണങ്ങളിലും ഇരുന്നു ജോലി ചെയ്തിട്ടു സഹ:സാപചിതാൎഥ (പെട്ടന്നു വളരെ ധനം സമ്പാദിച്ചവൻ)നായിട്ടുള്ളവൻ, തൽക്കുലീനോപാശംസു (അപ്രകാരം ധനവാനായ ഒരാളുടെ മുതലിനെ പിൻതുടരുന്നവൻ), രാജപ്രദ്വിഷ്ടൻ, രാജദ്വേഷി (രാജാവിനെ ദ്വേഷിക്കുന്നവൻ) - ഇങ്ങനെയെല്ലമിരിക്കുന്നവർ ഭീതവൎഗ്ഗമാകുന്നു.
പരിക്ഷീണൻ (ധനമെല്ലാം നശിച്ചവൻ), അത്യാത്തസ്വൻ (അധികം ധനംകെട്ടിച്ചവൻ), കദൎയ്യൻ (കൃപണൻ), വ്യസനി (ദുൎഗുണമുള്ളവൻ), അത്യാഹിതവ്യവഹാരൻ (അതിരുകടന്ന ഇടപാടുള്ളവൻ) - ഇങ്ങനെയെല്ലാമായിരിക്കുന്നവൻ ലുബ്ധവൎഗ്ഗമാകുന്നു.
ആത്മസംഭാവിതൻ (സ്വാഭിമാനി), മാനകാമൻ, ശത്രുപൂജാമൎഷിതൻ (ശത്രുവിനെ മാനിച്ചതിൽ അമൎഷമുള്ളവൻ), നീചൈരുപഹിതൻ (താഴ്ന്ന നിലയിൽ മാനിക്കപ്പെട്ടവൻ), തീക്ഷ്ണൻ (തീക്ഷ്ണസ്വഭാവൻ), സാഹസികൻ, ഭോഗാസന്തുഷ്ടൻ (സുഖമനുഭവിച്ചിട്ടു തൃപ്തിവരാത്തവൻ) -ഇങ്ങനെയെല്ലാമായിരിക്കുന്നവൻ മാനിവൎഗ്ഗമാകുന്നു.
അവരിൽവെച്ചു യാതൊരുവൻ കൃത്യപക്ഷത്തിൽ ഭക്തിയുള്ളവനോ അവനെ ആ പക്ഷത്തിൽപ്പട്ട ഒരാളെന്ന നിലയ്ക്കു മുണ്ഡജടിലവഞ്ജനരായ ഗൂഡപുരുഷന്മാരെക്കൊണ്ടു ഭേദിപ്പിക്കണം. "മദാന്ധനായിട്ടുള്ള [ 37 ] ഒരാന മത്തനായ പാപ്പനാൽ അധിഷ്ഠിതനാകുമ്പോൾ കണ്ട വസ്തുക്കളെല്ലാം മൎദ്ദിക്കുന്നതെങ്ങനെയോ അങ്ങനെ, ശാസ്ത്രചക്ഷുസ്സില്ലായ്കയാൽ അന്ധനായ ഈ രാജാവു് പൗരജാനപദന്മാരെ വധിപ്പാനൊരുമ്പെട്ടിരിക്കുന്നു. ഇദ്ദേഹത്തെപ്പിടിച്ചുനിൎത്തുവാൻ ഒരു പ്രതിഹസ്തിയെ വരുത്തിയാലല്ലാതെ സാധിക്കയില്ല. അതുകൊണ്ട് ഇദ്ദേഹത്തോടു അമൎഷം (അരിശം) ചെയ്താലും" എന്നിങ്ങനെ ക്രുദ്ധവൎഗ്ഗത്തെ ഭേദിപ്പിപ്പൂ.
"ഭീതനായ ഒരു സൎപ്പം ആരിൽനിന്നു തനിക്കു ഭയം വരുമെന്നു കാണുന്നുവോ അവങ്കൽ വിഷത്തെ വമിക്കുമല്ലോ. അപ്രകാരംതന്നെ നിന്റെ പേരിൽ ദോഷശങ്കയുളളവനായ ഈ രാജാവു നിങ്കൽ തീൎച്ചയായും ക്രോധമാകുന്ന വിഷത്തെ വിസൎജ്ജിക്കും. ആകയാൽ നീ മറെറാരേടത്തു പൊയ്ക്കൊൾക" എന്നിങ്ങനെ ഭീതവൎഗ്ഗത്തെ ഭേദിപ്പിപ്പൂ.
"ശ്വഗണികളുടെ (നായാടികളുടെ) പശു നായ്ക്കൾക്കു മാത്രമേ കറക്കുകയുളളു, ബ്രാഹ്മണൎക്കു കറക്കില്ല. അതുപോലെതന്നെ ഈ രാജാവു സത്ത്വവും പ്രജ്ഞയും വാക്യശക്തയുമില്ലാത്തവൎക്കേ കറക്കുളളു (ധനംകൊടുക്കുളളു), ആത്മഗുണസമ്പന്നന്മാൎക്കു ഒന്നും കൊടുക്കകയില്ല. ഇന്ന രാജാവു പുരുഷവിശേഷമറിയുന്നവനാണ്. അദ്ദേഹത്തിന്റെ അടുക്കൽ പോയ്ക്കൊളളു" എന്നിങ്ങനെ ലുബ്ധവർഗ്ഗത്തെ ഭേദിപ്പിപ്പു.
"ചണ്ഡാളരുടെ ഉദപാനം (കിണറു) ചണ്ഡാളൎക്കു മാത്രമേ ഉപയോഗയോഗ്യമാകയുളളു, മററുളളവൎക്കു് ഉപയോഗിപ്പാൻ പാടില്ല. അവ്വണ്ണംതന്നെ നീചനായ ഈ രാജാവും നീചന്മാൎക്കു മാത്രമേ ഉപഭോഗ്യൻ (സേവ്യൻ) ആകയുളളു, നിന്നെപ്പോലെയുളള ആൎയ്യന്മാൎക്കു സേവി [ 38 ] പ്പാൻ കൊള്ളില്ല. ഇന്ന രാജാവു പുരുഷവിശേഷമറിയുന്നവനാണു്; അദ്ദേഹത്തിന്റെ അടുക്കൽ പോയാലും" എന്നിങ്ങനെ മാനിവൎഗത്തെ ഭേദിപ്പിപ്പു.
അവരങ്ങനെയെന്നായി -
സ്സംവദിച്ചാൽ സ്വശക്തിപോൽ
സത്യംചെയ്യിച്ചു തൻചാര -
രൊത്തു കാൎയ്യേഷു യോജയേൽ.
സാമദാനങ്ങൾ കൊണ്ടന്യ -
നാട്ടിൽ കൃത്യരെ നേടണം;
അകൃത്യരെബ്ഭേദദണ്ഡാൽ
പരദോഷങ്ങൾ കാട്ടിയും.
മന്ത്രാധികാരം.
സ്വപക്ഷങ്ങളുടെയും പരപക്ഷങ്ങളുടെയും ഉപഗ്രഹം (കീഴ്വരുത്തൽ) ചെയ്തതിനുശേഷം രാജാവ് കാൎയ്യാരംഭങ്ങളെക്കുറിച്ചു ചിന്തിക്കണം.
മന്ത്രം ചെയ്തതിന്നുശേഷമേ ഏതു കാൎയ്യവും ആരംഭിക്കാവൂ. മന്ത്രത്തിന്നുള്ള ഉദ്ദേശം (സ്ഥലം) സംവൃതവും, സംസാരിക്കുന്നതിനെ പുറത്തേക്കു സ്രവിപ്പിക്കാത്തതും, പക്ഷികളാൽക്കൂടി കാണ്മാൻ സാധിക്കാത്തതുമായിരിക്കണം. എന്തുകൊണ്ടെന്നാൽ, ശുകങ്ങ(തത്തകൾ)ളാലും [ 39 ] ശാരികക(മൈനകൾ)ളാലും ശ്വാക്കളാലും മറ്റു തിൎയ്യഗ്യോനികളാലും മന്ത്രം ഭേദിക്കപ്പെട്ടതായികേൾക്കുന്നുണ്ടു്. ആകയാൽ മന്ത്രദേശത്തിൽ അനായ്സക്ത (മന്ത്രത്തിന്നായി വിളിക്കാത്തവൻ)നായിട്ടുള്ളവൻ പ്രവേശിക്കരുതു്. മന്ത്രഭേദം ചെയ്തവനെ ഉച്ഛേദിച്ചു കളയണം
മന്ത്രഭേദം ദൂതന്റെയും അമാത്യന്റെയും ഇംഗിതാകാരങ്ങളെകൊണ്ടു സംഭവിക്കുന്നതാണ്. ഇംഗിതമെന്നാൽ അന്യഥാവൃത്തി (സ്വാഭാവികമല്ലാതുള്ള ചേഷ്ട)യാകുന്നു. ആകാരമെന്നാൽ ആകൃതിഗ്രഹണ (മുഖവൈവൎണ്ണ്യാദിവികാരം) വുമാകുന്നു.
മന്ത്രത്തിന്റെ സംവരണം (ഗോപനം)വും മന്ത്രത്തിൽ ആയുക്തന്മാരായ പുരുഷന്മാരുടെ രക്ഷണ(സൂക്ഷിക്കൽ)വും കാൎയ്യകാലം വരുന്നതുവരെ ചെയ്യേണ്ടതാകുന്നു. മന്ത്രത്തിൽ ഏൎപ്പെട്ടവർക്കുണ്ടാകുന്ന പ്രമാദം (അനവധാനത), മദം, സുപ്തപ്രലാപം ( ഉറക്കത്തിൽ പറയൽ), കാമം മുതലായവയാൽ ഉത്സേകം (മന്ത്രഭേദം) സംഭവിക്കും. പ്രച്ഛന്നനായിരിക്കുന്നവനോ, അവമത (അപമാനിക്കപ്പെട്ട)നോ ആയപുരുഷനും മന്ത്രത്തെ ഭേദിക്കുന്നു. ആയതുകൊണ്ടു് അവയിൽനിന്നെല്ലാം മന്ത്രത്തെ രക്ഷിക്കണം.
മന്ത്രഭേദമെന്നതു് രാജാവിന്റെയും അദ്ദേഹത്താൽ ആയുക്തന്മാരായ പുരുഷന്മാരുടെയും യോഗക്ഷേമങ്ങളെ കെടുക്കുന്നതാകുന്നു. ആയതുകൊണ്ടു് രാജാവു് ഗുഹ്യമാകുംവണ്ണം എകാനായിരുന്നിട്ടു മന്ത്രിക്കേണമെന്നു ഭാരദ്വാജൻ അഭിപ്രായപ്പെടുന്നു. മന്ത്രികൾക്കും ചില മന്ത്രികളുണ്ടാകും; അവർക്കും മറ്റു ചില മന്ത്രികൾ ഉണ്ടാകും. ഇങ്ങനെയുള്ള മന്ത്രിപരമ്പര മന്ത്രത്തെ ഭേദിക്കും. [ 40 ]ചെയ്പാൻ നിനച്ചിടും കൎമ്മ
മൊന്നുമന്യൻ ഗ്രഹിക്കൊലാ
തുടങ്ങീട്ടോ കഴിഞ്ഞിട്ടോ
ചെയ്പോർ മാത്രം ഗ്രഹിച്ചിടാം.
ഏകനായിട്ടുള്ള മന്ത്രത്തിനു സിദ്ധിവരികയില്ലെന്നു വിശാലാക്ഷൻ. രാജവൃത്തി എന്നതു് പ്രത്യക്ഷത്തെയും പരോക്ഷത്തെയും അനുമാനത്തെയും ആശ്രയിച്ചിരിക്കുന്നതാണല്ലോ. അനുപലബ്ധത്തിന്റെ (അറിയാത്തതിന്റെ) ജ്ഞാനം, ഉപലബ്ധത്തിന്റെ നിശ്ചയം, നിശ്ചിതമായതിന്റെ ബലാധാനം, അൎത്ഥദ്വൈധത്തിങ്കൽ (ഇതോ അതോ ചെയ്യേണ്ടതെന്ന സംശയം വരുന്നേടത്തു്) സംശയച്ഛേദനം, ഏകദേശദൃഷ്ടമായതിന്റെ ശേഷോപലബ്ധി എന്നതെല്ലാം മന്തികളെക്കൊണ്ടു സാദ്ധ്യമായിട്ടുള്ളതാകുന്നു. ആകയാൽ ബുദ്ധിവൃദ്ധൻമാരായ മന്ത്രികളോടുകൂടിമന്ത്രത്തെ ചെയ്യണം.
അനാദരിക്കൊല്ലാരേയും,
കേൾക്കേണം സൎവ്വപക്ഷവും,
എടുക്കണം സാരവത്താം
വാക്ക്യം ബാലൻ കഥിക്കിലും.
ഇതു മന്ത്രജ്ഞാനം മാത്രമാണു, മന്ത്രരക്ഷണമല്ല എന്നു പരാശരശിഷ്യൻമാർ. രാജാവിന്നു് ഉദ്ദിഷ്ടമായ കാര്യം എന്തോ അതിന്നു പ്രതിരൂപക (സദൃശം) മായുള്ള ഒരുകാൎയ്യത്തെ അദ്ദേഹം മന്ത്രിമാരോടു ചോദിപ്പു. "ഇന്നകാൎയ്യം ഇന്നവിധം കലാശിച്ചു, അല്ലെങ്കിൽ ഇന്നവിധം കലാശിക്കണം എങ്കിൽ എങ്ങനെ പ്രവൃത്തിക്കണം" എന്നു അവർ എങ്ങനെ പറയുമോ അങ്ങനെ പ്രവൃത്തിക്കുകയും ചെയ്വൂ. ഇപ്രകാരമായാൽ മന്ത്രോപലബ്ധിയും മന്ത്രസംവരണവും ഭവിക്കും. [ 41 ] അങ്ങനെയല്ലെന്നു പിശുനൻ. കാൎയ്യത്തെ വ്യവഹിതമാക്കി നടന്നതോ നടക്കാത്തതോ ആയ നിലയിൽ ചോദിച്ചാൽ മന്ത്രിമാർ അനാദരത്തോടുകൂടി മറുപടി പറകയോ, അല്ലെങ്കിൽ കാൎയ്യത്തെ പ്രകാശിപ്പിക്കുകയോ ചെയ്യും. അതു ദോഷമാണു്. അതുകൊണ്ടു് ഏതേതു കാൎയ്യങ്ങളിൽ ഏതേതാളുകളാണോ അഭിപ്രേതന്മാർ (സമ്മതന്മാർ) ആയിട്ടുള്ളത് അവരോടുകൂടി മന്ത്രത്തെച്ചെയ്യണം. അവരുമായി മന്ത്രിക്കുന്നതായാൽ രാജാവിന്നു മന്ത്രവൃദ്ധിയും മന്ത്രഗുപ്തിയും സിദ്ധിക്കും.
അങ്ങനെയല്ലെന്നാണു കൌടില്യമതം. അപ്രകാരം ചെയ്താൽ അനവസ്ഥാദോഷം നേരിടും. ആകയാൽ മൂന്നോ നാലോ മന്ത്രികളോടുകൂടിവേണം മന്ത്രിക്കുവാൻ. എന്തുകൊണ്ടെന്നാൽ, ഒരാളോടു മാത്രം മന്ത്രിക്കുന്നതായാൽ അൎത്ഥകൃച്ഛങ്ങൾ (അൎത്ഥസങ്കടങ്ങൾ) വരുന്നിടത്തു നിശ്ചയം വരില്ല. ഒരു മന്ത്രിയേ ഉള്ളുവെങ്കിൽ അവൻ തന്റെ ഇഷ്ടമ്പോലെ യാതൊരു തടസ്ഥവും കൂടാതെ പ്രവൃത്തിക്കുകയും ചെയ്യും. രണ്ടുപേരോടുകൂടി മന്ത്രിക്കുന്ന രാജാവിനെ അവരിരുവരുംകൂടി യോജിച്ചാൽ വശീകരിക്കും; ഇരുവരും തമ്മിൽ വിരോധമായാലോ നശിപ്പിക്കയും ചെയ്യും. മൂന്നോ നാലോ മന്ത്രികളുണ്ടെങ്കിൽ അങ്ങനെയുള്ള മഹാദോഷം നൈകാന്ത( ദുർല്ലഭ) മായും വളരെപ്പണിപ്പെട്ടും മാത്രമേ സംഭവിക്കുകയുള്ളൂ. സംഭവിച്ചാൽത്തന്നെയും ദോഷം ഉപപന്ന (പരിഹാരോപായമുള്ളത്) മായി ഭവിക്കുകയും ചെയ്യും. നാലിലധികംപേർ മന്ത്രിമാരുണ്ടായാൽ അൎത്ഥനിശ്ചയം വളരെ ക്ലേശിച്ചേ വരുകയുള്ളൂ. മന്ത്രത്തെ രക്ഷിക്കുന്നതിനും വളരെ ക്ലേശിക്കേണ്ടിവരും. ആകയാൽ ദേശത്തിനും കാലത്തിനും കാൎയ്യത്തിനും തക്കവണ്ണം ഒരു മന്ത്രിയോടുകൂടിയോ [ 42 ] രണ്ടുപേരോടുകൂടിയോ ഏകനായിട്ടോ തന്റെ സാമൎത്ഥ്യംപോലെ മന്ത്രിക്കേണ്ടതാണ്.
കാൎയ്യങ്ങളുടെ ആരംഭോപായം, പുരുഷദ്രവ്യസമ്പത്തു, ദേശകാലവിഭാഗം, വിനിപാതപ്രതീകാരം, കാൎയ്യസിദ്ധി എന്നിങ്ങനെ അഞ്ചാംഗങ്ങളോടുകൂടിയതാണ് മന്ത്രം. അവയെ മന്ത്രികളോടോരോരുത്തരോടായും എല്ലാവരോടും കൂടിയും ചോദിക്കണം. ഓരോരുത്തരുടേയും മതത്തെ കാരണങ്ങളെക്കൊണ്ടു് പൎയ്യാലോചിച്ചിട്ടു ഗ്രഹിക്കുകയും വേണം. അവാപ്താൎത്ഥനായാൽ (കാൎയ്യത്തിലെത്തിയാൽ) പിന്നെ കാലത്തെ അതിക്രമിക്കരുതു്. വളരെദ്ദീൎഗ്ഘമായ കാലം മന്ത്രിക്കരുതു്. താനങ്ങോട്ട് അപകാരം ചെയ്വാൻ വിചാരിക്കുന്നതാൎക്കോ അവരുടെ പക്ഷക്കാരോടും രാജാവു മന്ത്രിക്കരുതു്.
മന്ത്രിപരിഷത്തിൽ പന്ത്രണ്ടമാത്യന്മാരെ നിശ്ചയിക്കേണമെന്ന് മനുശിഷ്യന്മാർ; പതിനാറുപേരെയാണു വേണ്ടതെന്നു ബൃഹസ്പതിശിഷ്യന്മാർ; ഇരുപതുപേർ വേണമെന്നു ശുക്രശിഷ്യന്മാർ; തന്റെ സാമൎത്ഥ്യത്തിന്നു തക്കവണ്ണമെന്നു കൌടില്യമതം.
ആ മന്ത്രിമാർ രാജാവിന്റെ സ്വപക്ഷത്തെയും പരപക്ഷത്തേയും കുറിച്ച് ചിന്തിക്കണം. കാൎയ്യങ്ങളുടെ അകൃതാരംഭം (ചെയ്തിട്ടില്ലാത്തതു ആരംഭിക്കുക), ആരബ്ധാനുഷ്ഠാനം, അനുഷ്ഠിതവിശേഷം (ചെയ്ത കഴിഞ്ഞതിന്നുവിശേഷസംസ്കാരങ്ങൾ വരുത്തുക), നിയോഗസമ്പത്തു് (രക്ഷാവിധി) എന്നിവയെല്ലാം മന്ത്രികൾ ചെയ്യണം. രാജാവു തന്റെ അടുത്തുള്ള മന്ത്രികളോടുകൂടി കാൎയ്യങ്ങൾ നോക്കണം. അടുത്തില്ലാത്തവരുമായി പത്രസംപ്രേഷണം മുഖേന മന്ത്രിക്കുകയും വേണം.
ഇന്ദ്രന്റെ മന്ത്രിസഭ ആയിരം ഋഷിമാർ ചേൎന്നിട്ടു [ 43 ] ള്ളതാകുന്നു. അവരാണ് അദ്ദേഹത്തിന്റെ കണ്ണുകൾ. അതുകൊണ്ടാണ്, വാസ്തവത്തിൽ ദ്വ്യക്ഷ (രണ്ടുകണ്ണുള്ളവൻ)നായ ഇന്ദ്രനെ സഹസ്രാക്ഷൻ എന്നു പറയുന്നതു്.
അത്യയികമായ കാൎയ്യം വരുമ്പോൾ രാജാവു് മന്ത്രികളേയും മന്ത്രിപരിഷത്തിനേയും വിളിച്ചുകൂട്ടി സംസാരിക്കണം. അതിൽവച്ചു യാതൊന്നിനെ ഭ്രയിഷ്ഠന്മാർ (ഭ്രരിപക്ഷക്കാർ) കാൎയ്യസിദ്ധികരമായി പറയുമോ അത് അനുഷ്ഠിക്കുകയും വേണം. അനുഷ്ഠിക്കുമ്പോൾ,
തൻഗുഹ്യം പരർ കാണൊല്ലാ,
താൻ കാണ്മൂ പരഗുഹ്യവും;
മൂടണം തൻതുറന്നുള്ളൊ-
രംഗത്തെക്കൂൎമ്മമെന്നപോൽ.
സജ്ജനത്തിൽ ശ്രാദ്ധമുണ്മാ-
നശ്രോത്രിയനനൎഹനാം;
അപ്പോൽശ്ശാസ്ത്രം ഗ്രഹിക്കാത്തോൻ
മന്ത്രം കേൾപ്പാനനൎഹനാം.
ദൂതപ്രണിധി.
മന്ത്രത്തെ ഉദ്ധാരണം (നിൎദ്ധാരണം) ചെയ്തതിന്നു ശേഷം ദൂകപ്രണിധിയെ ചെയ്യേണ്ടതാകുന്നു. [ 44 ] അമാത്യസമ്പത്തു തികഞ്ഞ ദൂതൻ നിസൃഷ്ടാൎത്ഥൻ (കാൎയ്യങ്ങൾ യുക്തംപോലെ പറവാൻ അധികാരമുള്ളവൻ)ആകുന്നു. അതിൽ നാലിലൊന്നു ഗുണംകുറഞ്ഞവൻ പരിമിതാൎത്ഥൻ (പറയേണ്ടും കാൎയ്യം ക്ലിപ്തമായി ഏല്പിക്കപ്പെട്ടവൻ); പകുതി ഗുണങ്ങൾ കുറഞ്ഞവൻ ശാസനഹരൻ (ശാസനപത്രം കൊണ്ടുപോകുന്നവൻ).
യാത്രയ്ക്കു വേണ്ടുന്ന യാനം, വാഹനം, പുരുഷന്മാർ, പരിവാപം (ഉപകരണം) എന്നിവ വേണ്ടവിധം ഒരുക്കൂട്ടി തയ്യാറാക്കിയതിന്നുശേഷം ദൂതൻ പുറപ്പടണം. "സ്വാമിയുടെ ശാസനം പരനോട് ഇന്നവിധം പറയണം; അവൻ ഇന്നപ്രകാരം മറുപടി പറയും; അതിന്നു ഇന്നതാണു് പ്രതിവാക്യം; ഇന്നവിധം പറഞ്ഞു പരനെ വഞ്ചിക്കണം" എന്നിങ്ങനെ പഠിച്ചുറപ്പിച്ചുംകൊണ്ടുവേണം പോകുവാൻ. പരവിഷയത്തിലെ അടവീപാലന്മാർ, അന്തപാലന്മാർ, പുരമുഖ്യന്മാർ, രാഷ്ട്രമുഖ്യന്മാർ എന്നിവരുമായി ദൂതൻ പ്രതിസംസൎഗ്ഗ(മൈത്രി)ത്തെ പ്രാപിക്കണം. അവിടെ തന്റെയും പരന്റെയും സൈന്യങ്ങൾക്കു സ്ഥാനം (നിവേശം), യുദ്ധപ്രതിഗ്രഹം (യുദ്ധം ചെയ്യൽ), അപസാരം (മാറിപ്പോകൽ) എന്നിവയ്ക്കുള്ള ഭൂമികളെ ദൂതൻനോക്കി മനസ്സിലാക്കണം. ദുൎഗ്ഗരാഷ്ട്രങ്ങളുടെ പ്രമാണത്തേയും സാരം, വൃത്തി, ഗുപ്തി, ഛിദ്രം എന്നിവയേയും ദൂതൻ അറിക്കണം.
പരാധിഷ്ഠാനത്തിങ്കൽ അനുവാദം വാങ്ങിയിട്ടുവേണം ദൂതൻ പ്രവേശിക്കുവാൻ. പ്രവേശിച്ചാൽ പ്രാണാപായം വരുമെന്നു കണ്ടാൽക്കൂടിയും സ്വാമിശാസനത്തെ അദ്ദേഹം കല്പിച്ചതുപോലെ പറയുകയും വേണം. വാക്കിലും മുഖത്തും ദൃഷ്ടിയിലുമുള്ള പ്രസാദം, വാക്യപൂജനം, ഇഷ്ടപരിപ്രശ്നം (കുശലപ്രശ്നം), ഗുണകഥാസംഗം, ആസന്നാസ [ 45 ] നം(അരികത്തിരുത്തുക), സൽക്കാരം, ഇഷ്ടകാൎയ്യത്തിൽ സ്മരണം, വിശ്വാസപ്രാപ്തി എന്നിവ പരൻ സന്തുഷ്ടനായാലത്തേയും ഇതിന്റെ വൈപരീത്യം അതുഷ്ടനായാലത്തേയും ലക്ഷണമാകുന്നു. അതുഷ്ടനായ പരനോടും ദുതൻ ഇങ്ങനെ പറവൂ;-"ദൂതമുഖന്മാരാണു രാജാക്കാന്മാർ. ഇവിടുന്നും മറ്റു രാജാക്കന്മാരും ഇതിൽ സമന്മാരാണ്. അതുകൊണ്ടു ദൂതന്മാർ ആയുധങ്ങളാങ്ങിക്കണ്ടാൽക്കൂടിയും യഥോക്തമായതിനെപ്പറയണം. അവരിൽവച്ചു അന്താവസായിക (ചണ്ഡാളന്മാർ)ളായിട്ടുള്ളവർകൂടിയും അവധ്യരത്രെ. ബ്രാഹ്മണരായാലോ പിന്നെ പറയേണ്ടതുമില്ലല്ലൊ. പരന്റെ വാക്കാണു് ഇതു്. ഇതു ദൂതധർമ്മമാകുന്നു."
തന്നെ വിട്ടയയ്ക്കാതിരിക്കുന്നിടത്തോളംകാലം ദൂതൻ പരസന്നിധിയിൽ വസിക്കണം. പൂജചെയ്താൽ അഹങ്കരിക്കരുതു്. പരന്മാരിൽ ബലിത്വം വിചാരിക്കരുതു്. അനിഷ്ടവാക്യത്തെസ്സഹിക്കണം . സ്ത്രീകളേയും മദ്യത്തേയും വൎജ്ജിക്കണം . ഏകനായിട്ടേ ഉറങ്ങാവൂ. എന്തുകൊണ്ടെന്നാൽ, സുപ്തന്മാരും മത്തന്മാരുമായിട്ടുള്ളവരുടെ അന്തർഗ്ഗതങ്ങൾ പരന്മാർ മനസ്സിലാക്കുന്നതായിക്കണ്ടിട്ടുണ്ടു."
കൃത്യപക്ഷങ്ങളുടെ ഉപജാപം, അകൃത്യപക്ഷങ്ങളിൽ ഗൂഢപ്രണിധാനം, പ്രകൃതികൾക്കു സ്വാമിയുടെ പേരിലുള്ള രാഗാപരാഗങ്ങൾ, രന്ധ്രം എന്നിവ താപസവൈദേഹകവ്യഞ്ജനന്മാർ വഴിക്കു ദൂതൻ മനസ്സിലാക്കണം. അല്ലെങ്കിൽ അവരുടെ അന്തേവാസികളായ ചികിത്സകവ്യഞ്ജനന്മാർ, പാഷണ്ഡവ്യഞ്ജനന്മാർ എന്നിവർ വഴിക്കോ ഉഭയവേതനന്മാർ വഴിക്കോ അവയറിയണം. അവൎക്കു സംസാരിപ്പാൻ തരപ്പെടാത്തപക്ഷം അവർ യാചകന്മാരായും മത്തന്മാരായും ഉന്മത്തന്മാരായും സുപ്തന്മാരായും ചെയ്യു [ 46 ] ന്ന പ്രലാപങ്ങളെക്കൊണ്ടൊ പുണ്യസ്ഥാനങ്ങളിലും ദേവഗൃഹങ്ങളിലുമുള്ള ചിത്രങ്ങൾ, സംജ്ഞാക്ഷരങ്ങൾ എന്നിവകൊണ്ടൊ ചാരമറിയണം. അറിഞ്ഞാൽ അതിനു തക്കവണ്ണം ഉപജാപം പ്രയോഗിക്കയും ചെയ്യണം.
പരൻ തന്റെ പ്രകൃതികളുടെ പരിമാണത്തേപ്പറ്റി ചോദിച്ചാൽ ദൂതൻ അതു പറയരുത്. "എല്ലാം ഇവിടേയ്ക്കറിവുണ്ടു്" എന്നേ പറയാവൂ. അല്ലാത്തപക്ഷം കാൎയ്യസിദ്ധിക്കു തക്കവിധം പറയണം.
കാൎയ്യം സാധിക്കാതെ തന്നെ തടഞ്ഞുനിൎത്തുന്നതായാൽ ദൂതൻ ഇങ്ങനെ ശങ്കിക്കണം.-"എന്റെ സ്വാമിക്കു വ്യസനം ആസന്നമായെന്നു കണ്ടിട്ടോ, തന്റെ വ്യസനത്തെ പരിഹരിപ്പാൻ കരുതിയിട്ടൊ, പാൎഷ്ണിഗ്രാഹ (ശത്രുമിത്രം)നേയോ ആസാര (ശത്രുമിത്രമിത്രം)നേയൊ പുറപ്പെടുവിപ്പാൻ മോഹിച്ചിട്ടോ, അന്തഃകോപമുളവാക്കുവാനോ ആടവികനെ പട പുറപ്പെടുവിപ്പാനോ ആഗ്രഹിച്ചിട്ടോ, മിത്രത്തേയോ ആക്രന്ദ (പൃഷ്ഠതോമിത്രം)നെയോ ഹനിപ്പാൻ വിചാരിച്ചിട്ടോ, തനിക്കു പരനോടുള്ള വിഗ്രഹത്തെയോ അന്തഃകോപത്തെയോ ആടവികനേയോ പരിഹരിപ്പാനുദ്ദേശിച്ചിട്ടോ, സ്വാമിയുടെ സംസിദ്ധമായ യാത്രാകാലത്തെത്തടയുവാൻ കരുതിയിട്ടോ, സസ്യകുപ്യപണ്യദ്രവ്യങ്ങൾ സംഗ്രഹിക്കുവാനോ, ബലസമുത്ഥാനം ചെയ്വാനോ അഗ്രഹിച്ചിട്ടോ, തന്റെ സൈന്യങ്ങൾക്കു എതിരിടുവാൻ പറ്റിയ ദേശകാലങ്ങളെ പ്രതീക്ഷിച്ചിട്ടോ, എന്റെ പേരിൽ വല്ല അനാദരമോ സന്തോഷമോ തോന്നിയിട്ടോ, സംസൎഗ്ഗാനുബന്ധങ്ങളെ കാംക്ഷിച്ചിട്ടോ, എന്തുകൊണ്ടായിക്കും ഇദ്ദേഹം എന്നെ ഉപരോധിക്കുന്നതു്?"
ഉപരോധത്തിന്നുള്ള കാരണമറിഞ്ഞാൽ പിന്നെ [ 47 ] പാൎക്കുകയോ ഒഴിഞ്ഞുപോരികയൊ ചെയ്യാം. ഇഷ്ടമായ വല്ല പ്രയോജനവുമുണ്ടെന്നു കണ്ടാൽ താമസിക്കണം. അനിഷ്ടമായ സ്വാമിശാസനം പറഞ്ഞതുകൊണ്ടു ബന്ധമോ വധമോ വരുമെന്നു ഭയം തോന്നുന്നപക്ഷം, പരൻവിട്ടയയ്ക്കാതിരിക്കിലും, ദൂതൻ മടങ്ങിപ്പോരണം. ഇല്ലെങ്കിൽ ബന്ധനത്തിൽപ്പെട്ടേക്കും.
പ്രേഷണം, സന്ധി പാലിക്ക, |
രക്ഷിതനായ രാജാവു് ആസന്നന്മാരിൽ നിന്നും പരന്മാരിൽനിന്നും രാജ്യത്തെ രക്ഷിക്കും. ഒന്നാമതു ദാരങ്ങളിൽനിന്നും പുത്രന്മാരിൽനിന്നുമാണു രാജാവിന്നു രക്ഷ വേണ്ടതു്. ദാരരക്ഷണം നിശാന്തപ്രണിധിയിൽ പറയുന്നതാണു്. പുത്രസംരക്ഷണം ഇവിടെ പറയാം.
ജനനംമുതൽതന്നെ രാജപുത്രന്മാരെ രക്ഷിക്കണം. എന്തുകൊണ്ടെന്നാൽ, രാജപുത്രന്മാർ ഞണ്ടുകളെന്നപോലെ ജനകനെ ഭക്ഷിക്കുന്നവരാണു്. അവരുടെ പേരിൽ പിതാവിന്നു സ്നേഹമുറയ്ക്കുന്നതിന്നുമുമ്പെ ഉപാം ശുദണ്ഡം (ഗൂഢവധം) ചെയ്യുകയാണു് നല്ലെതെന്ന് ഭാരദ്വാജൻ പറയുന്നു.
അതു നൃശംസവും അദൃഷ്ടവധവും ക്ഷത്രബീജത്തിന്റെ വിനാശവുമാണെന്നു വിശാലാക്ഷൻ. അതിനാൽ അവരെ ഒരു സ്ഥാനത്തു് അവരോധിക്കുകയാണു് ഭേദം.
അഹിഭയമാണിതെന്നു പരാശരശിഷ്യന്മാർ. എന്തു കൊണ്ടെന്നാൽ, വിക്രമഭയത്താലാണു് പിതാവു തന്നെ രോധിക്കുന്നതെന്നു വിചാരിച്ചു കുമാരൻ അടുക്കൽവച്ചു തന്നെ വിക്രമത്തെ ചെയ്തേക്കും. അതുകൊണ്ടു് അന്തപാലദുൎഗ്ഗത്തിൽ പാൎപ്പിക്കുന്നതാണു് നല്ലതു്.
[7]ഔരഭ്രഭയമാണിതെന്നു പിശുനൻ. എന്തുകൊണ്ടെന്നാൽ, അതുതന്നെ പ്രത്യാപത്തി (സമീപപ്രാപ്തി)ക്കു കാരണമായിക്കരുതിയിട്ടു രാജപുത്രൻ അന്തപാലനെ ബന്ധു [ 49 ] വായിക്കൂട്ടും. ആകയാൽ സ്വദേശത്തുനിന്നകന്നുള്ള സാമന്തന്റെ കോട്ടയിൽ പാൎപ്പിക്കുന്നതാണു് നല്ലതു്.
വത്സസ്ഥാനമാണിതെന്നു കൌണപദന്തൻ. ഇങ്ങനെ ചെയ്താൽ വത്സനെക്കൊണ്ടു പശുവിനെക്കറക്കുന്നതുപോലെ സാമന്തൻ ഇവന്റെ പിതാവിനെ കറക്കും. അതുകൊണ്ടു രാജപുത്രനെ മാതൃബന്ധുക്കളുടെ വശത്തിൽ വസിപ്പിക്കുകയാണു ഭേദം.
ധ്വജസ്ഥാനമാണിതെന്നു വാതവ്യാധി. എന്തുകൊണ്ടെന്നാൽ, ധ്വജത്തെക്കാട്ടി അദിതിയും കൌശികനുമെന്നപോലെ ഇവനെക്കാട്ടി മാതൃബന്ധുക്കൾ ഭിക്ഷ യാചിച്ചുതുടങ്ങും. അതിനാൽ രാജപുത്രനെ ഗ്രാമ്യധൎമ്മങ്ങളിൽ ആസംഗിപ്പിക്കുകയാണു വേണ്ടതു്. സുഖത്താൽ ഉപരുദ്ധന്മാരായ പുത്രന്മാർ പിതാവിനെ ദ്രോഹിക്കുകയില്ല.
ജീവന്മരണമാണിതെന്നു കൌടില്യമതം. എന്തുകൊണ്ടെന്നാൽ, അവിനീതനായ പുത്രനോടുകൂടിയ രാജകുലം, ഘുണജഗ്ദ്ധമായ മരമെന്നപോലെ, പരന്മാർ ആക്രമിക്കുമ്പോഴേക്കു മുറിഞ്ഞുപോകും. ആയതിനാൽ രാജമഹിഷി ഋതുമതിയാകുമ്പോൾ ഋത്വിക്കുകൾ ഇന്ദ്രനും ബൃഹസ്പതിയും ദേവതയായിട്ടുള്ള ഹവിസ്സിനെ ഹോമിക്കണം[8]; ഗൎഭിണിയാകുമ്പോൾ കൌമാരഭൃത്യൻ (ബാലവൈദ്യൻ) ഗൎഭരക്ഷയ്ക്കും സുഖപ്രസവത്തിന്നും വേണ്ടുന്ന പ്രയത്നം ചെയ്യണം; പ്രസവിച്ചാൽ പുരോഹിതൻ പുത്രസംസ്ക്കാരത്തെച്ചെയ്യണം; പുത്രൻ അധ്യയനത്തിന്നു സമൎത്ഥനായിത്തീൎന്നാൽ നിപുണന്മാരായ ആചാൎയ്യന്മാർ വിനയിക്കുകയും ചെയ്യണം. [ 50 ] സത്രികളിലൊരുവൻ രാജകുമാരനെ മൃഗയ, ദ്യുതം, മദ്യം, സ്ത്രീ എന്നിവയിലേൎപ്പെടുവാനും പിതാവിന്റെ നേരെ വിക്രമിച്ചു രാജ്യം കൈയ്ക്കലാക്കുവാനും പ്രലോഭിപ്പിക്കേണമെന്നും, അതിനെ മറ്റൊരു സത്രി പ്രതിഷേധിക്കേണമെന്നും ആംഭീയന്മാർ അഭിപ്രായപ്പെടുന്നു.
ബോധമില്ലാത്തവരെ അങ്ങനെ ബോധിപ്പിക്കുന്നതു മഹാദോഷമാണെന്നു കൌടില്യമതം. നവമായ ദ്രവ്യത്തെ ഏതേതു വസ്തുക്കളെക്കൊണ്ടു ലേപിക്കുന്നുവോ അവയെയെല്ലാം അതു ചൂഷണംചെയ്യും. അതുപോലെ നവബുദ്ധിയായ രാജപുത്രനും അവനോടെന്തെന്തുപറയുന്നുവോ അതിനെയെല്ലാം ശാഃസ്ത്രോപദേശംപോലെ സ്വീകരിക്കും. ആകയാൽ ധൎമ്മവുമൎത്ഥവും മാത്രമേ അവന്നുപദേശിക്കാവൂ; അധൎമ്മവുമനൎത്ഥവും ഉപദേശിക്കരുതു്.
സത്രീകളാകട്ടെ "ഇവിടുത്തെ ആളുകളാണു ഞങ്ങൾ" എന്നു പറഞ്ഞുംകൊണ്ടു രാജപുത്രനെ പാലിക്കണം. യൌവനത്തിളപ്പുകൊണ്ടു രാജപുത്രൻ പരസ്ത്രീകളിൽ മനസ്സുവയ്ക്കുന്നതായാൽ അശുചികളും ആൎയ്യാവ്യഞ്ജനകളുമായ സ്ത്രീകളെക്കൊണ്ടു രാത്രിയിൽ, ശൂന്യഗ്രഹങ്ങളിൽവച്ചു് അവനെ ഭയപ്പെടുത്തിക്കണം; മദ്യകാമനായാൽ യോഗപാനം കൊടുത്ത് ഉദ്വേഗം ജനിപ്പിക്കണം; ദ്യൂതകാമനായാൽ കാപടികപുരുഷന്മാരെക്കൊണ്ടു ഉദ്വേജിപ്പിക്കണം; മൃഗയാകാമനായാൽ പ്രതിരോധക (ചോര) വ്യഞ്ജനന്മാരെക്കൊണ്ടു ഭയപ്പെടുത്തിക്കണം; പിതാവിന്റെ നേരെ വിക്രമിപ്പാൻ ബുദ്ധി പോകുന്നതായാൽ "അങ്ങനെയാകട്ടെ" എന്നു പറഞ്ഞ് അവന്റെ പക്ഷത്തിൽച്ചേൎന്നു "അപ്രാൎത്ഥനീയ (ആക്രമിക്കാൻ കഴിയാത്തവൻ) നാണു രാജാവു്. ശ്രമം വിപന്നമായാൽ വധം നിശ്ചയം; സമ്പന്നമായാൽ നരകപാതവും സംക്രോശവും വരും. [ 51 ] പ്രജകൾ ഏകലോഷ്ടവധം (മൺകട്ടകൊണ്ടെറിഞ്ഞു കൊല്ലൽ) ചെയ്തുവെന്നും വരാം" എന്നു പറഞ്ഞു ഭേദിപ്പിക്കണം.
വിരാഗനും പ്രിയനുമായിട്ടുള്ള ഏകപുത്രനെ രാജാവു ബന്ധനത്തിൽ വയ്ക്കണം. ബഹുപുത്രനാണ് രാജാവെങ്കിൽ വിരാഗനായിട്ടുള്ളവനെ പ്രത്യന്തദേശത്തേക്കോ, ഗൎഭസ്ഥനായോ ഷണ്ഡനായോ ജാതനായോ ഒരു ശിശുവില്ലാത്ത അന്യവിഷയത്തിലേക്കോ അയക്കുകയും ചെയ്യാം. എന്നാൽ ആത്മസമ്പന്നനായ പുത്രനെ സേനാപതിസ്ഥാനത്തോ യുവരാജപദവിയിലോ ഇരുത്തുകയും വേണം.
ബുദ്ധിമാൻ, ആഹാൎയ്യബുദ്ധി, ദുർബുദ്ധി, എന്നിങ്ങനെ പുത്രഭേദങ്ങൾ. പഠിപ്പിച്ചാൽ ധൎമ്മാൎത്ഥങ്ങളെദ്ധരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നവൻ ബുദ്ധിമാൻ; ധരിച്ചാലും അനുഷ്ഠിക്കാത്തവൻ ആഹാൎയ്യബുദ്ധി; അപായനിൎത്യനും ധൎമ്മാൎത്ഥദ്വേഷിയുമായിട്ടുള്ളവൻ ദുർബുദ്ധി; അങ്ങനെയുള്ളവൻ രാജാവിന്ന് ഏകപുത്രനാണെങ്കിൽ അദ്ദേഹം അവന്നൊരു പുത്രനുണ്ടാകുവാൻ പ്രയത്നിക്കണം. അല്ലെങ്കിൽ പുത്രികാപുത്രന്മാരെ[9] ഉൽപാദിപ്പിക്കണം. വൃദ്ധനോ വ്യാധിതനോ ആണ് രാജാവെങ്കിൽ മാതൃബന്ധു, കുല്യൻ, ഗുണവനായ സാമന്തൻ എന്നിവരിൽ ഒരുവനെക്കൊണ്ടു് ക്ഷേത്രത്തിൽ ബീജോൽപാദനം ചെയ്യണം. എങ്ങനെയായാലും അവിനീതനായിട്ടള്ള ഏകപുത്രനെ രാജ്യത്തിൽ സ്ഥാപിക്കരുതു്. [ 52 ]പലപുത്രരിൽവച്ചേകൻ-
തന്നെ രോധിക്കണം നൃപൻ ;
വാഴേണം പുത്രഹിതനാ-
യാപത്തില്ലാതിരിക്കുകിൽ .
പുത്രരിൽ ജ്യേഷ്ഠനായുള്ളോൻ
രാജ്യം വാഴുന്നതുത്തമം ;
അല്ലെന്നാകിൽകുലത്തിന്നു
രാജ്യം കല്പിച്ചു നൽകീടാം .
കലസംഘങ്ങൾ വാണീടിൽ
മാററാരേററാൽ ഫലിച്ചിടാ,
വരാ രാജവ്യസനവു-
മരാജത്വവുമാൎന്നിടാ.
കൃച്ഛവൃത്തിയായ രാജപുത്രൻ തനിക്കനുരൂപമല്ലാത്ത ജോലിയിൽ നിയുക്തനായാൽ, അതുകൊണ്ടു പ്രാണാബാധമോ പ്രകൃതികോപമോ പാതകമോ വരാനിടയില്ലാത്ത പക്ഷം, പിതാവിനെ അനുസരിച്ചു നടക്കണം. പുണ്യമായ ജോലിയിൽ നിയുക്തനായാൽ അതു നടത്തുവാൻ ഒരു പുരുഷനെ പിതാവിനോടു യാചിച്ചു വാങ്ങണം. അവനാൽ അധിഷ്ഠിതനായിട്ടു പിതാവിന്റെ ആദേശത്തെ സവിശേഷം അനുഷ്ഠിക്കുകയും, അതിൽനിന്നുള്ള അഭിരൂ [ 53 ] പമായ ഫലവും ഔപായനികമായുണ്ടാകുന്ന ലാഭവും പിതാവിന്നു സമൎപ്പിക്കുകയും ചെയ്യണം. ഇങ്ങനെ ചെയ്തിട്ടും പിതാവു സന്തോഷിക്കാതിരിക്കുകയും മറ്റൊരു പുത്രങ്കലോ ദാരങ്ങളിലോ അധികം സ്നേഹിക്കുകയും ചെയ്യുന്നതായാൽ അദ്ദേഹത്തോടു രാജപുത്രൻ അരണത്തിലേക്കു പോകാനനുവാദം ചോദിക്കണം.
പിതാവിങ്കൽനിന്നു തനിക്കു ബന്ധനമോ വധമോ ഭവിക്കുമെന്നു ഭയം തോന്നിയാൽ ന്യായവൃത്തിയും ധാൎമ്മികനും സത്യവാദിയും അവിസംവാദിയും ആശ്രയിച്ചവരെ സ്വീകരിച്ചു മാനിക്കുന്നവനുമായിട്ടുള്ള സാമന്തനെ ആശ്രയിക്കണം. അങ്ങനെ ഇരുന്നും കൊണ്ടും കോശദണ്ഡങ്ങളെ സമ്പാദിച്ചിട്ടു, പ്രവീരനായ ഒരു പുരുഷനുമായിട്ടു കന്യകാസംബന്ധവും അടവീവാസികളായിട്ടു സഖ്യവും ചെയ്കയും പിതാവിന്റെ നാട്ടിലുള്ള കൃത്യപക്ഷങ്ങളെ ഉപഗ്രഹിക്കുകയും ചെയ്യണം.
രാജപുത്രൻ ഏകചരനാകിൽ സുവൎണ്ണപാകം, മണിരാഗം എന്നിവ ചെയ്തോ സ്വൎണ്ണവും വെള്ളിയും കച്ചവടം ചെയ്തോ ആകരകൎമ്മാന്തങ്ങളിൽ വേലചെയ്തോ ഉപജീവനം കഴിക്കണം. പാഷണ്ഡസംഘത്തിന്റെ ദ്രവ്യം, ശോത്രിയൎക്കനുഭവിക്കേണ്ടതല്ലാതുള്ള ദേവദ്രവ്യം, ധനാഢ്യയായ വിധവയുടെ ദ്രവ്യം എന്നിവ ഗൂഢമായി പ്രവേശിച്ചു അപഹരിക്കുകയോ, കച്ചവടക്കാരുടെ കപ്പലുകളിൽ കടന്നുകൂടി അവരെ മദനരസയോഗം (മയക്കമരുന്നു) കൊടുത്തു വഞ്ചിച്ചു അവരുടെ ദ്രവ്യം അപഹരിക്കുകയോ ചെയ്യാം. അല്ലെങ്കിൽ പരഗ്രാമം കയ്യേറുന്നതിന്നു പറയുന്ന ഉപായത്തെ പ്രയോഗിക്കാം. മാതാവിന്റെ പരിജനങ്ങളെ ഉപഗ്രഹിച്ചു വേണ്ടുന്ന യത്നം ചെയ്കയുമാകാം. അതുമല്ലെങ്കിൽ കാരുവിന്റേയും ശില്പിയുടേ [ 54 ] യോ കശീലവന്റെയോ ചികിത്സകന്റെയോ വാഗ്ജീവനന്റെയോ പാഷണ്ഡന്റെയോ രൂപംപൂണ്ട വേഷച്ഛന്നനായി, അതേവേഷംതന്നെ ധരിച്ചിട്ടുള്ള കൂട്ടുകാരോടുംകൂടി ഛിദ്രത്തിൽ പ്രവേശിച്ചു രാജാവിനെ ശസ്ത്രവിഷങ്ങളെക്കൊണ്ടു പ്രഹരിച്ചിട്ടു ഇങ്ങനെ പറയണം:- "ഞാൻ ഇന്ന രാജകുമാരനാണ്'. സഹഭോഗ്യമായിട്ടുള്ള ഈ രാജ്യം ഒരാൾതന്നെയായിട്ട് വാഴുവാൻ പാടില്ല. അതിൽവച്ചു ആരെല്ലാം രാജ്യം ഭരിപ്പാനിച്ഛിക്കുന്നുവോ അവരെ ഞാൻ ദ്വിഗുണമായ ഭക്തവേദനം നൽകി ഇരുത്തുവാൻ ഒരുക്കമാണ്."- ഇങ്ങനെ അവരുദ്ധവൃത്തം.
അവരുദ്ധനായിരിക്കുന്ന മുഖ്യപുത്രനെയാകട്ടെ അപസൎപ്പന്മാർ ചെന്നു പറഞ്ഞു രാജസന്നിധിയിലേക്ക ആനയിക്കണം. അല്ലെങ്കിൽ പ്രതിഗൃഹീതയായ മാതാവു ചെന്നു് കൂട്ടിക്കൊണ്ടുപോരികയുമാകാം.
രാജാവിനാൽ ത്യക്തനായ അവരുദ്ധനെ ഗൂഢപുരുഷന്മാർ ചെന്നു ശസ്ത്രവിഷങ്ങളെകൊണ്ട് ഹനിക്കണം. ത്യക്തനല്ലാത്തവനെ തുല്യശീലകളായ സ്ത്രീകളിലോ മദ്യപാനത്തിലോ മൃഗയയിലോ പ്രസക്തനായിട്ടു രാത്രിയിൽ പിടിച്ചുകെട്ടി കൊണ്ടുവരുവിക്കണം.
വന്നാൽ "മദൂൎദ്ധ്വം നീ രാജാ"-
വിന്നു സാന്ത്വം പറഞ്ഞുടൻ
ഏകനായൊരിടത്താക്കി-
സ്സംരോധിക്കേണമൂഴിപൻ.
വളരെപ്പൎത്രരുണ്ടെങ്കി-
ലവിൽദ്ധൎമ്മഹീനനെ
കളഞ്ഞീടുകയും വേണ-
മെന്നത്രേ ശാസ്ത്രനിശ്ചയം.
രാജാവു സ്വക്രത്യങ്ങളിൽ ഉത്ഥാനം ചെയ്തുകൊണ്ടിരുന്നാൽ അദ്ദേഹത്തെ അനുസരിച്ച് ഭൃത്യന്മാരും ഉത്ഥാനം ചെയ്യും; അദ്ദേഹം പ്രമാദശീലനായിരുന്നാൽ ഭ്രത്യന്മാരും പ്രമാദത്തെ പ്രാപിക്കും. ഭൃത്യന്മാർ പ്രമത്തന്മാരയാൽ സ്വാമിയുടെ കൎമ്മങ്ങളെ ഭക്ഷിച്ചുകളയും; അപ്പോൾ അദ്ദേഹം ശത്രുക്കളാൽ വഞ്ചിക്കപ്പെടുകയും ചെയ്യും. ആകയാൽ അദ്ദേഹം ഉത്ഥാനം ചെയ്യണം.
രാജാവു അഹസ്സിനേയും രാത്രിയേയും നാഴികകളെക്കൊണ്ടു എട്ടംശമായി ഭാഗിക്കണം. അല്ലെങ്കിൽ അഹസ്സിനെ ഛായാക്രമണംകൊണ്ടും എട്ടായി ഭാഗിക്കാം. ത്രിപൌരുഷി (മൂവാൾ), പൌരുഷി (ഒരാൾ), ചതുരംഗുല (നാലവിരൽ), ഛായാഹീനമായ മദ്ധ്യഹ്നം എന്നിങ്ങനെ അഹസ്സിൽ ആദ്യത്തെ നാലാംശങ്ങൾ. ഇതുകൊണ്ടുതന്നെ പിന്നീടുള്ള നാലാംശങ്ങളും പറയപ്പട്ടു.[10]
അവയിൽവച്ചു അഹസ്സിന്റെ ആദ്യത്തെ അഷ്ടഭാഗത്തിൽ രാജാവ് രക്ഷാവിധാനം ചെയ്കയും ആയവ്യയങ്ങളെകേൾക്കുകയും വേണം; രണ്ടാമത്തെ അഷ്ടഭാഗത്തിൽ പൌരജാനപദന്മാരുടെ കാര്യങ്ങളെ നോക്കണം; മൂന്നാമത്തെ അഷ്ടഭാഗത്തിൽ സ്നാനഭോജനങ്ങളെ ചെയ്കയും സ്വാധ്യായം ചെയ്കയും വേണം; നാലാമത്തെ അഷ്ടഭാഗത്തിൽ ഹിരണ്യം വാങ്ങിവെക്കുകയും അധ്യക്ഷന്മാരെ കാര്യങ്ങളിൽ നിയോഗിക്കുകയും ചെയ്യണം; അഞ്ചാമത്തെ അഷ്ടഭാഗത്തിൽ മന്ത്രിപരിഷത്തുമായി പത്രസമ്പ്രേഷണം വഴിക്കു കാൎയ്യങ്ങൾ മന്ത്രിക്കുകയും ചാരന്മാ [ 56 ] രിൽനിന്നു ഗുഹ്യമായിട്ടറിവാനുള്ളതിനെ അറിയുകയും വേണം; ആറാമത്തെ അഷ്ടഭാഗത്തിൽ സ്വൈര്യവിഹാരമോ മന്ത്രമോ ചെയ്യണം; ഏഴാമത്തെ അഷ്ടഭാഗത്തിൽ ഹസ്തികൾ, അശ്വങ്ങൾ, രഥങ്ങൾ, പദാതികൾ എന്നിവയെ പരിശോധിക്കണം; എട്ടാമത്തെ അഷ്ടഭാഗത്തിൽ സേനാപതിയോടുകൂടി വിക്രമത്തെക്കുറിച്ച് ചിന്തിക്കണം. പകൽ കഴിഞ്ഞാൽ സന്ധ്യയെ ഉപാസിക്കണം.
രാത്രി ഒന്നാമത്തെ അഷ്ടഭാഗത്തിൽ ഗൂഢപുരുഷന്മാരെക്കണ്ടു സംസാരിക്കുക; രണ്ടാമത്തെ അഷ്ടഭാഗത്തിൽ സ്നാനഭോജനങ്ങളും സ്വാധ്യായവും ചെയ്ക; മൂന്നാമത്തെ അഷ്ടഭാഗത്തിൽ തൂൎയ്യഘോഷത്തോടുകൂടി കിടക്കുകുയും നാലും അഞ്ചും അഷ്ടഭാഗങ്ങൾ മുഴുവൻ ഉറങ്ങുകയും ചെയ്ക; ആറാമത്തെ അഷ്ടഭാഗത്തിൽ തുൎയ്യഘോഷത്തോടുകൂടി ഉണർന്നു ശാസ്ത്രത്തേയും അന്നത്തെ ഇതികൎത്തവ്യതയേയും ചിന്തിക്കുക; ഏഴാമത്തെ അഷ്ടഭാഗത്തിൽ മന്ത്രാലോചനയും ഗൂഢപുരുഷപ്രേഷണവും ചെയ്ക; എട്ടാമത്തെ അഷ്ടഭാഗത്തിൽ ഋത്വിക്കുകളോടും ആചാര്യന്മാരോടും പുരോഹിതനോടും കൂടി സ്വസ്ത്യയനങ്ങളെ പ്രതിഗ്രഹിക്കുകയും ചികിത്സകൻ, മാഹാനസികൻ (മടപ്പള്ളിവിചാരിപ്പുകാരൻ), മൌഹൂൎത്തികൻ എന്നിവരെക്കാണുകയും ചെയ്ക. പിന്നെ വത്സനോടുകൂടിയ ധേനുവിനേയും വൃഷഭത്തേയും പ്രദക്ഷിണം ചെയ്ത് ആസ്ഥാനമണ്ഡപത്തിലേക്കു പോകണം. ഇങ്ങനെയല്ലെങ്കിൽ തന്റെ ബലത്തിന്നു തക്കവണ്ണം രാത്രിയുടേയും അഹസ്സിന്റെയും ഭാഗങ്ങളെ വിഭജിച്ചു കാൎയ്യങ്ങൾ അനുഷ്ടിക്കുകയുമാകാം.
ആസ്ഥാനസഭയിൽച്ചെന്നാൽ കാൎയ്യാർത്ഥികളായി വരുന്നവൎക്കു ദ്വാരത്തിങ്കൽ തടസ്ഥമില്ലാതിരിക്കത്തക്കവിധം ഏൎപ്പാടു ചെയ്യിച്ചിരിക്കണം. രാജാവിനെ ജനങ്ങൾ [ 57 ] ക്കു കാണ്മാൻ പ്രയാസമായതുകൊണ്ടു് അദ്ദേഹത്തെക്കൊണ്ടു് ആസന്നസേവകന്മാർ കാൎയ്യാകാൎയ്യങ്ങളെ വിപൎയ്യസ്തമായി ചെയ്യിച്ചേക്കും. അങ്ങനെ വന്നാൽ രാജാവു പ്രകൃതികോപത്തിന്നു പാത്രമാകയോ ശത്രുവിനു വശഗനാകയോ ചെയ്യും. അതുകൊണ്ടു ദേവകാൎയ്യം, ആശ്രമകാൎയ്യം, പാഷണ്ഡകാൎയ്യം, ശ്രോതിയകാൎയ്യം, പശുകാൎയ്യം, പുണ്യസ്ഥാനകാൎയ്യം, ബാലകാൎയ്യം, വൃദ്ധകാൎയ്യം, വ്യാധിതകാൎയ്യം, വ്യസനികാൎയ്യം, അനാഥകാൎയ്യം, സ്ത്രീകാൎയ്യം എന്നീ ക്രമത്തിൽ രാജാവ് കാൎയ്യങ്ങളെ നോക്കണം. അല്ലെങ്കിൽ കാൎയ്യഗൌരവമനുസരിച്ചോ ആത്യയികമായതിനെ അനുസരിച്ചോ കാൎയ്യങ്ങൾ ക്രമപ്പെടുത്തി നോക്കുന്നതിന്നും വിരോധമില്ല.
അടിയന്തരകാൎയ്യങ്ങൾ
കാലംതെറ്റാതെ കേൾക്കണം
കാലംപോയാൽകൃച്ഛസാദ്ധ്യ
മാകാമായതസാധ്യമോ.
വൈദ്യതാപസകാൎയ്യങ്ങ
ളഗ്നിശാലയിൽവച്ചുതാൻ
പുരോഹിതാചാൎയ്യരോടൊ-
ത്തേറ്റു വന്ദിച്ചു കേൾക്കേണം.
ചെയ്വൂ തപസ്വികാൎയ്യങ്ങൾ
ത്രൈവിദ്യരൊടു കൂടവേ
അരുതൊറ്റയ്ക്കതുവിധം
മായായോഗികൾ കാൎയ്യവും.
വ്രതം രാജാവിനുത്ഥാനം,
യജ്ഞം കാൎയ്യാനുശാസനം,
ദക്ഷിണാ സമദിശത്വം,
ദീക്ഷാന്ത്യമഭിഷേകവും.
പ്രജാസുഖം സുഖം ഭൂപ-
ന്നവർതൻ ഹിതമേ ഹിതം
ഹിതം തൻപ്രിയമല്ലോൎത്താൽ
പ്രജാപ്രിയമതേ ഹിതം
ആകയാൽനിത്യമുദ്യോഗി-
ച്ചൎത്ഥകാൎയ്യങ്ങൾനോക്കണം
അൎത്ഥത്തിൻമൂലമുദ്യോഗ-
മനുദ്യോഗമനൎത്ഥദം
നശിക്കുമുദ്യോഗിക്കായ്കിൽ
പ്രാപ്തരും പ്രാപ്യമായതും
ഉദ്യാോഗിച്ചാൽഫലംകിട്ടു-
മൎത്ഥസമ്പത്തുമാൎന്നിടും.
വാസ്തുവിദ്യാഭിജ്ഞന്മാരാൽ പ്രശംസിക്കപ്പെട്ട പ്രദേശത്തു, പ്രാകാരപരിഖാദ്വാരങ്ങളോടുകൂടിയതും അനേകം കക്ഷ്യക (കെട്ടുകൾ) ളാൽ പരിവൃതവുമായിട്ട് അന്തഃപുരത്തെ നിൎമ്മിക്കണം. കോശഗൃഹത്തിന്റെ വിധാനമനുസരിച്ച് രാജാവു തന്റെ വാസഗൃഹം പണിചെയ്യിക്കണം. അല്ലെങ്കിൽ ഭിത്തികളിൽ ഗൂഢങ്ങാളായ സഞ്ചാരദ്വാരങ്ങള്ളതായിട്ടു വൃത്താകൃതിയിൽ മോഹനഗൃഹം [ 59 ] പണിയിച്ച് അതിന്റ മധ്യത്തിൽ വാസഗൃഹം നിൎമ്മിപ്പിക്കണം. അല്ലെങ്കിൽ ആസന്നമാകുമാറു മരം കൊണ്ടു ചൈത്യദേവതമാരുടെ പ്രതിമകൾ കൊത്തിയ പിധാന ദ്വാരത്തോടുകൂടിയതും അനേകം സരുംഗാസഞ്ചാരങ്ങൾ (തുരങ്കമാൎഗ്ഗങ്ങൾ) ഉളളതുമായ ഒരു ഭൂമിഗൃഹം പണിയിച്ചു അതിന്റ മധ്യത്തിൽ വാസഗൃഹം നിൎമ്മിപ്പിക്കണം. അല്ലെങ്കിൽ ഭിത്തിയിൽ ഗൂഢമായ സോപാനങ്ങളോടുകൂടിയതോ സുഷിരമായ (ഉള്ളു പൊളളയായ) സ്തംഭത്തിലൂടെ പ്രവേശാപസാരമാൎഗ്ഗമുളളതോ അടിയിൽനിന്നു മുകളിലേക്കു യന്ത്രംകൊണ്ടു ബന്ധിക്കപ്പെട്ടതോ ആയ ഒരു പ്രാസാദം പണിയിച്ചു അതിന്റെ മധ്യത്തിൽ വാസഗൃഹമാക്കണം. ഈ യന്ത്രബധനം ആപൽപ്രതീകാരാൎത്ഥമായി ആദ്യംതന്നേ ചെയ്കയോ ആപത്തുവരുമ്പോൾ ചെയ്കയോ ആകാം. സഹാധ്യായിഭയം (തന്നെപ്പാലെ പഠിച്ചറിഞ ശതുവിങ്കൽനിന്നുള്ള ഭയം) ശങ്കിച്ചു മേൽപ്പറഞ്ഞവയിൽ നിന്നെല്ലാം ഭിന്നമായ വിധത്തിൽ വികല്പിച്ചും വാസഗൃഹം പണിയിക്കാവുന്നതാണു്.
മാനുഷാഗ്നി[11] കൊണ്ടു മൂന്നുപ്രാവശ്യം അപസവ്യ (പ്രദക്ഷിണം)മായിട്ടു അന്തഃപുരത്തിൽ ഉഴിഞ്ഞാൽ അതിനെപ്പിന്നെ മറ്റൊരഗ്നി ദഹിപ്പിക്കുകയില്ല; അവിടെ മറ്റൊരഗ്നി ജ്വലിക്കുകയുമില്ല. വൈദ്യുതഭസ്മ[12]വും പുറ്റുമണ്ണം കൂടി കരകവാരി (ആലിപ്പഴത്തിൻനീർ)യിൽ കുഴച്ചു ഭിത്തികളിന്മേൽ തേച്ചാലും ആ അന്തഃപുരത്തിൽ അഗ്നിബാധ വരികയില്ല. [ 60 ] ജീവന്തി (അടപതിയൻ) ശ്വേതാ(വെളുത്ത ശംഖപുഷ്പം), മുഷ്കകം(മുളമ്പിലാവു) പുഷ്പവന്ദാക (കണവീരത്തിന്മേലെ ഇത്തിക്കണ്ണി) എന്നിവകൊണ്ടോ അക്ഷീബ(മഞ്ഞപ്പൂവുളള മുരിങ്ങ)ത്തിന്മേൽ മുളച്ചുണ്ടായ അശ്വത്ഥത്തിന്റ ഇലകൊണ്ടാ അന്തഃപുരത്തിൽ രക്ഷചെയ്താൽ അവിടെ സൎപ്പങ്ങളോ മറ്റു വിഷങ്ങളോ ബാധിക്കുകയില്ല.[13] മാജ്ജാൎരൻ, മയൂരം, നകുലം, പൃഷതം(പുളളി മാൻ)എന്നിവയെ വളൎത്തി ഗൃഹത്തിൽ വിട്ടാൽ അവ സപ്പൎങ്ങളെ ഭക്ഷിക്കുകയും ചെയ്യും.
ശുകം, ശാരിക, ഭൃംഗരാജൻ (ചെറുകുരിൽ അഥവാ കുടുമച്ചാത്തൻ) എന്നിവ സൎപ്പവിഷശങ്കയുണ്ടാകുമ്പോൾ ചിലയ്ക്കും; ക്രൌഞ്ചം (അന്നിൽപക്ഷി) വിഷസാമീപ്യമുണ്ടാകുമ്പോൾ മദിക്കും; ജിവഞ്ജജിവകം(ചെമ്പോത്തു്) വിഷം കണ്ടാൽ തളരും; മത്തകോകിലം (മദകയിൽ) വിഷംകണ്ടാൽ ചാകും; ചാകോരത്തിന്റെ കണ്ണുകൾ വിഷം കണ്ടാൽ വിരാഗങളാകും. ഇപ്രകാരം കണ്ട് അഗ്നിയിൽനിന്നും വിഷങ്ങളിൽനിന്നും സൎപ്പങ്ങളിൽനിന്നും വരാവുന്ന ദോഷങ്ങൾക്കു പ്രതിവിധി ചെയ്യണം.
അന്തഃപുരത്തിന്റെ പുഷ്ഠഭാഗത്തിങ്കലുളള കക്ഷ്യകളുടെ വിഭാഗത്തിൽ സ്ത്രീനിവേശം (സ്ത്രീകളുടെ ഇരിപ്പിടം), ഗൎഭസംസ്ഥ (ഗൎഭിണികളുടെ സ്ഥാനം), വ്യാധിസംസ്ഥ (വ്യാധിയുള്ള സ്ത്രീകളുടെ സ്ഥാനം), വൈദ്യപ്രത്യാഖാതസംസ്ഥ (വൈദ്യനാൽ ഉപേക്ഷിക്കപ്പെട്ട രോഗിണികളുടെ സ്ഥാനം), വൃക്ഷസ്ഥാനം (ഉദ്യാനം), ഉദകസ്ഥാനം(ജലാശയം) എന്നിവയാണ് വേണ്ടത്. അതിന്റെ ബഹിൎഭാഗ [ 61 ] ത്തും കന്യകാപുരവും കമാരപുരവും നിൎമ്മിക്കണം. പുരോഭാഗത്തിങ്കലുളള കക്ഷ്യാവിഭാഗത്തിൽ യഥാക്രമം അലങ്കാരഗൃഹം, മന്ത്രഗൃഹം, ആസ്ഥാനമണ്ഡപം എന്നിവയും കുമാരസ്ഥാനം (യുവരാജാവിന്റെ ഇരിപ്പിടം), അധ്യക്ഷസ്ഥാനം എന്നിവയുമായിരിക്കണം. എല്ലാ കക്ഷ്യകളുടേയും മധ്യങ്ങളിൽ അന്തൎവ്വംശികസൈന്യം (അന്തഃപുരാധികൃതന്റെ കീഴിലുളള സൈന്യം) കാവൽ നിൽക്കുകയും വേണം.
അന്തർഗൃഹത്തിൽവച്ചൂം സ്ഥവിരയായ പരിചാരിക പരിശോധിച്ചതിന്നും ശേഷവും വേണം രാജാവു് ദേവിയെക്കാണുവാൻ; ഒരു ദേവിയേയും രാജാവു് അങ്ങോട്ടു ചെന്നു കാണരുതു്. എന്തുകൊണ്ടെന്നാൽ - ദേവീഗൃഹത്തിൽ ഒളിച്ചിരുന്നിട്ട് ഭദ്രസേനനെ അദ്ദേഹത്തിന്റെ ഭ്രാതാവു കൊന്നുകളഞ്ഞു; അമ്മയുടെ ശയ്യിൽ ഒളിച്ചു കിടന്നിട്ടു കരൂശരാജാവിനെ അദ്ദേഹത്തിന്റെ പുത്രനും ഹനിച്ചു. ലാജം തേനുകാണ്ടെന്നു പറഞ്ഞു വിഷംകൊണ്ടു കുഴച്ചു കൊടുത്തിട്ടു കാശിരാജാവിനെ അദ്ദേഹത്തിന്റെ ദേവി നിഗ്രഹിച്ചു; വിഷലിപ്തമായ നൂപുരംകൊണ്ടു വൈരന്ത്യരാജാവിനേയും, വിഷലിപ്തമായ മേഖലാമണികൊണ്ടു സൌവീരരാജാവിനേയും, വിഷലിപ്തമായ കണ്ണാടി കൊണ്ടു ജാലൂഥരാജാവിനേയും, വേണിയിൽ ശസ്ത്രം ഒളിച്ചുവെച്ചു വിഡൂരഥനേയും അവരുടെ ദേവിമാർ വധിച്ചുകളഞ്ഞു. അതുകൊണ്ടു രാജാവു ഈ ആപൽ സ്ഥാനങ്ങളെ പരിഹരിക്കണം.
രാജാവു തന്റെ ദേവിമാൎക്കു മുണ്ഡന്മാർ, ജടിലന്മാർ, കുഹകന്മാർ (ആഭിചാരം ചെയ്യുന്നവർ) എന്നിവരോടും ബാഹ്യകളായ ദാസികളോടുമുളള പ്രതിസംസൎഗ്ഗത്തെ പ്രതിഷേധിക്കണം. ദേവിമാരെ അവരുടെ കുല്യ [ 62 ] ന്മാ(ചാൎച്ചക്കാർ)രും ഗൎഭം, വ്യാധി, സംസ്ഥ (മരണം) എന്നിവയിലൊഴികെ കാണ്മാൻ പാടില്ല. രുപാജീവമാർ (വേശ്യകൾ) തേച്ചുകുളിച്ചു ശരീരശുദ്ധിചെയ്തു വസ്ത്രങ്ങളും അലങ്കാരങ്ങളും മാറിയിട്ടു ദേവിമാരെ പരിചരിക്കണം. മാതാപിതൃവ്യഞ്ജനരായി അശീതികന്മാർ (എൺപതു തികഞ്ഞവർ) ആയ പുരുഷന്മാരും പഞ്ചാശൽകകൾ (അമ്പതു തികഞ്ഞവർ) ആയ സ്ത്രീകളും സ്ഥവിരന്മാർ, വൎഷവരർ (ഷണ്ഡർ), അഭ്യാഗാരികന്മാർ എന്നിവരും അന്തഃപുരസ്ത്രീകളുടെ ശൌചാശൗചങ്ങളെ അറിയുകയും അവരെ സ്വാമിയുടെ ഹിതത്തിങ്കൽ നിറുത്തുകയും വേണം.
സ്വസ്ഥാനത്തേവരും വാഴ്വൂ,
പരസ്ഥാനത്തു ചെല്ലൊലാ,
ബാഹ്യരോടുള്ള സംസൎഗ്ഗ-
മാഭ്യന്തരമൊഴിക്കണം
വരുന്നതും പോകവതു-
മാകും ദ്രവ്യങ്ങളൊക്കയും
ഇന്നിടത്തിന്നിടത്തേ-
ക്കെന്നറിഞ്ഞു യഥാവലെ
ഓരോ ഭൂമിയിലും മുദ്ര-
യിട്ടു നിൎണ്ണയപൂർവ്വകം
അകത്തേക്കും പുറത്തേക്കും
വിടേണം ദ്വാരരക്ഷികൾ
ആത്മരക്ഷിതകം.
രാജാവു ശയ്യയിൽനിന്നെഴുന്നേററാൽ ഉടനെ ധന്വികളായ സ്ത്രീഗണങ്ങൾ അദ്ദേഹത്തെ സ്വീകരിക്കണം. രണ്ടാം കക്ഷ്യയിലെത്തിയാൽ കഞ്ചുകവും ഉഷ്ണീഷവും ധരിച്ച വൎഷവരരും അഭ്യാഗാരികരും അദ്ദേഹത്തെ സ്വീകരിക്കണം; മൂന്നാംകക്ഷ്യയിൽവച്ചു കുബ്ജരും വാമനരരും കിരാതരുമായ പരിചാരകന്മാർ സ്വീകരിക്കണം; നാലാംകക്ഷ്യയിൽവച്ചു മന്ത്രികളും സംബന്ധികളും പ്രാസം(കുന്തം) കയ്യിലേന്തിയ ദ്വാരപാലന്മാരും സ്വീകരിക്കണം.
പിതൃപിതാമഹന്മാർ മുതൽക്കുതന്നെ പാരമ്പൎയ്യമുള്ളവരും മഹത്തായ സംബന്ധാനുബന്ധത്തോടുകൂടിയവരും വിദ്യയഭ്യസിച്ചവരും അനുരക്തരും കൎമ്മപരിചയമുള്ളവരുമായ ആളുകളെ രാജാവു തന്റെ ആസന്നന്മാർ (അംഗരക്ഷകന്മാർ) ആയി നിശ്ചയിക്കണം. അൎത്ഥമാനങ്ങൾ നൽകി സൽക്കരിക്കപ്പെടാതുള്ള അന്യദേശീയനേയോ, സ്വദേശീയനെങ്കിലും അപകൃത്യോപഗൃഹീത (അപകാരം ചെയ്തിട്ടു പിന്നെ സ്വീകരിക്കപ്പെട്ടവൻ) നായിട്ടുള്ളവനേയോ ആസന്നനായി നിശ്ചയിക്കരുതു്. അന്തൎവ്വംശികസൈന്യം രാജാവിനേയും അന്ത:പുരത്തേയും രക്ഷിച്ചുംകൊണ്ടു നിൽക്കണം.
ഗുപ്തമായ സ്ഥലത്തുവച്ചു മാഹനസികൻ എല്ലാ പാകകൎമ്മത്തേയും താനനേകം പ്രാവശ്യം ആസ്വദിച്ചു നോക്കിയുംകൊണ്ടു നടത്തിക്കണം. അതിനെ രാജാവു്, ആദ്യം അഗ്നിക്കും പക്ഷികൾക്കും ബലിനൽകിയിട്ടു്, അങ്ങനെതന്നെ(മാഹാനസികനാൽ ആസ്വദിക്കപ്പെട്ടതിന്നുശേഷം) ഭക്ഷിക്കണം. [ 64 ] വിഷയുക്തമായ അഗ്നിയുടെ ജ്വാലയ്ക്കും പുകയ്ക്കും നീലനിറവും ശബ്ദസ്ഫോടനവും ("ചടചട"പൊട്ടൽ) വരും; പക്ഷികൾ വിഷം കലൎന്ന പദാൎത്ഥം തിന്നാൽ ചാകും; വിഷയുക്തമായ അന്നത്തിന്റെ ഊഷ്മാവു മയിൽക്കഴുത്തിന്നൊത്ത നിറത്തോടുകൂടിയിരിക്കയും, അന്നത്തിന്നു വേഗത്തിൽ ശൈത്യവും ഞവിണ്ടിയാലത്തെപ്പോലെ വൈവൎണ്ണ്യവും സോദകത്വവും (വാൎത്താൽ നീർവാരായ്ക) അക്ലിന്നതയും വരികയും ചെയ്യും. വ്യഞ്ജനങ്ങളിൽ വിഷം കലൎന്നാൽ അവയ്ക്കു പെട്ടെന്നു വരൾച്ച, ചീച്ചൽ, മാലിന്യം, നുര, പടലം (പാട), വിച്ഛിന്നഭാവം (നുരയും വ്യഞ്ജനവും തമ്മിൽ വേറിട്ട് കാണുക) എന്നിവയും ഗന്ധസ്പൎശരസങ്ങൾക്കു നാശവും ഭവിക്കും; ദ്രവദ്രവ്യങ്ങളിൽ വിഷം കലൎന്നാൽ അവയുടെ നിറം ഹീനമായോ അതിരിക്തമായോ ഇരിക്കുകയും ഫേനം, പടലം, സീമന്തം (പകുത്തിരിക്കൽ), ഊൎദ്ധ്വരേഖകൾ എന്നിവ കാണുകയും ചെയ്യും. രസദ്രവ്യത്തിൽ ഈ രേഖ നീലമായും, പാലിൽ താമ്രമായും, മദ്യത്തിലും വെള്ളത്തിലും കറുത്തതായും, തൈരിൽ കരുവാളിച്ചതായും, തേനിൽ വെളുത്തതായുമായിരിക്കും. ആൎദ്രദ്രവ്യങ്ങളിൽ വിഷം പെട്ടാൽ അവയ്ക്കു ആശുപ്രമ്ലാനത (പെട്ടെന്നു വാട്ടം), ഉൽപക്വഭാവം (തെങ്ങൽ) എന്നിവ വരികയും അവയുടെ രസം നീലമായോ ശ്യാമമായോ ഇരിക്കുകയും ചെയ്യും. ശുഷ്കദ്രവ്യങ്ങൾക്കു വിഷം കലൎന്നാൽ ആശുശാതന (പെട്ടെന്ന് പൊടിയുക)വും വൈവൎണ്ണ്യവും വരും. കഠിനപദാൎത്ഥങ്ങൾക്കു വിഷം പെട്ടാൽ മൃദുത്വവും മൃദുക്കൾക്കു കഠിനതയും ഭവിക്കും. വിഷയുക്തമായ പദാൎത്ഥത്തിന്റെ സമീപത്തു ചെല്ലുന്ന ക്ഷുദ്രപ്രാണികൾ ചത്തുപോകയും ചെയ്യും. ആസ്തരണപ്രാവരണങ്ങളിൽ (വിരിപ്പുകളിലും പുതപ്പകളിലും) വിഷം പെട്ടാൽ കറുത്ത പുള്ളികൾ വീഴുകയും അ [ 65 ] വയിലെ നൂലും രോമവും കൊഴിഞ്ഞുപോകയും ചെയ്യും. ലോഹമയങ്ങളായ വസ്തുക്കളിൽ വിഷം കലൎന്നാൽ ചേറുതേച്ചതുപോലെയും, മണിമയങ്ങളായ ദ്രവ്യങ്ങളിലായാൽ മാച്ചു പറ്റിയതുപോലേയും ഇരിക്കും; മണികളുടെ സ്നേഹവും രാഗവും ഗുരുത്വവും പ്രഭയും വൎണ്ണവും സ്പൎശവും നശിക്കുകയും ചെയ്യും. ഇങ്ങനെ വിഷയുക്തലക്ഷണങ്ങൾ.
വിഷം കൊടുക്കുന്നവന്റെ മുഖം ശുഷ്കമായും ശ്യാമമായും ഇരിക്കും; അവന്നു വാക്സംഗം, വിയൎപ്പു, കോട്ടുവായ, അതിമാത്രമായ വേപഥു, പ്രസ്ഖലനം, ബാഹ്യവിപ്രേക്ഷണം (പുറമെയുള്ളവയെ ശ്രദ്ധിച്ചംകൊണ്ടു നോക്കുക) ആവേഗം എന്നിവയും സ്വകൎമ്മത്തിലും സ്വസ്ഥാനത്തും ഉറച്ചിരിക്കായ്കയുമുണ്ടാകും.
അതുകോണ്ടു വിഷഹാരികളും വൈദ്യന്മാരും രാജാവിന്റെ അടുത്തു് എപ്പോഴുമുണ്ടായിരിക്കണം.
വൈദ്യൻ ഔഷധാഗാരത്തിൽനിന്നു താനാസ്വദിച്ചുനോക്കി വിശുദ്ധമെന്നു കണ്ട ഔഷധം എടുത്തു്, പാചകനും പേഷകനും താനും വീണ്ടും സ്വാദുനോക്കിയതിന്നു ശേഷം വേണം രാജാവിന്നു കൊടുക്കുവാൻ. രാജാവിന്നു വേണ്ട പാനവും പാനീയവും ഔഷധംകൊണ്ടുതന്നെ പറയപ്പെട്ടു.
കല്പകന്മാ(ക്ഷുരകന്മാർ)രും പ്രസാധകന്മാരും സ്നാനം ചെയ്തു ശുദ്ധവസ്ത്രം ധരിച്ചു കൈകഴുകി അന്തൎവ്വംശികരുടെ കയ്യിൽനിന്നു മുദ്രയോടുകൂടിയതായ ഉപകരണം വാങ്ങി അതുകൊണ്ടുവേണം രാജാവിനെപ്പരിചരിക്കുവാൻ.
സ്നാപകൻ, സംവാഹകൻ, ആസ്തരകൻ, രജകൻ, മാലാകാരൻ എന്നിവരുടെ കൎമ്മങ്ങൾ ദാസികളോ അവരുടെ മേൽന്നോട്ടത്തോടുകൂടി ശില്പികളോ ചെയ്യണം; ത [ 66 ] ന്റെ കണ്ണിൽ ഒപ്പിയിട്ടുവേണം രാജാവിന്നു വസ്ത്രവും മാല്യവും കൊടുക്കുവാൻ. സ്നാനജലം, അനുലേപനം, പ്രഘൎഷണം, ചൂൎണ്ണവാസം, സ്നാനീയം എന്നിവ തന്റെ വക്ഷസ്സിലും കൈകളിലും തേച്ചതിനുശേഷം വേണം കോടുക്കുവാൻ. ഇതുകൊണ്ടു പരദേശത്തുനിന്നു വന്ന പദാൎത്ഥങ്ങളും പറയപ്പെട്ടു.
കുശീലവന്മാർ ശസ്ത്രവും അഗ്നിയും വിഷവുമൊഴികെയുള്ള പദാൎത്ഥങ്ങളുപയോഗിച്ചു മാത്രമേ രാജാവിനെ വിനോദിപ്പിക്കാവൂ. അവരുടെ ആതോദ്യ(വാദ്യ)ങ്ങളും അശ്വം, രഥം, ഗജം എന്നിവയുടെ അലങ്കാരങ്ങളും അന്തഃപുരത്തിൽ സൂക്ഷിക്കുകയും വേണം.
മൌലപുരുഷന്മാർ ആദ്യം അധിഷ്ഠാനം ചെയ്ത യാനവാഹനങ്ങളിൽ മാത്രമേ രാജാവു കയറാവൂ; ആപ്തനായ നാവികൻ തുഴയുന്ന തോണിയിലേ ആരോഹണം ചെയ്യാവൂ; മറെറാരു തോണിയോടു കൂട്ടികെട്ടിയതും വാത വേഗത്താൽ നയിക്കപ്പെടുന്നതുമായ തോണിയിൽക്കയറരുതു്. രാജാവു തോണി കടക്കുമ്പോൾ ഉദകസമീപത്തിങ്കൽ സൈന്യങ്ങൾ കാവൽ നിൽക്കുകയും വേണം. മത്സ്യഗ്രാഹന്മാർ പരിശോധിച്ചു ശുദ്ധമാക്കിയ ജലാശയത്തിലേ രാജാവു അവഗാഹംചെയ്യാവൂ; വ്യാളഗ്രാഹന്മാർ പരിശോധിച്ചു ശുദ്ധമാക്കിയ ഉദ്യാനത്തിലേ പോകാവൂ; ലുബ്ധകരും ശ്വഗണികളും ചെന്നു ചോരഭയത്തേയും വ്യാളഭയത്തെയും ശത്രുഭയത്തെയും നീക്കി ശുദ്ധമാക്കിയ മൃഗയാരണ്യത്തിൽ മാത്രമേ ചലലക്ഷ്യവേധനം പരിചയിക്കുന്നതിനുവേണ്ടിപ്പോകാവൂ. ആപ്തന്മാരായ ശസ്ത്രപാണികളാൽ പരിവൃതനായിട്ടേ സിദ്ധതാപസനെ സന്ദശിക്കാവൂ ; മന്ത്രിപരിഷത്തിനാൽ പരവൃതനായിട്ടേ സാമന്തദൂതനെക്കാണാവൂ; സന്നദ്ധനായി കുതിരമേലോ [ 67 ] ആനപ്പുറത്തോ തേരിലോ കയറിയിട്ടേ സന്നദ്ധമായിട്ടുള്ള സൈന്യത്തെ സന്ദൎശിക്കാവൂ. രാജാവു രാജധാനിയിൽ നിന്നു പുറത്തുപോകുമ്പോഴും രാജധാനിയിലേക്കു വരുമ്പോഴും രാജമാൎഗ്ഗത്തിന്റെ ഇരുപുറവും ദണ്ഡികളെക്കൊണ്ടു ശസ്ത്രപാണികളും പ്രവ്രജിതരും അംഗവൈകല്യമുള്ളവരുമായവരെ വഴി മാററിയിട്ടേ ഗമിക്കാവൂ. പുരുഷസംബാധത്തിൽ (ആൾത്തിരക്കിൽ) രാജാവുപ്രവേശിക്കുകയുമരുതു്. യാത്രകൾ, സമാജങ്ങൾ, ഉത്സവങ്ങൾ, പ്രവഹണങ്ങൾ (വിനോദയാത്രകൾ) എന്നിവയിൽ ദശവൎഗ്ഗികരെ (പത്തു പടയാളികളോടുകൂടിയ പടത്തലവന്മാരെ) നിറുത്തിയിട്ടേ രാജാവു പോകാവൂ.
എവണ്ണം താനൊററുകാരാൽ
മാററാരെക്കാത്തിടുന്നുവോ
മാററാരിൽനിന്നുമവ്വണ്ണം
തന്നെക്കാക്കേണമൂഴിപൻ.
- ↑ മാത്സ്യന്യായം=വലിയ മത്സ്യം ചെറിയ മത്സ്യത്തെ വിഴുങ്ങുന്നതു പോലെ ബലവാ൯ ദുർബ്ബലനെ ദ്രോഹിക്കുക.
- ↑ ശാസ്ത്രം ഇന്ദ്രിയജയത്തിന്നു കാരണമാകയാൽ കാൎയ്യകാരണങ്ങൾക്കു തമ്മിൽ അഭേദോപചാരംചെയ്തു ശാസ്ത്രംതന്നെ ഇന്ദ്രിയജയമെന്നു വ്യവഹരിക്കാമെന്നു താൽപൎയ്യം.
- ↑ ഛായ, നാളിക എന്നിവയെക്കൊണ്ടു സമയം ഇത്രയായെന്നു മണിയടിച്ചറിയിച്ചു രാജാവിനെ ഉണർത്തണമെന്നു താൽപൎയ്യം.
- ↑ ഉദിതോദിങ്ങളായ കുലശീലങ്ങളുള്ളവൻ നാലു പുരുഷാന്തരം പിഴയാതെ കുലശീലങ്ങളുള്ളവൻ. ഉദിതോദിതം, അസ്തമിതാസ്തമിതം, ഉദിതാസ്തമിതം, അസ്തമിതോദിതം എന്നു കുലശീലങ്ങൾ നാലുവിധമുണ്ടു്.
- ↑ പ്രയഹണം= ക്രീഡാർത്ഥമായിട്ടുളള സ്ഥലജലയാനം . ഇവിടെ അതിന്നു ലക്ഷണയം വിനോദയാത്ര എന്നർത്ഥം.
- ↑ വിഹാരശബ്ബദത്തിന്നു ലക്ഷണയാ വിഹാരസാധനമായ സ്ത്രീകൾ എന്നു വ്യാഖ്യാതാക്കന്മാർ അൎത്ഥം പറയുന്നു.
- ↑ ഉരഭ്രമെന്നാൽ മുട്ടനാട് . അതിങ്കൽനിന്നെന്നപോലെയുള്ള ഭയം ഔരഭ്രഭയം, മുട്ടുവാൻ തുടങ്ങുന്ന ഉരഭ്രത്തിന്റെ പിന്നോട്ടു മാറൽ പ്രതിദ്വന്ദ്വിയുടെ സമീപപ്രാപ്തിക്കുള്ള ലക്ഷണമാണു്.
- ↑ ഐശ്വര്യപ്രതാപാദികളുണ്ടാവാൻ ഇന്ദ്രനേയും, ബുദ്ധിയും വിദ്യയും സിദ്ധിപ്പാൻ ബൃഹസ്പതിയെയും ഉദ്ദേശിച്ചു വയറ്റുഹോമം ചെയ്യേണമെന്നു സാരം.
- ↑ പുത്രികാപുത്രന്മാർ - "അസ്യാം യോജായതേപുത്രഃ സമേപുത്രോഭവിഷ്യതി" (ഇവളിലുണ്ടാകുന്ന പുത്രൻ എനിക്കു് പുത്രനായിരിക്കും) എന്നു നിശ്ചയിച്ചു വിവാഹം ചെയ്തു കൊടുത്ത പുത്രിയിൽ ഉണ്ടാകുന്ന പുത്രന്മാർ.
- ↑ മധ്യാഹ്നത്തിനുശേഷം ചതുരംഗുല, പൌരുഷി, ത്രിപൌരുഷി, ഛായാഹീനമായ ദിനാന്തം ഇങ്ങനെ നാലംശങ്ങളെന്നു സാരം.
- ↑ ശത്രുഹതനായോ ശൂലാരോപിതനായോ മൃതിയടഞ്ഞ മനുഷ്യന്റെ അസ്ഥിയിൻ കരിങ്ങാലിമുളകൊണ്ടു കടഞ്ഞുണ്ടാക്കിയ അഗ്നിയാണ് മാനുഷാഗ്നി
- ↑ വൈദൃതഭസ്മം=ഇടിവെട്ടി വെന്ത മരത്തിന്റെ വെണ്ണീറ്
- ↑ ജീവന്ത്യാദി മുഷ്പകപൎയ്യന്തമുള്ളവയുടെ വേരും ഇലയുമാണെടുക്കേണ്ടത്. ഇവയെക്കൊണ്ടു രക്ഷചെയ്യുക എന്നുവെച്ചാൽ മാല കെട്ടി അറയിൽ വെയ്ക്കുകയാണെന്നു വ്യാഖ്യാതാവു പറയുന്നു.