ഘോഷയാത്ര

(Ghoshayatra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഘോഷയാത്ര (തുള്ളൽ കഥ)

രചന:കുഞ്ചൻ നമ്പ്യാർ


[ 1 ]

ണിമതികലയും സുരവാഹിനിയും
ഫണിപതിഗണഫണമണികളുമണിയും
ഗുണഗണമേറിനപുരചിടയുടയോൻ
പ്രണതശിവങ്കരനഗജാരമണൻ
കരിണീവടിവുചമഞ്ഞുവിളങ്ങിന
തരുണീമണിയാംഗിരിസുതയാസഹ
കരിവരവേഷം പൂണ്ടൊരുദിവസം
കരിഹരിശരഭവരാഹമഹാമൃഗ-
പരിവൃതമാകിനവിപനംതന്നിൽ
പരിചൊടുവിഹരിച്ചീടിനസമയേ
പെരുകിനമടുമലർവാസനകൊണ്ടും
സുരഭിമലയപവനാഗതികൊണ്ടും
പരിസരമിളദളിത്സംകൃതികൊണ്ടും
പരഭൃതപഞ്ചമരാഗംകൊണ്ടും
സരളബകുളമുകുളാവലികൊണ്ടും
സരസിജശരശരനികരംകൊണ്ടും
സരസികുമുദവനധൂളികൾകൊണ്ടും
പരവശമാനസരാമവരുടനേ
പരിചൊടണഞ്ഞുപുണർന്നൊരുനേരം
തരസാവന്നുപിറന്നുവിളങ്ങും
തരുണദിവാകരകോടിസമാനൻ
കരിമുഖമാകിനപരദൈവതമേ!
വരമരുളീടുകവന്ദിക്കുന്നേൻ.
കല്യാണവാരിരാശികല്ലോലജാലംപോലെ
നല്ലൊരുതിരുമിഴിവില്ലാട്ടംകൊണ്ടുമമ

[ 2 ]

കല്യാണമരുളുക കല്യാണീവാണീദേവി!
ഫുല്ലാരവിന്ദരുചിവെല്ലുന്നഭംഗിയുള്ള
സല്ലോചനങ്ങളുടെതെല്ലോടിടകലരും
മുല്ലായുധന്റെപടവില്ലോടുതുലിതമാം
ചില്ലീമയകനകവല്ലീവിലാസംകൊണ്ടു-
മുല്ലാസഗുണമളവില്ലാതെവിലസുന്ന
സല്ലാപമധുരസസല്ലാളനങ്ങൾകൊണ്ടു-
മെല്ലാനേരവുമെന്നെക്കല്ല്യാണീ! കാത്തരുൾക.
കല്യേ! ഭഗവതി! നീയല്ലാതെനിക്കുഗതി-
യില്ലാ മമ മനസിവല്ലായ്മ വന്നീടുന്ന-
തെല്ലാമകറ്റിപ്രതിമല്ലന്മാരുടെമദ-
മെല്ലാം കുറപ്പതിനു നല്ലൊരു വചനകൗ-
ശല്യംതരിക മമശല്യങ്ങൾ തീർത്തരുൾക.
മല്ലാധിവാസജായേ മല്ലാക്ഷിസരസ്വതി
ചൊല്ലേറുമൊരുകഥചൊല്ലേണമെന്നുരിചി
തെല്ലുണ്ടെനിക്കു ചെറ്റുകില്ലുണ്ടതിനുപിന്നെ
നല്ലോരമൃതരസകല്ലോലജാലങ്ങൾക്കു
തുല്യങ്ങളാംകവികൾ ചൊല്ലും ജനങ്ങളുടെ
ചൊല്ലുകൾ കേൾക്കത്തന്നെ നല്ലൂനമുക്കതിനു
തുല്യം കവിതാഗുണമില്ലെന്നറിഞ്ഞീടണം.
വല്ലാത്ത കവിതകൾ ചൊല്ലുന്നവനെക്കാട്ടിൽ
ചൊല്ലാതിരിക്കുന്നവൻ നല്ലൂ നിരൂപിച്ചാല-
തല്ലാതെ ദുസ്സാമർത്ഥ്യമെല്ലാം തുടങ്ങുന്നേര‌‌‌-
മെല്ലാർക്കും പരിഹാസമല്ലാതെ വരികില്ല.
ഒല്ലാത്തവാക്കു വന്നുചൊല്ലുന്ന പുരുഷനെ
കൊല്ലാതെകൊല്ലുമുടനെല്ലാമഹാജനങ്ങൾ
വല്ലാത്തദുഷിവാക്കുതെല്ലും സഹിച്ചുകൂടാ.
തല്ലുകൊണ്ടെന്നാലതു തെല്ലുദിവസമങ്ങു
ചെല്ലുമ്പോൾ വേദനകളെല്ലാംശമിച്ചുപോകും.

[ 3 ]

വല്ലാത്തവാക്കു ഹൃദിശല്യം തറച്ചപോലെ-
ങ്ങല്ലൽവരുത്തുമതിനില്ലങ്ങവസാനമ-
തെല്ലാം വിചാരിക്കുമ്പോൾ ചൊല്ലാനുമെളുതല്ലാ
നല്ല ഗൂരു കടാക്ഷമല്ലാതൊരു ശരണ
മില്ലാ മനുഷ്യർക്കതു ചൊല്ലാമൊടുക്കമിനി.

ധരണീസുരകുലമകുടമഹാമണി
ഗുരുനാഥൻ മമ വരമരുളേണം,
ധരണി സുരപ്രഭു ചെമ്പകനാടാം
അരവിന്ദാകരദിനകരനരശൻ
ധരണീധരനുടെ ചരണാംബുജയുഗ-
ശരണീകൃതനിജ കരണീയൻ ഗുരു
കരുണാമൃതരസവരുണാലയനതി
തരുണാമിതരുചി പരിണാഹംകൊ-
ണ്ടരുണാമലനവ കിരണാവലിയുടെ
പരിണാമായിത കരുണാകിരണൻ.
അരുണാംഗുലി നവ ചരണാം ഭോരുഹ-
നരുണാപാംഗ സ്ഫുരണാനന്ദൻ,
ഹരിണാകനകവിതരണാദിഷുസുര-
തരുണാനീതിഷുഗുരുണാ, ധൈര്യേ,
ഗിരിണാ, സമഗുണുനുരുണാ സുമധുര
തരുണീ മാനസ ഹരണോചിത നിജ-
കരുണോന്നതഗുണ ഭരണോദാരവി-
ഹരണോദാത്തൻ സുരണോദഗ്രൻ
ചരണോന്മുഖജന ശരണോന്നിദ്രൻ
ധരണീപാലനശീലൻ നരപതി

[ 4 ]

ചരണം പരിചൊടു വന്ദിക്കുന്നേൻ
വരണം മമഗതി പരിണാമസുഖം.

ശ്ലോകം

ഗോഷ്ഠീസാ വിരളാ നയത്രഘടതേ
സത്താ പുരോഭാഗിനാം
ഹാരീസാഖലു ദുർല്ലഭാനകുസൃതി-
ശ്ലീഷ്ടം യദീയം മനഃ
ദുഷ്‌പ്രാഞ്ചതദം ബുതീരജരജോ,
രാജിർന്നയദ്ദൂഷയേ‌
ദുസ്സാധഞ്ചസുഖം തദാവിലയതേ
ദുഃഖാനുവൃത്തിർന്നയൽ.


ഇതിനുടെ പൊരുളുപറഞ്ഞീടാമതു
മതിമാന്മാരറിയേണമിദാനീം:
അതിയായുള്ള ഗുണങ്ങൾ വരുമ്പോ-
ളതിലൊരുദോഷമകപ്പെടുമല്ലോ.
"മുറ്റും നല്ല മഹാജനമെല്ലാം
ചുറ്റും വന്നു നിറഞ്ഞസഭായാം
കുറ്റംനോക്കിപ്പറവാൻ വലിയൊരു
കുറ്റികണക്കെ നിൽക്കും ചിലരിഹ-
ദോഷഗ്രാഹികളില്ലാതുള്ളൊരു
ദോഷജ്ഞന്മാരുടെ സഭത തുച്ഛം.

[ 5 ]

വേഷമനോഹരയാകിയ പെണ്ണിനു
ദൂഷണമൊന്നുണ്ടതുമുരചെയ്യാം.
പല്ലവമെന്നതുപോലേദേഹം
പല്ലും ചുണ്ടുമതെത്ര മനോജ്ഞം.
നല്ല കടാക്ഷം, നല്ലൊരു ഭാവം,
സല്ലാപങ്ങളുമാനന്ദകരം.
എല്ലാമിങ്ങനെ മംഗലമെങ്കിലു-
മല്ലാതുണ്ടൊരു ദോഷമവൾക്കും
കല്ലുകണക്കെ കഠിനം ഹൃദയമ-
തല്ലാതുള്ളവൾ ദുർല്ലഭമല്ലോ.
ചാരുതയുള്ളൊരു സലിലത്തിന്നൊരു
നീരസമുണ്ടത് ബോധിക്കേണം.
തീരത്തുള്ളൊരു പൊടിപടലംബത‌‌‌
ചേരുന്നേരമനൊന്നു കലങ്ങും,
എന്നതുപോലെ നല്ല സുഖത്തിനു-
മൊന്നും വിരുദ്ധം ദുഃഖാഗമനം.
അന്നന്നോരോ ദുഃഖാനുഭവം
വന്നിടകൂടാതുള്ളസുഖം ബഹു
ദുർല്ലഭമെന്നു ധരിച്ചീടേണം
നല്ല ബുധന്മാരഖിലമിദാനീം."

ചൊല്ലിയ പദ്യത്തിന്റെ പൊരുളിതു
വല്ലഭമോടു ഗ്രഹിച്ചീടേണം.
ദൂഷണവാക്കുകൾ ചൊല്ലുകയത്രേ
ഭൂഷണമെന്നു നടിച്ചുനടക്കും
ഭോഷന്മാർ പലരുണ്ടതിനാലി-
ബ്ഭാഷാകവിത മഹാവൈഷമ്യം.

[ 6 ]

ശുകപുരമമരും പരമശിവൻ മമ
സുകവിത വരുവാൻ വരമരുളേണം.
തകഴിയിലമരും ഹരിഹരസുതനും
സകലഗുണങ്ങൾ നമുക്കു തരേണം.
നഗവരനന്ദിനിമാത്തുരമരും
ഭഗവതിസതതം കാത്തരുളേണം.
വിഗതകളങ്കം കവികളുരപ്പാൻ
മികവു നമുക്കു ലഭിപ്പിക്കേണം.
അംബരതടിനീ നിലയനിലീനമൊ-
രംബുജനയനം നയനാനന്ദം
കംബുകശാപരിശോഭിതമാകിന
ബിംബമെനിക്കവലംബനമേകും.
ഉലകുജയിച്ചു ജയശ്രീകൾക്കൊരു
കുലഗൃഹമാകിന കുവലയനയനൻ
ഉലകുടെ പെരുമാളവനീപതികുല-
തിലകമതാകിനമന്നരിൽ മന്നൻ
വലരിപുഡന്നിഭനം ബുധികാഞ്ചീ-
വലയിതമാകിനവസുധാചക്രം
കുലബലധനജനപൗരുഷശാലീ
നലമേവാണു വസിക്കുംകാലം
പാരിൽ ദ്രവ്യവിഭൂതിപെരുത്തു
ദാരിദ്ര്യംബത കേൾപ്പാനില്ല.
ചാരുസ്ത്രീ കുലപാലികമാരുടെ
ചാരിത്രത്തിനു ഭംഗവുമില്ല-
ദുർഹ്മദമില്ലാ, ദൂഷണമില്ലാ
ദുർമ്മുഖമുള്ള ജനങ്ങളുമില്ലാ,

[ 7 ]

കല്മഷമില്ലാ, കശ്മലരില്ലാ,
കർമ്മങ്ങൾക്കൊരു ബാധകളില്ലാ,
വഞ്ചനമില്ലാ, വൈരമതില്ലാ,
വാഞ്ഛിതമൊന്നുവരായ്കയുമില്ലാ,
ചഞ്ചലമില്ലാ, ചാപലമില്ലാ,
ചഞ്ചലമിഴിമാർക്കല്ലലുമില്ലാ,
നിന്ദകളില്ലാനിഷ്ഠൂരമില്ലാ,
നിന്നനിലക്കൊരിളക്കവുമില്ലാ,
മന്ദതയില്ലാ, മത്സരമില്ലാ,
മന്ദിരഭൂതി വിനാശമതില്ലാ,
ഭീഷണിയില്ലാ, ഭീതിയുമില്ലാ,
ഏഷണിയില്ലാ, എതിർപടയില്ലാ,
ഏഷണദോഷവിശേഷമതില്ലാ,
മോഷണമില്ലാ, മോഹവുമില്ലാ,
മോഷ്ടാവെന്നൊരു നാമവുമില്ലാ,
കുണ്ഠിതമില്ലാ, കുടിലതയില്ലാ,
കുണ്ഠഭുജാബലഭടജനമില്ലാ,
ശണ്ഠകളില്ലാ, ശഠതകളില്ലാ,
ചണ്ടികളാകിനമാനുഷരില്ലാ,
സങ്കടമില്ലാ, സംഭ്രമമില്ലാ,
സംഘവിരോധമൊരുത്തനുമില്ലാ,
സങ്കരമില്ലാ, സാഹസമില്ലാ,
സംഗരഭീതിപരാഭവമില്ലാ,

[ 8 ]

വ്യാകുലമില്ലാ, വ്യാധികളില്ലാ,
വ്യാകരണം പറയാത്തവരില്ലാ,
ലാഘവമില്ലാ, ലാലസമില്ലാ,
രാഘവസേവകരല്ലാതില്ലാ,
വിഷഭയമില്ലാ, വിഷമമതില്ലാ,
വിഷയഭ്രാന്തുപിടിച്ചവരില്ലാ.
പിഴകളുമില്ലാ, പീഡകളില്ലാ,
പിഴുകിപ്പോയ, ജനങ്ങളുമില്ലാ,
കണ്ടകനില്ലാ, കർക്കശനില്ലാ,
കണ്ടാലഴകില്ലാത്തവനില്ലാ,
കാതരനില്ലാ കപടമതില്ലാ,
കാതരമിഴിമാർക്കൊരു വിനയില്ലാ,
ധർമ്മപ്പെരുമാൾ പണ്ടു നടന്നൊരു
ധർമ്മത്തിന്നൊരു പിഴകൂടാതെ
തന്മകനതിലൊരു പത്തുമടങ്ങു സു -
ധർമ്മസമൃദ്ധി വരുത്തിവസിച്ചാൻ
നെല്ലും പണവും പാത്രങ്ങളുംമീവ-
യെല്ലാമനവധി വർദ്ധിച്ചതിനാൽ
ഇല്ലങ്ങളിലൊരു ദിക്കുമൊഴിഞ്ഞി
ട്ടില്ലെന്നായിതു വിപ്രൻമാർക്കും
വിത്തും നെല്ലും വാരിക്കോരി
പത്തായങ്ങൾ നിറച്ചൊരുശേഷം
പത്തായിരമിനിയുണ്ടതിനാലാ-
പത്തായെന്നു ഗൃഹസ്ഥനുഭാവം
പെരുവഴിപോക്കർക്കഷ്ടികൊടുപ്പാ-
നൊരുവനുമില്ലൊരു ദുർമ്മുഖലേശം

[ 9 ]

ഒരു നാഴിക പുലരുന്നതിൽമുമ്പേ
അരിയും കറിയും വെച്ചുളവാക്കി
പെരുവഴിപോക്കർ വരാഞ്ഞിട്ടവരുടെ
പെരുവഴിനോക്കിയിരിക്കും സരസൻ
അരമനതന്നിൽ വരും പഥികന്മാർക്കൊരു
വൈഷമ്യമൊരിക്കലുമില്ല
നിരൂപിക്കുമ്പോൾ കൊറ്റുകഴിക്കാ-
മൊരുകുറിയല്ലതു രാവും പകലും
കുറിയരിവെച്ചു വെളുത്തൊരു ചോറും
കറികളുമാജ്യം ദധിയുംകൂടി
നിറയെക്കൊറ്റുകഴിക്കും പരിഷകൾ.
കുറയല്ലമ്പതുലക്ഷം ദിനവും
പട്ടന്മാർക്കിഹ ചോറുകൊടുപ്പാ-
നൊട്ടല്ലാദരമുലകുടെ മന്നനു
വട്ടം പലവക പച്ചടി കിച്ചടി
ചട്ടറ്റീടിന ചാറുപരിപ്പും
വണ്ണൻപഴവും പപ്പടവും പല
കണ്ണൻപഴവും കറികളുനാലും
തിണ്ണം ദധിമധു പാലും ഗുളവുമി-
വണ്ണം പ്രാതലിനുള്ളൊരുഘോഷം.
അത്താഴത്തിനു കാച്ചിയ മോരും .
പുത്തൻമാങ്ങാ നാരങ്ങാക്കറി
മത്തങ്ങാക്കറി മറ്റും പലവക
നിത്യവുമിങ്ങനെ ഭോജനദാനം.

[ 10 ]

കൂത്തുണ്ടൊരുദിശി പാട്ടുണ്ടൊരു ദിശി
ഓത്തുണ്ടൊരുദിശി കീർത്തനമൊരു ദിശി
ആട്ടമൊരേടത്തഭ്യാസികളുടെ
ചാട്ടമൊരേടത്തായുധവിദ്യ,
കൊട്ടും കോലടി ചെപ്പടി തപ്പടി
തട്ടിന്മേൽക്കളി തകിലും മുരശും,
നാടകനടനം നർമ്മവിനോദം
പാഠകപഠനം പാവക്കൂത്തും
മാടണിമുലമാർ മോഹിനിയാട്ടം
പാടവമേറിന പലപലമേളം,
ചന്തംതടവിനചതുരംഗങ്ങളു-
മന്തരഹീനം പകടക്കളിയും
ചിന്തുംപേരണി പോരണിവിധവും,
പന്തടിവീണാ വേണുമൃദംഗം
അന്തണവരരുടെ ശാസ്ത്രവിചാരം
ഗ്രന്ഥികളുടെ പടുമത്സരവാദം.
സന്ധിതുടങ്ങിന നയശാസ്ത്രങ്ങളു-
മെന്തിതു ചൊന്നാലിലല്ലവസാനം.
ദന്തികളനവധി കാലാളുകളും
പന്തിനിറഞ്ഞൊരു കുതിരപ്പടയും,
ലന്തത്തോക്കു പറങ്കിത്തോക്കുകൾ
കുന്തം ചവളം വില്ലും ശരവും
ആയുധവാഹനവിഭവം പറവാ-
നായിരമാനനമുള്ളവനുംപണി.

മായവിതന്നുടെ മകനാം മന്നവ-
നായ തനയനൻ വാണൊരുകാലം.

[ 11 ]

നായന്മാരുടെ വീടുകൾതോറും
മായാഭഗവതി വിളയാടുന്നു.
കായസ്ഥന്മാർക്കച്ചന്മാർക്കൊരു
കായക്ലേശവുമില്ലക്കാലം,
അഞ്ചുപറക്കുള്ളൊരു കണ്ടത്തിൽ
പുഞ്ചവിതച്ചുവിളഞ്ഞതുകൊയ്താൽ
അഞ്ചുജനത്തിനു ചെലവുകഴിക്കാ-
മഞ്ചുമൊരേഴുംമാസം മുഴുവൻ.
തഞ്ചിലവുകളും വിത്തു കൂലിയു-
മഞ്ചാതെ കണ്ടങ്ങുകഴിച്ചാൽ
അഞ്ചോ പത്തോ വായ്പകൊടുപ്പാൻ
വാഞ്ചിച്ചാലതുമതിലുണ്ടാവും.
കണ്ടങ്ങളിലുഴവെന്നതുകൂടാ-
തുണ്ടാമനവധിനെല്ലതുകാലം.
കണ്ടങ്ങളിലുളവാം വിളവളവേ
കണ്ടവരില്ല കൃഷിക്കാരന്മാർ.
പ്രജകളെ രക്ഷിപ്പാൻ വിരുതുള്ളോ-
രെജമാനന്മാരതിസരസന്മാർ
ദ്വിജവരഭക്തിയുമെത്രവിശേഷം
വിജയസമർത്ഥന്മാരവരെല്ലാം.
നാരികളോടു വിചാരിച്ചിട്ടൊരു
കാര്യക്ലേശവുമന്നില്ലേതും.
നേരല്ലാത്തൊരു സംസാരങ്ങളി-
ലാഹംഭങ്ങളുമില്ലക്കാലം.

അപരാധികളോടർത്ഥം വാങ്ങീ-
ട്ടപരാധത്തെ മറയ്ക്കുയുമില്ല,

[ 12 ]

ഉപകാരംചെയ്തവനെത്തന്നെ
കൃപകൂടാതെ ചതിക്കയുമില്ലാ.
ദൂഷണമുള്ളതുധനവാനെങ്കിൽ
ഭൂഷണമെന്നൊരു ഭാവവുമില്ല,
ഏഷണികേട്ടിട്ടെജമാനൻ ചില
ഭീഷണികാട്ടുകയില്ലതുകാലം.
ജാതിക്കർഹതയില്ലാതുള്ളതു
ചെയ്തീടുന്ന ജനങ്ങളുമില്ലാ,
കോട്ടക്കച്ചമണപ്പാടൻ വക
കോടാറൻ പലതുപ്പടികളും.
കടിക്കവണികൾ പടുതരങ്ങളു-
മെട്ടുമുളം പല സോമൻ മുറിയും
കെട്ടിക്കാച്ചിയ മുണ്ടുകളെന്നിവ
കെട്ടിയുടുക്കും പട്ടന്മാർചിലർ
നാട്ടിൽ നടന്നൊരു വാണിഭമെന്നതു
കേട്ടിട്ടില്ലക്കാലത്തിങ്കൽ
ഏഴുവെളുപ്പിന്നേറ്റു കുളിച്ചൊരു
പാഴുവരാതെ കഴിക്കും നിയമം
താഴുകയില്ലൊരു ദിക്കിലുമെന്നാ-
ലൂഴിയിലുള്ള മഹാവിപ്രൻമാർ.

ഉലകിലിവണ്ണം പെരുവരുത്തി-
ക്കുലബലഭൂഷണമുലകുടെ പെരുമാൾ
പല പല മന്ത്രികളോടിടകൂടി
പലസുഖസഹിതം വാണരുളുന്നാൾ

[ 13 ]

ഒരുദിനമരശൻ നരവരസഭയിൽ
പരിചൊടുമണി സിംഹാസനമേറി-
പ്പരിണതരാകിന മന്ത്രികളോടൊ-
ന്നരുളിച്ചെയ്താനമിതോത്സാഹൻ:

"മധുരയിൽ മന്നവനെന്നൊടു ചെയ്തൊരു
മതികപടങ്ങളശേഷമിദാനീം
മതിമാന്മാരാം മന്ത്രിവരന്മാർ
മതിയിൽ മറന്നിഹ മരുവീടുകയോ?
മതിയാകില്ലവനെക്കൊലചെയ്‌വാ-
നിതിലൊരു പൂരുഷനെന്നൊരു മതമോ?
മതി മതിയെന്തിനനർത്ഥമിതെന്നൊരു
മതിമാന്ദ്യേന വസിച്ചീടുകയോ?
അതിനു തുടർന്നാൽ ചെലവിടുവിൻ ഞാൻ
മതിയല്ലെന്നൊരു ദുർബോധംകൊ-
ണ്ടതിയായിട്ടൊരു സന്നാഹത്തിൽ,
മതിമാന്മാരുമടിച്ചീടുകയോ?
മാതുലരൈവരെ വെട്ടിക്കൊന്നൊരു
പാതകിയാമവനവനി വെടിഞ്ഞു
പ്രേതപുരത്തിലിരിക്കണമെന്നതി-
നേതുമെനിക്കൊരു സംശയമില്ല.
ക്ഷോണീപതിയെന്നിങ്ങിനെയുള്ളൊരു
നാണയമിങ്ങു നശിച്ചു തുടങ്ങി,
നാണംകെട്ടൊരു കോണിലിരിപ്പാൻ
ആണുങ്ങൾക്കതു ഗൂണമായ് വരുമോ?

[ 14 ]

ഊണുമുറക്കവുമെന്യേയൊരു തൊഴിൽ
കാണുന്നീലിഹ യജമാനന്മാ-
ർക്കേണവിലോചനമാരെപ്പോലെ,
വാണാൽ മതിയോ മതിമാന്മാരേ!
ഊണുകഴിപ്പാനടവിയിലുടനേ
നൂണുനടക്കും ക്രോഷ്ടാവും മതി.
ആണുങ്ങൾക്കുപിറന്നവനീവിധ-
മൂണുകളൊന്നുമൊരൂണായീല.
ക്ഷീണമകന്നുടനരിഭടപടയേ
ബാണംകൊണ്ടു തകർത്തങ്ങവരുടെ
ശോണിത ശോണമാതാകിനദ്ദേഹം
ക്ഷോണിയിലിട്ടു പിരടിശ്വാവിനൊ-
രൂണിനുനൽകി സ്വാമിയെവന്നഥ
താണുവണങ്ങിത്തരസാകിട്ടുമൊ-
രോണപ്പുടകയുടുത്തുടനുളവാ-
മൂണത്രേ പുനരൂണെന്നറിവിൻ."
ഇത്ഥംനൃപനുടെ വാക്കുകൾകേട്ടതി
വൃദ്ധനതാകിന മന്ത്രിപ്രവരൻ
സത്വരമെഴുന്നേറ്റടിമലർ കൂപ്പീ-
ട്ടുത്തരമിത്തരമെന്നറിയിച്ചാൻ:

[ 15 ]



അരുളിച്ചെയ്തതു സത്യമിതൊന്നും

നിരൂപിയ്ക്കായ്കയുമില്ലടിയങ്ങൾ
കുരുസുതരാകിന നൂറ്റുവരെപ്പോ-
ലരുതൊരു സാഹസമെന്നൊരുപക്ഷം
നരപതി ധർമ്മജനനുജന്മാരും
പരിചൊടു വിപിനേ വാഴും കാലം
ഉരഗധ്വജനും സഹജന്മാരും
തരസാ തങ്ങടെ വിഭവം കാട്ടാൻ
പെരുകിന പടയും കുടയും തഴയും
കരിതുരഗങ്ങളുമെന്തൊരു ഘോഷം.
നിരുപമപൗരുഷമവിടെ ചെന്നാർ
നിരൂപിക്കാതൊരു നാണക്കേടഥ
വിരവൊടുകാട്ടിത്തലയും താഴ്ത്തി-
പ്പുരിപുക്കാരതു കേട്ടിട്ടില്ലേ?


അരുളിച്ചെയ്താനുലകുടെ പെരുമാൾ:


അതുമാത്രം ഞാൻ കേട്ടിട്ടില്ലാ

പെരുകിന കൗതുകമുണ്ടതുകേൾപ്പാൻ
പരിചൊടു തൽക്കഥ കഥനംചെയ്ക


അരുളപ്പാടതു കേട്ടൊരു സചിവൻ
കരതളിർകൂപ്പിക്കഥനംചെയ്താൻ:


എങ്കിലൊരുന്നാളുരഗദ്ധ്വജനും

ഹുംകൃതിയേറിന ശകുനിയുമുടനേ
പങ്കജലോചന പാദാംബുജമധു-
ഭൃംഗമതാകിന ധർമ്മാത്മജനെ
കള്ളച്ചൂതുകൾ കൊണ്ടുചതിച്ച-
ക്കള്ളന്മാരുടനടവിയിലാക്കി.
വെള്ളക്കുടയും, പടയും രാജ്യവു-
മുള്ളപദാർത്ഥമശേഷമടക്കി

[ 16 ]

ഭള്ളുനടിച്ചു തടിച്ചമദംകൊ-
ണ്ടുള്ളു നിറഞ്ഞു കവിഞ്ഞീടും മല-
വെള്ളത്തിരപോലിരവും പകലും
തള്ളിയലക്കും പരിതോഷത്താ-
ലുള്ളത്തിൽ പുനരുത്തമപുരുഷരി-
ലെള്ളോളം ബഹുമാനംകൂടാ-
തുള്ള ശഠന്മാരോടിടകൂടി-
ത്തള്ളലിയന്നുവസിക്കും കാലം
ധർമ്മത നൂജനു മനുജന്മാരും
പെണ്മണിയാളാം ദ്രൗപദിതാനും
നിർമ്മലരാകിന വിപ്രന്മാരും
ശർമ്മദമാകിന ധർമ്മാരണ്യേ
നിർമ്മലതീർത്ഥജലങ്ങളുമാടി-
ദ്ധാർമ്മികരാകിന താപസവരരുടെ
സമ്മാനത്തെ ലഭിച്ചു ലഭിച്ചും.
കൃമ്മീരാസുര നിധനാനന്തര-
നന്തരിതാഖില ചിന്താഭാരം
സന്തോഷാംബുധി വൻതിര നീന്തി-
ശ്ശാന്തന്മാരവരന്തണരോടേ
ഹന്തസുഖിച്ചു നിതാന്തമനോഹര-
കാന്താരേ നിജകാന്താസഹിതം.
ക്ലാന്തിവെടിഞ്ഞതികാന്തിയുതന്മാ-
രന്തസ്സുഖമൊടു ചെന്താർമകളുടെ
കാന്തൻ തന്നുടെ കാന്തം തിരവുൽ
ചിന്തിച്ചധിഗത സന്തതമോദമ-
നന്ത ദുരന്ത നിരന്തരമാം ഭവ-

[ 17 ]

സിന്ധുതരംഗനിബന്ധനമമ്പൊ‌ടു
സന്തരണംചെയ്തവിടെ വസിച്ചാർ.


അക്കാലം ദുര്യോധനൻ, ചൊൽക്കൊണ്ടനുജന്മാരും

അർക്കാത്മജൻ കർണ്ണനും, ധിക്കാരി ശകുനിയും
ഉൾക്കാമ്പിലുള്ള വൈരമൊക്കെ പ്രകാശിപ്പിച്ചു
തക്കത്തിലൊരുദിക്കിലൊക്കെത്തികഞ്ഞുകൂടി
പൊക്കത്തിലുള്ള പുരിപുക്കാശു ചെന്നിരുന്നു
സൽക്കാരങ്ങളുംചെയ്തു, സൽക്കൗതുകവും പൂണ്ടു-
നിൽക്കുന്ന കർണ്ണനുടെ കൈക്കു പിടിച്ചു മെല്ലെ
ചിക്കെന്നു പലപല വാക്കുകളുരചെയ്തു
വെക്കെന്നു സുയോധനൻ ഇക്കണ്ട നമുക്കെല്ലാം
ഇക്കാലം നിരൂപിച്ചതൊക്കെസ്സഫലമായി,
ഭോഷ്കല്ല ബോധിക്കേണം ഓർക്കുമ്പോളിപ്രയോഗം
ആർക്കും വരുന്നതല്ല; പാർക്കാതവരെക്കാട്ടി-
ലാക്കാനുള്ളുപദേശമാർഗ്ഗം മാതുലനല്ലാ-
താർക്കാനും സാധിക്കുമോ?
ഊക്കുള്ള ഭീമസേനൻ തോൽക്കുമെന്നിത്രനാളും
ആർക്കും നിനവില്ലതും, ഇക്കാലം സാധിച്ചല്ലോ.



വണ്ണൻവാഴ കണക്കുതടിച്ചൊരു
പൊണ്ണൻ മാരുതി മലയുടെ മൂട്ടിൽ
കണ്ണുമയങ്ങി വിശന്നു തളർന്നൊരു
മണ്ണിൽ മലർന്നു കിടന്നുഴലുന്നതു.
കണ്ണുകൾകൊണ്ടതു കണ്ടു രസിപ്പാൻ
കർണ്ണാ! കൗതുകമിയലുന്നല്ലീ?

[ 18 ]

കർണ്ണസുഖം പുനരവരുടെ വാർത്താ-
കർണ്ണനുമാത്രമതും മതിതാനും.

ഓട്ടന്മാരിലൊരുത്തനെ വിരവൊടു
വിട്ടീടുകനാമെങ്കിലിനദാനീം
കാട്ടിൽചെന്നവനവരുടെ ഗോഷ്ഠികൾ
ഒട്ടൊഴിയാതെ ഗ്രഹിച്ചുവരേണം.
കാട്ടിൽ നടക്കും കാട്ടുമൃഗത്തെ-
കാട്ടിൽ പരവശഭാവത്തോടെ
പട്ടിണിയിട്ടു നടക്കുന്നവരുടെ
ചട്ടമശേഷം കേട്ടുരസിക്കണ-
മൊട്ടുംതാമസമരുതരുതതിനിഹ
വട്ടംകൂട്ടുക വടിവൊടു കർണ്ണാ!
കോട്ടമതില്ലാത്തോട്ടനെയുടനെ-
ക്കാട്ടിനു പോവാൻ വിട്ടീടുക നീ,
നന്നായ് വകതിരിവുള്ളൊരു പുരുഷനെ-
യിന്നു നിയോഗിച്ചീടണമതിനായ്,
ഒന്നും തെരിയാത്താളുകളുണ്ടിഹ
മന്ദന്മാരവരെന്തിനു കൊള്ളാം?
തിന്നുമുടിപ്പാനല്ലാതവരാൽ
ഒന്നുമെനിക്കൊരു ലാഭമതില്ല.
ഒന്നിനയച്ചാലതു സാധിക്കി-
ല്ലെന്നല്ലമളിയുമൊന്നു വരുത്തും.
തന്നത്താനറിയാത്തൊരുകൂട്ടം
വന്നു നിറഞ്ഞു നമ്മുടെ നാട്ടിൽ

[ 19 ]

എന്നുടെ മുതലുമുടിപ്പാനെപ്പൊഴു-
മെന്നുടെ ഭൃത്യന്മാർ മുതിരുന്നു.
അഷ്ടികണക്കിനു കൂട്ടാഞ്ഞാലവർ
കുട്ടിപ്പട്ടരെയേത്തമിടീക്കും.
പട്ടിണിയെന്നതു നമ്മുടെ പിള്ളേ-
ർക്കൊട്ടുംതന്നെ സഹിപ്പാൻമേലാ.
വെട്ടമടുക്കും മുമ്പേ യഷ്ടികൾ
കട്ടിസ്സാദമെടുത്തു ഭുജിക്കും.
കട്ടിത്തൈരും കൂട്ടിയുരുട്ടിയ-
തൊട്ടല്ലതുമൊരു പഞ്ചപ്രസ്ഥം
കൊറ്റുകഴിച്ചൊരു തെക്കൻമുണ്ടും
ചുറ്റിയുടുത്തൊരു തൊകലുതൂക്കി
വെറ്റിലതിന്നു മുഴുപ്പിച്ചുംകൊ-
ണ്ടേറ്റുതിരിക്കും രസികന്മാരായ്.
കറ്റക്കുഴൽമണിമാരുടെവീടുകൾ
പറ്റിപ്പകിട പറഞ്ഞു രസിച്ചും
വെറ്റ പിടുങ്ങിത്തിന്നുടനവരുടെ
കുറ്റമുരച്ചു ചിരിച്ചു തിരിച്ചും.
വകയുള്ളവരെ പിഴചെയ്യിച്ചൊരു
വകയുണ്ടാക്കും പുകയില കൊൾവാൻ.
പകലും രായുമഹങ്കാരത്തിന്
മികള്ളുവരിവരെന്തൊരു കഷ്ടം!
തിരുവുള്ളക്കാരിവരെന്നോർത്തി-
ട്ടുരിയാടുകയില്ലറിവുള്ളവരും.
തിരിയാത്തവരിവരൊരുവർക്കും വഴി-
തിരിയാ പെരിയജനത്തിനുപോലും
മുടിയാന്മാരിവരാകൃതികണ്ടാൽ
തടിയന്മാരൊരു വേലയെടുപ്പാൻ
മടിയന്മാർ പലജനമുണ്ടിഹ കേൾ.

[ 20 ]

കുടിയന്മാരവരൊന്നിനുമാകാ
ചോറുകൊടുക്കും യജമാനങ്കൽ
കൂറുള്ളവരിഹ പാരം കുറയും.
മാറുകയില്ല പറഞ്ഞാലെന്ന-
ല്ലേറുകയേവരു ദിവസംതോറും
ഏറുകൊടുപ്പാൻ തോന്നുമെനിക്കി-
പ്പോറകളുടെ ധിക്കാരംകണ്ടാൽ
നൂറുജനത്തിലൊരുത്തനു നേരി-
ല്ലീറവരുന്നതു പെരുതോ കർണ്ണാ!
തോണി കടന്നാൽ തുഴകൊണ്ടെന്നൊരു
നാണിയമുണ്ടതു ഭോഷ്ക്കല്ലേതും.
ഊണുകഴിച്ചു തിരിച്ചാലവരെ-
കാണുകയില്ലൊരു ദിക്കിൽപോലും.
കാണുകയില്ലെന്നല്ല തിരഞ്ഞാ-
ല്ലേണാക്ഷികളുടെ വീട്ടിൽ കാണാം.
അത്താഴത്തിന്നിലവെക്കുമ്പോൾ
എത്താത്തവരുടെ പുലകൊണ്ടീടാം.
ചത്താലും വരുമഷ്ടിയടുത്താൽ
ഓർത്താലിങ്ങു വെറുപ്പാകുന്നു.
കൂറില്ലാത്തവരൊങ്കിലുമിവരുടെ
ചോറുമുടക്കാൻ മടിയാകുന്നു.
നീറും ക്ഷൂത്തുവളർന്നീടുമ്പോൾ
ആരും ഭേദമതില്ലെന്നറിയുക.
ഈവിധമോരോന്നുരചെയ്തെന്നാൽ
കേവലമിതിനേ നേരവുമുള്ളു.

[ 21 ]

ദൈവികമുള്ളൊരു ദൂതനെ വിരവൊടു
പോവതിനാശുനിയോഗിച്ചാലും.

അതുകേട്ടൻപൊടു രാധാതനയൻ
മതിമാനാകുമൊരോട്ടവനെ വിരവൊടു
ഹിതമൊടു മെല്ലെ വിളിച്ചുവരുത്തി
ക്ഷിതിപതിശാസനമൊന്നുരചെയ്താൻ.

ഓട്ടൻ വചനമതുകേട്ടെൻപോടുസരസ-
നൊട്ടും മടികൂടാതെ ഓട്ടം തുടങ്ങിയൊരു
കോട്ടംവരാതെ ചെന്നു കാട്ടിലങ്ങകംപുക്കു
കാട്ടുമൃഗങ്ങളുടെ കൂട്ടത്തെയവനേതും
കൂട്ടാക്കാതെ കണ്ടോരോ കാട്ടിൽത്തിരഞ്ഞു മല-
മൂട്ടിൽ നടന്നു പല തോട്ടിൽ ചില വലിയ
മേട്ടിൻമുകളിലോരോ കോട്ടിൽ മുനികളുടെ
കൂട്ടത്തെക്കണ്ടു കണ്ടങ്ങോട്ടുനേരംചെന്നപ്പോൾ
കേട്ടു ദ്വൈതകമെന്ന കാട്ടിൽ മരുവീടുന്നു
ശ്രേഷ്ഠന്മാരായുള്ള യുധിഷ്ഠിരാദികളെന്ന്.

ദ്വൈതേതരസുഖരസികന്മാരായ്
ദ്വൈതവനത്തിൽ വസിച്ചരുളീടും
ശീതകിരണകുലതിലകന്മാരാം
ഭൂതലനൂതനചൂതളരന്മാർ.

പാർത്ഥന്മാരവരമിതാനന്ദകൃ-
താർത്ഥന്മാരതിപാവനമാകിന
തീർത്ഥസ്നാനംചെയ്തുസുഖിച്ചൊര-
നർത്ഥംകൂടാതിഹ വിലസുന്നു.

[ 22 ]

വാർത്തകളിങ്ങനെ ഗൂഢമറിഞ്ഞതി-
ധൂർത്തനതാകിന കുരുസുതദൂതൻ
പാർത്തിരിയാതെ തിരിച്ചുനടന്നഥ
പാർത്ഥിവനഗരം പുക്കാനുടനെ
കർണ്ണാദികളോടുകൂടിസ്സഭയിൽ
സ്വർണ്ണാസനവരമേറിവസിക്കും
കർണ്ണേജപനാം ധൃതരാഷ്ട്രജനുടെ
കർണ്ണേ ചെന്നു പറഞ്ഞറിയിച്ചാൻ.

ആനന്ദഭൈരവി - ചെമ്പട

[ 23 ]



കേട്ടാലും വീര! കേട്ടാലും !

കേട്ടാലും ദുരിതശാന്തി നമുക്കുണ്ടാകും
ഗുരുകടാക്ഷപരമഭാഗ്യമുള്ളവനൊരു
ദുരാധിവരികയില്ല മന്നവ ! (കേട്ടാലും)
കൗന്തേയന്മാർക്കു സന്തോഷം
കാന്താരേ വസിക്കുമ്പോഴും
സന്താപമവർക്കില്ലേതും
കനിവിയന്നമുനി ജനങ്ങളോടവ-
രനിശമേവഘനശമേനചേർന്നിതു
ദ്വൈതകാരണ്യേമേവുന്നു. (കേട്ടാലും)
കൈതവങ്ങളവരോടു
ചെയ്തതേതും ഫലിച്ചീല
കരുണയുള്ള നരകവൈരിതന്നുടെ
ചരണമുണ്ടുശരണമിന്നവർക്കിഹ. (കേട്ടാലും)
തീർത്ഥങ്ങൾതോറും പാർത്ഥന്മാർ
സാർത്ഥമാക്കി നാലാംപുരു-
ഷാർത്ഥമവരാത്ത മോദം
സരസിജാക്ഷചരിതസാർത്ഥകീർത്തന-
വിരതമായി ദുരിതമായതൊക്കവേ. (കേട്ടാലും)
കാടുകൾതന്നെ വീടുകൾ
തോടുകൾ, നദികൾ, നല്ല കോടുകൾ പലതുണ്ടു
അരുവിയാറുമരികെയുണ്ടു നല്ലൊരു
വരിയിൽ വേണ്ടുമരിയുമുണ്ടുകൊറ്റിനു. (കേട്ടാലും)
ജന്തുക്കളെല്ലാം ബന്ധുക്കൾ
അന്തിക്കുമുച്ചയ്ക്കും വന്നോ-
ർക്കത്താഴം പ്രാതലും നൽകും
അടവിവാസമടവുനന്നുനന്നൊരു
കടവുമില്ല തടവുമില്ലവർക്കിഹ. (കേട്ടാലും)
ഉത്സാഹംപൂണ്ടുമേവുന്നു
മത്സരംകൂടാത്തവർക്കു
വത്സരം പതിനൊന്നായി
വിരവിലിങ്ങുവരുവതിന്നു സംഗതി
വരുമവർക്കു കരുതി വാണുകൊള്ളുക. (കേട്ടാലും)


ഓട്ടൻ വന്നു പറഞ്ഞൊരു വാക്കുകൾ
കേട്ടുകയർത്തുരചെയ്തു സുയോധനൻ.


ഒട്ടുമകംപുറമില്ലാതുള്ളൊരു

യഷ്ടീ നില്ലു നിനക്കെന്തറിയാം ?
നിന്നോടവരുടെ ഗുണദോഷങ്ങളി-
ലൊന്നും ഞാനിഹ ചോദിച്ചീലാ.

[ 24 ]

ഒന്നിനയച്ചാലക്കഥമാത്രം
വന്നുപറഞ്ഞീടുകിലതുപോരും.
പോടാ നിന്നുടെ ദുസ്സാമർത്ഥ്യം
കൂടാനമ്മൊടു കുടിലകഠോരാ!
പാടവമേറിന പാണ്ടുസുതന്മാ-
രോടിടകൂടി നടന്നാലും നീ.
നമ്മുടെ ചോർ നിന്നുന്നൊരു ദുഷ്ടനു
നമ്മുടെ വൈരികളിൽ ബഹുമാനം.
നമ്മുടെ ദോഷവുമവരുടെ ഗുണവും
വെണ്മയിലുരചെയ്തീടിനമൂഢ!
കാട്ടിൽചെന്നുടനവരൊടുകൂടി
കായ്കനിതിന്നു കിടന്നാലും നീ.
കൂട്ടക്കാരെക്കൂറില്ലാതൊരു
ചേട്ടക്കാരനൊരിടയില്ലേതും.
ചോറൊരിടത്തിൽ കൂറൊരിടത്തിൽ
വേറുതിരിച്ചു ഗ്രഹിപ്പാറായി.
ഏറിപ്പോം പറയുമ്പോളിക്കഴു-
വേറിക്കിട്ടു തൊഴിപ്പാൻ തോന്നും.
മാറ്റാരിൽക്കനിവേറേറമതുള്ളൊരു
കൂറ്റാരേക്കാൾ മാറ്റാർനല്ലൂ.
ഉപ്പുപിടിച്ച പദാർത്ഥത്തേക്കാൾ
ഉപ്പിനു പുളി കുറയും പറയുമ്പോൾ
അപ്രിയമായ് വരുമതുകൊണ്ടും ഭയ-
മിപ്പരിഷക്കു തരിച്ചില്ലറിവിൻ!

[ 25 ]

ഇക്കൂട്ടത്തിൽ പരിചയമുള്ളവ-
നക്കൂട്ടം ചിതമെന്നിഹതോന്നും
അക്കൂട്ടത്തിൽ ചെന്നിടപെട്ടാ-
ലിക്കൂട്ടം ചിതമെന്നും തോന്നും.
ദുഷ്ക്കൂറുള്ള മഹാപാപികൾ വ-
ന്നിക്കൂട്ടത്തിൽ നിറഞ്ഞു കഴിഞ്ഞു;
ഭോഷ്ക്കല്ലൊരുവനെ വിശ്വാസം പുന-
രിക്കാലത്തു നമുക്കില്ലേതും.
ഇജ്ജനമൊന്നിനിറങ്ങുന്നേരം
ദുർജ്ജനമതിനൊരു ദൂഷണമേശും.
സജ്ജനമെന്നതു പാരം കുറയും.
വജ്രമനസ്സുകളേറെസ്സഭയിൽ
ഇതു കൊള്ളാമെന്നൊരുവനുപക്ഷം,
അതുകൊള്ളാമെന്നപരനുപക്ഷം.
ഇതു രണ്ടും ചിതമല്ലെന്നും ചില-
മതമുണ്ടായ് വരുമങ്ങനെയുള്ളു.
കള്ളച്ചൂതുകൾ മാതുലനുണ്ടെ-
ന്നുള്ളതു ഞാനോ കേട്ടിട്ടില്ലാ.
കള്ളന്മാരുടെ വാർത്തകളെല്ലാം
കള്ളന്മാർക്കേ ബോധമതുള്ളു.
ഹേതുകഥിക്കാമന്തകതനയനു
ചൂതുകൾ പൊരുവാൻ വാസനയില്ലാ.
കൗതുകമെന്നതുപാരംതാനും
വാതുകൾ പറവാൻ കാരണമതുതാൻ.

[ 26 ]

വാതുപറഞ്ഞുകൊടുത്തതശേഷം
മാതുലനിങ്ങുകരസ്ഥമതാക്കി.
കൈതവമെന്നതു മാതുലനിവിടെ-
ച്ചെയ്തതിലൊന്നും തോന്നുന്നീലാ.
പണയംതന്നതു വാങ്ങരുതെങ്കിൽ
പണയംപറയുന്നെന്തിനുപാഴിൽ?
പണമെന്നുള്ളതിനോടിടപെട്ടാൽ
പ്രണയംകൊണ്ടൊരു ഫലമില്ലേതും.
ഗുണവാന്മാരൊരബദ്ധംചെയ്താൽ
തുണചെയ്തവനുമബദ്ധക്കാരൻ.
പണമുള്ളവനെപ്പാട്ടിൽവരുത്താൻ
പണിചെയ്യുന്നിതുപാർത്ഥിവധർമ്മം.
ചൂതിൽ ചെകുതിപിണഞ്ഞൊരുനേരം
കൈതവമെന്നൊരു വാർത്ത നടത്തി.
ഏതും തിരിയാത്തവർ പരയുന്നതി-
ലേതുമെനിക്കൊരു ഭീതിയുമില്ലാ.
ഇവനും പുനരുതുനേരന്നോർത്തി-
ട്ടവരുടെ ഗുണഗണമുരചെയ്യുന്നു.
ഭവതു നമുക്കതിലും നഹി ഖേദം
ഇവനല്ലീശ്വരനെന്നെ വലപ്പാൻ

ഇത്തരമങ്ങുകയർത്തുപറഞ്ഞതി-
നുത്തരമവനൊന്നുരചെയ്തീലാ.
സത്വരമവനിയിൽ വീണുവണങ്ങി
ശുദ്ധനു കോപവുമൊന്നു ശമിച്ചു.

[ 27 ]

ഗാന്ധാരീസുതനുടനെ പുനരപി
ഗാന്ധാരാദികളോടുരചെയ്താൻ.


കൗന്തേയന്മാരവർ പുനരിനിയും

കാന്താരാടനമങ്ങുകഴിഞ്ഞാൽ
മാറ്റാരവരിഹമറ്റൊരുകൂട്ടം
കൂറ്റാർ ചിലരെ കൂട്ടിക്കെട്ടി.
ഏറ്റംകോപിച്ചിഹ വന്നൊരു പട-
യേറ്റെന്നാലിനി നിൽപാൻ വിഷമം.
കാറ്റിൻമകനൊരു വൻപുലിപോലെ,
ചീറ്റിയണഞ്ഞു പിണങ്ങുന്നേരം
തോറ്റുമടങ്ങുകയില്ലല്ലീനാം?
ഊറ്റക്കാരവർ പലരുണ്ടല്ലോ-
ഇക്കൂട്ടതിതനൊരമളിപിണപ്പാൻ
നോക്കിയിരിക്കുന്നുണ്ടിഹപലരും.
തെക്കുവടക്കുകിഴക്കുപടിഞ്ഞാർ
ദിക്കതുമുള്ളതിൽ വൈരികളേറും
ഇക്കാലം ചില കലശലുകൂട്ടാ-
നൊക്കെകൂടിവിചാരിക്കുന്നു.
ഇക്കണ്ടാളുകളൊക്കെ വരുമ്പോൾ
ഇക്കഥയൊന്നുമറിഞ്ഞേ പോവൂ


ദുര്യോധനനുടെ വചനംകേട്ടഥ
വീര്യഗുണാംബുധികർണ്ണനുരത്താൻ:-

[ 28 ]



ധൈര്യംപൂണ്ടുവസിച്ചരുളേണം

കാര്യംകൊണ്ടു വിഷാദിക്കേണ്ട.
നേർത്തുവരും പരിപന്ഥിജനങ്ങളുടെ
ധൂർത്തുകളൊന്നും നമ്മൊടുകൂടാ.
കൂർത്തശരാവലികൊണ്ടുനടനവരുടെ
മൂർത്തിപിളർപ്പാൻ ഞാനൊരുവൻ മതി.
മറുപക്ഷത്തു വരുന്ന ജനങ്ങളെ-
യറുതിപെടുപ്പാനെന്തിഹദണ്ഡം?
കുറുനരിലക്ഷം കൂടുകിലും ഒരു
ചെറുപുലിയോടുഫലിക്കില്ലേതും.
അറിവുള്ളവരിഹ നമ്മുടെ വിരുതുക-
ളറിയുമതിന്നൊരു സംശയമില്ല.
അറിവില്ലാത്തവർ ദൂഷണവാക്കുകൾ
പറയുന്നതിനൊരു സങ്കടമില്ലാ.
കണ്ടാലറിയാതുള്ളശംന്മാർ
കൊണ്ടാലറിയും കളിയല്ലരശാ.
വേണ്ടാത്തതിനു തുടങ്ങരുതാരും
വേണ്ടാസനമൊന്നെന്നൊടുകൂടാ.
ശുണ്ഠികടിച്ചുപടക്കുവരുന്നൊരു
ചണ്ടിപ്പരിഷകൾ മണ്ടിയൊളിക്കും.
ശണ്ഠതുടർന്നാലതിനുമൊരതിശയ-
മുണ്ടുനമുക്കതു ബോധിക്കേണം.
കുണ്ഠന്മാരിനി വന്നിഹനേർത്താൽ
ചെണ്ടക്കാരെന്നൊരു പേരുണ്ടാം.
പണ്ടേക്കാൾപല വിക്രമപൗരുഷ
മുണ്ടിപ്പോൾമമ കൗരവവീരാ!

[ 29 ]

ശകുനിയുമപ്പോളുരചെയ്താൻ

മരു-

മകനേ! മതിമതി ഭീതികളെല്ലാം.
പ്രകൃതിഗംഭീരന്മാർക്കും ഞാനൊരു
വികൃതിവരുത്തുന്നതിന്നു സമർത്ഥൻ.
പാർത്ഥന്മാരിനി വന്നാലുടനെ
തീർത്തുരചെയ്യാമില്ലവിവാദം
തീർത്ഥസ്നാനമൊരിരുപതുവർഷം
പാർത്ഥന്മാർക്കിനിയും കൽപിക്കാം.
പിന്നെവരുമ്പോൾ പിന്നെയുണ്ടാ-
മെന്നുടെ കൗശലമതിലുമൊരധികം.
ചേട്ടനുമനുജനുമനുജന്മാരും
ചേട്ടകളൈവരുമുള്ളൊരുകാലം.
കാട്ടിലിരിന്നു പിരിഞ്ഞീടേണം
നാട്ടിൽകേറാനിനിയെളുതല്ലാ.


ഇങ്ങിനെ ശകുനിയുമുരചെയ്തപ്പോൾ
തിങ്ങിനമോദം മനസിജനിച്ചു
തുംഗമഹാഹങ്കാരം പൂണ്ടുഭു-
ജംഗദ്ധ്വജനഥപുനരുരചെയ്താൻ:-

[ 30 ]



കാട്ടിലിരിക്കും പാർത്ഥന്മാർക്കിഹ

കാട്ടീടേണം നമ്മുടെ വിഭവം.
കൂട്ടിടേണം ബഹുപുരഷാരം
കേട്ടീടേണമിതെല്ലാജ്ജനവും
കൊട്ടീടേണം ഭേരീഡമരം
ഞെട്ടീടേണം ഭുവനമശേഷം
തട്ടീടേണമകമ്പടിവടിവൊടു
പൊട്ടീടേണം കുലഗിരികുഹരം.
ചട്ടകൾ തൊപ്പികളിട്ടുമുറുക്കി
ചട്ടറ്റീടിന വട്ടംകൂട്ടി
തട്ടിനടത്തിക്കൊട്ടിമുഴക്കി
പെട്ടികളും പല പെട്ടകവും ചില
കുട്ടകമെന്നിവ കെട്ടിയെടുപ്പി-
ച്ചൊട്ടകവും ചില പട്ടിക്കുതിരകൾ
പട്ടാണികൾ പല ചെട്ടികളും കോ
മട്ടികളും പല പട്ടന്മാരും.
വട്ടംകൂട്ടി വനത്തിനുപോവാ-
നൊട്ടുംതാമസമരുതിനി നമ്മുടെ
പുഷ്ടശ്രീഭരപൗരുഷമവരെ-
ക്കാട്ടുവതിന്നു നമുക്കുത്സാഹം.
നായന്മാരെ വരുത്തീടുവതിനു
പോയാലും ചിലർ വേഗമിദാനീം.
ആയുധവാഹനകോപ്പുകളെല്ലാ-
മായതുപോലെ വരുത്തീടേണം.
നാട്ടിലൊരുത്തനിതിന്നു വരാഞ്ഞാൽ
വീട്ടിൽ ചോദ്യം കല്പിക്കേണം.
കേട്ടവർ കേട്ടവർ കൂട്ടത്തോടെ
കോട്ടയിലെത്തിസ്സ്വരൂപിക്കേണം.
എങ്ങിനെ നമ്മുടെ ചന്ത്രക്കാരൻ?
ചങ്ങാതിക്കൊരുണർച്ചയുമില്ലാ.
അങ്ങാടിത്തെരുവിൽ ചെന്നരിയും
തേങ്ങാമുളകും വാഴക്കായും
നായന്മാർക്കിഹ ചോറുകൊടുപ്പാ-
നായതിനുള്ള പദാർത്ഥമശേഷം
വിരവൊടുകൊണ്ടുവരേണമതിന്നായ്
ഇരുനൂറുജനം പോയീടേണം
പുകയില വെറ്റില കഞ്ചാവും പല
വകയിൽ കള്ളു കറുപ്പും വേണം.
സകലപദാർത്ഥവുമിങ്ങു വരുത്തി
സ്സന്നാഹം പല കൂട്ടിടേണം.


[ 31 ]


എന്നതു കേട്ടൊരു രാജഭടന്മാ-
രൊന്നൊഴിയാതെ പദാർത്ഥംകൂട്ടി
സന്നദ്ധന്മാർ കല്പന പറവാ-
നൊന്നു മുതിർന്നു നടന്നു തുടങ്ങി.
പുരുഷാരത്തെയറീപ്പാനായി-
പ്പുരുഷന്മാരെയയച്ചു തുടങ്ങി.
വിരുതന്മാരവർ നാട്ടിലശേഷം
നരപതികല്പനയങ്ങു നടത്തി.
കല്പനകേട്ടൊരുനായന്മാരും
കെല്പൊടു വന്നു നിറഞ്ഞു തുടങ്ങി.
അല്പമതല്ലൊരു ജലധികണക്കെ
തൽപ്പുരസീമ്നി പരന്നുനിരന്നു

തങ്ങളിലങ്ങു പറഞ്ഞു തുടങ്ങി:-

[ 32 ]



സംഗതിയെന്തിതുകേട്ടോ കൂവാ ?

ഇങ്ങനെ പുരുഷാരത്തെ വരുത്തീ-
ട്ടെങ്ങു പടയ്ക്കുതുടങ്ങീടുന്നു ?
കടുവാപന്നികളേതാൻ തലമേൽ
വെടികൊണ്ടെങ്ങാൻ വീണിട്ടുണ്ടോ ?
ഉടനെ മറുതല നാടുപിടിപ്പാൻ
പടയും കൂട്ടിയടുക്കുന്നുണ്ടോ ?
പടയിൽചെന്നു മരിപ്പാനിങ്ങൊരു
മടികൊണ്ടല്ല പറഞ്ഞീടുന്നു.
കടമുണ്ടമ്പതു പുത്തനിനിക്കതു
തടവുണ്ടതുകൊണ്ടവസരമില്ല.
തൂക്കുപുകേല തരിച്ചില്ലാഞ്ഞ-
ത്തോക്കൊരു ദിക്കിൽ പണയംവെച്ചു.
മാക്കോച്ചാരുടെ മരുമകനിന്നൊരു
തോക്കുതരാമെന്നന്നോടു ചൊല്ലി.
ആർക്കാനുള്ളൊരു തോക്കുംകൊണ്ടു പ-
ടക്കായ് ചെന്നു മരിച്ചെന്നാകിൽ
തോക്കവർകൊണ്ടു തിരിക്കും വന്നു ക-
ടക്കാർ വീട്ടിൽ പാടുകിടക്കും.
ചേട്ടൻ പണ്ടു പടയ്ക്കുമരിച്ചതു
കേട്ടിട്ടില്ലേ നിങ്ങളിലാരും ?
എട്ടു ജനങ്ങളെ വെട്ടിക്കൊന്നൊരു
കോട്ടപിടിച്ചേപ്പിന്നെ മരിച്ചു.
മണ്ടുന്നേരം പിടലിക്കൊരു വെടി-
കൊണ്ടു മരിച്ചെന്നുണ്ടൊരു കേളി.
വാളില്ലെന്നല്ലെന്നുടെ വീട്ടിലൊ-
രാളില്ലിന്നതു കൊണ്ടുനടപ്പാൻ.
കാളകൃഷിക്കു നടക്കയിതെന്യേ
കേളച്ചാർക്കൊരു തൊഴിലില്ലിപ്പോൾ.
നായന്മാരായ് വന്നുപിറന്നാൽ
ആയുധമൊന്നു തനിക്കായ്‌വേണം.
ആയതിനൊരുവകയില്ലാത്തവനുടെ
കായംകൊണ്ടൊരു ഫലമില്ലറിവിൻ.
നെല്ലും പണവും മോഹിച്ചെന്നുടെ
വില്ലും കണയും പണയം വെച്ചു
നല്ല ചിതക്കാരൻ ഞാൻ താനിനി
ഇല്ലം വിറ്റു കറുപ്പും തിന്നും
ഇല്ലെന്നല്ലിതുമുടിയന്മാരുടെ
ഇല്ലന്നില്ല നശിച്ചേ നില്പൂ
വല്ലാതുള്ള വിശപ്പുവരുമ്പോൾ
വല്ലതുവിറ്റും കൊറ്റുകഴിക്കാം.



[ 33 ] <poem> [ 34 ]
ഇക്കഥയെല്ലാം മതി മതി നാമിനി

വെക്കം ചെന്നു മുഖം കാട്ടേണം.
നോക്കട നമ്മുടെ യജമാനന്മാർ
വക്കാണിക്കുമതോർത്തീടേണം.
രായും പകലും കല്പനകേൾക്കും
നായന്മാർക്കൊരു കാശുകൊടുപ്പാ-
നീയജമാനന്മാർക്കു മനസ്സി-
ല്ലായതുചൊന്നാൽ കുറ്റവുമുണ്ടാം.
ഇഷ്ടംചെന്നു പറഞ്ഞുമറിപ്പാൻ
ഒട്ടും മടിയില്ലാത്തസമർത്ഥനു
കിട്ടും പലകുറി പട്ടുംവളയും
വെട്ടുംകൂട്ടുമനിഷ്ടമുരത്താൽ.
പണമുള്ളവനെപ്പാട്ടിൽവരുത്തി-
ഗ്ഗുണദോഷങ്ങൾ പറഞ്ഞു പതുക്കെ
പണമെപ്പേരും കൈക്കലുമാക്കും
ക്ഷണമവനെത്തൻ വീട്ടിലുമാക്കും
അമ്മാമൻ കൃഷികൊണ്ടുനടന്ന-
ന്നുമ്മാനില്ലെന്നറിയുന്നീലാ.
നമ്മുടെ കാലത്തതിനും പിന്നെ
ജമ്മാന്തരമായ് ചെല്ലുന്നീലാ.
ഇപ്പോൾ നമ്മുടെ കണ്ടമെടുപ്പാൻ
കല്പനവന്നെന്നൊരുവഴികേട്ടു
കല്പനപറയുന്നാൾക്കൊരു കാശുകൊ-
ടുപ്പാനിണ്ടൊരു വകയില്ലിപ്പോൾ.
പണ്ടു പ്രവൃത്തിനടത്തിയ പരിഷകൾ
ഉണ്ടെന്നാലിതുവരികില്ലനിയാ
കണ്ടച്ചാരുടെ കണ്ടമെടുത്തതു
കണ്ടന്നീവരവുണ്ടെന്നോർത്തു.
കണ്ടംപോയതുകൊണ്ടു നമുക്കൊരു
കുണ്ഠിതമില്ലിനിയുണ്ടാമൊരുനാൾ
കണ്ഠംപോയാലുണ്ടാകില്ലതു-
കൊണ്ടു കുറഞ്ഞൊന്നുണ്ടുവിഷാദം.
കണ്ടാലറിയാം കണ്ടവർ കൂടു-
ന്നുണ്ടിതിനേഷണി ചെണ്ടപിണപ്പാൻ.
ചണ്ടികൾ പലരുമുരുണ്ടുകരേറി-
ക്കൊണ്ടുമരിക്കുന്നുണ്ടിഹനാട്ടിൽ.


[ 35 ]


ഇങ്ങനെ പല പല വാക്കുകൾ ഘോഷി-
ച്ചങ്ങിനെ വന്നിഹകൂടിഭടന്മാർ.
തിങ്ങിനപടയുടെ സംഖ്യഗണിപ്പാ-
നെങ്ങിനെ കുശലതമതിയാകുന്നു?
തോക്കുള്ളവർ പുനരൊക്കെച്ചെന്നു വെ-
ടിക്കോട്ടയ്ക്കൽ പാർക്കണമുടനെ
ആക്കംപൂണ്ടു വെടിക്കു മരുന്നുകൊ-
ടുക്കുന്നുണ്ടു തിടുക്കമനേകം
തിക്കും വലിയ തിരക്കും പലപല
വാക്കും ചിലരുടെ മുഷ്ക്കും ചുടുമിഴി-
നോക്കും വിരവൊടു വായ്ക്കും വികൃതിക-
ളാർക്കും പറവതിനാക്കം പോരാ.
ഇത്തരമൊരുദിശി ഘോഷം പലവിധ-
മെത്രയുമത്ഭുതമെന്നുരചെയ്യാം
ഹസ്തിരഥാദികൾ വസ്തുസമസ്തം
ഹസ്തിനപുരമതിലെത്തിനിറഞ്ഞു.
നായന്മാർക്കിലവെച്ചുതുടങ്ങി
ആയതുപറവാനവസരമില്ലാ
ആയിരമായിരമോരോകൊട്ടിലി-
ലായുധപാണികളിലവെപ്പിപ്പാൻ.
പന്തിനിരത്തിയിരുത്തുവതിന്നായ്
മന്ത്രികൾ പലരും കൂടിയിറങ്ങീ

[ 36 ]

ഉന്തിയലച്ചുപിടിച്ചുവലിച്ചൊരു-
പന്തിപരാക്രമമൊക്കെയെടുത്തു.

പാലുകുടിച്ച ജനത്തിനു
നാലുപദം വെക്കുമ്പോൾ വിയർക്കും
വെയിലും കാറ്റും കൊള്ളാതുള്ളവർ
പോലുമിതിന്നു ശ്രമിച്ചേ പോവൂ.
ഇലവെച്ചങ്ങുനിരന്നുതുടങ്ങി
വലിയരിവെച്ചു വെളുത്തൊരു ചോറും
പലപല കറിയും പഴവും നെയ്യും
നലമൊടു വളരെ വിളമ്പീടുന്നു.
വട്ടഞ്ചക്കര ചേർത്തു കലക്കി
ചട്ടംകൂട്ടിന തേങ്ങാപ്പാലും
ഒട്ടല്ലൂണിനു വട്ടം പലവിധ-
മിഷ്ടമറിഞ്ഞു കൊടുത്തീടുന്നു.
കടൽവാഴയ്ക്കാക്കറിയുണ്ടൊരു വക
ഭടഭോജനമതു കൂടാതില്ലാ
വടിവൊടു ഭക്ഷണമങ്ങുകഴിഞ്ഞഥ
പടഹമടിച്ചു വിളിച്ചൊരുമിച്ചു.
കുരുപതിസുതനാം ദുര്യോധനനഥ
തരസാ തന്നുടെ സഹജന്മാരെ
പരിചൊടു ചെന്നു വിളിപ്പിച്ചപ്പോൾ
തെരുതെരെയവരും വരവുതുടങ്ങി.
ദുശ്ശാസനനും ദുർദ്ധർഷണനും
ദുശ്ശേശരനും ദുർമ്മർഷണനും

[ 37 ]

ദുർമ്മുഖനും ദുഷ്ക്കർണ്ണനുമഥദു-
ർമ്മേധാവും ദുഷ്പ്രഹസൻതാനും
ദുർമ്മതിയും ജളസന്ധൻ കർണ്ണൻ
ദുർബുദ്ധിയുമഥ ദുർബോധകനും
ചിത്രൻ വികടൻ ചിത്രരഥൻ താൻ
ചിത്രദ്ധ്വജനും കനകദ്ധ്വജനും
ചിത്രശരാസനചിത്രകനും സുവി-
ചിത്രൻ പിന്നെച്ചിത്രാംഗദനും
നന്ദൻ പുനരുപനന്ദൻ പിന്നെ
കുന്ദോദരനും ദൃഢവർമ്മാവും
കുണ്ഡൻ പിന്നെ മഹാകുണ്ഡൻ താൻ
കുണ്ഡവിഭേദിയുമപരാജിതനും
ദീർഘഭുജൻതാൻ ദീർഘധ്വജനും
ഭീർഘൻ ദീർഘരഥൻ ദീർഘാക്ഷൻ
ദീർഘഹനുസ്സും വ്യൂഢോരസ്തൻ
ദീർഘായുസ്സും ബഹ്വാശനനും
ഭീമരഥൻ ദൃഢഹസ്തൻ ഭീമൻ
ഭീമപരാക്രമനഭയൻതാനും
എന്നു തൂടങ്ങീട്ടുള്ളനുജന്മാർ.
തൊണ്ണൂറ്റൊമ്പതുപേരും വന്നാർ-
വിരവൊടു ഭോജനമങ്ങുകഴിച്ചവർ
പരിചൊടു കോപ്പുകളിട്ടുതുടങ്ങി
പരിമളമേറിന കളഭമിഴുക്കി
പുരികുഴൽമാലകൾകൊണ്ടുമുറുക്കി
പെരുകിന കുറിതിലകങ്ങളൊരുക്കി.

[ 38 ]

തരമൊടു തലമുടി ചിക്കിമിനുക്കി
തരിവള പിരിവള കാഞ്ചിപതക്കം
വിരുതുകൾ പലവക വിരൽമോതിരവും.

അരമണി കുടമണി തുടർമണി കങ്കണ
മരഞ്ഞാണം ചില തോൾപ്പൂട്ടുകളും.
മകുടം കടകം മണികുണ്ഡലവും
വികടകിരീടം വിദ്രുമഹാരം
വികസിതസുരഭിലമലർമാലകളും
സകലമണിഞ്ഞു ഞെളിഞ്ഞുനടന്നാർ.
പട്ടുകൾ പലതും കെട്ടിയുടുത്തുട-
നെട്ടുമുളം ചില ചേലകൾ ചുറ്റി
പട്ടുറുമാലും തലയിൽകെട്ടി
തട്ടുപുഴുകുമഥനാടൻ പുഴുകും
തൊട്ടുമുഖത്തിനു ഭംഗിവരുത്തി
ചട്ടം പലവക കൂട്ടിത്തരസാ
പെട്ടികൾ പെട്ടകമെന്നിവ പലതിൽ
ചട്ടറ്റീടിന കനകപ്പൊടികളു-
മിട്ടുനിറച്ചതു കെട്ടിയെടുപ്പി-
ച്ചെട്ടുദിഗന്തം പൊട്ടും പടിപല-
കൊട്ടും വെടിയും തട്ടിമുഴക്കി-
ത്തട്ടിനടത്തി നടന്നു തുടങ്ങി.
ഉച്ചത്തിലുള്ള ഘോഷം മെച്ചത്തിൽ കേട്ടനേരം
അച്ചിമാരൊക്കെക്കൂടി കാഴ്ചക്കു പുറപ്പെട്ടു.

[ 39 ]

"നിച്ചിരിയത്തി ! നിന്റെ കൊച്ചിനെ എവിടത്തിൽ
വെച്ചേച്ചുപുറപ്പെട്ടു കാഴ്ചക്കുതാനേതന്നെ
അച്ചനു ചെവി വെടിവെച്ചാലും കേട്ടുകൂടാ
ഉച്ചക്കുപോലും കിഴവച്ചാർക്കു കണ്ണുകാണാ
കൊച്ചിനെനാകേറിക്കടിച്ചെങ്കിലീമുതുക്ക
നൊച്ചപോലും കേൾക്കില്ലെന്നച്ചിമാരുടെ ഘോഷം
എന്തൊരു പുറപ്പാടെന്നേതാനും ബോധിച്ചോ നീ ?
എന്തെന്റെ ചേട്ടത്തീ ഞാനേതുമേ ബോധിച്ചീല
ഇപ്പോൾ തിരമാടം പുറപ്പാടെന്നെന്റെ പക്ഷം.
ഇപ്പോളല്ലതു പണ്ടു കെല്പോടെന്നുകഴിഞ്ഞല്ലോ.
മൂപ്പുവാഴ്ചക്കുള്ളൊരു കോപ്പുകൾ കൂട്ടുകയോ
മൂപ്പുധൃതരാഷ്ട്രരിരിപ്പൊണ്ടു മരിച്ചില്ലാ
എങ്കിൽ വടക്കുള്ളോരു സന്നാഹമെന്നുവരും
ശങ്കയില്ലെനിക്കേതു സംഗതിയിപ്പോളില്ല
ബാണങ്ങൾ പടക്കങ്ങൾ ചേണാർന്നപൂക്കുറ്റികൾ
ഏണാക്ഷിമാരും ചില വീണക്കാർ പാട്ടുകാരും
വേണമോ പടക്കായി പോണെങ്കിലെന്റെ തോഴീ
കാണാം നമുക്കു വെക്കംപോണം പുറപ്പെട്ടാലും


അങ്ങേക്കൂറ്റുള്ളച്ചികളെല്ലാം

അങ്ങുനടന്നിതു കാഴ്ചകൾ കാണ്മാൻ
നിങ്ങൾ ചമഞ്ഞും ചന്തംനോക്കിയു
മിങ്ങനെ തന്നിതു പിരികേയുള്ളു.
ഘോഷമിതെല്ലാം പിരിയുന്നേരം
ഭോഷികളവിടെച്ചെന്നിഹചാടും
ഭാഷിപ്പാൻ വിരുതുള്ള ജനത്തിനു
ശേഷിയതാമൊരു കൂട്ടശേഷം

[ 40 ]

ചിറ്റമ്മക്കിതു പത്തുപിറന്നു
മറ്റൊരു പൂതരുമില്ലെൻവീട്ടിൽ
പെറ്റെന്നാലൊരമളിയതായ് വരു-
മീറ്റില്ലത്തിലിരുന്നേ പോവൂ.

മറ്റൊരുനാരി പറഞ്ഞാളപ്പോൾ


മറ്റൊരു ചിന്ത നമുക്കില്ലേതും

മറ്റൊരു പുരുഷൻ വീട്ടിൽ വരുമ്പോൾ
ഏറ്റം നമ്മുടെ നായർകലമ്പും
കുറ്റംവാശ്ശതുമൊന്നുണ്ടാക്കി
കൊറ്റുമുടക്കാൻ മടിയില്ലവനും
പെറ്റമ്മക്കിട്ടടികൂടുന്നവർ
മറ്റുള്ളവരൊടു നേരായ് വരുമോ ?
മുള്ളല്ലാതൊരു വാക്കില്ലങ്ങേ-
ർക്കുള്ളിൽ കൂറെന്നുള്ളതുമില്ലാ.
ഉള്ളൊരു നെല്ലും പണവും പാടേ
കള്ളുകുടിച്ചു കുടിച്ചുമുടിച്ചു.
കഞ്ഞികുടിപ്പാനില്ലാഞ്ഞെന്നുടെ
കുഞ്ഞുകളേറ്റു നടക്കാതായി.
ഇങ്ങിനെ തലയിലെഴുത്തെന്നാകില-
തെങ്ങനെ ഞാനതൊഴിച്ചീടേണ്ടു?


അതു കേട്ടപ്പൊളൊരച്ചി പറഞ്ഞാൾ :
ഇതു കേട്ടാലും കൊച്ചനിയത്തി
അതിയായിട്ടൊരു വീടു പുലർത്താൻ
മതിയായിട്ടൊരു നായരെനിർത്താൻ.

[ 41 ]
അമ്മയ്ക്കാഗ്രഹമുണ്ടായപ്പോൾ

അമ്മാവിക്കതു സമ്മതമല്ലാ
അമ്മാമന്റെ മനസ്സുമറിപ്പാൻ
അമ്മാപാപിക്കെത്ര വിശേഷം !

വല്ലാതൊരു ഭോഷച്ചാർ നമ്മെ
ഇല്ലത്തേക്കും കൊണ്ടുതിരിച്ചാൽ
നെല്ലുകൊടുത്തു കറുപ്പും തിന്നൊരു
കല്ലുകണക്കിനു കുത്തിയിരിക്കും.

കണ്ണുതുറക്കെന്നുള്ളതുമില്ലി-
പൊണ്ണച്ചാർക്കൊരു ബോധവുമില്ലാ.
കിണ്ണം കിണ്ടിയുമിത്യാദികളിലൊര-
രെണ്ണം കണികാണ്മാനില്ലാതായ്.
അരിയും കറിയും വെച്ചുകൊടുപ്പാൻ
അരുതാതായി നമുക്കും പിന്നെ
ഒരു സുഖമെന്നതു ഞാനറിയുന്നി-
ല്ലൊരുകൂറ്റാരുമെനിയ്ക്കില്ലിപ്പോൾ.
അങ്ങേക്കൂറ്റുള്ളച്ചികളെല്ലാ-
മിങ്ങോട്ടേക്കും വിരോധം തന്നെ.
ഉരിയരിപോലും ചോദിച്ചാലവർ
തരികില്ലെന്നല്ലാനകളിക്കും.
തിരിയാത്തവരൊടു ഞാനുമൊരക്ഷര
മുരിയാടാറില്ലെന്തിനുപാഴിൽ.
പരിഹാസത്തിനുവകയില്ലാഞ്ഞവർ
പെരുവഴിനോക്കിയിരുന്നീടുന്നു.

[ 42 ]

ഇങ്ങനെയോരോ വാക്കുപറഞ്ഞുട
നംഗനമാരും വന്നു നിറഞ്ഞു
അങ്ങാടികളിലുമാൽത്തറമേലും
ഭംഗ്യാനിന്നിതുഘോഷം കാണ്മാൻ.

കുരുപതിതനയനുമനുജന്മാരും
പെരുകിനപടകളുമിളകീമെല്ലെ
പെരുവഴിതിങ്ങിനടന്നീടുന്നു
തുടിപറകിടുമുടിപടഹങ്ങളും
പൊടുപൊടെ വെടികളുമുടമയോടെ
ഇടിപൊടി തകരുമൊരടവുടനെ
വടിവൊടു നടന്നിതു പടകളെല്ലാം
കടലുടെ വടിവൊരു കലശലഹോ.
പടലുടനടവികളിടിഞ്ഞുടനേ
പൊടിയുടെ പടലവുമുലകിലെല്ലാം
പടുതരമുയരുന്നു പലവഴിയിൽ
കുടതഴ കൊടികളുമിടകലരും
ഭടജനപടകടെ നടനവിധൗ
തടമുല തടവിന തരുണികളും
മടുമലർ മലരവൽ ചൊരിഞ്ഞീടുന്നു
അനവധി കുതിരകളതിനിടയിൽ
ഘനരുചി കരികളുമളവില്ലേതും
ധനജനവിഭവങ്ങളിവണ്ണംകണ്ടാൽ
ധനപതി ഭയപ്പെട്ടങ്ങൊളിച്ചുമണ്ടും.

കനകമണിഞ്ഞൊരു കരിവരകണ്ഠേ
കനിവൊടു കേറിയിരുന്നാൽ കുരുപതി.

[ 43 ]

പനിമതിസമമൊരു വെള്ളക്കുടയും
കനകാഞ്ചിതമാം വെൺചാമരവും
അനവധി തഴയും മുത്തുക്കുടയും
ധനവിഭവങ്ങളനേകമനേകം
അനുജൻമാരുടെ മോടിയുമെന്നിവ
മനുജൻമാർക്കു മനോഹരമെല്ലാം.
ആടുകയും ചിലർ പാടുകയും ചില-
രോടുകയും ചിലർ ചാടുകയും ചിലർ
വാടുകയും ചിലർ തേടുകയും ചിലർ
ചോടുകൾ വെച്ചിട കൂടുകയും ചിലർ
വീടുകളും പല നാടുകളും പല-
കാടുകളും പല മാടുകളും മല-
മൂടുകളും മലർവാടികളും പല-
മേടുകളും പല വേടുകളും പല-
പാടവമോടു കടന്നുകടന്നവ-
രാടലകന്നു തകർത്തു തിമിർത്തു മ-
ഹാടവിപുക്കു ഗമിക്കുന്നേരം.
ബന്ധൂകദ്യുതി ബന്ധുരമാകിന
സന്ധ്യാസമയം വന്നിടകൂടി
അന്ധമതാകീന തിമിനം വന്നനു-
ബന്ധിച്ചടവി തടങ്ങൾ നിറഞ്ഞു.
ഗന്ധർവ്വന്മാർക്കുള്ളൊരു സമയം
ചന്തമൊടവിടെസ്സംഗതമായി
ഗന്ധർവ്വന്മാരതിസുഖമോടെ
പന്തണിമുലമാരോടിടകൂടി

[ 44 ]

കാന്താരത്തിലിറങ്ങിക്കനിവൊടു
ചെന്താമരമലർ പാപികൾതോറും
സന്തോഷേണജലക്രീഡാദിനി-
താന്താനന്ദമിന്നദശായാം
കുന്തീതനയന്മാർ മരുവീടിന
കാന്താരാന്തികഭുമൗ ചെന്നാർ.
ഗാന്ധാരി തനയന്മാർ പടയും
ഗാന്ധാരേശ്വരനംഗാധിപനും
വഞ്ചനശീലനതാകിന കുരുപതി
പുഞ്ചിരിപൂണ്ടു പറഞ്ഞാനുടനെ :-


നെഞ്ചിൽ നമുക്കൊരുപായം തോന്നി

കിഞ്ചിൽ ഗുണമതിനുണ്ടാമിപ്പോൾ
നഞ്ചുകലക്കണമിവിടത്തിൽ പല
വഞ്ചോലകളിലെ വാരിയിലെല്ലാം.
ചഞ്ചലമില്ലിഹപാണ്ഡുസുതന്മാ-
രഞ്ചുജനങ്ങളുമതികുടിലന്മാർ.
പാഞ്ചാലിയുമുടനംബുകുടിച്ചിഹ
പഞ്ചതയെ പ്രാപിച്ചീടേണം.
നഞ്ചുകലക്കുവി

നെന്നീവണ്ണം

പഞ്ചമഹാപാപി പറഞ്ഞപ്പോൾ
പാപികളൊരുവക രാജഭടന്മാർ
പാപികൾ തന്നിൽ മരുന്നു കലക്കി.
കോപികളായവർ കാട്ടിയതെല്ലാം
പാപത്തിന്നൊരു വഴിയായ് വരുമേ.

[ 45 ]

വൃത്രനെക്കൊന്നവന്റെ മിത്രമായ് മരുവുന്ന
ചിത്രസേനഗന്ധർവ്വൻ ധാത്രിയിലങ്ങിറങ്ങി.
രാത്രിയിൽ തന്റെ ചാരുഗാത്രിമാരോടുകൂടി
തത്രവന്നൊരു ശതപത്രിണി തോയംതന്നിൽ
ചിത്രമാംകേളികൾക്കു പാത്രമാമവനപ്പോൾ
മാത്രാധികാനന്ദവിചിത്രം വിഹരിക്കുമ്പോൾ.
വെള്ളപളുങ്കിനൊത്തവെള്ളത്തിൽ നഞ്ചിടുവാ-
നുള്ള കൗതുകംകൊണ്ടു തള്ളിവരുന്ന ചില
കള്ളന്മാരെക്കണ്ടപ്പോളുള്ളം കയർത്തുബല-
മുള്ള ചിത്രസേനൻതാൻ വെള്ളത്തിൽനിന്നു കേറി


കള്ളക്കിടലന്മാരേ ! കൊള്ളാമിക്കാടുതന്നി-

ലുള്ള മുനികളുടെ വെള്ളത്തിൽ നഞ്ചിടുവാ-
നുള്ളോരുത്സാഹമിപ്പോൾ.
കള്ളുകുടിച്ചുവന്നു ഭള്ളുനടിക്കും നിങ്ങൾ
തുള്ളുന്നതെല്ലാമിത്രേയുള്ളു എന്നിങ്ങുറച്ചു
കൊള്ളും പ്രഹരമതിനുള്ള വഴികൾ വീണു
കൊള്ളിവാക്കുകൾകൊണ്ടു തുള്ളിക്കുന്നുണ്ടുപിന്നെ
കൊള്ളിക്കുന്നുണ്ടുബാണം കൊള്ളിക്കും ബഹുമാന
മെള്ളോളമില്ലെന്നോർപ്പിൻ!

കുരുകുലമൂഢൻമാരെ നിങ്ങടെ
പരമാർത്ഥം ഞാനഖിലമറിഞ്ഞേൻ
തരമില്ലിങ്ങനെ ചതിയും കൊതിയും
തരസാമനമതിലേറെമുഴുത്താൽ


പൗരവകുലമതിലഴകേറീടിന
വീരന്മാരാം പാർത്ഥന്മാരൊടു

[ 46 ]

വൈരംമനസിമുഴുത്തതിനാൽ നിജ
പൗരുഷമവരെക്കാട്ടുവതിന്നായ്
പൗരന്മാരും പടയും കുടയും
വാരണഘടനയും കൂട്ടിക്കെട്ടി-
പ്പാരിടമൊക്കെ മുഴക്കിവരുന്നതു
നേരായ് വരികില്ലധമന്മാരെ !
അഞ്ചിതമാകിനശുദ്ധജലങ്ങളിൽ
നഞ്ചിടുവാനായ് വന്നൊരു നിങ്ങളെ
നെഞ്ചകമെന്നതു കല്ലോ ശിവ ! ശിവ !
പഞ്ചമഹാപാതകിമാർ നിങ്ങൾ
നേരെനിന്നു പ്രയോഗിപ്പാനായ്
ഭീരുക്കൾക്കൊരു വൈഭവമില്ലാ.

നേരല്ലാതെ ചതിപ്പാൻ പെരുവഴി
യോരോന്നിങ്ങനെ നോക്കിനടന്നാൽ
സ്വൈരക്കേടുകൾ വളരെ വരുമ്പോൾ
ആരുമൊരാരാശ്രയമില്ലാതാകും.
നീരസമല്ലാതുള്ള പ്രയോഗം
പാരംകുറയും നിങ്ങൾക്കിപ്പോൾ.
തന്നേക്കാൾ ബലവിക്രമമുള്ളൊരു
ധന്യന്മാരൊടുചെന്നിഹനേർത്താൽ
ഒന്നുംതരമായ് വരികില്ലതുകൊ-
ണ്ടെന്നും തീരാദുഷ്കീർത്തികളും.
ആണുങ്ങൾക്കു പിറന്നവനെങ്കിൽ
പ്രാണൻകളവിൻ നമ്മുടെ നേരെ.

[ 47 ]
ബാണം കൊണ്ടു സഹിക്കാഞ്ഞുടനേ

നാണംകെട്ടു നടക്കും നിങ്ങൾ
ഇക്കൂട്ടത്തിനു ബലമില്ലെന്നൊരു
ധിക്കാരംകൊണ്ടിവിടെ വരുന്നു.
വക്കാണത്തിനടുക്കുന്നേരം
കൈക്കാണം ഞാൻ വാങ്ങുകയില്ലാ.
വാക്കിനുവാക്കും വമ്പിനു വമ്പും
മുഷ്ക്കിനു മുഷ്ക്കും മുള്ളിനുമുള്ളും
നോക്കിനുനോക്കും തല്ലിനുതല്ലും
ഭോഷ്ക്കിനുഭോഷ്ക്കുമെനിക്കുണ്ടറിവിൻ.
കള്ളൻമാരാം നിങ്ങളെ ഞങ്ങൾ-
ക്കെള്ളോളം ബഹുമാനമതില്ലാ.
ഉള്ളംതന്നിലഹംഭാവം കണ-
കൊള്ളുന്നേരമതൂർദ്ധ്വമതാകും.
പുള്ളിപ്പുലിയുടെ മുന്നിൽചെന്നിഹ
തുള്ളിനടക്കും കുറുനരിയെപ്പോൽ
കൊള്ളാം നീയിഹകൗഹവമൂഢാ
കള്ളാ ! നിന്നുടെ നാശമടുത്തു.



ഇത്തരമുള്ളൊരു ദുഷിതവാക്യംബത
സത്വരമമ്പൊടു കേട്ടൊരു നേരം
ക്രുദ്ധനതാകിനധൃതരാഷ്ട്രാത്മജ
നുത്തരമുദ്ധതമിത്ഥമുരത്താൻ
നില്ലെടാമൂഢാ മതിമതിനിന്നുടെ
വല്ലാതുള്ളൊരു വാക്കുകളെല്ലാം
മല്ലു നടിച്ചു ചൊടിച്ചു പറഞ്ഞാൽ
കൊല്ലുവതിന്നൊരു സംശയമില്ല

[ 48 ]

ജളനാംനിന്നുടെ കരളിലഹമ്മതി
കളവാൻ വിരവിലഹമ്മതിഭോഷാ
വളരെപ്പറവാൻ കുറവില്ലെന്നൊരു
വെളിവുണ്ടുള്ളിൽ നിനക്കതു വിഫലം.
പെണ്ണുങ്ങൾക്കൊരു ബഹുമാനത്തിനു
പൊണ്ണൻ പലവക ജല്പിക്കുന്നു
വിണ്ണവർ നാട്ടിലെ വിരുതുംകൊണ്ടിഹ
വന്നുപറഞ്ഞാലിവിഫലിയാ.
മറുനാട്ടീന്നൊരു വിരുതൻവന്നിഹ
തിറമൊടുനിന്നു ഫലിപ്പിക്കുന്നതു
കുറയുമതോർത്തുപറഞ്ഞീടുക നീ
കുറവുവരുത്തിയയക്കും ഞങ്ങൾ.
സംഗതികൂടാതുള്ളൊരു വാക്കുകൾ
നിങ്ങടെ നാട്ടിൽ തന്നേനല്ലു.
ഇങ്ങനെയുള്ളൊരു നല്ല സമക്ഷ-
ത്തെങ്ങും നിങ്ങടെ വിദ്യകളൊക്കാ.
പൊട്ടക്കുളമതു വിട്ടുതിരിച്ചാ
ലട്ടക്കൊരുഗതിയില്ലെന്നറിക-
യഷ്ഠികളേ ഭയമില്ല കുരയ്ക്കും-
പട്ടി കടിക്കില്ലെന്നു പ്രസിദ്ധം.
ഗന്ധർവ്വൻ നീയെങ്കിലുമിങ്ങനെ
ബന്ധം കൂടാതുരചെയ്തെന്നാൽ
ബന്ധുവിഹീനനതാകിന നിന്നെ
ബ്ബന്ധിച്ചീടുന്നുണ്ടിഹ ഞങ്ങൾ

[ 49 ]

പന്തണിമുലമാരാകുമിവർക്കൊരു
സന്താപത്തിനു സംഗതിയില്ലാ.
ചന്തമിയന്നൊരു പുരുഷൻമാർ പല-
ബന്ധുതചെയ്യാനിവിടെയുമുണ്ടാം.

അഞ്ചാറനുജന്മാരു നമുക്കു-
ണ്ടഞ്ചായുധനേക്കാൾ വിരുതന്മാർ
അഞ്ചാതവരൊടുകൂടിവസിക്കാം
കഞ്ജത്താർ മിഴിമാരെ വരുവിൻ.
കണ്ടകനാമിക്കണവൻ കേറി-
ശ്ശണ്ഠയിടുന്നതു ശങ്കിക്കേണ്ടാ.
ശുണ്ഠികടിച്ചാൽ ഫലമില്ലവനതു
കണ്ടൊരു കോണിലിരിക്കേയുള്ളു.
നടുമിറ്റത്തൊരു കുറ്റി തറച്ചൊരു
നെടുപാശംകൊണ്ടരയിൽമുറുക്കി
തടിയനെയതിനൊടു ബന്ധിക്കുന്നു-
ണ്ടുടനൊരു മൂത്ത കരുങ്ങതുപൊലെ.

വാടാ നിന്നുടെ വിരുതുകളെന്നൊടു
കൂടാ മൂഢാ ! കുടിലകുശീലാ !
പാടവമോടിഹ പടപൊരുതീടുക
നാടകമല്ലിതു വീരവിനോദം
കർണ്ണാ ! നീയിതു കേൾക്കുന്നീലേ
കർണ്ണാരുന്തുദമിവനുടെ വചനം ?
കർണ്ണാകൃഷ്ടമതാക്കുക ചാപം
കീർണ്ണമതാക്കണമിവനുട ഗാത്രം.

[ 50 ]

ഘോരശരങ്ങളെടുത്തുതൊടുത്തൊരു
മാരികണക്കിനെ വർഷിച്ചാലും
വടിവൊടുഖേചരഖേടൻതന്നുട-
ലടിമുടി പൊടിയാക്കീടുക കർണ്ണാ !
ദുശ്ശാസനനും ദുർമ്മുഖനും പുന-
രിശ്ശാസനമനുപാലിച്ചാലും !
വാശ്ശതുമെന്നൊരുപേക്ഷകണക്കി-
ലിശ്ശംനെക്കൊലചെയ്തേ പോവൂ.
നമ്മുടെനേരെ വരുന്നൊരുകൂട്ടം
നിർമ്മരിയാദം ജല്പിക്കുന്നൊരു
ദുർമ്മതിയാമിവനുള്ളിലിരിക്കുമ-
ഹമ്മതിയിന്നു ശമിപ്പിക്കേണം.
രണ്ടുശരങ്ങൾ കണക്കിനു കൊണ്ടാൽ
മണ്ടും വിരവൊടു മറുതലവീരൻ.
തൊണ്ടന്മാരിവർ പടയെന്നുള്ളൊരു
രണ്ടക്ഷരമതു കേട്ടിട്ടില്ല.
ശണ്ഠയിടാനല്ലാതൊരുവസ്തു
ചെണ്ടക്കാരൻ ഗ്രഹിച്ചിട്ടില്ലാ
ചണ്ടികൾ പറയുന്നതിനെക്കൂടെ
കൊണ്ടാടാൻ ചില മൂഢരുമുണ്ട്.

അടുക്കവിരവൊടുതടുക്ക ചിലർ ചെന്നു
പിടിക്കശരവരമെടുക്ക പരിചൊടു
കൊടുക്കയിവനുടെ മിടുക്കുകൊണ്ടുതന്നെ
നടക്കുമെന്ന രുചി മുടക്കുവതിനിന്നു.

[ 51 ]

മടിക്കരുതു ഗതി മുടക്കി മദഭര-
മടക്കി യുടനതി പടുക്കളൊരുവക
പടക്കു തുടരുക.
പൊടുക്കെന്നിവനുടെ മിടുക്കു ഫലിക്കാഞ്ഞു
നടക്കുമില്ലെന്നാകിലടുക്കുമതുകൊണ്ടു
നടുക്കമിനിക്കില്ല പടുക്കളിവരെല്ലാ-
മൊടുക്കം തൊറ്റുമണ്ടും.

ഇങ്ങനെയുള്ളൊരു ദുർഭാഷണമവർ
തങ്ങളിലങ്ങു പറഞ്ഞൊരുശേഷം
സംഗരമാശു തുടങ്ങി പ്രകടശ-
രങ്ങൾ ചൊരിഞ്ഞു മറിഞ്ഞിതു ഗഗനം
ചൊല്ലേറീടിന ഗന്ധർവ്വൻ നിജ-
വില്ലു വലിച്ചു ചെവിക്കിടചേർത്തു
നല്ല ശരങ്ങളുതിർത്തുതുടങ്ങി
നല്ലൊരു സമരമതെന്നേവേണ്ടു
ഊറ്റക്കാരവർ നൂറ്റുവരെല്ലാം
ഏറ്റംചാടിയടുത്തുതുടങ്ങി
കാറ്റുകൾ തടിക്കരപറ്റീടുമൊ-
രാറ്റിലെ വെള്ളത്തിരകൾകണക്കെ
കേറ്റം പാരമതാരംഭേ പുന-
രേറ്റം പേടിയുമുടനേകൂടി
തോറ്റു തിരിച്ചു തുടങ്ങി പതുക്കെ-
പ്പാറ്റകൾപോലെ പടജ്ജനമെല്ലാം.
മാറ്റലർ ബാണഗണങ്ങളുമുടനുട-
നേറ്റു മുറിഞ്ഞു മറിഞ്ഞഥവീണു.

[ 52 ]

ഏറ്റുതിരിപ്പാനെളുതല്ലാഞ്ഞാ-
രെറ്റം ഭൂമിയിൽ വീണുമുരുണ്ടും.
പേടികലർന്നൊരു നായന്മാര-
ങ്ങോടിച്ചെന്നു മരങ്ങടെമൂടിൽ
കൂടിക്കരിയിലകൊണ്ടു ശരീരം
മൂടിയൊളിച്ചു ശയിച്ചാരുടനേ
നായന്മാരുടനോടുന്നേര-
ത്തായുധമെല്ലാം വഴിയിൽ പോയി.
ആയതുപിന്നെയുമുണ്ടാക്കീടാം
കായം കിട്ടുകിലതു ബഹുലാഭം.
മലയുടെ ഗുഹയിൽ ചെന്നു കിടന്നാർ
ചിലരന്നേരം പ്രാണഭയത്താൽ
വലിയൊരു പുലി വന്നടിയുംകൂടി-
ത്തലയുംകൊണ്ടു തിരിച്ചാനപ്പോൾ.
കലയും മാനും വരുമൊരുമാർഗ്ഗേ
വലയും കെട്ടിക്കാളാന്മാർ
മലയിലൊളിച്ചിഹ പാർക്കുന്നേരം
വലയിൽപെട്ടതു കണ്ടൊരുവേടൻ
കലയെന്നോർത്തൊരു ബാണമയച്ചാൻ
തലയിൽകൊണ്ടു തറച്ചതുകണ്ടാ-
മലയൻവന്നിഹ നോക്കുഃന്നേരം.
കല്ലയല്ലിവനൊരു വലിയൊരു തടിയൻ
മലയാളത്തിലെ മാനുഷനൊരുവൻ
വലയീന്നിങ്ങു വലിച്ചു പതുക്കെ
തലയീന്നമ്പു പറിച്ചാൻ വേടൻ.

[ 53 ]

പേടിത്തൊണ്ടൻ മറ്റൊരു മാനുഷ-
നോടിപ്പോം വഴിയറിയാറാക്കി
കാടു തകർത്തൊരു വാരിക്കുഴിയിൽ
ചാടിയൊളിച്ചു കിടന്നാനപ്പോൾ.
ഉള്ളത്തിൽ ഭയമേറുകമൂലം
വെള്ളത്തിൽ ചിലർ ചാടിയൊളിച്ചു.
വള്ളിക്കെട്ടുകൾ തോറും ചെന്നതി-
നുള്ളിൽ പുക്കിതു പലജനമപ്പോൾ
മണ്ണിൽ പല പല കുഴിയാണ്ടാക്കി
പൊണ്ണൻമാർ ചിലരവിടെയൊളിച്ചു
കണ്ണുമടച്ചു പുതച്ചുകിടന്നൊരു-
വണ്ണമുറക്കവുമങ്ങു തുടങ്ങി.
കൊമ്പു കുഴൽക്കാർ ചെണ്ടക്കാരരു-
മമ്പുഭയപ്പെട്ടോടിനടന്നാർ.
കൊമ്പന്മാരുടെ കൊച്ചുമരത്തിൻ
കൊമ്പുതടഞ്ഞുടനമ്പതുഭിന്നം.

മദ്ദളമരയിലുറപ്പിച്ചീടിന
വിദ്വാനോടുകപാരംദണ്ഡം.
മദ്ദളമങ്ങൊരു കാട്ടിലെറിഞ്ഞി-
ട്ടദ്ദിക്കീന്നഥ ധാവതിചെയ്തു.
ഒരു ഭാഗത്തെത്തോലു പിളർന്നി-
ട്ടൊരുവൻ ചെണ്ടക്കകമേ പുക്കാൻ.
പെരുവഴി തന്നിലുരുണ്ടു തിരിച്ചാൻ
പെരുതായുള്ളൊരു ചെണ്ടക്കാരൻ

[ 54 ]

ഉടുക്കുംകൊട്ടിക്കൊണ്ടഗ്രേ നടക്കുന്ന മേളക്കാരൻ
ഉടുക്കും മുണ്ടും കളഞ്ഞുമിടുക്കും ഭാവിച്ചുമണ്ടി
തിടുക്കം പൂണ്ടൊരുവീട്ടിൽ കിടപ്പാൻ ഭാവിക്കുന്നേരം
കടുത്ത നായർതാൻ വന്നു തടുത്താനത്രയുമല്ലാ
മുടിക്കും പിടിച്ചു നാലഞ്ചടിക്കുന്ന ഘോഷംകേട്ട്
പൊടുക്കെന്നു കാട്ടിൽ പുക്കു കിടക്കുന്ന നായന്മാർ വ-
ന്നടുക്കുന്ന കോലാഹലം കുടുക്കുന്നുണ്ടൊരുദിക്കിൽ
പടക്കു തോറ്റുമണ്ടുന്ന ഭടന്മാർ വന്നുകേറുമ്പോൾ
പടിക്കൽ കാവലുംവെച്ചു കടപ്പാനളതല്ലെന്നും
വനത്തിൽ നിന്നോടിവന്ന ജനത്തിന്റെ ഭാവംകണ്ടു
മനസ്സിൽ നിന്ദിക്കും നാരീജനത്തിന്റെ വാക്കുണ്ടായി.


വമ്പന്മാരായ മീശക്കൊമ്പന്മാരെല്ലാമോരോ-

വമ്പും പറഞ്ഞു വില്ലുമമ്പുമെടുത്തുംകൊണ്ടു
തമ്പുരാന്മാർക്കു തിരുമുമ്പിലകമ്പടിക്ക-
ങ്ങിമ്പം കലർന്നുചെന്നു വമ്പിച്ച കാനനത്തിൽ
ഗന്ധർവ്വന്മാരെപ്പേടിച്ചന്ധന്മാരായ നിങ്ങ-
ളെന്തിപ്പോളോടിപ്പോരാൻ ബന്ധമെൻ ഭോഷന്മാരേ !
ചന്തം പെരിയതൊങ്കൽ കുന്തം കളഞ്ഞുവീണു
ദന്തങ്ങളും തകർന്നു എന്തൊരു സാഹസങ്ങൾ
തോൽക്കുന്ന കൂട്ടം നിങ്ങൾ തോക്കും കളഞ്ഞുപോന്ന
താർക്കുമടുത്തതല്ലിതോർക്കുമ്പോൾ ചിരിയാകും
നേർക്കും മറ്റാരോടുപോരേൽക്കുന്നനേരം പല-
ചാക്കും മുറിവും പുനരാർക്കും വരാത്തതല്ല.
ചാട്ടംപിഴച്ച കപിക്കൂട്ടംകണക്കെ നിങ്ങൾ
കൂട്ടം പിരിഞ്ഞു പാരം കോട്ടംപിണഞ്ഞമൂലം

[ 55 ]

ഓട്ടംതുടങ്ങിയതു വാട്ടംവരുവാൻതന്നെ
കേട്ടാലുടനെത്തന്നെ നാട്ടാർ പരിഹസിക്കും.
കാട്ടിൽനിന്നോടിപ്പോന്നു വീട്ടിൽപുക്കൊളിക്കയെ-
ക്കാട്ടിൽ മരിക്കനല്ലൂ കേട്ടിലേ നായന്മാരേ !
ഗോഷ്ഠികൾ പതിന്നാലുനാട്ടിലും കേൾക്കുമയ്യോ !
കാട്ടിയ കർമ്മമേതും പാട്ടിലായതുമില്ല.
പെണ്ണുങ്ങളുടെ വാക്കീവണ്ണം കേൾക്കുന്ന ചില-
പൊണ്ണന്മാർ വീടുകളിൽ കണ്ണുമടച്ചിരുന്നാർ.
കർണ്ണൻ വികർണ്ണൻ ദുര്യോധനൻ ദുശ്ശാസനനും
കണ്ണും ചുകത്തിച്ചാപദണ്ഡം കുലച്ചുംകൊണ്ടു-
തത്രവന്നടുക്കുന്ന ചിത്രസേനന്റെ കൂട്ട-
മെത്രവളരെയുണ്ടുമിത്രന്മാരവരോടു
യുദ്ധംതുടങ്ങീയവരിത്ഥം പറഞ്ഞീടുന്നു
ക്രുദ്ധന്മാരായ് കുരുവൃദ്ധന്റെ നന്ദനന്മാർ:-


ഗന്ധർവന്മാരാകിന നിങ്ങടെ

ഗന്ധംപോലും നാസ്തിയതാമൊരു
ബന്ധംകൂടാതിങ്ങനെനേർപ്പാ-
നെന്തൊരു കാരണമധമന്മാരേ ?
അംബരചാരികളാകിനനിങ്ങടെ
ഡംബരമിന്നു ശമിക്കുമശേഷം
സംഗരമിവിടെച്ചയ്വതിനുള്ളൊരു
സംഗതിവന്നിതു നന്നിതുകാലം.
അംഗമഹീപതികർണ്ണൻ ഞാനിതു
നിങ്ങളറിഞ്ഞീലെങ്കിലിതറിവിൻ.
അംഗങ്ങളിലുടനമ്പുകൾ കൊണ്ടിഹ
ഭംഗംവരുമളവറിയാമെല്ലാം.
നിങ്ങടെവിരുതുകളൊന്നുമിദാനീം
ഞങ്ങടെനേരെ ഫലിക്കയുമില്ലാ.
കുരുകുലതിലകൻ ദുര്യോധനനൃപ-
നരികുലശലഭദവാനലസാരൻ.
കരബലശാലികളനുജന്മാരും
പരബലമാശുതകർക്കുമശേഷം.

[ 56 ]

ശ്ലോകം

കുംഭീന്ദ്രപ്രൗഢകുംഭസ്ഥലദലനകലാ-
ചണ്ഡതോർദ്ദണ്ഡസാരാൻ
ഗംഭീരാരാവഘോരാൻ കിമുശശനികര-
സ്സംഹരേത്സിംഹവീരാൻ
കിംഭോ ! ഗന്ധർവ്വവൃന്ദം സകലമപിസമം
സംഗതം സംഗരാന്തേ
ഡംഭോപേതം വിജേതും പ്രഭവതിവിമതോൽ
കർത്തനാൻ ധാർത്തരാഷ്ട്രാൻ ?

ശ്ലോകം കൊണ്ടു പറഞ്ഞാലറിവാൻ
ആകുലമെങ്കിൽ പൊരുളുഞ്ചൊല്ലാം.
ലോകരശേഷം ബോധിക്കേണം
ലൗകികമിതുകഥനം ചെയ്യുന്നു

[ 57 ]

ആനത്തലവന്മാരുടെ മസ്തക-
മാശുപിളർന്നുകിളർന്നൊരു രുധിരം
പാനംചെയ്തു മദിച്ചുനടക്കും
പരുഷമതാകിന സിംഹകുലത്തെ
താനേചെന്നൊരുകൂട്ടം മുയലുകൾ
താഡിച്ചാശുവധിപ്പാൻ മതിയോ ?
അതുപോലെ ബഹുഗന്ധർവ്വന്മാ-
രതുലപരാക്രമശാലികളാകും.

ധൃതരാഷ്ട്രാത്മജരോടമർ ചെയ്യാൻ
മതിയാമോ ബത ശിവ ശിവ ! മോഹം.
കൂടലർ കുലബലമറുതിപെടുക്കും
കൂട്ടം കുരുകുലമെന്നു ധരിപ്പിൻ!
ആടലശേഷമകന്നുപടയ്ക്കതി
പാടവമേറിന കർണ്ണാദികളൊടു
കൂടാനിങ്ങടെ നികൃതികളൊന്നും.
വാടാ! ഖേചരമൂഢാ ! രണഭൂവി
വാടാ ഞങ്ങളിലൊരുവൻപോലും
പ്രൗഢാഹം കൃതി ഹുംകൃതിയാലതി-
മൂഢന്മാരുടെ വാക്കിതിവണ്ണം
ഗൂഢമതല്ലിഹ പൊരളിതു കിഞ്ചിൽ
മിത്രനന്ദന സുയോധനവൃന്ദം
തത്രവന്നുടനടുത്ത ദശായാം
ചിത്രസേന നഥസേനകളോട-
ങ്ങൊത്തുകൂടിയവരോടുരചെയ്താൻ:-

[ 58 ]

"നില്ലുനില്ലെട സുയോധന! കർണ്ണാ !
നിങ്ങൾ ചൊന്ന മൊഴിനിന്ദിതമെല്ലാം.
വില്ലെടുത്തു വിളയാടിന ഞങ്ങൾ-
ക്കില്ല തെല്ലുമൊരു വാട്ടമിദാനീം.
കൂർത്ത മൂർത്ത ശരമാരികളെല്ലാം
പേർത്തു പേർത്തുടനുതിർത്തു തുടർന്നാൽ
ചീത്തമൂർത്തികളിലാശു സമസ്തം
കോർത്തു കോർത്തു ശകലീകൃതമാക്കും.
ധാർത്തരാഷ്ട്ര! കുടിലാശയ! നിന്റെ
ധൂർത്തുകൊണ്ടു ഫലമില്ലെട മൂഢ!
ഓർത്തുകൊൾക മമ ബാഹുബലം നീ
നേർത്തുവന്നതതി സാഹസമല്ലോ.
ഊർദ്ധപാരിവവരരോടമർചെയ്താ-
ലൂർദ്ധമാനവനിചാരികളെല്ലാം.
മൂർദ്ധഭാഗമതിലമ്പുകളേറ്റി-
ട്ടൂർദ്ധലോകഗതിവന്നു ഭവിക്കും
കാട്ടിൽ വന്നു നിജ പൗരുഷഭാവം
കാട്ടുവാനിഹ തുടർന്നൊരു കള്ള-
കൂട്ടമിങ്ങനെ തിമിർത്തതു മൂലം
കോട്ടമിന്നു വരുവാൻ വഴികൂടി
നൂറ്റുപേരുമിഹ നിങ്ങളശേഷം
കൂറ്റുകാരുമുടനൻപൊടുപോരിൽ
തോറ്റുപോം ത്ധടിതിയത്രുമല്ലാ
കാറ്റുപോലെ ദൃഢമാശുപറക്കും.

[ 59 ]

അഷ്ടികഴിച്ചുതിമിർത്തു നടക്കു-
യഷ്ടികളൊരുവക ദുർവിനയന്മാർ
നഷ്ടിവരാനൊരു വഴിയും നോക്കി-
ക്കഷ്ടിച്ചങ്ങനെ പടയുംകൂട്ടി
കെട്ടിച്ചുറ്റിയണിഞ്ഞു ഞെളിഞ്ഞിഹ
കൊട്ടിഘോഷിച്ചാർത്തുവിളിച്ചും
പെട്ടികളും ചില പെട്ടകവും പല
ചട്ടമതിങ്ങനെ വട്ടംകൂട്ടി
ചെട്ടികളും ചില കുട്ടികളും കോ-
മട്ടികളും പല പട്ടന്മാരും
നാട്ടിലിരിക്കും പ്രജകളെയെല്ലാം
കൂട്ടിസ്വരൂപിച്ചെന്തൊരു കാര്യം ?
കാട്ടിൽവരാനിഹകൂടിലന്മാരേ !

കാട്ടിയവിരുതുകളൊക്കെയബദ്ധം
കാട്ടിലിരിക്കും പാർത്ഥന്മാരെ-
ക്കാട്ടീടുവതിന്നിങ്ങനെ നിങ്ങടെ
ഗോഷ്ഠികളോർത്താൽ ചിരിയാകുന്നു
ഗോഷ്ഠിവിലോകനമെന്നൊരകപടം
പുഷ്ടിനടിക്കും നിങ്ങളെയിപ്പോൾ
പട്ടിക്കും ബഹുമാനം നാസ്തി.
കൊട്ടിക്കൊണ്ടിഹവരുവാനിങ്ങനെ
സൃഷ്ടിച്ചാനൊരു കുസൃതിക്കാരൻ.
രാഷ്ട്രവിനാശത്തിന്നുടനേ ധൃത-
രാഷ്ട്രസുതന്മാർ നിങ്ങൾ പിറന്നു.

[ 60 ]

നാട്ടിനുനാശം നിങ്ങടെമൂലം
നാണക്കേടിനു നല്ലൊരു മാർഗ്ഗം
പടയും നിങ്ങടെ പദവികളും പല-
കുടയും കൊടിയും തഴചാമരവും
പടഹന്തുടിപറകൊമ്പും കുഴലും
പടുതരഘോഷമശേഷവുമിപ്പോൾ.
ത്ധടിതിനശിച്ചിതു ജളരേ! നിങ്ങടെ
തടിമാത്രം ശേഷിച്ചിതുസമരേ

തടിയന്മാരേ! പടപൊരുതീടുക
കുടിയന്മാരേ! മൂഢന്മാരേ!
മടിയന്മാരുടെ മദവും മതവും
പടതുടരുമ്പോൾ തീരുമതറിവിൻ"
ഇത്ഥം പറഞ്ഞുകൊണ്ടു യുദ്ധം തുടങ്ങിയത്ര
ചിത്രസേനാദികളും ധാർത്തരാഷ്ട്രാദികളും
അസ്ത്രങ്ങളനവധി ശസ്ത്രങ്ങൾ പലവിധം
ചിത്രപ്രകാരമതുമാത്രം പറവാൻമേലാ.

വെട്ടും തടവും ചില മുട്ടുംമുറികൾ പുന-
രൊട്ടും കുറവില്ലാത്ത കൊട്ടും കുഴൽവിളിയും
എട്ടുദിഗന്തങ്ങളും പൊട്ടുംപ്രകാരം പട-
വെട്ടും കുരുക്കളമ്പത്തെട്ടും മുപ്പതും നാലു-
മെട്ടും തളർന്നു വില്ലുമിട്ടും കളഞ്ഞു നല്ല
പട്ടുംവെടിഞ്ഞു പുറകോട്ടു തിരിച്ചനേരം
കൂട്ടം കലമ്പിപ്പടക്കൂട്ടം പലവഴിക്കും
ഓട്ടം തുടങ്ങിപ്പലകോട്ടങ്ങൾ കണ്ടുനിൽക്കും

[ 61 ]

ധീരൻ ചിത്രസേനൻഗഭീരൻ ഗന്ധർവ്വരാജ‌-
വീരൻ നൂറ്റുപേരുടെ നേരെ പാഞ്ഞടുത്താശു
"രേരേ മൂഢരേ! നിങ്ങളാരെക്കാണ്മാനോടുന്നു
പോരാടുവാൻ മിടുക്കുപോരാത്ത നിങ്ങളിപ്പോൾ
ആരുചൊല്ലിത്തങ്ങടെ പൗരുഷം കാട്ടാൻവന്നു?
നില്പിൻ തരിമ്പെങ്കിലും കെല്പില്ലാത്തവർ നിങ്ങൾ
ജല്പിപ്പാൻമാത്രം കൊള്ളാമല്പന്മാരയ്യോ കഷ്ടം.
ചൊല്പൊങ്ങും ദേവരാജൻ കല്പിച്ചുവന്നു ഞങ്ങൾ
സർപ്പധ്വജന്റെ കൂട്ടമെപ്പേരുമിന്നുതന്നെ
സ്വർഗ്ഗത്തിൽ വന്നീടണം ഭർഗ്ഗല്ല പറയുന്നു.
പട്ടും വളയുമെല്ലാം കിട്ടുമത്രയുമല്ലാ
വീരശൃംഖല നിങ്ങൾക്കോരോന്നു കൈക്കുപോടും
പാരാതെപോകുന്നുകൊൾവിൻ വീരാളിപ്പട്ടുംകിട്ടും
ഇത്തരം മൊഴിപറഞ്ഞുസമർത്ഥൻ
ചിത്രസേനനതിവേഗമടുത്തു
തോറ്റുദൂരമഥധാവതിചെയ്യും
നൂറ്റുപേരെയുടനടിച്ചുപിടിച്ച-
ക്കയ്റുകൊണ്ടുടൽ വരിഞ്ഞഥകെട്ടി
തേരിലെക്കൊടി മരത്തൊടുകൂടി-
ചേരുമാറു പല കെട്ടുമുറുക്കി.
ക്ഷിപ്രമംബരതലത്തിലുയർന്നാൻ
അപ്രമേയബലനാകിനദിവ്യൻ
ധാർത്തരാഷ്ട്രശതവും പുനരപ്പോൾ
ആർത്തരായിമുറയിട്ടു തുടങ്ങീ:‌-

[ 62 ]

ധൂർത്തരാമരികൾ ഞങ്ങളെയെല്ലാം
തേർത്തടത്തിലുടനിട്ടുവരിഞ്ഞു
ഊദ്ധ്വദിക്കിനിഹകൊണഅടു തിരിച്ചു
പാർത്തുകാൺക മമ ധർമ്മര നൂജാ.
പാർത്ഥ! ഹാ! നകുല! ഹാ! സഹദേവ!
കാത്തുകൊൾക കനിവോടതിവേഗാൽ.
ഭീമസേനവരികാശുതരിമ്പും
താമസിക്കരുത് നിങ്ങളിദാനീം.
സീമയില്ല മമ സങ്കടമയ്യോ !
ധീമതാം വരയുധിഷ്ഠിരവീര.

(ഇന്ദിശ-രാഗം , കണ്ടനാച്ചി താളം)

തടിച്ചൊരു ഗന്ധർവ്വൻ മഹാകശ്മലൻ അടിച്ചു
പിടിച്ചു കെട്ടിക്കൊണ്ടു തിരിച്ചു ശിവ! ശിവ!
ഒരുത്തൻ വരുത്തന്നൊരനർത്ഥങ്ങളാൽ
കരത്തിന്നൊരു കരുത്തുമില്ലാ ഞങ്ങൾ കനക്കെതരംകെട്ടു
വലഞ്ഞു വശംകെട്ടുവയംകേവലം വലക്കകത്തു
പതിച്ച മൃഗങ്ങളെക്കണക്കെ ശിവ ശിവ!
സഖേ! ധർമ്മജ! വീര! സമീരാത്മജ! സരസ! പാർത്ഥ
നകുല! സഹദേവ ! വരികവിരവൊടെ
നിരാധാരരായുള്ള ജനങ്ങൾക്കഹോ നിങ്ങളെ
ന്നിയേ മറ്റൊരു ജനമില്ല ശരണമതുദൃഢം
കുരുക്കൾക്കു വന്നീടും തരക്കേടഹോ കുലത്തി-
ലുള്ള ജനങ്ങൾക്കൊക്കെത്തന്നെ സമമെന്നറികെടോ

[ 63 ]

ഇത്തരമുള്ളൊരു മുറവിളികൊണ്ടകഥ
പത്തുദിഗന്തരമൊക്കെ മുഴങ്ങി
സത്വരമതുകേട്ടധികദയാനിധി
സത്വഗുണാംബുധി ധർമ്മതനൂജൻ

ഗന്ധവഹാത്മജനോടരുൾചെയ്തു :-


ഗന്ധർവന്മാർവന്നിഹ നമ്മുടെ

ബന്ധുജനങ്ങളെയെല്ലാം വിരവൊടു
ബന്ധിച്ചുംകൊണ്ടങ്ങുതിരിച്ചു.

ബന്ധംകൂടാതിങ്ങനെ ചെയ്വതി-
നന്ധതതാനൊരു കാരണമിപ്പോൾ
അന്ധൻ ജനകനുമിക്കഥകേട്ടാൽ
അന്തസ്താപംകൊണ്ടു മരിക്കും.

എന്തെങ്കിലുമുടനനുജന്മാരുടെ
സന്താപങ്ങളൊഴിക്കണമിപ്പോൾ
അന്തരമില്ലിതു ചെയ്തീലെന്നാൽ
എന്തിനു നമ്മുടെ ധർമ്മവിചാരം ?

ദുര്യോധനനും ദുശ്ശാസനനും
ദൂഷണമനവധി ചെയ്തവരെങ്കിലു-
മയ്യോ ഞങ്ങൾ വലഞ്ഞെന്നിങ്ങനെ
കയ്യും മെയ്യും വശമല്ലാഞ്ഞവർ

നമ്മെ വിളിച്ചു കരഞ്ഞതുകേട്ടിഹ
ചുമ്മയിരിപ്പുതചിതമോ സഹജ ?
ധർമ്മം നൃപതിക്കാശ്രിതരക്ഷണ-
കർമ്മതമല്ലോ സഹജന്മാരേ!

[ 64 ]

ദുർമ്മദമിപ്പോളരുതരുതുരതര-
ദുരിതം വരുമതിനനവധിമേലിൽ
അഗ്രജവചനം കേട്ടൊരുമേരമു
ദഗ്രപരാക്രമിയാകിയ ഭീമൻ

അഗ്രേനിന്നു പറഞ്ഞുതുടങ്ങി സ-
മഗ്രാഹം കൃതിശാലിഗഭീരൻ-
"അടിയങ്ങൾക്കിഹ നാലുജനത്തിനൂ-
മരുളിച്ചെയ്തൊരു കല്പനകേൾക്കാൻ
മടിയെന്നുള്ളതുമില്ലിഹധർമ്മം
പിടിപാടില്ലാത്താളുകളല്ലാ
കള്ളച്ചൂതുകൾകൊണ്ടുചതിച്ചൊരു
കള്ളന്മാരുടെ കപടമതോർത്താൽ

ഉള്ളംതന്നിലൊരല്പം കനിവെ-
ന്നുള്ളതു സംപ്രതി തോന്നുന്നീലാ.
തള്ളവുമവരുടെ തുള്ളലുമൊരുവക
ഭള്ളുംപെരുകിന കള്ളവുമോർത്താൽ
കൊള്ളാമിത്തൊഴിൽ താനേവന്നതു
കോലാഹലമെന്നെന്നുടെ പക്ഷം.
ഗന്ധർവ്വന്മാർ സരസന്മാരവർ
എന്തെന്നില്ലാത്താളുകല്ലവർ
ബന്ധംകൂടാതല്ലവരിവരെ-
ബ്ബന്ധിച്ചങ്ങനെ കൊണ്ടുതിരിച്ചു.
പാലുകുടിച്ചു തടിച്ചൊരുകൂട്ടം
വാലില്ലാത്ത കുരങ്ങച്ചന്മാർ.

[ 65 ]

നാലഞ്ചല്ലൊരു നൂറുജളന്മാർ
നാടുമടിപ്പാൻ വന്നുപിറന്നു.
പന്തംകാട്ടി നടക്കുന്നവരുടെ
ദന്തംതല്ലിയുതിർപ്പാൻ നല്ലൊരു
ബന്ധംകാണാഞ്ഞങ്ങുവസിക്കും
ഗന്ധർവ്വന്മാർക്കിന്നു കണക്കിൽ
ബന്ധിപ്പാനൊരു സംഗതിവന്നതു
സന്ധിക്കാതവർ വിടുകയുമില്ലവ-
രെന്തെങ്കിലുമൊന്നാരംഭിച്ചാൽ
അന്തരമില്ലതു ചെയ്തേ നില്പൂ.

വിണ്ണവർ നാട്ടിലിരിക്കും വേശ്യ-
പ്പെണ്ണുങ്ങടെ നടുമുറ്റമടിപ്പാൻ
പൊണ്ണന്മാരിവർ കൊള്ളാമവരുടെ
പെണ്ണുങ്ങടെ വിടുപണി ചെയ്യിക്കാം.

കാളിപ്പെണ്ണു കുളിക്കുന്നേരം
താളിപതപ്പാനൊരുവൻ കൊള്ളാം.
നീലിപ്പെണ്ണിനു നിദ്രാസമയേ
കാലിണഞെക്കാനപരൻ കൊള്ളാം.

ഉർവ്വശിതന്റെ പടിക്കമെടുപ്പാൻ
ഉർവ്വിയിലുള്ളവരിൽ ചിലർ കൊള്ളാം.
അരുവയർമൗലി തിലോത്തമ തന്നുടെ
പുരമുറി തൂപ്പാനൊരുവൻ കൊള്ളാം.
സ്വർഗ്ഗസ്ത്രീകടെ വൃഷലികൾ വേലയെ-
ടുക്കേണ്ടുന്നതിനിവരെക്കൊള്ളാം.

[ 66 ]

പച്ചിലയുള്ളൊരു പദവിക്കാരുടെ
എച്ചിലെടുപ്പാനിവർ ചിലർ കൊള്ളാം.
ചന്ത്രക്കാരനു വെറ്റതെറുപ്പാൻ
ചന്തക്കാരിലൊരുവൻ കൊള്ളാം.
കുട്ടിപ്പട്ടന്മാരുടെ ചുമടുകൾ
കെട്ടിപ്പോറാനൊരുവൻ കൊള്ളാം.
കല്പകവൃക്ഷം കാപ്പാനുള്ളൊരു
കല്പനകേൾപ്പാനൊരുവൻ കൊള്ളാം.
ആമ്പടികൂടുന്നവരുടെ വീട്ടിൽ
തൂമ്പകിളപ്പാനും ചിലർ കൊള്ളാം.
ഗോക്കളെമേപ്പാനും ചിലർ കൊള്ളാം
ശ്വാക്കളെ നോക്കാനും ചിലർ കൊള്ളാം
കാക്കവരുമ്പോൾ വക്കാണിപ്പാ-
നാക്കണമെങ്കിലതിവരെക്കൊള്ളാം.
ഈവക വിടുപണി ചെയ്യിപ്പാനിഹ
ദേവകൾ ചൊല്ലാൻ ഗന്ധർവ്വന്മാർ
ഇവരെക്കെട്ടിക്കൊണ്ടുതിരിപ്പാ-
നവകാശമിതെന്നടിയനു തോന്നി.
മറ്റൊരു കാര്യക്ലേശം ചെയ്യാൻ
നൂറ്റിലൊരുത്തനുമില്ലിഹനൂനം.
മാറ്റികളെപ്പുനരെന്തിനു നാമിഹ
മാറ്റിക്കൊൾവാൻ പണിചെയ്യുന്നു.
കുരുടെച്ചാരുടെ മക്കളെയൊക്കെ
തെരുതെരെ മമ ഗദകൊണ്ടടികൂട്ടി
പരിചൊടു കൊന്നുമൂടിപ്പാനായി-
പ്പലകുറിയടിയൻ ഭാവിച്ചപ്പോൾ

[ 67 ]

അരുതരുതെന്നിഹ ജ്യേഷ്ഠൻ നമ്മൊടു
തിരുവുള്ളക്കേടായതുമൂലം
കുറ്റംവരുമെന്നൊർത്തുടനടിയൻ
മുറ്റുമടങ്ങിപ്പാർക്കുന്നിപ്പോൾ

മറ്റൊരു കൂട്ടക്കാർവന്നേറ്റി
നൂറ്റുവരേയും കൊണ്ടുതിരിച്ചതു
മാറ്റുന്നെന്തിനു നല്ലകണക്കിലി-
തേറ്റതൊഴിപ്പാനെന്താവശ്യം ?
താനൊന്നിനു കല്പിക്കയുമില്ലിഹ
താനേവന്നതുമൊക്കെ മുടക്കും.
ജ്ഞാനികളാകിന നിങ്ങടെമദ്ധ്യേ
ഞാനിങ്ങനെയൊരു മൂഢൻ തീർന്നു

ജ്യേഷ്ഠനുമനുജന്മാരുംകൂടി
കാട്ടിലിരുന്നു തപംചെയ്താലും!
ശാന്തന്മാരൊടുകൂടിയിരിപ്പതു
താന്തോന്നിക്കിഹ തരമില്ലിപ്പോൾ

തടിയൻ ഭീമൻ ഞാനിനിനിങ്ങടെ
ഇടയിലിരുന്നു തരങ്ങൾ കെടാതെ ,
വാശ്ശൊദിക്കിനു പോകേയുള്ളു
വാച്ചൊരു പരിഭവമൊഴിയണമുടനെ.

ഗദയുംകൈയിലെടുത്തൊരു പൊണ്ണൻ
ഉദയേകുളിയും പുഷ്പാഞ്ജലിയും
ഉപവാസങ്ങളുമുപരിതുടർന്നാൽ
അപവാദങ്ങൾ നമുക്കുഭവിക്കും.

[ 68 ]

ചേട്ടനുമനുജന്മാരും ചെന്ന-
ചെണ്ടക്കാരുടെ ദീനമൊഴിച്ചുട-
നവരുടെ ദിക്കിനയക്കേവേണ്ടു.
ഭവനേചെന്നവർ കേറുംമുമ്പെ

കാറ്റിൻമകനുടനവിടെച്ചെന്നിഹ
നൂറ്റിനെയുപൊടി ഭസ്മമതാക്കി
കാലത്തിങ്ങുവരുന്നുണ്ടവരെ
കാലപുരത്തിൽ ചെന്നാൽ കാണാം

കടുത്ത വാക്കുകളുരത്തുഭീമൻ
കരത്തിലെഗ്ഗദയെടുത്തുവെക്കം
നടപ്പതിന്നഥതുടർന്ന നേര-
ത്തിടക്കു നരപതി കഥിച്ചിതേവം.

കടുപ്പമായ് വരുമടക്കമില്ലാ-
തടുത്തു സോദര തുടങ്ങൊലാനീ ,
പൊടുക്കനെക്കഥയൊടുക്കുകെന്നതു
നടക്കയില്ലിഹ മിടുക്കനെങ്കിലും.
ഒടുക്കമൻപൊടു മടക്കവും ചില-
മുടക്കവും വരുമടക്കമേശുഭ-
മിടക്കു സോദര! പടക്കു കാലമ-
തടുക്കുമന്നിതു മടക്കുമായതു
തടുക്കയില്ലഹ മെടുക്കിലുംഗദ
മുടിക്കിലും പുരനടിക്കിലും പൊടി-
പെടുക്കിലും പുരമടക്കിലും പഥി
വടക്കുതെക്കിഹ നടക്കിലും തവ

[ 69 ]

മതം നമുക്കനുമതം വൃകോദര!
ഹിതംപറഞ്ഞതുചിതം ഗ്രഹിക്ക നീ.
കുരുകുലമതിലിഹജാതന്മാരവർ
ഒരുനൂറും നാമൈവരുമല്ലോ.
ഒരുമനമുക്കുമവർക്കും തങ്ങളിൽ
വരുവാൻ വിഷമമതെങ്കിലുമിപ്പോൾ
മാറ്റാർവന്നു വിരോധിക്കുമ്പോൾ
നൂറ്റഞ്ചും പുനരൊന്നെന്നേ വരു
ഊറ്റക്കാർക്കും വരുമൊരബദ്ധം
കൂറ്റാർ വേണമൊഴിപ്പതിനപ്പോൾ
കൂറ്റാരൊരുവരുമില്ലാതൊരുദിശി
മറ്റാരെങ്കിലുമുപകൃതിചെയ്യാം.
കാറ്റിൻമകനേ മടിയാതവർകളെ
മാറ്റിക്കൊണ്ടിഹ വരിക കുമാരാ!
പണ്ടൊരു പൂച്ചയുമെലിയും തങ്ങളിൽ
ലുണ്ടായ് വന്നു സഖിത്വമൊരുന്നാൾ
മലയുടെ മൂട്ടിൽ കാട്ടാളന്മാർ
വലയും കെട്ടിയുറപ്പിച്ചങ്ങനെ
കലയും മാനും പുലിയും വന്നതിൽ
വലയുംന്നേരം കൊലചെയ്യാനായ്
ഒരുദിശിപാർത്തിതു പകൽകഴിവോളം
ഒരുമൃഗമന്നിഹവന്നതുമില്ലാ.
വരുമിനിരാത്രിയിൽ നാളെ വെളുത്താൽ
വിരവൊടുവന്നുവധിക്കാമെന്നവർ
കരുതിത്തങ്ങടെ ഭവനേ ചെന്നുട
നൊരുമിച്ചവിടെയുറക്കുവുമായി.

[ 70 ]

ഒരുമാർജ്ജാരൻ വനഭൂവിരാത്രിയി-
ലിരയുംതെണ്ടി നടക്കുന്നേരം
തരസാചൊന്നൊരു വലയിൽചാടി-
കരവും കാലുമിളക്കാൻമേലാ

പരവശനപ്പോൾ ങ്യാവൂ ങ്യാവൂ
കരവൂതും ചെയ്തവിടെ വലഞ്ഞൂ
അരികെയുള്ളൊരു പോട്ടിലിരിക്കും
പെരുതായുള്ളരൊ മൂഷികനപ്പോൾ

അരിയായുള്ളൊരു പൂച്ചത്തടിയൻ
കരയുന്നതു കേട്ടൊന്നുവിരണ്ടു
ഉരിയാടാതെ മുഖം കാട്ടുന്നതു-
മൊരുകുറി കണ്ടാൻ പൂച്ചയുമപ്പോൾ
സരസതയോടു വിളിച്ചാനവനെ
പരവശനായ് ഞാൻ മൂഷികവീര!
വലയിൽചാടി വലഞ്ഞിതുഞാനൊരു
ഫലമില്ലാതെ മരിപ്പാറായി

കലമാൻ പന്നികൾ വന്നുപതിച്ചാൽ
മലയന്മാർക്കതുതിന്മാൻ കൊള്ളാം.
വിലപിടിയാത്തൊരു പൂച്ച ലഭിച്ചാൽ
മലയനുമായതു തിന്മാനാകാ.
തലയിലെഴുത്തിൽ ബലമതുകൊണ്ടിഹ
വലയിൽപെട്ടു വലഞ്ഞു സഖേ! ഞാൻ
എലിയും പൂച്ചയുമന്യോന്യം ബഹു-
കലഹികളെന്നൊരു ചൊല്ലതുകൊള്ളാം.

[ 71 ]

കലഹമെനിക്കു ഭവാനോടില്ലതു
നലമൊടു നീയിഹ ബോധിക്കേണം.
വലയുടെ ചരടു കടിച്ചുമുറിപ്പാൻ
പല പല കൗശലമങ്ങുണ്ടല്ലോ.

മലയൻപോന്നു വരുന്നതിൽമുമ്പേ
വലകണ്ടിപ്പാൻ കനിവിയലേണം.
വലയുന്നവരുടെ പാലനമല്ലോ
വലിയ ജനങ്ങടെ ധർമ്മമതറിക!

എലിയെന്നല്ല ഭവാനൊരു ദശയൽ
പുലിയെക്കാളതിവൻ പനതാകും
പലവിധമിങ്ങനെ മാർജ്ജാരകനുടെ
പരവശവാക്കുകൾ കേട്ടൊരു നേരം
എലിയതു ബോധിച്ചരികേചെന്നഥ
വലകണ്ടിപ്പാൻ വട്ടംകൂട്ടി.

ഓരോ ചരടു കടിച്ചുമുറിപ്പാ-
നോരോനാഴികനേരം വേണം.

തെരുതെരെയങ്ങു കടിച്ചുമുറിച്ചാൻ
തരമല്ലെന്നുണ്ടെലിയുടെ ഹൃദയേ
മെച്ചമിവന്നിതു ചെയ്യാനെന്നതു
പൂച്ചയറിഞ്ഞാലുപകാരത്തിനു

താഴ്ചവരാനുണ്ടെന്നു കനക്കെ
കാഴ്ചയവന്നുണ്ടെന്നുതുമൂലം
താമസമായതു കണ്ടൊരു പൂച്ച-
യ്ക്കാമയമേറി ക്ലേശവുമേറി

[ 72 ]
തെരുതെരെ വേണമതല്ലെന്നാലിഹ

വരുമതി ദുഷ്ടൻ മലയപ്പാഴൻ
പുലരുന്നേരം മലയന്മാരും
പലരും കലശലുകൂട്ടും മുൻപേ
വലകണ്ടിച്ചുവിടേണം നീയെ-


ന്നെലിയൊടു പൂച്ച പറഞ്ഞുതുടങ്ങി.
വെട്ടമടുത്തൊരു സമയേ മൂഷിക-
നൊട്ടും താമസിയാതെ വലയും
പൊട്ടിച്ചമ്പൊടു പോട്ടിലൊളിച്ചു
ധൃഷ്ടൻ പൂച്ചയുമങ്ങുനടന്നു.
ഒട്ടുദിനങ്ഹൾ കഴിഞ്ഞൊരു ദിവസം
കിട്ടീലേതുമൊരേടത്തശനം
അഷ്ടിക്കെന്തൊരു വകയുള്ളെന്നിഹ
കാട്ടിൽനടന്ന പൂച്ചത്തടിയൻ
കൂട്ടുസുഖിത്വം പ്രാപിച്ചെലിയുടെ
പോട്ടിന്നരികേ ചെന്നുവിളിച്ചാൻ


പണ്ടുപകാരം ചെയ്തൊരു മൂഷിക-

നുണ്ടോ സുഷിരം തന്നിലിദാനീം.


എലിയതുകേട്ടു വിലത്തിന്നുള്ളിൽ
തലകാട്ടാതെ വസിച്ചുപറഞ്ഞാൻ :
ശ്ലോകം


കാര്യാർത്ഥമാവയോസ്സഖ്യം

തസ്മിന്നവസിതേ പുന :
മാർജ്ജാരസ്ത്വം ഹിമാർജ്ജാരോ
മൂഷികോഹഞ്ചമൂഷിക!

[ 73 ]
കാര്യംകൊണ്ടിഹ നീയും ഞാനും

കനിവൊടുസഖ്യം ചെയ്തിതുമുന്നും
കാര്യമതന്നു കഴിഞ്ഞുപിരിഞ്ഞു
വൈരമതിനിയും മുന്നെപ്പോലെ
പൂശകനാം നീ പൂശകനിനിമേൽ
മൂഷികനാം ഞാൻ മൂഷികനിനിമേൽ
ഇനി നാം തങ്ങളിലെത്തുംനേരം
കനിവുമതില്ലൊരു ചേർച്ചയുമില്ലാ


ഇങ്ങനെയുള്ളൊരു ശ്ലോകം ചൊല്ലീ-
ട്ടങ്ങുനടന്നിതു മൂഷികനുടനെ ,
എന്നതുകൊണ്ടു പറഞ്ഞുവൃകോദര
നന്നിതുമാർഗ്ഗം നയശാലികളാൽ
നിന്ദിതമല്ലിതു നന്ദിതമത്രേ
ചെന്നുടനവരുടെ മോചനമുചിതം
ഇന്നിസ്സങ്കടമവരുടെ തീർത്താൽ
പിന്നെ നടേത്തെപ്പോലെതന്നെ
കൗന്തേയന്മാർ കൗന്തേയന്മാർ
കൗരവ്യന്മാർ , കൗരവ്യന്മാർ.


ആര്യനിദാനീമരുളിചെയ്തതു

കാര്യ

മിതെന്നുരചെയ്തിതു നകുലൻ.


ഏഷണിപറവാൻ വിരുതുപെരുത്തവ

നേഷസുയോധനനനുജന്മാരും
ദുഷണമിങ്ങനെ വരുവാനൊക്കെയു-
മേഷണി ദോഷമിതെന്നറിയേണം

[ 74 ]

ശ്ലോകം
പുരകശ്ചനഗോമായുർ
ദുരാഗ്രഹവശം വദ:
പരാൻ വിനാശയൻ ഭൂയോ
ദുരാപദമുപേയിവാൻ

പണ്ടൊരു കുറുനരിതിന്മാനുള്ളതു
തെണ്ടിനടന്നു മനസ്സുംമുട്ടി.
കണ്ടകമുള്ള വനങ്ങളിലെല്ലാം
മണ്ടിനടന്നു തളർന്നുശരീരം
കണ്ടാനൊരുദിശി നല്ല കരിമ്പുക-
ളുണ്ടാക്കിപ്പലവേലികൾകെട്ടി-
കാത്തുകിടപ്പാൻ പുരയുംകെട്ടി-
പ്പാർത്തീടുന്നൊരു നായരുമുണ്ട്
കേളച്ചാരെന്നവനുടെ പേരും
കേട്ടുഗ്രഹിച്ചാൻ കുറുനരിയൊരുനാൾ
കേളച്ചാരൊടു ചെന്നുപറഞ്ഞു.


കേളച്ചാ! ഞാനുരചെയ്യുന്നതു

നാളെപ്പത്തുവെളുപ്പിനുമുമ്പേ
കോളല്ലാതൊരു ദുഷണുമുണ്ടാം
കാട്ടിൽ നടക്കുമൊരാനത്തലവൻ
കേട്ടുകരിമ്പുകളുള്ള വിശേഷം
രക്ഷിച്ചിവിടെ വളർത്ത കരിമ്പുകൾ
ഭക്ഷിപ്പാനായ് വരുമത്തടിയൻ.

[ 75 ]

രക്ഷിക്കുന്നൊരു തന്നെക്കൂടെ
ഭക്ഷിക്കാതെയടങ്ങുകയില്ല

അതുകേട്ടപ്പോൾ നേരെന്നോർത്തൊരു
മുതുകേളച്ചാരൊന്നുവിരണ്ടു.


കുറുതായുള്ളൊരു കൗശലമുണ്ടിഹ

കുറുനരിഞാനതു ബോധിപ്പിക്കാം.
അമ്പുകൾ ചുട്ടുപഴുപ്പിച്ചെയ്താൽ
കുംഭിത്തടിയനെയിന്നുവധിക്കാം.
ചെറ്റുവടക്കൊരു പൊക്കംപെരുകിന
പുറ്റിന്നരികെ ചെന്നുപതുക്കെ
പറ്റിക്കൊണ്ടാലമ്പുകളവനുടെ
നെറ്റിക്കിട്ടു പ്രയോഗിച്ചീടാം.
പത്തുവെളുപ്പിനു മുമ്പേയവിടെ-
ക്കെത്തിക്കൊണ്ടാലതുസാധിക്കും.


എന്നതു കേട്ടഥ, കേളച്ചാരതു
നന്നെന്നോർത്തുടനവിടെപ്പാർത്താൻ
കുറുനരിചെന്നഗ്ഗജവരനോട-
ങ്ങറിയിച്ചാനതുസമയേതന്നെ.


കരിമ്പുതിന്മാൻ കരിവരനിപ്പോൾ

തരിമ്പുമോഹമതുണ്ടെന്നാകിൽ
തരംവരുത്താം പത്തുവെളുപ്പിനു
വരമ്പിനുള്ളിൽ ചെന്നാലവിടെ
കരിമ്പുകാണാമയതു തുമ്പി-
ക്കരത്തിലാക്കിത്തിന്നുമുടിപ്പാ-
നൊരുമ്പെടേണം നീയിഹഞാനു-
ണ്ടകമ്പടിക്കായ് മുന്നിൽ നടപ്പാൻ

[ 76 ]

ഇത്തരമുരചെയ്തീടിനകുറുനരി
മത്തഗജത്തെക്കൊണ്ടുവരുമ്പോൾ


പത്തമ്പതുദിവസത്തിനു ഭക്ഷണ-

മിത്തടിയന്റെ ശരീരം മതിയാ-
മിത്തൊഴിൽ നല്ലകണക്കിനുകൂടി.
കേളച്ചാരുടെ തടികൊണ്ടിന്നും
നാളേക്കും തടവില്ലഭുജിപ്പാൻ


എന്നു വിചാരിച്ചവനും തെളിവൊടു
ചെന്നൊരു ദിക്കിലൊളിച്ചഥ നിന്നാൻ.
വന്നുടനാന കരിമ്പുതകർത്തഥ
തിന്നുതുടർന്നൊരു സമയേകേളൻ
ചുട്ടുപഴുത്തൊരു ശരവും വില്ലും-
വട്ടം കൂട്ടിപ്പാതിരനേരം.
പുറ്റുമ്മേലൊരു കാലും വെച്ചഥ
തെറ്റെന്നക്കണവിട്ടൊരു നേരം
മസ്തകഭാഗേ ബാണംകൊണ്ടൊരു
മത്തകരീന്ദ്രൻ ചത്തുമറിഞ്ഞു.
വമ്പനതാകിന കേളച്ചാരെ
പാമ്പുകടിച്ചുടനവനും ചത്തു.
പത്തിപ്പുറമേവില്ലിൻമുനയതു
കുത്തുകയാലപ്പാമ്പും ചത്തു.
ഒക്കെച്ചത്തതു കണ്ടുപ്രസാദി-
ച്ചക്കുറുനരിയരികെച്ചെന്നുടനെ
അക്കുലവില്ലിൽ മുനമേലുള്ളൊരു
രക്തംചെന്നഥ നക്കുന്നേരം
പല്ലുകൾ തട്ടിമുറിഞ്ഞിതു ഞാണും.

[ 77 ]

വില്ലുനിവർന്നുടനവനുടെ വായിൽ
കൊണ്ടുകരേറിക്കുറുനരിഭോഷൻ
രണ്ടുപിളർന്നുടനവനും ചത്തു.
ഏഷണിയുള്ളവനങ്ങനെവരുമതു
ദോഷങ്ങളിലതിദോഷം നിയതം.
ഭോഷന്മാർക്കതു കാരണമിപ്പരി
വേഷണമിങ്ങനെ സംഗതിവന്നു
അഥപുനരഗ്രജനരുളിച്ചെയ്തു :


കഥകൾ പറഞ്ഞച കാലംപോയാൽ

രഥമതിലധുനായന്ത്രിതരാമവ-
രതിദൂരംഗതരായെന്നുംവരും
വിരയെപ്പോകവൃകോദരവീരാ !
ഹരിസുത ! നീയും കൂടെച്ചല്ലുക
ഇരുവരുമൊരുമിച്ചംബരചരരെ
പരിചൊടുചെന്നു ജയിച്ചും കൊണ്ടഥ
കുരുസുതശതവും വീണ്ടും കൊണ്ടിഹ
വരികതരിമ്പു വിചാരം വേണ്ടാ


ഗുരുശാസനമതു കേട്ടങ്ങിനുവരു-
മുരുതരവേഗം ചെന്നുവിളിച്ചു.
ചമ്പതാളം
 ഗഗനചരമൂഢരേ ! ഗന്ധർവ്വകീടരേ!
ഗമനമിതുവിരവിനൊടുപിഫലതരമാക്കുവൻ
വിരുതുകളിതൊക്കവേ വിരതതരമാക്കുവൻ
വരികയുധിപൊരുവതിനു പെരികമദശീലരേ!

[ 78 ]

കുരുകുലമഹീശരോടരുതരുതുസാഹസം
കരികളൊടുപൊരുവതിനു കുറുനരികൾപോരുമോ ?
ഹരിതനയനർജ്ജുനൻ പരിശമിതദുർജ്ജനൻ
പരുഷതരശരനികരനിരകൾ ചൊരിയും വിധൗ
ത്ധടിതിപൊടിഭസ്മമാം കുടിലകുലമൊക്കവേ
പടപൊരുകിലുടലുടയമുടവുമുടനേവരും
പടയിലധികാദരൻ പടുമതി വൃകോദരൻ
കഠിനതരഗദയുടയ കരുമനകൾകൊണ്ടുടൻ
അടിതുടരുമാഹവേ പൊടിയുമുടനാകവേ
അടിമുടികളഖിലമപിതിലതുലിതമായ് വരും
ഇത്ഥംപറഞ്ഞുകൊണ്ടു യുദ്ധംതുടങ്ങിപാർത്ഥൻ
ഊർദ്ധ്വപ്രദേശങ്ങളിൽ കൂർത്തുള്ള സായകങ്ങൾ
ചേർത്തുപ്രയോഗിച്ചതു നേർത്തുപോകാതെകൊണ്ടു
കോർത്തു ഗന്ധർവ്വന്മാർക്കു പാർത്തുകൂടാതെയാക്കി
ത്തീർത്തു വിജയനിനി ധൂർത്തു ഫലിക്കയില്ലെ-
ന്നോർത്തു ചിത്രസേനനുമാർത്തുവിളിച്ചടുത്തു.
മാരികണക്കേ വീരന്മാരിലസ്ത്രങ്ങളങ്ങു
വാരിച്ചൊരിഞ്ഞു വ്യോമചാരി ഗന്ധർവ്വരാജൻ
പോരിലുടനേ വല വൈരിതനയനപ്പോൾ
ഭൂരിശസ്ത്രങ്ങൾ കൊണ്ടു ദുരീകരിച്ചു സർവ്വം.
ദിവ്യൻ പലവിധത്തിൽ ദിവ്യശാസ്ത്രം പ്രയോഗിച്ചു
സവ്യസാചിതാനതു സർവ്വം തടുത്തുനിന്നു.
വമ്പുള്ളർജ്ജുനനുടെ യമ്പുതടുപ്പാനും ത-
രിമ്പുശക്തിയില്ലാഞ്ഞ കമ്പം തുടങ്ങി ദിവ്യൻ
വിട്ടുപോവാനും വഴി കിട്ടുന്നതില്ലാ പട-
വെട്ടുവതിനു പുനരൊട്ടുമെളുതുമല്ല.

[ 79 ]

പെട്ടെന്നു നാമിവിടെപ്പെട്ടുപോമെന്നുറച്ചു
കൊട്ടും ഘോഷവും നിർത്തിയൊട്ടും താമസിയാതെ
തേരും പടയും നൂറ്റുപേരും താനും ഭൂമിയിൽ
ചേരുവാൻ വന്നിറങ്ങി ചാരുഗന്ധർവ്വരാജൻ.
മാരുതാന്തമജനതു നേരം പറഞ്ഞു

പാർത്ഥാ!

പോരും കലഹമിനിച്ചേരുകെന്നേ വേണ്ടു
പാരം വലഞ്ഞു നിന്റെ കൂരമ്പുകൊണ്ടിക്കൂട്ടം
വൈരം വെടിഞ്ഞിവരെ സ്വൈരം സംഭാവിക്കേണം


ഭീമസേനന്റെ വാക്കു കേട്ടൊരു സവ്യസാചി
താമസം കൂടാതെ കണ്ടായുമധമങ്ങുവെച്ചു.


ഭൂമിയിലിറങ്ങുക വൈകാതെ ചിത്രസേനാ !

നാമിവരും തമ്മിലേതും കലഹമില്ല



ഗന്ധവഹാത്മജ വിജയന്മാരൊടു
ഗന്ധർവ്വാധിപനിദമരുൾചെയ്തു.
ബന്ധുപ്രീതി ബലം കൊണ്ടിവരെ
ബന്ധിപ്പതിനിഹം ബന്ധം വന്നു
ഒരുവകയും പിടിപാടില്ലാത്തൊരു
കുരുസുതമൂഢന്മാരിവർ നൂനം
നിരപമമിങ്ങു ജളപ്രഭുഭാവം
പെരുതായ് വന്നു ശിരസ്സിൽകേറി

മുറ്റും നമ്മുടെ വിദ്യകൾ ഭദ്രം
മറ്റുള്ളവരുടെ നിന്ദിതമെന്നും
ഏറ്റം മദഭരമുള്ളതശേഷം
മാറ്റണമെന്നിട്ടഹമിതിചെയ്തു.

[ 80 ]

വീരവൃകോദര! വരികധനഞ്ജയ!
വൈരം നമ്മൊടു കരുതീടൊല്ലാ.
വൈരിജനങ്ങടെ ബന്ധനമോക്ഷം
വിരവൊടുചെയ്ത വൃകോദരവീര
എന്നതുകേട്ടു വൃകോദരനുടനെ
സ്യന്ദനമേറിച്ചെന്നു പതുക്കെ
കെട്ടുകളൊക്കെയഴിപ്പാൻ രഥമതി-
ലിട്ടുപിരട്ടിയുരുട്ടിച്ചിലരുടെ
കുടുമപിടിച്ചു വലിച്ചു ചിലരുടെ
പിടരിപിടിച്ചു തിരിച്ചും ചിലരുടെ
താടിപറിച്ചും മീശമുറിച്ചും
മോടി കുറച്ചും തട്ടിമറിച്ചും
കെട്ടഴിയാഞ്ഞതു പൊട്ടിച്ചുംപണി
പെട്ടുരഥത്തേൽ നിന്നു നിലത്തേ-
ക്കിട്ടുതുടങ്ങി മടങ്ങാതേതല-
തൊട്ടെണ്ണിസ്വരുപിച്ചങ്ങൊരുദിശി
ദുര്യോധനനും ദുശ്ശാസനനും
ദുർമ്മുഖനും ദുശ്ശേശ്വരനിവനും
ദുർമ്മർഷണനും ദുർമ്മേധാവും
ദുർദ്ധർഷണനും ദുർഭാഷണനും
ദുഷ്കർഷണനും ദുഷ്കണ്ടകനും
ദുശ്ശീലൻ ദുർബുദ്ധി ദുരീശൻ
എണ്ണംനൂറുമിതൊപ്പിപ്പാൻ ബഹു-
ദണ്ഡമെനിക്കിഹകൈതളരുന്നു-
ഉണ്ണീവരികധനഞ്ജയ! നീയിനി

[ 81 ]

എണ്ണിയൊരിക്കൽ സൂക്ഷിക്കേണം
അണ്ണൻതമ്പിയുമവനുടെ തമ്പിയു-
മെണ്ണത്തിൽപിഴകൂടാതെണ്ണുക!
കണ്ണില്ലാത്തൊരുജനകനിനിത്തൊ-
ട്ടെണ്ണിയൊരേടത്താക്കുന്നേരം
തൊണ്ണൂറ്റൊമ്പതിലേറ്റംകണ്ടീ-
ലെന്നുള്ളമളിവരാതെയിരിപ്പാൻ
ധൂർത്തന്മാരെയൊരോലയിലൊക്കെ
ച്ചാർത്തിവിടാഞ്ഞാൽ ദൂഷണമുണ്ടാം.

കാണുന്നീല കണക്കപ്പിള്ളകൾ
മേനോക്യച്ചന്മാരുമതില്ലാ.
നല്ലചിതത്തിൽ കൂടിനമുക്കെളു-
തല്ലിനിയിവരുടെ പേരുകുറിപ്പാൻ
എന്നു പറഞ്ഞു ചിരിച്ചുവൃകോദര
നൊന്നൊഴിയാതിഹ നൂറ്റവരേയും
കെട്ടഴിച്ചഥവിട്ടുപതുക്കെ
തൊട്ടുതലോടിക്കൊണ്ടുരചെയ്താൻ
"ദുര്യോധന! ശൃണുവചനം നിന്നുടെ
ദുര്യോഗംകൊണ്ടിങ്ങനെസംഗതി
വന്നുഭവിച്ചതു , നന്നായ് വരുമിനി
നിന്നുടെ ദുർമ്മദമൊട്ടുശമിക്കും
ആയുതവരുവാൻ വിഷമംനിന്നുടെ
മായമതുണ്ടോ മാറീടുന്നു ?
നായുടെ വാലൊരു പന്തീരാണ്ടേ
ക്കായതമാകിനകുഴലിലതാക്കി
പിന്നെയെടുത്തതു നോക്കുന്നേരം
മുന്നേപ്പോലെ വളഞ്ഞേ കാണൂ.

[ 82 ]

വെൺമതികുലമതിലീശ്വരനാകിന
ധർമ്മാത്മജനുടെ ചരണസമീപേ
ചെന്നുവണങ്ങിക്കരവും കൂപ്പി
മൂന്നുവലത്തും വെച്ചുപതുക്കെ
പൊയ്ക്കൊണ്ടാലും ഹസ്തിനപുരമതി-
ലിക്കണ്ടനുജന്മാരൊടുകൂടെ-"
ഇങ്ങനെയുള്ള വൃകോദരവചനം
തിങ്ങിനനാണംകൊണ്ടുമുഖത്തെ
താഴ്ത്തിക്കൊണ്ടഥ കേട്ടുമനസ്സിലൊ-
രാർത്തിമുഴുത്തു സുയോധനനുടനെ.
ഉത്തരമുരിയാടാതേതന്നെ
സത്വരമനുജന്മാരൊടുകൂടി
ഹസ്തിനപുരവഴി നോക്കിനടക്കാൻ
അസ്ഥിരമതിയാ മതിശയകുടിലൻ
വിരവൊടു വീരൻ വായുതനൂജൻ
നരനൊടുകൂടെച്ചെന്നു വനാന്തേ
നരപതി കൂലപതിയാകിയ തങ്ങടെ
ഗുരുവരനാകിയ ധർമ്മത്മജനുടെ
ചരണസമീപേ ചെന്നുവണങ്ങി
പരമാനന്ദയാകൃതിയാകിന-
മുരരിപുഭഗവാൻ തന്നുടെ രൂപ
സ്മരണം ചെയ്തു വസിച്ചിതു ഭദ്രം


ചിത്രസേനനും വൃന്ദവുമെല്ലാം

ചിത്തസമ്മതം പൂണ്ടുഗമിച്ചു
വൃത്രവൈരിയെച്ചെന്നു വണങ്ങി
തത്രമേ വിനാനതു മതിഭദ്രം


ശുഭം
"https://ml.wikisource.org/w/index.php?title=ഘോഷയാത്ര&oldid=39313" എന്ന താളിൽനിന്ന് ശേഖരിച്ചത്