സുകുമാരി

രചന:ജോസഫ് മൂളിയിൽ (1897)

[ 5 ] Sukumari

സുകുമാരി

By
Joseph Muliyil [ 7 ] SUKUMARI

A STORY
DESCRIPTIVE OF THE EARLY WORK
OF THE
BASEL GERMAN EVANGELICAL MISSION
IN
NORTH MALABAR


സു കു മാ രി

മലയാളജില്ലയിലെ ജൎമ്മൻ മിശ്യൻ വേലയുടെ
ആരംഭകാലത്തെ വൎണ്ണിക്കുന്ന
ഒരു കഥ

MANGALORE
BASEL MISSION BOOK AND TRACT DEPOSITORY
1897

Price: Paper cover 6 As. വില: കടലാസ്സു പൊതിഞ്ഞതു ൬ അണ. Cloth " 10 " തുണി " ൧0 " [ 8 ] PRINTED AT THE BASEL MISSION PRESS, MANGALORE. [ 9 ] TO

THE VENERABLE ROME COMMITTEE

OF THE

Basel German Evangelical Mission

AND ALL THE

Missionary Ladies and Gentlemen

Past and Present of the Mission,

THIS VOLUME IS RESPECTFULLY DEDICATED

BY THE AUTHOR. [ 11 ] മുഖവുര.

കൃപാബായി സത്യനാഥൻ എന്നവർ ഇംഗ്ലിഷുഭാഷയിൽ
എഴുതിയുണ്ടാക്കിയ 'സഗുണ' എന്നു പേരായ കഥ ഇതിന്നി
ടെ മലയാളത്തിൽ പരിഭാഷയാക്കി 'കേരളോപകാരി'യിൽ
പ്രസിദ്ധം ചെയ്വാൻ തുടങ്ങിയപ്പോൾ ഭാഷ കുറേ കഠിനമാ
യ്പോയെന്നും അസാരം എളുപ്പമാക്കിയാൽ കൊള്ളാമെന്നും
പലരും അഭിപ്രായം പറകയുണ്ടായി. അന്യഭാഷയിലുള്ള
ഒരു പുസ്തകം ഭാഷാന്തരം ചെയ്യുമ്പോൾ ആദ്യത്തേതിലുള്ള
ഭംഗിയും ചാതുൎയ്യവും കഴിവുള്ളേടത്തോളം നഷ്ടമാക്കാതിരി
ക്കേണ്ടതാകയാലും അതിന്റെ ഗൌരവത്തിനു ഭംഗം വരു
ത്താതിരിക്കേണ്ടതാകയാലും, എത്ര പരിശ്രമിച്ചിട്ടും മേൽപ
റഞ്ഞ പരിഭാഷ ആ അഭിപ്രായക്കാരുടെ ആഗ്രഹത്തിന്നനു
സാരമാക്കുവാൻ സാധിക്കയില്ലെന്നു കണ്ടു. ഇതു നിമിത്ത
വും ഈ വക കഥകം വായിപ്പാൻ ഇപ്പോൾ ക്രിസ്തീയസ്ത്രീ
കൾക്കും പ്രത്യേകാൽ യുവജനങ്ങൾക്കും അഭിരുചിയുണ്ടെന്നു
കാൺകയാലും, ഇപ്പോഴത്തെ ക്രി സ്ത്യാനികളുടെ പ്രപിതാക്ക
ന്മാരുടെ കാലത്തിൽ ഈ സമുദായത്തിന്റെ സ്ഥിതിയെന്താ
യിരുന്നു എന്നു വിവരിക്കുന്ന ഒരു ചരിത്രമെഴുതിയാൽ അതു
ഇപ്പോഴുള്ളവൎക്കും വരുവാനുള്ള കരുന്തലകൾക്കും പ്രയോജ
നമായിരിക്കും എന്നു കരുതി ഈ കഥ എഴുതിയുണ്ടാക്കിയതാ [ 12 ] കുന്നു. ഭാഷ ഈ വിധ വായനക്കാർ സാധാരണ പ്രയോഗി
ക്കുന്ന രീതിയിലുമാകുന്നു.

സാക്ഷാൽ ക്രിസ്ത്യാനികളിൽ ദരിദ്രരായവരുടെ ജീവിത
വ്യവസ്ഥപോലും അറിയാത്തവർ സമീപം തന്നെ ഹിന്തുക്ക
ളുടെ ഇടയിലും ഉണ്ടു. അവർ സാധാരണയായ ചില കാ
ൎയ്യങ്ങളല്ലാതെ അറികയില്ല. എന്നാൽ വാസ്തവമായ അവ
സ്ഥകൾ അറിവാൻ താത്പൎയ്യമുള്ള ഹിന്തുക്കളക്കും ഈ കഥ
യിൽ രസമുണ്ടാകുമെന്നു വിശ്വസിക്കുന്നു. ഇതു ഒരു സമുദാ
യം ഇന്ന സ്ഥിതിയിലായാൽ കൊള്ളാം എന്നു ഒരു അഭിപ്രാ
യം പ്രസ്ഥാപിപ്പാൻ എഴുതിയതല്ല. ഇതിലുള്ള മിക്ക സംഗ
തികളും ഈ കഥയുടെ കാലത്തു അവിടവിടെ ഓരോരിക്കൽ
സംഭവിച്ചവയാകുന്നു.

എങ്കിലും വായനക്കാർ ക്രിസ്ത്യാനികളായാലും ഹിന്തുക്ക
ളായാലും വെറും കഥാരസത്തിനായി മാത്രം വായിക്കുന്നവ
ൎക്കു ഇതിൽ രസമുണ്ടാകയില്ല. ഭക്ഷണദ്രവ്യങ്ങളിൽ പല വ്യ
ത്യാസവുമുണ്ടല്ലോ. ചിലതു നാവിനു കൈപ്പും ദേഹത്തി
ന്നു സുഖകരവും മറ്റു ചിലതു വായിക്കു രുചിയും ശരീരത്തി
ന്നു കേടും വേറെ ചിലവ വായിക്കും ശരീരത്തിനും ഒരു പോ
ലെ ഗുണപ്രദങ്ങളും ആകുന്നു. അപ്രകാരം തന്നെ കഥക
ളിലും മനസ്സിനെ പോഷിപ്പിക്കുന്നവയും ഉണ്ടു. മനസ്സിന്നു
വെറും ആഹ്ലാദം കൊടുക്കുന്നവയു ഉണ്ടു. മനഃപോഷണം
കാംക്ഷിക്കുന്ന വായനക്കാൎക്കു ആലോചനെക്കായി ചില വി
ഷയങ്ങൾ ഉണ്ടായാൽ കൊള്ളാം എന്നു വെച്ച ഈ കഥയിൽ
അവിടവിടെ ഓരോ അഭിപ്രായങ്ങൾ സൂചിപ്പിച്ചിട്ടുണ്ടു. അ
തെല്ലാം ക്രിസ്ത്യാനികളുടെ ഇടയിൽ ചിലരുടെ മനസ്സിൽ
നടക്കുന്നവയും നടന്നവയും ആകുന്നു താനും. [ 13 ] നാം ജനിക്കുമ്പോൾ കരഞ്ഞുംകൊണ്ടു ജനിക്കുന്നു. ചു
ററുമുള്ളവർ സന്തോഷിച്ച ചിരിക്കുന്നു. എന്നാൽ നാം മരി
ക്കുമ്പോൾ ചുററും നില്ലുന്നവർ കരയും. അപ്പോൾ നാം
സന്തോഷിച്ചും ചിരിച്ചുംകൊണ്ടു മരിക്കയാണല്ലോ വേണ്ടതു.

ഈ കഥ വായിക്കുന്നവൎക്കു ഈ ആന്തരം ഗ്രാഹ്യമാകുക
യും ഇതു അവരുടെ ഹൃദയത്തിൽ പ്രവേശിക്കയും ചെയ്തുവെ
ങ്കിൽ അതു തന്നെ ഇതെഴുതി ഉണ്ടാക്കിയതിനന്നു വലിയൊരു
പ്രതിഫലമായിരിക്കും.


MANJERI,
23rd July 1896. J. M. [ 15 ] സുകുമാരി.


ഒന്നാം അദ്ധ്യായം.

മലയാളരാജ്യത്തിൽ തളിപ്പറമ്പു, തൃക്കളർ, തൃശ്ശൂർ എന്നീ മൂന്നു സ്ഥലങ്ങളിലു
ള്ള ശിവക്ഷേത്രങ്ങളാകുന്നു പുരാതനമേ വിഖ്യാതിയുള്ളവ. ചില ഹിന്തുക്കൾ
വിശ്വസിച്ചുവരുന്നപ്രകാരം ഈ മൂന്നു സ്ഥലങ്ങളിലും ഒരേ മൂൎത്തി തന്നെ മൂന്നു
അംശങ്ങളായിട്ടാണ് പ്രതിഷ്ഠിതമായിട്ടുള്ളതു. തൃശ്ശൂരിലുള്ളതു ആ മൂൎത്തിയുടെ
തലയാകുന്നു. അതുകൊണ്ടു അവിടത്തെ പ്രധാനവഴിപാടു പശുവിൻനെയി
ആകുന്നു. തൃക്കളൂരുള്ളതു വയറാകയാൽ അവിടത്തെ വഴിപാടു അപ്പമാകുന്നു.
തളിപ്പറമ്പിൽ പാദങ്ങളാകയാൽ അവിടെ നമസ്കാരമാകുന്നു മുഖ്യവഴിപാടു.
അതുകൊണ്ടു ഈ മൂന്നു ക്ഷേത്രങ്ങളിലും പ്രാമുഖ്യത ഏറിയതു തളിപ്പറമ്പിലെ
ശിവക്ഷേത്രം തന്നെ.

പണ്ടു ചില മഹൎഷിമാർ ശിവനെ പ്രതിഷ്ഠിപ്പാനായി തളിപ്പറമ്പിലേക്കു
വന്നപ്പോൾ ദേശമൊക്ക ശവഭൂമിയായി കണ്ടതിനാൽ ശുദ്ധിപോരാ എന്നുവെ
ച്ചു വളരെ പരിശോധന കഴിച്ചതിൽപിന്നെ ഒരു തളികവട്ടത്തിൽ ശവം
തട്ടാത്ത പാവനസ്ഥലം കണ്ടു അവിടെ ശിവനെ പ്രതിഷ്ഠിച്ചു എന്നും അതുനി
മിത്തം ആ ദേശത്തിനു തളിപ്പറമ്പു എന്നു പേർ വന്നു എന്നും ചില വൃദ്ധന്മാർ
പറഞ്ഞു കേട്ടിട്ടുണ്ടു. ഈ ക്ഷേത്രത്തിനു അരനാഴിക വടക്കു കുപ്പം എന്നു പേ [ 16 ] രായ ഒരു പുഴയും രണ്ടു നാഴിക തെക്കു കുറ്റിക്കോൽ എന്നു പേരായ ഒരു പുഴ
യും ഉണ്ടു. ഈ രണ്ടു പുഴകൾക്കു മദ്ധ്യേയുള്ള സ്ഥലം എത്രയും ഫലവത്തായ
വയലുകൾകൊണ്ടും തെങ്ങു മാവു പിലാവു മുതലായ ഫലവൃക്ഷങ്ങളാൽ നിറഞ്ഞ
അനവധി പറമ്പുകൾകൊണ്ടും കാട്ടുമരങ്ങൾ നിബിഡമായി വളരുന്ന അനേ
കം ചെറുമലകൾകൊണ്ടും എത്രയും ശോഭിതമായതാകുന്നു. മേൽപ്പറഞ്ഞ ശിവ
ക്ഷേത്രം നൂറു വഷങ്ങൾക്കു മുമ്പേ ഠിപ്പുസുല്ത്താൻ ആക്രമിച്ചു നശിപ്പിച്ചുകളഞ്ഞ
തിനാൽ അതിനു പണ്ടുണ്ടായിരുന്ന ഭംഗിയും മഹിമയും ഇപ്പോഴില്ല. അതി
ന്റെ പടിഞ്ഞാറുവശത്തുള്ള ഗോപുരം ഇന്നേവരെക്കും പാഴായ സ്ഥിതിയിൽ
തന്നെ കാട്ടുവള്ളികളാലും മറ്റും മൂടിക്കിടക്കുന്നു. എങ്കിലും കിഴക്കേ പൂമുഖം
അതിന്റെ ഉയൎന്ന കന്മതിലിന്മേലുള്ള പലവിധസ്വരൂപങ്ങളുമായി ഏതാനും
നല്ല സ്ഥിതിയിൽ തന്നെ ഇരിപ്പുണ്ടു. ക്ഷേത്രത്തിന്റെ മേൽ ഒരു വലിയ
പൊൻതാഴികയും ചുററും ഭണ്ഡാരശാലകളും അനേകം മണ്ഡപങ്ങളും ഉണ്ടു.
വിശാലമായ ഒരു ചിറയും ഇതിന്റെ സമീപത്തു തന്നെ ഉണ്ടു.

അമ്പലത്തിന്നെതിരായി കുപ്പം പുഴയുടെ തെക്കേക്കരയിന്മേലുള്ള ഒരു ഉയ
ൎന്ന കുന്നിന്റെ ശിഖരത്തിന്മേൽ പാഴായ ഒരു കോട്ടയുടെ അവശിഷ്ടങ്ങളുള്ള
തിന്നു "ഠിപ്പൂവിന്റെ കോട്ട" എന്നു ഇപ്പോഴും പേർ പറഞ്ഞുവരുന്നു. അതി
ന്മേൽനിന്നായിരുന്നു ഠിപ്പുസുല്ത്താൻ പീരങ്കികൊണ്ടു ക്ഷേത്രത്തിന്റെ മതിൽ
തകൎത്തതു. അവിടെനിന്നു നോക്കിയാൽ തെക്കോട്ടു കുറ്റിക്കോൽവരെയുള്ള
സ്ഥലങ്ങളും കിഴക്കു ബാണാസുരപൎവ്വതംവരെയും പടിഞ്ഞാറു ഏഴിമലയും വട
ക്കു കണ്ണെത്താത ദൂരത്തോളം വൃക്ഷസമൂഹങ്ങളും കാണാം.

ഈ ക്ഷേത്രത്തിനു ഒരു നാഴിക തെക്കു കിഴക്കു തൃച്ചംബരം എന്ന സ്ഥലത്തു
ഒരു വലിയ ചിറയും അതിന്റെ വക്കത്തു വിശേഷമായൊരു വിഷ്ണുക്ഷേത്ര
വുമുണ്ടു. അവിടെ പൊന്നുകൊണ്ടു കൃഷ്ണന്റെ ഒരു സ്വരൂപമുള്ളതു ഠിപ്പുവി
ന്റെ കണ്ണിൽ പെട്ടില്ലെന്നു തോന്നുന്നു. എങ്കിലും ആ ദേശക്കാരുടെ ഇടയിൽ
ഒരു പാരമ്പൎയ്യകഥ നടപ്പുണ്ടു. ഠിപ്പു അമ്പലത്തിന്റെ വരിക്കല്ലുവരെയും എത്തി
യപ്പോൾ ഒരു വലിയ കടന്നൽക്കൂട്ടം ഇളകി അവന്റെ സൈന്യത്തോടു ഭയങ്ക
രമായ പോർ ചെയ്യതുകൊണ്ടു അവൻ ഭയപ്പെട്ടു പട്ടാളക്കാരോടു പിൻവാങ്ങു
വാൻ കല്പിച്ചു. താൻ മാത്രമായി ക്ഷേത്രത്തിൽ കടന്നു മേൽപ്പറഞ്ഞ സ്വൎണ്ണ
ബിംബത്തിന്റെ കഴുത്തിൽ ഒരു പൊൻമാല അൎപ്പിച്ചപ്പോൾ കടന്നൽ പിൻ
വാങ്ങി, താൻ ഉടനെ ഏറ്റവും ഭയഭക്തിയോടെ സൈന്യവുമായി തിരിച്ചുപോ
കയും ചെയ്തുപോൽ. ഠിപ്പുവിന്റെ സ്വഭാവത്തെ കുറിച്ചു അറിവുള്ളവൎക്കു ഇതു
എത്രത്തോളം പരമാൎത്ഥമായിരിക്കാം എന്നു ഊഹിക്കാമല്ലോ. [ 17 ] ഈ തൃച്ചംബരക്ഷേത്രത്തോടു സംബന്ധിച്ചു ആണ്ടിൽ ഒരിക്കൽ കുംഭം
൨൨-ാം ൹ മുതൽ മീനം ആറാം തിയ്യതിവരെ പതിനഞ്ചു ദിവസത്തെ ഒരു
ഉത്സവമുണ്ടു. ആ സമയത്തു മലയാളത്തിലെ നാനാദിക്കിൽനിന്നും അനേകാ
യിരം ഹിന്തുക്കൾ "തൊഴാൻ" വരികയും നാനാജാതിക്കാരും പല വിധചരക്കു
കൾ വാങ്ങുവാനും വില്ക്കുവാനും ചന്തസ്ഥലത്തു ക്രടിവരികയും ചെയ്യാറുണ്ടു.
തൃച്ചംബരത്തുനിന്നു സുമാറു ആറുനാഴിക അകലേയുള്ള കാഞ്ഞരങ്ങാട്ടു ക്ഷേത്ര
ത്തിൽ കൃഷ്ണന്റെ ജ്യേഷ്ഠനായ ബലഭദ്രരുടെ സ്വരൂപമാണുള്ളതു. കുംഭം
൨൨-ാം ൹ അനുജനെ സന്ദൎശിപ്പാനായി ഒരു എമ്പ്രാന്തിരിയുടെ തോളിൽ കയ
റി തൃച്ചംബരത്തേക്കു വന്നാൽ പിന്നെ മിനം ആറാം തീയതി മാത്രമേ തിരിച്ചു
പോകയുള്ളൂ. അതുവരെ രാത്രിതോറും ജ്യേഷ്ഠാനുജന്മാരിരുവരും രണ്ടു എമ്പ്രാ
ന്തിരിമാരുടെ തലമേൽ കയറി സമീപത്തുള്ള "പൂക്കോത്തുനട" എന്ന സ്ഥലത്തു
എഴുന്നെള്ളും. ആ എമ്പ്രാന്തിരിമാർ ഈ രണ്ടു പൊൻബിംബങ്ങളും വഹിച്ചു
അങ്ങോട്ടും ഇങ്ങോട്ടും ആ നടയിൽ നൃത്തം ചെയ്തുകൊണ്ടു രണ്ടു മുന്നു മണി
ക്കൂർ കളിക്കും. നൂറ്റിൽ പരം മാരയന്മാരുടെ ചെണ്ടകൊട്ടും കുഴലൂത്തും
ആയിരമായിരം ആളുകളുടെ "ഗോവിന്ദഗോവിന്ദ" എന്ന അട്ടഹാസവുംനിമി
ത്തം ഒരു നാഴിക ചുറ്റുവട്ടത്തിലുള്ള ജനങ്ങൾക്കാൎക്കും ഈ ദിവസങ്ങളിൽ പുല
രാറാകുന്നതുവരെ ഉറങ്ങുവാൻ കഴിവുണ്ടാകയില്ല.

ഈ പൂക്കോത്തു നട എന്നതു ക്ഷേത്രത്തിൽനിന്നു അരനാഴിക അകലെ
യുള്ള സൎക്കാർനിരത്തിന്റെ ഒരു അംശമാകുന്നു. ഏകദേശം അമ്പതു വാര
നീളത്തിൽ ചെത്തുവഴിയുടെ ഇരുവശങ്ങളിലും പടിപടിയായി കെട്ടിപ്പ
ടുത്ത ഇരിപ്പിടങ്ങൾ അവിടെയുണ്ടു. അതിന്മേൽ തിങ്ങിവിങ്ങി രണ്ടു മൂവാ
യിരം ആളുകൾക്കിരിക്കാം. എങ്കിലും ഉയൎന്ന ജാതിക്കാൎക്കു മാത്രമേ നൃത്ത
സമയം അവിടെ ഇരിപ്പാൻ പാടുള്ളു. തീയർ തുടങ്ങി കീഴ്പെട്ടുള്ള ജാതി
ക്കാർ ദൂരെ നിന്നു നോക്കിക്കൊള്ളേണം.

ഏകദേശം അമ്പതു സംവത്സരങ്ങൾക്കു മുമ്പെ ഉത്സവത്തിന്റെ അവസാ
നദിവസം ആറേഴു‌നാഴിക പുലൎന്നപ്പോൾ ചന്തയിൽനിന്നു ചില്ലറ ചില
സാമാനങ്ങളും വാങ്ങിക്കൊണ്ടു, നിറഞ്ഞു പുരുഷാരത്തിൻ ഇടയിൽ കൂടി രണ്ടു
തിയ്യത്തികൾ ഒരു ചെറിയ പെൺകുട്ടിയുമായി പൂക്കോത്തുനടെക്കു നേരെ
പോകയായിരുന്നു. ഒരുത്തിക്കു അമ്പതു വയസ്സായി കാണും. മറ്റവൾക്കു
പതിനാലു പതിനഞ്ചും കുട്ടിക്കു ആറിൽ കവിയാതെയും പ്രായമേയുള്ളൂ. നട
യോടു സമീപിച്ചപ്പോൾ അവർ ഒരു സംഗീതസ്വരം കേട്ടു. ഉടനെ കിഴ
വിക്കു അങ്ങോട്ടു ചെല്ലേണ്ട എന്നും കുട്ടിക്കു അവിടെ ചെന്നു അതു കേട്ടേ [ 18 ] കഴിയും എന്നുമായി. മറ്റവൾക്കും അതിഷ്ടമായിരുന്നതിനാൽ മൂവരും കൂടി
അവിടത്തേക്കു ചെന്നു. പകൽ തീയൎക്കു അവിടെ നടക്കുന്നതിനു വിരോധ
മുണ്ടായിരുന്നില്ലെങ്കിലും പുരുഷാരങ്ങൾ നിറഞ്ഞിരുന്നതിനാൽ അധികം അടു
ത്തു ചെല്ലുവാൻ കഴിഞ്ഞില്ല. പാട്ടു പാടിയിരുന്നതു ക്രിസ്തമതാവലംബികളായ
നാലഞ്ചു നാട്ടുകാരും അവിടവിടെ നരച്ച നീണ്ടു താടിയും മീശയുമുള്ള ഒരു
പാതിരിസായ്വുമായിരുന്നു. നടയുടെ ഒരു ഭാഗത്തെ ഏറ്റവും ഉയൎന്ന പടി
മേൽ നിന്നിട്ടായിരുന്നു അവർ പാടിയതു. അവരെ നല്ലവണ്ണം കാണ്മാനായി
അവൎക്കെതിരെയുള്ള പടിയിന്മേൽ ഈ മാത എന്നു പേരായ കിഴവിയും
മാണിക്കം എന്ന യുവതിയും ചിരുത എന്ന കുട്ടിയും കയറിനിന്നു. ചില
നിമിഷങ്ങൾക്കുള്ളിൽ പാട്ടു കഴിഞ്ഞു പാതിരിസായ്വ് കൎണ്ണാടകഭാഷയിൽ
ഒരു പ്രസംഗം കഴിപ്പാനും ആയതു ഒരു ഉപദേശി മലയാളത്തിൽ ഭാഷാന്തര
പ്പെടുത്തുവാനും തുടങ്ങി. പറഞ്ഞതെല്ലാം മാണിക്കം അതിശ്രദ്ധയോടെ കേട്ടു
മുഴുവനും സ്പഷ്ടമായി ഗ്രഹിച്ചില്ലെങ്കിലും, മനുഷ്യരെല്ലാവരും പാപികളാകുന്നു
എന്നും ഈ പാപത്തിൽനിന്നു മനുഷ്യനു തന്നെത്താൻ ഉദ്ധരിപ്പാൻ ശക്തിയി
ല്ലെന്നും സ്നേഹത്തിന്റെ ഇരിപ്പിടമാകുന്ന ദൈവം പാപികളാകുന്ന മനുഷ്യരെ
കനിഞ്ഞു അവരെ രക്ഷിപ്പാൻ വേണ്ടി തന്റെ ഏകപുത്രനെ ഈ ലോകത്തിൽ
മനുഷ്യനായി അവതരിക്കുമാറാക്കി എന്നും ഈ പുത്രൻ പാപികൾക്കു വേണ്ടി
മരിച്ചതിനാൽ അവനിൽ വിശ്വസിക്കുന്നവൎക്കു മാത്രമേ പാപമോചനവും
മോക്ഷവും ഉണ്ടാകയുള്ളൂ എന്നും അവനിൽ വിശ്വസിച്ചാലല്ലാതെ പുണ്യസ്ഥ
ലങ്ങളിൽ പോയാലും സൽക്രിയകൾ എന്നു മനുഷ്യർ വിചാരിച്ചുവരുന്നവ
എത്ര തന്നെ ചെയ്താലും യാതൊരു രക്ഷയും ഉണ്ടാകയില്ല എന്നും മറ്റും അവ
ൾക്കു നല്ലവണ്ണം മനസ്സിലായി.

അമ്മെക്കു അവിടെ നില്പാൻ അശേഷം മനസ്സില്ലാഞ്ഞതിനാലും പാട്ടില്ല
ഞ്ഞതു നിമിത്തം ചിരുതെക്കു അവിടെ നില്പാൻ അത്ര നിഷ്കൎഷ ഇല്ലാഞ്ഞതി
നാലും മൂന്നു പേരും തങ്ങളുടെ പാൎപ്പിടത്തിലേക്കു നടന്നു തുടങ്ങി. പോകുംവഴി
ഈ സംഭാഷണവും നടന്നു.

മാണിക്കം: അമ്മേ! ഇവരുടെ കൂട്ടത്തിലല്ലേ ഏട്ടൻ പോയി കൂടിയതു?

മാത: അതെ, ഈ പുതിയ വേദക്കാരുടെ കൂട്ടത്തിൽ തന്നെ. അച്ഛൻ അ
വനെ ആ സായ്വിന്റെ അടുക്കൽ പണിക്കാക്കിയതും ആ സായ്വ് അവനെ ഇം
ഗ്ലീഷു പഠിപ്പിച്ചതും ഹേതുവായി എനിക്കു മകനില്ലാതെയാവാൻ സംഗതിയായി.

മാണി: ഇതെങ്ങിനെയാകുന്നു ഒരു ജാതിക്കാരെ മറെറാരു ജാതിയിൽ
ചേൎക്കുന്നതു? [ 19 ] മാത: ഈ കൂട്ടൎക്കു ജാതിഭേദമില്ല. എല്ലാവരും ഒരു പോലെയാകുന്നു.
എല്ലാ ജാതിക്കാരെയും തങ്ങളുടെ കൂട്ടത്തിൽ കൂട്ടുകയും ചെയ്യും. പട്ടരും നായ
രും തീയനും ചെറുമനും ആ സമുദ്രത്തിൽ ചെന്നു മുങ്ങിയാൽ ഒരു പോലെ
യായി. ഇങ്ങിനത്തെ ഒരു അല്ലാക്കുലത്തിലാകുന്നു എന്റെ മകൻ ചെന്നു
ചാടിയതു. നമ്മൾ അവിടന്നു വേഗം ഇങ്ങോട്ടു പോന്നതു തന്നെ നന്നായി.
കുറച്ചും കൂടി അവിടെ തന്നെ നിന്നിരുന്നു എങ്കിൽ എന്റെ മകനെ ഓൎത്തു
ഞാൻ അവിടെ തന്നെ വീണു ചത്തുപോകുമായിരുന്നു.

മാണി: ഇവരുടെ അമ്പലം എവിടെയാകുന്നു. നമുക്കു അതു പോയി
നോക്കാമോ?

മാത: ഇവൎക്കു അമ്പലമല്ല, പള്ളിയാകുന്നു. അവിടെ സ്വരൂപങ്ങൾ
ഒന്നുമില്ല. നുമ്മൾ തമ്മിൽ എന്തെങ്കിലും പറകയും ചോദിക്കയും ചെയ്യുന്നതു
പോലെ ഇവർ ഇവരുടെ ദൈവത്തോടു സംസാരിക്കും. അതിന്നു പ്രാൎത്ഥിക്ക
എന്നാകുന്നു അവർ പറയുന്നതു. കണ്ണു മൂടി കൈകെട്ടി കാണ്മാൻ പാടി
ല്ലാത്ത ഒരു ദൈവത്തോടു ഇവർ പ്രാൎത്ഥിക്കുന്നതു കേട്ടാൽ ഇവരുടെ അടുക്കൽ
തന്നെ ആ ദൈവം ഉണ്ടെന്നു തോന്നും.

മാണി: അമ്മ ഇതെല്ലാം എവിടെനിന്നാകുന്നു കണ്ടതു?

മാത: നിന്റെ ഏട്ടനെ ഇവർ മാൎക്കും കൂട്ടുന്നുന്നു ഞാൻ കാണാൻ പോ
യിരുന്നു.

മാണി: അമ്മ എന്തെല്ലാമാകുന്നു അന്നു അവിടെ കണ്ടതും കേട്ടതും?

മാത: എനിക്കൊന്നും നിശ്ചയമില്ലേ. വ്യസനംകൊണ്ടു എനിക്കു അന്നു
നല്ല ബോധം തന്നെ ഉണ്ടായിട്ടില്ല, ആ താടിക്കാരൻ പാതിരി എന്തോ ഒക്ക
പറഞ്ഞു കൂട്ടി അവന്റെ തലയിൽ കുറെ വെള്ളവും കോരി ഒഴിച്ചു എന്തൊ
ഒരു പുതിയ പേരും കൊടുത്തു. ഇതെല്ലാം കഴിഞ്ഞുപ്പോൾ അവിടെ ഉണ്ടാ
യിരുന്ന സായ്വുമാരും മദാമ്മമാരും ഇതിൽ മുമ്പെ കൂടീട്ടുള്ള ആണുങ്ങളും പെണ്ണു
ങ്ങളും അവന്റെ കൈ പിടിച്ചു കുലുക്കുന്നതും മറ്റും കണ്ടു, ഞാൻ അവിടന്നു
ഒരു ജാതി ഇറങ്ങി എന്റെ പുരയിൽ എത്തിക്കൂടി എന്നേ പറയേണ്ടു.

മാണി: എനിക്കും ഒരിക്കൽ ഇവരുടെ പള്ളി കാണാൻ പോകണം.

മാത: മതി മതി. ഇവരുടെ പള്ളി കണ്ടതു. ഇവരുടെ വാക്കു കേട്ടാൽ
തന്നെ നമ്മുടെ കുലം വിറ്റുപോകും. പള്ളിയിലും കൂടെ പോയാൽ പിന്നെ
നോക്കണ്ട. നിന്റെ ഏട്ടൻ അവിടെ പോയിപ്പോയി ആകുന്നു ഒടുക്കം ആ
കൂട്ടത്തിൽ കൂടി തറവാട്ടിനു നാറ്റം വരുത്തിയതു. [ 20 ] ഇതു പറയുമ്പോഴൊക്കെ ചെറിയ ചിരുത ഒന്നും മിണ്ടാതെ കേട്ടുകൊണ്ടി
രുന്നതേ ഉള്ളൂ. അവൾക്കു യാതൊന്നും മനസ്സിലായില്ലെന്നു തന്നെ പറയാം.
വീടെത്തി അവിടെ കയറി ചെല്ലുമ്പോൾ ചിരുത: "അമേ! ആ സായ്വ്
പാൎക്കുന്നതു എവിടെയാ? അയാൾക്കു പിന്നിൽ വാലുണ്ടുപോൽ. എനിക്കു
അതൊന്നു പോയി കാണണം" എന്നു പറഞ്ഞു. അപ്പോൾ മാത: "അയ്യോ
എന്റെ മകളേ! അവൎക്കു വാലില്ല. അതു ഈ നാട്ടിലെ വിഡ്ഢികൾ വിചാരി
ക്കുന്നതാകുന്നു. നുമ്മളെ നാട്ടിൽ വെള്ളക്കാർ പെരുത്തുണ്ടല്ലോ. അവ
ൎക്കാൎക്കും വാലില്ല. നീ ആ സായ്വിന്റെ അടുക്കൽ പോയാൽ അയാൾ നിന്നെ
പിടിച്ചു അവരുടെ മാൎക്കത്തിൽ കൂട്ടി മൂരി ഇറച്ചിയും തിന്നിക്കും" എന്നു പറഞ്ഞു,
എങ്കിലും അവൾ അതു കേൾക്കാതെ കരഞ്ഞും നിലവിളിച്ചും തുടങ്ങി. ഈ
കുട്ടിയെ മാത ഓമനിച്ചു വളൎത്തിവന്നതുകൊണ്ടു അവർ ൨ലിയ ശാഠ്യക്കാരത്തി
ആയിരുന്നു. അതുകൊണ്ടു ഏറിയ സാമവാക്കു പറഞ്ഞിട്ടും അവൾ കൂട്ടാ
ക്കാതെ നിലവിളിച്ചുകൊണ്ടു തന്നെ ഇരുന്നു. "സായ്വ് നുമ്മളെ നാട്ടിൽ
കണ്ണൂരിലാകുന്നു താമസം. ഉത്സവം കഴിഞ്ഞു അവിടെ എത്തിയാൽ സായ്വി
നോട്ടു പറഞ്ഞാൽ നമ്മുടെ വീട്ടിൽ വരും" എന്നും മറ്റും മാത എത്ര പറഞ്ഞിട്ടും
അവൾ സമ്മതിച്ചില്ല. "എനിക്കു സായ്വിനെ കണ്ടേ കഴിയും, എനിക്കു
ഇനിയുമൊരു പാട്ടു കേൾക്കണം" എന്നു തന്നെ പറഞ്ഞു. ശാഠ്യം പിടിച്ചതു
കൊണ്ടു കഞ്ഞി കുടിച്ചു കഴിഞ്ഞിട്ടു പോകാം എന്നു പറഞ്ഞു അവളെ ശാന്ത
മാക്കി. അന്നു ജൎമ്മൻ മിശ്യൻ വകയായി തളിപ്പറമ്പിൽ സ്വന്തം പറമ്പും
വീടും ഉണ്ടായിരുന്നില്ല. സായ്വും കൂടെ ഉണ്ടായിരുന്ന ഉപദേശിമാരും മുസാവരി
ബങ്കളാവിലായിരുന്നു താമസിച്ചതു. സമീപം തന്നെയായിരുന്നു ഇവരും
പാൎത്തതു. കഞ്ഞികുടിച്ചു കഴിഞ്ഞ ഉടനെ മാണിക്കം ചെന്നു സ്വകാൎയ്യമായി
ചിരുതയെ ഓൎമ്മപ്പെടുത്തിയതുകൊണ്ടു അവൾ പിന്നെയും കിഴവിയെ ബുദ്ധി
മുട്ടിച്ചു. അങ്ങിനെ മൂവരും കൂടെ പുറപ്പെട്ടു. പന്ത്രണ്ടു മണി ആകാറായ
പ്പോൾ ആയിരുന്നു അവിടേക്കു ചെന്നതു. അപ്പോൾ തന്നെ സായ്വും ഉപ
ദേശിമാരും പ്രസംഗവും കഴിഞ്ഞു അവിടെ എത്തിയിരുന്നു. ഇവരെ കണ്ട
ഉടനെ സായ്വ് ഓടിച്ചെന്നു സന്തോഷപൂൎവ്വം വിളിച്ചു കൂട്ടിക്കൊണ്ടുപോയി
കോലായിൽ ഒരു പായി വിരിച്ചു അവിടെ ഇരുത്തി. അഞ്ചു വൎഷങ്ങ
ൾക്കു മുമ്പെ മകൻ ക്രിസ്ത്യാനിയായ സമയം സായ്വു ഒരിക്കൽ മാതയെ കണ്ടി
രുന്നുവെങ്കിലും ഇപ്പോൾ അവൾക്കു ശരീരത്തിന്നു തട്ടിയിരുന്ന ക്ഷീണം നിമി
ത്തവും അന്യദിക്കിൽ വെച്ചു കണ്ടതിനാലും അവൾ ആരെന്നും സായ്വും കൂടെ
ഉണ്ടായിരുന്നവരും അറിഞ്ഞില്ല. സായ്വ് വേഗം രണ്ടു വാഴപ്പഴം എടുത്തു [ 21 ] കുട്ടിക്കു കാണിച്ചു. അവിടേക്കു പോകുന്നതിന്നു മുമ്പെ വേദക്കാർ വല്ലതും
തന്നാൽ വാങ്ങി തിന്നരുതെന്നു കിഴവി കുട്ടിയോടു പറഞ്ഞിരുന്നുവെങ്കിലും
അവൾ അതു വക വെക്കാതെ പഴം വാങ്ങി തിന്നു സായ്വിന്റെ മടിയിൽ
കയറി കുത്തിയിരുന്നു. അപ്പോൾ മാത സായ്വിന്റെ മുമ്പിൽനിന്നു തന്നെ
പറഞ്ഞു തുടങ്ങി: "മകളേ! ഇവിടെനിന്നു യാതൊന്നും വാങ്ങി തിന്നരുതെന്നു
ഞാൻ നിന്നോടു പ്രത്യേകം പറഞ്ഞിരുന്നില്ലേ? ആ പഴത്തിൽ മന്ത്രം ഉണ്ടല്ലോ,
നിന്റെ കാൎയ്യം പോയി. നീ ഇവരുടെ കൂട്ടത്തിൽ ആയിപ്പോകും" എന്നു
പറഞ്ഞ ഉടനെ കുട്ടി പേടിച്ചു സായ്വിന്റെ മടിയിൽനിന്നു ചാടി ഇറങ്ങി
അമ്മയുടെ അടുക്കൽ ചെന്നു. അപ്പോൾ സായ്വു ചിരിച്ചു ഭാഷാന്തരക്കാരൻ
മുഖാന്തരം ഒരു സംഭാഷണം ആരംഭിച്ചു. (ഈ സായ്വിന്നു മലയാളം കേട്ടാൽ
ഗ്രഹിക്കുമെങ്കിലും കൎണ്ണാടകം സംസാരിപ്പാനായിരുന്നു അധികം വശം.)

സായ്വ്: ഞങ്ങൾക്കു മന്ത്രവും തന്ത്രവും ഇല്ല. മന്ത്രത്തിൽ വിശാസവു
മില്ല. അതു ചെയ്കയുമില്ല.

മാത: നിങ്ങൾ മന്ത്രം ചെയ്യാതെ ആകുന്നുവോ ഇവരൊക്കെ സ്വന്തജാതി
വിട്ടു നിങ്ങളുടെ കൂട്ടത്തിൽ കൂടിയതു? എന്റെ കുട്ടിക്കു നിങ്ങൾ പഴം മന്ത്രിച്ചു
കൊടുക്കയല്ലയോ ചെയ്തതു?

സായ്വ്: കുട്ടി അങ്ങോട്ടു തന്നെ വന്നില്ലേ? അതുകൊണ്ടു എന്റെ മന്ത്രം
ഫലിച്ചിട്ടില്ല എന്നു നിങ്ങൾക്കു വിശ്വസിക്കാമല്ലോ. ഇവരെയെല്ലാം ഞാൻ
മന്ത്രംകൊണ്ടു വശീകരിച്ചു ക്രിസ്ത്യാനികളാക്കിയതാകുന്നുവോ എന്നു ഇവരോടു
തന്നേ ചോദിച്ചുകൊൾവിൻ.

മാത: ഞാൻ ഇതൊന്നും ചോദിക്കാനും അറിയാനും വന്നതല്ല. എനിക്കു
നിങ്ങളുടെ വേദവും പാട്ടും കേൾക്കണ്ട. ഈ പെണ്ണിന്നു നിങ്ങളുടെ പാട്ടു
കേൾക്കേണമെന്നു വെച്ചു നിലവിളി കൂട്ടിയതുകൊണ്ടാകുന്നു വന്നതു.

ചിരുത: എന്നോട്ടു ഏട്ടത്തി പറഞ്ഞിട്ടാകുന്നു ഞാൻ അലമ്പാക്കിയതു. സാ
യ്വിന്നു വയ്യിൽ ഒരു വാലും ഉണ്ടെന്നു പറഞ്ഞു.

ഇതു കേട്ടപ്പോൾ മാണിക്കം അമ്പരന്നുപോയി. അമ്മ നല്ലവണ്ണം ശാസി
ക്കുമെന്നു ഭയപ്പെട്ടെങ്കിലും എന്തോ സംഗതിവിശാൽ അതു അമ്മയുടെ ചെവി
യിൽ പെട്ടില്ല. മറെറല്ലാവരും കേട്ടു. അതുകൊണ്ടു സായ്വു മാണിക്കത്തോടു
സംഭാഷണം ചെയ്വാൻ നിശ്ചയിച്ചു. ആദ്യം ചിരുതയോടു ഒരു പാട്ടു പാടു
വാൻ പറഞ്ഞു. ഉടനെ തന്നെ അവൾ യാതൊരു കൂശലും കൂടാതെ [ 22 ] "വെളുത്തവെണ്ണീർ അണിയുന്ന കോലം
വെളിച്ചമേ കാണ്മതിനുണ്ടു വാഞ്ഛാ
തളിപ്പറമ്പമ്പിനതമ്പുരാനേ
കുളുൎക്കുവേ ഞാനിഹ കൈതൊഴുന്നൻ"

എന്നു കുറെ അവ്യക്തമായും ദ്രുതഗതിയായും പാടി സായ്വോടു ഇനി നിങ്ങ
ളൊന്നു പാടുവിൻ എന്നു ചിരിച്ചുംകൊണ്ടു പറഞ്ഞു. അപ്പോൾ സമീപത്തു
നിന്നിരുന്ന ഒരാൾ ഇപ്രകാരം പാടി.

"അടുത്തു ചെന്നിട്ടതു നോക്കിയെന്നാൽ
തടിച്ചുരുണ്ടുള്ളൊരു കല്ലു തന്നേ.
അടിച്ചു പണ്ടത്തടി ഠിപ്പുസുല്ത്താൻ
ഉടച്ചതും തീരെ മറന്നുപോയോ?"

അതു കേട്ടപ്പോൾ സായ്വു അയാളോടു "ആരെയും നിന്ദിക്കുന്നതും വേദന
പ്പെടുത്തുന്നതും നമുക്കു യോഗ്യമല്ല" എന്നു പറഞ്ഞു ശാസിച്ചു വേറൊരുത്തനോടു
ഒരു പാട്ടു പാടുവാൻ പറഞ്ഞു. അവൻ പാടിയതെന്തെന്നാൽ:-

കരുണാവാരിധി ദൈവം കൃപയോടീ ജനത്തിന്റെ
പരിതാപമറിഞ്ഞതു കളവാനായി
തരുണിമാർമണിയാകും മറിയയിൽ ജനിപ്പിച്ച
പുരുഷകഞ്ജരൻ ക്രിസ്തൻ തുണചെയ്തു.

ഇത്രോടം പാടിയപ്പോഴെക്കു സായ്വ് മാണിക്കത്തോട് "നിങ്ങൾ മുമ്പേ ഞ
ങ്ങളുടെ മതത്തെ കുറിച്ചു കേട്ടിട്ടുണ്ടോ?" എന്നു ചോദിച്ചു.

മാണി: ഇല്ല. ഏട്ടൻ ഇതിൽ കൂടിക്കുളഞ്ഞുതുകൊണ്ടു ഞങ്ങൾ ഈ വേദം
കേൾക്കുന്നതു അമ്മെക്കു വലിയ വിരോധമാകുന്നു.

മാത: മതി മകളേ. ഇപ്പോൾ നിന്നോടും ഓതാൻ തുടങ്ങും. വേഗം
പോകാൻ നോക്കുക.

സായ്വ്: നില്ക്കു. രണ്ടു വാക്കു ചോദിക്കട്ടേ. ആരാകുന്നു ജ്യേഷ്ഠൻ?

മാണി: രാമൻ എന്നായിരുന്നു മുമ്പേത്തെ പേർ.

സായ്വ്: ഓഹോ! രാമന്റെ അമ്മയോ ഇതു? അമേ നിങ്ങൾക്കു മകൻ
അനുസരിച്ച മതത്തിൽ ചേരുവാൻ മനസ്സില്ലയോ?

മാത: (കോപത്തോടെ) എന്റെ മകൻ ഇപ്പോൾ എവിടെ? നിങ്ങളുടെ
കൂട്ടത്തിൽ കൂടി നാടും കൂടെ വിട്ടുപോയി നശിച്ചുപോയില്ലേ? [ 23 ] സായ്വ്: നാടു വിട്ടു പോയതു ശരി തന്നെ. എങ്കിലും നശിച്ചുപോയിട്ടില്ല.
അവൻ മരിച്ചുപോയാലും അവന്റെ ആത്മാവു ജീവിക്കും എന്നു എനിക്കു പൂൎണ്ണ
വിശ്വാസമുണ്ടു.

മാണി: ആത്മാവെന്നുവെച്ചാലെന്താകുന്നു?

സായ്വ്: നിണക്കിതൊക്കെ വിവരമായി കേൾപ്പാനാഗ്രഹമുണ്ടെങ്കിൽ
ഞാൻ നിന്റെ വീട്ടിൽ വന്നു കേൾപ്പിക്കാം. എങ്കിലും നിന്റെ അമ്മ ഞങ്ങ
ളെ അങ്ങോട്ടു വരുവാൻ സമ്മതിക്കുന്നില്ലല്ലോ.

മാത: മതിമതി. അങ്ങു കടക്കേ വേണ്ട. എന്റെ മകനെ കൊണ്ടുപോ
യതും പോരാഞ്ഞിട്ടു ഇനി ഇവളെയും കൊണ്ടുപോകേണമെന്നോ വിചാരിക്കു
ന്നതു? അതിനു ഞാൻ സമ്മതിക്കയില്ല, എന്നു പറഞ്ഞു കുട്ടിയുടെ കയ്യും പി
ടിച്ചു മകളെയും പിടിച്ചു വലിച്ചുംകൊണ്ടു ഇറങ്ങി പോയ്ക്കുളഞ്ഞു.

ഈ കൂടിക്കാഴ്ച ഇങ്ങിനെ അവസാനിച്ചതിനാൽ മാണിക്കത്തിന്നു വളരെ
കണ്ഠിതമായി. ജ്യേഷ്ഠൻ ക്രിസ്ത്യാനിയാകുമ്പോൾ അവൾക്കു ഏകദേശം പത്തു
വയസ്സു പ്രായമുണ്ടായിരുന്നതിനാൽ അവനെ അവൾക്കു നല്ല ഓൎമ്മയുണ്ടായി
രുന്നു. ആ കാലത്തിൽ ഇംഗ്ലിഷു എഴുതുവാനും വായിപ്പാനും പരിചയമുള്ള
നാട്ടുകാർ കുറവായിരുന്നുവെങ്കിലും ഇവന്നു അതു ഭാഗ്യവശാൽ പഠിപ്പാനിട
വന്നു. അച്ഛൻ ഒരു ഡക്ടർ സായ്വിന്റെ വെപ്പുപണിക്കാരനായിരുന്നു. ആ
ഡക്ടർ സായ്വ് രാമൻ എന്ന ചെറുക്കന്റെ ബുദ്ധിസാമൎത്ഥ്യം കണ്ടതിനാൽ അവ
നെ ഇംഗ്ലിഷു പഠിപ്പിച്ചു നാലഞ്ചു വൎഷംകൊണ്ടു സാമാന്യം നല്ലവണ്ണം എഴുതു
വാനും വായിപ്പാനും ശരിയായി സംസാരിപ്പാനും പ്രാപ്തനാക്കി. അങ്ങിനെ
ഇരിക്കുമ്പോൾ അച്ഛൻ ദീനം പിടിച്ചു മരിച്ചുപോയതിനാൽ മകനെ ഹാസ്പത്രി
യിൽ ഒരു ഗുമസ്ഥനായി നിശ്ചയിച്ചു. രാമനു ഇംഗ്ലീഷു വേദപുസ്തകം വായി
ക്കുന്നതിൽ വളരെ താല്പൎയ്യമുണ്ടായിരുന്നു. ഈ ഡക്ടർസായ്വ് ൧൮൪൧ഇൽ
കണ്ണൂരിൽ ജൎമ്മൻ മിശ്യൻ സ്ഥാപിച്ച സായ്വുമായി വളരെ സ്നേഹമായിരുന്നതു
നിമിത്തം ആ സായ്വും രാമനും തമ്മിൽ പരിചയമാവാനിടവന്നു. അങ്ങിനെ
യായിരുന്നു അവൻ ക്രിസ്ത്യാനിയായി തീരുവാൻ സംഗതിയായതു. ജ്യേഷ്ഠൻ
പോയതിൽ പിന്നെ ഒരിക്കലും വീട്ടിൽ വരാഞ്ഞതിനാൽ മാണിക്കവുമായി കാ
ണ്മാൻ കൂടിയിട്ടില്ല. അമ്മ തന്റെ ദുഃഖത്തെ രഹസ്യമായി ഹൃദയത്തിലടക്കി അ
നുഭവിക്കയല്ലാതെ വീട്ടിൽവെച്ചു മകനെക്കൊണ്ടു യാതൊന്നും സംസാരിച്ചതു
മില്ല. തങ്ങൾക്കു സ്വന്തം ഒരു വീടും പറമ്പുമുണ്ടായിരുന്നു. ഈ അദ്ധ്യായ
ത്തിൽ വിവരിച്ച സംഭവം നടന്ന കാലത്തു ഡക്ടർസായ്വും കണ്ണൂരിൽനിന്നു മാ
റിപ്പോയിരുന്നതിനാൽ ഇവൎക്കു അഹോവൃത്തിക്കു വളരെ ഞെരുക്കമായിരുന്നു. [ 24 ] ചെകരി തല്ലി ചൂടി പിരിച്ചു വിറ്റിട്ടും തങ്ങളെക്കാൾ വകയുള്ളവൎക്കു നെല്ലു
കത്തിക്കൊടുത്തിട്ടും ആയിരുന്നു ദിവസവൃത്തി കഴിച്ചതു. മകൾ ഈ പ്രവൃ
ത്തികളിൽ വൃദ്ധയായ അമ്മെക്കു വളരെ സഹായമായിരുന്നു. ജ്യേഷ്ഠൻ അനു
സരിച്ച മതത്തിന്റെ സ്വഭാവം കുറഞ്ഞോന്നെങ്കിലും അറിവാനും ആ മതക്കാ
രെ കാണ്മാനും അഞ്ചു വൎഷങ്ങളുടെ ശേഷം സംഗതി വന്നപ്പോൾ അവൾക്കു
ആ മതത്തിൽ ഒരു പ്രത്യേകരസം തോന്നി. "സമൎത്ഥനും വിദ്വാനുമായ എ
ന്റെ ജ്യേഷ്ഠൻ തക്ക സംഗതി ക്രടാതെ സ്വന്തമതവിശ്വാസം ത്യജിക്കയില്ല"
എന്ന വിചാരം മനസ്സിൽ ദൃഢമായി പതിഞ്ഞിരുന്നതുകൊണ്ടായിരുന്നു ആ മത
ക്കാരെ കണ്ടു സംസാരിപ്പാൻ ഒരാഗ്രഹം ജനിച്ചതും അമ്മയെ സമ്മതിപ്പിപ്പാ
നായി ശാഠ്യക്കാരിയായ ചിരുതയെ ഉത്സാഹിപ്പിച്ചതും. എങ്കിലും അതു വലി
യൊരു ഫലമൊന്നുമില്ലാതെ കലാശിച്ചതിനാൽ കുണ്ഠിതപ്പെട്ടു അമ്മയോടു ക്രട
പോയി. എന്നാൽ കണ്ണൂരിലെത്തിയാൽ എങ്ങിനെയെങ്കിലും ഇവരെ കാണേ
ണമെന്നുറച്ചു. [ 25 ] രണ്ടാം അദ്ധ്യായം.

ഈ കഥയുടെ കാലത്തു കണ്ണൂർനഗരം എത്രയും ഉന്നതസ്ഥിതിയിലായി
രുന്നു. മദ്രാസ് സംസ്ഥാനത്തിന്റെ പടിഞ്ഞാറെ കരയിൽ ഇതൊരു പ്രധാ
നപട്ടാളസ്ഥലമായിരുന്നു. അറബിസമുദ്രത്തിനു ഇവിടെ ഒരു ചെറുതായ
ഉൾക്കടലുള്ളതുകൊണ്ടു ഈ നഗരത്തിനു പടിഞ്ഞുാറും തെക്കും കടലാകുന്നു
അതിർ. പടിഞ്ഞാറെ കര വളരെ കിഴുക്കാന്തുക്കമായ പാറകളാൽ നിറഞ്ഞ
താകയാൽ തെക്കുഭാഗത്താകുന്നു കപ്പലുകളും ഉരുക്കളും വന്നടുക്കുന്നതു. ഈ
കരയുടെ ഒത്ത നടുവിൽ പണ്ടു പൊൎത്തുഗീസുകാർ പണിതതും പിന്നെ ലന്തക്കാ
രുടെ കൈവശമായി അവരിൽനിന്നും ഇംഗ്ലീഷുകാൎക്കു കിട്ടിയതുമായ ഒരു കോ
ട്ടയുണ്ടു. ആ കോട്ടയുടെ സമീപത്തുനിന്നു തുടങ്ങി പടിഞ്ഞാറോട്ടു വൎണ്ണശ്ശേരി
എന്ന ഗ്രാമംവരെ നെട്ടുനിളത്തിൽ, വരിവരിയായി പണിതിട്ടുള്ള ഭംഗിയുള്ള ഭട
ഗൃഹങ്ങളിൽ ആ കാലത്തു ഒരായിരം വെള്ളപ്പട്ടാളക്കാരുണ്ടായിരുന്നു. അതോടു
സംബന്ധിച്ചു ഒരു നാഴിക സമചതുരത്തിൽ ഒരു മൈതാനവുമുണ്ടു. കോട്ട
യുടെ വടക്കുഭാഗം ഒരു പീരങ്കപ്പട്ടാളവും ഉണ്ടായിരുന്നു. അതിന്നും വടക്കു
പട്ടാളത്തിലെ പടനായകന്മാരുടെ ബങ്കളാവുകളും (കാമ്പ്ഭജാർ) പാളയത്ത
ങ്ങാടി എന്നു പേരായ ഒരു വലിയ അങ്ങാടിയും ഈ അങ്ങാടിയുടെ വടക്കു
ശിപ്പായിമാരുടെ ആയുധശാലയും അതോടു സംബന്ധിച്ചു ഒരു മൈതാനവു
മുണ്ടു. ഈ മൈതാനത്തിന്റെ വടക്കുഭാഗത്തു അക്കാലം രണ്ടു പട്ടാളങ്ങ
ളുടെ പാളയങ്ങളുണ്ടായിരുന്നു. കോട്ട മുതൽ ഈ പാളയംവരെ രണ്ടു നാഴിക
ദൂരമുണ്ടു. കോട്ടയുടെ കിഴക്കുഭാഗം ഒന്നൊന്നരനാഴിക നീളത്തിൽ വരിവരി
യായി അനവധി പാണ്ടികശാലകളും അങ്ങാടികളും പീടികകളും ഉള്ളതിൽ
പാൎസി, ശേട്ടു, ബനിയാ മുതലായ അന്യരാജ്യക്കാരും തദ്ദേശീയരായ അനവധി
മാപ്പിളമാരും കച്ചവടം നടത്തിവന്നിരുന്നു. മൈസൂർ കുടക മുതലായ അയൽ [ 26 ] ജില്ലകളിൽനിന്നു വരുന്ന ചന്ദനം, കുരുമുളക, കാപ്പി മുതലായവയും ഈ ദേശ
ത്തിലെ കൊപ്പര, കുരുമുളക, ചുക്കൂ, ഏലം കറുപ്പ എന്നി സാധനങ്ങളുംകയറ്റി
പുറരാജ്യങ്ങളിലേക്കയക്കയും അവിടങ്ങളിൽനിന്നു ഈ രാജ്യത്തിലേക്കാവശ്യ
മായ ധാന്യങ്ങളും ചരക്കുകളും വരുത്തുകയും ചെയ്യുന്നതായിരുന്നു പ്രധാനക
ച്ചവടം. ഈ ഭാഗത്തിനു പഴയ കണ്ണൂർ എന്നു ഇപ്പോഴും പേർ പറഞ്ഞുവ
രുന്നു. ആ കാലം മുനിസിപ്പാൽ നിയമങ്ങൾ നടപ്പില്ലായിരുന്നുവെങ്കിലും പ
ട്ടാളസ്ഥാനമാകയാൽ നഗരശുചീകരണത്തിനായി വേണ്ടുന്ന ചട്ടവട്ടങ്ങളെല്ലാമു
ണ്ടായിരുന്നു. കണ്ണൂർ നഗരത്തോടടുത്ത ഒരു ഗ്രാമത്തിലായിരുന്നു മാത, മാണി
ക്കവും ചിരുതയുമായി പാൎത്തിരുന്നതു.

ഉത്സവം കഴിഞ്ഞു. ഇവർ കണ്ണൂരിലെത്തി രണ്ടാഴ്ച കഴിഞ്ഞതിൽപിന്നെ
ഒരു ദിവസം രാവിലെ മാണിക്കം വാതിൽ തുറന്നപ്പോൾ ഒരു സ്ത്രീ അവിടെ
തീ വേണമെന്നു പറഞ്ഞുകൊണ്ടു നില്ക്കുന്നതു കണ്ടു. പുടവയായിരുന്നു അവൾ
ഉടുത്തതു. മാണിക്കം പുറത്തു സഞ്ചരിച്ചു പതിവില്ലാഞ്ഞതിനാൽ ആ വക
വസ്ത്രം ധരിച്ചവരെ കണ്ടു പരിചയമില്ലായിരുന്നു. ഒന്നോ രണ്ടോ പ്രാവശ്യം
അങ്ങാടിക്കുപോയ സമയം ചിലരെ ഈ വസ്ത്രത്തിൽ കണ്ടപ്പോൾ അവർ പട്ടാ
ണിച്ചികളാകുന്നു എന്നു അമ്മ പറഞ്ഞുകൊടുത്തിരുന്നു. അതുകൊണ്ടു ഈ
സ്ത്രീയെ കണ്ട ഉടനെ "പട്ടാണിച്ചിയോ? എവിടെയാ പാൎക്കുന്നതു?" എന്നു
അവൾ ചോദിച്ചു. "ഞാൻ പട്ടാണിച്ചിയല്ല, ക്രിസ്ത്യാനിയാകുന്നു. ഞാൻ
ഇതുവരെ തലശ്ശേരിയിലായിരുന്നു. ഇന്നലെ ഈ നാട്ടിൽ ൨ന്നതാകുന്നു.
ഞാൻ ഇപ്പോൾ ഈ തെക്കേ വിട്ടിലാകുന്നു പാൎക്കുന്നതു" എന്നു ആ സ്ത്രീ മറു
പടി പറഞ്ഞു. ക്രിസ്ത്യാനിയാണെന്നു കേട്ടപ്പോൾ മാണിക്കത്തിന്നു ഒരു
സന്തോഷവും അമ്മെക്കു ഉണ്ടാവാനിടയുള്ള അനിഷ്ടം വിചാരിച്ചു കുറെ ദുഃഖവു
മുണ്ടായി. അതുകൊണ്ടു "തീ ഇല്ല, ഞാൻ ഇപ്പോൾ എഴന്നീറ്റേ ഉള്ളു.
നിങ്ങൾ ഇവിടെ വരുന്നതു അമ്മെക്കു വിരോധമായിരിക്കും. ഞാൻ തരം
പോലെ അങ്ങോട്ടു വന്നു കണ്ടുകൊള്ളാം" എന്നു പറഞ്ഞു വിട്ടയച്ചു. അന്നു
വൈകുന്നേരം മാത ചൂടി വില്ക്കുവാൻ അങ്ങാടിക്കു പോകുമ്പോൾ കൂട കൊണ്ടു
പോവാൻ ബുദ്ധിമുട്ടിക്കേണം എന്നു മാണിക്കം ചിരുതയെ പറഞ്ഞു ചട്ടപ്പെടു
ത്തിയിരുന്നു. അതുപ്രകാരം തന്നെ സംഭവിച്ചു. ഇരുവരും കൂടെ അങ്ങാ
ടിക്കു പോയ തരം നോക്കി മാണിക്കം ഓടി തെക്കേ വിട്ടിൽ ചെന്നു.

മാണിക്കം: നിങ്ങൾ ഇവിടെ പാൎക്കുന്നതു അമ്മ അറിഞ്ഞിരിക്കുന്നു.
അമ്മെക്കു നിങ്ങളുടെ മതത്തോട്ടു വലിയ വിരോധമാകുന്നു. മതം കൊണ്ടു
യാതൊന്നും അമ്മയോട്ടും അമ്മയുടെ മുമ്പിൽ വെച്ചു എന്നോടും പറകയില്ലെ [ 27 ] ങ്കിൽ നിങ്ങൾക്കു ക്രമേണ അമ്മയോടു ഇഷ്ടമാകാം. നിങ്ങളുടെ പേരെന്താ
കുന്നു?

ചിരഞ്ജീവി: എന്റെ പേർ ചിരഞ്ജീവി എന്നാകുന്നു. നിങ്ങളുടെ വൎത്ത
മാനമൊക്കെ ഞാൻ കേട്ടിരിക്കുന്നു. നിങ്ങളുടെ നിമിത്തമാകുന്നു ഞാനിവിടെ
വന്നു പാൎക്കുന്നതും. എനിക്കു മതംകൊണ്ടു സംസാരിക്കാതിരിപ്പാൻ പാടില്ല.

മാണി: അതു പറയാതെ സ്നേഹമായിരുന്നു കൂടയോ?

ചിര: സ്നേഹമെന്നു നി പറയുന്നതിന്റെ അൎത്ഥമെന്താകുന്നു എന്നു ഞാൻ
അറിയുന്നില്ല. സ്നേഹിക്കുന്നതു കൊണ്ടല്ലയോ മതത്തെ സംബന്ധിച്ചു പറയേ
ണ്ടുന്നതു? നിങ്ങളുടെ ആത്മാക്കൾ നശിച്ചുപോകുന്നതു കണ്ടുംകൊണ്ടു സ്വസ്ഥ
മായിരിക്കുന്നതു സാക്ഷാൽ സ്നേഹമെന്നു വരുമോ? എനിക്കു ഞങ്ങളുടെ സായ്വ
മാരെയും ഉപദേശിമാരെയും പോലെ അത്ര അറിവില്ല. ഞാൻ ഈ മത
ത്തിൽ ചേൎന്നവളാകുന്നു, എങ്കിലും ഒന്നു ഞാൻ ചെയ്യും. എന്റെ പ്രാപ്തിക്ക
ടുത്തവണ്ണം ഞാൻ നിങ്ങളുടെ ആത്മരക്ഷെക്കായി അദ്ധ്വാനിക്കും.

മാണി: ആത്മാവെന്നു വെച്ചാൽ എന്താകന്നു?

ചിര: നിന്റെ വീട്ടിൽനിന്നു ഇന്നലെ സന്ധ്യക്കു 'രാമ രാമ രാമ’ എന്നു
വിളിക്കുന്നതു കേട്ടുവല്ലോ. അതെന്തിനാകുന്നു?

മാണി: അതല്ലേ സന്ധ്യാവന്ദനം? രാമനാമം ജപിക്കയല്ലെ? ആ നാമം
ജപിച്ചാൽ മോക്ഷം കിട്ടുമെന്നാകുന്നു ഞങ്ങളുടെ വിശ്വാസം.

ചിര: എന്താകുന്നു മോക്ഷം എന്നു പറഞ്ഞാൽ?

മാണി: അതു എനിക്കു നല്ല നിശ്ചയമില്ല. ഞങ്ങൾ മരിച്ചാൽ മോക്ഷ
ത്തിൽ പോകുമെന്നാകുന്നു ഞങ്ങളുടെ വിശ്വാസം

ചിര: മരിച്ചാൽ ദേഹം ചുടുകയോ കഴിച്ചിട്ടുകയോ ചെയ്യുമല്ലോ. പിന്നെ
എങ്ങനെയാകുന്നു മോക്ഷത്തിൽ പോകുക?

മാണി: മരിക്കുമ്പോൾ ജീവൻ പുറത്തു പോകുമല്ലൊ. മോക്ഷത്തിൽ
പോകാത്തവരുടെ ജീവൻ പ്രേതങ്ങളായി സഞ്ചരിക്കുന്നതു കേട്ടിട്ടില്ലേ? നല്ല
വരുടെ ജീവൻ അങ്ങിനെ സഞ്ചരിക്കാതെ സുഖവും സന്തോഷവുമുള്ളൊരു
സ്ഥലത്തു പോകും. അവിടെനിന്നു ഇങ്ങോട്ടു വരുവാൻ തോന്നുകയില്ല.
അതാകുന്നു മോക്ഷം എന്നു ചിലർ പറയുന്നതു. വേറെ ഒരു പ്രകാരവും
കേട്ടിട്ടുണ്ടു. നിങ്ങളുടെ പാതിരിസായ്വ് തളിപ്പറമ്പത്തുനിന്നു ഞങ്ങളുടെ
വീട്ടിലെ ചെറിയ കുട്ടിക്കു രണ്ടു പഴം മന്ത്രിച്ചു കൊട്ടത്തുകളഞ്ഞു. അതിന്റെ [ 28 ] ദോഷം നീക്കം ചെയ്വാൻ അമ്മ ഇതിനിടെ ഒരു കണിശനെ വിളിപ്പിച്ചി
രുന്നു. ആ കണിശൻ പറയുന്നതു മനുഷ്യന്നു പല ജന്മങ്ങളുണ്ടെന്നാകുന്നു.
പലേ ജന്മങ്ങളും ജനിച്ചു ഈ ഭൂമിയിൽ കഷ്ടപ്പെടാതിരിക്കേണമെങ്കിൽ സൽ
ക്രിയകൾ ചെയ്യേണം. എന്നാൽ പിന്നെ ആ ജന്മം ഇല്ലാതാകും. അതു
തന്നെയാകുന്നുപോൽ മോക്ഷം.

ചിര: നീ പറഞ്ഞതിനൊക്കയും തക്ക സമാധാനം പറവാൻ ഇപ്പോൾ
സമയം മതിയാകയില്ല. ഞാൻ എന്റെ അറിവിനടുത്തവണ്ണം ഞങ്ങളുടെ
വിശ്വാസം പറഞ്ഞുതരാം. നാമെല്ലാവരും ഒരേ അച്ഛനിൽനിന്നും അമ്മ
യിൽനിന്നും ജനിച്ചവരാകുന്നു. ആ മാതാപിതാക്കന്മാർ ആദ്യം പാപികളാ
യിരുന്നില്ല. അവർ ദൈവത്തിന്റെ ഒരു കല്പന ലംഘിച്ചതിനാൽ പാപി
കളായി തീൎന്നു. ദൈവശിക്ഷെക്കു പാത്രവാന്മാരായി. അവരിൽനിന്നു ജനിച്ച
നാമും ജന്മനാ പാപികളും പാപസ്വഭാവികളാകയാൽ പാപം ചെയ്യുന്നവരും
ആയിത്തീൎന്നു. കരുണയുള്ള ദൈവം നമ്മെ രക്ഷിപ്പാൻ ഒരു മാൎഗ്ഗമെടുത്തു.
തന്റെ ഏകപുത്രനായ യേശുക്രിസ്തനെ നമുക്കു വേണ്ടി ഈ ഭൂമിയിൽ മനുഷ്യ
നായി അയച്ചു. അവൻ ഇവിടെ ചെയ്തതൊക്കയും ഞാൻ സമയംപോലെ
വിവരിച്ചു തരാം. അവൻ നമുക്കു വേണ്ടി മരിച്ചു. മൂന്നാം ദിവസം വീണ്ടും
ജീവിച്ചെഴുനീറ്റു. അതിൽ പിന്നെ സ്വൎഗ്ഗത്തിൽ പിതാവിന്നടുക്കുലേക്കു തന്നേ
കയറിപ്പോയി. ഈ രക്ഷിതാവിൽ വിശ്വസിച്ചാൽ നമുക്കു രക്ഷയുണ്ടു.
പാപം നിമിത്തം നാം നിശ്ചയമായി മരിക്കും. മരിച്ചാൽ നമ്മുടെ ജീവൻ
പ്രേതമായി സഞ്ചരിക്കുമോ ഒരിടത്തു പോയി സ്വസ്ഥമായിരിക്കുമോ എന്നു
നമുക്കു അറിയേണ്ടുന്ന ആവശ്യമില്ല. പ്രേതങ്ങളിൽ എനിക്കു വിശ്വാസമില്ല.
മരിച്ചുപോയാൽ നാം വീണ്ടും ഒരിക്കൽ ശരീരത്തോടെ തന്നെ ഉയിൎത്തെഴു
ന്നീല്ക്കും. യേശുക്രിസ്തനിൽ വിശ്വസിച്ചു പാപമോചനം ലഭിച്ചു മരിച്ചവർ
അന്നു നിത്യഭാഗ്യമുള്ള ഒരു രാജ്യത്തിൽ പ്രവേശിക്കും. അല്ലാത്തവർ എപ്പേ
രും നിത്യനാശത്തിലേക്കും പോകും. നിണക്കു വായിപ്പാൻ അറിയാമോ?

മാണി; അറിഞ്ഞുകൂടാ. നിങ്ങളുടെ കൂട്ടത്തിൽ കൂടിയ എന്റെ ജ്യേഷ്ഠൻ
എന്നെ പഠിപ്പിപ്പാൻ തുടങ്ങിയിരുന്നു. കുറെ ദിവസം പഠിച്ച ശേഷം
അമ്മ അതു വിരോധിച്ചു പെൺകുട്ടികൾ വായിക്കാൻ പഠിക്കേണ്ട എന്നു
പറഞ്ഞു.

ചിര: നിണക്കു വായിപ്പാനറിയാമെങ്കിൽ ഞാൻ നിണക്കു ഒരു വേദപുസ്ത
കം തരുമായിരുന്നു. ഇനിയെന്താകുന്നു നിവൃത്തി? അമ്മ ഇല്ലാത്തപ്പോൾ വ
ന്നാൽ ഞാൻ ഇതിനെ കുറിച്ചു അധികം പറഞ്ഞുതരാം. [ 29 ] മാണി: അതു തന്നെയാകുന്നു വേണ്ടതു. എന്നെ സ്നേഹിക്കുന്നുവെങ്കിൽ
തല്ക്കാലം അമ്മയോടു നിങ്ങളുടെ മതത്തെ സംബന്ധിച്ചു യാതൊന്നും പറയേണ്ട.
പറഞ്ഞാൽ ഞാൻ ഇവിടെ വന്നു കേൾക്കുന്നതും കൂടെ ഇല്ലാതാകും. അങ്ങി
നെ തന്നെ നിങ്ങൾ വീട്ടിൽ വരുമ്പോഴും ഈ വക യാതൊന്നും പറയാതിരു
ന്നാൽ എനിക്കു ഇവിടെ വരുന്നതിന്നും നിങ്ങളുമായി സംസാരിക്കുന്നതിന്നും
യാതൊരു തടസ്ഥവും ഉണ്ടാകയില്ല.

ചിര: അതു എന്റെ മനസ്സാക്ഷിക്കു വിരോധമാകുന്നു എങ്കിലും നിന്നെ വി
ചാരിച്ചു ഞാൻ കുറെ കാലത്തേക്കു നീ പറഞ്ഞപോലെ ചെയ്യാം.

മാണി; എന്താകുന്നു മനസ്സാക്ഷി?

ചിര: നമ്മുടെ ഉള്ളിൽ ദൈവം ഒരു ബോധം വെച്ചിട്ടുണ്ടു. ഇന്നതു
തെറ്റാകുന്നു ഇന്നതു ശരിയാകുന്നു ഇന്നതു ചെയ്യരുതു ഇന്നതു ചെയ്യാം എന്നു
തിരിച്ചറിവാനുള്ളൊരു ശക്തി ദൈവം നമുക്കു തന്നിട്ടുണ്ടു. അതാകുന്നു മന
സ്സാക്ഷി.

മാണി; ശരി ശരി എനിക്കു മനസ്സിലായി. തളിപ്പറമ്പിൽനിന്നു പാതി
രിസായ്വു നിങ്ങളുടെ വേദം പറയുന്നതു കേട്ടതു മുതൽ ഇതാകുന്നു സത്യവേദ
മെന്നും ഈ വേദം വിശ്വസിക്കേണമെന്നും എനിക്കു ഉള്ളിൽ ഒരു വിചാരം
തുടങ്ങിയിരിക്കുന്നു. അതുകൊണ്ടാകുന്നു ഈ വേദത്തെ കുറിച്ചു അധികം
കേൾക്കേണമെന്നു ഞാൻ ആശിക്കുന്നതും. നിങ്ങൾ ഇതുവരെ എന്തിനാകുന്നു
തലശ്ശേരിയിൽ താമസിച്ചതു? അതാകുന്നുവോ നാടു?

ചിര: അല്ല എന്റെ നാടു ഇതു തന്നേ. എന്റെ മകളെ അവിടേ ഒരു
ഉപദേശിക്കു കെട്ടിച്ചു കൊടുത്തിരുന്നു. കുറെ വൎഷങ്ങൾക്കു മുമ്പേ അവൻ
മരിച്ചുപോയി. ഇപ്പോൾ സായ്വ്മാർ ഇവിടെ പുതുതായി തുടങ്ങിയ നെയ്ത്തുശാ
ലയിൽ എനിക്കു പണി തരാമെന്നും മകൾക്കു ഇവിടെ തുന്നൽപ്പണി ചെയ്യാ
മെന്നും ഇവിടത്തെ സായ്വ് അങ്ങോട്ടു എഴുതിയതിനാൽ ഞങ്ങൾ ഇങ്ങോട്ടു
വന്നതാകുന്നു.

മാണി: മകൾ എവിടേ?

ചിര: അവർ ചിറക്കല്ലിലേക്കു പോയിരിക്കുന്നു. അവൾ പഠിച്ച ഇ
സ്കൂൾ അവിടെ ഉണ്ടു. അവിടത്തെ മദാമ്മയെ കാണ്മാൻ പോയപ്പോൾ മദാ
മ്മ ഒരാഴ്ച അവിടെ താമസിപ്പാൻ പറഞ്ഞിരിക്കുന്നു.

മാണി: നിങ്ങളുടെ മകൾക്കു കുട്ടികൾ ഉണ്ടോ? [ 30 ] ചിര: ഒരു മകനേ ഉള്ളൂ. അച്ഛൻ മരിക്കുമ്പോൾ നാലു വയസ്സായിരുന്നു
ഇപ്പോൾ പത്തു വയസ്സു കഴിഞ്ഞു.

മാണി: ഒരാഴ്ച കഴിഞ്ഞാൽ കാണാമല്ലോ. ഞങ്ങളുടെ ചിരുതക്കുട്ടിക്കും
അവന്നും ഒന്നിച്ചു കളിക്കാം.

ചിര: അതിനു അവന്റെ അമ്മ സമ്മതിക്കുമെന്നു തോന്നുന്നില്ല. ഞങ്ങ
ളുടെ ചെറിയ കുട്ടികളെ നിങ്ങളുടെ ജാതിക്കാരുടെ കുട്ടികളോടു കൂടെ കളി
പ്പാൻ വിട്ടാൽ വേണ്ടാതനം പഠിക്കും. ചീത്തവാക്കും പറഞ്ഞുതുടങ്ങും.

മാണി: അതില്ല. ചിരുത ചീത്തവാക്കു പറകയില്ല. എന്റെ അമ്മ ഞങ്ങ
ളുടെ മതത്തിൽ വളരെ ഭക്തിയുള്ളവരാകുന്നു. താൻ പാപിയല്ലെന്നാകുന്നു
അമ്മയുടെ വിശ്വാസം. ചിത്തവാക്കൊന്നും പറകയില്ല. അതു പഠിക്കാതിരി
ക്കേണ്ടതിന്നു ചിരുതയെ എങ്ങും അയക്കാറും ഇല്ല. അവളോട്ടുള്ള പ്രത്യേക
വാത്സല്യം നിമിത്തം അവളുടെ ശാഠ്യത്തിന്നു മാത്രം അമ്മ വഴിപ്പെടും.

ചിര: ഇരിക്കട്ടേ നോക്കാം. അമ്മയും മകനും ഇവിടെ വന്നാൽ ആ കാ
ൎയ്യം തീൎച്ചയാക്കാമല്ലോ.

മാണി: അമ്മ വരാറായിപ്പോയി. എനിക്കു നിങ്ങൾ നേരത്തെ പറ
ഞ്ഞതിൽ ഒരു സംശയമുണ്ടു. നാം അനുഭവിക്കേണ്ടുന്ന ശിക്ഷ. യേശുക്രി
സ്തൻ അനുഭവിച്ചതുകൊണ്ടു നമ്മുടെ പാപം തിരുന്നതു എങ്ങിനെയാകുന്നു.
ഒരു രോഗിക്കുള്ള ദീനം മാറുവാൻ മറ്റൊരാൾ മരുന്നു സേവിച്ചാൽ
മതിയാകുമോ?

ചിര: ആ ന്യായം ഈ കാൎയ്യത്തിൽ പറ്റുകയില്ല. ചിലപ്പോൾ മുല കുടിക്കു
ന്ന കുട്ടികൾക്കു രോഗം പിടിപെട്ടാൽ അമ്മ ഔഷധം സേവിച്ചെങ്കിൽ കുട്ടിയു
ടെ രോഗത്തിന്നു ഭേദം വരാറുണ്ടു. അതിരിക്കട്ടേ, നാം അനുഭവിക്കേണ്ടുന്ന
ശിക്ഷ യേശുക്രിസ്തൻ അനുഭവിച്ചു എന്നല്ല ഞാൻ പറഞ്ഞതിന്റെ സാരം.
അതു നിണക്കു ഗ്രഹിപ്പാൻ കുറെ പ്രയാസമായിരിക്കും. എങ്കിലും ഞാൻ ചുരു
ക്കിപ്പറയാം. ആദ്യമാതാപിതാക്കന്മാരുടെ പാപം അനുസരണക്കേടാകുന്നു.
ഈ പാപത്തിനു മരണം തന്നെ ശിക്ഷ. ഇതു നാമെല്ലാവരും അനുഭവിക്കേ
ണം. എന്നാൽ നിത്യമരണത്തിൽനിന്നുള്ള ഉദ്ധാരണത്തിന്നായാകുന്നു രക്ഷി
താവു വന്നതു. ഒരുത്തിന്റെ അനുസരണക്കേടുകൊണ്ടു വന്ന ശാപം തിരേ
ണമെങ്കിൽ വേറൊരുത്തന്റെ അനുസരണവും ആവശ്യമായിരിക്കുന്നു. അല്ലെ
ങ്കിൽ ദൈവത്തിന്റെ നീതിക്കു അതു പോരാ. യേശുക്രിസ്തൻ വന്നതു ദൈവ
കല്പനകളെ അനുസരിച്ചു നിവൃത്തിയാക്കുവാനാകുന്നു. ദൈവത്തിന്റെ നീ [ 31 ] തിക്കു ഈ പൂൎണ്ണ അനുസരണയായിരുന്നു ആവശ്യം. ശിക്ഷയല്ല, അതു നിവൃ
ത്തിപ്പാൻ മനുഷ്യൎക്കു ശക്തിപോരാതെ വന്നതിനാൽ രക്ഷെക്കു മാൎഗ്ഗമില്ലാതെ
വന്നു. ക്രിസ്തൻ സകലകല്പനകളെയും അനുസരിച്ചു നിവൃത്തിയാക്കി ആ
പ്രവൃത്തിയിൽ അവൻ ക്രൂശിലെ മരണത്തോളവും തന്നെത്താൻ താഴ്ത്തേണ്ടി
വന്നു എങ്കിലും പാപം ചെയ്യാത്തവനാകയാൽ മരണത്തിനു അവന്റെ മേൽ
പൂൎണ്ണമായി അധികാരമില്ലാത്തതു നിമിത്തം അവൻ വീണ്ടും ജീവിച്ചെഴുന്നീറ്റു.
ഇങ്ങിനെ നമുക്കു രക്ഷെക്കായി ഒരു മാൎഗ്ഗമുണ്ടായി. നിത്യമരണത്തിൽനിന്നുള്ള
ഉദ്ധാരണത്തിന്നും സംഗതിവന്നു.

മാണി: ഇതൊന്നും എനിക്കു അശേഷം മനസ്സിലാകുന്നില്ല പക്ഷെ നിങ്ങ
ളുടെ പുസ്തകം ആദിമുതൽ അവസാനത്തോളം വായിച്ചു കേട്ടാൽ എല്ലാം ഗ്രഹി
ക്കുമായിരിക്കും, എന്നു പറഞ്ഞു വീട്ടിലേക്കു ഓടിപ്പോയി.

ഈ അദ്ധ്യായം അവസാനിക്കുന്നതിനു മുമ്പെ ചിരഞ്ജീവിയെ കുറിച്ചു
കുറഞ്ഞോന്നു പറയേണ്ടിയിരിക്കുന്നു. അവൾക്കു ഏകദേശം നാല്പത്തഞ്ചു വയസ്സു
പ്രായമുണ്ടായിരുന്നു. ചില വൎഷങ്ങൾക്കു മുമ്പെ തന്റെ ഭൎത്താവും ഏകപു
ത്രിയും കൂടെ ക്രിസ്തമതം അനുസരിച്ചു അവളെ വിട്ടു പോയി. മരുമക്ക
ത്തായസമ്പ്രദായപ്രകാരം മകളുടെ രക്ഷിതാവു താൻ ആയിരുന്നെങ്കിലും കോട
തികയറുവാനും വ്യവഹരിപ്പാനും തുണയും മനസ്സമില്ലാഞ്ഞതിനാൽ അതി
ന്നൊരുമ്പെട്ടില്ല. ഭൎത്താവു ക്രിസ്ത്യാനി ആയിത്തീൎന്നു ഒരു കൊല്ലം കഴിയുമ്പോ
ഴെക്കു മരിച്ചുപോയി. മകൾ ചിലവൎഷങ്ങളോളം ചിറക്കല്ലിലെ അനാഥ
പെൺട്ടികളുടെ ശാലയിൽ പഠിച്ചു വളൎന്നശേഷം ഒരു ഉപദേശി അവളെ
വിവാഹം കഴിച്ചു തലശ്ശേരിയിലേക്കു കൊണ്ടുപോയി. നാലുവൎഷം കഴിഞ്ഞ
ശേഷം വസൂരിദീനത്താൽ ഉപദേശിയും ഇളയപെൺകുട്ടിയും മരിച്ചുപോയി.
മൂത്ത ആൺകുട്ടിയും അവളും മാത്രം മിശ്യനിൽനിന്നു കിട്ടിയിരുന്ന ഒരു ചെ
റിയസഹായശമ്പളം കൊണ്ടു ഉപജീവനം കഴിച്ചുപോന്നു. ചിരഞ്ജീവി
കൂടക്കൂടെ മകളെ കാണ്മാൻ പോകും. അങ്ങിനെ മകളുടെ ഉത്തമഭക്തിയും
തന്റെ മകനെ വളൎത്തുന്ന വിധവും കഷ്ടത്തിലും ദുഃഖത്തിലും അവൾ കാ
ണിച്ച ക്ഷാന്തി, സഹിഷ്ണുത, വിശ്വാസം, സ്ഥൈൎയ്യം എന്നീ ഗുണങ്ങളും കണ്ട
തിനാൽ ഈ അദ്ധ്യായത്തിൽ പറഞ്ഞ സംഭവങ്ങൾക്കു മൂന്നു സംവത്സരം മുമ്പെ
ക്രിസ്തമതം പൂൎണ്ണമായി വിശ്വസിച്ചു സ്നാനം കൈക്കൊണ്ടു. മകളുടെ പേർ
ജ്ഞാനാഭരണം എന്നും കുട്ടിയുടെ പേർ സത്യദാസൻ എന്നും ആയിരുന്നു.
ഭൎത്താവു മരിച്ച ഈ ഏഴു വൎഷങ്ങൾക്കുള്ളിൽ രണ്ടു പേർ അവളെ പാണിഗ്രഹ
ണത്തിന്നായി ചോദിച്ചിട്ടും രണ്ടാമതും വിവാഹം കഴിപ്പാൻ മനസ്സില്ലെന്നു തീൎച്ച [ 32 ] പറഞ്ഞു. അവളുടെ ഏകചിന്ത പുതുതായി മതം വിശ്വസിച്ച അമ്മയെ ഈ
വിശ്വാസത്തിൽ ദൃഢപ്പെടുത്തി പോരേണമെന്നും തന്റെ ഏകപുത്രനെ ഈ
ഭൂമിക്കു ഒരലങ്കാരവും, ക്രിസ്തീയസമുദായത്തിന്നു ഒരു ഭൂഷണവും, വരുവാനുള്ള
ലോകത്തിന്റെ ഒരു പൌരനും ആക്കി വളൎത്തേണമെന്നും ആയിരുന്നു.
ചിറക്കല്ലിലെ ശാലയിൽ പഠിച്ച കാലത്തിൽ ഒരു ക്രിസ്തീയസ്ത്രീയുടെയും
അമ്മയുടെയും മുറ എന്തെല്ലാമാണെന്നു അഭ്യസിച്ചിരുന്നുവൊ അതെല്ലാം
പ്രവൃത്തിയിലും സാധിപ്പിക്കേണം എന്നതായിരുന്നു തന്റെ മുഖ്യമായ
ഉത്സാഹം. [ 33 ] മൂന്നാം അദ്ധ്യായം.

ആറുമാസമേ കഴിഞ്ഞിട്ടുള്ളു. എങ്കിലും മാണിക്കത്തിന്റെ ഇഹലോകവാസം
അവസാനിച്ചു തന്റെ പതിനഞ്ചാം വയസ്സു തികയുന്നതിനു മുമ്പെ, യുഗാന്തം
വരെ ഇരിക്കേണ്ടതായ ചെറുഭവനത്തിൽ പ്രവേശിച്ചുകഴിഞ്ഞിരിക്കുന്നു.
മനുഷ്യന്റെ കാൎയ്യം ഇത്ര മാത്രമേ ഉള്ളൂ. രാവിലെ വികസിച്ചു ഭംഗിയോടി
രിക്കുന്ന പുഷ്പത്തെ കാണ്മാനും അതിന്റെ സുഗന്ധവാസന ഏല്ക്കുവാനും മനു
ഷ്യർ അനേകർ വരും. അതിന്റെ മധുവെ പാനം ചെയ്വാനായി വരുന്ന
ഈച്ചകൾക്കും വണ്ടുകൾക്കും എണ്ണമില്ല. സന്ധ്യെക്കോ അതിന്റെ ഇതൾ വാടി
യോ ഉതിൎന്നോ പോയിരിക്കും. അതു കാണുന്ന മനുഷ്യർ അരനിമിഷംപോലും
അതു നോക്കി നില്പാൻ ഇഷ്ടപ്പെടുകയില്ല. ഈച്ചയും വണ്ടും അതിന്റെ സ്തുതി
യെക്കുറിച്ചു പാട്ടു പാടുകയുമില്ല. ആ മാതിരിപുഷ്പം ഇനിയും നിരവധിയായി
ഉണ്ടാകാം. എങ്കിലും അതേ പുഷ്പം ഇനി ഉണ്ടാകയോ അതിന്റെ സൌര
ഭ്യവും മധുവും ഇനി മനുഷ്യരെയും വണ്ടുകളെയും രസിപ്പിക്കയോ ഇല്ല നിശ്ചയം.
മനുഷ്യനും ഈ പുഷ്പവും തമ്മിലെന്തു വ്യത്യാസം. ജീവന്റെ മദ്ധ്യത്തിൽ
തന്നെ മനുഷ്യൻ മരണത്തിൽ ഉൾപ്പെടുന്നു. ജീവദശയെക്കുറിച്ചു ഘനമായി
വിചാരിക്കുന്നവന്നു യൌവനവും വാൎദ്ധക്യവും ഒരു പോലെ തന്നെ. ഒരു
വൃദ്ധൻ താൻ ഇന്നോ നാളയോ മരിക്കും എന്നു വിചാരിക്കുംപ്രകാരം തന്നെ ജീ
വനെക്കുറിച്ചു ഘനമായി വിചാരിക്കുന്ന ഒരു യുവാവും തന്റെ ബാല്യത്തിന്റെ
ശക്തിയിലും രക്തത്തിന്റെ തിളപ്പിലും ഇരിക്കുമ്പോഴും കൂടി, പിളൎന്ന വായോടും
കൂടെ ഇരിക്കുന്ന മരണത്തെ ഓരോ നിമിഷത്തിലും തന്റെ മുമ്പാകെ കണ്ടും
കൊണ്ടിരിക്കും. ലാവണ്യവതിയായ ബാലികയും തോൽ ചുളുങ്ങിയ വൃദ്ധയും
ബലവാനായ യുവാവും ബലഹീനനായ വയോധികനും അനേകം വൈദ്യ
ന്മാരെ വെച്ചു ചികിത്സിപ്പിപ്പാൻ പ്രാപ്തിയുള്ള ധനികനും കാശിന്നു ഗതിയി
ല്ലാത്ത ദരിദ്രനും മരണത്തിൻമുമ്പാകെ ഒരു പോലെ തന്നെ. എങ്കിലും താര [ 34 ] തമ്യം അശേഷം ഇല്ലെന്നല്ല; മരണത്തെ എതിരിടുവാൻ ഇവൎക്കാലവൎക്കും ഒരു
പോലെ കഴികയില്ല. "ചത്താൽ തല തെക്കോ വടക്കോ" എന്നും "കുഴിയിലെ
ത്തിയാൽ എല്ലാവരും ഒരുപോലെ" എന്നും പറയാറുണ്ടല്ലൊ. എന്നാൽ ചാകും
നാഴികയിലോ? അപ്പോഴത്തെ സ്ഥിതി എന്തായിരിക്കും എന്നു എത്ര ആളുകൾ
വിചാരിക്കുന്നു? മരിച്ചാൽ തന്നെ വ്യത്യാസം ഇല്ലെന്നല്ല. എല്ലാവരും മണ്ണാകും
എന്നൊരു തുല്ല്യതയുണ്ടു സത്യം തന്നെ. എങ്കിലും അവരുടെ പേരിന്നും ഓൎമ്മെ
ക്കും ഭൂമിയിൽ ഒരു വ്യത്യാസം ഇല്ലയോ? സുകൃതികളുടെ പേർ അവർ ചെയ്ത
സൽക്രിയകളോടും ദുഷ്ടന്മാരുടെ പേർ അവർ ചെയ്ത ദുഷ്കൃത്യങ്ങളുടുംകൂടി നാം
ഓൎത്തുപോരുന്നില്ലയോ? മരണം അവരെ സമസ്ഥിതരാക്കി തീൎത്തിരിക്കുന്നുവോ?
എന്നാൽ ഈ വ്യത്യാസം കൊണ്ടല്ല ഇപ്പോൾ പറയുന്നതു. അനേകസുകൃതികളും
അനേകദുഷ്ടന്മാരും നമ്മുടെ അറിവിൽ ലേശംപോലും പെടാതെ ഈ ലോകം
വിട്ടു പോയിട്ടുണ്ടു. എങ്കിലും അവർ അന്ത്യശത്രുവായ മരണത്തെ നേരിട്ട
വിധത്തിൽ നിശ്ചയമായി ഒരു വലിയ വ്യത്യാസം ഉണ്ടായിട്ടുണ്ടായിരിക്കേണം.

നാം ഈ ലോകത്തിൽ ജനിക്കുമ്പോൾ കരഞ്ഞുംകൊണ്ടു ജനിക്കുന്നു, ചുറ്റു
മുള്ളവരെല്ലാം സന്തോഷിച്ചുല്ലസിക്കും. ഈ അവസ്ഥെക്കു നാം മരിക്കുമ്പോൾ
ചുറ്റുമുള്ളവരൊക്കെ കരയുംനെരം നാം ചിരിച്ചുംകൊണ്ടു അവരെ വിട്ടുപോ
കേണ്ടതല്ലയോ? എല്ലാവൎക്കും ഇതു സാധിക്കുന്നുണ്ടോ? ഇതു സാധിപ്പാനായാ
കുന്നു മനുഷ്യൻ ഉത്സാഹിക്കേണ്ടതു.

മാണിക്കം ചിരഞ്ജീവിയുമായി ഉണ്ടായ സംഭാഷണം കഴിഞ്ഞന്നു മുതൽ
ദിവസേന അവളോടും, ജ്ഞാനാഭരണം എത്തിയശേഷം തുടങ്ങി അവളോടും
ക്രിസ്തുമതത്തെ കുറിച്ചു സംസാരിച്ചും പഠിച്ചും പോന്നു. അവർ തമ്മിലുള്ള
ചേൎച്ച സന്മാൎഗ്ഗസംബന്ധമായ ഒരു ആത്മികസംസൎഗ്ഗമായി തീൎന്നതിനാൽ
സാധാരണയായി ജനസംസൎഗ്ഗത്തിൽ യാതൊരു താത്പൎയ്യവും വാസനയും ഇല്ലാ
തിരുന്നവളായ ഈ വിധവെക്കു മാണിക്കവുമായി ഹൃദയംഗമമായ ഒരു ചേൎച്ച
യുണ്ടായി. ഇരുപത്തേഴു വയസ്സുണ്ടായിരുന്നെങ്കിലും അതിൽ പകുതി മാത്രം
പ്രായമുണ്ടായിരുന്ന മാണിക്കത്തെ ഒരു ചങ്ങാതിച്ചിയായി കൈക്കൊണ്ടു ക്രിസ്ത
മാൎഗ്ഗത്തിന്റെ സൎവ്വരഹസ്യങ്ങളും തത്വങ്ങളും അവളെ ഗ്രഹിപ്പിച്ചു. ഞ്ജാനാഭര
ണത്തിന്റെ വീട്ടിൽ കൂടക്കൂടെ സായ്വും പോകാറുണ്ടായിരുന്നതുകൊണ്ടു ഇവളെ
ഓരോരിക്കൽ കണ്ടു സംസാരിപ്പാനും ഉപദേശിപ്പാനും സംഗതിവന്നു. അതു
കൊണ്ടു മൂന്നു നാലു മാസങ്ങൾക്കകം അവൾ രഹസ്യത്തിൽ ഒരു ക്രിസ്ത്യാനിയായി
ത്തീൎന്നു. അമ്മയോടു ഇതിനെ കുറിച്ചു യാതൊന്നും പറവാൻ പാടുണ്ടായിരുന്നില്ല.
അതുനിമിത്തം സ്നാനപ്പെടുവാൻ കഴിഞ്ഞില്ല. അമ്മയെ വിട്ടു പിരിയുവാൻ അ [ 35 ] വൾ്ക്കു താത്പൎയ്യമുണ്ടായിരുന്നില്ല. കാരണം ഒരാൾ്ക്കു തന്റെ ആത്മരക്ഷയെക്കുറി
ച്ചുള്ള ഉറപ്പു ലഭിച്ചശേഷം പിന്നെ മറ്റുള്ളവരുടെയും രക്ഷെക്കായി ചിന്തിച്ചു അ
ദ്ധ്വാനിക്കാതിരിക്കയില്ലല്ലോ. അതുകൊണ്ടു അമ്മയോടു കൂടത്തന്നെ ഇരുന്നാൽ
അമ്മയുടെ മനസ്സു ക്രമേണ ഭേദിപ്പിക്കാം എന്ന ആശയോടും, വിട്ടുപോയിക്കള
ഞ്ഞാൽ അമ്മയുടെ ഹൃദയം കഠിനപ്പെട്ടുപോകും എന്ന ആശങ്കയോടും കൂട അ
വിടെ തന്നെ ഇരിപ്പാൻ തീൎച്ചപ്പെടുത്തി.

എന്നാൽ മാണിക്കം ഒരു കുട്ടിയെപ്പോലെ ഈ മതം വിശ്വസിച്ചെന്നല്ല.
അക്ഷരപരിജ്ഞാനവും വിദ്യയും ഇല്ലാത ചിലൎക്കു, സാധാരണബുദ്ധിയും വി
വേകവും ചില വിദ്വാന്മാരെക്കാൾ ഉണ്ടായി കാണാറുണ്ടല്ലോ. ഇവൾ അതു
പോലെ ഒരുത്തി ആയിരുന്നതിനാൽ ക്രിസ്തീയവേദപുസ്തകം വായിച്ചു കേൾക്കു
മ്പോൾ അവൾ വളരെ കഠിനങ്ങളായ ചില ചോദ്യങ്ങൾ കഴിച്ചിരുന്നു. അ
വെക്കുള്ള സമാധാനം കേട്ട ശേഷം താൻ പിടിച്ചതു സത്യം എന്ന നിലയിൽ
നില്ക്കാതെ സത്യത്തിന്നു ഹൃദയപരമാൎത്ഥതയോടെ വഴിപ്പെടുകയും ചെയ്യും. അ
തുനിമിത്തമത്രെ, അവളുടെ സംശയങ്ങൾ അവൾക്കു തീൎന്നുകിട്ടുവാൻ സംഗ
തിയായതു. അവളുടെ ചില ചോദ്യങ്ങൾ ഇവിടെ പ്രസ്ഥാപിക്കാം.

൧. ദൈവം ഒരു കല്പന കല്പിക്കയും മനുഷ്യൻ അതു ലംഘിക്കയും ചെയ്യു
ന്നതിനു മുമ്പേ ഗുണം ദോഷം എന്ന രണ്ടവസ്ഥകൾ ഉണ്ടായിരുന്നോ? ഉണ്ടാ
യിരുന്നെങ്കിൽ അവയുടെ ഉത്പത്തി എവിടെ ആയിരുന്നു? ഇല്ലായിരുന്നെങ്കിൽ
ഗുണദോഷങ്ങളെ അറിയിക്കുന്ന വൃക്ഷം മനുഷ്യന്നു മുമ്പെ സൃഷ്ടിക്കപ്പെട്ടിരുന്നു
എന്നു പറയുന്നതു എങ്ങിനെ?

൨. കൌശലം ദുൎഗ്ഗുണമോ? സദ്ഗുണമോ? ദുൎഗ്ഗുണമെങ്കിൽ പാപത്തിന്നു
മുമ്പേ പാമ്പിനെ കൌശലമുള്ള ജന്തു എന്നു പറയുന്നതെങ്ങിനെ?

൩. മനുഷ്യന്റെ മനോബോധം അവന്റെ കൂടത്തന്നെ സൃഷ്ടിക്കപ്പെട്ട
തോ, കല്പനയുടെ ശേഷം ഉണ്ടായതോ? കൂടത്തന്നെ സൃഷ്ടിക്കപ്പെട്ടതാകു
ന്നെങ്കിൽ അന്നു മനോബോധം ദുഷിച്ചുപോയിരുന്നില്ലല്ലോ. അങ്ങിനെ ഇ
രിക്കേ കല്പനകൊണ്ടെന്താവശ്യമായിരുന്നു? കല്പനയുടെ ശേഷം ഉണ്ടായതാ
കുന്നുവെങ്കിൽ ഗുണം ദോഷം എന്ന വ്യത്യാസം മുമ്പേ തന്നെ ഉണ്ടായി എന്നു
വരുമോ?

൪. നന്മയും തിന്മയും വെവ്വേറെയോ, രണ്ടും സമ്മിശ്രമായ ഒരു ഏകസ്വ
രൂപമോ? നന്മയിൽനിന്നു തിന്മയും തിന്മയിൽനിന്നു നന്മയും ഉത്ഭവിച്ചു കാ
ണാറുണ്ടല്ലോ. [ 36 ] ൫. മനുഷ്യൎക്കെല്ലാവൎക്കും മനസ്സാക്ഷി ഒരുപോലെയോ വ്യത്യാസമുണ്ടോ?
ഒരുപോലെയെങ്കിൽ ഒരു മനുഷ്യൻ സാക്ഷാൽ നന്മയെന്നു വിശ്വസിക്കുന്ന കാ
ൎയ്യം മറെറാരുവന്നു പരമാൎത്ഥത്തിൽ തിന്മയായി തോന്നുന്നതെങ്ങിനെ? വ്യത്യാസ
മുണ്ടെങ്കിൽ അതു ദൈവത്തിന്റെ നീതിയോടു സംയോജിപ്പിക്കുന്നതെങ്ങിനെ?

൬. ഏകമനുഷ്യന്റെ പാപത്താൽ സൎവ്വമനുഷ്യരും പാപികളായി നാശ
ത്തിന്നു യോഗ്യരായിത്തീൎന്നിരിക്കുന്നുവെങ്കിൽ ഏകന്റെ പുണ്യത്താൽ സൎവ്വരും
ഈ നാശത്തിൽനിന്നു താന്താങ്ങളുടെ യാതൊരു ശ്രമവും ക്രടാതെ ഉദ്ധാരണം
പ്രാപിക്കേണ്ടതല്ലയോ?

ഇങ്ങിനെ സാരമുള്ളതും സാരമില്ലാത്തതുമായ പല ചോദ്യങ്ങൾ അവൾ
ചോദിച്ചു അവെക്കു തക്കതായ സമാധാനം കേൾക്കുമ്പോൾ പരമാൎത്ഥതയോടെ
അതു സ്വീകരിച്ചു തന്റെ സംശയം എല്ലാം തീൎത്ത ശേഷം മാത്രമേ അവൾ
ക്രിസ്തമതത്തിൽ പൂൎണ്ണമായി വിശ്വസിച്ചുള്ളൂ. വേദപുസ്തകത്തിൽ പ്രധാനഭാ
ഗങ്ങൾ തീൎത്ത ശേഷം ജ്ഞാനാഭരണം "സഞ്ചാരിയുടെ പ്രയാണം" എന്ന ഒരു
ചരിത്രം അവളെ വായിച്ചു കേൾപ്പിപ്പാൻ തുടങ്ങി. ഒരു ദിവസം ആ പുസ്ത
കത്തിൽ വിശ്വസ്തൻ എന്നവനെ ശത്രുക്കൾ ദഹിപ്പിച്ചതും അവന്റെ ഭസ്മത്തിൽ
നിന്നു ആശാമയൻ എന്നൊരുവൻ ഉളവായതും വായിച്ചു കേട്ടപ്പോൾ മാണി
ക്കം "ഞാൻ മരിക്കേണം എന്നാൽ എന്റെ ധൂളിയിൽനിന്നു അമ്മയും എഴുന്നീ
റ്റു വരും" എന്നു പറഞ്ഞു. ഈ പറഞ്ഞുതു കളിവാക്കായിട്ടില്ല. ലഘുഭാവത്തി
ലുമല്ല. മഹാവ്യസനത്തോടും ഭയഭക്തിയോടും കൂടിയായിരുന്നു. അല്പം
ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾക്കു കഠിനമായ ഒരു ജ്വരം തുടങ്ങി.
അമ്മ ഒരു കണിശനെ വിളിപ്പാൻ ആളയച്ചു. മകൾ ഒരു വൈദ്യനെ വിളി
പ്പിപ്പാൻ എത്ര പറഞ്ഞിട്ടും അതു വകവെക്കാതെ "ആദ്യം ദീനത്തിന്റെ ഹേതു
എന്താകുന്നുവെന്നും അതു മാറുമോ എന്നും അറിയട്ടെ, മാറുകയില്ലെങ്കിൽ മരു
ന്നു കടിച്ചിട്ടെന്തു ഫലം?" എന്നു പറഞ്ഞു.

കണിശൻ എത്തിയ ഉടനെ അമ്മ "ഇവൾക്കു കഠിനമായ പനിയുണ്ടു.
എന്തോ ഒക്കെ പിച്ചും പിരാന്തും പറകയും ചെയ്യുന്നു" എന്നു പറഞ്ഞു. അവൻ
അതു കേട്ടു വളരെ ഗൌരവഭാവത്തോടെ കവിടിസ്സഞ്ചി അഴിച്ചു കവിടി നി
രത്തി. നിലത്തു കുറെ വരയും കുറിയും വരച്ചു കുറെ ഗ്രഹങ്ങളുടെയും നക്ഷ
ത്രങ്ങളുടെയും പേർ ചൊല്ലിക്കൂട്ടി ഒടുക്കം "ഓഹോ ഇവൾക്കു ഒരു വേദക്കാ
രൻ കൂടിയതാണ്. വേദക്കാർ ചെയ്യുന്നതുപോലെ കണ്ണു മൂടി കൈകെട്ടി
എന്തോ നൊടിയുന്നതു കണ്ടുവോ?" എന്നു വിളിച്ചു പറഞ്ഞു. അതു കേട്ടു മാ [ 37 ] ണിക്കം: "അമ്മേ അയാൾക്കു കൊടുക്കേണ്ടതു എന്തെങ്കിലും കൊടുത്തു പറഞ്ഞ
യച്ചുകളവിൻ. എനിക്കാരും കൂടീട്ടുമില്ല ഉറഞ്ഞിട്ടുമില്ല. ഈ ചൊപ്പിടിവിദ്യ
കൊണ്ടൊന്നും ദീനം ഭേദമാകയില്ല. വൈദ്യന്മാരെ വിളിപ്പിച്ചാൽ ആശാസ
മാകുമായിരിക്കും" എന്നു പറഞ്ഞു.

മാത: (അവളോടു) ഇയ്യാൾ പറയുന്നതു ശരിയായിരിക്കണം. (പ്രശ്നക്കാ
രനോടു) നിങ്ങൾ പറയിൻ കണികളേ, കേൾക്കട്ടെ. അവൾ പറയുന്നതു
വകവെക്കേണ്ട.

കണി: ഇവൾക്കു ഒരു വേദക്കാരൻ കൂടീട്ടുണ്ടു. അവന്റെ താമസം ഇവി
ടന്നു ആറുനാഴിക തെക്കാകുന്നു. (പിന്നെയും കവിടി അങ്ങോട്ടും ഇങ്ങോട്ടും
നീക്കിയും നിരക്കിയും കൊണ്ടു) ആ വേദക്കാരൻ ഇവളുടെ സംബന്ധിയണ്;
—ഇവളുടെ ജ്യേഷ്ഠനാണ്.

ഇതു കേട്ടപ്പോഴെക്കു മാതയുടെ വിശ്വാസം സ്ഥിരമായി. "കണ്ടോ മകളേ!
നിന്റെ ഏട്ടൻ വേദത്തിൽ കൂടിയതും മരിച്ചതും ആരും അറികയില്ലല്ലോ.
ഈയാൾ ജ്യോതിഷത്തിന്റെ ബലം കൊണ്ടു അറിഞ്ഞു പറഞ്ഞതു കേട്ടില്ലേ"?
എന്നു മാണിക്കത്തോട്ടു പറഞ്ഞു കണിശനോടു എന്താകുന്നു ഇനി ചെയ്യേണ്ട
തെന്നു ചോടിച്ചു.

കണി: ഒരു പെരുവണ്ണാനെ വിളിപ്പിച്ചു പ്രേതത്തെ ദേഹത്തിൽനിന്നു
ഒരു പ്രതിമയിലേക്കാവാഹിച്ചൊഴിച്ച ശേഷം അരയിൽ ഒരു ഉറുക്കു എഴുതി
കെട്ടിയാൽ മതി.

മാണി; എനിക്കു ഉറുക്കും വേണ്ട, മുറുക്കും വേണ്ട; എനിക്കു വല്ലതും എഴുതി
കെട്ടേണമെങ്കിൽ ഞാൻ തന്നെ തക്കതായ ആളെ നോക്കിക്കൊള്ളും.

മാത: അതാരാകുന്നു, പാതിരിസ്സായ്വോ? (കണിശനോടു) അവൾക്കു കൂടിയ
വൻ അല്ലെ ആ പറയുന്നതു? നിങ്ങൾ അതൊന്നും ഗണ്യമാക്കേണ്ട. ഒരു
ഉറുക്കു എഴുതിച്ചു കൊടുത്തയക്കേണം.

മാണി: ഈ കണിശൻ ഇത്ര സമൎത്ഥനാകുന്നുവെങ്കിൽ ആ വേദക്കാരൻ
ഈ ചിരുതക്കെന്താകം എന്നു പറയട്ടെ.

മാത: അതു നോക്കിക്കാനല്ല ഞാൻ ഈയാളെ വിളിപ്പിച്ചതു.

എന്നു പറഞ്ഞു കുറെ അരിയും പണവും കറിസ്സാമാനങ്ങളും ഉറുക്കിനുള്ള പ
ണവും കൊടുത്തു കണിശനെ പറഞ്ഞയച്ചു. അവൻ പോയപ്പോൾ തന്നെ മാണി
ക്കം കണിശനെ വിളിച്ചുകൊണ്ടുവന്ന ചെറുക്കനെ വരുത്തി അവനോടു "ആ [ 38 ] കണിശനെ നീ വിളിപ്പാൻ പോയപ്പോൾ അവൻ നിന്നോടു എന്തെല്ലാം
ചോദിച്ചു? നീ എന്തെല്ലാം പറഞ്ഞു? എന്നു എന്നോട്ടു നേർ പറയുമോ?" എന്നു
ചോദിച്ചു. അപ്പോൾ അവൻ മാത കേൾ്ക്കേ തന്നെ മാണിക്കത്തോടു പരമാ
ൎത്ഥമൊക്കയും പറഞ്ഞു. "എന്നോടു ആയാൾ 'ആ വീട്ടിലാരെല്ലാമുണ്ടു, ഞാൻ
മുമ്പെ അവിടെ ഒരിക്കലും പോയിട്ടില്ല. അവിടെ പതിവായി പോകുന്നതു
വേറൊരുത്തനാകുന്നു' എന്നു പറഞ്ഞുപ്പോൾ ഞാൻ 'ഒരു തള്ളയും ഈ ദീന
മായ മകളും ഒരു ചെറിയ കുട്ടിയും ഉണ്ടു' എന്നു പറഞ്ഞു. 'ആണുങ്ങളാരു
മില്ലേ?' എന്നു ചോദിച്ചപ്പോൾ ഞാൻ തള്ളയുടെ തീയൻ പെരുത്തു കൊല്ലം
മുമ്പെ മരിച്ചു പോയെന്നും ഒരു മകൻ വേദം കൂടി നാടു വിട്ടുപോയി, എവിടെ
യോ കുറെ കൊല്ലത്തോളം പാൎത്തു മടങ്ങി വരുമ്പോൾ എടക്കാട്ടെ കുന്നിന്റെ
അരികത്തു വെച്ചു കള്ളന്മാർ കൊന്നുകളഞ്ഞു എന്നാകുന്നു വിചാരിച്ചു വരുന്നതു
എന്നും മയ്യഴി വരെ കണ്ടവർ ഉണ്ടു, പിന്നെ അയാളെക്കൊണ്ടു യാതൊന്നും
കേട്ടിട്ടില്ല' എന്നും പറഞ്ഞു. ഞങ്ങൾ തമ്മിൽ ഇതിലധികമൊന്നും പറകയു
ണ്ടായിട്ടില്ല."

മാണി: കണ്ടോ അമ്മേ? ഞാൻ പറഞ്ഞതിന്നെന്തെങ്കിലും ഒരു വ്യത്യാസ
മുണ്ടോ? ഇവനോടു ചോദിച്ചു മനസ്സിലാക്കിയതല്ലേ അയാൾ ഇവിടെ പറ
ഞ്ഞതു? ഇതിലധികം ഒരു ചതിയുണ്ടോ? ആ ഉറുക്കു ഇവിടെ കടത്തിപ്പോ
കേണ്ട.

മാത: അതെന്തെങ്കിലുമാകട്ടെ മകളേ, ഞാൻ പെരുവണ്ണാനെ വിളിച്ചു
മാറ്റൽ കഴിപ്പിക്കട്ടെ. പെരുത്താൾക്കു അതിനാൽ ഭേദം വന്നു കണ്ടിട്ടുണ്ടു.

മാണി: എനിക്കു അതു വേണ്ടേ വേണ്ട. ആ മനുഷ്യന്റെ ചതി അറി
ഞ്ഞിട്ടും അതു ചെയ്യുന്നതിലധികം പോയത്തം മറ്റുണ്ടോ? എനിക്കാരും കൂടിട്ടില്ല.
നല്ല ഓൎമ്മയും ബോധവുമുണ്ടു. എങ്കിലും എനിക്കിതു മാറുവാൻ വന്ന ദീനമ
ല്ലെന്നു നല്ല നിശ്ചയമുണ്ടു. അതുകൊണ്ടു എനിക്കു അമ്മയോടു കുറെ പറവാ
നുള്ളതു കേട്ടാൽ വലിയ ഉപകാരം.

മാത: (മകൾ മരിച്ചുപോകും എന്നു ഭയപ്പെട്ടുംകൊണ്ടു) പറക മകളേ,
നീ ആ ഉറുക്കെഴുതിക്കെട്ടാൻ കൂട്ടാക്കാഞ്ഞിട്ടല്ലെ! നീ എന്തു പറഞ്ഞാലും ഞാൻ
കേട്ടുകൊള്ളാം.

മാണി: കേട്ടാൽ പോരാ. ഞാൻ പറയുന്നതുപോലെ നടക്കുമോ?

മാത: നടക്കാം. ഞാൻ നീ പറയുന്നതു ഒന്നും തട്ടിക്കളകയില്ല. [ 39 ] മാണി: എനിക്കു ശരീരം മുഴുവനും നുറുങ്ങുംപോലെ ഇരിക്കുന്നു. പനി
യുടെ ക്ഷീണം അതികഠിനം തന്നെ. അതുകൊണ്ടു ഈ ദിനം ഭേദമാകയി
ല്ലെന്നു തോന്നുന്നു. അമ്മെക്കു ഇങ്ങിനത്തെ ഒരു സ്ഥിതിയായാൽ, അമ്മ എന്തു
ചെയ്യുമെന്നു എനിക്കു അറിവാൻ ആശയുണ്ടു. ഞാൻ മരിച്ചുപോയാൽ എന്റെ
അവസ്ഥ എന്തായിരിക്കും?

മാത: മകളേ രാമനാമം ജപിച്ചോളു. നുമ്മൾ എന്തു പാപം ചെയ്താലും
ഒടുവിൽ രാമനാമം ജപിച്ചാൽ മതി. മോക്ഷം കിട്ടും. നിന്റെ അച്ഛൻ
മരിക്കുമ്പോൾ രണ്ടു മൂന്നു പ്രാവശ്യം 'രാമ' എന്നാകുന്നു വിളിച്ചതു.

മാണി: അച്ഛൻ ഏട്ടനെ വിളിച്ചതായിരിക്കണം. ഏട്ടന്റെ പേർ
രാമൻ എന്നായിരുന്നില്ലേ? അമ്മെക്കു ഇപ്പോൾ നല്ല സുഖമായിരിക്കകൊണ്ടു
രാമനാമം ജപിച്ചാൽ മതിയെന്നു വിചാരിക്കയാകുന്നു. എനിക്കിപ്പോൾ
അതിൽ യാതൊരു ആശ്വാസവും കാണുന്നില്ല. അതുകൊണ്ടു ആ നാമത്തിൽ
ആശ്രയിച്ചാൽ പോരാ എന്നാകുന്നു തോന്നുന്നതു.

മാത: അങ്ങിനെ പറയല്ല മകളേ, അച്ഛൻ മാത്രമല്ല, രാമനാമം ജപി
ച്ചിട്ടു എത്ര ആളുകൾ മോക്ഷത്തിൽ പോയതു കേൾക്കാനുണ്ടു?

മാണി: കേൾക്കുന്ന കാൎയ്യങ്ങൾകൊണ്ടു നമുക്കു യാതൊരു പ്രയോജനവു
മില്ല. കേൾക്കുന്നതും താന്താങ്ങൾ അനുഭവിക്കുന്നതും രണ്ടും രണ്ടു കാൎയ്യങ്ങളാ
കുന്നു. 'കേൾക്കുമ്പോൾ കേളു നമ്പ്യാർ, കാണുമ്പോൾ നൊട്ടുകേളു' എന്നു കേ
ട്ടിട്ടില്ലേ? രാമനാമംകൊണ്ടു അതിന്റെ സാക്ഷാൽ ആവശ്യം വരുമ്പോൾ യാ
തൊരു ഫലവും കാണുന്നില്ല. അതു എന്റെ ഇപ്പോഴത്തെ സ്ഥിതിയിൽ അ
മ്മ എത്തുന്ന കാലത്തു അമ്മെക്കു മനസ്സിലാകും. അമ്മ ആ തെക്കേ പുരയിലെ
പെണ്ണുങ്ങളെ ഒന്നു വിളിപ്പിക്കീൻ.

മാത: ഇതോ മകളേ നി പറഞ്ഞുകൊണ്ടുവരുന്നതു? ആകട്ടേ ഞാൻ വിളി
പ്പിക്കാം.

എന്നു പറഞ്ഞു അവരെ വിളിപ്പിച്ചു. അവർ എത്തിയപ്പോൾ മാണിക്കം
അവരോടു "അമ്മമാരേ ഇനി ഞാൻ നമ്മുടെ രഹസ്യം അമ്മയുടെ അറി
വിൽനിന്നു മറച്ചുവെപ്പാൻ വിചാരിക്കുന്നില്ല" എന്നു പറഞ്ഞു. പിന്നെ അ
മ്മയോടു "അമ്മേ ഞാൻ ഈ കഴിഞ്ഞ ആറു മാസവും ഇവരുടെ വേദം പഠി
ക്കയായിരുന്നു. അതു എന്റെ ആത്മരക്ഷെക്കായി ഞാൻ ചെയ്തു. അമ്മയുടെ
തടസ്ഥം പേടിച്ചു അതു ഇവരെക്കൊണ്ടു സ്വകാൎയ്യമായി വെപ്പിച്ചു. ഇവർ [ 40 ] അമ്മയെ ചതിച്ചെന്നു വിചാരിക്കേണ്ട. ഞാൻ ഇവരോടു വളരെ അപേക്ഷി
ച്ചതുകൊണ്ടാകുന്നു ഇവർ ഈ കാൎയ്യംകൊണ്ടു അമ്മയോടു യാതൊന്നും പറയാതി
രുന്നതു. ഇവരുടെ ഇഷ്ടംകൊണ്ടു എനിക്കു വലുതായൊരു ലാഭവുമുണ്ടായിട്ടുണ്ടു.
അതു ആത്മരക്ഷ തന്നെ. ഇവർ വിശ്വസിച്ചു സേവിച്ചുവരുന്ന ദൈവത്തെ
ഞാനും ആശ്രയിച്ചുവരുന്നതുകൊണ്ടു ഞാൻ മരിച്ചാൽ എന്റെ ആത്മാവു നശി
ച്ചുപോകയില്ലെന്നു എനിക്കു പുൎണ്ണവിശ്വാസമുണ്ടു. പാപം മോചിപ്പാനും മോ
ക്ഷം തരുവാനും ആ ദൈവത്തിനു മാത്രമേ കഴിവുള്ളൂ. ഞാൻ കുറെ മാസ
ത്തോളമായി ആ ദൈവത്തെ സേവിക്കയും ആ ദൈവത്തോടു പ്രാൎത്ഥിക്കയും
ചെയ്തുവരുന്നതു. ജ്യേഷ്ഠൻ ഈ മതമനുസരിച്ചതു വേറെ യാതൊരു ലാഭവും
കൊതിച്ചിട്ടല്ലെന്നു എനിക്കു പുൎണ്ണവിശ്വാസമുണ്ടു. ജ്യേഷ്ഠന്റെ പ്രേതം എന്നെ
ബാധിച്ചിരിക്കുന്നു എന്നു അമ്മ അശേഷം വിചാരിച്ചുപോകേണ്ട. എന്നാൽ
എനിക്കു രണ്ടു അപേക്ഷയുണ്ടു. അതു അമ്മ തള്ളിക്കുളയരുതേ. ഒന്നാമതു
പാതിരിസായ്വിനെ വിളിപ്പിച്ചു എനിക്കു സ്നാനം തരീക്കണം. രണ്ടാമതു അമ്മ
ചിരുതയോടു കൂടെ ഈ മതത്തിൽ ചേൎന്നുകൊള്ളണം. അമ്മയും ഒരിക്കൽ
മരിക്കും. അന്നു രാമനാമം ജപിച്ചാൽ മതിയോ എന്നു എന്റെ അവസ്ഥകൊ
ണ്ടറിയാമല്ലോ. ഞാൻ എത്ര ധൈൎയ്യത്തോടെ മരിക്കുവാൻ ഒരുങ്ങിയിരി
ക്കുന്നു എന്നു അമ്മ നോക്കി കണ്ടുകൊൾവിൻ. ഈ കുട്ടിയുടെ ഭാഗ്യവും
കൂടി അമ്മ ഇല്ലാതാക്കിത്തീൎക്കരുതേ" എന്നു വളരെ താല്പൎയ്യമായി മന്ദമന്ദം
പറഞ്ഞു.

മാത ഇതെല്ലാം വളരെ ശ്രദ്ധയോടെ കേട്ടു. ഇടക്കിടെ ഹൃദയത്തിൽ
കുറെ വിരോധഭാവം ഉണ്ടായെങ്കിലും മകളുടെ ശുഷ്ക്കാന്തിയും തീക്ഷ്ണതയും ഘന
ഭാവവും വാഗ്ഗൌരവവും മറ്റും കണ്ടു ശരീരത്തിൽ ഒരു ഇളക്കം പോലും കൂ
ടാതെ അവസാനത്തോളം അതിതാത്പൎയ്യത്തോടും കൂടെ ചെവികൊടുത്തു കേട്ടു.
അതിന്റെ ശേഷം മാണിക്കത്തിനു ആശ്വാസവും ധൈൎയ്യവും വരുത്തുവാൻ
ചിരഞ്ജീവിയും ജ്ഞാനാഭരണവും ഓരോന്നു പറഞ്ഞു. അവരും
തന്റെ മകളും തമ്മിൽ പറഞ്ഞതെല്ലാം മാതെക്കു പുത്തരി ആയിരുന്നു. ചില
തൊന്നും ഗ്രഹിച്ചില്ല എന്നു തന്നെ പറയാം. എങ്കിലും അവൾ യാതൊരു വി
രോധവും പറയാതെ അവരുടെ ഇഷ്ടം പോലെ അന്യോന്യം സംസാരിപ്പാൻ
സമ്മതിച്ചു വിട്ടു. [ 41 ] മകളുടെ ഒന്നാം അപേക്ഷ അന്നു രാത്രി തന്നെ അമ്മ സാധിപ്പിച്ചു കൊടു
ത്തു. രണ്ടാമത്തേതും തള്ളിക്കുളകയില്ലെന്നു ചിരഞ്ജീവിയും ജ്ഞാനാഭരണവും
സായ്വും ഒരു ഉപദേശിയും കേൾക്കെ മകളുടെ കൈപിടിച്ചു സത്യവും ചെയ്തു.
അതിന്റെ ശേഷം മാണിക്കം എന്തെങ്കിലും സംസാരിക്കയാകട്ടെ കണ്ണുതുറക്ക
യാകട്ടെ ചെയ്തിട്ടില്ല. പനി ഏറ്റവും കഠിനമായി അതിക്രമിച്ചു. സായ്വും സാ
യ്വിന്റെ പരിചയക്കാരായ വിലാത്തിവൈദ്യന്മാരും എത്രയോ ശ്രമിച്ചിട്ടും യാ
തൊരു ഭേവും വരാതെ ദീനം തുടങ്ങിയ പതിന്നാലാം ദിവസം ഈ ലോകത്തി
ന്റെ നാനാക്ലേശങ്ങളിൽനിന്നും അവൾ ആഗ്രഹിച്ചപ്രകാരം നിത്യസ്വസ്ഥത
പ്രാപിക്കുയും ചെയ്തു. [ 42 ] നാലാം അദ്ധ്യായം.

മാണിക്കത്തിന്റെ അമ്മയായ മാത തന്റെ അഭിപ്രായവിശ്വാസങ്ങൾക്ക
നുസാരമായി ഒരു ഭക്തിയുള്ള സ്ത്രീയായിരുന്നു. ആണ്ടുതോറും ഉത്സവസമയ
ങ്ങളിൽ സമീപത്തുള്ള ക്ഷേത്രങ്ങളിലൊക്കെ 'തൊഴാൻ' പോകും. അരിഷ്ടി
ച്ചു സമ്പാദിച്ച പണത്തിൽനിന്നു അമ്പലങ്ങളിലും കാവുകളിലും മറ്റും വഴി
പാടു കഴിപ്പിക്കും. തെയ്യം, തെറ, മുതലായ അടിയന്തരങ്ങൾക്കെല്ലാം വളരെ
ഭക്തിയോടെ പോകും. ദൈവം മനുഷ്യരെ ഓരോ ജാതിയാക്കി വേറുതിരിച്ചു
സൃഷ്ടിച്ചതാണെന്നും ആ ജാതി വിടുന്നതു ദൈവവിരോധമാണെന്നും ആയി
രുന്നു തന്റെ പൂൎണ്ണവിശ്വാസം. ബ്രാഹ്മണരെയോ വല്ല സന്ന്യാസിമാരെയോ
കണ്ടാൽ നിലംവരെ കുമ്പിട്ടു നമസ്കരിക്കും. എങ്കിലും അജ്ഞാനം കലശലായു
ണ്ടായിരുന്നതിനാൽ, മകളോടു അവളുടെ മരണനാഴികയിൽ ചെയ്ത പ്രതിജ്ഞ
ലംഘിക്കുന്നതു അനുചിതമെന്നും അങ്ങിനെ ചെയ്താൽ അവളുടെ പ്രേതം വന്നു
ബാധിക്കുമെന്നും വിചാരിച്ചു അഞ്ചാറു ദിവസത്തിന്നിടയിൽ പാതിരിസ്സായ്വി
ന്റെ അടുക്കൽ ചെന്നു താനും ചിരുതയും ക്രിസ്ത്യാനികളായിത്തീരുവാൻ വാ
ഞ്ഛിക്കുന്നു എന്നു പറഞ്ഞു. മകളുടെ ഭാഗ്യമരണത്തിന്നു ഹേതുഭൂതരായ ചിര
ഞ്ജീവിയെയും ജ്ഞാനാഭരണത്തെയും മകൾ ക്രിസ്ത്യാനിയായി ജീവിച്ചിരുന്നു
വെങ്കിൽ ഇവൾ കഠിനമായി പകെക്കുമായിരുന്നു. ഇപ്പോൾ ഇങ്ങിനെ മരി
ച്ചതുനിമിത്തം അവരോടു സ്നേഹമായിരുന്നു ഉണ്ടായതു. എങ്കിലും അവർ എ
ത്ര ഉപദേശിച്ചിട്ടും അവൾക്കു പാപബോധം വന്നില്ല. "ഞാൻ പാപിയാകു
ന്നു എന്നു ഞാൻ ഒരിക്കലും വിശ്വസിക്കയില്ല. ഞാൻ ആരുടെയും കൂട്ടത്തിന്നും
കുറിക്കും പോകാറില്ല. ആരുമായി പിണക്കും ശണ്ഠയും ഇല്ല. ആരുടെ പറ
മ്പിലും കയറി ഒരു ഓലക്കണ്ണിപോലും എടുത്തിട്ടില്ല. ഒരിക്കലും കളവും ചീത്ത
വാക്കും പറഞ്ഞിട്ടില്ല" എന്നു തന്നെ എപ്പോഴും പറയും. സ്നാനം കൊടുക്കുന്ന [ 43 ] തിനു മുമ്പെ വേദപുസ്തകം പഠിപ്പിക്കുന്നതു ക്രമമാകയാലും പുത്രദുഃഖത്താൽ അ
വൾ രോഗിണിയായ്ത്തീൎന്നു ആയുസ്സു വേഗം ചുരുങ്ങിവരുന്നെന്നു കാണ്കയാലും,
അവളെ പ്രത്യേകിച്ചു പഠിപ്പിപ്പാനായി സായ്വ് ഒരു ഉപദേശിയെ നിയോ
ഗിച്ചു. അദ്ദേഹം പ്രതിദിനം കാലത്തും സന്ധ്യെക്കും അവളുടെ വീട്ടിൽ ചെ
ന്നു അവളെ പഠിപ്പിക്കും.

വിദ്യയും വിവേകവും ഉള്ളവരെ പഠിപ്പിച്ചു സത്യബോധം വരുത്തുന്നതി
നെക്കാൾ ശുദ്ധമേ അജ്ഞാനികളായവരെ പഠിപ്പിക്കുന്നതു അത്യന്തം പ്രയാസ
സമെന്നു ഈ ഉപദേശി വേഗത്തിലറിഞ്ഞു. അതിൽ തന്നെയും ഒരു പ്രത്യേക
വ്യത്യാസം കണ്ടു. വിദ്യയില്ലാത്തവർ തന്നെ ജാതിയിലിരിക്കുമ്പോൾ നികൃഷ്ട
ജീവനത്തിൽ കാലം കഴിച്ചവരായിരുന്നാൽ അവരെ ക്രിസ്തമാൎഗ്ഗോപദേശം
ഗ്രഹിപ്പിച്ചു എളുപ്പത്തിൽ മനം തിരിയിക്കാമെന്നും ജാതിധൎമ്മം അനുസരിച്ചു
തങ്ങളുടെ അറിവും വിശ്വാസവും പ്രമാണമാക്കി, മതധൎമ്മങ്ങൾ നിവൃത്തിച്ചിട്ടു
ള്ളവരെ ക്രിസ്തമതത്തിന്റെ തത്വം ഗ്രഹിപ്പിക്കുന്നതു അത്യന്തം പ്രയാസമാ
യൊരു കാൎയ്യമാണെന്നും തന്നെ. താൻ പാപിനിയാണെന്നു ഈ സ്ത്രീ ഒരിക്കലും
സമ്മതിച്ചില്ല. അവൾക്കു അങ്ങിനെ വിശ്വാസമില്ലയായിരുന്നു. ഞാൻ
പണ്ടും പാപം ചെയ്തിട്ടില്ല. ഇപ്പോൾ ചെയ്യാറുമില്ല. എന്റെ ഭൎത്താവുള്ള
കാലത്തിൽ ഞാൻ സാക്ഷാൽ പതിവ്രതയായിരുന്നു. ഭത്താവു മരിച്ചതിൽ
പിന്നെ ഞങ്ങളുടെ കുലധൎമ്മപ്രകാരം വീണ്ടു ഒരുത്തന്റെ ഭാൎയ്യയായിരിക്കാ
മെങ്കിലും ഞാൻ അതു ചെയ്തിട്ടില്ല. വിധവമാൎക്കു കല്പിച്ചിട്ടുള്ള എല്ലാ വ്രതങ്ങളും
അനുഷ്ഠിച്ചിരിക്കുന്നു. ഞാൻ കുട്ടിട്ടില്ല, കളവു പറഞ്ഞിട്ടുമില്ല. ആരാന്റെ
വസ്തു മോഹിച്ചതേ ഇല്ല. ജന്മനാ ഞാൻ പാപിനിയാകുന്നെന്നു നിങ്ങൾ പറയു
ന്നെങ്കിൽ അതു എന്റെ കുറവല്ല, ദൈവം എന്നെ അങ്ങിനെ സൃഷ്ടിച്ചിരിക്ക
യാൽ അതിന്നു ദൈവം ഉത്തരവാദിയാകുന്നു. ഞാൻ ചെയ്യാത്ത പാപത്തിന്നു
ദൈവം എന്നെ ശിക്ഷിച്ചാൽ അതു നീതിയെന്നു വരുമോ?" എന്നെല്ലാമായിരുന്നു
അവൾ നിത്യം പറഞ്ഞതു.

"എന്നാൽ നിങ്ങൾ ക്രിസ്ത്യാനിയായി തീരുന്നതെന്തിനാണ്?"

"അതു എന്റെ മകൾ പറഞ്ഞതു കൊണ്ടു തന്നെ. ഞാൻ ചെയ്ത സത്യം
ലംഘിപ്പാൻ പാടില്ല. അതു ചെയ്താൽ പാപമാകും. എല്ലാ പുഴകളും ഒരു
കടലിൽ ചേരുന്നതുപോലെ ഞാൻ ഇവിടെ ആയിരുന്നാലും മറെറാരു ജാതി
യിൽ കൂടിയാലും ഒടുവിൽ മോക്ഷത്തിൽ തന്നെ പോകും നിശ്ചയം. എവിടെ
ആയിരുന്നാലും പാപം ചെയ്യരുതു; അത്ര തന്നെ." [ 44 ] "പാപം എന്താണ്? ഇന്നതു പാപം, ഇന്നതു പാവമല്ല എന്നു എങ്ങിനെ
യാണ് നിങ്ങളറിയുന്നതു?"

"അതു കാരണവന്മാർ വിധിച്ചിട്ടുണ്ടു. അതു പോലെ നടക്കു തന്നെ."

"ജാതി ഉപേക്ഷിക്കുന്നതു കാരണവന്മാരുടെ വിധിപ്രകാരം പാപമല്ല
യോ? നിങ്ങൾ ഇപ്പോൾ ജാതി വിട്ടുകളയുന്നതു പാപമാകുമല്ലൊ?"

"അതിനു ഒരു നിവൃത്തിയില്ലാതെ പോയല്ലൊ? എന്റെ മകനും മകളും
ഇതിൽ ചേൎന്നു മരിച്ചില്ലേ? എനിക്കും ഇതാകുന്നു വിധി. ഈശ്വരകല്പിതം
തടുക്കുവാൻ ആൎക്കു കഴിയും?"

"ഈ വിധിപ്രകാരം നിങ്ങൾ മോക്ഷത്തിൽ പോകുമോ? നരകത്തിൽ
പോകുമോ?"

"അതു ഞാൻ നോക്കേണ്ടുന്ന കാൎയ്യമല്ല. വിധിച്ചതു ഈശ്വരനാകുന്നു. അതു
കൊണ്ടു അതു ഈശ്വരന്റെ കാൎയ്യം."

ഇതു പറഞ്ഞു തീൎന്നപ്പാൾ തന്നെ ചിരുത പുറത്തുനിന്നു ഏതാണ്ടു വിളിച്ചു
പറഞ്ഞുംകൊണ്ടു ഓടി അകത്തേക്കു വരുംവഴി വാതിൽപടി തടഞ്ഞു കവിണ്ണു
വീണു. ഉടനെ തള്ള എഴുന്നീറ്റു നോക്കിനടക്കാഞ്ഞിട്ടല്ലെ എന്നു പറഞ്ഞു
അവളെ എഴുന്നീല്പിച്ചു ഏറിയ ശാസനയും കഴിച്ചു. അതു കഴിഞ്ഞപ്പോൾ
ഉപദേശി പിന്നെയും പറഞ്ഞു തുടങ്ങി.

"അമ്മേ! അവൾ നോക്കി നടന്നാൽ വീഴുകയില്ലായിരുന്നുവോ?"

"ഒരിക്കലും വീഴുകയില്ലായിരുന്നു. നിങ്ങൾ കണ്ടില്ലെ? ആ പടി തടഞ്ഞി
ട്ടല്ലേ വീണതു?"

"അതു ശരി തന്നെ. എന്നാലും അവൾ വീഴേണം എന്നതു വിധി ആയി
രുന്നതുകൊണ്ടല്ലേയോ അവൾ നോക്കി നടക്കാഞ്ഞതും ഓടി വീണതും? പിന്നെ
തടുത്തു കൂടാത്തവിധിനിമിത്തം സംഭവിച്ച ഒരു കാൎയ്യത്തിന്നു നിങ്ങൾ അവളെ
ശകാരിച്ചിട്ടെന്തു ഫലം?"

"ഓ അങ്ങിനെ പറവാൻ പാടില്ല. അവൾ സൂക്ഷിച്ചിരുന്നെങ്കിൽ വീഴു
കയില്ലായിരുന്നു. അങ്ങിനെ നിങ്ങൾ പറയാൻ തുടങ്ങിയാൽ സ്വൎഗ്ഗവും നര
കവും എന്തിനാകുന്നു? മനുഷ്യൻ വിധികൊണ്ടാകുന്നു പാപവും ചെയ്യുന്നതു
എന്നു വരുമല്ലൊ. വിധിയാൽ ചെയ്തുപോയ പാപത്തിനു പിന്നെ ഈശ്വ
രൻ എങ്ങിനെയാകുന്നു മനുഷ്യനെ നരകത്തിലിടുക?" [ 45 ] "നിങ്ങൾ തന്നെ രണ്ടും പറയുന്നു; നിങ്ങൾ പറയുന്നതിനു യാതൊരു
ചേൎച്ചയുമില്ലല്ലോ. വിധികൊണ്ടു ചെയ്യുന്ന പാപത്തിന്നു നരകശിക്ഷ പാടില്ല
എന്നു ഇപ്പോൾ പറഞ്ഞു. ഈശ്വരന്റെ വിധിക്കു അടങ്ങണം; നരകം
തരുന്നതും സ്വൎഗ്ഗം തരുന്നതും ഈശ്വരന്റെ കാൎയ്യം എന്നു അതിന്നു മുമ്പെ
പറഞ്ഞു. സുകൃതവും ദുഷ്കൃതവും കാരണവന്മാർ കല്പിച്ച ക്രമത്തിനനുസാരമാ
യിട്ടാണെന്നു അതിന്നു മുമ്പും പറഞ്ഞു. ഈ മൂന്നു കാൎയ്യങ്ങൾക്കു തമ്മിലെ
ന്താണ് സംബന്ധം, ആലോചിച്ചു നോക്കുവിൻ."

"അതെന്തെങ്കിലുമാകട്ടെ. ഇവൾ അനുസരണക്കേടുകൊണ്ടാകുന്നു വീ
ണതു. ഞാൻ ഇവളോടു പലപ്രാവശ്യവും സൂക്ഷിച്ചു നടക്കണമെന്നു പറ
ഞ്ഞിട്ടുണ്ടു. പറഞ്ഞാൽ കേൾക്കാതെ വരുന്ന ദോഷം വിധികൊണ്ടല്ലല്ലൊ."

"ശരി എനിക്കു ഇതു തന്നെയാണ് കേൾക്കേണ്ടതു. നിങ്ങൽ ഈ പ്രായ
ത്തിൽ നിങ്ങളുടെ മൂത്തവരോ, അച്ഛനോ, അമ്മയോ പറഞ്ഞതൊക്ക അനുസ
രിച്ചിട്ടുണ്ടോ? ഒരിക്കലും തല്ലോ ശാസനയോ കിട്ടീട്ടില്ലെ?"

"എനിക്കു പലപ്രാവശ്യവും തല്ലു കിട്ടീട്ടുണ്ടു. വളരെ പ്രാവശ്യം ശാസ
നയും അനുഭവിച്ചിട്ടുണ്ടു. ചിലപ്പോൾ അനുസരണക്കേടിന്നും ചിലപ്പോ
ൾ അറിയായ്മയിൽ ചെയ്തുപോയ ഓരോ തെറ്റിന്നുമായിരുന്നു."

"അറിയായ്മകൊണ്ടായാലും തെറ്റു ചെയ്തിട്ടുണ്ടു എന്നതു നിശ്ചയംതന്നെ.
അറിഞ്ഞുകൊണ്ടും അനുസരണക്കേടു കാണിച്ചിരിക്കുന്നു എന്നും നിങ്ങൾ പറ
യുന്നു. അതെല്ലാം പാപമാകുന്നുവല്ലോ. പിന്നെ നിങ്ങൾ ഒരിക്കലും പാപം
ചെയ്തിട്ടില്ല എന്നു പറയുന്നതെങ്ങിനെ?"

"ഓഹോ! അതൊക്കെ ചെറുപ്പത്തിൽ ചെയ്തുപോയതല്ലെ? അതിനൊക്കെ
ശിക്ഷയും കിട്ടിയിരുന്നുവല്ലൊ."

"അതു മനുഷ്യരുടെ തല്ക്കാലശിക്ഷയാകുന്നു. ആ ശിക്ഷയാൽ ദൈവ
ത്തിന്മുമ്പാകെ നിങ്ങളുടെ പാപം തീൎന്നെന്നു വരികയില്ല. അതുകൂടാതെ
ചെറുപ്പത്തിൽ ചെയ്താലും പാപം പാപം തന്നെയാകുന്നു. നിങ്ങൾ അന്നു
അറിയായ്മയിൽ ചെയ്തപോലെ തന്നെ ഇപ്പോൾ നിങ്ങൾ പാപം എന്നു വിചാ
രിക്കാത്ത പല ക്രിയകളും അറിയായ്മയാൽ ചെയ്തുപോകുന്നുണ്ടു. അന്നു നിങ്ങൾ
അമ്മയച്ഛന്മാരുടെ മുമ്പാകെ കുട്ടിയായിരുന്നതു പോലെ ഇന്നു ദൈവംമുമ്പാ
കെയും നിങ്ങൾ ഒരു ശിശുവിനെ പോലെ ഇരിക്കുന്നു. വമ്പിച്ച ദോഷങ്ങൾ
ഒന്നും നിങ്ങൾ ചെയ്യുന്നില്ലയായിരിക്കാം എങ്കിലും നിങ്ങൾ മുമ്പു ചെയ്തു
എന്നു പറയുന്ന ദോഷവും ഇപ്പോൾ അറിയായ്മയാൽ ചെയ്യുന്ന പല അകൃത്യ [ 46 ] ങ്ങളും ദൈവത്തിന്റെ മുമ്പാകെ ക്ഷമിക്കപ്പെടാതിരിക്കുന്നുണ്ടു. ഇതു മാത്രമല്ല;
നാം ക്രിയകൊണ്ടു മാത്രം പാപം ചെയ്യുന്നെന്നു വിചാരിക്കേണ്ട. മനസ്സു
കൊണ്ടും പലപ്പോഴും പലവിധമായും പാപം ചെയ്തുപോകുന്നുണ്ടു.

പരമാൎത്ഥിനിയായ ആ സ്ത്രി ഈ വാക്കുകളിലടങ്ങിയ സത്യം സമ്മതിച്ചു.
ഇങ്ങിനെ ഓരോ ദിവസവും ഓരോ വിധസംഭാഷണങ്ങൾ നടന്നതിനാൽ
ക്രമേണ അവളുടെ കണ്ണു തുറന്നു. താൻ പാപിനിയാണെന്നുള്ള ഒരു ബോധം
വന്നു. ആദ്യ മാതാപിതാക്കന്മാർ അനുസരണക്കേടെന്ന പാപം ചെയ്തതും
അവരുടെ സന്തതികൾ അതിൻമൂലം പാപികളായി തീൎന്നതും ദൈവത്തിന്റെ
നീതിയും അതോടൊന്നിച്ചുള്ള കരുണയും സ്നേഹവും, ദൈവം സ്വപുത്രൻ
മൂലം മനുഷ്യൎക്കു രക്ഷാമാൎഗ്ഗമുണ്ടാക്കിയതും ഒക്കയും നല്ലവണ്ണം ഗ്രഹിച്ചറിഞ്ഞ
ശേഷം മുമ്പു പാപമില്ലെന്നു പറഞ്ഞവൾ പിന്നെ "അയ്യോ, ഞാൻ പാപിനി
മഹാപാപിനിയായ ഞാൻ എങ്ങിനെ രക്ഷപ്പെടും? എന്നെപ്പോലെ ഒരു പാപി
നിയില്ല" എന്നു പറഞ്ഞു ദുഃഖിക്കയായി. ആ ദുഃഖത്തിൻ ഫലമായി അവൾ
ദൈവസ്നേഹവും പാപമോചനത്തിൻ അനുഗ്രഹവും അനുഭവിച്ചു. സ്നാന
സമയത്തു "ഇനി ഞാൻ ചത്താലും ജീവിക്കും" എന്നു പറഞ്ഞു "ജീവി" എന്ന
പേർ താൻ തന്നെ തെരിഞ്ഞുടുത്തു. കുട്ടിക്കു സായ്വ് "സുകുമാരി" എന്നും
പേർ വിളിച്ചു. മകൾ മരിച്ച അഞ്ചാം മാസമായിരുന്നു ജീവിക്കും പൈത
ലിന്നും സ്നാനം ലഭിച്ചതു. സാധാരണയായി അത്ര വേഗത്തിൽ ഈ ക്രിയ
ചെയ്യാറുണ്ടായിരുന്നില്ലെങ്കിലും അവളുടെ രോഗം നിമിത്തം ഇതു വേണ്ടി
വന്നു. അല്പം ചില ദിവസങ്ങൾക്കുള്ളിൽ അവൾ രോഗിണിയായി കിടപ്പി
ലായി. തന്റെ ഉറ്റ സ്നേഹിതകളായ ജ്ഞാനാഭരണത്തിന്നും അമ്മെക്കും
തങ്ങളുടെ ഉപജീവനത്തിന്നുള്ള ജോലി നിമിത്തം പകൽ അവളെ ശുശ്രൂഷി
ക്കുന്നതു വലിയ പ്രയാസമായി തീൎന്നു.

അന്നു പൎണ്ണശ്ശേരിയിൽ അറുപതിൽ ചില്വാനം വയസ്സുള്ള ഒരു കിഴവനു
ണ്ടായിരുന്നു. അവനും ചില വൎഷങ്ങൾക്കു മുമ്പെ ക്രിസ്ത്യാനിയായി തീൎന്നവ
നായിരുന്നു. ദേഹത്തിനു നല്ല ആരോഗ്യവും ബലവും ഇല്ലയായിരുന്നെ
ങ്കിലും പ്രവൃത്തി ചെയ്തേ ഭക്ഷണം കഴിക്കൂ എന്ന വാശി നിമിത്തം പട്ടാളം
വകയായി നഗരശുചീകരണത്തിന്നായി നിശ്ചയിക്കപ്പെട്ട വേലക്കാരുടെ
കൂട്ടത്തിൽ താനും ചേൎന്നു ചെത്തുവഴി അടിച്ചു വെടിപ്പാക്കുന്ന പ്രവൃത്തി ചെയ്തു
വരികയായിരുന്നു. ഈ പ്രവൃത്തിക്കു കാലത്തും വൈകുന്നേരവും പോയാൽ
മതി. ജാതിയിലിരിക്കുമ്പോൾ കല്ല്യാണം കഴിച്ചിരുന്നു എങ്കിലും മക്കൾ ജനി
ച്ചിട്ടില്ല. ഭാൎയ്യ മരിച്ചതിൽ പിന്നെ വിവാഹവും ചെയ്തിട്ടില്ല. ഇപ്പോൾ [ 47 ] അഞ്ചുറുപ്പികശമ്പളം കിട്ടിയതും കൊണ്ടു സ്വയംപാകം ചെയ്തു സുഖമായി
അഹോവൃത്തി കഴിച്ചുപോന്നു. ഒരു തെരുവിന്റെ അറ്റത്തു കൂലിക്കു വാങ്ങിയ
ഒരു മുറിയിലായിരുന്നു താമസം. വൃദ്ധന്മാരും ദൈവമഹത്വത്തിന്നായി
തങ്ങളാൽ കഴിയുന്നതു ചെയ്യേണമെന്ന അഭിപ്രായക്കാരനാകയാൽ ഈ പ്രയാ
സം കേട്ട ഉടനെ താൻ സായ്വിന്റെ അടുക്കൽ ചെന്നു ഈ രോഗിണിയെ
താൻ ശുശ്രൂഷിച്ചു പരിപാലിക്കുന്നതിന്നു വിരോധമില്ലെങ്കിൽ അത്യാവശ്യ
ശുശ്രൂഷകൾ ജ്ഞാനാഭരണവും ചിരഞ്ജീവിയും ചെയ്യുന്ന പക്ഷം താൻ മറ്റു
വേണ്ടുന്നതെല്ലാം ചെയ്വാൻ ഒരുക്കമാണെന്നു പറഞ്ഞു അനുവാദം വാങ്ങി ജീവി
യെയും സുകുമാരിയെയും കൂട്ടിക്കൊണ്ടു പോയി തന്റെ മുറിയിൽ പാൎപ്പിച്ചു. ചിര
ഞ്ജീവിയും ജ്ഞാനാഭരണവും സത്യദാസൻ എന്ന ബാലനോട്ടു കൂടെ ആ മുറി
യെ തൊട്ടിരുന്ന പകുതിയിൽ തന്നെ ചെന്നു താമസിച്ചു. കിഴവന്റെ പേർ
"തേജോപാലൻ" എന്നായിരുന്നു. കാലത്തും സന്ധ്യെക്കും തന്റെ പ്രവൃത്തിക്കു
പോകും. മടങ്ങിവന്നു രോഗിണിക്കു വേണ്ടുന്ന ശുശ്രൂഷകൾ എല്ലാം ചെയ്യും.
താൻ തന്നെ ഭക്ഷണങ്ങളെല്ലാം പചിച്ചുണ്ടാക്കുകയും ചെയ്യും.

ജീവിയുടെ മുഖ്യവാഞ്ഛ തന്റെ നിമിത്തം ആൎക്കും യാതൊരു ഭാരവും
ഉണ്ടാകരുതെന്നായിരുന്നു. അതുപ്രകാരം തന്നെ അവൾ ഒരു മാസത്തിന്നകം
എത്രയും വിശ്വാസത്തോടും ധൈൎയ്യത്തോടും കൂടെ തന്റെ മകളെ പിഞ്ചെ
ല്ലുകയും ചെയ്തു.

ഇതു മുതൽ സുകുമാരി ഈ ഭൂമിയിലെ പ്രയാസങ്ങൾ അറിവാൻ തുടങ്ങി.
മാണിക്കം മരിച്ചതു ഒരു സ്വപ്നംപോലെ മാത്രമേ ഓൎമ്മയുണ്ടായിരുന്നുള്ളു.
ജീവിയും കൂടെ മരിച്ചപ്പോൾ രണ്ടു മരണങ്ങളുടെ അറിവും അതിനാൽ തനി
ക്കു പിണഞ്ഞ നഷ്ടവും തന്റെ അനാഥാസഹായസ്ഥിതിയും നല്ലവണ്ണം അ
നുഭവമായി. ഇപ്പോൾ ഏഴു വയസ്സു മാത്രമായിരുന്നു പ്രായം. തന്നിഷ്ടത്തിലും
ദുശ്ശാഠ്യത്തിലും വളൎന്ന ഈ കൂട്ടിയെക്കുറിച്ചു ചീരഞ്ജീവിക്കും ജ്ഞാനാഭരണത്തി
ന്നും വളരെ ചിന്താശങ്കകൾ ഉണ്ടായിരുന്നെങ്കിലും അവൾ അവൎക്കു യാതൊരു
വിധത്തിലും പ്രയാസപ്പെടുവാൻ ഇടവരുത്തിയില്ല. മുമ്പേ തന്നെ അവരോടു
അധികം ഇടപെടുകയോ സത്യദാസൻ എന്ന ബാലനുമായി പരിചയിക്കയോ
ചെയ്തിട്ടില്ലയായിരുന്നു. തള്ളയെ കഴിച്ചാൽ ഒരു മാസമായിട്ടു തേജോപാ
ലൻ എന്ന വൃദ്ധനോടാകുന്നു അധികമായി പരിചയിച്ചതു. ഉണ്മാൻ കൊടു
ത്തതും മറ്റും ഈ കിഴവനായിരുന്നതിനാൽ അവനോടു എത്രയും താല്പൎയ്യമാ
യെങ്കിലും മറ്റു യാതൊരുത്തരോടും ഇടപെടുവാനോ ഇഷ്ടം കാണിപ്പാനോ
പോയില്ല. [ 48 ] കുട്ടികൾക്കു പ്രായം ചെന്നവരുടെ സ്വഭാവം വിവേചിച്ചറിവാൻ പ്രത്യേ
കിച്ചൊരു പ്രാപ്തിയുണ്ടു. എത്രയും ചെറിയ ശിശുക്കളിൽ പോലും ഈ ഗുണം
പ്രത്യക്ഷമായി കാണാം. ചില ആളുകളെ ഒരു ശിശു പത്തോ ഇരുപതോ പ്രാ
വശ്യം കണ്ടാൽ പോലും അവർ അതിനെ എടുപ്പാൻ ഭാവിച്ചു കൈനീട്ടിയാൽ
അടുക്കൽ പോകയില്ല. എങ്കിലും ചില അപരിചിതന്മാരെ തന്നെ കണ്ട ഒന്നാം
പ്രാവശ്യം അവരുടെ അടുക്കൽ പോകുന്നതിന്നു യാതൊരു അനിഷ്ടവും ഉണ്ടാ
കയില്ല. ചിലർ ചിരിച്ചും കൊഞ്ചിയും പുഞ്ചിരിയിട്ടുംകൊണ്ടു ഒരു പൈത
ലിനെ അടുക്കെ വിളിച്ചാലും അതു അവരുടെ അടുക്കൽ പോകയില്ല. മറ്റു
ചിലർ വെറുതെ വിളിച്ചാൽ തന്നെയും ചില സമയം വിളിക്കാതിരുന്നാൽപോ
ലും സന്തോഷത്തോടെ ചെല്ലും. സുകുമാരി ഈ കിഴവനോടുള്ള താല്പൎയ്യത്തിൽ
ഈ ഗുണമാകുന്നു പ്രത്യക്ഷമാക്കിയതു. കിഴവന്നു കൂട്ടികളോടു പെരുമാറി ശീ
ലമുണ്ടായിരുന്നില്ല. ആരോടും അധികം സംസാരിക്കുന്ന സ്വഭാവവും ഇല്ല
യായിരുന്നു. കാഴ്ചെക്കു അഴകും ഉണ്ടായിരുന്നില്ല. കഷണ്ടിത്തലയും ചുളി
ഞ്ഞ മുഖവും വലഞ്ഞ കണ്ണുകളും പല്ലില്ലാത്ത വായും ഒട്ടിയ കവിൾത്തടവും നീ
ണ്ടു മെലിഞ്ഞ കൈകാലുകളും ആയി ആകുപ്പാടെ ഈ വൃദ്ധൻ കാഴ്ചെക്കു നന്ന
വിരൂപിയായിരുന്നു. എങ്കിലും അതിന്നെല്ലാററിനും ഉള്ളിൽ എത്രയോ ആൎദ്ര
തയുള്ളൊരു ഹൃദയമുണ്ടായിരുന്നു എന്നതു ഈ പൈതൽ ക്ഷണത്തിൽ അറി
ഞ്ഞതിനാൽ അമ്മ മരിച്ചതു മുതൽ കിഴവനെ "മുത്തപ്പൻ" എന്നു വിളിച്ചു അ
വനോടു പറ്റിച്ചേൎന്നു.

അക്കാലത്തു കണ്ണൂർകോട്ടയിൽ യുദ്ധസംഭാരശാലയുടെ മേൽവിചാരകനാ
യിട്ടു ഒരു ക്രിസ്ത്യാനിയുണ്ടായിരുന്നു. ദിനകരൻ എന്നായിരുന്നു പേർ. ഇരു
ന്നൂറുറുപ്പിക ശമ്പളമുള്ളവനും സാമാന്യം ധനികനുമായിരുന്നു. ഭാൎയ്യ മരിച്ചു
പോയിരുന്നു. ഇരുപത്തുനാലു വയസ്സു പ്രായമുള്ള ഒരു ഏകപുത്രി പ്രകൃത്യാ
കൃശാംഗിയും രോഗശരീരിണിയും ആകയാലും കണ്ണിന്നു തിമിരരോഗം പിടി
പെട്ടു എപ്പോഴും നന്ന വലഞ്ഞിരുന്നതിനാലും അവളെ വളരെ വാത്സല്യത്തോ
ടെ രക്ഷിച്ചുപോരികയായിരുന്നു. അവളുടെ പന്ത്രണ്ടാം വയസ്സിൽ അമ്മ
മരിച്ചുപോയിരുന്നെങ്കിലും അദ്ദേഹം ഈ കുട്ടിയെ വിചാരിച്ചു പുനർവിവാഹം
ചെയ്തില്ല. ഭവനകാൎയ്യാദികൾ മുഴുവനും ഭാൎയ്യ ജീവനോടിരിക്കുംകാലം തന്നെ
വീട്ടിൽ വേല ചെയ്തിരുന്ന വിശ്വസ്തയായ ഒരു സ്ത്രീയായിരുന്നു നടത്തിപ്പോ
ന്നതു. ഈ സ്ത്രീയുടെ പേർ 'പരിപൂൎണ്ണം' എന്നും ദിനകരന്റെ പുത്രിയുടെ
പേർ 'കരുണ' എന്നും ആയിരുന്നു. ഇവർ അഞ്ചു വൎഷങ്ങൾക്കുമുമ്പേ ബേൽ
ഗാമിൽനിന്നു വന്നവരാണെങ്കിലും ജാത്യാ മലയാളികളും പ്രവൃത്തിസംബന്ധ [ 49 ] മായി ആ രാജ്യത്തു ചെന്നു വശായി പിന്നെ ഇങ്ങോട്ടു മാറ്റമായിവന്നവരും
ആയിരുന്നു. തേജോപാലൻ പണ്ടു ദിനകരൻ കണ്ണൂരിലായിരുന്ന കാലത്തു
അവന്റെ വണ്ടിക്കാരനായിരുന്നു. ഇദ്ദേഹം ബെൽഗാമിൽനിന്നു വീണ്ടും വ
ന്നപ്പോൾ തന്റെ പഴയ വണ്ടിക്കാരൻ ക്രിസ്ത്യാനി ആയിത്തീൎന്നിട്ടു ആറു വൎഷ
മായി എന്നു കേട്ടു സന്തോഷിച്ചു. പ്രവൃത്തിക്കു ശക്തി ഇല്ലാതെ ആയിപ്പോയി
എന്നു കണ്ടിട്ടു തന്റെ ജനസ്വാധീനംകൊണ്ടു ആക്കിക്കൊടുത്ത പണിയായി
രുന്നു ഈ സമയം കിഴവൻ എടുത്തുവന്നതു. അവന്നു യാതൊരു വേല ചെയ്യു
ന്നതിന്നും ലജ ഉണ്ടായിട്ടില്ല. ശക്തിക്കു തക്കവണ്ണം എന്തെങ്കിലും ഒരു പ്രവൃ
ത്തി ചെയ്തു അദ്ധ്വാനിച്ചു അഹോവൃത്തിക്കുള്ളതു സമ്പാദിക്കുന്നതു ബഹുമാനവും
ഇരപ്പാളിയായി അന്യരെ ഭാരപ്പെടുത്തുന്നതു മഹാ അപമാനവും ആയി വിചാ
രിച്ചതിനാൽ ഈ എളിയ പ്രവൃത്തി താൻ സന്തോഷത്തോടെ ചെയ്തു, കിട്ടിയ
ശമ്പളംകൊണ്ടു സന്തുഷ്ടിയോടെ അഹോവൃത്തി കഴിച്ചുപോന്നു. കരുണയും
കൂടക്കൂടെ വല്ലതും ദാനമായിക്കൊടുക്കയും ചെയ്യും. ഇപ്പോൾ വൃദ്ധനു ഒരു
കുട്ടിയെയും കൂടെ രക്ഷിപ്പാനുണ്ടെന്നു ദിനകരൻ കേട്ടപ്പോൾ കിഴവനെ വിളി
പ്പിച്ചു, ഈ വാൎദ്ധക്യകാലത്തിൽ തന്നെത്തന്നെ രക്ഷിപ്പാൻ പ്രയാസമായിരി
ക്കേ ഒരു ഭാരവും കൂടെ വഹിച്ചു നടക്കുന്ന കാരണമെന്തെന്നു ചോദിച്ചു.

"അതു ആരുമില്ലാത്ത ഒരു പെൺകുട്ടി ആകുന്നു എന്റെ അച്ഛനമ്മമാരെയും
മറ്റും ഠിപ്പുസുല്ത്താൻ കൊന്നുകളഞ്ഞതു മുതൽ ഞാൻ ഇങ്ങിനെ വളൎന്ന ഒരുവനാ
കയാൽ അവളെ വളൎത്തേണ്ടതു എന്റെ ഒരു കടമായി ഞാൻ വിചാരിക്കുന്നു.

"തനിക്കു അസാരം ഭ്രാന്തുണ്ടോ? ഈ കാലം സ്വന്തമക്കളെക്കൊണ്ടു തന്നെ
ഉതകാത്ത കാലമാകുന്നു. ഇപ്പോഴുണ്ടോ ആരാന്റെ മക്കളെക്കൊണ്ടു ഉതകുക?
ആരാന്റേതു ആറാണ്ടു കഴിഞ്ഞാലും ആരാന്റേതു തന്നെ എന്നു കേട്ടിട്ടി
ല്ലയോ?

എനിക്കു ചില പഴഞ്ചൊല്ലുകളിൽ എല്ലായ്പോഴും ഒരു പോലെ വിശാ
സമില്ല. 'നിന്റെ അപ്പത്തെ വെള്ളങ്ങളുടെ മീതെ എറിഞ്ഞുകളുക' എന്നും
ഒരു വചനം ഉണ്ടല്ലൊ. അവൾ എന്നെ വിട്ടു പിരിയാഞ്ഞതുകൊണ്ടു പക്ഷേ
ഇതു ദൈവകല്പിതമാകുന്നു എന്നു ഞാൻ വിശ്വസിച്ചു അവളെ ചേൎത്തിരിക്കയാ
കുന്നു; അവളെക്കൊണ്ടു എനിക്കു വല്ല പ്രയോജനമുണ്ടാകേണം എന്നു ആഗ്രഹി
ച്ചിട്ടല്ല."

"തന്റെ വിശ്വാസത്തിന്നു ഇളക്കം വരുത്തുവാൻ ഞാൻ ശ്രമിക്കുന്നില്ല.
തന്റെ ഇഷ്ടം പോലെ ചെയ്യാം. എങ്കിലും എനിക്കു ഈ കാൎയ്യത്തിൽ വളരെ [ 50 ] സംശയം ഉണ്ടു. വാൎദ്ധക്യകാലത്തിൽ സ്വസ്ഥതെക്കു പകരം ഭാരം കൂട്ടുക
യാണ് ചെയ്യുന്നതു. എന്തെങ്കിലും ആകട്ടെ, കുട്ടിയുടെ ചിലവിന്നു സായ്വ്
വല്ലതും തരുമോ?"

"ആവശ്യം പോലെ തരാമെന്നു പറഞ്ഞിട്ടുണ്ടു. എങ്കിലും മിശ്യൻപണം
വാങ്ങി ചെലവാക്കുന്നതിനെക്കാൾ എന്റെ സ്വന്തവരവുകൊണ്ടു അവളുടെ
ചെലവും നിവൃത്തിക്കുന്നതാകുന്നു എനിക്കു സന്തോഷം."

"വേണ്ടതില്ല. തനിക്കു ബുദ്ധിമുട്ടു വരുമ്പോൾ സായ്വിനോടു ചോദി
ക്കേണ്ട. എന്റെ മകൾ ആ കുട്ടിക്കു ആവശ്യമായ സൎവ്വചെലവും വഹിപ്പാൻ
നിശ്ചയിച്ചിരിക്കുന്നു. മകൾക്കു തന്നെ കണ്ടു സംസാരിക്കേണം പോൽ.
അതിന്നായിട്ടാകുന്നു തന്നെ വിളിപ്പിച്ചതു. [ 51 ] അഞ്ചാം അദ്ധ്യായം.


ജൎമ്മൻമിശ്യൻ പ്രവൃത്തി നടക്കുന്ന മുഖ്യസ്ഥലങ്ങളിലെല്ലാം “സഭാസ്ക്കൂൾ”
എന്നു പേരായ ഒരു വിധം പള്ളിക്കൂടങ്ങൾ ഉണ്ടു. സൎക്കാർനിയമപ്രകാര
മുള്ള എഴുത്തുപള്ളികൾ സ്ഥാപിതങ്ങളാകുന്നതിന്നു മുമ്പെ തന്നെ ഈ വക ശാല
കൾ നടപ്പായിരുന്നു. അവയിൽ ക്രിസ്ത്യാനികളുടെ കുട്ടികളെ ചേൎത്തു വായ
നയും എഴുത്തും കണക്കും പ്രധാനമായി മതസംബന്ധമായ പാഠങ്ങളും പഠിപ്പി
ക്കുക പതിവായിരുന്നു. ഇതിനു പുറമെ അനാഥബാലികമാൎക്കു പ്രത്യേകിച്ചു
ഒരു പാഠശാല ചിറക്കല്ലിലും ബാലന്മാൎക്കു ഒരു പാഠശാല തലശ്ശേരിയിലും
ഉണ്ടായിരുന്നു. കണ്ണൂരിൽ വൎണ്ണശ്ശേരി എന്ന സ്ഥലത്തു ഈ കഥയുടെ കാലത്തു
മേൽപറഞ്ഞ വിധം ഒരു സഭാപാഠശാല ഉണ്ടായിരുന്നതിൽ ആൺകുട്ടികളും
പെൺകുട്ടികളും കൂടെ ഏകദേശം അമ്പതു പേരോളം പഠിച്ചിരുന്നു. ഈ
കുട്ടികളെ പഠിപ്പിപ്പാൻ ഒരു ഗുരുക്കുളും ഒരു ആശാത്തിയും ഉണ്ടായിരുന്നു.
ഇവിടെയാണ് സുകുമാരി ഒന്നാമതു പഠിപ്പാൻ പോയതു. എഴുത്തുപള്ളി
യിൽ പോകുന്നതിന്നു തലേദിവസം രാത്രി തേജോപാലൻ ജ്ഞാനാഭരണത്തി
ന്റെ സമ്മതത്തോടെ അവളുടെ മകനായ സത്യദാസനെ തന്റെ മുറിയിലേക്കു
കൂട്ടിക്കൊണ്ടു പോയി. സുകുമാരി പലപ്രാവശ്യവും അവനെ കണ്ടിരുന്നെ
ങ്കിലും അവന്നു തന്നെക്കാൾ മൂന്നു നാലു വയസ്സു അധികവും സാമാന്യം നല്ല
വളൎച്ചയും ഉണ്ടായിരുന്നതിനാൽ അവൾ അവന്റെ കൂടെ കളിപ്പാൻ ഇഷ്ട
പ്പെട്ടില്ല. എങ്കിലും അവളുടെ ശാഠ്യസ്വഭാവത്തിനു ഭേദം വരുവാനായി
അവളോടു കൂടെ കളിപ്പാൻ നല്ല പാകതയുള്ള സദ്വൃത്തനായ ഒരു കുട്ടി ഉണ്ടാ
യാൽ കൊള്ളാമെന്നു തേജോപാലനും സ്ത്രീകളിരുവരും അഭിപ്രായപ്പെട്ടതി
നാൽ ഇവരിരുവരെയും തമ്മിൽ അഭിമുഖീകരണം ചെയ്യിച്ചു ഇഷ്ടമാക്കുന്നതു
നന്നെന്നു അവർ നിശ്ചയിച്ചു. ജീവി മരിച്ചതിന്റെ പിറെറ ആഴ്ച തന്നെ [ 52 ] യായിരുന്നു സുകുമാരി സത്യദാസനുമായി ഉണ്ടായ കൂടിക്കാഴ്ച. ജീവിയുടെ
രോഗത്തിന്റെ ആധിക്യതനിമിത്തം അതുവരെ ഈ കുട്ടിയുടെ മേൽ ആൎക്കും
പ്രത്യേകദൃഷ്ടി വെപ്പാൻ സാധിച്ചില്ല. അവൾക്കു സ്നാനം കിട്ടിയതും
മറ്റും നല്ല ഓൎമ്മയുണ്ടായിരുന്നെങ്കിലും അതിന്റെ കാൎയ്യമെന്തെന്നു ബോധിച്ചി
രുന്നില്ല. തന്റെ പേർ മാറി വിളിക്കുന്നുണ്ടെന്നും, താൻ മുമ്പെ പെരുമാറി
യതു സ്വന്തവീട്ടിൽ മാത്രമായിരുന്നു, ഇപ്പോൾ പ്രത്യേകിച്ചൊരു കൂട്ടക്കാരുടെ
ഇടയിലാണ് പെരുമാറുന്നതു എന്നും, ഞായറാഴ്ചതോറും എല്ലാവരും കൂടെ ഒരു
വലിയ വീട്ടിൽ കൂടി വന്നു അവിടെ പാടുകയും മറ്റും ചെയ്യുന്നു എന്നും അ
ല്ലാതെ, താൻ ജനിച്ചുവളൎന്ന മതം വേറെ ഇപ്പോഴത്തെ മതം വേറെ എന്നു
യാതൊരു അറിവും ഉണ്ടായിരുന്നില്ല. ദൈവം എന്നു കേട്ടിട്ടുണ്ടു എങ്കിലും
സാധാരണ അവളുടെ സമപ്രായക്കാരായ ക്രിസ്ത്യാനിക്കുട്ടികൾക്കു ദൈവത്തെ
കുറിച്ചുണ്ടായിരുന്ന അറിവിൽ ശതാംശം പോലും ഒരു പരിജ്ഞാനം അവൾക്കു
ഉണ്ടായിരുന്നില്ല, മറ്റുള്ളവർ പ്രാൎത്ഥിക്കുന്നതു കാണുകയും ആ വക പ്രാൎത്ഥ
നകളിൽ താൻ നിത്യം ചേരുകയും തന്റെ മുത്തച്ഛൻ തന്നെ രാവിലെയും
രാത്രിയും ഉണ്ണുമ്പോഴും ഉറങ്ങുവാൻ പോകുമ്പോഴും രാവിലെ എഴുനീല്ക്കുമ്പോഴും
തന്നോടു കൂടെ പ്രാൎത്ഥിക്കുകയും ചെയ്തിരുന്നുവെങ്കിലും അതിന്റെ സാരമെ
ന്താണെന്നും കാൎയ്യമെന്താണെന്നും അവൾ അശേഷം ഗ്രഹിച്ചിരുന്നില്ല. ജീവി
യുടെ സുഖക്കേടു നിമിത്തം അവളെ ഈ കാൎയ്യത്തിൽ പ്രത്യേകതൃഷ്ണവെച്ചു
ശീലിപ്പിപ്പാൻ സാധിച്ചിരുന്നതുമില്ല. ഇപ്പോൾ ആ പ്രയാസങ്ങളൊക്കെ തീ
ൎന്നതിനാൽ ഇനി ആ കാൎയ്യം താമസിപ്പിക്കരുതെന്നു എല്ലാവരും കൂടി നിശ്ച
യിച്ചു.

തേജോപാലൻ സത്യദാസനെ തന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടു ചെന്ന
പ്പോൾ സത്യദാസന്റെ കയ്യിൽ ഒരു ചിത്രം ഉണ്ടായിരുന്നു. അവനെ കുണ്ട
ഉടനെ അവൾ വെപ്പുമുറിയിലേക്കു ഓടിക്കുളഞ്ഞു. എങ്കിലും അവൻ പിന്നാ
ലെ തന്നെ ചെന്നു കയ്യിലുണ്ടായിരുന്ന ചിത്രം അവൾക്കു വെച്ചു കാണിച്ചു,
"ഇതാ, ഒരു ചിത്രം കണ്ടോ?" എന്നു ചോദിച്ചു. അതു കണ്ട ഉടനെ അവൾ
അടുത്തു വന്നു "അതെനിക്കു തരുമോ?" എന്നു ചോദിച്ചപ്പോൾ അവൻ അവളെ
കൈ പിടിച്ചു മുറിയിലേക്കു കൂട്ടിക്കൊണ്ടു വന്നു "ഈ ചിത്രത്തിൽ കാണുന്നവ
രുടെ പേരെല്ലാം നീ പഠിച്ചാൽ ഇതു നിണക്കു തരാം" എന്നു പറഞ്ഞു. "ഞാൻ
ഇപ്പോൾ തന്നെ പഠിക്കാം എനിക്കു പറഞ്ഞു താ" എന്നു അവൾ ചോദിച്ചതു
കേട്ടു അവൻ ചിത്രം താഴെ വെച്ചു അവിടെ ഇരുന്നു അവളെയും അടുക്കെ
ഇരുത്തി പറഞ്ഞുകൊടുപ്പാൻ തുടങ്ങി. "ഇതാ ഈ കുട്ടിയുടെ പേർ തിമോത്തി [ 53 ] എന്നാകുന്നു. ഇവൻ വളരെ കാലം മുമ്പെ ജീവിച്ച ഒരു കുട്ടിയാകുന്നു. ഇതു
അവന്റെ അമ്മയാകുന്നു. ഇവളുടെ പേർ എവുനിക്ക. മറ്റേതു അവന്റെ
മുത്തച്ഛി ആകുന്നു, പേർ ലൂയിസ്സ."

സുകു: "ഇതെന്തെല്ലാം മാതിരി പേരാണപ്പാ. ഇങ്ങിനത്തെ പേർ
ഞാനൊരിക്കലും കേട്ടിട്ടുമില്ല, എനിക്കു മനസ്സിലാകുന്നുമില്ല. അതുകൊണ്ടു
ഇനിയും രണ്ടു മൂന്നു പ്രാവശ്യം പറഞ്ഞു തരണം."

സത്യ: "അവർ ഈ നാട്ടുകാരല്ല. അതുകൊണ്ടു ഈ പേർ നമ്മുടെ ഭാഷ
യിലുള്ളതല്ല."

സുകു: "ഈ കുട്ടി എന്താകുന്നു ചെയ്യുന്നതു? കെകെട്ടി മുട്ടുകുത്തി ഇരി
ക്കുന്നു അല്ലേ? പ്രാൎത്ഥിക്കയാകുന്നു എന്നു തോന്നുന്നു."

സത്യ: അതെ, അവന്റെ അമ്മയും മുത്തച്ഛിയും അവനെ പ്രാൎത്ഥിപ്പാൻ
പഠിപ്പിക്കയാകുന്നു."

സുകു: "എന്താകുന്നു അവൻ പ്രാൎത്ഥിക്കുന്നതു?"

സത്യ: "അതെനിക്കുറിഞ്ഞു കൂടാ. പക്ഷേ അവനെ ഒരു നല്ല കുട്ടിയാ
ക്കുവാനായിരിക്കണം."

സുകു: "ഞാൻ ചീത്തക്കുട്ടി എന്നു എന്നോടു അമ്മ എപ്പോഴും പറഞ്ഞി
രുന്നു. ഞാൻ പ്രാൎത്ഥിച്ചാൽ ഞാനും നല്ല കുട്ടി ആകുമോ?"

സത്യ: "ഓ നിശ്ചയമായി ആകും, നീ യേശുവിനോടു പ്രാൎത്ഥിച്ചാൽ
അവൻ നിന്നെ നല്ല കുട്ടിയാക്കും."

സുകു: "യേശു എവിടെ? ആരാകുന്നു?"

സത്യ: (മേലോട്ടു ചൂണ്ടിക്കാണിച്ചുംകൊണ്ടു) "യേശു മീതെ സ്വൎഗ്ഗത്തി
ലുണ്ടു."

സുകു: (അട്ടം നോക്കിയും കൊണ്ടു) "ഞാൻ കാണുന്നില്ല. നീ കാണുന്നുവോ?"

സത്യ: "നമുക്കു കാണാൻ കഴിവില്ല. എങ്കിലും യേശു നുമ്മളെ കാണും.
നുമ്മൾ പ്രാൎത്ഥിക്കുന്നതെല്ലാം കേർക്കും."

സുകു: "നി പ്രാൎത്ഥിക്കാറുണ്ടോ"

സത്യ: "ഞാൻ എപ്പോഴും പ്രാൎത്ഥിക്കാറുണ്ടു."

സുകു: "നിണക്കു പ്രാൎത്ഥന ആർ പഠിപ്പിച്ചു തന്നു?" [ 54 ] സത്യ: "എന്റെ അമ്മ എനിക്കു ചെറിയന്നേ പഠിപ്പിച്ചു തന്നു. ഞാൻ
തലശ്ശേരിയിലിരിക്കുമ്പോൾ ഞായറാഴ്ചശാലയിൽ വെച്ചും പഠിപ്പിച്ചു. എങ്കിലും
ഇപ്പോൾ ഞാൻ തനിയെ തന്നെ പ്രാൎത്ഥിക്കും. നിണക്കും തനിയെ തന്നെ
പ്രാൎത്ഥിക്കാം."

സുകു: "അതെങ്ങനെയാകുന്നു? എനിക്കുറിഞ്ഞുകൂടാ."

സത്യ: "നീ ഈ ചിത്രം നിണക്കു വേണമെന്നു വിചാരിച്ചപ്പോൾ എന്താ
കുന്നു ചെയ്തതു?"

സുകു: "ഞാൻ നിന്നോടു അതെനിക്കു തരുമോ എന്നു ചോദിച്ചു."

സത്യ: "ശരി, നിണക്കു വിശക്കുമ്പോൾ നീ എന്തു ചെയ്യും?"

സുകു: "ഞാൻ ചോറുണ്ണും, അല്ലെങ്കിൽ കഞ്ഞി കുടിക്കും."

സത്യ: "അതു ശരി തന്നെ. എന്നാൽ ചോറു നിണക്കു എവിടെനിന്നു
കിട്ടും?"

സുകു: അതു ഞാൻ മുത്തച്ഛനോട്ട ചോദിച്ചു വാങ്ങും."

സത്യ: "ഇതു തന്നെയാകുന്നു പ്രാൎതഥനയുടെ മാതിരിയും; നിണക്കു ഞങ്ങ
ളുടെ കൈക്കൽ നിന്നാവശ്യമുള്ളതു ഞങ്ങളോടു ചോദിക്കും പോലെ ദൈവ
ത്തിന്റെ പക്കൽ നിന്നാവശ്യമായതു ദൈവത്തോടും ചോദിച്ചാൽ മതി അവൻ
തരും."

സുകു: "ഓ അങ്ങിനെയാകുന്നെങ്കിൽ എനിക്കു ആരും പഠിപ്പിച്ചുതരേണ്ട.
ഞാൻ ഈ കുട്ടിയെപ്പോലെ കൈകെട്ടി കണ്ണു മൂടി മുട്ടുകുത്തി എനിക്കു വേണ്ടതു
ദൈവത്തോടു ചോദിച്ചുകൊള്ളും."

സത്യ: "നിണക്കു വേണ്ടുന്നതെല്ലാം അവനോടു ചോദിച്ചാൽ മാത്രം പോ
രാ. ദൈവം നിണക്കു തരുന്നതിന്നൊക്കെ അവനോടു നന്ദി പറകയും വേണം.
അതു പക്ഷേ നിന്നെ ആരെങ്കിലും പഠിപ്പിക്ക തന്നെ വേണം."

സുകു: "എന്താകുന്നു നന്ദിപറക എന്നുവെച്ചാൽ?"

സത്യ: "എനിക്കു ആരെങ്കിലും വല്ലതും തന്നാൽ ഞാൻ സലാം എന്നു പ
റയും. അതു തന്നതിനു വളരെ ഉപകാരം എന്നൎത്ഥമാകുന്നു. നന്ദിയെ സൂ
ചിപ്പിക്കാൻ മലയാളഭാഷയിൽ പ്രത്യേകമായി ഒരു വാക്കില്ലെന്നും അതുകൊണ്ടു
മലയാളികളുടെ ഇടയിൽ നന്ദിപറയുന്ന സമ്പ്രദായം ഇല്ലെന്നുള്ളതിന്നു അതു
ഒരു തെളിവാകുന്നു എന്നും എന്റെ ഗുരുക്കൾ പറഞ്ഞിരിക്കുന്നു." [ 55 ] ഇതു കേട്ടപ്പോൾ അതുവരെക്കും അവർ തമ്മിൽ നടന്ന സംഭാഷണം
വളരെ രസത്തോടെ ശ്രദ്ധിച്ചുകൊണ്ടിരുന്ന തേജോപാലന്നു അത്ര രസമായില്ല.
അതുകൊണ്ടു അവൻ "മലയാളികൾക്കു നന്ദികാണിപ്പാൻ വിലാത്തിക്കാരെ
പ്പോലെ ഒരു പ്രത്യേകവാക്കില്ലെങ്കിലും അവർ നന്ദി ഇല്ലാത്തവരെന്നു വരിക
യില്ല. എന്റെ അഭിപ്രായം മലയാളികൾ എത്രയും കൃതജ്ഞതയുള്ളവർ എന്നാ
കുന്നു" എന്നു പറഞ്ഞു.

സത്യ: "നന്ദി ഇല്ലാത്തവരെന്നു ഞാൻ പറഞ്ഞില്ല. നന്ദി പറഞ്ഞു കാ
ണിപ്പാൻ തക്ക ഒരു വാക്കില്ല എന്നാകുന്നു പറഞ്ഞുതു. നന്ദി എന്നു ഒരു വാക്കു
ള്ളതുകൊണ്ടു തന്നെ മലയാളികൾക്കു ആ ഗുണത്തെക്കൊണ്ടു അറിവുണ്ടെന്നതു
തീൎച്ചയല്ലേ? എങ്കിലും നന്ദിപറഞ്ഞു കാണിക്കുന്ന സമ്പ്രദായമില്ല നിശ്ചയം.
നിങ്ങൾക്കു ആരാനും വല്ല ഒരു വസ്തു തന്നാൽ നിങ്ങൾ സലാം എന്നു പറയുന്നു.
വെള്ളക്കാർ "തേങ്ക്സ്" എന്നു പറയുന്നു. ഈ തേങ്ക്സ് എന്ന വാക്കിന്നു പകരം
സലാം എന്ന വാക്കു സായ്വുമാർ നുമ്മളുടെ ഇടയിൽ നടപ്പാക്കിയതാകുന്നു
എന്നുഗുരുക്കൾ പറഞ്ഞിരിക്കുന്നു."

തേജോ: "നുമ്മൾ ആരെ എങ്കിലും കണ്ടാൽ സലാം എന്നു പറയും. ൨ല്ല
ഉപകാരവും ആരാനും ചെയ്താലും നുമ്മൾ അതിനു പ്രതിയായി സലാം എന്നു
പറയും. ക്രിസ്ത്യാനികളല്ലാത്ത നാട്ടുകാർ ഈ രണ്ടു സംഗതികളിലും ചിരിച്ചു
തല കുലുക്കും."

സത്യ: "അതേ അതേ പല്ലിളിച്ചു തല കുലുക്കും. രണ്ടു നായ്ക്കൾ തമ്മിൽ
എതിരിട്ടാലും പല്ലിളിക്ക തന്നെ അല്ലേ ചെയ്ക?"

(സത്യദാസന്നു പതിനൊന്നാം വയസ്സു കഴിയാറായിരിക്കുന്നു. സാധാര
ണ ആ പ്രായക്കാൎക്കുള്ളതിനെക്കാൾ ബുദ്ധിവിശേഷത്വം ഉണ്ടായിരുന്നുഎന്നതു
ഈ സംഭാഷണത്തിൽനിന്നറിയാമല്ലോ. എങ്കിലും ചിലപ്പോൾ ആ പ്രായത്തി
ന്നടുത്ത നേരംപോക്കും ലഘുത്വവും അസാരം ഉണ്ടായ്പോയതിനാൽ ഇതു പറ
ഞ്ഞതാകുന്നു.)

തേജോ: "അതെന്തെങ്കിലുമാവട്ടേ. നമ്മുടെ നാട്ടുകാർ അധികം വാക്കു
ചെലവാക്കുന്നതിനെക്കാൾ ക്രിയകൊണ്ടു കാൎയ്യം നിവൃത്തിക്കുന്നവരാകുന്നു. അ
തല്ലയോ നല്ലതു? ഒരു ഗുരുവിനോടോ വയസ്സു മൂത്തവരോടോ മറ്റോ നന്ദി
കാട്ടേണമെങ്കിൽ കുനിഞ്ഞു തൊഴുകയോ കുമ്പിട്ടു നമസ്കരിക്കയോ ചെയ്യേ
ണം. അതു സലാം പറയുന്നതിനെക്കാളും അധികം വലിയ കാൎയ്യമല്ലയോ?" [ 56 ] "സത്യ: "അതു ഇളയവർ മൂത്തവരോടും എളിയവർ വലിയവരോടും
ചെയ്യുന്നതാകുന്നു. എന്നാൽ വിലാത്തിക്കാർ വലിയവർ ചെറിയവരോടും ന
ന്ദിപറയുമല്ലോ. ആ സമ്പ്രദായം ഈ നാട്ടിൽ നടപ്പുണ്ടോ?"

തേജോ: "അതു ഞാൻ നടേ പറഞ്ഞപോലെ ഒന്നുകിൽ 'നിണക്കു ഗുണം
വരട്ടേ' എന്നു പറയും. അല്ലെങ്കിൽ നീ പറയുമ്പോലെ പല്ലിളിക്കും. അതു
കൊണ്ടു തൃപ്തിപ്പെട്ടുകൊള്ളണം."

സത്യ: "ശരി അത്രേ ഉള്ളൂ. അതു തന്നെയാകുന്നു പോരാ എന്നു ഞാൻ
പറയുന്നതു. തക്കതായ ഒരു വാക്കു നമ്മുടെ ഭാഷയിൽ ഇല്ല. (പിന്നെ സു
കുമാരിയോടു) ദൈവത്തോടു നന്ദി പറയുന്നതു ഇങ്ങിനെ അല്ല. ദൈവം ചെയ്യു
ന്ന സൎവ്വനന്മകൾക്കായും നാം അവനെ സ്തുതിക്കേണം. നുമ്മൾ ജീവിക്കുന്നതും
നമുക്കു ഉണ്മാനും ഉടുപ്പാനും കിട്ടുന്നതും നമുക്കു ശരീരത്തിന്നു സുഖമുണ്ടാകുന്നതും
അവന്റെ കരുണകൊണ്ടാകുന്നു. അതുകൊണ്ടു രാവിലെ എഴുന്നീല്ക്കുമ്പോഴും
രാത്രി ഉറങ്ങുവാൻ പോകുമ്പോഴും ഉണ്ണുവാൻ തുടങ്ങുമ്പോഴും ഉണ്ടു തീൎന്നാലും
നാം അവനെ സ്തുതിക്കേണ്ടതാകുന്നു.

സുകു: "എനിക്കു ഇതു ചെയ്വാൻ നീ പഠിപ്പിച്ചു തരുമോ?"

സത്യ: "അതു എനിക്കു എത്രയും സന്തോഷമായ കാൎയ്യമാകുന്നു" എന്നു പറ
ഞ്ഞു ഒന്നു രണ്ടു പ്രാൎത്ഥന ചൊല്ലി പഠിപ്പിച്ചു കൊടുത്തു. അതിന്റെ ശേഷം
അവർ എഴുത്തുപള്ളിയിൽ പോകുന്ന വൎത്തമാനം പറഞ്ഞു. എഴുത്തുപള്ളി
യുടെ വൎണ്ണനയും മറ്റും അവളെ കുറെ കേൾപ്പിച്ച ശേഷം അവൻ തന്റെ വീ
ട്ടിലേക്കു പോയി.

അവൻ പോയപ്പോൾ തേജോപാലൻ സുകുമാരിയോടു: "നാം ദൈവത്തി
ന്നു നന്ദികാട്ടുന്ന പ്രധാനമാൎഗ്ഗം വേറെയൊന്നാകുന്നു. വായികൊണ്ടുഅവനെ
സ്തുതിക്കുന്നതിന്നു പുറമെ ക്രിയകൊണ്ടു അവനെ സന്തോഷിപ്പിക്കണം. അതു
സത്യദാസന്നറിയാം. പക്ഷേ നീ ഇപ്പോൾ അതു ഗ്രഹിക്കയില്ലെന്നുവെച്ചു
പറയാഞ്ഞതായിരിക്കാം" എന്നു പറഞ്ഞു.

പിറേറ ദിവസം രാവിലെ ജ്ഞാനാഭരണം സുകുമാരിയെ വിളിച്ച തലമുടി
ചിക്കി കെട്ടിക്കൊടുത്തു. എഴുത്തുപള്ളിയിൽ പോവാൻ തക്കവണ്ണം ഒരു പു
തിയ പാവാടയും കുപ്പായവും ഉടപ്പിച്ചു കയ്യിൽ ഒരു കൽപ്പലകയും കൽക്കോലും
കൊടുത്തു. ഇതൊക്ക കിട്ടിയപ്പോൾ അവൾ രാത്രിയത്തെ സംഭാഷണം ഓ
ൎത്തു "സലാം അമ്മാ" എന്നു പറഞ്ഞു. [ 57 ] ജ്ഞാനാ: "ഇതു ഞാൻ നിണക്കു തന്നതല്ല. നിന്റെ മുത്തച്ഛൻ എന്റെ
കൈക്കൽ തന്നതാകുന്നു. തു നിണക്കു തന്നയച്ച ആൾക്ക നീ സലാം പറ
ഞ്ഞയക്കേണം."

സുകു: "അതാരാകുന്നു."

ജ്ഞാനാ: "അതു നിന്റെ മുത്തച്ഛൻ പറയും."

കുട്ടികൾ ഇരുവരും ഒന്നിച്ചു പള്ളിക്രടത്തിലേക്കു പോയി. ഒന്നാം ദിവ
സം സുകുമാരിക്കു കുറെ അനിഷ്ടമായിരുന്നു ഉണ്ടായതു. കുട്ടികളുടെ കൂട്ടത്തിൽ
ഇടപെട്ടു ശീലമില്ലാഞ്ഞതിനാൽ അവൾക്കു കുറെ ഭയവും വളരെ ലജ്ജയും ഉണ്ടാ
യി. ഗുരുക്കളും ആശാത്തിയും എന്തൊക്ക ചോദിച്ചിട്ടും യാതൊരുത്തരവും പറയാ
തെ സത്യദാസന്റെ കുപ്പായവും പിടിച്ചു താഴോട്ടു നോക്കി മൌനമായിരുന്നതേ
ഉള്ളൂ. അവൻ എവിടെ പോകുന്നുവോ അവിടെ അവളും കൂടത്തന്നെ പോകും.
ഒടുക്കം ആശാത്തി അവളെ എടുത്തു മടിയിലിരുത്തി നല്ല വാക്കു പറഞ്ഞു കുറെ
നേരം താലോലിച്ചപ്പോൾ അവൾ തല പതുക്കേ പൊന്തിച്ചു ഒന്നു പുഞ്ചിരിയിട്ടു.
താണതരത്തിൽ ചെറു പൈതങ്ങളുടെ കൂടെ കൊണ്ടിരുത്തിയപ്പോൾ അവിടെ
ഇരിക്കാതെ ഓടി ചെന്നു ആശാത്തിയുടെ കസേലയും പിടിച്ചു അവിടെനിന്നു.
ആശാത്തി ചോദിച്ചതിനൊക്കയും പുഞ്ചിരി ഇടുകയല്ലാതെ യാതൊന്നും മിണ്ടാ
തെ ഒന്നാം ദിവസം കഴിച്ചു കൂട്ടി. എങ്കിലും ഒരു ആഴ്ചെക്കകം മൂന്നു നാലു കുട്ടി
കളുമായി പരിചയമായി. ആശാത്തിയുടെ വാത്സല്യംനിമിത്തം പഠിപ്പിൽ
നല്ല താല്പൎയ്യം ജനിച്ചു. മൂന്നു നാലു മാസംകൊണ്ടു അക്ഷരങ്ങളെല്ലാം വശമാ
ക്കി. പഠിപ്പിൽ ധാരാളും ബുദ്ധിയും ഉത്സാഹവും പ്രത്യക്ഷീകരിച്ചു. വീട്ടിൽ
വെച്ചു സത്യദാസനും കുറെ പഠിപ്പിക്കും. തേജോപാലന്നു വായന നിശ്ചയമി
ല്ലാത്തിരുന്നതിനാൽ അവളെ ഇതിൽ സഹായിപ്പാൻ അവന്നു കഴിഞ്ഞില്ല.
ആ വൎഷം മുഴുവനെ പഠിച്ചു തീൎന്നപ്പോൾ നല്ലവണ്ണം വായിപ്പാൻ പ്രാപ്തയാ
യിത്തീൎന്നു.

ക്രിസ്മസ് പെരുന്നാളിന്നടുത്തു എഴുത്തുപള്ളി പൂട്ടിയപ്പോൾ സത്യദാസന്നു
അവിടത്തെ പഠിപ്പു അവസാനിച്ചു. ഈ കാലത്തിലെ പാഠശാലകളിൽ നാ
ലാം തരത്തിലുള്ള പഠിപ്പായിരുന്നു അന്നു സഭാശാലകളിലെ ഉയൎന്നതരരത്തിലു
ണ്ടായിരുന്നതു. അവൻ അതു തലശ്ശേരിയിൽവെച്ചു തന്നെ ഏകദേശം തീൎത്തി
രുന്നുവെങ്കിലും ചെറുപ്രായമാകയാൽ ഇവിടെ പിന്നെയും പഠിച്ചതാകുന്നു. എ
ങ്കിലും ഈ വൎഷം അവസാനിച്ചപ്പോൾ അവന്നു പന്ത്രണ്ടു വയസ്സു കഴിയാറായി
രുന്നതുകൊണ്ടും പതിനാലു പതിനഞ്ചു വയസ്സുള്ള ഒരു കുട്ടിയുടെ ശരീരവളൎച്ച [ 58 ] യുണ്ടായിരുന്നതുനിമിത്തവും അവൻ പഠിപ്പു മതിയാക്കി. കയ്യക്ഷരം വളരെ
നന്നായിരുന്നതിനാലും കണക്കു നല്ല പരിചയമുണ്ടായിരുന്നതിനാലും പുതുവ
ൎഷത്തിൽ അവൻ ഒരു കച്ചവടക്കാരന്റെ ഷാപ്പിൽ കണക്കെഴുതുന്ന പണിക്കു
ചെന്നു ചേൎന്നു. അവിടത്തെ ഗുമസ്തന്റെ കീഴിൽ വേല ശീലിക്കയായിരുന്നു
വെങ്കിലും അവനു കച്ചവടക്കാരൻ കൂടക്കൂടെ ഓരോ സ്ഥലത്തിൽ എഴുത്തും
മറ്റും കൊണ്ടുപോകുന്ന പണി കൊടുത്തിരുന്നതിനാൽ മാസത്തിൽ മൂന്നുറുപ്പി
ക ശമ്പളം കൊടുത്തു. ദരിദ്രയായ അമ്മെക്കും വൃദ്ധയായ മുത്താച്ഛിക്കും ഇതു
വലിയൊരു സഹായമായതിനാൽ അവൻ അത്യന്തം സന്തോഷിച്ചു. തലശ്ശേ
രിയിൽ ആ കാലത്തു ഒരു വലിയ പാഠശാലയുണ്ടായിരുന്നു. ആ ശാലയിൽ
ചേൎന്നു പഠിച്ചിരുന്നുവെങ്കിൽ നാലഞ്ചു കൊല്ലംകൊണ്ടു ഒരു ഗുരുക്കൾ ആകാമാ
യിരുന്നു. എങ്കിലും അമ്മയോടുള്ള വാത്സല്യംനിമിത്തം കഴിയുന്ന വേഗത്തിൽ
അമ്മെക്കുവേണ്ടി വല്ലതും അദ്ധ്വാനിച്ചു സമ്പാദിക്കേണമെന്നു കരുതി ഈ പ്ര
വൃത്തിയിൽ പോയി ചേൎന്നു.

വൎണ്ണശ്ശേരിയിൽ ആ കാലം പ്രധാനനിവാസികൾ നാട്ടുകാർ മാൎക്കാർ എ
ന്നു പറഞ്ഞുവരുന്ന പൊൎത്തുഗീസുകാരായിരുന്നു. അവൎക്കു ഒരു പടുമാതിരി
പൊൎത്തുഗീസ്ഭാഷെക്കു പുറമെ ഇംഗ്ലീഷും പരിചയമുണ്ടായിരുന്നു. സത്യദാ
സന്റെ അയൽവക്കത്തു പാൎത്തിരുന്ന ഒരു പൊൎത്തുഗീസ്സുകാരനോടു അവന്നു
പരിചയമുണ്ടായിരുന്നതിനാൽ ദിവസേന രാവിലെ ആറു മണിക്കു അവന്റെ
അടുക്കൽ ചെന്നു ഇംഗ്ലീഷു പഠിക്കും. ഒമ്പതു മണിക്കു ഷാപ്പിലേക്കു പോകും.
വൈകുന്നേരം ആറു മണിക്കു തിരിച്ചു വരും. രാത്രി ഒരു മണിക്കൂർ എങ്ങി
നെ എങ്കിലും സുകുമാരിയെ പഠിപ്പിച്ചും അവളുമായി സംസാരിച്ചും കഴിക്കും.
ഇങ്ങിനെ ഏഴെട്ടു മാസം കഴിഞ്ഞ ശേഷം ഒരു ദിവസം വൈകുന്നേരം അവൻ
ഷാപ്പിൽനിന്നു വന്നപ്പോൾ സുകുമാരി മുഖം ക്ഷീണിച്ചുംകൊണ്ടു അവന്റെ അ
മ്മയുടെ അടുക്കൽ നില്ക്കുന്നതു കണ്ടു. കാൎയ്യം ചോദിച്ചപ്പോൾ അവളുടെ മുത്ത
ച്ഛൻ സഭാശാലെക്കു സമീപമുള്ള ചെത്തുവഴിയിൽ കൂടെ പോകുമ്പോൾ കുറെ
ആൺകുട്ടികൾ ശാലയിൽനിന്നു സുകുമാരിയെ ദ്രോഹിപ്പാനായി കിഴവനെ ചൂ
ണ്ടിക്കാണിച്ചു "അതാ ഒരാളുടെ മുത്തച്ഛൻ പോകുന്നു. മൊട്ടത്തലയൻ, കൂനൻ"
എന്നൊക്ക പരിഹസിച്ചതുകൊണ്ടു അവൾ ദ്വേഷ്യപ്പെട്ടു കരഞ്ഞും നിലവിളിച്ചും
കൊണ്ടു ഓടി വിട്ടിൽ വന്നുകളഞ്ഞെന്നും ഇനി ആ വിധം പരിഹാസികളുടെ
കൂട്ടത്തിൽ പഠിക്കയില്ലെന്നു ശാഠ്യം പിടിച്ചിരിക്കയാകുന്നു എന്നും കേട്ടു. യാ
തൊന്നും മിണ്ടാതെ അവൻ പോയി കുളിച്ചു ഊണും കഴിഞ്ഞു സുകുമാരിയോടു
അവളുടെ മുറിയിൽ ചെന്നു അവളോടു വിവരമെല്ലാം ചോദിച്ചു. അപ്പോൾ [ 59 ] അവൾ "കുട്ടികൾ എന്നെ എപ്പോഴും പരിഹസിക്കാറുണ്ടെങ്കിലും എനിക്കു അ
തിനെക്കൊണ്ടു യാതൊരു വ്യസനവുമുണ്ടായിട്ടില്ല. എന്നാൽ അവരോടു യാ
തൊരു കൈകാൎയ്യത്തിന്നും പോകാത്ത എന്റെ മുത്തച്ഛൻ വെറുതെ വഴിയിൽ
കൂട കടന്നു പോകുമ്പോൾ അവർ ഇങ്ങിനെ പരിഹസിച്ചതു എനിക്കു സഹിച്ചു
കൂടാതെ ആയി. ആ പരിഹാസികളുടെ ഇടയിൽ ഞാൻ ഇനി പഠിക്കയില്ല.
നീ എന്തു പറഞ്ഞാലും ഞാൻ പോകയില്ല. എനിക്കു അവിടെ പഠിച്ചതു മതി.
എന്നെ നീ ഇവിടുന്നു പഠിപ്പിച്ചാൽ മതി" എന്നു തീൎത്തു പറഞ്ഞുകളഞ്ഞു.

അപ്പോൾ അവളുടെ മനസ്സു അസാരം ശാന്തമാക്കുവാൻവേണ്ടി സത്യദാ
സൻ ഒരു കഥ പറഞ്ഞു.

"ഞാൻ കഴിഞ്ഞ ആഴ്ച ഒരു ദിവസം ഷാപ്പിൽനിന്നു ഇങ്ങോട്ടു വരുവാൻ
ഇറങ്ങിയപ്പോൾ ഒരു കിഴവൻ പോൎത്തുഗീസ്സുകാരൻ പോകുന്നതു കണ്ടു. ശുദ്ധ
വെള്ള ഉടുപ്പുടുത്തു തലയിൽ ഉയരമുള്ള ഒരു കറുപ്പു തൊപ്പിയുമിട്ടു കയ്യിൽ ഒരു
ചീനക്കുടയും തുറന്നു പിടിച്ചിരുന്നു. മഴ കുറേശ്ശെ ചാറിക്കൊണ്ടിരിക്കയായി
രുന്നു. പെട്ടന്നു ഒരു വലിയ കാറ്റടിച്ചു. കിഴവന്റെ കയ്യിൽനിന്നു കുടയും
തലയിൽനിന്നു തൊപ്പിയും പാറിപ്പോയി. അങ്ങാടിപ്പിള്ളരെല്ലാം കൂക്കിയിട്ടു
പരിഹസിച്ചു. കിഴവൻ കുടയും തൊപ്പിയും എടുക്കുവാൻ ഓടിയപ്പോൾ ചളി
യിൽ ഉരുണ്ടു വീണു വസ്ത്രമൊക്കെ മുഷിഞ്ഞുപോയി. അപ്പോൾ ആളുകളും
കുട്ടികളും കൂടി അധികം പരിഹസിച്ചു തുടങ്ങി. ആരും ആയാളെ സഹാ
യിപ്പാൻ നോക്കിയില്ല. ഞാൻ അതു കണ്ടു, വേഗം ഓടിച്ചെന്നു കുടയും തൊ
പ്പിയും എടുത്തു കൊണ്ടക്കൊടുത്തു കിഴവനെ കൈ പിടിച്ചു എഴുന്നീല്പിച്ചു
കുറെ ദൂരത്തോളം ആയാളുടെ കൂടെ പോയി. ആയാൾക്കു ശ്വാസം നേരെ
ആയപ്പോൾ എന്നോടു 'സാന്ത്മരി! ഞിനിക്കൊപ്പരം പട്ത്ത് പടിത്ത് കൊ
ണൊ ഉണ്ടാവു. മിഞ്ഞ ദേവുസ്! ഞമ്മളിന്റെ നടു ഇളുക്കിപ്പോയി. ഞി
ന്റെ പേടെന്താ? എന്നു പറഞ്ഞു,

'എന്റെ പേർ സത്യദാസൻ'

'ഞിന്റെ ബീടെബിടെയാ?'

'എന്റെ വീടു വൎണ്ണശ്ശേരി മൂന്നാം തെരുവിൽ രണ്ടാം മുറി.'

'ഞീ ഇബട എന്തിനി ബന്ന്?'

'ഞാൻ ഇവിടെ കാമ്പ്ഭജാരിൽ ഒരു ഷാപ്പിൽ എഴുത്തുപണി എടുക്കയാ
കുന്നു.'

'ഞി ഇത്തിരി ചെരിയ ചെക്കെൻ, ഞീ പണി എട്ക്കാൻ പോന്നോ?' [ 60 ] 'എനിക്കു അച്ഛൻ ഇല്ല അതുകൊണ്ടു അമ്മെക്കു സഹായത്തിനുവേണ്ടി
ഞാൻ പണിക്കു പോകുന്നു.'

'മിഞ്ഞമായി മിഞ്ഞദേവുസ്! ഞീ നല്ല ചെക്കെൻ. ഞിനിക്കി പട്ത്ത്
കൊണൊ ഉണ്ടാവു’ എന്നു പറഞ്ഞു എനിക്കു ഒരു അരക്കാലുറുപ്പികയെടുത്തു
വെച്ചു കാട്ടി. ഞാൻ വാങ്ങാതെ വേണ്ട എന്നു പറഞ്ഞു ഓടി വന്നുകളഞ്ഞു."

സുകു: "നീ ചെയ്ത ഉപകാരത്തിനു പോരാതെ ആയിപ്പോയല്ലോ നി
ന്റെ ഈ പരിഹാസം."

സത്യ: "ഇല്ല ഞാൻ പരിഹസിക്കയല്ല. ആയാൾ പറഞ്ഞപോലെ പറ
യുന്നതേ ഉള്ളൂ."

തേജോ: "ആ ആളെ ഞാൻ കണ്ടിരിക്കുന്നു. ആരും സംബന്ധക്കാരില്ല.
വളരെ പണവുമുണ്ടു. വലിയ ലുബ്ധൻ ആകുന്നു. ഇതിന്നിടെ നിന്നെക്കൊ
ണ്ടു എന്നോടു ചോദിച്ചിരുന്നു. നിന്നോടു അതു പറവാൻ എന്നോടു മറന്നു
പോയി. ആയാൾ എപ്പോഴും വലിയ അവസ്ഥെക്കു ഉടുത്തു ചമഞ്ഞിട്ടാണ് ന
ടക്കുക.”

സത്യ: എന്നെക്കൊണ്ടു എന്താകുന്നു ആയാൾ പറഞ്ഞതു?"

തേജോ: "നിന്നെപ്പോലെ ഗുരുത്വമുള്ള ഒരു കുട്ടിയെ കണ്ടിട്ടില്ലെന്നു പ
റഞ്ഞു. നീ അതു കേട്ടു നിഗളിച്ചുപോകേണ്ട. നീ ഇനിയും എല്ലാവരെ
ക്കൊണ്ടും അങ്ങിനെ നല്ലതു പറയിക്കുവാനാകുന്നു ഞാൻ ഇതു നിന്നോടു പറ
യുന്നതു.

സത്യദാസൻ ഈ കഥ പറഞ്ഞുതു സുകുമാരിയുടെ മനസ്സു കുറെ ഭേപ്പെടു
ത്തേണമെന്നുവെച്ചായിരുന്നു. എങ്കിലും വീണ്ടും എഴുത്തുപള്ളിയുടെ കാൎയ്യം
പറഞ്ഞപ്പോൾ അവൾ പിന്നെയും കോപിപ്പാനും ശാഠ്യം പിടിപ്പാനും തുടങ്ങി.
പിറ്റേ ദിവസം ഗുരുക്കുളും ആശാത്തിയും വന്നു എത്രയോ ബുദ്ധി ഉപദേശി
ച്ചിട്ടും അവൾ കേട്ടില്ല. ഒടുവിൽ സായ്വ് തന്നെ വന്നു വളരെ നേരം സാന്ത്വ
നം പറഞ്ഞു ശേഷം "ഞാൻ ചിറക്കല്ലിൽ പഠിച്ചുകൊള്ളാം ഈ പരിഹാസിക
ളായ ആൺകുട്ടികളുടെ ഇടയിൽ പഠിക്കാൻ എന്നെ ദയവിചാരിച്ചു അയക്കരു
തെ" എന്നു വളരെ താല്പൎയ്യമായി അപേക്ഷിച്ചു. അതിന്നു സായ്വും സമ്മതി
ക്കയും ചെയ്തു. ഈ കാൎയ്യത്തിൽനിന്നു ഒരു ഗുണമുണ്ടായി. ആ പാഠശാലയി
ലെ കൂട്ടികൾ ഇതു ഹേതുവായി ശാസന കേൾക്കേണ്ടിവന്നതിനാലും സുകുമാ
രിയുടെ ശാഠ്യത്തെ കുറിച്ചു കേട്ടു ലജ്ജിച്ചതിനാലും അതുമുതൽ അവർ വഴി
പോക്കരെ പരിഹസിക്കുന്നതു മതിയാക്കി. [ 61 ] ആ വൎഷം അവസാനിക്കുന്നതുവരെ അവൾ അവിടെ തന്നെ പാൎത്തു.
ദിവസേന രാത്രി ഒരു മണിക്കൂർ സത്യദാസൻ അവളെ കണക്കും എഴുത്തും
വായനയും പഠിപ്പിച്ചുവന്നു. പുസ്തകം, കടലാസ്സ്, കൽപ്പലക, കൽക്കോൽ,
വസ്ത്രം മുതലായതെല്ലാം അവൾക്കു കൂടക്കൂടെ കിട്ടിയെങ്കിലും അതു കൊടുത്തയ
ച്ചതാരെന്നു അവളോടു ആരും പറഞ്ഞില്ല. അതു അയച്ച കരുണയുടെ മുഖ്യ
ആഗ്രഹം അതു തത്ക്കാലം അവളെ അറിയിക്കരുതെന്നായിരുന്നു. എന്നാലും
അതെല്ലാം മുത്തച്ഛന്റെ പണംകൊണ്ടു വാങ്ങുന്നതല്ലെന്നു അറിഞ്ഞതിനാൽ അതു
കിട്ടുമ്പോഴെല്ലാം "ഇതു അയച്ച ആൾക്കു പെരുത്തു സലാം" എന്നു പറഞ്ഞയ
ക്കാറുണ്ടായിരുന്നു. ഒരു ദിവസം അവൾ വളരെ ബുദ്ധിമുട്ടിച്ചു ചോദിച്ച
പ്പോൾ തേജോപാലൻ അവളോടു "ഇതു നിണക്കയക്കുന്നതു എത്രയും സദ്ഗുണ
വതിയായ ഒരു അമ്മയാകുന്നു. ഇതിലധികം നിന്നോട്ടു പറവാൻ പാടില്ല.
ആ അമ്മയുടെ സമ്മതമില്ല" എന്നു മാത്രം പറഞ്ഞു.

ഒരു ദിവസം രാവിലെ തേജോപാലന്നു ചിറക്കല്ലിലേക്കു പോകേണ്ടുന്ന
ആവശ്യമുണ്ടായിരുന്നു. സന്ധ്യെക്കു മാത്രം മടങ്ങിവരുമെന്നു പറഞ്ഞു സുകുമാ
രിയെ ജ്ഞാനാഭരണത്തിന്റെ വീട്ടിലാക്കി പോയി. ആ ദിവസം അവൾ
ജ്ഞാനാഭരണത്തിന്റെ മുറിയിൽ സാമാനങ്ങൾ വെച്ച ക്രമവും അവയുടെ
വെടിപ്പും വൃത്തിയും ഒക്കെ കണ്ടു അതിശയിച്ചു. "എന്റെ മുത്തച്ഛന്റെ മുറി
ഇങ്ങിനെ ആവാൻ എന്താകുന്നു വേണ്ടതു? " എന്നു ചോദിച്ചു.

ജ്ഞാനാ: "നിണക്കു ആ മുറി ഇപ്പോൾ ഇങ്ങിനെ ആക്കുവാൻ പ്രയാസമാ
യിരിക്കും. നീ ചെറിയ കുട്ടി അല്ലേ? പെണ്ണുങ്ങളില്ലാത്ത വീടു അങ്ങിനെ
ഇരിക്കും. എങ്കിലും നീ കുറച്ചും കൂടെ വളൎന്നാൽ നിണക്കു മുത്തച്ഛനെ ആ കാ
ൎയ്യത്തിൽ സഹായിക്കാം."

സുകു: "എന്നാലും വേണ്ടതില്ല എന്നാൽ കഴിയുന്ന സഹായം ഇപ്പോൾ ത
ന്നെ മുത്തച്ഛന്നു ചെയ്യേണമെന്നു എനിക്കു വളരെ ആശയുണ്ടു. ഞാൻ
എന്താകുന്നു ചെയ്യേണ്ടതു? ചെറിയ കുട്ടികൾ മടിയരായിരിക്കാതെ അവരാൽ
കഴിയുന്ന പ്രവൃത്തി ചെയ്യേണമെന്നും അമ്മയച്ഛന്മാൎക്കു സഹായിക്കേണമെന്നും
സായ്വു ഞായറാഴ്ച പറഞ്ഞുവല്ലോ. അതു കേട്ടതു മുതൽ ഞാൻ മുത്തച്ഛന്നു വല്ല
സഹായം ചെയ്യേണമെന്നു വിചാരിക്കുന്നുണ്ടു. ഇന്നു മുത്തച്ഛൻ വരുമ്പോൾ
കണ്ടതിശയിച്ചു പോവാൻ തക്കവണ്ണം മുറി വൃത്തിയാക്കേണമെന്നു ഞാൻ വിചാ
രിക്കുന്നു. നിങ്ങൾ എനിക്കു അസാരം സഹായിച്ചുതരുമോ?"

ജ്ഞാനാ: "നിന്റെ ഈ വിചാരം നിമിത്തം എനിക്കു വളരെ സന്തോഷ
മുണ്ടു. ഞാൻ നിണക്കു സഹായിച്ചു തരാം. എനിക്കു കോഴിക്കോട്ടേക്കു ഒരു
കത്തെഴുതേണം. അതു തീൎന്ന ഉടനെ ഞാൻ വരാം." [ 62 ] സുകു: "ആൎക്കാകുന്നു കത്തെഴുതുന്നതു?"

ജ്ഞാനാ: "അവിടെ ഒരു സായ്വിന്റെ മദാമ്മെക്കു പ്രായമുള്ള ഒരു ആയ
വേണം പോൽ. എന്റെ അമ്മയെ അയപ്പാൻ സായ്വ് നിശ്ചയിച്ചിരിക്കുന്നു.
അമ്മെക്കു നല്ല ശക്തിയില്ലെങ്കിലും നന്ന വയസ്സായെങ്കിലും പോകുവാൻ മനസ്സു
ണ്ടു. അമ്മ നാളെ തന്നെ പുറപ്പെടും ആ വിവരത്തിന്നു കത്തെഴുതുകയാകുന്നു."

സുകു: "അയ്യോ! മുത്താച്ചി പോകുന്നുവോ. എനിക്കു അതു പെരുത്തു വ്യ
സനം തന്നെ. ഇനി എപ്പോൾ വരും."

ജ്ഞാനാ: "എപ്പോൾ വരുമെന്നു ഇപ്പോൾ പറഞ്ഞുകൂടാ. അവിടെ പോ
യി പ്രവൃത്തി എടുത്തു നോക്കിയ ശേഷം പറ്റുന്നെങ്കിൽ അവിടെ തന്നെ ഇ
രിക്കും. കല്പന കിട്ടുമ്പോൾ മാത്രമേ വരാൻ കൂടുകയുള്ളു. എല്ലാം ദൈവേഷ്ടം
പോലെ ഇരിക്കും."

സുകു: "പണി മുത്താച്ചിക്കു പറ്റാതെ പോകട്ടേ എന്നാൽ വേഗം ഇങ്ങോട്ടു
തന്നെ പോരാമല്ലോ."

ജ്ഞാനാ: "അങ്ങിനെ മനസ്സില്ലെങ്കിൽ ഇപ്പോൾ പോകേണ്ടുന്ന ആവശ്യ
മില്ലല്ലോ. മുത്താച്ചിക്കു നെയ്ത്തുമുറിയിലെ പണി ശരീരത്തിന്നു അശേഷം പി
ടിക്കുന്നില്ല. അതുകൊണ്ടാകുന്നു പോകുന്നതു. പണി എടുക്കാതിരുന്നാൽ തി
ന്മാനും കിട്ടുകയില്ലല്ലോ."

സുകു: "നിങ്ങൾക്കും സത്യദാസന്നും പണം കിട്ടുന്നില്ലേ? അതു പോരേ?"

ജ്ഞാനാ: "നീഒന്നും അറിയുല്ല കുട്ടീ. എനിക്കു ശരിരത്തിനു വലിയൊരു
സുഖക്കേടുണ്ടു. അതുകൊണ്ടു എനിക്കായി തന്നെ വളരെ പണം ചെലവുണ്ടു."

അന്നു വൈകുന്നേരം ആറു ആറര മണിക്കു തേജോപാലൻ വരുമ്പോൾ കു
ളിച്ചു മുടി പിന്നോക്കം ചിക്കി ഇട്ടു വെടിപ്പുള്ള വസ്ത്രം ധരിച്ച ഒരു കുട്ടി വാതുക്കൽ
നില്ക്കുന്നതും അകത്തു വിളക്കു കത്തുന്നതും കണ്ടു. അടുത്തുവന്നപ്പോൾ കുട്ടി
കിഴവനെ ചാടി കെട്ടിപ്പിടിച്ചു. അപ്പോൾ കിഴവൻ "മകളേ! കുമാരീ! ഇതു
നീയാകുന്നുവോ? ൨ിളക്കു നീ തന്നെയോ കത്തിച്ചതു?" എന്നു ചോദിച്ചു. അ
വൾ "അതേ" എന്നു പറയുമ്പോഴെക്കു കിഴവൻ അകത്തു കടന്നു ഉടനെ ആ
ശ്ചൎയ്യത്താൽ സ്തംഭിച്ചു നിന്നുപോയി. ചുവരിന്മേലും മേൽപ്പരയിലുമുണ്ടായിരു
ന്ന മാറാലയും ചുക്കിലിവലയും ഒക്കെ അടിച്ചുവെടിപ്പാക്കിയതും സത്യദാസൻ
അവൾക്കു കൊടുത്തിരുന്ന ചിത്രം ചുവരിന്മേൽ തൂക്കിയതും കണ്ടു. മരസാമാന
ങ്ങൾ ഒരു പഴയ മേശയും ഒരു കസേലയും രണ്ടു മുക്കാലിയും ഒരു പെട്ടിയും [ 63 ] ഒരു പഴയ കുട്ടിലും ആയിരുന്നു. പെട്ടിയൊഴികെ മറെറല്ലാം കഴുകി ശുദ്ധി
വരുത്തി ക്രമപ്പെടുത്തി വെച്ചിരുന്നു. പെട്ടി പൂട്ടിയിരുന്നതിനാൽ അതു
തുണി നനച്ചു നല്ലവണ്ണം തുടപ്പാനേ കഴിഞ്ഞിരുന്നുള്ളു. മേശ മുറിയുടെ നടു
വിലിട്ടു അതിന്മേൽ ഓട്ടുവിളക്കു വെടിപ്പിൽ തേച്ചു മിന്നിച്ചു എണ്ണ പകൎന്നു പു
തിയ നൂൽതിരിയുമിട്ടു കത്തിച്ചുവെച്ചിരുന്നു. രണ്ടു മൂന്നു പായുണ്ടായിരുന്നതു
കട്ടിലിന്മേൽ വിരിച്ചു അതിന്മേൽ പഴയ കിടക്കയുമിട്ടു തലയിണയും വെച്ചു
മീതെ ഒരു വിരിപ്പു വിരിച്ചു അഭംഗി കാണാതിരിപ്പാൻ എല്ലാറ്റിന്മീതെ ഒരു
കരിമ്പടവും വിരിച്ചുവെച്ചിരുന്നു. മുറിയുടെ മുക്കിൽ ചുവരിന്മേലുണ്ടായിരുന്ന
മൂലപ്പലക ചുരണ്ടി വെടിപ്പാക്കി അവളുടെ പുസ്തകങ്ങൾ അതിന്മേൽ ഒതുക്കി
വെച്ചിരുന്നു. കിഴവൻ അതെല്ലാം നോക്കി സന്തോഷിച്ചു അടുക്കളയിൽ കട
ന്നപ്പോൾ ചട്ടി കലം, ചെമ്പു ഇവയൊക്ക അട്ടി അട്ടിയായി രണ്ടു ഉറിമേൽ തൂക്കി
വെച്ചതു കണ്ടു. അരി മസാല മുതലായതു സൂക്ഷിക്കുന്ന പിഞ്ഞപ്പെട്ടി ഒരു
മൂലെക്കു ക്രമപ്പെടുത്തിവെച്ചു അതിന്നു സമീപം ഒരു പലകമേൽ മൂന്നു നാലു
കുപ്പി അടക്കി വെച്ചിരുന്നു. കിഴവന്നു ഒന്നും പറവാൻ കഴിഞ്ഞില്ല. വള
രെ നേരം കഴിഞ്ഞപ്പോൾ സന്തോഷത്തിന്റെ കണ്ണുനീരോടെ "മകളേ! നീ ഇ
ത്രവേശം ഈ കിഴവന്നു. ഒരു സഹായമായിത്തീരുമെന്നു ഞാൻ വിചാരിച്ചിരു
ന്നില്ല" എന്നു മാത്രം പറഞ്ഞു

സുകു: "മുത്തച്ഛാ! ഇതെല്ലാം ഞാൻ ചെയ്തതല്ല. ഞാൻ ഇതു ചെയ്വാൻ
വിചാരിച്ചതേ ഉള്ളു. ചില ചെറിയ പണികൾ മാത്രമേ എനിക്കു ചെയ്വാൻ
കഴിഞ്ഞുള്ളു. മറെറാക്കയും അങ്ങേയിലെ അമ്മയാകുന്നു ചെയ്തതു എനിക്കു ഇ
തിന്നു മനസ്സുണ്ടെന്നു കണ്ടിട്ടു അവർ വന്നു സഹായിച്ചു."

തേജോ: “ആകട്ടേ. ഇതു ചെയ്വാൻ മനസ്സുവെച്ചതു നീയാണല്ലോ. അ
തു തന്നെ എനിക്കു മഹാസന്തോഷമാകുന്നു."

സുകു: "മുത്തച്ഛാ! സത്യദാസന്റെ മുറിയിൽ മേശമേൽ ഒരു നല്ല തുണി
ഇട്ടിട്ടുണ്ടു. ആ മാതിരിയൊന്നു ഈ മേശമേലും വാങ്ങി ഇടേണം."

ഇതു പറയുമ്പോൾ തന്നെ സത്യദാസനും വന്നു കയറി.

തേജോ: "മകളേ! അതു അവർ വാങ്ങിയതല്ല. അവന്റെ അമ്മ ആ മാ
തിരി ഒരിക്കലും വില കൊടുത്തു വാങ്ങുകയില്ല. ഒരു മദാമ്മ അതു അവൎക്കു
സമ്മാനം കൊടുത്തതാകുന്നു."

സത്യ: "അതേ അതു അമ്മ വാങ്ങിയതല്ല; അമ്മ ഒരു കറപ്പു തുണി ഒരി
ക്കൽ ഇട്ടിരുന്നു. പട്ടാളത്തിലെ ഒരു സായ്വിന്റെ മതാമ്മെക്കു അമ്മ കുറെ [ 64 ] തുന്നപ്പണി ചെയ്തുകൊടുത്തതിനു കൂലി കൊടുക്കുമ്പോൾ മതാമ്മ അമ്മെക്കു അതു
സമ്മാനം കൊടുത്തു "ഞാൻ വിലാത്തിയിൽ പോയാൽ എന്റെ ഓൎമ്മെക്കു ഇതു
മേശമേലിടേണം' എന്നു പറഞ്ഞു. അതുകൊണ്ടു അമ്മ ആ തുണി മേശമേൽ
ഇട്ടതാകുന്നു. പഴയ തുണി ഇപ്പോഴും അതിന്റെ അടിയിലുണ്ടു. അതു ഭംഗിക്കാ
യിട്ടല്ല. മേശ വിടക്കായിപ്പോകാതിരിപ്പാൻ അമ്മ ആറണവിലെക്കു വാങ്ങി
ഇട്ടതാകുന്നു."

തേജോ: "കേട്ടോ മകളേ? നമ്മുടെ പഴയ മേശ എന്തായാലും വിടക്കാകുന്നു.
അതിന്നു ഇനി ഒരു തുണി ആവശ്യമില്ല. നമ്മുടെ അവസ്ഥെക്കു തക്കവണ്ണം
നാം നടന്നാൽ മതി. എനിക്കു എപ്പോഴും ഒരു പേടിയുണ്ടു. നി വലുതായാ
ലും അതു ഓൎമ്മയിലുണ്ടായിരിക്കണം. നമ്മുടെ നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ടു
പൈസ വിഴുങ്ങുവാൻ വിലാത്തിയിലെ കച്ചവടക്കാർ ഓരോ ചരക്കുകൾ കൊ
ടുത്തയക്കുന്നുണ്ടു. ആദ്യം വിലാത്തിക്കാർ ഇവൎക്കു ഇംഗ്ലീഷുമൎയ്യാദ പഠിപ്പിക്കും.
അവരുടെ ചീത്ത സമ്പ്രദായം മാത്രം നമ്മുടെ നാട്ടുകാർ പഠിച്ചു നല്ലതൊക്ക പ
ഠിക്കാതെയും വിടും.. അതു നാഗരികത്വമാകുന്നുപോൽ. അപ്പോൾ ഇവൎക്കു
അതിന്നടുത്ത ഉടുപ്പും സാമാനവും തീനും കൂടിയും വേണമെന്നാകും. അങ്ങി
നെ അവിടത്തെ കച്ചവടക്കാർ ഈ നാട്ടുകാരുടെ പണമെല്ലാം കൈക്കലാക്കും."

സത്യ: "മുത്തച്ഛൻ പറഞ്ഞതു നേരാകുന്നു. ഞാൻ പണിയെടുക്കുന്ന ഷാ
പ്പിൽ തൊട്ടാൽ പൊട്ടുന്ന ചില സാമാനങ്ങളുണ്ടു. ചില ആളുകൾ വന്നു ഏ
റിയ വിലയും കൊടുത്തു അതെല്ലാം വാങ്ങി കൊണ്ടുപോകുന്നു. എനിക്കു വെ
റുതെ കിട്ടിയാൽ തന്നെ ഞാൻ എടുക്കയില്ല. കറുത്ത പട്ടാളത്തിൽ അതാ ഒരു
സുബേദാർ! അയാൾക്കു 'ജെല്ലിയും ജാമും ചീസും' കൂടിയേ കഴിയും. ഇപ്പോൾ
പിടിച്ച മത്തിമീൻ ഒരു കാശിന്നു നൂറു കിട്ടും. എങ്കിലും പന്ത്രണ്ടു മത്തി പുഴു
ങ്ങി ഒരു തകരത്തിലാക്കി കറെ എണ്ണയും ഒഴിച്ചുവരുന്നുണ്ടു. അതിന്നു നാല
ണ വില. അയാൾക്കു അതു കൂടിയേ കഴിയൂ."

സുകു: "നിണക്കു അയാളുടെ മാസപ്പടി കിട്ടിയാൽ നിയും അങ്ങിനെ
തന്നെ ചെയ്യും."

സത്യ: "ഒരിക്കലും ചെയ്കയില്ല. എന്റെ അമ്മ ഇതൊക്ക എന്നെ പഠി
പ്പിച്ചിട്ടുണ്ടു. അത്യാവശ്യമായതിന്നു മാത്രമേ പണം ചെലവാക്കാവു. നുമ്മൾ
പ്രധാനമായി ചിന്തിക്കേണ്ടതു വെടിപ്പു, വൃത്തി, സുഖം, അത്യാവശ്യത, ചുരു
ങ്ങിയ വില എന്നിവയാകുന്നു. ഭംഗി, ശോൿ, തലായവയല്ല." ഇതു പറയു
മ്പോഴെക്കു തേജോപാലൻ അടുക്കളയിൽ പോയി കഞ്ഞിവെപ്പാൻ ആരംഭിച്ചു. [ 65 ] അപ്പോൾ സത്യദാസൻ "അന്തിക്കു വേണ്ടുന്നതൊക്ക അമ്മ നിങ്ങൾ്ക്കു രണ്ടാൾ്ക്കും
ഞങ്ങളുടെ വീട്ടിൽ ഒരുക്കിയിരിക്കുന്നു. അതു പറവാൻ അമ്മ എന്നെ അയ
ച്ചതാകുന്നു" എന്നു പറഞ്ഞു. "അരിപ്പെട്ടി പൂട്ടിയിരുന്നില്ലെങ്കിൽ ഞാനും അ
മ്മയും കൂടി ഇവിടെ തന്നെ കഞ്ഞിവെക്കുമായിരുന്നു" എന്നു സുകുമാരിയും പറ
ഞ്ഞു, മൂവരും കൂടെ സത്യദാസന്റെ മുറിയിലേക്കു ചെന്നു ഊണും കഴിച്ചു.

ജ്ഞാനാ: "നാളെ അമ്മ പോകുന്നതുകൊണ്ടു നമുക്കു ഒന്നിച്ചു ഒരു പ്രാൎത്ഥ
ന കഴിക്കേണം എന്നു എനിക്കു ഒരു താത്പൎയ്യമുള്ളതുകൊണ്ടാകുന്നു നിങ്ങളെ ക്ഷ
ണിച്ചതു" എന്നു പറഞ്ഞപ്പോൾ എല്ലാവരും ആ കാൎയ്യത്തിൽ സന്തോഷിച്ചു ഒരു
പാട്ടുപാടി സത്യദാസൻ വായിച്ചു കിഴവൻ ഒരു പ്രാൎത്ഥനയും കഴിച്ചു. അന്നേ
ത്തെ കൂടിവരവിനാലുള്ള സന്തോഷത്തോടും ചിരഞ്ജീവി പോകുന്നതിനാലുള്ള
ദുഃഖത്തോടും കൂടി ആ ചെറുകൂട്ടം പിരിഞ്ഞുപോകയും ചെയ്തു.

അങ്ങിനത്തെ ഒരു കൂടിവരവിന്നു അവൎക്കു പിന്നെ ഒരിക്കലും കഴിഞ്ഞില്ല.
ചിരഞ്ജീവി മകൾക്കും പൌത്രനുംവേണ്ടി അദ്ധ്വാനിക്കുന്നവളായിരുന്നു. ജ്ഞാ
നാഭരണം അമ്മെക്കും മകന്നുംവേണ്ടി അദ്ധ്വാനിച്ചു. സത്യദാസൻ അമ്മെ
ക്കും മുത്തച്ഛിക്കും വേണ്ടി പ്രയത്നിച്ചു. അവരവർ താന്താങ്ങളുടെ ദേഹസുഖ
ത്തെ കുറിച്ചു ചിന്തിച്ചതേ ഇല്ല. അതുകൊണ്ടു കോഴിക്കോട്ടേക്കു ആയയായി
പ്പോയ ചിരഞ്ജീവി പിറ്റേ വേനൽക്കാലത്തിൽ തന്റെ യജമാനത്തിയോടു
കൂടേ നീലഗിരിക്കു പോയി, അവിടെനിന്നു യദൃച്ഛയാ ശീതവും പനിയും പിടി
പെട്ടു ശാസകോശവീക്കത്താൽ മൂന്നു ദിവസത്തിനിടയിൽ മരിച്ചുപോയി.
വിധവയായ മകൾക്കു ഇതു മഹാക്ലേശത്തിനിടയായെങ്കിലും അതും ദൈവേ
ഷ്ടം എന്നു പറഞ്ഞു അമ്മയെയും ഭൎത്താവിനെയും പിന്തുടരുവാൻ ദിനേന ഒരു
ങ്ങിക്കൊണ്ടിരുന്നു. [ 66 ] ആറാം അദ്ധ്യായം.


കണ്ണൂരിൽനിന്നു അഞ്ചുനാഴിക വടക്കു കോലത്തിരിരാജാവിന്റെ കോവിലക
മുണ്ടു. അതിനു സമീപം തന്നെ ഈ കഥയുടെ കാലത്തിൽ ഒരു വലിയ
പറമ്പു മിശ്യൻസമൂഹത്തിന്റെ കൈവശമുണ്ടായിരുന്നു. ആ പറമ്പു ഈ
രാജാവു കൊടുത്തതുമായിരുന്നു. അതിൽ സായ്വുമാൎക്കു താമസിപ്പാനായി ഒരു
ചെറിയ ബങ്കളാവും അനാഥപെൺകുട്ടികൾക്കായി ഒരു എഴുത്തുപള്ളിയും
പാൎപ്പുശാലയും വിധവമാൎക്കായി ഒരു പാൎപ്പിടവും നാലഞ്ചു ക്രിസ്ത്യാനികളുടെ
വിടുകളുമുണ്ടായിരുന്നു. പറമ്പിൽ തെങ്ങു മാവു പിലാവു മുതലായ വൃക്ഷങ്ങളും
കുട്ടികൾ നട്ടു നനച്ചുണ്ടാക്കിയ വിശേഷമായൊരു പൂന്തോട്ടവും ഉണ്ടായിരുന്നു.

കണ്ണൂരിലെ പാഠശാലയിൽനിന്നു സുകുമാരി ഓടി പോയ്ക്കളഞ്ഞതിന്റെ
പിറ്റെവൎഷം ആരംഭത്തിൽ തന്നെ അവൾ ഈ അനാഥശാലയിൽ പോയി
ചേരുവാൻ കല്പനയായി. പോകുവാൻ പുറപ്പെട്ടപ്പോൾ സത്യദാസൻ അവ
ളോടു: "നിന്റെ പാഠങ്ങൾ നല്ലവണ്ണം പഠിച്ചു എല്ലാവരോടും സ്നേഹമായിരി
ക്കേണം. എല്ലാവരിൽനിന്നും നല്ലതു പഠിക്കേണം. ആർ പറയുന്നതും
കേൾക്കേണം. കേൾക്കുന്നതു അധികവും സംസാരിക്കുന്നതു കുറച്ചും ആയിരി
ക്കേണം. ഞാൻ നിണക്കു വേണ്ടി എപ്പോഴും പ്രാൎത്ഥിക്കും" എന്നു പറഞ്ഞു
പോയി. അവൻ പോയതിൽ പിന്നെ തേജോപാലൻ അവളോടു: ആ
കുട്ടി പറഞ്ഞതു കേട്ടുവോ? അതു അവന്റെ അമ്മ അവന്നു പഠിപ്പിച്ചു കൊടു
ത്തതാകുന്നു. അതു പോലെ അവൻ നടക്കുന്നതിനാൽ അവനെ കാണുന്നവ
ൎക്കെല്ലാം അവനോടു വളരെ സ്നേഹമുണ്ടു. നീയും അതിന്നായി തന്നെ ഉത്സാ
ഹിക്കേണം. എനിക്കു നിന്നെ വിട്ടു പിരിയുന്നതു വളരെ വ്യസനമാകുന്നു
എങ്കിലും നീ ഇനിയും അധികകാലം ഈ ഭൂമിയിലിരിക്കേണ്ടുന്നവളാകയാൽ
ഒരു കാൽ കുഴിയിൽ വെച്ചിരിക്കുന്നവനായ ഞാൻ നിന്റെ ഭാവിനന്മയെല്ലാം [ 67 ] എന്റെ നിമിത്തം മുടക്കിക്കുളയുന്നതു യോഗ്യമല്ലല്ലോ. അതുകൊണ്ടു നല്ല
വണ്ണം പഠിച്ചു എല്ലാവരോടും അനുസരണത്തിലും അച്ചടക്കത്തിലും ഇരി
ക്കേണം. ഒന്നാമതു ദൈവത്തെ ഭയപ്പെട്ടു ജീവിക്കേണം. എന്നാൽ സക
ലവും അതിന്റെ പിന്നാലെ വന്നു കൊള്ളും. എന്നെ ആരാനും പരിഹസി
ച്ചാൽ നീ വ്യസനപ്പെടേണ്ടാ. നീ ആരെയും പരിഹസിക്കാതിരുന്നാൽ മതി.
ദൈവമില്ലാത്തവരോട്ടു സംസൎഗ്ഗം ചെയ്യരുതു" എന്നു പറഞ്ഞു കണ്ണിർ വാൎത്തു
കൊണ്ടു അവളെ കെട്ടിപ്പിടിച്ചു ചുംബിച്ചു. സുകുമാരി ഉറക്കെ കരഞ്ഞു.
ഒടുവിൽ ജ്ഞാനാഭരണം വന്നു അവളെ ഒരു വണ്ടിയിൽ കയറ്റി ഇരുവരും
കൂടെ ചിറക്കല്ലിലേക്കു പോയി പോകുംവഴി ജ്ഞാനാഭരണം അവളോടു പലബു
ദ്ധ്യുപദേശങ്ങളും കഴിച്ചു.

"നിന്നെ സായ്വും മദാമ്മയും പലപ്രാവശ്യവും ശാസിക്കയും ശിക്ഷിക്കയും
ചെയ്യും. ഗുരുക്കന്മാരും ആശാത്തികളും അങ്ങിനെ തന്നെ ചെയ്യും. എങ്കിലും
എല്ലാം ക്ഷമയോടെ നിന്റെ നന്മക്കെന്നു വെച്ചു സഹിക്കേണം. നിന്റെ
അഭിപ്രായത്തെക്കാൾ നിന്നിലും പ്രായമേറിയവരുടെ അഭിപ്രായം ശരിയായ
തായിരിക്കും എന്നു കരുതി നിണക്കു ന്യായമായി തോന്നുന്നതു തന്നെ അവർ
അന്യായമെന്നു പറഞ്ഞാൽ നീ അതിന്നു കീഴ്പെട്ടിരിക്കേണം. ശാസനയും
ശിക്ഷയും അവർ കഴിക്കുന്നതു നിന്നെ സ്നേഹിക്കുന്നതുകൊണ്ടാകുന്നു എ
ന്നോൎക്കണം. ഞാനും അവിടെ പഠിക്കുമ്പോൾ വളരെ അനുഭവിച്ചിട്ടുണ്ടു.
ആ കാലത്തിൽ എനിക്കു അതു വളരെ കൈപ്പായി തോന്നിയിരുന്നെങ്കിലും
ഇപ്പോൾ അതിന്റെ മധുരഫലം ഞാൻ അനുഭവിക്കുന്നു. അന്നു അതിന്നു
കീഴ്പെട്ടിരുന്നില്ലെങ്കിൽ ഇന്നു ഈ കഷ്ടദാരിദ്ര്യങ്ങളുടെ മദ്ധ്യേയുള്ള മന
സ്സന്തോഷത്തിന്നും എന്റെ മകനെ ഈ സ്ഥിതിയിൽ കാണ്മാനും ഇടവരിക
യില്ലയായിരുന്നു. നമ്മുടെ സമുദായത്തിൽ നല്ല കട്ടികളും നല്ല സ്ത്രീകളും നല്ല
പുരുഷന്മാരും ഉണ്ടായി വരേണമെങ്കിൽ അതിന്നു ഇപ്പോൾ അടിസ്ഥാനമിടേ
ണ്ടതു ഈ ശാലയിലാകുന്നു. അതു തത്ക്കാലം നിണക്കു മനസ്സിലാകയില്ല. അതു
കൊണ്ടു ഞാൻ പറയുന്നതുമില്ല. ക്രമേണ നീ ഒക്കെയും ഗ്രഹിക്കും. പിന്നെ
ഒരു കാൎയ്യം. ചെറിയ കുട്ടികളെ നോക്കുവാൻ വലിയ കുട്ടികളെ ഏല്പിക്കാറുണ്ടു.
നിന്നെയും അങ്ങിനെ ഒരു കുട്ടിയുടെ വശം ഏല്പിക്കും. അവൾ നിന്നെ
എന്തു ചെയ്താലും ക്ഷമയോടെ സഹിക്കേണം. അല്ലെങ്കിൽ അധികംഉപദ്രവ
ത്തിനിടയാകും. ഈ വക ശാലകളിൽ ഇങ്ങിനെ ചില കഷ്ടങ്ങൾ അന്യായ
മായും അനുഭവിക്കാതിരിപ്പാൻ നിവൃത്തിയില്ല" എന്നും മറ്റും പറഞ്ഞുംകൊണ്ടു
അവർ ചിറക്കല്ലിലെത്തി. അവിടത്തെ മദാമ്മ തന്റെ പഴയശിഷ്യയെ [ 68 ] കണ്ടേപ്പോൾ ബദ്ധപ്പെട്ടു ചെന്നു അവളെയും സുകുമാരിയെയും സലാം പറഞ്ഞു
വണ്ടിയിൽനിന്നിറക്കി സായ്വിന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടു ചെന്നു. സാ
യ്വും കുട്ടിയെ ആദരവോടും കൂടെ കൈക്കൊണ്ടു നല്ല വാക്കു പറഞ്ഞു ധൈൎയ്യ
പ്പെടുത്തി. "എല്ലാ കുട്ടികളും ഇന്നെത്തും, രാത്രി ഞാൻ എല്ലാവരെയും ഒന്നിച്ചു
കാണും" എന്നു പറഞ്ഞു വിട്ടയച്ചു. മദാമ്മ അവളെ കൂട്ടിക്കൊണ്ടു പോയി
ഭക്ഷണകാൎയ്യാദികളുടെ വിചാരിപ്പുകാരിയായ അമ്മയുടെ കയ്യിൽ ഭരമേ
ല്പിച്ചു.

വിടുതലിന്നായി പോയിരുന്ന കുട്ടികളെല്ലാവരും അന്നു അവിടെ തിരിച്ചു
വരേണ്ടതായിരുന്നു. അപ്രകാരം തന്നെ അന്നു അസ്തമിക്കുമ്പോഴെക്കു വട
ക്കേ മലയാളത്തിലെ നാനാമിശ്യൻസ്ഥലങ്ങളിൽനിന്നും കൂട്ടികൾ അവിടെ എ
ത്തിക്കൂടി. ഇവരൊക്കയും ചിലർ അച്ഛനില്ലാത്തവരും ചിലർ അച്ഛനും അമ്മ
യും ഇല്ലാത്തവരും ആയിരുന്നെങ്കിലും ഇളവുകാലത്തു സംബന്ധികളുള്ളവൎക്കുഅ
വരോടു കൂടെ പോയി താമസിച്ചുകൊൾവാൻ അനുവാദം കൊടുക്കാറുണ്ടായിരു
ന്നതിനാൽ പോയവരായിരുന്നു. ആകപ്പാടെ ഈ ശാലയിൽ അന്നു അമ്പത്തു
നാലു പെൺകുട്ടികളുണ്ടായിരുന്നു. ഇതിൽ ആറു മുതൽ പതിനേഴു
വയസ്സുവരെ പ്രായമുള്ളവരുണ്ടായിരുന്നെങ്കിലും അവരിൽ പത്തിന്നാലു വയസ്സി
നു മീതെ ഉള്ളവർ മിക്കവരും പാഠശാലയിലെ പഠിപ്പു കഴിഞ്ഞു വെറും തുന്നൽ
പ്പണിയും പാചകവേലയും ശീലിക്കുന്നവരായിരുന്നു. ആഴ്ചയിൽ മൂന്നു പ്രാവ
ശ്യം അവൎക്കു 'ഗൃഹഭരണശാസ്ത്രം', 'ധനസംരക്ഷണവിദ്യ' എന്ന പാഠങ്ങളുമു
ണ്ടായിരുന്നു. എഴുത്തുപള്ളിയിൽ ആകെ അഞ്ചു തരങ്ങളുണ്ടായിരുന്നതിൽ
എല്ലാറ്റിലും ഉയൎന്നതിന്നു അക്കാലം ഒന്നാം തരമെന്നായിരുന്നു പേർ. ആ
തരത്തിലെ പാഠങ്ങൾ പറഞ്ഞാൽ ഈ ശാലയിലെ പഠിപ്പ തികഞ്ഞു ഒരു കുട്ടി
ക്കു എന്തറിവുണ്ടായിരിക്കുമെന്നു വായനക്കാർ ഗ്രഹിക്കുന്നതാകയാൽ അതിലെ
പാഠക്രമം വിവരമായി പറയാം:-

൧. വേദപാഠം. വേദപുസ്തകവും ക്രിസ്തുസഭാചരിത്രവും.
മലയാളവായന. പദ്യം: പഞ്ചതന്ത്രം.
" ഗദ്യം: "സഞ്ചാരിയുടെ പ്രയാണം" എന്നൊരു
പുസ്തകം.
൩. കണക്കു. തുക്കം അളവു മുതലായവ അടങ്ങിയതും ഭിന്നിതങ്ങ
ളോടു കൂടിയതുമായ പലവിധചോദ്യക്കണക്കു
കൾ.
[ 69 ]
൪. കയ്യക്ഷരം. ഇതൊരു പ്രധാനപാഠവും ഒരു തരത്തിൽനിന്നു
മറെറാന്നിലേക്കു കയറേണ്ടതിനു ഇതിൽ വേ
ദപാഠത്തിൽ എന്ന പോലെ ഉയൎന്നു ജയിക്കേ
ണ്ടതുമായിരുന്നു.
൫. ഇംഗ്ലിഷുവായന. രണ്ടാം പാഠപുസ്തകം.
൬. ഭൂമിശാസ്ത്രം. ഭൂമിയെ കുറിച്ചു ചുരുക്കത്തിലും മദ്രാസുസംസ്ഥാന
ത്തെക്കൊണ്ടു വിവരമായും.
൭. ചരിത്രം. കേരളപ്പഴമയും ചുരുക്കത്തിൽ ഇന്ത്യാചരിത്രവും.
൮. ശരീരസുഖശാസ്ത്രം.
൯. തുന്നൽ. തുണിത്തുന്നൽ എല്ലാ മാതിരിയും സാധാരണമാതി
രി ചിത്രതയ്യലും.
൧൦. പാട്ടു. വിലാത്തിരാഗങ്ങൾ.

ഇതിനു പുറമേ വിവാഹം കഴിച്ച സ്ത്രികൾക്കു 'ശിശുപരിപാലനം', 'ഗൃഹ
നയശാസ്ത്രം' എന്നിവയിൽ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഓരോ പാഠമുണ്ടായ
തിന്നു അവർ അവിടെ ക്രടിവരാറുണ്ടായിരുന്നു.

പത്തു വയസ്സിന്നു മീതെയുള്ള കുട്ടികൾ രാവിലെ അഞ്ചരമണിക്കും ചെറി
യവർ ആറുമണിക്കും എഴുന്നീല്ക്കേണമെന്നായിരുന്നു ക്രമം. ദിവസേന രാവി
ലെ നാലു വലിയ കുട്ടികൾ അടുക്കളയിൽ പ്രവൃത്തിക്കു പോകേണം. ഓരോ
ആഴ്ചയിൽ നാലുപേൎക്കു മാറിമാറി ഊഴം ഉണ്ടാകും. ൬꠱ മണിക്കു പ്രാൎത്ഥന.
൭ മണിക്കു പ്രാതൽ. ൯ മുതൽ ൧൨ വരെ പാഠം. ൧൨ മണിക്കു മുത്താഴം.
൧ മുതൽ ൩ വരെ പാഠം. ൩ മുതൽ ൫ വരെ തുന്നൽ. ചെറിയ കുട്ടികൾക്കു
ഉച്ച കഴിഞ്ഞാൽ പാഠമില്ല. ൫ മണി കഴിഞ്ഞുാൽ വലിയ കുട്ടികൾ തോട്ടത്തിൽ
പണിയെടുക്കും. ൬ മണിക്കു കുളി. ൭ മണിക്കു അത്താഴം. ൭꠱ മണിക്കു പ്രാ
ൎത്ഥന, ചെറിയ കുട്ടികൾ ൯ മണിക്കും വലിയവർ ൧൦ മണിക്കും ഉറങ്ങുവാൻ
പോകേണം. ശനിയും ബുധനും എണ്ണതേച്ചു കുളിക്കേണ്ടതാകയാൽ തുന്നൽ
ഇല്ല. പത്തു വയസ്സിന്നു താഴെയുള്ള കുട്ടികളുടെ കുളി, ഊൺ, വസ്ത്രം മുതലായ
സകലകാൎയ്യങ്ങളും ചിന്തിപ്പാൻ ഓരോ കുട്ടിക്കു ഓരോ വലിയ കുട്ടി നിശ്ചയിക്ക
പ്പെട്ടിട്ടുണ്ടായിരുന്നു. ചെറിയവരുടെ വസ്ത്രം മുഷിഞ്ഞു കാണുകയോ തലമുടി
ചിക്കാതെയും ദേഹത്തിന്നു ശുദ്ധിയില്ലാതെയും കാണ്കയോ ചെയ്താൽ അവരുടെ
നോട്ടക്കാരികൾ അതിനുത്തരവാദികളായിരിക്കേണം. [ 70 ] മേല്പറഞ്ഞു പ്രകാരം കുട്ടികളെല്ലാവരും എത്തിക്കൂടിയപ്പോൾ രാത്രിയത്തെ
ഭക്ഷണവും കഴിഞ്ഞു ൭꠱ മണിക്കു മണിഅടിച്ചു എല്ലാവരും പ്രാൎത്ഥനക്കായി
വലിയ മുറിയിൽ കൂടിവന്നു. സായ്വും മതാമ്മയും ഒരു മേശയുടെ അരികിലും
ചെറിയ കുട്ടികൾ മുമ്പിൽ ചുററി ഒരു വരിയായും അതിന്റെ പിന്നിൽ വലിയ
കുട്ടികൾ ഒരു വരിയായും ഇരുന്നു. ഒരു പാട്ടും പ്രാൎത്ഥനയും കഴിഞ്ഞ ശേഷം
സായ്വ് സുവിശേഷത്തിൽനിന്നു ഒരു അദ്ധ്യായം വായിച്ചു ചുരുക്കത്തിൽ ഒരു
പ്രസംഗം കഴിച്ച ശേഷം ആ ശാലയുടെ ഉദ്ദേശത്തെ കുറിച്ചു പറഞ്ഞതെ
ന്തെന്നാൽ:-

"ഈ ശാലയിൽ വൎഷന്തോറും പുതിയ കുട്ടികൾ ചേൎന്നുവരുന്നതിനാലും ഇ
ന്നും ഇവിടെ കുറെ പുതിയവരെ കാണുന്നതിനാലും, ഈ ശാലയുടെ മുഖ്യ ആ
ന്തരമെന്തെന്നു എപ്പോഴും ഓൎത്തുകൊണ്ടു ഇവിടെ പഠിപ്പാൻ തക്കവണ്ണം അതു
അവരെ, പ്രത്യേകം മുതിൎന്നവരെ ഗ്രഹിപ്പിക്കേണ്ടതു ആവശ്യമെന്നു തോന്നുന്നു.

നിങ്ങളുടെ ചുറ്റുമുള്ള നാനാജാതിക്കാരുടെ സ്ത്രീകളുടെ സ്ഥിതി നിങ്ങൾക്ക
അറിയാമല്ലോ. അവരിൽ വലിയ ധനികരുണ്ടു. ദരിദ്രരുമുണ്ടു. എങ്കിലും അ
വൎക്കാൎക്കും ഒരു സ്ത്രിക്കു ഈ ഭൂമിയിലെ ജീവനത്തിന്നാവശ്യമായ വിദ്യ, ഇല്ലെന്നു
ള്ളതു നിശ്ചയം. ഒരു സ്ത്രി തന്റെ ഭൎത്താവിന്നു സഹായിനിയും വിശ്വസ്തയായ
ഭാൎയ്യയും മക്കളെ ദൈവഭയത്തിലും ശരീരസുഖത്തിലും മനുഷ്യരുടെ മുമ്പാകെ
സന്മൎയ്യാദയിലും വളൎത്തുന്ന അമ്മയും, അങ്ങിനെ തന്റെ ഭവനത്തിന്നു അ
ലങ്കാരവും സമുദായത്തിന്നു ഭൂഷണവും ദൈവത്തിന്നു മഹത്വം വരുത്തുന്നവളും
ആയിരിക്കേണ്ടതു അവളുടെ പ്രധാനമുറയാകുന്നു. ഒരു സ്ത്രീ ഏതു പ്രകാര
മോ അതുപ്രകാരമായിരിക്കും അവളുടെ ഭവനം. സ്ത്രീകളുടെ അഭ്യുദയത്തിന്ന
നുസരിച്ചായിരിക്കും സമുദായവും. അതു നിമിത്തം ഈ ലാക്കു മുൻവെച്ചുകൊണ്ടു
ഇതിന്നാവശ്യമായവ ഈ ശാലയിൽ അഭ്യസിപ്പിച്ചുവരുന്നു. നിങ്ങൾ എല്ലാ
റ്റിന്മീതെ ഇവിടെ അഭ്യസിക്കേണ്ടതു ദൈവഭയം തന്നേ. അന്യജാതിക്കാരു
ടെ ഇടയിൽ കാണുംപ്രകാരം നിങ്ങളുടെ അലങ്കാരം സ്വൎണ്ണാഭരണങ്ങളോ മേ
ത്തരവസ്ത്രങ്ങളോ ആയിരിക്കരുതു. വിശുദ്ധമനസ്സു, വിശുദ്ധസംഭാഷണം,
വിശുദ്ധനടപ്പു എന്നിവയായിരിക്കേണം. ഈ ശാലയിൽ നിങ്ങളിൽ ഈ വക
ഭാവങ്ങൾ വെളിപ്പെടുന്നില്ലെന്നുവരികിൽ നമ്മുടെ മിശ്യൻസംഘം ഈ ശാല
പൂട്ടിക്കുളയും. അങ്ങിനെ സംഭവിക്കുന്നതു ഈ നാട്ടിലെ ക്രിസ്തീയസമുദായ
ത്തിനു ഒരു ശാപകരണമായിത്തീരുമെന്നു ഓൎത്തുകൊൾവിൻ. കാരണം വ
രുവാനുള്ള സന്തതികൾ വിദ്യാഭ്യാസം കൂടാതിരിക്കയോ അല്ലെങ്കിൽ ക്രിസ്തീയ
മേലന്വേഷണം ഇല്ലാത്ത ശാലകളിൽ പഠിക്കയോ ചെയ്യേണ്ടിവരും. അവി [ 71 ] ടെ ലൌകികവിദ്യാഭ്യാസത്തിലും ഐഹികസ്വഭാവത്തിലും വളൎന്നുവരുന്ന ഒരു
കൂട്ടം സ്ത്രീകൾ വിദുഷികൾ എന്ന പേരോടെ നമ്മുടെ സഭകളിൽ ഉണ്ടായിവരും.
പക്ഷേ വസ്ത്രംകൊണ്ടും സ്വൎണ്ണംകൊണ്ടും അവർ തങ്ങളെ തന്നെ അലങ്കരിക്കും.
വിദ്യയും കുറെ ഉണ്ടായിരിക്കും. എങ്കിലും അവർ തങ്ങളുടെ ഭവനങ്ങൾക്കു അശ്രീ
കരവും ഭൎത്താക്കന്മാൎക്കു ഭാരവും മക്കളെ മൃഗതുല്യരായി വളൎത്തുന്നവരും ആയി
ത്തീരും. അങ്ങിനെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഇപ്പോൾ തന്നെ
അതിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നതിനു ചില ദൃഷ്ടാന്തങ്ങൾ ഞാൻ പറ
യാം. ഈ ശാലയിൽനിന്നു വിവാഹം കഴിഞ്ഞു പോയിട്ടുള്ള സ്ത്രീകളുടെ ഭവ
നത്തിലും മറ്റു സ്ഥലങ്ങളിൽനിന്നു വിവാഹം കഴിഞ്ഞു ഗൃഹജോലിയിൽ പ്ര
വേശിച്ച സ്ത്രീകളുടെ ഭവനത്തിലും പോയി നോക്കുവിൻ. ഏതു ഭവനത്തിൽ
അധികം ക്രമം കാണുമെന്നു നിങ്ങളുടെ കണ്ണുകൾ തന്നെ തുറന്നു നോക്കുവിൻ.
കുറെ പുരുഷന്മാർ കൂടിയ ഒരു സ്ഥലത്തു ഞാൻ ഇതിന്നിടെ പോയിരുന്നു. മൂന്നു
നാലു പേർ കുലം നോക്കി പെണ്ണെടുത്ത ചെറു ഉദ്യോഗസ്ഥന്മാരും മറ്റവർ
ഇവിടെനിന്നു ഭാൎയ്യമാരെ എടുത്ത കൈവേലക്കാരുമായിരുന്നു. ഒന്നാമത്തേവ
രിൽ ഒരുത്തന്റെ കുപ്പായത്തിന്റെ കഴുത്തിന്നു കുടുക്കു കണ്ടില്ല. ഒരുത്തന്റെ
കപ്പായത്തിന്റെ കീശ ഒരു വിരൽ നീളത്തിൽ തുന്നൽ പറിഞ്ഞു തൂങ്ങിക്കിട
ന്നിരുന്നു. മറെറാരുത്തന്റെ കാൽചട്ടയുടെ കീഴെ അറ്റം അലക്കുകാരന്റെ
അടിയാൽ ഛിന്നഭിന്നമായി തൂങ്ങിക്കൊണ്ടിരുന്നിരുന്നു. അതു ക്രമമാക്കീട്ടില്ല.
മറേറവർ താണതരം വസ്ത്രമായിരുന്നു ധരിച്ചിരുന്നതു. എങ്കിലും അതിന്റെ
വെടിപ്പും വൃത്തിയും കണ്ടപ്പോൾ അവരുടെ ഭാൎയ്യമാർ ആരാണെന്നു എനിക്കു
തീൎച്ചയായി. രണ്ടു കുട്ടികൾ കഴിഞ്ഞ ഞായറാഴ്ച ഒരുമിച്ചു പള്ളിയിലേക്കു വന്നു.
ഒരുത്തൻ വന്ന ഉടനെ തന്നെ പ്രാൎത്ഥിച്ചു വാങ്കിന്മേൽ ഇരുന്നു. മറ്റവൻ
മൃഗംപോലെ വന്നു നാലുപുറവും നോക്കിക്കൊണ്ടു അവിടെ ഇരുന്നു. ഒന്നാ
മൻ അവസാനത്തോളം പ്രസംഗം ശ്രദ്ധിച്ചു കേട്ടു. മറ്റവൻ വായി തുറന്നു
ഉറങ്ങിക്കൊണ്ടിരുന്നു. അന്വേഷിച്ചു നോക്കിയപ്പോൾ ഒന്നാമന്റെ അമ്മ
ഈ ശാലയിൽനിന്നു പോയവൾ. രാത്രിയായാൽ അവനോടു അന്നു ദൈവാ
ലയത്തിൽവെച്ചു കേട്ടതെന്തെന്നു ചോദിക്കും. മറ്റേവന്റെ അമ്മ ഈ ശാല
കണ്ടിട്ടും ഇല്ല, ഇവിടത്തെ ചെയ്തികളെന്തെന്നു കേട്ടിട്ടുമില്ല. അതുകൊണ്ടു
നിങ്ങളുടെ ഭാവിനന്മെക്കുള്ളവ നിങ്ങൾ ഇവിടെനിന്നു കരസ്ഥമാക്കുവാൻ ഉത്സാ
ഹിച്ചുകൊൾവിൻ."

ഇതൊന്നും സുകുമാരി വേണ്ടുംവണ്ണം ഗ്രഹിച്ചില്ലെങ്കിലും അവൾക്കു ആക
പ്പാടെ വളരെ സന്തോഷമുണ്ടായിരുന്നു. പ്രൎത്ഥന കഴിഞ്ഞു ഉടനെ മതാമ്മ [ 72 ] ചെറിയ കുട്ടികളെ ഓരോ വലിയ കുട്ടിക്കു ഏല്പിച്ചു. സുകുമാരിയുടെ നോട്ട
ക്കാരിക്കു വത്സല എന്നായിരുന്നു പേർ.

ഗ്രന്ഥവിസ്താരം ഭയപ്പെട്ടു, ഈ ശാലയിൽ സുകുമാരി പഠിച്ച കാലങ്ങളിലെ
ചരിത്രം വിവരമായി എഴുതുന്നില്ല. ദുശ്ശാഠ്യം അവളുടെ പ്രത്യേക കുറ്റമായി
രുന്നതിനാൽ അതു നിമിത്തം അവൾ പലപ്പോഴും ശിക്ഷ അനുഭവിക്കേണ്ടി
വന്നു. എങ്കിലും ഈ ദുൎഗ്ഗുണം തീരെ മാറ്റിയതു അവളുടെ നോട്ടക്കാരിയാ
യിരുന്നു. ഇവളുടെ പേർ വത്സല എന്നായിരുന്നെങ്കിലും വാത്സല്യം എന്ന ഗു
ണത്തിന്റെ ഗന്ധം പോലും അവളുടെ സമീപത്തെങ്ങും ഉണ്ടായിരുന്നില്ല.
ദിവസേന രാവിലെ മുടി ചിക്കിക്കെട്ടിക്കൊടുക്കുമ്പോൾ മുടിയുടെ ചിക്കും കുടു
ക്കും തീൎക്കുക എന്ന പേരും പറഞ്ഞു കുറെ മുടി എങ്ങിനെ എങ്കിലും പറിച്ചു നീ
ക്കും. അവൾ വേദന കൊണ്ടു കരഞ്ഞാൽ ശാഠ്യം പിടിച്ചു നിലവിളിക്കയാ
ണെന്നു പറഞ്ഞു തല്ലും കൊള്ളിക്കും. സുകുമാരിക്കു വയസ്സു ഒമ്പതു നടപ്പായിരു
ന്നുവെങ്കിലും മുടി ധാരാളമുണ്ടായിരുന്നു. അതുകൊണ്ടു കുളിപ്പിക്കുഃമ്പാർ എ
ണ്ണ തേച്ചുകളയുന്നതും തല തുവൎത്തുന്നതും കുറെ പ്രയാസമാകയാലായിരുന്നു ഈ
ക്രൂരപ്രവൃത്തി ചെയ്തതു. അങ്ങിനെ തന്നെ കുളിപ്പിക്കുമ്പോൾ ശരീരത്തിലുള്ള
ചേറു ഇളക്കിക്കളവാനാണെന്നു പറഞ്ഞു മാടോടിന്റെ കഷണം കയ്യിൽ പിടി
ച്ചു മെയ്യിൽ ഉരക്കും. അങ്ങിനെ ചെയ്താൽ അവൾ താൻ തന്നെ തേച്ചുകൊള്ളാ
മെന്നു പറഞ്ഞു ഇവൾക്കു ആ പണി കുറഞ്ഞു കിട്ടും. രാത്രിപ്രാൎത്ഥനെക്കു ചെ
റിയ കുട്ടികൾ നന്ന ഉയരം കുറഞ്ഞ വാങ്കിന്മേലായിരുന്നു ഇരിക്കാറു. അവരെ
നോക്കുന്നവർ നേരെ പിന്നിൽ ഉയൎന്ന വാങ്കുകളിന്മേൽ ഇരിക്കും. കാലിന്റെ
പെരുവിരലിന്റെ അറ്റത്തു ഒരു മൊട്ടുസൂചി കത്തിവെച്ചിരിക്കും. മുമ്പിൽ
ഇരിക്കുന്ന സുകുമാരി ഉറക്കുതുക്കിപ്പോയെങ്കിൽ പൃഷ്ഠത്തു ഈ സൂചികൊണ്ടൊരു
കുത്തു കൊടുക്കും. കരഞ്ഞെങ്കിൽ ഉറക്കുതുക്കിയതു പ്രസ്താവത്തിൽ വരുന്നതാക
യാൽ പേടിച്ചു അടങ്ങിയിരിക്കും. രാത്രി ചെറിയ കുട്ടികൾ അവരേ നോക്കു
ന്നവരോടു കൂടെ ആയിരുന്നു ഉറങ്ങേണ്ടതു. വത്സലെക്കു എപ്പോഴും കാലിന്നു
ഒരു കടച്ചലുണ്ടായിരുന്നു. അതുകൊണ്ടു സുകുമാരിയെ കാല്ക്കലിരുത്തി കാൽ
തിരുമ്പുവാൻ പറയും. അവൾ അതിന്മദ്ധ്യേ ഉറക്കം തൂക്കിയെങ്കിൽ നല്ല ച
വിട്ടും കൊടുക്കും. ഇങ്ങിനെ സാഹസം സഹിച്ചു സഹിച്ചു അവൾക്കു എല്ലാവ
രെക്കാൾ വത്സലയെ ഏറ്റവും ഭയമായി തുടങ്ങി. വത്സല എന്ന പേർ കേ
ട്ടാൽ അവൾ അപ്പോൾ തന്നേ നടുങ്ങി വിറെച്ചുപോകും. എങ്കിലും ജ്ഞാനാഭ
രണത്തിന്റെ ഉപദേശം ഓൎത്തു ഒക്കെയും സഹിച്ചു പാൎത്തു. [ 73 ] ഒരു ദിവസം തുന്നൽസമയത്തു അവൾക്കു ഒരു പുതിയ വസ്ത്രം മുറിച്ചു
തുന്നുവാനായി അളവിനു വേണ്ടി മതാമ്മ അവളെ അടുക്കൽ വിളിച്ചു കുപ്പായം
അഴിപ്പാൻ പറഞ്ഞു. അപ്പോൾ അവൾ അതഴിച്ചു കൂടാ എന്നുത്തരം പറഞ്ഞു.
സംഗതി ചോദിച്ചപ്പോൾ അവൾ യാതൊന്നും മിണ്ടാതെ ഭയപ്പെട്ടു വത്സലയുടെ
മുഖത്തു നോക്കിയതേ ഉള്ളൂ. ഒടുവിൽ അഴിപ്പിപ്പാൻ തുടങ്ങിയപ്പോൾ ഇടങ്കൈ
ഊരിക്കൂടാ എന്നു കണ്ടു. ആ കൈ ഒരേടത്തു അസാരം കീറിയിരുന്നതു രാവി
ലെ അവൾ അതു ഉടുത്ത സ്ഥിതിയിൽ വത്സല തുന്നിക്കൊടുക്കുമ്പോൾ സൂചി കു
ത്തിവലിച്ചതു ഒന്നു അവളുടെ തോലോടുകൂടെ ആയി പോയിരുന്നു. ഭയം നിമി
ത്തം മിണ്ടാതെ ആ വേദന സഹിച്ചു അടങ്ങിയിരുന്നു. ഇപ്പോൾ അതു വിടു
വിച്ചു കുപ്പായം അഴിച്ചപ്പോൾ രണ്ടു കൈയ്യിന്മേലും അൎദ്ധചന്ദ്രാകാരത്തിൽ നഖ
ത്തിന്റെ അടയാളം അനവധി കണ്ടു. അന്നു മുതൽ സുകുമാരി വത്സലയുടെ
വാത്സല്യസംരക്ഷണത്തിൻ കീഴിൽനിന്നു സ്വതന്ത്രയായി. വത്സലെക്കു കുറ്റ
ത്തിനു തക്ക ശിക്ഷയും കിട്ടി.

എങ്കിലും ഏതു ദോഷത്തിൽനിന്നും ഒരു നന്മയുളവാകാതിരിക്കയില്ലല്ലോ.
സുകുമാരി വത്സലയുടെ അടിമയെ പോലെ ആയിപ്പോയിരുന്നതിനാൽ അവ
ളുടെ ശാഠ്യസ്വഭാവം മുഴുവനെ തീൎന്നു താഴ്മ ക്ഷാന്തി അടക്കം സഹിഷ്ണുത
എന്ന ഗുണങ്ങളെല്ലാം അവളിൽ അധികം വെളിവായി ശോഭിപ്പാൻ തുടങ്ങി.
അന്നു രാത്രി വത്സല ഒരു മുറിയുടെ മൂലെക്കു ഒരു പെട്ടിമേൽ തനിച്ചി
രുന്നു തനിക്കു കിട്ടിയ ശിക്ഷ ഓൎത്തു മൌനമായി കരഞ്ഞുംകൊണ്ടിരിക്കയായി
രുന്നു. മുറിയിൽ വെളിച്ചമുണ്ടായിരുന്നില്ല. സുകുമാരി ഇതറിഞ്ഞപ്പോൾ പ
തുക്കെ ചെന്നു അവളുടെ കാല്ക്കലിരുന്നു. കാലെടുത്തു തന്റെ മടിയിൽ വെച്ചു
തലോടിക്കൊണ്ടു ഒന്നും സംസാരിക്കാതെ കരയുവാൻ തുടങ്ങി. വത്സലെക്കു ഈ
സ്നേഹം നിമിത്തം എത്രയും ആൎദ്രത തോന്നി അവളുടെ തല ചരിച്ചു തന്റെ
മടിയിൽ വെച്ചു "നീ കരയേണ്ട. പേടിക്കയും വേണ്ട. നീ എന്നോടു ഒന്നും
ചെയ്തില്ലല്ലോ. മതാമ്മ തന്നാലെ തന്നെ കണ്ടുപിടിച്ചതല്ലേ?" എന്നു പറഞ്ഞു.
അന്നു മുതൽ അവരിരുവരും തമ്മിൽ പരമാൎതഥമായി വലിയ സ്നേഹിതകളായി
തീൎന്നു. അതിന്റെ ശേഷം സുകുമാരിയെ നോക്കിയതു വേറെ ഒരു യുവതി
ആയിരുന്നെങ്കിലും വത്സല സ്വേച്ഛാനുസരണമായി സുകുമാരിക്കു വേണ്ടുന്ന
സഹായങ്ങൾ ചെയ്തു പോന്നു. എങ്കിലും അവൾ വേഗം ആ ശാല വിട്ടു പോ
കേണ്ടിവന്നു.

രണ്ടു മാസം കഴിഞ്ഞപ്പോൾ, വത്സലയെ ഒരു ദിവസം സായ്വും മദാമ്മയും
വിളിപ്പിച്ചു വളരെ നേരം ഒരു മുറിയിൽ മൂവരും അടച്ചു പൂട്ടിയിരിക്കുന്നതു [ 74 ] സുകുമാരി കണ്ടു. കുട്ടികൾ വല്ല കുറ്റവും ചെയ്താൽ അങ്ങിനെ ചെയ്യുന്നതു
പതിവാണെന്നും താൻ തന്നെ ആ മുറിയിൽ അങ്ങിനെ രണ്ടു മൂന്നു പ്രാവശ്യം
പോകേണ്ടിവന്നിരുന്നെന്നും അവൾക്കു ഓൎമ്മയുണ്ടായിരുന്നതിനാൽ വത്സല
അവിടുന്നു തിരിച്ചു വരുവോളം അവൾ മഹാ അക്ഷമാഭാവത്തോടെ കാത്തി
രുന്നു. ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞശേഷം വത്സല വാതിൽ തുറന്നു പുറത്തു
വന്നു. മുഖം കണ്ട ഉടനെ അവൾ വളരെ കരഞ്ഞിരുന്നെന്നു സുകുമാരിക്കു
മനസ്സിലായെങ്കിലും സായ്വിന്റെയും മദാമ്മയുടെയും മുഖത്തു സങ്കടത്തിന്റെ
യോ കോപത്തിന്റെയോ യാതൊരു ലക്ഷണവും കണ്ടില്ല. വത്സല ശാലയി
ലേക്കു വന്ന ഉടനെ വലിയ കുട്ടികളുമായി വട്ടമിട്ടുനിന്നു വൎത്തമാനം പറവാൻ തു
ടങ്ങി. സുകുമാരിയും അടുത്തു ചെന്ന ഉടനെ "ചെറിയ കുട്ടികൾക്കു എന്താവശ്യം
ഇവിടെ വരാൻ? പൂച്ചെക്കെന്താകുന്നു പൊന്നുരുക്കുന്നേടത്തു?" എന്നു പറഞ്ഞു
രണ്ടുമൂന്നു കുട്ടികൾ ഒന്നിച്ചു അവളുടെ തലെക്കു ഓരോ ചൊട്ടു കൊടുത്തതും വാങ്ങി
അവൾ അവിടെ നിന്നു ഓടിപ്പോകേണ്ടിവന്നു. വത്സല ആ കൂട്ടത്തിൽനിന്നു
പിരിഞ്ഞു വേറിട്ടു നിന്ന തരം നോക്കി സുകുമാരി ഓടിച്ചെന്നു അവളെ കെട്ടി
പ്പിടിച്ചു "എന്നോടു പറഞ്ഞുകൂടായെങ്കിൽ എനിക്കു കേൾക്കുണ്ട. എന്നാൽ
നിങ്ങൾ എന്തിനാകുന്നു കരഞ്ഞതെന്നു എനിക്കു കേൾക്കേണം" എന്നു പറഞ്ഞു.
അപ്പോൾ വത്സല ഏറ്റവും സ്നേഹത്തോടെ അവളുടെ തലതടവിക്കൊണ്ടു
"കുമാരീ ഞാൻ നിന്നെ വേഗം വിട്ടു പോകേണ്ടി വരും" എന്നു മാത്രം ഗൽഗ
ദാക്ഷരമായി പറഞ്ഞു.

സുകു: "അയ്യോ നിങ്ങൾ പോകുന്നുവോ? എവിടെ പോകുന്നു?"

വത്സ: "അതു പറഞ്ഞാൽ നിണക്കു മനസ്സിലാകയില്ല. എന്നെ ഒരാൾ
കല്ല്യാണം കഴിപ്പാൻ ചോദിച്ചിരിക്കുന്നു. സായ്വും മദാമ്മയും എനിക്കു അതിന്നു
ഇഷ്ടമുണ്ടോ എന്നു ചോദിക്കയായിരുന്നു."

സുകു: ഓ കല്ല്യാണം എന്നു പറഞ്ഞാൽ എനിക്കുറിയാം. കഴിഞ്ഞകൊല്ലം
കണ്ണൂർപ്പള്ളിയിൽ വെച്ചു ഒരു കല്യാണം കഴിഞ്ഞപ്പോൾ ഞാൻ പള്ളിയിൽ
ഉണ്ടായിരുന്നു. ആരാകുന്നു. നിങ്ങളെ ചോദിച്ചതു?"

വത്സ: "ആ ആൾ നാളെ വൈകുന്നേരം ഇവിടെ വരും, അപ്പോൾ നി
ണക്കു കാണാം."

സുകു: "നിങ്ങൾ മുമ്പെ കണ്ടിട്ടുണ്ടോ അയാളെ?"

വത്സ: "കാണാതെ മനസ്സുണ്ടെന്നു പറവാൻ പാടുണ്ടോ?" [ 75 ] സുകു: "നിങ്ങൾ മനസ്സുണ്ടെന്നു പറഞ്ഞോ?"

വത്സ: "പറഞ്ഞു."

സുകു: "പിന്നെ എന്തിന്നാകുന്നു മുറിയിൽ ഇത്ര താമസിച്ചതു?"

വത്സ: സായ്വിന്നും മദാമ്മെക്കും അതിൽ നല്ല മനസ്സു കണ്ടില്ല. കണ്ണൂ
രിലെ സായ്വിന്നു വളരെ ഇഷ്ടമാകുന്നു എന്നു മാത്രം എന്നാടു പറഞ്ഞു. അതു
കൊണ്ടു ഞാൻ ആദ്യം ഉത്തരം യാതൊന്നും പറഞ്ഞില്ല. സായ്വും മദാമ്മയും
പ്രാൎത്ഥിച്ചു. ഞാനും പ്രാൎത്ഥിച്ചു. ഒടുവിൽ സായ്വ് തന്റെ അഭിപ്രായം
ഒന്നും പറയാതെ "വിവാഹം കഴിക്കുന്നതു നീയാകയാൽ നിന്റെ ഇഷ്ടംപോ
ലെ ചെയ്യാം ഞങ്ങൾ ഇതിൽ തടസ്ഥം പറയുന്നില്ല" എന്നു പറഞ്ഞു.

സുകു: "നിങ്ങൾ എപ്പോ പോകും?"

വത്സ: "കല്ല്യാണം കഴിഞ്ഞ ഉടനെ പോകേണ്ടി വരും."

സുകു: "അതെപ്പോഴാകുന്നു?"

വത്സ: "ക്രിസ്മസ് കഴിഞ്ഞു ഉടനെ ഉണ്ടാകും; ഇനി നാലു മാസമേ ഉള്ളൂ."

സുകു: "നിശ്ചയിച്ചു കഴിഞ്ഞാൽ ഇത്ര താമസിക്കുന്നതു എന്തിനാകുന്നു?"

വത്സ: "അതിപ്പോൾ പറഞ്ഞാൽ നിണക്കു മനസ്സിലാകയില്ല. നീ കുറച്ചും
കൂടെ വളൎന്നാലറിയാം."

സുകു: "നിങ്ങൾ പോകുന്നതു എനിക്കു വലിയ വ്യസനം തന്നെ. പോ
യാൽ പിന്നെ ഇവിടെ വരുമോ?"

വത്സ: "അതു പ്രയാസമായിരിക്കും. ഈ നാട്ടിൽ തന്നെ ആയിരുന്നെ
ങ്കിൽ ആഴ്ചയിൽ രണ്ടു പ്രാവശ്യം സ്ത്രീകളുടെ പാഠത്തിനു വരുമായിരുന്നു.
എന്നെ കല്ല്യാണം കഴിക്കുന്ന ആൾ കോഴിക്കോട്ടിലാകുന്നു. അതുകൊണ്ടു
ഞാൻ അവിടെ പോകേണ്ടിവരും. നാളെ നുമ്മൾ വിലാത്തിക്കു കത്തെഴുതേ
ണമല്ലോ. നീ എന്തു സമ്മാനത്തിന്നാകുന്നു എഴുതുവാൻ പോകുന്നതു?"

സുകു: ഞാനൊന്നും അറികയില്ല. ആൎക്കാകുന്നു വിലാത്തിയിൽ കത്തെ
ഴുതേണ്ടതു?"

വത്സ: "ഇവിടെ ഇങ്ങിനെ ഒരു സമ്പ്രദായമുണ്ടു. ഇവിടെയുള്ള അനാ
ഥകുട്ടികൾക്കെല്ലാം വിലാത്തിയിൽ ഓരോ സ്നേഹിതയുണ്ടു. തമ്മിൽ കണ്ടി
ട്ടില്ലെങ്കിലും കൊല്ലത്തിൽ ഓരോ കത്തു അങ്ങോട്ടുമിങ്ങോട്ടും അയക്കും. ക്രിസ്മ
സിന്നു നാലു മാസം മുമ്പെ ഒരു കത്തെഴുതി സായ്വിന്റെ വക്കൽ കൊടുത്താൽ [ 76 ] സായ്വ് അതു ജൎമ്മനിലാക്കി അങ്ങോട്ടു അയക്കും. അവിടന്നു ഒരു മറുപടിയും
സമ്മാനവും വരും. ആ കത്തു സായ്വ് മലയാളത്തിലാക്കി സമ്മാനത്തോടു
കൂടെ ക്രിസ്മസിന്നു നമുക്കു തരും."

സുകു: "എനിക്കു വിലാത്തിയിൽ ഒരു സ്നേഹിതയുണ്ടെന്നു ഞാൻ കേ
ട്ടിട്ടേ ഇല്ല. പക്ഷേ ഇനിക്കാരും ഇല്ലായിരിക്കാം."

വത്സ: "ഉണ്ടാകും. അതു സായ്വ് ഇന്നു രാത്രി പറഞ്ഞു തരും. നീ
ഇവിടെ ചേൎന്ന കാലത്തു തന്നെ മദാമ്മ വിലാത്തിക്കെഴുതി നിണക്കൊരു
സ്നേഹിതയെ സമ്പാദിച്ചിട്ടുണ്ടായിരിക്കണം."

സുകു: "ഞാൻ എന്തു സമ്മാനത്തിന്നാകുന്നു എഴുതേണ്ടതു്? നിങ്ങൾ എന്തു
സമ്മാനത്തിന്നായാകുന്നു എഴുതുവാൻ പോകുന്നതു?"

വത്സ: "ഞാൻ ഇന്ന സമ്മാനം വേണമെന്നു ഈ പ്രാവശ്യം എഴുതുക
യില്ല. ക്രിസ്മസ് കഴിഞ്ഞ ഉടനെ കല്ല്യാണമുണ്ടെന്നു എഴുതും. അയക്കുന്നതു
എന്തായാലും സന്തോഷത്തോടെ വാങ്ങും."

സുകു: ഇവിടെ ആൎക്കെങ്കിലും ഇങ്ങിനെ കല്ല്യാണത്തിനു സമ്മാനം കിട്ടീ
ട്ടുണ്ടോ?"

വത്സ: "പെരുത്താൾക്കു കിട്ടീട്ടുണ്ടു. കഴിഞ്ഞകൊല്ലം ഒരുത്തി ഇവിടന്നു
പെരുന്നാളിന്നു എത്രയോ മുമ്പെ കല്ല്യാണം കഴിച്ചിട്ടും വിലാത്തിക്കെഴുതിയ
പ്പോൾ അവളുടെ സ്നേഹിത അവൾക്കു രണ്ടു നല്ല കത്തിയും ആറു കരണ്ടിയും
ഒരു നല്ല ശാല്വയും പലവിധം തുണിയും കൊടുത്തയച്ചു."

സുകു: "ഞാൻ എന്താകുന്നു എഴുതി ചോദിക്കേണ്ടതു? നിങ്ങൾ പറഞ്ഞു
തരീൻ."

വത്സ: "ചോദിച്ചാൽ ചോദിച്ചതേ കിട്ടും. ചോദിച്ചില്ലെങ്കിൽ അധികം
നല്ല സാധനങ്ങൾ വല്ലതും കിട്ടും."

സുകു: "എന്നാൽ ഞാൻ ഒന്നിന്നും എഴുതുകയില്ല. എനിക്കു വേണ്ടി യാ
തൊന്നും ചോദിപ്പാൻ മനസ്സുമില്ല. എന്റെ മുത്തച്ഛന്നു പറ്റിയ വല്ലതും
കിട്ടിയെങ്കിൽ നന്നായിരുന്നു.

വത്സ: "നീ നല്ല കുട്ടി, നീ എപ്പോഴും മുത്തച്ഛനെ സ്നേഹിക്കുന്നതു നല്ല
നന്ദിഭാവം തന്നെ. എങ്കിലും അങ്ങിനെ ഒന്നും കിട്ടുകയില്ല. കുട്ടികൾക്കു
ആവശ്യമായ വസ്തു മാത്രമേ കുട്ടികൾക്കു കിട്ടുകയുള്ളൂ. അതാ കുളിപ്പാൻ പോ
കുവാൻ മണി അടിക്കുന്നു. നുമ്മൾ പോകുക." [ 77 ] ഈ അദ്ധ്യായം അവസാനിക്കുന്നതിന്നു മുമ്പെ സുകുമാരി അന്നു സത്യ
ദാസന്നു എഴുതിയ ഒരു കത്തു ഇവിടെ കാണിക്കേണ്ടതു ആവശ്യമായി
തോന്നുന്നു.

ചിറക്കൽ,
൧൮...ആഗസ്റ്റ് ൨൦–ാം ൹.

പ്രിയമുള്ള സത്യദാസൻ അറിവാൻ,

നീ എഴുതിയ എഴുത്തു ഇന്നലെ മദാമ്മ എനി
ക്കു തന്നു. സായ്വും മദാമ്മയും അതു ആദ്യം പൊളിച്ചു വായിച്ചിരുന്നു. ആൺ
കുട്ടികൾക്കു ഇങ്ങോട്ടും ഞങ്ങൾക്കു അങ്ങോട്ടും കത്തെഴുതുവാൻ കല്പനയില്ല.
എങ്കിലും കത്തു നിന്റേതാകയാലും നീ എഴുതിയ കത്തു വായിച്ചു സന്തോഷിക്ക
യാലും മറുപടി എഴുതുവാൻ എനിക്കു മദാമ്മ സന്തോഷത്തോടെ സമ്മതം
തന്നിരിക്കുന്നു. എനിക്കു കടലാസ്സിലെഴുതുവാൻ ഇനിയും നല്ല ശീലമായിട്ടില്ല.
അതുകൊണ്ടു ഞാൻ ഇതു എഴുതിക്കയാകുന്നു ചെയ്യുന്നതു.

മുത്തച്ഛി മരിച്ചു പോയെന്നു ഞാൻ ഈ കഴിഞ്ഞ മാസത്തിന്റെ ആരംഭ
ത്തിൽ തന്നെ കേട്ടിരുന്നു. എങ്കിലും നിണക്കു അതിനെ പറ്റി ഒരു കത്തെ
ഴുതുവാൻ കഴിവു വന്നില്ല. അമ്മ ആ വ്യസനം കൊണ്ടായിരിക്കാം ഇങ്ങോട്ടു
ഇതുവരെ വരാഞ്ഞതു. നിണക്കു നല്ല ആശ്വാസവും ധൈൎയ്യവുമുണ്ടെന്നു
നിന്റെ കത്തിൽ കാണുകയാൽ നിന്നെക്കാൾ പ്രായവും ബുദ്ധിയും കുറഞ്ഞ
ഞാൻ വിശേഷിച്ചു ഒന്നും എഴുതേണമെന്നില്ലല്ലൊ. അന്യദിക്കിൽ വെച്ചു
മരിപ്പാൻ സംഗതിയായതിനാൽ എനിക്കും വളരെ വ്യസനമുണ്ടു. എങ്കിലും
അതും ദൈവേഷ്ടം കൂടാതെ സംഭവിച്ചതല്ല എന്നോൎത്തു ആശ്വസിക്കുന്നു.

എനിക്കു ഇവിടെ നല്ല സുഖവും സന്തോഷവുമുണ്ടു. നിന്നെയും അമ്മ
യെയും മുത്തച്ഛനെയും എപ്പോഴും കാണ്മാൻ കഴിയാത്തതിനാൽ മാത്രം അല്പം
ദുഃഖമുണ്ടു. എന്നോടെല്ലാവൎക്കും നല്ല ഇഷ്ടവും സ്നേഹവുമാകുന്നു. നീ പറ
ഞ്ഞതു പോലെയും അമ്മയും മുത്തച്ഛനും പറഞ്ഞതു പോലെയും കഴിയുംവണ്ണം
ഞാൻ അനുസരിച്ചു നടക്കുന്നുണ്ടു. ഒരു കുട്ടിക്കു മാത്രമേ എന്നെ കണ്ടു കൂടാതെ
യുള്ളു. ബൊംബായിൽനിന്നു കണ്ണൂരിൽവന്നു വലിയ ഒരു പാണ്ടികശാല
യിൽ കച്ചവടം നടത്തുന്ന ഒരാളുടെ രണ്ടു മക്കൾ ഇവിടെ പഠിക്കുന്നുണ്ടു. അ
തിൽ മൂത്തവളുടെ പേർ താരബായി എന്നാകുന്നു. അവളുടെ ഭാവം ഇന്നവിധം
എന്നു വിവരിപ്പാൻ വഹിയാ. എല്ലാവരെയും നീചരായിട്ടാകുന്നു താൻ വി
ചാരിക്കുന്നതു. എനിക്കു ആരുമില്ലെന്നറികയാലും എന്നോടു എല്ലാവൎക്കും ഇഷ്ട [ 78 ] മാകയാലും അവൾക്കു എന്റെ നിറം പൊറുത്തുകൂടാ. എങ്കിലും ഞാൻ അവളെ
അതുനിമിത്തം വെറുക്കുന്നു എന്നു നീ വിചാരിക്കേണ്ടാ. എന്നെക്കാൾ രണ്ടു
വയസ്സധികമുണ്ടെങ്കിലും ധനം ചൊല്ലി ഗൎവ്വിക്കുന്നതു ബുദ്ധിയല്ല എന്നതു അവ
ൾക്കു അറിഞ്ഞുകൂടാ.

കഴിഞ്ഞ ആഴ്ച ഒരു ചാലിയത്തി ഇവിടെ ക്രിസ്ത്യാനിയാകുവാൻ വന്നു.
തെരുവത്തെ ചാലിയരും മാപ്പിളമാരും കൂടി കൂട്ടമായി വന്നു പറമ്പിന്റെ പുറത്തു
നിന്നു കല്ലുകൊണ്ടു ഇസ്ക്കൂളിന്റെ കണ്ണാടിവാതിലെല്ലാം എറിഞ്ഞു പൊളിച്ചു
കളഞ്ഞു. സായ്വ് ആദ്യം തന്നെ സൎക്കാറിൽനിന്നു കാവലിനു ആളെ വെപ്പി
ച്ചിരുന്നതിനാൽ അവർ ഇങ്ങു കടന്നു വരുവാൻ ധൈൎയ്യപ്പെട്ടില്ല. അവർ
അവളുടെ വീട്ടുകാരോടു പിണങ്ങിവന്നതാകുന്നു എന്നു ഇപ്പോൾ കേൾക്കുന്നു.
അതു സത്യമാകുന്നു എന്നു തിൎച്ച കിട്ടിയാൽ അവളെ അയച്ചുകളയുംപോൽ.
ആത്മരക്ഷെക്കായി വരുന്നവരെ അല്ലാതെ മറ്റാരെയും ഇവിടെ ചേൎക്കുവാൻ
സായ്വിനു മനസ്സില്ല.

ഞങ്ങളെല്ലാവരും നാളെ വിലാത്തിക്കു കത്തെഴുതും. എനിക്കു യാതൊരു
സമ്മാനത്തിന്നായും എഴുതുവാൻ മനസ്സില്ലെങ്കിലും മുത്തച്ഛനെ വിചാരിച്ചു
ഒരു കമ്പിളിക്കെഴുതുവാൻ ഭാവിക്കുന്നു. കിട്ടിയാൽ മുത്തച്ഛന്നു പുതുക്കാമല്ലോ.
ഇന്നു ബുധനാഴ്ച ഇതെഴുതുന്ന കുട്ടിക്കു വളരെ പ്രവൃത്തിയുള്ള ദിവസമാകയാൽ
ഇതു ഇപ്പോൾ ഇവിടെ അവസാനിക്കുന്നു. നിനക്കും അമ്മെക്കും മുത്തച്ഛന്നും
എന്റെ വാത്സല്യമുള്ള വന്ദനം. — എന്നു നിന്റെ പ്രിയമുള്ള

സുകുമാരി തേജോപാലൻ. [ 79 ] ഏഴാം അദ്ധ്യായം.


ദിസേമ്പ്ര ഇരുപത്തുനാലാം തിയ്യതി ആയിരിക്കുന്നു. തലേന്നു ഉച്ചെക്കു തന്നെ
പാഠങ്ങൾ മൂന്നാഴ്ചെക്കു നിൎത്തിവെച്ചിരിക്കുന്നു. ബൊംബായിക്കാരായ കുട്ടികള
ല്ലാതെ മറ്റാരും ശാലയിൽനിന്നു പോയിട്ടില്ല. ക്രിസ്മസും ജനവരിയും കഴി
ഞ്ഞെപോകുകയുള്ളു. "ഭൂമിയിൽ സമാധാനവും മനുഷ്യരുടെ മേൽ ദൈവ
പ്രസാദവും" ഉദിച്ചു വന്ന ദിവസത്തിന്റെ സ്മരണചിഹ്നങ്ങൾ പ്രകൃതിയിൽ
തന്നെ ധാരാളം കാണ്മാനുണ്ടു. ശാലയുടെ ഉമ്മരം തുടങ്ങി കണ്ടിവാതിൽ
വരെയും ഉള്ള നിരത്തിന്റെ ഇരുവശങ്ങളിലും അത്യന്തം ഉയരത്തിൽ വളൎന്നു
ശോഭിച്ചു നില്ക്കുന്ന കാറ്റാടി (ചബൂൿ) മരങ്ങളുടെ മേൽ കിഴക്കൻകാറ്റു
വീശുമ്പോളുളവാകുന്ന ശബ്ദം വൎഷകാലത്തിലെ സമുദ്രശബ്ദത്തിന്നു തുല്യമായി
രിക്കുന്നു. വൃക്ഷങ്ങളുടെ കൊമ്പുകളും ഇലകളും ആടി അലഞ്ഞു അന്യോന്യം
ഉരസിക്കൊണ്ടിരിക്കുന്നതു കണ്ടാൽ അവയൊക്ക പരസ്പരം ക്രിസ്തജനനോത്സവ
ദിനവന്ദനങ്ങൾ ചെയ്കയാണെന്നു തോന്നും. പ്രഭാതകിരണങ്ങൾ അവ
യുടെ ശിഖരങ്ങളിന്മേൽ തട്ടുമ്പോൾ കേൾക്കാകുന്ന പക്ഷിനിനാദങ്ങളാൽ,
അന്ധകാരം നീങ്ങി സൂൎയ്യപ്രഭകാണുമ്പോൾ, ആഹ്ലാദിക്കുന്ന ഈ പറവകൾ
പാപാന്ധകാരത്തെ നീക്കം ചെയ്വാനുദിച്ച നീതിസൂൎയ്യനെ എതിരേറ്റു കൈ
ക്കൊള്ളേണ്ടതെങ്ങിനെയാണെന്നു മനുഷ്യരെ പഠിപ്പിപ്പാൻ സൃഷ്ടിക്കപ്പെ
ട്ടവയാണെന്നു തോന്നിപ്പോകുന്നു. ദൈവത്തിന്റെ യാതൊരു ദാനവും അ
വനെ സ്തുതിക്കാതെ അനുഭവിക്കരുതെന്നും ദാനങ്ങളിൽ ഏറ്റവും വലുതായ
അവന്റെ ഏകപുത്രനെ നന്ദിയാൽ പരിപൂൎണ്ണമായ ഹൃദയത്തോടുകൂടെ സ്തുതി
ച്ചുംകൊണ്ടു കൈക്കൊള്ളേണ്ടതാണെന്നും അല്പമെങ്കിലും ആലോചനയുള്ളവരെ [ 80 ] പഠിപ്പിക്കത്തക്കവണ്ണം, പുഷ്പിച്ചു തുടങ്ങിയിരിക്കുന്ന മാവുകളിന്മേൽ തേൻ കുടി
പ്പാൻ വന്നു നിറഞ്ഞിരിക്കുന്ന തേനീച്ചകളും വണ്ടുകളും ഝങ്കാരം ചെയ്തും
കൊണ്ടു പറന്നു കളിക്കുന്നു. പാദത്തിങ്കൽ ശുശ്രൂഷിക്കുന്നവനെ ശിരസ്സിലേറ്റി
പ്രതിഫലം കൊടുത്തുംകൊണ്ടു മനുഷ്യന്നു കൃതജ്ഞതെക്കുദാഹരണമായി നില്ക്കു
ന്ന അസംഖ്യം നാളികേരവൃക്ഷങ്ങളും അവറ്റിൻ കീഴിൽ ഓടിയും മുക്കറയിട്ടും
കരഞ്ഞും ക്രീഡിച്ചും നടക്കുന്ന ആടുമാടുകളും അവറ്റിൻ കുഞ്ഞുങ്ങളും ഈ ദിവ
സത്തിന്റെ വിശേഷത അറിയുമോ എന്നു തോന്നിപ്പോകുമാറാകുന്നു അവറ
റിന്റെ കാഴ്ചയും.

കുട്ടികൾ ആ ദിവസത്തിൽ വെയിൽ മൂക്കുന്നതുവരെ ഊഞ്ചലാടിയും പൂപ
റിച്ചും മാലകോൎത്തും തങ്ങളുടെ വലിയ പ്രാൎത്ഥനാമുറി അലങ്കരിച്ചുംകൊണ്ടു
കഴിച്ചു കൂട്ടി. ഉച്ച തിരിഞ്ഞപ്പോൾ മദാമ്മ എല്ലാവരെയും ആ മുറിയിൽനിന്നു
പുറത്താക്കി വാതിൽ പൂട്ടി. അതിനകത്തു സായ്വിന്നും മദാമ്മക്കും ഉണ്ടായി
രുന്ന പ്രവൃത്തിയിൽ അവരെ സഹായിപ്പാനായി രണ്ടു വലിയ കുട്ടികളെ
മാത്രം അവിടെ നില്പാൻ അനുവദിച്ചു. മറെറല്ലാവരും കുളിച്ചു സന്ധ്യയാകു
മ്പോഴെക്കു വസ്ത്രം മാറേണം എന്നു കല്പനയാകയാൽ അവർ കുളങ്ങരെപോയി
അഞ്ചു മണിയാകുമ്പോഴെക്കു, സൂൎയ്യൻ എപ്പോൾ അസ്തമിക്കും വാതിൽ എപ്പോൾ
തുറക്കും, എന്നുള്ള ആശയോടും അക്ഷമയോട്ടം കൂടി എല്ലാവരും തോട്ടത്തിൽ
വന്നു കൂടി കൈകോൎത്തു പിടിച്ചും പാട്ടുപാടിയുംകൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും
നടന്നുകൊണ്ടിരുന്നു. ആ ദിവസം രാത്രി ആൺകുട്ടികൾക്കും യുവാക്കൾക്കും
പുരുഷന്മാൎക്കും പാഠശാലയിലേക്കു വരുന്നതിന്നു വിരോധമില്ലയായിരുന്നു.
അതുകൊണ്ടു അസ്തമാനത്തോടു കൂടത്തനെ കണ്ണൂരിൽനിന്നു ഒരു കൂട്ടം ആളു
കൾ വന്നതിൽ തേജോപാലനും സത്യദാസനും ജ്ഞാനഭരണവും ഉണ്ടായി
രുന്നു. അവരെ കണ്ട ഉടനെ സുകുമാരി ഓടിച്ചെന്നു കിഴവനെ ചുംബിച്ചു
മറ്റുവരിരുവൎക്കും കൈകൊടുത്തു സലാം പറഞ്ഞു. സത്യദാസന്റെ കണ്ണുക
ളിൽ വെള്ളം നിറഞ്ഞതു കണ്ടു സംഗതി ഉടനെ ഓൎമ്മ വന്നു “ഇന്നു മുത്തച്ഛി
യെ ചൊല്ലി വ്യസനിക്കേണ്ടുന്ന ദിവസമല്ല. ഇന്നു എല്ലാവരും സന്തോഷി
ക്കേണ്ടുന്ന ദിവസമല്ലയോ" എന്നു പറഞ്ഞു. അതു കേട്ടു ജ്ഞാനാഭരണം അ
വളെ പിടിച്ചു തലോടിക്കൊണ്ടു "കുമാരി ഇപ്പോൾ തത്വം കുറെയൊക്കെ പഠി
ച്ചു വശാക്കിയിരിക്കുന്നു അല്ലേ?" എന്നു ചോദിച്ചു.

ഏഴുമണി ആയ ഉടനെ ശാലയിലെ മണി മുട്ടി. അപ്പോൾ തന്നെ അതു
വരെ അടെച്ചിരുന്ന മുറിയുടെ വാതിലുകളെല്ലാം ഒന്നിച്ചു തുറന്നു. സുകുമാരി
അകത്തു കടന്നപ്പോൾ തന്നെ കണ്ടതു ഒരു മേശമേൽ, നൂറ്റിൽ ചില്വാനം മെഴു [ 81 ] ത്തിരികളാലും മിനിത്തിളങ്ങുന്ന പളുങ്കുകളാലും മറ്റും അലംകൃതമായൊരു പ
ച്ചമരമായിരുന്നു. ഇതു അവൾ കണ്ടതു ഒന്നാം പ്രാവശ്യമായിരുന്നെങ്കിലും മു
മ്പു തന്നെ കണ്ണൂരിൽ വെച്ചും അന്നു അവിടേ വെച്ചും കേട്ടിരുന്നതുകൊണ്ടു, ക
ണ്ട ഉടനെ അതു ക്രിസ്മസ് മരമാണെന്നു അറിഞ്ഞു. കുട്ടികൾ മുമ്പിൽ നീളെ
ഇട്ടിട്ടുണ്ടായിരുന്നതും പലവിധ സമ്മാനം കൊണ്ടു നിറഞ്ഞിരുന്നതുമായ മേശ
കളുടെ മുമ്പിൽ വരിയായും, കാണ്മാൻ വന്നവർ ഇവരുടെ പിന്നിലിട്ടിരുന്ന വാ
ങ്കുകളിന്മേലും ഇരുന്നു. കുട്ടികളുടെ മേശയുടെ സമീപം വേറൊരു മേശമേൽ
വിധവമാൎക്കും അവരുടെ മക്കൾക്കും തുണി പലഹാരം മുതലായവ നിരത്തിവെ
ച്ചിരുന്നു. ഇതിലേക്കുള്ള ചിലവിൽ ഒരംശം ചിറക്കൽരാജാവിന്റെ ദാനമാ
യിരുന്നു. ഒരു പാട്ടും പ്രാൎത്ഥനയും കഴിഞ്ഞതിൽ പിന്നെ ആ ദിവസത്തി
ന്റെ വിശേഷത്തെ പറ്റി സായ്വ് കുട്ടികളോടും വിധവമാരോട്ടം ചോദ്യോത്ത
രം കഴിച്ച ശേഷം അവരവൎക്കുള്ള സമ്മാനങ്ങൾ കൊടുത്തു. സുകുമാരിക്കു അ
വൾ ആശിച്ചപ്രകാരം ഒരു നല്ല കമ്പിളിയും ചോദിക്കാത്തതായ ഒരു യന്ത്രപ്പാ
വയും ഒരു ചെറിയ പെട്ടിയിൽ അതിനു വേണ്ടുന്ന വസ്ത്രങ്ങളും കുറെ ചിത്രങ്ങ
ളും കിട്ടി. എങ്കിലും വത്സലെക്കു ഒരു തുന്നൽപെട്ടി മാത്രം കിട്ടിയതു കണ്ടിട്ടു
അവളുടെ സന്തോഷം അസാരം കുറഞ്ഞുപോയി. ഇതൊക്ക കഴിഞ്ഞ ഉടനെ
അവിടെ കൂട്ടിവന്നവർ പോവാൻ പുറപ്പെട്ടു. തേജോപാലൻ സുകുമാരിയുടെ
കയ്യിൽ ഒരു ചെറുഭാണ്ഡം കൊടുത്തു "ഇതു നിന്നെ സ്നേഹിക്കുന്ന അമ്മ തന്ന
യച്ചതാകുന്നു. അവരുടെ പേർ ഇന്നും കൂടി നിന്നോടു പറവാൻ എനിക്കു
സമ്മതം കിട്ടീട്ടില്ല" എന്നു പറഞ്ഞു അതു തുറന്നു നോക്കിയപ്പോൾ ഒരു ജോഡ്
പുതിയ ഉടുപ്പും രണ്ടു പുസ്തകങ്ങളും ഒരു തുന്നൽസാമാനപ്പെട്ടിയും കണ്ടു വളരെ
സന്തോഷിച്ചു. വിലാത്തിയിൽനിന്നു വന്ന ഒരു ചിത്രം സത്യദാസന്നും കമ്പി
ളി മുത്തച്ഛന്നും കൊടുത്തു. അവർ ആദ്യം അതു വാങ്ങിയില്ലെങ്കിലും അവൾ
പറഞ്ഞു ബുദ്ധിമുട്ടിച്ചു അവരെക്കൊണ്ടു അതെടുപ്പിച്ചു.

ഭക്ഷണം കഴിഞ്ഞു ഉടനെ സുകുമാരി വത്സലയുടെ അടുക്കൽ ചെന്നു "നി
ങ്ങൾ ആശിച്ച സമ്മാനങ്ങൾ എത്തിയില്ലല്ലൊ" എന്നു വ്യസനത്തോടെ പറഞ്ഞു.
അപ്പോൾ അവൾ തനിക്കു വന്നു കത്തു കാണിച്ചു, "ഇതാ എന്തെല്ലാം സാമാന
ങ്ങൾ വന്നിരിക്കുന്നെന്നു ഞാൻ അറിയുന്നില്ല കല്ല്യാണദിവസത്തിൽ കിട്ടുമെന്നു
ഇതിൽ എഴുതീട്ടുണ്ടു. ഈ കിട്ടിയതു ക്രിസ്മസ് സമ്മാനമാകുന്നു" എന്നു പറ
ഞ്ഞപ്പോൾ സുകുമാരിയുടെ ദുഃഖം തീൎന്നു.

പിറേറ ദിവസം പുലൎച്ച അഞ്ചു മണിക്കു എല്ലാവരും എഴുന്നീറ്റു പള്ളിക്കു
പോകുവാൻ ഒരുങ്ങി തുടങ്ങി. ആ കാലത്തിൽ ഞായറാഴ്ചതോറും ദൈവാരാ [ 82 ] ധനെക്കായി ചിറക്കല്ലിൽ ഉള്ളവർ കണ്ണൂരിൽ തന്നെയായിരുന്നു പോകാറ്.
ചിറക്കല്ലിൽ പള്ളി ഉണ്ടായിരുന്നില്ല. ശാലയിലെ കുട്ടികളിൽ പത്തു വയസ്സി
ന്നു കീഴ്പെട്ടുള്ളവരെ അവിടെ തന്നെ ഇരുത്തും. അവൎക്കു ഒരു ഉപദേശി പ്രാൎത്ഥ
ന കഴിക്കും. എങ്കിലും ഉത്സവദിവസങ്ങളിൽ എല്ലാവരെയും കൊണ്ടുപോകും.
ചെറിയവൎക്കു വണ്ടി ഉണ്ടാകും. മറെറല്ലാവരും നടന്നുപോകേണം എന്നായി
രുന്നു ക്രമം.

രാവിലെ എട്ടുമണിക്കു എല്ലാവരും കണ്ണൂരിലെത്തി. ദൈവാലയം ആളു
കളെക്കൊണ്ടു നിറഞ്ഞിരുന്നു. അന്നു വെളുത്തപട്ടാളക്കാരിൽ മുക്കാലംശവും
കണ്ണൂർ മിശ്യൻപള്ളിയിൽ ആയിരുന്നു വരിക. അവരുടെ ആരാധന ഒമ്പതു
മണിക്കു കഴിഞ്ഞു. അതു കണ്ണൂരിലെ സായ്വായിരുന്നു നടത്തിയതു. ഒമ്പതര
മണിക്കു നാട്ടുകാരുടെ പ്രാൎത്ഥനക്കു മണി അടിച്ചു. ചിറക്കല്ലിൽനിന്നു പോയ
വലിയ കുട്ടികളെല്ലാം പുതിയ തുണിയും (ഏലാച്ച) കുപ്പായവും ചെറിയവർ
പുതിയ പാവാടയും കുപ്പായവും ഉടുത്തിരുന്നു. മണി അടിച്ചപ്പോൾ അവർ
അതുവരെ കൂടിനിന്നിരുന്ന സഭാപാഠശാലയിൽനിന്നു അണിയായി നടന്നു
കൊണ്ടു പള്ളിയിലേക്കു പോയി അവൎക്കായുള്ള പ്രത്യേക വാങ്കുകളിന്മേൽ ഇരു
ന്നു. അതിന്റെ പിന്നില സ്ത്രീകളും ഇരുന്നപ്പോൾ പള്ളിയുടെ വലത്തെ പങ്കു
നിറഞ്ഞുപോയി. ഇടത്തെ പങ്കിൽ ഒന്നാമതു സഭാശാലയിലെ കുട്ടികളും അ
വൎക്കു പിന്നിൽ വിവാഹം ചെയ്യാത്ത യുവാക്കളും പിന്നെ വിവാഹസ്ഥരായ പു
രുഷന്മാരും ഇരുന്നു. പ്രസംഗപീഠത്തിന്റെ ഇരുവശങ്ങളിൽ സായ്വ്‌മാരും
മദാമ്മമാരും ഇരുന്നു. ഒന്നാമതു ചിറക്കല്ലിലെ സായ്വ് ആരാധന നടത്തി അരമ
ണിക്കൂറോളം ഒരു പ്രസംഗം കഴിച്ച ശേഷം ആ കാലത്തിലെ സമ്പ്രദായപ്ര
കാരം ചോദ്യോത്തരം തുടങ്ങി. അതു കണ്ണൂരിലെ സായ്വായിരുന്നു നടത്തിയതു.
കഥാരംഭത്തിൽ പറഞ്ഞു പ്രകാരം ആ സായ്വ് പരിഭാഷക്കാരൻമുഖാന്തരമായി
രുന്നു ചോദ്യം കഴിക്കുക. വൃദ്ധന്മാർ തുടങ്ങി കുട്ടികൾവരെയും ചോദിക്കും.
ചോദ്യത്തിന്നുത്തരം പറഞ്ഞില്ലെങ്കിൽ അതു എല്ലാവരും മഹാ അപമാനമായി
എണ്ണിയിരുന്നു. സുകുമാരിയോടു ചോദിച്ച ചോദ്യങ്ങൾക്കെല്ലാം അവൾ ശരി
യായും താമസം കൂടാതെയും നല്ല ശബ്ദത്തിലും അക്ഷരസ്ഫുടതയോടും ഉത്തരം
പറഞ്ഞതിനാൽ കേട്ടവരെല്ലാം സന്തോഷിച്ചു. ആൺകുട്ടികളുടെ കൂട്ടത്തിൽ
സത്യദാസനാനായിരുന്നു മിടുക്കൻ. ഒടുക്കം സായ്വ് "യേശുക്രിസ്തൻ ആൎക്കായിട്ടു
ഈ ഭൂമിയിൽ ജനിച്ചുവന്നു?" എന്നൊരു ചോദ്യം ചോദിച്ചു അതിനോടെ അവ
സാനിക്കാം എന്നു പറഞ്ഞു. ചോദ്യം വളരെ എളുപ്പമെന്നു എല്ലാവൎക്കും തോ
ന്നിയെങ്കിലും കേട്ട ഉത്തരംകൊണ്ടാന്നും സായ്വ് തൃപ്തിപ്പെട്ടില്ല. "മനുഷ്യൎക്കാ [ 83 ] യി" എന്നൊരുത്തനും, "പാപികൾക്കായി" എന്നൊരുത്തിയും "നമുക്കെല്ലാവ
ൎക്കുംവേണ്ടി" എന്നു ചിലരും ഇങ്ങിനെ പലവിധമായി ഉത്തരം പറഞ്ഞു. ഒടു
ക്കം ഒരു മൂലെക്കൽ കുനിഞ്ഞു തലതാഴ്കി കൈ രണ്ടും മാറത്തു കെട്ടിവെച്ചുകൊണ്ടു
ഇരുന്നിരുന്ന ഒരു കിഴവന്റെ അടുക്കൽ സായ്വ് ചെന്നു. "തേജോപാലാ!
യേശു ആൎക്കായിട്ടു ഈ ഭൂമിയിൽ ജനിച്ചുവന്നു?" എന്നു ചോദിച്ചു. അവൻ
ഉടനെ എഴുന്നിറ്റു രണ്ടു കൈയും നെഞ്ഞത്തു പരത്തിവെച്ചുംകൊണ്ടു "ഈ
മഹാപാപിയായ എനിക്കുവേണ്ടി" എന്നു പറഞ്ഞു. അപ്പോൾ തന്നെ സായ്വ്
"ശരി! ശരി! ഈ ഒരു ഒറ്റ ആൾക്കു മാത്രമേ ഈ ശരിയായ ഉത്തരം പറവാൻ
കഴിഞ്ഞുള്ളു" എന്നു പറഞ്ഞു.

കുട്ടികൾക്കു അന്നു ഉച്ചെക്കുള്ള ഭക്ഷണം പട്ടാളത്തിലെ ഒരു സായ്വിന്റെ
ചെലവിന്മേൽ സഭാപാഠശാലയിൽവെച്ചായിരുന്നു. അതും കഴിഞ്ഞു സുകു
മാരി അവളുടെ മുത്തച്ഛനെയും സത്യദാസനെയും അമ്മയെയും ചെന്നു കണ്ടു
ഒന്നു രണ്ടു മണിക്കൂർ അവരോടു കൂടെ ഇരുന്നു. വെയിൽ താണപ്പോൾ കുട്ടിക
ളെല്ലാവരും വീണ്ടും ചിറക്കല്ലിലേക്കു തന്നേ പോയി.

ഇതു കഴിഞ്ഞു മൂന്നാം ദിവസം രാത്രി അനാഥശാലയിലെ പ്രാൎത്ഥനാമുറി
യിൽ വിശേഷവിധിയായൊരു യോഗമുണ്ടായി. അതു വത്സലയുടെ വിവാ
ഹദിവസത്തിന്റെ മുമ്പിലത്തെ രാത്രി ആയിരുന്നതുകൊണ്ടു അതുവരെ അവി
ടെവെച്ചു അവൾക്കു ലഭിച്ചിരുന്ന കരുണകളെ ഓൎത്തു ദൈവത്തെ സ്തുതിപ്പാനും
അവളുടെ വിവാഹജീവനത്തിൽ ഭാഗ്യമുണ്ടാവാൻ ദൈവത്തോടു ഏകോപിച്ചു
പ്രാൎത്ഥിപ്പാനും അവൾക്കും അവളുടെ മണവാളനും ചില പ്രബോധനകൾ
കൊടുപ്പാനും ആ ശാലയിലെ പതിവുപ്രകാരമുണ്ടായിരുന്ന ഒരു കൂടിവരവായി
രുന്നു. ആ കാലത്തിലെ യുവതികൾക്കു വിവാഹത്തിനു മുമ്പലത്തെ രാത്രി
യെ ജീവകാലം മുഴുവൻ മറക്കുവാൻ പാടില്ലാത്തതായിരുന്നു. പകലേ തന്നെ
സ്നേഹിതമാരെല്ലാം ഓരോന്നു പറഞ്ഞു വിട ചൊല്ലിത്തുടങ്ങും. രാത്രിയായാൽ
ഈ പ്രാൎത്ഥനായോഗവും ഉണ്ടാകും. വിവാഹം സന്തോഷകരമായ ഒരു കാൎയ്യം
തന്നെ എങ്കിലും അന്നു ഒരു സ്ത്രീയുടെ സ്വാതന്ത്ര്യം അവസാനിക്കുന്നതാകയാലും
വിശേഷിച്ചു വിവാഹാവസ്ഥ സ്ത്രീയുടെ യൌവനമാകുംവൃക്ഷത്തെ ഖണ്ഡിക്കു
ന്നതായ ഒരു കോടാലി ആകയാലും അന്നു മുതൽ തന്റെ പിതൃനാമം ഉപേക്ഷി
ക്കേണ്ടതാകയാലും സ്ത്രീക്കു ആ ദിവസത്തിൽ സന്തോഷത്തോടു കൂടെ തന്നെ
വ്യസനവും ഉണ്ടാകുന്നതാണല്ലോ. എന്നാൽ ശാലയിൽ നിന്നും വിവാഹം കഴി
ച്ചുപോകുന്നവൎക്കു വേറൊരു വ്യസനവും കൂടിയുണ്ടു. അതുവരെ പഠിച്ചു പാ
ൎത്തുവളൎന്ന ശാലയെയും ഗുരുജനങ്ങളെയും സ്നേഹിതമാരെയും അവിടത്തെ നി [ 84 ] രാക്ഷേപ്യങ്ങളായ നാനാവിനോദങ്ങളെയും അന്നുമുതൽ എന്നേക്കും വിട്ടുപോ
കേണ്ടതു എത്രയും വേദനയുള്ളൊരു കാൎയ്യമാകുന്നു. ശാല വിട്ടു അനേകവൎഷ
ങ്ങൾ കഴിഞ്ഞ ശേഷം പോലും സ്നേഹിക്കുന്ന ഭൎത്താവും സന്തോഷപ്രദരായ
മക്കളും ഉണ്ടായിട്ടും കൂടി മുമ്പു പഠിച്ച ശാല കാണുകയും അതിനെ കുറിച്ചു ഓൎക്കു
കയും ചെയ്യുമ്പോൾ കണ്ണീർ വാൎക്കുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടു. എന്നാൽ വിവാ
ഹജീവനത്തിൽ കഷ്ടസങ്കടങ്ങൾക്കും നിൎഭാഗ്യത്തിന്നും അധീനയായി പോയ
സ്ത്രീയുടെ കാൎയ്യം പിന്നെ പറയേണ്ടതില്ലല്ലോ.

സുകുമാരി മുറിയിലേക്കു ചേന്നപ്പോൾ കുറെ താമസിച്ചു പോയിരുന്നു. എ
ല്ലാവരും സായ്വിന്റെ വരവും കാത്തു നിശ്ശബ്ദമായിരിക്കുന്നതു കണ്ടു. വത്സല
യും ഒരു കുട്ടിയും എല്ലാവൎക്കും മുമ്പിലും, വട്ടത്താടിയും കൊമ്പൻമിശയും ആയി
ഒരാൾ തല താഴ്ത്തിക്കൊണ്ടു കുറെ അകലേയും ഇരിക്കുന്നതു കണ്ടു. അവന്റെ
അടുക്കലും ഒരു ചെറുപ്പക്കാരൻ ഇരുന്നിരുന്നു. ആ താടിക്കാരൻ വത്സലയുടെ
മണവാളനാണെന്നു സുകുമാരി ഉടനെ അറിഞ്ഞു. അല്പനേരം കഴിഞ്ഞുപ്പോൾ
സായ്വും മദാമ്മയും വന്നു പ്രാൎതഥനയും ആരംഭിച്ചു. സായ്വ് അന്നു കഴിച്ച പ്ര
സംഗം മുഴുവനെ ഇവിടെ പ്രസ്താവിപ്പാൻ കഴികയില്ല. ഒരംശം മാത്രം പ
റയാം.

"വിവാഹകൎമ്മത്തോടു കൂട ദൈവാലയത്തിൽവെച്ചു ഒരു ബുദ്ധിയുപദേശ
പ്രസംഗം നടപ്പാണെങ്കിലും ഈ ശാലയിൽനിന്നു ഒരു കുട്ടിയെ വിവാഹം ചെ
യ്യുമ്പോൾ ഇപ്രകാരമുള്ള ഒരു യോഗം നടപ്പാകയാൽ നാം ഇന്നു ഇവിടെ കൂടി
വന്നിരിക്കുന്നു. ദമ്പതിമാരുടെ മുറ എന്താകുന്നു എന്നു ഈ അവസരത്തിൽ
സംക്ഷേപിച്ചു പറയേണ്ടിയിരിക്കുന്നു. ഒന്നാമതു ഭൎത്താവിന്റെ മുറ: ഒരു
സ്ത്രീ ഒരു പുരുഷനെ വിവാഹം ചെയ്യുമ്പോൾ അവൾ തന്നെത്താൻ മുഴുവനെ
ആ പുരുഷനു ഏല്പിച്ചുകൊടുക്കയാകുന്നു ചെയ്യുന്നതു. അവൾ ആകുപ്പടെ അ
വന്റെ അധികാരത്തിന്നു അധീനയായിപ്പോകുന്നു. അവളുടെ പിതൃനാമവും
കൂടെ അവൾ ഉപേക്ഷിക്കേണ്ടിവരുന്നുവല്ലോ. അതുകൊണ്ടു ബുദ്ധിയുള്ള പു
രുഷന്മാർ ഈ കാൎയ്യത്തെ ഘനമായി വിചാരിക്കേണ്ടതാകുന്നു. സ്ത്രീ ആദ്യം
പാപം ചെയ്കയാൽ അവളുടെ ഇച്ഛ പുരുഷന്നു കീഴ്പെട്ടിരിക്കും എന്ന ശാപ
ത്തിനു കാരണമായി. എന്നാൽ ക്രിസ്ത്യാനരുടെ ഇടയിൽ സ്ത്രീക്കു ഈ ശാപത്തിൽ
നിന്നുദ്ധാരണം കാണേണ്ടതാകുന്നു. ക്രിസ്തന്നു സ്ത്രീ ഹീനയെന്നും പുരുഷൻ
ശ്രേഷ്ഠൻ എന്നും ഉള്ള വ്യത്യാസമില്ല. ഇരുവരുടെ ആത്മാവും ഒരുപോലെ വി
ലയുള്ളതാകുന്നു. സ്ത്രീകളെ ദൈവം പല പ്രാവശ്യവും തന്റെ ഇഷ്ടം നട
ത്തുവാൻ ആയുധങ്ങളായെടുത്ത പ്രകാരം റാഹാബ്, യായേൽ, ദെബോറ, ഹുല്ദാ, [ 85 ] ശമൎയ്യക്കാരത്തി മുതലായവരുടെ ചരിത്രങ്ങളിൽ കാണാം. ഭൂമിയിൽ ഒരു
സ്ത്രീക്കു യേശുവിന്റെ അമ്മയാകുവാൻ കഴിഞ്ഞെങ്കിലും ഒരു പുരുഷന്നു അവ
ന്റെ അച്ഛനാവാൻ സാധിച്ചിട്ടില്ല. പുനരുത്ഥാനം ചെയ്ത ക്രിസ്തൻ തന്റെ
ഉയിൎപ്പിനെ കുറിച്ചു ശിഷ്യരെ അറിയിപ്പാൻ നിയോഗിച്ചതു ആദ്യം ഒരു സ്ത്രീയെ
ആയിരുന്നു. പാപത്താൽ സ്ത്രീകൾക്കു വന്നു ഭവിച്ച അധഃപതനത്തിൽനിന്നു
ക്രിസ്തീയസഭയിൽ അവൎക്കു ഒരു ഔന്നത്യം വേണമെന്നുള്ളതു ഈ കാൎയ്യത്തിൽ
നിന്നു സ്പഷ്ടമാകുന്നു. ഇതൊക്ക ഓൎത്തു ക്രിസ്തൻ സഭയാകുന്ന തന്റെ കാന്ത
യെ ഏതു പ്രകാരം സ്നേഹിച്ചിരിക്കുന്നുവോ അതുപ്രകാരം ഭൎത്താവു ഭാൎയ്യയെയും
സ്നേഹിക്കേണം. ഭാൎയ്യ തന്റെ അൎദ്ധം എന്നോൎത്തു അവളെ ബഹുമാനിക്കയും
വേണം. തന്റെ ഭാൎയ്യയെ ഹിംസിക്കുന്നവൻ അവളെ അപമാനിക്കുന്നു.
തന്നെത്താൻ അപമാനിക്കയും ചെയ്യുന്നു. തന്റെ ഭാൎയ്യയെ അപമാനിച്ചു അ
ന്യസ്ത്രീപുരുഷന്മാരുടെ ഹാസ്യത്തിന്നു പാത്രമാത്തീൎക്കുന്ന പുരുഷൻ മഹാ
നീചൻ തന്നെ. ഭൎത്താവു ഭാൎയ്യ ബലഹീനപാത്രമെന്നു ഓൎത്തു അവളുടെ സുഖ
നന്മകൾക്കായി ഏറ്റവും യത്നിക്കേണ്ടതാകുന്നു.

അങ്ങിനെ തന്നെ ഭാൎയ്യ ദൈവശാസനത്തിന്നു കീഴടങ്ങി ഭൎത്താവിനെ
ന്യായമായതിലൊക്കയും അനുസരിച്ചു ബഹുമാനിച്ചു സ്നേഹതാഴ്മകളാലും വിശി
ഷ്ടനടപ്പിനാലും ഭൎത്താവിന്നു ബഹുമാനം സിദ്ധിപ്പിക്കേണ്ടതാകുന്നു. ഭൎത്തൃശുശ്രൂ
ഷ ഹിന്തുക്കളുടെ ഇടയിൽ സ്ത്രീകൾക്കു പ്രധാനധൎമ്മമാണല്ലൊ. ക്രിസ്ത്യാനി
കൾ ആ സമ്പ്രദായം ഉപേക്ഷിക്കേണ്ടുന്ന ആവശ്യമില്ല. അവൎക്കു ഭൎത്തൃശുശ്രൂ
ഷയും ഭാൎയ്യാശുശ്രൂഷയും ധൎമ്മമായിരിക്കേണ്ടതാകുന്നു. ഇതിനെപ്പറ്റി ഇവിടെ
നിന്നു പലപ്രാവശ്യവും കേട്ടിരിക്കയാൽ അധികം പറയേണമെന്നാവശ്യമില്ല.
ഈ ശാലയിൽവെച്ചു പഠിച്ചതു പുറമേയുള്ള പ്രവൃത്തിയിൽ കാണിക്കേണം.
ഭൎത്താവിനെ നേർവഴിക്കു നടത്തുകയും ദൈവം തരുന്ന സന്താനങ്ങളെ ദൈ
വഭക്തിയിൽ വളൎത്തുകയും ചെയ്തുകൊണ്ടു ഈ ശാലയുടെ ബഹുമാനം നില
നിൎത്തി പോരുവാനായി ഉത്സാഹിക്കേണം.

വിവാഹം കഴിച്ച സ്ത്രീപുരുഷന്മാൎക്കു ഏകാകികളായിരിക്കുമ്പോഴുള്ള സ്വാ
തന്ത്ര്യമുണ്ടാകയില്ല. സ്ത്രീ പുരുഷന്നും പുരുഷൻ സ്ത്രീക്കും ചിലപ്പോൾ അ
സ്വാതന്ത്ര്യഹേതുവായി തോന്നാമെങ്കിലും ഭാഗ്യമുള്ള കുഡുംബജീവനത്തിന്നു
ഈ അസ്വാതന്ത്ര്യത ആവശ്യമെന്നു ഓൎത്തുകൊൾവിൻ. കുട്ടികൾ ഇപ്പോൾ
ദിവസേന പട്ടം പറപ്പിക്കുന്നതു നിങ്ങൾ കാണുന്നുണ്ടല്ലൊ. ആ പട്ടത്തിന്നു
വായുണ്ടായിരുന്നെങ്കിൽ പക്ഷേ എന്തു പറയുമായിരുന്നു. ഇവൻ ഈ ചരടു
കൊണ്ടെന്നെ കെട്ടിപ്പിടിച്ചില്ലെങ്കിൽ എനിക്കു സ്വാതന്ത്ര്യത്തോടെ പറക്കാമാ [ 86 ] യിരുന്നു എന്നു തന്നെ. എങ്കിലും അതു പറപ്പിക്കുന്നവൻ ആ ചരടു വിട്ടു
കളഞ്ഞാൽ എന്തു സംഭവിക്കും? പട്ടം ഉടനെ താഴത്തു വീഴും. അതുകൊണ്ടു
ഭൎത്താവേ, നിന്നെ ഭാൎയ്യയും, ഭാൎയ്യയേ നിന്നെ ഭൎത്താവും ഒരു ചരടുകൊണ്ടു പിടി
ക്കേണ്ടതാവശ്യമാകുന്നു. അങ്ങിനെ തന്നെ നിങ്ങൾക്കു ഓരോ കഷ്ടപ്രയാസ
ങ്ങളും തമ്മിൽ ഇടെക്കിടെ വിരുദ്ധങ്ങളും ഇടൎച്ചകളും നേരിടാം; എങ്കിലും അതു
നിങ്ങളുടെ ബാന്ധവത്തെ അധികം സ്ഥിരപ്പെട്ടത്തുന്നതും നിങ്ങളുടെ ഐക്യത
യെ അധികം ഉറപ്പിക്കുന്നതും ആക്കി തീൎക്കേണം. പിന്നെയും പട്ടത്തിന്റെ
ദൃഷ്ടാന്തം പറയാം; ഈ കാറ്റില്ലെങ്കിൽ എനിക്കു എത്ര നല്ലവണ്ണം ആഗ്രഹിച്ച
സ്ഥലത്തൊക്കെ പറക്കാമായിരുന്നു എന്നു അതു പറയുമായിരിക്കും. എങ്കിലും
കാറ്റു നിന്നു പോയാലോ അതു താഴെ വീഴുകേയുള്ളൂ. അങ്ങിനെ തന്നെ
കാറ്റു കൊടുങ്കാററായി മാറിയാലും പട്ടത്തിന്നു പറപ്പാൻ കഴികയില്ല. അതു
കൊണ്ടു നിങ്ങളുടെ ഇടയിൽ ദാരിദ്ര്യകഷ്ടങ്ങളും രോഗാരിഷ്ടതകളും ചെറു
ഭിന്നതകളും ഉണ്ടായി വരുമ്പോൾ അതു നിങ്ങളുടെ പരസ്പരസ്നേഹത്തേയും
അനുകമ്പയെയും അധികമാക്കി തീൎക്കേണ്ടതാകുന്നു. ആ ഇളങ്കാററുകളെകെ കൊ
ടുങ്കാറ്റാക്കി തീൎക്കാതെ അവ നിങ്ങളുടെ ജീവനത്തെ ഭാഗ്യകരമാക്കി തീൎക്കുന്ന
ആയുധങ്ങളായി തിരുവാൻ നിങ്ങൾ യത്നിക്കേണ്ടതാകുന്നു."

പിറ്റെ ദിവസം വത്സല തന്റെ ശാലെക്കും ഗുരുഭൂതൎക്കും സ്നേഹിതകൾക്കും
ശേഷം കൂട്ടികൾക്കും സുകുമാരിക്കും തന്റെ സ്വന്തകൌമാരകത്വത്തിന്നും സലാം
പറഞ്ഞു. [ 87 ] എട്ടാം അദ്ധ്യായം.


നാലു വൎഷം കഴിഞ്ഞപ്പോൾ സുകുമാരിക്കു ഒരു ദിവസം രാവിലെ ജ്ഞാനാഭര
ണത്തിന്റെ ഒരു എഴുത്തു കിട്ടി. അതിൽ അവളുടെ മുത്തച്ഛൻ രോഗിയായി
വളരെ അമാന്തസ്ഥിതിയിലിരിക്കുന്നു എന്നായിരുന്നു വൎത്തമാനം. വേനൽ
കാലത്തിലെ ഇളവു കഴിഞ്ഞു വന്നിട്ടു രണ്ടാഴ്ചയേ കഴിഞ്ഞിരുന്നുള്ളു. അന്നു
സുഖത്തോടെ കണ്ടു വന്ന മുത്തച്ഛൻ പെട്ടന്നു പക്ഷവാതത്താൽ കിടപ്പിലാ
യെന്നു കേട്ടപ്പോൾ അവൾ അത്യന്തം ദുഃഖപരവശയായി പോയി. ഇപ്പോൾ
നിസ്സഹായിയായ വൃദ്ധനെ ശുശ്രൂഷിക്കേണ്ടതു തന്റെ മുറയാണെന്നു പറഞ്ഞു
സായ്വിനോടും മദാമ്മയോടും കല്പന ചോദിച്ചു സമ്മതം വാങ്ങി അവൾ കണ്ണൂരി
ലേക്കു ബദ്ധപ്പെട്ടു പോയി. ആ കൊല്ലത്തെ പാഠവും തീൎപ്പാൻ കഴിഞ്ഞെങ്കിൽ
അവൾക്കു അവിടത്തെ പഠിപ്പു തികയുമായിരുന്നു, എങ്കിലും കിഴവന്റെ രോ
ഗം നിമിത്തം അവൾ പോകേണ്ടിവന്നു.

സുകുമാരി വീട്ടിലെത്തിയപ്പോൾ രാവിലെ പത്തു മണിയായിരുന്നു. വാ
തിൽ ഒരു കതകു തുറന്നിരിക്കുന്നതു കണ്ടു. കടന്നു ചെല്ലുമ്പോൾ തന്നെ മുത്ത
ച്ഛൻ കുട്ടിലിന്മേൽ കിടക്കുന്നതും ജ്ഞാനാഭരണം അടുക്കെ നില്ക്കുന്നതും കണ്ടു.
കട്ടിലിന്മേൽ കവിണ്ണു വീണു ഉറക്കെ കരഞ്ഞു. കിഴവന്നു വലത്തെകൈയും
വലത്തെ കാലും അസ്വാധീനമായിപ്പോയിരുന്നതു കൂടാതെ നാവും കുഴഞ്ഞു
പോയിരുന്നതിനാൽ അവൻ ഒന്നും സംസാരിക്കാതെ അവളുടെ മേൽ ഇട
ത്തെ കൈവെച്ചു കണ്ണീർ വാൎത്തുകൊണ്ടിരുന്നു. ഏകദേശം കാൽ മണിക്കൂ
റോളം ഇങ്ങിനെ കഴിഞ്ഞ ശേഷം സുകുമാരി തല പൊന്തിച്ചു നോക്കി. ജ്ഞാ
നാഭരണത്തെ കണ്ടില്ല. അവൾക്കു വ്യസനം സഹിക്ക വഹിയാഞ്ഞതിനാൽ
തന്റെ മുറിയിലേക്കു പോയ്ക്കളഞ്ഞിരുന്നു. എങ്കിലും കുറെ ദൂരെ മൂലെക്കൽ
ഒരു കസേലമേൽ അവൾക്കു കണ്ടു പരിചയമില്ലാത്ത ഒരു സ്ത്രീ ഉറുമാൽകൊണ്ടു [ 88 ] കണ്ണു മൂടി അനങ്ങാതെ ഇരിക്കുന്നതു കണ്ടു. അടുത്തു ചെന്നപ്പോൾ കണ്ണിനന്നു
സുഖക്കേടായിരിക്കുന്നതിനാലാകുന്നു കണ്ണു മൂടിയിരിക്കുന്നതു എന്നു അറിഞ്ഞു.

സുകു: "നിങ്ങൾ ആരാകുന്നു? ഞാൻ ഒരിക്കലും കണ്ടിട്ടില്ലല്ലോ."

"നീ എന്നെ കണ്ടിട്ടില്ലെങ്കിലും നിന്നെ ഞാൻ അറിയും; നിന്റെ പേർ
സുകുമാരി എന്നല്ലേ?"

സുകു: "അതെ. നിങ്ങളുടെ പേർ എന്താകുന്നു?"

"എന്റെ പേർ കരുണ. നീ ഈ വയസ്സനോടു ഇത്ര സ്നേഹവും നന്ദിയും
കാണിക്കുന്നതു കൊണ്ടു ഞാൻ അത്യന്തം സന്തോഷിക്കുന്നു."

സുകു: "എനിക്കു ഇപ്പോൾ നിങ്ങൾ ആരാകുന്നു എന്നു മനസ്സിലായി.
(കൈ പിടിച്ചുകൊണ്ടു) നിങ്ങളല്ലയോ എനിക്കു വസ്ത്രവും മറ്റും കൊടുത്തയക്കു
ന്നതു? ക്രിസ്മസ്‌തോറും എനിക്കു നല്ല സമ്മാനങ്ങൾ അയക്കുന്നതു നിങ്ങള
ല്ലയോ?"

ഈ ചോദ്യത്തിനൊന്നും ഉത്തരം പറയുന്നില്ലെന്നു കണ്ട ഉടനെ, തന്നെ
രക്ഷിപ്പാൻ മുത്തച്ഛന്നു സഹായിക്കുന്നതു ഈ സ്ത്രീ തന്നെ എന്നു ബോദ്ധ്യമായി,
വളരെ വിനയത്തോടും ചാതുൎയ്യവാക്കുകളിലും തന്റെ ഉപകാരികെക്കു വന്ദനവും
നന്ദിയും ചൊല്ലി. അതിന്റെ ശേഷം താൻ മുത്തച്ഛനെ ശുശ്രൂഷിപ്പാൻ
ശാല വിട്ടു വന്നിരിക്കയാകുന്നു എന്നു പറഞ്ഞുപ്പോൾ പതിമൂന്നു വയസ്സുള്ള ഒരു
കുട്ടി സ്വേച്ഛയാ ഇത്ര നന്ദിഭാവം കാട്ടേണമെങ്കിൽ വളരെ ഉൽകൃഷ്ടമാന
സയായിരിക്കേണം എന്നു കരുണെക്കു വിശ്വാസമായതിനാൽ തന്റെ ധൎമ്മ
ത്തിമന്നു വിഷയമായി താൻ തെരഞ്ഞെടുത്ത പൈതൽ അതിന്നു യോഗ്യ
തന്നെ എന്നു വിചാരിച്ചു സന്തോഷിച്ചു. അപ്പോൾ തന്നെ കരുണയുടെ
വണ്ടിക്കാരൻ വണ്ടിയുമായി വന്നു അതിൽനിന്നു ഒരു കെട്ടു സാമാനങ്ങളെ
ടുത്തു കരുണയുടെ അടുക്കൽ കൊണ്ടുവെച്ചു. "എനിക്കു കണ്ണിന്നു ഇപ്പോൾ നല്ല
സുഖമില്ല കുട്ടീ! പുൎണ്ണസൌഖ്യം ഒരിക്കലും കാണുന്നില്ലെങ്കിലും ചിലപ്പോൾ
കുറെ ഭേദമുണ്ടാകും. ഇപ്പോൾ ഈ സ്ഥിതി ആയിരിക്കുന്നതിനാൽ എനിക്കു
വേഗം വീട്ടിലേക്കു പോകേണം. ഇതാ, ഈ കെട്ടിൽ നിന്റെ മുത്തച്ഛന്നു
വേണ്ടി കുറെ സാമാനങ്ങ ഉണ്ടു. അതെടുത്തു ഉപയോഗിക്കാം. തീൎന്നു
പോയാൽ എന്നോടു ചോദിപ്പാൻ അശേഷം ശങ്കിക്കേണ്ട. തത്കാലം ബുദ്ധി
മുട്ടിന്നു ഇതും നിന്റെ വശം ഇരിക്കട്ടെ" എന്നു പറഞ്ഞു അഞ്ചുറുപ്പിക സുകുമാ
രിയുടെ കൈക്കൽ കൊട്ടത്തു കരുണ വണ്ടി കയറി പോയി. [ 89 ] സുകുമാരി അവൾക്കു തന്റെ നന്ദി എങ്ങിനെ പറഞ്ഞു കാണിക്കേണമെ
ന്നറിയാതെ അമ്പരന്നു നിന്നു പോയെങ്കിലും അതിന്നും ഒരു അവസരം കിട്ടു
മെന്നു കരുതി മനസ്സടക്കി വെച്ചു. കെട്ടു തുറന്നു നോക്കിയപ്പോൾ ഒന്നു രണ്ടു
കുപ്പി കഴമ്പും കുറെ കമ്പിളിതുണിയും ശരീരശക്തിക്കായുള്ള ചില ഭക്ഷണ
സാധനങ്ങളും കണ്ടു.

സന്ധ്യയായപ്പോൾ സത്യദാസൻ വന്നു. അവനെ കണ്ട ഉടനെ അവൾ
പൊട്ടിക്കരഞ്ഞു. അവന്നും വളരെ വ്യസനം ഉണ്ടായിരുന്നെങ്കിലും പതിനേഴു
തികഞ്ഞ ഒരു ബാലനാകയാൽ ഇതു കുറെ ധീരത കാട്ടേണ്ടുന്ന സമയം
എന്നോൎത്തു അവളെ കൈ പിടിച്ചു പുറത്തേക്കു കൂട്ടിക്കൊണ്ടു പോയി. വള
രെ നേരം മൌനമായിരുന്ന ശേഷം അവൻ അവളോടു: "കമാരീ! നീ
പടിഞ്ഞാറു ആകാശത്തിലേക്കു നോക്കു. അവിടെ എന്തു കാണുന്നു?" എന്നു
ചോദിച്ചു. അവിടെ അസ്തമാനസൂൎയ്യന്റെ രക്തവൎണ്ണകിരണങ്ങൾ തട്ടിയ
സ്വൎണ്ണവൎണ്ണമായ വിളുമ്പുകളോടു കൂടിയ കാർമേഘങ്ങൾ ഉണ്ടായി
രുന്നു. സുകുമാരി സൂക്ഷിച്ചുനോക്കി "ഞാൻ മേഘമല്ലാതെ മറ്റു യാതൊന്നും
കാണുന്നില്ല" എന്നു പറഞ്ഞു.

സത്യ: "മേഘം എന്തു നിറം?"

സുകു: "കറപ്പുനിറം."

സത്യ: "അതിന്റെ വിളുമ്പോ?"

സുകു: "മഞ്ഞനിറം"

സത്യ: "നല്ലതു. അതു തന്നെയാകുന്നു ഞാൻ നോക്കുവാൻ പറഞ്ഞുതു.
സൂൎയ്യൻ രാവിലെ എത്രയോ പ്രതാപത്തോടെ ഉദിച്ചുവന്നുവല്ലോ. നമ്മുടെ ഈ
പ്രായം ആ സ്ഥിതിയിൽ ആകുന്നു. ഉച്ചെക്കു സൂൎയ്യൻ എത്രയോ ശക്തിയുള്ള
പ്രകാശത്തോടെ തിളങ്ങിയിരുന്നു. പക്ഷേ ആ ആയുസ്സും ദൈവം നമുക്കു
കൃപയാൽ തരുമായിരിക്കും. എങ്കിലും അസ്തമാനത്തോടടുക്കുംപോൾ സൂൎയ്യനെ
കാർമേഘങ്ങൾ മൂടിയതു കണ്ടുവോ? മുത്തച്ഛന്നു ഇപ്പോൾ അസ്തമാനകാല
മടുത്തു. കാൎമ്മേഘങ്ങളാകുന്ന കഷ്ടങ്ങൾ മരണത്തിന്നു മുമ്പെ ഉണ്ടാകാതിരിക്ക
യില്ല. എങ്കിലും എത്ര കഷ്ടങ്ങളുണ്ടായാലും സത്യഭക്തന്മാൎക്കു അവറ്റിൻമദ്ധ്യേ
ആശ്വാസവും ഉണ്ടാകും. ആ വിളുമ്പുകൾ ശോഭിച്ചിയങ്ങുന്നതു കണ്ടുവോ?
നമുക്കു അതു മാത്രമേ കണ്ടുകൂടും. മേഘത്തിന്റെ അങ്ങേഭാഗത്തു സൂൎയ്യപ്രകാശ
മുണ്ടെന്നതു നിശ്ചയം. നമുക്കു മുത്തച്ഛന്റെ കഷ്ടപ്പാടു മാത്രമേ കാണ്മാൻ കഴി
വുള്ളു. എങ്കിലും മുഖത്തേ പ്രസന്നത കണ്ടാൽ ഹൃദയത്തിൽ നല്ല സൂൎയ്യപ്രകാശ [ 90 ] മുണ്ടെന്നു നമുക്കു വിശ്വസിക്കാം. മുത്തച്ഛന്റെ ദീനം നിന്റെ ഭാഗ്യത്തിന്നും
ഒരു കാൎമ്മേഘം തന്നെ. എങ്കിലും ഏതു കറുത്തകാറിന്നും പ്രകാശമുള്ള വിളുമ്പു
കാണുന്നതു പോലെ, ഈ സങ്കടത്തിൽ തന്നെ നിന്റെ മേൽ ദിവ്യരശ്മി പ്രകാ
ശിക്കും. അതു കാണ്മാൻ നിന്റെ കണ്ണുകൾ തുറന്നു നോക്കേണം. മനുഷ്യന്നു
എപ്പോഴും സന്തോഷമായാൽ നന്നല്ല എപ്പോഴും പകലായിരുന്നാൽ ആകാശ
ത്തിൽ ദൈവം സൃഷ്ടിച്ചിട്ടുള്ള നക്ഷത്രജാലങ്ങളെ നമുക്കു കാണാൻ കഴിയുമാ
യിരുന്നുവോ? അന്ധകാരം വന്നാൽ മാത്രമല്ലേ നമുക്കു ആകാശത്തിന്റെ ഭംഗി
കാണ്മാൻ കഴിവുണ്ടാകുന്നുള്ളു? അതുകൊണ്ടു അന്ധകാരവും ഒരു ദൈവാനുഗ്രഹം
തന്നെ എന്നോൎത്തുകൊൾ. കുമാരീ! സന്തോഷിക്കു. ദുഃഖിക്കൊല്ല. മുത്തച്ഛന്നു
ആയുസ്സു നിറവായിരിക്കുന്നു. മരിച്ചാൽ അവൎക്കു നഷ്ടമില്ല. സമാധാനത്തി
ന്റെ അവതാരം പോലെ ഇരിക്കുന്ന അവൎക്കു മരിക്കാൻ ഭയമുണ്ടാകയില്ല. എത്ര
ത്തോളം ദൈവം ആയുസ്സു കൊടുക്കുന്നുവോ അത്രത്തോളം കൊടുക്കട്ടെ. നീ
ദൈവേഷ്ടത്തിന്നു കീഴടങ്ങുക. നിന്റെ ശുശ്രൂഷ നീ വിശ്വസ്തതയോടെ
ചെയ്തുംകൊണ്ടു നിണക്കു ഈ വയസ്സുകാലത്തിൽ അവർ ചെയ്ത ഉപകാരത്തിന്നു
നന്ദികാണിച്ചാൽ അതു അവൎക്കു ഈ അന്ത്യകാലത്തിൽ തികഞ്ഞ ഭാഗ്യവും
സന്തോഷകാരണവും ആയിരിക്കും."

ഈ വിധം പല ആശ്വാസവാക്കുകളും പറഞ്ഞു സത്യദാസൻ സുകുമാരി
യുടെ ഹൃദയത്തെ സ്വസ്ഥതപ്പെട്ടത്തുവാൻ ശ്രമിച്ചു.

മഴക്കാലം അവസാനിക്കാറായപ്പോൾ കിഴവന്നു സുകുമാരിയുടെ താത്പൎയ്യമായ
ശുശ്രൂഷയാലും സമൎത്ഥരായ വൈദ്യന്മാരുടെ ചികിത്സയാലും കുറെ ഭേദം കണ്ടു.
വടികുത്തി ഒരാളുടെ കൈയും പിടിച്ചു കുറേശ്ശ നടപ്പാനും നല്ലവണ്ണം സംസാ
രിപ്പാനും കഴിവു വന്നു. ദിവസേന സുകുമാരി കടൽക്കരെക്കൽനടപ്പാൻ കൂട്ടി
ക്കൊണ്ടു പോകും. അവിടെ കടൽക്കരയിലെ മൈതാനത്തിൽ ആഴ്ചയിൽ
മൂന്നു ദിവസം വൈകുന്നേരം മാറിമാറി മൂന്നു പട്ടാളത്തിലെയും വാദ്യക്കാരുടെ
ചതുര് ഉണ്ടാകാറുണ്ടായിരുന്നു. അതു കേട്ടു രസിപ്പാനും കടൽക്കാറ്റേല്പാനും
സായ്വമാരും മതാമ്മമാരും അവരുടെ കുട്ടികളും പടയാളികളും നഗരത്തിലെ
മുഖ്യസ്ഥന്മാരായ നാട്ടുകാരും വന്നുകൂടും. മൈതാനത്തു കല്ലുകൊണ്ടു കെട്ടിപ്പ
ടുത്തുണ്ടാക്കിയ അനേകം ഇരിപ്പിടങ്ങളുമുണ്ടായിരുന്നു. വാദ്യഘോഷക്കാരുടെ
അടുക്കൽനിന്നു എല്ലാറ്റിലും വെച്ചു അധികം ദൂരെ ഉള്ളതിന്മേൽ സുകുമാരിയും
തേജോപാലനും ചെന്നു അരമണിക്കൂറോളം ഇരിക്കും. ഒരു ദിവസം അവർ
അങ്ങിനെ ഇരുന്നുകൊണ്ടിരിക്കുമ്പോൾ അവിടെ ഒരു വണ്ടിയിൽ ഒരു സ്ത്രീ
വന്നിറങ്ങുന്നതു കണ്ടു. നോക്കിയപ്പോൾ അതു കരുണയായിരുന്നു. "ഇപ്പോൾ [ 91 ] എനിക്കു കണ്ണിന്നു കുറെ ആശ്വാസമുണ്ടു, നിങ്ങൾ രണ്ടു പേരും ദിവസേന
ഇവിടെ വന്നിരിക്കാറുണ്ടെന്നു കേട്ടിട്ടാകുന്നു ഞാൻ ഇവിടെ വന്നതു" എന്നു
പറഞ്ഞുംകൊണ്ടു അവൾ അവരുടെ അടുക്കൽ ചെന്നിരുന്നു. സുകുമാരിക്കു
തന്റെ ഉപകാരിണിയെ കണ്ടപ്പോൾ ഹൃദയത്തിൽ സന്തോഷം തിങ്ങിവിങ്ങി
നിറഞ്ഞെങ്കിലും യാതൊന്നും പറവാൻ കഴിഞ്ഞില്ല. കരുണ ഇരുന്ന ഉടനെ
സുകുമാരിയോടു "നിന്റെ ശാലയിൽ ഒരു മാറ്റം ഉണ്ടായിട്ടുണ്ടു. സായ്വ് രണ്ടു
മൂന്നു ദിവസത്തിലിടെ പോകുന്നു എന്ന വൎത്തമാനം നീ കേട്ടുവോ?" എന്നു
ചോദിച്ചു.

സുകു: "ഞാൻ കേട്ടിട്ടില്ല. എവിടെയാകുന്നു പോകുന്നതു?"

കരു: "സൎക്കാരിൽനിന്നു വിദ്യാഭ്യാസത്തെ പറ്റി ചില നിയമങ്ങൾ വ
ന്നിട്ടുണ്ടു. അതുകൊണ്ടു സായ്വ് പാഠശാലകൾ പരീക്ഷിക്കുന്ന ഒരു ഉദ്യോഗ
സ്ഥനായി പോകുന്നു."

സുകു: "അയ്യോ! കഷ്ടം തന്നെ സായ്വ് അനാഥശാലയിലെ പ്രവൃത്തി വിട്ടു
കളഞ്ഞുവോ?"

കരു: "ഇല്ല മിശ്യൻ മേലധികാരത്തിന്റെ സമ്മതപ്രകാരമാകുന്നു പോ
കുന്നതു. മിശ്യൻവേലയും സൎക്കാർവേലയും രണ്ടും നടത്തും.”

സുകു: "പകരം വരുന്നതു ആരാകുന്നു എന്നു കേട്ടുവാ?"

കരു: "പകരം തലശ്ശേരിയിൽനിന്നു ഒരു സായ്വു വരുന്നു. എങ്കിലും
തത്കാലം ഈ സായ്വിന്റെ മദാമ്മയും ഇവിടെ തന്നെ താമസിച്ചു പുതുതായി
വരുന്ന സായ്വിനെ സഹായിക്കും."

സുകു: "മദാമ്മ പോകുന്നില്ലെങ്കിൽ അതു വലിയ സന്തോഷം തന്നെ
എനിക്കു."

കരു: "ശാല ചിറക്കല്ലിൽനിന്നു ഇങ്ങോട്ടു വൎണ്ണശ്ശേരിക്കു മാറുന്നെന്നും ഒരു
കേൾവിയുണ്ടു."

സുകു: "അതെനിക്കിഷ്ടമില്ല. ഇവിടെ കടലും പട്ടാളങ്ങളും മറ്റും ഉണ്ടെ
ങ്കിലും അവിടത്തെ പോലെ നല്ലതോട്ടങ്ങളും പൂക്കളും ഭംഗിയുള്ള കാഴ്ചകളും ഇല്ല."

കുരു: "അതു ശരി തന്നെ ഇവിടെ പ്രകൃതിയുടെ ഭംഗി കുറയും. മനു
ഷ്യരുടെ പ്രവൃത്തിയുടെ ഭംഗി മാത്രമേ കാണ്മാനുള്ളൂ. എങ്കിലും ഈ കടലും
ഇതിൽ ഓടുന്ന കപ്പലുകളും ഉരുക്കുളും കാണുമ്പോൾ നിണക്കു യാതൊരു ആലോ
ചനയും തോന്നുന്നില്ലയോ?" [ 92 ] സുകു: "എനിക്കു സ്വതവേ തോന്നുന്നതിന്നു മുമ്പെ തന്നെ ഞാൻ ഇതിനെ
കുറിച്ചു വളരെ ദൃഷ്ടാന്തങ്ങൾ കേട്ടു പോയിരിക്കുന്നു. മനുഷ്യന്റെ ജീവൻ ഈ
കടലിൽ യാത്രചെയ്യുന്ന ഒരു കപ്പൽ പോലെ ആകുന്നുവെന്നും മറ്റും ധാരാളം
കേൾക്കയും പാട്ടിൽ പാടുകയും ചെയ്തിരിക്കുന്നു."

തേജോ: "അതാ അസ്തമിക്കുന്ന സൂൎയ്യന്റെ പ്രകാശം കടലിൽ കണ്ടുവോ?
ആ വെള്ളം കത്തുന്നപ്രകാരം തോന്നുന്നില്ലയോ?"

സുകു: "അതേ അങ്ങിനെ തന്നെ ഇരിക്കുന്നു."

തേജോ: "ഒരു മനുഷ്യന്റെ ജീവൻ അസ്തമിക്കുമ്പോൾ തന്റെ സമീപ
ത്തുള്ളവറ്റെ ഇങ്ങിനെ പ്രകാശിപ്പിപ്പാൻ കഴിഞ്ഞെങ്കിൽ എത്ര നന്നായിരിക്കും?"

കരു: "ഇതാ ഇവിടെ സമീപം തന്നെ തിരമേൽ അലഞ്ഞു കളിക്കുന്നതെ
ന്താകുന്നു?"

തേജോ: "കടൽപന്നിയോ? അല്ല. കടൽപന്നി അതിലും കുറെ വലുതാ
യിരിക്കും."

സുക: (അടുത്തു ചെന്നു നോക്കീട്ടു) "അതു ഒരു കൊട്ടത്തേങ്ങയാകുന്നു."

കരു: "ശരി, ഘനമില്ലാത്തതുകൊണ്ടാകുന്നു അതു വെള്ളത്തിന്മീതെ പൊ
ങ്ങി നില്ക്കുന്നതു. നമുക്കു ഇതിൽ നിന്നും ഒരു പാഠം പഠിപ്പാനുണ്ടു. ഈ തിര
മാലകൾ നമുക്കു ജീവകാലത്തിൽ വരാവുന്ന കഷ്ടപ്പാടുകളാണെന്നു സങ്കല്പിക്കാം.
അപ്പോൾ നമ്മുടെ ഹൃദയം ഭാരപ്പെട്ടുപോയാൽ നാം അവയിൽ ആണ്ടുപോകും.
എങ്കിലും ഏതു കഷ്ടത്തിന്നും നമ്മുടെ ഹൃദയത്തെ ഭാരപ്പെട്ടത്തുവാൻ കഴിഞ്ഞി
ല്ലെങ്കിൽ നമുക്കു അതിന്മീതെ പൊങ്ങിനിന്നു സന്തോഷിക്കാം. എന്നാൽ
അതു സത്യഭക്തൎക്കല്ലാതെ സാധിക്കയില്ല."

സുകു: "വേറെ ഒരു വിധത്തിലും പറഞ്ഞുകൂടേ? ഒരു മനുഷ്യന്നു തക്കതാ
യ ഘനവും കരുത്തും ഇല്ലെങ്കിൽ അവനെ ഈ തിരമാലകൾ ആ തേങ്ങയെ
അങ്ങോട്ടും ഇങ്ങോട്ടും ഇട്ടുരുട്ടും പോലെ കഷ്ടപ്പാടുകളിൽ അവൻ ഒരു നിലയി
ല്ലാത്ത സ്ഥിതിയിലായിത്തീരും. എങ്കിലും നല്ല ഘനവും ഉൾ്ക്കരുത്തും ഉള്ള മനുഷ്യ
ന്റെ തലെക്കു മീതെ ഓളങ്ങളും അലകളും പൊങ്ങിതലെക്കരികെ നടക്കുമ്പോൾ
അവൻ നിലത്തു ഉറച്ചു നില്ക്കും. നിങ്ങൾ ഏതു ഇസ്ക്കൂളിലാകുന്നു പഠിച്ചതു?"

കരു: "ഞാൻ ഇസ്ക്കൂളിൽ പഠിച്ചിട്ടില്ല; ബെൽഗാമിലിരിക്കുമ്പോൾ എന്നെ
സ്വകാൎയ്യമായി പഠിപ്പിപ്പാൻ എന്റെ അച്ഛൻ ഒരാളെ നിശ്ചയിച്ചിരുന്നു.
എനിക്കു കണ്ണിന്നു രോഗം പിടിച്ചശേഷം ഞാൻ പഠിച്ചിട്ടില്ല." [ 93 ] സുകു: "നിങ്ങളെ വേദപുസ്തകം പഠിപ്പിച്ചതും അയാൾ തന്നെയോ?"

കരു: "അതെ എന്നും അല്ലെന്നും പറയാം. അയാൾ ക്രിസ്ത്യാനിയായി
രുന്നു; വേദപുസ്തകം വായിപ്പിച്ചതും വ്യാഖ്യാനിച്ചതും അയാൾ തന്നെ ആയിരു
ന്നുവെങ്കിലും അതിലെ ഗൌരവമായ നീതിസാരങ്ങളും സത്യഭക്തി എന്തെന്നു
ള്ളതിനെ കുറിച്ചുള്ള അറിവും എനിക്കു വശായതു എന്റെ അച്ഛന്റെ കീഴുദ്യോ
ഗസ്ഥനായിരുന്ന ഒരു ക്രിസ്തീയയുവാവിന്റെ സംസഗ്ഗം നിമിത്തമാകുന്നു."

ഇതു പറഞ്ഞു തിരുമ്പോഴേക്കു കരുണയുടെ വണ്ടിക്കാരൻ വന്നു "സമയ
മായി" എന്നു പറഞ്ഞു. രാത്രിയായി തുടങ്ങിയതിനാൽ അവരെല്ലാവരും പി
രിഞ്ഞു പോകയും ചെയ്തു.

സുകുമാരിയും തേജോപാലനും വീട്ടിൽ എത്താറായപ്പോൾ സത്യദാസനും വി
ലാത്തിമട്ടിൽ വസ്ത്രം ധരിച്ചിരുന്ന ഒരു യുവാവും തമ്മിൽ സംസാരിച്ചുകൊണ്ടു
വീട്ടിന്റെ ഉമ്മരത്തു നില്ക്കുന്നതു സുകുമാരികണ്ടു. അവൾ സമീപത്തെത്തിയ
പ്പോൾ അവൻ സത്യദാസനോടു "കോഫി പ്ലാൻറേഷനിലേക്കു കുറെ കൂലീ
സ്സിനെ കൊണ്ടുപോവാൻ ഞാൻ കൊണ്ട്രാക്ട് എടുത്തുവന്നതാകുന്നു. പതിന
ഞ്ചു ദിവസത്തിലകത്തു ഫ്റ്റിഫ്റ്റികൂലീസ്സിനെ അങ്ങോട്ടയച്ചു. ഇപ്പോൾ ഒരു
ഫോർ ഫൈവ് ഡേയ്സായി ഒരു ഒറ്റക്കൂലിയെ കിട്ടാത്തതു. ഒരു മന്തിലിടക്കു
കൊൺട്രാക്ട് എക്സിക്യൂട്ട് ചെയ്തിട്ടില്ലെങ്കിൽ ആ പ്ലാന്റർ എന്നെ പ്രോസിക്യൂട്ട്
ചെയ്യും." എന്നു പറയുന്നതു കേട്ടു തരിച്ചുനിന്നുപോയി. ഒടുവിൽ അവൻ പോ
യപ്പോൾ സുകുമാരി സത്യദാസനോടു "ആ ചട്ടക്കാരൻ ആരാകുന്നു?" എന്നു
ചോദിച്ചു.

സത്യ: "അതു ചട്ടക്കാരനല്ല. നമ്മുടെ കൂടത്തിൽ തന്നെ ഉള്ള ഒരാളാ
കുന്നു. തലശ്ശേരിയിൽ എന്റെ കൂടെ പഠിച്ചിരുന്നു. അവൻ അവിടെനിന്നു
ഒരിക്കൽ ഒരു കുറ്റം ചെയ്തു ഓടിപ്പോയ്ക്കുളഞ്ഞു. എവിടന്നോ കുറെ ഇംഗ്ലീഷും
പഠിച്ചു ഇപ്പോൾ വയനാട്ടിൽ ഒരു കാപ്പിത്തോട്ടത്തിൽ എഴുത്തുപണി എടുത്തു
വരികയാകുന്നു. കുറെ കൂലിക്കാരെ കൊണ്ടുപോവാൻ ഇവിടെ വന്നതാകുന്നു
പോൽ."

സുക: "അവൻ എന്താകുന്നു ചട്ടക്കാരുടെ വേഷം എടുത്തിരിക്കുന്ന സംഗതി.

സത്യ: "ആ വസ്ത്രം ധരിച്ചു വയനാട്ടിൽ ചെന്നാൽ വേഗം ഒരു പണി
യും ശമ്പളവും കിട്ടുംപോൽ. അവന്റെ പേർ ദേവദാസൻ എന്നായിരുന്നു.
ഇപ്പോൾ അതു മാറ്റി ഡി. വാട്സൻ (D. Watson) എന്നാക്കിയിരിക്കുന്നു."

സുകു: "കഷ്ടം അതൊരു വഞ്ചനയല്ലേ?" [ 94 ] സത്യ: "സംശയം കൂടാതെ വഞ്ചന തന്നെ. അതിരി വിഢ്ഢിത്വവും ധാ
രാളമുണ്ടു. ഇവർ ഭോഷന്മാരെ ചതിക്കുന്ന ഭോഷന്മാരാകുന്നു എന്നു പറയാം.
ഒരു പനിനീർപുഷ്പത്തിന്നു നാം എന്തു ഹീനമായ പേരിട്ടാലും അതിന്റെ
വാസനെക്കു ഭേദം വരികയില്ല എന്നും മുരിക്കിൻ പൂ എത്ര ഭംഗിയുള്ളതായാലും
അതു നിൎഗ്ഗന്ധപുഷ്പമാകുന്നു എന്നും ഈ വകക്കാൎക്കു ഉദ്യോഗം കൊടുക്കുന്നവർ
അശേഷം വിചാരിക്കുന്നില്ല. വസ്ത്രത്തിലും വേഷത്തിലും ഒരു ഉദ്യോഗസ്ഥന്റെ
പ്രാപ്തിസങ്കല്പിക്കുന്നവൎക്കു ഇങ്ങിനത്തേവരാകുന്നു പറ്റിയതു. അതുകൊണ്ടാ
കുന്നു ഞാൻ ഈ ഉദ്യോഗം കൊടുക്കുന്നവരെ ഭോഷന്മാർ എന്നു പറഞ്ഞതു.
രണ്ടാമതു കടവാതിൽ പക്ഷി എന്നു പറഞ്ഞു പക്ഷികളുടെ കൂട്ടത്തിലും മൃഗം
എന്നു പറഞ്ഞു മൃഗങ്ങളുടെ കൂട്ടത്തിലും ചെല്ലും. രണ്ടു കൂട്ടരും അതിനെ ചേ
ൎക്കയില്ല. ചട്ടക്കാരെ വിലാത്തിക്കാരും നാട്ടുകാരും തങ്ങളുടെ സമുദായത്തിൽ ചേ
ൎക്കയില്ല. അങ്ങിനെ ഇരിക്കുമ്പോൾ അവരുടെ വേഷമെടുത്തു അവരുടെ കൂട്ട
ത്തിൽ ചേരുവാൻ ഭാവിക്കുന്നതു എന്തൊരു ഭോഷത്വമാകുന്നു? ഇതിലധികം ക
ഷ്ടമായതു; വേഷം മാറ്റുന്ന ഈ നാട്ടുകാരെ ചട്ടക്കാർ അവരുടെ കൂട്ടത്തിലും
ചേൎക്കയില്ല. ഇങ്ങിനെ ഇവർ നാലാമതൊരു ജാതിക്കാരായിരിക്കേണ്ടിവരും."

സുകു: "അവന്റെ ഭാഷ എന്താകുന്നു ഇങ്ങിനെ പാതി പപ്പാസും പാതി
പള്ളാസും?"

സത്യ: "അതു അവരുടെ മണിപ്രവാളമാകുന്നു. കുറച്ചു ഇംഗ്ലീഷും കുറ
ച്ചു മലയാളവും പഠിച്ചവരുടെ ഭാഷയാകുന്നു. ചിറക്കല്ലിലെ സായ്വ് പോകുന്ന
വൎത്തമാനം കേട്ടുവോ?"

സുകു: "എന്നാടു ഇപ്പോൾ തന്നെ കരുണമ്മ പറഞ്ഞു കേട്ടു.

സത്യ: "എന്നോടും ഇപ്പോൾ അമ്മ പറഞ്ഞിട്ടാകുന്നു ഞാൻ കേട്ടതു.
ഇംഗ്ലിഷുവിദ്യ ഈ നാട്ടിൽ പരത്തുവാൻ സൎക്കാർ നിശ്ചയിച്ചിരിക്കുന്നു. സാ
യ്വ് പരീക്ഷിക്കുന്ന ഉദ്യോഗമായി പോകയാകുന്നു. ഇംഗ്ലീഷുവിദ്യ നല്ലതു ത
ന്നെ എങ്കിലും ഇപ്പോൾ കണ്ടതു പോലെ നമ്മുടെ നാട്ടുകാർ സ്വന്തഭാഷ വ
ഷളാക്കുകയും ബാല്യക്കാരൊക്ക വിലാത്തിവേഷക്കാരാകയും ചെയ്യാതിരുന്നാൽ
നന്നായിരുന്നു. ഇംഗ്ലീഷുനാഗരികത്വമെന്നു വെച്ചാൽ അവരുടെ വസ്ത്രവും
അവരുടെ തീനും കുടിയുമാകുന്നുവെന്നു നാട്ടുകാർ വിചാരിച്ചുവരുന്നു. ഇംഗ്ലീ
ഷിൽ പറയുക ഇംഗ്ലീഷിൽ ചിരിക്കുക; ഇംഗ്ലീഷിൽ തിന്നുക ഇംഗ്ലീഷിൽ കുടി
ക്കുക; ഇംഗ്ലീഷിൽ ഉടുക്കുക ഇംഗ്ലീഷിൽ നടക്കുക; എന്നൊക്കെ ഒരു പുതിയ സ
മ്പ്രദായം ഇപ്പോഴെ പറഞ്ഞു കേൾക്കുന്നുണ്ടു. ഒരിക്കൽ നുമ്മൾ ഇതിനെക്കുറി
ച്ചു പറകയുണ്ടായി ഓൎമ്മയുണ്ടോ? [ 95 ] സുക: "ഓൎമ്മയുണ്ടു. വിലാത്തിക്കാർ അവരുടെ ചരക്കു ഇവിടെ അഴി
ച്ചലാക്കുവാൻ ഉള്ള മാൎഗ്ഗങ്ങൾ നോക്കുന്നതിനെ കൊണ്ടു പറഞ്ഞുതല്ലയോ?"

സത്യ: "അതെ അതെ. എന്റെ അമ്മെക്കു വേറൊരു പേടിയും കൂടെ
ഉണ്ടു. ഇനി ക്രമേണ സൎക്കാർ പെൺകുട്ടികളെ പഠിപ്പിപ്പാനുള്ള പാഠശാല
കളും തുടങ്ങും. അവിടെ മതസംബന്ധമായ പാഠങ്ങൾ യാതൊന്നും ഉണ്ടാക
യില്ല. ഇപ്പോൾ നമ്മുടെ ശാലയിൽ പെൺകുട്ടികളെ പഠിപ്പിക്കുന്നതു ഈ
ലോകത്തിൽ സ്ത്രീകൾക്കുള്ള പ്രധാനപ്രവൃത്തികൾ ചെയ്വാൻ തക്കവണ്ണം അവ
രെ പ്രാപ്തരാക്കേണ്ടതിന്നാകുന്നു. സൎക്കാർശാലകളിൽ പഠിക്കുന്നതു ഒന്നുകിൽ
മടിയന്മാരായ ഭൎത്താക്കന്മാരെ പോറ്റുവാനോ അല്ലെങ്കിൽ തങ്ങൾക്കു തന്നെ ത
ന്റേറടപ്രകാരം ജീവിക്കാം എന്ന ആഗ്രഹത്തോടു കൂടിയോ ആയിരിക്കും. ഒരു
ഭാൎയ്യയുടെയും ഒരു അമ്മയുടെയും മുറ നിവൃത്തിപ്പാൻ അവൎക്കു യാതൊരു പ്രാ
പ്തിയും ഉണ്ടാകയില്ല എന്നു അമ്മെക്കു ഒരു പേടിയുണ്ടു."

സുകു: "നിണക്കു ഈ പേടിയുണ്ടോ? അറിവു വൎദ്ധിക്കുമ്പോൾ അതോടു
കൂടി താഴ്മയും മൎയ്യാദയും വൎദ്ധിക്കും എന്നല്ലേ വിചാരിക്കേണ്ടതു?"

സത്യ: "അതു അങ്ങിനത്തെ സ്വഭാവക്കാൎക്കായിരിക്കും. അധികം പേ
ൎക്കും അല്പവിദ്യ അനൎത്ഥകാരണമായിരിക്കും. അതോടു കൂടെ ശരിയായ മത
സംബന്ധപാഠങ്ങളുമില്ലാഞ്ഞാൽ പിന്നെത്ത അവസ്ഥ നോക്കണോ?"

സുക: "ഓ മുത്തച്ഛന്നു മരുന്നു കൊടുപ്പാൻ സമയമായിപ്പോയി."

സത്യ: "ഞാനും പോകട്ടെ, പിന്നെ വരാം."

പിറ്റെ ദിവസം സന്ധ്യെക്കു സത്യദാസൻ വളരെ കണ്ഠിതത്തോടും കൂടെ
സുകുമാരിയുടെ അടുക്കൽ വന്നു, "കുമാരീ എനിക്കു നിന്നോടു കുറെ നേരത്തേക്കു
സംസാരിക്കേണ്ടുന്ന ആവശ്യമുണ്ടു; നിണക്കു അവസരമുണ്ടോ?" എന്നു ചോദിച്ചു.

സുകു: ഓ എന്റെ പണിയൊക്ക തീൎന്നിരിക്കുന്നു; നിന്റെ മുഖമെന്താ
കുന്നു ഇത്ര ക്ഷീണിച്ചിരിക്കുന്നതു വേഗം പറക; എനിക്കു കേൾപ്പാൻ തിരക്കാ
യിരിക്കുന്നു."

സത്യ: "എന്റെ അമ്മയോടു ഞാൻ ഇനിയും പറഞ്ഞിട്ടില്ല. ആദ്യം നി
ന്നോടു പറവാനാകുന്നു നിശ്ചയിച്ചിരിക്കുന്നതു. എന്റെ പ്രവൃത്തി ഞാൻ
ഒരു മാസം കഴിഞ്ഞാൽ വിടേണമെന്നു കല്പനയായിരിക്കുന്നു. കച്ചവട
ക്കാരൻ ഈ തൊഴിൽ വിട്ടു കുടകിൽ കാപ്പികൃഷി ചെയ്വാൻ പോകുന്നു
പോൽ." [ 96 ] സുകു: "അതു നിമിത്തമാകുന്നുവോ ഇത്ര വ്യസനം? ഇതുവരെ നിണക്കു
ആഹാരം തന്ന ദൈവത്തിൽ നിണക്കു ഇത്ര മാത്രമേ വിശ്വാസമുള്ളൂ?"

സത്യ: "കുമാരീ, നീ എന്റെ അമ്മ പഠിച്ച സ്ക്കൂളിൽ തന്നെ ആകുന്നു
പഠിച്ചതു എന്നു നല്ലവണ്ണം കാണ്മാനുണ്ടു. എനിക്കു ദൈവത്തിന്റെ വിശസ്ത
തയെ കുറിച്ചു അശേഷം സംശയമില്ല. എങ്കിലും ഒരു മാസത്തിന്നിടയിൽ
എനിക്കു എവിടെയാകുന്നു പണി കിട്ടുക? നീ ഓൎത്തു നോക്കൂ."

സുകു: "ഉടനെ തന്നെ കിട്ടീല്ലെങ്കിൽ ക്രമേണ കിട്ടും."

സത്യ: "അതിനിടയിൽ ഞാൻ എന്റെ അമ്മയെ എങ്ങിനെ പുലൎത്തും?
അമ്മെക്കു ശരീരത്തിനു നല്ല രക്ഷ ചെയ്നില്ലെങ്കിൽ ശരീരം വേഗത്തിൽ
ക്ഷയിച്ചുപോകും. ഇപ്പോൾ അമ്മെക്കു കിട്ടുന്ന സഹായശമ്പളം കൊണ്ടു
അതും ഞങ്ങളുടെ ചെലവും ഒന്നിച്ചു നിൎവ്വഹിപ്പാൻ കഴികയില്ലല്ലൊ" എന്നു
പറഞ്ഞു അവൻ കൈകൊണ്ടു മുഖം മൂടി അവിടെ ഇരുന്നു കരഞ്ഞു.

സുകുമാരി അപ്പോൾ അവന്റെ തലപിടിച്ചു നിവിൎത്തി "സത്യദാസാ! നി
ണക്കു എന്നെ എന്തെല്ലാം ഉപദേശിപ്പാൻ കഴിഞ്ഞിരുന്നു? ഇപ്പോൾ നിന്റെ
ധൈൎയ്യം ഇത്രേ ഉള്ളൂ എന്നു എനിക്കു കാണിക്കയാകുന്നുവോ? നീ അകത്തു
വാ. ഞാൻ ഈ വിവരം മുത്തച്ഛനോടു പറയാം. അവരെന്താകുന്നു പറയു
ന്നതെന്നു കേൾക്കാമല്ലൊ. പിന്നെ നിന്റെ അമ്മയോടും പറയാം" എന്നു
പറഞ്ഞു കൈ പിടിച്ചു അകത്തേക്കു കൂട്ടിക്കൊണ്ടു പോയി. താൻ തന്നെ
കാൎയ്യമെല്ലാം പറഞ്ഞപ്പോൾ തേജോപാലൻ സത്യദാസനോടു: "നിണക്കൂ ഞങ്ങ
ളാരും ഒരു ആശ്വാസം പറഞ്ഞു തന്നതിനെക്കൊണ്ടു ഫലമില്ല. അവനവന്നു
അവനവൻ തന്നെ ആശ്വാസം കണ്ടെത്തണ്ടതാകുന്നു. അതാകുന്നു കാൎയ്യ
മായ ആശ്വാസം. എങ്കിലും ഒന്നു പറയാം. ദൈവം പക്ഷേ നിണക്കു
ഇതിനെക്കാൾ നല്ല ഒരു പ്രവൃത്തി കണ്ടിട്ടുണ്ടായിരിക്കണം. അവന്റെ
വിശ്വസ്തതയെ നീ ഒരിക്കലും, സംശയിക്കല്ലാ" എന്നു പറഞ്ഞു. അതിന്റെ
ശേഷം സുകുമാരി അവനെ വളരെ നേരം ആശ്വസിപ്പിച്ചു തലേദിവസം
വൈകുന്നേരം കടലിൽ കണ്ട കൊട്ടത്തേങ്ങയുടെ ദൃഷ്ടാന്തവും പറഞ്ഞു. ഒടുക്കം
അവൻ ധൈൎയ്യപ്പെട്ടു അതു വരെ തന്നിൽ പ്രത്യക്ഷമായിരുന്ന മനോബലഹീ
നതയെ കുറിച്ചു ലജ്ജിച്ചു അവളോടു പറഞ്ഞു:-

"കുമാരീ എനിക്കു സ്നേഹിതന്മാരായി ആൺകുട്ടികളാരുമില്ലെന്നു. നീ അറി
യുന്നുവല്ലോ. നേരംപോക്കു പറവാനും അന്യരെക്കൊണ്ടു ഏഷണിയും ദൂഷ
ണവും പറഞ്ഞു രസിപ്പാനും ഇഷ്ടമുള്ളോരെ മാത്രമേ എനിക്കു കാണ്മാൻ ഭാഗ്യ [ 97 ] മുണ്ടായിട്ടുള്ളൂ. അതുകൊണ്ടു അങ്ങിനത്തേവരുമായി സ്നേഹം കെട്ടുവാൻ
ഞാൻ ഇഷ്ടപ്പെട്ടിട്ടില്ല. എന്റെ അഭിപ്രായം സ്നേഹിതന്മാരായാൽ അന്യോ
ന്യം ബുദ്ധി ഉപദേശിക്കയും വഴി നടത്തുകയും ശാസിക്കയും ആശ്വസിപ്പി
ക്കയും ചെയ്യേണമെന്നാകുന്നു. എന്റെ സ്നേഹിതന്മാരാവാൻ യോഗ്യരെന്നു
ഞാൻ വിചാരിച്ച രണ്ടു പേരുണ്ടായിരുന്നു. ഒരുത്തൻ നല്ല സ്വഭാവക്കാരനായി
രുന്നെങ്കിലും അവനു ഒരു ദോഷം ഉണ്ടായിരുന്നു. അന്യരുടെ കുറ്റം അവ
രുടെ പിറകിൽ പറയാതിരിക്കയില്ല. അതിനായി ഞാൻ ഒരിക്കൽ അവ
നെ ശാസിച്ചതു നിമിത്തം അവന്നു മുഷിച്ചൽ ആയിപ്പോയി. മറ്റേറവനും
നല്ലൊരുത്തനായിരുന്നെങ്കിലും അവൻ എനിക്കു ഒരു ഒറ്റ സദുപദേശം തന്ന
തായി ഓൎമ്മയില്ല. അവൻ എപ്പോഴും 'നീ സമൎത്ഥൻ, നീ സദ്ഗുണവാൻ, നീ
നല്ലവൻ' എന്ന പാട്ടു തന്നെ പാടിക്കൊണ്ടിരിക്കും. മനുഷ്യനായ എന്നിൽ
ദോഷമൊന്നും കാണാതെ വെറും നന്മ കാണുന്ന ഒരുത്തൻ എന്റെ സ്നേഹിത
നാവാൻ യോഗ്യനല്ലെന്നു വെച്ചു ഞാൻ അവനെ വിട്ടുകളഞ്ഞു. ദൈവം
എനിക്കു നിന്നെയാകുന്നു ഇതിന്നു തക്കതായി കണ്ടതു. നീ പെണ്കുട്ടിയാകുന്നു
വെങ്കിലും നിന്നിലാകുന്നു ഇനിക്കു ബോദ്ധ്യമായ ഗുണങ്ങൾ കാണ്മാൻ സംഗതി
വന്നതു."

ഇതു പറഞ്ഞുശേഷം അമ്മയെ ഇക്കാൎയ്യം താൻ തന്നെ അറിയിച്ചുകൊള്ളും
എന്നു പറഞ്ഞു വീട്ടിലേക്കു പോയി. [ 98 ] ഒമ്പതാം അദ്ധ്യായം.


ആ വൎഷത്തിലെ ക്രിസ്മസ് ദിവസം എത്തി. ദിസെമ്പ്ര ൨൪–ാം ൹ ആയി.
സത്യദാസന്നു പണി ഇല്ലാതെയായിട്ടു മൂന്നു മാസമായെങ്കിലും സുകുമാരിയുടെ
യും തന്റെ അമ്മയുടെയും ഉപദേശങ്ങളാൽ വ്യസനമില്ലാതെ കഴിഞ്ഞുപോന്നി
രിക്കുന്നു. എന്നാൽ ആ ദിവസം എത്തിയപ്പോൾ സുകുമാരി അവന്റെ മുഖത്തു
പ്രത്യേകമായൊരു ക്ഷീണം കണ്ടു അവനോടു "സത്യദാസാ നിണക്കു ഹൃദയ
ത്തിൽ സമാധാനമില്ലെന്നു ഞാൻ നിന്റെ മുഖത്തു കാണുന്നു. ഇന്നു സന്തോ
ഷിക്കേണ്ടുന്ന ഒരു ദിവസമല്ലയോ? ഇതാ മുത്തച്ഛന്നും കൂടി മുഖത്തു എന്തൊരു
പ്രസന്നതയുണ്ടു? നീ ഇങ്ങിനെയാകുന്നുവോ എനിക്കു ഒരു ദൃഷ്ടാന്തമായി നില്ക്കു
ന്നതു? എനിക്കു സങ്കടകാലങ്ങൾ വരുമ്പോൾ നിന്നെ ഓൎത്താൽ ആശ്വാസമു
ണ്ടാകുമോ? നീ ഇപ്പോൾ കാണിക്കുന്ന അധൈൎയ്യമാകുന്നുവോ ഞാൻ അപ്പോൾ
ഓൎക്കേണ്ടുന്നതു?" എന്നു ചോദിച്ചു. സത്യദാസൻ ഇതു കേട്ടു "കുമാരീ ഇപ്പോൾ
തന്നെ അമ്മയും ഏകദേശം ഇങ്ങിനെ തന്നെ എന്നോടു പറഞ്ഞു. നിങ്ങൾ
രണ്ടു പേരും ഒരു ശാലയിൽ അല്ലയോ പഠിച്ചതു?" എന്നു മാത്രം മറുപടി പറ
ഞ്ഞു, ലജ്ജിച്ചു വ്യസനം മറച്ചുവെച്ചു. വൈകുന്നേരമായപ്പോൾ സുകുമാരിയും
തേജോപാലനും സത്യദാസനും ജ്ഞാനാഭരണവും ഒരു വണ്ടി കയറി ചിറക്ക
ല്ലിൽ ക്രിസ്മസ്‌മരം കാണ്മാൻ പോയി. സുകുമാരി തന്റെ സ്നേഹിതകളെ
എല്ലാം കണ്ടു സന്തോഷിച്ചു. നാല്വരും കൂടെ തിരിച്ചു പോന്നു. അതു ചിറ
കല്ലിലെ അവസാന ക്രിസ്മസ്‌മരമാകയാലും ആ വൎഷാവസാനത്തിൽ അനാ
ഥശാല കണ്ണൂരേക്കു മാറ്റുവാൻ നിശ്ചയിച്ചിരുന്നതിനാലും സത്യദാസന്നു അവി
ടെ പോകുന്നതു തന്റെ വ്യസനത്തിന്നു കുറച്ചൊരു ഭേദമായിരിക്കും എന്നു എ
ല്ലാരും വിചാരിച്ചതിനാലും ആയിരുന്നു അവർ ചിറക്കല്ലിലേക്കു പോയതു.
കണ്ണൂരിലെത്തിയപ്പോൾ രണ്ടാളുകൾ അവരുടെ വരവും കാത്തു അവരുടെ വീ [ 99 ] ട്ടിന്റെ ഉമ്മരത്തു നില്ക്കുന്നതു കണ്ടു. ഒരുത്തൻ സുകുമാരിക്കും തേജോപാലന്നും
ഓരോ ഭാണ്ഡവും മറ്റവൻ സത്യദാസന്നു ഒരു ഭാണ്ഡവും ഒരു കത്തും കൊടുത്തു
പോയി. സുകുമാരിക്കും തേജോപാലന്നും കരുണയുടെ സമ്മാനമായിരുന്നു.
സത്യദാസന്നു കിട്ടിയ ഭാണ്ഡത്തിൽ അവന്നും അമ്മെക്കും വസ്ത്രത്തിന്നു തുണി
യും അമ്മെക്കു വിശേഷമായൊരു പുടവയും ഉണ്ടായിരുന്നതു കൂടാതെ ഇരുപ
തൊന്നുറുപ്പിക അടങ്ങിയ ഒരു ചെറു സഞ്ചിയും ഉണ്ടായിരുന്നു. കത്തു തുറ
ന്നു നോക്കിയപ്പോൾ എഴുതിയ ആളുടെ പേരും ഒപ്പും കണ്ടില്ല. അതിൽ എ
ഴുതിയിരുന്നതെന്തെന്നാൽ:-

സത്യദാസാ, ഈ ക്രിസ്മസ്സ് നിണക്കും അമ്മെക്കും ഒരുശുഭദിനമായ്ഭവിക്ക
ട്ടെ. ഇതോടൊന്നിച്ചു ഞാൻ കുറെ തുണിയും ഇരുപത്തൊന്നുറുപ്പികയും അയ
ച്ചിരിക്കുന്നു. മൂന്നു മാസമായി നിണക്കു പണി ഇല്ലെന്നു കേട്ടു ഞാൻ വ്യസ
നിക്കുന്നു. നിണക്കു പണി വിടുമ്പോൾ ഏഴുറുപ്പിക ശമ്പളമായിരുന്നെന്നു
കേട്ടു. അതുകൊണ്ടാകുന്നു ഈ ഉറുപ്പിക അയച്ചതു. ബൊംബായിൽനിന്നു
ഇവിടെ വന്നു കച്ചവടം ചെയ്യുന്ന ഗുലാബ്സിങ്ങ് എന്ന ആളോടു ഞാൻ നിന്നെ
ശിപാൎശി ചെയ്തിട്ടുണ്ടു. ജനുവരി ൨-ാം ൹ അവിടെ ചെന്നാൽ അന്നു മുതൽ
നിണക്കു സ്ഥിരമായൊരു വേലയും നല്ല ശമ്പളവും കിട്ടും. അതും നിണക്കു
ക്രിസ്മസ്‌ സമ്മാനമാകുന്നു. എനിക്കു നീ ഇതിനു നന്ദിപറവാൻ കടം
പെട്ടവനല്ല. അതുകൊണ്ടു എന്റെ പേർ എഴുതുന്നില്ല. തക്കതായ സമയ
ത്തു ഞാൻ ആരാണെന്നു നീ അറിയും."

ഇതു വായിച്ചു കേട്ടപ്പോൾ സുകുമാരിക്കുണ്ടായ സന്തോഷം വിവരിപ്പാൻ
പ്രയാസം. സത്യദാസൻ ഒന്നും മിണ്ടാതെ വീട്ടിന്റെ പിൻവശംഓടിപ്പോയി.
സുകുമാരി ചെന്നു നോക്കിയപ്പോൾ അവൻ മതിലിന്നു നേരെ മുട്ടുകുത്തി കണ്ണു
നീരോടെ ദൈവത്തെ സ്തുതിക്കുന്നതു കണ്ടു. ഇങ്ങിനെ അവർ നാലു പേരും
കൂടി സന്തോഷമുള്ള ഒരു ക്രിസ്മസ്‌ദിവസം കഴിച്ചു. അന്നുരാത്രിയും പിറേറ
ദിവസവും അവരൊന്നിച്ചു ജ്ഞാനാഭരണത്തിന്റെ വീട്ടിൽവെച്ചു ഭക്ഷണം
കഴിച്ചപ്പോൾ ഇനി ഒരു ക്രിസ്മസ്ദിസം അങ്ങിനെ ഒന്നിച്ചു കഴിപ്പാൻ സംഗ
തിവരികയില്ലെന്നു തേജോപാലൻ തീൎച്ചയായി പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞപ്പോൾ തേജോപാലൻ, സുകുമാരിയെ വിളിച്ചു "മകളേ ഇ
ന്നു വെകുന്നേരം നമുക്കു നാലു പേൎക്കും കൂടെ ഒന്നു കടപ്പുറത്തേക്കു പോകേ
ണം. ഇന്നവസാനിക്കുന്ന വൎഷത്തിന്റെ സൂൎയ്യൻ അസ്തമിക്കുന്നതു എനിക്കു
കാണ്മാൻ വളരെ ആഗ്രഹമുണ്ടു. ഇനിഇപ്രകാരമുള്ള ഒരുദിവസത്തിന്റെ അ [ 100 ] സ്തമാനം എനിക്കു കാണ്മാൻ ഇടവരികയില്ല. അവിടെനിന്നു നേരെ വൎഷാന്ത്യ
പ്രാൎത്ഥനെക്കായി നമുക്കു പള്ളിയിൽ പോകാം. മടങ്ങിവന്നു ഊൺ കഴിഞ്ഞിട്ടു
അൎദ്ധരാത്രിവരെയുള്ള പ്രാൎത്ഥനെക്കും പോകാം" എന്നു പറഞ്ഞു. സുകുമാരി
ഇതു കേട്ടപ്പോൾ ഏറ്റവും വ്യസനിച്ചു. എങ്കിലും വൈകുന്നേരമായപ്പോൾ
നാലു പേരും കൂടെ കടൽത്തിരത്തു പോയി അവർ സാധാരണയായി ഇരിക്കാ
റുണ്ടായിരുന്ന ആസനത്തിന്മേൽ ഇരുന്നു. അന്നു ആകാശം സ്വച്ഛനീലിമ
യോടെ പ്രകാശിച്ചിരുന്നു. മേഘത്തിന്റെ ഒരു ഛായപോലും ഉണ്ടായിരുന്നില്ല.
സൂൎയ്യൻ അസ്തമിക്കാറായിരുന്നതിനാൽ അതിന്റെ രശ്മികൾ വെള്ളത്തിന്മേൽ
കൂടെ ജ്വലിച്ചുകൊണ്ടു അവർ ഇരുന്നിരുന്ന സ്ഥലത്തു പ്രകാശിച്ചു വിളങ്ങി.
ദൂരത്തു അസംഖ്യം ഉരുക്കൾ അങ്ങോട്ടും ഇങ്ങോട്ടും ഗതാഗതം ചെയ്തുകൊണ്ടിരി
ക്കയായിരുന്നു. കുറെ നേരം നാലു പേരും അതൊക്കെ നോക്കിക്കൊണ്ടു മിണ്ടാ
തിരുന്നു. ആദ്യം സംസാരിച്ചതു സുകുമാരിയയിരുന്നു.

സുകു: "കാറ്റു ഒരു ഭാഗത്തേക്കാകുന്നു വീശുന്നതു. ഈ പത്തമ്മാരികളെ
ങ്ങിനെയാകുന്നു അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതു?"

തേജോ: "അതു തന്നെയാകുന്നു ഞാനും നോക്കുന്നതു. ഇനി വരുവാൻ
പോകുന്ന പുതുവൎഷം ഈ കാറ്റിനെപ്പോലെ അനേകരെ ഈ ഭൂമിയിലേക്കു
കൊണ്ടുവരികയും അനേകരെ പരലോകത്തിലേക്കുകൊണ്ടുപോകുയും ചെയ്യും."

സത്യ: "ഞാൻ മുമ്പേ വിചാരിച്ചിരുന്നതു കടലിൽ സഞ്ചരിക്കുന്നവർ എ
പ്പോഴും മരണത്തെ ഓൎത്തു അതിനായി ഒരുങ്ങിയിരിക്കും എന്നായിരുന്നു. അതു
തിരേ തെറ്റായിപ്പോയി. കപ്പൽക്കാരെപ്പോലെ മരണവിചാരവും മരണ
ഭയവും ഇല്ലാത്തവരെ ഞാൻ കണ്ടിട്ടില്ല.

ജ്ഞാനാ: മകനേ അതു അവൎക്കു സാധാരണയായിപ്പോയതുകൊണ്ടാകുന്നു.
കരയിൽ ഉള്ളവൎക്കും അവൎക്കും തമ്മിൽ എന്താകുന്നു വ്യത്യാസം? അതാ വെള്ള
ക്കാർ കടിച്ചു മതിമറന്നു പാട്ടുപാടുന്നു. അവർ നാളെ പടക്കു പോവാൻ കല്പ
നയായാൽ പോയി മരിക്കേണം. അതല്ലെങ്കിലും നാം ഇന്നോ നാളയോ എ
പ്പോൾ മരിക്കുമെന്നു ആൎക്കറിയാം. തങ്ങൾ മരിക്കയില്ലെന്നു ആരെങ്കിലും പ
റയുന്നുണ്ടോ? എല്ലാവൎക്കും തങ്ങൾ മരിക്കുമെന്നറിവുണ്ടു. എന്നാൽ അതിന്നായി
നിത്യം ഒരുങ്ങിരിക്കുന്നവർ എത്ര പേർ?

സത്യ: എപ്പോഴും മനുഷ്യർ മരണത്തെ കുറിച്ചു തന്നെ വിചാരിച്ചിരുന്നാൽ
ഭൂമിയിലെ ജിവനം അവൎക്കു രസമായിരിക്കുമോ? അതുകൊണ്ടു മരണത്തെ
കുറിച്ചുള്ള ഓൎമ്മയില്ലായ്മ ദൈവത്തിന്റെ ഒരു വരമല്ലയോ? [ 101 ] ജ്ഞാന: "മരണത്തെ കുറിച്ചു ഭയമില്ലായ്മയാകുന്നു ദൈവവരം. ഓൎമ്മയി
ല്ലായ്മയല്ല. മരണത്തെ നിത്യം ഓൎത്തു ജീവകാലം മുഴുവനെ തങ്ങൾക്കായി ശവ
ക്കുഴികുഴിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം സന്ന്യാസികൾ "കാൎത്തൂഷ്യൻസ്" എന്നു
പേരായി ഉണ്ടു. അവർ പേടിച്ചും വിറച്ചും കാലം കഴിക്കുന്നു എന്നു നീ വി
ചാരിക്കുന്നുവോ? മരണത്തെക്കുറിച്ചു ഓൎമ്മയില്ലാത്തവൎക്കു സുഖകാലങ്ങളിൽ മാ
ത്രമേ സന്തോഷമുള്ളു; മറ്റവൎക്കു സുഖത്തിലും കഷ്ടത്തിലും സന്തോഷം തന്നേ."

തേജോ: "അതു സത്യം, അതു ശരി.. ഞാൻ വേഗം മരിക്കും എന്നെനിക്കറി
യാം. എങ്കിലും എനിക്കു ഭയവുമില്ല സങ്കടവുമില്ല. സകലത്തിലും സന്തോഷമുണ്ടു."

അന്നു വൈകുന്നേരം ഇത്രമാത്രമേ സംഭാഷണമുണ്ടായുള്ളൂ. നാലുപേരും
അന്യോന്യം ഒരക്ഷരം മിണ്ടാതെ സൂൎയ്യൻ അസ്തമിക്കുന്നതു നോക്കിക്കൊണ്ടി
രുന്നു. സൂൎയ്യഗോളത്തിന്റെ മേൽഭാഗം ചക്രവാളത്താൽ മറഞ്ഞുപോയ ഉടനെ
പള്ളിയിൽനിന്നു മണി അടിച്ചു തുടങ്ങി. അപ്പോൾ അവർ എഴുനീറ്റു അ
വിടേക്കു ചെന്നു.

ആ കാലത്തു വൎഷാന്ത്യദിവസം സൂൎയ്യൻ അസ്തമിച്ച ഉടനെ മിശ്യൻ ദൈവാ
ലയത്തിൽ ഒരു മണിക്കൂറു നേരത്തേക്കു ഒരു ആരാധനയും അതിൽ പിന്നെ
പുതുവൎഷാഗമനം പ്രതീക്ഷിച്ചുകൊണ്ടു രാത്രി ഒമ്പതു മണി മുതൽ പന്ത്രണ്ടു
മണിവരെ ഒരു പ്രാൎത്ഥനായോഗവും നടപ്പായിരുന്നു. ഇതിന്നു നാട്ടുകാരും
വിലാത്തിക്കാരും കൂടി വരും. മേൽ പറഞ്ഞ ദിവസത്തിൽ ചിറക്കല്ലിലെ അ
നാഥശാല കണ്ണൂരിലേക്കു മാറ്റിയതിനാൽ അവിടത്തെ കുട്ടികളും അതിൽ കൂടി
വന്നു. സന്ധ്യാരാധന കഴിഞ്ഞശേഷം സുകുമാരി തന്റെ സ്നേഹിതകളുമായി
കുശലപ്രശ്നം കഴിഞ്ഞു വീട്ടിലേക്കു പോയി നാൽവരും കൂടി രാത്രിയത്തെ
പ്രാൎത്ഥനെക്കു വീണ്ടും പള്ളിയിലേക്കു പോയി. കുറെ ആളുകളുടെ പ്രസംഗങ്ങളും
പ്രാൎത്ഥനകളും ഇടക്കിടയുള്ള സംഗീതങ്ങളും എല്ലാം കഴിഞ്ഞു പതിനൊന്നെ
മുക്കാൽ മണിയായപ്പോൾ സഭ മുഴുവനെ മുട്ടുകുത്തി നിശ്ശബ്ദമായി സ്വകാൎയ്യ
പ്രാൎത്ഥന കഴിച്ചുകൊണ്ടിരുന്നു. പെട്ടെന്നു പള്ളിയിലെമണിഅടിച്ചു. പന്ത്ര
ണ്ടു മണി കഴിഞ്ഞു പുതുവൎഷം ആരംഭിച്ചു എന്നതിന്നു അതു അടയാളമായി
രുന്നു. അപ്പോൾ തന്നെ തക്ക പ്രായം ചെന്നുവൎക്കു സമ്പ്രദായപ്രകാരം രാത്രി
ഭോജനവും ഉണ്ടായി പ്രാൎത്ഥന അവസാനിച്ചു. ഇവർ നാല്വരും കൂടി പുതു
തായി പിറന്ന വൎഷത്തിൽ നല്ലനിലാവെളിച്ചത്തു നടന്നുകൊണ്ടു സ്വഭവനങ്ങ
ളിലേക്കു പോയി.

ജനുവരി രണ്ടാം തിയ്യതി സത്യദാസൻ പുതിയ പ്രവൃത്തിക്കായി ഗുലാ
ബ്സിങ്ങ് എന്ന കച്ചവടക്കാരന്റെ വീട്ടിലേക്കു ചെന്നു. അദ്ദേഹം ഒരു ബോം [ 102 ] ബായിക്കാരൻ ആയിരുന്നുവെങ്കിലും മലയാളത്തിൽ സ്ഥിരം പാൎപ്പാക്കുവാൻ നി
ശ്ചയിച്ചതിനാലായിരുന്നു മക്കളെ ചിറക്കലിൽ പഠിപ്പാനായയച്ചതു. സത്യദാ
സൻ അവിടെ ചെന്നപ്പോൾ തന്നെ പെൺകുട്ടികളിരുവരും തോട്ടത്തിൽ ഉലാ
വുന്നതു കണ്ടു. ഇളയവൾ അവനെ കണ്ടപ്പോൾ അവന്റെ അടുക്കലേക്കു
വന്നു നല്ലമലയാളത്തിൽ “അച്ഛനെ കാണ്മാനാകുന്നുവോ വന്നതു?" എന്നു ചോ
ദിച്ചു. "അതേ" എന്നുത്തരം കേട്ടപ്പോൾ "പേർ എന്തെന്നാകുന്നു പറയേ
ണ്ടതു" എന്നു ചോദിച്ചതിനു "സത്യദാസൻ സുപ്രിയൻ" എന്നു മറുവടി പറ
ഞ്ഞു. ഉടനെ അവൾ പോയി വിവരം അച്ഛനെ അറിയിച്ചു ഗുലാബ്സിംഗ്
പുറത്തുവന്നു. അദ്ദേഹം ഒരു രജപുത്ര ക്രിസ്ത്യാനിയായിന്നു; കാഴ്ചെക്കു ബഹു
സുന്ദരനും യോഗ്യനുമായിരുന്നതു കൂടാതെ എത്രയും ദയാലുവുമായിരുന്നു. സത്യ
ദാസനെ വിളിച്ചു വളരെ ആദരവോടെ അവന്റെ വൎത്തമാനമൊക്ക ചോദിച്ച
റിഞ്ഞു. ഒടുവിൽ അവനോടു "ഒരാഴ്ചെക്കകം നീ കല്ക്കത്തെക്കു പോകേണം.
എനിക്കവിടെ വിശ്വാസയോഗ്യനായ ഒരു കാൎയ്യസ്ഥൻ ആവശ്യമുണ്ടു. അതി
ന്നായി അപേക്ഷക്കാർ അനേകരുണ്ടായിരുന്നെങ്കിലും നീ അതിനു പറ്റിയ
വൻ എന്നു ഒരാൾ പറകയാലത്രെ നിന്നെ ഞാൻ തെരിഞ്ഞുടുത്തതു" എന്നു
പറഞ്ഞപ്പോൾ സത്യദാസൻ ഇടിവെട്ടിയ മരം പോലെ ആയിപ്പോയി.

സത്യ: "എനിക്കു രോഗത്തിൽ വലഞ്ഞിരിക്കുന്ന ഒരു അമ്മയുണ്ടു. അമ്മെക്കു
ഞാനല്ലാതെ മറ്റാരുമില്ല. അതുകൊണ്ടു കൽക്കത്തെക്കു പോകുന്ന കാൎയ്യം പ്രയാ
സമായിരിക്കും.".

ഗുലാ: "കുട്ടീ! നീ ഇപ്പോൾ കാണിക്കുന്നതു മലയാളികളുടെ സ്വഭാവമാ
കുന്നു. തങ്ങളുടെ ഭവനം വിട്ടുഒരുദിവസത്തെ വഴി ദൂരം പോയി പാൎക്കുന്നതു
അവൎക്കു സഹിച്ചു കൂടാ. നീ അങ്ങിനെ ചെയ്യരുതു. നമ്മുടെ സമുദായത്തിന്നു
യശസ്സുണ്ടാകേണമെങ്കിൽ നിന്നെപ്പോലെയുള്ളർ അന്യരാജ്യങ്ങളെയും ചെന്നു
കണ്ടു അവിടെ കണ്ടും കേട്ടും പഠിപ്പാനുള്ളതൊക്കെയും വശാക്കേണം. നീ
വിരോധം യാതൊന്നും പറയരുതു. നിന്റെ പ്രായക്കാൎക്കു ഇവ്വിധം പ്രവൃത്തി
ആരും കൊടുക്കയില്ലേന്നോൎത്തുകൊൾ. നിന്റെ അമ്മെക്കു മാസാന്തരം പത്തു
റുപ്പിക ഞാൻ ഇവിടെ കൊടുക്കും. നിണക്കും അവിടെ ചിലവിന്നു വേണ്ടു
ന്നതു തരാം. നിന്റെ പേരിൽ മാസാന്തരം പത്തുറുപ്പിക എന്റെ ഖജാന
യിലും സൂക്ഷിക്കും."

സത്യ: "എന്തായാലും അമ്മയുടെ സമ്മതം ചോദിക്കേണ്ടതാവശ്യമാകുന്നു.
എനിക്കു സമ്മതം തന്നെ. ഞാൻ പോയി അമ്മയുടെ അഭിപ്രായവും അ
റിയട്ടെ." [ 103 ] വീട്ടിലെത്തിയപ്പോൾ സത്യദാസന്നു ദൈവത്തെ സ്തുതിപ്പാൻ ഒരു ഹേ
തുവുണ്ടായി. സുകുമാരി ഓടി വന്നു അവനോടു "സത്യദാസാ നീ ആ
പണി വിട്ടപ്പോൾ തന്നെ നിന്നെ നിന്റെ യജമാനൻ നീക്കിയതു ദൈവ
ത്തിന്റെ ഒരു വഴിയാകുന്നു എന്നു മുത്തച്ഛൻ പറഞ്ഞില്ലയോ. ആയാൾ കപ്പി
ത്തോട്ടം വാങ്ങുവാനായി കുടകിലേക്കു പോകുമ്പോൾ ആ എടുപ്പു അങ്ങിനെ
തന്നെ പതിനഞ്ചുറുപ്പിക വാടെക്കു വേറൊരു കച്ചവടക്കാരന്നു കൊടുത്തിരുന്നു
പോൽ. ഇന്നലെ രാത്രിയാവോളം അതിന്നു യാതൊരു ഊനവും കണ്ടിരുന്നില്ല.
ഇന്നു രാവിലെ കച്ചവടക്കാരനും അവന്റെ ഗുമസ്തനും കൂടി അവിടെ ഒന്നി
ച്ചെത്തി ശാപ്പു തുറന്നു അകത്തു കടന്നു ഗുമസ്തനെക്കൊണ്ടു ആയാൾ എന്തോ
എഴുതിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഭവനം ആകപ്പാടെ ഇടിഞ്ഞുവീണു അവ
രിരുവരും അതിന്റെ ഉള്ളിലായിപ്പോയി. ഇന്നു നീ നിന്റെ പഴയ പണി
യിലായിരുന്നെങ്കിലോ?" എന്നു പറഞ്ഞു. സത്യദാസൻ ആ വിവരം കേട്ടു
വളരെ ദുഃഖിച്ചെങ്കിലും താൻ ആ ആപത്തിൽനിന്നു തെറ്റിപ്പോയതിനാൽ
വളരെ നന്ദിയോടെ ദൈവത്തെ സ്തുതിച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോൾ സത്യദാസൻ അമ്മയോടു വിടവാങ്ങി. പതിവു
പ്രകാരം സുകുമാരിയും തേജോപാലനും കൂടെ ഉണ്ടായിരുന്നു. അമ്മ ദീൎഘമാ
യൊരു ഉപദേശം കഴിച്ചു, ഒടുവിൽ "നീ ധനവാനായെന്നു കേട്ടാൽ അധി
കമൊരു സന്തോഷമോ ദരിദ്രനായെന്നു കേട്ടാൽ അധികമൊരു ദുഃഖമോ എനി
ക്കുണ്ടാകുകയില്ല. നിണക്കു കഷ്ഠരോഗം പിടിപെട്ടു ആ വക ദീനക്കാരുടെ രോ
ഗശാലയിൽ പോയി കിടക്കേണ്ടിവന്നിരിക്കുന്നു എന്നു കേട്ടാലും അധികമൊരു
വ്യസനം എനിക്കുണ്ടാകയില്ല. എങ്കിലും നിന്നെ ഇതുവരെ സ്നേഹിച്ചു പോന്നി
രിക്കുന്ന ദൈവത്തെഉപേക്ഷിച്ചിരിക്കുന്നു എന്നു കേട്ടാൽ അതിൽപരംഎനിക്കു
ഒരു നിൎഭാഗ്യവൎത്തമാനം ഉണ്ടാവാനില്ലെന്നു കരുതിക്കൊൾക. എന്റെ മകനേ!
നീ അവനോടുകൂടെജീവിക്കുന്നുഎന്നുഅറിഞ്ഞാൽ എനിക്കു സന്തോഷത്തോടെ
എന്റെ കണ്ണുകൾ അടക്കുവാൻ കഴിവുണ്ടാകും." എന്നു പറഞ്ഞു അവനെ
ഗാഢാലിംഗനം ചെയ്തു ചുംബിച്ചു. സുകുമാരി കരഞ്ഞുകൊണ്ടു സലാം പറയു
മ്പോൾ അവൻ അവളോടു "കുമാരീ! എന്റെ അമ്മെക്കു നീ മകളായിരിക്കുമെന്നു
ഞാൻ വിശ്വസിക്കുന്നു" എന്നു മാത്രം പറഞ്ഞു. പിന്നെ അവൾക്കോ അവനോ
അന്യോന്യം ഒരക്ഷരം പോലും പറവാൻ കഴിഞ്ഞില്ല. കിഴവൻ രണ്ടു കയ്യും
സത്യദാസന്റെ തലമേൽ വെച്ചു "എന്നെയും നിന്നെയും ഇതുവരെ പരിപാലി
ച്ചു പോന്നിരിക്കുന്ന വിശ്വസ്തനും സൎവ്വശക്തനുമായ ജീവനുള്ള ദൈവം നിന്നെ
സകല തിന്മയിൽനിന്നും കാക്കട്ടെ, നീ എന്നെയും ഞാൻ നിന്നെയും ഇനി [ 104 ] ഇവിടെ വെച്ചു കാണ്കയില്ല. എങ്കിലും നാം രണ്ടു പേരും ഒരേടത്തു ഒന്നിച്ചു
കാണുമെന്നു വിശ്വസിക്കുന്നു" എന്നു പറഞ്ഞു ശേഷം വളരെ ഗൌരവമായ
വിധത്തിൽ ഒരു പ്രാൎത്ഥന കഴിച്ചു വിട്ടയച്ചു.

രണ്ടര മാസം കഴിഞ്ഞ ശേഷം ക്രിസ്ത്യാനികൾ യേശുക്രിസ്തന്റെ ക്രൂശാ
രോഹണം ഓൎക്കുന്നതായ ആഴ്ചവട്ടം എത്തി. ആ ഉത്സവം കൊണ്ടാടുന്നതു
വെള്ളിയാഴ്ചയാകുന്നുവല്ലൊ. വ്യാഴാഴ്ച രാവിലെ തേജോപാലന്റെ അപേക്ഷ
പ്രകാരം കരുണ അവന്റെ വീട്ടിലേക്കു ചെന്നു. സുകുമാരിയോടു കൂടെ ഇവർ
മൂന്നു പേർ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളു. ഏകദേശം അരമണിക്കൂ
റോളം മൂവരും കൂടെ വൎത്തമാനം പറഞ്ഞുകൊണ്ടിരുന്നശേഷം സുകുമാരിയോടു
അവൻ കുറെ നേരത്തേക്കു പുറത്തു പോകുവാൻ പറഞ്ഞു. അവർ തനിച്ചായ
പ്പോൾ തേജോപാലൻ കരുണയോടു പറവാൻ തുടങ്ങി:-

"കരുണമ്മേ എന്റെ അവസാനം സമീപിച്ചുവരുന്നെന്നു തോന്നുന്നു.
ഒന്നാമതു ഈ ദീനം ആരംഭിച്ചപ്പോൾ അതിന്നു ഒരു ദിവസം മുമ്പെ ഉണ്ടായ
അടയാളങ്ങളെല്ലാം ഇന്നു കണ്ടുതുടങ്ങിയിരിക്കുന്നു. ഇനി ഒരിക്കൽ അതു
വന്നാൽ ഞാൻ മരിക്കേയുള്ളൂ എങ്കിലും ഞാൻ അതിന്നു ഒരുങ്ങിയിരിക്കുന്നു.
എന്നാൽ മരിച്ചാൽ ഈ കുട്ടി എന്തു ചെയ്യും എന്നോൎത്തു എനിക്കു വളരെ
വ്യസനമുണ്ടു. ജ്ഞാനാഭരണത്തിന്നു ഇപ്പോൾ ഇവളെ നോക്കിക്കൊണ്ടു നട
പ്പാൻ കഴികയില്ല. ഇവളുടെ ഉപജീവനകാൎയ്യത്തിൽ നിങ്ങൾ ഉള്ളേടത്തോ
ളം എനിക്കു ഒന്നും ഭയപ്പെടാനില്ല. എങ്കിലും ഇവൾ ഇപ്പോൾ താരുണ്യ
ത്തിൽ എത്തി തുടങ്ങിയതിനാൽ ഈ തെരുവീഥിയിൽ ജ്ഞാനഭരണത്തോടു
കൂടെ പാൎക്കുന്നതു എനിക്കത്ര നന്നായി തോന്നുന്നില്ല."

കരു: "അവ ഒരു നല്ല കുട്ടിയാകുന്നുവല്ലോ. പറയുന്നവരെല്ലാം അവ
ളെക്കൊണ്ടു നന്മയല്ലേ പറയുന്നുള്ളൂ? അതുകൊണ്ടു അവളെച്ചൊല്ലി ശങ്കിപ്പാ
നും ദുഃഖിപ്പാനും സംഗതി യാതൊന്നുമില്ലല്ലൊ."

തേജോ: "എനിക്കു അവളെക്കൊണ്ടു ശങ്കയുണ്ടായിട്ടല്ല ഞാൻ പറയുന്നതു.
ഏതു സമുദായത്തിലും എല്ലാ രാജ്യത്തിലും ധൂൎത്തന്മാരും കൎണ്ണേജപന്മാരും ഉണ്ടാ
യിട്ടുണ്ടു. അവൎക്കു വിശേഷിച്ചു യതൊരു തൊഴിലുമില്ലാത്തതിനാൽ മറ്റുള്ള
വരെക്കൊണ്ടു അപശ്രുതികൾ ഉണ്ടാക്കി പരത്തുന്നതിന്നു ഒരു പഴുതനേഷിച്ചു
നടക്കുകയാകുന്നു പ്രവൃത്തി. അതു എത്ര അസത്യമായാലും വിശ്വസിപ്പാൻ
അവൎക്കു സമന്മാരായ ആളുകളും ഉണ്ടാകും. നൂലില്ലാതെ മാല കോൎക്കുവാനും
മണൽ കൊണ്ടു ചരടു പിരിപ്പാനും സമൎത്ഥരായ ഈ ജനങ്ങളെയാകുന്നു എനിക്കു [ 105 ] ഭയം. നിഷ്കപടമാനസയും ലോകത്തിന്റെ ദുൎവ്വഴികളെ കുറിച്ചു യാതൊരറിവും
ഇല്ലാത്തവളും ആയ ഈ കുട്ടിയെ അവൎക്കു എളുപ്പത്തിൽ അപകീൎത്തിപ്പെടുത്തു
വാൻ കഴിയും."

ഈ വൎത്തമാനം കേട്ടപ്പോർ കരുണയുടെ മുഖത്തു ഒരു തുള്ളി രക്തംപോലും
ഇല്ലാത്തവണ്ണം വിളൎത്തുപോയി. എങ്കിലും തേജോപാലൻ അതു സൂക്ഷിച്ചില്ല.

കരു: "അവൾ ഒരു സാധുക്കുട്ടിയാകുന്നുവല്ലോ. ആരുടെ നന്മെക്കും തി
ന്മെക്കും പോകാത്തവളെ അവർ ഉപവിക്കുമോ?"

തേജോ: "നായ്ക്കളോടു ഇഷ്ടമായിരുന്നാൽ അവ മനുഷ്യന്റെ മേൽ ചാടി
കയറി വസ്ത്രമെല്ലാം അഴുക്കാക്കിക്കുളയും. അനിഷ്ടമായിരുന്നാൽ കടിച്ചു പറി
ക്കും. ദുൎജ്ജനങ്ങൾ അങ്ങിനെയാകുന്നു."

കരു:"അതു ശരി തന്നെ, ഞാൻ ആ കാൎയ്യം ഓൎത്തിട്ടില്ല. ഞാൻ ജീവ
നോടിരിക്കുന്നേടത്തോളം അവൾ ഒരു വഴിക്കാകുന്നതുവരെ അവളെ ഞാൻ
എന്റെ വീട്ടിൽ ചേൎത്തുകൊള്ളും."

തേജോ: "നിങ്ങളുടെ അച്ഛന്നു അതു സമ്മതമാകുമോ?"

കരു: "അച്ഛൻ ഞാൻ പറയുന്നതൊന്നിന്നും വിരോധം നില്ക്കയില്ല. എല്ലാ
കാൎയ്യത്തിലും വളരെ ഖണ്ഡിതമുള്ള ആളാണെങ്കിലും എന്റെ ഇഷ്ടത്തിന്നു
തടസ്ഥം പറകയില്ലെന്നു എനിക്കു നല്ല നിശ്ചയമുണ്ടു."

തേജോ: "എന്നാൽ മതി. എനിക്കു ഈ ഒരു കാൎയ്യം മാത്രമേ കേൾക്കേ
ണ്ടതുണ്ടായിട്ടുള്ളു. ഇപ്പോൾ ഞാൻ എന്റെ യാത്രെക്കു ഒരുക്കും തന്നേ."

ആ ദിവസം തേജോപാലൻ സുകുമാരിയെ വിളിച്ചു
"എനിക്കു ഇന്നു നല്ല സുഖമില്ല. വളരെ ക്ഷീണമുണ്ടു. അതുകൊണ്ടു നേര
ത്തെ ഉൺ കഴിക്കേണം" എന്നു പറഞ്ഞു. സുകുമാരി ഉടനെ വേണ്ടുന്ന ഒരു
ക്കങ്ങളെല്ലാം ചെയ്തു ഏഴു മണിയായപ്പോൾ ഇരുവരും ഭക്ഷണം കഴിച്ചു.
അതിന്റെ ശേഷം അവൻ അവളോടു: "ഞാൻ ഇവിടെ കിടക്കാം, നീ എന്റെ
അടുക്കലിരുന്നു കുറെ വായിക്കേണം" എന്നു പറഞ്ഞു. "എന്താകുന്നു വായി
ക്കേണ്ടതു?" എന്നു ചോദിച്ചപ്പോൾ "കഷ്ടാനുഭവചരിത്രത്തിൽ തോട്ടത്തിലെ
പോരാട്ടവും അതിന്റെ ശേഷം പൌൽ അപ്പോസ്തലൻ പുനരുത്ഥാനത്തെ
കൊണ്ടു കൊരിന്ത്യൎക്കു എഴുതിയതും" എന്നുത്തരം പറഞ്ഞു. അതുപ്രകാരം അ
വൾ വായിച്ചു. ഒടുക്കും "ഹേ മരണമേ! നിൻ മുള്ളു എവിടെ? പാതാള
മേ! നിൻ ജയം എവിടെ?" എന്നു വായിച്ച ഉടനെ തേജോപാലൻ "നമ്മുടെ [ 106 ] കൎത്താവായ യേശുക്രിസ്തുമൂലം നമുക്കു ജയത്തെ നല്കുന്ന ദൈവത്തിന്നു സ്തോ
ത്രം" എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. അതിൽ പിന്നെ അവന്റെ ആവശ്യ
പ്രകാരം സുകുമാരി പ്രാൎത്ഥിച്ചു എഴുനീറ്റപ്പോൾ അവൻ അവളോടു:

"കുമാരീ, നീ എനിക്കു എന്റെ വാൎദ്ധക്യകാലത്തിൽ എത്ര വലിയൊരു ആ
ശ്വാസമായിത്തീൎന്നു എന്നുള്ളതു എനിക്കു വിവരിപ്പാൻ കഴികയില്ല" എന്നു
പറഞ്ഞു.

സുകു: "എന്നെക്കൊണ്ടു പ്രയാസമല്ലാതെ എന്താകുന്നു ഒരു പ്രയോജന
മുണ്ടായതു?”

തേജോ: "ഇല്ലേ ഇല്ല. നീ എനിക്കു ഒരു ഭാരമായിരിക്കുമെന്നു പലരും
എന്നോടു പറഞ്ഞെങ്കിലും നിന്നെ വളൎത്തുന്നതു എന്റെ മുറയായി ഞാൻ വിചാ
രിച്ചു. നിന്നെക്കൊണ്ടു എനിക്കു ഇത്ര പ്രയോജനമുണ്ടാകുമെന്നും ഈ സമയ
ത്തിൽ എനിക്കു ഇത്ര ആശ്വാസമുണ്ടാകുമെന്നും ഞാൻ സ്വപ്നേപി നിരൂപി
ച്ചിട്ടില്ല."

സുക: "ഞാൻ എന്താകുന്നു ഉപകാരം ചെയ്തതു? ഞാൻ ഒരു അനാഥ പൈ
തലായിരുന്നപ്പോൾ മുത്തച്ഛൻ എനിക്കു വേണ്ടി ചെയ്തതിനോടു ഇതൊക്ക ഒത്തു
നോക്കിയാൽ ഇതൊന്നും സാരമില്ലല്ലോ."

തേജോ: "ഞാൻ പലപ്രാവശ്യവും എന്റെ വാൎദ്ധക്യകാലത്തിൽ എനിക്കു
ഒരു തുണെക്കായി ദൈവത്താടു പ്രാൎത്ഥിച്ചിട്ടുണ്ടായിരുന്നു. എന്റെ വിശ്വ
സ്തകൎത്താവായവൻ എന്റെ അപേക്ഷ കേട്ടു നിന്നെയാകുന്നു എനിക്കു തന്നതു.
ഇനി എനിക്കു വേണ്ടി നീ അധികം ബുദ്ധിമുട്ടേണ്ടി വരികയില്ല."

ഇതു കേട്ടപ്പോൾ സുകുമാരി കട്ടിലിന്മേൽ കവിണ്ണു വീണു "മുത്തച്ഛൻ എ
ന്നെ വിട്ടേച്ചു പോകമോ എനിക്കു ആരുണ്ടു?" എന്നു കരഞ്ഞുകൊണ്ടു പറഞ്ഞു.
കിഴവന്നു അടക്കിവെപ്പാൻ പാടില്ലാത്ത വ്യസനമുണ്ടായെങ്കിലും മനസ്സുറപ്പിച്ചു
അവളെ തന്നോടണച്ചു ചേൎത്തു: "കുമാരീ! നിന്നെ ഇതുവരെക്കും രക്ഷിച്ചതു
ദൈവത്തെ കഴിച്ചാൽ കരുണമ്മയാകുന്നു. നീ ശാലയിൽ പോയപ്പോഴും അ
വർ നിണക്കായി സായ്വിന്നു പണം കൊടുത്തിരുന്നു. ഇനിയും അവർ തന്നെ
നിന്നെ നോക്കും. നീ വീണ്ടും സുവിശേഷം തുറന്നു വെളിപ്പാടുപുസ്തകത്തിൽ നിന്നു പുതിയ യരുശലേമിന്റെ വൎണ്ണന വായിക്കുക. വായിച്ചു തീൎന്നാൽ ഒരു
പാട്ടും പാടേണം" എന്നു പറഞ്ഞു. അവൻ ആവശ്യപ്പെട്ട ഭാഗം അവൾ വാ
യിച്ചു തീൎന്നപ്പോൾ അവന്നു ഏറ്റവും ഇഷ്ടമായിരുന്നെന്നു അവൾ അറിഞ്ഞ
ഒരു പാട്ടു പാടി. അതു സ്വൎഗ്ഗലോകത്തിലെത്തിയ സിദ്ധന്മാർ തലയിൽ കി [ 107 ] രീടവും കയ്യിൽ കുരുത്തോലയും പിടിച്ചു ഐകമത്യമായി ദൈവത്തെ അവന്റെ
സിംഹാസനത്തിന്മുമ്പാകെ നിന്നു സ്തുതിക്കുന്ന വൎണ്ണനയായിരുന്നു. പാട്ടു തീ
ൎന്ന ശേഷം തേജോപാലൻ, ഈ കുട്ടിയെയും തന്നെയും ദൈവത്തിൻ വക്കൽ ഭ
രമേല്പിച്ചുകൊണ്ടു ഒരു പ്രാൎത്ഥന കഴിച്ചു, അവളോടു പോയി ഉറങ്ങിക്കൊൾ
വാൻ പറഞ്ഞു. സുകുമാരി വ്യസനത്തോടെ പോയി കിടന്നു. ആധി നിമി
ത്തം വളരെ നേരം ഉറക്കു വന്നില്ല. ഒടുക്കം ഉറങ്ങിയപ്പോൾ ഒരു സ്വപ്നം
കണ്ടതെന്തെന്നാൽ:-

മുത്തച്ഛന്നു പൂൎണ്ണസുഖമായിരിക്കുന്നു. ശരീരത്തിനു നല്ല ശക്തിയും ആ
രോഗ്യവുമുണ്ടു. നാലുപുറവും കന്മതിൽ കൊണ്ടു ചുററിക്കെട്ടിയ ഒരു പൂങ്കാവ
നത്തിൽ അനേകം ആളുകളോടും കൂടെ പാടിയും സന്തോഷിച്ചും കൊണ്ടിരിക്ക
യാകുന്നു. അവൻ എപ്പോഴും കാണ്മാൻ ആഗ്രഹിച്ചതായ സൂൎയ്യപ്രകാശം മുഖ
ത്തു വിളങ്ങിക്കൊണ്ടിരുന്നതിനാൽ മുഖമെത്രയും പ്രസന്നമായിരുന്നു. താൻ
ആ ഉദ്യാനത്തിന്റെ പടിവാതില്ക്കൽ ചെന്നപ്പോൾ മുത്തച്ഛൻ തന്നെ അകത്തേ
ക്കു കൈമാടി വിളിച്ചു. അതുകൊണ്ടു തോട്ടക്കാരനോടു വാതിൽ തുറന്നു തന്നെ
അകത്തു കടത്തുവാൻ ചോദിച്ചപ്പോൾ "നിണക്കു ഇനിയും അകത്തു വരുവാൻ
സമയമായിട്ടില്ല സമയമായാൽ ഞാൻ നിണക്കു വാതിൽ തുറന്നു തരും" എന്നു
ഉത്തരം പറഞ്ഞു.

മുത്തച്ഛന്റെ അടുക്കൽ ചെല്ലുവാൻ കഴിയാഞ്ഞതിനാൽ അവൾക്കു വ്യസ
നമായി ഉറക്കെ കരഞ്ഞു. ആ കരച്ചലിൽ ഉറക്കു ഞെട്ടിപ്പോയി. കണ്ണു തുറ
ന്നപ്പോൾ നേരം പുലൎന്നിരുന്നു. വേഗം എഴുനീറ്റു മുത്തച്ഛനെ ചെന്നു നോക്കി.

സ്വപ്നം യഥാൎത്ഥമെന്നു കണ്ടു.

ചുറ്റുമുള്ളവരെല്ലാം ഒരു രാത്രിയിലത്തെ വിശ്രാമത്തിലിരിക്കുമ്പോൾ ദൈ
വത്തിന്റെ ദൂതൻ ആ വിശിഷ്ടവൃദ്ധന്റെ ശുദ്ധാത്മാവിനെ നിത്യവിശ്രാമ
ത്തിലേക്കു എട്ടത്തു കൊണ്ടുപോയിരുന്നു. [ 108 ] പത്താം അദ്ധ്യായം.


"ഈ കരുണമ്മ എന്തൊക്കയാകുന്നു ചെയ്തുകൂട്ടുന്നതെന്നു എനിക്കു പറവാൻ
വയ്യ. എവിടയോ കിടന്ന ഒരു പെണ്ണിനെ ഇതാ ഇവിടെ വലിച്ചു കൊണ്ടുവ
ന്നു പാൎപ്പിച്ചിരിക്കുന്നു. മകൾ പാടുന്നതിന്നു തക്കവണ്ണം ആടുവാൻ അപ്പനും
ഒരുക്കം തന്നേ."

"ആ പെണ്ണേതാണ്?"

"ഇതിനിടെ മരിച്ചുപോയ ആ തന്തയുടെ പോററുമകളാണത്രെ. മാരി
എന്നോ കുമാരി എന്നോ എന്തോ ഒരു പേരും വിളിക്കുന്നതു കേട്ടു. ആ കിഴ
വനെയും ഇവളെയും ഇത്ര കാലം പോററി. ഇപ്പോൾ കിഴവൻ മരിച്ചപ്പോൾ
ഇവളെ ഇവിടത്തന്നെ കൊണ്ടുവന്നു തണ്ടേറ്റലും കഴിഞ്ഞു. ആ ഇഷ്കോളി
ലേക്കു തന്നെ പറഞ്ഞയക്കാതെ മറ്റുള്ളോൎക്കു അലോസരം വൎദ്ധിപ്പിക്കാൻ ഓ
രോ വഴിനോക്കുകതന്നേ."

"ആരുമില്ലാത്തവളാണെങ്കിൽ അവളെ അങ്ങോട്ടു തന്നെ അയക്കരുതാ
യിരുന്നില്ലേ?"

"അവിടത്തെ പഠിപ്പു ഇവൾക്കു ഏകദേശമൊക്ക തികഞ്ഞിരിക്കുന്നുപോൽ.
മുഴുവനെ തീരുന്നതിനു മുമ്പേ കരുണമ്മ അവളെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു
പോന്നു."

ഈ സംഭാഷണം നടന്നതു ദിനകരൻ എന്നാളുടെ വീട്ടിൻ അടുക്കളയിൽ
വെച്ചു പരിപൂൎണ്ണവും വെപ്പുപണിക്കാരിയും തമ്മിൽ ആയിരുന്നു. തേജോപാ
ലൻ മരിച്ച ശേഷം സുകുമാരി വീണ്ടും അനാഥശാലയിലേക്കു തന്നെ പോയെ
ങ്കിലും ഒരു മാസത്തിനകം ദുഃഖത്താൽ വളരെ ക്ഷീണിച്ചുപോയതുകൊണ്ടു കരു
ണ അവിടത്തെ പുതിയ സായ്വിനെയും മദാമ്മയെയും പറഞ്ഞു സമ്മതിപ്പിച്ചു
തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോന്നു. അച്ഛന്നു മകൾ പറഞ്ഞതെല്ലാം [ 109 ] സമ്മതമായിരുന്നതിനാൽ ഇതിനു യാതൊരു വിരോധവും ഉണ്ടായിരുന്നില്ല.
എങ്കിലും ഭവനകാൎയ്യാദികൾ നോക്കി ഭരിച്ചുപോന്നിരുന്ന പരിപൂൎണ്ണത്തിന്നു ഇ
തുനിമിത്തം വളരെ അസൂയയുണ്ടായി. കാലക്രമേണ സൂകമാരി തന്റെ സ്ഥാ
നത്തിന്നു അധികാരത്തിനും ഭ്രഷ്ടുവരുത്തുമെന്നു ഭയപ്പെട്ടു. പരിപൂൎണ്ണത്തി
ന്നു ഭവനത്തിലെ സൎവ്വകാൎയ്യാദികളുടെ മേലും അധികാരമുണ്ടായിരുനെങ്കിലും
കരുണയുടെ യാതൊരു ഇഷ്ടത്തിന്നും വിരോധമായി നില്ക്കരുതു എന്നായിരുന്നു
ദിനകരന്റെ കല്പന. കാരണം തന്റെ മകൾ ദൈവഭയമുള്ള ഒരു കുട്ടിയാ
ണെന്നും അനാവശ്യവും അവഭക്തിയുമായുള്ള യാതൊരു കാൎയ്യവും ആഗ്രഹിക്ക
യും ചെയ്കയും ഇല്ലെന്നും അവന്നു പൂൎണ്ണവിശ്വാസമുണ്ടായിരുന്നു.

ഇതോടു സംബന്ധിച്ചു ദിനകരന്റെ ചരിത്രം ഒന്നു ചുരുക്കുമായി വിവരി
ക്കേണ്ടിയിരിക്കുന്നു. ഇംഗ്ലീഷുകാർ വടക്കേ മലയാളത്തിലെ നാട്ടുരാജാക്ക
ന്മാരോടു യുദ്ധം നടത്തിയ കാലത്തിൽ ഇംഗ്ലീഷുകാരുടെ ശിപ്പായിപട്ടാളത്തിൽ
ചില ശൂരന്മാരായ യോദ്ധാക്കളുണ്ടായിരുന്നു. അവരിൽ തിയ്യജാതിക്കാരായ ചില
സൈന്യാധിപന്മാരുടെ ധൈൎയ്യം സാമൎത്ഥ്യം യുദ്ധവിദഗ്ദ്ധത മുതലായവയെപ്പ
റ്റി ഇന്നും നാട്ടുകാരുടെ പാട്ടുകൾ നടപ്പുണ്ടു. ഇവരിൽ ഒരാ
ളുടെ പൌത്രനായിരുന്നു ദിനകരൻ. ദിനകരന്റെ അച്ഛൻ തന്റെ അച്ഛ
ന്റെ ധനാധിക്യം നിമിത്തം ജാതിവ്യത്യാസം കൂടാതെ ഹിന്തുശാസ്ത്രങ്ങൾ പഠി
ച്ചു നൈപുണ്യം പ്രാപിച്ചെങ്കിലും അതോടു കൂടെ തന്നെ പട്ടാളത്തിലെ ഉദ്യോ
ഗസ്ഥന്മാരായ സായ്വമാരോടും പരിചയമുണ്ടായിരുന്നതിനാൽ ക്രിസ്തമാൎഗ്ഗത്തെ
കുറിച്ചും കേട്ടു പഠിച്ചു രണ്ടു മതങ്ങളും തമ്മിലുള്ള താരതമ്യം കണ്ടപ്പോൾ രണ്ടിലും
സംശയം ജനിച്ചു ഒരു നിരീശ്വരാഭിപ്രായക്കാരനായിത്തീൎന്നു. എങ്കിലും സ
ന്മാൎഗ്ഗപ്രിയനാകയാൽ ഈ ഭൂമിയിൽ മനുഷ്യൻ ഗുണമായതൊക്ക ചെയ്യേണം
ദോഷമായതൊക്ക വൎജ്ജിക്കേണം എന്നൊരു പ്രമാണവും സങ്കല്പിച്ചു അതിൻ
പ്രകാരം ജീവിച്ചു. എങ്കിലും ഒരു സായ്വ് ഈ അഭിപ്രായത്തിലുള്ള ഒരു പ്രയാ
സം അവന്നു കാണിച്ചുകൊടുത്തു. "ഇന്നതു സത്ക്രിയ ഇന്നതു ദുഷ്ക്രിയ എന്നു
ദൈവം വെളിപ്പെടുത്തീട്ടില്ലാതെ മനുഷ്യന്നു അറിവാൻ കഴിവുണ്ടോ? അഥവാ
പരിചയംകൊണ്ടും ക്രിയകളുടെ ഫലംകൊണ്ടും മനുഷ്യൎക്കു ഈ വ്യത്യാസം അറി
വായാലും, ഒരു മനുഷ്യന്നു തന്റെ അറിവിൻപ്രകാരം തന്നെയുള്ള സൎവ്വ
നീതികളെയും പൂൎത്തിയാക്കുവാൻ കഴിവുണ്ടോ? മനുഷ്യന്നു ദോഷത്തെ തീരെ
വൎജ്ജിച്ചു മുഴുവനെ നന്മ മാത്രം ചെയ്വാനുള്ള ശക്തി തന്നിൽ തന്നെയുണ്ടോ?"
എന്നുള്ള ചോദ്യങ്ങൾ സംബന്ധിച്ചു ഏറിയ തൎക്കവും കഴിഞ്ഞതിന്റെ ശേഷം
മനുഷ്യന്നു സ്വയമായി ഇതിന്നു കഴിവില്ലെന്നും അതുകൊണ്ടു മനുഷ്യന്നു ഒരു [ 110 ] രക്ഷിതാവിനെക്കൊണ്ടുള്ള ആവശ്യതയുണ്ടെന്നും മതവും സന്മാൎഗ്ഗവും തമ്മിൽ
സംബന്ധമായിമാത്രമേ ഇരിപ്പാൻ പാടുള്ളു എന്നും ദൈവവിശ്വാസത്തിൽനിന്നു
വേർപെട്ടു നീതിസംബന്ധമായ പ്രമാണങ്ങൾ ഉണ്ടാവാൻ പാടില്ല എന്നും അ
വന്നു ബോദ്ധ്യമായി. അതുകൊണ്ടു ഭാൎയ്യയോടും മകനോടും കൂടെ ക്രിസ്ത്യാനി
യായി. ഈ മകനായിരുന്നു ദിനകരൻ. ഇവന്റെ യൌവനകാലത്തിൽ ക
ണ്ണൂരിൽ ജൎമ്മൻമിശ്യൻസഭയില്ലയായിരുന്നു. അച്ഛനും അമ്മയും മരിക്കുമ്പോൾ
പതിനെട്ടു വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. വലിയ ഒരു ഭക്തനല്ലായിരുന്നെ
ങ്കിലും അച്ഛന്റെ മതവിശ്വാസം കൈവിട്ടില്ല. ചില വൎഷങ്ങൾ കഴിഞ്ഞ
ശേഷം പട്ടാളത്തിൽനിന്നു തന്നെ ക്രിസ്ത്യാനിയായിത്തീൎന്നിരുന്ന ഒരു സുബേദാ
രുടെ മകളെ പരിണയം ചെയ്തു. ഈ സ്ത്രീ എത്രയും സദ്ഗുണവതിയായിരുന്നു.
ഒരു മകളെ പ്രസവിച്ച ഉടനെ രോഗിണിയായിത്തീൎന്നതിനാൽ തന്റെ ഗുണ
ങ്ങൾകൊണ്ടു ഭൎത്താവിന്നും മകൾക്കും അധികമൊരു പ്രയോജനമുണ്ടായില്ല.
പന്ത്രണ്ടു വൎഷങ്ങളോളം വളരെ കഷ്ടമനുഭവിച്ച ശേഷം മരിച്ചു. അക്കാലം
ദിനകരൻ ഉദ്യോഗ്യവശാൽ ബെൽഗാമിലായിരുന്നു താമസം. ഈ ഭാൎയ്യയോടു
ള്ള സ്നേഹം നിമിത്തവും അവൾ അനുഭവിച്ച കഷ്ടങ്ങൾ ഓൎത്തതിനാലും ഏക
പുത്രിയോടുള്ള വാത്സല്യം ഹേതുവായും അവൻ പുനൎവ്വിവാഹം ചെയ്തില്ല.
മകളെ ആദ്യം എഴുത്തും വായനയും പഠിപ്പിച്ചതും വേദപുസ്തകം വായിപ്പിച്ചതും
താൻ തന്നെയായിരുന്നു എങ്കിലും ക്രിസ്തമതത്തിന്റെ സാക്ഷാൽ തത്വം അവളെ
ഗ്രഹിപ്പിച്ചതു തന്റെ ഒരു കീഴുദ്യോഗസ്ഥനായയുവാവായിരുന്നു. കാലക്രമേണ
ഈ മകൾമുഖാന്തരം തനിക്കും അതൊക്കെ കണ്ണു തുറന്നു കാണ്മാൻ സംഗതിയായി.

സുകുമാരിയോടു പരിപൂൎണ്ണത്തിനു ആദ്യം കുറെ വിരോധമായിരുന്നെങ്കിലും
കാലക്രമേണ അവളോടു വളരെ ഇഷ്ടവും താൽപൎയ്യവും ആയി. സുകുമാരി
യുടെ ക്ഷമയും സഹിഷ്ണുതയും താഴ്മയും ദോഷത്തിന്നു പ്രതിയായി ഗുണം ചെ
യ്യുന്ന സ്വഭാവവും ഒരിക്കലും സ്വസ്ഥമായിരിക്കാതെ എന്തെങ്കിലും പ്രവൃത്തിച്ചു
കൊണ്ടിരപ്പാനുള്ള താത്പൎയ്യവും അവൾ കണ്ടപ്പോൾ "ഇവൾ ഇവിടെ സുഖി
ച്ചിരുന്നുംകൊണ്ടു മരത്തിന്മേൽ അതിന്റെ നീർ വലിച്ചു ജീവിക്കുന്ന ഇത്തിക്ക
ണ്ണി (പുല്ലുന്നി) പോലെ ഇരിപ്പാൻ വന്നവളല്ല" എന്നു പറഞ്ഞു, അവളെ പര
മാൎതഥമായി സ്നേഹിച്ചു.

സുകുമാരി രാവിലെ അഞ്ചുമണിക്കെഴുന്നീല്ക്കും. പ്രഭാതകൃത്യങ്ങൾ കഴി
ഞ്ഞു ദിനകരന്റെ എഴുത്തുമുറിയിൽ ചെന്നു പുസ്തകം കടലാസ്സു മുതലായവയെ
ല്ലാം ക്രമപ്പെടുത്തി വെക്കുമ്പോഴെക്കു ആറു മണിയാകും. ആറു മണിക്കു കരുണ
എഴുന്നീല്ക്കും. ഏഴു മണിയാകുമ്പോഴെക്കു കാപ്പികുടിയും കഴിഞ്ഞു വീട്ടിലുള്ള [ 111 ] എല്ലാവരും രാവിലത്തെ പ്രാൎത്ഥനെക്കായി എഴുത്തുമുറിയിൽ കൂടിവരും. സുകു
മാരി അവിടെ വന്നതു മുതൽ വായിക്കുന്നതു അവളുടെ മുറയായിരുന്നു. ഓരോ
ദിവസം ക്രമമായി ദിനകരൻ കരുണ പരിപൂൎണ്ണം സുകുമാരി ഇവർ നാല്വരും
പ്രാൎത്ഥിക്കും. പ്രാൎത്ഥന കഴിഞ്ഞാൽ കരുണയും സുകുമാരിയും അവരുടെ മുറിയിൽ
പോയി ഒമ്പതു മണിവരെ ഇരിക്കും. കരുണ ഒരു ചാരുകസേലമേൽ കിട
ക്കും. സുകുമാരി അവളെ വല്ല പുസ്തകവും വായിച്ചു കേൾപ്പിക്കും. ഒമ്പതു മണി
ക്കു പ്രാതൽ കഴിയും. പത്തു മണിക്കു ദിനകരൻ ആപ്പീസിലേക്കു പോയാൽ
അഞ്ചു മണിക്കു മാത്രമേ മടങ്ങി വരികയുള്ളൂ. ഉച്ചവരെ സുകുമാരി കരുണെക്കാ
വശ്യമായ വല്ല തുന്നൽപ്പണി ചെയ്തുകൊടുക്കയോ പരിപൂൎണ്ണത്തിനു അവളുടെ
പ്രവൃത്തിയിൽ വല്ല സഹായങ്ങൾ ചെയ്തുകൊടുക്കയോ ചെയ്യും. ഉച്ചെക്കു ഭക്ഷ
ണം കഴിഞ്ഞാൽ കരുണ അല്പനേരം ഉറങ്ങും. അപ്പോൾ സുകുമാരി അടുക്കുള
യിൽ ചെന്നു പരിപൂൎണ്ണവും വേലക്കാരുമായി വൎത്തമാനം പറകയും രാത്രിയേ
ക്കുള്ള വെപ്പുപണി തുടങ്ങിയാൽ അതിലേക്കു സഹായിക്കയും ചെയ്യും. ഇതു
ആരും പറഞ്ഞിട്ടല്ല പണി പഠിപ്പാനുള്ള താത്പൎയ്യംകൊണ്ടു അവൾ സ്വേച്ഛയാ
ചെയ്തതാകുന്നു. നാലു മണി കഴിഞ്ഞാൽ അവളും കരുണയും തോട്ടത്തിൽ പ
ണി എടുക്കും അതു ഇരുവൎക്കും രസമുള്ള പ്രവൃത്തിയായിരുന്നു. അഞ്ചു മണി
ക്കു ദിനകരൻ വന്നു കഴിഞ്ഞാൽ ഇരുവരും കൂടി വണ്ടിയിൽ കയറി സവാരിക്കു
പോകും. സുകുമാരി വന്നതു മുതൽ ദിനകരന്നു മകളെ നിത്യം സവാരിക്കു കൂ
ട്ടിക്കൊണ്ടു പോകേണ്ടുന്ന പണി കുറഞ്ഞുകിട്ടി. ഏഴു മണി ആകുമ്പോഴെക്കു മട
ങ്ങിവന്നാൽ രാവിലെ ഉള്ള പ്രകാരം തന്നെ പ്രാൎത്ഥനയുണ്ടാകും. പിന്നെ ഭക്ഷ
ണവും കഴിഞ്ഞു ഒരു മണിക്കൂറോളം എല്ലാവരും കൂടി വൎത്തമാനം പറഞ്ഞുകൊ
ണ്ടിരിക്കും. അതിന്റെ ശേഷം അവരവർ താന്താങ്ങളുടെ മുറിയിലേക്കു പോ
കും. സുകുമാരിയും കരുണയും ഒരു മുറിയിലായിരുന്നു ഉറക്കു. സംസാരിച്ചോ
വായിച്ചോ പത്തു മണിയോളം ഇരിക്കും.

ഈ വൃത്താന്തത്തിൽനിന്നു സുകുമാരിയുടെ അവിടത്തെ ദിനചൎയ്യം എന്താ
യിരുനെന്നു ഗ്രഹിക്കാമല്ലോ. നേത്രരോഗിണിയായിരുന്ന കരുണെക്കു അ
വൾ നേത്രങ്ങളായിരുന്നെന്നു തന്നെ പറയാം. കരുണയും സുകുമാരിയും ത
മ്മിൽ പ്രായത്തിൽ ഒരു അമ്മയും മകളും തമ്മിലുള്ള വ്യത്യാസമുണ്ടായിരുന്നെ
ങ്കിലും അവരുടെ പരസ്പരസംസൎഗ്ഗത്തിന്റെ സ്വഭാവമെന്തെന്നു അറിവാൻ
താത്പൎയ്യമുള്ളവർക്കു ഒരു രാത്രി അവർ തമ്മിൽ ഉണ്ടായിരുന്ന സംഭാഷണം അസാ
രം ഇവിടെ വിവരിച്ചാൽ മതിയാകുമെന്നു തോന്നുന്നു. [ 112 ] കരു: "കുമാരീ ഇന്നു നാം വായിച്ചതു ന്യായവിസ്താരത്തെക്കൊണ്ടാകുന്നു
വല്ലോ. ഈ ഭൂമിയിലുള്ള കോടി കോടി മനുഷ്യർ ന്യായാസനത്തിന്റെ മുമ്പാ
കെ എങ്ങിനെയാകുന്നു നില്ക്കുക എന്നു നീ എപ്പോഴെങ്കിലും ആലോചിച്ചു നോ
ക്കീട്ടുണ്ടോ?"

സുകു: "ഞാൻ ന്യായവിസ്താരത്തെ കുറിച്ചു ഓൎക്കുമ്പോൾ എല്ലാവൎക്കും നില്പാൻ
സ്ഥലം കിട്ടുമോ എന്നല്ല വിചാരിക്കുക. ഞാൻ എങ്ങിനെ അവിടെ നില്ക്കും?
സന്തോഷിച്ചുംകൊണ്ടോ അല്ല ഭയപ്പെട്ടു വിറെച്ചുകൊണ്ടോ? എന്നാകുന്നു."

കരു: "അതു എനിക്കും അറിയാം. ദൈവകൃപയാൽ ഞാൻ അവിടെ
സന്തോഷത്തോടെ നില്ക്കും എന്നു നിശ്ചയമുള്ളതിനാലാകുന്നു ഞാൻ വേറെ കാ
ൎയ്യങ്ങൾ ചിന്തിച്ചാലോചിക്കുന്നതു."

സുകു: "മാനുഷബുദ്ധികൊണ്ടു ഗ്രഹിപ്പാൻ കഴിയാത്തതും മനുഷ്യന്നു ഈ ഭൂ
മിയിൽ ആത്മരക്ഷെക്കാവശ്യമില്ലാത്തതും വെറുതെ വിചാരിച്ചു മനസ്സിനെ അ
സ്വസ്ഥമാക്കുവാൻ എനിക്കിഷ്ടമില്ല. ഇസ്ക്കൂളിൽനിന്നു സായ്വ് ഇതുസംബന്ധ
മായി പറഞ്ഞതു എനിക്കിപ്പോഴും ഓൎമ്മയുണ്ടു. മനുഷ്യന്നു ഈ ലോകത്തിലുള്ള
സകലകാൎയ്യങ്ങളെ കുറിച്ചും ഉള്ള അറിവു പഞ്ചേന്ദ്രിയങ്ങളാകുന്ന വാതിലിൽ
കൂടി അവന്റെ മനസ്സിൽ പ്രവേശിക്കുന്നതാകുന്നു. കുരുടന്നു നാലു ഇന്ദ്രിയ
ങ്ങളേ ഉള്ളു. അതുകൊണ്ടു പിറവിയിൽ തന്നെ കുരുടനായ ഒരുവന്നു പച്ച
മഞ്ഞ നീലം മുതലായ വൎണ്ണഭേeങ്ങൾ തിരിച്ചറിവാൻ കഴികയില്ല. അവൻ
ഇതിനെ കുറിച്ചു എത്ര ആലോചിച്ചാലും ഗ്രഹിക്കയുമില്ല. ദൃഷ്ടാന്തമായി: പ
ണ്ടൊരു കുരുടന്റെ കുട്ടി പാൽ മൂക്കിൽ പോയിട്ടു ചത്തുപോയിരുന്നു. കുട്ടി മ
രിച്ച സംഗതി കേട്ടപ്പോൾ 'പാൽ എങ്ങിനെയാണ്?' എന്നു അവൻ ചോദി
ച്ചു. 'വെളുത്തിട്ടാകുന്നു' എന്നു ഉത്തരം കേട്ടപ്പോൾ 'വെളുപ്പെങ്ങിനെയാകു
ന്നു' എന്നു ചോദിച്ചു. അതിന്നു 'കൊച്ചയെ പോലെ' എന്നു ഉത്തരം കേട്ടു.
'കൊച്ച എങ്ങിനെ ആകുന്നു?' 'കൊച്ച ഇങ്ങിനെ' എന്നു പറഞ്ഞു കൈ മുട്ടി
ന്നു താഴെ കുത്തിപ്പിടിച്ചു പടം താഴോട്ടു മടക്കിക്കാണിച്ചു കൊടുത്തു. അവൻ
കൈ തടവിനോക്കി 'അമ്പോ ഇതെന്റെ കുഞ്ഞന്റെ എടത്തൊണ്ടയിൽ പോ
യാൽ ചാകാതെ ശേഷിക്കുമോ?' എന്നു പറഞ്ഞുപോൽ. ഇങ്ങിനേ തന്നെ ചെ
കിടന്നു സ്വരമെന്നു വെച്ചാൽ എന്താകുന്നു എന്നു ഗ്രഹിപ്പാൻ കഴികയില്ല. പാ
ട്ടുപാടുന്നവൻ വായി തുറക്കുയും പൂട്ടുകയും ചെയ്യുന്നതു മാത്രം അവൻ നോക്കി
ചിരിക്കും. സ്വരമാധുൎയ്യം അവന്നു അറിവാൻ കഴികയില്ല. അപ്രകാരം ത
ന്നെ നമുക്കു ആറാമതൊരു ഇന്ദ്രിയം ഉണ്ടായിരുനെങ്കിൽ രൂപം രസം ഗന്ധം
ശബ്ദം സ്പൎശം എന്നിവെക്കു പുറമെ വസ്തുക്കളുടെ വേറെ ഒരു ഗുണവും നമുക്കറി [ 113 ] യാമായിരുന്നു. എന്നാൽ നാം ഉയിൎത്തെഴുനീറ്റാൽ പഞ്ചേന്ദ്രിയങ്ങളാൽ ബ
ന്ധിതരായിരിക്കയില്ലെന്നാകുന്നു വിചാരിക്കേണ്ടതു. അപ്പോൾ അറിവാൻ പാ
ടുള്ളതിനെ കുറിച്ചു ഇപ്പോൾ തലെക്കിളക്കം വരുത്തുന്നതെന്തിനാകുന്നു?"

കരു: "നി പറഞ്ഞുതുകാൎയ്യം തന്നെ. എന്നാൽ എന്നെ വേദപുസ്തകം പഠി
പ്പിച്ച ആൾ എന്നോടു ഇതിനു ഏകദേശം തുല്യമായ വേറൊരു കാൎയ്യം പറ
ഞ്ഞിട്ടുണ്ടു. അതു എന്റെ ഒന്നാം ചോദ്യത്തിനു സാമാന്യം തൃപ്തികരമായ ഒരു
സമാധാനമായി തോന്നുന്നു. മനുഷ്യന്റെ അറിവു പഞ്ചേന്ദ്രിയങ്ങളാൽ ബ
ന്ധിതമായിരിക്കുന്നു എന്നു നീ പറഞ്ഞുവല്ലോ. ആയാൾ പറഞ്ഞതു മനുഷ്യൻ
സ്ഥലം കാലം എന്നിവറ്റാലും ബന്ധിതനായിരിക്കുന്നു എന്നാകുന്നു. സ്ഥലം
കാലം എന്നിവയോടു സംബന്ധിപ്പിക്കാതെ സൃഷ്ടിയുടെ സ്ഥിതി എങ്ങിനെ ആ
യിരിക്കുമെന്നു നിണക്കു ഊഹിച്ചറിയാമോ?"

സുകു: "പാടില്ല. എനിക്കു കഴികയില്ല."

കരു: "ശരി, വലിപ്പമില്ലായ്മ അല്ലെങ്കിൽ സ്ഥലമില്ലായ്മ എന്നതിന്റെ സ്വ
ഭാവവും കാലമില്ലായ്മ എന്നതിന്റെ സ്വഭാവവും നമ്മുടെ ബുദ്ധിക്കു തിരെ അഗ്രാ
ഹ്യമാകുന്നു. ആ ആളുടെ അഭിപ്രായം മനുഷ്യന്നു കാലം രണ്ടേ ഉള്ളൂ എന്നാ
കുന്നു. ഭൂതവുംഭാവിയും. ഒരു നിമിഷത്തെ പറ്റി നാം ആലോചിപ്പാൻ ആരം
ഭിക്കുമ്പോഴേക്കു തന്നെ അതു കഴിഞ്ഞു പോകുന്നു. അതു ഭൂതകാലമായി. പിന്നേ
വരുവാനുള്ള നിമിഷത്തെ കുറിച്ചേ വിചാരിപ്പാൻ പാടുള്ളു. അപ്പോഴെക്കു അതും
കഴിഞ്ഞുപോകും. അതുകൊണ്ടു സമയത്തെ എത്രയും ചെറിയ ഖണ്ഡങ്ങളാക്കി വി
ഭാഗിച്ചാൽ ഓരോ നൊടിനേരവും ഒന്നുകിൽ ഭൂതം അല്ലെങ്കിൽ ഭാവി ആയിരി
ക്കും. വൎത്തമാനമെന്നതില്ല. നമ്മുടെ ഉയിൎപ്പിന്റെ ശേഷം നമുക്കു ഭൂതവും ഭാവി
യുമുണ്ടാകയില്ല വൎത്തമാനമേ ഉണ്ടാകയുള്ളൂ. അതിന്റെ സ്വഭാവം തിരിച്ചറി
വാൻ നമുക്കു ഇപ്പോൾ കഴികയില്ല. ദൈവത്തിന്റെ കാലത്തിൻ സ്വഭാവം ഇതാ
കുന്നു. ഇതിന്നാകുന്നു നിത്യത എന്നു പേർ. നാം എത്രയോ കാലം മുമ്പെ ചെയ്ത
പാപം ഒന്നുകിൽ മറന്നു പോകുന്നു. അല്ലെങ്കിൽ അന്നത്തെ പോലെ അത്ര
ഘനമുള്ളതായി വിചാരിക്കുന്നില്ല. ദൈവത്തിന്റെ മുമ്പാകെ അതു ഇപ്പോൾ
എന്ന പോലെ എപ്പോഴും പുതുതായി നില്ക്കുന്നു. വരുവാനുള്ളതു നമ്മുടെ
മുമ്പിൽനിന്നു മറഞ്ഞു കിടക്കുന്നു. ദൈവത്തിന്റെ മുമ്പിൽ അതു ഇപ്പോൾ
എന്ന പോലെ വൎത്തമാനമായി നില്ക്കുന്നു. നമ്മുടെ ഭാവിജീവനത്തിൽ നമു
ക്കും ഈ സ്ഥിതിയായിരിക്കും. ആദ്യന്തവിഹീനൻ എന്നു ദൈവത്തെ കുറിച്ചു
പറയുന്നതു ഇതാലോചിച്ചാൽ ഗ്രഹിക്കാമല്ലോ. കാലം ഉള്ളേടത്തു മാത്രമേ
ആദ്യവും അന്തവും ഉണ്ടാവാനിടയുള്ളു. [ 114 ] ഇപ്രകാരം തന്നെ ഉയിൎത്തെഴുന്നീറ്റ ദേഹം സ്ഥലത്താൽ ബന്ധിതമായി
രിക്കയില്ല. ആ ദേഹത്തിന്നു അടച്ചു പൂട്ടിയ മുറിയിൽ പ്രവേശിക്കാം. ഈ
സ്ഥലത്തും ലക്ഷം നാഴിക ദൂരത്തും ഒരേസമയത്തിരിക്കാം. മഹത്വീകരിക്ക
പ്പെട്ട ദേഹം അങ്ങിനെ ഒരു സൂക്ഷ്മദേഹമാകയാൽ ന്യായവിസ്താരദിവസത്തിൽ
കോടി കോടി ആത്മാക്കൾക്കു ഒരു സ്ഥലത്തിൽ ഒന്നിച്ചു നില്ക്കാം."

സുകു: "ഇതൊന്നും എനിക്കു അറിയേണ്ടുന്ന ആവശ്യമില്ല. എനിക്കു മന
സ്സിലാവുന്നതുമില്ല. പാപിയാകുന്ന മനുഷ്യന്നു പാപസ്ഥിതിയിൽനിന്നു സ്വാ
തന്ത്ര്യം കിട്ടേണ്ടുന്ന മാൎഗ്ഗങ്ങളെ കുറിച്ചല്ലാതെ മറ്റു യാതൊന്നും ചിന്തിക്കേണ്ടുന്ന
ആവശ്യമില്ല."

കരു: “സ്വൎഗ്ഗത്തിലെ ഭാഗ്യത്തെ കുറിച്ചും നരകത്തിലെ ദണ്ഡനത്തെ കുറി
ച്ചും മാത്രം ചിന്തിച്ചിട്ടാകുന്നുവോ മനുഷ്യൻ പാപം ചെയ്യാതിരിക്കുന്നതു?"

സുകു: "അങ്ങിനത്തേവരുമുണ്ടായിരിക്കാം. ഞാൻ പാപം ചെയ്യാതിരിക്കു
ന്നതു നരകശിക്ഷയെ ഭയപ്പെട്ടിട്ടുമല്ല, സ്വൎഗ്ഗം കാംക്ഷിച്ചിട്ടുമല്ല. എന്റെ
രക്ഷിതാവായവൻ എന്നെ മരണത്തോളം സ്നേഹിച്ചിരിക്കയാൽ അവനെ ദുഃഖി
പ്പിക്കാതിരിക്കേണം എന്നാകുന്നു എന്റെ ആഗ്രഹം. വെറുംഭാവിയിലെ ഭാ
ഗ്യമോ നിൎഭാഗ്യമോ ഓൎത്തു പാപമോചനത്തിന്നായന്വേഷിക്കുന്നതും പാപം
ചെയ്യാതിരിപ്പാൻ ഉത്സാഹിക്കുന്നതും ദൈവസ്നേഹത്താലല്ല. സ്വസ്നേഹത്താ
ലാകുന്നു. പാപത്തെ വെറുക്കുന്നതു പാപത്തിൽ തന്നെ ഉള്ള മ്ലേച്ഛത നിമി
ത്തവും നീതി പ്രവൃത്തിക്കുന്നതു ആ നീതിയിൽ തന്നെയുള്ള ഭംഗിനിമിത്തവു
മായിരിക്കേണം."

കരു: “സ്വസ്നേഹത്താലല്ലാതെ തന്നെത്താൻ നിഷേധിച്ചുകൊണ്ടു മനു
ഷ്യൻ ചെയ്യുന്നതായ ഒരു സൽക്രിയയുടെ ദൃഷ്ടാന്തം നിണക്കു പറയാമോ?"

സുകു: "നിങ്ങൾ ഒരു ദിവസം സവാരിക്കു പോയപ്പോൾ കാലിന്നു ഏതോ
ഒരു വണ്ടി കയറിപ്പോയ ഒരു കുട്ടിയെ നിങ്ങളുടെ വണ്ടിയിൽ കയറ്റി ഹാസ്പ
ത്രിക്കയച്ചു എന്നും നിങ്ങൾ നടപ്പാൻ വഹിയാഞ്ഞിട്ടും പ്രയാസപ്പെട്ടു ഇവിട
ത്തോളം നടന്നു വന്നു എന്നും ഞാൻ കേട്ടു. അതു സ്വസ്നേഹികൾ ചെയ്യുമോ?"

കരു: "വെറും തൎക്കത്തിന്നായി പറയുന്നെങ്കിൽ അതും സ്വസ്നേഹമാകുന്നു
വെന്നു ഞാൻ സ്ഥാപിക്കാം. ആ കുട്ടിയെ ആ സ്ഥിതിയിൽ കണ്ടപ്പോൾ
എനിക്കു മനസ്സിലൊരു വേദനയുണ്ടായിരുന്നു. ആ വേദന തീരുവാൻ ഞാൻ
അതു ചെയ്തു. അപ്പോൾ അതു സ്വസ്നേഹമല്ലയോ?" [ 115 ] സുകു: "ആകട്ടെ നിങ്ങൾ സ്വസ്നേഹംകൊണ്ടു അതു ചെയ്തു എന്നിരിക്കട്ടെ.
ആ കുട്ടിയുടെ കാലിന്നു കയറിയ വണ്ടിയിലിരുന്ന ആൾ ഈ ധൎമ്മപ്രവൃത്തി
ചെയ്തില്ലല്ലോ. ആയാൾക്കും മനസ്സിൽ വേദന ഉണ്ടായിരുന്നു നിശ്ചയം. എങ്കി
ലും ആ വേദന തീൎക്കുവാൻ നോക്കിയില്ലല്ലോ. അതുകൊണ്ടു നിങ്ങളുടെ പ്രമാ
ണപ്രകാരം അയാൾ സ്വസ്നേഹിയല്ലല്ലോ."

കരു: "എന്തുകൊണ്ടു അല്ല? ആയാൾനടക്കേണ്ടിവരുമെന്നുകണ്ടതുകൊണ്ടു
കുട്ടിയെ ഇട്ടേച്ചു പോയി. കുട്ടിയെ കുറിച്ചുണ്ടായ വേദനയേക്കാൾ താൻ നട
ക്കേണ്ടിവരുമെന്ന വേദന വലിയതായിരുന്നു. അതുകൊണ്ടു അതും സ്വസ്നേ
ഹം തന്നെ."

സുകു: "എനിക്കു ഇതിനെപ്പറ്റി ഇപ്പോൾ പറവാൻ കഴികയില്ല. ഞാൻ
ആലോചിച്ചു ഇതിനൊരു സമാധാനം പറയാം."

കരു: (ചിരിച്ചുംകൊണ്ടു)"എന്റെയും നിന്റെയും അഭിപ്രായം ഒന്നാകുന്നു.
സ്വയനിഷേധമാകുന്നു ക്രിസ്തമതത്തിന്റെ അടിസ്ഥാനപ്രമാണം. എങ്കിലും
ഈ വക തൎക്കങ്ങൾക്കു നീ എന്തു സമാധാനം പറയുമെന്നറിവാൻ ഞാൻ ചോദി
ച്ചതാകുന്നു. എന്നെയും അച്ഛനെയും ഗുലാബ്സിങ്ങ് നാള രാത്രിയത്തെ ഭക്ഷണ
ത്തിന്നു ക്ഷണിച്ചിരിക്കുന്നു. നിന്നെ കൂടാതെ ഞാൻ പോകയില്ല. അദ്ദേഹത്തി
ന്റെ മകൾ താരബായി നിന്റെ കൂട പഠിച്ചതിനാൽ നീയുമായി പരിചയമു
ണ്ടല്ലോ. അതുകൊണ്ടു നീയും കൂടെ വരേണം."

സുകു: "അവൾക്കു എന്നോടു അത്ര ഇഷ്ടമല്ല അവർ ഒരു കൊല്ലത്തിനകം
സ്ക്കൂൾ വിട്ടു പോയ്ക്കളഞ്ഞതെന്തിനാകുന്നു എന്നു നിങ്ങൾ അറിയുമോ?"

കരു: "അന്യഭാഷക്കാരാകയാൽ ഈ ദിക്കിലെ പഠിപ്പു കൊണ്ടാവശ്യമി
ല്ലെന്നു വെച്ചു ശാലവിട്ടു കളഞ്ഞെന്നാകുന്നു ഞാൻ കേട്ടതു."

സുകു; "അതു ഒരു പ്രകാരത്തിൽ സത്യമാകുന്നു. ഞങ്ങളുടെ ശാലയിലെ
പഠിപ്പു അവൾക്കു അത്ര പത്ഥ്യമായി തോന്നിയില്ല. അവൾക്കു വസ്ത്രാഭരങ്ങ
ളിൽ വലിയ പ്രതാപമായിരുന്നു. ഞങ്ങൾ തുണിയും കപ്പായവും ഉടുക്കുന്നവരാക
യാലും കാതുകുത്തി പൊന്നിടാത്തതിനാലും അവൾ ഞങ്ങളേക്കാൾ മാന്യയെന്നു
കരുതി. അവളുടെ അച്ഛൻ ധനവാനാകയാൽ അവളുടെ വസ്ത്രാലങ്കാരത്തെ
പറ്റി ഞങ്ങൾ അവളെ പരിഹസിച്ചില്ലെങ്കിലും സാക്ഷാൽ മാനത്തിനു ഹേതു
വസ്ത്രാഭരണങ്ങളോ അപമാനത്തിന്നും ഹാസ്യത്തിന്നും ഹേതു വിശിഷ്ടവസ്ത്ര
ങ്ങളും വിലയേറിയ ആഭരണങ്ങളും വാങ്ങുവാൻ വകയില്ലായ്മയോ അല്ലെന്നാ
യിരുന്നു ഞങ്ങളുടെ അഭിപ്രായം. ഇങ്ങിനെ മാനാപമാനകാരണങ്ങളെ കുറി [ 116 ] ച്ചും ഭക്ഷണസൌഖ്യത്തെ കുറിച്ചും അവളുടെ അഭിപ്രായം ഞങ്ങളുടേതിന്നു
തീരെ വിപരീതമാകയാൽ അവൾ ഓരോ കാരണങ്ങൾ പറഞ്ഞു അവളുടെ
അച്ഛനെ കബളിച്ചു ശാലവിട്ടു പോയ്ക്കളഞ്ഞു. പിന്നെ വീട്ടിലൊരാളെ വെച്ചു
പഠിച്ചു എന്നാകുന്നു കേട്ടതു."

കരു: "നിണക്കു അവിടത്തെ വസ്ത്രവും ഭക്ഷണവും പത്ഥ്യമായിരുന്നുവോ?"

സുകു: "എനിക്കു മാത്രമല്ല. ഏകദേശം എല്ലാവൎക്കും വളരെ ഇഷ്ടമായിരുന്നു.
ഒന്നാമതു: പലരും പലവിധമായി കൊടുക്കുന്ന ധൎമ്മം കൊണ്ടാകുന്നു ഞങ്ങളുടെ
ചിലവു നടത്തുന്നതെന്നും ആ ധൎമ്മം തരുന്നവരിൽ ചിലർ മഹാദരിദ്രരാകുന്നു
വെന്നും ഞങ്ങൾക്കുറിവുണ്ടായിരുന്നു. രണ്ടാമതു: മനുഷ്യന്റെ സാക്ഷാൽ
സുഖസന്തോഷങ്ങൾ ഭക്ഷണവസ്ത്രാദികളിൽ നിന്നുത്ഭവമാകുന്ന സുഖസന്തോ
ഷങ്ങളല്ലെന്നും മഹാദരിദ്രരും രോഗപീഡിതരും ശരീരം മുഴുവൻ കുഷ്ഠത്താൽ
നിറഞ്ഞുവരുമായുള്ളവൎക്കു പോലും ഈ കഷ്ടങ്ങളുടെ മദ്ധ്യേ തന്നെ അനുഭവി
പ്പാൻ പാടുള്ളതായ ഒരു സന്തോഷമുണ്ടെന്നും ആ സന്തോഷത്തെ ഈ ലോക
ത്തിലെ ദണ്ഡനങ്ങൾക്കും കഷ്ടപ്പാടുകൾക്കും ഇല്ലായ്മചേയ്വാനോ കുറച്ചുകളവാ
നോ പാടുള്ളതല്ലെന്നും ഞങ്ങൾ സ്ക്കൂളിൽവെച്ചു അഭ്യസിച്ചും അനുഭവിച്ചും
പോന്നിരിക്കുന്നു."

കരു: "പറഞ്ഞതു എത്രയും സത്യം തന്നേ. എനിക്കും മുമ്പൊരു കാലം
സന്തോഷം തോന്നിയതു ക്ഷണികവും അനിത്യവുമായ കാൎയ്യങ്ങളിലായിരുന്നു.
ഇപ്പോൾ എനിക്കു കുറെകാലമായി പ്രത്യേകം ഈ കണ്ണിന്റെ പ്രകാശം കുറ
ഞ്ഞുതു മുതൽ എന്റെ ഉള്ളിൽ ഒരു പ്രകാശമുണ്ടായിട്ടുണ്ടു. എന്റെ കണ്ണുദീന
ത്തെക്കൊണ്ടു ഞാൻ അതു നിമിത്തം ഒട്ടും വ്യസനിക്കുന്നില്ല. ഈ രോഗം വന്നി
രുന്നില്ലെങ്കിൽ ഇപ്പോൾ എനിക്കു ഹൃദയത്തിലുള്ള ഭാഗ്യവും സമാധാനവും ഞാൻ
ഒരിക്കലും അനുഭവിക്കയില്ലയായിരുന്നു എന്നാകുന്നു എന്റെ പുൎണ്ണവിശ്വാസം."

സുകു: "നിങ്ങളുടെ കണ്ണിന്നു എങ്ങിനെയാകുന്നു സുഖക്കേടുവന്നതു?"

ഈ ചോദ്യത്തിനന്നു കരുണ കുറെ നേരത്തേക്കു ഒന്നും ഉത്തരം പറഞ്ഞില്ല.
ഒടുവിൽ ദീൎഘമായി ഒന്നു നിശ്വസിച്ചുംകൊണ്ടു "അതു ഞാൻ എപ്പോഴെങ്കിലും
ഒരിക്കൽ നിന്നോടു പറയാം" എന്നു മാത്രം പറഞ്ഞു. ഈ കാൎയ്യത്തിൽ കരു
ണെക്കു എന്തോ മനോവേദനകരമായ ഒരു രഹസ്യമുണ്ടെന്നു കണ്ടു സുകുമാരി
പിന്നെ ഒരിക്കലും അവളോടു അതിനെ കുറിച്ചു ചോദിച്ചില്ല.

കുറേകാലം കഴിഞ്ഞശേഷം ഒരു ദിവസം സുകുമാരിക്കു ഒരു കത്തു വന്നു.
അതു സത്യദാസന്റേതായിരുന്നു. കത്തു വായിച്ചു തീൎന്നപ്പോൾ കരുണെക്കു [ 117 ] അതിലെ വൎത്തമാനമറിഞ്ഞാൽ കൊള്ളാമെന്നു താത്പൎയ്യമുണ്ടെന്നു കണ്ടതിനാൽ
അവൾ വായിച്ചു കേൾപ്പിച്ചു:-

"എന്റെ പ്രിയ കുമാരീ,

എന്റെ വാത്സല്യമുള്ള അമ്മയുടെ ഒരെഴുത്തു വന്ന
തിൽ മുത്തച്ഛൻ നമ്മെ വിട്ടുപോയെന്നും നീ ഇപ്പോൾ കരുണമ്മയുടെ കൂടെ
യാകുന്നു താമസമെന്നും കേട്ടു. നീ അനാഥയായി വ്യസനിച്ചിരിക്കുന്ന ഈ അ
വസരത്തിൽ ചെറിയന്നേ നിന്റെ സ്നേഹിതനായിരുന്ന എന്റെ ഒരെഴുത്തു
കിട്ടുന്നതു നിണക്കു സന്തോഷമായിരിക്കുമെന്ന വിശ്വാസത്തിന്മേൽ അമ്മെക്ക
യക്കുന്ന കത്തിൽ ഇതും ഇട്ടയക്കുന്നു.

നമുക്കു പ്രിയപ്പെട്ടവർ മരിച്ചുപോയാൽ നാം കരയരുതെന്നും ദുഃഖിക്കരു
തെന്നും അവർ ഭാഗ്യപദവിയിൽ എത്തിപ്പോയതിനാൽ സന്തോഷിക്കേണ
മെന്നും നമ്മുടെ ആളുകൾ പറഞ്ഞു വരുന്നതു സാധാരണയാണല്ലോ. ഇങ്ങിനെ
യുള്ള ഒരു കള്ള സമാധാനം കൊണ്ടു ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ വിചാ
രിക്കുന്നില്ല. നാം ആശയില്ലാത്തവരെ പോലെ അലമുറയിടരുതു എന്നു മാത്രമേ
ഞാൻ പറയുന്നുള്ളു. ദൈവം തന്നെ സ്നേഹിക്കുന്നവൎക്കു ഓരോ കഷ്ടസങ്കട
ങ്ങൾ അയക്കുന്നതു അവയിൽനിന്നു നാം ചിലപാഠങ്ങൾ പഠിക്കേണ്ടതിനാ
കുന്നു. അവൻ നമ്മോടു കുരയുവാൻ പറയുമ്പോൾ നാം സന്തോഷിച്ചു ചിരിക്കു
ന്നതു അശേഷം അയോഗ്യമത്രേ. അതുകൊണ്ടു നിന്റെ മുത്തച്ഛൻ നീ ഒരു
നിലയിൽ യഥാസ്ഥാനപ്പെടുന്നതിന്നു മുമ്പെ നിന്നെ വിട്ടുപോയതിൽ ദൈവ
ത്തിന്റെ വഴികളെന്തെന്നു നിണക്കു കാണേണമെങ്കിൽ ഈ സംഭവത്തെ കുറി
ച്ചു നിണക്കു സാക്ഷാൽ ദുഃഖം വേണ്ടതു അത്യാവശ്യമാകുന്നു. നിന്നോടു കരയു
വാൻ കല്പിച്ചിരിക്കുന്ന നിന്റെ പിതാവായ ദൈവം നിന്റെ കണ്ണീർ തുടച്ചു
കരയരുതെന്നു നിന്നോടു പറയുന്നതുവരെ നീ കരയേണ്ടതാകുന്നു. അല്ലെങ്കിൽ
നീ എങ്ങിനെ അവന്റെ കൃപ അറിയും? അവൻ നിന്റെ കണ്ണുനീർ തുടക്കു
ന്നതു നീ എങ്ങിനെ അനുഭവിക്കും? അവൻ കരയരുതെന്നു പറയുന്നതു നീ
എങ്ങിനെ കേൾക്കും?

എനിക്കു ഇവിടെ പ്രവൃത്തി വളരെ ഉണ്ടെങ്കിലും അതിൽ സന്തോഷവും
തൃപ്തിയുമുണ്ടു. ഭാരവാഹിത്വം ധാരാളത്തിലധികമുണ്ടെങ്കിലും എന്നെ അറി
യാത്ത ഒരാൾ എന്നെ ഇത്രവിശ്വസിച്ചതു ആരുടെ ശിപാൎശിമേലായിരിക്കും
എന്നു അതിശയിച്ചുംകൊണ്ടു എന്റെ ആ അറിയാത്ത ഉപകാരിയെയും ആ
ആൾമുഖാന്തരം എന്നെ ഇത്ര വിശ്വസിച്ച യജമാനനെയും അതൃപ്തിപ്പെടുത്താ [ 118 ] തിരിപ്പാനായി ഞാൻ ഓരോ വിനനാഴികയിലും അത്യന്തം ഉത്സാഹിച്ചുപോ
രുന്നു. എന്റെ അമ്മെക്കു ഈ ബലഹീനതാകാലത്തിൽ സുഖമായിരുന്നു ദിവ
സവൃത്തി കഴിപ്പാൻ തക്കവണ്ണം എന്റെ നിമിത്തം സംഗതിവന്നതിനാൽ എ
ന്റെ സന്തോഷം ഇത്രയെന്നു പറഞ്ഞു കൂടാ. ഞാൻ കൂടെയില്ലല്ലോ എന്നുള്ള
വ്യസനം മാത്രമേ അമ്മെക്കു ഇപ്പോൾ ഉണ്ടാവാനിടയുള്ളു. അതുകൊണ്ടു കൂട
ക്കൂട നീ ചെന്നു കാണുകയും ഒരു മകളെപ്പോലെ അമ്മയെ സ്നേഹിക്കയും
വേണം. ഞാൻ പറയാതെ തന്നെ നീ ഇതു ചെയ്യുമെന്നു എനിക്കു പൂൎണ്ണ
വിശ്വാസമുണ്ടു.

നമ്മുടെ സ്നേഹമുള്ള പിതാവായ ദൈവം എന്നെയും നിന്നെയും നമുക്കു പ്രി
യമുള്ളവരെയും ഐഹികപാരത്രികങ്ങളായ സൎവ്വനന്മകൾകൊണ്ടും അനുഗ്ര
ഹിക്കട്ടെ എന്നു നിന്നെ സ്നേഹിക്കുന്ന

സത്യദാസൻ സുപ്രിയൻ

വായിച്ചുതീൎന്ന ഉടനെ സുകുമാരി കരുണയോടു “അവന്റെ മുത്തച്ഛി മരി
ച്ചപ്പോൾ ഞാൻ അവന്നു എഴുതിയ കത്തും ഇതും ആയി എന്തൊരു വ്യത്യാസം!
എങ്കിലും ഞാൻ അന്നു കുട്ടിയായിരുന്നു. അതുകൊണ്ടു എന്റെ അന്നത്തെ ബുദ്ധി
ക്കടുത്തവണ്ണമാകുന്നു ഞാനെഴുതിയതു" എന്നു പറഞ്ഞു.

കരു: "മരിച്ചവരെപ്പറ്റിയുള്ള ദുഃഖത്തെ കുറിച്ചു പലരും പലവിധവും
പറഞ്ഞു കേൾക്കുന്നുണ്ടു. എനിക്കു എത്രയും ഇഷ്ടമുള്ള ഒരാൾ മരിച്ചാൽ 'ഞാ
നും വേഗം പിന്തുടരും' എന്നു വിചാരിച്ചാകുന്നു ഞാൻ ആശ്വസിക്കുക. ഇവൻ
ഈ കത്തിൽ എഴുതിയതു തന്നെ എന്റെ ബെൽഗാമിലെ സ്നേഹിതൻ എന്നോടു
വേറൊരു വിധമായി പറഞ്ഞിട്ടുണ്ടു. ഭൂമിയിൽ മനുഷ്യൎക്കു കഷ്ടങ്ങൾ വരുന്ന
തുകൊണ്ടു 'ദൈവം' എന്നൊരാൾ ഉണ്ടാവാൻ പാടില്ലെന്നും, കാരണം അങ്ങി
നെ ഒരാൾ ഉണ്ടെങ്കിൽ അവൻ 'നല്ലവൻ' ആയിരിപ്പാൻ പാടില്ലല്ലോ എന്നും
ചില ലോകജ്ഞാനികൾ പറയുന്നു പോൽ. 'നല്ലവൻ' 'സൎവ്വശക്തൻ' എന്നീ
രണ്ടു പേരുകൾ ദൈവത്തിന്നു ഒന്നിച്ചുണ്ടായിരിപ്പാൻ പാടില്ലെന്നാകുന്നു അവ
രുടെ വാദം. ഈ ഭൂമിയിൽ ഈ വക കഷ്ടസങ്കടങ്ങൾ, അല്ലെങ്കിൽ ചുരുക്കി
പറഞ്ഞാൽ ‘ദോഷം' എന്നതു നിലനിന്നു പോരുന്നതു ദൈവത്തിന്നിഷ്ടമോ?
ഇഷ്ടമാകുന്നുവെങ്കിൽ അവനെ നല്ലവനെന്നു എങ്ങിനെ പറയാം? നേരെ
മറിച്ചു ഇഷ്ടമല്ലെങ്കിൽ അവനെ സൎവ്വശക്തനെന്നു പറയാമോ? സൎവ്വശക്തനാ
കുന്നുവെങ്കിൽ തനിക്കിഷ്ടമില്ലാത്ത ഒരു കാൎയ്യത്തെ ഉടനെ ഛേദിച്ചു കളകയല്ല
യോ? എന്നാകുന്നു ഇവർ പറയുന്നതു". [ 119 ] സുകു: "ഈ തത്വശാസ്ത്രികളെപ്പോലെ മനുഷൎക്കു നാശം വരുത്തുന്നവരാ
രുമില്ല. പരമദുഷ്ടന്മാർ! ന്യായവിധിനാളിൽ തങ്ങൾ ദൈവത്തിൻമുമ്പാകെ
എങ്ങിനെ നില്ക്കുമെന്നാലോചിക്കുന്നതിനു പകരം അവിടെ എല്ലാവൎക്കും നി
ല്പാൻ സ്ഥലമുണ്ടാകുമോ എന്നാലോചിക്കുന്നവരല്ലെ?"

കരു: "നില്ക്ക. നില്ക്ക. ക്ഷമയോടെ കേൾക്കൂ. ഇവർ ഈവക ദുസ്തൎക്ക
ങ്ങൾ ഉണ്ടാക്കുന്നതിനാൽ ദൈവത്തിൻ മഹത്വം അധികമധികം വെളിപ്പെടു
ന്നതേ ഉള്ളൂ. ഈ ഭൂമിയിൽ ദോഷം നിലനിന്നു പോരുന്നതിനാലാകുന്നു ദൈ
വം നല്ലവനെന്നു അറിയുന്നതു. അവന്റെ കൃപ സ്നേഹം മുതലായവ ഈ
ദോഷം ഉള്ളേടത്തുല്ലയോ വെളിപ്പെടുന്നതു? കഷ്ടസങ്കടങ്ങളിൽ വലഞ്ഞു കിടക്കു
ന്നവരല്ലയോ ദൈവത്തിന്റെ ഈ ഗുണം സാക്ഷാൽ അറിയുന്നതും അനുഭവിക്കു
ന്നതും? അങ്ങിനെ തന്നെ മനുഷ്യൎക്കു തമ്മിൽ തമ്മിൽ കൃപ കാട്ടുവാനും സ്നേഹ
പ്രവൃത്തികൾ ചെയ്വാനും തങ്ങളുടെ ഉൽകൃഷ്ടഗുണങ്ങൾ പ്രത്യക്ഷമാക്കുവാനും
അവസരം കിട്ടുന്നതു ഈ ദോഷം നിമിത്തമല്ലയോ? അതുകൊണ്ടു ദൈവം
നല്ലവൻ എന്നു നമുക്കു അറിവാൻ ഇടവന്നതു തന്നെ ഭൂമിയിൽ ഉള്ള തിന്മകൾ
നിമിത്തമാകുന്നു. കളകളുടെ ഉപമ ഓൎത്തു നോക്കൂ. നന്മയിൽനിന്നു തിന്മ
യും തിന്മയിൽനിന്നു നന്മയും തത്ക്കാലം വേർപ്പെടുത്തുവാൻ സാധിക്കാത്തതിനാ
ലത്രെ രണ്ടും കൊയിത്തോളം നില്ലേണ്ടതു."

സുകു: "ആയാൾ നിങ്ങൾക്കു ആവശ്യമില്ലാത്തത്തൊക്കെ പഠിപ്പിച്ചു തന്നിരി
ക്കുന്നു; എനിക്കു സത്യദാസൻ ഈ വകയൊന്നും പറഞ്ഞു തന്നിട്ടില്ല. ഇതൊന്നും
സ്ത്രീകളെ പഠിപ്പിക്കേണ്ടുന്ന ആവശ്യമില്ലയായിരുന്നു. ഞങ്ങളുടെ സായ്വ് തത്വ
ശാസ്ത്രത്തിൽ പണ്ഡിതപരീക്ഷ ജയിച്ച ആളാകുന്നുവെങ്കിലും അനാവശ്യം
പഠിപ്പിച്ചിട്ടില്ല."

കരു: "ആ അഭിപ്രായത്തോടു ഞാൻ യോജിക്കുന്നില്ല. എന്റെ അച്ഛൻ
ഈ വക പുസ്തകങ്ങൾ വായിക്കുന്ന ഒരാളാകയാലും ക്രിസ്തുമതത്തിൽ മുമ്പെ വള
രെ ഒരു ശുഷ്കാന്തി കാണിക്കാഞ്ഞതിനാലും ഞാൻ വളരുമ്പോൾ എന്റെ വി
ശ്വാസത്തിനു ഇളക്കം വന്നു പോകരുതെന്നു വെച്ചു എന്റെ സ്നേഹിതൻ
ഇതൊക്ക എന്നെ പഠിപ്പിച്ചതാകുന്നു." [ 120 ] പതിനൊന്നാം അദ്ധ്യായം

മരണം എന്നതു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു തന്നെ. സംശയമില്ല.
ചെയ്ത പാപത്തിന്നു മോചനം ലഭിച്ചിരിക്കുന്നെന്നു വിശ്വാസമുള്ളവന്നും മരി
ച്ചാൽ നിത്യഭാഗ്യത്തിലെത്തും എന്നുറപ്പുള്ളവന്നും പോലും മരണം മനുഷ്യൎക്കു
പാപത്തിൻ കൂലിയായി ദൈവം വെച്ച ഒരു ശിക്ഷയാകുന്നു എന്ന അനുഭവ
മുണ്ടാകാതിരിക്കയില്ല. അതിഭക്തനായ ഒരു മനുഷ്യന്നു മരണം വന്നടുക്കു
മ്പോൾ തന്റെ സ്വന്തകാൎയ്യത്തെ കുറിച്ചു ഒന്നും ഭയപ്പെടുവാനുണ്ടാകയില്ലെ
ങ്കിലും താൻ വിട്ടേച്ചുപോകേണ്ടവരെ സംബന്ധിച്ചെങ്കിലും ഒരു ദുഃഖമു
ണ്ടാവാം. "ഇനി ഞാൻ ലോകത്തിലിരിക്കയില്ല. ഇവരോ ലോകത്തിലിരി
ക്കുന്നു.....ഇവരെ കാത്തുകൊള്ളേണമേ" എന്നു മഹാ പരിശുദ്ധനായ
വനും കൂടെ തന്റേവൎക്കു വേണ്ടി പ്രാൎത്ഥിച്ചുവല്ലൊ. മരിപ്പാൻ പോകുന്ന
ഭൎത്താവു ഭാൎയ്യാമക്കളെക്കൊണ്ടും, ഭാൎയ്യ ഭർത്താവിനെയും മക്കളെയും കുറിച്ചും വ്യസ
നിക്കാതിരിക്കയില്ല. കാരണം അവർ കുറെ കാലം കൂടി ഭൂമിയിൽ ഇരിക്കേ
ണ്ടുന്നവർ. ഉപജീവനത്തിനാവശ്യമായതും വേണം. കഷ്ടങ്ങളോടും പരീ
ക്ഷകളോടും എതൃത്തു നിൽക്കയും വേണം. അങ്ങിനത്തെ സ്ഥിതിയിൽ അവൎക്കു
തുണയും പിന്താങ്ങലുമായി ഒരാൾ ഇല്ലാതെ പോകുന്നതു ക്ലേശകാരണമാകുന്നു
വല്ലൊ. അതുകൊണ്ടു മരണം ശിഷ്ടൎക്കും ദുഷ്ടൎക്കും ശത്രു തന്നെ. ദുഷ്ടന്മാൎക്കു
മരണമടുത്താലുള്ള സങ്കടത്തിന്നും ഭയത്തിന്നും സംഗതി വേറെ; ശിഷ്ടന്മാൎക്കു
ആ സമയത്തുള്ള സങ്കടത്തിനു ഹേതു വേറെ എന്നൊരു വ്യത്യാസമേ ഉള്ളു.

നാലുവൎഷത്തോളം സുകുമാരി കരുണയോടു കൂടെ പാൎത്തശേഷം അവൾ
വീണ്ടും തന്റെ ഒരു ഉപകാരിണിയുടെ രോഗശയ്യെക്കരികെ സ്നേഹശുശ്രൂഷകൾ
ചെയ്തു പാൎക്കേണ്ടിവന്നു. ജ്ഞാനാഭരണത്തിന്നു ക്ഷീണം വൎദ്ധിച്ചു വരുന്നെന്നു
സുകുമാരി പലപ്രാവശ്യം കണ്ടിരുന്നു. ഒരു ദിവസം അവളെ കാണ്മാൻ [ 121 ] ചെന്നപ്പോൾ എത്ര സുഖക്കേടായാലും ഒരു നിമിഷമെങ്കിലും പകൽ
കിടക്കാത്തവൾ വളരെ ക്ഷീണത്തോടെ കിടക്കുന്നതു കണ്ടതിനാൽ അവൾക്കു
നന്ന സുഖക്കേടുണ്ടെന്നു സുകുമാരിക്കു ബോദ്ധ്യമായി. കുറെ നേരം ഓരോ
വർത്തമാനം പറഞ്ഞിരുന്ന ശേഷം അവൾ വീട്ടിലേക്കു തിരിച്ചു പോയി വിവ
രം കരുണയെ അറിയിച്ചു അവളുടെ അനുമതിയോടു കൂടെ ജ്ഞാനാഭരണത്തി
ന്റെ വീട്ടിൽ ചെന്നു അവളെ ശുശ്രൂഷിച്ചു പാൎത്തു. ജ്ഞാനാഭരണം സുകുമാ
രിയുടെ സ്നേഹവും താൻ അവൾക്കു മുമ്പു ചെയ്തിരുന്ന ചില ചെറിയ ഉപകാര
ങ്ങൾക്കു ഇപ്പോൾ ലഭ്യമായ പ്രതിഫലവും ഓൎത്തു പലപ്രാവശ്യം കരഞ്ഞു.
രണ്ടു മാസത്തിലൊരിക്കൽ മാത്രമേ മകന്റെ കത്തു വരാറുണ്ടായിരുന്നുള്ളു.
ആ കാലത്തിൽ ഒരു കത്തു അങ്ങോട്ടു പോയി അതിന്നു മറുപടി ഇങ്ങോട്ടെത്തു
വാൻ അത്ര താമസമുണ്ടായിരുന്നു. മകനെ ഇനി കാണ്മാൻ കഴികയില്ലെന്നു
ള്ള സംശയം ഉള്ളിൽ ഉദിച്ചപ്പോൾ ഒരു ദിവസം അവളെ കാണ്മാൻ വന്ന
സായ്വിനോടും മദാമ്മയോടും അവൾ “എന്റെ മകൻ വിവാഹം ചെയ്തു ഒരു
ഗൃഹസ്ഥനായി കണ്ടു മരിപ്പാൻ ഞാൻ എപ്പോഴും ആഗ്രഹിക്കയും പലപ്രാവ
ശ്യം അതിന്നായി പ്രാൎത്ഥിക്കയും ചെയ്തിരുന്നു. എങ്കിലും അതു സാധിക്കയില്ലെന്നു
കണ്ടപ്പോൾ മരിക്കുന്നതിന്നു മുമ്പെ അവന്റെ മുഖമൊന്നു കണ്ടു അവന്റെ
കൈകൊണ്ടു ഒരു പിടിമണ്ണു കിട്ടിയാൽ മതി എന്നൊരാഗ്രഹം തുടങ്ങി. ഇ
പ്പോൾ ദൈവം അതിന്നും ഒരു നിവൃത്തിവരുത്തുകയില്ലെന്നു തോന്നുന്നു. ഇങ്ങി
നെ ദൈവം അതിന്നും ചെയ്യുന്നതിന്റെ കാരണമെന്തായിരിക്കും?” എന്നു ചോദിച്ചു.
സുകുമാരിയും അപ്പോൾ അടുക്കെ തന്നെ ഉണ്ടായിരുന്നു.

സായ്വ് : “ നിന്റെ ആവശ്യതകൾ ദൈവം നിന്നെക്കാൾ നല്ലവണ്ണം അറി
യുന്നെന്നു നീ വിശ്വസിക്കുന്നുവോ?”

ജഞാ : “പൂർണ്ണമായി വിശ്വസിക്കുന്നു.”

സായ്വ് : നിന്റെയും മകന്റെയും നന്മെക്കു വേണ്ടുന്നവയൊക്കെയും ദൈ
വം ചിന്തിച്ചു കൊള്ളുമെന്നു നീ വിശ്വസിക്കുന്നുവോ?

ജ്ഞാ : "വിശ്വസിക്കുന്നു, അതു അനുഭവിച്ചും ഇരിക്കുന്നു."

സായ്വ് : "എന്നാൽ ഇതുവരെ അങ്ങിനെ അനുഭവിക്കുമാറാക്കിയെ ദൈവം
ഇനിയും ചെയ്യുന്നതെല്ലാം നിങ്ങളുടെ നന്മെക്കെന്നോൎത്തു അവന്റെ ഇഷ്ടത്തി
ന്നു കീഴടങ്ങണം. സംശയത്തിന്നു ജയം കൊടുക്കരുതു.”

മദാമ്മ : ഒരു കുട്ടിയെ നിണക്കാശ്വാസത്തിന്നായി കിട്ടിയതു കണ്ടുവോ?
നിന്റെ സൌഖ്യകാലങ്ങളിൽ ആ കുട്ടി ഒരു ക്രിസ്ത്യാനിയായി തീരുന്നതിന്നു [ 122 ] നീ സംഗതി വരുത്തിയതിനാൽ ഇപ്പോൾ മകന്നു പകരം നിന്റെ ഒരു മകളാ
യി നിന്നെ സഹായിപ്പാൻ സംഗതിവന്നില്ലയോ? ഇതിൽ നീ ദൈവത്തിന്റെ
ഒരു കൃപയും നിന്റെ അധ്വാനത്തിന്നു ഈ ലോകത്തിൽ തന്നെ ഒരു പ്രതി
ഫലും കാണുന്നുവോ?

കരു: “ഈ കൃപെക്കും ഈ പ്രതിഫലത്തിന്നും ഞാൻ അശേഷം അയോഗ്യ
യത്രെ. എന്നാലും ഈ കുട്ടിയിൽ കാണുന്ന ഈ ഗുണങ്ങൾനിമിത്തവും ഇവൾ
മൂലം എനിക്കിപ്പോൾ കിട്ടുന്ന സഹായങ്ങൾനിമിത്തവും ഞാൻ ദൈവത്തെ പു
കഴ്ത്തുന്നു.”

ഈ സംഭാഷണം നടത്തുന്നതു ഒരു ദിവസം സന്ധ്യെക്കായിരുന്നു. പിറ്റേ
ദിവസം രാവിലെ മകന്റെ ഒരെഴുത്തു വന്നു. അതിൽ അവൻ ആറു മാസം
കഴിഞ്ഞാൽ വരുമെന്നും അവന്റെ യജമാനൻ കണ്ണൂരിൽ ഒരു കാൎയ്യസ്ഥനെ
ആക്കി കുറെ ദിവസത്തേക്കു കുഡുംബത്തോടു കൂടെ ബോംബായിക്കു പോകുന്ന
തിനാൽ അതിലിടെക്കു കണ്ണൂരിൽ വന്നു ഒരു മാസം താമസിപ്പാൻ അനുവാദം
കിട്ടിയിരിക്കുന്നു എന്നും മറ്റും എഴുതിയിരുന്നു. അമ്മെക്കു ഇത്രം സുഖക്കേടു
ആകുന്നു എന്നു അവൻ അറിഞ്ഞിരുന്നില്ല കാരണം അവൾ എഴുതുന്ന യാ
തൊരു കത്തിലും തന്റെ രോഗത്തെ കുറിച്ചു പ്രസ്ഥാപിക്കാറില്ലയായിരുന്നു.
കത്തു വായിച്ചു തീൎന്നപ്പോൾ അവൾക്കു പറവാൻ പാടില്ലാത്ത വ്യസനമുണ്ടായെ
ങ്കിലും മനസ്സുറപ്പിച്ചു സുകുമാരിയോടു ഒരു മറുപടി എഴുതുവാൻ പറഞ്ഞു:-

“എന്റെ പ്രിയ മകനേ,

ഈ പ്രാവശ്യം നിന്റെ എഴുത്തിന്നു മറുവടി എ
ഴുതുവാൻ എനിക്കു സൌഖ്യം പോരാ. ഇനി ഒരിക്കൽ എന്റെ കൈകൊണ്ടു
നിണക്കൊരു കത്തെഴുതുവാൻ കഴിയുകയുമില്ല. ദൈവേഷ്ടം ഇങ്ങിനെയാകുന്നു.
അതുകൊണ്ടു ഞാൻ വ്യസനിക്കാതെ ആ ഇഷ്ടത്തിന്നു കീഴടങ്ങിയിരിക്കുന്നു.
എന്റെ മകനേ, പക്ഷേ നീ ഈ കത്തു വായിക്കുന്നതിന്നു മുമ്പേ എന്റെ ദേഹം
കുഴിയിലിറങ്ങിയിരിക്കും. ആത്മാവിന്നു നിന്നെ കാണ്മാൻ കഴിവുള്ളതാകുന്നു
വെങ്കിൽ ഞാൻ നിന്റെ അടുക്കൽ ഉണ്ടാകും. എങ്കിലും നിണക്കു എന്നെ ഇനി
കാണ്മാൻ കഴികയില്ല നിശ്ചയം. എന്നോടു കൂടെ ഇരുന്ന നാളൊക്കെയും ഞാൻ
നിണക്കു തന്ന ഉപദേശങ്ങളെ മറക്കാതെയും ഞാൻ നിണക്കു നടപ്പാൻ കാണി
ച്ചുതന്ന മാൎഗ്ഗങ്ങളിൽനിന്നു തെറ്റാതെയും നീ ജീവിച്ചാൽ നാം ഇരുവരും ഒരി
ക്കലും വിട്ടുപിരിവാൻ ഇട വരാത്തതായ ഒരു ദിക്കിൽവെച്ചു തമ്മിൽ കാണും.
അതിന്നു ദൈവം കൃപ ചെയ്തു സഹായിക്കട്ടേ. [ 123 ] ഈ അവസാനനാഴികകളിലൊക്കയും എന്റെ ചിന്ത നിന്നെ കുറിച്ചും എ
ന്റെ പ്രാൎത്ഥന നിണക്കായും ആകുന്നു എന്നു നിന്റെ ഓൎമ്മയിൽനിന്നു ഒരി
ക്കലും വിട്ടുപോകരുതു. പാപം ചെയ്വാനും ദൈവത്തോടു ദ്രോഹം ചെയ്വാനും
ഉള്ള പരീക്ഷകൾ നിന്നെ നേരിടുമ്പോൾ എന്റെ ചരമകാലത്തിൽ ഞാൻ നി
ന്നെ ഓൎത്തു എത്ര വേദനപ്പെട്ടിരിക്കുന്നു എന്നെങ്കിലും വിചാരിച്ചുകൊണ്ടു നി
ന്നെ സ്നേഹിച്ച നിന്റെ രക്ഷിതാവായവനെ ദുഃഖിപ്പിക്കാതിരിക്കേണം. എ
ന്റെ മകനേ നിണക്കു എന്റെ പ്രേമചുംബനം. പരിശുദ്ധനായ ദൈവം
നിന്നെ വിശുദ്ധിയിൽ സൂക്ഷിച്ചു രക്ഷിക്കുമാറാക.

എന്നു നിന്റെ പ്രിയ അമ്മ.”

സുകുമാരി ഇതെഴുതി തീൎന്ന ശേഷം ജ്ഞാനാഭരണം അവളോടു മഷിയും
തൂവലും വാങ്ങി വളരെ പ്രയാസത്തോടെ രണ്ടു മൂന്നു വരി അതിന്റെ താഴെ
താൻ തന്നെ എഴുതി ഒപ്പിട്ടു മടക്കി ഉറയിലിട്ടു പറ്റിച്ചു സുകുമാരിയെക്കൊണ്ടു
മേൽവിലാസവും എഴുതിച്ചു തപ്പാലിലേക്കയച്ചു. "എന്റെ പ്രിയ മകനേ, ഈ
കത്തെഴുതിയ സുകുമാരി എന്റെ കൂട വന്നു താമസിച്ചു എനിക്കെത്ര ഉപകാരം
ചെയ്യുന്നെന്നു വിവരിപ്പാൻ കഴികയില്ല. നിന്റെ ജീവകാലം മുഴുവനെ നീ
അവളെ മറന്നുപോകരുതെ” എന്നായിരുന്നു എഴുതിയതു.

ആറു മാസത്തോളം ജീവിച്ചിരുന്നാൽ എന്റെ മകനെ ഒന്നു കാണാമായി
രുന്നു എന്നു ജ്ഞാനാഭരണം പലപ്രാവശ്യവും സുകുമാരിയോടു പറഞ്ഞെങ്കിലും
ഈ കത്തെഴുതി ഒരാഴ്ചയോളം കഴിഞ്ഞ ശേഷം ഒരു പുലൎച്ചെ നാലു
മണിക്കു അവൾ സുകുമാരിയെ വിളിച്ചുണൎത്തി അവളോടു:

“കുമാരീ ഞാൻ ഒരു സ്വപ്നം കണ്ടു. അതു എന്റെ ആശ്വാസത്തിന്നായി
ദൈവം തന്നെ എനിക്കു കാണിച്ചതാകുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. എ
ന്റെ മകനെ ഞാൻ കാണുകയും ചെയ്തു. അതുകൊണ്ടു ഇനി ഇനിക്കു അവ
നെ ഈ ലോകത്തിൽവെച്ചു കാണേണം എന്നുള്ള ആഗ്രഹം ഇല്ല. എന്നു മാത്ര
മല്ല അവന്റെ നന്മെക്കുവേണ്ടി ഞാൻ മരിക്കേണ്ടതു ആവശ്യമെന്നു ഞാൻ
വിശ്വസിക്കുന്നു” എന്നു പറഞ്ഞു.

സുകു: “എന്തായിരുന്നു സ്വപ്നം? പറയുന്നതിന്നു വിരോധമുണ്ടോ?”

ജ്ഞാന: “ഞാൻ വലുതായ ഒരു പട്ടണത്തിൽ ചെന്നു. അതു അനേകം
ഭംഗിയുള്ള വീടുകളും അഞ്ചും ആറും നിലകളുള്ള വന്മാളികകളും അനവധി
പാണ്ടികശാലകളും ശാപ്പുകളും കൊണ്ടു നിറഞ്ഞ ഒരു നഗരമാകുന്നു. അവി
[ 124 ] ടെ ഒരു വലിയ പാണ്ടികശാലയിൽ എന്റെ മകൻ ഒരു മേശെക്കരികെ ഇരുന്നു
എഴുതുന്നതു ഞാൻ കണ്ടു. ഞാൻ അവന്റെ മുമ്പിൽ ചെന്നു നിന്നിട്ടും അവൻ
എന്നെ കണ്ടില്ല കുറെ നേരം ഞാൻ നിന്നു നോക്കി. യൌവനം തികഞ്ഞുവ
രുന്ന ലക്ഷണമായി വളൎന്നുവരുന്ന മുഖരോമങ്ങളാൽ ശോഭിതമായ അവന്റെ
മുഖവും നോക്കി ഞാൻ അതിശയിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ എഴുന്നീറ്റു.
നേരം സന്ധ്യ ആകാറായിരുന്നു. അടുക്കെ ഉണ്ടായിരുന്ന ഒരു ഇരിമ്പുപെട്ടി തുറ
ന്നു അതിൽനിന്നു കുറെ പണം എടുത്തു നാലുപുറവും നോക്കിക്കൊണ്ടു ഒരു കട
ലാസിൽ ചുരുട്ടി അവന്റെ കുപ്പായസഞ്ചിയിൽ ഇടുവാൻ ഭാവിച്ചപ്പോൾ ഞാൻ
അവന്റെ കൈ ചെന്നു പിടിച്ചു. ഉടനെ അവൻ എന്നെ കണ്ടു പണം പെ
ട്ടിയിൽത്തന്നെ ഇട്ടുകളഞ്ഞു. അവിടെനിന്നു അവൻ ഇറങ്ങി തെരുവീഥി
യിൽ കൂടേ പോയി. ഞാൻ അവനെ പിഞ്ചെന്നെങ്കിലും അവൻ എന്നെ ക
ണ്ടില്ല. ഒരു ബ്രാണ്ടിശാപ്പിന്റെ മുമ്പിൽ എത്തിയപ്പോൾ ഒരു സ്നേഹിതൻ
അവനെ എതിരേറ്റു ഒന്നു രണ്ടു നിമിഷനേരത്തോളം വൎത്തമാനം പറഞ്ഞു
നിന്ന ശേഷം അവന്റെ നിൎബ്ബന്ധത്താൽ ഒരു ദ്രാം ബ്രാണ്ടി കുടിക്കാമെന്നു സ
മ്മതിച്ചു. അവിടേക്കു കയറുവാൻ ഭാവിക്കുമ്പോൾ ഞാൻ പിമ്പിൽനിന്നു അ
വന്റെ വസ്ത്രം പിടിച്ചു വലിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ എന്നെ കണ്ടു.
ഉടനെ ഇറങ്ങി അവിടെനിന്നു പോയി. കുറെ ദൂരെ ചെന്നപ്പോൾ ഒരു കൂട്ടം
ബാല്യക്കാർ ചൂതു കളിക്കുന്നതു കണ്ടു. അവർ അവനെ അവിടേക്കു ക്ഷണി
ച്ചതു കേട്ടു വളരെ നേരം അവിടെ സംശയിച്ചുനിന്നു. ഒടുക്കം കയറുവാൻ
നിശ്ചയിച്ചു കാലെടുത്തു ഒരടി മുമ്പോട്ടും വെക്കുമ്പോഴെക്കു ഞാൻ മുമ്പിൽ ചെന്നു
നിന്നു. എന്നെ കണ്ടപ്പോൾ തന്നെ അവിടുന്നും ഇറങ്ങിപ്പോയി. പിന്നെയും
ഞാൻ അവന്റെ പിന്നാലെ തന്നെ ചെന്നു. അവൻ നേരെ താൻ പാൎക്കുന്ന
വീട്ടിൽ കയറി ചെന്നു മുട്ടുകുത്തി കരഞ്ഞുകൊണ്ടു പ്രാൎത്ഥിക്കുന്നതു കണ്ടു. ഇതെ
നിക്കെത്രയും സന്തോഷകരമായ ഒരു കാഴ്ചയായിരുന്നു. അവൻ എഴുന്നീറ്റ
പ്പോൾ തന്നെ ഞാൻ അവനെ കെട്ടിപ്പിടിച്ചു ചുംബിപ്പാൻ തക്കവണ്ണം മുമ്പോട്ടു
ഓടിയപ്പോൾ ഞാൻ ഞെട്ടി ഉണൎന്നുപോയി. ഇതൊക്കെയും ഒരു സ്വപ്നമെന്ന
റിഞ്ഞു നിന്നെ ഉണൎത്തി. ഞാൻ മരിക്കേണ്ടതു ആവശ്യം തന്നെ എന്നാൽ എ
ന്റെ ആത്മാവു അവനെ ആ നഗരത്തിലെ പരീക്ഷകളിൽനിന്നു കാത്തുരക്ഷി
ക്കും അവൻ ചെയ്യുന്നതൊക്കയും എന്റെ ആത്മാവു കാണുന്നെന്നുള്ള വിശ്വാ
സം നിമിത്തം അവൻ ഏതു തിന്മയിൽനിന്നും ഒഴിഞ്ഞിരിക്കും.”

അന്നു മുതൽ ജ്ഞാനാഭരണത്തിന്നു രോഗം വൎദ്ധിച്ചു. എങ്കിലും മനസ്സിൽ
വളരെ സന്തോഷമുണ്ടായിരുന്നു. രണ്ടാം ദിവസം രാത്രി ഏഴു മണിക്കു അ [ 125 ] —111—

വൾ സുകുമാരിയെ വിളിച്ചു. “നാളെ ഞായറാഴ്ചയാകുന്നുവല്ലോ. നീ സ്വ
സ്ഥദിവസത്തിന്റെ ഉദയം കാണുമ്പോൾ തന്നെ ഞാൻ എന്റെ നിത്യസ്വസ്ഥ
തയിൽ പ്രവേശിച്ചിരിക്കും. നീ എനിക്കു ചെയ്ത എല്ലാ ഉപകാരങ്ങൾക്കായും
ദൈവം നിന്നെ അനുഗ്രഹിക്കട്ടേ. നീ അനാഥയാകുന്നുവെങ്കിലും അവൻ നി
ന്നെ ഒരിക്കലും കൈവിടുകയില്ല. എന്റെ മകനെ നീ മറന്നുപോകരുതു”
എന്നു പറഞ്ഞു. സുകുമാരി വളരെ വ്യസനത്തോടെ പുറത്തു പോയി കരഞ്ഞു.
പിന്നെ അകത്തു വന്നപ്പോൾ അവൾ ചിറക്കല്ലിലെ ശാലയിൽനിന്നു പഠിച്ച
രണ്ടു മൂന്നു പാട്ടു പാടുവാൻ പറഞ്ഞതു കേട്ടു സുകുമാരി തൊണ്ട വിളച്ചുംകൊണ്ടു
രണ്ടു ഇംഗ്ലീഷ് പാട്ടു പാടി. ഒന്നാമത്തേതു മനുഷ്യന്റെ ജീവനം കടലിലെ
ഒരു കപ്പലിന്നു തുല്യമാണെന്നും കപ്പൽ സമർത്ഥനായ ഒരു മാലുമി നടത്തുന്നതാ
യാൽ കൊണ്ടുങ്കാറ്റുണ്ടായാലും സമുദ്രം പൊങ്ങി കോപിച്ചാലും അതിലൊക്കെയും
കൂടി സുഖമായി ഒരു തുറമുഖത്തെത്തുന്നതുപോലെ ദൈവത്താൻ നടത്തപ്പെടു
ന്ന ഒരു മനുഷ്യാത്മാവു ഈ ഭൂമിയിലുള്ള നാനാകഷ്ടങ്ങളിൽ കൂടിയും ഒടുക്കം
ഒരു ഭാഗ്യമുള്ള കരയിൽ എത്തി ചേരും എന്നും ആയിരുന്നു. രണ്ടാമത്തേതു
സത്യക്രിസ്ത്യാനികൾക്കു മരണം ഒരുറക്കം പോലെയാകുന്നു എന്നും രാത്രി ഉറങ്ങു
മ്പോൾ നമുക്കുള്ളവരെക്കൊണ്ടുള്ള വിചാരമൊക്കയും മറന്നു പുലർകാലെ രണ്ടാ
മതും അവരെ കണ്ടു സന്തോഷിക്കുംപോലെ മരിക്കുമ്പോൾ അവരെ വിട്ടു പി
രിഞ്ഞു പിന്നെ ഒരു ദിവസം അവരെയൊക്ക കണ്ടു മേലാൽ ഒരിക്കലും പിരി
ഞ്ഞുപോകാതെ സന്തോഷിക്കും എന്നും ആയിരുന്നു. ആ പാട്ടും പാടി തീൎന്ന
ശേഷം ജ്ഞാനാഭരണം സുകുമാരിയോടു “മകളേ! മതി. എനിക്കു മരിപ്പാൻ
ഇപ്പോൾ ഭയവും സങ്കടവും ഇല്ല. എന്റെ അമ്മയും എന്റെ മകന്റെ അച്ഛനും
ഒരു ചെറു പൈതലും ഞാൻ പോകുന്ന സ്ഥലത്തുണ്ട്. ഞാനും അങ്ങു പോയാൽ
എന്റെ മകൻ ഏകാകിയായി. നീ ഞാൻ പഠിച്ച സ്കൂളിൽ തന്നെ പഠിച്ചു വള
ൎന്നതുകൊണ്ടു എനിക്കു അവിടെനിന്നു എന്തെല്ലാം ഗുണങ്ങൾ സിദ്ധിച്ചിരിക്കു
ന്നുവോ അതൊക്കെയും നിണക്കും സാദ്ധ്യമായിരിക്കുന്നു എന്നു ഞാൻ പൂൎണ്ണമായി
വിശ്വസിച്ചിരിക്കുന്നു. അതുകൊണ്ടു എന്റെ മകന്നു, അവനെപ്പോലെ തന്നെ അനാ
ഥയായി നീ ഒരു സഹായമായി ജീവിച്ചാൽ നിങ്ങൾക്കു രണ്ടുപേൎക്കും നന്മയുണ്ടാ
കും” എന്നു പറഞ്ഞു. തന്നെ “മകളെ” എന്നു ജ്ഞാനാഭരണം വിളിച്ചതു സുകു
മാരി അതുവരെ കേട്ടിരുന്നില്ലെങ്കിലും സത്യദാസൻ തന്നെ അമ്മെക്കു മകളായി
ഏല്പിച്ചുപോയന്നു മുതൽ ഇരുവരും അമ്മയും മകളും പോലെ തന്നെയായിരുന്നു
അന്യോന്യം പെരുമാറിയതു. ഈ വാക്കുകൾ കേട്ടപ്പോൾ അവൾ ജ്ഞാനാഭര
ണത്തെ കെട്ടിപ്പിടിച്ചു ചുംബിച്ചു “എന്റെ അമ്മേ! ഞാൻ സത്യദാസനെ ഒരി [ 126 ] —112—

ക്കലും മറപ്പാതിരിപ്പാൻ പല പ്രകാരത്തിലും കടംപെട്ടവളാകുന്നുവല്ലോ. എ
ങ്കിലും എന്നെപ്പോലെ നിസ്സാരയായ ഒരു പെണ്ണിനു അവന്നു എന്തൊരു സ
ഹായം ചെയ്വാൻ കഴിയും?” എന്നു പറഞ്ഞു കരഞ്ഞു. താൻ പറഞ്ഞതു അവൾക്കു
മനസ്സിലായില്ല എന്നു ജ്ഞാനാഭരണം കണ്ടപ്പോൾ പിന്നെ അതിനെപ്പറ്റി യാ
തൊന്നും വ്യക്തമായി പറയാതെ “നീ എന്റെ മകനെ സ്നേഹിക്കുന്നു എന്നു
ഞാൻ അറിയുന്നു ആ സ്നേഹം നിലനിന്നുപോന്നാൽ മതി” എന്നു മാത്രം പറഞ്ഞു.

അര മണിക്കൂർ നേരത്തോളം ജ്ഞാനാഭരണം കണ്ണു പൂട്ടി കൈകെട്ടി സ്വ
കാൎയ്യമായി പ്രാൎത്ഥിച്ചു കൊണ്ടിരുന്നു. അതിന്റെ ശേഷം കണ്ണു തുറന്നു സുകു
മാരിയോടു “എന്റെ മരണവൎത്തമാനവും എന്റെ മകന്റെ നിമിത്തം എനി
ക്കു മരിപ്പാൻ ആദ്യം ഉണ്ടായ ദുഃഖത്തെയും പിന്നെ എനിക്കുണ്ടായ ആശ്വാസ
ത്തെയും കുറിച്ചും വിവരമായി നീ എന്റെ മകന്നു ഒരു കത്തെഴുതേണം. എ
ങ്കിലും ഞാൻ കണ്ട സ്വപ്നം എഴുതുകയോ നീ അവനെ കാണുംകാലം അതു അ
വനെ അറിയിക്കയോ ചെയ്യരുതു” എന്നു പറഞ്ഞു. ആ സമയം തന്നെ വേദ
ന കുറെ വൎദ്ധിച്ചപ്പോൾ “ദൈവമേ! എന്നെ അധികം പ്രയാസപ്പെടുത്താതെ
ഇവിടെനിന്നു എടുക്കേണമേ” എന്നു ഉറക്കെ പ്രാർത്ഥിച്ചു. പതിവിൽപ്രകാ
രം സായ്വും വന്നു ചില പ്രബോധനകളും ആശ്വാസവാക്കുകളും പറഞ്ഞു ധൈ
ൎയ്യപ്പെടുത്തി പോയി. അവൾ അവിടെ കൂടിയവരോടെല്ലാവരോടും തന്റെ
ഹൃദയാവസ്ഥയെ കുറിച്ചും തന്റെ പ്രത്യാശയെപ്പറ്റിയും അൎദ്ധരാത്രി ആകാറാ
വോളം സംസാരിച്ചുകൊണ്ടിരുന്നു. ഒടുക്കം സംസാരിച്ചുകൊണ്ടിരിക്കേ തന്നെ
ഒരു മയക്കം വന്നു. കാൽ മണിക്കൂർ അങ്ങിനെ കിടന്ന ശേഷം അവൾ പറ
ഞ്ഞ പ്രകാരം രാത്രി പന്ത്രണ്ടു മണിക്കു അവൾ തന്റെ നിത്യസ്വസ്ഥതയിലേ
ക്കു പ്രവേശിച്ചു. അവളുടെ ജീവകാലത്തിലൊക്കയും ജനങ്ങൾ അവളെ “സ
മാധാനപുത്രി” എന്നായിരുന്നു വിളിച്ചിരുന്നതു. അതേപ്രാകരം മഹാ സമാ
ധാനത്തോടെ തന്നെ അവൾ ഈ ലോകം വിട്ടു പോകയും ചെയ്തു.

ഈ കഥ ആരംഭിച്ചതു മുതൽ ഈ സംഭവം വരെ പന്ത്രണ്ടു സംവത്സര
ങ്ങൾ മാത്രമേ കഴിഞ്ഞിട്ടുള്ളു എങ്കിലും മാണിക്കം, ജീവി, ചിരഞ്ജീവി, തേജോ
പാലൻ, ജ്ഞാനാഭരണം ഈ അഞ്ചുപേരും മരിച്ചുപോയിരിക്കുന്നു. രണ്ടുപേർ
വാൎദ്ധക്യത്തിലും മദ്ധ്യപ്രായത്തിൽ തന്നെയും ഒരുത്തി ബാല്യത്തിന്റെ ആരംഭ
ത്തിലും ഒരുത്തി മദ്ധ്യപ്രായത്തിൽ തന്നെയും മരിക്കേണ്ടിവന്നിരിക്കുന്നു. സത്യ
ദാസനും സുകുമാരിയും അനാഥക്കുട്ടികാളായിത്തീൎന്നിരിക്കുന്നു. പ്രിയവായന [ 127 ] ക്കാരേ! ഇവരെല്ലാവരും ദരിദ്രരായിരുന്നു. എങ്കിലും ഇവൎക്കും സന്തോഷസ
ന്താപങ്ങൾ സമ്മിശ്രങ്ങൾ തന്നെയായിരുന്നു. ധനവാന്നു അവന്റെ ധനം
ഹേതുവായി എത്ര സന്തോഷം അനുഭവിക്കാമോ അത്ര തന്നെ ഇവൎക്കും ഇവരു
ടെ ദാരിദ്ര്യത്തിലുള്ള സന്തുഷ്ടിനിമിത്തം സന്തോഷമുണ്ടായിരുന്നു. ധനവാന്നു
എന്തെല്ലാം ദുഃഖവേദനകൾ ഉണ്ടാകുമോ അതേ വിധത്തിൽ ഇവൎക്കും സങ്കട
വും വേദനയും ഉണ്ടായിരുന്നു സംശയമില്ല. അലംഭാവത്തോടുകൂടിയ ദൈവ
ഭക്തിയുള്ള ദരിദ്രനും ഒരു ഭക്തനായ ധനികന്നും അവരുടെ ഐഹികാനുഭവ
ങ്ങളിൽ വലുതായൊരു വ്യത്യാസമില്ല. സന്തുഷ്ടനും ഭക്തനുമായ ഒരു ദരിദ്രൻ
ലോഭിയും ലൌകികസക്തനുമായ ഒരു ധനികനെക്കാൾ ഈ ലോകത്തിലും കൂടെ
ഭാഗ്യമേറിയവനത്രെ. അതിരിക്കട്ടെ, മനുഷ്യൻ ധനികനായാലും ദരിദ്രനാ
യാലും വേറൊവസ്ഥയാകുന്നു പ്രധാനം. ചിലൎക്കു ധനം അനുഗ്രഹവും മറ്റു
ചിലൎക്കു അതു ശാപവും ചിലൎക്കു ദാരിദ്ര്യം ദൈവദാനവും വേറെ ചിലൎക്കു അതു
നാശകാരണവും ആയി കാണുന്നു. എങ്കിലും ഇതിന്റെ ഒക്കയും അന്ത്യമാകു
ന്നു മുഖ്യകാൎയ്യം. സൌഖ്യകാലത്തിൽ ലേശംപോലും വിചാരവും ശങ്കയും ഇല്ലാ
തെ ജീവിക്കുന്നവൎക്കു ഈ മരിച്ചുപോയ ദരിദ്രസ്ത്രീകളുടെയും വൃദ്ധന്റെയും ഭാ
ഗ്യകരമായ അന്ത്യം ഉണ്ടാകുന്നതല്ലെന്നും നിങ്ങളും ഈ ലോകത്തിലാകുന്നു എ
ന്നും ഓൎത്തുകൊൾവിൻ. [ 128 ] പന്ത്രണ്ടാം അദ്ധ്യായം.

ആറുമാസം കഴിഞ്ഞ ശേഷം ഒരു ദിവസം വൈകുന്നേരം കരുണയും സുകു
മാരിയും കൂടി കടൽത്തീരത്തു മുമ്പെ സുകുമാരി തേജോപാലനോടു കൂടെ ഇരി
ക്കാറുണ്ടായിരുന്ന സ്ഥലത്തു ഇരിക്കുകയായിരുന്നു. അപ്പോൾ ആരോ ഒരാൾ
അവരുടെ മുമ്പിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു. നല്ല നെടു
പ്പവും നെഞ്ഞുവിസ്താരവും ശരീരപുഷ്ടിയുമുണ്ടായിരുന്നു. വസ്ത്രം വിലാത്തി
ക്കാരുടെ സമ്പ്രദായത്തിന്നനുസരിച്ചായിരുന്നെങ്കിലും നിറം കൊണ്ടു ഇരുജാതി
യോ നാട്ടുകാരനോ ആണെന്നു എളുപ്പത്തിൽ പ്രത്യക്ഷമായിരുന്നു. മദ്ധ്യ
പ്രായം കഴിഞ്ഞിരിക്കുന്നു. ആരുമായി ആ ദിക്കിൽ പരിചയുള്ള പ്രാകാരം
കണ്ടില്ല. ആരുടെ മുഖത്തും അവൻ നോക്കിയതുമില്ല. അവനെ കടന്നുപോ
കുന്നവൎക്കൊന്നും അവനോടു പരിചയമില്ലെന്നു കണ്ടതിലാൻ അവൻ ഒരു പര
ദേശിയാണെന്നു ഇവരിരുവൎക്കും തീർച്ചയായി എങ്കിലും ആരെയും ഗണ്യമാക്കാതെ
നടന്ന ആ ആൾ തങ്ങളെ ഓരോരിക്കൽ നോക്കുന്നെന്നു കണ്ടതിനാൽ സുകു
മാരി കരുണയോടു “നമ്മൾ തമ്മിൽ പറയുന്നതു ആയാൾ ശ്രദ്ധിക്കുന്നുണ്ടെന്നു
തോന്നുന്നു” എന്നു പറഞ്ഞു. കരുണ ഉറുമാൽകൊണ്ടു കണ്ണു നല്ലവണ്ണം തുടച്ചു
“ഇനി ഇതിലേ പോകുമ്പോൾ അതാരാകുന്നെന്നു ഞാൻ സൂക്ഷിച്ചു
നോക്കാം” എന്നു പറഞ്ഞു. അങ്ങിനെ തന്നെ വീണ്ടും അതിയെ മടങ്ങിവരു
മ്പോൾ രണ്ടുപേരും അവനെ സൂക്ഷിച്ചു നോക്കി. അവൻ ഇവരെയും നോക്കി.
അവൻ ആരെന്നു രണ്ടാൾക്കും മനസ്സിലായില്ലെങ്കിലും അവന്റെ മുഖത്തു പെ
ട്ടെന്നു ഒരു നിറഭേദമുണ്ടായ പ്രകാരം അവർ കണ്ടു.

സുകു: “പ്രായം ഇത്രയില്ലെങ്കിൽ സത്യദാസനെന്നു എനിക്കു തോന്നിപ്പോകു
മായിരുന്നു. അവൻ ഈ സമയത്താകുന്നു കല്ക്കത്തയിൽനിന്നു ഇവിടേക്കു
വരുമെന്നു പറഞ്ഞതു.” [ 129 ] കരു : “ഇല്ല. ഗുലാബ്സിങ്ങ്” പെട്ടെന്നു ബൊംബായിക്കു പോകേണ്ടിവന്ന
തിനാൽ അവൻ ഇങ്ങോട്ടു വരികയില്ലെന്നാകുന്നു ആയാൾ എന്നോടു പറഞ്ഞതു.
അവന്നു നേരെ ബോംബായിക്കു ചെല്ലുവാൻ ആയാൾ കത്തെഴുതിയിരിക്കുന്നു
അതുകൊണ്ടു അവൻ ഇങ്ങോട്ടു വരുവാൻ ഇടയില്ല.”

സുകു: “അല്ലെങ്കിലും സത്യദാസൻ എത്ര വളൎന്നാലും വേഷം മാറ്റിയാലും
ഞാൻ അവനെ അറിയാതിരിക്കയില്ല. അവൻ വിലാത്തിക്കാരുടെ വേഷം
ധരിക്കയില്ലെന്നും എനിക്കു വിശ്വാസമുണ്ടു.”

കരു: “അതു പറവാൻ പാടില്ല. ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ
നടുക്കണ്ടം എന്നു കേട്ടിട്ടില്ലേ? അവൻ കൽക്കത്തെക്കു പോയതുകൊണ്ടു അവി
ടത്തെ സമ്പ്രദായം അനുസരിച്ചു വസ്ത്രം മാറ്റിയിരിക്കണം. ഇവിടുന്നു
ബെൽഗാമിലേക്കു ഓരോ പണിയായിവന്ന ഹിന്ദുക്കൾ വസ്ത്രം മാറ്റി പേരും
കൂടെ ഭേദപ്പെടുത്തിയതും എനിക്കോർമ്മയുണ്ടു. അവർ മതം മാറ്റിയിരുന്നില്ലെ
ങ്കിലും പേർ വിലാത്തിപ്പേർപോലെയാക്കി ഒരു വക നാസ്തികന്മാരെ പോലെയാ
യിരുന്നു അവിടെ ജീവിച്ചതു. ‘വാസു’ എന്നതു മാറ്റി ഡിവാസ് (D’Vaz) എന്നും
രാമൻ എന്നതു റെയിമണ്ട് (Raymond) എന്നും ‘അച്യുതൻ എന്നതു (Atchison)
അച്ചിസൻ എന്നും ‘പെരയൻ’ എന്നതു’ (Pereira) പെരേരാ എന്നും മറ്റും അ
നേകപേർമാറ്റങ്ങൾ എനിക്കു ഓൎമ്മയുണ്ടു. ഈ നാട്ടിൽ തിരിച്ചു വരുമ്പോൾ
‘മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായ്വന്നു’ എന്നു പഞ്ചതന്ത്രത്തിൽ പറഞ്ഞ
പോലെയാകും.”

ഇതു പറഞ്ഞുംകൊണ്ടിരിക്കുമ്പോൾ ആ പരദേശി പിന്നെയും അവരുടെ
പിൻഭാഗത്തൂടെ കടന്നു അവരെ നോക്കാതെ പോയ്ക്കളഞ്ഞു. രണ്ടു മൂന്നു ദിവ
സം അടുപ്പിച്ചു ആ ആളെ ഇവർ മൈതാനത്തുവെച്ചു കണ്ടു. അവിടെ നടന്നു
സംസാരിച്ചുചിരിച്ചുംകളിച്ചുംകൊണ്ടിരുന്ന യാതൊരുത്തരുമായി അവന്നു പരി
ചയമുണ്ടായിരുന്നില്ലെന്നു മാത്രമല്ല പരിചയമാവാൻ അവൻ ഇഷ്ടപ്പെട്ടതു
മില്ല എന്നും ഇവർ കണ്ടു. ആരാനും അവന്റെ സമീപത്തു ചെന്നാൽ അവൻ
മാറി ദൂരെ പോയ്ക്കളക പതിവായിരുന്നു.

ഒരു ദിവസം രാവിലെ കരുണെക്കു കൺചികിത്സ ചെയ്തിരുന്ന വൈദ്യൻ
ഈ പരദേശിയോടു കൂടെ ദിനകരന്റെ വീട്ടിൽ വന്നു ദിവകരനോടു “ഇദ്ദേ
ഹം എന്റെ ഒരു പുതിയ സ്നേഹിതനാകുന്നു. (Sadheart) സേഡ് ഹാൎട്ട് എന്നാ
കുന്നു പേർ. ഔസ്രാല്യയിൽ പൊൻ കിളയ്ക്കുന്ന ഒരു കമ്പനിയിൽ ആയിരുന്നു.
ഇപ്പോൾ ഇവിടെ വന്നു പാൎക്കുകയാണ്. നിങ്ങളുമായി പരിചയമാക്കുവാൻ [ 130 ] ഞാൻ എന്റെ കൂടെ കൂട്ടിക്കൊണ്ടു വന്നതാകുന്നു” എന്നു പറഞ്ഞപ്പോൾ ദിനക
രൻ അവന്നു കൈകൊടുത്തു, “ നിങ്ങളുമായി പരിചയമാവാൻ ഇടവന്നതിൽ
ഞാൻ വളരെ സന്തോഷിക്കുന്നു” എന്നു ഇരുവരും അന്യോന്യം പറഞ്ഞു. ഇതൊ
ക്കയും കരുണയും സുകുമാരിയും അടുത്ത മുറിയിൽനിന്നു ഒരു മറയുടെ ഉള്ളിൽ
കൂടെ നോക്കി നിന്നിരുന്നു. “ആരുമായി പരിചയമാവാൻ ഇഷ്ടമില്ലാത്ത
ആൾ ഇവിടെ വന്നു നിങ്ങളുടെ അച്ഛനുമായി സ്നേഹമാവാനുള്ള ,സംഗതി
എന്തായിരിക്കും?” എന്നു സുകുമാരി കരുണയോടു പതുക്കെ പറഞ്ഞു. മറ്റവർ
മൂവരും കൂടി ഓരോ വൎത്തമാനങ്ങൾ പറഞ്ഞ ശേഷം ഒടുവിൽ കൺചികിത്സ
കൊണ്ടു സംസാരിച്ചു തുടങ്ങി. സാധാരണയായി സൌഖ്യമാക്കാവുന്ന നേത്ര
രോഗങ്ങൾ മാറ്റുവാൻ സാമർത്ഥ്യമുള്ള (ഡക്ടർമാർ) ശസ്ത്രവൈദ്യന്മാർ മതിരാശി
യിൽ ഉണ്ടെന്നും ഒന്നു രണ്ടു മാസത്തിന്നകം മതിരാശിയിൽനിന്നു ബേപ്പൂരോളം
തീവണ്ടി നടക്കുന്നതാകയാൽ യാത്രെക്കു സൌകൎയ്യവും ചിലവുകുറവുമായിരിക്കു
മെന്നും ഈ പരദേശി പറഞ്ഞു. മൂവരും കൂടി ആലോചിച്ചു തീവണ്ടി നടപ്പായ
ഉടനെ കരുണയേയും അവൾക്കു തുണയായി സുകുമാരിയേയും ഒരു വേലക്കാര
നോടു കൂടി അങ്ങോട്ടു അയക്കുന്നതുത്തമമെന്നു തീൎച്ചപ്പെടുത്തി. അതിന്റെ
ശേഷം ദിനകരൻ കരുണയെയും സുകുമാരിയെയും വിളിപ്പിച്ചു ഈ പരദേശി
യുമായി മുഖപരിചയമാക്കി. അവൻ ഇവൎക്കു കൈകൊടുത്തു സലാം പറയു
മ്പോൾ കൈ വല്ലാതെ വിറയ്ക്കുന്നെന്നു ഇരുവരും കണ്ടു സംഗതി എന്തായിരി
ക്കുമെന്നുവെച്ചു അത്ഭുതപ്പെട്ടു. കുറെ നേരം കഴിഞ്ഞ ശേഷം അവനും വൈ
ദ്യനും വിടചൊല്ലി പോയി.

കരുണയും സുകുമാരിയും തങ്ങളുടെ മുറിയിലെത്തിയപ്പോൾ സംഭാഷണം
തുടങ്ങി.

കരു: “അദ്ദേഹത്തിന്റെ പേർ സ്വഭാവത്തോടു യോജിക്കുന്നു എന്നു മാത്ര
മല്ല, മുഖത്തു ഏതാണ്ടൊരു വ്യസനമുള്ള പ്രകാരവും എനിക്കു തോന്നുന്നു.
നീയും അതു കണ്ടുവോ അല്ല എനിക്കു എന്റെ കണ്ണിന്റെ തരക്കേടുകൊണ്ടു
അങ്ങിനെ തോന്നിപ്പോയതായിരിക്കുമോ?”

സുകു: “അല്ല. നിങ്ങൾ പറഞ്ഞതു ശരിയാകുന്നു ഞാൻ അയാളെ കണ്ടന്നു
മുതല്ക്കേ മുഖത്തൊരു പ്രസാദക്കുറവു കണ്ടിരിക്കുന്നു. ചിരിക്കേണ്ടിവരുമ്പോൾ
തന്നെ അതു തനിയെ വരാതെ ബലാത്ക്കാരേണ വരുത്തുന്നതാകുന്നു. ഏതായാലും
കാഴ്ചെക്കു മഹായയോഗ്യൻ തന്നേ. എങ്കിലും ഒരു സംശയം; നാട്ടുകാരൻ കളസ
ത്തിൽ ചാടി തൊപ്പിയിട്ടതാണെന്നു തോന്നുന്നു.” [ 131 ] കരു : “ അങ്ങിനെയാകുന്നുവെങ്കിൽ അതും ആവശ്യാൎത്ഥം ചെയ്തതായിരി
ക്കേണം. അയാൾ ഇതുവരെ ഓസ്രാല്യയിൽ ലോഹക്കുഴികമ്പനിയിലായി
രുന്നുവെന്നു കേട്ടുവല്ലോ. അതുകൊണ്ടായിരിക്കണം വേഷം മാറ്റിയതു.”

സുകു : “എനിക്കു നാട്ടുകാർ വസ്ത്രം മാറ്റുന്നതിൽ വിരോധമില്ല എങ്കിലും
വിലാത്തിക്കാരുടെ നെഞ്ഞുതുറന്ന കുപ്പായവും കഴുത്തിൽ കെട്ടുന്ന ചമയങ്ങളും
അവരുടെ തൊപ്പിയും നാട്ടുകാർ ധരിക്കുന്നതു കുറെ അതിർ കടന്നതായി തോ
ന്നുന്നു. നാടൻ മുണ്ടിനേക്കാൾ ഒരു സംഘത്തിലേക്കു പറ്റിയതു കാൽച്ചട്ട
തന്നെ സംശയമില്ല. ചെരിപ്പു കാലിന്നൊരു രക്ഷയുമാകുന്നു. പിന്നെ സാധാര
ണ ഒരു കുപ്പായവും ഒരു തലക്കെട്ടുമാകുന്നു നമ്മുടെ ആളുകൾക്കു യോഗ്യത.
ഇതുകൂടാതെ പേർ മാറ്റുന്നതു കേവലം അയോഗ്യത തന്നേ. ഇതിനാൽ മറ്റു
ള്ളവരെ വഞ്ചിക്കയത്രെ ചെയ്യുന്നതു. തന്റെ സ്വജാതിയെ മറച്ചുവെക്കുന്നതു
ഒന്നുകിൽ അതു തനിക്കു അപമാനമായി തോന്നീട്ടോ അല്ലെങ്കിൽ വല്ലലാഭം
ആഗ്രഹിച്ചിട്ടോ ആയിരിക്കേണം. രണ്ടു വിധത്തിലായാലും അതു ചതി തന്നേ.”

ഇതു പറഞ്ഞുംകൊണ്ടിരിക്കുമ്പോൾ തപാലിൽ വന്ന ഒരു കത്തും കൊണ്ടു
പരിപൂൎണ്ണം അകത്തുവന്നു അതു കരുണെക്കു കൊടുത്തു. സുകുമാരി അതു തുറന്നു
കരുണയെ വായിച്ചു കേൾപ്പിച്ചു:—

“ഞങ്ങൾ ഇവിടെ എത്തിയാൽ കത്തെഴുതുമെന്നു പറഞ്ഞിരുന്നുവല്ലോ.
ഇതുവരെ അവസരമുണ്ടായില്ല. ഇവിടെ ആറുമാസം താമസിപ്പാനേ അച്ഛനു
ഇഷ്ടമുള്ളൂ. അതുകൊണ്ടു ഇനി അഞ്ചുമാസത്തിനകം ഞങ്ങൾ അങ്ങോട്ടു തന്നെ
വരും. അച്ഛന്റെ സ്നേഹിതന്മാർ പലരും ഞങ്ങളെ ക്ഷണിച്ചു സല്ക്കരിക്കുന്ന
തിനാൽ ചിലസ്ഥലങ്ങളിൽ രാത്രി പന്ത്രണ്ടു മണിവരെക്കും ഇരിക്കേണ്ടിവരു
ന്നു. അതുകൊണ്ടാകുന്നു കത്തെഴുതുവാൻ സമയമില്ലാഞ്ഞതു. ഇന്നലെ രാത്രി
ഇവിടെക്കും വെച്ചു കേമനായ ജിജിബായി എന്ന പാൎസി ഞങ്ങളെ ക്ഷണിച്ചി
രുന്നു. ഒരു ഊക്കൻ സദ്യയും പലതമാശകളും ഉണ്ടായിരുന്നു. എനിക്കു അച്ഛൻ
നൂറുറുപ്പിക വിലെക്കുള്ള ഒരു പട്ടുചേലയും പത്തു പൌൺ കൊണ്ടുള്ള ഒരു
പൊൻമാലയും തന്നതാകുന്നു ഞാൻ ധരിച്ചിരുന്നതു.

കല്ക്കത്തയിൽ അച്ഛന്റെ പണി നടത്തുന്ന ഏജണ്ട് വന്നിട്ടുണ്ടു. സത്യ
ദാസൻ എന്നാകുന്നു പേർ. കണ്ണൂർക്കാരനാകുന്നു. ഞങ്ങളുടെ കൂടെ തന്നെ
യാകുന്നു താമസം. അച്ഛനും എനിക്കും അയാളോടു വളരെ ഇഷ്ടമാകുന്നു.
എന്നോടു ആയാൾക്കും വളരെ ഇഷ്ടമുണ്ടു. ഞങ്ങൾ എപ്പോഴും രാവിലെയും
വൈകുന്നേരവും ഒന്നിച്ചു നടക്കുവാൻ പോകാറുണ്ടു. ഞങ്ങൾ കണ്ണൂൎക്കു വരു [ 132 ] മ്പോൾ ആയാൾ കല്ക്കത്തായിലേക്കു പ്പോകേണ്ടി വരും. അധികമെഴുതുവാൻ
സമയമില്ല. നിങ്ങളുടെ മറുപടി വന്നാൽ ഞാൻ ഒരു വലിയ കത്തെഴുതും.
ഇപ്പോൾ വളരെ സലാം പറഞ്ഞു മതിയാക്കുന്നു. എന്നു
താരബായി ഗുലാബ്സിങ്ങ്.

ഇതു വായിച്ച ഉടനെ സൂൎയ്യൻ മേഘത്താൽ മറഞ്ഞു പോകുമ്പോൾ ദിക്കെല്ലാം
മങ്ങിപ്പോകുന്നതു പോലെ സുകുമാരിയുടെ മുഖം ഒന്നു വാടി. രണ്ടു സ്നേഹിത
കളോ രണ്ടു സ്നേഹിതന്മാരോ തമ്മിലുണ്ടാകുന്ന ഇഷ്ടം പോലെ മാത്രമേ സത്യദാ
സനും സുകുമാരിയും തമ്മിൽ ഇഷ്ടം ഉണ്ടായിരുന്നുള്ളൂ. അതു ചെറിയ കുട്ടി
കളായിരിക്കുമ്പോൾ ആരംഭിച്ചു ക്രമേണ വൎദ്ധിച്ചു വന്നു. എങ്കിലും
ഈ കത്തു വായിച്ചു തീൎന്നപ്പോൾ, താനും സത്യദാസനും തമ്മിലുള്ള സ്നേഹത്തിന്നു
ഒരു പ്രത്യേകവിശേഷതയുണ്ടെന്നും അല്ലെങ്കിൽ അവന്നു താരബായിയോടു
ഇഷ്ടമാണെന്നും രണ്ടു പേരും ഒന്നിച്ചു കാറ്റുകൊള്ളുവാൻ പോകുന്നെന്നും
കേട്ടാൽ വ്യസനിപ്പാൻ സംഗതിയില്ലയായിരുന്നു എന്നും സുകുമാരി കണ്ടു.
താനും താരബായിയും പണ്ടേ തമ്മിൽ ഇഷ്ടമല്ല. താരബായി ഗൎവ്വിഷ്ഠ
യും ലഘുമനസ്സുകാരിയും ആണെന്നും അതുകൊണ്ടു അവളുടെ സ്നേഹിതയായി
രിക്കുന്നതു യോഗ്യമല്ലെന്നുമായിരുന്നു തന്റെ അഭിപ്രായം. സുകുമാരി അനാ
ഥയും ദരിദ്രയും ആകയാൽ അവളുടെ സ്നേഹം അയോഗ്യമെന്നായിരുന്നു മറ്റവ
ളുടെ അഭിപ്രായവും. ഇതു സത്യദാസൻ അറികയും ചെയ്യും എങ്കിലും ഉൽകൃ
ഷ്ടമാനസനായ അവന്നു ഇങ്ങിനഅവളുടെ സംസൎഗ്ഗത്തിൽ രസം തോന്നിയതു
കേട്ടു സുകുമാരി അത്യന്തം വിസ്മയിച്ചു. അതു മുതൽ സുകുമാരിക്കു സത്യദാസ
നോടുള്ള സ്നേഹം വേറൊരു രൂപത്തിൽ അധികമായി വൎദ്ധിച്ചതിനോടു
കൂടെ തന്നെ അതിയായ കുണ്ഠിതവും മുഴുത്തുവന്നു.

വായിച്ചുതീൎന്നു ഒരു നിമിഷം കഴിഞ്ഞപ്പോൾ സുകുമാരി കരുണയോടു
“എന്താകുന്നു ഇതിന്നു മറുപടി എഴുതേണ്ടതു” എന്നു ചോദിച്ചു.

കരു: “എന്റെ അച്ഛനും അവളുടെ അച്ഛനും തമ്മിലുള്ള സ്നേഹം നിമി
ത്തം ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോക്കുവരവും ക്ഷണനവും സത്കാരവും ഉ
ണ്ടായിരുന്നെന്നല്ലാതെ അവൾ വിചാരിക്കും പ്രകാരം എനിക്കു അവൾ ഒരു സ്നേ
ഹിതയല്ല. അവളും ഞാനും തമ്മിൽ പ്രായംകൊണ്ടു എത്രയോ വ്യത്യാസമുള്ളതു
കൂടാതെ ഈ കത്തുകൊണ്ടു തന്നെ അവളുടെ സ്വഭാവം നിണക്കു മനസ്സിലാക്കാ
മല്ലോ. അവൾക്കും എനിക്കും തമ്മിൽ സ്നേഹം ഉണ്ടാവാനിടയുണ്ടെന്നു നീ
വിചാരിക്കുന്നുവോ?എനിക്കു പട്ടും പൊന്നും ക്ഷണനവും സദ്യയും കൊണ്ടു [ 133 ] യാതൊന്നും എഴുതുവാനില്ല. എന്റെ സമ്പ്രദായത്തിന്നനുസരിച്ചെഴുതുന്ന
ഒരു കത്തു അവൾക്കു രസമാകയില്ല. അതുകൊണ്ടു മറുപടി എഴുതേണ്ടാ.”

സുകുമാരിക്കു ഇതു സന്തോഷമായെങ്കിലും മറുപടി എഴുതാഞ്ഞാൽ പിന്നെ
സത്യദാസന്റെ വിവരം അറിവാൻ കഴികയില്ലല്ലോ എന്നു വിചാരിച്ചു ദുഃഖിച്ചു.

മൂന്നു മാസം കഴിഞ്ഞശേഷം കരുണയും സുകുമാരിയും ഒരു പണിക്കാരനു
മായി മദിരാശിക്കു പുറപ്പെട്ടു. രണ്ടുദിവസം അവർ കോഴിക്കോട്ടിൽ താമ
സിച്ചു. രണ്ടാം ദിവസം വൈകുന്നേരം അവർ ഇരുവരും കൂടെ മാനാഞ്ചിറ
എന്ന വലിയ കുളത്തിന്റെ കരെക്കു ചെന്നു അതു നോക്കിക്കൊണ്ടു നില്ക്കുമ്പോൾ
ദൂരെ നിന്നു ഒരാൾ തങ്ങളുടെ നേരെ വരുന്നതു കണ്ടു. സൂക്ഷിച്ചു നോ
ക്കിയപ്പോൾ അതു സേഡ് ഹാൎട്ട് എന്ന ആളാണെന്നു മനസ്സിലായി. അടുത്തെ
ത്തിയപ്പോൾ ഒരിക്കൽ കണ്ടു പരിചയമായ ഒരാളായിരുന്നെങ്കിലും അന്യോന്യം
സലാം പറഞ്ഞ ഉടനെ മറ്റുയാതൊന്നും പറയാതെ ആയാൾ പോയ്ക്കളഞ്ഞു.
അതു കണ്ടപ്പോൾ കരുണ സുകുമാരിയോടു “ഇതൊരു വല്ലാത്ത സ്വഭാവക്കാരൻ
തന്നെ. ‘സേഡ് ഹാൎട്ട്’ എന്നു പറഞ്ഞാൽ ‘ഖേദഹൃയൻ’ എന്നല്ലോ അൎത്ഥം.
ആ പേർ ഇദ്ദേഹത്തിന്നു പറ്റിയതാകുന്നു എന്നു ഞാൻ മുമ്പേ തന്നെ നിന്നോടു
പറഞ്ഞില്ലേ” എന്നു പറഞ്ഞു.

മൂന്നാം ദിവസം അതികാലത്തു അവർ ബേപ്പൂരിൽ ചെന്നു തീവണ്ടി കയറി.
വണ്ടിയുടെ മാതിരിയും അതിന്റെ ക്ഷണഗതിയും മാൎഗ്ഗങ്ങളിലെ ഓരോ
വിനോദകാഴ്ചയും അവൎക്കുവളരെ രസകരമായി തോന്നി. ഒരു കാൎയ്യത്തിൽ അ
വൎക്കു വളരെ അത്ഭുതവുമുണ്ടായി. തീവണ്ടിയിൽ അവർ ഇരുന്നിരുന്ന പങ്തിക്കു
സമീപത്തെ കള്ളിയിൽ ഇരുന്നിരുന്ന യാത്രക്കാരുടെ കൂട്ടത്തിൽ ഒരു മാപ്പിളയു
ണ്ടായിരുന്നു. അവൻ പറയുന്നതു സകലം മറ്റുള്ളവർ വിശ്വസിക്കണമെ
ന്നും മറ്റുള്ളവർ പറയുന്നതിൽ അവന്നു രസമായി തോന്നുന്നതു മാത്രം വിശ്വാ
സയോഗ്യം എന്നും ആയിരുന്നു അവന്റെ ഭാവം. അവൻ കൂട്ടുയാത്രക്കാരനായ
ഒരു ഹിന്തുവുമായുണ്ടായ സംഭാഷണം വായനക്കാരിൽ ചിലൎക്കു രസകരമായിരി
ക്കുമെന്നു വെച്ചു അല്പം ഇവിടെ പ്രസ്താവിക്കാം.

മാപ്പിള: “ഇബടെ ഈ ബണ്ടീന്റെ ഓട്ടം കണ്ടിറ്റി നിങ്ങ ഇത്തിര അയിശ
യിക്കുന്നല്ലോ. ഞമ്മ മക്കത്ത്, കപ്പലിന്ന് പായി കൊടുക്കുമ്പോലെ തീബ
ണ്ടിക്ക് പായുണ്ട്. കാറ്റും കൂടിയങ്ങ് പിടിക്കുമ്പളേക്ക് ഓട്ടത്തിന്റൊര് അദൃ
പ്പം എന്താ പറയിണ്ടിയത്?”

ഹിന്തു : “ആഹാ? ഒരു മണിക്കൂറിൽ എത്ര കാതം ഓടും?” [ 134 ] മാപ്പിള : “അത് യേതും പറയണ്ട. മക്കത്ത്ന്ന് ഉറുമിസുല്ത്താന്റെ ലാച്യ
ത്തിലേക്ക് ഏയായിരത്തെശുപതിനായിരത്തി എയിനൂറ്റി എയ്വത്തേയി കാതം
ഉണ്ട്. അത് ഏയി നായികനേരംകൊണ്ടെത്തും”

ഹിന്തു : “ഭൂമി ആകപ്പാടെ ഇരുപത്തയ്യായിരം നാഴിക ചുറ്റളവേ ഉള്ളൂ എ
ന്നല്ലേ പറയുന്നതു? പിന്നെ മക്കത്തുനിന്നു സുല്ത്താന്റെ നാട്ടിലേക്കു മാത്രം എ
ങ്ങിനെയാണിത്ര ദൂരമുണ്ടാകുക?”

മാ: “പൂമി ഇപ്പം മുയിമനെ അളന്ന് നോക്കിയോൻ പറയട്ടെ. അപ്പോ
അത് ഞമ്മക്ക് ബിശ്വോതിക്ക. അയിന് മുമ്പ് ഞമ്മക്ക ബിശ്വാതമാകൂല.
ഇമ്മാതിരിയെല്ലാം പറഞ്ഞാ ഞമ്മേന്റെ ഖല്ബിലൊറക്കു എന്ന് നിരീക്കണ്ടാ.
ഈ ഇങ്കിലിയസ്കാരനും സുൽത്താനും കൂടി ഒരിക്ക പടകൂടിയ ബെശയം
കേട്ടിനോ? ”

ഹി: “ഇല്ല. കേൾക്കട്ടെ.”

മാ: “ഒരിക്ക സുൽത്താനെ ഇങ്കിലിയസ്കാരൻ പടക്ക് ബിളിച്ചി. അ
പ്പോ സുൽത്താൻ പറഞ്ഞി ‘നിമ്മേന്റെ ലാച്യം ബാക്ന്നത് പൊണ്ണ്ങ്ങളാന്ന്.
അത് കൊണ്ടിറ്റി ഞമ്മ നിങ്ങളോട് ചക്ക്തി നോക്കൂലാന്ന് പറഞ്ഞി. അ
പ്പോ ബെള്ളക്കാൻ പറഞ്ഞി ‘മയിക്കില്ല, ഞമ്മേന്റെ കൂട്ടത്തിലേക്കും ബെച്ചി ചക്ക്
തി പെരിത്തുള്ള ഒരിത്തനും തമ്മ് പടകൂടി നോക്കട്ടെ എന്നാ മയി’ എന്ന് പറഞ്ഞി
അങ്ങനെ ഒത്ത്. ഇങ്കിലിയസ്കാരൻ ഓന്റെ നാട്ടിലേക്ക് നൂളവും ബണ്ണവും
ഉള്ള ഒരിത്തന കൊണ്ട്പ്പോയി, സുൽത്താൻ ഉറുമിലേക്കും വെച്ചി അറ്ക്ക
ത്ത് കൊറഞ്ഞ ഒരിത്തനയും അയച്ചി. ഓൻ എബന്റെ അട്ക്ക ചെന്ന്
ന് ന്നപ്പൊ എന്താ പറയണ്ടിയത്? ഓന്റെ അരെക്കില്ല എബെൻ; ആര്? ഇങ്കി
ലിയസ്കാരൻ. ആ തുറുക്കീന്റെ ഉജീനം എന്താന്നറിയുവോ? ഒരി നേരത്തെ
തീനേ ഉള്ളൂ, ഓനിക്ക് ഒരു ദെബസം. ആ നേരത്ത് ഓന് ഏയി എടങ്ങാ
യി അരീന്റെ നെയിച്ചോറാന്ന്. ബലിയ ഒരാട്ടിന്റെ എറച്ചിയും ത്‌ന്നും.
അത് തന്നെ. ഓൻ അട്ക്ക ബര്ന്നത് കണ്ടപ്പോ തന്നെ ഇങ്കിലിയസ്കാ
രൻ എലിബെറക്കും പോലെ ബെറച്ചി തൊടങ്ങി. ഓൻ അത് കണ്ടിറ്റി
ഒന്നും ചെയ്തില്ല. എബന്റെ രണ്ടു കൈയും കൂടക്കൂട്ടി ഓന്റെ ഒരികയ്യൊ
ണ്ടിങ്ങ് പൊന്തിച്ചി ഞമ്മ ഒരി ബടി ബീശുമ്പോലെ തലക്ക് ചുറ്റും ഒന്ന്
ബീശി ആടെ ഇട്ടേച്ചി. ബീശുമ്പൊ കൊണിപ്പെല്ലാ ക്ട് ക്ട് ക്ട് എന്ന്
പൊട്ട്ന്നത് കേട്ടിനായിനു. നെലത്താട ഇട്ടപ്പൊ എബന് എയിറ്റൂടാ. എറ
[ 135 ] ച്ചിയും കൊട്ടും എല്ലം പൊടിഞ്ഞി ഒരിപോലെ കൊയഞ്ഞ്പോയി. ‘എനി
ഞമ്മളെ പടക്ക് ബിളിക്കല്ലെ’ എന്നും പറഞ്ഞി സുൽത്താനും അങ്ങ് പോയി.”

ഇങ്ങിനെ ആ മാപ്പിള പറഞ്ഞു കൂട്ടിയ കഥ മുഴവനെ ഇവിടെ വിവരി
പ്പാൻ സ്ഥലമില്ല. എന്നാൽ മനുഷ്യൎക്കു അജ്ഞാനം നിമിത്തം എത്ര സത്യമായ
കാൎയ്യവും വിശ്വസിപ്പാൻ കഴികയില്ലെന്നും, വിശ്വസിപ്പാൻ അശേഷം പാടി
ല്ലാത്ത കാൎയ്യങ്ങൾ കൂടി വിശ്വസിച്ചു മറ്റുള്ളവരോടു ലജ്ജകൂടാതെ വിവരി
പ്പാൻ കഴിയുമെന്നും കരുണയും സുകുമാരിയും ഇതിൽനിന്നു പഠിച്ചു.

പിറ്റെ ദിവസം രാവിലെ അവർ മദിരാശിയിലെത്തി. അവിടെ വണ്ടി
യിറങ്ങുമ്പോൾ തന്നെ പാളത്താറും നീണ്ട അങ്ക്രക്കയും ഉടുത്തു തലയിൽ ഒരു
വലിയ വെള്ളത്തലപ്പാവുമായി ഒരാൾ ഇവരുടെ വരവും കാത്തു നില്ക്കുന്നുണ്ടാ
യിരുന്നു. ആ വകക്കാരെ കണ്ണൂരിൽ വളരെ കണ്ടു ശീലമുണ്ടായിരുന്നതിനാൽ
അതിശയിച്ചില്ലെങ്കിലും കരുണയുടെ മേൽവിലാസത്തിൽ എഴുതിയ ഒരു
കത്തു അവളുടെ കയ്യിൽ തന്നെ കൊടുത്തപ്പോൾ അവർ ഇരുവരും അത്ഭുത
പ്പെട്ടു ആ കത്തിൽ “നിങ്ങളുടെ അച്ഛന്റെ ആവശ്യപ്രകാരം ഇവിടത്തേക്കും
വെച്ച വിശേഷമായി ഹൊട്ടേലിൽ ഒരു മുറി തെയ്യാറാക്കിയിരിക്കുന്നു. ഈ
കത്തു കൊണ്ടുവരുന്ന ആൾ മൂന്നു മാസം നിങ്ങളോടു കൂട പാൎത്തു വേണ്ടുന്നതു
സൎവ്വവും ചെയ്തു തരും” എന്നു എഴുതിയിരിരുന്നു.

കരു: “അച്ഛൻ ഇവിടെ ഒരു സ്നേഹിതന്നു എഴുത്തയച്ചിരുന്നു. അയാൾ
തന്റെ സ്വന്തഭവനത്തിൽ ഞങ്ങളെ പാൎപ്പിക്കുമെന്നാകുന്നു അച്ഛൻ എന്നോടു
പറഞ്ഞതു. നിങ്ങളുടെ പേരെന്താകുന്നു?”

“എന്റെ പേർ രത്നസ്വാമി. നിങ്ങൾ ഇവിടെ ഇരിക്കുന്നതു വരെ നി
ങ്ങൾക്കു വേണ്ടുന്ന സൎവ്വകാൎയ്യങ്ങളും ചെയ്തു തരേണമെന്നും നിങ്ങളോടു ഒരു
കാശും വാങ്ങരുതെന്നും എന്റെ യജമാനൻ എന്നോടു കല്പിച്ചിരിക്കുന്നു. അതു
മാത്രമേ എനിക്കറിവുള്ളൂ.”

കരു : “നിങ്ങളുടെ യജമാനൻ എന്റെ അച്ഛന്റെ സ്നേഹിതനാകുന്നുവോ?”

രത്ന: “ഓ ധാരാളം പരിചയമുണ്ടു.”

കരു: “നിങ്ങളെവിടുന്നാകുന്നു മലയാളം പഠിച്ചതു?”

രത്ന: “ഞാൻ വളരെ കാലം മലയാളദേശത്തുണ്ടായിരുന്നു. എന്റെ യജ
മാനൻ ഒരു മലയാളക്കാരനുമാകുന്നു.” [ 136 ] കരു: “ ആയാളെന്താകുന്നു ഞങ്ങളെ സ്വന്തവീട്ടിൽ പാൎപ്പിക്കാതെ ഹൊട്ടേ
ലിലേക്കയപ്പാൻ സംഗതി?”

രത്ന: “സ്വന്തവീട്ടിൽ നിങ്ങൾക്കു പാൎപ്പാൻ തരമില്ലായ്കയാൽ തന്നെ.”

പിന്നെ യാതൊന്നും ഇതിനെക്കുറിച്ചു സംസാരിക്കാതെ കരുണ അവനെ
പിഞ്ചെന്നു അവൻ തയ്യാറാക്കി വെച്ചിരുന്ന വണ്ടിയിൽ സുകുമാരിയോടു കൂടെ
കയറി. അവനും പണിക്കാരനും പിമ്പുറത്തും ഇരുന്നു. ഹോട്ടേലിലേക്കു പുറ
പ്പെട്ടു കാൽമണിക്കൂറിന്നകം വണ്ടി വലുതായ ഒരു തരിശുപറമ്പിന്റെ നടുവി
ലുണ്ടായിരുന്ന ഒരു വന്മാളികയുടെ പൂമുഖത്തു ചെന്നുനിന്നു. നാട്ടുക്കൎക്കോ വിലാ
ത്തിക്കാൎക്കോ ഏവൎക്കും പാൎപ്പാൻ തക്കവണ്ണമുള്ള സൎവ്വചട്ടങ്ങളും ആ ഹോട്ടേലിൽ
ഉണ്ടായിരുന്നു. അവിടെ ഇവർ രണ്ടു പെരെയും കൂടി ഒരു നല്ല വലിയ മുറി
യിൽ ഈ രത്നസ്വാമികൊണ്ടാക്കി. അടുക്കെ ഒരു ചെറിയമുറിയിൽ തനിക്കും ഇവ
രുടെ പണിക്കാരന്നും താമസിപ്പാൻ വേണ്ടുന്ന ഒരുക്കങ്ങളെല്ലാമുണ്ടായിരുന്നു.

ആ ദിവസം അവർ അവിടത്തന്നെ പാൎത്താശ്വസിച്ചു. പിറ്റെ ദിവ
സം ഹാസ്പത്രിയിൽപോയി ചികിത്സ തുടങ്ങി. ദീനം പഴക്കമായി പോയി
രുന്നതിനാൽ മുൻകൂട്ടി ഇവർ വിചാരിച്ചിരുന്നപ്രകാരം മൂന്നു മാസം തന്നെ
പാൎക്കേണമെന്നു അവിടത്തെ വൈദ്യനും പറഞ്ഞു. അവർ ദിവസേന രാവി
ലെ ഹാസ്പത്രിയിലേക്കും വൈകുന്നേരം നഗരം കാണ്മാൻ സവാരിക്കുംപോകും.
അവൎക്കു വേണ്ടുന്നതെല്ലാം തത്സ്വാമി യഥേഷ്ടം ചെയ്തുകൊടുത്തു കൊണ്ടു
തങ്ങൾ ഒരു അന്യരാജ്യത്തിലാണ് വാസം എന്നുള്ളതു അവർ അശേഷം അറി
ഞ്ഞില്ലെന്നു തന്നെ പറയാം. ആഴ്ചയിലൊരിക്കൽ അച്ഛന്റെ കത്തുവരും.
രത്നസ്വാമിയുടെ അദ്ധ്വാനസഹായങ്ങളെ സ്തുതിച്ചു കരുണ അച്ഛന്നു എഴുത്ത
യച്ചിരുന്നതിനാൽ കൂടക്കൂട ദിനകരൻ അവന്നും എഴുത്തയക്കാറുണ്ടായിരുന്നു.

മൂന്നുമാസം കഴിഞ്ഞു. പുറപ്പെടുവാനുള്ള ദിവസമടുത്തപ്പോൾ കരുണയെ
കാണ്മാൻ ഒരാൾ വന്നു. അപ്പോൾ രത്നസ്വാമി അവിടെ ഉണ്ടായിരുന്നില്ല.
ആയാൾ സമ്മതപ്രകാരം അകത്തുവന്നു ഇരുന്നു കരുണയോടു “ഇംഗ്ലീഷറിയാ
മോ?” എന്നു ചോദിച്ചു.

കരു: കുറേശ്ശ അറിയാം.

“നിങ്ങളുടെ അച്ഛന്റെ ഒരെഴുത്തു എനിക്കു വന്നതിൽ ഞാൻ ഇതുവരെ
നിങ്ങളെ ഇവിടെ താമസിപ്പിച്ചതിന്നു എനിക്കു ഉപചാരം പറഞ്ഞിരിക്കുന്നു.
ചെലവിന്നു ബീലയപ്പാനും എഴുതിയിരിക്കുന്നു. നിങ്ങൾ ഇവിടെ വന്ന വിവ [ 137 ] രം തന്നെ ഞാൻ അറിഞ്ഞിട്ടില്ല. എനിക്കു ഇതൊക്കെ ഒരു അതിശയമായി
രിക്കുന്നു. ഞാനും നിങ്ങളുടെ അച്ഛനും ഒരേവിധം പ്രവൃത്തിക്കാരും സ്നേഹിതന്മാ
രുമാകുന്നു. ഈ മൂന്നു മാസവും ഞാൻ നിങ്ങളെക്കൊണ്ടു യാതൊരു വിവരവും അ
റിയാഞ്ഞതിശയം.”

“ഞങ്ങൾ വരുന്ന വിവരത്തിന്നു അച്ഛൻ നിങ്ങൾക്കു എഴുതിയിരുന്നു
വല്ലോ.”

“എനിക്കു ഇതുവരെ ഒരു ഒറ്റ എഴുത്തു കിട്ടീട്ടില്ല. പക്ഷേ
എനിക്കയച്ച കത്തുകൾ കണ്ണൂരിൽവെച്ചു തന്നെ ആരെങ്കിലും വൎഗ്ഗിച്ചിരിക്കണം.
ഈ നാട്ടിലെത്തിയാൽ എനിക്കു കിട്ടാതിരിക്കയില്ല. നിങ്ങളുടെ നാട്ടിൽ ചില
ചില്ലറ തപാലുദ്യോഗസ്ഥന്മാർ കൈക്കൂലിവാങ്ങി കത്തുകൾ ആൎക്കെങ്കിലും കൊ
ടൂത്തുകളവാനും കത്തിൽ തപാൽമുദ്രയോ മറ്റോ അടക്കം ചെയ്തിട്ടുണ്ടെന്നറി
ഞ്ഞാൽ അതു അപഹരിപ്പാനും മഹാ സമൎത്ഥന്മാരാണെന്നും മറ്റും പലശ്രുതി
കൾ ഞാൻ കേട്ടിട്ടുണ്ട്.”

“എന്നാൽ ഇതുവരെക്കും ഇതെല്ലാം ചെയ്തതും ഞങ്ങൾ ഇവിടെ വന്നിറ
ങ്ങിയപ്പോൾ തന്നെ തീവണ്ടി ആപ്പീസിൽ ആളെ അയച്ചിരുന്നതും ആരാ
യിരുന്നു?”

“ഞാൻ അറിയുന്നില്ല. ആ ആൾ എവിടെ?”

ഇതു ചോദിക്കുമ്പോൾ തന്നെ യദൃച്ഛയാ രത്നസ്വാമി മുറിക്കകത്തു വന്നു
കയറി.

കരു: “ഇതാ ഇയാൾ തന്നെ ഇയ്യാളെ നിങ്ങൾ അറികയില്ലയോ.
നിങ്ങൾ അയച്ചതല്ലയോ?”

“ഞാൻ ഇവനെ അറിക തന്നെ ഇല്ല. (അവനോട്) എടോ! നിന്നെ ഇവ
രുടെ അടുക്കൽ അയച്ചതു ആരാകുന്നു?”

രത്ന: “എന്റെ യജമാനൻ.” ( അ ന്നു കാൎയ്യം ഉടനെ മനസ്സിലായി)

“നിന്റെ യജമാനൻ ആരാകുന്നു?”

“അയാളുടെ അച്ഛന്റെ മകൻ.”

“അഹംഭാവീ! നീ ആരോടാണ് ഈ തോന്നിവാസം പറയുന്നതെന്നറി
യുമോ?”

“അറിയും.”

“അറിയുമെങ്കിൽ ഞാനാരാണ്?” [ 138 ] “നിങ്ങളുടെ അച്ഛന്റെ മകൻ.”

“എന്തു? ഇനി ഒരിക്കൽ കൂടി അങ്ങിനെ പറ. നിന്റെ വായിക്കകത്തെ“”
പല്ലൊക്കെ അടിച്ചു ഉതിൎത്തുകളയും.”

രത്ന: (വായി തുറന്നു കാണിച്ചുംകൊണ്ടു) “ഇതാ പല്ലെല്ലാം അതു തന്ന
ആൾ ഉതിർത്തിരിക്കുന്നു. അതുകൊണ്ടു താങ്കൾക്കു ആ പണി കുറഞ്ഞു
കിട്ടി”

ഇതുകേട്ടപ്പോൾ ആയാളുടെ ദേഷ്യം ഒന്നു ശമിച്ചു ചിരിച്ചുപോയി. “നീ
ആളൊരു രസികനാണ്. നീ ഏതാണ് ജാതി?”

“ആൺ ജാതി”

“വിഡ്ഢീ! നീ എന്തു ജാതിക്കാരനാകുന്നെന്നാണ് ചോദിച്ചത്”

“ഞാൻ രണ്ടു ജാതി മാത്രമേ അറിയും ആൺ ജാതിയും പെൺ ജാതിയും
അതിൽ ആൺ ജാതിയാകുന്നു ഞാൻ”

“മതി മതി നിന്റെ തത്വം കേൾക്കണ്ട. നിന്റെ യജമാനൻ ആരാ
ണെന്നു കേൾക്കണം. എനിക്ക അദ്ദേഹത്തിന്റെ മേൽ അന്യായമുണ്ടു.”

“എന്തിനാകുന്നു അന്യായം? നിങ്ങൾക്ക് അലമ്പും ചെലവും കുറഞ്ഞു കിട്ടിയ
തിന്നോ?”

“അതു നിന്നോടു ചേദിച്ചിട്ടില്ല. നീ ഇപ്പോൾ അദ്ദേഹത്തിന്റെ പേർ
പറക”

“ഓ, അതു ആദ്യമേ ചോദിക്കായിരുന്നില്ലേ? പേർ വേണമെങ്കിൽ പറഞ്ഞു
തരാം.”

“പേർ പറ. അതു തന്നെയാണെനിക്കു കേൾക്കേണ്ടതു”

“അതു തന്നെയോ ഏതു തന്നെ?”

“ഇവന്റെ കുറുമ്പു കണ്ടില്ലേ? നിന്റെ യജമാനന്റെ പേർ പറയുന്നു
വോ അല്ല (കൈ ഓങ്ങിക്കൊണ്ടു) നിന്റെ എല്ലു ഞാൻ അടിച്ചു നുറുക്കേണമോ?”

“എല്ലു നുറുങ്ങുമ്പോൾ കൈക്കു തറച്ചാലോ?”

ഇതുകേട്ടപ്പോൾ പിന്നെയും ചിരിച്ചുപോയി. കോപം ശമിച്ചതുകൊണ്ടു
വീണ്ടും ശാന്തമായി പറഞ്ഞുതുടങ്ങി.

“എടോ! നിന്റെ യജമാനൻ എവിടെയാണ് താമസം?”

“താമസം വീട്ടിൽ തന്നെ.” [ 139 ] “പിന്നെയും അഹമ്മതി നോക്കു. വീടെവിടെയാണ്?”

“വീട് നാട്ടിൽ തന്നെ.”

കോപത്തോടെ “എടാ! നാടെവിടെയാണ്?”

“ഈ ഓട്ടവും ചാട്ടവും ഒന്നും എന്നോടു പറ്റുകയില്ല. ഞാൻ ഏറിയ രാ
ജ്യങ്ങളും ഏറിയ ജനങ്ങളെയും കണ്ടു ഭയം തീൎന്ന ഒരുത്തനാണ്.”

(സാവധാനമായി) “ എടോ! ഞാൻ പറയുന്നത് നീ കേൾക്കൂ. ഈ അമ്മ
യുടെ അച്ഛനും ഞാനും പണ്ടുപണ്ടേ സ്നേഹിതന്മാരാണ്. മൂന്നു മാസമായി
ഇവർ ഇവിടെ വന്നു താമസിക്കുന്നതു. എന്റെ സ്നേഹിതന്റെ വിശ്വാസം
മകൾ എന്റെ സംരക്ഷണത്തിൽ ഇരിക്കുന്നതാണെന്നാണ്. നാളെ ഇവർ പോകു
കയും ചെയ്യുന്നു. എനിക്കു ഇന്നൊരെഴുത്തുവന്നപ്പോൾ മാത്രമേ അവസ്ഥയൊക്ക
ഞാൻ അറിഞ്ഞുള്ളൂ. ഞാൻ ഇവൎക്കു വളരെ ഉപകാരം ചെയ്തിരിക്കുന്നുവെങ്കിലും
ഇവരെ ഞാൻ ഒരിക്കലും വന്നു കണ്ടിട്ടില്ലെന്നു ഇവർ അങ്ങോട്ടെഴുതിയിരിക്കു
ന്നു. അതു അദ്ദേഹത്തിന്നു വലിയ പരിഭവത്തിന്നു കാരണമായിരിക്കുന്നു എന്നു
എനിക്കു വിശ്വാസമുണ്ടു. അതുകൊണ്ടു ഈ കൃത്രിമങ്ങളൊക്കെയും ചെയ്തുകൂട്ടിയ
ആളുടെ പേർ അറിയിച്ചുകൊടുത്തല്ലാതെ അദ്ദേഹത്തിന്നു എന്റെ പരമാൎത്ഥം
മനസ്സിലാകുമോ?”

“ഓ ആ പ്രയാസം ക്ഷണത്തിൽ തീരും. അതു കരുണമ്മ അവിടെ എ
ത്തിയാൽ പറഞ്ഞറിയിച്ചുകൊള്ളും.”

“എന്നാലും നീ നിന്റെ ജയമാനന്റെ പേർ പറകയില്ല അല്ലേ?”

“ഇല്ല. അതിന്നു എനിക്കു തത്ക്കാലം കല്പനയില്ല. കല്പന കിട്ടിയാൽ പ
റഞ്ഞുതരാം. നാളെ ഇവരെ വണ്ടികയറ്റിവിട്ടാൽ എന്റെ ഉത്തരവാദിത്വം
തീൎന്നു. എന്റെ യജമാനന്റെ കല്പന ഇതാകുന്നു. ചോദിക്കുന്നവരോടെല്ലാം
പേർ പറഞ്ഞറിപ്പാനല്ല.”

“എന്റെ വീട്ടിൽ ഒരാഴ്ചയെങ്കിലും ഇവർ വന്നു താമസിക്കേണം.”

“ഇവർ കണ്ണുചികിത്സെക്കാകുന്നു വന്നതു. നിങ്ങളുടെ വീട്ടിൽ പാൎപ്പാ
നല്ല.”

“അതു നിന്റെ കല്പനയല്ല. എന്റെ സ്നേഹിതന്റെ മകളെ എന്റെ
വീട്ടിലേക്കാകുന്നയച്ചതു.”

“നാളെ പുറപ്പെടുവാൻ അച്ഛന്റെ കല്പനയാകുന്നു. അദ്ദേഹത്തിന്റെ
കത്തു എനിക്കും വന്നിട്ടുണ്ടു. ഇവരെ സുഖത്തോടെ വണ്ടികയറ്റി വിടേണ [ 140 ] മെന്നും ഇതുവരെ ചെയ്ത ഉപകാരത്തിന്നു നന്ദിപറയുന്നെന്നും ഇതിൽ എഴുതി
യിരിക്കുന്നു. ഇതാ വായിച്ചു നോക്കുവിൻ!”

കത്തു കണ്ടപ്പോൾ അയാളുടെ മുഖം വാടി ഇനി ഒന്നു സാധിക്കയില്ലെ
ന്നു കണ്ടു “എന്നാൽ എന്റെ ഒന്നാമത്തെ കത്തു നീയോ നിന്റെ യജമാനനോ
തടസ്ഥം ചെയ്തിരിക്കുന്നു. ആ കാൎയ്യം ഞാൻ വെറുതെ വിട്ടുകളയില്ല. ഇ
ന്നെത്തെ ദിവസമെങ്കിലും ഇവരെ എന്റെ കൂടെ അയച്ചെങ്കിൽ അതു ഞാൻ
ക്ഷമിക്കും” എന്നു പറഞ്ഞു. അപ്പോൾ അവൻ “ആർ നിങ്ങളുടെ എഴുത്തു കണ്ടു?
നിങ്ങളുടെ കത്തു ആർ പിടിച്ചു.? ഞാൻ കത്തു പിടിച്ചിട്ടുമില്ല കടിച്ചിട്ടുമില്ല.
വേണമെങ്കിൽ നിങ്ങൾ തപ്പാലധികാരന്മാരോടു അന്വേഷിട്ടു തുമ്പുണ്ടാ
ക്കിക്കോളിൻ. ഞാൻ നാളെ ഇവരെ വണ്ടി കയറ്റി അയക്കുന്നതുവരെ ഇ
വിടന്നു എവിടെയും പോവാൻ സമ്മതിക്കയില്ല” എന്നു തീർത്തു പറഞ്ഞു. സുകുമാ
രിയും കരുണയും പ്രകൃത്യാ ലജ്ജാശീലമാരാകയാൽ അവൎക്കും അദ്ദേഹത്തിന്റെ
വീട്ടിൽ പോകാതെ കഴിഞ്ഞാൽ നന്നെന്നായിരുന്നു വിചാരം. ആയാൾ പോയ
ഉടനെ തങ്ങൾക്കു ഈ ഉപകാരം ചെയ്ത ആൾ ആരെന്നറിവാൻ വേണ്ടി രത്ന
സ്വാമിയോടു ചോദിച്ചു. “അതു നിങ്ങൾ ക്രമേണ അറിയും അറിയാതിരിക്ക
യില്ല” എന്നു മാത്രം അവൻ മറുപടി പറഞ്ഞു.

“പിറ്റേ ദിവസം വൈകുന്നേരം അവൻ അവരെ തീവണ്ടി ആപ്പീസി
ലേക്കു കൂട്ടിക്കൊണ്ടു പോയി, ശീട്ടു വാങ്ങി വണ്ടിയിൽ കയറ്റി. അവർ വ
ണ്ടിക്കകത്തു കയറി ഇരുന്നു പുറത്തേക്കു നോക്കിയപ്പോൾ കുറെ ദൂരെ “സേഡ്
ഹാൎട്ട്” എന്ന ആൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതു കണ്ടു. അപ്പോൾ നോക്കി
യിരുന്നതു അവരെ അല്ലയായിരുന്നു. അതുകൊണ്ടു അവർ അദ്ദേഹത്തെ ചൂ
ണ്ടിക്കാണിച്ചു രത്നസ്വാമിയോടു “അതാ ആ നില്ക്കുന്ന ആൾ ആരാണെന്നറി
യുമോ ” എന്നു ചോദിച്ചു.

“അതോ ആ ആളോ? അതൊരു പറങ്കി അല്ലേ? കണ്ടാൽ അങ്ങനെ തോന്നുന്നു.”

“അദ്ദേഹം ആരാകുന്നു എന്നു നിങ്ങൾ അറിയുമോ? നിങ്ങൾ അദ്ദേഹത്തെ
കണ്ണൂരിൽ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?”

“അങ്ങിനെ കണ്ണൂരിൽ എത്ര ആളുകൾ ഉണ്ടു? നിങ്ങൾക്കു അയാളെ കാ
ണേണമെങ്കിൽ ആയാളെ ഞാൻ വിളിച്ചുകൊണ്ടു വരാം.”

“വേണ്ട വേണ്ട. ഞങ്ങൾക്കു അദ്ദേഹത്തെ കണ്ടു സംസാരിക്കേണ്ടുന്ന ആ
വശ്യമൊന്നുമില്ല.” [ 141 ] വണ്ടി പുറപ്പെടാറായപ്പോൾ കരുണ അവനോടു “നിങ്ങൾ ഞങ്ങൾക്കു
ചെയ്ത സൎവ്വ ഉപകാരങ്ങൾക്കായും വളരെ നന്ദിപറയുന്നു, ഞങ്ങൾ അറിയാ
ത്ത നിങ്ങളുടെ യജമാനന്നും ഞങ്ങളുടെ ഉപചാരം പറയേണം. അറിയാത്ത
ആളുടെ ധൎമ്മം അനുഭവിക്കുന്നതു ഞങ്ങൾക്കു കുറവാകയാൽ സൎവ്വചെലവുകളും
എന്റെ അച്ഛനെ അറിയിപ്പാൻ പറകയും വേണം.” എന്നും മറ്റും പറഞ്ഞു,
അവന്നു അഞ്ചുറുപ്പിക ഇനാം വെച്ചു കാട്ടിയെങ്കിലും അതു യജമാനന്റെ
കല്പനെക്കു വിരോധമാകയാൽ വാങ്ങുവാൻ പാടില്ലെന്നു പറഞ്ഞു വളരെ താഴ്മ
യോടെ അതു നിഷേധിച്ചു.

പിറ്റേ ദിവസം വൈകുന്നേരം അവർ ബേപ്പൂരിൽ വണ്ടി ഇറങ്ങിയ
പ്പോൾ ദിനകരൻ അയച്ച വേറൊരു പണിക്കാരാൻ അവിടെവെച്ചു അവരെ
എതിരേറ്റു കോഴിക്കോട്ടേക്കു കൂട്ടിക്കൊണ്ടു പോയി. ആ വേലക്കാരനോടു
അവർ നാട്ടുവൎത്തമാനം ചോദിച്ചപ്പോൾ അവൻ ഒന്നാമതു തന്നെ പറഞ്ഞതു
ഗുലാബ്സിങ്ങിന്റെ ഭാര്യയും മക്കളും സത്യദാസനും കോഴിക്കോട്ടു സുഖത്തിന്നായി
വന്നു താമസിക്കുന്നുണ്ടെന്നായിരുന്നു. കോഴിക്കോട്ടു രണ്ടുദിവസം താമസി
പ്പാൻ അനുവാദമുണ്ടായിരുന്നതിനാൽ, അതിലിടെക്കു സത്യദാസനെ ഒന്നു കാ
ണേണം എന്നു സുകുമാരിക്കൊരു താല്പൎയ്യമുണ്ടായി. അതുകൊണ്ടു പിറ്റേദിവ
സം രാവിലെ കരുണ എഴുന്നീല്ക്കുന്നതിന്നു മുമ്പേ താൻ സ്വകാൎയ്യമായി കടൽ
ത്തീരത്തേക്കു പുറപ്പെട്ടു. അവിടെ അവൻ താരബായിയോടു കൂടെ കാറ്റേ
ല്ക്കുവാൻ വരുമെന്നു അവൾക്കു നിശ്ചയമുണ്ടായിരുന്നു. ഇവൾ താമസിച്ച വീടു
കടൽത്തീരത്തിന്നു സമീപമായിരുന്നതിനാൽ അവൾ എളുപ്പത്തിൽ കടല്ക്കരെക്ക
ടുക്കെയുള്ള നിരത്തിന്മേൽ എത്തി അവിടെനിന്നു തെക്കോട്ടോ വടക്കോട്ടോ
പോകേണ്ടതെന്നാലോചിച്ചു സംശയിച്ചു നിൽക്കുമ്പോൾ പെട്ടെന്നു “സേഡ്
ഹാൎട്ട്” എന്ന ആളെ കണ്ടു. എവിടേക്കു പോവാൻ ഭാവിക്കുന്നു? എന്നു ചോദിച്ചു.

സുകു :“ഞാൻ രാവിലത്തെ കാറ്റു അസാരം കൊള്ളാമെന്നുവെച്ചു പുറ
പ്പെട്ടതാകുന്നു.”

സേഡ് :”നിണക്കൊരു തുണയില്ലാത്ത സംഗതിയെന്തു? നീ ഈ അന്യ
ദേശത്തു തനിയെ നടന്നു വഴിതെറ്റിപ്പോകയില്ലയോ?”

സുകു : “ഞാൻ ദൂരെയെങ്ങും പോവാൻ വിചാരിക്കുന്നില്ല. സമീപം കുറ
ച്ചൊക്കെ ചുറ്റി നടന്നു ഇങ്ങോട്ടു തന്നെ പോരും.”

സേഡ്: “ഏതായാലും നീ തനിച്ചു നടക്കേണ്ടാ. ഞാൻ കൂടെ പോരുന്ന
തിന്നു വിരോധമുണ്ടോ?” [ 142 ] സുകു: “യാതൊരു വിരോധവുമില്ല.” രണ്ടുപേരും നടന്നുതുടങ്ങി.

സുകു: “നിങ്ങളെ ഞങ്ങൾ ചെല്ലുന്ന ദിക്കിലൊക്കെ കാണുന്നുവല്ലോ. നി
ങ്ങൾക്കു വിശേഷിച്ചു പ്രവൃത്തി യാതൊന്നുമില്ലെന്നു തോന്നുന്നു.”

സേഡ്: “എന്റെ പ്രവൃത്തിസംബന്ധമായി തന്നെയാണ് ഞാൻ നട
ക്കുന്നതു.”

സുകു: “ആ പ്രവൃത്തി എന്താകുന്നു എന്നു അറിയുന്നതിന്നു വിരോധമുണ്ടോ?”

സേഡ്: “ഞാൻ ഈ നാട്ടിൽനിന്നു പോകുമ്പോൾ എന്റെ മുതൽ മുഴുവ
നെ ഒരാളുടെ വശമുണ്ടായിരുന്നു. അതു തിരിച്ചുകിട്ടുവാനാണ്” എന്റെ അ
ദ്ധ്വാനം.”

സുകു: “ആ ആൾ എന്തുകൊണ്ടാകുന്നു നിങ്ങളുടെ മുതൽ തരാത്തതു?”

സേഡ് : “മുതൽ ഇപ്പോൾ പലരുടെ കയ്യിൽ കൂടിയും മാറി മാറി ഉടമ
സ്ഥൻ ഞാനാണെന്നു എല്ലാവരും മറന്നുപോയിരിക്കുന്നു. അതു ആദ്യം കയ്യിൽ
വെച്ചിരുന്ന ആൾ മരിച്ചുപോയി.”

സുകു: “എന്നാൽ പിന്നെ നിങ്ങൾ എങ്ങനെയാകുന്നു അതു കൈവശപ്പെ
ടുത്തുവാൻ വിചാരിക്കുന്നതു?”

സേഡ് : “ഒന്നു രണ്ടു പേർ അറിയുന്നവർ ഉണ്ടു. അവരുടെ സഹായ
ത്താൽ മാത്രമേ അതു സാധിക്കയുള്ളൂ. ഞാൻ ഉത്സാഹിക്കുന്നതൊക്കെയും അവ
രുടെ അനുകൂലത്തിന്നായാകുന്നു.”

അവർ നടന്നിരുന്ന ചെത്തുവഴി കഴിഞ്ഞാൽ പിന്നെ കടലിൽ എത്തുന്നതു
വരെ പത്തമ്പതു വാര ദൂരത്തോളം നല്ല പരന്ന മണൽപ്രദേശമായിരുന്നു.
അവർ രണ്ടുപേരും ഇങ്ങിനെ വൎത്തമാനം പറഞ്ഞുംകൊണ്ടു നടക്കുമ്പോൾ കടൽ
ക്കരയിൽനിന്നു നിരത്തിന്മേരേക്കു ഒരു യുവാവും ഒരു യുവതിയും കൂടി കയറി
തങ്ങൾക്കെതിരായി വരുന്നതു കണ്ടു സുകുമാരി തല പൊന്തിച്ചു ഒന്നു നോക്കി,
ക്ഷണത്തിൽ മുഖം തിരിച്ചുംകൊണ്ടു അതിവേഗത്തിൽ മുമ്പോട്ടു നടന്നു, നിര
ത്തിന്മേൽനിന്നു പൂഴിപ്രദേശത്തിലേക്കിറങ്ങി അവിടെ ഇരുന്നു. മറ്റവരിരു
വരും ഇതു സൂക്ഷിക്കാത്ത ഭാവത്തിൽ നടന്നു പോകയും ചെയ്തു. സേഡ് ഹാൎട്ട്
ഇതു കണ്ടു അവരെ രണ്ടു പേരെയും സൂക്ഷിച്ചുനോക്കി പിന്നെ സുകുമാരിയുടെ
അടുക്കൽ ചെന്നു നിന്നു. അവളുടെ മുഖം നന്ന വാടിയിരിക്കുന്നെന്നു കണ്ടു
അവളോടു, “കുട്ടീ! അവരെ കണ്ടതിനാൽ നിണക്കു കുറെ അസ്വസ്ഥതയായി
രിക്കുന്നു എന്നു എനിക്കു മനസ്സിലായി. സംഗതി പറയാമോ?” എന്നു ചോദിച്ചു. [ 143 ] അവൾ യാതൊന്നും മിണ്ടാതെ തലതാഴ്ത്തി മണലിൽ വിരൽകൊണ്ടു വരച്ചു
കൊണ്ടിരുന്നു. അപ്പോൾ അവൻ “നിന്റെ രഹസ്യവൎത്തമാനങ്ങൾ കേൾ
ക്കാൻ എനിക്കു ആവശ്യമില്ലായ്കയാൽ ചോദിച്ചതു എന്റെ തെറ്റു തന്നെ.
എന്നാൽ ഞാൻ പലനാട്ടിലും സഞ്ചരിച്ചു പലതും പലതും കണ്ടും കേട്ടും പരിചയമുള്ള
വനാകയാൽ കാൎയ്യം ഏകദേശം എനിക്കു മനസ്സിലായിരിക്കുന്നു. അതുകൊണ്ടു
ഞാൻ പറയുന്നതു നീ ശ്രദ്ധിച്ചു കേട്ടാൽ നിന്റെ വ്യസനത്തിനു അല്പമെ
ങ്കിലും ശമനമുണ്ടാകും. ഈ ലോകവും ലോകത്തിലുള്ളതൊക്കെയും അസ്ഥിര
മാകുന്നു. ഭൂമി തിരിഞ്ഞുംകൊണ്ടിരിക്കുന്നു എന്നു നീ അറിയുന്നുവല്ലൊ.
ഇപ്പോൾ മീതെ ഉള്ളതു കുറെ കഴിഞ്ഞാൽ കീഴേയും ഇപ്പോൾ അടിയിലുള്ളതു
കുറേ കഴിഞ്ഞാൽ മീതെയും വരും. ഭൂമിയിൽ ഉള്ളവറ്റിന്റെ അവസ്ഥയും
ഇതുപോലെ തന്നെയാകുന്നു. ഇന്നു ധനികനായവൻ നാളെ ദരിദ്രനായും
ഇന്നു ദരിദ്രനായവൻ നാളെ ധനികനായും മാറും. ഇന്നു രാജാവായവൻ നാളെ
അടിമയായും ഉന്നു ദാസനായവൻ നാളെ ചക്രവർത്തിയായും ഭവിക്കും എന്നതി
ന്നു പല ദൃഷ്ടാന്തങ്ങളുണ്ട്. അതുപോലെ തന്നെ ഒരിക്കൽ ഒരു കാലം നമുക്കു
ഉറ്റസ്നേഹിതരായവർ വേറൊരുകാലം നമ്മുടെ ബദ്ധവൈരികളും മഹാശത്രു
ക്കളായവർ പ്രാണസ്നേഹിതരുമായിത്തീരും. അതുകൊണ്ടു ധനം, സ്ഥാനമാനം,
സ്നേഹിതർ മുതലായവയെ കുറിച്ചു സന്തോഷിച്ചുല്ലസിക്കുന്നതു ഭോഷത്വം ത
ന്നെ. ദാരിദ്ര്യം, എളിമ, ശത്രുക്കൾ മുതലയായവ ചൊല്ലി ദുഃഖിച്ചു വ്യസനിക്കുന്ന
തും ഭോഷത്വം തന്നെ. ഏതൊരുത്തൻ ഒരുകാലം ഐഹികസുഖത്തിൽ സ
ന്തോഷിക്കുന്നുവോ അവൻ മാത്രമേ മറ്റൊരിക്കൽ ദുഃഖിക്കേണ്ടിയും വരിക
യുള്ളൂ. എല്ലായ്പോഴും ഏതു സംഗതിയിലും സമചിത്തരായിരിക്കുന്നവർ സ
ന്തോഷസന്താപങ്ങളിൽ ഒരുപോലെ നിശ്ചലരായിരിക്കും. ആശയാൽ വഞ്ചി
തരോ ആശങ്കയാൽ പീഡിതരോ ആയിരിക്കയുമില്ല. കുട്ടീ! നീ ഓൎത്തുനോക്കു.
ഈ ലോകത്തിൽ നമുക്കു എന്തൊന്നിനെ ചൊല്ലിയാണ് സന്തോഷിപ്പാനുള്ളതു?
എന്തൊന്നിനെപറ്റി ദുഃഖിപ്പാനുള്ളു? അതുകൊണ്ടു നീ ഖേദിക്കാതെ മനസ്സുറ
പ്പിച്ചു, നിലനില്ക്കുന്നതായിട്ടുള്ള സന്തോഷത്തെ കരസ്ഥമാക്കുവാനും അങ്ങിന
ത്തൊരു ദുഃഖം വരാതിരിപ്പാനും ഉള്ള മാൎഗ്ഗങ്ങൾ നോക്കേണ്ടതാകുന്നു” എന്നു
പറഞ്ഞു കൈ പിടിച്ചു അവളെ എഴുന്നീപ്പിച്ചു അവൾ താമസിച്ചിരുന്ന വീട്ടി
ന്റെ പടിക്കലോളം കൊണ്ടാക്കിയ ശേഷം ബദ്ധപ്പെട്ടു മറ്റവരിരുവരും
പൊയ വഴിക്കു പോയി. [ 144 ] സുകുമാരി വീട്ടിലെത്തിയപ്പോൾ കരുണ കോഴിക്കോട്ടിലെ പെൺകുട്ടിക
ളുടെ അനാഥശാല കാണ്മാൻ പോവാനായി പുറപ്പെട്ടു അവളെയും കാത്തുനില്ക്കു
കയായിരുന്നു. സുകുമാരിയുടെ മുഖം കണ്ടപ്പോൾ തന്നെ കരുണെക്കു കാൎയ്യം
ബോധിച്ചു “നീ സത്യദാസനെ കണ്ടുവോ?” എന്നു ചോദിച്ചു. സുകുമാരി പൊ
ട്ടിക്കരഞ്ഞതേ ഉള്ളൂ. യാതൊന്നും പ്രത്യുത്തരമായി പറഞ്ഞില്ല. കുറേ കരഞ്ഞ
ശേഷം നല്ല മഴ പെയ്താൽ കനത്ത കാൎമ്മേഘങ്ങൾ നീങ്ങിപ്പോകുംപ്രകാരം
മുഖത്തു അസാരം പ്രസന്നതയായി. ഹൃദയത്തിലേ ഭാരവും സ്വല്പമൊന്നു
കുറഞ്ഞു. എങ്കിലും പുറത്തേക്കിറങ്ങുവാൻ അത്ര ഒരു താത്പൎയ്യം കാണാഞ്ഞതി
നാൽ കരുണ അവളുടെ അടുക്കൽ തന്നെ ഇരുന്നു അവളെ ആശ്വസിപ്പിപ്പാൻ
തുടങ്ങി:-

“കുമാരീ! ഞാനും ഏറിയകാലമായി ഏകദേശം നിന്നെ പോലെ തന്നെ
ഒരു സ്ഥിതിയിലിരിക്കയാകുന്നു. ഇതു വരെക്കും അതു നിന്നോടു പറയുന്നതു
നന്നായി തോന്നിയില്ല. എങ്കിലും ഇപ്പോൾ എന്റെ അവസ്ഥ പറഞ്ഞാൽ നി
ണക്കു അസാരമെങ്കിലും ഒരു അശ്വാസമുണ്ടാകുമെന്നു തോന്നുകയാൽ ഞാൻ
പറവാൻ വിചാരിക്കുന്നു. നിന്നോടല്ലാതെ മറ്റു യോതൊരാളോടും ഞാൻ ഇതു
വരെക്കും എന്റെ ഉള്ളു തുറന്നു പറഞ്ഞിട്ടില്ല.

“എന്റെ അച്ഛന്റെ ഒരു കീഴുദ്യോഗസ്ഥൻ ഞാനുമായി പരിചയമായിരു
ന്നു എന്നു ഞാൻ നിന്നോടു പറഞ്ഞിരുന്നുവല്ലോ. അദ്ദേഹം ഒരു കണ്ണൂർക്കാരനാ
യിരുന്നു. കാഴ്ചെക്കു എത്രയോ യോഗ്യനായിരുന്നെങ്കിലും അതിനേക്കാൾ വലിയ
ഗുണം വിദ്യയും ദൈവഭക്തിയുമായിരുന്നു. സ്വരാജ്യക്കാരനാകുന്നുവല്ലോ [ 145 ] എന്നു വെച്ചു ഞങ്ങളുടെ വീട്ടിൽ വന്നു ഇഷ്ടമായി പെരുമാറ്റം ചെയ്യുന്നതിന്നു
അച്ഛൻ സമ്മതിച്ചു. ക്രമേണ ഞാനും അദ്ദേഹവുമായി പരിചയമായപ്പോൾ
തനിക്കു അധികം താത്പൎയ്യം മതസംബന്ധമായ കാൎയ്യങ്ങളെ കുറിച്ചു സംഭാഷണം
കഴിക്കുന്നതിലാകുന്നു എന്നു എനിക്കു മനസ്സിലായി. മൂന്നു വൎഷത്തോളം ഞങ്ങൾ
ഇങ്ങിനെ കഴിച്ചു. വേദപുസ്തകത്തിൽ ഞാൻ ഗ്രഹിക്കാതിരുന്നതായ പലകാ
ൎയ്യങ്ങളും അദ്ദേഹം എന്നെ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ ദൈവഭക്തിയും
ശുദ്ധഹൃദയവും നിമിത്തം എനിക്കു അദ്ദേഹത്തോടും എന്റെ പരമാൎത്ഥതയും
പഠിപ്പാനുള്ള താത്പൎയ്യവും അദ്ദേഹത്തിന്നു എന്നോടും വളരെ സ്നേഹമാ
യിരുന്നു.

അങ്ങിനെ ഇരിക്കുമ്പോൾ ഒരു ദിവസം വൈകുന്നേരം എന്നെ പഠിപ്പിച്ചി
രുന്ന ഗുരുക്കൾ എന്നോട് “എനിക്കു നിന്നെ വിവാഹം കഴിപ്പാൻ മനസ്സുണ്ടു നി
ണക്കു അതിന്നിഷ്ടമാകുമോ?” എന്നു ചോദിച്ചു. ഞാനുമായി പാഠസംബന്ധമായ
ല്ലാതെ മറ്റു യാതൊരു സംഭാഷണവും കൈകാൎയ്യവും അതുവരെ ഇല്ലാതിരുന്ന
ആ മനുഷ്യൻ എന്റെ ഗുരുവായിരിക്കേ എന്നോടു ഇപ്രകാരം ചോദിച്ചതു കേട്ടു
ഞാൻ അതിദുഃഖത്തോടും നീരസത്തോടും കൂടെ എഴുന്നീറ്റു അവിടനിന്നു
പോയ്ക്കളവാൻ ഭാവിച്ചപ്പോൾ ആയാൾ എന്റെ കാല്ക്കൽ വീണു ക്ഷമ ചോദിച്ചു.
എന്റെ ഗുരുവല്ലോ എന്നോടു ഇത്ര താഴ്മകാണിച്ചതെന്നു വിചാരിച്ചു ഞാൻ
ക്ഷമിച്ചു. ഇനിമെലാൽ എന്നെ പഠിപ്പിക്കുവാൻ വരരുതെന്നു പറഞ്ഞു വിട്ടയച്ചു.
അച്ഛനോടു ഇതിനെ പറ്റി യാതൊന്നും പറഞ്ഞതുമില്ല. ഇതു കഴിഞ്ഞ രണ്ടാം
ദിവസം രാവിലെ അച്ഛൻ എന്നെ വിളിച്ചു എന്റെ പക്കൽ ഒരു കത്തു തന്നു
അതു വായിപ്പാൻ പറഞ്ഞു. അതിൽ ആരും ഒപ്പിട്ടിരുന്നില്ല എങ്കിലും ഒടുവിൽ
അച്ഛന്റെ കീഴുദ്യോഗസ്ഥന്റെ പേരുണ്ടായിരുന്നു. അതിൽ എഴുതിയിരുന്നതു:
“ഞാൻ നിങ്ങളുടെ മകളുമായി വളരെ സ്നേഹമാകയാൽ അവളെ എനിക്കു
വിവാഹം കഴിപ്പിച്ചു തരേണം” എന്നും മറ്റുമായിരുന്നു. അച്ഛൻ എന്നോടു
“ഈ കാൎയ്യം സത്യമോ?” എന്നു ചോദിച്ചപ്പോൾ ഞാൻ ഒരക്ഷരം പോലും മിണ്ടി
യില്ല. ഞാൻ മിണ്ടാതിരുന്ന സംഗതി അതു സത്യമാകയാലാണ് എന്നു അച്ഛൻ
പറഞ്ഞു എന്നെ വളരെ ശകാരിച്ചു. എന്റെ മുറിയിലേക്കു ആട്ടി പറഞ്ഞയച്ചു.
വൈകുന്നേരം അച്ഛൻ ആപ്പീസിൽനിന്നു വന്നു അദ്ദേഹത്തിന്റെ പതിവു
പ്രകാരമുള്ള വരവും കാത്തിരുന്നു. കുറെ നേരം കഴിഞ്ഞപ്പോൾ അദ്ദേഹം ഈ
വിവരമൊന്നും അറിയാതെ വന്നു കയറി. അച്ഛൻ സാധാരണ ചെയ്യും പ്രകാ
രമുള്ള ആചാരമൊന്നും കാണിക്കാതെ “ഇതാ ഈ എഴുത്തു വായിക്കു. അക്ഷരം
നിന്റേതല്ലെങ്കിലും നീ എഴുതിച്ചതായിരിക്കേണം എന്നു എനിക്കു പൂൎണ്ണവി [ 146 ] ശ്വാസമുണ്ടു” എന്നു പറഞ്ഞു എഴുത്തു കൊടുത്തു. അദ്ദേഹം അതു വാങ്ങിവായിച്ചു
നോക്കി മഹാശക്തനും ധൈൎയ്യവാനും ആയിരുന്നെങ്കിലും ബോധം കെട്ടു വീണു
പോയി. ധീർന്മാൎക്കു ധീരതയോടല്ലാതെ ഭീരുത്വത്തോടും നീചത്വത്തോടും
മല്ലുകെട്ടുവാൻ കഴികയില്ലല്ലൊ. അച്ഛൻ ഒരു പണിക്കാരനെ വിളിച്ചു മുഖ
ത്തു വെള്ളം തളിപ്പിച്ചപ്പോൾ ബോധം വന്നു എഴുന്നീറ്റു അവിടെ നിലത്തു
തന്നെ ഇരുന്നു. അപ്പോൾ അച്ഛൻ അദ്ദേഹത്തോടു ദുഷ്ടാ! നിന്റെ മനസ്സാ
ക്ഷി തന്നെ നിന്നെ കുറ്റം വിധിച്ചിരിക്കുന്നു. കപടഭക്താ! നീ എന്റെ
മകളെ സന്മാർഗ്ഗം അഭ്യസിപ്പിക്കുന്നു എന്നു എന്നെ വിശ്വസിപ്പിച്ചുംകൊണ്ടു
അവളെ വേണ്ടാതനം ശീലിപ്പിക്കുകയായിരുന്നുവോ? അവൾ തന്നെ എന്നോടു
ഇതു ഏറ്റുപറഞ്ഞിരിക്കുന്നു. നിന്റെയും എന്റെയും സ്ഥിതി നീ ഒത്തുനോ
ക്കാതെ ഇത്ര അഹംഭാവമേറിയ പണി ചെയ്തുകൊണ്ടു ഇതിന്നു ഞാൻ പ്രതി
വിധി കണ്ടിട്ടുണ്ടു‘’ എന്നു പറഞ്ഞു രണ്ടുപണിക്കാരെകൊണ്ടു അദ്ദേത്തിന്റെ
കൈകാലുകൾ കെട്ടിച്ചു കഠിനമായി അടിച്ചു. യാതൊരക്ഷരവും മിണ്ടാതെ
ആ സാധുവായ ആൾ ഇതെല്ലാം അനുഭവിച്ചു അവിടെനിന്നു പോകയും ചെയ്തു.
എന്നെക്കൊണ്ടു അച്ഛൻ ഞാൻ ഏറ്റു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞതു ഒരു
വിധം സത്യമായിരുന്നെങ്കിലും സൂക്ഷ്മത്തിൽ വ്യാജമായിരുന്നു. നിരപരാധി
യായ ഒരാളെ കൊണ്ടു ഇപ്രകാരം ഒന്നു സംഭവിച്ചതിൽ ഞാൻ അതിശയാതി
രേകത്താൽ മൌനയായി പോയതു അച്ഛൻ ഒരു സ്വീകരമായി കരുതി. രണ്ടു
മൂന്നു ദിവം കഴിഞ്ഞപ്പോൾ ഞാൻ അച്ഛന്റെ മേശമേൽ യദൃച്ഛയാ അദ്ദേഹ
ത്തിന്റെ കയ്യക്ഷരത്തിൽ ഒരെഴുത്തു കണ്ടു. അതിന്റെ പകൎപ്പു എന്റെ കൈ
ക്കൽ ഇപ്പോഴും ഉണ്ടു. ഇതാ ഞാൻ വായിച്ചു കേൾപ്പിച്ചു തരാം. നീ കേൾക്കു.

‘ദിനകരൻ എന്നാൾ അറിവാൻ:— നിങ്ങളുടെ മകളെ ഞാൻ ദൈവിക
കാൎയ്യങ്ങളല്ലാതെ മറ്റു യാതൊരു അയോഗ്യകാൎയ്യവും പഠിപ്പിച്ചിട്ടില്ലെന്നു മന
സ്സിലാക്കേണം. ഇന്നലേ നിങ്ങൽ പറഞ്ഞതു സത്യമാണെങ്കിൽ അവൾ ഒരു
കളവു പറഞ്ഞിരിക്കുന്നു. ഞാൻ ഇത്രയൊക്കെ പഠിപ്പിച്ചിട്ടും അവൾ ഇപ്രകാ
രം ചെയ്തതിനാൽ ഞാൻ അത്യന്തം അതിശയിക്കുന്നു. ഞാൻ ചെയ്ത പ്രയത്നത്തിന്നു
ഒടുവിൽ എനിക്കു കിട്ടിയ പ്രതിഫലം ഇതോ?

നിങ്ങൾ എന്നോടു ചെയ്തതിൽ പത്തിരട്ടി കഠിനമായി അങ്ങോട്ടു പ്രതിക്രി
യ ചെയ്വാൻ എനിക്കു കഴിയും. അപ്പോൾ നിങ്ങളുടെയും എന്റെയും സ്ഥിതി
എന്തെന്നു നിങ്ങൾ അറിയുമായിരുന്നു. എന്നാൽ ഞാൻ നിങ്ങളുടെ മകളെ
പരമാർത്ഥമായി സ്നേഹിക്കയാലും പ്രതിക്രിയയുടെ ദൈവത്തെ ഭയപ്പെടുകയാലും
നിങ്ങളിൽനിന്നു ഇതുവരെ പല നന്മകളനുഭവിച്ചതു കൃതജ്ഞതയോടെ ഓൎക്കുക [ 147 ] യാലും അതു ചെയ്യുന്നില്ല. ആ എഴുത്തു എഴുതിയ ദുഷ്ടൻ ആരെന്നു ഞാൻ ക
ണ്ടു പിടിച്ചു പരമാൎത്ഥം നിങ്ങളെ അറിയുമാറാക്കിയ ശേഷം ഞാൻ ഈ നാടു വി
ട്ടുപോകുമെന്നു ശപഥം ചെയ്തിരിക്കുന്നു.’

ഞാൻ ഈ കത്തു വായിച്ചന്നു വൈകുന്നേരം അച്ഛൻ ആപ്പീസിൽനിന്നു
വന്നു എന്നെ വിളിപ്പിച്ചു ‘രണ്ടുമൂന്നു ദിവസമായി നിന്റെ ഗുരുക്കൾ വരാത്ത
തെന്തു?’ എന്നു ചോദിച്ചു. ഞാൻ ചോദിച്ചു. ഞാൻ പരമാൎത്ഥമെല്ലാം പറഞ്ഞ ഉടനെ അച്ഛൻ
അത്യുച്ഛത്തിൽ ‘അതെ ഇതൊക്കെ അവന്റെ പണി തന്നെ. അവൻ എന്നെ
കണ്ടപ്പോൾ ഒരു നരിയെ കണ്ടാൽ ഓടുംവണ്ണം എന്റെ മുമ്പിൽ നിന്നോടി
പ്പോയി’ എന്നു പറഞ്ഞു. എന്റെ അച്ഛന്നു വളറെ ജനസ്വാധീനമുണ്ടായ
തിനാൽ അന്നു രാത്രി തന്നെ ആയാളെ പിടിപ്പിച്ചു വീട്ടിൽ കൊണ്ടുവന്നു. മഹാ
ഭീരു ആയിരുന്നതുകൊണ്ടോ മനസ്സാക്ഷിയുടെ ദണ്ഡനത്താലോ എന്നറിഞ്ഞില്ല
സകല സത്യവും സ്വീകരിച്ചു. അച്ഛൻ ‘നീ മറ്റവനെ വെറുതെ ഹിംസ അനു
ഭവിപ്പിച്ചതിനാൽ നിണക്കു അതിലും കഠിമനായ ശിക്ഷ വേണം’ എന്നു പറഞ്ഞു,
ഇക്കാൎയ്യമൊക്കെ കാണിച്ചു ഉടനെ തന്നെ മറ്റെ ആൾക്കൊരു കത്തെഴുതി അയച്ചു
വേഗം വരേണമെന്നപേക്ഷിച്ചു. എങ്കിലും അദ്ദേഹം വരാതെ ‘പരമാൎത്ഥം
നിങ്ങൾ അറിഞ്ഞാൽ ഞാൻ നാടുവിടും എന്നു പറഞ്ഞില്ലയോ? ഞാൻ നാളെ’
തന്നെ പോകുന്നു. എങ്കിലും എന്റെ ശത്രുവിന്റെ തലയിൽനിന്നു ഒരു ഒറ്റ
രോമമെങ്കിലും വീഴുവാൻ നിങ്ങൾ സംഗതി വരുത്തിയാൽ ഞാൻ അതിന്നും
എന്നോടു ചെയ്തതിന്നും കഠിനമായ പ്രതിക്രിയ നടത്താതിരിക്കയില്ല’ എന്നു
ചൊല്ലി അയച്ചു. അതു കേട്ടപ്പോൾ അച്ഛൻ ഭയപ്പെട്ടു ആ ദുഷ്ടനെ ഒന്നും
ചെയ്യാതെ വിട്ടയച്ചു പിറ്റെ ദിവസം മുതൽ ഇന്നുവരെക്കും ഇവരിരുവരെ
യും ഞാൻ കണ്ടിട്ടില്ല. അന്നു മുതൽ എനിക്കു എന്റെ നിമിത്തം അനാവശ്യ
ഹിംസ അനുഭവിച്ച ആളെ കുറിച്ചു വ്യസനം വൎദ്ധിച്ചു ഞാൻ ചെയ്യാത്ത ഒരു
കുറ്റം ചെയ്തു എന്നു ആയാൾക്കുള്ള വിശ്വാസം നിമിത്തം അതു എനിക്കു എത്ര
യും വലിയ ഒരു ദുഃഖകാരണമായി കരഞ്ഞു കരഞ്ഞു കണ്ണു തിരുമ്മി തിരുമ്മി ഒ
രു മാസത്തിന്നകം എനിക്കു കണ്ണിന്നു ദീനവും വന്നു. ഈ ദീനം തന്നെ എ
ന്നെക്കാൾ അച്ഛന്നു മഹാഭാരമായിത്തീൎന്നതിനാൽ അച്ഛന്റെ കുറ്റത്തിന്നു ഇതു
മേലിൽനിന്നു ഒരു പ്രതിക്രിയയായി തോന്നി. അതു മുതൽ അച്ഛന്റെ സ്വഭാവം
മാറി എന്നോടു മുമ്പേത്തതിലും അധികം പ്രേമമായി. പലപ്രവാശ്യവലും ‘ദൈവ
മേ! ഈ ശിക്ഷ എന്റെ മകളുടെ മേൽനിന്നു നീക്കി കുറ്റക്കാരനായ എന്റെ
മേൽ ആക്കേണമേ’ എന്നു ഞാൻ കേൾക്കെ പ്രാൎത്ഥിച്ചിട്ടുണ്ടു. എന്നാൽ
ഇപ്പോൾ ഇതു മാറിയല്ലൊ. ദൈവത്തിന്നു സ്തോത്രം. കുറെ കഴിഞ്ഞപ്പോൾ [ 148 ] അച്ഛൻ ഒരു മാറ്റം ചോദിച്ചു കണ്ണൂരിലേക്കു വന്നു. എനിക്കു എന്റെ സ്നേ
ഹിതന്റെ സദ്ഗുണവും ഭക്തിയും ഓൎത്തു ദിനേന എന്റെ ദൈവത്തെ അ
ധികമധികം അനുസരിച്ചു സേവിപ്പാൻ ഇടവന്നു. എന്റെ കണ്ണിന്റെ വെ
ളിച്ചം മങ്ങിയതിനൊടു കൂടെ തന്നെ എന്റെ ഹൃദയത്തിൽ ഒരു പ്രകാശവും വ
ൎദ്ധിച്ചുവന്നു.”

സുകുമാരി ഇതു കേട്ടപ്പോൾ തന്റെ സങ്കടം മറന്നു, “എനിക്കു നിങ്ങളുടെ
ചരിത്രമൊക്കെയും മനസ്സിലായി. നിങ്ങൾ പറഞ്ഞതിൽനിന്നു പറയാത്തതും
കൂടെ ഞാൻ ഗ്രഹിച്ചിരിക്കുന്നു. നമ്മുടെ ഇരുവരുടെയും അവസ്ഥെക്കുള്ള സം
ബന്ധവും ബോധിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

പ്രാതൽ കഴിഞ്ഞ ഉടനെ ഒരു പണിക്കാരൻ വന്നു സുകുമാരിയെ കാണ്മാ
നായി ഒരു സ്ത്രീ വന്നു പുറത്തു നിൽക്കുന്നു എന്നു പറഞ്ഞു. അവൾ പുറത്തേക്കു
ചെന്നു നോക്കിയപ്പോൾ വളരെ ക്ഷീണിച്ചു പരവശയായ ഒരു സ്ത്രീയെ കണ്ടു.
ആ സ്ത്രീ “സലാം കുമാരീ” എന്നു പറഞ്ഞപ്പോൾ മാത്രം മുമ്പു നല്ലവണ്ണം കേട്ടു
പരിചയമുള്ള ശബ്ദമാകയാൽ ആളെ മനസ്സിലായി “അയ്യോ! നിങ്ങൾ ഇങ്ങി
നെ ആയിപ്പോയോ? ഞാൻ അശേഷം അറിഞ്ഞില്ല. നിങ്ങൾ മുഷിയരുതെ
എന്നു പറഞ്ഞു മുമ്പോട്ടു ഓടിച്ചെന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു കൈ പിടിച്ചു അ
കത്തേക്കു കൂട്ടിക്കൊണ്ടു പോയി “കരുണമ്മാ! എന്നെ മുമ്പെ സ്കൂളിൽനിന്നു
നോക്കിയ വത്സല എന്നവർ ഇതാ” എന്നു പറഞ്ഞു മൂന്നുപേരും കൂടെ ഇരുന്ന
ശേഷം വത്സല തന്റെ ചരിത്രം തുടങ്ങി:—

“എന്റെ കല്യാണം കഴിഞ്ഞു കുറെ ദിവസം കഴിഞ്ഞ ശേഷം ഞാൻ എന്റെ
ഭർത്താവുമായി ഇവിടത്തേക്കു വന്നു. എന്റെ ഭൎത്താവിന്നു മുമ്പെ ഒരു ഭാൎയ്യ
ഉണ്ടായിരുന്നെന്നും മഹാക്രൂരനായിരുന്നെന്നും സ്കൂളിലെ സായ്പ് കേട്ടിരുന്നു.
അതുകൊണ്ടു സായ്വിന്നു എന്ന അവൎക്കു കെട്ടിക്കൊടുപ്പാൻ മനസ്സുണ്ടായിട്ടില്ല.
എങ്കിലും അയാൾ നല്ല ഒരാളാണെന്നു കണ്ണൂരിലെയും ഇവിടെത്തെയും സായ്വ്മാരു
ടെ കത്തുണ്ടായിരുന്നതിനാൽ ഞങ്ങളുടെ സായ്വ് വലിയൊരു വിരോധം ഭാവി
ച്ചില്ല. എന്നാൽ അന്നു രാത്രിയത്തെ പ്രസംഗത്തിൽ ഇതിനെ പറ്റി ധാരാളം
സൂചിപ്പിച്ചതു പക്ഷേ സുകുമാരിക്കു ഓൎമ്മയുണ്ടാകുമോ എന്നറിഞ്ഞില്ല. ഞങ്ങ
ളുടെ സ്ത്രീകളിൽ സാധാരണയായി ഒരു കുട്ടിയെ ആരെങ്കിലും കല്യാണത്തിന്നു
ചോദിച്ചാൽ മൂന്നു നാലു മാസത്തെ പരിചയം വേണം എന്നതു സായ്വിന്റെ
കല്പനയായിരുന്നു. ക്രിസ്ത്യാനികളുടെ വിവാഹചേൎച്ച മരണംവരെ നിലനി
ല്ക്കേണ്ടതാകയാൽ യാതൊരു പരിചയവും ഇല്ലാത്ത ഒരു പുരുഷനും സ്ത്രീയും [ 149 ] തമ്മിൽ വിവാഹം കഴിച്ചു പിന്നെ സ്വഭാവമൊക്കാഞ്ഞാൽ നിത്യശണ്ഠക്കും ജീ
വിതാവസാനം വരെ നിൎഭാഗ്യത്തിന്നും ഇടയായിത്തീരും എന്നായിരുന്നു സാ
യ്വിന്റെ അഭിപ്രായം. അതുകൊണ്ടു കല്യാണം നിശ്ചയിച്ചാൽ അതു സ്ഥിര
പ്പെടുത്തുംവരെ അവരിരുവരും തമ്മിൽ കണ്ടു സംസാരിക്കുന്നതിന്നു സ്വാത
ന്ത്ര്യമുണ്ടായിരുന്നെന്നു മാത്രമല്ല, അങ്ങിനെ വേണമെന്നതു ഒരു ചട്ടവുമായി
രുന്നു. എന്റെ ഭർത്താവു ഈ കോഴിക്കോട്ടുകാരനാകയാൽ കത്തുമൂലം മാത്രമേ
ഞങ്ങൾ തമ്മിൽ നാലുമാസത്തേക്കു പരിചയുണ്ടായുള്ളൂ. വിവാഹം കഴിഞ്ഞു
ഒരു മാസം ചെന്നപ്പോൾ മൂപ്പരുടെ സ്വഭാവം വെളിവായി ചെമ്പു പുറത്തായി
തുടങ്ങി. സായ്വുമാരുട മുമ്പാകെ മഹാമൎയ്യാദസ്ഥനും വീട്ടിൽ ഒരു നിഷ്ക്കണ്ടകനും
ആയിരുന്നു. ഭാൎയ്യ എന്നു വെച്ചാൽ ഭൎത്താവിനെ ശുശ്രൂഷിപ്പാൻ ദൈവം
സൃഷ്ടിച്ച ഒരു അടിമയത്രെ എന്നായിരുന്നു തന്റെ അഭിപ്രായം. ഞാൻ രാപ്പ
കൽ എത്രയോ അദ്ധ്വാനിച്ചു പ്രസാദിപ്പിപ്പാൻ ശ്രമിച്ചിട്ടും എനിക്കു ഹിംസ
തന്നെയായിരുന്നു അനുഭവം. ഓരോരിക്കൽ ഓരോ വലിയ വടി എടുത്തു
അടിപ്പാൻ വരുന്നതു കണ്ടാൽ വല്ല നായെയോ പോത്തിനെയോ മറ്റോ അടി
പ്പാൻ പോകുന്നതോ എന്നു തോന്നും. ശരീരമാസകലം വിറപ്പിച്ചു കൊണ്ടു അ
ടിപ്പാൻ തുടങ്ങിയാൽ താൻ തളരണം. എന്നാൽ മാത്രം മതിയാകും. ഇതി
ന്നൊന്നും വമ്പിച്ചൊരു ഹേതുവും വേണ്ടാ. ഒരു വിളി വിളിക്കുമ്പോൾ ഞാൻ
എന്തു പണി ചെയ്കയാണെങ്കിലും എത്ര ദൂരെയാണെങ്കിലും അവിടെ അപ്പോൾ
എത്തിക്കൊള്ളേണം. അല്ലെങ്കിൽ അടിക്കു വകയായി. വിളിച്ചാൽ കുറെ
ഉറക്കെ വിളി കേട്ടു പോയാൽ അതു അഹംഭാവമെന്നായി. കീഴടക്കമില്ലാത്തവൾ
എന്നു പറഞ്ഞു അടിപ്പാൻ തുടങ്ങും. കുറെ പതുക്കെ വിളി കേട്ടാൽ ബഹുമാനം
പോരാ എന്നു പറഞ്ഞടിക്കും. ഊൺ കഴിക്കുമ്പോൾ ഒന്നുകിൽ കറിയിൽ
ഉപ്പേറിപ്പോയി, അല്ലെങ്കിൽ കുറഞ്ഞുപോയി എന്നൊരു ഹേതുവുമുണ്ടാകും.
എന്റെ ശരീരം ഈ വക കഠിനഭേദ്യത്താൽ നുറുങ്ങി ഒന്നും ചെയ്വാൻ വഹി
യാതെ ഒരിടത്തു കിടക്കുന്നതു കണ്ടു പോയെങ്കിൽ ഇല്ലാത്ത ദീനം നടിച്ചു കിട
ക്കുകയാണെന്നു പറഞ്ഞു അവിടെയും ഇട്ടടിക്കും. രാവിലെയും രാത്രിയും
വീട്ടിൽ പ്രാൎത്ഥന കഴിക്കയില്ല. ഞങ്ങളുടെ പ്രാൎത്ഥന വടികൊണ്ടായിരുന്നു.
പുറത്തു കിഴിഞ്ഞാൽ ഇത്ര ഭക്തനില്ല. എന്നാൽ ഉറങ്ങുവാൻ പോകുമ്പോഴും
കൂടി പ്രാൎത്ഥിക്കയില്ല. അതിനെ കുറിച്ചു ഞാൻ ചോദിച്ചാൽ കിടന്നുംകൊണ്ടു
പ്രാൎത്ഥിച്ചിരിക്കുന്നു എന്നു പറയും. “കിടന്നും കൊണ്ടാകുന്നുവോ പ്രാൎത്ഥിക്ക”
എന്നെങ്ങാൻ ചോദിച്ചു പോയെങ്കിൽ ഒരു മണിക്കൂറത്തെ പ്രഹരത്തിന്നു വക
യായി. എനിക്കു രണ്ടു പൈതങ്ങൾ ജനിച്ചു. സാധാരണയായി ഞാൻ [ 150 ] ഗർഭിണിയായിരിക്കുമ്പോൾ പോലും ഈ ഹിംസാകൎമ്മങ്ങൾക്കു യാതൊരു കുറവും
ഉണ്ടായിരുന്നില്ല. എങ്കിലും മൂന്നാം പ്രാവശ്യം ഗൎഭിണിയായിരിക്കുമ്പോഴുണ്ടായ
ഒരു മഹാകഠിനഹിംസ നിമിത്തം പ്രസവസമയത്തു ഞാൻ വളരെ കഷ്ടത്തി
ലായി എന്നെ ഹാസ്പത്രിയിൽ കൊണ്ടുപോകേണ്ടിവന്നു. ചാപിള്ളയായി ഒരു
കുട്ടി ജനിച്ചു. ഡക്ടർസായ്വ് ഇതു ഭൎത്താവിന്റെ ഹിംസയുടെ ഫലമെന്നു
നിഷ്കർഷിച്ചു പറഞ്ഞെങ്കിലും ഭൎത്താവു അതു തീരെ തെറ്റായ അഭിപ്രായമാ
ണെന്നും ഒരു ഈൎക്കിൾകൊണ്ടുപോലും ഭാൎയ്യയെ ഇതുവരെ അടിച്ചിട്ടില്ലെന്നും
പറഞ്ഞു. ഞാനും ഒന്നും മിണ്ടിയില്ല. സുഖമായി ഹാസ്പത്രിയിൽനിന്നിറങ്ങു
വാൻ മൂന്നു മാസം വേണ്ടിവന്നു. അതു മുതൽ എന്റെ ശരീരത്തിന്നു സ്ഥിര
മായ ഒരു രോഗം പിടിപെട്ടുപോയതിനാൽ ഭൎത്താവിന്നു എന്നെ ഒട്ടും കണ്ടു
കൂടായതെ ആയി. എനിക്കു വേണ്ടി ഒരു കാശുപോലും ചെലവും ചെയ്യുന്നതു
തന്നെ കൊല്ലും പോലെ ആയിരുന്നു. വളൎന്നുവരുന്ന കുട്ടികളുടെ മുമ്പിൽ
എന്നെ അസഭ്യവാക്കുകൾ പറഞ്ഞു ശകാരിക്കുന്നതിന്നും ലേശം പോലും മടി
ഉണ്ടായിരുന്നില്ല. ഒടുവിൽ ന്യായവിധിയുടെ കാലം വന്നു. മൂത്തകുട്ടി അ
ഞ്ചാം വയസ്സിൽ ഒരു വിധം വിഷപ്പനി പിടിച്ചു മരിച്ചു. രണ്ടാം കുട്ടിക്കു
അപ്പോൾ മൂന്നു വയസ്സായിരുന്നു. അതും അതേ പനിയിൽ മരിച്ചുപോയി.
ഇതിനാൽ ഭൎത്താവിന്റെ സ്വഭാവത്തിനു ഭേദം വരുമെന്നു ഞാൻ വിചാരിച്ചി
രുന്നെങ്കിലും ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്റെ വ്യസനമൊക്കെ തീൎന്നു.
ഞാൻ കരയുന്നതു കണ്ടാൽ എന്നെ ഹിംസിക്കലായി.

എന്നാൽ താൻ നന്നാകേണമെങ്കിൽ തന്റെ കപടഭക്തി വെളിച്ചത്തു വ
രേണ്ടതായിരുന്നു എന്നു കാണ്മാൻ സംഗതിവന്നു. ഒരിക്കൽ താൻ മദ്യപിക്കു
ന്നതു പ്രത്യക്ഷമായി കണ്ടുപിടിക്കപ്പെട്ടുപോയി. ആ കുറ്റത്തിന്നു ഇവിടെ സഭാ
ശിക്ഷ നടപ്പുള്ളതിനാൽ ആ കുറ്റവും എന്നെ ഹിംസിക്കുന്നതും തെളിഞ്ഞു പര
സ്യമായി സഭയിൽനിന്നു ഭ്രഷ്ടനായി. അന്നു മുതൽ പരസ്യത്തിൽ തന്നെ
ഒരു ദുഷ്ടനായിത്തീരുമെന്നു ഞാൻ ഭയപ്പെട്ടെങ്കിലും നേരെ മറിച്ചു ഏറ്റവും അ
നുതാപവും താഴ്മയും കാണിപ്പാൻ തുടങ്ങി. എന്നോടു അതിന്റെ ശേഷം എ
ത്രയും ദയ കാണിച്ചു. താൻ രഹസ്യമായി ചെയ്ത ഓരോ അകൃത്യങ്ങൾ എ
ന്നോടു ഏറ്റു പറഞ്ഞു പ്രാൎത്ഥിപ്പാൻ അപോക്ഷിച്ചു. രാവിലെയും രാത്രിയും
പ്രാൎത്ഥനെക്കു അത്യുത്സാഹം കാണിച്ചു. എന്നെ ശുശ്രൂഷിക്കുന്നതിൽ അതിത
ല്പരതയും തുടങ്ങി. എന്നോടു എപ്പോഴും സ്വസ്ഥമായി ഒരിടത്തു ഇരിപ്പാൻ
പറഞ്ഞു തനിക്കു വേണ്ടുന്നതും എനിക്കും വേണ്ടുന്നതും താൻ തന്നെ ചെയ്യലായി.
ഇങ്ങിനെ ഒരു ഒരു മാസം കഴിഞ്ഞ ശേഷം ഒരു ദിവസം എന്നെ വിളിച്ചു എന്നോടു [ 151 ] 'ഈ സഭയിൽ കപടഭക്തന്മാൎക്കേ മാനമുള്ളു. രഹസ്യത്തിൽ മഹാ പാപം
ചെയ്തു ജീവിക്കുന്നവൎക്കു മാനവും പരസ്യത്തിൽ ഒരൊറ്റ പാപം വെളിവായ
സത്യാനുതാപിക്കു എന്നേക്കും അപമാനവും ആകുന്നു കണ്ടുവരുന്നതു. ഞാൻ
ജീവകാലം മുഴുവൻ ഹാസ്യപാത്രമായി ഇവിടെ ജീവിക്കയില്ല' എന്നു പ
റഞ്ഞു ഞാൻ എത്ര ഉപദേശിച്ചിട്ടും കേൾക്കാതെ പോയ്ക്കളഞ്ഞു. മാസാന്തരം
എനിക്കു അഞ്ചുറുപ്പിക അയക്കുന്നുണ്ടു. എന്നോടുള്ള ദയയും വാത്സല്യവും നി
മിത്തം ഇപ്പോൾ നല്ല നടപ്പിൽ ജീവിക്കുന്നു എന്നു എനിക്കു തീൎച്ചയുണ്ടു. എ
ന്റെ വൎത്തമാനം ഞാൻ അറിയിക്കാതെ ഒക്കയും അറിയുന്നുണ്ടു. എങ്കിലും
താൻ എവിടെയാണെന്നു എനിക്കറിവില്ല. മാസാന്തരം അയക്കുന്ന ഉറുപ്പിക
ആരെങ്കിലും കൊണ്ടത്തരും. ആർ തന്നു എന്നു ചോദിച്ചാൽ 'ആളെ അറിക
യില്ല. ഈ കത്തും ഈ ഉറുപ്പികയും ഇവിടെ തരാൻ പറഞ്ഞു.' എന്നു മാത്രം
പറയും. ഇതിന്നിടെ ഇനിക്കു സുഖക്കേടും കുറെ അധികമായി വലഞ്ഞിരിക്കു
മ്പോൾ സായ്വ് എന്റെ അടുക്കൽ വന്നു എനിക്കൊരു കത്തു തന്നു. അതു പേ
രില്ലാത്ത ഒരെഴുത്തായിരുന്നു. അതിൽ 'സുകുമാരി എന്ന കുട്ടിയെ ശാലയിലി
രിക്കും കാലം നോക്കിയ വത്സല എന്നവൾ ഇപ്പോൾ കുറെ കഷ്ടത്തിലിരിക്കു
ന്നെന്നു കേൾക്കയാൽ ഇതു സഹിതം അമ്പതുറുപ്പിക അവൾക്കായി അയക്കുന്നു.
അഞ്ചു ദിവസം കഴിഞ്ഞാൽ സുകുമാരിയെ കടല്പുറത്തു പതിനഞ്ചാം നമ്പ്ര വീ
ട്ടിൽ കാണാം' എന്നെഴുതിയിരുന്നു. അതു അയച്ചതു സുകുമാരിയായിരിക്കാം
എന്നു വിചാരിച്ചു നന്ദിപറവാനായി ഞാൻ കിടന്നിരുന്ന സ്ഥലത്തുനിന്നു എഴു
ന്നീറ്റു പ്രയേസേന വന്നതാകുന്നു.

സുകുമാരി അതിശയിച്ചുകൊണ്ടു "ഞാൻ ഒരെഴുത്തും എഴുതീട്ടില്ല; എനിക്കു
അമ്പതുറുപ്പിക പോയിട്ടു അമ്പതു കാശിനുപോലും ഗതിയില്ല" എന്നു പറഞ്ഞു.
മൂവരും കൂടെ വളരെ ആശ്ചൎയ്യപ്പെട്ടു ഇതിനെ കുറിച്ചു ഓരോ അഭിപ്രായങ്ങളും
ഊഹങ്ങളും പറഞ്ഞു അന്തം കാണാതെ ആയ ശേഷം കരുണ വത്സലയുടെ വി
വാഹജീവനത്തെ കുറിച്ചു അവളോടു ഏറിയ ആശ്വാസവാക്കുകൾ പറഞ്ഞു ഒടു
വിൽ "കഷ്ടകാലങ്ങൾ കഴിഞ്ഞല്ലോ ഇനി കൃപയുള്ള ദൈവം കുറെ സുഖകാല
വും കൂടെ തരും" എന്നു വാക്കുകളാൽ സന്തോഷിപ്പിച്ചു സുകുമാരിയുടെ പേരിൽ
മൂന്നുറുപ്പികയും കൊടുത്തു വിട്ടയച്ചു.

അവൾ പോയ ശേഷം സുകുമാരി കരുണയോടു "നമുക്കു വേണ്ടി ഇത്ര പ
ണം ചെലവറുക്കുന്ന ഈ അറിയാത്ത ആൾ ആരായിരിക്കും" എന്നു ചോ
ദിച്ചു. [ 152 ] കരു : ചില ധൎമ്മിഷ്ഠന്മാർ ധൎമ്മം ചെയ്യുമ്പോൾ അവരുടെ പേർ വെളി
പ്പെടുകയില്ല. ഇടങ്കൈ കൊടുക്കുന്നതു വലങ്കൈ അറിയരുതെന്നല്ലയോ
ക്രിസ്തീയധൎമ്മം?”

സുകു: ”എന്നാലും ഇതിൽ അസാരം വ്യത്യാസമുണ്ടു. വത്സലെക്കു കൊടു
ത്തതു ധൎമ്മമായിരിക്കാം നമുക്കു രണ്ടുപേർക്കും വേണ്ടി ചെയ്തതു ധൎമ്മമാകുന്നു
വോ? നിങ്ങൾ ദരിദ്രയല്ലല്ലോ?”

കരു: "അതേ അതു വിചാരിക്കുമ്പോൾ എനിക്കു ഇതിൽ ഒരു സംശയമുണ്ടു.
എങ്കിലും ആ ആൾ ആരാകുന്നു എന്നു ക്രമേണ അറിയാം എന്നാകുന്നുവല്ലോ
രത്നസ്വാമി പറഞ്ഞതു. പക്ഷേ ഇതൊക്കെ സത്യദാസൻ ചെയ്യുന്നെന്നു വരുമോ!"

സുകു: “ഒരിക്കലും ഇല്ല. അവൻ ആ താരബായിയൊടു കൂടെ നടക്കു
മ്പോൾ ചുറ്റും നടക്കുന്ന കാൎയ്യങ്ങൾ എന്തെന്നും കൂടെ അവൻ അറിഞ്ഞിട്ടില്ല.
അവൾ വായിവെക്കാതെ എന്തോ ഒക്ക ഹിന്തുസ്ഥാനിയിൽ ചറ പറ എന്നു പറ
യുന്നതും ഞാൻ എന്റെ സ്വന്തകണ്ണുകൊണ്ടല്ലയോ കണ്ടതു? അവന്നു ഇപ്പോൾ
നമ്മെക്കൊണ്ടുള്ള ചിന്തയാകുന്നുവോ? എനിക്കൊരു വ്യസനമേ ഉള്ളൂ. അവ
ന്റെ നല്ല ഗുണമൊക്കെ അവൾ വഷളാക്കി അവന്റെ അമ്മയുടെ അദ്ധ്വാന
മെല്ലാം നിഷ്ഫലമാക്കിക്കളയാതിരുന്നാൽ നന്നായിരുന്നു.”

കരു : “ഞാൻ വിചാരിയാതെ ആ കാൎയ്യം നിന്നെ പിന്നെയും ഓൎമ്മപ്പെ
ടുത്തി. അതു പോകട്ടേ നാം കുറെ പാട്ടു പാടുക. നീ പുസ്തകവും എടുത്തു വാ.
എന്റെ കണ്ണു സൌഖ്യമാക്കിയ ദൈവത്തെ എങ്ങിനെ സ്തുതിക്കേണ്ടു എന്നു എ
നിക്കറിഞ്ഞുകൂടാ.” [ 153 ] പതിന്നാലാം അദ്ധ്യായം

ഒരു മാസം കഴിഞ്ഞതിൽ പിന്നെ ഒരു ദിവസം വൈകുന്നേരം സുകുമാരി
കണ്ണൂരിൽ കരുണയുടെ മുറിയുടെ ജനവാതിൽക്കൽനിന്നുംകൊണ്ടു പടിവാതില്ക്ക
ലേക്കു നോക്കുകയായിരുന്നു. കോഴിക്കോട്ടു കരുണയും സുകുമാരിയും മൂന്നു ദി
വസം താമസിച്ച ശേഷം കണ്ണൂരേക്കു പോന്നിരുന്നു. രണ്ടാഴ്ച കഴിഞ്ഞ ശേ
ഷം ഗുലാബ്സിങ്ങിന്റെ ഭാൎയ്യാമക്കളും മടങ്ങി എത്തി. എങ്കിലും സത്യദാസൻ
ഒരു പ്രവൃത്തിവശാൽ രണ്ടാഴ്ചയും കൂടെ അവിടെ പാൎത്തു തിരിച്ചുവന്ന ശേഷം
ഗുലാബ്സിങ്ങിന്റെ ഭവനത്തിൽ തന്നെ താമസിച്ചു അവന്റെ പാണ്ടികശാല
യിൽ പ്രവൃത്തിക്കയായിരുന്നുന്നു, എത്തിയ പിറ്റേ ഗിവസം തന്നെ അവൻ സു
കുമാരിക്കൊരു കത്തെഴുതി:—

സുകുമാരി തേജോപാലൻ എന്നവൎക്ക:

നാം തമ്മിൽ യാതൊരു എഴുത്തും നടക്കാത്തതു വ
ളരെ കാലമായല്ലോ. ഞാൻ നാളെ വൈകുന്നേരം നാലു മണിക്കു അങ്ങോട്ടു
വരും. അപ്പോൾ ഇതിന്റെ സംഗതിയെല്ലാം പറയാം. നാം തമ്മിൽ കണ്ടു
സംസാരിക്കുന്നതിന്നു അവിടെ യാതൊരു അസൌകൎയ്യവും ഉണ്ടാകയില്ലെന്നു
വിശ്വസിക്കുന്നു. എന്നു

സത്യദാസൻ സുപ്രിയൻ.

ഈ കത്തു സുകുമാരി കരുണെക്കു കൊണ്ടുകാണിച്ചു “ഇവൻ എന്നെ കുമാരി
എന്നായിരുന്നു വിളിക്കാറു. ഇപ്പോൾ കത്തിന്റെ വാചകരീതി കണ്ടുവോ?
ഇതിന്നെന്താകുന്നു ഞാൻ മറുപടി എഴുതേണ്ടതു?” എന്നു ചോദിച്ചു. [ 154 ] കരു : “അവൻ സംഗതിയെല്ലാം പറഞ്ഞാൽ പക്ഷേ നീ അവനെ വെറു
തെ സംശയിച്ചു എന്നു വരികയില്ലയോ?”

സുകു : “സംഗതി പറയാതെ തന്നെ അറിഞ്ഞുകൂടേ? ആ ധനവാന്റെ
മകളും ഈ അനാഥയായ ഞാനും ആനയും അണ്ണാക്കൊട്ടനും പോലെയല്ലേ?”

കരു : “വേണ്ടതില്ല ഒരു മറുപടി എന്തായാലും അയക്കു. വന്നു കാണുന്ന
തിന്നു നിണക്കു വിരോധമൊന്നുമില്ല എന്നു എഴുതിക്കൊള്ളു.”

സുകുമാരി അപ്രകാരം തന്നെ എഴുത്തുകൊണ്ടു വന്നിരുന്ന ബാല്യക്കാരന്റെ
കയ്യിൽ ഒരു മറുപടി കൊടുത്തയച്ചു.

“സത്യദാസൻ സുപ്രിയൻ അവർകൾക്ക:

വന്നു കണ്ടു സംസാരിക്കുന്നതിന്നു ഇവിടെ
യാതൊരു അസ്വാധീനവും ഇല്ല. എന്നു

സുകുമാരി തേജോപാലൻ,”

പിറ്റെ ദിവസം വൈകുന്നരമായിരുന്നു സത്യദാസന്റെ എഴുത്തു കയ്യിൽ
പിടിച്ചുകൊണ്ടു അവന്റെ വരവും കാത്തു സുകുമാരി ജനവാതുക്കൽ നിന്നിരു
ന്നതു. എത്ര വിരോധമായിരുന്നാലും അവനോടു വളരെ സ്നേഹമായിരുന്നതു
നിമിത്തം അവന്റെ മുഖം ഒന്നു കാണ്മാൻ വളരെ താത്പര്യമുണ്ടായിരുന്നു. അ
വൻ വന്നു പൂമുഖത്തു കയറുവോളം സുകുമാരി അവനെ ഒളിച്ചുനിന്നു നോക്കി
ക്കൊണ്ടിരുന്നു. മുമ്പെ വിട്ടുപോകുമ്പോൾ മുഖത്തുണ്ടായിരുന്ന ശൈശവലക്ഷ
ണങ്ങൾ ഒക്ക നീങ്ങി തികഞ്ഞ ബാല്യത്തിന്റെ അടയാളങ്ങൾ കാണ്മാനുണ്ടായി
രുന്നു. മുഖരൂപത്തിന്നു അധികമൊരു മാറ്റം വന്നിട്ടില്ലെങ്കിലും ശരീരത്തിന്നു
ദീൎഗ്ഘവും പുഷ്ടിയും കുറെ കൂടിയിരിക്കുന്നെന്നും മുഖത്തിന്നു കുറെ സൌന്ദൎയ്യം
ഏറിയിരിക്കുന്നെന്നും അവൾ കണ്ടു. കാൽചട്ടയും ചെരിപ്പും ഒരു കറുത്ത കുപ്പാ
യവും തലയിൽ ഒരു വട്ടത്തൊപ്പിയും ആയിരുന്നു ധരിച്ചിരുന്നതു. കയ്യിൽ അ
പ്പോൾ നാട്ടിൽ അത്ര നടപ്പില്ലാത്ത വിധം ഒരു പട്ടുകുടയും ഉണ്ടായിരുന്നു
പൂമുഖത്തെത്തിയപ്പോൾ അവന്റെ മുഖത്തു കുറെ വാട്ടമുണ്ടെന്നു അവൾ കണ്ടു
“അതേ അവന്റെ മനസ്സാക്ഷി ശുദ്ധമുള്ളതല്ല” എന്നു തന്നിൽത്തന്നെ പറഞ്ഞു.
അപ്പോൾത്തന്നെ കരുണ പുറത്തേക്കു ചെന്നു അവനോടു കുശലപ്രശ്നം ചോ
ദിച്ചു അകത്തേക്കു കൂട്ടി കൊണ്ടുവന്നു ഒരു കസേലമേൽ ഇരുത്തി. “അച്ഛൻ
അഞ്ചുമണിക്കു വരും ഞാൻ സുകുമാരിയെ ഇപ്പോൾ ഇങ്ങോട്ടയക്കാം” എന്നു
പറഞ്ഞു അകത്തേക്കു പോയി. ഒരു നിമിഷത്തിന്നിടയിൽ സമീപത്തുണ്ടായി [ 155 ] രുന്ന മുറിയുടെ വാതിൽ തുറന്നു വളരെ ഗൌരവത്തോടും കൂടെ ഒരു യുവതി
അകത്തേക്കു കടക്കുന്നതു കണ്ടു സത്യദാൻ ഉടനെ എഴുന്നീറ്റു സലാം പറഞ്ഞു.
അവളും സലാം മടക്കി പറഞ്ഞു കൈകൊടുത്ത ശേഷം ഇരുവരും അന്യോന്യം
നോക്കിനിന്നു.

സുകുമാരിയുടെ ദേഹം തങ്കവൎണ്ണവും മുഖം നല്ല സൌന്ദൎയ്യമുള്ളതുമായിർന്നു.
സൌന്ദൎയ്യത്തിൽ താരബായി ഇവളെ കടക്കുമെങ്കിലും ഇവളുടെ ശരീരാകൃതിയും
ശക്തിയും ഇവൾക്കു മറ്റവളേക്കാൾ യോഗ്യതെക്കു സംഗതി വരുത്തി. ക്രിസ്തീയ
സ്ത്രീകൾ അക്കാലത്തു സ്വൎണ്ണാഭരണങ്ങൾ ധരിക്കാറില്ലായിരുന്നു. പ്രകൃത്യാ
തന്നെയുള്ള സൌന്ദൎയ്യമായിരുന്നു സുകുമാരിയുടെ ആഭരണം. ദേഹവും അംഗ
ങ്ങളും വളരെ യോജിപ്പുള്ള വളൎച്ചയിലും പുഷ്ടിയിലും ആയിരുന്നു. വിശേഷ
മായൊരു പുടവയും ഉടുത്തിരുന്നു. സത്യദാസൻ അവളെ ആ പാദചൂഡം
ഒന്നു നോക്കി അഞ്ചുനിമിഷത്തോളം മൌനമായി നിന്നശേഷം സുകുമാരി അ
വനോടു ഇരിപ്പാൻ പറഞ്ഞു. താനും രണ്ടുമൂന്നു വാര അകലെ ഇരുന്നു. സുകു
മാരി അവനോടു ഇരിപ്പാൻ പറവാൻ ഇത്ര താമസിച്ചതു മൎയ്യാദക്കേടുകൊണ്ടല്ല.
പരിഭ്രമം നിമിത്തമത്രെ. സത്യദാസാനായിരുന്നു ഒന്നാമതു സംസാരിച്ചതു.
സുകുമാരി അയച്ചകത്തു അവൻ കുപ്പായകീശയിൽ നിന്നെടുത്തു കാണിച്ചു
കൊണ്ടു “ഈ എഴുത്താരാകുന്നു അയച്ചതു? എന്റെ എഴുത്തിനു ഇത്ര അപരി
ചിതഭാവത്തിൽ ഒരു മറുപടി കിട്ടുമെന്നു ഞാൻ സ്വപ്നത്തിൽ പോലും വിചാരി
ച്ചിട്ടില്ല” എന്നു പറഞ്ഞു.

സുകു: “ഇത്ര അപരിചിതഭാവത്തിൽ എനിക്കു ഒരു കത്തു കിട്ടുമെന്നു ഞാ
നും വിചാരിച്ചിരുന്നില്ല.”

സത്യ : “ഞാൻ ഇവിടെ എത്തിയ വിവരം കേട്ടിരുന്നുവോ”

സുകു : “ഞാൻ ഇവിടെ ജീവനോടെയുള്ള വിവരം അറിഞ്ഞിരുന്നുവോ?”

സത്യ : “ഓഹോ ഞാൻ ഇതുവരെ കത്തയക്കാത്ത സംഗതി ഞാൻ പറയാം.”

സുകു : “സംഗതി എനിക്കറിയാം. പറഞ്ഞു ബുദ്ധിമുട്ടേണ്ടാ”

സത്യ : “സുകുമാരീ! ഈ പറഞ്ഞതിന്റെ അൎത്ഥമെന്തെന്നു എനിക്കറിഞ്ഞു”
കൂടാ. ഞാൻ ഇവിടം വിട്ടുപോകുമ്പോൾ എനിക്കു സുകുമാരിയോടുണ്ടായ സ്നേ
ഹം വർദ്ധിക്കുകയല്ലാതെ ഒരു അണുമാത്ര പോലും കുറഞ്ഞിട്ടില്ലെന്നുള്ളതു എന്റെ
പരമാൎത്ഥമാകുന്നു. എന്നാൽ സുകുമാരിക്കു മുമ്പേത്ത സ്ഥിതിയിൽനിന്നു വളരെ
മാറ്റമാകുന്നു കാണുന്നതു. അതു എന്റെ നിൎഭാഗ്യമെന്നേ ഞാൻ വിചാരി
ക്കുന്നുള്ളൂ.” [ 156 ] സുകു: “സത്യദാസാ! സത്യദാസൻ സത്യം സംസാരിക്കയില്ലെന്ന സ്ഥിതി”
യിലും ആയോ? എന്നോടു ഇതൊക്കെയും ചെയ്തതു പോരാഞ്ഞിട്ടു കളവും പറഞ്ഞു
എന്നെ വഞ്ചിപ്പാൻ വിചാരിക്കുന്നുവോ?”

സത്യ: (എഴുന്നീറ്റും കൊണ്ടു) “കളവു, വഞ്ചന എന്ന വാക്കുകൾ കൊണ്ടു
സുകുമാരി സത്യദാസനെ കുറ്റപ്പെടുത്തുമെന്നു അവൻ ലേശം വിചാരിച്ചിരുന്നെ
ങ്കിൽ ഇവിടെ വരികയില്ലയായിരുന്നു. സുകുമാരീ! നാം ഒരു കാലം ഒന്നിച്ചു
സേവിച്ചുവന്ന ദൈവം എന്റെ ശൈശവത്തിൽ എന്റെ സ്നേഹിതയായിരുന്ന
സുകുമാരിയെ ആജീവനാന്തം അനുഗ്രഹിക്കട്ടെ എന്ന പ്രാൎത്ഥനയോടെ സത്യ
ദാസൻ അവന്റെ ജീവകാലം കഴിച്ചുകൂട്ടിക്കൊള്ളും.” എന്നു പറഞ്ഞു അവൻ
പെട്ടെന്നു ഇറങ്ങി പോയ്ക്കളഞ്ഞു.

സുകുമാരി കുറെ നോരത്തേക്കു അവിടെ തന്നെ സ്തംഭിച്ചുനിന്നു പോയി.
ഒടുക്കം കരുണയുടെ മുറിയിൽ പോയി, കൂടിക്കാഴ്ചയുടെ വിവരം അവളെ അ
റിയിച്ചപ്പോൾ കരുണ അവളോടു “നീ കുറെ അക്ഷമയിലായിപ്പോയി. അവന്നു
പറവാനുള്ളതൊക്കെയും നീ കേൾക്കേണ്ടതായിരുന്നു. ഞാൻ എന്റെ ചരിത്രം
നിന്നോടു പറഞ്ഞതിൽനിന്നു മനുഷ്യൻ വെറും ഊഹവും തെറ്റായ ധാരണയും
കൊണ്ടു എത്ര വലിയ അബദ്ധങ്ങൾ പ്രവൃത്തിച്ചു പോകുന്നു എന്നു നിണക്കു
മനസ്സിലായിരിക്കുമല്ലോ. ഞാൻ വിചാരിക്കുന്നതു: നീ അവനെ കൊണ്ടും അവൻ
നിന്നെ കൊണ്ടു ഒരു പോലെ എന്തോ തെറ്റായി ധരിച്ചിരിക്കുന്നുഎന്നാ
കുന്നു” എന്നു പറഞ്ഞു.

ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ ഗുലാബ്സിങ് തന്റെ കുഡുംബ
ക്കാർ വിനോദാൎത്ഥം ഒരാഴ്ച തളിപ്പറമ്പിൽ പോയി താമസിപ്പാൻ വിചാരിക്കു
ന്നെന്നും കരുണയെയും സുകുമാരിയെയും അവരോടു കൂടെ അയക്കണമെന്നും
ദിനകരനോടു പറഞ്ഞു. സുകുമാരി തന്റെ കുട്ടിക്കാലത്തിലെ വൃത്താന്തം പറ
ഞ്ഞുകേട്ടിരുന്നതിനാൽ മുമ്പു തന്നെ ആ സ്ഥലം കാണ്മാൻ വളരെ ആഗ്രഹിച്ചി
രുന്നു. അതുകൊണ്ടു ഇരുവരും സന്തോഷത്തോടെ അവരുടെ കൂടെ പോയി.
അന്നു ജൎമ്മൻ മിശ്ശൻവകയായി അവിടെ നല്ല ഒരു പറമ്പും അതിൽ രണ്ടു വീ
ടും ഉണ്ടായിരുന്നെങ്കിലും ഇവർ മുസ്സാവരിബങ്കളാവിലായിരുന്നു പോയി താമ
സിച്ചതു.

കണ്ണൂരിൽനിന്നു തളിപ്പറമ്പിലെത്തുന്നതുവരെയും അവൎക്കു ചില വിനോദ
കാഴ്ചകൾ കാണ്മാനുണ്ടായിരുന്നു. പട്ടണത്തിൽനിന്നു ആറു നാഴിക വടക്കു
വളർഭട്ടം, വളപട്ടണം, അല്ലെങ്കിൽ വളവടം എന്നു പേരായ ഒരു പുഴയുണ്ടു. [ 157 ] അതു ബ്രഹ്മഗിരിയുടെ ചരിവിൽനിന്നു പുറപ്പെട്ടു വളർഭട്ടം എന്ന സ്ഥലത്തി
ന്നരികെ കടലിൽ ചെന്നു വീഴുന്നു. കടവിങ്കൽ ഈ പുഴെക്കു 1342 അടി വീതി
യുണ്ടു. കടവു അഴിമുഖത്തിന്നു ഏറ്റവും സമീപമായിരിക്കയാൽ വേലിയേറ്റ
മായിരിക്കുമ്പോൾ ഓളം വളരെ കഠിനമായിരിക്കും. മഴക്കാലത്തു മലവെള്ളം
വന്നാൽ അതിന്റെ വടക്കുഭാഗത്തുള്ള താണവയലുകളിലെല്ലാം വെള്ളം കയറി
ആകപ്പാടെ ഒരു സമുദ്രം പോലെ ഇരിക്കും കടവത്തു ഇരുഭാഗങ്ങളിലുമുള്ള
പാതാറുപോലും മൂടി അതിന്മേൽ ഒരാൾപ്രമാണം വെള്ളമുണ്ടാകും. തെക്കു
ഭാഗം കുറെ ഉയൎന്ന പ്രദേശമാകയാൽ അവിടെ മരക്കച്ചവടക്കാരുടെ ഈൎച്ചപ്പു
രകളും കുരുമുളകു നെല്ലു മുതലായവ കച്ചവടം ചെയ്യുന്നവരുടെ പാണ്ടികശാല
കളും ആ കാലത്തു തന്നെ ധാരാളമുണ്ടായിരുന്നു. ഈ കടവത്തു പലപ്രാവശ്യ
ങ്ങളായി വളരെ അപായങ്ങൾ സംഭവിച്ചും അനേകം ജനങ്ങൾ മുങ്ങി മരിച്ചു
പോയും ഇരിക്കുന്നു. ആ പ്രദേശക്കാരിൽ അജ്ഞാനികളായ ഹിന്തുക്കളുടെ
വിശ്വാസം ഈ പുഴയിൽ നാലു വലിയ മുതലകൾ ഉണ്ടെന്നും അവറ്റിന്നു പ
ണ്ടുള്ളവർ ആണ്ടിലൊരിക്കൽ ഒരു നേൎച്ച കഴിക്കാറുണ്ടായിരുന്നുന്നെന്നും ആ സമ്പ്ര
ദായം ക്രമേണ നിന്നുപോയതുകൊണ്ടു ഈ വക അപകടങ്ങൾ സംഭവിച്ചുവരുന്നു
എന്നും ആയിരുന്നു. എങ്കിലും അവരുടെ ഇടയിൽ ഇത്തരം അജ്ഞാനമില്ലാ
ത്തവർ ഈ പുഴയിൽനിന്നു പലപ്രാവശ്യം മുതലകളെ വെടിവെച്ചു കൊന്നി
ട്ടുണ്ടു. പുഴയുടെ വടക്കുഭാഗമാണ് കാഴ്ചെക്കു വളരെ ഭംഗി. സമുദ്രം പോലെ
കണ്ണെത്താത്ത ദൂരത്തോളം കോലത്തുവയൽ എന്നു പേരായ ഒരു വിളഭൂമി
നിരത്തിന്റെ ഇരുഭാഗങ്ങളിലുമായി കിടപ്പുണ്ടു. ഇതു മഴക്കാലത്തിന്റെ ആ
രംഭത്തിൽ മരതകവൎണ്ണമായിരിക്കുമ്പോഴുള്ള ഭംഗി വൎണ്ണിപ്പാൻ പ്രയാസം. ഈ
വയലിന്റെ ഒത്ത മധ്യത്തിൽ
ഒരു അരയാൽ മരമുണ്ടായിരുന്നു. അതിന്റെ ചുറ്റും അനേകനാഴികവട്ട
ത്തിൽ വയലല്ലാതെ മറ്റു യാതൊരു വൃക്ഷവും ഇല്ലാത്തതിനാൽ നെല്ലു വിളഞ്ഞു
തുടങ്ങുമ്പോൾ വയലിൽ വന്നു വീഴുന്ന തത്ത മുതലായ കിളികൾ കതിർ
കൊത്തി മുറിച്ചുകൊണ്ടു ഈ മരത്തിന്റെ മുകളിലാണ് പോയിരിക്കുക. കൊ
ക്കിൽനിന്നു കതിൽ വീണു പോയാൽ കിളികൾ ആ വീണുപോയ കതിരെടു
ക്കാതെ വയലിലേക്കു പോയി പിന്നെയും വേറെ കതിരുകൾ മുറിച്ചെടുക്കും.
അതുകൊണ്ടു നെല്ലു കതിരിടുവാൻ തുടങ്ങുമ്പോൾ തന്നെ വയലിന്റെ ജന്മിയായ
കോലത്തിരി രാജാവു ഈ അരയാലിന്നു ചുറ്റു ഒരു കളമുണ്ടാക്കും. അതിൽ
പക്ഷികളുടെ കൊക്കിൽനിന്നു വീഴുന്ന നെല്ലെടുത്തനുഭവിച്ചു കൊൾവാൻ തക്ക [ 158 ] വണ്ണം അതു മുൻകൂട്ടി ലേലം വിളിക്കയും അതു മുന്നൂറു നാനൂറു ഉറുപ്പികെക്കു
ആളുകൾ ലേലത്തിലെടുക്കുകയും ചെയ്യും പോൽ. ഈ കഥയുടെ കാലത്തു ഈ
വയലിൽ അവിടവിടെ ചെറു ദ്വീപുകളെ പോലെ പത്തിരുപതു തെങ്ങിൻ
തൈകളും ഓരോ ചെറു കുടികളുമായി ചില പറമ്പുകളുമുണ്ടായിരുന്നതു കാഴ്ചക്കു
അത്യന്തം മനോഹരമായിരുന്നു.

ഈ വയലിന്റെ ഒരു മുക്കിൽക്കൂടി ഒന്നൊന്നര നാഴിക ദീൎഗ്ഘത്തിൽ തെക്കു
വടക്കായിട്ടാകുന്നു തളിപ്പറമ്പത്തേക്കുള്ള ചെത്തുവഴി. വയൽ കടന്നു വടക്കോട്ടു
ചെന്നാൽ ഒരു ഉയൎന്ന കുന്നിന്മേൽ അനവധി തേക്കുമരങ്ങളുടെ മദ്ധ്യത്തിൽ
ഒരു ക്ഷേത്രമുണ്ടു. അതിന്മേൽ കയറിയാൽ ഇരുപതിരുപത്തഞ്ചു നാഴിക
ചുറ്റുവട്ടത്തിലുള്ള രാജ്യങ്ങൾ കാണാം. അവിടെ നിന്നു വടക്കോട്ടു കുറ്റി
ക്കോൽപുഴവരെ ഏകദേശം നാലു നാഴിക നീളത്തിൽ ആ കാലം മാൎഗ്ഗം വള
രെ ദുൎഗ്ഘടമായിരുന്നു. ഈ വഴിക്കൽ ഒരു ഭാഗത്തു വലിയ ഒരു കാടും അതി
ന്റെ മദ്ധ്യത്തിൽ നീലിയത്തു കോട്ടം എന്നു പേരായ ഒരു കാവും ഉണ്ടു. പുത്ര
സന്താനങ്ങളില്ലാത്ത സ്ത്രീകൾ ഈ സ്ഥലത്തു ചെന്നു ഒരു മാസം പാൎത്തു തങ്ങ
ളുടെ ശക്തിക്കടുത്ത വഴിപാടുകൾ നേൎന്നു ചില വ്രതങ്ങളും ദീക്ഷിച്ചാൽ കാൎയ്യ
സാദ്ധ്യമുണ്ടാകുമെന്നു അദ്ദിക്കിലെ ജനങ്ങളുടെ വിശ്വാസമാണ്.

തളിപ്പറമ്പിൽ താമസിച്ച ദിവസങ്ങളിലെല്ലാം സുകുമാരിയും കരുണയും
ഗുലാബ്സിങ്ങിന്റെ കുഡുംബവുമായി രാവിലെയും വൈകുന്നേരവും ദേശത്തി
ന്റെ വിശേഷത കാണ്മാനും കാറ്റുകൊള്ളുവാനും നടന്നുപോകും. അനേകം
മലകളും കുന്നുകളും കയറി കിഴിയും. ഒരു ദിവസം അവരെല്ലാവരും കൂടി
ഠിപ്പുവിന്റെ കോട്ട കാണ്മാൻ പോയി. ആ സ്ഥലം എത്താറായപ്പോൾ സുകു
മാരി എന്തോ ഒരു സംഗതിവശാൽ പിമ്പിലായിപ്പോയിരുന്നു. അതു
കൊണ്ടു മറ്റവരെല്ലാവരും കുന്നിന്റെ പകുതിയിലധിം കയറിയപ്പോൾ ഇവൾ
അതിന്റെ അടിവാരത്തിൽ തന്നെ എത്തിയിരുന്നില്ല. താരബായി ദിവസേന
തന്നോടു കാണിച്ച വെറുപ്പും ഗൎവ്വവും മറ്റും വിചാരിച്ചു വ്യസനിച്ചുംകൊണ്ടു
അവൾ ഒരു ആൽതറയുടെ സമീപത്തെത്തിയപ്പോൾ അവിടെ ഒരാൾ ആ
തറമേൽ കിടക്കുന്നതു കണ്ടു. ആ നിൎജ്ജനപ്രദേശത്തു അവിടെ കിടക്കുന്നതാ
രായിരിക്കും എന്നു കാണ്മാൻ കയറി ചെന്നു നോക്കിയപ്പോൾ സേഡ്ഹാൎട്ട്
എന്ന പരദേശി കിടന്നുറങ്ങുകയാണെന്നു കണ്ടു. ആയാൾ അവിടെയും
എത്തിയതുനിമിത്തം അവൾ ഏറ്റവും അത്ഭുതപ്പെട്ടു. ഉറങ്ങുകയായിരുന്നെ
ങ്കിലും അശേഷം സ്വസ്ഥതയുണ്ടായിരുന്നില്ല. വളരെ ദുഃഖഭാവത്തിൽ ഓരോ
ന്നു പതുക്കെ പറകയും ഞരങ്ങുകയും ചെയ്യുന്നതു കണ്ടിട്ടു അവൾ അവന്റെ [ 159 ] മുഖത്തിനു നേരെ കുനിഞ്ഞു നിന്നുംകൊണ്ടു അവൻ പറയുന്നതു ശ്രദ്ധിച്ചു.
യാതൊന്നും മനസ്സിലായില്ലെങ്കിലും ആ മനുഷ്യന്റെ സ്ഥിതിയും മറ്റും ഓൎത്തു
കണ്ണിൽ വെള്ളം നിറഞ്ഞു. അവൾ ഓൎക്കാതെ രണ്ടു മൂന്നു തുള്ളി കണ്ണുനീർ
അവന്റെ മുഖത്തു വീണപ്പോൾ അവൻ ഞെട്ടി ഉണൎന്നു നാലു പാടും നോക്കി
തലെക്കൽ സുകുമാരി നില്ക്കുന്നതു കണ്ടു അതിശയിച്ചുപോയി.

സുകു: “നിങ്ങൾ ഈ പുലൎച്ച നേരത്തു ഇവിടെ കിടന്നുറങ്ങുന്ന സംഗ
തിയെന്തു?”

സേഡ്: “ഞാൻ നന്ന പുലൎച്ച ഇവിട ചില ആളുകളുടെ വരവും കാത്തു
നിന്നതാകുന്നു. ഇവിടെ കിടന്നുറങ്ങിപ്പോയി.”

സുകു: “നിങ്ങൾ ആരെയാകുന്നു കാത്തിരിക്കുന്നതു?”

സേഡ്: (മുമ്പിൽ പോകുന്നവരെ ചൂണ്ടിക്കാണിച്ചുംകൊണ്ടു) “അതാ
അവരുടെ കൂടെയല്ലയോ നീ വന്നതു? അവർ വളരെ ദൂരം എത്തിപ്പോയി.
നീ വേഗം പോയിക്കോളു.”

സുകുമാരി പിന്നെയും വളരെ ആശ്ചൎയ്യപ്പെട്ടുംകൊണ്ടു വേഗം നടന്നു
പോയി. തളിപ്പറമ്പിൽ ഇങ്ങിനെ ഒരാഴ്ച പാൎത്ത ശേഷം എട്ടാം ദിവസം
രാവിലെ അവർ വീണ്ടും കണ്ണൂരേക്കു പറുപ്പെട്ടു. രാത്രിയൊക്കെ ഘോരമായ
കാറ്റും മഴയും ഉണ്ടായിരുന്നു. രാവിലെ വളവടപ്പുഴക്കര സമീപിച്ചപ്പോൾ
മലവെള്ളം വന്നു പുഴ വളരെ ദൂരത്തോളം കവിഞ്ഞൊഴുകുന്നതു കണ്ടു. മറുക
രയിൽ ദിനകരനും ഗുലാബ്സിങ്ങും അവരുടെ അടുക്കൽ തന്നെ സേഡ്ഹാൎട്ട്
എന്ന ആളുമുണ്ടായിരുന്നു. കടവുകൾ വണ്ടി കടത്തുവാൻ വളരെ ഭയപ്പെ
ട്ടെങ്കിലും ഗുലാബ്സിങ്ങും ദിനകരനും വലിയ സമ്മാനം വാഗ്ദത്തം ചെയ്തതി
നാൽ അവർ ഒരു ചങ്ങാടം പ്രയാസേന താഴ്ത്തി ഇങ്ങേ കരയിലേക്കു കൊണ്ടു
വന്നു. വണ്ടി രണ്ടുണ്ടായിരുന്നു; അതു രണ്ടും ആളുകളെയും അവർ ചങ്ങാട
ത്തിൽ കയറ്റി വല്ല അപകടം സംഭവിച്ചെങ്കിൽ കാളകളുണ്ടായാൽ മനുഷ്യൎക്കു
രക്ഷപ്പെടുവാൻ പ്രയാസമായിരിക്കുമെന്നു പറഞ്ഞു കാളകളെയും വണ്ടിക്കാരെ
യും രണ്ടാമതും വന്നു കൊണ്ടുപോകാമെന്നു നിശ്ചയിച്ചു. മഴ ഘോരമായി
വർഷിച്ചുംകൊണ്ടിരുന്നു. വളരെ പ്രയാസത്തോടെ അരമണിക്കൂറിലധികം
കഴിഞ്ഞശേഷം മറുകരയിലെ പാതാറിനോടു സമീപിച്ചു. പാതാറിന്റെ
അറ്റം മുതൽ കരെക്കലോട്ടു ഇരുപതു വാര ദൂരത്തോളം വെള്ളം
നിറഞ്ഞിരുന്നു. അതുകൊണ്ടു ആ അറ്റത്തു രണ്ടു ഭാഗത്തും അടയാളത്തി
ന്നായി കുഴിച്ചിട്ടിരുന്നു രണ്ടു തൂണുകൾ ഒരു മുഴം മാത്രമേ വെള്ളത്തിന്മീതെ [ 160 ] കാണ്മാനുണ്ടായിരുന്നുള്ളൂ. അതോടു സമീപിച്ചപ്പോൾ ഒരു വലിയ കാറ്റടിച്ചു.
വണ്ടിയുടെ കൂട്ടിന്നു കാറ്റു കുടുങ്ങിയതിനാൽ ചുക്കാൻ പിടിച്ചവർ രണ്ടു പേ
രും എത്ര അദ്ധ്വാനിച്ചിട്ടും ചങ്ങാടത്തെ സ്വാധീനമാക്കുവാൻ അവൎക്കു കഴി
ഞ്ഞില്ല ചങ്ങാടത്തിന്റെ രണ്ടു തോണികളും ആ തൂണുകളിൽ ഒന്നിന്റെ
രണ്ടു ഭാഗത്തുമായി ഓടി തൂണിന്റെ തല ചങ്ങാടത്തിന്റെ നടുപ്പലകയോടു
വെച്ചു കുത്തിപ്പോയി. ഉടനെ ചങ്ങാടം വട്ടത്തിൽ ഒന്നു ചുറ്റി ഒരു തോണി
തൂണോടു തടഞ്ഞുംകൊണ്ടു പാതാറിന്റെ മേലായും മറ്റേതു വെള്ളത്തിലേക്കു
കുത്തി ചാഞ്ഞുകൊണ്ടു നിന്നുപോയി. കരെക്കലുള്ള മാപ്പിളമാരെല്ലാം ‘അള്ളാ’
എന്നും ഹിന്ദുക്കൾ ‘ഈശ്വരാ’ എന്നും നിലവിളിച്ചു തുടങ്ങി. ചങ്ങാടത്തിൽ
കയറിയിരുന്നവർ ഉയൎന്നഭാഗം അതിന്റെ അഴിയും പിടിച്ചു കൊണ്ടു നിന്നു.
കരുണയും സുകുമാരിയുമൊഴികെ മറ്റവരെല്ലാവരും നിലവിളിച്ചു. ഒരു
വണ്ടി ചരിഞ്ഞു മറ്റേതിന്മേൽ വീണുപോയിരുന്നതു നിമിത്തം തോണിക്കാർ
അതു എളുപ്പത്തിൽ തട്ടി പുഴയിലേക്കിട്ടുകളഞ്ഞു. മറ്റേതു അഴിയോടു തട
ഞ്ഞു കിടന്നതിനാൽ സ്ത്രീകളെ ആ വഴിയായി എടുത്തു നീന്തിക്കൊണ്ടു പോകു
ന്നതു പ്രയാസമായി. ചുഴിപ്പും തിരയും നിമിത്തം തോണി ഇറക്കുവാൻ ആരും
ധൈൎയ്യപ്പെട്ടില്ല. ചങ്ങാടം തൂണിന്റെ ഒരൊറ്റ താങ്ങൽകൊണ്ടാകുന്നു നില്ക്കു
ന്നതെന്നും അതു പൊട്ടിപ്പോയെങ്കിൽ ഉടനെ മുങ്ങിപ്പോകുമെന്നും കണ്ടതിനാൽ
രണ്ടു തോണിക്കാർ ചങ്ങാടത്തിലുള്ളവരെ ഓരോരുത്തരായി കരെക്കു നീന്തി
കൊണ്ടു പോവാനും മറ്റവർ വലിയ ആലാത്തുകൊണ്ടു ചങ്ങാടം പിടിച്ചു നിൎത്തു
വാൻ വേണ്ടി അതിന്നു കുടുക്കിടുവാനും ശ്രമിച്ചു. ഇതിന്നൊക്കെയും മദ്ധ്യേ
തന്നെ സേഡ് ഹാൎട്ട് എന്ന ആൾ നീന്തി ചങ്ങാടത്തെ ചുറ്റി ചെന്നു സുകുമാ
രിയോടു: “സുകുമാരീ, നീ ഒന്നും ഭയപ്പെടേണ്ടാ. നീ ഇങ്ങോട്ടു വെള്ളത്തിൽ
ചാടുക, ഞാൻ നിന്നെ രക്ഷിക്കും” എന്നു വിളിച്ചു പറഞ്ഞു. സുകുമാരി “ആദ്യം
കരുണമ്മയെ” എന്നു പറഞ്ഞു കരുണ എത്ര വിരോധിച്ചിട്ടും കൂട്ടാക്കാതെ “ഇവി
ടെ തൎക്കിപ്പാൻ സമയമില്ലെ”ന്നു പറഞ്ഞു അവളെ ഉന്തി തള്ളി പുഴയിലേക്കിട്ടു.
അപ്പോൾ തന്നെ സേഡ് ഹാൎട്ട് അവളുടെ തല വെള്ളത്തിൽ പൊന്തിച്ചു പിടി
ച്ചുംകൊണ്ടു താൻ ഏകനായി അവളെ കരക്കെത്തിച്ചു. മടക്കി ചെല്ലുമ്പോൾ
ചില മാപ്പിളമാർ ഈരണ്ടു പേർ ഓരോരുത്തരെയും കൊണ്ടു നീന്തിവരുന്നതു
കണ്ടു. സുകുമാരിയും താരബായിയും മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളു. തിര
മാലകൾ പൊന്തി ചങ്ങാടത്തിന്നകത്തേക്കു അലെച്ചു കൊണ്ടിരുന്നു. താര
ബായി ഇതു കണ്ടു പേടിച്ചു സുകുമാരിയുടെ കാല്ക്കൽ ചെന്നു വീണുകൊണ്ടു
അതുവരെ അവളെ നിസ്സാരമായി വിചാരിച്ചതൊന്നും ഓൎക്കാതെ “സുകുമാരീ [ 161 ] ആ വരുന്ന ആളോടു എന്നെ കൊണ്ടു പോവാൻ പറയേണം” എന്നപേക്ഷിച്ചു
നിലവിളിച്ചു. സുകുമാരി തന്റെ ഉൽകൃഷ്ടഗുണം പ്രത്യക്ഷമാക്കുവാൻ ഇതു
തന്നെ തരം എന്നു നിശ്ചയിച്ചു സേഡ് ഹാൎട്ട് അവളോടു വെള്ളത്തിൽ ചാടു
വാൻ പറഞ്ഞപ്പോൾ അവൾ താരബായിയെ തന്റെ കാല്ക്കൽ നിന്നെഴുന്നീ
പ്പിച്ചു അവന്റെ കയ്യിൽ ഇറക്കി വിട്ടുകൊടുത്തു. അവൻ അവളെയും കൊ
ണ്ടു കരെക്കെത്തിയപ്പോൾ താൻ ചങ്ങാടത്തിന്നരികിലേക്കു നീന്തി പോകുംവഴി
കണ്ട മാപ്പിളമാർ അപ്പോൾ അവിടെ എത്തീട്ടേ ഉള്ളു എന്നു കണ്ടു. അവ
രെല്ലാം തളൎന്നുപോയിരുന്നു. “ഇനി ഒരു കുട്ടി മാത്രമേ ഉള്ളു. നാം എല്ലാ
വരും കൂടി ഒരിക്കൽ കൂടെ ചെല്ലുക” എന്നു പറഞ്ഞു സേഡ് ഹാൎട്ടും രണ്ടു തോ
ണിക്കാരും നീന്തുവാൻ തുടങ്ങി. സേഡ് ഹാൎട്ട് മറ്റവരെക്കാൾ മുമ്പെ എത്തി.
നാലഞ്ചു വാര മാത്രം ചങ്ങാടത്തോടടുക്കുവാനുണ്ടായിരുന്നു. അപ്പോൾ കരെക്കു
നിന്നവർ ഭയങ്കരമായി കൂക്കി വിളിക്കുന്നതു കേട്ടു. അവൻ തല പൊക്കി
നോക്കുമ്പോൾ തന്റെ അടുക്കലേക്കു ചാടുവാനായി ചങ്ങാടത്തിന്റെ വിളുമ്പ
ത്തു ഒരുങ്ങി നില്ക്കുന്ന സുകുമാരിയുടെ പിമ്പിൽ നിന്നു ഒരു വലിയ തിര പൊ
ങ്ങി വരുന്നതു കണ്ടു “ചാടല്ലാ, അഴി മുറുക്കെ പിടിച്ചുകൊൾ” എന്നു അവൻ
വിളിച്ചു പറയുന്നതു കേട്ടു അവൾ തിരിയുമ്പോഴേക്കു തിര അടിച്ചു കഴിഞ്ഞു.
അവൾ കാലടി തെറ്റി പുഴയിൽ വീണു മുങ്ങി പോയി. [ 162 ] പതിനഞ്ചാം അദ്ധ്യായം.

സുകുമാരിയും മറ്റും തളിപ്പറമ്പിലിരിക്കും സമയത്തു കണ്ണൂരിൽ നടന്നിരുന്ന
ഒരു സംഭവം ഇപ്പോൾ വിവരിക്കേണ്ടിയിരിക്കുന്നു. പടിഞ്ഞാറെ കടൽ
തീരത്തിന്നു സമീപം ഒരു വലിയ വീട്ടിൽ ഒരു ദിവസം രാത്രി രണ്ടാളുകൾ
ഭക്ഷണത്തിന്നിരിക്കയായിരുന്നു. ഒരാൾ ആ വീട്ടിലെ ഗൃഹസ്ഥനും കുറെ
പ്രായം ചെന്നവനും ആയിരുന്നു. മറ്റവൻ ഒരു യുവാവും ആ രാത്രിയ
ത്തെ ഭക്ഷണത്തിന്നു ക്ഷണിക്കപ്പെട്ടതിനാൽ അവിടെ വന്നതും ആയിരുന്നു.
ഭക്ഷണം എത്രയും വിശിഷ്ടതരമായിരുന്നെങ്കിലും ഇരുവൎക്കും അതിൽ അത്ര
രസം തോന്നിയില്ല. മുഖത്തു രണ്ടു പേൎക്കും വളരെ കുണ്ഠിതമുണ്ടായിരുന്നു.
ഇവരെ ശുശ്രൂഷിച്ചതു കുറെ പ്രായം ചെന്ന ഒരു വേലക്കാരനായിരുന്നു. അ
വന്നും മുഖത്തു യാതൊരു പ്രസാദവുമുണ്ടായിരുന്നില്ല. മൂവരുടെ ഹൃദയത്തിലും
അവൎക്കു വളരെ വ്യസനകരമായ ഓരോ അനുഭവമുണ്ടെന്നുള്ളതു കാണികൾ
ക്കേവൎക്കും എളുപ്പത്തിൽ ഗ്രാഹ്യമാകുകയായിരുന്നു.

ഊൺകഴിഞ്ഞ ശേഷം അവർ രണ്ടു പേരും പൂമുഖത്തു ചെന്നിരുന്നു പ
ണിക്കാരൻ ചുരുട്ടു കൊണ്ടുവന്നപ്പോൾ ആ യുവാവു താൻ ചുരുട്ടു വലിക്കാറി
ല്ലെന്നു പറഞ്ഞു. അപ്പോൾ മറ്റെ ആൾ നിണക്കു ഈ വക ശീലങ്ങൾ യാ
തൊന്നുമില്ലേ? പൊടി ചുരുട്ടു വെറ്റിലടക്ക ഇതൊന്നിന്റെയും പെരുമാറ്റം
കൂടാതെ നീ കല്ക്കത്തയിൽ ഇത്രകാലം കഴിച്ചു കൂട്ടിയതെങ്ങിനേ?" എന്നു ചോ
ദിച്ചു.

സത്യദാസൻ: "എന്റെ മരിച്ചുപോയ അമ്മയുടെ ഉപദേശം എപ്പോഴും ഓ
ൎമ്മയുള്ളതിനാൽ തന്നെ. അമ്മ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഞാൻ പല
ദോഷങ്ങളും ചെയ്തുപോകുമായിരുന്നെന്നു തോന്നുന്നു. എങ്കിലും അമ്മ മരിച്ചുപോ [ 163 ] യതു മുതൽ ഞാൻ എന്തു ചെയ്താലും അമ്മ അതൊക്കെ കാണും എന്നു വിചാരി
ച്ചു വളരെ സൂക്ഷിച്ചുപോരുന്നു."

സേഡ് ഹാൎട്ട് ! "ദൈവം കാണുമെന്നു വെച്ചു ഭയമില്ല. അല്ലേ?"

സത്യ: "അതില്ലെന്നു വരുമോ? എങ്കിലും അമ്മയുടെ ഉപദേശം വിചാരി
ക്കുമ്പോൾ അതിനെ ലംഘിപ്പാൻ തോന്നിയാൽ അമ്മ കാണുന്നതോൎത്താലാകുന്നു
അധികം ഭയം. അതു മൂലം ദൈവഭയമുണ്ടെന്നുള്ളതും പ്രത്യക്ഷമല്ലേ? ഇങ്ങി
നെയാകുന്നു എന്റെ സ്വഭാവം. ഒരോരുത്തൎക്കു ഓരോ മാതിരിയാണല്ലോ
സ്വഭാവം."

സേഡ്: "എന്നാൽ അമ്മയുടെ ഒരുപദേശം നീ തീരെ മറന്നുപേയെന്നു
തോന്നുന്നു."

സത്യ: "അതെന്തെന്നും ഞാൻ വല്ലതും മറന്നുപോയിട്ടുണ്ടെന്നും ഓൎക്കു
ന്നില്ല."

സേഡ്: "നിണക്കെത്രവയസ്സായി?"

സത്യ: "എനിക്കു ഇരുപത്തു മൂന്നു വയസ്സു വേഗം കഴിയും."

സേഡ്: "നീ വിവാഹം കഴിപ്പാൻ വിചാരിക്കുന്നില്ലയോ?"

സത്യ: "നിങ്ങൾ എന്റെ കാൎയ്യം എല്ലാം അറിയുമെന്നു തോന്നുന്നുവല്ലൊ.
എന്നാൽ കാൎയ്യത്തിന്റെ വാസ്തവം നിങ്ങൾ അറിഞ്ഞിരിക്കയില്ല. ഞാൻ പറ
യാം നിങ്ങൾ കേട്ടുകൊൾവിൻ.

ഞാനും കരുണമ്മയുടെ സഖിയായി പാൎക്കുന്ന സുകുമാരിയും ചെറിയന്നേ
ഒന്നിച്ചു കളിച്ചു വളൎന്നവരാകുന്നു. എന്റെ പത്താം വയസ്സു മുതൽ അവളുമാ
യി പരിചയമുണ്ടു. ഞാൻ കല്ക്കത്തായിലേക്കു പോകുമ്പോൾ അവളെ ഞാൻ
എന്റെ അമ്മെക്കു ഒരു മകളായി കരുതിയിട്ടായിരുന്നു പോയതു.അതുപ്രകാ
രം തന്നെ അവൾ എന്റെ അമ്മെക്കു മരിക്കുവോളം വേണ്ടുന്ന സ്നേഹശുശ്രൂഷക
ളെല്ലാം ചെയ്തു. അമ്മയുടെ മരണത്തിന്നസാരം മുമ്പെ അവളുടെ കയ്യെഴു
ത്തായി അമ്മ എഴുതിച്ച ഒരു കത്തിന്റെ ഒടുവിൽ തന്റെ സ്വന്ത കയ്യക്ഷരമായി
'സുകുമാരിയെ ഒരിക്കലും മറന്നു പോകരുതേ' എന്നെഴുതിയിരുന്നു. അതു
മുതൽ എനിക്കു അവളെ വിവാഹം കഴിക്കേണമെന്നു താത്പൎയ്യമായി. കുറെ
കഴിഞ്ഞപ്പോൾ അമ്മയുടെ മരണവൎത്തമാനവും അവൾ തന്നെ എനിക്കെഴുതി
അറിയിച്ചു. എങ്കിലും ഞാൻ അവൾക്കു കത്തുകളൊന്നും എഴുതിയില്ല. അതി
ന്റെ സംഗതി പറയാം. അതുവരെ എനിക്കവളോടു സാധാരണ സഹോ [ 164 ] ദരിമാരോ സ്നേഹിതന്മാരോ തമ്മിലുള്ള വിധം സ്നേഹമാകുന്നു ഉണ്ടായിരുന്നതു.
അതു വേറൊരു രൂപം ധരിച്ചപ്പോൾ അതിനെ കുറിച്ചു അവളെ അറിയിക്കാ
തെ കത്തുകൾ എഴുതുന്നതു അയോഗ്യം എന്നെനിക്കു തോന്നി. സ്നേഹം വിശു
ദ്ധമാകുന്നെന്നും അതു ഒരു പോലെ അന്യോന്യം വേണ്ടതാവശ്യമാകുന്നെന്നും
ഈ സ്നേഹത്തിന്റെ അന്ത്യഫലമാകുന്നു വിവാഹമെന്നും ഞാൻ അഭിപ്രായ
പ്പെടുകയാൽ അഞ്ചാറു മാസം കാത്താൽ മതിയല്ലോ, പിന്നെ മുഖാമുഖമായി
കണ്ടു സംസാരിക്കാമല്ലോ എന്നു കരുതി സ്വസ്ഥമായിരുന്നു. ഉടനെ അമ്മയു
ടെ മരണവൎത്തമാനവും കേട്ടപ്പോൾ ഇനി ഒരു കൊല്ലത്തേക്കു ഈ കാൎയ്യം
തന്നെ വിചാരിക്കേണ്ട എന്നു നിശ്ചയിച്ചു. എന്റെ യജമാനൻ അതിന്നിട
യിൽ എന്നെ ബൊംബായിക്കു വിളിപ്പിച്ചു. വളരെ വ്യസനത്തോടെ ഞാൻ
അവിടെ എത്തി. അദ്ദേഹത്തിന്റെ മൂത്ത മകളായ താരബായി അവിടെ
വെച്ചു എന്നോടു പരിചയമായി. അവളുടെ ലോകപ്രിയവും ലഘുമനസ്സും എ
നിക്കു വളരെ അനിഷ്ടമായി തോന്നിയെങ്കിലും അവളുടെ വിരോധം സമ്പാദി
ച്ചാൽ അതു അവളുടെ അച്ഛന്റെ സ്നേഹക്കുറവിന്നു ഹേതുവായി തീരുമെന്നു
കണ്ടു അവൾ ആവശ്യപ്പെട്ടതിന്നെല്ലാം മനസ്സാക്ഷി സമ്മതിച്ചേടത്തോളം ഞാ
നും ആടിത്തുടങ്ങി. ഒരിക്കൽ അവൾ ഈ കണ്ണൂരിലെ ഒരോ വൎത്തമാനം പ
റഞ്ഞുംകൊണ്ടിരിക്കുമ്പോൾ സുകുമാരിയെക്കൊണ്ടും പറകയുണ്ടായി. അപ്പോൾ
ഞാൻ സുകുമാരിയെ അറിയുമെന്നും ഞാനുമായി ചെറിയന്നേ വളരെ താല്പൎയ്യ
മാകുന്നു എന്നും അവളോടു ഞാൻ പറഞ്ഞു. അവളുടെ കൌശലമോ എന്തോ
എനിക്കറിവാൻ പാടില്ല 'സുകുമാരി ഒരുത്തനുമായി കല്യാണം നിശ്ചയിച്ചിരി
ക്കുന്നു' എന്നു അപ്പോൾ തന്നെ അവൾ എന്നോടും പറഞ്ഞു. ഉടനെ എന്റെ
ഹൃദയത്തിൽ ഒരു അസ്ത്രം തറച്ച പോലെയായി. 'ഞാൻ സുകുമാരിക്കു കത്തെ
ഴുതാത്തതു ഒരു പ്രത്യേകസംഗതി നിമിത്തമാകുന്നു. എന്നാൽ അവൾ എനി
ക്കെഴുതാത്ത സംഗതിയെന്തായിരിക്കണം. ഇവൾ പറഞ്ഞ കാരണം നിമിത്തം
തന്നെ’ എന്നു ഞാൻ ഉടനെ വിശ്വസിച്ചു. വിവാഹം കഴിപ്പാൻ ഭാവിച്ചവൻ ആരെന്നറിവാൻ എനിക്കു താത്പൎയ്യമായതിനാൽ താരബായിയോടു കരുണമ്മെ
ക്കു അന്നു തന്നെ ഒരു കത്തെഴുതി അതു ചോദിച്ചറിവാൻ പറഞ്ഞു. ആ കത്തി
ന്നു കരുണമ്മ മറുപടി അയക്കാഞ്ഞതിനാൽ അതു ഞാൻ അറിയാതിരിപ്പാൻ
കല്പിച്ചു കൂട്ടി മൌനം ദീക്ഷിച്ചതാകുന്നു എന്നു എനിക്കു പൂൎണ്ണനിശ്ചയമായി. ഇ
ങ്ങിനെ ഇരിക്കുമ്പോൾ ഞാൻ കണ്ണൂരിലേക്കു വരേണ്ടതിന്നു ഒരു പ്രത്യേക
സംഗതിയുണ്ടായി വന്നു. [ 165 ] ഞാൻ കുട്ടിയായിരിക്കുമ്പോൾ ഒരു ദിവസം ഒരു കിഴവൻ പൊൎത്തുഗീസു
കാരൻ നിരത്തിന്മേൽ വീണു കണ്ടവരെല്ലാം അതു നോക്കി കൈകൊട്ടി ചിരി
ക്കുമ്പോൾ ഞാൻ ആയാളെ എഴുന്നീല്പിച്ചു, പാറിപ്പോയിരുന്ന തൊപ്പിയും കുട
യും കൊണ്ടുകൊടുത്തു ആയാളുടെ വീട്ടിലോളം കൊണ്ടാക്കിയിരുന്നു. പിന്നെ
ഇതുവരെക്കും ഞാൻ ആയാളെ കണ്ടിട്ടില്ല. എങ്കിലും ബൊംബായിലിരിക്കു
മ്പോൾ ഗുലാബ്സിങ്ങ് എന്നെ വിളിച്ചു എന്റെ കൈക്കൽ ഒരു മരണപത്രി
കയുടെ പകൎപ്പുതന്നു. അതിൽ ആ കിഴവന്നു സംബന്ധികളാരുമില്ലായ്കയാൽ
ആയാളുടെ വക സുമാറു ആയിരം ഉറുപ്പിക വിലെക്കുള്ള ഒരു വീടും പറമ്പും
അഞ്ഞൂറ്റിൽ ചില്വാനം ഉറുപ്പിക വിലെക്കുള്ള വീട്ടുസാമാനങ്ങളും അഞ്ഞൂറുറുപ്പി
ക നാണ്യമായും ഒരു പെട്ടിയിൽ അന്നു പാറിപ്പോയ കുടയും തൊപ്പിയും എന്റെ
ഗുരുത്വത്തിന്നു പ്രതിഫലമായി തന്നിരിക്കുന്നു എന്നെഴുതിയിരുന്നു. കിഴവൻ
മരിച്ചുപോയി. ആയാളുടെ ശിപാൎശിമേലായിരുന്നു എനിക്കു ഉദ്യോഗം കിട്ടി
യതു. അതുകൊണ്ടു ഗുലാബ്സിങ്ങ് കുഡുംബവുമായി ഇവിടെക്കു തിരിച്ചുവരുമ്പോൾ
എന്നെയും കൂടെ കൂട്ടിക്കൊണ്ടു വന്നു. ആ വസ്തുക്കളെല്ലാം ഞാൻ ഇവിടെ വന്ന
ഉടനെ ഏറ്റുവാങ്ങി. വീടും പറമ്പും നിമിത്തം ഗുലാബ്സിങ്ങ് എനിക്കു ഇവി
ടെ തന്നെ പ്രവൃത്തി തന്നു വേറെ ഒരാളെ കല്ക്കത്തെക്കു അയച്ചു. ഞങ്ങൾ ഇവി
ടെ എത്തിയപ്പോൾ സുകുമാരിയും കരുണമ്മയും മദിരാശിക്കു പോയിരുന്നു.
അവർ വരാറായപ്പോൾ താരാബായിയുടെ സുഖക്കേടു നിമിത്തം രാജ്യം മാറി
പാൎപ്പാനായി ഗുലാബ്സിങ്ങിന്റെ ഭാൎയ്യയും മക്കളും കോഴിക്കോട്ടിലേക്കു പോകു
മ്പോൾ അവരുടെ നിൎബന്ധത്താൽ ഞാ‍നും അവരുടെ കൂടെ പോയി. ദിവ
സേന രാവിലെയും വൈകുന്നേരവും അവൾ നടക്കേണമെന്നു വൈദ്യന്മാർ
കല്പിച്ചിരുന്നു. ഒരു ദിവസം രാവിലെ ഞങ്ങൾ കടല്പുറത്തു മണലിൽ നടന്നും
കൊണ്ടിരിക്കുമ്പോൾ താരബായി ഒരു ചട്ടക്കാരനെയും സുകുമാരിയെയും ചൂണ്ടി
കാണിച്ചു 'അതാ സുകുമാരിയും അവളെ കല്യാണം കഴിപ്പാൻ പോകുന്നവനും'
എന്നു പറഞ്ഞു. ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ അതു സുകുമാരി തന്നെ.
എന്നറിഞ്ഞു അവളെ എതിരിടേണം എന്നു കരുതി അവളുടെ സമീപത്തു
നിരത്തിന്മേൽ വന്നു കയറി. എങ്കിലും അടുത്തെത്തിയപ്പോൾ എനിക്കു വ്യസ
നം കൊണ്ടു തല നിവിൎത്തുവാൻ കഴിഞ്ഞില്ല. താരബായി എന്നോടു വായി
വെക്കാതെ ഹിന്തുസ്ഥാനിയിൽ അവളെ ഒരോന്നു പരിഹസിച്ചു പറഞ്ഞു
കൊണ്ടിരുന്നതു എനിക്കു അധികം വ്യസനത്തിന്നിടയായി. ഞങ്ങളെ അ
വർ കടന്നപ്പോൾ തന്നെ ഞാൻ തിരിഞ്ഞു നോക്കി. എന്നെ മനസ്സിലാ
യി ലജ്ജിച്ചിട്ടായിരിക്കേണം സുകുമാരി ഓടിപ്പോയി മണൽപ്രദേശത്തിലി [ 166 ] റങ്ങി ഇരുന്നു കളഞ്ഞിരുന്നു. ഞങ്ങൾ കുറെ ദൂരം പോയി ഒരു മതിൽ മറഞ്ഞു
നിന്നു നോക്കിയപ്പോൾ ആ ചട്ടക്കാരൻ അടുക്കെ ചെന്നു നിന്നു സംസാരി
ക്കുന്നതു കണ്ടു. കുറേനേരം കഴിഞ്ഞു അവരിരുവരും അവിടെ നിന്നു പുറപ്പെ
ട്ടപ്പോൾ ഞങ്ങൾ വേഗം വീട്ടിലേക്കു പോയി. ഞാൻ കോഴിക്കോട്ടിൽനിന്നു
ഇവിടെ വന്നശേഷം സുകുമാരിക്കു ഒരു കത്തെഴുതി. വേറൊരാൾ വിവാഹ
ത്തിന്നു നിശ്ചയിച്ച കന്യകയാകയാൽ ഞാൻ അവളെ മുമ്പു വിളിച്ചുവന്നിരുന്ന
പ്രകാരം ‘കുമാരി' എന്നും 'നീ' എന്നും ഉള്ള പദങ്ങൾ ആ എഴുത്തിൽ പ്രയോ
ഗിച്ചില്ല. അതിന്നു മറുവടിയായി അവൾ എത്രയും അപരിചിതഭാവത്തിൽ ഒരു
ഒറ്റവരി എഴുതി. ഞങ്ങൾ തമ്മിൽ ക്രടിക്കാഴ്ചക്കു സംഗതിവന്നപ്പോൾ ഈ
ഭാവത്തെ പറ്റി ഞാൻ അവളെ എത്രയും സൌമ്യമായി ആക്ഷേപിച്ചു. അ
വൾ എന്നെയും ഞാൻ എഴുതിയ കത്തിന്റെ രീതിനിമിത്തം ആക്ഷേപിച്ചു. അ
തിന്റെ സംഗതി ഞാൻ വിവരിപ്പാൻ ഭാവിച്ചപ്പോൾ അവൾക്കതു കേൾപ്പാൻ
മനസ്സില്ലാതെ കളവും വഞ്ചനയും എന്റെ മേൽ ചുമത്തി എന്നെ ശാസിപ്പാൻ
തുടങ്ങിയപ്പോൾ ഞാൻ ഇറങ്ങിവന്നു കളഞ്ഞു. ഇതത്രെ എന്റെ ചരിത്രം.
എന്നാൽ എനിക്കൊരു സംശയം ചോദിപ്പാനുണ്ടു. അവളെ വിവാഹം ചെ
യ്വാൻ പോകുന്നതു നിങ്ങളല്ലയോ?"

സേഡ്: "കഷ്ടം! ഞങ്ങളുടെ പ്രായംകൊണ്ടു നീ എന്തു വിചാരിക്കുന്നു?"

സത്യ: "അതിപ്പോൾ പറഞ്ഞിട്ടെന്തു? എത്ര വൃദ്ധന്മാർ തങ്ങളുടെ മക്കളെ
ക്കാൾ പ്രായം കുറഞ്ഞ കന്യകമാരെ വിവാഹം ചെയ്തുവരുന്നു. നിങ്ങൾക്കു നാ
ല്പതിലധികം പ്രായമുണ്ടോ?"

സേഡ്: "അതു നടപ്പിന്നു യാതൊരു പ്രമാണവും ഇല്ലാത്ത മനുഷ്യർ ചെ
യ്യുന്ന പണിയാകുന്നു. ആ കാൎയ്യം ഇരിക്കട്ടേ. താരബായി നിന്നെയും സുകു
മാരിയെയും ഒരുപോലെ വഞ്ചിച്ചിരിക്കുന്നു. അവൾ നല്ല കൌശലക്കാരത്തി
തന്നെ സംശയമില്ല."

സത്യ: "അതെങ്ങിനെയാകുന്നു എന്നു പറഞ്ഞാൽ ഉപകാരം."

സേഡ്: "ബൊംബായിൽനിന്നു താരബായി എഴുതിയ കത്തിൽ നീ പറ
ഞ്ഞതു യാതൊന്നും അവൾ എഴുതിയിരുന്നില്ല. നിണക്കു അവളിൽ അനുരാ
ഗമാണെന്നു സുകുമാരി ഗ്രഹിപ്പാൻ തക്ക ഒരു സൂചനയാകുന്നു എഴുതിയതു."

സത്യ: "അതു നിങ്ങളെങ്ങിനെ അറിഞ്ഞു?"

"സേഡ്: "അതു നീ ചോദിക്കേണ്ട. കരുണയും സുകുമാരിയും തമ്മിൽ
ഇതിനെപ്പറ്റിയും മറ്റും കഴിഞ്ഞ സകല സംഭാഷണവും അറിവാൻ എനിക്കു [ 167 ] കഴിഞ്ഞിരിക്കുന്നു. ആ കത്തു വന്നതു മുതലാകുന്നു സുകുമാരിക്കു വ്യസനം തുട
ങ്ങിയതെന്നു എനിക്കറിയാം. പിന്നെ കോഴിക്കോട്ടിൽ ഞാനും അവളും ഒന്നി
ച്ചു നടക്കുന്നതു നീ കണ്ടുവല്ലോ. അന്നു ഞാൻ അവളെ അവിടെ യദൃച്ഛയാ
കണ്ടുമുട്ടിയതാകുന്നു. അന്നാകുന്നു ഞാൻ അവളോടു ഒന്നാമതു സംസാരിച്ചതു.
നിന്നെ ആ പെണ്ണിനോടു ക്രടെ കണ്ടിട്ടാണ് അവൾ ഓടിപ്പോയി ദൂരെ ഇരു
ന്നുകളഞ്ഞതു. എന്നോടു അവൾ സംഗതി പറഞ്ഞില്ലെങ്കിലും ഞാൻ ചെന്നു
അവളെ ആശ്വസിപ്പിച്ചു ക്രട്ടിക്കൊണ്ടു വീട്ടിലാക്കി നിങ്ങളുടെ പിന്നാലെ വ
ന്നപ്പോൾ നിങ്ങളെ കണ്ടില്ല. സുകുമാരിക്കു ഇപ്പോഴും നിന്നോടാണ് സ്നേഹം.
നീ അവളെ കൈവിട്ടെന്നാകുന്നു അവളുടെ വിശ്വാസം. അതുകൊണ്ടു നീ
അവളെ വിവാഹം ചെയ്യുമോ? തീൎച്ച പറക."

സത്യ: "ഞാൻ അവളെയല്ലാതെ ആരെയും സ്നേഹിക്കുന്നില്ല. മറ്റാരെയും
കല്ല്യാണം കഴിക്കയുമില്ല. താരബായിയും ഞാനും ഇതുവരെ വിവാഹത്തെ
പറ്റി യാതൊന്നും സംസാരിച്ചിട്ടില്ല. അവൾക്കു എന്റെ സ്വഭാവം നല്ലവ
ണ്ണം അറിയാം. അതു ക്രടാതെ അവളുടെ അച്ഛന്നും അമ്മെക്കും അവളെ
ബൊംബായിലാൎക്കെങ്കിലും കെട്ടിച്ചു കൊടുപ്പാനാകുന്നു വിചാരം എന്നു എനിക്കു
പൂൎണ്ണനിശ്ചയമുണ്ടു. എന്നിൽ അവൎക്കുള്ള വിശ്വാസം നിമിത്തമത്രെ മകളോടു
ക്രടെ സ്വാതന്ത്ര്യമായി നടക്കുന്നതിന്നും മറ്റും അവൎക്കു വിരോധമില്ലാത്തതു."

സേഡ്: "എന്നാൽ ഞാൻ നാളെ തളിപ്പറമ്പിലേക്കു പോകും. അവിടെ
എനിക്കൊരു പ്രവൃത്തിയുണ്ടു. തരമുണ്ടെങ്കിൽ ഞാൻ ഈ കാൎയ്യം അവളെ അ
റിയിക്കാം." [ 168 ] പതിനാറാം അദ്ധ്യായം

ദിനകരന്റെ വീട്ടിൽ ഒരു ദിവസം രാവിലെ മുതൽ തന്നെ വലിയ ഒരു സ
ദ്യയുടെ ഒരുക്കവും തിരക്കുമായിരുന്നു. സുകുമാരി പുഴയിൽ വീണു മുങ്ങിപ്പോ
യതു നാം കേട്ടിരിക്കുന്നുവല്ലോ. അവൾ ആണ്ടുപോകുന്നതു കണ്ടപ്പോൾ ത
ന്നെ സമീപത്തുണ്ടായിരുന്ന സേഡ് ഹാൎട്ട് എന്ന ആൾ അവളുടെ പിന്നാലെ
മുങ്ങി ചെന്നു. ഒഴുക്കിന്റെ ശക്തിനിമിത്തം ഒന്നു രണ്ടു നിമിഷം കഴിഞ്ഞ
പ്പോൾ മാത്രം അവളെ പിടുത്തും കിട്ടി. വളരെ പ്രയാസേന അവളെ ഇ
ഴച്ചു പാതാറിന്മേൽ കൊണ്ടുവരുമ്പോഴേക്കു ആയാൾ കുഴഞ്ഞും അവൾ ബോ
ധം കെട്ടും പോയിരുന്നു. അവളെ കരയിലുണ്ടായിരുന്നവർ കമിഴ്ത്തിക്കിടത്തി
ഓരോ വിദ്യകളൊക്കെ ചെയ്തപ്പോൾ അവൾക്കു സുബോധം വന്നു. അതുവരെ
അവളെ നിന്ദിച്ചിരുന്ന താരബായി ഇപ്പോൾ തന്റെ നിമിത്തം അവളനുഭവി
ച്ച കഷ്ടങ്ങൾ കണ്ടപ്പോൾ അവളെ വിട്ടുമാറാതെ ആവശ്യമുള്ള ശുശ്രൂഷകളൊ
ക്കെ ചെയ്തുകൊടുത്തു. ഈ തിരക്കെല്ലാം കഴിഞ്ഞ ശേഷം ദിനകരനും ഗുലാബ്സി
ങ്ങും ഈ രക്ഷാപ്രവൃത്തികളെല്ലാം ചെയ്ത ധീരനെ അഭിനന്ദിക്കേണ്ടതിന്നായി
അന്വേഷിച്ചപ്പോൾ ആയാളെ എങ്ങും കണ്ടില്ല. എങ്കിലും പരിചയമുള്ള ഒരാ
ളാകയാൽ കണ്ണൂരിൽ വെച്ചു കാണാമെന്നുവെച്ചു എല്ലാവരും ക്രടെ സന്തോഷ
ത്തോടെ കണ്ണൂരേക്കു പോയി. കരുണയുടെ ഉത്സാഹത്തിന്മേൽ പിറ്റേ ദിവ
സം രാത്രി ഈ കൃപ കാണിച്ച ദൈവത്തെ സ്തുതിപ്പാനായി അടുത്തു സ്നേഹിത
ന്മാരെ ക്ഷണിച്ചു ഒരു പ്രാൎത്ഥന കഴിപ്പാനും അവൎക്കു ഒരു സദ്യ കഴിപ്പാനും
ദിനകരൻ നിശ്ചയിച്ചു. അതിന്നായി അന്നു വൈകുന്നേരം തന്നെ ക്ഷണന
പത്രങ്ങൾ അയച്ചതിൽ ഒന്നു സേഡ് ഹാൎട്ട് എന്ന ആൾക്കുമുണ്ടായിരുന്നു. അ
ന്നു രാത്രി താരബായി സുകുമാരിയോട് "സുകുമാരി! നിന്റെ ഭൎത്താവാവാൻ [ 169 ] സത്യഭാസൻ തന്നെ യോഗ്യൻ. അവന്നു ഭാൎയ്യയാവാൻ നിന്നെപ്പോലെ
യോഗ്യയായ ഒരു യുവതിയെയും ഞാൻ കണ്ടിട്ടില്ല. ഞാൻ നിങ്ങളിരുവ
ൎക്കും മദ്ധ്യേ വളരെ വഞ്ചന പ്രവൃത്തിച്ചിട്ടുണ്ടു. അതൊക്ക എന്നോടു ക്ഷമി
ക്കേണം" എന്നു ഏറ്റു പറഞ്ഞു. സത്യഭാസന്റെ പരമാൎത്ഥതയെ കുറിച്ചു
അവൾ വിവരമായി സുകുമാരിയെ പറഞ്ഞു ഗ്രഹിപ്പിച്ചു. "നിന്റെ പരമാത്ഥം
ഞാൻ നാളെ തന്നെ അവനെയും പറഞ്ഞു ധരിപ്പിച്ചു രാത്രി ഇങ്ങോട്ടു ക്രട്ടി
കൊണ്ടുവരും?" എന്നും പറഞ്ഞു. ആ സന്തോഷത്തോടെ സുകുമാരി രാവിലെ
എഴുന്നീറ്റു താൻ സത്യഭാസനോടു ചെയ്ത കടുപ്പം ഓൎത്തുകൊണ്ടു തോട്ടത്തിൽ
തനിയെ അങ്ങോട്ടും ഇങ്ങോട്ടും നടക്കയായിരുന്നു. അപ്പോൾ ഒരു ചെറുക്കൻ
അവളുടെ കൈക്കൽ ഒരു കത്തു കൊണ്ടു കൊടുത്തു. അവിടെ തന്നെ ഇരുന്നു
അതു വായിപ്പാൻ തുടങ്ങി:—

"എന്റെ പ്രിയ മകളേ,
മൂന്നു ദിവസങ്ങൾക്കു മുമ്പേ നീ തളിപ്പറമ്പിൽവെച്ചു
ഒരു പരദേശിയും തീരെ അന്യനുമായ ഒരുവനെച്ചൊല്ലി കണ്ണുനീരൊഴിച്ചു
നിന്റെ കണ്ണീരുകളാൽ അവനെ ഉറക്കിൽനിന്നുണൎത്തിയതു നീ ഓൎക്കുമല്ലോ.
ആ കണ്ണുനീർ ഈ കത്തെഴുതുന്ന എന്റെ ഹൃദയത്തിന്നു എത്ര വലിയ ഒരു ആ
ശ്വാസം തന്നിരിക്കുന്നു എന്നു നിണക്കു ഒരിക്കലും ഗ്രഹിപ്പാൻ കഴികയില്ല.
ഒരു അന്യനോടു ഇത്ര വാത്സല്യം കാണിക്കുന്ന നീ നിന്റെ സ്വന്തഅച്ഛ
നോടു അസാരമെങ്കിലും ദയ കാണിക്കാതിരിക്കയില്ലെന്നു ഞാൻ വിശ്വസിക്കു
ന്നു. സുകുമാരി! ഞാൻ നിന്റെ സ്വന്ത അച്ഛനാകുന്നു. നീ എന്റെ സ്വ
ന്ത മകളുമാകുന്നു. എനിക്കു ഈ ഭൂമിയിൽ ഒരു കടം തീൎപ്പാനുണ്ടെങ്കിൽ അതു
നിന്റെ കടം മാത്രമത്രേ. ഇതിന്നായി മാത്രമേ ഒരു നിമിഷമെങ്കിലും ഈ ഭൂ
മിയിൽ ജീവിച്ചിരിപ്പാൻ എനിക്കു താത്പൎയ്യമുള്ളു. അതുകൊണ്ടു നിന്നെ ചെറി
യന്നേ ഈ ഭൂമിയിലെ നാനാ കഷ്ടപ്പാടുകൾ സഹിപ്പാൻ ഏല്പിച്ചു വിട്ട നിന്റെ
അച്ഛന്റെ ഈ കുറ്റം നിണക്കു ക്ഷമിപ്പാൻ കഴിയുമെങ്കിൽ എന്റെ സന്തോ
ഷം പൂൎത്തിയാകും. ഞാൻ താഴെ എഴുതുന്ന ചരിത്രം വായിച്ചു നോക്കി എന്റെ
കുറ്റങ്ങൾ ക്ഷമെക്കു യോഗ്യമല്ലയോ എന്നു ചിന്തിച്ചു നോക്കുക.

ഞാൻ നീ അമ്മ എന്നു വിളിച്ച മാത എന്നവരുടെ മകനും നി ജ്യേഷ്ഠത്തി
എന്നു വിളിച്ച മാണിക്കത്തിന്റെ ജ്യേഷ്ഠനുമാകുന്നു. ക്രിസ്ത്യാനിയാവാൻ ഒരു
മ്പെട്ടതിനാൽ എന്റെ അമ്മയും അച്ഛനും എന്നെ വേഗം വേളി കഴിപ്പിച്ചു.
അച്ഛൻ ആ വൎഷം തന്നെ മരിച്ചുപോയതിനാൽ അജ്ഞാനിയായ അമ്മ അതു [ 170 ] നിന്റെ അമ്മയുടെ ലക്ഷണപ്പിഴകൊണ്ടു സംഭവിച്ചതാണെന്നു പറഞ്ഞു, എ
പ്പോഴും അവളെ ഹിംസിക്കലായി. ഒരു വൎഷം കഴിഞ്ഞപ്പോൾ നീ ജനിച്ചു.
നിന്റെ ജനനത്തിൽ തന്നെ നിന്റെ അമ്മയും മരിച്ചുപോയി. നിണക്കു
ഒരു വയസ്സു തികയുന്നതിന്നു മുമ്പേ ഞാൻ ക്രിസ്തുമതം അവലംബിച്ചു വീടും വി
ട്ടു പോയി. അതുമുതൽ അമ്മ നിന്നെ സംരക്ഷിച്ചുവന്നു. എന്നെ വീട്ടിൽ
വരുവാനോ നിന്നെ കാണ്മാനോ സമ്മതിച്ചതുമില്ല. ഞാൻ ക്രിസ്ത്യാനിയാകു
മ്പോൾ എനിക്കു ഹാസ്പത്രിയിൽ ഒരു ഗുമസ്തവേലയുണ്ടായിരുന്നു. ആ പണി
തന്ന ഡക്ടർസായ്വ് മാറ്റമായി പോയ ശേഷം ഞങ്ങളുടെ സഭയിലെ ഉപദേ
ഷ്ടാവൎവകളുടെ സഹായത്താൽ എനിക്കു കോട്ടയിൽ ഒരു എഴുത്തുപണി കിട്ടി.
അതുനിമിത്തം ഞാൻ ബെൽഗാമിലേക്കു മാറിപ്പോകേണ്ടിവന്നു. നിന്റെ ഇ
പ്പോഴത്തെ രക്ഷിതാവായ ദിനകരൻ അക്കാലം ആ ദേശത്തിലായിരുന്നു. താൻ
ഒരു മലയാളി ആകയാൽ എന്നോടു വളരെ താത്പൎയ്യമായി മൂന്നു വൎഷം ഞാൻ
ഈ പ്രവൃത്തി ചെയ്തെങ്കിലും ആ സമയങ്ങളിലെല്ലാം കരുണയുമായുണ്ടായ സ
ത്യവും നിഷ്കളങ്കവുമായ സ്നേഹംനിമിത്തം അവളുടെ ഗുരുക്കൾക്കു എന്നോടു അ
സൂയയായി എന്റെ മേൽ ദിനകരന്നു അനിഷ്ടം ഉണ്ടാക്കിത്തീൎത്തു എന്റെ
പരമാൎത്ഥം താമസിയാതെ വെളിവായെങ്കിലും എനിക്കതുമുതൽ ലോകത്തോടും
മനുഷ്യസംസൎഗ്ഗത്തിലും വിരക്തിയുണ്ടായതിനാൽ ഞാൻ എന്റെ പണിയും ഉ
പേക്ഷിച്ചു സ്വന്ത രാജ്യത്തേക്കു പുറപ്പെട്ടു. ഞാൻ വരുന്ന വിവരം അമ്മയെ
അറിയിച്ചു നിണക്കായി കുറെ പണവും അയച്ചിരുന്നു. ശുഭമായ ഒരു യാത്ര
കഴിഞ്ഞു ഒരു ദിവസം സന്ധ്യെക്കുപരന്ത്രീസ്സുനാടായ മയ്യഴിയിൽ എത്തിയപ്പോൾ
അവിടെനിന്നു ഒരാൾ എന്നോടു 'ഇവിടെനിന്നു സന്ധ്യയായാൽ വഴിപോക്ക
രെ ബലാത്കാരമായി പിടിച്ചു പരന്ത്രീസ്സുകപ്പലിൽ കയറ്റി ബുൎബ്ബോൻദ്വീപി
ലേക്കു അടിമകളാക്കി കൊണ്ടുപോയ്ക്കളയാറുണ്ടു. അതുകൊണ്ടു സഞ്ചരിക്കാ
തെ ഇന്നു രാത്രി എന്റെ വിട്ടിൽ വന്നു താമസിച്ചുകൊള്ളു' എന്നു പറഞ്ഞു. ആ
യാളുടെ സംസാരരീതിനിമിത്തം ഞാൻ അതു വിശ്വസിച്ചു ആയാളുടെ ക്രടെ
ചെന്നു. ആയാൽ ഒരു തിയ്യനായിരുന്നു. ആയാൾ എനിക്കു രാത്രിയത്തെ ഊ
ണും തന്നു അതു കഴിഞ്ഞ ശേഷം ഉറങ്ങുവാൻ ഒരു സ്ഥലം കാണിച്ചുതരാമെന്നു
പറഞ്ഞു എന്നെ ഒരു അറയിൽ കൊണ്ടാക്കി പെട്ടെന്നു വാതിലടച്ചുകളഞ്ഞു. അ
പ്പോൾ മാത്രമേ എനിക്കു കാൎയ്യം ഗ്രഹിച്ചുള്ളൂ. അവൻ അടിമക്കച്ചവടക്കാരുടെ
ഒരു കാൎയ്യസ്ഥനായിരുന്നു. എന്റെ പേരും തറവാടും ഒക്കെ ചോദിച്ചറിഞ്ഞിരു
ന്നതിനാൽ എന്നെ തലശ്ശേരിക്കിപ്പുറമുള്ള ശ്രുതിപ്പെട്ട ചെമ്മിണിയൻ കുന്നി
ന്റെ സമീപത്തുനിന്നു കള്ളന്മാർ കൊന്നുകളഞ്ഞിരിക്കുന്നു എന്നൊരു ഭോഷ്കു [ 171 ] ഇവിടെയൊക്ക പരത്തിയ പ്രകാരം ഞാൻ ഇവിടെ മടങ്ങി വന്നതിൽപ്പിന്നേ
കേട്ടു. രണ്ടു മൂന്നു ദിവസത്തിലിടെക്കു അവൻ എന്നെ കപ്പൽകയറ്റി ബുൎബോ
നിലേക്കയച്ചു. എന്നെ വാങ്ങിയതു ഒരു കരിമ്പിൻ തോട്ടത്തിന്റെ ഉടമസ്ഥനാ
യിരുന്നു. അദ്ദേഹത്തിന്നു ഇംഗ്ലിഷറിവുള്ള ഒരു ഗുമസ്തൻ ആവശ്യമായിരുന്ന
തിനാൽ എന്നെ ദയയോടെ ആ പണിക്കാക്കി.

ഇതിന്റെ ശേഷമുള്ള വിവരങ്ങൾ ഞാൻ മുഖതാവിൽ പറവാൻ ഇട
വന്നാൽ പറയാം. ഞാൻ കള്ളന്മാരുടെ കയ്യിലകപ്പെട്ടു പോയെന്ന വൎത്ത
മാനം ഈ ദിക്കിൽ പരന്നിരിക്കയാൽ എന്നെ വെളിപ്പെടുത്തുവാൻ കുറെ പ്രയാ
സമായിരുന്നു എങ്കിലും നിന്നോടു ഞാൻ കോഴിക്കോട്ടു വെച്ചു പറഞ്ഞപ്രകാരം
എന്റെ സമ്പത്തായ നിന്നെ കൈവശപ്പെടുത്തുവാൻ എനിക്കു ഇനി പ്രയാസ
മില്ലെന്നു എനിക്കു നിശ്ചയമായിരിക്കുന്നു. നിണക്കു എന്നെ നിന്റെ അച്ഛ
നായി അംഗീകരിപ്പാൻ മനസ്സുണ്ടെങ്കിൽ ഇതിന്നു ഉടനെ മറുപടി അയ
ക്കേണം. ഇന്നു രാത്രി നിന്റെ വീട്ടിൽ വരുന്നതിന്നു മുമ്പെ ഈ കാൎയ്യ
മൊക്കെ തീരേണമെന്നകുന്നു എന്റെ വാഞ്ഛ. എങ്കിലും കരുണയെയും ദിനക
രനെയും ഇപ്പോൾ ഈ വിവരം അറിയിക്കരുതു.
എന്നു നിന്റെ വാത്സല്യമുള്ള അച്ഛൻ
സത്യാൎത്ഥി."

സുകുമാരി ഈ എഴുത്തു വായിച്ചു തീൎന്ന ഉടനെ അകത്തു പോയി ഒരു മറു
പടി എഴുതി:—

“എന്റെ പ്രിയ അച്ഛാ,
എനിക്കു ഈ ഭൂമിയിൽ ഒരാളെ അച്ഛാ എന്നു വിളി
പ്പാൻ ഇടവന്നതിൽ ഞാൻ ഒന്നാമതു ദൈവത്തെ സ്തുതിക്കുന്നു. എന്റെ സ്വന്ത
അച്ഛൻ എന്നു അറിയുന്നതിന്നു മുമ്പെ തന്നെ ഇന്നലെ എന്നെ ആ വലിയ ആ
പത്തിൽ നിന്നു രക്ഷിച്ചു. ഇപ്പോൾ ഞാൻ ജീവനോടിരിപ്പാൻ സംഗതി വരു
ത്തിയതിനാൽ എന്റെ അച്ഛനെ പോലെ ഞാൻ വിചാരിച്ചിരിക്കുന്നു. എ
നിക്കു ഇതിലധികം എഴുതുവാൻ ശക്തിപോരാ. സന്തോഷം നിമിത്തം ശക്തി
കുറഞ്ഞുപോയിരിക്കുന്നു. ഇതു കിട്ടിയ ഉടനെ ഇങ്ങോട്ടു വരുവാൻ ഞാൻ
വളരെ താത്പൎയ്യമായി അപേക്ഷിക്കുന്നു
എന്നു പ്രിയ മകൾ
സുകുമാരി." [ 172 ] ആ കത്തു ആ ചെറുക്കന്റെ കൈവശം തന്നെ കൊണ്ടുകൊടുത്തു. നേരം
ഒമ്പതു മണിയായപ്പോൾ പരിപൂൎണ്ണം കരുണയുടെ അടുക്കൽ ചെന്നു "തോട്ട
ത്തിൽ ഒരാൾ വന്നു നില്ക്കുന്നുണ്ടു. സുകുമാരിയെ സ്വകാൎയ്യമായി കണ്ടു സംസാ
രിക്കേണം പോൽ" എന്നു പറഞ്ഞു. അതു സത്യദാസനായിരിക്കാം എന്നു വിചാ
രിച്ചു കരുണ അവളോടു "ഉമ്മരത്തെ മുറിയിൽ അച്ഛൻ ഉണ്ടു. നീ ആ
യാളെ ക്രട്ടിക്കൊണ്ടു പോയി നിന്റെ മുറിയിൽ ഇരുത്തി സുകുമാരിയോടു
ചെന്നു പറക" എന്നു പറഞ്ഞു.

സുകുമാരി പരിപൂൎണ്ണത്തിന്റെ മുറിയിൽ ചെന്നപ്പോൾ പരിപൂൎണ്ണം അറി
യിച്ചപ്രകാരം സത്യദാസനെ കണ്ടില്ല. എങ്കിലും സത്യദാസൻ ഉടുക്കുന്ന
വിധം വസ്ത്രം ധരിച്ചു കുറെ പ്രായം ചെന്ന ഒരാൾ അവിടെ ഇരിക്കുന്നതു
കണ്ടു അമ്പരന്നു പോയി. അതു സത്യാൎത്ഥി ആയിരുന്നു. നീണ്ട താടി
ക്ഷൌരം ചെയ്തു ചട്ടക്കാരുടെ മട്ടിലുള്ള വസ്ത്രം മാറ്റിയിരുന്നതിനാൽ അവൾ
ഉടനെ അതാരെന്നറിഞ്ഞില്ല. എങ്കിലും "അടുത്തു വാ" എന്നു വിളിക്കുന്ന
ശബ്ദം കേട്ടപ്പോൾ തന്നെ അതു മുമ്പേത്ത സേഡ് ഹാൎട്ട് ആണെന്നു മനസ്സി
ലായി ഓടി ചെന്നു അച്ഛനെ കെട്ടിപ്പിടിച്ചു രണ്ടു പേരും കരഞ്ഞു. കുറേ
നേരം ഇങ്ങിനെ കഴിഞ്ഞപ്പോൾ അവൻ "എനിക്കു താമസിപ്പാൻ പാടില്ല.
ദിനകരൻ ആപ്പീസിലേക്കു പോകുന്നതിന്നു മുമ്പെ എനിക്കു കാണേണം.
ഇന്നു രാത്രി ഈ വക പണിക്കൊന്നും അവസരമുണ്ടാകയില്ല. ഈ പ്രവൃത്തി
തീരുന്നതിനു മുമ്പെ എനിക്കു ഇന്നു രാത്രിയത്തെ യോഗത്തിൽ ചേരുവാനും
ഇഷ്ടമില്ല" എന്നു പറഞ്ഞു ഒരെഴുത്തു അവളുടെ കൈക്കൽ കൊടുത്തു, അതു
ദിനകരന്നു കൊണ്ടു കൊടുപ്പാൻ പറഞ്ഞു. അതു വളരെ വൎഷങ്ങൾക്കു മുമ്പെ
ദിനകരൻ അവന്നു അയച്ച അവസാനത്തെ കത്തായിരുന്നു. എഴുത്തു വാങ്ങി
നോക്കിയ ഉടനെ ദിനകരൻ ഭ്രമിച്ചുപോയെങ്കിലും "ഇതു തന്ന ആളോടു
ഇങ്ങോട്ടു വരുവാൻ പറക" എന്നു പറഞ്ഞു. സുകുമാരി സത്യാൎത്ഥിയെയും
ക്രട്ടി അകത്തേക്കു കടന്ന ഉടനെ ദിനകരൻ അവനെ അറിഞ്ഞു മുമ്പോട്ടു ഓടി
ച്ചെന്നു കൈപിടിച്ചു “സത്യാൎത്ഥി! എന്റെ ജീവകാലത്തിൽ നിന്നെ കാണ്മാൻ
ഇടവരികയില്ലെന്നുള്ള ദുഃഖത്തിൽ ഞാൻ ഓരോ ദിവസവും കഴിച്ചു ക്രട്ടി പോ
ന്നിരിക്കുന്നു എന്നതിന്നു ദൈവം സാക്ഷി. കഴിഞ്ഞതൊക്കെ പോകട്ടെ. നീ
എന്റെ കുറ്റം ക്ഷമിച്ചിരിക്കുന്നുവോ എന്നു കേട്ടാൽ മതി" എന്നു ഉറക്കെ നില
വിളിച്ചും കൊണ്ടു പറഞ്ഞു. [ 173 ] സത്യ: "ക്ഷമിച്ചില്ലെങ്കിൽ ഞാൻ ഇവിടെ വരികയില്ലയായിരുന്നു. എന്റെ
ഈ ഏകപുത്രിയെ നിങ്ങൾ ഇതുവരെ പോററി രക്ഷിച്ചതിന്നായി ഞാൻ
നിങ്ങൾക്കു വളരെ കടംപെട്ടിരിക്കുന്നു."

ദിന: "ഇതു സ്വന്ത മകളോ? അത്ഭുതം! അത്ഭുതം! മരിച്ചു പോയ ആൾ
ജീവിച്ചു വന്നിരിക്കുന്നു. കുമാരീ! കരുണയെ വിളിച്ചു കൊണ്ടു വാ."

കരുണ അകത്തു കടക്കുമ്പോൾ തന്നെ ആളാരാണെന്നു മനസ്സിലായി.
എങ്കിലും അറിഞ്ഞ ഭാവം നടിച്ചില്ല. ഇതാരെന്നറിയുമോ എന്നു അച്ഛൻ ചോ
ദിച്ചപ്പോൾ സൂക്ഷിച്ചുനോക്കി "ഇന്നലെ വരെ 'സേഡ് ഹാൎട്ട്' ഇന്നു നമ്മുടെ
പഴയ സത്യാൎത്ഥി എന്ന ആൾ" എന്നു പറഞ്ഞു.

ദിന: "അത്ഭുതം! അത്ഭുതം! സേഡ് ഹാൎട്ട് എന്ന പേരോടെ നടന്ന ആൾ
തന്നെയോ ഇതു? അത്ഭുതം! ഞാൻ അശേഷം അറിഞ്ഞില്ല. സത്യാൎത്ഥി സേഡ്
ഹാൎട്ടായപ്പോൾ അതു സത്യാൎത്ഥിയാണെന്നും വീണ്ടും സേഡ് ഹാട്ട് സത്യാൎത്ഥി
യായപ്പോൾ ഇതു സേഡ് ഹാൎട്ടാണെന്നും രണ്ടും ഞാൻ അറിഞ്ഞില്ല. അത്ഭുതം!
മകളേ! ഈ സുകുമാരി സത്യാൎത്ഥിയുടെ മകളാണുപോൽ."

കരു: "നേരോ? അതാകുന്നു എനിക്കത്ഭുതം. ഈ കഥയൊക്കെ ഒന്നു കേ
ട്ടാൽ കൊള്ളാമെന്നുണ്ടായിരുന്നു."

ദിന: "അതെ, അതെ. എല്ലാവരും ഇരിക്കീൻ. സത്യാൎത്ഥിയുടെ ചരി
ത്രങ്ങളെല്ലാം ഒന്നു കേൾക്കട്ടെ". (എല്ലാവരും ഇരുന്നു.)

"സത്യ: എന്റെ ചരിത്രം ഒന്നും രണ്ടും ദിവസം പറഞ്ഞാലൊന്നും തീരുക
യില്ല. ചുരുക്കത്തിൽ കേൾപ്പിക്കാം.

ഞാൻ നിങ്ങളെ വിട്ടു വരുംവഴി മയ്യഴിയിൽനിന്നു ഒരുത്തൻ എന്നെ അ
ടിമയാക്കി വിറ്റു. എന്റെ യജമാനൻ എന്നെ ബുൎബ്ബോനിൽ തന്റെ കരി
മ്പുത്തോട്ടത്തിൽ ഒരു ഇംഗ്ലീഷ് ഗുമസ്തനാക്കി വളരെ ദയയോടെ പരിപാ
ലിച്ചു. എന്റെ കൂട്ടുഅടിമകൾക്കുണ്ടായ ഹിംസയും അവരുടെ കഷ്ടസങ്കട
ങ്ങളും അവരെ മൃഗങ്ങളെപോലെ തല്ലി കൊല്ലുന്നതും ഒക്കെ ഞാൻ കണ്ടപ്പോൾ
ദൈവത്തെ ഓരോ നാഴികയിലും ഞാൻ സ്തുതിച്ചു കൊണ്ടിരുന്നു. രണ്ടു മൂന്നു
വൎഷങ്ങൾ ഇങ്ങിനെ കഴിഞ്ഞശേഷം അവിടെ വന്ന ഒരു ഇംഗ്ലീഷുകപ്പലിൽ
എനിക്കു പോകേണ്ടുന്ന ആവശ്യമുണ്ടായിരുന്നു. ആ കപ്പലിന്റെ കപ്പിത്താ
നോടു ഞാൻ എന്റെ വൎത്തമാനങ്ങളെല്ലാം പറഞ്ഞപ്പോൾ ആ കപ്പൽ നേരെ
ഔസ്ത്രാല്യെക്കു പോകയാണെന്നും എന്നെ അവിടെ കൊണ്ടു വിടാമെന്നും പറഞ്ഞു
കപ്പലിലൊരെടത്തു എനിക്കു ഒളിച്ചിരിപ്പാൻ അനുവാദം തന്നു. ഔസ്ത്രാല്യ [ 174 ] യിൽ എത്തി, ഞാൻ അവിടെ ഒരു വലിയ കച്ചവടക്കാരന്റെ പാണ്ടികശാല
യിൽ കണക്കപ്പിള്ളയായി. അദ്ദേഹത്തിന്നു പൊന്നു കഴിച്ചെടുക്കുന്ന ലോഹ
ക്കുഴികളുണ്ടായിരുന്നു. നല്ല ശമ്പളം കിട്ടിയതിനാൽ ഞാൻ കുറെ പണം സമ്പാ
ദിച്ചെങ്കിലും ഒരു ദിവസം ഞാൻ പെട്ടെന്നു ധനികനായി തീരുവാൻ തക്ക ഒരു
സംഭവം ഉണ്ടായി. ഞാൻ അവിടെ ഇറങ്ങുമ്പോൾ എനിക്കു ആ കപ്പലിന്റെ
കപ്പിത്താൻ ഒരു നായിക്കുട്ടിയെ തന്നിരുന്നു. അതു വളൎന്നപ്പോൾ വളരെ
ബുദ്ധിയുള്ള ഒരു ജന്തുവായിത്തീൎന്നു. എന്റെ യജമാനന്റെ പാണ്ടികശാല
യിൽ ഒരു ചെറിയ മുറിയിലായിരുന്നു ഞാൻ ദിവസേന രാത്രി ഉറങ്ങാറ്. ഈ
നായും എന്റെ കൂട തന്നെ ഉണ്ടാകും. ഒരു ദിവസം അൎദ്ധരാത്രി എന്റെ
നായി അസാമാന്യമായ വിധത്തിൽ മുരളുന്നതു കേട്ടു ഞാൻ ഉണൎന്നു പോയി.
നോക്കുമ്പോൾ യജമാനന്റെ ആപ്പീസുമുറിയിൽ രണ്ടാളുകൾ നില്ക്കുന്നതു കണ്ടു.
എന്റെ മുറിയിൽനിന്നു അതിലേക്കു കടക്കുന്നവാതിൽ ഞാൻ തുറന്നുവെച്ചിരുന്നു.
എങ്കിലും പുറത്തേക്കുള്ള വാതിൽ പൂട്ടിയിരുന്നതിനാൽ അവർ എങ്ങിനെ കട
ന്നെന്നു എനിക്കു മനസ്സിലായില്ല. ഞാൻ എഴുന്നീറ്റു എന്റെ കിടക്കയിൽ ഇരുന്ന
ഉടനെ രണ്ടാളുകളും എന്റെ നേരെ ഓടി. ഒരുത്തനെ എന്റെ നായി ചാടി
കഴുത്തിനു തന്നെ കടിച്ചു നായും അവനും കൂടി നിലത്തുരുണ്ടു വീണു. മറ്റ
വൻ ഇതു കണ്ടു ഒരു അരനിമിഷം തരിച്ചുനിന്നു പോയിരുന്നു. ആ തരത്തി
ന്നു എന്റെ സമീപം ഉണ്ടായിരുന്ന ഒരു ഇരുമ്പു വടിയാൽ ഞാൻ അവന്റെ
തലെക്കു കൊടുത്ത ഒരടികൊണ്ടു അവനും വീണു. രണ്ടു പേരുടെയും കൈകാ
ലുകൾ ഞാൻ മുറുക്കിക്കെട്ടിയിട്ടു ഖജാനമുറിയിലേക്കു കടന്നു ചെന്നപ്പോൾ അ
വിടെ ഖജാനപ്പെട്ടിയുടെ പിൻഭാഗത്തു ഒരുത്തൻ ഒളിച്ചിരിക്കുന്നതു കണ്ടു
കാണാത്തഭാവമാക്കി പുറത്തു കടന്നു ആ മുറിയുടെ ഇരുമ്പുകുതകു പൂട്ടി ഭദ്രമാ
ക്കി. ആപ്പീസുമുറിയിൽനിന്നായിരുന്നു ഇതിലേക്കുള്ള പ്രവേശനം. ആ മുറി
യിൽ നിന്നിരുന്നവർ എന്റെ തടസ്ഥം ഇല്ലാതിരിപ്പാൻ കാവൽനിന്നതായിരു
ന്നു. പുറത്തേക്കുള്ള വാതിൽ അവർ കുത്തിപ്പൊളിച്ചതു കണ്ടു എന്റെ നായെ
അവിടെ കാവലാക്കി ഞാൻ തെരുവീഥിയിലേക്കു ഓടി അവിടെ പാറാവുനട
ന്നിരുന്ന രണ്ടു പോലീസ്സുകാരെ വിളിച്ചു കൂട്ടിക്കൊണ്ടു വന്നു. അവരവിടെ
കാവൽനിന്നു. നേരം പുലൎന്നാറെ യജമാനനും വന്നു. ഖജാനമുറി തുറന്നു
അതിലേക്കു കടക്കുമ്പോൾ തന്നെ അവിടെ ഒളിച്ചിരുന്നവൻ ഒരു കൈത്തോ
ക്കുകൊണ്ടു വെടിവെച്ചു. കുറിപിഴെച്ചുപോയി. അപ്പോൾ തന്നെ ഞാൻ എ
ന്റെ നായെ അവന്റെ നേരെ വിട്ടു. അതു ഒരു ചാട്ടത്തിന്നു അവന്റെ
കൈ കടിച്ചു പിടിച്ചു. ഉടനെ പോലീസ്സുകാർ അവനെ പിടിച്ചു ആമം വെക്ക [ 175 ] യും ചെയ്തു. നോക്കുമ്പോൾ അതു ആ പാണ്ടികശാലയിലെ ഒന്നാം ഗുമസ്തനാ
യിരുന്നു. അവിടെ ഉരുക്കി ശേഖരിച്ചു വെച്ചിരുന്ന പൊൻകട്ടികൾ കട്ടു
കൊണ്ടു പോവാനായിരുന്നു വിചാരിച്ചതു. അവൻ തനിക്കു സഹായികളായിട്ടു
രണ്ടു ശ്രുതിപ്പെട്ട കള്ളന്മാരെയും ഒന്നിച്ചു കൂട്ടിയിരുന്നു. അവരിൽ നായി കടി
ച്ചവൻ കഴുത്തു മുറിഞ്ഞു മരിച്ചു പോയതായി കണ്ടു. മറ്റവനെയും ഈ ഒന്നാം
ഗുമസ്ഥനെയും വിസ്തരിച്ചു നാടു കടത്തി. എന്റെ വിശ്വസ്തതയും ധീരത
യും നിമിത്തം എന്റെ യജമാനൻ എനിക്കു ൫൦൦൦ ഉറുപ്പിക ഇനാം തന്നു. അ
തും കൊണ്ടു ഞാൻ പൊന്നു കിളക്കുന്ന ഒരു സംഘത്തിൽ കുറെ ഓഹരി വാങ്ങി.
ഒരു വൎഷം അസാമാന്യമായ ലാഭം ഉണ്ടായതിനാൽ ഒരു ലക്ഷത്തിൽ പരം ഉറു
പ്പികയുടെ ആസ്തി കിട്ടുവാൻ ഇടവന്നു. അതിൽ പിന്നെ ഞാൻ ഈ രാജ്യത്തി
ലേക്കു വരുന്ന ഒരു കപ്പൽ കണ്ടു അതിൽ കയറി മതിരാശിയിൽ വന്നിറങ്ങി.
മതിരാശിയിൽ ഞാൻ യദൃച്ഛയാ നിങ്ങളെ അവിടെ വെച്ചു ശുശ്രൂഷിച്ചവനായ
രത്നസ്വാമിയുമായി കണ്ടു മുട്ടി. അവന്റെ പേർ ജീവരത്നമെന്നാകുന്നു. അ
വൻ വത്സലയുടെ ഭൎത്താവത്രേ. അവനുമായി ഞാൻ മുമ്പൊരിക്കൽ കണ്ടു പരി
ചയമുള്ളതിനാൽ ഈ നാട്ടിലെ വൎത്തമാനമൊക്കെ ചോദിച്ചു മനസ്സിലാക്കി.
അവനെ എന്റെ കൂടെ തന്നെ കൊണ്ടുനടന്നു അവന്റെ ആവശ്യത്തിന്നായി
അവനും വേഷച്ഛന്നനായി ഇതുവരെ നടന്നു. ഇന്നലെ ഞാൻ അവനെ
അവന്റെ ഭാൎയ്യയെയും കൊണ്ടിങ്ങോട്ടു പോരുവാൻ കോഴിക്കോട്ടേക്കയച്ചിരി
ക്കുന്നു. മതിരാശിയിൽ നിങ്ങളുടെ ചെലവു നടത്തിയതും വത്സലെക്കു ഇതു
വരെക്കും പണം അയച്ചതും ഞാനാകുന്നു. വത്സലയുടെ നിൎഭാഗ്യം ഇപ്പോൾ
തീൎന്നെന്നു പറയാം. ഈ മനുഷ്യൻ ഇടെക്കിടെ ചിലപ്പോൾ കുറെ നേരമ്പോക്കു
പറയുന്നതിൽ താത്പൎയ്യപ്പെടുന്നെങ്കിലും ദൈവഭയത്തിൽ ജീവിപ്പാൻ തുടങ്ങിയി
രിക്കുന്നെന്നു എനിക്കു തീൎച്ചയുണ്ടു"

ഈ വൎത്തമാനമെല്ലാം പറഞ്ഞു തീൎന്നശേഷം ദിനകരൻ ആപ്പീസിലേക്കു
പോയി. സത്യാൎത്ഥിയും സത്യദാസനും മുമ്പു പറഞ്ഞു നിശ്ചയിച്ചിരുന്ന പ്രകാ
രം തന്നെ. അപ്പോൾ അവിടെ സത്യദാസനും എത്തി. സുകുമാരി ഉടനെ
തന്നെ അവനെ ചെന്നെതിരേറ്റു ഇരുവരും കൂടി തോട്ടത്തിൽ ഒരു വലിയ
മാവിന്റെ ചുവട്ടിൽ ഇട്ടിരുന്ന ഒരു വാങ്കിന്മേൽ ചെന്നിരുന്നു.

സത്യ: "കുമാരീ! സ്നേഹത്തിന്റെ പാത മിനുസമുള്ളതല്ലെന്നു ഇംഗ്ലീഷ്ക്കാൎക്കു
ഒരു പഴഞ്ചൊല്ലുള്ളതു കേട്ടിട്ടില്ലേ?"

സുകു: "നമ്മുടെ സ്നേഹത്തിന്റെ പാതയിൽ യാതൊരു വിരുദ്ധവും ഉണ്ടാ
കയില്ലയായിരുന്നു. നാം ഇരുവരുടെ വക്കലും വളരെ തെറ്റുവന്നുപോയി." [ 176 ] സത്യ: "അതെ, നിന്നെക്കൊണ്ടു കേട്ടതു ഞാനും, എന്നെക്കൊണ്ടു കേട്ടതു
നീയും വിശ്വസിക്കരുതായിരുന്നു. താരബായി ഇതു അസാരം നിന്നോട്ടു പറ
ഞ്ഞെന്നു ഞാൻ കേട്ടു. അച്ഛൻ ഒന്നും പറഞ്ഞിട്ടില്ലയോ?"

സുകു: "എന്നോടു അച്ഛൻ യാതൊന്നും പറഞ്ഞിട്ടില്ല. എന്റെ അച്ഛൻ
ആകുന്നു എന്നു എങ്ങിനെ അറിഞ്ഞു? മുമ്പെ അറിഞ്ഞിരുന്നുവോ?"

സത്യ: "ഇല്ല. അച്ഛൻ ഇന്നു രാവിലെയാകുന്നു പറഞ്ഞതു .തളിപ്പറമ്പിൽ
വെച്ചു നിന്നോടു എന്റെ കാൎയ്യം പറവാൻ വിചാരിച്ചെങ്കിലും അതിനു തരമാ
യില്ല പോൽ. നിന്റെ അച്ഛന്റെ ചരിത്രവും നീയുമായുള്ള സംബന്ധവും
ഒക്കെ എന്നോടു ഇന്നു രാവിലെയാകുന്നു പറഞ്ഞതു."

സുകു: "നാം തമ്മിൽ ഈ ഇടൎച്ച വന്നതിനാൽ ഇപ്പോൾ സ്നേഹം അധിക
മായി എന്നു തോന്നുന്നില്ലയോ?"

സത്യ: "നിശ്ചയമായി. അതിന്നു യാതൊരു സംശയവുമില്ല. ഈ വേൎവ്വാടു
വന്നിരുന്നില്ലെങ്കിൽ സാക്ഷാൽ സ്നേഹത്തിന്റെ വില നമുക്കു അറിവാൻ സം
ഗതിവരികയില്ലയായിരുന്നു എന്നു ഞാൻ വിചാരിക്കുന്നു."

സുക: "എന്റെ സന്തോഷം വൎണ്ണിപ്പാൻ വഹിയാ. എന്റെ അച്ഛനെയും
കണ്ടെത്തി എന്റെ പഴയ സ്നേഹിതനെ എനിക്കു കാന്തനായും കിട്ടി."

സത്യ: "എനിക്കും വളരെ സന്തോഷമുണ്ടു. എനിക്കു എന്റെ പഴയ സ്നേ
ഹിതയെ കാന്തയായിട്ടും അവൾമൂലം ഒരു അച്ഛനെയും കിട്ടി. പക്ഷേ ഒരു
അമ്മയെയും കിട്ടും."

സുകു: "അതാരാകുന്നു?"

സത്യ: "നീ ഇനിയും അറിഞ്ഞില്ലേ? നിന്റെ അച്ഛന്റെ ചരിത്രം കേട്ടേ
ടത്തോളം ഞാൻ മനസ്സിലാക്കിയതു അച്ഛൻ കരുണമ്മയെ വിവാഹം ചെയ്യുമെ
ന്നാകുന്നു."

സുകു: "എന്നാൽ അതെത്രയും നന്നായി. കരുണമ്മ ഇതുവരെക്കും എനി
ക്കൊരമ്മയായിരുന്നു."

സത്യ: "വത്സലയും ഭൎത്താവും ഇങ്ങോട്ടു വരുന്ന വൎത്തമാനം അറിഞ്ഞുവോ?"

സുകു: "അറിഞ്ഞു. എങ്കിലും ആ സാധു ഇനി അധികം ജീവിക്കയില്ലെന്നു
തോന്നുന്നു. നന്ന പരവശമായിരിക്കുന്നു."

സത്യ: "ജീവനും മരണവും ദൈവത്തിൻ പക്കലാകുന്നുവല്ലൊ. എങ്കിലും
ആ സ്ത്രീ തന്റെ കഷ്ടകാലങ്ങളിൽ ദൈവത്തെ കൈവിട്ടുകളയാതെ അവനിൽ [ 177 ] ആശ്രയിച്ചതിനാൽ മരണത്തിന്നു മുമ്പെ അല്പകാലത്തേക്കുള്ള സുഖസന്തോഷ
ങ്ങളും ദൈവം അവൾക്കു കല്പിച്ചിരിക്കുന്നു സംശയമില്ല."

സുകു: "ആ മനുഷ്യൻ ഇപ്പോൾ വളരെ നന്നായിരിക്കുന്നു എന്നു എനിക്കു
മൂന്നു മാസത്തെ പരിചയം കൊണ്ടു അറിവുണ്ടു. കാക്ക കുളിച്ചാൽ കൊക്കാകയി
ല്ലെന്നും എഥിയോപ്യക്കാരന്നു തന്റെ തോലിന്റെ നിറം മാറ്റുവാൻ കഴിക
യില്ലെന്നും വാക്കു നടപ്പുണ്ടെങ്കിലും ദൈവം ഒരുവന്റെ ഹൃദയത്തിൽ പ്രവൃത്തി
ച്ചാൽ അവൻ തീരെ ഒരു പുതിയ മനുഷ്യനായി മാറും എന്നതു ഈ ദൃഷ്ടാന്ത
ത്തിൽനിന്നു കാണുന്നില്ലയോ?"

സത്യ: "നീ പറഞ്ഞതിൽ ഒന്നു സൂക്ഷിപ്പാനുണ്ടു. ദൈവം ഒരുവന്റെ
ഹൃദയത്തിൽ തന്റെ പ്രവൃത്തി നടത്തുവാൻ തുടങ്ങിയാൽ ആ പ്രവൃത്തി നില
നിൎത്തുവാൻ അവൻ ഉത്സാഹിച്ചും ജാഗരിച്ചും ഇരിക്കേണ്ടതാകുന്നു. പെട്ടെന്നു
ഹൃദയത്തിൽ മാറ്റം സംഭവിച്ച ഒരാൾ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്നു പഴയ
സ്വഭാവവും വെളിവായി വരും."

സുകു: " അതു ശരി തന്നെ എങ്കിലും സൂക്ഷിച്ചു ജീവിച്ചാൽ തീരെ ഒരു മാറ്റം
വന്നു ആ മാറ്റത്തിൽ സ്ഥിരപ്പെടും. എന്നതു തീൎച്ചയാകുന്നുവല്ലൊ?"

ഇതിന്റെ ശേഷം സത്യദാസൻ സത്യാൎത്ഥിയോടു പറഞ്ഞ തന്റെ ചരിത്രം
സുകുമാരിയോടും പറഞ്ഞു. ആ സമയത്തു തന്നെ മറ്റവരിരുവരും തമ്മിൽ
മുറിയിൽ വെച്ചു സംഭാഷിക്കയായിരുന്നു. ആദ്യം കരുണയായിരുന്നു സംസാ
രിപ്പാൻ തുടങ്ങിയതു.

കരു: "നിങ്ങളെ കാണുമെന്നു ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. കുമാ
രി നിങ്ങളുടെ മകളാകുന്നു എന്നു ഞാനറിയാഞ്ഞതു അത്ഭുതം തന്നെ. കുറെ
അന്വേഷിച്ചിരുന്നെങ്കിൽ അറിവാൻ പ്രയാസമില്ലയായിരുന്നു."

സത്യാൎത്ഥി: "അറിയാഞ്ഞിട്ടും അവൾക്കു യാതൊരു കുറവും ഉണ്ടായില്ലല്ലോ.
അറിയാഞ്ഞതു നന്നായി. അറിഞ്ഞെങ്കിൽ നിന്റെ അച്ഛൻ അവളെ ഇവി
ടെ കടത്തുകയില്ലയായിരുന്നു."

കരു: "അയ്യോ! അങ്ങിനെ പറയരുതേ. അച്ഛൻ ഇക്കാൎയ്യത്തിന്റെ പര
മാർത്ഥം അറിഞ്ഞതു മുതൽ ഇന്നേവരെയും നിങ്ങളെ കുറിച്ചു വ്യസനിച്ചിരിക്ക
യായിരുന്നു. ഇപ്പോൾ നിങ്ങൾ ഒരു ധനവാനായി മടങ്ങി വന്നു എന്നറിയു
ന്നതിന്നു മുമ്പിലല്ലയോ ക്ഷമ ചോദിച്ചതു?"

സത്യാ: "മനുഷ്യൻ എത്ര തന്നെ സൂക്ഷിച്ചു നടന്നാലും എത്ര തന്നെ നിൎമ്മ
ലനായാലും അപകീൎത്തിപ്പെട്ടത്തുവാൻ ഒരുങ്ങിക്കിഴിയുന്നവൎക്കു അങ്ങിനത്തവ [ 178 ] നേ പോലും ലോകരുടെ മുമ്പാകെ ഒരു മഹാ ദുഷ്ടനാക്കിത്തീൎപ്പാൻ പ്രയാസമി
ല്ലെന്നുള്ളതിന്നു നമ്മുടെ അവസ്ഥ ഒരു ദൃഷ്ടാന്തമല്ലയോ?"

കരു: "അതിന്റെ സംഗതി എന്താകുന്നു? നമ്മെ കുറിച്ചു ആ മനുഷ്യൻ ഉ
ണ്ടാക്കിയ വൎത്തമാനം ശുദ്ധ ഭോഷ്കാകുന്നു എന്നു അവൻ തന്നെ സ്വീകരിച്ചു.
അച്ഛന്നും അതു വിശ്വാസമാകുന്നു. എന്നിട്ടും ആ വൎത്തമാനം കേട്ടവരുടെ
ഇടയിൽ ഇപ്പോഴും ഈ ധൂൎത്തു വിശ്വാസമാകുന്നു. സത്യമെന്തെന്നറിവാൻ
അവൎക്കൊരു താത്പൎയ്യവും കാണുന്നില്ല. അതുകൊണ്ടു വ്യവസ്ഥകൂടാതെ ഇങ്ങി
നെ ഓരോന്നു വിശ്വസിച്ചു പ്രസിദ്ധം ചെയ്യുന്നവരും ആദ്യത്തെ ധൂൎത്തനും ഒ
രു പോലെ വഷളന്മാരെന്നാകുന്നു എനിക്കു തോന്നുന്നതു."

സത്യാ: "ലോകരുടെ ദൂഷണം നമുക്കു ഭൂഷണവും ലോകരുടെ സ്തുതി നമുക്കു
നിന്ദയും ആയി നാം വിചാരിക്കേണ്ടതാകുന്നു. സാക്ഷാൽ നാഗരികത്വമില്ലാ
ത്തവൎക്കു ഞാനും നീയും എത്രയോ ശുദ്ധതയോടും നിഷ്കളങ്കമായും സംഭാഷിക്കു
ന്നതു കണ്ടാൽ തന്നെ നാം തമ്മിൽ പാപകരമായ ഒരു കൂട്ടുകെട്ടുണ്ടെന്നാകുന്നു
തോന്നുക. അതിന്മേൽ അടിസ്ഥാനപ്പെടുത്തി ഓരോ കഥയും പറഞ്ഞു
ണ്ടാക്കും. അതു വിശ്വസിപ്പാൻ അവരെ പോലെയുള്ള ആളുകളുമുണ്ടാകും.
അതു അവരുടെ സ്വഭാവമാകുന്നു. ഇതിൽനിന്നു നാം എന്താകുന്നു മനസ്സിലാ
ക്കേണ്ടതു?"

കരു: "അതെ, എന്റെ പരിപൂൎണ്ണം ഇങ്ങിനെ പല കഥകളും ഓരോരുത്ത
രെ കൊണ്ടു പറയാറുണ്ടായിരുന്നെങ്കിലും അവളെ കൊണ്ടും ഒരു കഥ ഒരാൾ
ഒരിക്കൽ എന്നോടു പറഞ്ഞപ്പോൾ അതു ഞാൻ വിശ്വസിക്കരുതെന്നു അവൾ
പറഞ്ഞു. കണ്ടോ? ഒരു ധൂൎത്തൻ മറ്റുള്ളവരെ കൊണ്ടു പറയുന്നതൊക്കെ സത്യ
വും താന്താങ്ങളെ കൊണ്ടു പറയുന്നതു മാത്രം കളവും എന്നാകുന്നു ഇവരുടെ പ്ര
മാണം. അയ്യോ! നമ്മുടെ ജനങ്ങൾ എപ്പോൾ സത്യപ്രിയരും നീതിതത്പര
രുമായി തീരും.!"

സത്യാ: "അതു പൂൎണ്ണമായി ഒരിക്കലും ഉണ്ടാകയില്ല. നമ്മുടെ കൂട്ടത്തിൽ
നാഗരികത്വം വൎദ്ധിക്കുന്നതിനോടു ക്രട തന്നെ ഈ ദുസ്സമ്പ്രദായത്തിൽ മുഴുകിയ
ഒരു കൂട്ടരും ഉണ്ടാകും. ശത്രുക്കളോടു പ്രതിക്രിയ ചെയ്യുന്നതിന്നു ഇതിലും
വലിയൊരു ആയുധമില്ലെന്നു നമ്മുടെ ചരിത്രത്തിൽനിന്നു കണ്ടുവോ? അതു
കൊണ്ടു നിന്റെ ആഗ്രഹം തികവായി സാധിക്കയില്ല 'കു' എന്നു കേട്ടാൽ 'കുറു
ന്തോട്ടി' എന്നും 'മേടം' എന്നു കേട്ടാൽ അതിന്റെ അപ്പുറം 'ഇടവം' എന്നും
പറയുന്ന ആളുകൾ തീരെ ഇല്ലാതായിപ്പോവാൻ പ്രയാസം." [ 179 ] കരു: "അതിനി പോകട്ടെ. കഴിഞ്ഞതിനെ കുറിച്ചു ചിന്തിച്ചിട്ടും വരുവാ
നുള്ള കാലത്തെ കുറിച്ചു ആലോചിച്ചിട്ടും തല്കാലപ്രയോജനം യാതൊന്നുമില്ല.
എന്റെ ഗുരുക്കളും നിങ്ങളും ഒരു ദിവസമാകുന്നുവല്ലൊ നാടുവിട്ടതു. അയാൾ
എവിടെയുണ്ടെന്നു കേട്ടുവോ?"

സത്യാ: "ഞാൻ യാതൊന്നും കേട്ടിട്ടില്ല."

കരു: "കുമാരിയുടെ കഥ ആദ്യം ജീവരത്നം നിങ്ങളോടു എങ്ങിനെ പറ
ഞ്ഞു? അവൻ നിങ്ങൾ അവളുടെ അച്ഛനാകുന്നുവെന്നു അറിഞ്ഞിരുന്നുവോ?"

സത്യ: "ഇല്ല എന്റെ അമ്മയുടെ പേരും അമ്മ ക്രിസ്ത്യാനിയായ വിവര
വും അവരുടെ കൂടെ ഒരു കുട്ടിയും ഉണ്ടായിരുന്നു എന്നും വത്സല അവളെ സ്കൂളിൽ
വെച്ചു നോക്കിയിരുന്നതും മറ്റും പറഞ്ഞപ്പോൾ എനിക്കു എന്റെ കുഡുംബ
ക്കാരെക്കൊണ്ടു തന്നെയാകുന്നു അവൻ പറയുന്നതെന്നു മനസ്സിലായി. പിന്നെ
ഞങ്ങൾ ഇവിടെ വന്നു പല അന്വേഷണങ്ങളും കഴിച്ചു കാൎയ്യത്തിന്റെ യഥാ
ൎത്ഥവും അറിഞ്ഞു. എന്റെ നിത്യപ്രാൎത്ഥനെക്കു ദൈവത്തിൽനിന്നുണ്ടായ ഒരു
ത്തരം തന്നെ അവർ ക്രിസ്ത്യാനികളായി മരിക്കുവാൻ സംഗതിവന്നതു."

കരു: "സായ്വും നിങ്ങളുമായി കണ്ടുവോ?"

സത്യ: "ഇല്ല. എന്റെ മകളെ ഞാൻ ആരാണെന്നു അറിയിച്ചശേഷം
മാത്രം എന്നെ പരസ്യമായി വെളിപ്പെടുത്തും എന്നു ഞാൻ നിശ്ചയിച്ചിരുന്നു.
ഇപ്പോൾ ഞാൻ പോയി സായ്വിനെ കാണും. ഈ സായ്വ് ഞാനുമായി പരി
ചയമില്ല."

ഇതു പറയുമ്പോഴെക്കു സുകുമാരിയും സത്യദാസനും അകത്തേക്കു കയറി
വന്നു മറ്റവരുടെ അടുക്കൽ ഇരുന്നു.

സുകു: "കല്ക്കത്തയിലെ നാട്ടുക്രിസ്ത്യാനികൾ കല്ല്യാണത്തിന്നു ഭാൎയ്യയുടെ
കഴുത്തിൽ താലി കെട്ടും, അല്ലെങ്കിൽ കൈക്കു മോതിരമിടും പോൽ. ആ
സമ്പ്രദായം ഇവിടെ നമ്മുടെ മിശ്യൻസഭകളിലില്ലാത്തതു കഷ്ടം തന്നെ എന്നു
സത്യദാസൻ പറയുന്നു."

സത്യ: "അതെ, ആ സമ്പ്രദായം ഞാൻ മതിരാശിയിലും കണ്ടിരിക്കുന്നു.
നാം ഈ ഭൂമിയിലിരിക്കേണ്ടിയവരാകയാൽ നാം പല ജാതിക്കാരും കൂടി ഒരു
ജാതിയായി തീരുമ്പോൾ നമുക്കും പ്രത്യേകിച്ചു ചില സമുദായ ക്രമങ്ങളും ആചാ
രമൎയ്യാദകളും ആവശ്യമാണെന്നു എനിക്കും തോന്നുന്നു. ഞാൻ സഞ്ചരിച്ച
രാജ്യങ്ങളിലെല്ലാം ക്രിസ്തീയ ആചാരങ്ങളോടു ക്രട ക്രിസ്തുമതത്തിന്നനുസാരവും [ 180 ] യോഗ്യവുമായ ജാത്യാചാരങ്ങളും കണ്ടിട്ടുണ്ടു. നമ്മുടെ സഭകളിൽ മാത്രമേ
'ആറു നാട്ടിൽ നൂറുക്രമം' എന്ന പോലെയുള്ളൂ."

കരു: "കല്ല്യാണത്തിന്നു താലിയും മോതിരവുമല്ല പ്രധാനം. പിന്നെ
നമ്മുടെ കൂട്ടത്തിൽ മിക്കവരും ദരിദ്രരാകയാൽ അവൎക്കു പൊന്നു വാങ്ങുവാനും
കഴികയില്ല."

സത്യാ: "ഇംഗ്ലീഷുകാർ എത്ര ദരിദ്രരായാലും ഒരു വണ്ണം കുറഞ്ഞ മോതി
രമെങ്കിലും ഉണ്ടാക്കേണം. 'ഈ മോതിരം കൊണ്ടു ഞാൻ നിന്നെ വിവാഹം ചെ
യ്യുന്നു’ എന്നു പുറമെയുള്ള ഒരു അടയാളത്തിന്നായി കാന്തൻ കാന്തയോടു ദൈവാല
യത്തിൽ വെച്ചു പറയേണ്ടതാകുന്നു. ഈ നാട്ടിൽ എത്ര ദരിദ്രരായ ഹിന്തുക്കളും
കല്ല്യാണത്തിന്നു താലി കെട്ടാതിരിക്കയില്ലല്ലോ. ഒരു സമുദായത്തിന്നു ജാത്യാ
ചാരങ്ങളും കുലധൎമ്മവും അത്യാവശ്യമാകുന്നു. ഇസ്രയേല്യൎക്കു സന്മാൎഗ്ഗസംബന്ധ
മായ കല്പനകൾ ദൈവം കൊടുത്തപ്പോൾ പുറമെയുള്ള ആചാരങ്ങളും കല്പിച്ചി
രുന്നു. നമ്മുടെ ക്രട്ടരെ അല്ലാക്കുലം എന്നു പറയുന്നതിൽ എന്താകുന്നു അതിശ
യിപ്പാനുള്ളതു? നാം സ്വൎഗ്ഗീയകാൎയ്യങ്ങളെ പ്രധാനമായി ചിന്തിക്കേണ്ടതു ആ
വശ്യമാകുന്നു. എങ്കിലും സ്വൎഗ്ഗമെത്തുംവരെ നാം ഭൂമിയിൽ പാൎക്കേണമല്ലൊ."

കരു: "ജാത്യാചാരങ്ങൾ ക്രമേണ ഉണ്ടാകുന്നതാകുന്നു. ഒരാൾ പെട്ടെന്നു
ണ്ടാക്കി നടപ്പാക്കുന്നതല്ല. രണ്ടു മൂന്നാളുകൾ യോജിച്ചു ഒരു വിധം വസ്ത്രം
ധരിക്കും. അതു കുറെ ആളുകൾ അനുകരിക്കും. അങ്ങിനെ ക്രമേണ ആ
വസ്ത്രം നടപ്പാകും. അതു പോലെ തന്നെ സൎവ്വക്രമങ്ങളും ക്രമേണ നടപ്പാ
കുകേ ഉള്ളൂ."

സത്യദാ: "എന്നാലും നമ്മുടെ എല്ലാ സഭകളിലും ഒരാചാരം നടപ്പാകുമോ?
അല്ല, ഓരോ സ്ഥലത്തിൽ ഓരോ വിധം സമ്പ്രദായം നടപ്പാകുമോ?"

കരു: "അതിപ്പോൾ നിശ്ചയിപ്പാൻ പാടില്ല. എന്തായാലും ഒരു സമുദായ
ത്തിന്നു ഒരു ചട്ടം ഉണ്ടായാൽ നന്നെന്നു ഞാനും വിചാരിക്കുന്നു. മോതിരത്തി
ന്റെ സാരമെന്താകുന്നു എന്നു പറയാമോ?"

സത്യ: "വൃത്താകാരമായതുകൊണ്ടു സ്നേഹം ആദ്യന്തമില്ലാത്തതാണെന്നും
എല്ലാറ്റിലും വിലയേറിയ ലോഹമായ പൊന്നു കൊണ്ടുള്ളതാകയാൽ സ്നേഹമെത്ര
യും വിലയേറിയതും കറപറ്റാത്തതുമാകുന്നു എന്നും ചിത്രപ്പണി ഒന്നുമില്ലാതെ ഒഴു
ക്കൻആകയാൽ സ്നേഹം നാട്യവും നടിപ്പും ക്രടി കലരാതെ ശുദ്ധതയുള്ളതാകുന്നു
എന്നും ഈ മോതിരം പ്രധാനമായി സൂചിപ്പിക്കുന്നു. എനിക്കു അതിനാലാ [ 181 ] കുന്നു ഈ സമ്പ്രദായത്തോടു ഒരു പ്രത്യേകതാത്പൎയ്യം കല്ല്യാണത്തിന്നു താലിയും
മോതിരവുമല്ല പ്രധാനമെന്നു മുമ്പെ കരുണമ്മ പറഞ്ഞുവല്ലൊ, സ്നാനത്തി
ന്നു വെള്ളമാകുന്നുവോ പ്രധാനം? എങ്കിലും അതിന്റെ ആവശ്യത ഒരു അട
യാളമായിട്ടല്ലയോ?"

കരു: "സ്നാനത്തിൽ വെള്ളം വേണമെന്നതു യേശുക്രിസ്തൻ തന്നെ വെച്ച
ഒരു ക്രമമാകുന്നു. കല്ല്യാണത്തിന്നു അങ്ങിനെയൊന്നും വെച്ചിട്ടില്ലല്ലോ."

സത്യ: "അതു മനുഷ്യർ വെച്ചു കൊൾവാൻ വിട്ടേച്ചതാകുന്നു" [ 182 ] പതിനേഴാം അദ്ധ്യായം

മരിച്ചവരുടെ ദേഹങ്ങളെ അടക്കം ചെയ്യുന്ന ശ്മശാനസ്ഥലത്തെ കുറിച്ചു
നൂറ്റിൽ തൊണ്ണൂറാളുകൾക്കും പലവിധ അജ്ഞാനങ്ങളുണ്ടു. അവിടെ പ്രേത
ങ്ങൾ സഞ്ചരിക്കുന്നു എന്നും രാത്രി അതിന്റെ സമീപത്തു പോയെങ്കിൽ ഭൂത
ങ്ങൾ ഉപദ്രവിക്കുമെന്നും ഈ കാലത്തു പോലും പലരും വിശ്വസിക്കുന്നുണ്ടു.
മറ്റുള്ള കാൎയ്യങ്ങളിൽ മഹാ ധൈൎയ്യവാന്മാരായവരിൽ ചിലർ പോലും രാത്രിയിൽ
ഒരു ശ്മശാനത്തിന്നരികെ പോകുവാൻ മടിക്കും. ഭയമുള്ളതു കൊണ്ടു തന്നെ.
എങ്കിലും സത്യക്രിസ്ത്യാനികളുടെ അഭിപ്രായം തീരെ വിപരീതമാകുന്നു. അ
വൎക്കു അതു സന്തോഷത്തിന്റെയും പ്രത്യാശയുടെയും ഇരിപ്പിടമായ ഒരു സ്ഥല
മാകുന്നു. തങ്ങൾക്കു ഏറ്റവും പ്രിയപ്പെട്ടവരുടെ ശരീരങ്ങൾ പുനരുത്ഥാനവും
കാത്തു കിടക്കുണ സ്ഥലമാകയാൽ അവർ ആ സ്ഥലത്തെ ഭിതിയോടെ നോക്കാ
തെ പരിശുദ്ധവിചാരങ്ങളോടും തങ്ങളും അല്പകാലത്തിന്നുള്ളിൽ അങ്ങിനെ
തന്നെ മറ്റുള്ളവരോടു കൂടെ അവിടെ കിടക്കേണ്ടി വരും എന്നുള്ള അറിവോടും
കൂടിയാകുന്നു നോക്കുക. ഒരു ശവക്കല്ലറയുടെ സമീപത്തോ ശവക്കുഴിയുടെ
കരെക്കലോ നില്ക്കുമ്പോൾ തന്റെ മരണത്തെയും ന്യായവിധിയെയും കുറിച്ചു
ആലോചിക്കാത്ത ഒരു മനുഷ്യനുണ്ടോ? അതുകൊണ്ടു ശ്മശാനം മനുഷ്യന്റെ
ഹൃദയത്തെ ദൈവത്തിങ്കലേക്കു തിരിക്കുന്ന കാൎയ്യങ്ങളിൽ ഒന്നാകയാൽ ആ സ്ഥല
ത്തെയല്ല വാസ്തവത്തിൽ ഭയപ്പേടേണ്ടതു. മനുഷ്യർ പേടിക്കേണ്ടതു ബ്രാണ്ടി
ഷാപ്പിന്റെ അടുക്കൽ പോവാനും നഗരങ്ങളിലെ "ബാബിലോൻ തേരുവീഥി
കളിൽ" കൂടി സഞ്ചരിപ്പാനും നാടകശാലകളിലും കൂത്തു കാഴ്ചകൾ ഉള്ള സ്ഥല
ങ്ങളിലും പോകുവാനും ആകുന്നു. മനുഷ്യനെ ബാധിക്കുന്ന ദുൎഭൂതങ്ങൾ അവി
ടങ്ങളിലാണുള്ളതു. [ 183 ] ദിനകരന്റെ ഭവനത്തിലെ പ്രാൎത്ഥനായോഗവും സദ്യയും കഴിഞ്ഞു. ആ
ദ്യമിശ്യനരിമാർ അന്നുണ്ടായിരുന്നില്ലെങ്കിലും അവരുടെ പിന്തുടൎച്ചക്കാരായ സാ
യ്വ്മാരും മദാമ്മമാരും അതിന്നായി അവിടെ വന്നു. സുകുമാരി പുഴയിൽനിന്നു
രക്ഷപ്പെട്ടതു നിമിത്തവും പ്രേതമായി തന്റെ സഹോദരിയെ ബാധിച്ചെന്നു
ജനങ്ങൾ വിശ്വസിച്ചിരുന്ന സത്യാൎത്ഥിയെ അന്നു അവിടെ ജീവനോടെ കാ
ണ്മാൻ സംഗതി വന്നതിനാലും കരുണെക്കു ദീൎഘകാലത്തോളമുണ്ടായ നേത്രരോ
ഗം പൂൎണ്ണമായി സുഖപ്പെട്ടതിനാലും അവിടെ കൂടിവന്നവരോടു കൂടെ സായ്വുമാ
രും മദ്ദാമ്മമാരും ദൈവത്തെ സ്തുതിച്ചശേഷം തങ്ങളുടെ രാജ്യക്കാരാലും തങ്ങളുടെ
അദ്ധ്വാനത്താലും ഈ രാജ്യത്തിലെ അല്പം ചില പേൎക്കെങ്കിലും ഇത്ര വലിയ
നന്മകൾ സിദ്ധിച്ചതോൎത്തു ദൈവത്തെ പുകഴ്ത്തിയും കൊണ്ടു പുറപ്പെട്ടു പോയി.
സ്നേഹിതന്മാരൊക്കയും സത്യാൎത്ഥിയെയും കരുണയെയും സത്യദാസനെയും സുകു
മാരിയെയും അവരുടെ അടുത്തു വരുന്ന പരിണയത്തെ സൂചിപ്പിച്ചു അഭിന
ന്ദിച്ചു. ഈ കൂട്ടത്തിൽ അഗ്രേസര താരബായി ആയിരുന്നു. അവൾ സുകുമാരി
യെ ഗാഢാലിംഗനം ചെയ്തു "കുമാരി നിന്റെ കല്ല്യാണത്തിന്നു തോഴി ഞാ
നാണേ? മറ്റാരെയും നിശ്ചയിക്കരുതേ!" എന്നു പറഞ്ഞതു കേട്ടു എല്ലാവരും
ചിരിച്ചു.

അന്നു രാത്രി പതിനൊന്നു മണിക്കു നഗരമെങ്ങും നിശ്ശബ്ദമായിരിക്കുമ്പോൾ
മൈതാനത്തിന്റെ ഒരു വശത്തുള്ള ശ്മശാനത്തിന്നരികെ, നിരത്തിന്മേൽ ക്രടെ
റോന്തനടന്നിരുന്ന ഒരു പാറാവുകാരൻ ശുദ്ധവെള്ള വസ്ത്രം ധരിച്ച നാലാളുകൾ
ശ്മശാനത്തിന്റെ മതിലകത്തു കടന്നു ചെല്ലുന്നതു കണ്ടു. മഹാ ഭീരുവായിരു
ന്നതിനാൽ പ്രാണരക്ഷെക്കെന്ന പോലെ ഓടിപ്പോകുമ്പോൾ കുറെ ദൂരെ ത
ന്റെ കൂട്ടുപ്രവൃത്തിക്കാരായ രണ്ടു പേരെ കണ്ടു. "നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ
നാലു ഭൂതങ്ങളെ ഇപ്പോൾ തന്നെ കാണാം"എന്നു കിതച്ചുകൊണ്ടു പറഞ്ഞു.
അവരിലൊരുത്തൻ മഹാ ധീരനും ഒരു പ്രേതത്തെ ഒരിക്കൽ കണ്ടാൽ കൊ
ള്ളാമെന്നു താത്പൎയ്യമുള്ളവനുമായിരുന്നതിനാൽ അവന്റെ ഉത്സാഹത്തിന്മേൽ മൂവ
രും ക്രടി ചെന്നു ശ്മശാനത്തിന്റെ കന്മതിലോടു സമീപിച്ചപ്പോൾ അകത്തു നാ
ലാളുകൾനിന്നു സംസാരിക്കുന്നതു കണ്ടു. രണ്ടു പേർ പുടവയും രണ്ടു പേർ
കാൽചട്ടയും ആയിരുന്നു ധരിച്ചിരുന്നതു. അതുകൊണ്ടു ഈ രാത്രിസമയത്തു
ഈ സ്ത്രീപുരുഷന്മാർ എന്തായിരിക്കും ഇവിടെ പ്രവൃത്തിക്കുന്നതു എന്നു കാണ്മാൻ
അവർ കാണാതെ ഇവർ മൂവരും കൂടെ പതുക്കെ മതിലിന്മേൽ കൂടി കയറി
മറിഞ്ഞു ഒരു മരത്തിന്റെ ചുവട്ടിലുണ്ടായിരുന്ന വലിയൊരു കല്ലറയും മറഞ്ഞു
കുത്തിരുന്നു. അല്പനേരം കഴിഞ്ഞപ്പോൾ ഒന്നാമത്തെ പാറാവുകാരൻ "ഓ [ 184 ] ഹോ ആളാരാകുന്നെന്നു എനിക്കു മനസ്സിലായി. ഒന്നു ദിനകരന്റെ മകൾ
കരുണ. മറ്റേതു സുകുമാരി. ചെറിയവൻ സത്യദാസൻ. മറ്റേ ആളെ
എനിക്കറിഞ്ഞുകൂടാ" എന്നു പറഞ്ഞു. അപ്പോൾ മറ്റേവർ "അതാരെങ്കിലുമാ
കട്ടേ. മിണ്ടല്ല, അവരെന്താകുന്നു ചെയ്വാൻ ഭാവമെന്നു നോക്കുക" എന്നു പറ
ഞ്ഞു സൂക്ഷിച്ചു പതുങ്ങിയിരുന്നു.

അസാരം കഴിഞ്ഞപ്പോൾ സുകുമാരിയും സത്യദാസനും കൂടെ ഇവർ ഒളി
ച്ചിരുന്ന കല്ലറയുടെ മറുവശത്തിൽ കൂടി കടന്നു സമീപം ഒരേടത്തുനിന്നു.

സുകു: "ഇതാ മുത്തച്ഛനെ അടക്കം ചെയ്ത സ്ഥലം. ഇവിടെ നമുക്കു ആ
ദ്യം പൂ വെക്കാം."

എന്നു പറഞ്ഞു ശുദ്ധവെള്ളപ്പൂക്കളും പച്ച ഇലയും കൂടി കെട്ടിയുണ്ടാക്കി
ക്കൊണ്ടു വന്നിരുന്ന ഒരു ക്രൂശു അതിന്മേൽ വെച്ചു സത്യദാസൻ ആ മാതിരി
തന്നെ ഒരു കിരീടവും അവിടെ വെച്ചു.

സത്യ: "കുമാരി! ചിത്രക്കല്ലും വെണ്ണക്കല്ലും കൊണ്ടു കെട്ടിപ്പണിത കല്ലറക
ളേക്കാൾ പുല്ലും പുഷ്പവും കൊണ്ടു പ്രകൃത്യാ ഇതിന്മേലുണ്ടാകുന്ന കല്ലറയല്ലയോ
ഭംഗി? കണ്ടുവോ? സാധുക്കളുടെ ശവക്കുഴി ദൈവം തന്നെ എത്ര ഭംഗിയിൽ
അലങ്കരിച്ചിരിക്കുന്നു!"

സുകു: "അതേ. അമ്മൾ വന്നപ്രവൃത്തി വേഗം ചെയ്വാൻ നോക്കുക. അ
ച്ഛനും കരുണമ്മയും കാത്തു നില്ക്കുന്നു.

സത്യ: "അമ്മയെ അടക്കം ചെയ്ത സ്ഥലം ഞാൻ ആഴ്ചയിലൊരിക്കൽ വന്നു
നോക്കാറുണ്ടു."

അതിന്റെ ശേഷം രണ്ടു പേരും കൂടെ അവിടെനിന്നു സുമാറു പത്തു
പതിനഞ്ചുവാര അകലേ പോയി. വീണ്ടും ആദ്യത്തേതിന്മേലെന്ന പോലെ
സുകുമാരി അവിടെ ഒരു കുഴിമേൽ ഒരു ക്രൂശും സത്യദാസൻ ഒരു കിരീടവും
വെച്ചു. അതിൽ പിന്നെ രണ്ടു പേരും അവിടെ മുട്ടുകുത്തിനിന്നു. സത്യദാ
സൻ മൃദുസ്വരത്തിൽ പ്രാൎത്ഥിപ്പാൻ തുടങ്ങി. അപ്പോൾ ഒളിച്ചു നിന്നവരിൽ
ഒരുവൻ "ഇവർ മരിച്ചവരോടു പ്രാൎത്ഥിക്കുമോ? എന്താകുന്നു പ്രാൎത്ഥിക്കുന്ന
തെന്നു കേൾക്കണം" എന്നു പറഞ്ഞു പാളി പതുങ്ങിക്കൊണ്ടു കുറെ അടുത്തു
ചെന്നു. എങ്കിലും വ്യക്തമായി യാതൊന്നും കേട്ടില്ല. "ദൈവമേ"എന്നും "അ
മ്മയുടെ ആഗ്രഹപ്രകാരം" എന്നും മറ്റും അവിടവിടെ ഓരോ വാക്കു മാത്രം
കേട്ടു. ഒടുക്കം രണ്ടു പേരും കൂടി "ആമെൻ" എന്നു ഉറക്കെ പറഞ്ഞു അവിടെ [ 185 ] നിന്നെഴുന്നീറ്റു എന്തോ തമ്മിൽ പറഞ്ഞതിൽ "മരണം നമ്മെ വേർ പിരി
പ്പോളം" എന്നു മാത്രമേ അവർ കേട്ടുള്ളു. അതു പറയുമ്പോൾ അവരിരുവരും
തമ്മിൽ കൈ പിടിച്ചിരുന്നു. അതിന്റെ ശേഷം അവർ മറ്റവരെ ചെന്നു
ചേൎന്നു നാല്വരും കൂടി പോയശേഷം ഒളിച്ചിരുന്ന പാറാവുകാരും ഒന്നാമത്തേ
വനെ പരിഹസിച്ചും ചിരിച്ചും കൊണ്ടു ഇറങ്ങി പോയി. രണ്ടു ദിവസം കഴി
ഞ്ഞശേഷം ജീവരത്നവും വത്സലയും എത്തി സുകുമാരിയെയും കരുണയെയും
കണ്ടു മതിരാശിയിൽ വേഷച്ഛന്നനായി പാൎത്ത മൂന്നുമാസത്തെ വിവരങ്ങളും
മറ്റും ആവൎത്തിച്ചു എല്ലാവരെയും കേൾപ്പിച്ചു സന്തോഷിച്ചു.

ഒരു മാസം കഴിഞ്ഞശേഷം ശ്മശാനത്തിൽ വെച്ചു സത്യദാസനും സുകുമാ
രിയും രഹസ്യമായി ചെയ്തകരാർ "ദൈവത്തിന്നും ക്രിസ്തീയസഭെക്കും മുമ്പാകെ"
ചെയ്കയും സഭാപുരോഹിതൻമുഖാന്തരം ദൈവാനുഗ്രഹം കൈക്കൊൾകയും
ചെയ്തു.

ഇവരോടു കൂടെ തന്നെ കരുണയും സത്യാൎത്ഥിയും ഭാൎയ്യാഭൎത്താക്കന്മാരാ
യും തീൎന്നു.

സമാപ്തി.

"https://ml.wikisource.org/w/index.php?title=സുകുമാരി&oldid=210367" എന്ന താളിൽനിന്ന് ശേഖരിച്ചത്