ബാലവ്യാകരണം (1903)

[ 1 ] BĀLAVYĀKARANAM

Part I.

ELEMENTARY LESSONS IN MALAYALAM GRAMMAR

FOR PRIMARY SCHOOLS IN MALABAR

BY

M. Krishnan, B.A., B.L., F.M.U.,

Malayalam Master, Presidency College, Malayalam Translator
to the Government of Madras, etc. etc.

REVISED AND ENLARGED BY

M. Seshagiri Prabhu, B.A.,

Assistant, Government College, Mangalore.

APPROVED BY THE MADRAS TEXT-BOOK COMMITTEE AND RECOGNISED
BY THE DIRECTOR OF PUBLIC INSTRUCTION, MADRAS

Third Edition

ബാലവ്യാകരണം

എന്ന

മലയാള വ്യാകരണ മൂലപാഠങ്ങൾ

പ്രാഥമീക പാഠശാലകളിൽ ഉപയോഗത്തിന്നു
എം.കൃഷ്ണൻ, ബി.എ., ബി.എൽ., എഫ്.എം.യു. ഉണ്ടാക്കിയതും
എം. ശേഷഗിരിപ്രഭു, ബി.എ. പരിഷ്കരിച്ചതും.

MANGALORE AND CALICUT

BASEL MISSION BOOK AND TRACT DEPOSITORY

1903

Price: 4 Annas] All rights reserved [വില: ൪ അണ. [ 5 ] BĀLAVYĀKARANAM

Part I.

ELEMENTARY LESSONS IN MALAYALAM GRAMMAR

FOR PRIMARY SCHOOLS IN MALABAR

BY

M. Krishnan, B.A., B.L., F.M.U.,
Malayalam Master, Presidency College, Malayalam Translator
to the Government of Madras, etc. etc.

REVISED AND ENLARGED BY

M. Seshagiri Prabhu, B.A.,
Assistant, Government College, Mangalore.

APPROVED BY THE MADRAS TEXT-BOOK COMMITTEE AND RECOGNISED
BY THE DIRECTOR OF PUBLIC INSTRUCTION, MADRAS.

Third Edition.

ബാലവ്യാകരണം

എന്ന

മലയാള വ്യാകരണ മൂലപാഠങ്ങൾ

പ്രാഥമീക പാഠശാലകളിൽ ഉപയോഗത്തിനന്നു
എം.കൃഷ്ണൻ, ബി.എ., ബി.എൽ., എഫ്.എം.യു. ഉണ്ടാക്കിയതും
എം. ശേഷഗിരിപ്രഭു, ബി.എ. പരിഷ്കരിച്ചതും.

MANGALORE AND CALICUT

BASEL MISSION BOOK AND TRACT DEPOSITORY

1903

(All rights reserved) [ 6 ] PRINTED AT THE BASEL MISSION PRESS, MANGALORE.

Registered for Copy-right under Act XXV of 1867. [ 7 ] അനുക്രമണിക.

പാഠം. ഭാഗം.
1. വാക്യം. A Sentence 1
പദം. A Part of Speech 2
2. സംജ്ഞാനാമം Proper Noun 3
സംജ്ഞാ. A distinguishing mark 4
സംജ്ഞി. One possessing a mark or a characteristic sign 4
3. സാമാന്യനാമം. Common noun 5
ജാതി. Class 6
വ്യക്തി. Individual of a Class 6
4. സമൂഹ നാമം. Collective Noun 8
മേയനാമം. Material Noun 9
5. ഗുണങ്ങൾ. Qualities 10
ഗുണനാമങ്ങൾ. Abstract Nouns 10
6. സൎവ്വനാമം. Pronoun 12
7. ക്രിയ. Verb 15
ത്രികാലങ്ങൾ. Three Tenses 16
8. ആഖ്യ. Subject 17
9. ആഖ്യാതം. Predicate 19
ക്രിയാഖ്യാതം. Verb as Predicate 19
നാമാഖ്യാതം. Noun as Predicate 20
ആഖ്യാതപൂരണം. Completion of Predicate 20
സംബന്ധക്രിയ. Copula 21
10. കൎമ്മം. Object 23
11. സകൎമ്മക്രിയ. Transitive Verb 24
അകൎമ്മകക്രിയ. Intransitive Verb 24
[ 8 ]
പാഠം. ഭാഗം.
12. വാക്യം. A Sentence 25
ആകാംക്ഷ. Expectancy 25
അദ്ധ്യാഹാരം. Ellipsis 25
സംക്ഷിപ്തവാക്യം. Contracted Sentence 25
ലുപ്തവാക്യം. Elliptic Sentence 25
13. ലിംഗം. Gender 28
പുല്ലിംഗം. Masculine Gender 28
സ്ത്രീലിംഗം. Feminine Gender 29
നപുംസകലിംഗം. Neuter Gender 29
പ്രകൃതി. Base or Stem 30
പ്രത്യയം. Termination 30
ലിംഗപ്രത്യയങ്ങൾ. Terminations denoting Gender 30
14. വചനം. Number 33
ഏകവചനം. Singular Number 33
ബഹുവചനം. Plural Number 33
15. വിഭക്തി. Case 35
ബലക്രിയ. Strong Verb 40
അബലക്രിയ. Weak Verb 40
ധാതു. Root 40
ത്രികാലങ്ങൾ. Three Tenses 41
17. പുരുഷന്മാർ. Persons 45
വിധി. Imperative Mood 45
18. ഭാവക്രിയ. Affirmative Verb 47
നിഷേധക്രിയ. Negative Verb 47
പൂൎണ്ണക്രിയ. Finite Verb 49
അപൂൎണ്ണക്രിയ. Incomplete Verb 49
ശബ്ദന്യൂനം. Relative Participles 49
ക്രിയാപുരുഷനാമം. Verbal Nouns of Agency 50
ക്രിയാന്യൂനം. Verbal Participles 51
സംഭാവന. Conditional 52
[ 9 ]
പാഠം. ഭാഗം.
അനുവാദകം. Concessive 54
ക്രിയാനാമം. Verbal Noun 55
ഭാവരൂപം. Infinitive 55
19. ഗുണവചനം. Adjective 56
വിശേഷ്യം. A subject that is qualified 58
വിശേഷണങ്ങൾ. Adjuncts 58
20. അവ്യയം. Indeclinables 62
ക്രിയാവിശേഷണം. Adjuncts of Verb 63
വാക്യ വിഭജനം. Analysis of Sentences 69
വ്യാകരിക്കുന്ന രീതി. Models of Parsing 72
[ 10 ] രണ്ടാം പതിപ്പിന്നുള്ള
മുഖവുര.

ആദ്യത്തെ പതിപ്പു ക്ഷണത്തിൽ തീൎന്നുപോയതുകൊണ്ടു ഉപാദ്ധ്യായന്മാൎക്കും
ശിഷ്യന്മാൎക്കും ബാലവ്യാകരണത്തിൽ വളരെ തൃപ്തിയുണ്ടെന്നു വിശ്വസിച്ചു
സന്തോഷിക്കുന്നു. പല ആവശ്യക്കാരുമുള്ളതുകൊണ്ടു ഈ ദ്വിതീയാവൃത്തി
പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. പ്രഥമാവൃത്തിയിലുണ്ടായിരുന്ന ചില ന്യൂനത
കളെ നീക്കി, പുസ്തകം ആസകലം പരിശോധിപ്പിച്ചു, അഭ്യാസങ്ങളും പരീക്ഷാ
ചോദ്യങ്ങളും ചേൎത്തു രണ്ടാമതായി പ്രസിദ്ധപ്പെടുത്തി, കേരളീയവിദ്വജ്ജനങ്ങ
ളുടെ കരുണാവലോകനത്തിനു പാത്രമാക്കി വെച്ചിരിക്കുന്നു. മതിരാശി, തിരു
വിതാംകൂറു, കൊച്ചി സംസ്ഥാനങ്ങളിൽ പാഠശാലകളുടെ ഉപയോഗാൎത്ഥം ഈ
പുസ്തകത്തെ അംഗീകരിച്ചിരിക്കുന്ന ആ രാജാധികാരികളുടെ മഹോപകാര
ത്തെ കൃതജ്ഞതാപൂൎവ്വം സദാ സ്മരിച്ചുവരുന്നു. ഈ പുസ്തകത്തിലെ ഗുണദോ
ഷങ്ങളെ പ്രകടിപ്പിച്ചു അതിന്നു പ്രാചുൎയ്യവും പ്രസിദ്ധിയും വരുത്തിയ പത്രാ
ധിപന്മാരുടെ ഉപകാരത്തിനായി അവരോടു നന്ദി പറയുന്നു.

ഏഴാന്തരം (മൂന്നാം ഫോറം) വരക്കുള്ള വ്യാകരണമിത്രമെന്ന ഉപരിഗ്ര
ന്ഥം അചിരേണ പ്രസിദ്ധപ്പെടുത്തുന്നതാകുന്നു. വിശ്വവിദ്യാലയത്തിലേ
സകലപരീക്ഷകൾക്കും ഉതകുന്നതായ വ്യാകരണചിന്താമണി എന്ന ഒരു ബൃഹ
ദ്ഗ്രന്ഥം ഈ ബാലവ്യാകരണത്തിന്റെ മാൎഗ്ഗദൎശകനും പരിശോധകനും ആയ
എന്റെ സ്നേഹിതൻ ബഹുകാലമായി എഴുതിവരുന്നു. ജീവഭാഷകളുടെ വ്യാ
കരണത്തിന്നു ഒരു കാലത്തും സംപൂൎത്തി വരുന്നതല്ലെങ്കിലും ശാസ്ത്രീയരീതിയിൽ
വൈയാകരണസിദ്ധാന്തങ്ങളെ പ്രദൎശിപ്പിക്കുന്ന ഒരു പുസ്തകം അത്യന്താപേ
ക്ഷിതം തന്നേ. കുറെ പരിഷ്കരിച്ചാൽ കേരളപാണിനീയവും, ഉടനേ പ്രസി
ദ്ധപ്പെടുത്തിയാൽ വ്യാകരണചിന്താമണിയും, മലയാളഭാഷക്കു ഉപയുക്തവ്യാ
കരണങ്ങളായിത്തീരും.

M. K. [ 11 ] അവതാരിക.

വ്യാകരണം ഒരു ശാസ്ത്രമാകുന്നു. ശാസ്ത്രമെന്നതോ ക്ഌപ്തപ്പെടുത്തിയ
ജ്ഞാനമത്രേ. ശാസ്ത്രത്തിൽ സ്വീകരിക്കുന്ന ജ്ഞാനം (അറിവു) ഏകാശ്രയമായി
രിക്കരുതു. "രാമന്നു ഒരു പുത്രൻ ഉണ്ടായി" എന്നതു ജ്ഞാനം തന്നേ എങ്കിലും
അതു രാമൻ എന്ന ഒരുവനെ മാത്രം സംബന്ധിച്ചിട്ടുള്ളതുകൊണ്ടു ശാസ്ത്രത്തിന്നു
ഉപയോഗമായ്ത്തീരുകയില്ല. ശാസ്ത്രത്തിൽ ഉപയുക്തമായ്ത്തീരുന്ന ജ്ഞാനം അനേ
കാശ്രയമായും എല്ലാ കാലത്തും യഥാൎത്ഥമായും ഉള്ളതായിരിക്കണം. 1. "വി
ഷം തിന്നാൽ മരിക്കും" എന്നതു വൈദ്യശാസ്ത്രത്തിലും, 2. "നാലെട്ടു മുപ്പത്തു
രണ്ടു" എന്നതു ഗണിതശാസ്ത്രത്തിലും, 3. "കൊമ്പുള്ള നാൽക്കാലികൾ എല്ലാം പി
ളർന്ന ഇരട്ടക്കുളമ്പുള്ളവയാകുന്നു" എന്നതു മൃഗശാസ്ത്രത്തിലും, 4. "ആർ എന്ന
ബഹുവചനപ്രത്യയം സുബുദ്ധികൾക്കേ വരും" എന്നതു വ്യാകരണശാസ്ത്രത്തി
ലും ഉള്ള തത്വങ്ങളാകുന്നു. ഈ തത്വങ്ങൾ അനേക വ്യക്തികളെ സംബന്ധി
ച്ചവയും സദാ സത്യമായിട്ടുള്ളവയും ആകുന്നു. ശാസ്ത്രോപയോഗത്തിനന്നുള്ള
ജ്ഞാനം എങ്ങിനെയാകുന്നു സംപാദിക്കേണ്ടതും സംപാദിച്ച തത്വങ്ങളെ
ക്രമപ്പെടുത്തി ശാസ്ത്രമാക്കേണ്ടതെങ്ങിനെയെന്നും ജ്ഞാനവിഷയങ്ങൾ ഏവയെ
ന്നും വിവരിക്കുന്ന ശാസ്ത്രമാകുന്നു തൎക്കശാസ്ത്രം. ഇതു സകലശാസ്ത്രങ്ങളുടെയും
മൂലാധാരം തന്നേ. ജ്ഞാനം നമുക്കുണ്ടാകുന്നതു അന്തരിന്ത്രിയത്തിന്റെ പ്രവൃ
ത്തിയാലാകകൊണ്ടു ഈ പ്രവൃത്തികൾ ഏവയെന്നും ഇവയുടെ പ്രമാണമെന്തെ
ന്നും കൂടി തൎക്കശാസ്ത്രത്തിൽ ഉപപാദിക്കുന്നു. അതുകൊണ്ടു തൎക്കശാസ്ത്രം ബാല
ന്മാൎക്കു ഗ്രഹിപ്പാൻ വളരെ പ്രയാസമുള്ളതാകുന്നു. എന്നാൽ വിദ്യാഭ്യാസത്തി
ന്റെ മുഖ്യമായ ഉദ്ദേശം നമ്മുടെ മനസ്സിനെ പരിഷ്കാരപ്പെടുത്തുന്നതും പിന്നേ
അതിൽ വിദ്യാലയത്തിൽ അഭ്യസിക്കാത്ത ശാസ്ത്രവിഷയങ്ങളെ ആയാസവും
പരോക്ഷമായും കൂടാതെ പഠിപ്പാൻ തക്ക സാമൎത്ഥ്യം ഉണ്ടാക്കിത്തീൎക്കുന്നതും ആ
കയാൽ തൎക്കശാസ്ത്രം വിദ്യാഭ്യാസത്തിങ്കൽ അത്യന്താപേക്ഷിതം തന്നേ എങ്കിലും
അതിന്റെ ദുൎഗ്രാഹ്യത്വത്താൽ ബാലന്മാരെ അതു പഠിപ്പിക്കാറില്ല. ദ്രാവിഡഭാ
ഷകളിൽ തൎക്കശാസ്ത്രഗ്രന്ഥങ്ങൾ കേവലം ഇല്ലാത്ത അവസ്ഥ എത്രയോ ശോച
നീയം തന്നേ.* ഭാഷയിൽ തൎക്കശാസ്ത്രമില്ലായ്കനിമിത്തം സംസ്കൃതവും ഇംഗ്ലി
ഷും പരിചയമില്ലാത്ത ഉപാദ്ധ്യായന്മാൎക്കു ഈ ശാസ്ത്രത്തിന്റെ ഗന്ധം ഉണ്ടാ [ 12 ] വാൻ പാടില്ല; അതുകൊണ്ടു അവർ ശാസ്ത്രവിഷയങ്ങളെ ന്യായമായി പഠിപ്പി
ക്കുന്നു എന്നു പറഞ്ഞുകൂട. ഈ വിധം ഉപാദ്ധ്യായന്മാരുടെ ഉപയോഗത്തിന്നും
മതിരാശിസംസ്ഥാനത്തിലെ വിദ്യാഭ്യാസനിബന്ധനകളെ അനുസരിച്ചും ആ
കുന്നു ഈ ചെറിയ വ്യാകരണം ഉണ്ടാക്കിയിരിക്കുന്നതു. ഇതിൽ മൂന്നാന്തരത്തി
ന്നും നാലാന്തരത്തിന്നും ആവശ്യമുള്ള വിഷയങ്ങൾ മാത്രം പറഞ്ഞിരിക്കകൊണ്ടു
മൂലപാഠങ്ങളേ അടങ്ങുന്നുള്ളൂ. മൂന്നാന്തരത്തിലെ വിദ്യാൎത്ഥികൾ ഒരു വാക്യ
ത്തിലെ നാമങ്ങളെയും ക്രിയകളെയും ചൂണ്ടിക്കാണിപ്പാൻ സാമൎത്ഥ്യമുള്ളവരായി
രിക്കേണം എന്നു വിദ്യാദ്ധ്യക്ഷരാൽ കല്പിക്കപ്പെട്ടിരിക്കയാൽ ഒരു നാമത്തെയും
ഒരു ക്രിയയെയും ചേൎത്തു രണ്ടു പദങ്ങളുള്ള ചെറിയ ചെറിയ വാക്യങ്ങളെ
ഉണ്ടാക്കി അതിൽനിന്നു ഓരോ തരത്തിലുള്ള നാമങ്ങളുടെ സംജ്ഞകളെയും
ലക്ഷണങ്ങളെയും പറഞ്ഞിരിക്കുന്നു. ഇതേപ്രകാരത്തിൽ തന്നേ ക്രിയകളുടെ
ലക്ഷണങ്ങളെയും കാണിച്ചിരിക്കുന്നു. ഉപാദ്ധ്യായർ ഇങ്ങിനെയുള്ള ചില
വാക്യങ്ങളെ ഉണ്ടാക്കി ശിഷ്യന്മാരെ ഈ വിധത്തിൽ ശീലിപ്പിച്ചാൽ അവൎക്കു
നാമത്തിന്റെയും ക്രിയയുടെയും സ്വഭാവം എളുപ്പത്തിൽ മനസ്സിലാകുമെന്നു
വിചാരിക്കുന്നു.

നാലാന്തരത്തിൽ വിദ്യാർത്ഥികൾ ഒരു വാക്യത്തിലെ നാമങ്ങളെയും ക്രിയക
ളെയും ചൂണ്ടിക്കാണിക്കുന്നതിനു പുറമെ വാക്യത്തിലെ ആഖ്യം, ആഖ്യാതം,
കൎമ്മം ഇവയെക്കൂടി കാണിക്കേണ്ടതാകയാൽ വാക്യത്തിന്റെ ലക്ഷണങ്ങളെ
ഇവിടെ രണ്ടാമതും പറഞ്ഞിരിക്കുന്നു. ആഖ്യം, ആഖ്യാതം, കൎമ്മം ഇവ വിവ
രിക്കയും ഇവക്കും പദവിഭാഗത്തിന്നും തമ്മിലുള്ള സംബന്ധം കാണിക്കയും ചെ
യ്തിരിക്കുന്നു. മൂന്നാന്തരത്തിന്നുള്ള ഭാഗത്തിൽ പറഞ്ഞ ലക്ഷണങ്ങൾ ക്രടാതേ
വാക്യാംശങ്ങളായ ആഖ്യാഖ്യാതങ്ങളെ സംബന്ധിച്ച നാമലക്ഷണങ്ങളെ
യും വിവരിച്ചിരിക്കുന്നു.

കൎമ്മത്തിന്റെ ലക്ഷണങ്ങളെ പറഞ്ഞു ശേഷം സകൎമ്മക്രിയയെയും അക
ൎമ്മകക്രിയയെയും വിവരിക്കയും പിനെ പ്രകൃതിപ്രത്യയങ്ങളുടെ ലക്ഷണങ്ങ
ളെ കാണിച്ചു നാമത്തിന്റെ രൂപഭേങ്ങളായ ലിംഗം, വചനം, വിഭക്തി
എന്നിവയെ വൎണ്ണിച്ചു ക്രിയാരൂപഭേങ്ങളെ പറകയും ചെയ്തിരിക്കുന്നു. കൃത്തും,
തൎദ്ധിതവും, സമാസവും, തത്സമവും, തദ്ഭവവും ഇവിടെ ആവശ്യമല്ലായ്കയാൽ
പ്രസ്താവിച്ചിട്ടില്ല. ആയവ ഉയൎന്ന തരത്തിലുള്ള വ്യാകരണത്തിൽ* വിവരി
ക്കും. ഭാഷാവ്യാകരണത്തിൽ സാധാരണമായി സ്വീകരിച്ചുവരുന്ന പദവിഭാ [ 13 ] ങ്ങളായ നാമം, ക്രിയ, അവ്യയം എന്നീ മൂന്നു വൎഗ്ഗങ്ങൾ കൂടാതേ, ഗുണവ
ചനങ്ങളെന്നും ക്രിയാവിശേഷണങ്ങളെന്നും രണ്ടു വിധ പദങ്ങളെ കൂടേ ഇവി
ടെ അധികമായി ചേൎത്തിരിക്കുന്നു. ഇതിനാൽ വ്യാകരണത്തിലുള്ള അനവ
ധി പ്രയാസങ്ങൾ എല്ലാം കുറഞ്ഞുപോകുമെന്നു വിശ്വസിക്കുന്നു. വിദ്യാൎത്ഥി
കൾ ശബ്ദസ്വരൂപത്തെ നോക്കാതേ ആ ശബ്ദത്തിന്നു വാക്യത്തിലുള്ള അനുഭവ
ത്തെ മാത്രം നല്ലവണ്ണം ആലോചിച്ചു ശബ്ദത്തിന്റെ പ്രവൃത്തി നിശ്ചയിച്ചു ആ
പ്രവൃത്തി ഏതു പദത്തിന്റെ ലക്ഷണത്തിന്നു ഒക്കുന്നു എന്നു കണ്ടു പിടിച്ചാൽ
അതു ഇന്ന പദമെന്നു എളുപ്പത്തിൽ അവൎക്കു നിശ്ചയിക്കാം. അടി, പിടി,
കടി, മുറി, വിളി എന്നവ പ്രയോഗം കൊണ്ടല്ലാതേ നാമമോ ക്രിയയോ എന്നു
നിശ്ചയിപ്പാൻ പാടില്ലാത്തപ്രകാരം തന്നേ പച്ച, വെള്ള, നീലം, രക്തം ഇവ
ഗുണനാമങ്ങളോ ഗുണവചനങ്ങളോ എന്നതു പ്രയോഗം കൊണ്ടല്ലാതേ രൂപം
കൊണ്ടു ഗ്രഹിപ്പാൻ പ്രയാസം. അതുകൊണ്ടു വിദ്യാൎത്ഥികൾ വാക്യാൎത്ഥത്തെ
നല്ലവണ്ണം ആലോചിക്കുകയും ലക്ഷണങ്ങൾ ലക്ഷ്യത്തിന്നു ഒത്തു വരുന്നുവോ
എന്നു പരീക്ഷിക്കുകയും വേണം.

വ്യാകരണം ഒരു ശാസ്ത്രമെന്നു മാത്രമാകുന്നു ആദ്യം പറഞ്ഞുതു; എന്നാൽ
എല്ലാ ശാസ്ത്രത്തിനും പ്രത്യേകമായി ഒരു വിഷയം വേണം. വ്യാകരണത്തി
ന്റെ വിഷയം ശബ്ദങ്ങൾ (വാക്കുകൾ) ആകുന്നു. ഈ ശബ്ദങ്ങളെ തരങ്ങ
ളായി വിഭാഗിക്കുന്നു. ഈ തരങ്ങൾ നാമം, ഗുണവചനം, ക്രിയ, ക്രിയാവി
ശേഷണം, അവ്യയം എന്നിവ തന്നേ. ഈ വിഭാഗങ്ങളുടെ അവാന്തരവിഭാ
ഗങ്ങളെയും പറഞ്ഞിരിക്കുന്നു. നാമത്തിൽ സംജ്ഞാനാമം. സാമാന്യനാമം,
ഗുണനാമം, മേയനാമം, സമൂഹനാമം, സൎവ്വനാമം, ക്രിയാനാമം എന്നി ഉൾ
പ്പിരിവുകൾ ഉണ്ടു. സകൎമ്മക്രിയ, അകൎമ്മകക്രിയ, അബലക്രിയ, ബലക്രിയ,
ഭാവക്രിയ, നിഷേധക്രിയ, പൂൎണ്ണക്രിയ, അപൂൎണ്ണക്രിയ എന്നീ ഉൾപിരിവുക
ളായി ക്രിയയെ വിഭാഗിക്കുന്നു. ശേഷം മൂന്നു പദങ്ങളുടെ വിഭാഗങ്ങളെ ഈ
പുസ്തകത്തിൽ വിവരിക്കുന്നില്ല.

വാക്യാംശങ്ങൾ തമ്മിലുള്ള സംബന്ധത്തെയും വാക്യങ്ങളെയും വാക്യാംശങ്ങ
ളെയും കൂട്ടിച്ചേൎക്കേണ്ടുന്ന വിധത്തെയും നാമരൂപങ്ങളുടെയും ക്രിയാരൂപങ്ങളു
ടെയും അനുഭവത്തെയും പ്രയോഗത്തെയും മറ്റും വിവരിക്കേണ്ടതു വാക്യകാ
ണ്ഡത്തിൽ ആകയാൽ ആയവയെ ഇവിടെ ഉപേക്ഷിച്ചിരിക്കുന്നു.

ഈ ബാലവ്യാകരണത്തിൽ ചില ദൂഷ്യങ്ങൾ ഉണ്ടെന്നു ഒരാക്ഷേപം ഉണ്ടാ
യിരിക്കാം; ഒന്നാമതു ഇതിന്റെ ക്രമം സാധാരണവ്യാകരണഗ്രന്ഥങ്ങളിൽനി
ന്നു വളരേ ഭേദിച്ചിരിക്കുന്നു എന്നാകുന്നു. ഈ വ്യത്യസ്തക്രമത്തെ ആദരിച്ചതു [ 14 ] മൂന്നും നാലും തരങ്ങളിലെ വിദ്യാൎത്ഥികളുടെ ആവശ്യം നിമിത്തമാകുന്നു. രണ്ടാ
മതു ഇതിൽ ആവൎത്തനമെന്ന ഒരു ദോഷമുണ്ടെന്നും പറയാം. ദുൎഗ്രാഹ്യമായ
വിഷയങ്ങൾ ആവൎത്തനത്താൽ മാത്രം എളുപ്പത്തിൽ മനസ്സിലാക്കാമെന്നു ആ
ലോചിച്ചത്രേ പ്രയാസമുള്ള ഭാഗങ്ങൾ പിന്നെയും പിന്നെയും ആവൎത്തിച്ചി
രിക്കുന്നതു.

ഉപാദ്ധ്യായന്മാൎക്കും ശിഷ്യന്മാൎക്കും ഭാഷാവ്യാകരണത്തിൽ ഒരു പോലെ
അരുചിയും അനാദരവും ഉണ്ടെന്നതു സൎവ്വസമ്മതമാണല്ലോ. അതിന്നു കാര
ണം, പാഠശാലകളിൽ ഉപയോഗിക്കുന്ന വ്യാകരണപുസ്തകങ്ങളിൽ പലേടങ്ങ
ളിലും ശാസ്ത്രീയരീതി വിട്ടു ചില അസംഗതങ്ങളെ ചേൎത്തു രചിക്കയാൽ ഭാഷ
യിൽ കാണുന്ന എല്ലാപ്രയോഗങ്ങൾക്കും വാക്യബോധത്തിന്നും ഇവ മതിയാവാ
ത്ത നിമിത്തം തന്നേ. ഈ ദോഷം നിവാരണം ചെയ്യേണമെങ്കിൽ ഗ്രന്ഥക
ൎത്താവിന്നു കേരളത്തിന്നു ചുറ്റുമുള്ള ഇതര ദ്രാവിഡഭാഷകളായ കൎണ്ണാടകം,
തുളു, കടക, തോഡ, ബഡഗു, തമിഴു, തെലുങ്കു എന്നിവയുടെ ഏതാനും അറി
വും സംസ്കൃതവ്യാകരണപരിചയവും വേണം. ഇതുകൂടാതേ, ഭാഷാശാസ്ത്രം
(Philology)എന്ന നവീനശാസ്ത്രത്തിന്റെ പരിജ്ഞാനവും വേണ്ടുംവിധം ഉണ്ടാ
യിരിക്കേണം. ഇതെല്ലാം ഏകത്ര സിദ്ധിച്ചു കിട്ടുവാൻ പ്രയാസമാകുന്നുവെ
ങ്കിലും ഈ ഭാഷകളുടെ വ്യാകരണം ഇംഗ്ലീഷിൽ കിട്ടുന്നവയെ വായിച്ചു കഴി
യുന്ന വിധത്തിൽ ഉപയോഗപ്പെടുത്തി ഭാഷാവ്യാകരണത്തിലുള്ള അനാദര
ത്തെ നീക്കം ചെയ്തു ഭാഷാവ്യാകരണം പഠിക്കുന്നവൎക്കു യഥാൎത്ഥമായി പ്രയോജ
നമുള്ളതാക്കിത്തിൎക്കേണം എന്നാകുന്നു നമ്മുടെ ഉദ്ദേശം. ഈ അഭിലാഷം എത്ര
ത്തോളം സാദ്ധ്യം എന്നതു ഈ ബാലവ്യാകരണത്തിൽ വിദ്യാൎത്ഥികൾക്കുണ്ടാ
കുന്ന ആദരംകൊണ്ടു നിശ്ചയിക്കാം. [ 15 ] ബാലവ്യാകരണം.

ഒന്നാം പാഠം.

വാക്യം, പദം.

1. ഈശ്വരൻ നമ്മെ രക്ഷിക്കട്ടെ.
2. ഈശ്വരനെ മനുഷ്യർ വന്ദിക്കുന്നു.
3. ഈശ്വരനാൽ ലോകങ്ങൾ സൃഷ്ടിക്കപ്പെട്ടു.
4. ഈശ്വരനോടു തുല്യനായിട്ടു ആരുമില്ല.
5. ഈശ്വരന്നു എല്ലാം ചെയ്വാൻ കഴിയും.
6. ഈശ്വരനിൽനിന്നു നമുക്കു ഗുണം കിട്ടുന്നു.
7. ഈശ്വരന്റെ മഹിമ വൎണ്ണിപ്പാൻ ആൎക്കു കഴിയും?
8. ഈശ്വരനിൽ വിശ്വസിക്കുവിൻ.
9. ഈശ്വര നമ്മെ കാത്തു രക്ഷിക്ക.

1. ഇവ ഒമ്പതും വാക്യങ്ങൾ ആകുന്നു. ഇവിടെ പല
വാക്കുകൾ ഒന്നിച്ചുകൂടി പൂൎണ്ണമായ അൎത്ഥം കാണിക്കുന്നു.
'ഈശ്വരൻ നമ്മെ രക്ഷിക്കട്ടെ' എന്നു പറഞ്ഞു തീൎന്നതി
ന്റെ ശേഷം ഇനി പറവാൻ ഒന്നുമില്ലെന്നു തോന്നുന്നതുകൊ
ണ്ടു അൎത്ഥം പൂൎണ്ണമാവാനായിട്ടു വേറെ വല്ല വാക്കുകളും ആ
വശ്യമായ്വരുന്നില്ല.

2. സംപൂൎണ്ണമായ വിചാരത്തെ കാണിക്കുന്ന വാക്കുകളു
ടെ കൂട്ടത്തിന്നു വാക്യം എന്നു പേർ.

3. 'ഈശ്വരനെ മനുഷ്യർ വന്ദിക്കുന്നു' എന്ന വാക്യ
ത്തിൽ മൂന്നു വാക്കുകൾ ഉണ്ടു. വാക്യത്തിൽ ഉപയോഗി [ 16 ] ക്കുന്ന വാക്കുകളെ പദങ്ങൾ എന്നു പറയും. വാക്യത്തിൽ
ഒന്നു തുടങ്ങി എത്രയോ പദങ്ങൾ ഉണ്ടായിരിക്കാം.

1. അഭ്യാസം.

1. രാമൻ വന്നു. 2. കൃഷ്ണൻ കളിച്ചു. 3. ചാത്തു ഓടി വീണു. 4. ഗോ
പാലൻ വേഗം ഓടുന്നു. 5. ഗോവിന്ദൻ അവിടെ ഇരിക്കുന്നു. 6. അച്യുതൻ
ചിരിക്കുന്നു. 7. നാരായണൻ വീഴും. 8. ചന്തു നാളെ പോകും. 9. കോമൻ
നടക്കും. 10. രൈരു ഇവിടെ നടന്നു വരട്ടെ. 11. ചാമു അവിടെ ഉടനെ
പോയില്ല. 12. നാണു എന്തിന്നു ഇവിടെ വന്നില്ല?

(1) ഈ വാക്യങ്ങളിൽ ഓരോന്നിൽ എത്ര പദങ്ങൾ ഉണ്ടു എന്നു പറക.
(2)ഈ വാക്യങ്ങളിൽനിന്നു പുരുഷന്മാരുടെ പേരുകൾ എടുത്തു എഴുതുക.
(3) ഈ മാതിരികളെപ്പോലെ ഈരണ്ടു പദങ്ങൾ ഉള്ള 12 വാക്യങ്ങളെ എഴുതുക.
ഈ രണ്ടു പദങ്ങളിൽ ഒന്നു പുരുഷന്റെയോ സ്ത്രീയുടെയോ പേരായിരിക്കേ
ണം. (4) 12 പുരുഷന്മാരുടെ പേരുകൾ എഴുതുക. (5) 12 സ്ത്രീകളുടെ പേ
രുകൾ എഴുതുക. (6) പാഠപുസ്തകത്തിൽനിന്നു ആറു വാക്യങ്ങളെ എടുത്തെഴു
തുക. (7) ആദ്യത്തെ ഒമ്പതു വാക്യങ്ങളിലുള്ള പദങ്ങളെ പറക.

1. പരീക്ഷ.

1. വാക്യമെന്നാൽ എന്തു? 2. പദമെന്നാൽ എന്തു? 3. ഒരു വാക്യത്തിൽ
എത്ര പദങ്ങൾ ഉണ്ടായിരിക്കും? 4. ഒരു വാക്യത്തിൽ ചുരുങ്ങിയാൽ എത്ര പദ
ങ്ങൾ വേണം? 5. ഒരു വാക്യത്തിലെ അൎത്ഥം എപ്പോൾ പൂൎണ്ണമായി എന്നു പ
റയും? 6. 'രാമൻ വന്നു പണം' എന്നു പറഞ്ഞാൽ അൎത്ഥം പൂൎണ്ണമായോ? ഇല്ലെ
ങ്കിൽ എന്തുകൊണ്ടു പൂൎണ്ണമായില്ലെന്നു പറക.

7. താഴെ എഴുതിയ വാക്കുകളെ വാക്യമാക്കുവാൻ വേണ്ടി ആവശ്യമുള്ള പദ
ങ്ങളെ ചേൎത്തു വാക്യം പൂരിക്കുക.

(1) മഴ പെയ്താൽ ഞാൻ... (2)മഴ പെയ്തില്ലെങ്കിൽ...നന്നാകയില്ല.
(3) മഴ ധാരാളമാകയാൽ കൃഷി... (4) കൃഷി നന്നായിരിക്കകൊണ്ടു മഴ...
(5) മകനെ കണ്ടിട്ടു... സന്തോഷിച്ചു. (6) വെള്ളം പൊന്തിയിരിക്കയാൽ...
കടന്നുപോവാൻ സാധിക്കുന്നില്ല.

8. രാമൻ തന്റെ മകനെക്കണ്ടു വളരേ സന്തോഷിച്ചു.

(i) ഇതിൽ എത്ര പദങ്ങൾ ഉണ്ടു? (ii) ഈ മാതിരി ആറു വാക്യങ്ങളെ
എഴുതുക. [ 17 ] രണ്ടാം പാഠം.

സംജ്ഞാനാമം.

1. രാധ പാടി. 5. തമ്പായി വീഴും.
2. സത്യഭാമ തുന്നുന്നു. 6. പൈതൽ കളിക്കും.
3. ശ്രീദേവി പോകുന്നു. 7. ചാത്തി വരട്ടെ.
4. ലക്ഷ്മി നടക്കുന്നു. 8. മാതു ഉറങ്ങി.

4. മേലെഴുതിയ വാക്യങ്ങളിൽ ആദ്യത്തെ പദം സ്ത്രീക
ളുടെ പേരാണല്ലോ.

5. രാമൻ, കൃഷ്ണൻ മുതലായ പേരുകൾ ഒരു പുരുഷനെ
സംബന്ധിച്ചു മാത്രം പ്രയോഗിക്കുന്നു. എന്നാൽ പുരുഷൻ
എന്ന പദം രാമൻ, കൃഷ്ണൻ, നാണു, ചാമു, ചാത്തു, കോ
രൻ മുതലായ എല്ലാവരേയും സംബന്ധിച്ചു ഉപയോഗിക്കാം.
ഇതു അവൎക്കു പൊതുവിലുള്ള പേരാകുന്നു.

6. സീത എന്നതു ഒരു സ്ത്രീക്കു പ്രത്യേകമായിട്ടുള്ള പേരാ
കുന്നു. എന്നാൽ സ്ത്രീ എന്ന പദമോ സീത, രാധ, യശോദ,
പാൎവ്വതി, കുഞ്ഞമ്മ, തങ്കമ്മ മുതലായവൎക്കു പൊതുവിലുള്ള
പേരാകുന്നു. പൊതുവിലുള്ള പേരിനെ സാമാന്യമായ പേ
രെന്നും പറയും.

7. കോഴിക്കോടു, തലശ്ശേരി, കണ്ണൂർ, പാലക്കാടു, കൊച്ചി,
തിരുവനന്തപുരം എന്ന പേരുകൾ ഓരോ സ്ഥലത്തിന്നു
പ്രത്യേകമായിട്ടുള്ളവയാകുന്നു. ഇവക്കു സാമാന്യമായുള്ള
പേർ പട്ടണം എന്നാകുന്നു. 'കോഴിക്കോടു ഒരു പട്ടണം
ആകുന്നു' എന്നു പറഞ്ഞാൽ അതു തലശ്ശേരി, കണ്ണൂർ, പാല
ക്കാടു എന്നിവയെപ്പോലെ ആകുന്നു എന്നു താൽപൎയ്യം.

8. ഏഴിമല, വിന്ധ്യൻ, ഹിമവാൻ എന്ന പേരുകൾ പ്ര
ത്യേകമായി ചില ഭൂഭാഗങ്ങൾക്കുണ്ടു. ഇവക്കു സാമാന്യമായ
പേർ മല അല്ലെങ്കിൽ പൎവ്വതമെന്നാകുന്നു. [ 18 ] 9. ഒരു വസ്തുവിന്നു പ്രത്യേകമായിട്ടുള്ള പേരുകൾ സം
ജ്ഞാനാമങ്ങൾ ആകുന്നു.

മാധവൻ, ഓമൻ, ജോൺ, യോസേഫ്, മമ്മത്, അബ്ദു,
മാധവി, കുഞ്ഞി, റിബെക്ക, സാറ, കദീസ്സ, പാത്തുമ്മ,, മതി
രാശി, മധുര, ഭാരതപ്പുഴ, പശ്ചിമഘട്ടം, വിന്ധ്യൻ, ചൊവ്വാഴ്ച,
മേടം, അശ്വതി ഇത്യാദി സംജ്ഞാനാമങ്ങൾ ആകുന്നു.

10. അനേകം പുരുഷന്മാരിൽനിന്നു ഒരു പുരുഷനെ
മാത്രം കുറിച്ചു പറയുന്നതായാൽ അവനെ പുരുഷന്മാരുടെ
ഇടയിൽനിന്നു വേർപിരിപ്പാനായിട്ടു ഒരടയാളം ആവശ്യമാ
യ്വരുന്നു. നാം ആവശ്യപ്പെടുന്ന ആളെ രാമൻ എന്നു വിളി
ക്കുന്നതായാൽ രാമൻ എന്ന പദം ഈ അടയാളമായ്ത്തീരും.
അതുപോലെ അസംഖ്യം പട്ടണങ്ങളിൽനിന്നു ഒന്നിനെ തി
രിച്ചെടുപ്പാനായിട്ടു അതിനെ കണ്ണൂർ എന്നു പറയുന്നു. അ
തേപ്രകാരം നദികളിൽനിന്നു ഒരു നദിയെ വേർതിരിപ്പാ
നായിട്ടു അതിനെ കാവേരി എന്നു പറയുന്നു. ഒരു വസ്തുവി
നെ അതുപോലുള്ള മറ്റു വസ്തുക്കളിൽനിന്നു വേർതിരിപ്പാ
നായിട്ടുള്ള അടയാളത്തിന്നു സംജ്ഞ എന്നു പേർ. അതു
കൊണ്ടു രാമൻ, കണ്ണൂർ, കാവേരി എന്നീപേരുകൾ പുരുഷൻ,
പട്ടണം, നദി മുതലായവക്കുള്ള സംജ്ഞകൾ ആകുന്നു. ഈ
സംജ്ഞകൾ ഇല്ലാതിരുന്നാൽ സംഭാഷണം വളരെ പ്രയാസ
മായ്ത്തീരും. ഈ സംജ്ഞകൾ ആരുടെ പേരുകളോ അവർ
സംജ്ഞികൾ ആകുന്നു.

സംജ്ഞി പുരുഷൻ സ്ത്രീ നഗരം നദി മല നക്ഷത്രം ആഴ്ച
സംജ്ഞ ചാത്തു പാറു മതിരാശി ഗംഗ മന്ദരം രേവതി ഞായർ

2. അഭ്യാസം.

1. 4-ൽ കാണിച്ച വാക്യങ്ങളെ പോലെയുള്ള 12 വാക്യങ്ങളെ എഴുതുക.
അവയിൽ ആദ്യത്തെ പദം ഒരു സ്ത്രീയുടെ പേരായിരിക്കണം. 2. സംജ്ഞാ [ 19 ] നാമങ്ങൾക്കു ചില ഉദാഹരണങ്ങളെ പറക. 3. താഴേ എഴുതിയ സംജ്ഞാ
നാമങ്ങളിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും പേരുകളെ വെവ്വേറെ എഴു
തുക. ചാത്തു, മാതു, ഗോപാലൻ, തേമൻ, പാറു, നാണു, കോരു, പൊന്നു,
തങ്കം, ഹരി, മാർ, മാക്കം, ധേനു, ചന്തു, ചിരുത, ഓമൻ. 4. മനുഷ്യൻ, സ്ത്രീ,
ഭൂഖണ്ഡം, രാജ്യം, സംസ്ഥാനം, ജില്ല, താലൂക്ക്, അംശം, ദേശം, നഗരം,
ഗ്രാമം, പൎവ്വതം, കുന്നു, നദി, ആറു, സമുദ്രം, കടൽ, ഉൾക്കടൽ, തടാകം,
ദ്വീപു, കായൽ, മുനമ്പു, സംവത്സരം, മാസം, ഋതു, ആഴ്ച, പക്ഷം, പക്കം,
നക്ഷത്രം, ഗ്രഹം, രോഗം, ശാസ്ത്രം. ഈ സംജ്ഞികളിൽ ഓരോന്നിന്നു
ഈരണ്ടു സംജ്ഞാനാമങ്ങളെ ഉദാഹരണമായി പറയുക.

2. പരീക്ഷ.

1. സംജ്ഞ എന്നാൽ എന്തു? 2. സംജ്ഞി എന്നാൽ എന്തു? 3. സംജ്ഞാ
സംജ്ഞികൾക്കു തമ്മിലുള്ള ഭേദം എന്തു? 4. രാമൻ, പുരുഷൻ ഇവ തമ്മിലുള്ള
വ്യത്യാസമെന്തു? 5. സ്ത്രീ, സീത ഇവ തമ്മിൽ എന്താകുന്നു വ്യത്യാസം?
6. പ്രത്യേകമായ സംജ്ഞകൾ ഉള്ള ചില വസ്തുക്കളുടെ പേർ പറക. 7. സംജ്ഞ
കളെക്കൊണ്ടു എന്താകുന്നു പ്രയോജനം? 8. ഒരാളെ രാമൻ എന്നോ കൃഷ്ണൻ
എന്നോ വിളിപ്പാൻ വല്ല സംഗതിയും ഉണ്ടായിരിക്കേണമോ?

മൂന്നാം പാഠം.

സാമാന്യനാമം.

1. ഗുരുക്കൾ കുട്ടികളെ പഠിപ്പിക്കുന്നു.
2. തട്ടാൻ മോതിരം ഉണ്ടാക്കി.
3. ആശാരി വന്നു.
4. വണ്ണത്താടിച്ചി ഉടുപ്പു കൊണ്ടു വന്നിരിക്കുന്നു.
5. വണ്ടിക്കാരൻ കുതിരയെ കെട്ടും.
6. പണിക്കാരൻ പണി തീൎത്തു കൂലിക്കു വരും.

11. പണിക്കാരൻ എന്ന പദം പണി എടുക്കുന്ന കൊ
ട്ടൻ, കോരൻ, ചന്തു, ചാത്തു മുതലായ അസംഖ്യം പുരുഷ
ന്മാരെ സംബന്ധിച്ചു ഒരുപോലെ ഉപയോഗിക്കാം (5.6.7.8 [ 20 ] നോക്കക). പണി ചെയ്ക എന്ന സംഗതിനിമിത്തം ഈ
ഓരോരാൾക്കു പണിക്കാരൻ എന്ന പേർ പറഞ്ഞു വരുന്നു.
അതുപോലെ തന്നേ മരംകൊണ്ടു പണി എടുക്കുന്ന ആളെ
ആശാരി എന്ന സാമാന്യമായ പേർ വിളിച്ചു വരുന്നു. വ
ണ്ടി തെളിക്കുന്ന കോരൻ, ഗോപാലൻ, അബ്ദു, അബ്ദുൾ
ഖാദർ എന്ന അസംഖ്യം ആളുകൾക്കു അവരുടെ പ്രവൃത്തി
നിമിത്തം വണ്ടിക്കാർ എന്ന പേർ കിട്ടുന്നതുകൊണ്ടു ആ
പേരിന്നു അവൎക്കു സമമായ അവകാശമുണ്ടു. അതുകൊണ്ടു
വണ്ടിക്കാരൻ, പണിക്കാരൻ, ഗുരുക്കൾ, തട്ടാൻ, ആശാരി
മുതലായ പേരുകളെ സാമാന്യനാമങ്ങൾ എന്നു പറയും.

12. ലോകത്തിൽ അസംഖ്യം വസ്തുക്കൾ ഉണ്ടു. അവ
യിൽ ചിലവ മറ്റു ചില വസ്തുക്കളോടു പല സംഗതിക
ളിൽ ഒക്കുകയും പല സംഗതികളിൽ അവയിൽനിന്നു ഭേദി
ക്കുകയും ചെയ്യുന്നു. ആടും പശുവും വളരേ ഭേദിച്ചിരിക്കുന്ന
ജീവികൾ തന്നേ എങ്കിലും നാലു കാലുകൾ, രണ്ടു കൊമ്പു
കൾ, പിളൎന്ന കുളമ്പുകൾ, പുറത്തു രോമം, വാൽ ഇത്യാദി
രണ്ടിന്നും സമമായിട്ടുള്ളതുകൊണ്ടു ഈ വിഷയങ്ങളിൽ അ
വക്കു തമ്മിൽ സാമ്യം ഉണ്ടു. ഈ സാമ്യത്താൽ ഇവറ്റെ
മൃഗങ്ങളെന്നു പറയുന്നു. അതുകൊണ്ടു മൃഗമെന്നതു സാമാ
ന്യനാമം. മനുഷ്യൻ, സ്ത്രീ, കുട്ടി, കിഴവൻ, മൃഗം, പശു, ആ
ടു, മാൻ, ആന, മീൻ, മരം, വള്ളി ഇവയെല്ലാം സാമാന്യ
നാമങ്ങൾ തന്നേ.

13. സാമ്യം ഹേതുവായിട്ടു അനേകവസ്തുക്കളെ ഒരു വൎഗ്ഗ
ത്തിൽ ചേൎക്കാമെങ്കിൽ ആ വൎഗ്ഗത്തിന്നു ജാതി എന്നു പേർ.
ജാതിയിൽ ഉൾപ്പെട്ട ഓരോന്നിനെ വ്യക്തിയെന്നു പറയും.
രാമൻ മനുഷ്യജാതിയിലെ വ്യക്തിയാകുന്നു. മാവ് മരമെന്ന
ജാതിയിലെ വ്യക്തിയാകുന്നു. തത്ത പക്ഷിജാതിയിലെ വ്യ
ക്തിയാകുന്നു. [ 21 ] 14. ജാതിയുടെ പേരുകൾ എല്ലാം സാമാന്യനാമ
ങ്ങൾ ആകുന്നു. വ്യക്തിക്കു പ്രത്യേകമായിട്ടുള്ള പേർ സം
ജ്ഞാനാമം ആകുന്നു. സജ്ഞാനാമത്തിന്നു അൎത്ഥമില്ല.
സാമാന്യനാമത്തിന്നു അൎത്ഥമുണ്ടു. സംജ്ഞാനാമം ഒന്നിനെ
മാത്രം കാണിക്കും. സാമാന്യനാമം പലതിനെയും കുറിക്കും.

ജാതിനാമങ്ങൾ ബ്രാഹ്മണൻ ശൂദ്രൻ മൃഗം മരം ലോഹം
വ്യക്തിനാമങ്ങൾ കൃഷ്ണറാവു രാമന്നായർ പശു മാവു പൊൻ

3. അഭ്യാസം.

1. സാമാന്യനാമങ്ങൾക്കു ചില ഉദാഹരണങ്ങൾ പറക. 2. പാഠശാലയി
ലുള്ള സാധനങ്ങളുടെ പേരുകൾ എഴുതി അവയിൽ ഓരോന്നു എന്തു നാമമെ
ന്നു പറക. 3. നിങ്ങളുടെ ഗൃഹത്തിലുള്ള വസ്തുക്കളുടെ പേരുകൾ എഴുതി ആ
പേരുകൾ എന്തു നാമങ്ങൾ എന്നു പറക. 4. നിങ്ങൾ സ്കൂളിലേക്കു വരുന്ന
വഴിയിൽ കണ്ട സാധനങ്ങളുടെ പേരുകൾ എഴുതി അവ എന്തു നാമങ്ങൾ
എന്നു പറക. 5. അപ്പു, മലയൻ, കോമരം, അച്ചു, രാജാവു, ഇട്ടിക്കോശി,
ക്രിസ്ത്യാനി, കച്ചവടക്കാരൻ, ഹരിശ്ചന്ദ്രൻ, മഹാരാജാവു, ശൂദ്രൻ, പാറു, ഭാൎയ്യ,
മരം, തേക്കു, നാരി, പാൎവ്വതി, അമ്മ.

(i.) ഇവയിൽനിന്നു സംജ്ഞാനാമങ്ങളെയും സാമാന്യനാമങ്ങളെയും എടു
ത്തു വെവ്വേറെ എഴുതുക. (ii.)മേലെഴുതിയ നാമങ്ങളിൽ രണ്ടോ, മൂന്നോ എടു
ത്തു ചെറിയ വാക്യങ്ങൾ ഉണ്ടാക്കുക. ദൃഷ്ടാന്തം: അപ്പു എന്ന മലയൻ കോമ
രം ആകുന്നു.

6. (i.)മനുഷ്യൻ, ചാത്തു. (ii.)സ്ത്രീ, ഇന്ദ്രാണി. (iii.)പുസ്തകം,
ഇന്ദുലേഖ. (iv.)ബ്രാഹ്മണൻ, വിശ്വാമിത്രൻ. (v.)ഋഷി, വസിഷ്ഠൻ.
(vi.)സന്യാസി, ശംകരാചാൎയ്യൻ. ഇവയിൽ ജാതിയെ കാണിക്കുന്ന പദം
ഏതു? വ്യക്തിയെ കാണിക്കുന്ന പദം ഏതു?

3. പരീക്ഷ.

1. ഒരു കുട്ടിയെ കോരൻ എന്നു വിളിക്കുവാനായിട്ടു അവനു വല്ല ഗുണ
ങ്ങളോ, ലക്ഷണങ്ങളോ, ഉണ്ടായിരിക്കേണമോ? 2. ഒരാൾക്കു ആറു മുഖ
ങ്ങൾ ഉണ്ടായിട്ടോ, ആറുമുഖംപിള്ള എന്നു വിളിച്ചുവരുന്നതു? 3. ചക്ര
പാണിവാൎയ്യരുടെ കയ്യിൽ ചക്രമുണ്ടായിട്ടോ അദ്ദേഹത്തിന്നു ആ പേർ ഉണ്ടാ [ 22 ] യതു? 4. ഒരാളെ വേലായുധൻ എന്നു പേർ വിളിപ്പാൻ എന്തു സംഗതി?
5. സംജ്ഞാനാമങ്ങൾക്കു സ്വതേ അൎത്ഥമുണ്ടോ? 6. ഗോപാലനെ കച്ചവടക്കാ
രൻ എന്നു പേർ വിളിപ്പാൻ എന്താകുന്നു സംഗതി? 7. ഗോപാലൻ, ചക്രപാ
ണി, ഉണ്ണി, പദ്മനാഭൻ, ഇന്ദുലേഖ ഇവ എന്തു നാമങ്ങളാകുന്നു? 8. സാമാ
ന്യനാമം എന്നാൽ എന്തു? 9. വസ്തുക്കളെ തരങ്ങളാക്കുവാൻ എന്തു വേണം?
10. ഏതു വിധം വസ്തുക്കളെ ഒരു വൎഗ്ഗത്തിൽ ചേൎക്കാം? 11. ജാതി എന്നാൽ
എന്തു? 12. ജാതിയിൽ ഉൾപ്പെട്ട ഓരോ വസ്തുവിന്നു എന്തു പറയും? 13. ജാ
തിയും വ്യക്തിയും തമ്മിൽ എന്താകുന്നു ഭേദം? 14. മനുഷ്യജാതിയിൽ ഉൾപ്പെട്ട
വ്യക്തികളുടെ പേരുകൾ പറക. 15. മരമെന്ന ജാതിയിലുള്ള വ്യക്തികളിൽ
ചിലവ പറക. 16. സംജ്ഞിക്കും വ്യക്തിക്കും തമ്മിൽ എന്താകന്നു വ്യത്യാസം?
17. സംജ്ഞാനാമങ്ങൾക്കു അൎത്ഥമില്ലെന്നു പറയുന്നതിന്റെ താത്പൎയ്യമെന്തു? 18.
ജാതികളുടെ പേരുകൾ എന്തു നാമം? 19. സാമാന്യനാമത്തിന്നും സംജ്ഞാനാമ
ത്തിന്നും തമ്മിൽ എന്താകുന്നു വ്യത്യാസം?

നാലാം പാഠം.

(i) സമൂഹനാമങ്ങൾ.

1. പട്ടാളം. 2. സേന. 8, സഭ. 4. സംഘം.

15. യുദ്ധം ചെയ്വാനായിട്ടു അഭ്യസിപ്പിച്ച അനേകം ആ
ളുകൾ ഒന്നിച്ചു കൂടിയാൽ ആ ആളുകളുടെ കൂട്ടത്തിന്നു എല്ലാം
കൂടിയുള്ള പേർ പട്ടാളമെന്നാകുന്നു. ഒരു പട്ടാളത്തിൽ രാമ
സിംഗ്, ജയസിംഗ്, കോന്തിമേനോൻ, രാമൻനായർ, ഹു
സ്സൻഖാൻ എന്ന അനേകവ്യക്തികൾ കൂടിയിരിക്കും. ഈ
വ്യക്തികളിൽ ഓരോന്നിന്നു പട്ടാളം എന്നു പറവാൻ പാടില്ല.
അതുപോലെ ഒരു കാൎയ്യത്തിന്നു വേണ്ടി ഒന്നിച്ചു കൂടിയ ഒരു
കൂട്ടം ആളുകൾക്കു സഭയെന്നു പേർ പറയുന്നു. അവരിൽ
ഓരോ സാമാജികനെ സഭയെന്നു പറകയില്ല.

16. കൂട്ടങ്ങളുടെ പേരുകൾ്ക്കു സമൂഹനാമങ്ങൾ എന്നു പ
റയും. ജനം, കമ്പനി, പാൎല്ലിമെണ്ട്, ബോൎഡ്, യോഗം, കൂട്ടം. [ 23 ] (ii.) മേയനാമം.*

17. പൊൻ, വെള്ളി, വെള്ളം, മണ്ണു, കല്ലു, വിറകു, വായു,
എണ്ണ എന്നിങ്ങിനെയുള്ള ചില നിൎജ്ജീവവസ്തുക്കളെ പറ
യുമ്പോൾ ഈ ശബ്ദങ്ങൾ ലോകത്തിലുള്ള ഈ വിധം വസ്തു
ക്കളുടെ രാശികളെയും അവയുടെ അംശങ്ങളെയും ഒന്നായി
ഗ്രഹിക്കുന്നു. പൊൻ എന്നു പറയുന്ന വൎഗ്ഗത്തിൽ ചേരുന്ന
എല്ലാ പൊന്നും ഒരുപോലെയാകയാൽ അതിന്നു വ്യക്തിഭേദ
മില്ല. പൊൻ എന്നതു അഖണ്ഡമായ പൊന്നിന്റെ രാശി
യുടെ പേരാകയാൽ ജാതിഭേദവും ഇല്ല.

18. ജാതിഭേദവും വ്യക്തിഭേദവും ഇല്ലാത്ത നിൎജ്ജീവവ
സ്തുക്കളുടെ രാശികളെയോ അംശങ്ങളെയോ പറയുന്ന പേരു
കൾ മേയനാമങ്ങൾ ആകുന്നു.

ലോഹമെന്ന ജാതിയിൽ ഉൾപ്പെടുന്ന പൊൻ, വെള്ളി,
ചെമ്പു, ഇരിമ്പു, ഈയം, തുത്തനാഗം മുതലായ വ്യക്തികൾ
മേയനാമങ്ങൾ ആകുന്നു.

4. അഭ്യാസം.

ശ്രീധരൻ, നമ്പൂതിരി, ഗുരുനാഥൻ, ശിഷ്യൻ, ലക്ഷ്മി, നെയ്, പശു, വെ
ണ്ണ, പാൽ, ശിശു, കരിംകൽ, ജനം, രസം, മാണിക്യം, പുൽ, പദ്മരാഗം, പട്ടാ
ളം, പൂൎവ്വേന്ത്യാസംഘം, കമ്പനി, പുഷ്യരാഗം, മുൻസിപ്പാൽസഭ, വൈരം, ഡി
സ്ത്രിക്ട്ബോൎഡ്, താമ്രം, റവന്യുബോൎഡ്, രമാബായി, പാൎല്ല്യമെണ്ട് സഭ ഈ നാ
മങ്ങളെ വകതിരിച്ചെഴുതുക.

4. പരീക്ഷ.

സംജ്ഞാനാമം, സാമാന്യനാമം, മേയനാമം, സമൂഹനാമം ഇവയെ വിവരി
ക്കു. ഇവ തമ്മിലുള്ള വ്യത്യാസം പറക. ഓരോന്നിന്നു ഉദാഹരണം പറക. [ 24 ] അഞ്ചാം പാഠം.

ഗുണങ്ങൾ, ഗുണനാമങ്ങൾ.

19. അവിടെ നില്ക്കുന്ന ആ മാവു നോക്ക. അതിന്നെ
ന്തെല്ലാം അംശങ്ങൾ ഉണ്ടെന്നു പറക.

1. ആ മാവിന്നു കൊമ്പുകൾ ഉണ്ടു. 2. കൊമ്പുകൾ
തടിമരത്തിന്മേൽ നില്ക്കുന്നു. 3. തടിമരത്തിന്നു വേരുകൾ
ഉണ്ടു. 4. കൊമ്പിന്മേൽ ഇലകളും, മാങ്ങകളും ഉണ്ടു.

കൊമ്പു, തടിമരം, വേര്, ഇല, മാങ്ങ എന്നിവ മരത്തി
ന്റെ അംശങ്ങളാകുന്നു. ഇവയിൽ ഓരോന്നിനെ കൈകൊ
ണ്ടോ, ആയുധംകൊണ്ടോ മരത്തിൽനിന്നു വേർപെടുത്താം.

20. 1. ഈ മാവിന്നു വളരെ ഉയരം ഉണ്ടു. 2. കൊമ്പു
കൾ ഘനം കൊണ്ടു വളഞ്ഞിരിക്കുന്നു. 3. തടിമരത്തിന്നു
വളരെ ഉറപ്പണ്ടു. 4. ഇലകളുടെ നിറം കടുംപച്ചയാകുന്നു.
5. കണ്ണിമാങ്ങയുടെ പുളിപ്പു സഹിച്ചുകൂട, എങ്കിലും പഴത്തി
ന്റെ മാധുൎയ്യം അതിശയം തന്നേ.

മാവിന്റെ കൊമ്പുകൾ മുറിച്ചെടുപ്പാൻ സാധിക്കുന്നതു
പോലെ മരത്തിന്റെ ഉയരം അതിൽനിന്നു വേർപിരിപ്പാൻ
സാധിക്കുന്നതല്ല. ഇലകൾ പറിക്കാമെങ്കിലും പച്ചനിറം
ഇലകളിൽനിന്നു നീക്കിവെപ്പാൻ കഴികയില്ല. കൊമ്പുകൾ
മുറിച്ചെടുത്തു ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു
കൊണ്ടു പോകാമെങ്കിലും കൊമ്പുകളുടെ വളവു മാറ്റാനാ
യിട്ടു അവയുടെ ഘനം നീക്കി വേറൊരിടത്തു വെക്കുവാൻ
സാധിക്കുന്നതല്ല.

21. മാവിന്റെ അംശങ്ങളായ കൊമ്പു, തടിമരം, തോൽ,
വേർ, ഇല, പൂ, മാങ്ങ എന്നിവയെ മാവിൽനിന്നു വേർപിരി
പ്പാൻ കഴിയുന്നതുകൊണ്ടു ഈ പ്രവൃത്തിക്കു സ്ഥൂലവിഭാഗ
മെന്നു പേർ. ഈ സ്ഥൂലവിഭാഗം കൈകൾകൊണ്ടോ, ആ [ 25 ] യുധങ്ങൾകൊണ്ടോ ചെയ്വാൻ കഴിയുന്ന പ്രവൃത്തിയാകുന്നു.
എന്നാൽ ഉയരം, നിറം, ഘനം, പുളിപ്പു, മാധുൎയ്യം, ഉറപ്പു, ഇ
ത്യാദികളെ മരത്തിൽനിന്നു നീക്കുവാൻ അസാദ്ധ്യം തന്നേ
എങ്കിലും ഇവയെ മരത്തിൽനിന്നു വേർപെടുത്തിയ പ്രകാരം
മനസ്സുകൊണ്ടു വിചാരിക്കാൻ കഴിയുന്നതുകൊണ്ടു ഈ പ്ര
വൃത്തിക്കു സൂക്ഷ്മവിഭാഗം എന്നു പറയുന്നു. സൂക്ഷ്മവിഭാഗം
കേവലം മനസ്സിന്നു മാത്രം ചെയ്വാൻ കഴിയുന്ന പ്രവൃത്തി
യാകുന്നു. ഈ മാനസികപ്രവൃത്തിയാൽ കിട്ടുന്ന വിഭാഗങ്ങ
ളായ ഉയരം, നിറം, ഘനം, മാധുൎയ്യം മുതലായവകളെ ഗുണ
ങ്ങൾ എന്നു പറയുന്നു. ഉദാഹരണങ്ങൾ:- വലിപ്പം, ഉരു
ൾച, തടി, നേൎമ്മ, മൂൎച്ച, രൂപം, ആകൃതി, കറുപ്പു വെളുപ്പു,
പച്ച, ചുകപ്പു, നീലം, നിറം, വൎണ്ണം, ചൂടു, ഉഷ്ണം, കുളിൎമ്മ,
ശൈത്യം, ഉറപ്പു കാഠിന്യം, മാൎദ്ദവം, മിനുസം, ധൈൎയ്യം, ബ
ലം, ക്ഷമ, ആരോഗ്യം, ക്ഷീണത്വം, സൌന്ദൎയ്യം, മനോഹര
ത്വം, ആനന്ദം, സന്തോഷം, വിശപ്പു, ദാഹം, ഭയം, ശാന്തി,
പേടി, മോഹാലസ്യം, മടി ഇവകൾ ഗുണങ്ങളാകുന്നു.

22. ഗുണങ്ങൾ വസ്തുക്കളിൽ ഉള്ളവ എങ്കിലും, വസ്തുക്ക
ളുടെ അവയവങ്ങളെപ്പോലെ അവയിൽനിന്നു വിഭാഗിപ്പാൻ
പാടുള്ളവയല്ലെന്നു സിദ്ധിച്ചുവല്ലോ. ഗുണമുള്ള വസ്തുവിന്നു
ഗുണി എന്നും ദ്രവ്യമെന്നും പറയും. ഗുണങ്ങളുടെ പേരു
കൾ ഗുണനാമങ്ങൾ ആകുന്നു. 21ൽ പറഞ്ഞ ഗുണങ്ങ
ളുടെ പേരുകൾ ഗുണനാമങ്ങൾ ആകുന്നു.

5. അഭ്യാസം.

1. (1) മേശ. (9) പശു. (3) മാങ്ങ. (4) നാളികേരം. (5) നാരങ്ങ. (6) പഴം.
ഇവയിൽ ഓരോന്നിനെ സ്ഥൂലമായും സൂക്ഷ്മമായും വിഭാഗിച്ചു അംശങ്ങളെയും
ഗുണങ്ങളെയും വെവ്വേറേ എഴുതുക. 2. ഗുണനാമങ്ങൾക്കു ചില ഉദാഹരണ [ 26 ] ങ്ങളെ പറക. 3. കുട്ടി എന്ന ഗുണിയുടെ ഗുണങ്ങളെ പറക. 4. ആനയു
ടെ ഗുണങ്ങളെ പറക 5. ആട്ടിന്റെ അവയവങ്ങളേവ? 6. തല, സീത,
ആരണ്യം, മണൽ, താമര, ഭാരം, കോമരം, മരം, ഉമ്മരം, കാശി, രാശി, വാ
ശി, ശൈത്യം, ചോദ്യം, പത്ഥ്യം, ന്യായം, ഉപായം, വായ്, നായ്, കായ്,
ഭയം, മയം, ഭാൎയ്യ, കാൎയ്യം, ഗംഗ, അംഗം, നദി, രാമേശ്വരം, സേന, ഇവയെ
സംജ്ഞാനാമം, മേയനാമം, സമൂഹനാമം, ഗുണനാമം എന്നിങ്ങിനെ വേർതി
രിച്ചെഴുതുക.

5. പരീക്ഷ.

1. സ്ഥൂലവിഭാഗം, സൂക്ഷ്മവിഭാഗം ഇവയെ വിവരിക്കുക. 2. സ്ഥൂല
വിഭാഗത്താൽ എന്തു കിട്ടുന്നു? 3. അംശം എന്നാൽ എന്തു്? 4. അംശങ്ങളുടെ
പേരുകൾ എന്തു നാമമായിരിക്കും? 5. സൂക്ഷ്മവിഭാഗത്താൽ എന്തു കിട്ടുന്നു?
6. അംശം, ഗുണം ഇവ തമ്മിൽ വ്യത്യാസമെന്തു? 7. ഗുണമെന്നാൽ എന്തു?
8. കള്ളത്തരം, ദുഷ്ടത, ക്രൂരത, പാരുഷ്യം, മടി, ചതി ഇവയെ ഗുണനാമങ്ങ
ളെന്നു പറയാമോ? 9. ഗുണമെന്നതു സദ്ഗുണം, ദുൎഗ്ഗുണം ഇവ രണ്ടിന്നും
പൊതുവിലുള്ള പേരോ? 10. ഗുണനാമങ്ങൾ്ക്കു ചില ഉദാഹരണങ്ങളെ പറക.

ആറാം പാഠം.

സൎവ്വനാമം.

23. 'രാമൻ വന്നു, അവന്റെ പാഠങ്ങളെ നല്ലവണ്ണം
പഠിച്ചു' എന്ന വാക്യത്തിൽ അവന്റെ എന്ന പദത്തിന്നു
മുൻപറഞ്ഞതായ രാമൻ എന്ന പദത്തെ സംബന്ധിച്ചു
മാത്രമേ അൎത്ഥമുള്ളു. അതുപോലെ ഞാൻ, നീ എന്ന പദ
ങ്ങൾക്കു സംസാരിക്കുന്ന ആളെയും കേൾക്കുന്ന ആളെയും
സംബന്ധിച്ചു മാത്രം അൎത്ഥം ഉണ്ടാകുന്നുള്ളൂ. സ്വതേ അ
ൎത്ഥമില്ലാതേ അന്യപദത്തെ ആശ്രയിച്ചു മാത്രം അൎത്ഥമുള്ള
വയായ്ത്തീരുന്ന നാമങ്ങൾക്കു സൎവ്വ നാമങ്ങൾ എന്നു പേർ.

24. 'കൃഷ്ണൻ കൃഷ്ണന്റെ മാതാപിതാക്കന്മാരെ അനുസരി
ച്ചു നടക്കുന്നതുകൊണ്ടു കൃഷ്ണനിൽ മാതാപിതാക്കന്മാൎക്കു പ്രീ [ 27 ] തിയുണ്ടായി കൃഷ്ണന്നു ആവശ്യമുള്ള സാധനങ്ങളെ കൃഷ്ണന്റെ
മാതാപിതാക്കന്മാർ കൊടുക്കുന്നു'.

ഇവിടെ കൃഷ്ണശബ്ദത്തെയും മാതാപിതാക്കന്മാർ എന്ന
ശബ്ദത്തെയും പലകുറി ആവൎത്തിച്ചു പറഞ്ഞിരിക്കയാൽ
കേൾക്കുമ്പോൾ ഒട്ടും രസം തോന്നുന്നില്ല. അതുകൊണ്ടു
കൃഷ്ണൻ തന്റെ മാതാപിതാക്കന്മാരെ അനുസരിച്ചു നടക്കു
ന്നതുകൊണ്ടു അവനിൽ അവൎക്കു പ്രീതിയുണ്ടായി, അവന്നു
ആവശ്യമുള്ള സാധനങ്ങളെ അവർ കൊടുക്കുന്നു' എന്നു പറ
യുന്ന പക്ഷം ഈ ആവൎത്തനം കൂടാതേ കഴിപ്പാൻ കഴിയും
അപ്പോൾ ഈ ശ്രുതികടുത്വം ഇല്ലാതായ്വരുന്നു. ഇതിന്നു കാ
രണം 'കൃഷ്ണൻ' എന്നതിന്നു പകരം 'അവൻ' 'താൻ' എന്ന
ശബ്ദങ്ങളെ ഉപയോഗിക്കുന്നതുകൊണ്ടും മാതാപിതാക്കന്മാർ
എന്നതിന്നു പകരം 'അവർ' എന്ന ശബ്ദം പ്രയോഗിക്കുന്നതു
കൊണ്ടും ആകുന്നു. കൃഷ്ണശബ്ദത്തിന്നു പകരമായ്വരുന്ന അ
വൻ, താൻ എന്നവയും നാമം തന്നേയെങ്കിലും നാമത്തിന്നു
ള്ള പോലെ ഇതിന്നു സ്വതേ അൎത്ഥമില്ല; മുൻപറഞ്ഞിട്ടുള്ള
വേറേയൊരു നാമത്തെ സംബന്ധിച്ചാൽ മാത്രം അവക്കു
അൎത്ഥമുണ്ടാകുന്നുള്ളു. 'അവൻ വന്നു’ എന്നു മാത്രം പറ
ഞ്ഞാൽ മുൻപറഞ്ഞിട്ടുള്ള ഒരു പുരുഷനെ അതു സംബന്ധി
കാത്തതുകൊണ്ടു അവൻ ആരെന്നു അറിയുവാൻ കഴിയായ്ക
യാൽ ആരെക്കുറിച്ചു സംസാരിക്കുന്നു എന്നു അറിഞ്ഞുകൂട.
മേൽവാക്യത്തിൽ അവൻ എന്നുള്ള പദം കൃഷ്ണന്നു പകരം
പ്രയോഗിച്ചിരിക്കുന്നുവെങ്കിലും ആവശ്യംപോലെ രാമൻ,
ഉദ്യോഗസ്ഥൻ, കച്ചവടക്കാരൻ, വക്കീൽ, ആശാരി മുതലായ
സൎവ്വപുരുഷന്മാരെക്കുറിച്ചും ഒരുപോലെ ഉപയോഗിപ്പാൻ
കഴിയുന്നതാകുന്നു. അതുകൊണ്ടത്രേ ഈ വിധം വാക്കുകൾക്കു
സൎവ്വനാമം എന്നു പേർ. അവൻ എന്നതിനെ പുരു
ഷന്മാരെ സംബന്ധിച്ചുപയോഗിക്കുന്നതുപോലെ അവൾ [ 28 ] എന്നതിനെ സ്ത്രീകളെ സംബന്ധിച്ചുപയോഗിക്കുന്നു. വി
ശേഷബുദ്ധിയില്ലാത്ത മറ്റുള്ള എല്ലാറ്റിനെയും സംബ
ന്ധിച്ചു പറയുമ്പോൾ അതു എന്നും ഉപയോഗിക്കും.

1. അവൻ കൃഷ്ണന്റെ പിതാവ്. 2. അവൾ രാമന്റെ
അമ്മ. 3. ഇവൻ മാധവിയുടെ അനുജൻ. 4. ഇവൾ നാ
രായണന്റെ ഭാൎയ്യ. 5. അതു നല്ല പശു. 6. ഇതു ചീത്ത
മണം. 7. അതു നനഞ്ഞ പായ്. 8. ഇതു പ്രയാസമുള്ള
പണി. 9. അവർ നല്ലവർ. 10. ഇവർ സാധുക്കൾ.
11. ഇവ മൃഗങ്ങൾ. 12. അവ പക്ഷികൾ.

25. സൎവ്വനാമങ്ങളെ താഴേ പറയുന്നു.

ഞാൻ ഞങ്ങൾ അതു അതുകൾ
നാം അവ
നമ്മൾ അവകൾ
നീ നിങ്ങൾ ഇതു ഇതുകൾ
ഇവ
താൻ താങ്കൾ ഇവകൾ
താങ്ങൾ ഏവൻ ഏവർ
തങ്ങൾ ഏവൾ
താം ഏതു ഏവ
ഇവൻ ഇവർ യാവൻ യാവർ
ഇവൾ യാവൾ
യാതു യാവ
അവൻ അവർ ആർ
അവൾ ഏതു

6. അഭ്യാസം

1.രാമൻ രാമന്റെ പാഠം പഠിച്ചു. 2. കൃഷ്ണൻ കൃഷ്ണ ന്നു വേണ്ടി പണി
ചെയ്യുന്നു. 3. ഈ കുട്ടിയുടെ അമ്മ ഈ കുട്ടി യെ അടിച്ചു. 4. ഞാൻ ആ [ 29 ] കുട്ടിയോടു വരാൻ പറഞ്ഞുവെങ്കിലും ആ കുട്ടി വന്നില്ല. 5. നീ പറഞ്ഞ കാ
ൎയ്യം മനസ്സിലായി, ആ കാൎയ്യം സാധിപ്പാൻ ശ്രമിക്കാം. 6. ഞാൻ കച്ചവടം
ചെയ്തു കച്ചവടത്തിൽ എനിക്കു വളരെ നഷ്ടം വന്നു.

മേൽവാക്യങ്ങളിൽ അടിയിൽ വരയുള്ള പദങ്ങളുടെ സ്ഥാനത്തു സൎവ്വനാ
മങ്ങളെ പ്രയോഗിക്ക.

6. പരീക്ഷ.

1. സൎവ്വനാമം എന്നാൽ എന്തു? 2. അവയെ സൎവ്വനാമങ്ങളെന്നു പറയു
ന്നതു എന്തിന്നു? 3. മനുഷ്യൻ എന്ന പദം മഹേശ്വരൻ, രാമസ്വാമി, ശങ്ക
രൻ, അച്യുതൻ മുതലായ എല്ലാമനുഷ്യരെയും സംബന്ധിച്ചു പറയുവാൻ കഴി
യുന്നതുകൊണ്ടു അതിനെ സൎവ്വനാമം എന്നു പറയാമോ?

(1) അവൻ രാമന്റെ അനുജന്റെ ഭാൎയ്യ. (2) അവൾ എന്റെ ജ്യേഷ്ഠ
ത്തിയുടെ മകൻ. (3) ഇതു അച്യുതന്റെ മകന്റെ മകൾ. (4) ഇവ രാമ
ന്റെ മാതാപിതാക്കന്മാർ. (5) ആർ? ഇവൻ രാമന്റെ ഭാൎയ്യയോ?

ഈ അഞ്ചു വാക്യങ്ങളിലുള്ള തെറ്റുകളെ കാണിക്ക.

ഏഴാം പാഠം.

ക്രിയ.

1. രാമൻ വന്നു. 2. രാമൻ വരുന്നു. 3. രാമൻ വരും.
26. ഈ മൂന്നു വാക്യങ്ങളിൽ അൎത്ഥഭേദം ഉണ്ടാകുന്നതു
എങ്ങിനേ? ഈ അൎത്ഥഭേദം വന്നു, വരുന്നു, വരും എന്ന പദ
ങ്ങൾ നിമിത്തമാണെന്നു തെളിയുന്നുവല്ലോ. ഈ പദങ്ങൾ
രാമന്റെ വരവു ഏതു കാലത്തായിരുന്നു എന്നു കാണിക്കുന്നു.
'വന്നു' എന്നതുകൊണ്ടു ആ വരവു കഴിഞ്ഞകാലത്തായി
രുന്നു എന്നും 'വരുന്നു’ എന്നതുകൊണ്ടു ആ വരവു ഇപ്പോൾ
നടക്കുന്ന കാലത്താണെന്നും 'വരും' എന്നതുകൊണ്ടു അതു
വരാനുള്ള കാലത്താണെന്നും അറിയാം. ഇങ്ങിനെയുള്ള
ചില വാക്കകൾ കാലഭേദങ്ങളെയും രാമന്റെ പ്രവൃത്തിയെ
യും കാണിക്കുന്നു. [ 30 ] 27. കാലഭേദങ്ങളെയും പ്രവൃത്തികളെയും കാണിക്കുന്ന
വാക്കുകൾക്കു ക്രിയാപദങ്ങൾ എന്നു പറയും. വന്നു,
വരുന്നു, വരും എന്നിവ ക്രിയാപദങ്ങളാകുന്നു.

28. കഴിഞ്ഞു പോയ കാലത്തെ ഭൂതകാലമെന്നും ഇ
പ്പോൾ നടക്കുന്ന കാലത്തെ വൎത്തമാനകാലമെന്നും വരും
കാലത്തെ ഭാവികാലമെന്നും പറയും. (-1ാം അഭ്യാസം നോക്കുക.)

ഭൂതകാലം: വന്നു. പോയി. ഇരുന്നു. പഠിച്ചു.
വൎത്തമാനം: വരുന്നു. പോകുന്നു. ഇരിക്കുന്നു. പഠിക്കുന്നു.
ഭാവി: വരും. പോകും. ഇരിക്കും. പഠിക്കും.

7. അഭ്യാസം.

1. താഴേ എഴുതിയ വാക്യങ്ങളിലെ ക്രിയാപദങ്ങളെ എടുത്തു അവയിൽ
ഓരോന്നു ഏതു കാലത്തെ കാണിക്കുന്നുവെന്നു പറക.

(1) മഴ പെയ്തു. (2) പക്ഷി പറക്കും. (8) കുട്ടി കളിക്കുന്നു. (4) നാ
യി ചാടി. (5) പൂച്ച ചാകും. (6) എലി ഓടി. (7) മാതു നാണിച്ചു. (8) കു
ട്ടികൾ പാഠം പഠിച്ചു. (9) നിങ്ങൾ വായിച്ചുകൊണ്ടിരിപ്പിൻ.

2. താഴേ എഴുതിയ വാക്യങ്ങളിലെ നാമങ്ങളെയും ക്രിയകളെയും വെവ്വേ
റെ എഴുതുക.

(1) രാമൻ കുട്ടിയെ കണ്ടു. (2) പണിക്കാരൻ പശുവിനെ ഓടിച്ചു.
(3) ശിഷ്യൻ ഗുരുവിനെ വന്ദിച്ചു. (4) ഗുരു ശിഷ്യന്റെ സാമൎത്ഥ്യം പ്രശംസിച്ചു.
(5) മരം നിലത്തു വീണുപോയി. (6) ഇംഗ്ലീഷുകാർ യുദ്ധത്തിൽ ജയിച്ചു.
(7) ഈ യാത്രയുടെ ശേഷം ഞാൻ സുഖത്തോടും സന്തോഷത്തോടും കാലംകഴിച്ചു
പോന്നു. (8) ഞങ്ങളുടെ ശ്രമങ്ങൾ ഒന്നും സാദ്ധ്യമായില്ല. (9) കപ്പൽ മണ
ത്തിട്ടമേൽ കയറിപ്പോയി. (10) പുഷ്പങ്ങൾ വികസിച്ചു തുടങ്ങി.

3. മേൽവാക്യങ്ങളിലെ നാമങ്ങളെ എടുത്തു അവയെ തരങ്ങളായി ഭാഗിക്ക.
4. മേൽവാക്യങ്ങളിലെ ക്രിയകളുടെ കാലങ്ങളെ എഴുതുക.
5. പാഠപുസ്തകത്തിൽനിന്നു ഒരു വാക്യം എടുത്തു അതിലെ നാമങ്ങളെയും
ക്രിയകളെയും വെവ്വേറേ എഴുതുക. [ 31 ] [ജ്ഞാപകം: മേൽപാഠങ്ങളിൽ ഉദാഹരണത്തിന്നായിട്ടും അഭ്യാസത്തിന്നാ
യിട്ടും കൊടുത്ത വാക്യങ്ങളിലെ നാമങ്ങളെയും ക്രിയകളെയും കാണിപ്പാനായിട്ടു
കുട്ടികളെ ശീലിപ്പിക്കേണം. എന്തിന്നു ഒരു പദത്തെ നാമമെന്നോ ക്രിയയെ
ന്നോ പറയുന്നു എന്നു ചോദിച്ചു കുട്ടികളെക്കൊണ്ടു അതിന്നുള്ള സംഗതികൾ
പറയിക്കേണ്ടതാകുന്നു.]

7. പരീക്ഷ.

1. ക്രിയ എന്നാൽ എന്തു? 2. ക്രിയക്കു എത്ര കാലങ്ങളുണ്ടു? 3. ഈ കാല
ങ്ങളുടെ പേരുകളെ പറക. 4. കണ്ടു എന്നതിനെ എന്തിന്നു ഭൂതകാലമെന്നു
പറയുന്നു? 5. പോകുന്നു എന്നതു എന്തു കാലം? 6. നാമം കാലഭേത്തെ കാ
ണിക്കുന്നുവോ? 7. കൊല്ലം എന്നതു കാലത്തെ കാണിക്കുന്നതുകൊണ്ടു അതു
ക്രിയയോ? 8. കൊല്ലമെന്ന പദം ക്രിയയല്ലെന്നു തെളിയിക്ക. 9. പണി,
പ്രവൃത്തി, ഊൺ ഈ പദങ്ങൾ നാമങ്ങളോ ക്രിയകളോ? 10. ഇവയെ എന്തു
കൊണ്ടു ക്രിയാപദങ്ങളായിട്ടു എടുപ്പാൻ പാടില്ല? 11. നാമത്തിന്നും ക്രിയക്കും
തമ്മിൽ ഭേദം ഏന്തു? 19. പോ, വാ, ഇരിക്കിൻ, വന്നാലും, ഉണ്ടെങ്കിൽ ഇവ
എന്തു പദങ്ങൾ ആകുന്നു?

(മൂന്നാം തരത്തിന്നു ആവശ്യമുള്ള ഭാഗം ഇവിടെ കഴിഞ്ഞു.)

എട്ടാം പാഠം.

ആഖ്യ.

29. 'രാമൻ കുട്ടിയെ അടിച്ചു' എന്ന വാക്യത്തിൽ രാമൻ
എന്തു ചെയ്തു എന്നു പറഞ്ഞിരിക്കുന്നു. അതുപോലെ 'പണി
കാരൻ പശുവിനെ ഓടിച്ചു' എന്ന വാക്യത്തിലും 'പശുവിനെ
ഓടിക്ക' എന്ന പ്രവൃത്തി പണിക്കാരൻ ചെയ്തു എന്നു പറ
യുന്നു. ഈ രണ്ടു വാക്യങ്ങളിൽ രാമൻ, പണിക്കാരൻ എന്നി
വർ ഓരോ പ്രവൃത്തി ചെയ്തു എന്നു നാം പ്രസ്താവിക്കുന്നു.

30. നാം എന്തിനെക്കുറിച്ചു പറയുന്നുവോ ആയതു
ആഖ്യ ആകുന്നു. ആയതുകൊണ്ടു രാമൻ, പണിക്കാരൻ
എന്ന പദങ്ങൾ മേൽവാക്യങ്ങളിലെ ആഖ്യകളാകുന്നു. [ 32 ] 31. 'സൂൎയ്യൻ ഉദിച്ചു' എന്ന വാക്യത്തിൽ 'സൂൎയ്യൻ' എ
ന്നതു നാമവും 'ഉദിച്ചു' എന്നതു ക്രിയയും ആകുന്നു എന്നു
നിങ്ങൾക്കു അറിയാമല്ലോ. സൂൎയ്യൻ എന്തു ചെയ്തു എന്നു
നാം പറയുന്നതുകൊണ്ടു സൂൎയ്യൻ ആഖ്യയും ആകുന്നുവല്ലൊ.

ആഖ്യയായി വരുന്ന പദം എല്ലായ്പോഴും നാമം തന്നേ
ആയിരിക്കയുള്ളൂ.

32. ഒരു വാക്യത്തിലെ ക്രിയാപദത്തോടു ആർ, എന്തു
എന്ന പദങ്ങളെച്ചേൎത്തു ഉണ്ടാക്കുന്ന ചോദ്യത്തിന്നുത്തരമാ
യ്വരുന്ന പദം തന്നേ ആ വാക്യത്തിലെ ആഖ്യ.

'രാമൻ വീണു'. 'ആർ വീണു'? 'രാമൻ'. അതുകൊണ്ടു
രാമൻ എന്നതു 'രാമൻ വീണു' എന്ന വാക്യത്തിലെ ആഖ്യ
തന്നേ. 'പക്ഷി പറന്നു'. എന്തു പറന്നു? ഉത്തരം: പക്ഷി;
പക്ഷി ആഖ്യയാകുന്നു.

8. അഭ്യാസം.

1. സൂൎയ്യൻ ഉദിച്ചു. 2. പ്രകാശംകണ്ടു കുട്ടികൾ സന്തോഷിച്ചു. 3. സ്ത്രീ
കൾ ആഭരണങ്ങളെ അണിഞ്ഞു. 4. പുരുഷന്മാർ താന്താങ്ങളുടെ പ്രവൃത്തിക്കു
പോയി. 5. പക്ഷികൾ കൂട്ടിലേക്കു പറന്നുപോയി. 6. സൂൎയ്യോഷ്ണത്താൽ
കുളത്തിലെ വെള്ളം വറ്റിപ്പോയി. ഈ വാക്യങ്ങളിലെ ആഖ്യകളെ പറക.

[ജ്ഞാപകം: മുമ്പു കഴിഞ്ഞ പാഠങ്ങളിലും അഭ്യാസങ്ങളിലും ഉള്ള വാക്യ
ങ്ങളിലെ ആഖ്യയെ കാണിക്ക.]

8. പരീക്ഷ.

1. ആഖ്യ എന്നാൽ എന്തു? 2. ഏതു പദം ആഖ്യയായ്‌വരും? 3. നാമമെ
ന്നാൽ എന്തു? 4. ആഖ്യയെ തിരിച്ചറിയേണ്ടതു എങ്ങിനേ? 5. സംജ്ഞാ
നാമം, സാമാന്യനാമം, ഗുണനാമം, മേയനാമം, സമൂഹനാമം, സൎവ്വനാമം
ഇവയെ ആഖ്യയായുപയോഗിച്ചു മുമ്മൂന്നു വാക്യങ്ങൾ എഴുതുക. [ 33 ] ഒമ്പതാം പാഠം.

(i.) ആഖ്യാതം.

33. ആഖ്യയെക്കുറിച്ചു നാം എന്തു പറയുന്നുവോ ആ
യതു ആഖ്യാതം.

'സൂൎയ്യൻ ഉദിച്ചു'എന്ന വാക്യത്തിൽ ആഖ്യയായ 'സൂൎയ്യൻ'
ഉദയം എന്ന പ്രവൃത്തി ചെയ്തു എന്നു നാം പറയുന്നതുകൊ
ണ്ടു 'ഉദിച്ചു' എന്നതു ആഖ്യാതം.

9. അഭ്യാസം.

1. ചന്ദ്രൻ ശോഭിച്ചു. 2. പക്ഷികൾ കൂട്ടിൽ കൂടുന്നു. 3. കുട്ടികൾ ഈ
ശ്വരനെ സ്മരിക്കുന്നു. 4. പണിക്കാർ പ്രവൃത്തിപിരിഞ്ഞു. 5. നീ സദാ
സത്യം പറക. 6. നക്ഷത്രങ്ങൾ മിന്നുന്നു. 7. കപ്പൽ കടലിൽ ആണ്ടു.
8. ഞാൻ ആ ഗ്രാമം വിട്ടുപോയി. 9. ഒരു കിഴവൻ എന്നെക്കണ്ടു. 10. കാഫ്രി
കൾ മനുഷ്യരെ തിന്നുന്നു. 11. രാജാവു എന്നോടു പ്രീതികാണിച്ചു. 12. ദൈ
വം നിങ്ങളെ കാത്തുകൊള്ളും. ഈ വാക്യങ്ങളിലെ ആഖ്യയെയും ആഖ്യാത
ത്തെയും തിരിച്ചെഴുതുക. ഇവ ഓരോന്നു എന്തു പദമെന്നു പറകയും ചെയ്ക.

34. ആഖ്യാതം ഇവിടെ ക്രിയാപദമാകയാൽ ക്രിയാഖ്യാ
തം എന്നും പറയും. 35. ചിലപ്പോൾ നാമവും ആഖ്യാതമായ്വരും.

1. എനിക്കു ദൈവം തുണ. 4. ഗുരുനാഥൻ സമൎത്ഥൻ.
2. വിദ്യ വലിയ ധനം. 5. യജമാനൻ ദയാലു.
3. സീത സുന്ദരി. 6. പരശുരാമൻ ഒരു വീരൻ.

'പരശുരാമൻ ഒരു വീരൻ" എന്നതു അൎത്ഥം സമ്പൂൎണ്ണ
മായിരിക്കുന്ന വാക്കുകളുടെ സമൂഹമാകയാൽ വാക്യമാകുന്നു.
ഈ വാക്യത്തിൽ പരശുരാമനെക്കുറിച്ചു നാം എന്തു പറയു
ന്നു? അവൻ വീരന്മാരിൽ ഒരുവനാകുന്നു എന്നു പറയുന്നു.
അതുകൊണ്ടു പരശുരാമൻ എന്നതു ആഖ്യയും ആഖ്യയെ [ 34 ] സംബന്ധിച്ചു പറയുന്നതായ വീരൻ എന്നതു ആഖ്യാതവും
ആകുന്നു. ഇവിടെ ആഖ്യാതം നാമമാകയാൽ അതിനെ
നാമാഖ്യാതം എന്നു പറയുന്നു. 'ഇവനൊരു മഹാപാപി'
എന്ന വാക്യത്തിൽ മഹാപാപി എന്നതു ആഖ്യാതം തന്നെ.
മഹാപാപി എന്നതു നാമപദമാകകൊണ്ടു അതും നാമാ
ഖ്യാതം ആകുന്നു.

ക്രിയാപദത്തിന്നു മാത്രം ആഖ്യാതമായിരിപ്പാൻ കഴിയും
എന്നും (1)'മലിനത രോഗകാരണം', (2)'വിദ്യ വലിയ ധനം'
എന്നിങ്ങിനെയുള്ള വാക്യങ്ങളിൽ ആഖ്യാതമായിരിക്കുന്ന ക്രി
യയെ വിട്ടുകളഞ്ഞിരിക്കുന്നതുകൊണ്ടു രോഗകാരണം, വലിയ
ധനം എന്നിവ ആഖ്യാതമല്ല എന്നും ചിലരുടെ മതം. എ
ന്നാൽ വിട്ടതായ ക്രിയകളെയും ചേൎത്താൽ വാക്യത്തിൽ നാ
മാഖ്യാതം, ക്രിയാഖ്യാതം എന്ന രണ്ടു ആഖ്യാതങ്ങൾ ഒരു ആ
ഖ്യക്കു തന്നെ വരുമല്ലോ. രാമൻ ശൂരൻ ആകുന്നു എന്നതിൽ
രാമൻ എന്ന ആഖ്യക്കു ശൂരൻ എന്ന നാമാഖ്യാതവും ആകു
ന്നു എന്ന ക്രിയാഖ്യാതവും ഉണ്ടാകും.

(ii.) ആഖ്യാതപൂരണം.

36. 1. 'രാമൻ സുന്ദരൻ'. 2. 'സീത സുന്ദരി' എന്ന വാ
ക്യങ്ങളിൽ ആകുന്നു എന്ന ക്രിയയെ അതിസ്പഷ്ടമായി ഗ്രഹി
ക്കുവാൻ കഴിയുന്നതുകൊണ്ടു ആയതിനെ വിട്ടിരിക്കുന്നു. വിട്ട
പദങ്ങളെ ചേൎത്തു വാക്യം പൂരിക്കുന്നതായാൽ 'രാമൻ സുന്ദ
രൻ ആകുന്നു 'സീത സുന്ദരി ആകുന്നു’ എന്ന സംപൂൎണ്ണവാ
ക്യങ്ങളിൽ ആകുന്നു എന്ന ക്രിയ തന്നെ ആഖ്യാതം. അ
പ്പോൾ സുന്ദരൻ, സുന്ദരി എന്ന പദങ്ങൾക്കൂ എന്താകുന്നു
ഗതി എന്നു ആലോചിക്കേണം.

37. രാമൻ ദശരഥപുത്രൻ [ആകുന്നു] എന്ന വാക്യത്തിൽ
രാമൻ എന്ന സംജ്ഞയോടു കൂടിയ പുരുഷനും ദശരഥപുത്രൻ [ 35 ] എന്ന പുരുഷനും ഒരുവനാണെന്ന ബോധം ഉണ്ടാകുന്നതു
കൊണ്ടു വാക്യത്തിലെ ആഖ്യക്കും ആഖ്യാതത്തിന്നും തമ്മിൽ
ഭേദമില്ല എന്നറിയാം. ഈ അഭേസംബന്ധത്തെ കാണി
പ്പാനായിട്ടു 'ആകുന്നു’ എന്ന ക്രിയയെ ഉപയോഗിക്കുന്നു.
അഭേസംബന്ധത്തെ കാണിപ്പാനായിട്ടു ഉപയോഗിക്കേണ്ട
തായ ആകുക' എന്ന ക്രിയയെ അതിസ്പഷ്ടമായി ഗ്രഹിപ്പാൻ
പാടുള്ളേടങ്ങളിൽ വിട്ടുകളയാം.

38. അഭേദസംബന്ധത്തെക്കാണിക്കുന്ന 'ആകുക' എന്ന
ക്രിയയെ സാധാരണമായി സംബന്ധക്രിയ എന്നു പറയും.

39. 'രാമൻ ആകുന്നു' എന്നു പറയുന്ന പക്ഷം വാക്യാ
ൎത്ഥം പൂൎണ്ണമായിട്ടില്ലെന്നു നമുക്കു തോന്നും; രാമൻ എന്താ
കുന്നു എന്ന ചോദ്യത്തിന്നു ഇട ഉണ്ടാകയും ചെയ്യും. ഈ
വാക്യാൎത്ഥത്തെ പൂൎത്തിയാക്കുവാൻ 'രാമൻ ഗുണവാൻ ആകു
ന്നു’ എന്നു പറയേണം. അതുകൊണ്ടു 'ഗുണവാൻ’ എന്നതു
ആഖ്യാതമായ 'ആകുന്നു' എന്നതിന്റെ അൎത്ഥത്തെ പൂൎണ്ണ
മാക്കുന്നതുകൊണ്ടു ആഖ്യാതപൂരണം എന്നു പറയും.

[ജ്ഞാപകം: 1. സംബന്ധക്രിയയെ വിട്ടുകളഞ്ഞു 'സീത സുന്ദരി’ എന്നിങ്ങി
നെയുള്ള വാക്യങ്ങളിൽ സുന്ദരി എന്നതിനെ ആഖ്യാതമായിട്ടെടുക്കാം.

2. 'തുണയില്ലാത്തവൎക്കു ദൈവം തുണ ആകുന്നു' എന്നിങ്ങിനെയുള്ള വാക്യ
ങ്ങളിൽ സംബന്ധക്രിയയെയും കൂടി പ്രയോഗിച്ചിരിക്കയാൽ ദൈവം ആഖ്യ
യും, തുണ ആഖ്യാതപൂരണവും, ആകുന്നു ആഖ്യാതവും ആകുന്നു.

3. ആഖ്യാതപൂരണവും സംബന്ധക്രിയയും ഒന്നിച്ചെടുത്തു 'തുണയാകുന്നു'
എന്നതിനെ ആഖ്യാതമായിട്ടും എടുക്കാം.

4. 'മലിനത രോഗകാരണം', ' ജ്ഞാനം മോക്ഷസാധനം’ എന്നിങ്ങിനെയു
ള്ള വാക്യങ്ങളിൽ സംബന്ധക്രിയയെ വിട്ടിരിക്കയാൽ (1) രോഗകാരണം (2) മോ
ക്ഷസാധനം എന്നിവയെ നാമാഖ്യാതങ്ങളായിട്ടു എടുക്കേണം. 'മലിനത രോ
ഗകാരണം ആകുന്നു', 'ജ്ഞാനം മോക്ഷസാധനമാകുന്നു' എന്നിവയിൽ സംബ
ന്ധക്രിയയെയും കൂടെ പ്രയോഗിച്ചിരിക്കയാൽ, 'ആകുന്നു' എന്നതിനെ ക്രിയാ
ഖ്യാതവും, 'രോഗകാരണം', 'ജ്ഞാനസാധനം' ഇവയെ ആഖ്യാതപൂരണണങ്ങ
ളും ആയി എടുക്കേണം.] [ 36 ] 10. അഭ്യാസം.

I.1. ഈശ്വരൻ നമുക്കു ശരണം. 2. ലക്ഷ്മണൻ രാമന്റെ അനുജൻ.
3. ദൈവം നമ്മുടെ പിതാവു. 4. മൂത്തവരുടെ വാക്കു അമൃതു. 5. പ്രജാ
പാലനം രാജധൎമ്മം. 6. ക്ഷമ വീരന്മാരുടെ ഭൂഷണം. 7. നീ എന്റെ
പ്രാണൻ. 8. വിനയം നാരിമാരുടെ ഭൂഷണം. 9. സത്യം പ്രമാണം.
10. ഈശ്വരൻ നിത്യൻ.

(1) ഈ വാക്യങ്ങളിലെ ആഖ്യയെയും ആഖ്യാതത്തെയും പറക. (2)
മേൽവാക്യങ്ങളിൽ സംബന്ധക്രിയയെ ചേൎത്തു എഴുതുക. (8) സംബന്ധക്രിയ
യെ ചേൎത്തതിന്റെ ശേഷം അവയിലെ ആഖ്യ, ആഖ്യാതപൂരണം, ആഖ്യാതം
ഇവയേവ എന്നു പറക.

II.1. പാപത്തിന്റെ കൂലിയാകുന്നു മരണം. 2. വിദ്യയാകുന്നു മഹാ
ധനം. 3. ഗൎവ്വം നാശത്തിന്റെ വിത്താകുന്നു. 4. മൂത്തവരുടെ ഉപദേശം
അമൃതമാകുന്നു. 5. ബുദ്ധിയാകുന്നു ബലം. 6. വഞ്ചന മഹാപാപമാകുന്നു.

(1) ഈ വാക്യങ്ങളിലെ ആഖ്യയെയും ആഖ്യാതത്തെയും പറക. (2) ഇ
വിടെ ആഖ്യാതപൂരണങ്ങൾ ഏവ? (3) മേൽവാക്യങ്ങളിലെ സംബന്ധക്രിയ
യെ വിട്ടെഴുതുക. (4) മനുഷ്യരെല്ലാം ജീവികൾ ആകുന്നു, എന്നും ജീവികൾ
എല്ലാം മനുഷ്യരാകുന്നു എന്നും പറഞ്ഞാൽ അൎത്ഥത്തിൽ വ്യത്യാസം ഉണ്ടോ?

9. പരീക്ഷ.

1. ആഖ്യാതമെന്നാൽ എന്തു? 2. ഏതു പദം ആഖ്യാതമായിരിക്കും? 3. നാ
മപദം ആഖ്യാതമാകുമോ? 4. ആഖ്യയും ആഖ്യാതവും തമ്മിലുള്ള സംബന്ധ
ത്തെ അഭേദസംബന്ധം എന്നു എപ്പോൾ പറയും? 5. അഭേദസംബന്ധമെ
ന്നാൽ എന്തു? 6. അഭേദത്തെ കാണിക്കുന്ന ക്രിയാപദം ഏതു? 7. ആകുക
എന്ന ക്രിയാപദത്തിന്റെ പ്രയോജനം എന്തു? 8. സംബന്ധക്രിയ എന്നാൽ
എന്തു? 9. ആഖ്യാതപൂരണം എന്നാൽ എന്തു? 10. രാമൻ ദുഷ്ടൻ അല്ല എന്ന
വാക്യത്തിൽ അല്ല എന്നതിന്റെ പ്രയോജനം എന്തു? 11. ഈശ്വരൻ സൎവ്വശ
ക്തനാകുന്നു എന്ന വാക്യത്തിൽ ആഖ്യയും ആഖ്യാതവും തമ്മിൽ ഉള്ള സംബന്ധം
അഭേദമെന്നു എന്തിന്നു പറയുന്നു? 12. സംബന്ധക്രിയ അഭേദത്തെ കാണി
ക്കുന്നതുകൊണ്ടു ആഖ്യയുടെ സ്ഥാനത്തു നാമാഖ്യാതത്തെയും ആഖ്യാതതത്തിന്റെ
സ്ഥാനത്തു ആഖ്യയെയും പ്രയോഗിച്ചു വാക്യങ്ങളെ എല്ലായ്പോഴും മാറ്റാമോ?
'പശുക്കൾ മൃഗങ്ങളാകുന്നു' എന്നു പറയേണ്ടെടത്തു മൃഗങ്ങൾ പശുക്കളാകുന്നു
എന്നു പറയാമോ? [ 37 ] പത്താം പാഠം.

കൎമ്മം.

40. 'രാമൻ കുട്ടിയെ അടിച്ചു'.
ഈ വാക്യത്തിൽ രാമൻ എന്ന നാമപദം ആഖ്യയും
അടിച്ചു എന്ന ക്രിയാപദം ആഖ്യാതവും ആകുന്നുവെന്നു നി
ങ്ങൾക്കു അറിയാമല്ലോ. കുട്ടിയെ എന്നതു എന്തെന്നു ഇ
പ്പോൾ ആലോചിക്കാം.

41. രാമൻ അടിച്ചു എന്ന ആഖ്യയും ആഖ്യാതവും മാ
ത്രം പറയുന്നതായാൽ ആ വാക്യത്തിൽ പറയേണ്ടതെല്ലാം
പറഞ്ഞിട്ടില്ലെന്നു തോന്നാതിരിക്കയില്ല. രാമൻ അടിച്ചു
എന്നു പറഞ്ഞു മതിയാക്കാതേ രാമൻ കുട്ടിയെ അടിച്ചു
എന്നു പറയുന്ന പക്ഷം ഇനിയും വല്ലതും പറയാനുണ്ടെന്നു
തോന്നുന്നില്ല. അതിനാൽ അൎത്ഥം പൂൎത്തിയാവാൻ 'കുട്ടിയെ'
എന്ന നാമത്തെ 'അടിക്ക' എന്ന ക്രിയ ആവശ്യപ്പെടുന്നു.
ഈ ആവശ്യം 'അടിക്ക' മുതലായ ക്രിയകളുടെ സ്വഭാവം നി
മിത്തം ഉണ്ടായതാകുന്നു. 'അടിക്ക' എന്ന ക്രിയയുടെ പ്രവൃ
ത്തി അല്ലെങ്കിൽ വ്യാപാരം രാമനിലും ആ പ്രവൃത്തിയാലോ
വ്യാപാരത്താലോ ഉണ്ടാകുന്ന ഫലം ആഖ്യയായ രാമൻ ആ
രോടു ചേരേണമെന്നു വിചാരിക്കുന്നുവോ അവനിലും ഇരി
ക്കുന്നു. മേൽവാക്യത്തിൽ 'അടിക്ക' എന്നതിന്റെ ഫലം
കുട്ടി അനുഭവിക്കേണമെന്നു രാമൻ ഇച്ഛിക്കുന്നതുകൊണ്ടു
'കുട്ടിയെ' കൎമ്മം എന്നു പറയുന്നു.

42. കൎമ്മമായ്വരുന്ന പദം നാമം തന്നേ.

11. അഭ്യാസം.

താഴേ എഴുതിയ വാക്യങ്ങളിലെ ആഖ്യ, ആഖ്യാതം, കൎമ്മം എന്നിവയെ
കാണിക്ക. [ 38 ] 1. രാമൻ രാവണനെ കൊന്നു. 2. ധനവാന്മാർ സാധുക്കളെ രക്ഷിക്കും.
3. ശിഷ്യരെ ഗുരു സ്നേഹിക്കുന്നു. 4. പുത്രരെ അച്ഛൻ സ്നേഹിക്കുന്നു. 5. ഇവർ
നമ്മെ രക്ഷിക്കട്ടെ. 6. മാതാപിതാക്കന്മാരെ നിങ്ങൾ ബഹുമാനിപ്പിൻ.

10. പർിക്ഷ.

1. ഒരു വാക്യത്തിലെ മുഖ്യഭാഗങ്ങൾ ഏവ? 2. ആഖ്യ, ആഖ്യാതം ഇവ
കൊണ്ടുമാത്രം ഒരു വാക്യത്തിന്റെ അൎത്ഥം എല്ലായ്പോഴും സംപൂൎണ്ണമായിരിക്കു
മോ? 3. വാക്യത്തിൽ മൂന്നാമതായി ആവശ്യപ്പെടുന്ന ഭാഗത്തിന്നു എന്തു പേർ?
4. കൎമ്മമെന്നാൽ എന്തു? 5. കൎമ്മമായ്വരുന്ന പദം ഏതു? 6. ആഖ്യാതപൂര
ണവും കൎമ്മവും ഒന്നു തന്നേയോ? 7. ആഖ്യാതപൂരണത്തിന്നും കൎമ്മത്തിന്നും
തമ്മിലുള്ള വ്യത്യാസങ്ങളെ പറക. 8. കൎമ്മം ഏതിനോടു അന്വയിക്കുന്നു?
9. കൎമ്മമുള്ള മൂന്നു വാക്യങ്ങളെ എഴുതുക.

പതിനൊന്നാം പാഠം.

സകൎമ്മകക്രിയ, അകൎമ്മകക്രിയ.

43. 'അമ്മ ശിശുവിനെ സ്നേഹിക്കുന്നു’ എന്ന വാക്യ
ത്തിൽ 'സ്നേഹിക്കുന്നു' എന്ന ക്രിയാപദം അൎത്ഥപൂൎത്തിക്കാ
യിട്ടു 'ശിശുവിനെ' എന്ന കൎമ്മം ആവശ്യപ്പെടുകയാൽ ഈ
ക്രിയയെ സകൎമ്മകക്രിയ എന്നു പറയും.

44. സകൎമ്മകം എന്നാൽ കൎമ്മത്തോടു കൂടിയതു എന്നു
ൎഅത്ഥം. സകൎമ്മകക്രിയയെന്നു പറഞ്ഞാൽ അൎത്ഥപൂൎത്തി
ക്കായിട്ടു കൎമ്മം ആവശ്യമായ്വരുന്ന ക്രിയ എന്നു താൽപൎയ്യം.

45. 'അമ്മ വന്നു’ എന്ന വാക്യത്തിൽ വന്നു എന്ന ക്രിയ
യുടെ അൎത്ഥം പൂൎത്തിയാവാനായിട്ടു കൎമ്മം ആവശ്യപ്പെടുന്നി
ല്ല. അതുകൊണ്ടു അതിനെ അകൎമ്മകക്രിയ എന്നു പറയും.

46. അകൎമ്മകം എന്നതിന്റെ അൎത്ഥം കൎമ്മം ഇല്ലാത്തതു
എന്നാകുന്നു. അകൎമ്മകക്രിയ എന്നു പറഞ്ഞാൽ അൎത്ഥപൂ
ൎത്തിക്കു കൎമ്മം ആവശ്യമായ്വരാത്ത ക്രിയ എന്നു താൽപൎയ്യം. [ 39 ] 12. അഭ്യാസം.

1. കുട്ടി വന്നു പലകമേൽ ഇരുന്നു തന്റെ പാഠങ്ങളെ പഠിച്ചു. 2, കുട്ടി
യെ കണ്ടു അമ്മ അത്യന്തം സന്തോഷിക്കുന്നു. 3. ഗുരുവിനെ കണ്ടു ശിഷ്യൻ
എഴുനീറ്റു ഭക്തിയോടെ നമസ്കരിച്ചു. 4. പണിക്കാരൻ പശുക്കളെ ആല
യിൽ കൂട്ടിപ്പോയി. 5. വേടൻ, നരിക്കുട്ടിയെ തന്റെ കുടിയിൽവെച്ചു വള
ൎത്തി. 6. കുട്ടികൾ തങ്ങളുടെ അമ്മയച്ഛന്മാരെ ബഹുമാനിക്കേണം.

(1) ഈ വാക്യങ്ങളിലെ ക്രിയാപദങ്ങളെ എടുത്തു അവയിൽ ഓരോന്നു
സകൎമ്മകമോ, അകൎമ്മകമോ എന്നു കാരണത്തൊടു കൂടി ഉത്തരം പറക. (2)
ആറു അകൎമ്മകക്രിയകളെ പറക. (3) ആറു സകൎമ്മകക്രിയകളെ പറക.
(4) മേൽവാക്യങ്ങളിലെ ആഖ്യം, ആഖ്യാതം, കൎമ്മം ഇവയെ പറക. (5) കൎമ്മ
മുള്ള വാക്യങ്ങളിലെ ആഖ്യാതം എന്തു ക്രിയയായിരിക്കും?

11. പരീക്ഷ.

1. കൎമ്മം എന്നാൽ എന്തു? 2. കൎമ്മം ആവശ്യമായ്വരുന്ന മറ്റു ക്രിയകൾ ഏവ?
3. സകൎമ്മകം അകൎമ്മകം എന്ന പദങ്ങളെ വ്യാഖ്യാനിക്ക. 4. സകൎമ്മകക്രിയ
അകൎമ്മകക്രിയ ഇവ തമ്മിൽ വ്യത്യാസം എന്തു? 5. കൎമ്മത്തെ ആശ്രയിച്ചു
വരുന്ന ക്രിയക്കു എന്തു പേർ? 6. സംബന്ധക്രിയയെ ആശ്രയിച്ചു വരുന്ന
നാമം കൎമ്മം തന്നെയോ? 7. കൎമ്മത്തിന്നും ആഖ്യാതപൂരണത്തിന്നും തമ്മിൽ
വ്യത്യാസം എന്തു?

പന്ത്രണ്ടാം പാഠം.

വാക്യം, ആകാംക്ഷ, അദ്ധ്യാഹാരം,
സംക്ഷിപ്തവാക്യം, ലുപ്തവാക്യം.

47. വാക്യത്തിലേ പ്രധാനഭാഗങ്ങളായ ആഖ്യ, ആ
ഖ്യാതം, കൎമ്മം എന്നിവയെ മുൻകഴിഞ്ഞ പാഠങ്ങളിൽ വി
വരിച്ചുവല്ലോ. ഇപ്പോൾ വാക്യം എന്തെന്നു പറയാം.

48. വിചാരം പൂൎണ്ണമായി വരത്തക്കവണ്ണം ചേൎത്ത വാ
ക്കുകളുടെ കൂട്ടത്തിന്നു വാക്യം എന്നു പേർ. ( §2. നോക്കു.) [ 40 ] 1. 'രാമൻ വന്നു'. 2. 'കുട്ടി ഗുരുവിനെ വന്ദിച്ചു'. ഇവ
രണ്ടും വാക്യങ്ങളാകുന്നു. ഇവിടെ വിചാരം പൂൎണ്ണമായിരി
ക്കുന്നു. 'രാമൻ വന്നു' എന്നു പറയാതെ 'രാമൻ' എന്നു
മാത്രമോ 'വന്നു' എന്നു മാത്രമോ പറയുന്നതായാൽ 'രാമൻ
എന്തു ചെയ്തു' വെന്നും 'വന്നതു ആരെ'ന്നും ഉള്ള ചോദ്യങ്ങൾ്ക്കി
ടയാകും. അതുകൊണ്ടു പറയുന്നവന്റെ വിചാരം പൂൎണ്ണമാ
യിട്ടില്ലെന്നു സ്പഷ്ടം. എന്നാൽ 'രാമൻ വന്നു' എന്നു പറയു
ന്ന പക്ഷം ആ വിചാരം പൂൎണ്ണമായി, വാക്യത്തിലുള്ള പദ
ങ്ങൾ ഒന്നോടൊന്നു ചേൎന്നു പൂൎണ്ണമായ ഒരു വിചാരത്തെ
കാണിക്കും. പദങ്ങൾ തമ്മിലുള്ള ഈ ചേൎച്ചയെ അറിയേ
ണമെന്ന താൽപൎയ്യത്തിന്നു ആകാംക്ഷ* എന്നു പേർ.

49. വിചാരം പൂൎണ്ണമാവാനായിട്ടു ആഖ്യയും ആഖ്യാത
വും ചേൎന്നിരിക്കേണം. ആഖ്യയും ആഖ്യാതവും ചേൎന്നു മറ്റു
ള്ള പദങ്ങളും അന്വയിച്ചുവരുന്നതു തന്നേ വാക്യം. വാക്യ
ത്തിൽ പദങ്ങൾക്കു തമ്മിൽ ആകാംക്ഷ ഉണ്ടായിരിക്കേണം.
കൃഷ്ണൻ കണ്ടു എന്ന വാക്യത്തിൽ ആഖ്യയും ആഖ്യാതവും
ചേൎന്നിരിക്കുന്നുവെങ്കിലും 'ആരെ കണ്ടു' എന്ന ആകാംക്ഷ
ഉണ്ടാകകൊണ്ടു വാക്യം പൂൎണ്ണമായിട്ടില്ല. 'കൃഷ്ണൻ പുത്രനെ
കണ്ടു' എന്നു സമൎപ്പിക്കുന്നതായാൽ വാക്യത്തിൽ ആകാംക്ഷ
സംപൂൎണ്ണമായതുകൊണ്ടു വാക്യം പൂൎണ്ണമായി.

50. ആഖ്യയോ, ആഖ്യാതമോ, അതിസ്പഷ്ടമായി ഗ്രഹി
പ്പാൻ കഴിവുള്ളേടങ്ങളിൽ ആയതിനെ പറയാതേകണ്ടും
ഇരിക്കാം.

പോ, വായിക്ക, പഠിക്കുവിൻ, എടുപ്പിൻ എന്നു പറ
ഞ്ഞാൽ 'നീ പോ', 'നീ വായിക്ക', 'നിങ്ങൾ പഠിക്കുവിൻ', [ 41 ] നിങ്ങൾ എടുപ്പിൻ' എന്നു അൎത്ഥമാകയാൽ നീ, നിങ്ങൾ
എന്ന ആഖ്യകളെ പ്രയാസം കൂടാതേ ഗ്രഹിപ്പാൻ കഴിയു
ന്നതു കൊണ്ടു അവയെ വാക്യത്തിൽ വിട്ടുകളുഞ്ഞിരിക്കുന്നു.
ഈ വിധം വാക്യങ്ങളിൽ ആഖ്യ കാണാതിരിക്കുന്നതുകൊണ്ടു
ആഖ്യക്കു ലോപം വന്നിരിക്കുന്നു എന്നും വാക്യത്തിന്നു ലുപ്താ
ഖ്യം എന്നും പറയും.

51. 'ആർ വന്നു' എന്ന ചോദ്യത്തിന്നുത്തരമായി ഒരാൾ
'കൃഷ്ണൻ' എന്നു മാത്രം പറഞ്ഞു മതിയാക്കുന്നു എങ്കിൽ ആ
പ്രസംഗത്തിൽ 'കൃഷ്ണൻ' എന്ന ഒറ്റപ്പദം തന്നേ വാക്യമാ
കുന്നു. ഈ വാക്യത്തിൽ ആഖ്യയെ മാത്രം പറഞ്ഞിട്ടുണ്ടെ
ങ്കിലും 'വന്നു' എന്ന ആഖ്യാതത്തെ അതിസ്പഷ്ടമായി പ്രസം
ഗത്താൽ ഗ്രഹിക്കുവാൻ സാധിക്കുന്നതുകൊണ്ടു അതിനെ
വിട്ടുകളഞ്ഞിരിക്കുന്നു. ഇങ്ങിനെ ആഖ്യാതത്തിന്നു ലോപം
വരുന്ന വാക്യത്തിന്നു ലുപ്താഖ്യാതം എന്നു പേർ.

52. അതിസ്പഷ്ടമായി ഗ്രഹിപ്പാൻ പാടുള്ളതുകൊണ്ടു
വാക്യത്തിൽ പറയാതേകണ്ടു വിട്ടുകളഞ്ഞ പദങ്ങളെ ചേൎക്കു
ന്നതിന്നു അദ്ധ്യാഹാരം എന്നു പേർ പറയും.

53. ഒരു വാക്യത്തിൽ മുഖ്യമായ ഏതെങ്കിലും ഒരു ഭാഗം
വിട്ടുകളഞ്ഞിരിക്കുന്നു എങ്കിൽ ആ വാക്യത്തെ സംക്ഷിപ്ത
വാക്യം എന്നു പറയും. വിട്ട ഭാഗം ആഖ്യയാകുന്നുവെങ്കിൽ
വാക്യത്തെ ലുപ്താഖ്യമെന്നും ആഖ്യാതം ആകുന്നു എങ്കിൽ
ലുപ്താഖ്യാതം എന്നും കൎമ്മമാകുന്നുവെങ്കിൽ ലുപ്തകൎമ്മമെ
ന്നും പറയും.

13. അഭ്യാസം.

താഴേ എഴുതിയ വാക്യങ്ങളിൽ വിട്ട പദങ്ങളെ ചേൎത്തെഴുതുക.

1. ... പെയ്യുന്നു. 2. ... വീശുന്നു. 3. ... മുഴങ്ങുന്നു.
4. ... മിന്നുന്നു. 5. ... കത്തി. 6. ... ഉദിച്ചു. 7. ... അസ്തമിച്ചു. [ 42 ] 8. ... പ്രകാശിച്ചു. 9. ഗുരു ശിഷ്യനെ ... 10. ശിഷ്യൻ
ഗുരുവിനെ ... 11. അമ്മ കുട്ടിയെ ... 12. മകനെ രാമൻ ...
13. സിംഹം ... കൊന്നു. 14. കുട്ടി ... വായിച്ചു. 15. പുഷ്പം ...
തരുന്നു. 16. പൂച്ച ... പിടിക്കുന്നു.

12. പരീക്ഷ.

1. വാക്യമെന്നാൽ എന്തു? 2. വാക്യങ്ങളെ എത്രതരങ്ങളായി വിഭാഗി
ക്കാം? 3. സംപൂൎണ്ണം, സംക്ഷിപ്തം, ലുപ്താഖ്യം, ലുപ്താഖ്യാതം, ലുപ്തകൎമ്മം എന്നി
വയുടെ ലക്ഷണങ്ങളെ പറഞ്ഞു ഉദാഹരിക്കുക. 4. വാക്യത്തിലെ പ്രധാന
അംശങ്ങൾ ഏവ? 5. ഇവയിൽ ഏതെല്ലാം ലോപിക്കും? 6. കൎമ്മം ലോപി
ക്കുമോ? ഉദാഹരണം പറക. 7. 'ആഖ്യയും ആഖ്യാതവും ചേൎന്നിരിക്കു
ന്നതു തന്നേ വാക്യ'മെന്നു വാക്യത്തിന്റെ ലക്ഷണം പറഞ്ഞതിൽ കൎമ്മത്തെയും
ചേൎക്കാത്തതിന്നു കാരണമെന്തു? 8. 'എവിടുന്നാകുന്നു'? 'സൌഖ്യം തന്നെയോ?'
ഈ സംക്ഷിപ്തവാക്യങ്ങളിൽ വിട്ട പദങ്ങളെ അദ്ധ്യാഹരിക്കുക. 9, അദ്ധ്യാ
ഹാരമെന്നാൽ എന്തു? 10. ആകാംക്ഷ എന്നതിനെ വിവരിക്കുക. 11. ലോ
പം എന്നാൽ എന്തു? 18. അദ്ധ്യാഹാരം, ആകാംക്ഷ, ലോപം ഈ ഓരോന്നു
മുമ്മൂന്നു ഉദാഹരണങ്ങൾകൊണ്ടു തെളിയിക്ക.

പതിമൂന്നാം പാഠം.

(i.) ലിംഗം.

54. ആറാം പാഠത്തിൽ അവൻ, അവൾ, അതു എന്നവ
യുടെ പ്രയോഗത്തെ പറഞ്ഞുവല്ലോ. ഒരു നാമാൎത്ഥത്തെ
ചൂണ്ടിക്കാണിപ്പാനായിട്ടു അവൻ എന്ന ശബ്ദത്തെ ഉപ
യോക്കുന്നുവെങ്കിൽ ആ നാമം പുല്ലിംഗം എന്നു പറയും.

1. അവൻ സീതയുടെ അച്ഛൻ. 2. അവൻ രാജാവിന്റെ
മകൻ. അച്ഛൻ എന്നതിന്റെ അൎത്ഥത്തെ അവൻ എന്നതു
ചൂണ്ടിക്കാണിക്കുന്നതുകൊണ്ടു അച്ഛൻ എന്നതു പുല്ലിംഗം.

പുരുഷന്മാരുടെ പേരുകൾ പുല്ലിംഗശബ്ദങ്ങൾ ആകുന്നു.

55. ഏതു നാമാൎത്ഥത്തെക്കുറിച്ചു അവൾ എന്ന പദം
ഉപയോഗിക്കുന്നുവോ ആ നാമം സ്ത്രീലിംഗമാകുന്നു. [ 43 ] അവൾ രാമന്റെ ഭാൎയ്യ. ഭാൎയ്യ എന്നതിന്റെ അൎത്ഥ
ത്തെ ചൂണ്ടിക്കാണിക്കുന്നതു അവൾ ആകയാൽ ഭാൎയ്യ എ
ന്നതു സ്ത്രീലിംഗം.

സ്ത്രീകളുടെ പേരുകൾ സ്ത്രീലിംഗശബ്ദങ്ങൾ ആകുന്നു.

56. അതു എന്നതു ഏതു നാമാൎത്ഥത്തെ സംബന്ധിച്ചു
പയോഗിക്കുന്നുവോ ആ നാമം നപുംസകലിംഗം ആകുന്നു.

'അതു രാമന്റെ പുസ്തകം'. പുസ്തകം എന്ന ശബ്ദത്തിന്റെ
അൎത്ഥത്തെ കാണിപ്പാനായിട്ടു അതു എന്നതിനെ പ്രയോഗിക്കു
ന്നതുകൊണ്ടു പുസ്തകം എന്നതു നപുംസകലിംഗമാകുന്നു.

സ്ത്രീയും പുരുഷനും അല്ലാത്തവയുടെ പേരുകൾ നപും
സകലിംഗശബ്ദങ്ങൾ ആകുന്നു.

പുല്ലിംഗം. സ്ത്രീലിംഗം. നപുംസകലിംഗം:
പണിക്കാരൻ. പണിക്കാരത്തി. പണി.
സ്നേഹിതൻ. സ്നേഹിത. സ്നേഹം.
ഭൎത്താവു. ഭാൎയ്യ. ഭരണം.
സുന്ദരൻ. സുന്ദരി. സുന്ദരം.

14. അഭ്യാസം.

ദാസൻ, ദൂതി, ഗതി, മുക്കുവൻ, മത്തൻ, പേററി, പോററി, ജ്യേഷ്ഠൻ,
അമ്മ, അമ്മി, പെങ്ങൾ, മരങ്ങൾ, മകൾ, മഞ്ഞൾ, മലയൻ, കൊഞ്ചൻ,
വേലക്കാരത്തി, പരുത്തി, അഹമ്മതി, സുമതി, കാമൻ, കാമം, തങ്ക, മങ്ക,
നാണി, പ്രാണി, വാണി, ഭരണി, ജനം, ഭോജനം, പെൺ, ആൺ,
ഊൺ, മൺ, ജാനകി, മേനോക്കി, രോഗം, യോഗം, യോഗി, ഭോഗി. (1)
ഇവയിൽ ഓരോന്നു എന്തുലിംഗമെന്നു കാരണസഹിതം പറക. (2) ഇവയിൽ
ഓരോന്നിനെ സൎവ്വനാമശബ്ദത്തോടു കൂടി ചെറിയ വാക്യങ്ങളിൽ ഉപയോഗി
ക്കുക. (ദൃഷ്ടാന്തം: അവൻ ഭാസൻ.) (3) ഒരു ശബ്ദം പുല്ലിംഗമാകുന്നു എങ്കിൽ
അതിന്റെ സ്ത്രീലിംഗത്തെയും സ്ത്രീലിംഗമാകുന്നുവെങ്കിൽ അതിന്റെ പുല്ലിംഗ
ശബ്ദത്തെയും എഴുതുക. [ 44 ] 13. പരീക്ഷ.

1. ലിംഗഭേദത്തെ എങ്ങിനെ അറിയേണ്ടതാകുന്നു? 2. പുല്ലിംഗം, സ്ത്രീ
ലിംഗം, നപുംസകലിംഗം എന്നിവയെ വിവരിക്കുക. 3. 'ഞാൻ ഒരു സ്ത്രീ
യാകുന്നു' എന്നു ഒരു സ്ത്രീക്കും, 'ഞാൻ ഒരു പുരുഷനാണെ'ന്നു, ഒരു പുരുഷനും
പറയുവാൻ കഴിയുന്നതുകൊണ്ടു സ്ത്രീപുരുഷന്മാരെ കുറിക്കുന്നതിൽ ഞാൻ,
നീ എന്ന ശബ്ദങ്ങൾക്കു ലിംഗഭേദം ഉണ്ടോ? ഇവയെ അലിംഗം എന്നു
എന്തിന്നു പറയുന്നു? 5. ആർ എന്നതു എന്തു ലിംഗം? 6. അവർ എന്ന
തിനെ സ്ത്രീപുരുഷന്മാരെക്കുറിച്ചു പ്രയോഗിക്കുന്നതായാൽ അതിനെയും അലിം
ഗമെന്നു പറയാമോ?

(ii) പ്രകൃതി, പ്രത്യയം.

57. രാമൻ അടിച്ചു, രാമനെ അടിച്ചു എന്നതിൽ എന്താ
കുന്നു വ്യത്യാസം? ഒന്നിൽ രാമൻ എന്നും മറ്റേതിൽ രാമനെ
എന്നും ഉള്ള രൂപഭേദത്താൽ, ഒന്നിൽ രാമൻ ആഖ്യയായും
മറ്റേതിൽ കൎമ്മമായും വന്നു. രാമൻ എന്നതിന്റെ ഒടുവിൽ
എ എന്നതു ചേൎത്തുച്ചരിക്കുന്നതിനാലാകുന്നു ഈ ഭേദം
ഉണ്ടായതു.

58. അൎത്ഥഭേദത്തിന്നായിട്ടു വാക്കിന്റെ അന്തത്തിൽ
ചേരുന്നതു ഏതോ ആയതു പ്രത്യയം ആകുന്നു. രാമനെ
എന്നതിൽ എ എന്നതു പ്രത്യയം തന്നേ.

59. പ്രത്യയം യാതൊന്നിനോടു ചേരുന്നുവോ ആയതു
പ്രകൃതി ആകുന്നു. മൂപ്പു എന്ന പ്രകൃതിയോടു അൻ എന്ന
പ്രത്യയത്തെച്ചേൎത്താൽ മൂപ്പുള്ള പുരുഷൻ എന്നൎത്ഥത്തോടു
കൂടിയ മൂപ്പൻ എന്ന ശബ്ദുവും, ത്തി എന്ന പ്രത്യയം ചേ
ൎത്താൽ മൂപ്പുള്ള സ്ത്രീ എന്നൎത്ഥമുള്ള മൂപ്പത്തി എന്ന ശബ്ദ
വും, ഉണ്ടാകുന്നു.

(iii) ലിംഗപ്രത്യയങ്ങൾ.

60. അൻ, ആൻ ഈ പ്രത്യയങ്ങൾ പുരുഷനെ കുറിക്കു
ന്നേടത്തു പുല്ലിംഗപ്രത്യയങ്ങളും അൾ, ആൾ, ത്തി, അ, ഇ [ 45 ] ഇവ സ്ത്രീയെ കാണിക്കുന്നേടത്തു സ്ത്രീലിംഗപ്രത്യയങ്ങളും അം
എന്നതു പ്രായേണ നപുംസകലിംഗപ്രത്യയവും ആകുന്നു.

പുല്ലിംഗം.

1. അൻ മകൻ, പുത്രൻ, അനുജൻ, വൈദ്യൻ, മലയൻ,
ശാസ്ത്രജ്ഞൻ, താമരക്കണ്ണൻ, നാന്മുഖൻ,
കൊല്ലൻ, കൊതിയൻ, ചതിയൻ, കള്ളൻ.
2. ആൻ ആശാൻ, തമ്പുരാൻ, കുടിയാൻ, തട്ടാൻ, ക
ന്നാൻ, കോലയാൻ, വണ്ണത്താൻ, വണ്ണാൻ,
മാരാൻ, മാരയാൻ, ചാണാൻ.

സ്ത്രീലിംഗം.

1. അൾ മകൾ, അവൾ.
2. അവൾ കെട്ടിയവൾ (=കെട്ടിയോൾ), അടുത്തവൾ
(=അടുത്തോൾ).
3. ആൾ പൈങ്കിളിമൊഴിയാൾ, വണ്ടാർകുഴലിയാൾ,
പെൺമണിയാൾ, ഇന്ദുനേർമുഖിയാൾ.
4. ത്തി ആശാത്തി; തട്ടാത്തി, കന്നാത്തി, വണ്ണാത്തി,
മാരാത്തി, കുറത്തി, കൊല്ലത്തി, പണക്കാര
ത്തി, വാണിയത്തി, പണിക്കാരത്തി.

ത്തി എന്നതിനു പകരം ചിലേടങ്ങളിൽ (i.)ച്ചി
എന്നും (ii.)ട്ടി എന്നും കാണും.

5. ച്ചി ആശാരിച്ചി, കാവുതിച്ചി, കൊതിച്ചി.
6. ട്ടി തമ്പുരാട്ടി, പൊതുവാട്ടി, കണിയാട്ടി, മണവാട്ടി,
വെള്ളാട്ടി.
7. ഇ (i.) മലയി, പറയി, കൂനി, തോഴി, തൊണ്ടി,
മൈക്കണ്ണി, ചെകിടി, കുരുടി, മുടവി.
(ii.) ചന്ദ്രമുഖി, മീനാക്ഷി, സുദതി, രാജ്ഞി.
8. അ അനുജ, ഭാൎയ്യ, സ്നേഹിത, ജായ, രാധ, യശോദ.
[ 46 ] 15. അഭ്യാസം.

1. താഴേ എഴുതിയ വാക്കുകളുടെ ലിംഗങ്ങളെ പറക. ദേവൻ, കോ
മട്ടി, തമ്പുരാട്ടി, അനന്തൻ, വില്ലാളി, സുമതി, കടുക്കൻ, പ്രാണി, മുടവൻ,
കോപി, കുസൃതി, സജ്ജനം, സന്മാൎഗ്ഗം, സന്തുഷ്ടി, ബുദ്ധി, കൊമ്പൻ, തോ
ഴൻ, നാടുവാഴി, താവഴി, മദ്ധ്യസ്ഥൻ, കോടാലി, ൨രിയൻ, മുള്ളൻ, കാലി,
തൊണ്ടി, ചണ്ടി, വണ്ടി, തുടി, തോഴി, അനുജ, ജായ, ചന്തു, സീത, രാമൻ,
വെള്ളം, കോമരം, അദ്ദേഹം, പണ്ടാരം, തങ്കം, മാക്കം, പക്കം, കൊടിയൻ.

2. താഴേ എഴുതിയ ശബ്ദങ്ങളുടെ സ്ത്രീലിംഗങ്ങൾ ഏവ? മനുഷ്യൻ,
ശൂദ്രൻ, വരൻ, പുരുഷൻ, നായർ, പൊതുവാൾ, പിടാരൻ, മാരാൻ, ബ്രാഹ്മ
ണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ, ആശാരി, കൊല്ലൻ, തട്ടാൻ, മൂശാരി,
നമ്പൂതിരി, എമ്പ്രാന്തിരി, നമ്പീശൻ, പുഷ്പകൻ, വാരിയൻ, നമ്പിടി, ഭൎത്താ
വു, രാജാവു.

3. താഴേ എഴുതിയ ശബ്ദങ്ങളുടെ പുല്ലിംഗങ്ങളെ പറക. ബ്രാഹ്മണി,
മാധവി, കൂനി, തൊണ്ടി, തീയ്യത്തി, ചാലിയത്തി, വണ്ണാത്തി, ആശാത്തി, പൊ
തുവാട്ടി, മണവാട്ടി, തമ്പാട്ടി, കണിയാട്ടി, മഹാറാണി, രാജ്ഞി, സുന്ദരി, വിദു
ഷി, ഭാൎയ്യ, പെങ്ങൾ, നങ്ങിയാർ, മാതാവ്.

4. താഴേ എഴുതിയ ശബ്ദങ്ങളോടു "ത്തി" എന്ന പ്രത്യയത്തെച്ചേൎത്തു
സ്ത്രീലിംഗശബ്ദങ്ങളെ ഉണ്ടാക്കുക. വാണിയൻ, ചാലിയൻ, തീയ്യൻ, വണ്ണാൻ,
മാരാൻ, മുടവൻ, കുശവൻ, വളിഞ്ചിയൻ, മുകയൻ, മുക്കുവൻ, തട്ടാൻ, കൊ
ല്ലൻ, കിടാരൻ, വേലൻ.

5. ആശാരി, ഊരാളി, രാവാരി, കാവുതിയൻ, ഇടിയൻ, മൂശാരി,
ഈ ശബ്ദങ്ങളോടു 'ചി' പ്രത്യയം ചേൎത്തു സ്ത്രീലിംഗങ്ങളെ വരുത്തുക.

6. തമ്പുരാൻ, പൊതുവാൻ, മണവാളൻ, തമ്പാൻ. ഇവയോടു 'ട്ടി'
ചേൎത്തു സ്ത്രീലിംഗശബ്ദങ്ങളെ വരുത്തുക.

14. പരീക്ഷ.

1. പ്രകൃതി എന്നാൽ എന്തു? 2. പ്രത്യയമെന്നാൽ എന്തു? 3. പ്രകൃതിയും
പ്രത്യയവും ചേൎന്നുണ്ടാകുന്ന വാക്കിന്നു എന്തു പേർ? 4. പദമെന്നാൽ എന്തു?
5. എത്ര ലിംഗങ്ങൾ ഉണ്ടു? 6. പുല്ലിംഗപ്രത്യയങ്ങൾ ഏവ? 7. ഈ പ്രത്യ
യങ്ങളെ ചേൎത്തു ഉദാഹരണങ്ങളെ പറക. 8. സ്ത്രീലിംഗപ്രത്യയങ്ങൾ ഏവ?
9. 'ഇ' പ്രത്യയമുള്ള ചില സ്ത്രീലിംഗങ്ങളെ പറക. 10. 'ത്തി' പ്രത്യയ
ത്തിൽ അവസാനിക്കുന്ന ചില സ്ത്രീലിംഗശബ്ദങ്ങളെ പറക. 11. അത്തി, [ 47 ] ഇത്തി, കത്തി, പത്തി എന്നിവ 'ത്തി’യിൽ അവസാനിക്കുന്നതുകൊണ്ടു ഇവ
സ്ത്രീലിംഗങ്ങളെന്നു പറയാമോ? 12. നപുംസകലിംഗം എന്നാൽ എന്തു?
13. നപുംസകത്തിനു എന്താകുന്നു പ്രത്യയം? 14. 'അം' എന്നതിൽ അവസാ
നിക്കുന്ന ചില പുല്ലിംഗങ്ങളും സ്ത്രീലിംഗങ്ങളും പറക. 15. ലിംഗം നിശ്ചയി
ക്കേണ്ടതു ശബ്ദത്തിന്റെ സ്വരൂപത്താലോ അൎത്ഥത്താലോ എന്നതു ഉദാഹരണ
ങ്ങളെക്കൊണ്ടു തെളിയിക്ക? 16. പശു എന്നതു സ്ത്രീലിംഗമെന്നു ചിലർ
പറയുന്നതു ശരിയോ അല്ലയോ എന്നു പറക. 17. പുലി, നരിഎന്നിവ എന്തു
ലിംഗം? 18. പുത്തൻ, മുഴുവൻ ഏതു ലിംഗം?

പതിന്നാലാം പാഠം.

വചനം.

ഏകവചനം: ബഹുവചനം:
(i.) കുട്ടി വന്നു. (ii.) കുട്ടികൾ വന്നു.

61. ഈ രണ്ടു വാക്യങ്ങളിൽ വ്യത്യാസം എന്തു? ഒന്നാമ
ത്തേതിൽ ഒരു കുട്ടി വന്നു എന്നും മറ്റേതിൽ ഒന്നിൽ അധികം
വന്നു എന്നും പറയുന്നതു തന്നേ. ഈ വ്യത്യാസത്തിന്നു കാ
രണമോ കുട്ടി എന്നതിനോടു കൾ എന്ന പ്രത്യയം ചേൎക്ക
യാൽ ആകുന്നു. ഒന്നിനെ മാത്രം കാണിക്കുന്ന നാമരൂപ
ത്തിന്നു ഏകവചനം എന്നും ഒന്നിൽ ഏറേ എന്നു കാണിക്കു
ന്നതിന്നു ബഹുവചനം എന്നും പറയും.

62. ബഹുവചനത്തെ ഉണ്ടാക്കുവാനായിട്ടു കൾ, അർ
എന്ന പ്രത്യയങ്ങളെ ചേൎക്കുന്നു.
—കൾ ദേവികൾ, സ്ത്രീകൾ, നദികൾ, ആനകൾ, തൈകൾ.
—അർ ദേവർ, മനുഷ്യർ, ബ്രാഹ്മണർ, ശൂദ്രർ, ശിഷ്യർ.

63. ചിലപ്പോൾ അർ, കൾ എന്ന രണ്ടു പ്രത്യയങ്ങളും
ഒരേ നാമത്തോടു ചേൎന്നും കാണും. ഉദാഹരണം: അവർ
കൾ, ശിഷ്യർകൾ. [ 48 ] 64. കൾ എന്ന പ്രത്യയം ചില നാമങ്ങളോടു ചേരു
മ്പോൾ ക്കൾ എന്നും മറ്റു ചിലവയോടു ചേരുമ്പോൾ
ങ്ങൾ എന്നും ആയ്ത്തീരും.

—ക്കൾ പിതാക്കൾ, പൂക്കൾ, ശ്വാക്കൾ, പശുക്കൾ, തെ
രുക്കൾ, പിതൃക്കൾ, ഗോക്കൾ, സത്തുക്കൾ.
—ങ്ങൾ ജനങ്ങൾ, മരങ്ങൾ, നിലങ്ങൾ, വരങ്ങൾ, ശര
ങ്ങൾ, കൎമ്മങ്ങൾ, പെങ്ങൾ, പെണ്ണുങ്ങൾ,
ആണുങ്ങൾ, മൃഗങ്ങൾ.

65. അർ എന്നതു ആർ എന്നും മാർ എന്നും ആയ്ത്തീരും.

—ആർ ശാസ്ത്രിയാർ, നല്ലാർ.
—മാർ ഭാൎയ്യമാർ, നാരിമാർ, പുരുഷന്മാർ, ദേവിമാർ, ദേ
വന്മാർ, ബ്രാഹ്മണന്മാർ.

16. അഭ്യാസം.

(i) നൃക്കൾ, മക്കൾ, പൂക്കൾ, രാജാക്കന്മാർ, പ്രഭുക്കൾ, സ്ഥലങ്ങൾ, ഭഗ
വാന്മാർ, വിദ്വാന്മാർ, നൃപർ, സജ്ജനങ്ങൾ, രാജാവവർകൾ, മങ്കമാർ, കോ
പികൾ, സുഹൃത്തുകൾ. ഇവയുടെ ഏകവചനം പറക.
(ii.) ശിശു, പിശാചു, മാരു ശൈലം, മല, ഗിരി, ഗോവു, ദ്യോവു, മുത്തു
മഹത്തു, ബുദ്ധിമാൻ, ഗുണവതി, മരുത്തു, ഭ്രാതാവു, രാജാവു, മൂൎദ്ധാവു, തല,
പല്ലു കണ്ണു, തരം, തൈരു, ധീരൻ, കിടാവു, മകൻ, ഗുണി, പിതാവു, മാതാവു,
ഗുരു, ശിഷ്യൻ. ഇവയുടെ ബഹുവചനങ്ങളെ എഴുതുക.

15. പരീക്ഷ.

1. വചനം എന്നാൽ എന്തു? 2. മലയാളഭാഷയിൽ എത്ര വചനങ്ങൾ
ഉണ്ടു? 3. ബഹുവചനപ്രത്യയങ്ങൾ ഏവ? 4. കൾ പ്രത്യയം എങ്ങിനെയെല്ലാം
മാറിപ്പോകും? 5. ങ്ങൾ എന്ന കൾ പ്രത്യയത്തിന്റെ വികാരത്തിൽ അവ
സാനിക്കുന്ന ഉദാഹരണങ്ങളെ പറക. 6. അർ, ആർ, മാർ എന്ന പ്രത്യയ [ 49 ] ങ്ങൾ ഏതു ലിംഗങ്ങളിൽ മാത്രം വരും? 7. കുരങ്ങച്ചാർ, ഭോഷച്ചാർ, പണി
ക്കച്ചാർ എന്നിവ ഏതു വചനം? 8. അർ പ്രത്യയം നപുംസകലിംഗത്തിൽ
പ്രയോഗിച്ചു കാണുമോ? 9. എല്ലാ ലിംഗങ്ങളിലും പ്രയോഗിച്ചു കാണുന്ന
ബഹുവചനപ്രത്യയം ഏതു? ഉദാഹരണം പറക.

പതിനഞ്ചാം പാഠം.

വിഭക്തി.

66. ആഖ്യ, ആഖ്യാതം, കൎമ്മം എന്നിവയെ മേൽവിവരി
ച്ചുവല്ലോ. 'രാമന്റെ ശരത്താൽ രാവണൻ മരിച്ചു' എന്ന
വാക്യത്തിൽ 'രാവണൻ' ആഖ്യയും 'മരിച്ചു' ആഖ്യാതവും
ആകുന്നു എന്നു നിങ്ങൾക്കു അറിയാമല്ലോ. 'രാമന്റെ'
എന്ന പദത്തിന്റെ അൎത്ഥം ശരം എന്ന പദത്താൽ പൂൎണ്ണ
മായ്വരുന്നു. അതുകൊണ്ടു രാമന്റെ എന്ന പദം ശരം എന്ന
നാമത്തോടു അന്വയിക്കുന്നു. മരണക്രിയയെ സാധിപ്പിക്കു
ന്നതിൽ അത്യന്തം ഉപകരിച്ചതു ശരമാകയാൽ 'ശരത്താൽ'
എന്നതു 'മരിച്ചു' എന്ന ക്രിയയോടു കൂടെ അന്വയിക്കുന്നു.
ഈ ദൃഷ്ടാന്തത്തിൽനിന്നു ഒരു വാക്യത്തിലെ നാമങ്ങളിൽ ചി
ലവ ഒരു നാമത്തോടും മറ്റുചിലവ ക്രിയയോടും അന്വ
യിച്ചു വരും എന്നു അറിയാം. ഒരു വാക്യത്തിൽ ഒരു നാമ
ത്തിന്നു മറ്റു നാമത്തോടോ ക്രിയാപദത്തോടോ ഉള്ള സം
ബന്ധത്തെ കാണിക്കുന്ന നാമത്തിന്റെ രൂപഭേദത്തിന്നു
വിഭക്തി എന്നു പറയും.

67. ഈ രൂപഭേദങ്ങൾ ഏഴുവിധമാകുന്നു. ഇവയെ ക്രമ
പ്പെടുത്തിയ വിധത്തെ അനുസരിച്ചു ഒന്നാമത്തെ, രണ്ടാമ [ 50 ] ത്തെ, എന്നിങ്ങിനെ അൎത്ഥമാകുന്ന (1) പ്രഥമ, (2) ദ്വിതീയ,
(3) തൃതീയ, (4) ചതുൎത്ഥി, (5) പഞ്ചമി, (6) ഷഷ്ഠി, (7) സപ്തമി
എന്ന പേരുകൾ ഇവക്കു കല്പിച്ചിരിക്കുന്നു. വിളിരൂപത്തെ
കാണിക്കുന്ന പ്രഥമയുടെ ഭേദത്തിന്നു സംബോധന എന്നു
പേരാകുന്നു. 'ഓടുകൂടി' എന്ന അൎത്ഥത്തെ കാണിക്കുന്ന
തൃതീയയുടെ ഭേദത്തിന്നു സാഹിത്യം എന്നു പേർ. ഉദാഹ
രണത്തിന്നായിട്ടു ഒന്നാം പാഠത്തിൽ ഈശ്വരശബ്ദത്തിന്റെ
രൂപങ്ങളെ നോക്കുക.

വിഭക്തിരൂപങ്ങളെയും പ്രത്യയങ്ങളെയും താഴേ കാണി
ക്കുന്നു.

വിഭക്തിയുടെ
പേർ
വിഭക്തിയുടെ
സംജ്ഞ
പ്രത്യയങ്ങൾ
ഒന്നാം വിഭക്തി പ്രഥമ പ്രഥമ ഒഴികെയുള്ള
വിഭക്തിപ്രത്യയങ്ങ
ളെ നാമത്തോടു ചേൎക്കു
ന്നതിന്നു ചിലപ്പോൾ
നാമരൂപത്തെ മാറ്റേ
ണ്ടിവരുന്നു. ഇങ്ങി
നെ മാറ്റിയ നാമരൂ
പത്തിന്നു ആദേശരൂ
പമെന്നു പറയും.
വിളിരൂപം സംബോധന
രണ്ടാം വിഭക്തി ദ്വിതീയ
മൂന്നാം വിഭക്തി തൃതീയ ആൽ, ഓടു
സാഹിത്യം ഓടു കൂടെ; ഒടു,
or ഓടു കൂടി
നാലാം വിഭക്തി ചതുൎത്ഥി കു, നു, ക്കു, ന്നു
അഞ്ചാം വിഭക്തി പഞ്ചമി ഇൽനിന്നു
ആറാം വിഭക്തി ഷഷ്ഠി ൻ്റെ, ഉടെ
ഏഴാം വിഭക്തി സപ്തമി ഇൽ, കൽ, ക്കൽ
[ 51 ]
വിഭക്തി ഏകവചനം ബഹുവചനം ഏകവചനം ബഹുവചനം
പ്രഥമ ദേവൻ ദേവർ ദേവി ദേവിമാർ
ദ്വിതീയ ദേവനെ ദേവരെ ദേവിയെ ദേവിമാരെ
തൃതീയ ദേവനാൽ ദേവരാൽ ദേവിയാൽ ദേവിമാരാൽ
സാഹിത്യം ദേവനോടു, കൂടി, or കൂടെ ദേവരോടു ദേവിയോടു ദേവിമാരോടു
ചതുൎത്ഥി ദേവന്നു or ദേവനു ദേവൎക്കു ദേവിക്കു ദേവിമാൎക്കു
പഞ്ചമി ദേവനിൽനിന്നു ദേവരിൽനിന്നു ദേവിയിൽനിന്നു ദേവിമാരിൽനിന്നു
ഷഷ്ഠി ദേവൻ്റെ ദേവരുടെ ദേവിയുടെ ദേവിമാരുടെ
സപ്തമി ദേവനിൽ ദേവരിൽ ദേവിയിൽ ദേവിമാരിൽ
ദേവങ്കൽ ദേവിയിങ്കൽ
സംബോധന ദേവ ദേവർ ദേവി ദേവിമാർ
ദേവനേ ദേവരേ ദേവിയേ ദേവിമാരേ
നൃപൻ, സീത, രാമൻ, നദി, വഴി, കുട്ടി, ആന, നൃപതി, നല്ലവൻ, വീരൻ
ഇവയുടെ വിഭക്തിരൂപങ്ങളെ പറക. [ 52 ]
വിഭക്തി ഏകവചനം ഏകവചനം ഏകവചനം ഏകവചനം ഏകവചനം ഏകവചനം
പ്രഥമ മരം കണ്ണു മാൻ നാടു നീർ പശു
ദ്വിതീയ മരത്തെ
മരത്തിനെ
കണ്ണിനെ മാനിനെ നാടിനെ
നാട്ടിനെ
നീരിനെ
നീറ്റിനെ
പശുവിനെ
പശുവെ
തൃതീയ മരത്താൽ കണ്ണിനാൽ മാനിനാൽ നാട്ടിനാൽ നീരിനാൽ
നീറ്റിനാൽ
നീറ്റാൽ
പശുവിനാൽ
പശുവാൽ
സാഹിത്യം മരത്തോടു
മരത്തിനോടു
കണ്ണിനോടു
കണ്ണോടു
മാനിനോടു നാട്ടിനോടു നീരിനോടു
നീരോടു
നീറ്റിനോടു
പശുവിനോടു
പശുവോടു
ചതുൎത്ഥി മരത്തിന്നു* കണ്ണിന്നു മാനിന്നു നാട്ടിന്നു നീരിന്നു
നീറ്റിന്നു
പശുവിന്നു
പഞ്ചമി മരത്തിൽനിന്നു
മരത്തി(ത്തീ)ന്നു*
കണ്ണിൽനിന്നു
കണ്ണിന്നു
മാനിൽനിന്നു നാട്ടിൽനിന്നു
നാട്ടിന്നു
നീരിൽനിന്നു
നീറ്റിൽനിന്നു
പശുവിൽനിന്നു
പശുവിന്നു
ഷഷ്ഠി മരത്തിൻ്റെ
മരത്തിനുടെ
കണ്ണിൻ്റെ മാനിൻ്റെ നാട്ടിൻ്റെ നീരിൻ്റെ
നീറ്റിൻ്റെ
പശുവിൻ്റെ
പശുവിനുടെ
സപ്തമി മരത്തിൽ കണ്ണിൽ മാനിൽ നാട്ടിൽ നീരിൽ
നീറ്റിൽ
പശുവിൽ
ഫലം, ജനം, ധനം, നിലം, വിദ്വാൻ, ഗുണവാൻ, മരുത്തു, വയർ, തെരു, തേർ, കൽ, മൺ
ഇവയുടെ രൂപങ്ങളെ പറക.
ജ്ഞാപകം: സപ്തമിയോടു ഏക്കു എന്ന പ്രത്യയം ചേൎത്തു സ്ഥലചതുൎത്ഥി എന്ന രൂപം ഉണ്ടാക്കുന്നു. നാട്ടിലേക്കു
(* ഇവിടെ ന്നു എന്നതിനുള്ള ഉച്ചാരണഭേദം മനസ്സിലാക്കിക്കേണം. ൽനി കൂടാതെയുള്ള ഈ വക രൂപങ്ങളിൽ
ഇ ഹ്രസ്വമായും ദീൎഘമായും വരുമെന്നും പറഞ്ഞുകൊടുക്കേണം.) [ 53 ]
വിഭ
ക്തി
ഏകവചനം ബഹുവചനം ഏകവചനം
പ്ര. ഞാൻ നാം [എങ്ങൾ] നീ താൻ അവൻ അവൾ
ദ്വി. എന്നെ നമ്മെ നിന്നെ തന്നെ അവനെ അവളെ
തൃ. എന്നാൽ നമ്മാൽ നിന്നാൽ തന്നാൽ അവനാൽ അവളാൽ
സാഹി. എന്നോടു നമ്മോടു നിന്നോടു തന്നോടു അവനോടു അവളോടു
ച. എനിക്കു നമുക്കു നിണക്കു
[നിനക്കു]
തനിക്കു അവന്നു അവൾക്കു
പ. എന്നിൽനിന്നു
എങ്കൽനിന്നു
എങ്കന്നു
നമ്മിൽനിന്നു നിന്നിൽനിന്നു
നിങ്കൽനിന്നു
നിങ്കന്നു
തന്നിൽനിന്നു
തങ്കൽനിന്നു
തങ്കുന്നു
അവനിൽനിന്നു
അവങ്കൽനിന്നു
അവങ്കന്നു
അവളിൽനിന്നു
ഷ. എന്നുടെ
എൻ്റെ
നമ്മുടെ നിൻ്റെ
നിന്നുടെ
തന്നുടെ
തൻ്റെ
അവനുടെ
അവൻ്റെ
അവളുടെ
സ. എന്നിൽ
എങ്കൽ
നമ്മിൽ നിന്നിൽ
നിങ്കൽ
തന്നിൽ
തങ്കൽ
അവനിൽ
അവങ്കൽ
അവളിൽ

നിങ്ങൾ, താങ്ങൾ, അവർ, അതു, അവ, യാതു, ആർ, അവ, ഏവൻ, ഞങ്ങൾ, എല്ലാവർ. ഇവയുടെ വിഭ
ക്തികളെ എഴുതുക. [നാം എന്നതിന്നു പകരം എങ്ങൾ, നോം, നമ്മൾ, നൊമ്മൾ എന്നിങ്ങനെയുള്ള രൂപങ്ങളും ഉപ
യോഗിക്കാറുണ്ടു].
സൎവ്വനാമങ്ങൾക്കു സംബോധന ഇല്ല. [ 54 ] 17. അഭ്യാസം.

1. നൃപന്മാൎക്കു, ഗോക്കളുടെ, പുരുഷന്മാരിൽ, നാരികളിൽനിന്നു, കുട്ടിക്കു,
മരത്തിൽ, വീട്ടിൽനിന്നു, മലയോടു, നഗരത്തിലേക്കു, പുരുഷരുടെ, സ്ത്രീക
ൾക്കു, പുഴക്കു, ഒഴുക്കൂ, ൨ാളാൽ, ജനങ്ങളെ, നിന്റെ ഈ ശബ്ദങ്ങളുടെ വി
ഭക്തി പറക.

2. നൃപൻ, രാജാവു, ജയം, നദി, ഗുരു, പുരുഷൻ, മാതു, സീത, പെൺ,
ആൺ. ഇവയുടെ തൃതീയ, ഷഷ്ഠി, സപ്തമി എന്നീ വിഭക്തിരൂപങ്ങളെ
പറക. തൃക്കൈ, കൺ, ഞാൻ, മനസ്സു, ജയം, ധേനു, തെരു ഇവയുടെ സാ
ഹിത്യം, സപ്തമി, ചതുൎത്ഥി ബഹുവചനങ്ങളെ എഴുതുക.

16. പരീക്ഷ.

1. വിഭക്തി എന്നാൽ എന്തു? ഒരു പദം മറെറാന്നിനോടു അന്വയി
ക്കുന്നു എന്നു പറഞ്ഞാൽ അൎത്ഥം എന്തു? 8. നാമത്തോടു അന്വയിക്കുന്ന വിഭ
ക്തി ഏതു? 4. ക്രിയയോടു അന്വയിക്കുന്ന വിഭക്തികൾ എവ? 5. വിഭ
ക്തികളെ പ്രഥമ, ദ്വിതീയ, തൃതിയ എന്നിങ്ങിനെ എന്തിന്നു പേർ വിളിക്കുന്നു.
6. സംബോധന ഇല്ലാത്ത ശബ്ദങ്ങൾ ഏവ? 7. മരത്തോടു എന്നതിൽ ഓടു എ
ന്ന പ്രത്യയത്തെ ഏതിനോടു ചേൎത്തിരിക്കുന്നു? 8. ആദേശരൂപമെന്നാൽ എന്തു?

പതിനാറാം പാഠം.

(i.) ബലക്രിയ, അബലക്രിയ, ധാതു.

68. ക്രിയാപദം എന്തെന്നും അൎത്ഥത്തെ അനുസരിച്ചു
അതിനെ സകൎമ്മകമെന്നും അകൎമ്മകമെന്നും രണ്ടു തരങ്ങളാ
യി ഭാഗിക്കാമെന്നും മേൽവിവരിച്ചുവല്ലോ. ഇപ്പോൾ ക്രിയ
യുടെ പ്രകൃതിരൂപത്തെ ആശ്രയിച്ചുള്ള ഭേദങ്ങളെ പറയുന്നു.

69. അകലുക, അറിയുക, ആക, ആഴുക, ഇഴയുക, ഈ
രുക, ഉണ്ണുക, ഉഴുക, ഊറുക, ഊറ്റുക, എരിയുക, എണ്ണുക,
ഏറുക, ഏലുക, കരക ഈ ക്രിയകൾ ക എന്ന അക്ഷര
ത്തിൽ അവസാനിക്കുന്നു. അലക്ക, അരക്ക, ആക്ക, അടിക്ക, [ 55 ] ഇറക്ക, ഊന്നിക്ക, എണ്ണിക്ക, പഠിക്ക, അടക്ക, എടുക്ക, കൊ
ടുക്ക, വലക്ക, വളക്ക, ക്ഷമിക്ക ഇവ ക്ക എന്ന അക്ഷരത്തിൽ
അവസാനിക്കുന്നു.

ക്രിയയുടെ പ്രകൃതി ക്ക എന്നതിൽ അവസാനിച്ചാൽ
അതിനെ ബലക്രിയയെന്നും ക എന്നതിൽ അവസാനി
ച്ചാൽ അതിനെ അബലക്രിയ എന്നും പറയും.

70. ക്രിയാപ്രകൃതിയുടെ അന്തത്തിലെ ക, ക്ക എന്ന
പ്രത്യയങ്ങളെ നീക്കിയതിന്റെ ശേഷമുള്ള രൂപത്തിന്നു ധാതു
എന്നു പറയും. ശബ്ദത്തിന്റെ എറ്റവും ചെറുതായ രൂപം
അത്രേ ധാതു. അതിന്നു പല രൂപഭേദങ്ങളുണ്ടായിട്ടത്രേ
ശബ്ദങ്ങൾ ഉണ്ടാകുന്നതു. അടി, വിളി, മറ, പറ, കൊടു,
എടു, ആ, വരു, ഇരു ഇവ ധാതുക്കൾ ആകുന്നു.

(ii) കാലങ്ങൾ.

71. ക്രിയാപദം കാണിക്കുന്ന പ്രവൃത്തിയുടെ കാലം സൂ
ചിപ്പിപ്പാനായിട്ടു അതിന്നു മുന്നു രൂപങ്ങൾ ഉണ്ടെന്നും അവ
ക്കു വൎത്തമാനം, ഭൂതം, ഭാവി എന്ന പേരുകളുണ്ടെന്നും ഏഴാം
പാഠത്തിൽ പറഞ്ഞുവല്ലോ. ഈ കാലരൂപത്തിന്നുള്ള പ്ര
ത്യയങ്ങളെ ഇപ്പോൾ പറയുന്നു.

വൎത്തമാനകാലം.

72. ക്രിയാപ്രകൃതിയോടു 'ഉന്നു' പ്രത്യയം ചേൎത്തു വൎത്ത
മാനകാലത്തെ ഉണ്ടാക്കും.
i. അബലക്രിയാപ്രകൃതി–പോകുന്നു, ചാകുന്നു, ആകുന്നു.
ii. ബലക്രിയാപ്രകൃതി–തടിക്കുന്നു, കളിക്കുന്നു, പഠിക്കു
ന്നു, മാനിക്കുന്നു, കൊടുക്കുന്നു.

78. അബലക്രിയകളിൽ ഉന്നു പ്രായേണ ധാതുവിനോടു
ചേൎന്നുവരും.–വരുന്നു, തളരുന്നു, തുടങ്ങുന്നു, ഉറങ്ങുന്നു. [ 56 ] 18. അഭ്യാസം.

i. എടുക്കു, തളിക്കു, അടിക്കു, കൊടുക്ക, സമ്മതിക്ക, അനുസരിക്ക, പൂക്കു,
പകക്കു, ചതിക്കു. ഇവയുടെ വൎത്തമാനകാലങ്ങൾ പറക.
ii. തുപ്പൂ, പറ, തിര, ഇട, തട, തുടങ്ങു, പണി, പൊളിയു, തെളിയു,
വാങ്ങ, ആടു, ഏറു, മാടു. ഇവയോടു ഉന്നു ചേൎത്തു വൎത്തമാനകാലം ഉണ്ടാക്ക.

ഭാവികാലം.

74. പ്രകൃതിയോടു ഉം പ്രത്യയം ചേൎത്താൽ ഒന്നാം ഭാവി
യും ഉ (ഊ) പ്രത്യയം ചേൎത്താൽ രണ്ടാം ഭാവിയും ഉണ്ടാകും.
i. ആകും, പോകും, അടിക്കും. അലക്കും, പറക്കും, കളിക്കും.
ii.ആകൂ, ആവൂ പോകൂ പോവൂ, ജയിപ്പൂ, പറയൂ വരൂ.

ഭാവിയിൽ അബലപ്രകൃതികളോടു ദുൎല്ലഭമായും ബലപ്ര
കൃതികളോടു നിത്യമായും പ്രത്യയങ്ങൾ ചേരും. അബലപ്ര
കൃതികളിൽ ഭാവിയുടെയും വൎത്തമാനത്തിന്റെയും പ്രത്യയ
ങ്ങൾ പ്രായേണ ധാതുവിനോടു ചേരും.
വൎത്തമാനം. വീശുന്നു. ചാടുന്നു. ഓടുന്നു.വീഴുന്നു, ഇളകുന്നു,
വളരുന്നു.
ഭാവി. വീശും, ചാടും, ഓടും, വീഴും, ഇളകും, വളരും.

19. അഭ്യാസം.

1. ആകും, ഉതകുന്നു, പുറപ്പെടും, പ്രവാഹിക്കുന്നു, ഓടും, പൊട്ടുന്നു, തുടങ്ങും,
എടുക്കുന്നു, കൊള്ളുന്നു, പോകും, കയറ്റുന്നു, കാട്ടും, ചുമക്കുന്നു, അടിക്കും, വരു
ന്നു, ആം, പോം, ചാം. (i) ഇവയുടെ കാലങ്ങളെ പറക. (ii) ഭാവിരൂപ
ത്തിലുള്ളവയുടെ വൎത്തമാനരൂപവും വൎത്തമാനത്തിലുള്ളവയുടെ ഭാവിരൂപവും
എഴുതുക. (iii) ഈ ക്രിയകളെ അബലക്രിയകളായും ബലക്രിയകളായും വക
തിരിച്ചെഴുതുക, ഇവയുടെ ധാതുക്കളെയും പറക.

2. തേടുക, തടുക്കുക, നടക്കുക, തൂങ്ങുക, നില്ക്കുക, വിറക്ക, ചാടുക, ആ
റുക, ജപിക്ക, തൊടുക. ഇവയുടെ ഭാവിരൂപങ്ങളെ എഴുതുക. [ 57 ] 3. അടുക്ക, അറിയിക്ക, കൊടുക്ക, ഗണിക്ക, ചെയ്ക, ചോദിക്ക, പോക,
യോജിക്ക, നിയമിക്ക, ലജ്ജിക്ക, വരിക, വളരുക. ഇവയുടെ വൎത്ത്പമാനരൂ
പങ്ങളെ എഴുതുക.

(iii.) ഭൂതകാലം.

75. ഭൂതകാലത്തിന്നു ഇ, തു എന്ന രണ്ടു പ്രത്യയങ്ങൾ
ഉണ്ടു. ഇവ സാധാരണയായി ധാതുവിനോടു ചേൎന്നുവരും.

ഇ പ്രത്യയം.

ആക-ആകി. ആക്കു-ആക്കി. തിങ്ങു-തിങ്ങി. തിക്കു-തിക്കി.
ഇളക-ഇളകി. ഇളക്കു-ഇളക്കി. മുങ്ങു-മുങ്ങി. മുക്കു-മുക്കി.

തു പ്രത്യയം.

ചെയ്-ചെയ്തു. പണി-പണിതു. പൊരു-പൊരുതു
കൊയ്-കൊയ്തു. പെയ്-പെയ്തു.

20. അഭ്യാസം

1. ആറു, ഊറു, ഏറു, പാറു, പാക, തുക, തേകു, വൈക, ഏക,
ആടു, ഓടു, ചാടു, പാടു, മാടു, മൂടു. ഇവയോടു ഈ പ്രതൃയം ചേൎത്തു ഭൂതകാലം
ഉണ്ടാക്ക.

2. ആക്കു, നക്കു, നോക്കു, പെരുക്കു, നല്കു, കാച്ചു, കുത്തു, കൊത്തു, ചെത്തു,
ഒപ്പു, തപ്പു, തുപ്പു, കിട്ടു, കെട്ടു, ഞെട്ടു, പൂട്ടു, തട്ടു, വെട്ടു, ഏങ്ങു, ഇണങ്ങു
തുങ്ങു ഉറങ്ങു, ഞടുങ്ങു, വിളങ്ങു, നടുങ്ങു, പൊങ്ങു, കെഞ്ചു, മിഞ്ചു, റാഞ്ചു,
മണ്ടു, തോണ്ടു, ചൂണ്ടു, ചീന്തു, മാന്തു നീന്തു, തള്ളു, നുള്ളു, ചൊല്ലു, കൂമ്പു, കല
മ്പു, വിളമ്പു, അമ്പു. ഇവയോടു ഇ പ്രത്യയം ചേൎത്തു ഭൂതകാലം ഉണ്ടാക്ക.

3. എയ്, കൊയ്, ചെയ്, നെയ്, പണി, പൊരു, പെയ് ഇവയോടു
തു പ്രത്യയം ചേൎത്തു ഭൂതകാലം ഉണ്ടാക്ക.

76. തു പ്രത്യയം പലപ്രകാരത്തിലും മാറും.

തു എന്നതു (1) ത്തു, (2) ച്ചു, (3) ഞ്ഞു (4) ന്നു, (5) നൂ,
(6) ണ്ടു (7) ട്ടു, (8) ണു (9) ണ്ണു (10) റ്റു എന്നിങ്ങിനെ
മാറുന്നു. [ 58 ] (i) ത്തു. കൊടുത്തു. പകുത്തു, എടുത്തു, പഴുത്തു, മണത്തു.
(ii.) ച്ചു. അടിച്ചു, ഇടിച്ചു, പഠിച്ചു, പൊടിച്ചു, വളച്ചു.
(iii.) ഞ്ഞു. അണഞ്ഞു, ഇടിഞ്ഞു, ഉടഞ്ഞു, ഒഴിഞ്ഞു,
കളഞ്ഞു.
(iv) ന്നു. കടന്നു, തുറന്നു, ഇരന്നു, കറന്നു, പറന്നു.
(v.) ന്തു. നൊന്തു, വെന്തു.
(vi) ണ്ടു. ആണ്ടു, നീണ്ടു, വറണ്ടു, ഇരുണ്ടു, പിരണ്ടു, വാ
ണ്ടു, പിരണ്ടു, ഉരുണ്ടു, മുരണ്ടു, ചുരുണ്ടു.
(vii.) ട്ടു. തൊട്ടു, ഇട്ടു, ചുട്ടു, പെട്ടു, നട്ടു, പട്ടു.
(viii) ണു. വാണു, വീണു, കേണു, ആണു, താണു, കേണു.
(ix.) ണ്ണു. കവിണ്ണു, അമിണ്ണു, മകിണ്ണു, പുകണ്ണു.
(x) റ്റു. അറ്റു, വിറ്റു, പെറ്റു, നോററു, ഏറ്റു, തററു,
തോറ്റു.

21. അഭ്യാസം.

1. എടു, കൊടു, തടു, അടു, മണ, കന, ബല, വെളു, പെടു, വെറു, പഴു,
പാർ, തകർ, വിയർ, കൂർ, ഉടു, തണു, എതിർ, കൊഴു. ഇവയോടു ത്തു ചേ
ൎത്തു ഭൂതകാലം ഉണ്ടാക്ക.

2. അടി, ഒലി, അരി, കുടി, കളി, തളി, പറി, ചമ, നര, തിള, പഠി,
ഗമി, മാനി, വ്യസനി, സുഖി, തടി, കുളി, ചിരി. ഇവയോടു ചേൎത്തു ഭൂത
കാലം ഉണ്ടാക്ക.

3. അട, ഇട, ഉട, കട, കര, തിര, മറ, പറ, പൊടി, തെ(യ്), ചാ(യ്),
മാ(യ്). ഇവയോടു ചേൎത്തു ഭൂതകാലം ഉണ്ടാക്ക.

4. അക, അള, ഇര, കട, കിട, നിര, പര, മറ, കറ, പറ ഇവയോടു
ന്നു ചേൎത്തു ഭൂതകാലം ഉണ്ടാക്ക.

5. ഇടു, കെടു, തൊടു, കേൾ, വേൾ, വരൾ, കരൾ, തിരൾ, കേഴ്. ഇവ
യുടെ ഭൂതത്തെ പറക.

6. എൽ, പെർ, അർ, തോൽ, വെൽ, വീഴ്, കമിഴ്, മുതിർ, വളർ. ഇവ
യുടെ ഭൂതകാലത്തെ പറക. [ 59 ] 17. പരീക്ഷ.

1. ക്രിയക്കു എത്ര കാലങ്ങൾ ഉണ്ടു? 2. വൎത്തമാനകാലത്തിന്നു പ്രത്യയം
എന്തു? 3. തു കാരം എങ്ങിനെ മാറിപ്പോകും? ഉദാഹരണങ്ങളെ പറക.
4. ധാതു എന്നാൽ എന്തു? 5. ഏതു കാലത്തിൽ ധാതുവിനോടു പ്രത്യയം ചേ
ൎക്കും? 6. പ്രകൃതിക്കും ധാതുവിന്നും തമ്മിൽ ഭേദം എന്തു?

പതിനേഴാം പാഠം.

(i) പുരുഷന്മാർ, വിധി.

77. സംസാരിക്കുന്ന ആൾ, ആയാൾ ആരോടു സംസാ
രിക്കുന്നുവോ ആയാൾ, സംസാരിക്കുന്ന വിഷയം, ഇങ്ങിനെ
മൂന്നു കൂട്ടം സംഭാഷണത്തിൽ അടങ്ങിയിരിക്കും.

78. സംസാരിക്കുന്ന ഞാൻ [ഞങ്ങൾ, നാം] ഉത്തമ
പുരുഷനും, ആരോടു സംസാരിക്കുന്നുവോ ആ ആളായ
നീ [നിങ്ങൾ] മദ്ധ്യമപുരുഷനും, ശേഷം പ്രഥമപുരുഷ
നും ആകുന്നു.

ഉത്തമപുരുഷൻ. ഞാൻ എഴുതുന്നു, നാം മരിക്കും, ഞ
ങ്ങൾ എത്തി.

മദ്ധ്യമപുരുഷൻ. നീ വരും, നിങ്ങൾ പാഠങ്ങൾ പഠി
ക്കുവിൻ.

പ്രഥമപുരുഷൻ. അവൻ പോയി, അവൾ വന്നു, രാമൻ
കളിച്ചു.

79. ഈ മൂന്നു പുരുഷന്മാരെ അനുസരിച്ചു അവരോടു
അന്വയിച്ചു വരുന്ന ക്രിയകളെയും അതാതു പുരുഷക്രിയ
എന്നു പറയുന്നു.'ഞാൻ പോകുന്നു' എന്നതിൽ 'പോകുന്നു'
എന്നതു ഉത്തമപുരുഷക്രിയ. 'നിങ്ങൾ വന്നു' എന്നതിൽ
'വന്നു' എന്നതു മദ്ധ്യമപുരുഷക്രിയ. 'മഴ പെയ്തു' എന്നതിൽ
'പെയ്തു' എന്നതു പ്രഥമപുരുഷക്രിയ. [ 60 ] 80. ഈ പുരുഷഭേദങ്ങളെ കാണിപ്പാനായിട്ടു ക്രിയാപദ
ത്തോടു പ്രത്യയങ്ങൾ പണ്ടു ഉപയോഗിച്ചിട്ടുണ്ടായിരുന്നു.
ഇതു പാട്ടിൽ ഇപ്പോൾ കാണാം. എന്നാൽ സംഭാഷണ
ത്തിൽ ഉപയോഗമില്ല.

ഉദാഹരണം.

(i.) ഉത്തമപുരുഷൻ.

ശങ്കാവിഹീനം പറഞ്ഞു തരുവെൻ ഞാൻ.
ഞാനിഹ നന്നായ്ഭുജിപ്പതിന്നായി വന്നീടിനേൻ.
ആചാരമല്ലാതെ ചൊന്നേൻ.

(ii.) മദ്ധ്യമപുരുഷൻ.

പോകുന്നായ്.

(iii.) പ്രഥമപുരുഷൻ.

ധന്യശീലയാം അവൾ മെല്ല വെ ചൊല്ലീടിനാൾ.
ഉത്തമനായുള്ളൊരു പുത്രനെ പെറ്റാൾ അവൾ.
നല്ല നാം മന്ത്രിവിശിഖാഖ്യനും ചൊന്നാൻ അപ്പോൾ.
രാക്ഷസൻഅതുകാലം ഉൾക്കാമ്പിൽ നിരൂപിച്ചാൻ.
ഈവണ്ണം കല്പിച്ചവർ ആക്കിനാർ അവനെയും.
ദേവനാരികൾ പാട്ടമാട്ടവും തുടങ്ങിനാർ.
അങ്ങിനെ തന്നെയെന്നു കുന്തിയുമുരചെയ്താൾ.

(ii.) വിധി.

നീ പറ, നിങ്ങൾ വരുവിൻ, ഞാൻ പോകട്ടെ, അവൻ
വരട്ടെ, അതു നില്ക്കട്ടെ.

81. ഇവിടെ ക്രിയകൾ, കല്പന, അപേക്ഷ, അനുവാദം
എന്ന അൎത്ഥത്തെ കാണിക്കുന്നു. ഈ അൎത്ഥത്തെ കാണി
ക്കുന്ന ക്രിയാരൂപത്തിന്നു വിധി എന്നു പറയും. [ 61 ] 82. വിധിയിൽ മദ്ധ്യമപുരുഷൈകവചനത്തിൽ ക്രിയാ
പ്രകൃതി മതി. ബഹുവചനത്തിൽ ഇൻ പ്രത്യയം വരും.
ഉത്തമപ്രഥമപുരുഷന്മാരിൽ ട്ടെ എന്ന പ്രത്യയം ചെൎക്കും.

നീ വരിക, വാ. നിങ്ങൾ ഇരിക്കുവിൻ.
ഞാൻ
ഞങ്ങൾ
നാം
വരട്ടെ. അവൻ
അവൾ
അവർ
വരട്ടെ.

83. വിധിരൂപങ്ങൾ വൎത്തമാനകാലത്തെയോ ഭാവികാ
ലത്തെയോ കാണിക്കും.

22. അഭ്യാസം.

1. രാമൻ വരട്ടെ. 2. നിങ്ങൾ പോവിൻ. 3. മഴ പെയ്യട്ടെ. 4. കൃഷ്ണൻ
പറയട്ടെ. 5. നിങ്ങൾ നില്പിൻ. 6. വാ. 7. താ. 8. പറ. 9. ചെയ്യ്.
ഇവിടെയുള്ള ക്രിയാപദങ്ങളുടെ പുരുഷന്മാരെ പറക.

18. പരീക്ഷ.

1. പുരുഷൻ എന്നാൽ എന്തു? 2. ഉത്തമപുരുഷൻ എന്നത്തിനെ വിവരി
ക്കുക. 3. മദ്ധ്യമപുരുഷനെ കാണിക്കുന്ന സൎവ്വനാമം ഏതു? 4. പ്രഥമപു
രുഷൻ എന്നാൽ എന്തു? 5. പുരുഷഭേദങ്ങളെ കാണിക്കുന്ന ക്രിയാരൂപങ്ങ
ളെ പറക. 6. വിധി എന്നാൽ എന്തു? 7. വിധിപ്രത്യയങ്ങളെ പറക.
8. വിധി ഏതു കാലം കാണിക്കും?

പതിനെട്ടാം പാഠം.

(i.) നിഷേധക്രിയ.

1. രാമൻ വരും. 2. രാമൻ വരാ.

84. ഈ വാക്യങ്ങളിൽ ആദ്യത്തേതു രാമന്റെ വരവു
ഉണ്ടാകുമെന്നും രണ്ടാമത്തേതു രാമന്റെ വരരു ഉണ്ടാകയില്ലെ
ന്നും കാണിക്കുന്നു. ഈ ഭേദം ക്രിയാരൂപഭേദനിമിത്തമാക
യാൽ ക്രിയ നടക്കുന്നു എന്നു കാണിക്കുന്ന രൂപത്തിന്നു ഭാവ. [ 62 ] ക്രിയ * എന്നും, ക്രിയ നടക്കയില്ലെന്നു കാണിക്കുന്ന രൂപത്തി
ന്നു നിഷേധക്രിയ എന്നും പേർ.

ഭാവക്രിയ: നിഷേധക്രിയ:
മഴ പെയ്യും. മഴ പെയ്യാ.
പട നില്ക്കും. പട നില്ലാ.
കൂടുന്നു. കൂടായിന്നു.
പോകുന്നു. പോകായിന്നു.
കൊടുത്തു. കൊടാഞ്ഞു.
പറഞ്ഞു. പറയാഞ്ഞു.

85. ഇപ്പോൾ ആഖ്യാതത്തെ നിഷേധിപ്പനായിട്ടു ഇല്ല,
അല്ല, വേണ്ട മുതലായ ക്രിയകളെ ഭാവക്രിയകളോടു ചേ
ൎക്കുന്നു.

രാമൻ വരുന്നു. രാമൻ വരുന്നില്ല.
കൃഷ്ണൻ വന്നു. കൃഷ്ണൻ വന്നില്ല.
സീത വരും. സീത വരില്ല (=വരികയില്ല).
നീ വാ. നീ വരേണ്ട.
നിങ്ങൾ പോവിൻ. നിങ്ങൾ പോകേണ്ട.
കോരൻ ഓടിയവൻ. കോരൻ ഓടിയവനല്ല.

86. മേലുള്ള ഉദാഹരണങ്ങളിൽനിന്നു ക്രിയാഖ്യാതത്തെ
നിഷേധിപ്പാൻ ഇല്ല എന്ന പദവും നാമാഖ്യാതത്തെ നിഷേ
ധിപ്പാൻ അല്ല എന്ന പദവും വിധിരൂപങ്ങളെ നിഷേധി
പ്പാൻ വേണ്ട എന്ന പദവും ഉപയോഗിക്കും എന്നറിയാം.

[ജ്ഞാപകം: നിഷേധം ആഖ്യാതത്തെ സംബന്ധിച്ചിരിക്കകൊണ്ടും 'കൂടു
ന്നില്ല' എന്നതു കൂടായിന്നു എന്നതിന്നു തുല്യമായിരിക്കകൊണ്ടും 'ഇല്ല', 'വേണ്ട'
എന്ന പദങ്ങൾ ചേൎന്ന ക്രിയകളെ തന്നേ ആഖ്യാതമായിട്ടു എടുക്കേണം. 'അ
ല്ല' എന്നതു ചേൎന്ന നാമത്തെയും ആഖ്യാതമായിട്ടു എടുക്കേണം.] [ 63 ]
ആഖ്യ: ആഖ്യാതം:
സീത. വരികയില്ല.
നിങ്ങൾ. പോകേണ്ട.
കോരൻ. മൂഢനല്ല.

23. അഭ്യാസം.

10-ാം അഭ്യാസത്തിലേ വാക്യങ്ങളിൽ ഉള്ള ക്രിയകളെ നിഷേധക്രിയ
യാക്കുക.

11-ാം അഭ്യാസത്തിലെ വാക്യങ്ങളെ നിഷേധവാക്യങ്ങളാക്കുക.

(ii.) പൂൎണ്ണക്രിയ, അപൂൎണ്ണക്രിയ.

1. രാമൻ വന്നു. 2. രാമൻ വന്ന കാൎയ്യം സാധിച്ചു.

87. ഇവിടെ ഒന്നിൽ 'വന്നു' എന്ന പദത്തിന്റെ അൎത്ഥം
വേറെ പദങ്ങളുടെ ആശ്രയം കൂടാതെ തന്നേ പൂൎണ്ണമായ്വ
രുന്നു. 'രാമൻ വന്ന' എന്നു മാത്രം പറയുന്നതായാൽ വാക്യ
ത്തിൽ ആകാംക്ഷ ഇല്ലാതായി ഇനിയും എന്തോ പറവാനു
ണ്ടെന്നു തോന്നിപ്പിക്കുന്നു. അതുകൊണ്ടു 'വന്ന' എന്നതി
ന്റെ അൎത്ഥം പൂൎണ്ണമാവാൻ വേറെ പദങ്ങൾ ആവശ്യം.
ആകയാൽ 'വന്നു' എന്നതിനെ പൂൎണ്ണക്രിയ എന്നും 'വന്ന'
എന്നതിനെ അപൂൎണ്ണക്രിയ എന്നും പറയും.

88. ത്രികാലങ്ങളും വിധിയും പൂൎണ്ണക്രിയാരൂപങ്ങൾ ആ
കുന്നു.

(iii.) ശബ്ദന്യൂനം.

89. ക്രിയാരൂപത്തിന്റെ അൎത്ഥം പിൻവരുന്ന നാമ
ത്താൽ പൂൎണ്ണമായ്വരുന്നു എങ്കിൽ അതിന്നു ശബ്ദന്യൂനം
എന്നു പറയും.

'രാമൻ വന്ന കാൎയ്യം സാധിച്ചു' എന്നതിൽ 'വന്ന' എന്ന
തിന്റെ അൎത്ഥം കാൎയ്യമെന്നതിനാൽ പൂൎണ്ണമായ്വരുന്നതുകൊ
ണ്ടു അതിനെ ശബ്ദന്യൂനം എന്നു പറയുന്നു. [ 64 ] 90. വൎത്തമാനത്തിന്റെ രൂപത്തോടു അ പ്രത്യയം
ചേൎത്താൽ വൎത്തമാനശബ്ദന്യൂനവും ഭൂത്രരൂപത്തോടു അ
പ്രത്യയം ചേൎത്താൽ ഭൂതശബ്ദന്യൂനവും ഉണ്ടാകും. ഭാവി
ശബ്ദന്യൂനത്തിന്നു പ്രത്യയം ഇല്ല. ഭാവിരൂപം തന്നേ മതി.

വൎത്തമാനശബ്ദന്യൂനം: ഓടുന്ന, ചാടുന്ന, പഠിക്കുന്ന, ഒഴുകുന്ന.
ഭൂതശബ്ദന്യൂനം: പാടിയ, ചെയ്തു, പഠിച്ച, ഒഴുകിയ.
ഭാവിശബ്ദന്യൂനം വരും, തരും, ഉറങ്ങും.

[ജ്ഞാപകം: ശബ്ദന്യൂനങ്ങൾ നാമത്തോടു അന്വയിക്കുന്നു.]

24. അഭ്യാസം.

1. രാമൻപറഞ്ഞ വാക്കു അവൻ കേട്ടു. 2. അവൻ വേട്ടക്കു പോകുമ്പോൾ
വാളെടുത്തില്ല. 3. അവൻ പടിവാതില്ക്കൽ എത്തിയ ഉടനേ ഭിക്ഷക്കാരെ
കണ്ടു. 4. ഒച്ചകൊണ്ടു ആ ദിക്കൊക്കെയും മുഴങ്ങിപ്പോയി. 5. കുട്ടി പറയുന്ന
വാക്കു കേട്ടാൽ ചിരിയാകും. 6. ആയാൾ രോഗം പിടിച്ച ആ സാധുക്കുട്ടി
യുടെ മുഖത്തു മിഴിച്ചു നോക്കി. ഈ വാക്യങ്ങളിലെ ശബ്ദന്യൂനങ്ങളെ കാണി
ക്ക. ഓരോന്നു ഏതു നാമത്താൽ പൂൎണ്ണമായ്വരുന്നുവെന്നും എന്തു കാലം കാണി
ക്കുന്നുവെന്നും പറക.

(iv.) ക്രിയാപുരുഷനാമങ്ങൾ.

91. ശബ്ദുന്യൂനത്തോടു അവൻ, അവൾ, അതു അല്ലെ
ങ്കിൽ ഇവൻ, ഇവൾ, ഇതു എന്ന സൎവ്വനാമങ്ങൾ ചേൎന്നു
വന്നാൽ ഉണ്ടാകുന്ന രൂപത്തിന്നു ക്രിയാപുരുഷനാമം
എന്നു പറയും.

വൎത്തമാനക്രിയാപുരുഷനാമം:

നടക്കുന്നവൻ, പോകുന്നവൾ, വരുന്നതു, ഇരിക്കുന്നവൻ,
ചെയ്യുന്നവൾ, പായുന്നിതു, കേൾക്കുന്നവർ.

ഭൂതക്രിയാപുരുഷനാമം:

നടന്നവൻ, പോയവൾ, വന്നതു, ഇരുന്നവൻ, ചെയ്ത
വൾ, പാഞ്ഞിതു, കേട്ടവർ. [ 65 ] ഭാവിക്രിയാപുരുഷനാമം:

നടക്കുമവൻ, നടക്കുവവൻ, നടപ്പോൻ.

25. അഭ്യാസം.

1. വരുന്നവൻ ആർ? 2. വീണതു രാമൻ. 3. പറഞ്ഞതു കാൎയ്യമല്ല.
4. ഈ ചെയ്തതു പാപം. 5. ഞാൻ നിണക്കു മനോഹരമായതു പലതും കാട്ടി
ത്തരാം. 6. ആർ ഇന്നു വരാഞ്ഞതു? ഈ വാക്യങ്ങളിലെ ക്രിയാപുരുഷനാമ
ങ്ങളെ കാണിക്ക.

(v.) ക്രിയാന്യൂനം.

92. പിൻവരുന്ന ക്രിയയാൽ അൎത്ഥം പൂൎണ്ണമായ്വരുന്ന
അപൂൎണ്ണക്രിയക്കു ക്രിയാന്യൂനം എന്നു പേർ. വൎത്തമാന
ഭൂതകാലങ്ങളിലെ ക്രിയാന്യൂനത്തിന്നു പ്രത്യേകമായി പ്രത്യയ
ങ്ങളില്ല. ഭാവിയിൽ ആൻ എന്ന പ്രത്യയം വരും.

വൎത്തമാനക്രിയാന്യൂനം.
രാമൻ വരുന്നുണ്ടു. കൃഷ്ണൻ പാഠം പഠിക്കുന്നുണ്ടു. ഞാൻ
പോകുന്നില്ല.
[ജ്ഞാപകം: വൎത്തമാനക്രിയാന്യൂനം വൎത്തമാനകാലത്തിന്റെ രൂപത്തോടു
ഒക്കുന്നു എങ്കിലും അതിന്റെ അൎത്ഥം പിൻവരുന്ന ഉണ്ടു, ഇല്ല എന്ന പദങ്ങ
ളാൽ പൂൎണ്ണമായ്വരും.]
ഭൂതക്രിയാന്യൂനം.
1. കൃഷ്ണൻ വന്നുപോയി. 2. കുട്ടി കിടന്നുറങ്ങി. 3. രാമൻ
കണ്ണുരുട്ടിച്ചോദിച്ചു. 4. ഒരു വഴിപോക്കൻ അവരെ കണ്ടിട്ടു
പറഞ്ഞു. 5. അവൻ ബുദ്ധിമാനാകാതേ വരുന്നതല്ല.
ഭാവിക്രിയാന്യൂനം.
1. ഗുരുനാഥൻ കുട്ടിയോടു വായിപ്പാൻ കല്പിച്ചു. 2. കുട്ടി
പാഠം പഠിപ്പാൻ തുടങ്ങി. 3. ഞാൻ കളിക്കുവാൻ പോകുന്നു.
4. പുത്രന്റെ മുഖം കാണ്മാൻ അമ്മ കൊതിച്ചു. 5. കേൾ
പ്പാൻ ആശയുണ്ടെങ്കിൽ പറയാം. [ 66 ] 26. അഭ്യാസം.

1. അവൾ കെട്ടു താഴത്തു വെച്ചു ആ കുട്ടിയെ എടുപ്പാനായി മണ്ടി. അ
തിന്നു മുമ്പെ എരുതുകൾ അവളുടെ നേരെ പാഞ്ഞെത്തി അവളെ മുട്ടി തള്ളിയിട്ടു.
വണ്ടി അവളുടെ കാലിന്മേൽ കൂടി കയറിപ്പോയി. ഈ അപായം സംഭവിക്കു
ന്നതു നോക്കിക്കൊണ്ടു നിന്ന ദേശക്കാർ ഉടനെ ചെന്നു അവളെ എടുത്തു പൊ
ന്തിച്ചു. ഈ വാക്യങ്ങളിലെ അപൂൎണ്ണക്രിയകളെ എടുത്തു അവയിൽ ഓരോന്നു
ഏതേതു വിഭാഗത്തിൽ ചേരുമെന്നു പറക.

(vi.) സംഭാവന

കുട്ടികൾ പാഠങ്ങൾ പഠിച്ചാൽ അവൎക്കു സമ്മാനം കിട്ടും.

93. ഇവിടെ 'പഠിച്ചാൽ' എന്നതിന്റെ അൎത്ഥം 'അവ
ൎക്കു സമ്മാനം കിട്ടും'എന്ന വാക്യത്താൽ പൂൎണ്ണമായി വരുന്നു.
അതുകൊണ്ടു പഠിച്ചാൽ എന്നതു അപൂൎണ്ണക്രിയയാകുന്നു.
മേൽവാക്യത്തിൽ രണ്ടു സംഗതികൾ അടങ്ങിയിരിക്കുന്നു.
(i.) 'കുട്ടികൾ പാഠങ്ങളെ പഠിക്കുക' എന്നതും (ii) 'അവ
ൎക്കു സമ്മാനം കിട്ടുക' എന്നതും ആകുന്നു. ഇവ അന്യോന്യം
ആശ്രയിച്ചു നില്ക്കുന്നു, എന്നു പറഞ്ഞാൽ, ആദ്യം പറഞ്ഞ
സംഗതിയായ–'കുട്ടികൾ പാഠങ്ങളെ പഠിക്കുക'–എന്ന കാ
ൎയ്യം നടന്നാൽ മാത്രമേ രണ്ടാമതു പറഞ്ഞതായ–അവൎക്കു
സമ്മാനം കിട്ടുക'–എന്നതു നടക്കയുള്ളൂ. 'നീ വന്നാൽ
ഞാൻ പോകും' എന്നതിലും (1) 'നീ വരിക' (2) 'ഞാൻ
പോക’ എന്ന വാക്യങ്ങൾ അന്യോന്യം ആശ്രയിച്ചു നില്ക്കു
ന്നു. ആദ്യം പറഞ്ഞതു നടന്നാൽ രണ്ടാമത്തേതു നടക്കും.
'നിന്റെ വരവിന്നു ശേഷം എന്റെ ഗമനമുണ്ടാകും'. 'നി
ന്റെ വരവു മുമ്പേ ഉണ്ടാകേണം; പിന്നെ എന്റെ ഗമനം
ഉണ്ടാകും'. നീ വന്നാൽ ഞാൻ പോകും എന്നതിൽ ക്രിയ
കൾ ഒന്നിന്റെ ശേഷം മറ്റേതു നടക്കും എന്ന ബോധം
ഉണ്ടാക്കുന്നതുകൊണ്ടു അവക്കു തമ്മിൽ പൌൎവ്വാപൎയ്യ സംബ [ 67 ] ന്ധം ഉണ്ടെന്നു പറയും. 'വിഷം തിന്നാൽ മരിക്കും', ഇവിടെ
'വിഷം തിന്നുക' എന്നും 'മരിക്കുക' എന്നും രണ്ടു സംഗതി
കൾ ഉണ്ടു. അവയിൽ 'വിഷം തിന്നുക' എന്നതു കാരണ
ത്തെ കാണിക്കുന്നു; ഈ കാരണത്തിൽനിന്നുണ്ടാകുന്ന കാൎയ്യം
മരണം ആകുന്നു. അതുകൊണ്ടു തിന്നുക, മരിക്കുക എന്ന
ക്രിയകൾക്കു തമ്മിൽ കാൎയ്യകാരണസംബന്ധം (ഹേതുഫലം)
ഉണ്ടെന്നു പറയും.

94. പൌൎവ്വാപൎയ്യസംബന്ധംകൊണ്ടോ കാൎയ്യകാരണ
സംബന്ധംകൊണ്ടോ അന്യോന്യം ആശ്രയിച്ചു നില്ക്കുന്ന
ക്രിയകളിൽ കാരണത്തെയോ പൂൎവ്വം നടക്കേണ്ട സംഗതി
യെയോ കാണിക്കുന്ന ക്രിയാരൂപത്തിന്നു സംഭാവന എന്നു
പറയും.
പണം സമ്പാദിച്ചാൽ സുഖമായിരിക്കാം. എന്നതിൽ
പണം സമ്പാദിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നാം അറിയു
ന്നില്ല. സമ്പാദിച്ച അവസ്ഥയിൽ സുഖപ്രാപ്തിയാകും
എന്നു താൽപൎയ്യം. അതുകൊണ്ടു സംഭാവന ഭാവിയായി
അനിശ്ചിതമായ ഒരവസ്ഥയെ കാണിക്കുന്നു.

95. ഭൂതക്രിയാന്യൂനത്തോടു ആൽ പ്രത്യയം ചേൎത്തു
ഒന്നാം സംഭാവനയും ക്രിയാപ്രകൃതിയോടു ഇൽ പ്രത്യയം
ചേൎത്തു രണ്ടാം സംഭാവനയും ഉണ്ടാക്കുന്നു.
ഒന്നാം സംഭാവന: നടന്നാൽ, വന്നാൽ, എടുത്താൽ, തണു
ത്താൽ, കൊടുത്താൽ.
രണ്ടാം സംഭാവന: പോകിൽ, വരികിൽ. എടുക്കിൽ, തണു
ക്കിൽ, കൊടുക്കുകിൽ.

27. അഭ്യാസം.

1. താൻ ചത്തു മീൻ പിടിച്ചാൽ എന്തു ഫലം? 2. ഗുരുനാഥനരുൾചെ
യ്താൽ ഏതൃവാക്കു പറകൊല്ല. 3. താൻ വളൎത്താൽ വിഷവൃക്ഷമെന്നാകിലും, [ 68 ] താൻ മുറിക്കുന്നതു യോഗ്യമല്ലേതുമേ. 4. എല്ലു മുറിയേ പണിതാൽ പല്ലു മുറി
യേ തിന്നാം. 5. ചാരിയാൽ ചാരിയതു മണക്കും., 6. അപായങ്ങൾ വന്നാൽ
ഉപായങ്ങൾ വേണം. ഇവയിൽ ഉള്ള സംഭാവനകളെ കാണിക്ക; അവ
ഏതേതു ക്രിയയാൽ പൂൎണ്ണമാകുന്നുവെന്നു പറക.

(vii.) അനുവാദകം.

രാമൻ വന്നാലും ഞാൻ പോകയില്ല.

96. 'രാമൻ വന്നാലും' എന്നു പറഞ്ഞാൽ രാമന്റെ
വരവു ഉണ്ടാകും എന്നു സമ്മതിക്കുന്ന പക്ഷത്തിലും കൂടി
എന്റെ പോക്കു ഉണ്ടാകുന്നതല്ല എന്ന ബോധം ആകയാൽ
വന്നാലും എന്ന രൂപം സമ്മതത്തെയോ അനുവാദത്തെയോ
കാണിക്കുന്നു. സമ്മതത്തെ കാണിക്കുന്ന അപൂൎണ്ണക്രിയക്കു
അനുവാദകം എന്നു പേർ.
സംഭാവനയോടു ഉം പ്രത്യയം ചേർത്താൽ അനുവാദകം
ഉണ്ടാകും.
ഒന്നാം അനുവാദകം: വന്നാലും, ഇരുന്നാലും, പോയാലും.
രണ്ടാം അനുവാദകം: വരികിലും, ഇരിക്കിലും, പോകിലും.
[ജ്ഞാപകം: വിധിയുടെ അൎത്ഥത്തിൽ ഒന്നാം അനുവാദകത്തെ പൂൎണ്ണക്രിയ
പോലെ ഉപയോഗിക്കുന്നു. ഈ പ്രയോഗത്തിൽ അനുവാദകം അന്വയിക്കു
ന്ന പൂൎണ്ണക്രിയ സ്പഷ്ടമായി ഗ്രഹിപ്പാൻ കഴിയുന്നതുകൊണ്ടാകുന്നു അതു വിട്ടുക
ളയുന്നതു. വാസ്തവത്തിൽ അതു അപൂൎണ്ണക്രിയ തന്നേ.]
നിങ്ങൾ വന്നാലും നിങ്ങൾ വരുവിൻ (വിനയത്തോടുകൂടി).

28. അഭ്യാസം,

1. നീ എന്തു പറഞ്ഞാലും അവൻ കേൾക്കയില്ല. 2. അവൻ എത്ര കര
ഞ്ഞാലും ദുഷ്ടന്റെ മനസ്സിൽ ദയ തോന്നുമോ? 3. മുടക്കം എന്തുവന്നാലും
ഞാൻ ഈ പ്രവൃത്തി ഉപേക്ഷിക്കയില്ല. 4. തന്നെ തുളച്ചു കയറിട്ടാലും താൻ
സൂചിക്കുഴയിൽ നൂൽ കോൎത്തു വലിക്കയില്ല, 5. ചത്താലും പെറ്റാലും പുല
യുണ്ടു. 6, അവൻ വരികിലും എന്തു? ഇവയിലെ അനുവാദകങ്ങളെ കാ
ണിക്ക. [ 69 ] (viii.) ക്രിയാനാമങ്ങൾ.

97. ക്രിയാധാതുവിൽനിന്നുണ്ടായി വിഭക്തിപ്രത്യയങ്ങൾ
ധരിക്കുന്ന പദങ്ങൾ ക്രിയാനാമങ്ങൾ ആകുന്നു. ഇവക്കു
നാമത്തിന്റെയും ക്രിയയുടെയും ലക്ഷണങ്ങൾ ഉണ്ടായിരി
ക്കാം. എന്നാൽ ഇവക്കു കാലഭേദങ്ങളെ കാണിപ്പാനുള്ള
ശക്തിയില്ല.
രാമൻ പാഠങ്ങളെ പഠിക്കയാൽ ജയിച്ചു.
ഇവിടെ പഠിക്കയാൽ എന്നതു രാമൻ ചെയ്ത പ്രവൃത്തി
യെ കാണിക്കുന്നതു കൂടാതേ പാഠങ്ങളെ എന്ന കൎമ്മത്തെ
ആവശ്യപ്പെടുന്നതുകൊണ്ടു അതിന്നു ക്രിയാലക്ഷണം ഉണ്ടു.
ആൽ എന്ന തൃതീയാപ്രത്യയം ഉള്ളതുകൊണ്ടു നാമത്തിന്റെ
ലക്ഷണവും ഉണ്ടു.

29. അഭ്യാസം.

1. പോക തന്നേ ശുഭം. 2. ഭ്രമിച്ചീടുക യോഗ്യമല്ല. 3. ദൂതരെ കുല
ചെയ്ക ശാസ്ത്രത്തിൽ വിധിയില്ല. 4. കാൎയ്യമെന്തെടോ നാരിയെ ചതിക്കയാൽ.
5. നീ തുണയാകമൂലം ജയം വന്നു. 6. കളിക്കായ്കകൊണ്ടു സുഖക്കേടായി.
7. അതു കേൾക്കയിൽ ആഗ്രഹം ഉണ്ടു. ഇവിടെയുള്ള ക്രിയാനാമങ്ങളെ കാ
ണിക്ക. അവയുടെ വിഭക്തികളെ പറക.

(ix.) ഭാവരൂപം.

98. ചിലപ്പോൾ ഒരു ക്രിയാപ്രകൃതി വേറെ ക്രിയക
ളോടു ചേൎന്നു ക്രിയാവ്യാപാരത്തെ മാത്രാ കാണിച്ചു സ്വതന്ത്ര
മായി ആഖ്യയോ ആഖ്യാതമോ ആയിരിപ്പാൻ കഴിയാതേ
വരും. ഇതിന്നു ഭാവരൂപം എന്നു പറയും.
'വയറു നിറയ കുടിക്ക'. നിറയ എന്ന ക്രിയാപ്രകൃതി
കുടിക്ക എന്ന ക്രിയയോടു ചേരുന്നു. അതിന്നു കുടിക്ക എന്ന
തിനെ ആശ്രയിച്ചല്ലാതേ തനിയേ ആഖ്യാതമായി നില്പാൻ [ 70 ] കഴിയുന്നില്ല; അതുകൊണ്ടു അതു അപൂൎണ്ണക്രിയയാകുന്നു.
അതിന്നു കാലവും ഇല്ല. എന്നാൽ ക്രിയാവ്യാപാരത്തെ
മാത്രം കാണിക്കുന്നു.

എല്ലു മുറിയേ പണിതാൽ പല്ലു മുറിയേ തിന്നാം.
പാത്രം നിറയേ പാൽ പകൎക്ക.
മുറിയ, നിറയേ, എന്നവ ഭാവരൂപങ്ങൾ ആകുന്നു.
[ജ്ഞാപകം: ഇതു സാധാരണമായി ക്രിയാവിശേഷണമായിരിക്കും]. (108-
നോക്കുക).

30. അഭ്യാസം.

1. ചെമ്പുകൊണ്ടുള്ള രൂപം പഴുക്കച്ചുട്ടു. 2. അയമോദകം ചുകക്കവറുത്തു.
3. അവൻ മകനെ മുറുകെ തഴുകി. 4. വാനരജാതിയെ തെളിവോടു വര
ച്ചൊല്ലി. ഇവിടെ ഭാവരൂപങ്ങളെ പറക.

19. പരീക്ഷ.

1. പൂൎണ്ണക്രിയ അപൂൎണ്ണക്രിയ ഇവ തമ്മിൽ ഉള്ള ഭേദം എന്തു? 2. പൂൎണ്ണ
ക്രിയാരൂപങ്ങൾ ഏവ? 3. അപൂൎണ്ണക്രിയകൾ ഏവ? 4. ക്രിയാന്യൂനമെ
ന്നാൽ എന്തു? 5. ശബ്ദന്യൂനമെന്നാൽ എന്തു? ഇവ തമ്മിൽ ഭേദം എന്തു?
6. ക്രിയാപുരുഷനാമം എന്നാൽ എന്തു? ക്രിയാപുരുഷനാമത്തിന്നും ക്രിയാനാമ
ത്തിന്നും തമ്മിൽ ഭേദം എന്തു? 7. സംഭാവന എന്തെന്നു വിവരിക്കുക. 8. രാ
മൻ പഠിക്കയാൽ ജയിച്ചു, രാമൻ പഠിച്ചാൽ ജയിക്കും. ഇവയിലെ അപൂൎണ്ണ
ക്രിയകൾ ഏവയെന്നും എന്തെന്നും പറക. ഈ വാക്യങ്ങളുടെ അൎത്ഥത്തിൽ
ഭേദം എന്തു? 9. അനുവാദകം എന്നാൽ എന്തു? ഉദാഹരണം പറക. 10. ക്രി
യാനാമം എന്നാൽ എന്തു? 11. ഭാവരൂപം എന്നാൽ എന്തു? 12. ഇവ തമ്മിൽ
വ്യത്യാസം എന്തു? ഉദാഹരണങ്ങളെക്കൊണ്ടു തെളിയിക്ക.

പത്തൊമ്പതാം പാഠം.

(i.) ഗുണവചനം.

99. കുതിര ഓടും.
ഈ വാക്യത്തിൽ കുതിര എന്ന പദത്താൽ ആ ജാതിയി
ലുള്ള എല്ലാ കുതിരകളെയും കുറിച്ചു പറവാൻ കഴിയുന്നതു [ 71 ] കൊണ്ടു ആ വ്യക്തിയെ കുതിരജാതിയിലെ മറ്റു വ്യക്തിക
ളിൽനിന്നു തിരിച്ചറിയുവാനായിട്ടു അതിന്നുള്ള ചില ഗുണ
ങ്ങളെ പറയേണ്ടിവരും. അതിന്റെ നിറം വെളുത്തതാ
കുന്നു എങ്കിൽ 'വെളുത്ത കുതിര ഓടും' എന്നു പറയേണം.
വെളുത്ത എന്ന പദം കുതിരകളെ രണ്ടു തരങ്ങൾ ആ
ക്കുന്നു. ഒന്നിൽ വെള്ളക്കുതിരകളും മറ്റേതിൽ വെള്ളയല്ലാ
ത്ത കുതിരകളും അടങ്ങും. 'ചെറിയ വെള്ളക്കുതിര' എന്നു
പറയുന്നതായാൽ 'ചെറിയ' എന്ന പദം വെള്ളക്കുതിരകളെ
രണ്ടു തരങ്ങളാക്കുന്നു. ഒന്നിൽ ചെറിയ വെള്ളക്കുതിരകളും
മറ്റേതിൽ ഈ വിധമല്ലാത്ത വെള്ളക്കുതിരകളും അടങ്ങും. രാമ
ന്റെ ചെറിയ വെള്ളക്കുതിര എന്നു പറഞ്ഞാൽ പ്രസംഗം
രാമന്റെ കുതിരകളെ സംബന്ധിച്ചാകുന്നു എന്നും വെള്ള
എന്ന പദത്താൽ രാമന്റെ കുതിരകളെ രണ്ടു തരങ്ങളായി
വിചാരിച്ചു അവയിൽ വെള്ളക്കുതിരകളെ കുറിച്ചുമാത്രം പറ
യുന്നു എന്നും രാമന്റെ ചെറിയ വെള്ളക്കുതിര എന്നതുകൊ
ണ്ടു രാമനുള്ള വെള്ളക്കുതിരകളിൽ ചെറിയ കുതിരയെ കുറിച്ചു
പറയുന്നു എന്നും നമുക്കു അറിയാം.

100. കുതിരജാതിയിലെ എല്ലാ കുതിരകളെക്കാൾ വെള്ള
ക്കുതിരകൾ സംഖ്യയിൽ കുറയുമെന്നും, ചെറിയ വെള്ളക്കുതിര
കൾ വെള്ളക്കുതിരകളെക്കാൾ സംഖ്യയിൽ കുറയുമെന്നും പ്ര
ത്യക്ഷമല്ലോ. ആകയാൽ വെള്ള, ചെറിയ എന്ന പദങ്ങളെ
ഒരു നാമത്തോടു ചേൎത്താൽ അവ ആ ജാതിയിലെ വ്യക്തിക
ളുടെ സംഖ്യയെ കുറച്ചുകളകയും നാമത്തിന്റെ ഗുണങ്ങളെ
അധികമാക്കുകയും ചെയ്യും. ഈ വിധം പദങ്ങൾക്കു ഗുണ
വചനങ്ങൾ എന്നു പറയും.

വെള്ള, ചെറിയ, വലിയ, പുതിയ, നല്ല, വല്ല, പഴയ
ഇവ ഗുണവചനങ്ങൾ ആകുന്നു. [ 72 ] 31. അഭ്യാസം.

1. ചെറുകുട്ടികൾ നല്ല വാക്കുകൾ പറയേണം. 2. ഇഴജന്തുക്കൾ ചെറു
കുറുകാൽകൊണ്ടു ഇഴയുന്നു. 3. വലിയ ജനസമൂഹം ചെറിയ സ്ഥലത്തു കൂടി
യാൽ തമ്മിൽ തിക്കും തിരക്കും ഉണ്ടാകും. 4. പച്ച മാങ്ങ തിന്നേണ്ട. പഴുത്ത
മാങ്ങ തിന്നുവിൻ. 5. നെടിയ മനുഷ്യൻ കോടി വസ്ത്രം ഉടുത്തു പാഴ്പറമ്പിലെ
പൊട്ടകിണററിന്റെ അരികേ ഇരുന്നു പച്ചവെള്ളം കുടിച്ചു. 6. അരിയ
വില്ലാളി കൊടിയ ശത്രുക്കളോടു എതിൎത്തു. 7. തെളിഞ്ഞ പുതുവെള്ളം കുടിക്ക.
(1) ഇവയിൽ ഉള്ള ഗുണവചനങ്ങളെ പറക. (2) നല്ല, ഇളയ, പഴയ, കുറി
യ, നേരിയ, കറുത്ത, പച്ച, ഉരുണ്ട ഇവയെ ഓരോ നാമത്തോടു ചേൎത്തു വാ
ക്യങ്ങളെ ഉണ്ടാക്കുക.

(ii) വിശേഷ്യവിശേഷണങ്ങൾ.

101. അനേകവസ്തുക്കുൾക്കു സമമായ ഗുണങ്ങൾ ഉണ്ടെ
ങ്കിൽ ആ ഗുണസാമ്യം ഹേതുവായിട്ടു വസ്തുക്കളെ വൎഗ്ഗങ്ങൾ
ആക്കാമെന്നും ഗുണങ്ങൾ വസ്തുക്കളിലുള്ളവയെന്നും മൂമ്പെ
പറഞ്ഞിരിക്കുന്നു. ദ്രവ്യത്തിന്നു അനേകഗുണങ്ങളുള്ളവയിൽ
ഏവയെയാകുന്നു പ്രസംഗത്തിൽ ഗ്രഹിക്കേണ്ടതു എന്നു
കാണിപ്പാനായിട്ടു ഗുണവചനങ്ങളെ പ്രയോഗിക്കുന്നു. ഗുണ
വചനം ജാതിസംഖ്യയെ കുറക്കുകയും ഗുണസംഖ്യയെ അധി
കമാക്കുകയും ചെയ്യുന്നു. അപ്പോൾ ഗുണവചനം ഏതുനാ
മത്തോടു ചേൎന്നിരിക്കുന്നുവോ ആ നാമത്തെ വിശേഷിക്കുന്നു
എന്നു പറയും. ഒരു വസ്തുവിനെയോ വ്യാപാരത്തെയോ
സംബന്ധിച്ചു പറയുമ്പോൾ അതിന്റെ ഗുണങ്ങളെയോ
മറ്റുവല്ല സംഗതിയെയോ കാണിക്കുന്ന പദങ്ങൾ വിശേഷ
ണൾ ആകുന്നു. വിശേഷണം ഏതിനോടു ചേരുന്നുവോ
ആയതിനെ വിശേഷ്യം എന്നു പറയും.

വെള്ളക്കുതിര എന്നതിൽ കുതിര "വിശേഷ്യവും" വെള്ള
"വിശേഷണവും" ആകുന്നു. [ 73 ] 102. ഗുണവചനങ്ങളെല്ലാം വിശേഷണങ്ങളാ
കുന്നു.

103. നാമവിശേഷണങ്ങളിൽ ഗുണവചനങ്ങൾക്കു പുറ
മേ, ശബ്ദന്യൂനങ്ങളും നാമപദത്തിന്റെ ചില വിഭക്തികളും
അടങ്ങും.

ശബ്ദന്യൂനം: വരുന്ന കുട്ടിയെ ഞാൻ കണ്ടു.
വന്ന മനുഷ്യൻ പോയിട്ടില്ല.
വരും കാലത്തു സുഖമുണ്ടാകും.
പ്രഥമവിഭക്തി: 1. മേത്തരം മത്സ്യം.
2. ഉഗ്രൻ ദശാസ്യൻ.
ഷഷ്ഠി: 1. ദശരഥന്റെ പുത്രൻ.
2. രാമന്റെ രാജ്യം.
സപ്തമി: 1. നാട്ടിലെ വൎത്തമാനം.
2. യുദ്ധത്തിലെ ധൈൎയ്യം.

104. ഗുണവചനങ്ങൾ സംസ്കൃതഭാഷയിൽനിന്നു വന്ന
വയാണെങ്കിൽ അവക്കു ലിംഗവചനഭേദം ചിലപ്പോൾ വരാ
റുണ്ടു. വിശേഷണത്തെ വിശേഷ്യത്തോടു ചേൎപ്പാൻ ആയ
എന്ന ശബ്ദന്യൂനവും വരും. സുന്ദര എന്ന ഗുണവചനം
പുല്ലിംഗമായ വിശേഷ്യത്തോടു ചേരുമ്പോൾ സുന്ദരൻ എ
ന്നാകും.

പുല്ലിംഗം:
സുന്ദരനായ പുരുഷൻ, സുന്ദരന്മാരായ പുരുഷന്മാർ,
ഗുണവാനായ രാജാവു, ഭയങ്കരനായ രാക്ഷസൻ.

സ്ത്രീലിംഗം:
സുന്ദരിയായ സ്ത്രീ, സുന്ദരിമാരായ സ്ത്രീകൾ, ഗുണവതി
യായ രാജ്ഞി, ഭയങ്കരിയായ രാക്ഷസി. [ 74 ] നപുംസകം:
സുന്ദരമായ മുഖം, സുന്ദരങ്ങളായ മുഖങ്ങൾ, ഗുണവ
ത്തായ രാജ്യം, ഭയങ്കരമായ വനം.

32. അഭ്യാസം.

1. ഉത്തമനായുള്ളൊരു ചാണക്യമഹീസുരൻ. 2. ധന്യശീലയാമവൾ മെ
ല്ലവേ ചൊല്ലീടിനാൾ. 8. തുംഗമായൊരു പുരം പാടലീപുത്രം. 4. നന്ദനാം
മഹീപതി തന്നുടെ പത്നികളായി സുന്ദരാംഗികളായി രണ്ടു പേർ ഉണ്ടായ്വന്നു.
5. ഇവൻ സാമാന്യം ഭ്രാന്തനല്ല. 6. വായു അദൃശ്യവസ്തുവാകുന്നു. 7. കാഫ്രി
കൾ കറുത്ത വൎണ്ണവും ചുരുണ്ട മുടിയും പതിഞ്ഞ മൂക്കും തടിച്ചു മലൎന്ന അധര
ങ്ങളും ഉള്ളവരാകുന്നു. 8. പഠിച്ച പാഠങ്ങൾ മറക്കൊല്ല. 9. മഹാധനിക
നായ ഒരു വൎത്തകനുണ്ടായിരുന്നു. 10. അവൻ അവൎക്കു ദിവസേന അതിവി
ശേഷമായ സദ്യ കഴിച്ചുപോന്നു. അതിൽ വിശേഷമായ ഭോജ്യങ്ങളും അത്യു
ത്തമമായ പാനീയങ്ങളും യഥേഷ്ടം ഉണ്ടാകും. 11. ഇപ്രകാരമുള്ള സദ്യ ദിനം
പ്രതി കഴിച്ചു. 12. അവർ തന്റെ നേരേ കാട്ടിയിരുന്ന മാറാത്ത വാത്സല്യം
ഓൎത്തു വ്യസനിച്ചു. (1) മേൽ വാക്യങ്ങളിലെ വിശേഷ്യവിശേഷണങ്ങളെ പ
റക. (2) വിശേഷണങ്ങളെ തരങ്ങളായി ഭാഗിക്ക.

105. ഗുണവചനത്തിനു പകരം ഗുണനാമത്തെ പ്ര
യോഗിക്കാം. ഗുണിഗുണങ്ങൾ തമ്മിലുള്ള സംബന്ധം ഉള്ള
എന്ന ശബ്ദന്യൂനംകൊണ്ടു കാണിക്കേണം.
സൌന്ദൎയ്യമുള്ള സ്ത്രീ = സുന്ദരിയായ സ്ത്രീ.
ഗുണമുള്ള രാജ്ഞി = ഗുണവതിയായ രാജ്ഞി.
ഗുരുത്വമുള്ള പാദാൎത്ഥം, മഹിമയുള്ള കാൎയ്യം, ഗൎവമുള്ള
കുട്ടി, സാമൎത്ഥ്യമുള്ള ശില്പി, ചാതുൎയ്യമുള്ള മന്ത്രി, ബുദ്ധിയുള്ള
മകൻ.
[ജ്ഞാപകം: ഉള്ള എന്ന പദത്തോടു കൂടിയ ഗുണനാമത്തെ വിശേഷണമാ
യിട്ടു എടുക്കാം. 'സൌന്ദൎയ്യമുള്ള' എന്നതു സ്ത്രീയുടെ വിശേഷണം.]

106. മേലുള്ള ഉദാഹരണങ്ങളിൽ വിശേഷണം വിശേഷ്യ
ത്തിന്റെ മുമ്പിൽ നില്ക്കയാൽ അതിന്നു പൂൎവ്വവിശേഷണം [ 75 ] എന്നു പേർ. പിന്നിൽ വിശേഷണം നില്ക്കുന്നു എങ്കിൽ അ
തിനെ ഉത്തരവിശേഷണം എന്നു പറയാം.

107. വിശേഷണങ്ങൾ വിശേഷ്യത്തിന്റെ പിന്നിൽ
വരുന്നുവെങ്കിൽ അവക്കു ലിംഗഭേദം ഉണ്ടാകും. അപ്പോൾ
സംബന്ധക്രിയയും ചേരും.

പൂൎവ്വവിശേഷണം: ഉത്തരവിശേഷണം:
കറുത്ത മനുഷ്യൻ. മനുഷ്യൻ കറുത്തവൻ [ആകുന്നു].
തടിച്ച പെണ്ണു. പെണ്ണു തടിച്ചവൾ [ആകുന്നു].
വലിയ വീടു. വീടു വലിയത[ാകുന്നു.]

[ജ്ഞാപകം: 'മനുഷ്യൻ കറുത്തവൻ ആകുന്നു' എന്ന വാക്യത്തിൽ 'കറുത്ത
വൻ' എന്നതു ആഖ്യാതപൂരണം തന്നേ. അതു ഉത്തരവിശേഷണവും ആയി
വന്നിരിക്കുന്നു. 'രാമൻ വീരൻ ആകുന്നു' എന്ന വാക്യത്തിൽ ആഖ്യാതപൂരണ
മായ 'വീരൻ' എന്നതു നാമമാകകൊണ്ടു ഉത്തരവിശേഷണമാകയില്ല. ഗുണ
വചനങ്ങളെ മാത്രമേ ഉത്തരവിശേഷണമായിട്ടു എടുക്കാവു.]

33. അഭ്യാസം.

1. താഴേ എഴുതിയ വാക്യങ്ങളിലെ ഗുണനാമത്തിന്നു പകരം ഗുണവചന
ത്തെ എഴുതി വാക്യത്തെ മാറ്റുക. (1) ശില്പി വളരെ സാമൎത്ഥ്യമുള്ളവനാ
കുന്നു. (2) ഇവൻ വളരെ ബുദ്ധിയുള്ള കുട്ടിയാകുന്നു. (3) മിടുക്കുള്ള മനു
ഷ്യൻ വമ്പിച്ചതായ കാൎയ്യവും കടുക്കനെ സാധിപ്പിക്കും. (4) ഇവൎക്കു ഈ കാൎയ്യ
ത്തിന്നു യോഗ്യതയില്ല. (5) കുട്ടിക്കു ധൈൎയ്യവും സ്ഥിരതയും ഉണ്ടു. (6) ഔദാ
ൎയ്യ്യമുള്ള രാജാവു സൌന്ദൎയ്യമുള്ള കുട്ടിയുടെ മാധുൎയ്യത്തോടു കൂടിയ ഗാനം കേട്ടു
സന്തോഷിച്ചു.

2. താഴേ എഴുതിയ വാക്യങ്ങളിലെ ഗുണവചനത്തിന്നു പകരം ഗുണനാ
മം എഴുതി വാക്യം മാറ്റുക. (1) ഭൂലോകമാകുന്ന വിശാലഭവനം. (2) ശത്രു
ക്കളെ സംഹരിച്ച ധീരനായ പുരുഷൻ. (3) ധീരനായ ബാലൻ ക്രൂരനായ
ശത്രുവെ തടുത്തു. (4) ചൂടുവെള്ളം ചെറുമുല്ലക്കു പകരാമോ? (5) ഇവളുടെ
മധുരമായ ഗാനം കേൾക്ക. (6) ചന്ദ്രനെ പോലെ സുന്ദരമായ മുഖത്തെ കണ്ടു
സന്തോഷിച്ചു. [ 76 ] 20. പരീക്ഷ.

1. ഗുണവചനം എന്നാൽ എന്തു? 2. ഗുണവചപനത്തിൻറ ഉപയോഗം
എന്തു? 3. ഗുണവചനങ്ങളെക്കൊണ്ടു എന്താവശ്യം? 4. ഗുണവചനത്തിന്നും
ഗുണനാമത്തിന്നും തമ്മിൽ വ്യത്യാസം എന്തു? 5. വിശേഷണമെന്നാൽ എന്തു?
6. നാമവിശേഷണങ്ങളാകുന്ന പദങ്ങൾ ഏവ? 7. ഗുണവചനങ്ങളും വിശേ
ഷണങ്ങളും ഒന്നു തന്നെയോ? 8. ഇവ തമ്മിൽ എന്തു ഭേദം? 9. പൂൎവവി
ശേഷണമെന്നാൽ എന്തു? ഉദാഹരണങ്ങളെ പറക. 10. വിശേഷണം
വിശേഷ്യത്തിന്റെ പിന്നിൽ വന്നാൽ അതിന്നുണ്ടാകുന്ന രൂപഭേങ്ങൾ ഏവ?
ഉദാഹരിക്ക. 11. വിശേഷ്യമെന്നാൽ എന്തു? 12. ഗുണനാമത്തെ നാമത്തോടു
ചേൎക്കുവാനുപയോഗിക്കുന്ന ക്രിയ ഏതു? 13. ഗുണവചനം സംസ്കൃതഭാഷയിൽ
നിന്നുണ്ടായതാണെങ്കിൽ അതിനെ നാമത്തോടു ചേൎക്കുന്നതു എങ്ങിനെ?
14. ശുദ്ധമലയാളവാക്കുകൾ ഉത്തരവിശേഷണങ്ങൾ ആകുന്നുവെങ്കിൽ അവ
യെ വിശേഷ്യത്തോടു ചേൎക്കുന്നതു എങ്ങിനെ?

ഇരുപതാം പാഠം.

(i.) അവ്യയം.

108. നാമത്തെപ്പോലെ എല്ലാ വിഭക്തിരൂപങ്ങളും ക്രിയ
യെപ്പോലെ കാലരൂപങ്ങളും ഇല്ലാത്ത പദങ്ങൾ അവ്യയ
ങ്ങൾ ആകുന്നു.

ഉദാഹരണങ്ങൾ.

(i.) ഉം, (രാമനും കൃഷ്ണനും വന്നു). ഓ, (രാമനോ കൃഷ്ണനോ വന്നു). ഈ
ആ, ഏ. (ii.) അതേ, തന്നേ, ഉവ്വ, അതാ, ഇതാ, ചരീ, ചേര, ഹേ,
അഹോ, എടോ, എടാ, എടീ ഇത്യാദി. (iii.) പുനഃ, അപി, മുഹുഃ, പ്രത്യഹം
ഇത്യാദി. (iv.) അവിടെ, അപ്പോൾ, അത്ര, അന്നു, അങ്ങു, അങ്ങിനെ ഇ
ത്യാദി.

[ജ്ഞാപകം: (i) അവ്യയം വാക്യത്തിലെ ആഖ്യയോ, ആഖ്യാതമോ, കൎമ്മ
മോ ആയിരിക്കയില്ല. പദങ്ങളെ കൂട്ടിച്ചേൎക്കയോ, വേർപിരിക്കയോ, വി
ശേഷിക്കുകയോ, മനോവികാരങ്ങളെ സൂചിപ്പിക്കുകയോ ചെയ്യുന്നു. (ii) അവ്യ
യങ്ങളിൽ ചിലവ നാമങ്ങളെയും മറ്റു ചിലവ ക്രിയകളെയും വിശേഷിക്കും.
ഉദാഹരണങ്ങൾ ക്രിയാവിശേഷണത്തിൽ കാണാം.] [ 77 ] (ii.) ക്രിയാവിശേഷണം.

109. ക്രിയാപദം കാണിക്കുന്ന വ്യാപാരം പലവിധമാ
യും സംഭവിപ്പാൻ കഴിയുന്നതുകൊണ്ടു ഈ വ്യാപാരത്തി
ന്റെ സംഭവത്തെക്കുറിച്ചു (1) അതു എപ്പോൾ സംഭവിച്ചു?
(2) എവിടുന്നു സംഭവിച്ചു? (3) എങ്ങിനെ സംഭവിച്ചു? (4) എ
ന്തിനായ്ക്കൊണ്ടു സംഭവിച്ചു? (5) സംഭവിപ്പാൻ കാരണമെ
ന്തു? (6) എത്രത്തോളം സംഭവിച്ചു എന്നും മറ്റും ഉള്ള ആ
കാംക്ഷകൾക്കു ഇടവരുന്നു. ഈ ആകാംക്ഷകൾക്കുത്തരമാ
യിട്ടു ക്രിയാവ്യാപാരസംബന്ധമായ സംഗതികളെ കാണി
ക്കുന്ന പദങ്ങളെ ക്രിയാവിശേഷണങ്ങൾ എന്നു പറയും.

ഇവ (1) സ്ഥലം, (2) കാലം, (3) പ്രകാരം, (4) പ്രമാണം,
(5) സംഖ്യ, (6) ഗുണം, (7) നിശ്ചയം, (8) കാൎയ്യകാരണം മുത
ലായ അൎത്ഥങ്ങളോടു കൂടിയിരിക്കും.

(1) സ്ഥലം.

1. നിങ്ങൾ ഇവിടേ വരുവിൻ. 2. രാമൻ എവിടേ
പോയി? 3. പുസ്തകം അവിടേ ഉണ്ടു. 4. ഇങ്ങു വാ.
5. എങ്ങു പോയി? 6. അകലേ നില്ക്ക . 7. അരികേ വാ.
8. നീളേ നടന്നു. 9. ദൂരം പോയി. 10. താഴേ വീണു.
11. ചാരത്തു വാ. 12. തത്തേ വരികരികത്തു സമൎത്ഥേ.
13. അവൻ കിഴക്കോട്ടു പോയി.
ജ്ഞാപകം: 1. ഈ വിശേഷണപദങ്ങൾ അവ്യയങ്ങൾ ആകുന്നു.
ജ്ഞാപകം: 2. ഈ അൎത്ഥത്തെ കാണിപ്പാനായിട്ടു ചതുൎത്ഥിയും പഞ്ചമിയും
സപ്തമിയും വരും.

ചതുൎത്ഥി:

1. രാമൻ വനത്തിലേക്കു പോയി. 2. കൃഷ്ണൻ ഭൃത്യനെ
വീട്ടിലേക്കു അയച്ചു. 3. നദീതീരത്തിലേക്കു ചെന്നു.
4. ശത്രുക്കുൾ നാനാദിക്കിലേക്കു പോയി. [ 78 ] പഞ്ചമി:

1. കുട്ടി പടിയിൽനിന്നു വീണു. 2. കടലിൽനിന്നു
കരയേറ്റി. 3. മാല, കഴുത്തിൽനിന്നു നീക്കി. 4. രാമൻ
ആസനത്തിൽനിന്നിറങ്ങി.

സപ്തമി:

1. കൃഷ്ണൻ ദ്വാരകയിൽ വാണു. 2. രാമൻ വനത്തിൽ
ചെന്നു. 3. അച്ച്യുതൻ ഗൃഹത്തിൽ ഒളിച്ചു. 4. ഈശ്വരൻ
ഹൃദയത്തിൽ ഉണ്ടു. 5. കുട്ടി മണ്ണിൽ വീണു. 6. ധന
ത്തിൽ ആശ വെക്കൊല്ല.
ജ്ഞാപകം: സ്ഥലനാമങ്ങളോടു തോറും എന്ന പദം ചേൎന്നു ക്രിയാവിശേ
ഷണം ഉണ്ടാകും.
ഭിക്ഷു രാജ്യങ്ങൾതോറും ചെന്നു, നാടുകൾതോറും പോയി, ഇല്ലങ്ങൾതോ
റും നടന്നു, ഗ്രാമങ്ങൾതോറും തെണ്ടി. രാജ്യങ്ങൾതോറും ഇത്യാദിയും അവ്യയം.

(2) കാലം.

1. രാമൻ എപ്പോൾ പോകും? 2. ഞാൻ ഇന്നു പോ
കും. 3. കൃഷ്ണൻ ഇപ്പോൾ എത്തി. 4. ഞാൻ ഇന്നലേ
പോയിരുന്നു. 5. അപ്പോൾ പറക. 6. അന്നു എന്തുകൊ
ണ്ടു പറഞ്ഞില്ല. 7. സദ്യദിവസം രാവിലേ കുളിച്ചു.
8. പെട്ടെന്നു. ശൈത്യം തട്ടി. 9. മുമ്പു പറഞ്ഞു. 10. പി
ന്നേ പറയാം. 11. നാളേ വാ. 12. അന്നേരം കാണാം.
എപ്പോൾ ഇത്യാദിയും അവ്യയം ആകുന്നു.
ജ്ഞാപകം: തെറ്റെന്നു, പെട്ടെന്നു, ചിക്കനേ, പൊടുക്കനേ, കടുക്കനേ,
ചീളെന്നു, നാളെന്നു, കോളെന്നു, കടുകെന്നു. ഇവയെയും ഇവിടെ ചേൎക്കാം
ഇവയും അവ്യയങ്ങൾ ആകുന്നു.
ഇവിടെയും ചതുൎത്ഥിയും സപ്തമിയും വരും.

ചതുൎത്ഥി:

1. പത്തു മണിക്കു വാ. 2. ഉച്ചക്കു എത്തി. 3. സ
ന്ധ്യക്കു ജപിച്ചു. 4. ശുഭമുഹൂൎത്തത്തിന്നു കാൎയ്യം തുടങ്ങി. [ 79 ] 5. അൎദ്ധരാത്രിക്കു അവസാനിച്ചു. 6. നാലുമണിക്കു യാ
ത്ര പുറപ്പെട്ടു.

സപ്തമി:

1. ആദിയിൽ എന്തുണ്ടായി? 2. ഒരു നിമിഷത്തിൽ
ചെയ്തു. 3. ക്ഷണത്തിൽ വാ. 4. കൊല്ലത്തിൽ രണ്ടു
പ്രാവശ്യം എടുക്കും.
ജ്ഞാപകം: കാലനാമങ്ങളോടു 'തോറും' ചേൎന്നു ക്രിയാവിശേഷണങ്ങൾ
ഉണ്ടാകും.
നാൾതോറും, ദിവസംതോറും, കൊല്ലുന്തോറും, വൎഷന്തോറും, ആഴ്ചതോറും,
മാസന്തോറും. ഇത്യാദിയും അവ്യയം.

(3)പ്രകാരം.

1. സുമുഖി നല്ലവണ്ണം പാടി. 2. അവൻ കരയും
ഭാവം നിന്നാൻ. 5. കുട്ടി ഉറക്കെ വിലാപിച്ചു. 4. മന്ദ
മന്ദം ശിശു നടന്നു. 5. പതുക്കേ പറ. 6. തിണ്ണം പറഞ്ഞു.
7. ചാലവേ സമീഹിതം സാധിച്ചു. 8. പറഞ്ഞപ്രകാരം
ചെയ്ക. 9. തോന്നുംവണ്ണം ചെയ്യൊല്ല. 10. പലവഴി
താഴ്ത്തി. 11. ഇങ്ങിന്റെ സംഭവിച്ചു. 12. എങ്ങിനെ പറഞ്ഞു.
നല്ല വണ്ണം, ഭാവം, മന്ദം, അങ്ങിനെ ഇത്യാദിയും അവ്യയം.
ഈ പ്രയോഗത്തിൽ സാഹിത്യവും സപ്തമിയും വരും.

സാഹിത്യം:

1. ഊക്കോടേ പാഞ്ഞു. 2. വായു ബലത്തോടേ വിശി.
3. കോപത്തോടുരചെയ്തു. 4. സന്തോഷത്തോടേ ചെയ്തു.
5. നേരോടേ ചൊല്ലുവിൻ, 5. സുഖത്തോടേ ഇരിക്ക.

സപ്തമി:

1. വേഗത്തിൽ പാടി. 2. സുഖത്തിൽ ഇരുന്നു. 3. വെ
ടിപ്പിൽ വെച്ചു. 4. ഈ വിധത്തിൽ ചെയ്യാം. 5. ശരീരം
വൃത്തിയിൽ വെക്കേണം. 6. നന്മയിൽ ചൊന്നാർ. [ 80 ] ജ്ഞാപകം: വിഭക്തിപ്രത്യയങ്ങൾ ഇല്ലാതേ, ക്രിയാവിശേഷണങ്ങളായ്വരു
ന്ന നാമങ്ങളും അവ്വയങ്ങളായിട്ടു സ്വീകരിക്കേണം. ക്രിയാവിശേഷണങ്ങൾ
ക്കുള്ള അൎത്ഥം തന്നേ ഇവയും കാണിക്കുന്നു.

(i.) സ്ഥലം.

അവിടെ, ഇവിടെ, എവിടെ, അങ്ങു, ഇങ്ങു, എങ്ങു, അകലേ, അരികേ,
നീളേ, ദൂരം, മീതേ, വഴിയേ, താഴേ, ചാരത്തു. ദൂരത്തു, അരികത്തു, നെഞ്ച
ത്തു, കിഴക്കോട്ടു, തെക്കോട്ടു ഇത്യാദി അവ്യയങ്ങൾ സ്ഥലത്തെ കാണിക്കുന്നു.

(ii.) കാലം.

അപ്പോൾ, ഇപ്പോൾ, എപ്പോൾ, അന്നു, ഇന്നു, എന്നു, ഇന്നലേ, നാളേ
മറ്റന്നാൾ, വൈകുനേരം, അന്നേരം, അക്കാലം, തൽക്ഷണം, ഉടനേ, വേഗം,
തെറ്റെന്നു ഇത്യാദി അവ്യയങ്ങൾ കാലത്തെ കാണിക്കുന്നു.

(iii.) പ്രകാരം.

വണ്ണം, ഉറക്കേ, പതുക്കേ, പ്രകാരം, പോലെ, അങ്ങിനെ, ഇങ്ങിനെ, എ
ങ്ങിനെ, ജാതി (ഒരു ജാതി = ഒരു വിധം) ഇത്യാദി അവ്യയങ്ങൾ പ്രകാരാൎത്ഥ
ത്തിൽ പ്രയോഗിക്കുന്നു.

(iv.) പ്രമാണം.

അത്ര, ഇത്ര, എത്ര, ഇത്തിരി, തെല്ലു, കുറേ, ഓളം ഇത്യാദി അവ്യയങ്ങൾ
പ്രമാണത്തെ സൂചിപ്പിക്കുന്നു.

(v.) സംഖ്യ.

ഒരിക്കൽ, ഒരുകുറി, നാലുവട്ടം, പത്തുരു ഇത്യാദി അവ്യയങ്ങൾ.

(vi.) നിശ്ചയം.

നിശ്ചയം, നിൎണ്ണയം, അസംശയം, തീൎച്ച ദൃഢം ഇത്യാദി.

[ജ്ഞാപകം: ക്രിയകൾ പ്രവൃത്തിയും കാലവും കാണിക്കുന്നു. ഈ രണ്ടു
അൎത്ഥവും പൊയ്പോയിട്ടു പ്രത്യയങ്ങളെപോലെ നാമങ്ങളോടു ചേൎന്നുവരുന്ന
'കൊണ്ടാദി'ക്രിയാന്യൂനങ്ങളും അവ്യയങ്ങളാകുന്നു.]

1. കൊണ്ടു, തൊട്ടു, ചൊല്ലി, കുറിച്ചു. പറ്റി, (പൂണ്ടു, ആൎന്നു,) കാൾ, കാ
ട്ടിൽ ഇത്യാദി, ഇവ ദ്വിതീയാന്തനാമങ്ങളോടു ചേൎന്നുവരും.
2. കൂട, ചേൎന്നു, ഒരുമിച്ചു, ഒത്തു ഇത്യാദി. ഇവ സാഹിത്യത്തോടു ചേൎന്നുവരും.
3. ആയി, ആയ്ക്കൊണ്ടു, വേണ്ടി ഇത്യാദി. ഇവ ചതുൎത്ഥിയോടു ചേൎന്നുവരും.
4. കൂടെ (=ഊടെ), വെച്ചു ഇത്യാദി. ഇവ സപ്തമിയോടു ചേൎന്നുവരും. [ 81 ] ഉദാഹരണം.

1. വയറുകൊണ്ടു ഇഴയുകയോ കുറുങ്കാൽകൊണ്ടു തത്തുകയോ ചെയ്യുന്ന ജന്തു
ക്കൾക്കു ഇഴജന്തുക്കൾ എന്നു പേർ. 2. അവ വെള്ളത്തിൽ കൂടേ നീന്തുന്നു.
3. ഇഴജന്തുക്കളിൽ വെച്ചു മലമ്പാമ്പു വളരേ വലിപ്പമുള്ളതു. 4. ബ്രാഹ്മണ
ൎക്കായി സദ്യ കഴിച്ചു. 5. രാജ്യം തൊട്ടു കലഹം ഉണ്ടായി. 6. ഭീമനെക്കാൾ
ബലിഷ്ഠൻ ആരുള്ളൂ? 7. ധനത്തെക്കുറിച്ചു കലഹിക്കേണ്ട. 8. ആനന്ദം
പൂണ്ടു നടന്നു.

(4) പ്രമാണം.

1. രാജാവു അത്യന്തം ആശ്ചൎയ്യപ്പെട്ടു. 2. അവൾ വളരെ
വ്യസനിച്ചു. 3. അത്ര മതി. 4. ഇത്തിരി പറ. 5. അല്പം
നില്ക്ക. 6. ഇത്ര പറഞ്ഞു. 7, കുറച്ചു കൊടുത്തു. 8. എ
ത്ര കിട്ടി. 9. തെല്ലു നിന്നു. 10. അധികം പറയൊല്ല.
11. വരുവോളം നിന്നു. 12. ഉദിപ്പോളം കാത്തു.

(5) സംഖ്യ.

1. ഒരിക്കൽ പറക. 2. രണ്ടു വട്ടം പാടി. 3. നാലു
പ്രാവശ്യം ആടി. 4 ആയിരമുരു ജപിച്ചു. 5. ചക്രവൎത്തി
തിരികെ പറഞ്ഞു. 6. ഒരു കുറി ഇങ്ങിനെ സംഭവിച്ചു.

(6) ഗുണം.

നാമത്തോടോ, ഗുണവചനത്തോടോ, ആയി മുതലായ
ക്രിയാന്യൂനങ്ങൾ ചേൎന്നു ക്രിയാവിശേഷണങ്ങൾ ഉണ്ടാകും.

(i.) ഗുണനാമം.

1. രാമൻ അതിശയമായി പഠിച്ചു. 2. കൃഷ്ണൻ ജാഗ്രത
യായി പണി എടുത്തു. 3. ബ്രാഹ്മണൎക്കു അസംഖ്യമായി
ധനം കൊടുത്തു. 4. കോപമായി പോയി. 5. അവൻ
മോടിയായി ഉടുത്തു. 6. അവൻ വിരോധമായി പറഞ്ഞു.
അവൻ വിനോദമായി കാലം കഴിച്ചു. 8. അവൻ തീൎച്ച [ 82 ] യായി ഉത്തരം പറഞ്ഞു. 9. ഈ ദൃഷ്ടാന്തം നിങ്ങൾക്കു
ഉപദേശമായ്തീരും. 10. കുട്ടി ഉറപ്പായി പറഞ്ഞു.

(ii.) ഗുണവചനം.

1. ലക്ഷ്മി മധുരമായി പാടി. 2. വെള്ളം സുലഭമായി
കിട്ടുന്നു. 3. രാജാവു വിശ്രുതനായി വാണു. 4. അതിന്റെ
ഫലം സൂക്ഷ്മമായി കണ്ടറിഞ്ഞു, യഥാൎത്ഥമായി ഗ്രഹിച്ചു.
5. അവർ ത്വരിതമായോ മന്ദമായോ പോകുന്നില്ല.
6. വ്യാപാരി സ്വല്പമായി ധനം സംപാദിച്ചു.

[ജ്ഞാപകം: ആകു എന്ന സംബന്ധക്രിയ അഭേത്തെ കാണിക്കുന്നു എന്നു
പറഞ്ഞുവല്ലോ. 'രാമൻ ജാഗ്രതയായി പണി എടുത്തു' എന്നതു (1) 'രാമൻ ജാ
ഗ്രതയായി' എന്നും (2) 'രാമൻ പണി എടുത്തു' എന്നും ഉള്ള രണ്ടു വാക്യങ്ങൾ
കൂടി ചേൎന്നുണ്ടായ വാക്യമാകുന്നു. ജാഗ്രത എന്നതു രാമനിൽ ഉള്ള ഗുണവും,
രാമൻ ഗുണിയും ആകുന്നു. ഇവിടെ ഗുണിയായ രാമന്നും അവന്റെ ഗുണ
മായ ജാഗ്രതക്കും ഐക്യം ഉപചാരാൎത്ഥം കല്പിക്കുന്നു. രാമൻ ജാഗ്രതരൂപേണ
പരിണമിച്ചു ആ ജാഗ്രതയാകുന്ന രാമൻ പണി എടുത്തു എന്നു വാക്യാൎത്ഥബോ
ധം. എന്നാൽ രാമൻ ജാഗ്രതയായി മാറാനുള്ള ഉദ്ദേശം പണി തീൎക്കാൻ ആ
കയാൽ ജാഗ്രത എന്ന ഗുണം ക്രിയാവ്യാപാരത്തിൽ ഫലിക്കുന്നു. അതുകൊ
ണ്ടത്രേ ജാഗ്രതയായി എന്നതിനെ ക്രിയാവിശേഷണമായി സ്വീകരിച്ചതു.
'സീത മധുരമായി പാടി' എന്നതിൽ 'സീത മധുരമായി' 'സീത പാടി' എന്ന
വാക്യങ്ങളായി എടുപ്പാൻ പാടുള്ളതല്ല. 'സീത പാടി'. അതു [=പാടുക
എന്ന വ്യാപാരം] മധുരമായി. ഇവിടെ സീതയുടെ മാധുൎയ്യമല്ല വിവക്ഷിച്ചി
ട്ടുള്ളതു. സീത പാടുക എന്ന വ്യാപാരം ചെയ്തു. ആ വ്യാപാരം മധുരമായി.
അതുകൊണ്ടു മധുരമായി എന്നതു ക്രിയാവിശേഷണം എന്നു സ്പഷ്ടമായല്ലോ.
'ബ്രാഹ്മണൎക്കു അസംഖ്യമായി ധനം കൊട്ടത്തു' എന്നതു 'ബ്രാഹ്മണൎക്കു അസം
ഖ്യം ധനം കൊടുത്തു' എന്ന വാക്യത്തിന്നു സമമാകയാൽ 'ആയി' എന്ന പദം
വ്യൎത്ഥതമാകുന്നുവെങ്കിലും 'ധനം അസംഖ്യമായിത്തീൎന്നു'; 'ആ [അസംഖ്യം] ധനം
ബ്രാഹ്മണൎക്കു കൊടുത്തു' എന്ന രണ്ടു വാക്യങ്ങളായി ഭാഗിക്കാം. ധനം അസം
ഖ്യമായിത്തീരുന്നതു മ:നക്രിയയുടെ സാദ്ധ്യത്തിന്നാകയാൽ അസംഖ്യമായി
എന്നതിനെ ക്രിയാവിശേഷണമായി സ്വീകരിക്കുന്നു]. [ 83 ] [ജ്ഞാപകം: ആയി എന്നതു ഇതരനാമങ്ങളോടും ചേൎന്നുവരും. 'അവൻ
ആ വഴിയായി വന്നു'. ഇവിടെ 'ആയി' എന്നതു വഴി എന്ന നാമത്തോടു
ചേൎന്നു. സ്ഥലത്തെ കാണിക്കുന്ന ക്രിയാവിശേഷണമായി എടുക്കേണം.
'ബോംബായി സ്ത്രീധനമായി കിട്ടി'. 'ഗംഗ അനേകമുഖമായി ഒഴുകുന്നു'
ഇത്യാദി വാക്യങ്ങളിൽ ആലോചിച്ചു വിശേഷണത്തെ നിൎണ്ണയിക്കേണം.]

(7) നിശ്ചയം.

1. ഞാൻ വരും നിശ്ചയം. 2. അതു സാധിക്കും.
നിൎണ്ണയം.

(8) കാൎയ്യകാരണം.

തൃതീയ.

1. പഠിക്കയാൽ കുട്ടിയെ ഗുരുനാഥൻ വാഴ്ത്തി. 2. ല
ജ്ജയാൽ അവൾ പാടുന്നില്ല.

[ജ്ഞാപകം: നിമിത്തം, കാരണം, മൂലം, കൊണ്ടു ഇവയെയും കാരണാൎത്ഥ
ത്തെ കാണിപ്പാൻ ഉപയോഗിക്കുന്നു. 1. അവൻ ഭയം നിമിത്തം പറയുന്നില്ല.
2. ധനം നശിച്ചകാരണം വ്യസനിച്ചു. 3. ആശമൂലം ഖേദിച്ചു. 4. പേടി
കൊണ്ടു പറഞ്ഞില്ല.]

(iii.) വാക്യവിഭജനം.

110. വാക്യത്തിലെ അംശങ്ങളെ വേറിട്ടെടുത്തു അവക്കു
തമ്മിലുള്ള സംബന്ധത്തെ കാണിക്കുന്നതിന്നു വാക്യവിഭജനം
എന്നു പേർ.

111. വാക്യത്തിൽ ആഖ്യ, ആഖ്യാതം, കൎമ്മം എന്ന അം
ശങ്ങൾ ഉണ്ടെന്നു മുമ്പേ വിവരിച്ചിട്ടുണ്ടു. ഈ മൂന്നു അം
ശങ്ങൾക്കും വിശേഷണങ്ങൾ ഉണ്ടായിരിക്കാം. പല വാക്യ
ങ്ങൾ ഒന്നിച്ചു ചേൎന്നു ഒരൊറ്റ വാക്യമായിത്തീരാം; എന്നാൽ
ഇവിടെ ഒരു ഒറ്റ ആഖ്യയും ആഖ്യാതവും ചേൎന്നുണ്ടാകുന്ന
കേവലവാക്യങ്ങളെ പറ്റി മാത്രം പറയുന്നുള്ളു.

112. ആഖ്യ എല്ലായ്പോഴും പ്രഥമവിഭക്തിയിൽ ആയി
രിക്കും. ആർ, ഏതു എന്ന പദങ്ങളെ ഒരു വാക്യത്തിലെ ക്രിയ
യോടു ചേൎത്തുണ്ടാക്കിയ ചോദ്യത്തിന്നുത്തരമായി വരുന്നതു [ 84 ] ആഖ്യ. 'രാമൻ വന്നു' ഇതിൽ ആർ? വന്നുഎന്ന ചോദ്യത്തി
ന്നുത്തരം രാമൻ എന്നാകയാൽ രാമൻ ആഖ്യയാകുന്നു.
എന്തു എന്നതിനെ വാക്യത്തിലെ ക്രിയയോടു ചേൎത്തുണ്ടാ
കുന്ന ചോദ്യത്തിന്നുത്തരമായ്വരുന്ന ക്രിയ ആഖ്യാതം. രാമൻ
വന്നു. രാമൻ എന്തു ചെയ്തു? വന്നു എന്നുത്തരം. അതിനാൽ
വന്നു എന്നതു ആഖ്യാതം. വാക്യത്തിലെ ക്രിയയെ 'ആരെ',
'എന്തിനെ' എന്ന പദങ്ങളോടു ചേൎത്തു വാക്യം ഉണ്ടാക്കി അ
തിന്നുത്തരമായി കിട്ടുന്നതു തന്നെ കൎമ്മം. രാമൻ കുട്ടിയെ
അടിച്ചു എന്നേടത്തു രാമൻ ആരെ അടിച്ചു എന്ന ചോദ്യ
ത്തിന്നുത്തരമായി കുട്ടിയെ എന്നു പറഞ്ഞാൽ കുട്ടിയെ എ
ന്നതു കൎമ്മം. കൎമ്മം ദ്വിതീയവിഭക്തിയിൽ ഇരിക്കും,

113. ആഖ്യയും കൎമ്മവും എല്ലായ്പോഴും നാമം ആയി
രിക്കും ആഖ്യാതം ക്രിയയോ നാമമോ ആയിരിക്കും. നാമം
ആഖ്യാതമാകുന്നു എങ്കിൽ അതിനോടു കൂടി സംബന്ധക്രിയ
ചേരും.

114. ആഖ്യയോടു അന്വയിക്കുന്ന വിശേഷണങ്ങൾ ആ
ഖ്യാവിശേഷണങ്ങൾ, കൎമ്മത്തോടു അന്വയിക്കുന്നവ കൎമ്മ
വിശേഷണങ്ങൾ, ആഖ്യാതത്തോടു അന്വയിക്കുന്നവ ആഖ്യാ
തവിശേഷണങ്ങൾ ആകുന്നു.

115. പ്രഥമ ആഖ്യയും, ദ്വിതീയ കൎമ്മവും, ഷഷ്ഠി നാമ
വിശേഷണവും ആയിരിക്കും. ശേഷം വിഭക്തികൾ ക്രിയാ
പദത്തോടു അന്വയിക്കും. ഇവയെ ക്രിയാവിശേഷണമായി
ട്ടെടുക്കേണം. സപ്തമിയോടു ഏ ചേൎന്നാൽ നാമവിശേഷ
ണമായ്വരും.

മലനാട്ടിലേ രാജാവു; വീട്ടിലേ കാൎയ്യം; ദേഹത്തിലേ രോ
ഗം; എന്നിലേ സ്നേഹം. നാട്ടിലേ വൎത്തമാനം, കാട്ടിലേ
പെരുവഴിയമ്പലം. [ 85 ] 116. ഇനി വാക്യവിഭജനത്തിന്നു ഉദാഹരണങ്ങളെ പറ
യുന്നു.

(i) പ്രയോജനമുള്ള അറിവു എല്ലാ ബഹുമാനങ്ങളും
നിസ്സംശയം ഉണ്ടാക്കും.

ആഖ്യ: അറിവു (ക്രിയാനാമം.)
ആഖ്യാവിശേഷണം: പ്രയോജനമുള്ള (പ്രയോജനമെന്ന ഗുണനാ
മത്തോടുകൂടി ഉള്ള എന്ന ശബ്ദന്യൂനം ചേൎന്നുണ്ടായതു).
കൎമ്മം: ബഹുമാനങ്ങൾ (ഗുണനാമം, ഉം അവ്യയം
ചേൎന്നിരിക്കുന്നു.
കൎമ്മവിശേഷണം: എല്ലാ (സംഖ്യാവാചി ഗുണവചനം).
ആഖ്യാതം: ഉണ്ടാക്കും (ക്രിയാപദം).
ആഖ്യാതവിശേഷണം: നിസ്സംശയം (നിശ്ചയാൎത്ഥം കാണിക്കുന്നു).

(ii.) ഇളയ കുമാരൻ ദിവസന്തോറും വിദ്യയിലും സന്മാ
ൎഗ്ഗമൎയ്യാദയിലും അറിവു വൎദ്ധിപ്പിച്ചു.

1. ഇളയ എന്ന ഗുണവചനം കുമാരൻ എന്ന ആഖ്യയുടെ വിശേഷണം.
2. കുമാരൻ ആഖ്യ; വൎദ്ധിപ്പിച്ചു എന്നതിനോടു അന്വയിക്കുന്നു.
3. ദിവസന്തോറും കാലത്തെ കാണിക്കുന്നു; വൎദ്ധിപ്പിച്ചു എന്ന ക്രിയ
യുടെ വിശേഷണം.

4. വിദ്യയിലും സപ്തമവിഭക്തികൾ വൎദ്ധിപ്പിച്ചു എന്ന
ക്രിയയുടെ സ്ഥലത്തെ (= അധികരണ
ത്തെ) കാണിക്കുന്നു.
5. സന്മാൎഗ്ഗമൎയ്യാദയിലും

6. അറിവു എന്നതു ക്രിയാനാമം; വൎദ്ധിപ്പിച്ചു എന്നതിന്റെ കൎമ്മം.
7. വൎദ്ധിപ്പിച്ചു ആഖ്യാതം; (ക്രിയാപദം).

(iii.) യൂറോപ്പുഖണ്ഡത്തിൽ പ്രഷ്യയിൽ ഒരിക്കൽ ബഹു
വീൎയ്യവാനായ ഒരു രാജാവുണ്ടായിരുന്നു.

ആഖ്യ ആഖ്യാവിശേഷണം ആഖ്യാതം ആഖ്യാതവിശേഷണം
രാജാവു ഒരു (സംഖ്യ, ഗുണവ
ചനം).
വീൎയ്യവാനായ (ആയ
എന്നതിനോടു കൂടിയ
ഗുണവചനം).
ഉണ്ടായിരുന്നു
(ക്രിയ)
യൂറോപ്പുഖണ്ഡത്തിൽ
പ്രഷ്യയിൽ
(സപ്തമി, സ്ഥലം)
ഒരിക്കൽ (കാലം)
[ 86 ] വ്യാകരിക്കുന്ന രീതി.

(iv) മാൻ ആകൃതിയിൽ കാട്ടാടിനെപ്പോലെ ആകുന്നു.
മാൻ സാമാന്യനാമം, നപുംസകലിംഗം, ഏകവചനം, പ്രഥമവിഭക്തി,
ആകുന്നു എന്നതിന്റെ ആഖ്യ.
ആകൃതിയിൽ ഗുണനാമം, നപുംസകലിംഗം, ഏകവചനം, സപ്തമി
വിഭക്തി, ആകുന്നു എന്ന ക്രിയയോടു അന്വയിക്കുന്നു.
കാട്ടാടിനെ സാമാന്യനാമം, നപുംസകലിംഗം, ഏകവചനം, ദ്വിതീയ
വിഭക്തി, പോലേ എന്നതിന്റെ കൎമ്മം.
പോലെ അവ്യയം സാമ്യത്തെ കാണിക്കുന്നു. [കാട്ടാടിനെപ്പോലെ
എന്നു പറഞ്ഞാൽ കാട്ടാടുതുല്ല്യം എന്നൎത്ഥം.] ആകുന്നു എന്നതിനോടു അന്വ
യിക്കുന്നു.
ആകുന്നു ക്രിയ, അബലം, അകൎമ്മകം, പ്രഥമപുരുഷൻ, വൎത്തമാന
കാലം, ഏകവചനം, മാൻ എന്ന ആഖ്യയുടെ ആഖ്യാതം.

(v.) കുഞ്ഞേ! ആനന്ദബാഷ്പത്തെ പ്രവഹിപ്പിക്കുന്ന നേ
ത്രത്താൽ നിന്നെ അത്യന്ത വാത്സല്ല്യത്തോടെ നോക്കികൊണ്ട്
ഇതാ നിന്റെ അച്ഛൻ വന്നിരിക്കുന്നു. ഉചിതമായ മൎയ്യാദ
യെ ചെയ്യ്. (ഭാഷാശാകുന്തളം.)

കുഞ്ഞേ സാമാന്യനാമം, ഏകവചനം, ഇവിടെ സ്ത്രീലിംഗം, സംബോ
ധനവിഭക്തി.
ആനന്ദബാഷ്പത്തെ സാമാന്യനാമം, ഏകവചനം, നപുംസകലിം
ഗം, ദ്വിതീയവിഭക്തി, 'പ്രവഹിപ്പിക്കുന്ന' എന്ന ക്രിയയുടെ കൎമ്മം.
പ്രവാഹിപ്പിക്കുന്ന ക്രിയ, ബലം, സകൎമ്മകം, വൎത്തമാനശബ്ദന്യൂനം,
'നേത്രത്താൽ' എന്ന നാമത്താൽ പൂൎണ്ണം. ഇവിടെ 'നേത്രം' പ്രവഹിപ്പിക്കുന്നു
എന്നതിന്റെ കരണം.
നേത്രത്താൽ സാമാന്യനാമം, ഏ. വ., നപുംസകലിംഗം, തൃതീയവിഭ
ക്തി, 'നോക്കുക' എന്ന ക്രിയയെ സാധിപ്പിക്കുന്ന കരണം ആകുന്നു.
നിന്നെ സൎവ്വനാമം, മദ്ധ്യമപുരുഷൻ, ഏകവചനം, അലിംഗം, ഇവിടെ
സ്ത്രീലിംഗം, ദ്വിതീയവിഭക്തി, 'നോക്കിക്കൊണ്ടു' എന്ന ക്രിയയുടെ കൎമ്മം. [ 87 ] അത്യന്തവാത്സല്യത്തോടെ ഗുണനാമം, ഏ. വ., ന. ലിംഗം, സാ
ഹിത്യവിഭക്തി, നോക്കുക എന്ന ക്രിയയുടെ വിശേഷണം, നോക്കുമ്പോൾ
അത്യന്ത വാത്സല്യവും കൂടേ ഉണ്ടായിരുന്നു എന്ന അൎത്ഥം കാണിക്കുന്നു.
നോക്കി ക്രിയ, ബലം, സകൎമ്മകം, ഭൂതക്രിയാന്യൂനം, 'കൊണ്ടു' എന്ന
ക്രിയയാൽ പൂൎണ്ണം, അച്ഛൻ എന്നതിന്റെ അപൂൎണ്ണാഖ്യാതം.
കൊണ്ടു ക്രിയ, അബലം, സകൎമ്മകം, ഭൂതക്രിയാന്യൂനം, വരുന്നു എന്ന
ക്രിയയാൽ പൂൎണ്ണം. നോക്കിക്കൊണ്ടു എന്ന രണ്ടു ക്രിയകളും ചേൎന്നു ഒരൎത്ഥത്തെ
ജനിപ്പിക്കുന്നു. 'നോക്കുക' എന്ന ക്രിയാവ്യാപാരത്തിന്റെ അവസ്ഥയെ 'പ്രാ
പിച്ചു' എന്ന അൎത്ഥത്തെ ജനിപ്പിക്കുന്നു.
ഇതാ സൎവ്വനാമം, അവ്യയമായി പ്രയോഗിച്ചിരിക്കുന്നു. കേർക്കുന്ന
ആളുടെ ശ്രദ്ധയെ ഇങ്ങോട്ടു വരുത്തുന്നു.
[സൂചിതം: ആകുന്നു എന്നതു സംഭാഷണത്തിൽ ആണു എന്ന രൂപം ധരി
ക്കുന്നു. ഇതിലേ അന്ത്യ വൎണ്ണം ലോപിച്ചാൽ 'ആ' എന്നു മാത്രം ശേഷിക്കും.
രാമനാ = രാമൻ ആണോ = രാമൻ ആകുന്നുവോ. അതുപോലെ ഇതാ അച്ഛൻ
വരുന്നു = ഇതാകുന്നു അച്ഛൻ+ അച്ഛൻ വരുന്നു. ഇങ്ങിനെ വാക്യാൎത്ഥം പറ
യാമെങ്കിലും 'ഇതാ' എന്നതിനെ അഭിമുഖീകരണാൎത്ഥം ഉപയോഗിച്ച അവ്യയ
മായി സ്വീകരിക്കുന്നതു സൂകരം.]
നിന്റെ സൎവ്വനാമം, അലിംഗം, (ഇവിടെ സ്ത്രീലിംഗം), എ. വ., പ്രഥ
മപുരുഷൻ, ഷഷ്ഠിവിഭക്തി, അച്ഛൻ എന്നതിന്റെ വിശേഷണം. ഇവിടെ
ജന്യജനക സംബന്ധം കാണിക്കുന്നു.
അച്ഛൻ സാമാന്യനാമം, പുല്ലിംഗം, ഏ. വ., പ്രഥമപുരുഷൻ, പ്രഥമ
വിഭക്തി, വന്നിരിക്കുന്നു എന്ന ക്രിയയുടെ ആഖ്യ.
വന്നു ക്രിയ, അബലം, അകൎമ്മകം, ഭൂതക്രിയാന്യൂനം, ഇരിക്കുന്നു എന്ന
ക്രിയയാൽ പൂൎണ്ണം.
ഇരിക്കുന്നു ക്രിയ, ബലം, അകൎമ്മകം, വൎത്തമാനകാലം, അച്ഛൻ എന്ന
തിന്റെ പൂൎണ്ണാഖ്യാതം. വന്നു+ഇരിക്കുന്നു എന്ന രണ്ടു ക്രിയകളും ഒരൎത്ഥത്തെ
കാണിക്കുന്നു. വരിക എന്ന ക്രിയാഫലത്തെ പ്രാപിച്ചു എന്നു അൎത്ഥം ജനി
പ്പിക്കുന്നു.
ഉചിതം ഗുണവചനം, മൎയ്യാദ എന്നതിന്റെ വിശേഷണം. [ 88 ] ആയ ക്രിയ, അബലം, അകൎമ്മകം, ഭൂതശബ്ദന്യൂനം, മൎയ്യാദ എന്നതി
നാൽ പൂൎണ്ണം, ഉചിതമായ എന്ന മൎയ്യാദയുടെ വിശേഷണം.
മൎയ്യാദയെ ഗുണനാമം, ഏ. വ., ന. ലിംഗം, പ്രഥമപുരുഷൻ, ദ്വി.
വിഭക്തി, ചെയ്യ് എന്നതിന്റെ കൎമ്മം.
ചെയ്യ് ക്രിയ, അബലം, സകൎമ്മകം, വിധി, മദ്ധ്യമപുരുഷൻ, ഏകവ
ചനം, നീ എന്ന അദ്ധ്യാഹരിക്കേണ്ട ആഖ്യയുടെ ആഖ്യാതം.

117. വാക്കുകളെ നാമം, ഗുണവചനം, ക്രിയ, ക്രിയാവി
ശേഷണം, അവ്യയം എന്നീ അഞ്ചു വിധമായും, നാമത്തെ
സംജ്ഞാനാമം, സാമാന്യനാമം, മേയനാമം, സമൂഹനാമം,
ഗുണനാമം, സൎവനാമം, എന്നിങ്ങിനെയും വിഭാഗിച്ചിരി
ക്കുന്നു. നാമത്തിന്നു വരുന്ന രൂപഭേദങ്ങൾ ലിംഗം, വചനം,
വിഭക്തി ഇവയെ ആശ്രയിച്ചു രൂപഭേദങ്ങൾ ഉണ്ടാകുന്നു.
ക്രിയയുടെ വിഭാഗം സകൎമ്മകം, അകൎമ്മകം, ബലം, അബ
ലം, ഭാവം, നിഷേധം, പൂൎണ്ണം, അപൂൎണ്ണം എന്നിവയാകുന്നു,
ക്രിയക്കു രൂപഭേദം, കാലസംബന്ധമായും പുരുഷസംബന്ധ
മായും ഉണ്ടാകും. ഗുണവചനങ്ങളിൽ ചിലതിന്നു നാമത്തി
ന്നുള്ള രൂപഭേദങ്ങൾ ഉണ്ടാകും. എന്നാൽ ചിലത ഭേദമി
ല്ലാതെയും വരും. ക്രിയാവിശേഷണങ്ങൾ പലവയും നാമ
ങ്ങളിൽനിന്നുണ്ടായവയാകുന്നു. ഇവക്കും രൂപഭേദം ഇല്ല,
അവ്യയത്തിന്നും രൂപഭേദമില്ല.

118. ഇങ്ങിനെ വാക്കുകളെ പ്രകൃതി പ്രത്യയങ്ങളായി വി
ഭാഗിച്ചു, അൎത്ഥത്തെ നിശ്ചയിക്കുന്ന ശാസ്ത്രം വ്യാകരണമാ
കുന്നു. ഈ ശാസ്ത്രത്തിൽ അടങ്ങിയ പല ഭാഗങ്ങളിലും
വാഗ്വിഭാഗത്തെയും ശബ്ദസ്വരൂപത്തെയും കുറിച്ചു അല്പ
മായി പ്രസ്താവിച്ചിട്ടുണ്ടു. ഈ രൂപങ്ങളെ വരുത്തേണ്ടുന്ന
വിധങ്ങളെപ്പറ്റി ഉപരി ഗ്രന്ഥത്തിൽ* വിവരിക്കും. [ 89 ] 21. പരീക്ഷ.

1. വ്യാകരണമെന്നാൽ എന്തു? 2. വ്യാകരണം ശബ്ദങ്ങളെ എത്ര തര
ങ്ങളായി വിഭാഗിക്കുന്നു? 3. ഈ വിഭാഗങ്ങളുടെ പേർ പറക. 4. വി
ഭാഗിക്കുക എന്നതിന്റെ അൎത്ഥമെന്തു? 5, എത്ര പദങ്ങൾ ഉണ്ടു? 6. നാമ
മെന്തു? 7. നാമങ്ങളെ എത്ര തരമാക്കി വിഭാഗിച്ചിരിക്കുന്നു? 8. നാമങ്ങൾ
ക്കുള്ള രൂപഭേദങ്ങൾ ഏവ? 9. ക്രിയ എന്നാൽ എന്തു? 10. ക്രിയയെ എ
ത്ര തരങ്ങളാക്കി വിഭാഗിക്കുന്നു? 11. സകൎമ്മകക്രിയ, അകൎമ്മകക്രിയ, അബ
ലക്രിയ, ബലക്രിയ; ഭാവക്രിയ, നിഷേധക്രിയ; പൂൎണ്ണക്രിയ, അപൂൎണ്ണക്രിയ
ഇവയെ വിവരിക്കുക. 12. ക്രിയക്കുണ്ടാകുന്ന രൂപഭേദങ്ങൾ ഏവ? 13. അ
പൂൎണ്ണക്രിയകളിൽ ഏതു രൂപം നാമത്തോടും ഏതു ക്രിയയോടും അന്വയിക്കും?
14. അവ്യയമെന്നാൽ എന്തു? 15. അൎത്ഥത്തെ വിവരിച്ചു അവ്യയങ്ങളെ എത്ര
തരങ്ങളായി വിഭാഗിക്കാം? 16. അവ്യയങ്ങൾ ഏതു പദങ്ങളോടു അന്വയിച്ചു
വരും? 17. ക്രിയയിൽനിന്നുണ്ടായ അവ്യയങ്ങൾ ഏവ? 18. നാമങ്ങളിൽ
നിന്നുണ്ടായ അവ്യയങ്ങൾ ഏവ? 19. ക്രിയാവിശേഷണമെന്നാൽ എന്തു?
20. ക്രിയാവിശേഷണങ്ങളെ അൎത്ഥപ്രകാരം വിഭാഗിക്കുക. 21. ഓരോന്നിന്നു
ഉദാഹരണങ്ങളെ പറക. 22. ക്രിയാവിശേഷണങ്ങളായി വരുന്ന വിഭക്തികൾ
ഏവ? 23. ഈ വിഭക്തികൾ എന്തിനെ കാണിക്കും? 24. നാമവിശേഷണ
മായി വരുന്ന വിഭക്തികൾ ഏതു? 25. ഗുണനാമങ്ങളെ ക്രിയാവിശേഷണ
മാക്കുന്നതു എങ്ങിനെ? 26. ഗുണവചനങ്ങളെ ക്രിയാവിശേഷണങ്ങളാക്കുന്നതു
എങ്ങിനെ? 27. വ്യാകരിക്കുന്ന രീതി എന്തു? 28. പദങ്ങളെ എന്തിന്നു
വ്യാകരിക്കുന്നു? 29. വ്യാകരിക്കുക എന്നാൽ എന്തു? 30. വാക്യവിഭജനമെ
ന്നാൽ എന്തു? 31. ഇതിന്റെ പ്രയോജനം എന്തു? 32. വാക്യവിഭജനപ്രകാ
രം വിഭക്തികളെ വിഭാഗിക്കുക. 33. അതുപ്രകാരം അപൂൎണ്ണക്രിയകളെയും
വിഭാഗിക്കുക. 34. ഭാവരൂപം, ക്രിയാനാമം ഇവ തമ്മിൽ എന്തു വ്യത്യാസം?

ശുഭം ഭ്രയാൽ [ 94 ] SCHOOL-BOOKS PUBLISHED BY THE
BASEL MISSION BOOK & TRACT DEPOSITORY,
MANGALORE.

The New Malayalam Readers
BY
Joseph Muliyil, B. A.,
English Tutor, Madras Christian College.

Rs. As. P.
The Infant Reader 0 1 6
First Standard Reader 0 2 0
Second " " 0 2 6
Third " " 0 3 0
Fourth " " 0 4 0
Fifth " " 0 5 0
The Anglo-Malayalam Primer for the Third Standard 0 2 6
The Anglo-Malayalam Fourth Standard Reader 0 2 6

These Readers are nicely illustrated, and as regards subject-matter and
general get-up they are unsurpassed. They are also extensively used in
the Schools throughout Malabar and Cochin.

A. Comparative Study of English and Malayalam.
as a Guide to Reciprocal Translation, for the use of
Upper-Secondary Schools and Colleges, Part I.
1 0 0
Do. do. Part II. 1 8 0
Malayalam School-Panchatantram, with Nouns and Vo-
cabulary അൎത്ഥസൂചകങ്ങളോടുകൂടിയ മലയാളപഞ്ചതന്ത്രം
0 10 0

All the above Books are approved by the Director of Public Instruc-
tion, Madras.

A Glossary of Technical Terms, English and Malayalam 0 8 0
Writer's Help compiled by T. Zecharias ലേഖകസഹായി 0 12 0
Malayalam-English Dictionary മലയാള ഇംഗ്ലീഷു ആകാരാദി 1 4 0
English-Malayalam " (New revised edition in the Press).
English-Malayalam Dialogues, together with forms of
Letters ഇംഗ്ലീഷു മലയാള സംഭാഷണങ്ങൾ
0 8 0
An Introduction to the Comparative Study of English
and Malayalam, for the use of Lower Secondary
Classes, Part I, by J. Muliyil.
0 5 0

Bālavyākaranam Part II, A Malayalam Grammar, for Lower
Secondary Schools, by M. Krishnan and M. Sheshagiri Prabhu
ബാലവ്യാകരണം, രണ്ടാം ഭാഗം, മദ്ധ്യപാഠശാലകളിൽ ഉപയോഗത്തിന്നു.

"https://ml.wikisource.org/w/index.php?title=ബാലവ്യാകരണം&oldid=210301" എന്ന താളിൽനിന്ന് ശേഖരിച്ചത്