കാർത്തവീര്യാർജ്ജുനവിജയം

(Karthaveeryarjunavijayam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാർത്തവീര്യാർജുനവിജയം (തുള്ളൽ കഥ)

രചന:കുഞ്ചൻ_നമ്പ്യാർ


[ 1 ]

ക്കാലങ്ങളിലതിഭുജവിക്രമ-
ധിക്കൃതശക്രപരാക്രമനാകിയ
നക്തഞ്ചരപതി രാവണനെന്നൊരു
ശക്തൻ വന്നു പിറന്നു ധരായാം;
പത്തു മുഖങ്ങളുമിരുപതു കൈകളു-
മത്യുന്നതഗിരി സന്നിഭമാകിയ
ഗാത്രവുമുരുതരഭീഷണമിരുപതു-
നേത്രവുമുൽക്കടദംഷ്ട്രാനികരം
എത്ര ഭയങ്കരമാകൃതി കണ്ടാൽ
മിത്രതനൂജനുമാശു ഭയപ്പെടു-
മത്ര മഹാബലനാകിയ ദശമുഖ-
നത്തൽ വെടിഞ്ഞു തപംചെയ്തുടനെ
പങ്കജഭവനൊടു വരവും വാങ്ങി-
ക്കിങ്കരസംഘസമേതം വിരവൊടു
ലങ്കാനഗരമടക്കിവസിച്ചഥ
ശങ്കാരഹിതം ധനപതിതന്നുടെ
ഹുങ്കാരത്തെയടക്കിജയിച്ചൊര-
ഹങ്കാരങ്ങൾ നിലയ്ക്കാഞ്ഞമ്പൊടു
ശങ്കരഭഗവാൻ വാണരുളുന്ന ഭ-
യങ്കരമാകിയ കൈലാസത്തെ-
ക്കുത്തിയെടുത്തു കരങ്ങളിലാക്കി-
സ്സത്വരമമ്മാനക്കളിയാടി
പത്തിരുപതുകുറി പൊക്കിയെറിഞ്ഞും
ശക്തിപെരുത്ത കരങ്ങളിലേറ്റും,
മുപ്പുരവൈരിക്കതുകൊണ്ടവനൊടൊ-
രപ്രിയമുണ്ടായില്ല വിശേഷി-
ച്ചദ്ഭുതമായൊരു വാളും നല്കി
ക്ഷിപ്രമനുഗ്രഹമേകിയയച്ചു,
പുഷ്പകമായ വിമാനവുമേറി
പുഷ്പശരാരിയെ വന്ദിച്ചുടനേ.
ഭൂതലവും പാതാളം സ്വർഗ്ഗം
വീതഭയേന ജയിച്ചു ദശാസ്യൻ [ 2 ]
സമരാങ്കണമതിലമരാധിപനുടെ
സമരാടോപവുമാശു ശമിപ്പി-
ച്ചമരാംഗനമാരേക്കൊണ്ടഥ വെൺ-
ചാമരവ്യജനം വീശിപ്പിച്ചു;
നന്ദനവിപിനേ കല്പദ്രുമ ഹരി-
ചന്ദ്രന മന്ദാരാദി മരങ്ങടെ
വൃന്ദമശേഷം പിഴുതു പതുക്കെ
സ്യന്ദനമേറ്റിക്കൊണ്ടു തിരിച്ചഥ
കുണ്ഠേതരഭുജവിക്രമനാം ദശ-
കണ്ഠൻതന്നുടെ ലങ്കാനഗരേ-
കൊണ്ടിഹ വന്നുടനുദ്യാനങ്ങളു-
മുണ്ടാക്കിപ്പുനരത്ര വസിച്ചു;
ശാരദനീരദസന്നിഭനാകിയ
നാരദമാമുനി വീണയുമായി
ചാരുദയാനിധി കലഹപ്രീതിവി-
ശാരദനാകിയ ഭഗവാനൊരുനാൾ
ധീരനതാകിയ നക്തഞ്ചരപതി-
വീരനിരിക്കും മണിമാളികമേൽ
ചാരുദയാഘനമോദമൊടങ്ങനെ
പാരാതങ്ങെഴുനള്ളി തദാനീം:
ഉന്നതനാകിയ രാവണനപ്പോ-
ളുത്ഥാനംചെയ്താശു വണങ്ങി
ഭക്തിപുരസ്സരമർഗ്ഘ്യാദികൾകൊ-
ണ്ടത്യാദരമാരാധനചെയ്തു
ഭദ്രാസനവും നൽകിയിരുത്തി
ഭദ്രതരം കുശലപ്രശ്നാദികൾ
സമുദാചാരംചെയ്തു പതുക്കെ
സംസൽക്കരണവുമാശു കഴിച്ചു;
"കമലാസനസുതനാകിയ മുനിവര-
വിമലഗുണാലയ നാരദഭഗവൻ!
ഭവദാഗമനംകൊണ്ടു മദീയം
ഭവനം പാവനമായി വിശേഷാൽ;
ഭുവനം മൂന്നിലുമുള്ള ജനാനാ-
മവനംചെയ്യും നിന്തിരുവടിയെ-
ക്കണ്ടതുകൊണ്ടിഹ കളിയല്ല ദശ-
കണ്ഠനു മനസി മഹാസന്തോഷം;
കുണ്ഠിതസുകൃതൻമാർക്കു ഭവാനെ
ക്കണ്ടു രസിപ്പാനെളുതല്ലേതും; [ 3 ]
നമ്മുടെ വിക്രമമല്പമതല്ലൊര-
ഹമ്മതി ഞാൻ പറകല്ല മുനീന്ദ്ര!
നമ്മെക്കൊണ്ടു ജഗത്ത്രയവാസികൾ
ചെമ്മേ കിമപി പറഞ്ഞീടുന്നു
ധാർമ്മികരാകിയ നിങ്ങൾക്കെന്തിഹ
ധാരണയില്ലതു ബോധിച്ചാലും;
ത്രിഭുവനവാസികളെല്ലാം നമ്മുടെ
വിഭുതത കൊണ്ടുപുകഴ്ത്തുന്നില്ലേ?
"സുഭഗൻ ദശമുഖ'നെന്നൊരു നാണയ-
മഹഹോ! ദിശി ദിശി കേൾക്കുന്നില്ലേ?
മന്നിലിരിക്കും മാനിനിമാർ പുന-
രെന്നെക്കൊണ്ടു പുകഴ്ത്തുന്നില്ലേ?
എന്നെക്കാണാഞ്ഞംഗനമാരഥ
ഖിന്നതപൂണ്ടു വസിക്കുന്നില്ലേ?
നമ്മുടെ ഗുണമിതു മറ്റൊരു കൂട്ടർ-
ക്കങ്ങു ലഭിപ്പാനതിവൈഷമ്യം;
ഉള്ളിലസൂയ നിറഞ്ഞു കവിഞ്ഞഥ
തുള്ളിനടക്കും കുസൃതിക്കാരതു
കൊള്ളരുതെന്നു ദുഷിക്കുന്നതുകൊ-
ണ്ടെള്ളോളം ഭയമില്ല നമുക്കു
ഭള്ളുപറഞ്ഞു ഫലിപ്പിക്കയുമ-
ല്ലുള്ളതുതന്നെ കഥിച്ചീടുന്നേൻ;
തീർത്തുരചെയ്യാമിന്നിഹ നമ്മൊടു
നേർത്തുവരുന്നവരൊക്കെ മടങ്ങും;
ധൂർത്തുകൾ നമ്മൊടു കൂടുകയില്ലെ-
ന്നോർത്തു മഹേന്ദ്രനടങ്ങിപ്പാർത്തു,
ജംഭാന്തകനുടെ കുംഭിപ്രവരൻ
കൊമ്പുകൾ നാലുമുയർത്തിക്കൊണ്ടഥ
തുമ്പിക്കരമതിൽ മുസലവുമേന്തി
ജൃംഭിച്ചാശു വരുന്നേരം ഞാൻ
മുമ്പിൽ ചെന്നഥ കൊമ്പുപിടിച്ചു ത-
രിമ്പു വിടാതെ കരിമ്പുകണക്കേ
കൊമ്പുകൾ നാലുമൊരമ്പതു ഖണ്ഡി-
ച്ചമ്പൊടു കുംഭമടിച്ചു പിളർന്ന്
ഇമ്പമകന്നതി കമ്പമിയന്നുട-
നുമ്പർകുലങ്ങളിൽ മുമ്പനതാകിയ
വമ്പൻ മണ്ടി നിലിമ്പപുരത്തിന-
കംപുക്കാനതി സംഭ്രമസരസൻ; [ 4 ]
കുംഭമുലച്ചികളാകിയ സുരകുല-
ശംഭളിമാരെ വിളിച്ചുവരുത്തി
സംഭോഗാദി സുഖത്തെ ലഭിച്ചിതു
സരസം ഞാനതു ബോധിച്ചാലും!
വെള്ളിക്കുന്നു പറിച്ചു കരത്തിൽ
തുള്ളിക്കുന്നൊരു നേരമതിന്മേൽ
പള്ളിയുറങ്ങും പരമേശ്വരനുടെ
പുള്ളിമൃഗാക്ഷി മൃഡാനീദേവി-
ക്കുള്ളിലിരിക്കും കലഹം തീർപ്പാ-
നുള്ളൊരു സംഗതി വന്നതുമൂലം
കൊള്ളാമിവനുടെ തൊഴിലെന്നൊരു തിരു-
വുള്ളം ഭഗവാനെങ്കലുറച്ചു;
ശക്രനുമഗ്നിയുമന്തകവീരന-
രക്കൻ വരുണൻ വായു ധനേശൻ
മുക്കണ്ണരുമിവരെട്ടു വസുക്കളു-
മൊക്കെക്കപ്പമെനിക്കു തരുന്നു;
സർവ്വസുരാംഗനമാരിൽ മികച്ചോ-
രുർവ്വശി മേനക രംഭ തിലോത്തമ
നിത്യവുമിവർ വന്നെന്നുടെ ലങ്കയി-
ലച്ചികളായവർ വേലയെടുപ്പാൻ;
നമ്മുടെ ഭവനം തൂക്ക തളിക്ക പ-
ടിക്കമെടുക്ക പടിപ്പുര മെഴുകുക
മണ്ഡോദരിയുടെ തലമുടിയിൽപ്പുന-
രെണ്ണ കുളുർക്കെത്തേപ്പിപ്പാനും
താളിയുമിഞ്ചയുമുണ്ടാക്കാനും,
ആളികളെപ്പരിപാലിപ്പാനും,
മാളികമേൽ മണിമെത്ത വിരിപ്പാൻ
കേളീഗൃഹങ്ങളടിച്ചു തളിപ്പാൻ
ഇങ്ങനെ വിടുപണിയൊക്കെയെടുപ്പാ-
നിന്ദ്രസുരാംഗനമാരാകുന്നു
അങ്ങനെ നമ്മുടെ കല്പനയായതി-
നെങ്ങുമൊരല്പം കുറവുമതില്ല;
ഇന്ദ്രജിദാഖ്യൻ നമ്മുടെ നന്ദന-
നിന്ദ്രനെ യുദ്ധംചെയ്തു ജയിച്ചു
എന്നല്ലവനെബ്ബന്ധിച്ചുംകൊ[ 5 ]
ണ്ടെന്നുടെ മുമ്പിൽ കൊണ്ടിഹവന്നു;
'ലങ്കാപുരിയുടെ തോരണമൂലേ
ശൃംഖലകൊണ്ടു തളച്ചേച്ചാലും'!
ഇങ്ങനെ നമ്മുടെ കല്പന കേട്ടവ-
നങ്ങനെ ചെയ്താനുണ്ണി സമർത്ഥൻ;
കണ്ണുകളായിരമുള്ളവനവിടെ-
ക്കണ്ണീർകൊണ്ടൊരു നദിയുണ്ടാക്കി.
വിണ്ണവർനാടു വെടിഞ്ഞുവരുന്നൊരു
പെണ്ണുങ്ങൾക്കു കുളിപ്പാൻ കൊള്ളാം;
ഇക്കഥയും ഭുവനത്രയവാസിക-
ളൊക്കെപ്പരിചൊടു ബോധിക്കുന്നു
ഭുവനതലങ്ങൾ ജയിച്ച വിശേഷം
മാമുനിപുംഗവനറിയുന്നില്ലേ?
പുഷ്ടി പെരുത്തൊരു നരവരവീര-
ശ്രേഷ്ഠൻമാരുടെ നാടും നഗരവു-
മൊക്കെച്ചുട്ടുപൊടിച്ചും പിന്നെ
കിട്ടുന്നവരെയടിച്ചുമുടിച്ചും
ഒട്ടും കൃപയില്ലാത്ത നിശാചര
ദുഷ്ടൻമാരുടെ കരുമനമൂലം
നഷ്ടമതായി മഹീതല മത്തൊഴിൽ
ചട്ടമിതെന്നു നമുക്കില്ലേതും;
ദുഷ്ടൻമാരാമവരു ദിനംപ്രതി
കഷ്ടമിതോർത്താലദ്‌ഭുതമല്ലോ
പട്ടിണിയിട്ടു വരുന്ന ജനത്തി-
ന്നഷ്ടികൊടുക്കാത്തവനീശൻമാർ
കെട്ടിസ്വരൂപിക്കുന്നു സുവർണ്ണം
പട്ടും പൊന്നും പണവുമിതെല്ലാം
പെട്ടന്നാശു പിടിച്ചുപറിപ്പാ-
നൊട്ടും ഭൂഷണമില്ല നമുക്ക്;
പട്ടൻമാരൊടു കടവുംകൊണ്ടവ-
രഷ്ടികഴിച്ചു കിടന്നീടുന്നു;
ഗാന്ധാരകപതിതന്നുടെ രാജ്യം
കാന്താരത്തിനു സദൃശമതായി;
സിംഹളഭൂപതിതന്നുടെ നാട്ടിൽ
സിംഹം പുലിയും ചെന്നു നിറഞ്ഞു;
ചേരനരാധിപനങ്ങു വനത്തിൽ
താളും തകരയുമശനമതായീ!
ചോളമഹീശനു കൊറ്റിനു കമ്പ[ 6 ]
ച്ചോളമതല്ലാതില്ലൊരു വസ്തു;
കുരുരാജാക്കന്മാർക്കിഹ ചക്ക-
ക്കുരുവല്ലാതില്ലൊന്നു ഭുജിപ്പാൻ
കാശ്മീരാവനിവല്ലഭനിപ്പോൾ
കൂശ്മം തിന്നു കിടന്നീടുന്നു;
ചാമ്പേയാവനി വല്ലഭനിപ്പോൾ
ചേമ്പുകിഴങ്ങും പഴയരിയായി;
കൊങ്കണരാജൻ തൻ പ്രിയമാരുടെ
കൊങ്കകളോർത്തു മരിപ്പാറായി
കൊങ്കണഭൂപതി പണമുള്ളവരുടെ
അങ്കണദേശേ ശയനംപോടി.
ഭോജനരാധിപതിക്കുമിദാനീം
ഭോജനമെങ്ങും കിടയാതായി
അംഗമഹേശനുമഷ്ടി ലഭിക്കാ‌-
ഞ്ഞംഗമശേഷം കൃശതമമായി;
കാലിംഗേശനുമേറ്റുനടപ്പാൻ
കാലിനു ശക്തി കുറഞ്ഞുതുടങ്ങി;
കാശിനരേന്ദ്രനുമിക്കാലത്തൊരു
കാശിനു മുതലില്ലാതെ ചമഞ്ഞു
കുന്തളനരപതി കുത്തിക്കവരാൻ
കുന്തവുമേന്തി നടന്നുതുടങ്ങി;
എന്തിനു പലവിധമുരചെയ്യുന്നു
പംക്തിഗളന്റെ പരാക്രമപുഷ്ടികൾ
ചിന്തിച്ചാലവസാനവുമില്ല;
നിന്തിരുവടിയറിയാത്തതുമല്ല;
ഭൂതലവും സ്വർഗ്ഗം പാതാളം
ഭുവനം മൂന്നിലുമിന്നിഹ പാർത്താൽ
രാവണനോടു സമാനപരാക്രമ-
നേവനൊരധിപതിയുള്ളു മുനീന്ദ്ര!
എങ്ങാനൊരു ദിശി മത്സമനൊരുവൻ
തുഗാഹംകൃതിഭാവത്തോടേ
സംഗരശൂരനതുണ്ടെന്നാല-
ച്ചങ്ങാതിക്കുമനർത്ഥമടുത്തു;
ഉണ്ടെന്നാലതുമരുൾചെയ്യേണം
ചെണ്ടക്കാരൻ മരണത്തിന്നൊരു
രണ്ടോ നാലോ ദിവസം താമസ-
മുണ്ടാമായതിലേറ്റം വേണ്ടാ;
കുണ്ഠതരപ്രാണന്മാരൊടു ദശ[ 7 ]
കണ്ഠനു പൊരുവാനാഗ്രഹമില്ല
കുണ്ഠന്മാരിവരയ്യോ! നമ്മുടെ
രണ്ടടി കൊൾവാനാരും പോരാ;"
ഉരത്താനന്നേരം നാരദ-
"നൊരുത്തൻ നിന്നോടു പോരിനു
സമർത്ഥനില്ലെന്നോ രാവണ!
മരുത്തൻ മന്നവൻ നിന്നുടെ
മദത്തെ ശമിപ്പിച്ചില്ലേ?
തരത്തിൽ ജയിച്ചുവെന്നതു
വരുത്തിപ്പോന്നില്ലേ നീ? അതി-
സമർത്ഥൻ പൗരുഷമിങ്ങനെ
കിമർത്ഥം ഘോഷിക്കുന്നു ബത!
അനർത്ഥം നിന്നുടെ വാക്കുകൾ
സമസ്തം നിന്ദിച്ചു ചൊന്നാൽ;
എങ്കിൽ പറയാം, നിന്നുടെ ഹുംകൃതി-
ലംഘിപ്പതിനിഹ മതിയായുള്ള ഭ-
യങ്കരഭുജബലമുള്ളൊരു പുരുഷൻ*
ലങ്കാധിപതേ! കേട്ടാലും നീ;
ഹേഹയനൃവരന്മാർക്കു വസിപ്പാൻ
മാഹിഷ്മതിയെന്നുണ്ടൊരു നഗരി
കൃതവീര്യാത്മജനർജ്ജുനനെന്നൊരു
മതിമാൻ ഭൂപതിതത്ര ജനിച്ചു:
നീണ്ടു തടിച്ച ഭുജങ്ങളൊരായിര-
മുണ്ടർജ്ജുനനതു ബോധിച്ചാലും
വമ്പനതാകിയ നിന്റെ ഭുജങ്ങളി-
ലൊൻപതു ശതവുമൊരെൺപതുമേറും;
നിന്നെക്കാൾ ഭുജവിക്രമമേറും.
നിന്നെക്കാൾ ഭുജശക്തിയുമേറും
പിന്നെയുമുണ്ടു വിശേഷമതോർത്താൽ!
സജ്ജനദൂഷണമർജ്ജുനനില്ല;
അവനുടെ ജനവും നിന്നുടെ ജനവും
ശിവ ശിവ! വളരെ വിശേഷമതോർത്താൽ:
അവനിയിലുള്ള മനുഷ്യരെയെല്ലാം
അവികലമവനിഹ രക്ഷിക്കുന്നു;
തവ ഭൃത്യന്മാരവനിയിലുള്ള മ‌-
നുഷ്യരെയെല്ലാം ഭക്ഷിക്കുന്നു;
അക്കൂട്ടം പുനരവനിസുരന്മാർ[ 8 ]
ക്കില്ലം വളരെപ്പണിയിക്കുന്നു;
ഇക്കൂട്ടം പുനരന്തരണവരരുടെ
ഇല്ലം ചുട്ടു മുടിച്ചീടുന്നു,
അജ്ജനമിഷ്ടി തുടങ്ങിക്കുന്നു
ഇജ്ജനമിഷ്ടി മുടക്കിക്കുന്നു
അവർ ബഹു ധർമ്മം സാധിക്കുന്നു
ഇവർ ബഹുധർമ്മം ബാധിക്കുന്നു
അർജ്ജുനനും രാവണനും തമ്മിൽ
ആനയുമാടും പോലെ വിശേഷം;
അജ്ജനമിങ്ങനെ പറയിക്കുന്നു
ലജ്ജ നിനക്കു തരിമ്പുണ്ടെങ്കിൽ
അർജ്ജുനനൃപനെ വധിക്കണമെന്നേ-
ദുർജ്ജനദൂഷണവാക്കു ശമിപ്പൂ;
നിന്നെ സ്നേഹമെനിക്കുണ്ടതുകൊ-
ണ്ടെന്നൊടു വൈരമവർക്കെല്ലാർക്കും;
കേവലമിന്നിഹ ലങ്കാപതിയുടെ
സേവകനായതു നാരദനെന്ന്
ദേവകൾ ഋഷികൾ മനുഷ്യജനങ്ങളു-
മേവരുമെന്നെ ദുഷിച്ചീടുന്നു
ഏഷണികൂട്ടും നാരദനെന്നൊരു
ദൂഷണമുണ്ടു നമുക്കിഹ പണ്ടേ
ഭോഷന്മാരതു പറയും ചെറ്റു വി-
ശേഷജ്ഞന്മാർ പറകയുമില്ല;
അതുകൊണ്ടേതും ഖേദമെനിക്കി-
ല്ലിതുകൊണ്ടധികവിഷാദവുമുണ്ട്
കശ്മലനാകിയ കൃതവീര്യസുതൻ
വിശ്വപ്രഭുവാകുന്ന ഭവാനെ
പുല്ക്കൊടിപോലേ നിന്ദിക്കുന്നതെ-
നിക്കു സഹിക്കുന്നില്ല ദശാസ്യ!
ബാഹുജവംശംതന്നിലധീശൻ
ബാഹുസഹസ്രം കൊണ്ടു പ്രസിദ്ധൻ
ഹേഹയമന്നവനുന്നതവീര്യൻ
ആഹവശൂരൻ അതിഗംഭീരൻ
ഇങ്ങനെ സർവ്വജനങ്ങൾ പുകഴ്ത്തി
ത്തിങ്ങിന ഗർവ്വു മുഴുത്തു ചമഞ്ഞു;
അങ്ങനെയുള്ള മഹാമന്നവനെ
സംഗരസീമനി സപദി ജയിച്ചാൽ [ 9 ]
തുംഗമതാകിന കീർത്തിവിജൃംഭണ-
മങ്ങു ഭവാനു ലഭിക്കും നിയതം
ഭംഗംവരികയുമില്ല ഭവാനിഹ
സംഗതിയുണ്ടാം ബോധിപ്പാനും,"
നാരദന്റെ ഗിരമമ്പൊടു കേട്ടഥ-
ഘോരഘോരതര ഭാവമിയന്നു
ആരവേണ ഭുവനങ്ങൾ മുഴക്കി
ക്രൂരദൃഷ്ടികൾ തുറിച്ചു മിഴിച്ചഥ
ചന്ദ്രഹാസവുമെടുത്തു കരത്തില-
മന്ദവേഗമെഴുന്നേറ്റു ദശാസ്യൻ
ഇന്ദ്രവൈരി ദശകണ്ഠനുമങ്ങര-
വിന്ദവാസസുതനോടുരചെയ്തു:
"ജംഭവൈരിയുടെ വാഹനമാകിയ
കുംഭിരാജനുടെ കുംഭതടം ദൃഢ-
മിമ്പമോടുടനടിച്ചു പൊടിച്ചൊരു
കുംഭകർണ്ണഗുരു രാവണനെന്നൊരു
വമ്പനിങ്ങു നിവസിക്കയുമങ്ങൊരു
ഡംഭമാനുഷകുലാധമനിങ്ങനെ
ഡംഭുകാട്ടി വിളയാടുകയും ഭുവി
സംഭവിപ്പതിഹ കഷ്ടമഹോ! ബത!
കുന്നിൻമകളുടെ നാഥനിരിക്കും
കുന്നെടുത്തുടനെറിഞ്ഞു പിടിക്കാം
ഇന്ദ്രനാദി സുരവൃന്ദമശേഷം
മന്ദിരേ മമ പിടിച്ചു തളയ്ക്കാം
ചണ്ഡദണ്ഡമുടനന്തകദണ്ഡം
ദണ്ഡമെന്നിയെ വലിച്ചു മുറിക്കാം
വമ്പനാമമരകുംഭിവരന്റെ
കൊമ്പു നാലുമഥ തല്ലിയൊടിക്കാം;
ഇത്ഥമദ്ഭുതമനേകമെടുപ്പാൻ
ശക്തനായൊരു ദശാനനനിപ്പോൾ
മർത്ത്യമൂഢനിധനത്തിനുമാത്രം
പാത്രമല്ല കൃശനെന്നു വരാമോ?
കണ്ടുകൊൾക മമ വിക്രമമിപ്പോൾ
രണ്ടുപക്ഷമതിനില്ല മുനീന്ദ്ര!
രണ്ടുനാലു ദിവസത്തിനകത്താ-
ത്തണ്ടുതപ്പിയുടെ ഡംഭു ശമിക്കും: [ 10 ]
അർജ്ജുനന്റെ ഭുജദണ്ഡസഹസ്രം
രജ്ജുകൊണ്ടഥ വരിഞ്ഞു മുറുക്കി
പുഷ്പകക്കൊടിമത്തൊടു കെട്ടി
ദുഷ്പ്രഭുത്വമുടയോരവനെ ദ്രുത-
മത്ര കൊണ്ടുവരവേണമതിന്നിഹ
ചിത്രയോധി മമ മന്ത്രിവരിഷ്ഠനു-
മത്രമാത്രമമരാരിയുമായൊരു-
മാത്രകൊണ്ടുടനൊരുങ്ങി വരേണം;"
ഇത്തരം മൊഴി പറഞ്ഞു ദശാസ്യൻ
തത്ര നിന്നു നിജ പുഷ്പകമേറി
ചിത്രയോധിയെ വിളിച്ചു വരുത്തി
ചിത്രമോടുടനെ യാത്ര തുടങ്ങി;
ചന്ദ്രഹാസവുമെടുത്തു പിടിച്ച
ങ്ങിന്ദ്രവൈരി സഹ നാരദനോടും
ചന്തമോടുടനുയർന്നു തിരിച്ചാ-
നന്ധനായ ദശകന്ധരവീരൻ.
സത്വരമമ്പൊടു പുഷ്പകമപ്പോൾ
ഉത്തരദിക്കിനു ധാവതി ചെയ്തു;
ചിത്തംകൊണ്ടു ചിരിച്ചഥ നാരദ-
നിത്ഥം നിന്നു പറഞ്ഞുതുടങ്ങി:
"അർജ്ജുനനൃപനെക്കൊടിമരമൂലേ
രജ്ജുവെടുത്തു വരിഞ്ഞുമുറുക്കി-
ക്കൊണ്ടുവരുന്ന മഹോത്സവഘോഷം
കണ്ടുരസിപ്പാനഹമിഹ മാർഗേ
ഗൂഢമതായി വസിച്ചീടുന്നേൻ;
കൂടെപ്പോന്നിട്ടെന്തൊരു കാര്യം?
മൂഢന്മാരിവരേഷണി കൂട്ടാൻ
കൂടെ നടക്കുന്നെന്നു കഥിക്കും;
ഹേഹയനരവരപുരമതു സുരവര-
ഗേഹസമാനം ഭുവി വിലസിതമാം
മാഹിഷ്മതിയെന്നതിനുടെ പേർ ബഹു
മാഹാത്മ്യം ബഹു മഹനീയം ബഹു
രമണീയം ബഹു കമനീയം ബഹു
രമണീയം ബഹു കമനീയം ബഹു
കമനീകുലമണിമണിമാടങ്ങളും;
അമലസലിലനവകമലവിമലതര
ശമലഹരണജനപടുതമമിതരുചി;
നർമ്മദയാകിയ തീർത്ഥവിശേഷം
ശർമ്മദമാകിന പുളിനവിശേഷം [ 11 ]
ധർമ്മദയാനിധിനൃപതിവിശേഷം
ധർമ്മപരായണ പുരുഷവിശേഷം
രജതവിശേഷം രത്നവിശേഷം;
കമനിവിശേഷം കാന്തിവിശേഷം
സുകൃതിവിശേഷം സൂത്രവിശേഷം
സുമതിവിശേഷം സൂക്തിവിശേഷം
ഇങ്ങനെയുള്ള പുരത്തിലിറങ്ങി
സംഗതിപോലെ സമീഹിതകാര്യം
സാധിച്ചീടുക! സാഹസമരുത്
ബോധിച്ചീടുക ലങ്കാധിപതേ."
ഇത്തരമരുൾചെയ്തീടിന നാരദ-
നത്ര മറഞ്ഞൊരു ശേഷം ദശമുഖ-
നുത്തരനരവരപത്തനദേശേ
സത്വരമവിടെയിറങ്ങി വിമൂഢൻ
നർമ്മദതന്നുടെ പുളിനതന്നിൽ
ദുർമ്മദശാലി ദശാനനവീരൻ
ചത്രയോധിയൊടു കൂടിയതങ്ങനെ
തത്ര നല്ല മണലുള്ള പ്രദേശേ
വസ്ത്രംകൊണ്ടൊരു പാളയമവിടെ-
ച്ചിത്രമതാക്കിത്തീർത്തു ദശാസ്യൻ;
രേവാസലിലേ ചെന്നു കുളിച്ചു
ദേവാരാധനകോപ്പുകൾ കൂട്ടി
ശിവലിംഗത്തെയെടുത്തു നിരത്തി
ശിവപൂജയ്ക്കു തുടങ്ങി പതുക്കെ;
ജലഗന്ധാക്ഷതപുഷ്പാദികളും
ഫലമൂലം പുനരവിലും മലരും
ഗുളവും കദളിപ്പഴവും പങ്കജ-
ദളവും ഗുൽഗുലുധൂപം ദീപം
വെള്ളിവിളക്കുകൾ പൊന്നിൻതളികകൾ
വെള്ളിക്കുടവും മണിതാലങ്ങളിൽ-
വെള്ളരി വെറ്റില പാക്കും വെളുവെളെ-
യുള്ള പളുങ്കിൻമാലകളനവധി
മുല്ലപ്പൂമലർ ചെത്തിപ്പൂവും
വില്വദളങ്ങളെരിക്കിൻപൂവും
ചെമ്പകമലർ ചേമന്തിപ്പൂവും
വെൺതുളസിപ്പൂ തുമ്പപ്പൂവും
മണമിയലും കളഭം കർപ്പൂരം
തണുതണമലയജകുങ്കുമഗന്ധം [ 12 ]
ഘണഘണ ഘോഷം മണിയുടെ ഘോഷം
ഗണപതിബിംബം ഫണിപതിബിംബം
ഗുണമിയലുന്ന ഷഡാനനബിംബം
ശങ്കരശങ്കരിമാരുടെ വിഗ്രഹ-
സംഘവുമവിടെ നിരത്തിപ്പരിചൊടു
പുഷ്പാഞ്ജലിയും മന്ത്രജപങ്ങളു-
മീവക പൂജകൾ ചെയ്തു വസിച്ചാ-
നവികലഭക്തൻ നക്തഞ്ചരപതി,
ചിത്രയോധിയെ വിളിച്ചുരചെയ്തു;
"തത്ര ചെന്നു കൃതവീര്യജനാകും
ക്ഷത്രിയാധമനെ വേറെ വിളിച്ചഥ*
വർത്തമാനമറിയിച്ചു വരേണം;
'ഇപ്പടി നിന്നുടെ താന്തോന്നിത്തമ-
തിപ്പൊഴിതിവിടെ നടക്കയുമില്ല;
ചൊൽപ്പൊങ്ങും ദശകണ്ഠമഹേന്ദ്രൻ
കല്പിക്കുന്നതു കേട്ടേ പോവൂ
കപ്പം തരണം നമ്മുടെ നാട്ടിലി-
രിപ്പാനാഗ്രഹമുണ്ടെന്നാകിൽ
മുപ്പറയും പുനരെട്ടൊന്നും പല-
വൈപ്പുകളുണ്ടതു തന്നില്ലെങ്കിൽ
വെക്കം നിന്നുടെ നാടുംനഗരവു-
മൊക്കെപ്പാടെയടക്കും നിന്നുടെ
ധിക്കാരങ്ങളഹങ്കാരങ്ങളു-
മിക്കാലങ്ങളിൽ നമ്മൊടു കൂടാ;
യുദ്ധംചെയ്തു ജയിക്കാമെന്നൊരു
ബുദ്ധി നിനക്കു തരിമ്പുണ്ടങ്കിൽ
പത്തുശതം കരമുള്ളതിൽ വില്ലുമെ-
ടുത്തു പടയ്ക്കു പുറപ്പെട്ടാലും!'
ഇപ്രകാരമവനോടുരചെയ്തുട-
നല്പബുദ്ധിയുടെ ഭാവമറിഞ്ഞിഹ
സത്വരം വരിക സാധുമതേ! നീ!'
ചിത്രയോധിസചിവൻ സഹസാ ദശ-
വക്ത്രനെത്തൊഴുതുകൊണ്ടു നടന്നു;
തത്ര ഹേഹയനരേന്ദ്രനിരിക്കും
ചിത്രകാഞ്ചനമഹാപുരിപുക്കാൻ;
ധാർമ്മികനാകിയ നരവരനപ്പോൾ
നർമ്മദനദിയുടെ സലിലം തന്നിൽ
പെണ്മണിമാരോടൊരുമിച്ചമ്പൊടു [ 13 ]
വെണ്മ കലർന്നു കളിച്ചീടുന്നു;
നാരിമാരുമവരർജ്ജുനനൃപതി-
ക്കായിരമുണ്ടു മഹാസുന്ദരിമാർ
ആയിരമുണ്ടു കരങ്ങളുമതിസുഖ-
മായി രമിപ്പാനതുമനുകൂലം;
മുഴുകിപ്പൊങ്ങും കാമിനിമാരെ-
ത്തഴുകിക്കൊണ്ടു രമിക്കും മുലകളി-
ലിഴുകും കുങ്കുമകളഭം നാടൻ-
പുഴുകും നർമ്മദതന്നിൽ ദ്രുതതര-
മിഴുകും തലമുടി വടിവിലഴിഞ്ഞും
മലർനിര പയസി പൊഴിഞ്ഞതൊഴിഞ്ഞും
ചലമിഴിമാരുടെ തലയും മുലയും
തടഭുവി വാരി വഴിഞ്ഞു കവിഞ്ഞും
കമനികൾ തമ്മിലിടഞ്ഞു തടഞ്ഞും
മുഴികിത്തത്തി മറിഞ്ഞു വലഞ്ഞും
നീന്തിവലഞ്ഞും തിരയിലുലഞ്ഞും
താലി കളഞ്ഞും തദനു തിരഞ്ഞും
തങ്ങൾ പിരിഞ്ഞും തോണികളിച്ചും
താണു കുളിച്ചും നാണമിളച്ചും
വേണിയഴിഞ്ഞും പാണി കുഴഞ്ഞും
ക്ഷോണീപതിയുടെ പാണിപിടിച്ചഥ
ചലമിഴിമാരുടെ മാർവ്വിലണച്ചും
ജലമൊഴുകീടിന മുലകൾ പുണർന്നും
മുഖചുംബനവും പലപല വിലസിത
കലിതലളിത കളികളുമതിചതുരം.
അമല കമലമുഖിമാരൊടുകൂടി
ബഹുവിധ മാരമഹോത്സവമാടി*
നരപതിവീരൻ ക്രീഡിച്ചങ്ങനെ
കനിവൊടു പയസി കുളിക്കുന്നേരം
രാത്രിഞ്ചരവരദൂതനതാകിയ
ചിത്രയോധി വിരവോടു തിരഞ്ഞഥ
തത്ര ചെന്നു തടിനീതടഭാഗേ
മുക്തശങ്കമുരചെയ്തുതുടങ്ങി:
"ഈരേഴുലകിനുമീശനതാകിയ
വീരൻ വാരാന്നിധിയുടെ മദ്ധ്യേ
ലങ്കാനഗരേ സ്വൈരമതായി
വാണരുളും ദശകണ്ഠപ്പെരുമാൾ [ 14 ]
ഹേഹയനൃപതേ! നിന്നെക്കണ്മാൻ
മാഹിഷ്മതിയിലെഴുന്നരുളുന്നു;
സാഹസമെന്തിപ്പെണ്ണുങ്ങളുമായ്
മോഹമിയന്നു കളിക്കുന്നെന്തിഹ!*
ഝടിതി ഭവാൻ ചെന്നമ്പൊടു തന്തിരു-
വടിയുടെ ചണസരോജേ ബഹുധന-
മടിയറയും വച്ചാശു വണങ്ങുക
മുടിയരുതേ തവ നാടും നഗരവു-
മടിയാർ കുടിയാരങ്കം ചുങ്കം
പടയും കുടയും പ്രജകളുമൊന്നും
മുടിയരുതാകിലശങ്കം നിന്നുടെ
മുടിയിൽ തന്തിരുവടിയുടെയടിമലർ-
പൊടിയേറ്റവിടെ വസിച്ചീടുക നീ!
പിടിപാടില്ലാത്തെന്തൊരു കഷ്ടം!
പിടിയാത്തവരൊടു പടവെട്ടിച്ചില
പിടിയാനകളും പിടികുതിരകളു1
മുടനേ കിട്ടിയതോർത്തു തിമർത്തിഹ
പടുഭാവത്തെ നടിച്ചീടുന്നൊരു
വിടുഭോഷൻ നീ, ദശമുഖചരിതം
വിരവൊടു ബോധിച്ചില്ലേ നിയതം?
ചടുലവിലോചനമാരുടെ തടമുല
ഉടലിലണച്ചു പുണർന്നുംകൊണ്ടിഹ
നന്നം ചെയ്യും കാമിജനം മറു-
നാട്ടിലെ വാർത്തകളെന്തറിയുന്നു?
മടുമലർശരനെച്ചുട്ടുപൊടിച്ചൊരു
നിടിലതടത്തോൻ വാണരുളുന്നൊരു
കുലഗിരിവരനെക്കുത്തിയെടുത്തു കു-
ലുക്കിയിളക്കിയെറിഞ്ഞു പിടിച്ചൊരു
കരബലജലനിധിയാകും രാവണ-
നുലകു ജയിച്ചജഗത്ത്രയമന്നൻ
ശ്രീമദുദാരശ്രീദശകണ്ഠ-
സ്വാമി ഭവാനോടരുൾചെയ്യുന്നു
കല്പനയെന്തെന്നതുമുരചെയ്യാം:
'കപ്പം തരണം കാലന്തോറും
വിളവിൽ പാതി നമുക്കു തരേണം
മുളകു സമസ്തവുമേല്പിക്കേണം; [ 15 ]
തെങ്ങു കവുങ്ങുകൾ മാവും പ്ലാവും
എങ്ങുമെനിക്കിഹ കണ്ടെഴുതേണം;
മടമ്പികളുടെ പദവികളൊന്നും
കൂടുകയില്ലാ നമ്മുടെ നാട്ടിൽ
വീടന്മാരും വിളവുകൾ നെല്ലുകൾ
വിത്തിലിരട്ടി നമുക്കു തരേണം;
നാട്ടിലിരിക്കും പട്ടന്മാരും
നാലാലൊന്നു നമുക്കു തരേണം;
വീട്ടിലിരിക്കും നായന്മാർ പട-
വില്ലും കുന്തവുമേന്തിച്ചൊല്ലും-
വേലയെടുത്തു പൊറുക്കണമെല്ലാ-
നാളും പാർത്താ ദശമുഖഭവനേ;
കള്ളുകുടിക്കും നായന്മാർക്കടി-
കൊള്ളും താനുമതോർത്തീടേണം;
ഉള്ളിൽ കൂറില്ലാത ജനത്തെ-
കൊല്ലിക്കുന്നെജമാനന്മാരൊരു-
കൊള്ളിക്കും വിലപിടിയാതവരെ
ത്തുള്ളിക്കും ദശകണ്ഠപ്പെരുമാൾ;
ഇങ്ങനെയുള്ള ജളപ്രഭുമന്ത്രിക-
ളെങ്ങും ചേരുകയില്ലതുകൊണ്ട്
ഹേഹയനൃപതേ! നിന്നുടെ മന്ത്രിക‌-
ളാഹവശൂരന്മാരായുള്ളവ-
രെല്ലാമുടനേ ലങ്കാപുരിയിൽ-
ച്ചെല്ലാനരുളിച്ചെയ്തു; ദശാസ്യനു
നെല്ലും പണവും പൊന്നും പാത്രവു-
മുള്ളതശേഷവുമങ്ങു കൊടുത്താൽ
തെല്ലും ദുർഘടമില്ല നിനക്കത്;
വല്ല നൃപന്മാർക്കിക്കാലങ്ങളിൽ1
വല്ലാതുള്ളൊരു ശഠത തുടർന്നാൽ
വല്ലന്തിയുമിഹ വന്നു ഭവിക്കും;
നല്ലൊരു പെരുവഴി ഞാനിഹ നിന്നൊടു-
ചൊല്ലുന്നതു നീ മാനിക്കാഞ്ഞാൽ
പെട്ടെന്നിവിടെക്കാണാമനവധി
ദുഷ്ടന്മാർ ദശകണ്ഠഭടന്മാർ
വട്ടക്കണ്ണും ചെമ്പൻതലയും
വായിൽ നിറഞ്ഞുവളഞ്ഞൊരു പല്ലും
അഞ്ജനശൈലംപോലെ ശരീരവു-
മതിതീവ്രം നഖമുഖവും കണ്ടാൽ [ 16 ]
മർത്ത്യന്മാരുമമർത്ത്യന്മാരും
മൃത്യുഭയത്തെ പ്രാപിച്ചീടും;
യൂപാക്ഷൻ മകരാക്ഷൻ പിന്നെ വി-
രൂപാക്ഷൻ ധൂമ്രാക്ഷൻ ദുർമ്മുഖ-
നതികായൻ പ്രതികായൻ പ്രഹരൻ
വരദൻ പിന്നെ നികുംഭൻ നിരദൻ
കുംഭൻ കുംഭോദരനും പുനരഥ
വമ്പു പെരുത്ത മഹാപാർശ്വകനുമ-
കമ്പനു മീവക രാക്ഷസവൃന്ദം
വന്നുകരേറി മനുഷ്യരെയെല്ലാം
കൊന്നും തിന്നും ചോര കുടിച്ചും
സുന്ദരിമാരുടെ തലമുടി പിടിപെ-
ട്ടൊന്നൊഴിയാതവർ കൊണ്ടുതിരിച്ചും
അമ്പലകമൊക്കെത്തീണ്ടിത്തൊട്ടും
നമ്പൂരാരുടെ ഭനം ചുട്ടും
എമ്പ്രാന്തിരിയെത്താഡിച്ചും പുന-
രമ്പലവാസികളെക്കൊലചെയ്തും
കലശലു പലതും കൂട്ടും നിന്നുടെ
കുലനാശത്തെ വരുത്തും നൃപതേ!
ഇങ്ങനെ വളരെയനർത്ഥം വരുമതു
നിങ്ങൾ നിനച്ചാലൊഴികയുമില്ല;
അത്തൊഴിലൊന്നും കൂടാതിവിടെ
സ്വസ്ഥതയോടു വസിക്കണമെങ്കിൽ
ചൊൽപ്പൊങ്ങും ദശകണ്ഠമഹേന്ദ്രനു
കപ്പം തരണം കാലംതോറും,
കല്പന കേട്ടു വസിച്ചെന്നാൽ പുന-
രല്പമൊരല്ലൽ ഭവിക്കയുമില്ല"
ഇത്ഥം ഘോഷിച്ചു ചിത്രയോധി പറയുന്നൊര-
ബദ്ധവചനമതു കേട്ടു ഹേഹയനൃപൻ
പെട്ടെന്നു കൈകളെല്ലാം കൊട്ടിച്ചിരിച്ചുകൊണ്ടു
മട്ടോലുംമൊഴിമാരെക്കെട്ടിത്തഴുകിക്കൊണ്ടും
ഉത്തരമൊന്നുമുരിയാടാതെ വാരിധിയിൽ
സത്വരമങ്ങിറങ്ങി ക്രീഡതുടങ്ങി മെല്ലെ;
മുങ്ങുമങ്ങൊരു ദിക്കിൽ പൊങ്ങുമങ്ങൊരു ദിക്കിൽ
മാനിനിയെ വിളിക്കും ആഴത്തിലങ്ങൊളിക്കും
മെല്ലെ മെല്ലെക്കുളിക്കും ഓളത്തിൽ ചെന്നു ചാടും
മേളത്തിലാട്ടമാടും സുന്ദരിമാരെത്തേടും
ക്രീഡകളൊന്നുമൂക്കും വാരിയിലങ്ങു നോക്കും [ 17 ]
മുഞ്ഞിയും മഗ്നമാക്കും വെറ്റില നല്ല പാക്കും
നുകർന്നു കളിവാക്കും പറഞ്ഞങ്ങു തമ്മിൽ നോക്കും
തിരയതിൽ ചാടി നീന്തും നെറ്റിമേൽ കുറിച്ചാന്തും;
തഴുകി കാമഭ്രാന്തുപിടിച്ചപോലങ്ങു കാന്താ-
നാരീജനങ്ങളോടു വാരിയിൽ ക്രീഡകളും;
നേരമ്പോക്കല്ലാതൊരു നേരമിളക്കമില്ല;
ചിത്രയോധി പുനരിത്തൊഴിലെല്ലാം
തത്രനിന്നു ബത കണ്ടു കയർത്തും-
കൊണ്ടു പോന്നു ദശകണ്ഠനിരിക്കും
പാളയത്തിലഥ പുക്കു വണങ്ങി;
വർത്തമാനമറിയിച്ചൊരു നേരം
ക്രുദ്ധനാകിയ ദശാനനവീരൻ
ഭഷകൊണ്ടു ശിവപൂജനമദ്ധ്യേ-
ഭാഷണം വലിയ ദൂഷണമിങ്ങനെ
ചിത്രയോധിയൊടു സംസ്കൃതമായി-
ട്ടത്രമാത്രമരുൾചെയ്തു ദശാസ്യൻ;
"അർജ്ജുനസ്യ മയി കിം ബഹുമാനം
നാസ്തി തസ്യ ബഹുകഷ്ടമിദാനീം
ദുർജ്ജനസ്യ ഗുണദോഷവിചാരം
ദുല്ലഭം ജഗതി കിം കഥനീയം!
ശാസനം മമ നിശമ്യ ദുരാത്മാ
ഹസമേവ കൃതവാനവിവേകീ
അസ്തു തസ്യ ഭവനാദി സമസ്തം
വസ്തുനാശമുപയാസ്യതി നൂനം
പാകശാസനമുഖന്തദമന്ദം
നാകവാസി നിഖിലാസുരവൃന്ദം
യേന ഹസ്തവിദിതം സ ദശാസ്യോ
മാനുഷാദപി ച കിന്നു ബിഭേതി?
താം സമർപ്യ പരമേശ്വരപൂജാം
തൽസമീപമുപഗമ്യ ച ശീഘ്രം
ചന്ദ്രഹാസഭുജഗാമിഷമേനം
കല്പയാമി നഹി സംശയമദ്യ"
ഇങ്ങനെ സംസ്കൃതവാക്കു പറഞ്ഞും
തിങ്ങിനഭക്ത്യാ പൂജകൾ ചെയ്തും
കണ്ണുമടച്ചു ജപിച്ചു വസിക്കും
പൊണ്ണനിരിക്കും പടുകുഴിതന്നിൽ
വെള്ളം വന്നു കടന്നു തുടങ്ങി
വെള്ളപ്പട്ടു നനഞ്ഞു തുടങ്ങി; [ 18 ]
വെള്ളിവിളക്കുകൾ പൊന്നിന്തളികക-
ളുള്ളതശേഷവുമൊഴികി പതുക്കെ
മുങ്ങി സമസ്തം ശിവലിംഗാദികൾ
പൊങ്ങിയൊലിച്ചിതു പുഷ്പാദികളും
കെട്ടു വിളക്കുകളവിലും മലരും
കൊട്ടത്തേങ്ങാ കദളിപ്പഴവും
പെട്ടെന്നിട്ടു നിറച്ചൊരു വെള്ളി-
ത്തട്ടുകൾ മുഴുകീ പെട്ടികളൊഴുകി,
ആറു നിറഞ്ഞു ജലങ്ങൾ കവിഞ്ഞു
കാറും മഴയും കാണ്മാനില്ല;
ആറ്റിലെ വെള്ളം പൊങ്ങിവരുന്നൊരു-
കാറ്റുമതില്ലതിനെന്തൊരു ബന്ധം
ഏറ്റം വന്നാലിത്ര വരാമോ?
ഊറ്റമൊഴുക്കും നിലയില്ലാതായ്;
തള്ളിവരുന്നൊരു വെള്ളത്തിരയിൽ
തുള്ളിയലഞ്ഞു വലഞ്ഞു ദശാസ്യൻ;
വെള്ളവുമൊട്ടു കുടിച്ചു തടിച്ചു
പള്ളയുമൻപൊടു വീർത്തു തുടങ്ങീ;
ഇരുപതു കൈകൊണ്ടാഞ്ഞു തുഴഞ്ഞു
കരപറ്റാഞ്ഞു കരങ്ങൾ കുഴഞ്ഞു;
ഇരുപതു തണ്ടുകൾ വച്ചുമുറുക്കിയ-
പെരിയൊരു വഞ്ചികണക്കേ രാവണ-
നൊരുവണ്ണം കര പറ്റിക്കയറി-
ത്തെരുതെരെ മണ്ടി ദൂരെച്ചെന്നഥ
നോക്കുന്നേരം കാണായ്‌വന്നു
നരപതി കൃതവീര്യാത്മജവീരൻ
തിറവിയ ബാഹു സഹസ്രംകൊണ്ടൊരു
ചിറയും കെട്ടിയുറപ്പിച്ചങ്ങനെ
കുത്തിയൊലിച്ചു വരും ജലമങ്ങു ത-
ടുത്തുംകൊണ്ടാ നദിയുടെ മദ്ധ്യേ
മട്ടോലുമൊഴിമാരെത്തന്നുടെ
അരികിൽ നിറുത്തിക്കൊണ്ടു കളിച്ചും
സ്വസ്ഥതയിൽ ചില വാക്കു പറഞ്ഞു കൃ-
താർത്ഥത പൂണ്ടഥ മരുവീടുന്നു;
ഇടവും വലവുമൊരഞ്ഞൂറഞ്ഞൂ-
റിടതിങ്ങീടിന കൈകളശേഷം
തടികൾകണക്കെ നിരത്തിക്കൊണ്ടഥ
നടുവിൽത്താനൊരു കുറ്റികണക്കെ [ 19 ]
തടവുവരുത്തിത്തത്ര വസിക്കും
പടുമതിയാകിയ പാർത്ഥിവവരനെ
തടമുലകൊണ്ടഥ മടവാർമണിമാർ
വടിവൊടവൻമുൻപിടചേർന്നങ്ങനെ
ദൃഢതരമാലിംഗനവും ചെയ്തു
ചടുലവിലാസേ മരുവീടുന്നു;
ഇത്തൊഴിൽ കണ്ടു കയർത്തു ദശാസ്യൻ
ഇത്ഥം നിന്നു പറഞ്ഞു തുടങ്ങി:
"നോക്കെട മൂഢാ! നിന്നുടെ വികൃതിക‌-
ളാർക്കു സഹിക്കു! മെനിക്കിതു കണ്ടാൽ-
ഖഡ്ഗമെടുത്തു കരങ്ങളശേഷം
ഖണ്ഡിക്കാതെയിരിപ്പാൻ മേലാ;
ചിറ കെട്ടീടിന പാണികൾ വെട്ടി
കറുകറനെന്നു മുറിക്കുന്നേരം
ചിറകറ്റീടിന ശൈലംപോലിഹ
മറിയും നീയെട! മാനുഷകീടാ!
പിറകിലിരിക്കും പെൺകൂട്ടത്തിനു
വിറകിനു കൊള്ളാം നിന്റെ കരങ്ങൾ!
ഉള്ളംതന്നിൽ കള്ളം ബഹുവിധ-
മുള്ളൊരു നീ ദശകണ്ഠനെയിങ്ങനെ
വെള്ളംതന്നിൽ ചാടിച്ചതു ഞാ-
നുള്ളംതന്നിൽ മറന്നീടുവനോ?
പോടാ! നിന്നുടെ വികൃതികൾ നമ്മൊടു
കൂടാ കേളെട മാനുഷകീടാ!
നിന്നുടെ നാടായുള്ളതശേഷം
വലിയൊരു കാടായ്‌വരുമതിമൂഢാ!
വാട കിടങ്ങുകളങ്ങാടികളും
മേടകൾ നാടകശാലകളെന്നിവ
ദൃഢതരമിടിപൊടിയാക്കി മുടിപ്പാൻ
പടുത നമുക്കുണ്ടർജ്ജുന കീടാ!
മത്തഗജങ്ങടെ മദജലമിയലിന-
മസ്തകഭാരമടിച്ചു പിളർന്നതിൽ
മുത്തുകളുള്ളതു കുത്തിയെടുത്തൊരു
മാല ചമച്ചങ്ങതിശയമായ ക-
ളത്രമതാകിയ മണ്ഡോദരിയുടെ
കുത്തുമുലത്തടയിടയിലണച്ചൊരു
നക്തഞ്ചരപതിതിലകൻ ഞാനതി-
ശക്തൻ സാധുവിരക്തൻ ഭുജബല[ 20 ]
യുക്തൻ വിധുരവിയുക്തൻ സംഗര-
ശക്തൻ നിന്നുടെ പത്തുശതം കര-
മുള്ളതശേഷവുമൊത്തുതകർത്തലി-
വില്ലാതങ്ങു മുടിച്ചീടുന്നതു
കണ്ടു വിരഞ്ഞു കരഞ്ഞു പിരിഞ്ഞിഹ
മണ്ടും നിൻ മഹിഷികളെല്ലാം ദശ-
കണ്ഠനു ചേതസി കനിവെന്നുള്ളതു
പണ്ടേയില്ലതു ബോധിച്ചാലും;
തന്നെപ്പോലും കനിവില്ലാതൊരു
സന്നദ്ധൻ ഞാൻ വളരെക്കാലം
നിന്നു തപംചെയ്തിട്ടും നാന്മുഖ-
നെന്നുടെ മുമ്പിൽ വരാഞ്ഞതുമൂലം
അമ്പൊടു ഖഡ്ഗമെടുത്തു ശിരസ്സുക-
ളൊമ്പതുമുടനേ ഖണ്ഡിച്ചീടിന
വമ്പൻ ധീരതയുള്ള ജനങ്ങളിൽ-
മുമ്പൻ ഞാന, തിധൂർത്ത! മദാൽ നീ
കിം പുനരെന്നൊടു കാട്ടുമെനിക്കു ത-
രിമ്പു ഭയം നഹിയെന്നതുമറിക;
പലപല മീശക്കൊമ്പന്മാരെ-
ക്കൊന്നൊരു യാതുകുലാധീശൻ ഞാൻ;
ഹേഹയ മാനുഷകീടാ! നമ്മൊടു
നേരേ നിന്നിഹ പോരാടീടുക
ദൂരേ മാനിനമാരുടെ നടുവിൽ
പ്രിയമിയലുന്നതു കണ്ടെന്നാകിൽ
ഭീരുജനങ്ങളിൽ മൂത്തവനെന്നൊരു
പേരു നിനക്കുണ്ടെന്നതുതോന്നും.
ഓരായിരമിക്കൈകൾ നിനക്കൊരു
മാരായുധമായ്ത്തീർന്നുചമഞ്ഞു
നാരിജനത്തെപ്പുണരാൻ; മറ്റൊരു
പോരിനുമാത്രം പോരാതാനും
പേരാൽതന്നുടെ വേരുകണക്കെ
പെരുതെങ്കിലുമൊരു ഫലമില്ലേതും."
ചെവിക്കസഹ്യത പെരുകിന വാക്കുകൾ
ശ്രവിച്ചു ഭൂപതി വിരവൊടു കൈകളി-
ലെടുത്തു വില്ലും കണകളുമനവധി
തൊടുത്തു ചെന്നിഹ നിശിചരവരനെ-
ത്തടുത്തുകൊണ്ടൊരു ഗിരമുരചെയ്തു;
"കടുത്തവാക്കുകൾ മതി മതി ഭുവനം [ 21 ]
കെടുത്ത നിന്നുടെ കരതലവിരുതുകൾ
അടക്കി വയ്ക്കുന്നുണ്ടതിനൊരു ശര-
മുടക്കി വിരവിനൊടയച്ചു നിന്നുടൽ
മുടക്കി മൂഢനെ മുഹുരപി മുഹുരപി
മടക്കി മണ്ടിക്കുന്നതുമുണ്ടിഹ
പടയ്ക്കുവന്നൊരു ബഹുത്വമമ്പൊടു
കെടുത്തു മൂഢനെ എടുത്തു വടികൊ-
ണ്ടടിച്ചു പല്ലുകൾ പൊഴിച്ചു ഞാനും
പിടിച്ചു കെട്ടിയിരുപതു കൈകളു-
മൊടിച്ചയയ്ക്കണമെന്നൊരു പക്ഷം;
ഒരിക്കൽ നിന്നുടെയിരുപതു മീശകൾ
കരിച്ചയയ്ക്കണമെന്നു വിചാരി-
ച്ചിരിക്കവേ നീ വന്നിഹ ചാടിയ-
തെനിക്കു നല്ലൊരു കൗതുകമധികം;
മദിക്കകൊണ്ടും പലപല ചപലത
കഥിക്കകൊണ്ടും സുരകുലമേറെ-
ച്ചതിക്കകൊണ്ടും കുലതരുണികളെ-
പ്പിടിക്കകൊണ്ടും കള്ളുകൾ വളരെ-
ക്കുടിക്കകൊണ്ടും ഭള്ളുകൾ പലവക
നടിക്കകൊണ്ടും നാടുകളഖിലം
മുടിക്കകൊണ്ടും നതാംഗിമാരെ
പ്പിടിക്കകൊണ്ടും വന്നൊരു പാതകം
അപവാദത്തിനു മൂലമതിങ്ങനെ
വിപദേ വന്നു ഭവിച്ചതുമിപ്പോൾ
ഝടിതി നിന്നുടെ; തടിയടിച്ചു-
പൊടി പൊടിച്ചു മുടിയിഴച്ചു
പടയിലുടയ പടുത പലതു
ഝടിതി തുടങ്ങുക സപദി മടങ്ങുക!
കരുതിനിന്നു പൊരുതുകൊൾക രാവണ!
പെരുതു നിന്റെ വിരുതു സജ്ജനാനാം
ബലചരിതമൊക്കെ ദുരിതമാക്കിയൊരു ബഹു
ദുരിതരാശിഭരിതനായ കാരണം
ഇത്ഥമിന്നു വന്നുകൂടി സംഗതി
രൂക്ഷഹൃദയ! രാക്ഷസാധമ! തവ"
തൽക്ഷണത്തിലിത്ഥമോതി രോഷമോ-
ടർജ്ജുനൻ രണത്തിനായ് തുടർന്നിതു
ചമ്പതാളം
നൃപതികുലനാഥനും നിര്യതികുലനാഥനും
സപദി ബത തങ്ങളിൽ സമരമിടകൂടിനാർ [ 22 ]
പഞ്ചശതപാണികളിലഞ്ചിതമതാകുമൊരു
പഞ്ചശതചാപശരസഞ്ചയമെടുത്തൊരുവ-
നഞ്ചുമുടനഞ്ചുമൊരു പാണികളിൽ വില്ലുകളു-
മമ്പുകളുമമ്പൊടു ധരിച്ചപരനും മുദാ
സംഗരവിധങ്ങളവർ തങ്ങളിലഭംഗതര-
മങ്ങവർ തുടങ്ങിയിടരോടതി ഗഭീരം
ഘോരശരമാരികളുതിർത്തഥ തിമിർത്തു ബത-
പോരതു തുടങ്ങി നിശിചാരിനൃപവീരൻ
പലപൊഴുതുമവർ കരുതി കുറവതു വരരുതിവിടെ
നിരവധിക നിശിതശരമരിവരനിലരിശമൊടു
വിട്ടു പടവെട്ടുവതിനൊട്ടു ഞെട്ടലതുമില്ല
വടിവിനൊടുമവരുടയ ഝടഝടതയിങ്ങനെ
ഝടിതി ഗുരുവിപ്ലവമതുടനുടനുയർന്നു;
തുരുതുരെ വരുന്ന ബഹുശരനിര കലർന്നു നിശി-
ചരരധികവരനധിക ശകലിതനതായി;
അഗ്ന്യസ്തവും വരുണാസ്ത്രവും ശക്രാസ്ത്രം
ലഘുതരം പ്രത്യസ്ത്രത്ര്യക്ഷാസ്ത്രമീവിധം
പലവകയിലവരുടയ കലശലതു പറവതിനു
ഫണിപതിയുമതിനു മതിയല്ലെന്നതും ദൃഡം;
ക്ഷിതിപതിയുമഥ രജനിചരപതിയുമങ്ങനെ
തങ്ങളിൽ സംഗരം ചെയ്തോരനന്തരം
വീര്യം പെരുത്ത കൃതവീര്യാത്മജന്റെ ഭുജ*
ദണ്ഡപ്രയുക്തശരഷണ്ഡങ്ങൾകൊണ്ടു ദശ-
കണ്ഠന്റെ വീര്യമതു കുണ്ഠത്വമാർന്നു യുധി
കണ്ടിച്ചു വില്ലുമതുമിണ്ടൽക്കു മൂലമായ്
മണ്ടിത്തിരിപ്പതിനു മാർഗ്ഗത്തെ നോക്കിയതു
കണ്ടിട്ടു നില്ക്കുന്ന കാർത്തവീര്യാർജുനൻ
ഝടിതി ദശമുഖനുടയ മുടികൾ പിടിപെട്ടുട-
നങ്ങോട്ടുമിങ്ങോട്ടുമുന്തിയും തള്ളിയും
ഝടഝടിതിയുടനടിയുമിടികളും കൊണ്ടുടൻ
ചാകാതെ ചത്തു തരംകെട്ടു രാവണൻ;
ചപലമതിയവനുടയ പുഷ്പകവിമാനവും
ചന്ദ്രഹാസാദിയും കൈക്കലാക്കി നൃപൻ;
കരചരണമുപചരണമിരുപതു കരങ്ങളും
ചങ്ങലകൊണ്ടു ബന്ധിച്ചു ലങ്കേശനെ
കരചരണചലചലനരഹിതമിഹ കൊണ്ടുപോ-
യ്ക്കാരാഗൃഹം തന്നിലിട്ടു പൂട്ടീടിനാൽ; [ 23 ]
പത്തുമുഖങ്ങളിൽനിന്നു പുറപ്പെടു-
മത്യുന്നതതരമുറവിളിഘോഷം
പത്തു ദിഗന്തരമൊക്കെ മുഴങ്ങീ
പാതാള സ്വർഗ്ഗങ്ങളിലെത്തി;
"എന്തൊരുമുറവിളിയായിതു കൂവേ!"
"പംക്തിഗളന്റെ കരച്ചിലുപോലും!"
"എന്തൊരു സങ്കടമങ്ങവനിപ്പോൾ?"
"ബന്ധനമാശു ലഭിച്ചിതുപോലും!"*
"മറ്റുള്ളവരെക്കെട്ടിയടിച്ചു പി-
ടിച്ചുപറിച്ചു വലയ്ക്കുന്നവനെ
കെട്ടിയടിപ്പാനേതൊരു വമ്പൻ
നാട്ടിലിദാനീമുണ്ടായ്‌വന്നു?"
"കേട്ടില്ലേ താനർജുനനെന്നൊരു
കേളി പെരുത്ത ധരിത്രീപാലൻ
അദ്ദേഹം താനാശരവരനാ-
മിദ്ദേഹത്തെബ്ബന്ധിച്ചതുപോൽ!"
"ബന്ധിപ്പാനൊരു ബന്ധം വേണമ-
തെന്തെന്നേതുമറിഞ്ഞോ ഹേ താൻ?"
"എന്തെന്നേതുമറിഞ്ഞീലവനുടെ
താന്തോന്നിത്തമതെന്നേ വേണ്ടൂ "
"താന്തോന്നിത്തമതർജുനനോ ദശ
കന്ധരനോ അതു ബോധിച്ചോ താൻ?"
"ബോധിപ്പാനെന്തൊരു വൈഷമ്യം!
ചോദിച്ചറിയണമെന്നില്ലല്ലോ;
സുരകുലനാരീപീഡകൾ ചെയ്തും
കുലതരുണികളെച്ചെന്നു പിടിച്ചും
പല മുനിമാരെക്കെട്ടിയടിച്ചും
വലനം ചെയ്യും നക്തഞ്ചരവര-
ഖലനിതു വന്നു ഭവിച്ചിതിദാനീം
ബലവാനാകിയ കൃതവീര്യജനൊടു
കലഹിപ്പാനായ്ച്ചെന്നൊരു ശേഷം
പാരാതവനും ഇവനെക്കെട്ടി-
ക്കാരാഗൃഹമതിലാക്കിയടച്ചാൻ;
അങ്ങനെയനുഭവമേറെ നടിച്ചാ-
ലിങ്ങനെയനുഭവമുടനേ കൂടും;"
"കൊലചെയ്യാത്തതുമെന്തേ കൂവേ?"
"കൊല ചെയ്താൽ മതിയാമോ ഭോഷാ! [ 24 ]
പലനാളിങ്ങനെ പട്ടിണിയിട്ടും
പലരും കണ്ടുടനാനകളിച്ചും
വലയിൽപ്പെട്ട കുരങ്ങുകണക്കേ
വലയണമെന്നേ മതിയാവുള്ളൂ;
കൊലചെയ്താൽ പുനരന്തകനവനെ
വലയ്ക്കുന്നതിഹ നമുക്കറിയാമോ?"
" അതു നേരാണിഹ നമ്മെക്കാളും
അതികാരുണ്യം പെരുതു തനിക്ക്; "
രാവണമുറവിളി കേട്ടിട്ടിങ്ങനെ
രാവും പകലും ഘോഷിക്കുന്നു;
ദേവകളെത്ര പ്രസാദിക്കുന്നു;
ദേവസ്ത്രീകൾക്കതിലും മോദം;
ഓജസ്സും തേജസ്സും പലനാ-
ളായുസ്സും ശ്രേയസ്സും വരുവതി-
നന്തണവരരും മുനിവരരും ദിശി
സന്തതവും ഹേഹയനൃപവരനെ-
പ്പാരമനുഗ്രഹമേകി നടന്നു
പാരിലതിശ്രമമേറിയിരുന്നഥ
ഭീതികലർന്ന ജഗത്ത്രയവാസികൾ
ഭീതിവെടിഞ്ഞുവസിച്ചീടുന്നു
ദേഹം മെലിഞ്ഞു പാരം കാരാഗൃഹംതന്നുള്ളിൽ
ദാഹം വിശപ്പുകൊണ്ടും മോഹം വളർന്നു തത്ര
സ്നേഹം തരിമ്പുമുള്ള ദേഹങ്ങളാരുമില്ല
ആഹന്ത കഷ്ടം ! ദശകണ്ഠന്റെ വർത്തമാനം
സ്നാനവുമില്ല മദ്യപാനവുമില്ല പാരം
നാണവും പൂണ്ടു ദേഹക്ഷീണവുമകപ്പെട്ടു
കൂറില്ലാത്തവരോടു ചോറുമേടിച്ചുതിന്നു
കീറത്തുണിയുടുത്തു ചേറുമണിഞ്ഞങ്ങനെ
ആറുമാസം കഴിഞ്ഞിട്ടാരുമൊരുത്തൻ കുറ്റം
തീരുവാൻ ശ്രമിക്കുന്നില്ലേറുന്നു സന്താപങ്ങൾ;
പിണ്ഡമുരുട്ടിയോരോ കിണ്ണത്തിൽ വച്ചുകൊണ്ടു
പെണ്ണുങ്ങൾ വന്നുനിന്നീവണ്ണം പറഞ്ഞീടുന്നു;
"ലങ്കാധിപതേ! നിന്റെ കാൽമേൽ കിടക്കും നല്ല
ശൃംഖല കിലുങ്ങാതെ ചിങ്കുകളിച്ചെന്നാകിൽ
പാക്കു വെറ്റില നല്ല തൂക്കുപുകയിലയും
പാർക്കാതെ തരുന്നുണ്ടു ഭോഷ്ക്കല്ല പംക്തികണ്ഠ!'
പത്തു മുഖങ്ങൾകൊണ്ടു പത്തു പദങ്ങൾ പാടി
തിത്തിത്തൈ എന്നു ചാടി നൃത്തംവയ്ക്ക രാവണ! [ 25 ]
മത്തഗജങ്ങളുടെ മസ്തകം തകർക്കുന്ന
ഹസ്തങ്ങളെങ്ങു നിന്റെ നക്തഞ്ചരാധിനാഥാ?
ഏണമിഴിമാരുടെ പാണി പിടിച്ചിഴയ്ക്കും
പാണികൾകൊണ്ടു നമ്മെ താണുതൊഴുതുകൊണ്ട്
കേണുകിടന്നിടാതെ വാണു നീയെങ്കിൽ നല്ല
ചോറും കറിയും പുളിഞ്ചാറും കാച്ചിയ മോരും
ആറുന്നതിനുമുമ്പേ കൂറുള്ള ഞാൻ തരുവൻ;
മണ്ഡോദരിയെന്നൊരു പെണ്ണുനിനക്കുണ്ടെന്നു
മന്നിടംതന്നിൽ ബഹു പെണ്ണുങ്ങൾ ചൊല്ലിക്കേട്ടു
സന്ദേഹംമൊന്നുണ്ടതു നിന്നോടു ചോദിക്കുന്നു
ഒന്നേയവൾക്കു മുഖമുള്ളെന്നു കേട്ടു ഞങ്ങൾ
ഒന്നല്ല മുഖം നിനക്കഞ്ചുമഞ്ചുമുണ്ടല്ലോ
എന്നാലെങ്ങനെയവൾ നിന്നോടു രമിക്കുന്നു!
പത്തു പുരുഷന്മാരോടൊത്തു വിനോദിക്കുന്ന
ധൂളിപ്പെണ്ണുങ്ങളുടെ കേൾവിയവൾക്കു വന്നു"
"പോടീ! മഹാരാജേന്ദ്രനോടീ വിശേഷം ചെന്നു
ചോദിച്ചിട്ടെന്താവശ്യം?" ചോദിച്ചാലെന്തുചേതം?
ഓരോ ദിവസം മുഖമോരോന്നു ചുംബിച്ചുകൊ-
ണ്ടാരോമൽ ക്രീഡിക്കുന്നതാരോടു കേൾപ്പിക്കുന്നു?"
ഇത്ഥം വന്നൊരുകൂട്ടം സ്ത്രീകള-
ബദ്ധം പറയുന്നതു കേട്ടപ്പോൾ
നാണംപൂണ്ടു കിടന്നു ദശാസ്യൻ
പ്രാണൻ പോകാഞ്ഞതു തൽ ഭാഗ്യം.
എത്രയും പരസമത്വമിളച്ചു
തത്ര വാണു ദിവസങ്ങൾ കഴിച്ചു
ചിത്രയോധി ദശകന്ധരനോടഥ
യാത്രചൊല്ലിയവനങ്ങു ശമിച്ചു;
തത്ര ചെന്നഥ പുലസ്ത്യനിരിക്കും
ആശ്രമത്തിലരികത്തിലണഞ്ഞു
തൃക്കഴൽക്കഥ വണങ്ങിയവൻ പുന-
രിക്കഥ കിമപി പറഞ്ഞറിയിച്ചു:
"ഏവമെന്തു വരുവാനവകാശം?"
"രാവണന്റെ ചരിതം ബഹു കഷ്ടം;
ആവതെന്തു ശിവശങ്കര! പാർത്താൽ
ദൈവകല്പിതമതാർക്കറിയാവൂ!
ചീർത്ത വൈരമൊടു ചെന്നു ദശാസ്യൻ
കാർത്തിവീര്യനൊടു നേർത്തു പിണങ്ങി
ആർത്തിപൂണ്ടു സമരാർത്തി ലഭിച്ചതു [ 26 ]
പാർത്തിടാതെയിഹ ബന്ധിതനായി
ബന്ധുവാരുമില്ലാഞ്ഞതുകൊണ്ടവൻ
ഹന്ത! കേണു മരുവുന്നിതു താപാൽ
അന്തരംഗ്ഗമതിലാധി മുഴുത്തു
സന്തതം ബത വിശന്നുവലഞ്ഞു
പാണികാലുകളുമമ്പൊടു കെട്ടി
ക്ഷോണിതന്നിലിളകാതെ കിടന്നു
പ്രാണനാശമവനാശു കൊതിച്ചു
വാണിടുന്നു ബലമോടുമിദാനീം;
അഞ്ചുമാസമിതുപോലെ കഴിഞ്ഞിതു
വഞ്ചനാവചനമല്ല മുനീന്ദ്ര!
നെഞ്ചകത്തിലടിയന്നൊരുപായം
കിഞ്ചനാസ്തിയിഹ നിൻകൃപയെന്യേ;
മാമുനീശ്വര ഭവാൻ വിരവോടേ
മാനവേന്ദ്രനൊടു ചന്നറിയിച്ചാൽ
സ്വാമിതന്നെ വിടുവാൻ കല്പിക്കും
താമസിക്കരുതെഴുന്നരുളേണം."
ഇത്തരമുള്ളൊരു വചനം കേട്ടു പു-
ലസ്ത്യമുനീന്ദ്രനുമപ്പോളധികം
പൗത്രസ്നേഹവശാൽ വിവശനതായ്
ചിത്തംതന്നിൽ വിഷാദംപൂണ്ടു:
"എത്രയുമാപത്തല്ലോ നമ്മുടെ
പൗത്രനു സംഗതിവന്നതു ശിവശിവ!
ഹേഹയനരപതി വാസംചെയ്യും
ഗേഹ വിരവൊടു ഞാനും പോരാം;
ധീരതയേറും മന്നവനെന്നെ
ശഠത പറഞ്ഞു മടക്കിയയയ്ക്കും,
വാശ്ശതുമവനൊടു ക്ലേശിക്കാം പുന‌-
രീശ്വരകല്പിതമാർക്കറിയാവൂ;"
എന്നരുൾചെയ്തു കുടയുമെടുത്തു ന-
ടന്നുതുടങ്ങി പുലസ്ത്യമുനീന്ദ്രൻ
മന്ത്രീശ്വരനൊടുകൂടി നടന്നു
മാഹിഷ്മതിപുരിതന്നിൽ ചെന്നു;
കൃതവീര്യാജനെക്കണ്ടാനപ്പോൾ
കൃതവീര്യാത്മജനാശു വണങ്ങി
അർഘ്യാദികളും ചെയ്തു മഹീപതി
സരസമുവാചഃ മുനീന്ദ്ര! നമസ്തേ!
എന്തൊരു സംഗതിയാഗമനത്തിന്? [ 27 ]
ഹന്ത ഭവാനരുൾചെയ്തീടേണം,
നിന്തിരുവടി മമ കുലബലധനസുഖ-
സന്തതിപുഷ്ടി വരുത്തീടേണം;
നിന്തിരുവടിയൊന്നരുളിച്ചെയ്താ-
ലെന്തെങ്കിലുമതു സാധിക്കുന്നേൻ;"
ഇത്ഥം നരവരഗീരുകൾ കേട്ടതി
നുത്തരമരുളിച്ചെയ്തു മുനീന്ദ്രീൻ;
"സാധുമതേ! തവ ഭൂതികൾ കാൺമാൻ
സിദ്ധാന്തിച്ചിഹ വന്നിതു ഞാനും
സിദ്ധന്മാരൊടുകൂടി വസിപ്പാ-
നെത്രയുമാഗ്രഹമുണ്ടു നമുക്ക്;
ഉദ്ധതഗതിയാം നമ്മുടെ പൗത്രന-
ബദ്ധമതല്ലാതില്ലൊരുനാളും,
മൃത്യുഞ്ജയനുടെ വാസഗിരീന്ദ്രം
കുത്തിയെടുത്തവനെന്തരുതാത്തു?
അത്ര പെരുത്ത ദുരാചാരത്തെ നി-
വൃത്തിവരുത്താനിത്തൊഴിൽ കൊള്ളാം!
എന്നാലവനെയഴിച്ചുവിടേണം
നന്നായ്‌വരുമിതുകൊണ്ടു നിനക്ക്
ചെമ്മേ നിൻകൃപകൊണ്ടിതു ചെയ്താൽ
നന്മ നിനക്കിനി മേന്മേലുണ്ടാം,"
മാമുനിവചനം കേട്ടു നരേന്ദ്രൻ;
മനസി ഹിതംപൂണ്ടിദമരുൾചെയ്തു
"ഇപ്പോൾതന്നെയഴിച്ചു വിടുന്നേ-
നപ്രിയമതുകൊണ്ടുണ്ടാകേണ്ട "
അപ്പോൾ വന്നൊരു കിങ്കരഭടനെ *-
ക്കല്പിച്ചമ്പൊടയച്ചു നരേന്ദ്രൻ ;
കിങ്കരനുടനേ ചെന്നതുനേരം
ലങ്കാപതിയുടെ കൈകാൽകളിലെ
ശൃംഖല വിരവൊടഴിച്ചു പതുക്കെ
തൻകരയുഗളം കൊണ്ടുതലോടി
വെളിയിൽകൊണ്ടന്നർജ്ജുനനികടേ
തെളിവിൽ നിറുത്തി, വണങ്ങിയിരുന്നു
നാണംപൂണ്ടു മുഖാവലി താഴ്ത്തി
ക്ഷീണം പൂണ്ടു വസിക്കുന്നവനൊടു
നരപതിയരുളിച്ചെയ്തിതു: "നിന്നൊടു;
പരിഭവമൊക്കെത്തീർന്നു നമുക്ക്
ലങ്കാധിപതേ! പോയാലും നീ [ 28 ]
ശങ്കരസേവയൊടിങ്ങിനി മേലില*-
ഹങ്കരിയാതെയിരിക്കിൽ കൊള്ളാം;"
എന്നു പറഞ്ഞു കൊടുത്തിതു പുഷ്പക
മെന്നുള്ളൊരു രമണീയവിമാനം;
ഉന്നതഗുണഗണമിയലിന വാളും
സന്നതനാം ദശകണ്ഠനു നല്കി;
കുണ്ഠിതമൊക്കെത്തീർന്നു നൃപണ ദശ-
കണ്ഠനെ വിരവിലയച്ചു വസിച്ചു;
കിങ്കരസംഘവുമവനൊടു സഹിതം
ലങ്കാനഗരേ ചെന്നു വസിച്ചു;
തുംഗസുഖേന പുലസ്ത്യമുനീന്ദ്രനു-
മങ്ങു ഗമിച്ചു സുഖിച്ചു വസിച്ചു:
കൃതവീര്യാത്മജനാകിയ നരപതി-
പുംഗവനും ബഹുമംഗലമതുലം.
കാർത്തവീര്യാർജുനവിജയം ഓട്ടൻതുള്ളൽ
സമാപ്തം