പഞ്ചവടി സ്റ്റാൻഡേർഡ് 5

രചന:സി.വി. കുഞ്ഞുരാമൻ (1961)
സ്കൂളുകളിലെ ഉപയോഗത്തിനായി തയ്യാറാക്കിയ സി.വി. കുഞ്ഞുരാമന്റെ പഞ്ചവടി എന്ന പുസ്തകം

[ 1 ] “ SCHOOL EDITION”

പ ഞ്ച വ ടി



ഗ്രന്ഥകൎത്താ:
സി. വി. കുഞ്ഞുരാമൻ



1961
[ 3 ]
പഞ്ചവടി
——————
(കുട്ടികൾക്കായി സംഗ്രഹിച്ചതു്)


ഗ്രന്ഥകൎത്താ:


സി.വി. കുഞ്ഞുരാമൻ
——————


പ്രസാധകൻ:


സി.കേശവൻ, മയ്യനാടു്.


പകർപ്പവകാശം.


അഞ്ചാം പതിപ്പ് കോപ്പി 15000
1961


വില 50 ന. പൈ.
[ 5 ]
പ ഞ്ച വ ടി

ഒന്നാം അദ്ധ്യായം

കുംഭമാസം. ശുക്ലപക്ഷത്തിലെ ഏകാദശി. ഇവ രണ്ടും ചേർന്നാൽ രാത്രിയുടെ ഭംഗി പറയാനില്ല. തിളങ്ങുന്ന നക്ഷത്രങ്ങളും ചന്ദ്രനും ആകാശത്തെ അലങ്കരിക്കുന്നു.

കാടും കുന്നും ഒന്നും കൂടാതെ തുമ്പക്കാട്ടു മൈതാനം നീണ്ടുപരന്നു കിടന്നിരുന്നു. ഈ മൈതാനത്തിന്റെ നടുവിൽക്കൂടി കിഴക്കുപടിഞ്ഞാറായി ഒരു നടയ്ക്കാവു് ഉണ്ടായിരുന്നതിന്റെ ഇരുവശവും പലതരം തണൽമരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. നടയ്ക്കാവിന്റെ ഒട്ടുമദ്ധ്യത്തിൽ, ഒരു വലിയ അരയാലും നാട്ടുമാവും ഒന്നിച്ചു വളൎന്നു നിൽക്കുന്നുണ്ടു്. മഹാധൎമ്മിഷ്ഠനായ പൂവത്തൂരണ്ണാവി ഈ വൃക്ഷസഹോദരന്മാരുടെ ചുറ്റും മനോഹരമായ ഒരു വലിയ ആൽത്തറ കെട്ടിച്ചിരുന്നു. അതിനെതിരായി നടയ്ക്കാവിന്റെ മറുപുറത്തു് ഒരു വഴിയമ്പലവും കിണറും ഒരു കരിങ്കൽ ചുമടുതാങ്ങിയും ഉണ്ടായിരുന്നു.

ആ ആൽത്തറയിൽ അല്പം മുഷിഞ്ഞ ഒരു മുണ്ടും തോർത്തും ധരിച്ചു കോമളനായ ഒരു ബാലൻ ഉറങ്ങിക്കിടന്നിരുന്നു. അവനു പത്തുപതിനൊന്നു വയസ്സു് പ്രായം തോന്നും. വിശന്നും വഴിനടന്നും ഉണ്ടായ ക്ഷീണം അവ

[ 6 ]

നിൽ കാണുന്നുണ്ട്. ഈ ബാലൻ ആരായിരിക്കാം? എത്രയോ ബാലന്മാർ വഴിയമ്പലങ്ങളിലും മാളികകളുടെയും പീടികകളുടെയും പുറംതിണ്ണകളിലും കിടന്നു ഉറങ്ങുന്നുണ്ടു്!. ആരെങ്കിലും അവരെക്കുറിച്ചു അന്വേഷിക്കാറുണ്ടോ? നമുക്കു ഈ ബാലൻ ആരെന്നന്വേഷിക്കാം.

അനാഥനായ ബാലൻ! അന്നു പകൽ അവൻ പട്ടിണി ആയിരുന്നു. പകൽ മുഴുവൻ വഴിനടന്നു് ക്ഷീണിച്ചു് വൈകുന്നേരമായപ്പോൾ അവൻ തുമ്പക്കാട്ടെ വഴിയമ്പലത്തിൽ എത്തി. അവിടത്തെ കിണറ്റിൽ നിന്നു് സന്ധ്യക്കുള്ള കുളിയും കഴിച്ചു്, ക്ഷീണംപോകാൻ അവൻ ആ ആൽത്തറയിൽ കിടന്നു. കുറെ കഴിഞ്ഞപ്പോൾ ഇളംകാറ്റും ഇലകളുടെ മൎമ്മരവും അവനെ താരാട്ടി ഉറക്കി.

രാത്രിയുടെ ഒന്നാമത്തെ യാമം കഴിഞ്ഞു. നടയ്ക്കാവിന്റെ പടിഞ്ഞാറെ അറ്റത്തുനിന്ന് ഒരു ശബ്ദം കേട്ടുതുടങ്ങി. പൂവത്തൂരണ്ണാവിയുടെ അമാലന്മാരുടെയും ഭൃത്യന്മാരുടെയും ശബ്ദമാണു് . അണ്ണാവി അന്നു രാവിലെ ഒരു കച്ചേരിക്കാൎയ്യമായി പോയിരുന്നു. രാമപുരം ദേവസ്വത്തിന്റെ കൈവശത്തെയും ഭരണത്തെയും കുറിച്ചു പ്രമാദമായി നടന്നുവന്ന ഒരു വ്യവഹാരത്തിന്റെ വിധി അന്നാണു് പറഞ്ഞതു് .കേസ് ജയിച്ചതുനിമിത്തം അദ്ദേഹം മാത്രമല്ല ഭൃത്യന്മാരും സന്തോഷംകൊണ്ട് മദിച്ചിരുന്നു. അവർ വഴിയമ്പലത്തിൽ എത്തി മഞ്ചലിറക്കി: വിശ്രമത്തിനായി അണ്ണാവി പുറത്തിറങ്ങി.

ആൽത്തറയിൽ ഉറങ്ങിക്കിടന്ന ബാലൻറ മുഖകാന്തികണ്ടു് അണ്ണാവി അൽഭുതപ്പെട്ടുപോയി.അല്പനേരം കഴിഞ്ഞു്, ദയാലുവായ അദ്ദേഹം അനാഥനെന്നു തോന്നിയ ആ ബാലനെ ഉണൎത്താൻ പതുക്കെ വിളിച്ചു.

[ 7 ]

ബാലൻ ഉണരുന്നില്ലെന്നു കണ്ടു്, അദ്ദേഹം അവനെ സാവധാനമായി താങ്ങി എണീപ്പിച്ചു. അവൻ കണ്ണു തുറന്നു.



രണ്ടാം അദ്ധ്യായം

അണ്ണാവിയും പരിവാരങ്ങളും പൂവത്തൂർ മാളികയിലെത്തിയപ്പോൾ, നേരം ഏകദേശം അർദ്ധരാത്രിയായി. കുളിയും ഊണും കഴിഞ്ഞശേഷം കേസിൽ ജയം കിട്ടാൻ താനും തന്റെ വക്കീലും കാണിച്ച മിടുക്കുകൾ വർണ്ണിച്ച് അണ്ണാവി നേരം വെളുപ്പിച്ചു എന്നു തന്നെ പറയാം. നമ്മുടെ ബാലന് പൂവത്തൂർ മാളികയേയും അപ്പോഴത്തെ അവിടത്തെ ബഹളങ്ങളേയും കുറിച്ചു കൌതുകം തോന്നാതിരുന്നില്ലെങ്കിലും, ക്ഷീണം നിമിത്തം ഊണു കഴിഞ്ഞ ഉടൻതന്നെ അവൻ ഒരിടത്തു കിടന്നുറക്കമായി.

പ്രഭാതമായതു മുതൽ കേസിന്റെ ജയവൎത്തമാനം അറിയാൻ ഓരോരുത്തർ വന്നു തുടങ്ങി. ആ കൂട്ടത്തിൽ കേസ് ആരംഭിച്ചു്, പൂജമുടങ്ങിയതുവരെ രാമപുരം ക്ഷേത്രത്തിൽ രാമായണം വായന നടത്തിക്കൊണ്ടിരുന്ന കിട്ടു ആശാനും വന്നു. ആശാന്റെ പ്രായവും സദാചാരവും മൂലം സമന്മാരുടെ നിലയിൽ അദ്ദേഹത്തെ അണ്ണാവി ബഹുമാനിച്ചുവന്നു. ആശാൻ അമ്പത്തഞ്ച് വയസ്സ് പ്രായമായി എങ്കിലും, അതിനുതക്ക ക്ഷീണം അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ചെറുപ്പത്തിൽ ഉണ്ടായിരുന്ന സൗന്ദൎയ്യത്തിന്റെ ലക്ഷണങ്ങൾ ഇപ്പോഴും അദ്ദേഹത്തിൽ ശേഷിച്ചിരുന്നു. രാമായണം, ഭാരതം, മുതലായ

[ 8 ]

ഗ്രന്ഥങ്ങൾ വായിച്ചു അൎത്ഥം പറയുന്നതിൽ ആശാനു് അസാമാന്യമായ മിടുക്കാണുണ്ടായിരുന്നതു്. ആശാനു് മതവിശ്വാസവും ഈശ്വരഭക്തിയും ദൃഢമായുണ്ടായിരുന്നു എങ്കിലും, അങ്ങനെയുള്ളവരെ ബാധിക്കാറുള്ള അന്ധവിശ്വാസങ്ങളും മറ്റും അദ്ദേഹത്തെ തീണ്ടുകപോലും ചെയ്തിരുന്നില്ല.

അണ്ണാവി - (ഒരു കസേര ചൂണ്ടിക്കാണിച്ചിട്ടു്) "ഇരിക്കണം ആശാനേ! ദേവസ്വം കേസിന്റെ വിധി അറിഞ്ഞല്ലൊ.
ആശാൻ - "സന്തോഷമായി. ക്ഷേത്രകാൎയ്യങ്ങൾ ഇവിടുത്തെ ഭരണത്തിൽ ഇനി ഭംഗിയായി നടക്കുമെന്നുള്ളതിനു സംശയമില്ല."
അ - "ആശാനും ഇനി ജോലി ആയല്ലോ. ആറുവർഷമായി കെട്ടഴിക്കാതെ ഇരിക്കുന്ന ഗ്രന്ഥം അടുത്ത വിഷുമുതൽ വായന തുടങ്ങാം. ആശാന്റെ വായന കേൾക്കാൻ കൊതിയായിരിക്കുന്നു."
ആ - "ഞാൻ വൃദ്ധനായി എങ്കിലും, എന്റെ ജോലി ഇനിയും നടത്തിക്കൊണ്ടിരിക്കാൻ സന്തോഷമുണ്ട്. "

അണ്ണാവിയുടെ മകൻ മാധവൻ എന്ന കുട്ടിയെ അവന്റെ അദ്ധ്യാപകൻ ഗൃഹപാഠങ്ങൾ പഠിപ്പിച്ചുകൊണ്ടു് പൂമുഖത്തിന്റെ തെക്കേ വരാന്തയിൽ ഇരിക്കുകയായിരുന്നു. അതു തൃഷ്ണയോടെ ശ്രദ്ധിച്ചുകൊണ്ടു നാം കണ്ട ബാലൻ ഇരുന്നിരുന്നു. മാധവൻ പാഠങ്ങൾ പഠിക്കുന്നതു കേട്ടു് മറെറാന്നിലും ശ്രദ്ധയില്ലാതെ അവൻ അ

[ 9 ]

ങ്ങനെ ഇരിക്കുകയാണു്. അവന്റെ ഇരിപ്പും കോമളമായ ആകൃതിയും കണ്ടു്, ആശാന്റെ കൗതുകവും ശ്രദ്ധയും ആ വഴിക്കു തിരിഞ്ഞു.

ബാലനെ ചൂണ്ടിക്കാണിച്ചുകൊണ്ട്, "ആ കുട്ടി ഏതാണു്? എന്നു ആശാൻ അണ്ണാവിയോടു ചോദിച്ചു.

അണ്ണാവി-“ഇന്നലെ ഞങ്ങൾ കച്ചേരിയിൽനിന്നു വരുമ്പോൾ ഇവൻ തുമ്പക്കാട്ട് ആൽത്തറയിൽ കിടന്നിരുന്നു "
ആശാൻ "ഇങ്ങോട്ടുവരു കുട്ടി!" എന്നു് അവനെ കൈ മാടി വിളിച്ചു. അവൻ ഇറങ്ങിച്ചെന്നു.

ആശാൻ - "നിന്റെ പേരെന്താണു് ?"

കുട്ടി - "രാഘവൻ"

ആ-“രാഘവൻ! നിന്റെ സ്വദേശം എവിടെയാണ് ? രാഘവൻ സംശയിച്ചുനിന്നു. ആശാൻ വലിയ കൗതുകത്തോടെ രാഘവനെ അടിമുടി സൂക്ഷിച്ചു നോക്കി.
അണ്ണാവി - (മന്ദഹസിച്ചുകൊണ്ട്) " രാഘവപുരം ദേവസ്വം കേസ് ജയിച്ചതും, രാഘവനെ കണ്ടുമുട്ടിയതും ഒരു ദിവസമാണ്. ഒരു ദൈവയോഗം ഇതിലുണ്ടെന്നു തോന്നുന്നു."
ആശാൻ - (എന്തോ ആലോചനയിൽനിന്നു വിരമിച്ചതുപോലെ നിശ്വസിച്ചിട്ട്) "രാഘവപുരം അണ്ണാവിക്കും, രാഘവൻ എനിക്കും ഇരിക്കട്ടെ, എനിക്കു പ്രായം കടന്നുതുടങ്ങി. സഹായത്തിനു ആരും ഇല്ല. ആരുടെ എങ്കിലും സഹായം കൂടാതെ നന്താവനം ഭംഗിയായി സൂക്ഷിക്കുന്നതിനും പ്രയാസമാണു്."
അണ്ണാ - "ക്ഷേത്രത്തിൽ മാലയും പുഷ്പാഞ്ജലിക്കും വേണ്ട
[ 10 ]

പുഷ്പം ഇപ്പോൾ ആശാന്റെ നന്താവനത്തിലുണ്ടോ? "

ആശാൻ - ധാരാളം ഉണ്ട്. രാഘവനെപ്പോലെ ഒരു ബാലന്റെ സഹായം ഉണ്ടായാൽ നന്താവനം ഒരു നന്ദനവനമാക്കാം."

"ആച്ചാ! -റോജ-റോജ!" എന്നു കൊഞ്ഞ പറഞ്ഞുകൊണ്ടു അണ്ണാവിയുടെ മകൾ മൈഥിലി ഒരു റോസാപൂവുമായി ഓടിച്ചാടിവന്നു. അവൾ അണ്ണാവിയുടെ മടിയിൽ കയറിയിരുന്നു രാഘവനെ കണ്ടിട്ട് "ഇതാരച്ചാ, ആയാന്റെ മോനോ?” എന്നു അവൾ ചോദിച്ചു.

അണ്ണാവി ചിരിച്ചു. മൈഥിലിയോടു തന്നെപ്പോലെ വാൽസല്യം ആശാനും ഉണ്ടെന്നു അണ്ണാവിക്കു ബോദ്ധ്യമായിരുന്നു. എങ്കിലും, അവളുടെ കളിവചനം കേട്ടിട്ടു് ആശാൻ ഗൗരവഭാവം കൈക്കൊൾകയാണ് ചെയ്തത്. അതുകണ്ടു് അണ്ണാവി മൈഥിലിയോടു പറഞ്ഞു:- "നീ പോയി മാലകെട്ട് . ആശാനു മക്കളില്ലെന്നു് നിനക്കറിഞ്ഞുകൂടെ?"

മൈഥിലി - (അച്ഛന്റെ താടിയിൽ തടവിക്കൊണ്ട്)

“അച്ചാ റോജ എമ്പാടുപൂത്തു. അച്ഛനു വേണോ?" വേണമെന്നു അച്ഛൻ പറഞ്ഞില്ലെങ്കിലും വേണമെന്നു തീർച്ചയാക്കിക്കൊണ്ടു് മൈഥിലി അച്ഛന്റെ മടിയിൽനിന്നു ഇറങ്ങി ഓടി.

ആശാൻ മൈഥിലി ഓടിപ്പോകുന്നതു നോക്കിക്കൊണ്ടു്, കുളിർക്കെ ഒന്നു ചിരിച്ചിട്ടു പറഞ്ഞു:- “മൈഥിലി അണ്ണാവിയുടെ വാൽസല്യ ദേവതതന്നെ."

അണ്ണാ-- "അവളുടെ ഗുരുസ്ഥാനം ഞാൻ ആശാനു തന്നെ നിശ്ചയിച്ചിരിക്കുകയാണ്. അവൾക്കും ആശാനും പൂക്കൾ വലിയ ഭ്രമമാണല്ലോ"
[ 11 ]
ആശാൻ:- (പെട്ടെന്നു തിരിഞ്ഞു രാഘവനോടുചോദിച്ചു.) "രാഘവൻ എന്റെ കൂടെ താമസിക്കാമോ?"

ആശാനെക്കുറിച്ച് എന്തെന്നില്ലാത്ത ഒരു സ്നേഹം ഇതിനകം അവൻ മനസ്സിൽ ഉദിച്ചുകഴിഞ്ഞിരുന്നു. അതിനാൽ അവൻ ആശാന്റെ കൂടെ ചെല്ലാമെന്നു സമ്മതിച്ചു.

നാലഞ്ചു റോസാപ്പൂക്കളും ഒരു മാലയുമായി മൈഥിലി പിന്നെയും ഓടിച്ചാടിവന്നു. മാധവനും അവന്റെ വാദ്ധ്യാൎക്കും ഓരോന്നു സമ്മാനിച്ചു. ഒരു റോസാപ്പൂ ആശാനും, ഒന്നു അണ്ണാവിക്കും കൊടുത്തുകൊണ്ടു്, ആശാന്റെ മടിയിൽ കയറി ഇരിപ്പായി. മൈഥിലിയുടെ കയ്യിലിരുന്ന പുഷ്പം നോക്കിയിട്ട് അണ്ണാവി പറഞ്ഞു. -- "കള്ളീ! ഉള്ളതിൽ നല്ലതു നീ തന്നെ എടുത്തു!"

മൈഥിലി ചിരിച്ചു. സ്ഥലവും ആളുകളും പരിചയമില്ലാതിരുന്നതുകൊണ്ടു രാഘവൻ പരാധീനനായി നിൽക്കയായിരുന്നു. അവൻ നിലത്തു കിടന്ന ഒരു ചുള്ളിക്കമ്പ് കാലുകൊണ്ടു തപ്പിയെടുത്തു കൈകൊണ്ടു അതിന്റെ തോൽ നുള്ളി ഉരിച്ചു തുടങ്ങി.

മൈഥിലി - "അച്ചാ,ഞാനീ റോജായിൽ വാഴനാരുകെട്ടി ഇതു കഴുത്തിലിടട്ടെ?"
അണ്ണാ - "നീ എല്ലാ പേൎക്കും റോസാപ്പൂ സമ്മാനിച്ചല്ലോ. രാഘവനുകൂടി ഒന്നു കൊടുക്കാത്തതെന്തു്?"
മൈ - “ഏതു രാഘവനച്ചാ? ലയ്യാളോ? ഞാനോൎത്തില്ല. എന്റെ റോജാ അയാൾക്കു കൊടുക്കട്ടെ?"

രാഘവൻ കൈയിലിരുന്ന ചുള്ളിക്കമ്പു വളച്ചൊടിച്ചു. താനെന്തു ചെയ്യുന്നു എന്ന് അവനു നിശ്ചയമില്ലായിരുന്നു. അവൻ കാലുകൊണ്ട് നിലത്തു വരച്ചു കുനിഞ്ഞു നിന്നിരുന്നു. മാലയുംകൊണ്ട് ചെന്ന മൈഥിലിയെ

[ 12 ]

കുഴങ്ങിനിന്ന രാഘവൻ കണ്ടില്ല. മൈഥിലി അതിനാൽ മാല കൈയിൽ കൊടുക്കാതെ, അവന്റെ കഴുത്തിലിട്ടു കൊടുത്തു. രാഘവൻ മുഖമുയൎത്തി. മൈഥിലി ചിരിച്ചു കൊണ്ട് ഓടിപ്പോയി.

അണ്ണാവിയോടു് അനുജ്ഞയും വാങ്ങി, രാഘവനെയും കൂട്ടിക്കൊണ്ട് ആശാൻ നന്താവനത്തിലേക്കു തിരിച്ചു.


മൂന്നാം അദ്ധ്യായം

രാമപുരം ക്ഷേത്രത്തിൽനിന്നു് അരക്കാതം വഴി കിഴക്കായി, മതിലിച്ചിറ എന്നു് വിളിച്ചുവരുന്ന ഒരു വലിയ സരസ്സുണ്ടായിരുന്നു. വെള്ളാമ്പലും ചെന്താമരയും നിറഞ്ഞ മനോഹരമായ ആ പൊയ്‌കയിലെ നിൎമ്മലൎജലം, തീരപ്രദേശങ്ങളിൽ ജനവാസം ഇല്ലാതിരുന്നതുകൊണ്ടു്, മലിനമാകാതെ കിടന്നിരുന്നു. രാമപുരത്തേലായുടെ തലച്ചിറയിലേക്കു് മതിലിച്ചിറയിൽ നിന്നു ഒരു വലിയ തോട്, വെട്ടിവിട്ടിട്ടുണ്ടായിരുന്നതിനാൽ, ജലം കെട്ടിനിന്നുണ്ടാകുന്ന ദോഷവും അതിനെ ബാധിച്ചിരുന്നില്ല. ചിറയുടെ പടിഞ്ഞാറുവശം ഒഴിച്ചു ശേഷം മൂന്നു ഭാഗങ്ങളും പെരുംകാടുകളായിരുന്നു. ഈ കാടുകളിൽ ദുഷ്ടമൃഗങ്ങളുടെ ശല്യം തീരെ ഇല്ലാതിരുന്നതു് വനവാസക്കാലത്തു ശ്രീരാമൻ കുറെക്കാലം ഇവിടെ വിശ്രമിച്ചതുകൊണ്ടാണെന്നു് ആളുകൾ പറഞ്ഞിരുന്നു. മൈഥിലി കുളിച്ച സരസ്സായതുകൊണ്ടാണു് ആ ചിറയ്ക്കു മതിലിച്ചിറ എന്നും പേരുണ്ടായതത്രേ!

ഈ ചിറയുടെ വടക്കേക്കരയിൽ എട്ടുപത്തേക്കർ സ്ഥലം കാടില്ലാതെ തെളിഞ്ഞു കാണപ്പെട്ടിരുന്നു. അ

[ 13 ]

തായിരുന്നു കിട്ടു ആശാൻെറ നന്താവനം. ആശാന്റെ ചെറുതെങ്കിലും വൃത്തിയുള്ള കുടിൽ, ഒരു മാങ്കൂട്ടത്തിന്റെ മദ്ധ്യത്തിൽ നിന്നിരുന്നു. ആശാനും രാഘവനും നന്താവനത്തിൽ എത്തിയപ്പോൾ നേരം ആറേഴു നാഴിക പുലർന്നു. ആശാൻ ഏകനായിട്ടാണ് അവിടെ താമസിച്ചിരുന്നത്. വീടു സൂക്ഷിക്കാൻ നല്ല ശൗര്യവും വിശ്വസ്തതയും ഉള്ള ഒരു പട്ടി ഉണ്ടായിരുന്നു. ആശാന്റെ സഹായത്തിനു് ഭൃത്യന്മാർ ആരും ഉണ്ടായിരുന്നില്ല. സ്വയം പാകത്തിൽ ആശാന് നല്ല പരിചയം ലഭിച്ചിരുന്നു.

ആശാൻ -- "രാഘവനു് വിശപ്പുണ്ടായിരിക്കും. കഞ്ഞി ഉടനെ കാലമാക്കാം."

ആശാൻ അടുപ്പ് വൃത്തിയാക്കി കുടവുമെടുത്തു വെള്ളത്തിനു തിരിച്ചു. വെള്ളം കൊണ്ടുവന്നപ്പോഴേക്കു് രാഘവൻ കുടിലിന്റെ സമീപത്തു ശേഖരിച്ചിരുന്ന വിറകിൽനിന്നും കുറേ എടുത്തുകൊണ്ടുവന്നു അടുപ്പിൽ തീകത്തിച്ചിരുന്നു. രാഘവന്റെ പ്രവൃത്തിയെ ഒരു മന്ദഹാസം കൊണ്ടു് ആശാൻ അഭിനന്ദിച്ചു. വെള്ളം അടുപ്പത്താക്കിയിട്ട്, ആ വൃദ്ധൻ ഒരു വലിയ കാച്ചിൽ ചെത്തിനുറുക്കി, കഴുകി അതും ഒരു അടുപ്പിലാക്കി.

"വെള്ളം തിളച്ചു എന്നു തോന്നുന്നു" എന്നു പറഞ്ഞ്, ആശാൻ അരി എടുത്തു കഴുകി അരിച്ച് വെള്ളത്തിലിട്ടു അനന്തരം, കിണ്ടിയുമായി ആട്ടാലയിൽ പോയി. അവിടെ നിന്നിരുന്ന രണ്ടാടുകളെ കറന്നു് അവയെ മേയാൻ വിട്ടു. ആശാൻ പാൽ കൊണ്ടു വന്നപ്പോഴേക്കും കഞ്ഞിയും കാച്ചിലും വെന്തു പാകമായി. രണ്ടിലും ക്രമത്തിനു് ഉപ്പൊഴിച്ചു. പാലിൽ പഞ്ചസാര ചേൎത്തു് അതും കഞ്ഞിയിലൊഴിച്ചു എല്ലാം പാകമാക്കി

[ 14 ]

സൂക്ഷിച്ചശേഷം, ആശാൻ ചെറിയ ഒരു ചമ്മന്തി അരച്ചു. അനന്തരം, രണ്ടുപേരും ചിറയിൽ ഇറങ്ങി കുളിച്ചുവന്നു്, ഭക്ഷണത്തിനിരുന്നു. അതുവരെയുള്ള ജീവിതത്തിൽ അത്ര സ്വാദോടു കൂടി ഭക്ഷണം കഴിച്ചിട്ടുള്ളതായി രാഘവനു് ഓർമ്മിക്കാൻ കഴിഞ്ഞില്ല.

കഞ്ഞികുടിച്ച ശേഷം ആശാൻ ഒരു വലിയ മാമ്പഴം എടുത്തു പുളി നുറുക്കി. ആ ആകൃതിയിലും, വലിപ്പത്തിലും, നിറത്തിലും ഉള്ള മാമ്പഴം രാഘവൻ അതിനു മുമ്പു കണ്ടിട്ടില്ല. നാക്കിൽ വെള്ളം വരുത്താതെ അതിന്റെ നിറം നോക്കാനും, മണമേൽക്കുവാനും അവനു കഴിഞ്ഞില്ല.

രാഘവൻ - "ഇതെവിടെനിന്നു വരുത്തിയതാണു് ?"
ആശാൻ - "വരുത്തിയതല്ല അതാ നോക്കണം ആ നിൽക്കുന്ന തൈമാവിൽ നിന്നു പറിച്ചെടുത്തതാണു്"

രണ്ടു തൈമാവുകൾ നിറയെ കുലച്ചു്, ആശാന്റെ കുടിലിനു മുൻവശം നിന്നിരുന്നു. രാഘവൻ നന്ദാവനത്തിൽ വന്നപ്പോൾ, സ്ഥലത്തിന്റെ വിജനതയും അപരിചിതനായ ആശാന്റെ പ്രായവും ഓർത്തു് അവന്റെ മനസ്സ് നിരുത്സാഹമായിരുന്നു. അതിനാൽ, നന്താവനത്തിന്റെ രമ്യതയൊന്നും അവൻ കണ്ടിരുന്നില്ല. പാൽക്കഞ്ഞി കുടിച്ചുണ്ടായ തൃപ്തിയും, ആശാന്റെ സ്നേഹമധുരമായ സംഭാഷണവും അവന്റെ കുണ്ഠിതം പാടേ ഹനിച്ചു.

രാ:-- "ഇവിടെ പാർപ്പായിട്ടു വളരെ നാളായോ?"
ആ:- "ഇരുപതു കൊല്ലമായി."
രാ:-- "ഈ സ്ഥലം സ്വന്തമാണോ?"
[ 15 ]
ആ -- "സ്വന്തമാണ്. "
രാ -- "ഈ സ്ഥലം മുഴുവൻ ഈ വിധമാക്കിയതു തനിച്ചാണോ?"
ആ - “അതെ. മുഴുവൻ എന്റെ പ്രയത്നമാണു്. കാടു തെളിക്കാൻ ഒന്നുരണ്ടു കൂലിക്കാരുടെ സഹായം കൂടി ഉണ്ടായിരുന്നു. വൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിച്ചതു് ഞാൻ തന്നെ. രാഘവൻ ഇരുന്നു വിശ്രമിക്കൂ.ഊണു തയാറാക്കുന്നതിനു മുമ്പു് എനിക്കു ആട്ടാലയുടെ ചില അറ്റകുറ്റങ്ങൾ തീൎക്കാനുണ്ട്. "

ആശാൻ ഒരു വെട്ടുകത്തിയുമെടുത്തു വെളിയിലിറങ്ങി. രാഘവൻ വിശ്രമത്തിനൊരുങ്ങാതെ, തോട്ടത്തിൽ ഇറങ്ങിനടന്നു തുടങ്ങി. കുടിലിനു തെക്കുവശം, ഇരുപതു ദണ്ഡ് സമചതുരം വീതം വരുന്ന മൂന്നുതട്ടുകളായി തിരിച്ചിട്ടുണ്ട്. മദ്ധ്യത്തിലുള്ള തട്ടാണ് പൂന്തോട്ടം. അതിന്റെ മദ്ധ്യത്തിൽ കൂടി തെക്കുവടക്കായും കിഴക്കുപടിഞ്ഞാറായും രണ്ടു വഴികൾ ഉണ്ടാക്കിയിട്ടുണ്ടു്. രണ്ടുവഴികളും സന്ധിക്കുന്നിടത്തു ഒരു തട്ടുപന്തൽ, മേച്ചിലില്ലാതെ, മുളകീറി വരിഞ്ഞു ഉണ്ടാക്കിയിരുന്നു. അതിന്റെ നാലുവശങ്ങളിലും ആർച്ചുകളുണ്ട് . ഈ പന്തലിലും ആർച്ചുകളിലും, അരിമുല്ലകളും കുടമുല്ലകളും പറ്റിപ്പടർന്നു കിടക്കുന്നു. പന്തലിന്റെ തറയിൽ വിരിച്ചു നിരപ്പാക്കിയിരുന്ന ആറ്റുമണലിൽ പൂക്കൾ കൊഴിഞ്ഞുവീണു് ചിതറിക്കിടപ്പുണ്ട്. ചുറ്റുമുള്ള തടങ്ങളിൽ റോസ, പിച്ചകം, ചെമ്പകം, ചേമന്തി മുതലായ പൂച്ചെടികൾ അതിഭംഗിയിൽ നട്ടുപിടിപ്പിച്ചിരിക്കുന്നു. പന്തലിനു് അല്പം കിഴക്കായി ഒരു വലിയ വരമ്പുണ്ട്. അതിന്റെ കിഴക്കുവശമാണ് ആശാന്റെ മലക്കറിത്തോട്ടം. ചതുരാകൃതിയിൽ വളച്ചുകെട്ടി ഉണ്ടാക്കിയിട്ടുള്ള തട്ടുക

[ 16 ] ളിൽ അമര, പിച്ചക്ക, പാവയ്ക്കാ മുതലായവയുടെ വള്ളികൾ പടർന്നു് കുലകുത്തി കായ്ച്ച് കിടന്നിരുന്നു.

വെണ്ട, വഴുതിന, കത്തിരി, മുളക് മുതലായ അനേകം ചെടികളിൽ "ആടിത്തൂങ്ങി അലഞ്ഞുലഞ്ഞു" നിൽക്കുന്ന കായ്‌കൾ കണ്ട് രാഘവന്റെ കണ്ണുകൾ കുളിൎത്തു. മലക്കറിത്തോട്ടം ചുറ്റിനടന്നു കണ്ടശേഷം രാഘവൻ പടിഞ്ഞാറേ തട്ടിലേയ്ക്കു പോയി. അവിടെ ചെടികളുടേയും മറ്റും വിത്തുകൾ പാകി കിളിർപ്പിക്കുന്നതിന് ചെയ്തിരുന്ന ഏർപ്പാടുകൾ കണ്ട് അവന് ആശാനെക്കുറിച്ചുണ്ടായ ബഹുമാനം വർദ്ധിച്ചു.

അനന്തരം രാഘവൻ പന്തലിലേക്കുതന്നെ പോയി. മൈഥിലിച്ചിറയെ തലോടിവന്ന തെക്കൻകാറ്റ് പൂക്കളുടെ പരിമളം ഇളക്കി രാഘവനെ സൽക്കരിച്ചു. പന്തലിനുസമീപം വിടൎന്നുനിന്ന വലിയ ഒരു റോസാപുഷ്പം പറിപ്പാൻ അവൻ കൈയ് നീട്ടി. മൈഥിലി സമ്മാനിച്ച മാലയുടെ ഓൎമ്മ അപ്പോൾ അവനുണ്ടായി. ആ പെൺകിടാവിന്റെ നേരെ അവനു എന്തെന്നില്ലാത്ത ഒരു പ്രതിപത്തി തോന്നിയിരുന്നു. മൈഥിലിയുടെ സമപ്രായക്കാരിയായി രാഘവന് ശാരിക എന്നൊരു സഹോദരി ഉണ്ടായിരുന്നു. ശാരികയോട് മൈഥിലിക്കുണ്ടായിരുന്ന ആകൃതിസാമ്യം കൊണ്ടോ എന്തോ, എന്താണു് രാഘവന് ഇത്ര വളരെ താല്പര്യം മൈഥിലിയുടെ നേരെ തോന്നിയതെന്നറിഞ്ഞില്ല. അവൻ, പടൎന്നുകിടന്ന മുല്ലക്കൊടിയുടെ ഇടയിൽ ആ റോസാപുഷ്പത്തിന്റെ അഴകും നോക്കിക്കൊണ്ട് നിന്നു. "ഇത്തരം ഒരു പൂവു് മൈഥിലിക്ക് പകരം കൊടുക്കാൻ സാധിച്ചെങ്കിലോ" എന്നായിരുന്നു അവന്റെ അപ്പോഴത്തെ വിചാരം. ഈ നിലയിൽ പന്തലിലേക്കുവന്ന ആശാനെ രാഘവൻ കണ്ടില്ല.

[ 17 ]

"തോട്ടം മുഴുവൻ കണ്ടോ? എന്നു ആശാൻ ചോദിച്ചു. ഒരു പരിഭ്രത്തോടെ, പതറിയ സ്വരത്തിൽ 'കണ്ടു' എന്നു രാഘവൻ പറഞ്ഞു.

അല്പനിമിഷം ചിന്താമഗ്നനായി നിന്നിട്ട് ആശാൻ ചോദിച്ചു -- "രാഘവൻ സ്ക്കൂളിൽ പഠിച്ചിട്ടുണ്ടോ?"

രാ- "നാലു ക്ലാസ്സുവരെ പഠിച്ചു."
ആ - "സ്ക്കൂൾ കുട്ടികൾ ഉച്ചയ്ക്കു വല്ലതും കഴിച്ചു ശീലിച്ചവരായിരിക്കും. അതുകൊണ്ടു ഞാൻ പോയി ഊണു കാലമാക്കാം
രാ - “ഞാനും കൂടി വരുന്നു."
ആ - “കൊള്ളാം; രാഘവനു് ഇന്നു ഞാൻ പാൽപ്രഥമനുണ്ടാക്കിത്തരാം."

പാചകത്തിനുവേണ്ട സഹായങ്ങൾ രാഘവൻ ആശാനു് ചെയ്തുകൊടുത്തു. പക്ഷെ യാതൊരു സഹായവും ആശാൻ രാഘവനോട് ആവശ്യപ്പെട്ടിരുന്നില്ല. അവന്റെ പ്രവൃത്തികളെ ആശാൻ മുഖപ്രസാദംകൊണ്ടും സ്നേഹപൂർണ്ണമായ സംഭാഷണം കൊണ്ടും അഭിനന്ദിച്ചു.



നാലാം അദ്ധ്യായം

അടുത്ത വിഷുവിനുതന്നെ രാമപുരം ക്ഷേത്രം തുറന്നുി പൂജ ആരംഭിച്ചു. അന്നു ക്ഷേത്രത്തിൽ വിശേഷാൽ ആൾക്കൂട്ടം ഉണ്ടായിരുന്നു.

ആശാനും രാഘവനും അന്നു പതിവിലധികം നേരത്തെ എഴുന്നേറ്റു. രണ്ടുപേരും മതിലിച്ചിറയിലി

[ 18 ] റങ്ങി കുളിച്ചു. "പ്രാതഃസ്നാനം ബുദ്ധിവിശേഷം മഹൗഷധം" എന്നു രാഘവൻ എന്നു പഠിച്ചോ അന്നു മുതൽ അവൻ അത് അനുഷ്ഠിക്കാൻ തുടങ്ങി. സ്നാനം കഴിഞ്ഞു മടങ്ങിവന്ന ഉടൻ, ആശാൻ പൂക്കുടയുമായി നന്ദാവനത്തിൽ ഇറങ്ങി പുഷ്പങ്ങൾ ഇറുത്തു ശേഖരിച്ചു തുടങ്ങി. ഈ ജോലിയിൽ രാഘവൻ അത്യത്സാഹത്തോടെ ആശാനെ സഹായിച്ചു. അസാമാന്യ വലിപ്പമുള്ള ഒരു റോസാപുഷ്പം രാഘവൻ പറിച്ചെടുത്തതു് പൂക്കൂടയിൽ ഇടാൻ മടിച്ചുനിൽക്കുന്നതു കണ്ടിട്ട്, ആശാൻ

"രാഘവനു് ആ റോസാപ്പൂവ് വേണമെങ്കിൽ എടുത്തുകൊള്ളൂ" എന്നു പറഞ്ഞു. രാഘവന്റെ കവിൾത്തടങ്ങൾ ആ റോസാപ്പൂവുപോലെ ചുവന്നു.

ആശാൻ -- "ക്ഷേത്രത്തിൽ മൂന്നു മാലയാണ് പതിവായി വേണ്ടത് . ഇന്നു വിഷുവായതുകൊണ്ടു അഞ്ചു മാല വേണം.

ആശാൻ വാഴനാരു കൊണ്ടുവന്നു മാല കെട്ടാൻ ആരംഭിച്ചു. രാഘവൻ കൗതുകപൂൎവം ശ്രദ്ധിക്കുന്നതു കണ്ടു് ആശാൻ ചോദിച്ചു - "രാഘവനു് മാല കെട്ടിപ്പഠിക്കാൻ കൊതിതോന്നുന്നുണ്ടോ? പൂമാല കെട്ടിയുണ്ടാക്കാൻ ബാല്യം മുതൽ എനിക്കുണ്ടായിരുന്ന കൗതുകം ഇതേവരെ എന്നെ വിട്ടുപിരിഞ്ഞിട്ടില്ല. ഇതാ നോക്കി മനസ്സിലാക്കിക്കൊള്ളൂ."

രാഘവൻ കുറേനേരം, ആശാൻ മാലകെട്ടുന്നതു സൂക്ഷിച്ചു മനസ്സിലാക്കിയിട്ട്, സ്വയം ഒരു മാല കെട്ടാൻ ആരംഭിച്ചു. അരച്ചാൺ നീളത്തിൽ അവൻ ഒരു മാല കെട്ടിയതു് ആശാനെ കാണിച്ചു. അതിലുള്ള കുറ്റങ്ങളും കുറവുകളും ആശാൻ അവനു ഉപദേശിച്ചു കൊടുത്തു. അവൻ ആ മാല അഴിച്ചുകെട്ടി. ആശാൻ അഞ്ചു മാല

[ 19 ] കെട്ടിത്തീൎന്നപ്പോഴേക്കു് രാഘവനു് ഒരു മാല കെട്ടാനേ സാധിച്ചുള്ളൂ. എങ്കിലും, അതു ഒട്ടും മോശപ്പെട്ടതല്ലായിരുന്നു. അവൻ ആ റോസാപ്പൂവ് ആ മാലയുടെ നടുനായകമായ് കെട്ടി; അതു വാഴയിലയിൽ പൊതിഞ്ഞു വെള്ളം തളിച്ചുവച്ചു.
ആശാൻ - "ഇനി നമുക്കു ക്ഷേത്രത്തിലേക്കു പോകാം. അണ്ണാവിയും മറ്റും എത്തിയിരിക്കും."
രാഘവൻ - "മാധവനും അവന്റെ വാദ്ധ്യാരും മറ്റും കൂടെ വരുമോ?"
ആ - (പുഞ്ചിരിയോടുകൂടി) "പൂവത്തൂരുള്ളവരെല്ലാം ഇന്നു ക്ഷേത്രത്തിൽ വരും. വിശേഷിച്ചും ഇന്നു വിഷുവുമാണു്."
രാ - "ഈ ക്ഷേത്രത്തിൽ ഉൽസവം എപ്പോഴാണു്?"
ആ - “മറ്റു ക്ഷേത്രങ്ങളിലെപ്പോലെ ഇവിടെ ഉൽസവം പതിവില്ല. ഇപ്പോഴത്തെ അണ്ണാവിയുടെ വലിയച്ഛന്റെ കാലത്ത് പതിനൊന്നു ആനപ്പുറത്തു ആറാട്ടും, കേമമായി വിളക്കും ഉണ്ടായിരുന്നു. ഒരിക്കൽ പള്ളിവേട്ടയ്ക്ക് ഏതാനും തസ്കരന്മാർ കൂടി, ആന വിരണ്ടു എന്നൊരു ബഹളം ഉണ്ടാക്കി. കൈയും കണക്കുമില്ലാതെ ഉൽസവത്തിനു തിങ്ങിക്കൂടിയിരുന്ന ജനങ്ങൾ പരിഭ്രമിച്ചുണ്ടാക്കിയ ബഹഉംമൂലം ഒന്നു രണ്ടു് ആനകളും വിരണ്ടു. ആകപ്പാടെ ഒരു വലിയ കശയായി. കുറേ സ്ത്രീകളും കുഞ്ഞുങ്ങളും മരിച്ചു. അനവധി ആളുകൾക്കു കൈകാലുകൾ ഒടിഞ്ഞു. കണക്കില്ലാതെ, മുതൽ നഷ്ടവും ഉണ്ടായി. അതിന്റെ പിന്നാലെ പോലീസുകാരുടെ വരവായി. ബഹളത്തിനു കാരണക്കാ
[ 20 ]

രായി; കണ്ണിൽ കണ്ടവരെയൊക്കെ പിടിച്ചു. അതുമൂലവും വലിയ പണച്ചെലവും കഷ്ടപ്പാടും ഉണ്ടായി."

രാ-"ഇന്നത്തെ ആൾക്കൂട്ടത്തിലും അങ്ങനെ വല്ലതുമുണ്ടാകുമോ?"
ആ-""ആനയും ആറാട്ടുമാണു് ആ ബഹളമൊക്കെയുണ്ടാക്കിയതു്. അതുനിമിത്തം അന്നത്തെ ബഹളത്തിനുശേഷം രാമപുരത്ത് ഉൽസവം വേണ്ടെന്നു വച്ചിരിക്കയാണ്."

അനന്തരം ആശാനും രാഘവനും കൂടി ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. ചിറയുടെ തീരത്തുകൂടിയായിരുന്നു അവരുടെ യാത്ര. വിടരാറായി നിന്ന ചെന്താമരപ്പൂക്കൾ, കുതിച്ചുകയറിയ കുഞ്ഞുങ്ങളുടെ ഓമനമുഖം പോലെ പ്രഭാതരവിയുടെ കിരണങ്ങളിൽ തുള്ളിക്കളിച്ചു. വെള്ളാമ്പലുകളുടെ മൊട്ടുകളെ കരിവണ്ടുകൾ മുത്തി, ശംഖനാദം മുഴക്കി. നീലോൽപലദളങ്ങൾ, വണ്ടുകളുടെ നിറത്തോടു മൽസരിച്ചു് പ്രഭാതമാരുതനിൽ വിറച്ചു. മനോഹരമായ ചൂരൽ കുട്ടയിൽ വച്ചു രാഘവൻ കൊണ്ടുപോയിരുന്ന പുഷ്പങ്ങളുടെ പരിമളം മൂലം അവനുചുറ്റും വണ്ടുകൾ പ്രദക്ഷിണം ചെയ്തു.

അപ്പോഴേക്കും, ദൂരെ രാമപുരം ക്ഷേത്രത്തിലെ ശംഖനാദവും, കാകളിയും കേട്ടുതുടങ്ങി.


അഞ്ചാം അദ്ധ്യായം

രാമപുരം ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൊന്താഴികക്കുടം ബാലാർക്കരശ്മികൾ തട്ടി തിളങ്ങുന്നത് ദൂരത്തിൽ കണ്ടു് രാഘവന്റെ ഉൽസാഹം വർദ്ധിച്ചു.

[ 21 ]

ക്ഷേത്രത്തിന്റെ ഉള്ളിൽനിന്നു മണിനാദം കേട്ടുതുടങ്ങിയപ്പോൾ ആശാനും രാഘവനും ക്ഷേത്രത്തിലെത്തി. ആശാനെ കണ്ട ഉടനെ അണ്ണാവി ചോദിച്ചു:-

"ആശാൻ ഇന്നെന്താണു് പതിവിൽ അല്പം വൈകിയതു്?"

ആശാൻ, "വിശേഷാൽ കാരണം ഒന്നും ഇല്ല” എന്നു് പറഞ്ഞുകൊണ്ടു് രാഘവന്റെ കയ്യിൽ ഇരുന്നപൂക്കൂട വാങ്ങി ശാന്തിക്കാരനെ ഏല്പിച്ചു. കത്തി എരിയുന്ന ദീപങ്ങളുടെ മദ്ധ്യത്തിൽ പുഷ്പമാല്യങ്ങളും അണിഞ്ഞു്, സീതയോടും ലക്ഷ്മണനോടും ഒന്നിച്ചു നിന്നിരുന്ന ശ്രീരാമന്റെ ബിംബം കണ്ടു്, രാഘവന്റെ ഹൃദയം ഭക്തിപരിപൂർണ്ണമായി.

അണ്ണാവിയുടെ മകൾ മൈഥിലി അദ്ദേഹത്തിന്റെ കൈയും പിടിച്ചു് അവിടെ നിന്നിരുന്നു. അവൾ രാഘവനെ കണ്ട ഉടനെ "ഇയാൾക്കല്ലേ അച്ഛാ, ഞാൻ റോജാമാല കൊടുത്തത്? എന്നു ചോദിച്ചു. അണ്ണാവിക്കു് അതിനുത്തരം പറയാൻ ഇടകിട്ടും മുമ്പേ, ഗംഭീരമായ ശംഖനാദവും നാഗസ്വരാദിവാദ്യങ്ങളും ക്ഷേത്രത്തിൽ മുഴങ്ങിത്തുടങ്ങി. പ്രദക്ഷിണത്തിനു സമയമായി എന്നതിന്റെ അറിയിപ്പായിരുന്നു അത്.

പ്രദക്ഷിണം ആരംഭിച്ചു. ഓരോ ഭാഗത്തു് ഒരുങ്ങിനിന്നിരുന്ന ജനസംഘം യാതൊരു ബഹളവും കൂടാതെ ശാന്തിക്കാരനെ അനുഗമിച്ചു.

അങ്ങനെ പതുക്കെ നീങ്ങിയ ജനക്കൂട്ടത്തിന്റെ ഇടയിൽ മൈഥിലിയും ഉണ്ടായിരുന്നു. അവൾ അച്ഛന്റെ കൈയ് വിട്ടു്, ആൾക്കൂട്ടത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിച്ചുതുടങ്ങി. പ്രദക്ഷിണം അവസാനിപ്പിച്ചു്, ജനങ്ങൾ പലവഴിക്കും തിരിച്ചു ഓടി ക്ഷീണിച്ചപ്പോൾ

[ 22 ]

ഉത്സാഹം കുറഞ്ഞ മൈഥിലി അച്ഛനെ അന്വേഷിച്ചു് മുന്നോട്ടു മുറുകിനടന്നു. പരസ്പരം പരിചയമില്ലാത്ത പലരും ഒരുവഴിക്കു് തിങ്ങി നടക്കുമ്പോൾ അവരുടെ ഇടയിൽ നടന്നു പോകുന്ന ഒരു കൊച്ചു കുട്ടിയെക്കുറിച്ചു് ആരും വിശേഷിച്ചു ശ്രദ്ധിച്ചു എന്നു് വരികയില്ല. ഇടക്കിടയ്ക്കു് പലേടത്തുവച്ചും ജനങ്ങൾ കൂട്ടം പിരിഞ്ഞു് അവരവരുടെ വഴിക്കു പോയി. ഇങ്ങനെ ഒരു അരനാഴിക ദൂരം ചെന്നപ്പോൾ, ജനസംഖ്യ വളരെ കുറഞ്ഞു ബാക്കി ഉണ്ടായിരുന്നവർ ഒരു നാലുമുക്കിൽ എത്തി. അവിടെ വച്ചു ജനങ്ങൾ മൂന്നു വഴിക്കായി തിരിഞ്ഞതു കണ്ടു, എങ്ങോട്ടു പോകണമെന്നറിയാതെ മൈഥിലി വിഷമിച്ചു. പരിചയമുള്ള യാതൊരു മുഖവും ആ കൂട്ടത്തിൽ അവൾ കണ്ടില്ല. അവളുടെ കണ്ണുകൾ കലങ്ങി കവിൾത്തടം തുടിച്ചു. ചുണ്ടുകൾ വിറച്ചു. അവൾ കരയാനാരംഭിച്ചു. അവളുടെ ഈ അവസ്ഥ ആരെങ്കിലും കാണുംമുമ്പേ, പെട്ടെന്നു അവളുടെ മുഖം തെളിഞ്ഞു. അപ്പോൾ എവിടന്നോ അവിടെ വന്നു ചേൎന്ന രാഘവനെ അവൾ കണ്ടു.

രാഘവൻ ഈശ്വരവന്ദനം ചെയ്തുകൊണ്ടു തിരിഞ്ഞു നോക്കിയതു് മൈഥിലിയുടെ മുഖത്തായിരുന്നു. അവൾ അണ്ണാവിയുടെ കൈയ് വിട്ട് ആൾക്കൂട്ടത്തിൽ ഓടിക്കളിക്കാൻ തുടങ്ങിയതു് രാഘവൻ കണ്ടു. അവൻ മൗനമായി അവളെ അനുഗമിച്ചു. അച്ഛനെ പിരിഞ്ഞു, അബദ്ധത്തിൽ അവൾ അങ്ങിനെ പോകയാണെന്നു് രാഘവനു തോന്നിയിരിക്കാം.

രാഘവനെ കണ്ടപ്പോൾ മൈഥിലി ചോദിച്ചു --

"ആയാനെന്തിയെ?"

രാ--"മൈഥിലിയുടെ അച്ഛന്റെ കൂടെയുണ്ടു്." [ 23 ]

മൈ:-"അച്ഛനെവിടെ?"

രാ:- "ആശാന്റെ കൂടെയുണ്ടു്."

മൈ:- “നമുക്കച്ഛന്റെ അടുത്തു പോകാം."

രണ്ടുപേരും തിൎയ്യെ നടന്നു. ഒരുവശം കാടു പിടിച്ച ഉയർന്ന ഭൂമിയും മറുവശം തോടുമായ ഒരു വഴിയിൽ കൂടിയായിരുന്നു അവരുടെ യാത്ര.

മൈ:--"അതാ ആ തോട്ടിൽ നിൽക്കുന്ന പൂവിങ്ങു പറിച്ചു തരുമോ?"

രാഘവൻ തോട്ടിലിറങ്ങി, മനോഹരമായ ഒരു ആമ്പൽ പുഷ്പം പറിച്ചു മൈഥിലിക്കു കൊടുത്തു. മൈഥിലി അതിന്റെ ഇതളുകൾ തൊട്ടും മണപ്പിച്ചും അല്ലികൾ തിരിച്ചും മറിച്ചും നോക്കിക്കൊണ്ടു നടന്നു.

രാ:- "മൈഥിലിക്ക് പൂക്കൾ ഇഷ്ടമാണ് അല്ലേ?"

മൈഥിലി ചിരിച്ചുകൊണ്ടു ചോദിച്ചു:- “ആ നിൽക്കുന്നത് എന്തു പൂവാണു?"

രാ:-- "കലംപൊട്ടി പൂവാണ്?
മൈ:- “മുല്ലപ്പൂ പോലെ കാണുന്ന പൂവോ?
രാ:--“അതു കാട്ടുമുല്ലയാണ്, അതിന്റെ പൂവിനും ഏതാണ്ടു മുല്ലയുടെ മണമുണ്ട്.
മൈ:- “ആ പൂവ് കുറെ പറിച്ചു തരുമോ ഒരു മാല കെട്ടാൻ"
രാ:--എന്റെ കൈയെത്താത്ത പൊക്കത്തിലാണ്

അതു പടർന്നു കിടക്കുന്നതു്.

മൈഥിലിക്കു വേണമെങ്കിൽ ഞാനൊരു മുല്ലമാല തരാം."
മൈ:--"എവിടെ നോക്കട്ടെ"

രാഘവൻ വാഴയിലയിൽ പൊതിഞ്ഞു മടിയിൽ വച്ചിരുന്ന മാലയെടുത്തു മൈഥിലിക്കു കൊടുത്തു. അവൾ

[ 24 ]

ഉത്സാഹത്തോടുകൂടി അതുവാങ്ങി നോക്കി. ആമ്പൽപ്പൂ രാഘവനെ ഏല്പിച്ചിട്ടു് അവൾ ആ മാല കഴുത്തിൽ ചാൎത്തി. മുമ്പേ മൈഥിലിയും, പിമ്പേ രാഘവനുമായി നടന്നു. വഴിയിൽ കണ്ട പുഷ്പങ്ങളുടെയും ചെടികളുടെയും പേരുകൾ മൈഥിലി രാഘവനോടു ചോദിച്ചു. രാഘവൻ അവന് അറിയാവുന്നവയുടെ പേരും അവയുടെ ഗുണവും മൈഥിലിയെ പറഞ്ഞു കേൾപ്പിച്ചു.

മൈ--“ആ നിൽക്കുന്ന അമ്മൂമ്മപ്പഴം ഇങ്ങു പറിച്ചുതരാമോ?
രാ- -“അമ്മൂമ്മപ്പഴമോ? അതു തെച്ചിപ്പഴമാണു്"
മൈ--“അല്ലല്ല! അമ്മുമ്മപ്പഴം. ഇന്നാളണ്ണൻ പറഞ്ഞല്ലോ?"

രണ്ടുപേരും രണ്ടു ദിക്കുകാരായതു കൊണ്ടാണു് ഈ തർക്കം വന്നതു്. രാഘവൻ ഒരു വലിയ തെച്ചിപ്പഴക്കുല പറിച്ചു മൈഥിലിക്കു കൊടുത്തു "രാഘവനു വേണ്ടേ" എന്നു ചോദിച്ചുകൊണ്ടു അവൾ നാലഞ്ചു പഴം ഇറുത്തു അവനും കൊടുത്തു.

ക്ഷേത്രത്തിലെ പൂജകളെല്ലാം അവസാനിച്ചശേഷംആശാനും അണ്ണാവിയും കൂടിമണ്ഡപത്തിലിരുന്നു് ക്ഷേത്രഭരണം ഇനി എങ്ങനെ വേണം എന്നുള്ളതിനെപ്പറ്റി സംസാരിക്കുകയായിരുന്നു. പെട്ടെന്നു്, “അല്ല" "മൈഥിലി എവിടെ? എന്നു ചോദിച്ചുകൊണ്ടു അണ്ണാവി എഴുനേറ്റു. "രാഘവനെവിടെ?" എന്നു ചിന്തിച്ചുകൊണ്ട് ആശാനും എഴുനേറ്റു. രണ്ടുപേരും ക്ഷേത്രത്തിന്റെ നാലുവശവും നാലമ്പലത്തിന്റെ എല്ലാ കോണുകളും വീണ്ടും വീണ്ടും പരിശോധിച്ചു. അണ്ണാവിയുടെ പരിഭ്രമം വർദ്ധിച്ചു. ആരോടെങ്കിലും ചോദി

[ 25 ]

ച്ചാൽ എങ്ങനെയെങ്കിലും വർത്തമാനം അവളുടെ അമ്മ അറിയും. ബഹളമുണ്ടാകും. രാഘവനേയും മൈഥിലിയേയും ഏകാകാലത്തിൽ കാണാതായതിനെക്കുറിച്ചു ആശാൻ ചിന്താമഗ്നനായി. ആശാനു രാഘവനെ കഷ്ടിച്ചു ഒന്നരമാസത്തെ പരിചയമേ ഉണ്ടായിട്ടുള്ളു. എങ്കിലും, ആ ബാലനെ ആദ്യം കണ്ടതു മുതൽ എന്തോ വലുതായ ഒരു ഉൽക്കണ്ഠ ആശാന്റെ മനസ്സിൽ ഉദിച്ചിട്ടുണ്ട്.

അണ്ണാവിയും ആശാനും ക്ഷേത്രത്തിന്റെ മുൻവശമുള്ള അരയാലിന്റെ ചുവട്ടിൽ, എന്തു ചെയ്യേണ്ടൂ എന്നറിയാതെ, കുഴങ്ങി നിൽക്കുമ്പോൾ മൈഥിലിയെ ദൂരത്തിൽ കണ്ടുതുടങ്ങി. അവളുടെ പരദേവതയെപ്പോലെ രാഘവനും പിന്നാലെ വരുന്നുണ്ട്.

അണ്ണാ--“നീ എവിടെപ്പോയി മൈഥിലീ?

മൈ--“എങ്ങും പോയില്ലച്ഛാ. അച്ഛനും കൂടി അക്കൂട്ടത്തിലുണ്ടെന്നുവച്ചു നടന്നു."

അ--“ആരുടെ കൂടെ?

മൈ--“അങ്ങോട്ടൊരുപാട് ആളുകൾ പോയി. അവരുടെ കൂടെ"

അ--"രാഘവനെവിടന്നു വരുന്നു?

മൈ -- "ഞാൻ അങ്ങൊരുത്തിൽ ചെന്നപ്പോൾ എല്ലാവരും പോയി. ഞാൻ തനിച്ചായി. കരയാൻ ഭാവിച്ചപ്പോൾ അയാൾ വന്നു.

അ --“ഈ മാല എവിടുന്നു?

മൈഥിലി രാഘവന്റെ മുഖത്തുനോക്കി മന്ദഹസിച്ചു, കുട്ടിക്കളിയുടെ പോക്കു കണ്ട് ആശാനും മന്ദഹസിച്ചു.



[ 26 ]
ആറാം അദ്ധ്യായം


രാഘവൻ നന്താവനത്തിൽ താമസം തുടങ്ങിയിട്ടു മൂന്നു കൊല്ലമായി. നന്താവനത്തിലെ സകല കാൎയ്യങ്ങളും ആശാന്റെ മേൽനോട്ടവും സഹായവും കൂടാതെ, അവൻതന്നെ നടത്തുമെന്നുള്ള സ്ഥിതിയായി. രാഘവന്റെ വരവിനുശേഷം, രണ്ടു പശുക്കളും, ഒരു ജോടി ഉഴവുകാളകളും, മൈഥിലിച്ചിറയിൽ അരയന്നങ്ങളെപ്പോലെ നീന്തിക്കളിക്കുന്ന ആറു വെള്ളത്താറാവുകളും കൂടി നന്താവനത്തിലെ സമ്പാദ്യങ്ങളായിത്തീർന്നിട്ടുണ്ടു്. രാഘവന്റെ ചങ്ങാതികൾ ഇവയും, മുമ്പുതന്നെ ഉണ്ടായിരുന്ന ഏതാനും ആടുകളും, കോഴികളും, ഒരു നല്ല ചെങ്കോട്ടപ്പട്ടിയുമായിരുന്നു. ഈ ഗൃഹ്യജന്തുക്കളെ സൂക്ഷിച്ചു വളർത്തുന്നതിൽ അവൻ കാണിച്ച ശ്രദ്ധയും താല്പൎയ്യവും ആ ജന്തുക്കൾ അവന്റെ ലാളനയിൽ പ്രദർശിപ്പിച്ചു വന്ന സന്തോഷത്തിൽനിന്നും പ്രത്യക്ഷമായിരുന്നു.

രാഘവൻ ദിനംപ്രതി പ്രഭാതത്തിൽ ക്ഷേത്രത്തിലേക്കു വേണ്ട പുഷ്പങ്ങൾ ശേഖരിച്ചയച്ചശേഷം, തോട്ടത്തിലുള്ള ചെടികൾക്കു തടമെടുക്കുക, വളമിടുക, വെള്ളം കോരുക മുതലായ പ്രവൃത്തികൾ മുടങ്ങാതെ ചെയ്തു വന്നു. ഉച്ചയ്ക്കും ആശാനോടൊരുമിച്ചു പന്തലിലിരുന്നു പുസ്തകം വായിച്ചോ, കഥപറഞ്ഞോ സമയം കഴിക്കും. വെയിലാറിയാൽ വീണ്ടും തോട്ടത്തിൽ വേലയായി. സന്ധ്യയ്ക്കു ഥൈലിച്ചിറയിൽ സ്നാനം ചെയ്തു ആശാനോടൊരുമിച്ചു ക്ഷേത്രത്തിൽ പോകും അവിടെ ആശാന്റെ രാമായണം വായന കേട്ടുകൊണ്ടിരിക്കും. മിക്കദിവസവും അണ്ണാ

[ 27 ]

വിയും മൈഥിലിയും, ചിലപ്പോൾ മാധവനും അമ്പലത്തിൽ രാമായണം വായന കേൾക്കാൻ വരും.

ഒരു ദിവസം ആശാനു കണ്ണിൽ അല്പം സുഖക്കേടായിരുന്നതിനാൽ പകരം രാഘവനാണു വായന നടത്തിയതു്. രാമായണത്തിന്റെ ഏതു ഭാഗവും അൎത്ഥദോഷം വരാത്തവണ്ണം ശബ്ദശുദ്ധിയോടുകൂടി കൎണ്ണാനന്ദകരമായി വായിക്കുന്നതിനു് ആശാൻ അവനെ അഭ്യസിപ്പിച്ചിരുന്നു. രാഘവന്റെ ബാല്യവും; വായനക്കാരുടെ ഭംഗിയും ശ്രോതാക്കൾക്കു കൗതുകത്തെയും ആ ബാലന്റെ നേരെ സ്നേഹബഹുമാനങ്ങളെയും ജനിപ്പിച്ചു. അന്നു മുതൽ വായന രാഘവനും, വായിച്ച ഭാഗത്തെപ്പറ്റിയുള്ള പ്രസംഗം മാത്രം ആശാനും നടത്തിവന്നു. ആശാന്റെ കാലശേഷം, ആശാന്റെ സ്ഥാനം കാംക്ഷിച്ചിരുന്ന പണ്ഡിതന്മാർക്കു് ഇതു തീരെ രസിച്ചില്ല. അതിനാൽ അവർ ഏതു നാട്ടുകാരനെന്നു നിശ്ചയമില്ലാത്ത ഈ ബാലന്റെ ജാതിയെപ്പറ്റി ജനങ്ങൾക്കു ശങ്ക ജനിക്കാൻ തക്കവണ്ണം ഓരോന്നു സംസാരിച്ചുതുടങ്ങി. അണ്ണാവിയുടെ ചെവിയിൽ ആ വർത്തമാനം എത്തുന്നതിനു വളരെ കാലതാമസം നേരിട്ടു. ആശാൻ അതു കേട്ടു എങ്കിലും തീരുമാനം വകവച്ചില്ല ഒരു ദിവസം ആശാനും രാഘവനും നന്താവനത്തിലെ പന്തലിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കു് ആശാൻ ചോദിച്ചു:- "രാമപുരത്തു വരുംമുമ്പേ, രാഘവൻ ഏതെങ്കിലും ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിൽ കടന്നിട്ടുണ്ടോ?"

രാഘവൻ - "ജനാർദ്ദനക്ഷേത്രത്തിൽ എത്രയോ തവണ ഞാൻ അമ്മയോടൊരുമിച്ചു പോയിട്ടുണ്ട്!"
ആശാൻ (ആത്മഗതം) "സ്വദേശം ജനാർദ്ദനക്ഷേത്ര
[ 28 ]

ത്തിനുസമീപം! (പ്രകാശം) വേറെ എങ്ങും പോയിട്ടില്ലേ?"

രാഘ--"മൈലക്കാവിൽ മാസംതോറും ആയില്യത്തിനുപോകും. അമ്മയ്ക്കു് സൗകര്യമില്ലാത്തപ്പോൾ കാവിലും യക്ഷിനടയിലും വിളക്കുവയ്ക്കാൻ ഞാനാണു പോകുന്നത്.
ആശാൻ--(ആത്മഗതം) ഇനിയൊന്നും സംശയിക്കാനില്ല. രാഘവന്റെ വിദ്യാഭ്യാസത്തിൽ കുറെക്കൂടി ദൃഷ്ടിവയ്ക്കണം. (പ്രകാശം) “ഇന്നലെ ഭഗവാന്റെ പഞ്ചവടീവാസത്തെ കുറിച്ചു വായിച്ചപ്പോൾ ഗോവിന്ദനാശാൻ എന്നെ ഉത്തരം മുട്ടിക്കാൻ ചോദിച്ച ചോദ്യം രാഘവൻ ഓൎക്കുന്നുണ്ടോ?"
രാഘ--"ഓർക്കുന്നുണ്ടു്"
ആ--"അതു ചിലരുടെ സ്വഭാവമാണു്. സംശയം പരിഹരിക്കാൻ ചോദ്യങ്ങൾ ചോദിക്കുന്നതും വാദങ്ങൾ നടത്തുന്നതും നല്ലതുതന്നെ പക്ഷേ, പലരും മിടുക്കു കാണിക്കാനായിട്ടു മാത്രമാണു വാദിക്കുന്നതു്. അതുകൊണ്ടു പ്രയോജനമൊന്നുമില്ല. അതു പോകട്ടെ നാം വായിക്കുന്ന അദ്ധ്യാത്മരാമായണം വാല്മീകിമഹർഷി എഴുതിയ സാക്ഷാൽ രാമായണത്തിന്റെ ഒരു സംഗ്രഹം മാത്രമാണ്. അദ്ധ്യാത്മരാമായണത്തിൽ കാണുന്ന പഞ്ചവടീവാസഭാഗം വാല്മീകിരാമായണത്തിൽ എത്രഭംഗിയായി വൎണ്ണിച്ചിട്ടുണ്ടെന്നു ഞാൻ രാഘവനെ വായിച്ചു കേൾപ്പിക്കാം."
രാഘ--"ആശാന്റെ പക്കൽ വാല്മീകി രാമായണവും ഉണ്ടോ?”
[ 29 ]
ആശാൻ――“ഉണ്ടു്. പക്ഷേ അതു സംസ്കൃതമാണു്. രാഘവനു അതു വായിച്ചാൽ മനസ്സിലാകയില്ല―― ഞാൻ വായിച്ച് അൎത്ഥം പറഞ്ഞുകേൾപ്പിച്ചു തരാം.”

ആശാൻ ആരണ്യകാണ്ഡം 16-ാം സർഗ്ഗമെടുത്തു വായിച്ചു അൎത്ഥം പറഞ്ഞു. രാഘവൻ വളരെ രസത്തോടുകൂടി കേട്ടുകൊണ്ടിരുന്നു. വായന തീർന്നപ്പോൾ രാഘവൻ ചോദിച്ചു:―― “ഈ വലിയ പുസ്തകം മുഴുവൻ രാമായണമാണോ?”

ആശാൻ―― “രാമായണം തന്നെ. രാഘവനു വായിക്കണമെന്ന് താല്പര്യം തോന്നുന്നുണ്ടോ? ഇതിലെ അക്ഷരം ‘ഗ്രന്ഥാക്ഷരമാണു് ’ ഇതാ നോക്കൂ.”
രാഘവൻ―― (രാഘവൻ പുസ്തകം വാങ്ങി സൂക്ഷിച്ചുനോക്കീട്ട്) “ഇതിലെ ചില അക്ഷരങ്ങൾ മലയാളം പോലെയിരിക്കുന്നു.”
ആശാ――“ചില അക്ഷരം മലയാളം പോലെയും, ചിലതു തമിഴു പോലെയും ഇരിക്കും. എട്ടുപത്തു പദ്യങ്ങൾ മലയാളത്തിൽ എഴുതി പഠിച്ച് അതിന്റെ ഓർമ്മവച്ചു വായിച്ചാൽ എളുപ്പം ഗ്രന്ഥാക്ഷരം വായിക്കാം.”
രാഘ - “വായിച്ചതുകൊണ്ടായില്ലല്ലോ. അൎത്ഥവും കൂടി അറിയണമല്ലോ.”
ആശാ―― “അഞ്ചോ പത്തോ ശ്ലോകമെഴുതി അൎത്ഥത്തോടുകൂടി പഠിക്കുക, അല്പകാലം കൊണ്ട് വാല്മീകി രാമായണം രാഘവനും തന്നത്താൻ വായിച്ചു രസിക്കാനുള്ള കഴിവുണ്ടാകും.”
[ 30 ]

അന്നുമുതൽ രാഘവൻ സംസ്കൃതം പഠിക്കാൻ തുടങ്ങി. വാല്മീകിരാമായണം തന്നത്താൻ വായിച്ചു രസിക്കണമെന്നുള്ള ഉല്ക്കണ്ഠ നിമിത്തം കിട്ടുആശാനു വിസ്മയം ജനിക്കത്തക്ക വേഗത്തിൽ രാഘവൻ സംസ്കൃതം പഠിച്ചു വന്നു.



ഏഴാം അദ്ധ്യായം

നന്താവനത്തിന്റെ കിഴക്കും വടക്കും ഭാഗങ്ങൾ വനപ്രദേശങ്ങളായിരുന്നു. കാലികളെ മേയ്ക്കുന്ന ചെറുമക്കുട്ടികളും, ഫലമൂലങ്ങൾ കൊണ്ടുപജീവിക്കുന്ന വേടന്മാരും, തേനും മെഴുകം ശേഖരിച്ചുനടക്കുന്ന പുറനാടികളും ആ വനം ചിലപ്പോൾ സന്ദർശിക്കാറുണ്ടായിരുന്നു. ദുഷ്ടമൃഗങ്ങൾ ഈവനത്തിൽ ഇല്ലായിരുന്നു എന്നു പറഞ്ഞിട്ടുണ്ടല്ലോ.

ഒരു ദിവസം നന്താവനത്തിന്റെ കിഴക്കുവശമുള്ള വനത്തിൽ കടന്നു അതിന്റെ ശാന്തവും ശീതളവുമായ ഛായകളിൽക്കൂടി രാഘവൻ നടന്നു. അവനു വലിയ ആഹ്ളാദം തോന്നി. പച്ചക്കാടുകളിലും വൃക്ഷങ്ങളിലും പടർന്നു കിടന്ന കാട്ടുമുല്ലകളും വള്ളികളും അവയുടെ ഇളയ ശാഖകൾകൊണ്ടു രാഘവനെ തലോടി. എങ്ങോട്ട് പോകുന്നു എന്നു നിശ്ചയമില്ലാതെ, അവൻ കാട്ടിനുള്ളിൽ കടന്നു ഏകദേശം രണ്ടുനാഴിക ദൂരത്തോളം സഞ്ചരിച്ചു. വള്ളിക്കുടിലുകളും ചൂരൽക്കെട്ടുകളും കൊണ്ടു്

[ 31 ]

ദുഷ്പ്രവേശമായ ഒരു താഴ്‌വര കടന്നു, അവൻ കുന്നിൻ ചരിവിൽ എത്തി. പാറക്കെട്ടുകൾ നിറഞ്ഞ ആ കുന്നിലേക്കു കുറെ ദൂരം കയറിയപ്പോൾ, ഒരു വെടിയുടെ ശബ്ദം കാടുമുഴുവനും ഇളക്കിക്കൊണ്ടു പാറകളുടെ വിള്ളലുകളിൽ മുഴങ്ങി. ഈ വെടി എവിടെനിന്നെന്നറിവാനായി രാഘവൻ ചുറ്റും നോക്കിയപ്പോൾ ചൂരൽക്കാടുകളേയും പടർപ്പുകകളേയും ഭേദിച്ചുകൊണ്ടു് ഒരു സത്വം പാഞ്ഞുവരുന്നതു കണ്ടു. വട്ടവാൾ പോലെ വളഞ്ഞ കൊമ്പും, പുകയുടെ ഇടയിൽക്കൂടി കാണുന്ന തീക്കട്ടപോലെ ജ്വലിക്കുന്ന കണ്ണും, പുകയിറപോലുള്ള നിറവും, ആകപ്പാടെ വിലക്ഷണമായ ആകൃതിയുമുള്ള ആ ഘോരസത്വം ഒരു കാട്ടെരുമയായിരുന്നു.

കാട്ടുപോത്തുകൾ ഈ വനത്തിലുണ്ടെന്നു രാഘവൻ അറിഞ്ഞിരുന്നില്ല. ഈ ജന്തുക്കളുടെ രൂക്ഷതയെക്കുറിച്ചു രാഘവൻ കേട്ടിട്ടുള്ളതല്ലാതെ, അവയെ അതിനുമുമ്പു കണ്ടിട്ടില്ല. തന്റെ നേരെ പാഞ്ഞുവരുന്ന ആ ഘോരമൃഗത്തിന്റെ ലാക്ക് എന്തെന്നറിയാതെ അവൻ അമ്പരന്നു നിൽക്കുമ്പോൾ, അതിന്റെ പിന്നാലെ ഒരു കന്നുകുട്ടി കുതിച്ചു പാഞ്ഞു വരുന്നത് അവൻ കണ്ടു. രാഘവന്റെ അവസ്ഥ വളരെ പരുങ്ങലിലായി. അവൻ ചുററും രക്ഷാമാൎഗ്ഗം നോക്കി. കിഴുക്കാംതൂക്കായ ഒരു പാറയുടെ അരികിൽ അവൻ നില്ക്കയായിരുന്നു. അതിൽ കയറുക അസാദ്ധ്യം. ഇടത്തോട്ടൊ, വലത്തോട്ടൊ എങ്ങോട്ടോടിയാലും, എരുമയ്ക്കു നിഷ്പ്രയാസമായി അവന്റെ അടുത്തെത്താം. അടുത്തെത്തിയാലത്തെ കഥ പറയേണ്ടതില്ല. എരുമ ഒരു ദണ്ഡു ദൂരത്തിലായി. അവൻ പാറയരികിൽ ചേൎന്നു നിൽക്കയായിരുന്നു. തന്റെ സ്വൈരവിഹാരത്തിനു ഭം

[ 32 ] ഗം വരുത്തിയ ശത്രുവിനെ സംഹരിക്കുവാൻ, ഘോരമായി

അമറിക്കൊണ്ടു്, എരുമ ആയംപിടിച്ചു കുതിച്ചു ചാടി രാഘവനെ പാറയോടു ചേർത്തുവച്ചു തല ഒരു വശം ചരിച്ച് ഒരു ഇടികൊടുത്തു. എരുമയുടെ ഇടി തന്റെ ദേഹത്തിൽ എത്തുംമുമ്പേ, രാഘവൻ ഒരു വശത്തേക്കു കുതിച്ചുമാറിക്കളഞ്ഞു. എരുമ അതിന്റെ ഊക്കു ആസകലം പ്രയോഗിച്ചു ഇടിച്ച ഇടി കരിമ്പാറയിൽ ഏറ്റ് ഒരു കൊമ്പും ആ വശത്തെ കണ്ണും തകർന്നു. ആ ജന്തു പിറകോട്ടു മലച്ചുവീണു. രാഘവൻ ഈ തക്കം നോക്കി ചരിവുള്ള ഒരു പാറയിലേക്കു ഓടിക്കയറി. എരുമ അരിശം സഹിക്കാതെ വീണേടത്തുനിന്നുവീണ്ടും എഴുന്നേറ്റ്, രാഘവന്റെ നേരെ ഓടി. അതിസാഹസത്തോടെ പാറയിൽ കുറെദൂരം ഓടിക്കയറിയപ്പോഴേക്കും കാൽ വഴുതി കീഴ്പ്പോട്ടുവീണു്, അതിന്റെ വായിലും മൂക്കിലും കൂടി കുടുകുടാ ചോരചാടിത്തുടങ്ങി. കന്നുകുട്ടി ഒരു വള്ളിക്കെട്ടിൽ കുരുങ്ങി. രക്ഷപ്പെടാൻ മാർഗ്ഗമില്ലാതെ നിലവിളി കൂട്ടിയ തന്റെ കിടാവിന്റെ അവശസ്ഥിതി കരുണമായും, താൻ ശത്രുവെന്നു തെറ്റിദ്ധരിച്ച രാഘവനെ രൂക്ഷമായും നോക്കിക്കൊണ്ട് ആ എരുമ പ്രാണവേദനയോടെകൈകാലുകൾ അടിച്ചു മരിച്ചു.

രാഘവൻ കന്നുകുട്ടിയെ രക്ഷിക്കാൻ അതിന്റെ സമീപം എത്തിയപ്പോൾ, ആ ജന്തു ഭയപ്പെട്ട്, തന്റെ കാലിൽ പിണഞ്ഞ വള്ളിക്കെട്ടിനെ വല്ലവിധേനയും അറത്തു ഓടാൻ ഉത്സാഹിച്ചു. രാഘവൻ കുറെ പാറാവള്ളികൾ പിണച്ചു്, കന്നുകുട്ടിയുടെ കഴുത്തിൽ കെട്ടി, അനന്തരം അതിന്റെ കാലിൽ കുരുങ്ങിക്കിടന്ന പടർപ്പുകൾ അറുത്തു അതോടെ അതു ഓടിരക്ഷപ്പെടാനുള്ള സാഹസമായി.

[ 33 ] ഏകദേശം ഒരു നാഴികനേരം, രാഘവന്റെ കൈയിൽനിന്നു രക്ഷപ്പെടാനായി, ആ ജന്തു ചാടിയും തൊഴിച്ചും പല വാക്കിനു കുതിച്ചും കഠിന സാഹസങ്ങൾ ചെയ്തു. ആ ശ്രമങ്ങൾ വിഫലമെന്ന് കണ്ടപ്പോൾ രാഘവന്റെ ആജ്ഞയ്ക്കു കീഴ്പെട്ടു നടന്നു തുടങ്ങി. കുറെനടന്ന ശേഷം, അതു നിലത്തു വീണു കിടപ്പായി. അതിന്റെ വായിൽനിന്നും നുരചാടുന്നതും അതു നാക്കു ചുഴറ്റുന്നതും കണ്ടു രാഘവൻ അതിനെ ഒരു മരത്തോടു ചേൎത്തുകെട്ടിയുംകൊണ്ടു്, സമീപമുണ്ടായിരുന്ന ഒരു ഊറ്റിൽനിന്നു കുറെ വെള്ളം ഒരു കുത്തിലയിൽ കൊണ്ടുവന്നു് അതിനു

കുടിക്കാൻ കൊടുത്തു. മൂന്നു നാലു പ്രാവശ്യം വെള്ളം കൊടുത്തപ്പോൾ അതു സാവധാനമായി എഴുന്നേറ്റു. രാഘവൻ വാൽസല്യപൂൎവം തലോടുകയാൽ പിന്നീടു പിണക്കം കൂടാതെ അതു അവനെ അനുഗമിച്ചു നന്താവനത്തിലെത്തി. രാഘവൻ അതിനെ പശുത്തൊഴുത്തിൽ കെട്ടി ധാരാളം പുല്ലും വയ്ക്കോലും കഞ്ഞിവെള്ളവും കൊടുത്തു. അന്നു വൈകുന്നേരം ആകുന്നതുവരെ, രാഘവനു ആ എരുമക്കിടാവിന്റെ ശുശ്രൂഷയായിരുന്നു മുഖ്യമായുണ്ടായിരുന്ന ജോലി. പൂവത്തൂർ മാളികയിൽ പോയിരുന്ന ആശാൻ. മടങ്ങി എത്തി. കന്നുകുട്ടിയെക്കണ്ട ആശാൻ വളരെ സന്തോഷിച്ചു.

ആശാ--"ഈ കന്നുകുട്ടിയാണ് രാഘവന്റെ ഒന്നാമത്തെ സമ്പാദ്യം. ഈശ്വരാനുഗ്രഹത്താൽ ഇതു നിനക്കു ലഭിച്ചതാണു്."
രാഘ--"ഈശ്വരാനുഗ്രഹം കൂടാതെ ഒന്നും സാദ്ധ്യമല്ല അല്ലേ?”
ആശാ--“മനുഷ്യപ്രയത്നവും വേണം."
[ 34 ]
രാഘ--“ഈശ്വരാനുഗ്രഹം തന്നെ. അതിന്റെ ഇടി എത്ര ഉഗ്രമായിരുന്നു. പാറതന്നെയും തകൎന്നുപോകുമെന്നു തോന്നി"
ആശാ--“ആപത്തിൽ രാഘവൻ കാണിച്ച ധീരതയെ ഞാൻ അഭിനന്ദിക്കുന്നു"
രാഘ--“ഈ കന്നുകുട്ടിയെ വളൎത്തിയാൽ, പ്രായമാകുമ്പോൾ ഇതു മനുഷ്യനോടിണങ്ങുമോ, മനുഷ്യോപദ്രവിയായി തീരുമോ?"
ആശാ--"അതു വളൎത്തുന്ന രീതിയെ ആശ്രയിച്ചിരിക്കും."
രാഘ--"സിംഹം, കടുവാ മുതലായ ദുഷ്ടമൃഗങ്ങളെ കൂടിയും മനുഷ്യൻ ഇണക്കി ഓരോ കൂത്തുകൾ കാണിപ്പിച്ചുവരുന്നുണ്ടല്ലോ. അതുപോലെ ഇതിനെയും ഇണക്കുവാൻ കഴിയുമായിരിക്കാം"
ആശാ--"അതുപോലെയല്ല, മനുഷ്യൻ ഇപ്പോൾ ഗൃഹ്യജന്തുക്കളായി വളൎത്തിപ്പോരുന്ന ആടുമാടുകൾ മുതലായവ ഒരു കാലത്ത് മനുഷ്യനോടു ഇണക്കമില്ലാത്ത കാട്ടുമൃഗങ്ങളായിരുന്നു. രാഘവനെ ഇന്നുപദ്രവിച്ച കാട്ടെരുമ ഒരുപക്ഷെ കൈവിട്ടുപോയ നാട്ടെരുമ തന്നെ, കാലാന്തരത്തിൽ പെറ്റുപെരുകി, മനുഷ്യരോടിണക്കമില്ലാത്തതായി തീർന്നതാണെന്നും വരാവുന്നതാണു"
രാഘ--“ശരിയായിരിക്കാം. ഈ കന്നുകുട്ടിയെ കണ്ടിട്ടു നാട്ടുംപുറത്തു കാണുന്നവയിൽനിന്നു വലിയ വത്യാസമൊന്നും ഇതിനുണ്ടെന്നു തോന്നുന്നില്ല. രോമങ്ങൾ കുറെക്കൂടി ചെമ്പിച്ചവയും കൈകാലുകൾ മുഴുപ്പുള്ളവയും ആണെന്നേ ഉള്ളൂ"
ആശാ--"ഇതു വളന്നാൽ ഒന്നാംതരം ഒരു പോത്തായി
[ 35 ]
ത്തീരും. ചിറ അടുത്തുള്ളതുകൊണ്ടും, രാഘവന്റെ ലാളനംകൊണ്ടും ഇവൻ എളുപ്പത്തിൽ ഇണങ്ങിക്കൊള്ളും."
ആശാ--"അതിരിക്കട്ടെ. കാട്ടിൽ വേട്ടയ്ക്കു വന്നിരുന്നത് ആരാണെന്നു മയസ്സിലായോ?"
രാഘ--"ഞാൻ വെടി കേട്ടതേയുള്ളൂ. വേട്ടക്കാരനെ കണ്ടില്ല."
ആശാ -- "അണ്ണാവിയുടെ അനന്തിരവൻ ആണെന്നു് തോന്നുന്നു. ഞാനിങ്ങോട്ടു വന്നപ്പോൾ തോക്കും സന്നാഹവുമായി അങ്ങോട്ടു പോകുന്നതു കണ്ടു"


എട്ടാം അദ്ധ്യായം


രാമപുരം ക്ഷേത്രത്തിന്റെ അനാഥസ്ഥിതി ഒരുവിധമൊക്കെ നേരെ ആയി. പൂവത്തൂരണ്ണാവിയുടെ ശ്രദ്ധാപൂർവമായ ഭരണത്തിൽ ക്ഷേത്രകാര്യങ്ങൾ ഭംഗിയായി നടന്നുതുടങ്ങി. ദേവസ്വം വകയായി പതിനായിരത്തില്പരം ഏക്കർ ഭൂമി തരിശായി കിടന്നിരുന്നതിനെ പേരിൽ പതിപ്പിച്ചു് ദേഹണ്ണം തുടങ്ങാൻ, അണ്ണാവിയുടെ ഔദാര്യം അനേകം പേരെ ആകൎഷിച്ചു വരുത്തി. കൃഷിപ്പണികളിൽ അഭിരുചി ജനിച്ചിരുന്ന രാഘവനു കുറെ സ്ഥലം തന്റെ പേരിൽ പതിച്ചുകിട്ടിയാൽ കൊള്ളാമെന്നു ആഗ്രഹം ഉണ്ടായി. പക്ഷെ ആധാരച്ചിലവിനുപോലും രാഘവന്റെ പക്കൽ പണം ഉണ്ടായിരുന്നില്ല.

ഒരു ദിവസം ആശാനും രാഘവനുംകൂടി മലക്കറിത്തോട്ടത്തിന്റെ വടക്കുവശം കുറെ സ്ഥലം കിടാവിത്തു വിതയ്ക്കാനായി ഒരുക്കിക്കൊണ്ടു നിൽക്കുമ്പോൾ രാഘ

[ 36 ]

വൻ പറഞ്ഞു――"ഇതിന്റെ കിഴക്കുവശം കാടായി കിടക്കുന്ന സ്ഥലം കിടാവിത്തു കൃഷിക്കു കുറെക്കൂട്ടി നന്നാണെന്നു് തോന്നുന്നു. ഇതു ആരുടെ എങ്കിലും പേരിൽ പതിഞ്ഞിട്ടുള്ളതാണോ?"

ആ--"ദേവസ്വം വക തരിശായി കിടക്കയാണ്. കാടുതെളിക്കാൻ തന്നെ കുറെ വിഷമമാണു്."
രാ--"കാടു തെളിച്ചു ശരിപ്പെടുത്തിയാൽ ആശാന്റെ നന്താവനത്തെക്കാൾ ഫലപുഷ്ഠിയുള്ള ഭൂമിയായിത്തീരുമെന്നു തൊന്നുന്നു."
ആ--"അതിനു സംശയമില്ല. എല്ലാത്തരം കൃഷികൾക്കും ഈ സ്ഥലം ഉപയോഗപ്പെടുത്താം. ചിറയോടു ചേൎന്നു കിടക്കുന്ന ഒരു നൂറുപറ വിത്തുപാടു സ്ഥലം നല്ല ഒന്നാംതരം വിരിപ്പൂനിലമാക്കിത്തീൎക്കാം, അതിനു മേലേവശം,തെങ്ങു കൃഷിക്കു വളരെ വിശേഷപ്പെട്ട സ്ഥലമാണു്. അതിനും മേലേവശം, എല്ലാത്തരം കരക്കൃഷികൾക്കും കൊള്ളാം. കുറേ കിഴക്കായി ഒരു തോടുള്ളതു് അമരാവതിയിൽ നിന്നു് മതിലിച്ചിറയിലേയ്ക്കുള്ള ഒരു കൈവഴിയാണു്. പലേടത്തും കര ഇടിഞ്ഞുവീണു് നികന്നു പോയതിനാൽ വൎഷകാലത്തു മാത്രമേ ഇപ്പോൾ അതിൽ വെള്ളമുള്ളു. തെളിച്ചു നേരേ ആക്കാമെങ്കിൽ, പരിശുദ്ധജലം എപ്പോഴും ഒഴുകിക്കൊണ്ടിരിക്കും. വടക്കുകിഴക്കായിക്കാണുന്ന ആ പേരാലിന്റെ കിഴക്കുവശത്തു് ഒരു നല്ല വെള്ളച്ചാട്ടമുണ്ടായിരുന്നു. ഞാൻ ഇവിടെ വന്ന ഇടയ്ക്ക് പതിവായി കുളിച്ചുവന്നത് അവിടെയാണു്. പന്തലിലും വീട്ടുമുറ്റത്തും വിരിച്ചിരിക്കുന്ന ആറ്റുമണൽ അവിടെനിന്നു കൊണ്ടുവന്നതാണു്."
[ 37 ]
രാ――"ആ സ്ഥലം എന്താണു് പതിപ്പിക്കാത്തതു്?"
ആ――“ഇവിടെ താമസമാക്കിയശേഷമാണു് ആ സ്ഥലത്തിന്റെ വൈശിഷ്ട്യം എനിക്കു മനസ്സിലായതു്. ആദ്യമെ കണ്ടിരുന്നുവെങ്കിൽ അവിടം തന്നെ പതിപ്പിക്കുമായിരുന്നു."
രാ――"ഇനി ആ സ്ഥലം പതിപ്പിക്കരുതോ?"
ആ――"വൃദ്ധനായ എനിക്കു് ഇനി എന്തിനാണു് പുതുവൽ?"
രാ――"എനിക്കു്..... അൎദ്ധോക്തിയിൽ വിരമിച്ചിട്ട്) ആരെയെങ്കിലും ആ സ്ഥലം പതിച്ചെടുക്കുന്നതിനു് ഉൽസാഹിപ്പിക്കരുതോ?
ആ――"രാഘവനെത്തന്നെ ഞാൻ ഉൽസാഹിപ്പിക്കട്ടയോ?"
രാ――"എനിക്കു പുതുവൽ പതിപ്പിക്കാൻ പണമെവിടെ?"
ആ――"രാഘവന്റെ വകയായി കുറെ പണം എന്റെ കൈവശമുണ്ട്?"
രാ―― (അത്ഭുതത്തോടുകൂടി) എന്റെ വക പണമോ! എനിക്കു പണമെവിടെ നിന്നാശാനെ?"
ആ――"ക്ഷേത്രത്തിൽ രാമായണം വായനവകയ്ക്കു മുപ്പതുപണം പ്രതിമാസം ശമ്പളമുള്ള വിവരം രാഘവനറിയാമല്ലോ മൂന്നുകൊല്ലമായി ആ ശമ്പളം രാഘവന്റെ പേരിൽ ദേവസ്വത്തിൽനിന്നു ചിലവെഴുതി വരികയാണു്."
രാ――"എന്റെ പേരിൽ ചിലവെഴുതാൻ കാരണം ഞാനറിഞ്ഞില്ല. ആശാന്റെ ആൾപ്പേരായി ഞാൻ രാമായണം വായിക്കയായിരുന്നല്ലോ."
[ 38 ]
ആ--"രാഘവൻ രാമായണം വായിക്കുന്നതിനു ഞാൻ ശമ്പളം വാങ്ങുന്നതു ന്യായമാണോ?
രാ--"അൎത്ഥം പറയുന്നതു ആശാനാണല്ലോ."
ആ-“രാമായണം വായിക്കുന്നതിനാണ് ശമ്പളം അൎത്ഥം പറയുന്നതിനല്ല."
രാ-"എന്തോ, എനിക്കൊന്നും മനസ്സിലാകുന്നില്ല. ആശാൻ ശമ്പളം വാങ്ങി ക്ഷേത്രത്തിൽ തന്നെ കാണിക്കയും വഴിപാടുമായി ചിലവാക്കി വരികയായിരുന്നല്ലോ."
ആ--"എന്റെ ശമ്പളം ഒട്ടുമുക്കാലും അങ്ങനെതന്നെ ചിലവാക്കിവന്നു. രാഘവന്റെ ശമ്പളം അനുവാദം കൂടാതെ എനിക്കു ചിലവാക്കാൻ സ്വാതന്ത്ര്യമില്ലല്ലോ. രാഘവനും ചെറുപ്പമാണു്. പണത്തിനു് എന്തെങ്കിലും ആവശ്യം നേരിട്ടേയ്ക്കാം. അതുകൊണ്ടു് ഞാൻ രാഘവന്റെ പണം ചിലവാക്കാതെ സൂക്ഷിച്ചുവച്ചു. രാഘവൻ ഒരു അനാഥനായ ബാലന്റെ നിലയിൽ എന്റെ അടുക്കൽ വന്നുചേൎന്നു. ഭഗവാൻ പരീക്ഷണാൎത്ഥം, എന്നെ ഏൾപ്പിച്ച ഒരു ഭാരമാണു അതെന്നും എനിക്കു തോന്നി. എന്റെ ആയുസ്സിന്റെ അളവു് എനിക്കു നിശ്ചയമില്ല. അതുകൊണ്ടു് കഴിയുന്ന വേഗത്തിൽ രാഘവനെ സംബന്ധിച്ചുള്ള എന്റെ ചുമതല നിർവഹിക്കണമെന്നും ഞാൻ തീർച്ചയാക്കി.
രാ--(ഗൽഗദത്തോടുകൂടി) “എന്റെ മാതാപിതാക്കന്മാൎക്കു

ചെയ്യാൻ കഴിയുന്നതിലധികം ആശാൻ

എനിക്കുവേണ്ടി ചെയ്തിട്ടുണ്ടു്.
ആ-“ഞാനെന്താണ് ചെയ്തത്? അതിരിക്കട്ടെ ഈ
[ 39 ] സ്ഥലം രാഘവനു പതിച്ചുകിട്ടിയാൽ കൊള്ളാമെന്നു തോന്നുന്നുണ്ടോ?
രാ:- “ഇതു ആൎക്കും ആഗ്രഹിക്കത്തക്കഭൂമിയാണു"
ഒൻപതാം അദ്ധ്യായം

ആശാനും രാഘവനും കുറെനേരം തോട്ടത്തിൽ വേലചെയ്ത ശേഷം, ഭക്ഷണം കഴിച്ചു ആശാൻ പുറത്തേക്കു പോയി. രാഘവൻ പന്തലിൽ ചെന്നിരുന്നു. മുല്ലയ്ക്കു മാധവിയെന്നു പേരുണ്ടെന്നു ആശാൻ പറഞ്ഞറിഞ്ഞതുമുതൽ, ഈ പന്തലിൽ പറ്റിപ്പടുന്നു കിടന്ന മുല്ലവള്ളികളോട് രാഘവനുണ്ടായിരുന്ന വാത്സല്യത്തിനും അവയെ ശുശ്രൂഷിക്കുന്നതിൽ അവൻ കാണിച്ചുവന്ന താല്പൎയ്യത്തിനും കണക്കില്ല. എന്തുകൊണ്ടെന്നാൽ, അവന്റെ അമ്മയുടെ പേരു മാധവി എന്നായിരുന്നു. അവനു ശാരിയെന്നൊരു സഹോദരിയുണ്ടായിരുന്നു. ആശാന്റെ നന്താവനത്തിനു തുല്യമായ ഒരു തോട്ടമുണ്ടാക്കി അതിന്റെ മദ്ധ്യേ മാധവീലതകൊണ്ടു ഒരു നികുഞ്ജം നിർമ്മിച്ച്, അതിലിരുന്നു, പരേതയായ അമ്മയുടേയും സഹോദരിയുടെയും ആത്മാവിനു ശാന്തി പ്രാൎത്ഥിക്കാൻ സംഗതി വരണമെന്നായിരുന്നു കുറെ നാളായി അവൻ മനസ്സിൽ വളൎന്നുവന്നിരുന്ന ആഗ്രഹം. അവൻ ആഗ്രഹം സാധിക്കാൻ യാതൊരു മാൎഗ്ഗവും കാണാതെ ഉഴലുമ്പോഴാണ് കിട്ടു ആശാനുമായി മേൽ പ്രകാരം ഒരു സംഭാഷണത്തിനിടവന്നത്.

അനന്തരം, രാഘവൻ മതിലിച്ചിറയുടെ കരയ്ക്കിറങ്ങി നടന്നു. അവന്റെ ചെറുപോത്ത് ചിറയിൽ കിടന്നു

[ 40 ] "കൊമ്പുലച്ചു വിഹരിക്കു"ന്നുണ്ടായിരുന്നു. ആ പോത്തിനും ഇപ്പോൾ മൂന്നു വയസ്സ് പ്രായമായി. നന്താവനത്തിലെ ഗൃഹ്യജന്തുക്കളിൽ വച്ചു ആ പോത്തും അവന്റെ പ്രാണനായിരുന്നു. അവൻ അതിനു ശങ്കു എന്നു പേരിട്ടു. രാഘവൻ പുറത്തിറങ്ങി സഞ്ചരിക്കുമ്പോഴൊക്കെ ശങ്കുകൂടി അവനെ അനുഗമിക്കുകയാണ് പതിവ്. രാഘവനും കുട്ടിക്കാലത്തിലേ തന്നെ നീന്താൻ നല്ല പരിചയമുണ്ടായിരുന്നു. ശങ്കുവും രാഘവനും കൂടി മത്സരിച്ചു നീന്തി മതിലിച്ചിറയുടെ ഒന്നര നാഴിക ദൂരമുള്ള മറുകരയിലെത്തി മടങ്ങിവന്നു ആശാനെ വിസ്മയിപ്പിച്ചിട്ടുണ്ട്.

രാഘവൻ ചിറയുടെ കരയിൽ കൂടി നടന്നു്, അമരാവതിയുടെ നഷ്ടപ്രായമായ കൈവഴി ചിറയിൽചെന്നുചേരുന്ന സ്ഥലത്തെത്തി. വസന്തകാലമായതിനാൽ, പക്ഷികളുടെ കളകളം സ്ഥലത്തിന്റെ വിജനതയെ നശിപ്പിച്ചു രാഘവനു ഉത്സാഹം വളൎത്തി. അവൻ തോടൊലിച്ചുണ്ടായ മണൽത്തിട്ടയിൽ കൂടി മേൽപ്പോട്ടു നടന്നു. ശങ്കുവും ജലക്രീഡ ഉപേക്ഷിച്ചു രാഘവനെ അനുഗമിച്ചു. ആശാൻ കാണിച്ചു കൊടുത്തവടവൃക്ഷത്തിന്റെ സമീപത്തുള്ള വെള്ളച്ചാട്ടത്തിൽ രാഘവൻ എത്തി. അഞ്ചാൾപൊക്കത്തിൽനിന്നു ഗംഭീരമായ ഒരു കരിമ്പാറയെ ചിന്തേരിട്ടു ചാടിക്കൊണ്ടിരുന്ന വെള്ളത്തിന്റെ ഒരു തുള്ളിപോലും അപ്പോൾ അവിടെ ശേഷിച്ചിരുന്നില്ല. രാഘവൻ കുറെനേരം ആ സ്ഥലത്തിന്റെ മനോഹാരിതയിൽ ലയിച്ചുനിന്നുപോയി.

മുകളിൽ പാറയുടെ പിൻഭാഗത്തു ഒരു പടർപ്പിൽ ഒരു ചെറിയ ചലനം ഉണ്ടായതു കണ്ടു് ശങ്കു തല ഉയൎത്തി അവന്റെ വന്യപ്രകൃതിയെ പ്രത്യക്ഷപ്പെടുത്തി. രാഘവനും കാരണമെന്തെന്നറിവാനായി ആ ദിക്കി

[ 41 ]

ലേക്കുനോക്കി. പടർപ്പിലുണ്ടായ ചലനം നിന്നു എങ്കിലും രാഘവനും ആ ദിക്കിലേക്കു തന്നെ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരുന്നു. പെട്ടെന്നു പടപ്പിൽ ഒരു വലില ചലനം ഉണ്ടാകയും ചില വള്ളികൾ പൊട്ടുകയും “അയ്യോ" എന്ന ഒരു ദീനസ്വരം പുറപ്പെടുകയും ചെയ്തു.

അതുവരെ തെല്ലു ഭയത്തോടെ നോക്കിക്കൊണ്ടുനിന്ന രാഘവൻ ലേശം ആശങ്ക കൂടാതെ പാറയിൽ കൂടി മേലോട്ട് ഓടിക്കയറി. രാഘവന്റെ ദൃഷ്ടിയിൽപെട്ട കാഴ്ച വളരെ ബീഭൽസവും ഭയാനകവും ആയിരുന്നു. ഒരു മനുഷ്യജീവിയെതന്നെയോ താൻ കാണുന്നതെന്നു് രാഘവൻ സംശയിച്ചു. നാറിക്കീറിയ പഴന്തുണി അരയിൽ ചുറ്റി, പേരിനുമാത്രം നഗ്നത മറച്ചിട്ടുള്ള ഒരു പറക്കുട്ടി അവിടെ മോഹാലാസ്യപ്പെട്ടുകിടക്കുന്നു; അവന്റെ ശരീരത്തിൽ സൎവത്ര അടിയുടെ പാടുകൾ കാണാനുണ്ടു്. ചിലതു വിരൽ വണ്ണത്തിൽ രക്തം കെട്ടി കരുവാളിച്ചുകിടക്കുന്നു. ചിലതു പൊട്ടി പഴുത്തു പൊറ്റകെട്ടിയ വ്രണങ്ങൾപോലെ കാണപ്പെടുന്നു. ചില വ്രണങ്ങളിൽനിന്നു് പൊററയിളകി, രക്തം ചാടുന്നുണ്ടു്. അവനു വയസ്സു പതിനാറോടടുത്തിരിക്കും. ജരപോലെ ദേഹമാസകലം തൊലിചുരുണ്ടു അസ്ഥികളൊക്കെ തെളിഞ്ഞു കാണാനുണ്ടു്. വയറു്, ആമാശയവും, പക്വാശയവും കുടലുകളുമൊന്നുമില്ലാത്തപോലെ, മുതുകിനോടു പറ്റിച്ചേൎന്നു കിടക്കുന്നു. കവിളുകൾ ഒട്ടി, കണ്ണുകൾ കുഴിഞ്ഞു് മിക്കവാറും അസ്ഥിപഞ്ജരം പോലെ ആ പറക്കുട്ടി കാണപ്പെട്ടു.

പറയൻ നിശ്ചേഷ്ടനായി കിടക്കയാണു്. അവന്റെ ആകപ്പാടെയുള്ള സ്ഥിതി കണ്ടിട്ട്, അവന്റെ മോഹാലസ്യത്തിനു മുഖ്യകാരണം വിശപ്പാണെന്നു

[ 42 ] തീർച്ചയാക്കിക്കൊണ്ടു രാഘവൻ നന്താവനത്തിലേക്കു കുതിച്ചോടി. കാൽ നാഴികക്കുള്ളിൽ അവൻ ഒരു കിണ്ടിയിൽ കുറെ പാലുമായി മടങ്ങിവന്നു. പറയൻ അപ്പോഴും ബോധമില്ലാതെ കിടക്കയാണ്.

രാഘവന്റെ ഹൃദയത്തിൽ പറയനെന്നോ, വൃത്തിഹീനനെന്നോ ഉള്ള വിചാരങ്ങൾക്കു പ്രവേശമേ ഇല്ലായിരുന്നു. പറയനെ സൃഷ്ടിച്ച ബ്രഹ്മാവല്ല തന്നെ സൃഷ്ടിച്ചതെന്നുള്ള ധാരണ രാഘവന്റെ അമ്മയച്ഛന്മാരൊ, കിട്ടു ആശാനൊ അവനുണ്ടാക്കിയിരുന്നില്ല.

രാഘവൻ പറയന്റെ തല അല്പമൊന്നുയൎത്തിവച്ചു് പാല് അല്പം അവന്റെ വായിൽ ഒഴിച്ചുകൊടുത്തു. അതിറങ്ങിയെന്നു കണ്ടു് വീണ്ടും അല്പം കൂടി ഒഴിച്ചുകൊടുത്തു. അരനാഴിക കൊണ്ടു് ഉരിയപ്പാൽ പറയന്റെ ഉള്ളിലാക്കി. ബാക്കിയുള്ള പാൽ അവിടെ വച്ചിട്ടു് രാഘവൻ കുത്തിലയിൽ കുറെ വെള്ളം കൊണ്ടുവന്നു പറയന്റെ മുഖത്തുതളിച്ചു, പറയൻ പെട്ടെന്നു കണ്ണുതുറന്നു പരിഭ്രമത്തോടെ നോക്കിക്കൊണ്ട്, കൈകൂപ്പി ക്ഷീണസ്വരത്തിൽ ദയനീയമാംവണ്ണം ഇങ്ങിനെ പറഞ്ഞു:--

"പൊന്നമ്പ്രാനെ! അടിയനൊന്നും പിളച്ചില്ലേ. അടിയനെ കൊല്ലല്ലേ."
രാഘ--(കണ്ണുനീരോടുകൂടി) "നീ എഴുന്നേറ്റിരുന്നു് ഈ പാലുകൂടി കടിക്കൂ"

പറയൻ പ്രയാസപ്പെട്ടു് എഴുന്നേറ്റിരുന്നു, വീണ്ടും കിണ്ടിയിൽ ഉണ്ടായിരുന്ന പാൽ മുഴുവൻ കുടിച്ചു. ഒന്നും പറയാൻ ശക്തനല്ലാതെ അവൻ രാഘവന്റെ മുഖം ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്നു. ആ നോട്ടം രാഘവന്റെയും, രാഘവന്റെ അപ്പോഴത്തെ മുഖഭാവം

[ 43 ] പറയന്റെയും ഹൃദയത്തിൽ ജീവാവസാനം വരെ ശിലാരേഖപോലെ പതിഞ്ഞുകിടന്നു.
രാഘ- "നിനക്കു എഴുന്നേറ്റു നടക്കാമെങ്കിൽ എന്റെ കൂടെ വരൂ. ഞാൻ വേണമെങ്കിൽ താങ്ങിക്കൊള്ളാം."

പറയൻ ഉത്തരമൊന്നും പറയാതെ പണിപ്പെട്ടു എഴുന്നേറ്റ് പതുക്കെ നടക്കാൻ ശ്രമിച്ചു. ഏകദേശം ഒരു മണിക്കൂർ സമയംകൊണ്ടു അവരിരുവരും നന്താവനത്തിൽ എത്തി. പറയനെ ആശ്രമത്തിൽ തന്നെ താമസിപ്പിക്കുന്നതിനു രാഘവനു നല്ല മനസ്സുണ്ടായിരുന്നു. ആശാന്റെ സമ്മതം കൂടാതെ അങ്ങനെ ചെയ്യുന്നതു ഭംഗിയല്ലല്ലോ എന്നു വിചാരിച്ചു അവനെ ആട്ടാലയിൽ ആക്കാമെന്നു നിശ്ചയിച്ചു. വെള്ളം ചൂടാക്കിക്കൊടുത്തു അവനെ കുളിപ്പിച്ചു. വ്രണങ്ങളിൽ ചിലതിൽ തൈലം പുരട്ടുകയും മറ്റു ചിലതിൽ ചില പച്ചമരുന്നുകൾ വച്ചു കെട്ടുകയും ചെയ്തു. അവന്റെ ചെറിയ പഴന്തുണിക്കു പകരം ഉടുക്കാനും പുതയ്ക്കാനും അവനു പുതിയ വസ്ത്രങ്ങൾ കൊടുത്തു. അനന്തരം രാഘവൻ തന്നെ ആട്ടാല വെടിപ്പുവരുത്തി, അതിൽ ധാരാളം പുതിയ വൈക്കോൽ വിതറി, അതിന്മേൽ ഒരു പായും തലയിണയും ഇട്ടു പറയനെ അതിൽക്കിടത്തി. അവന്റെ ശരീരത്തിന്റെ തൽക്കാലസ്ഥിതിക്ക് അവനു ലഘുഭക്ഷണം വല്ലതും കൊടുക്കയാണ് നല്ലതെന്നും നിശ്ചയിച്ച്, രാഘവൻ പൊടിയരിക്കഞ്ഞിയും കൂട്ടുവാനും ഉണ്ടാക്കി. കഞ്ഞി തയ്യാറാക്കി നോക്കിയപ്പോൾ പറയൻ ഗാഢനിദ്രയെ പ്രാപിച്ചിരിക്കുന്നു എന്നു കണ്ടു അവനെ ഉണ

[ 44 ] ത്താൻ ശ്രമിക്കാതെ രാഘവൻ പതിവു ജോലികൾക്കായി തോട്ടത്തിലേയ്ക്കു പോയി.

അന്നു സന്ധ്യയായിട്ടും ആശാൻ മടങ്ങിയെത്തിയില്ല. രാഘവനു ക്ഷേത്രത്തിൽ പോകാനുള്ള സമയമായി. പറയൻ അപ്പോഴും നല്ല നിദ്രയിൽ കിടക്കയാണ്. അവൻ വല്ലതും ഭക്ഷണത്തിനു കൊടുത്തു വിവരം പറയാതെ പോയാൽ, രാഘവൻ മടങ്ങിവരുന്നതിനുള്ളിൽ അവനുണർന്നെങ്കിലോ എന്നു വിചാരിച്ചു കൂടെക്കൂടെ ആട്ടാലയിൽ ചെന്നു പറയനെയും ചിറവക്കത്തിറങ്ങി ആശാനെയും നോക്കിക്കൊണ്ടു രാഘവൻ ഉഴന്നു. ഈ സന്ദർഭത്തിൽ നന്താവനത്തിലെ കന്നുകാലികൾ വീട്ടിലേക്കു മടങ്ങി എത്തി. അവയുടെ തൊഴുത്തുകളിൽ ചെന്നു നിലയായി. രണ്ടു മൂന്നു ആട്ടിൻകുട്ടികൾ തുള്ളിച്ചാടി ആട്ടാലയിൽ ചെന്നു കയറി. പറയൻ ഉപദ്രവം വല്ലതും നേരിട്ടേക്കാമെന്നു വിചാരിച്ചു. രാഘവൻ ആട്ടാലയിലേക്കു പോകാൻ ഭാവിച്ചു. രാഘവന്റെ അന്തർഗ്ഗതം അറിഞ്ഞിട്ടോ എന്നു തോന്നുംവണ്ണം, അവന്റെ സമീപം നിന്നിരുന്ന വെള്ളു കുരച്ചു പാഞ്ഞു ചെന്നു ആട്ടിൻകുട്ടികളെ ആട്ടാലയിൽ നിന്നു ഓടിച്ചു. വെള്ളുവിന്റെ കുരച്ചിലും ആട്ടിൻകുട്ടികളുടെ നിലവിളികളും കേട്ട് പറയൻ ഉണൎന്നു. വെള്ളു ചെയ്ത ഉപകാരത്തെ ഓർത്തു മന്ദഹസിച്ചുകൊണ്ട് രാഘവൻ ആട്ടാലയിൽ എത്തി. പറയനു കഞ്ഞി കൊടുത്തശേഷം, പതിവനുസരിച്ചു അവൻ ക്ഷേത്രത്തിലേക്കു പോയി.


[ 45 ]
പത്താം അദ്ധ്യായം


പിറ്റേദിവസം രാവിലെ ആശാൻ പറയനെ കണ്ടു. അവന്റെ ശരീരത്തിലുണ്ടായിരുന്ന പാടുകൾ കണ്ടപ്പോൾ ദയാലുവായ ആശാന്റെ മനസ്സ് കലങ്ങി. പറയനെ സംബന്ധിച്ചുള്ള സകല വിവരങ്ങളും ആശാൻ അവനോടു ചോദിച്ചറിഞ്ഞു. അവന്റെ കഥ ചുരുക്കത്തിൽ താഴെ പറയും പ്രകാരമായിരുന്നു. കുറേനാൾ മുമ്പു നടന്നതാണു്. അന്നു പാവപ്പെട്ട പറയനും പുലയനും അവകാശബോധം ഉണർന്നിട്ടില്ല.

രാമപുരത്തു നിന്നു മൂന്നുദിവസത്തെ വഴി വടക്കാണ് രാഘവൻ കാട്ടിൽ കണ്ട പറക്കുഴിയന്റെ സ്വദേശം. അവിടെ ധനികനായ കൃഷിക്കാരന്റെ അടിമയെപ്പോലെയല്ല, അടിമയായിട്ടുതന്നെ, അവനും അവന്റെ മുന്നോർകളും വേലചെയ്തുവന്നു. “എങ്ങനെ നിത്യവും ശുശ്രൂഷചെയ്താലുമങ്ങുള്ളിലേതും പ്രസാദമില്ലെ"ന്നു പറഞ്ഞ മാതിരിയാണു് പറയന്റെ വേലയും യജമാനന്റെ പ്രസാദവും. ഉദയം മുതൽ അസ്തമയംവരെ ഒന്നോ രണ്ടോ നേരത്തെ ഭക്ഷണത്തിനുവേണ്ടി അരനാഴികയൊഴിച്ചു. വെയിലായാലും മഴയായാലും വിശ്രമമില്ലാതെ വേലചെയ്യുന്ന പറയനു ഒന്നോ ഒന്നരയോ നെല്ലാണ് വൈകുന്നേരം പ്രതിഫലം. വേലയില്ലാത്ത കാലങ്ങളിൽ യജമാനന്മാരുടെ "ഇല്ലങ്ങളിൽ ചെന്നു നടന്നിരന്നാൽ ഇല്ലെന്നു ചൊല്ലുന്ന" യജമാനന്മാരാണ് ഏറെ.

പറയന്റെ പേരു ചടയൻ എന്നായിരുന്നു. അവനു ഒരു അമ്മയും, ഒരു സഹോദരിയും മാത്രമുണ്ടായിരുന്നു. അമ്മ വാതരോഗം പിടിച്ചു നടക്കാൻ പാടില്ലാതെ കിടപ്പിലായിട്ടു വളരെനാളായി. സഹോദരി ചിത്തിരക്കു ഏഴു

[ 46 ] വയസ്സ് പ്രായമുണ്ടു്. വേലചെയ്യാനുള്ള പ്രായം അവൾക്കു തികഞ്ഞില്ലെങ്കിലും പറക്കുട്ടികൾക്കു ജനനം മുതൽ മരണംവരെ വേലയ്ക്കല്ലാതെ മറ്റൊരു ചിന്തയ്ക്കും അവകാശമില്ലല്ലോ. ചിത്തിരക്കു കുട്ടമിടയാനും പുല്ലറുക്കാനും നല്ല പരിചയമുണ്ടായിരുന്നു. ഏലായുടെ ഒരു കോണിൽ ഒരു ചെറിയ മാടത്തിലായിരുന്നു അവരുടെ താമസം. ഒരു ദിവസം ചടയൻ തന്റെ യജമാനന്റെ ജോലിക്കുപോയില്ല. ചിത്തിരക്ക് കടുത്ത പനിയും വേദനയുമായിരുന്നു. ചടയൻ അവളെ ഒരു വൈദ്യന്റെ അടുക്കൽ കൊണ്ടുപോയി. വൈദ്യൻ, എന്തോ കഷായത്തിനു കുറിച്ചുകൊടുത്തു. കഷായത്തിനു മരുന്നന്വേഷിച്ചു നടന്ന ചടയനെ യജമാനൻ വഴിക്കു വച്ചു കണ്ടുമുട്ടി. യജമാനന്റെ കണ്ണിൽ പെടാതെ തപ്പിപ്പിഴയ്ക്കുന്നതിനു ശ്രമിച്ച ചടയനെ ആ ശ്രമത്തിൽ യജമാനൻ പിടികൂടി നല്ല പ്രഹരം കൊടുത്തുതുടങ്ങി. ചടയന്റെ നിലവിളികേട്ടു് ആളുകൾ ഓടിക്കൂടി. മൃഗസ്വഭാവം മുഴുവൻ മാറിയിട്ടില്ലാതിരുന്നതിനാൽ ആൾക്കൂട്ടം കണ്ടപ്പോൾ യജമാനന്റെ വീറുവൎദ്ധിച്ചു. ഒരു നല്ല ചാവേറ്റിവടി കൈയിലുണ്ടായിരുന്നതു് ഒടിഞ്ഞുകുറ്റിയാകുന്നതുവരെ പറയനെ അറഞ്ഞു. അടികൾ പൊട്ടി അതിൽനിന്നു ചോരതെറിച്ചു് യജമാനന്റെ ദേഹത്തും മുണ്ടിലും വീണുതുടങ്ങിയപ്പോൾ 'അയിത്ത'മായല്ലോ. എന്നു വിചാരിച്ചു അദ്ദേഹത്തിന്റെ പ്രകൃതിക്കു ഒരു മാറ്റമുണ്ടായി. അടികൊണ്ട് ബോധമില്ലാതായ പറയനെ അവിടത്തന്നെ വെറും നിലത്തു് വെയിലത്തു ഉക്ഷിച്ചിട്ടുംവച്ചു യജമാനൻ തന്റെ വഴിക്കു തിരിച്ചു. കാഴ്ചക്കാരും അവരവരുടെ വഴിക്കുപോയി [ 47 ]

നാലഞ്ചുനാഴിക കഴിഞ്ഞപ്പോൾ ഈ വൎത്തമാനം ഏതോ ഒരു പറക്കുഴിയനിൽനിന്നു ചിത്തിര അറിഞ്ഞു. തലപൊക്കാൻ കഴിയാതെ ദീനക്കിടക്കയിൽ കിടന്നിരുന്ന ചിത്തിര എഴുന്നേറ്റു തന്റെ 'ആങ്ങള'യുടെ അടുക്കൽ ഓടി എത്തി. അവനു കുറെവെള്ളം വാങ്ങിക്കൊടുത്തു ബോധമുണ്ടാക്കിയശേഷം അവനെ മാടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.

പിറേദിവസം ചടയനു സുഖക്കേടു കൊണ്ടു വേലയ്ക്കു പോകാൻ കഴിഞ്ഞില്ല. തലേന്നാൾ തന്നെ ശുശ്രൂഷിച്ച ചടയനെ അന്നു ചിത്തിര ശുശ്രൂഷിക്കയാണ്. നേരം പുലർന്നിട്ടും പറയനെ കാണായ്കയാൽ യജമാനൻ വല്ലാതെ കയർത്തു് ഒരു പുതിയ വടിയുമായി പറയന്റെ മാടത്തിലേയ്ക്കു അദ്ദേഹം തിരിച്ചു. യജമാനൻ മാടത്തിനു സമീപം എത്തും മുമ്പെ ചിത്തിര വിവരം ചടയനെ അറിയിച്ചു. ചടയൻ വല്ല വിധേനയും മാടത്തിൽനിന്നും പുറത്തുചാടി. സമീപം ഒരു കാട്ടിൽ ഒളിച്ചു. യജമാനൻ മാടത്തിലും അതിന്റെ ചുറ്റുപാടും പരിശോധന നടത്തി അരിശത്തോടുകൂടി ചിത്തിരയ്ക്കു രണ്ടു മൂന്നു പ്രഹരം കൊടുത്തപ്പോൾ അവൾ ചടയനിരിക്കുന്ന കാട് ചൂണ്ടിക്കാണിച്ചുകൊടുത്തു. വേട്ടപ്പട്ടിയെപോലെ യജമാനൻ കാട്ടിലേക്കു കുതിച്ചു. ചടയൻ കാട്ടിൽ നിന്നു പുറത്തുചാടി. മുയലിനെപ്പോലെ അവൻ ഓട്ടം തുടങ്ങി. യജമാനൻ വടിയുമോങ്ങി പിന്നാലെ പാഞ്ഞു. പറയൻ ഓടുകയല്ല പറക്കുകയാണു ചെയ്തത്. ആൾ സഞ്ചാരമില്ലാത്ത ഒരു കാട്ടിൽ കൂടി പിന്തിരിഞ്ഞുനോക്കാതെ നാലു നാഴിക ദൂരത്തോളം അവൻ ഓടി. ഒടുവിൽ ഒരു വൃക്ഷ

[ 48 ] ത്തിന്റെ വേരിൽ അവന്റെ കാലു തടഞ്ഞു് അവൻ ബോധരഹിതനായി നിലത്തുവീണു.

കുറേനേരം ബോധരഹിതനായി കിടന്നശേഷം ചടയൻ എഴുനേറ്റു. യജമാനനെയാകട്ടെ മനുഷ്യജീവികളിൽ ആരെയെങ്കിലുമാകട്ടെ അവൻ സമീപത്തെങ്ങും കണ്ടില്ല. തിരികെ മാടത്തിലേക്കു മടങ്ങാൻ അവനു ധൈൎയ്യമുണ്ടായില്ല. സന്ധ്യയാകുന്നതുവരെ അവൻ ആ കാട്ടിൽ തന്നെ കഴിച്ചുകൂട്ടി! രാത്രിയിൽ തന്റെ മാടത്തിലേക്കു സാവധാനമായി തിരിച്ചു. പത്തു നാഴികയക്കു മേൽ ഇരുട്ടിയപ്പോൾ അവൻ മാടത്തിൽ എത്തി. മാടം മാത്രം ഏകാന്തമായി ശൂന്യമായി നിൽക്കുന്നുണ്ട്. തന്റെ അമ്മയെയാകട്ടെ സഹോദരിയെയാകട്ടെ അവിടെ കണ്ടില്ല. മാടത്തിലുണ്ടായിരുന്ന യാതൊരു സാമാനങ്ങളും കാണാനില്ല. അയൽക്കാരോടു ചോദിക്കാൻ അവിടെ സമീപത്തെങ്ങും ആപാർപ്പുള്ള കുടികൾ ഉണ്ടായിരുന്നില്ല. അവൻ ജലപാനം പോലും ചെയ്തില്ല. അവന്റെ അമ്മ എവിടെ പോയിരിക്കാം? അവൾക്കു നടക്കാൻ പാടില്ലാതായിട്ട മാസം മൂന്നുനാലായി. ചിത്തിര രോഗാതുരയാണെങ്കിലും അവൾ കുറെ ദൂരം നടന്നുപോയി എന്നുവരാം. സാമാനങ്ങൾ ആരു കൊണ്ടുപോയി? ഈ വക ചോദ്യങ്ങൾക്കു ഒരു ഉത്തരവും കിട്ടാതെ ചടയൻ കുറെ നേരം അവൻ മാടത്തിൽ കിടന്നു. ക്ഷീണാധിക്യം കൊണ്ടു് കുറെ കഴിഞ്ഞപ്പോൾ അവൻ ഉറങ്ങി.

ചടയൻ ഉറക്കം ഇണർന്നെഴുനേറ്റപ്പോൾ ശൂന്യമായ മാടം കണ്ട് തലേദിവസത്തെ സംഭവങ്ങളെ ഓരോന്നായി ഓർത്തു. അവന്റെ അമ്മയും സഹോദരിയും

[ 49 ] വരുന്നുണ്ടോ എന്നു നോക്കാനായി പുറത്തിറങ്ങി നാലുപാടും നോക്കി. ഒരിടത്തും അവരെ കണ്ടില്ല. പാടത്തിന്റെ പടിഞ്ഞാറെക്കരയിൽ വലിയ തെങ്ങും തോപ്പിന്റെ നടുവിലായി നിൽക്കുന്ന തന്റെ യജമാനന്റെ വലിയ നാലുകെട്ടും ഗോപുരങ്ങളെ പോലെ ഉയൎന്നു നിൽക്കുന്ന വയ്ക്കോൽ തുറുവുകളും കണ്ടപ്പോൾ, ചടയന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ആ വീട്ടിൽ നിന്നു ആരോ ഒരാൾ പാടത്തിലേക്കു ഇറങ്ങിവരുന്നതു കണ്ടപ്പോൾ, വീണ്ടും തന്നെ ശാസിക്കാൻ യമാനൻ പുറപ്പെട്ടിരിക്കയാണെന്നു അവനു തോന്നി. ഒരു ഒറ്റ അടിപോലും കൊള്ളുന്നതിനു അവന്റെ

ശരീരം അപ്പോൾ ശക്തമായിരുന്നില്ല. അതിനാൽ അവൻ പ്രാണരക്ഷയ്ക്കായി വേഗത്തിൽ കാടുകേറി നടന്നു തുടങ്ങി. അടികൊള്ളാൻ തക്ക ത്രാണി തന്റെ ശരീരത്തിനുണ്ടായ ശേഷമല്ലാതെ മാടത്തിലേക്കു മടങ്ങിച്ചെല്ലുന്നതു ശുഭമല്ലെന്നു് അവൻ തീർച്ചയാക്കി. കഴിയുന്നതും യജമാനന്റെ കണ്ണെത്താത്ത വല്ല ദിക്കിലും പോയി പാൎക്കണമെന്നുറച്ചുകൊണ്ടു് അവൻ നടന്നു. ഇടവഴികളിൽ കൂടിയോ, രാജപാതകളിൽ കൂടിയോ പറയനു സുഖസഞ്ചാരത്തിനു നിവൃത്തിയില്ലാത്ത കാലം അതിനാൽ അവൻ കാടും കൈതയും കുന്നും തടവും കടന്നു് ജനസഞ്ചാരമില്ലാത്ത പ്രദേശങ്ങളിൽ കൂടി യാത്ര ചെയ്തു് മൂന്നാംദിവസം രാമപുരം വനത്തിലെത്തി. കായ്‌കനികളും കാട്ടാറുകളിലെ വെള്ളവുമല്ലാതെ വഴിക്കു ആഹാരത്തിനു യാതൊരു വകയും അവനു ലഭിച്ചില്ല. മതിലിച്ചിറയുടെ വടക്കേക്കരയിൽ ഉണ്ടായിരുന്ന വെള്ളച്ചാട്ടത്തിൽ എത്തിയപ്പോൾ, വിശപ്പും ക്ഷീണവും കൊണ്ടു പ്രയാസപ്പെട്ട സഞ്ചരിച്ചിരുന്ന് അവനു ഒരു അ [ 50 ] ടിവെയ്ക്കാൻ പാടില്ലാതായി. കാടു, മുമ്പോട്ടു മുമ്പോട്ടു ചെല്ലുംതോറും അനവസാനമായി നീണ്ടു നീണ്ടു കാണപ്പെട്ടു. അവൻ പാറയുടെ മുകളിൽ വല്ലവിധേനയും ഇഴഞ്ഞു കയറിയപ്പോൾ, അപ്രതീക്ഷിതമായി രാഘവനെ കണ്ടു പരിഭ്രമിച്ചു കാലിടറി താഴെ വീണു മൂർച്ഛിച്ചു. ഈ അവസ്ഥയിലാണ് രാഘവൻ ചടയനെ കണ്ടതു്. ചടയനു തന്റെ ഉള്ളിൽ തിങ്ങിക്കൂടിയ വിചാരങ്ങളെ പുറത്തു പ്രകാശിപ്പിക്കുന്നതിനു വാക്കുകൾ കിട്ടാതെ വളരെ വിഷമതകൾ നേരിട്ടു എങ്കിലും ഒരു വിധത്തിൽ ഈ വിവരങ്ങളെല്ലാം ആശാനേയും രാഘവനേയും അവൻ ധരിപ്പിച്ചു. പറയന്റെ കഷ്ടതകളുടെ ചരിത്രം അവൻ വിസ്തരിച്ചുകൊണ്ടിരുന്നതിനിടയ്ക്കു പല ഘട്ടങ്ങളിലും രാഘവന്റെ കണ്ണുകളിൽ അശ്രുക്കൾ തുളുമ്പിയെങ്കിലും ആശാന്റെ മുഖം സാധാരണയിൽ അധികം ഗൗരവഭാവം കൈക്കൊൾകയാണു് ചെയ്തത്. ദീനദയാലുവായ ആശാൻെറ കുലുക്കമില്ലായ്മ കണ്ടു രാഘവനു് വിസ്മയം തോന്നിയെങ്കിലും, അവൻ അതിനെക്കുറിച്ചു ഒരു അക്ഷരം മിണ്ടിയില്ല. പറയന്റെ സുഖക്കേടു വേഗം ഭേദപ്പെടുവാൻ വേണ്ട ഉപദേശം അവനും രാഘവനും നൽകിയ ശേഷം ആശാൻ പുറത്തുപോയി.

രാഘവൻ പറയൻ ഭക്ഷണം കൊടുത്ത ശേഷം, പതിവനുസരിച്ചു ജോലികൾക്കായി തോട്ടത്തിലേക്കും പോയി.

രാഘവൻ പറയനു ഭക്ഷണം കൊടുത്ത ശേഷം, പതിവനുസരിച്ചു് ജോലികൾക്കായി തോട്ടത്തിലേക്കും പോയി.


പതിനൊന്നാം അദ്ധ്യായം

ചടയൻ നന്താനത്തിൽ എത്തിയതിന്റെ ഏഴാം ദിവസം, രാഘവന്റെ 16-ാമത്തെ ജന്മനക്ഷത്രദിവസ

[ 51 ] മായിരുന്നു. അന്നു ആ ക്ഷേത്രത്തിൽ വിശേഷവിധിയായി ചില പൂജകളും പുഷ്പാഞ്ജലിയും രാഘവന്റെ വകയായി നടത്തുന്നതിനു ഏർപ്പാടു ചെയ്തിരുന്നു. രാഘവന്റെ ബാല്യം മുതൽക്കെ ജന്മനക്ഷത്രദിവസം ക്ഷേത്രദർശനവും പുഷ്പാഞ്ജലിയും അവന്റെ അമ്മ വളരെ ശ്രദ്ധയോടും ഭക്തിയോടും നടത്തിവന്നതാണു്. നന്താവനത്തിൽ വന്നതിനുശേഷം ഈ ശുഭകൎമ്മം രാഘവനു വേണ്ടി ആശാനാണു ചുമതലയായി നിൎവഹിച്ചുവന്നത്. ഇക്കൊല്ലം അതിനുവേണ്ട ഏൎപ്പാടുകളെല്ലാം രാഘവൻതന്നെ ആശാന്റെ അനുമതിയോടുകൂടി സ്വയം ചെയ്തിട്ടുണ്ടായിരുന്നു. രാഘവന്റെ ഏർപ്പാടുകൾ ആശാൻ അതിജാഗ്രതയോടെ സൂക്ഷിച്ചു കൊണ്ടിരുന്നതല്ലാതെ അവനു യാതൊരു സഹായവും ഉപദേശവും നൽകിയില്ല.

വെളുക്കാൻ ഏഴര നാഴികയുള്ളപ്പോൾ രാഘവൻ എഴുന്നേറ്റു കുളി മുതലായതു കഴിച്ചു നന്ദാവനത്തിലിറങ്ങി പുഷ്പങ്ങളിറുത്ത് ആവശ്യമുള്ള മാലകൾ കെട്ടിയുണ്ടാക്കി. ക്ഷേത്രത്തിൽ വിശേഷദിവസങ്ങളിൽ ആവശ്യമുള്ള അഞ്ചു മാലകൾക്കു പുറമെ വളരെ കമനീയാകൃതിയിൽ മൂന്നു മാലകളും മൂന്നു പൂച്ചെണ്ടുകളും കൂടി ഉണ്ടാക്കി ഒരു പൂക്കൂടയിൽ യാതൊരു കേടും കുരുക്കും വരാത്തവണ്ണം അടുക്കിവച്ചു. പുഷ്പാഞ്ജലിക്കു വേണ്ടന്ന പുഷ്പങ്ങൾ മറെറാരു പൂക്കടയിലും ശേഖരിച്ചു. ക്ഷേത്രത്തിൽ അന്നു സ്വാമിദൎശനത്തിനു വരുന്നവൎക്കു സമ്മാനിക്കാനായി അനേകം റോസാപ്പൂക്കളും മധുരനാരങ്ങാ, മാതളനാരങ്ങാ, ചെറുനാരങ്ങാ മുതലായി താൻ തന്നെ നട്ടുപിടിപ്പിച്ച ചെടികളിൽനിന്നു സൂക്ഷിച്ചു ശേഖരിച്ചുവച്ചിരുന്ന പഴങ്ങളും അവൻ കുട്ടികളിലാക്കി ഒതുക്കിവച്ചു.

[ 52 ]

സൂൎയ്യന്റെ ചെങ്കതിരുകളേറ്റു ഉദയഗിരി ചുവന്നു മൈഥിലിച്ചിറയിലെ "നളിന മുകുള ജാലങ്ങളിൽ മന്ദഹാസം" തുടങ്ങി. രാമപുരത്തു ക്ഷേത്രത്തിൽ ശംഖനാദം മുഴങ്ങി. ഭഗവൽ പ്രീതിക്കു സമർപ്പിക്കാൻ സംഭരിച്ചു വച്ച സാമാനങ്ങളുടെ അഴകു നോക്കി കൃതാൎത്ഥനായി നിൽക്കുന്ന രാഘവന്റെ പ്രസന്ന വദനം കണികാണ്മാൻ കിട്ടു ആശാൻ ഉണർന്നു ആശാൻ രാഘവന്റെ കമനീയാനനത്തെ കണ്ണിമയ്ക്കാതെ അല്പനേരം നോക്കിക്കൊണ്ടു നിന്നശേഷം അതിരറ്റ വാൽസല്യത്തോടു കൂടി അവനെ പിടിച്ചു മാറോടണച്ച് അവന്റെ നെറുകയിൽ ചുടുചുടെയുള്ള നെടുനിശ്വാസങ്ങളോടു കൂടി ഒരു ചുംബനം നൽകി. ആശാന്റെ ചുംബനസുഖം അന്നു ആദ്യമായിട്ടാണു് രാഘവനു അനുഭവമായതു്. അഞ്ച് കൊല്ലം മുമ്പേ അനുഭവിച്ച തന്റെ അമ്മയുടെ ലാളനാ സൗഖ്യം അന്നു തനിക്കു ലഭിച്ചു എന്നു രാഘവനു തോന്നി. അവൻെറ ഹൃദയം പരമാനന്ദത്തിൽ ലയിച്ചു. ആനന്ദാശ്രുക്കൾ അവൻെറ കവിൾത്തടങ്ങളെ മഞ്ഞുതുള്ളികൾ പറ്റിയ പനിനീർ പുഷ്പം പോലെ മനോഹരമാക്കിത്തീർത്തു.

പൂവത്തൂരണ്ണാവിയും, അദ്ദേഹത്തിന്റെ മകൾ മൈഥിലിയും മകൻ മാധവനും അരുണോദയത്തോടു കൂടിത്തന്നെ ക്ഷേത്രത്തിൽ എത്തിയിട്ടുണ്ടായിരുന്നു. പൂജാദികൎമ്മങ്ങൾ കഴിഞ്ഞ ശേഷം ക്ഷേത്രത്തിൽ കൂടിയിരുന്നവർക്കു പുഷ്പങ്ങളും പഴങ്ങളും രാഘവൻതന്നെ സമ്മാനിക്കാൻ ആരംഭിച്ചു. പക്ഷെ ഒരു ദുർഘടം നേരിട്ടു. രാഘവൻ മൂന്നു പൂച്ചെണ്ടുകളും മൂന്നു മാലകളും മാത്രമേ വിശേഷാൽ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ആശാനും അണ്ണാവിക്കും മൈഥിലിക്കുമായിട്ടു ഉദ്ദേശി

[ 53 ] ച്ചാണു് അവകൊണ്ടുവന്നതു്. മാധവൻകുട്ടി അന്നു ക്ഷേത്രത്തിൽ വരുമെന്നു രാഘവൻ കരുതിയിരുന്നില്ല. തന്റെ ഗുരുനാഥനും ഉപകൎത്താവുമായ ആശാൻ തൻെറ ജന്മനക്ഷത്രദിവസം ഭഗവൽ സന്നധിയിൽ വച്ചു് ഒരു പൂമാല സമ്മാനമായി കൊടുക്കണമെന്നു രാഘവനു വളരെ താല്പര്യമുണ്ടായിരുന്നു. ബാക്കി പിന്നെ രണ്ടു മാലകളെ ഉള്ളൂ. ഒന്നു അണ്ണാവിക്കു സമ്മാനിക്കതന്നെ വേണം. മറെറാന്നു മൈഥിലിക്കു സമ്മാനിക്കാഞ്ഞാൽ രാഘവന്റെ മനസ്സിനു് കൃതാൎത്ഥതയില്ല. മാധവനെ മാത്രം ഒഴിക്കുന്നതു ഭംഗിയുമല്ല, ഒരു മാല കൂടി ഉണ്ടായിരുന്നെങ്കിലോ എന്നു രാഘവൻ വളരെ വളരെ ആഗ്രഹിച്ചു. ഈ ആഗ്രഹം അപ്പോൾ സാദ്ധ്യമല്ലെന്നു തീർച്ചതന്നെ. ആരെയെങ്കിലും ഒരാളെ ഒഴിക്കുക തന്നെവേണം. ആരെ ഒഴിക്കാം. രാഘവൻ വിഷമിച്ചു. അവൻ തന്നെത്തന്ന ഗുരുദക്ഷിണയായി സങ്കല്പിച്ചുകൊണ്ടു ആശാൻെറ പാദങ്ങളിൽ സ്പർശിച്ചു വന്ദിച്ചു. മാല ശേഷം മൂന്നുപേൎക്കും കൊടുക്കാമെന്നും തീർച്ചയാക്കി. അതിന്മേൽ ആശാനും വല്ലായ്മയുണ്ടാകയില്ലെന്നു പറയേണ്ടതില്ലല്ലോ. രാഘവൻ പൂക്കൂടയുടെ അടുക്കൽ ചെന്നു മുകളിലുള്ള മാലകളുടെ സമ്മർദ്ദം കൊണ്ടു തരക്കേടു വരരുതെന്നു കരുതി മൈഥിലിക്കായി സങ്കല്പിച്ചു രാഘവൻ കെട്ടിയുണ്ടാക്കിയിരുന്ന മാല പൂക്കൂടയിൽ മുകളിലായിരുന്നു വച്ചിരുന്നത്. അതെടുത്തിട്ടേ മറ്റു രണ്ടുമാലകളും എടുക്കാൻ തരമുള്ളു. പക്ഷേ ആദ്യസമ്മാനം മൈഥിലിക്കുകൊടുക്കയോ മാധവനു കൊടുക്കയോ അണ്ണാവിക്കു കൊടുക്കയോ ഭംഗി? അണ്ണാവിക്കു കൊടുക്കുകയാണ്. മാല രാഘവൻ കൈയിലെടുത്തു. അതു മൈഥിലിക്കായി ഉദ്ദേശിച്ചു പ്രത്യേകം നിൎമ്മിച്ച [ 54 ] മാലയാണു്. അതിനെ മാറ്റിവച്ചിട്ട് മറേറ മാലകളിൽ ഒന്നെടുത്തു അണ്ണാവിക്കു സമ്മാനിക്കുന്നതിൽ അപമൎയ്യാദവല്ലതുമുണ്ടോ? "ഇങ്ങനെ മനമങ്ങും മിഴിയിങ്ങും" മാലകൈയിലുമായി രാഘവൻ കുഴങ്ങുമ്പോൾ മാലയുടെ അസാധാരണമായ അഴകുകണ്ട് മൈഥിലി "അമ്മാല എനിക്കുതന്നെ. എന്നു പറഞ്ഞു." കൈനീട്ടിയതും രാഘവൻ അതിനെ അവളുടെ കൈയിൽ സമർപ്പിച്ചതും ഒപ്പം കഴിഞ്ഞു അനന്തരം വളരെ ആശ്വാസത്തോടും പ്രസാദത്തോടുംകൂടി രാഘവൻ മറേറ മാലഎടുത്തു വിനയപൂർവം അണ്ണാവിയുടെ കഴുത്തിൽ ഇട്ടു കൊടുത്തു. പിന്നെയൊന്നുണ്ടായിരുന്നതു മാധവന്റെ കഴുത്തിലും ചാൎത്തി. ഓരോ ചെണ്ടും ഓരോ മാതളപ്പഴവും കൂടി അവൎക്കു കൊടുത്തശേഷം അവിടെ കൂടിയിരുന്നവർക്കെല്ലാം പുഷ്പങ്ങളും പഴങ്ങളും രാഘവൻ സമ്മാനിച്ചു. അങ്ങനെ ആ ജന്മനക്ഷത്രം രാഘവനു് സുദിനമായി അത്യാനന്ദപ്രദമായി കലാശിച്ചു.


പന്ത്രണ്ടാം അദ്ധ്യായം

ക്ഷേത്രത്തിൽനിന്നു ആശാനും രാഘവനും നന്താവനത്തിൽ എത്തി. ആശാൻ രാഘവനെ അടുക്കൽ വിളിച്ചു ഇങ്ങനെ പറഞ്ഞു: "രാഘവന്റെ ജന്മനക്ഷത്രം പ്രമാണിച്ചു. രാഘവൻ പലൎക്കും സമ്മാനം നൽകി. രാഘവനു്, പകരം ഒരു സമ്മാനം ആരും നൽകിയതും ഇല്ല. ഞാൻ രാഘവനു ഒരു സമ്മാനം തരാൻ നിശ്ചയിച്ചിരിക്കുന്നു. അതു ഇതാണു്" എന്നു പറഞ്ഞു. ഒരു കടലാസു ചുരുൾ അവന്റെ പക്കൽ കൊടുത്തു. രാഘ

[ 55 ] വൻ ആശ്ചൎയ്യത്തോടും പരിഭ്രമത്തോടും കൂടി അതുവാങ്ങി നോക്കി. അതൊരു മുദ്രപ്പത്രമായിരുന്നു. അതിൽ എന്താണു് എഴുതിയിരിക്കുന്നതെന്നറിയാനായി അവൻ അതു ജാഗ്രതയോടുകൂടി വായിച്ചു. ആശാൻ നന്താവനത്തിനു കിഴക്കുവശവും, മതിലിച്ചിറയുടെ വടക്കുവശവുമായി കിടക്കുന്ന 20 ഏക്കർ രാഘവന്റെ പേരിൽ രാമപുരം ദേവസ്വത്തിൽനിന്നും 1080 പണത്തിനും പതിച്ചുകൊടുക്കുന്ന ആധാരമാണ് ആശാൻ രാഘവനു സമ്മാനിച്ചത്. രാഘവന്റെ ഹൃദയം തുടിച്ചു തുടങ്ങി. വളരെ നാളായി അവന്റെ ഹൃദയത്തിൽ വളർന്നു വന്ന ഒരു മോഹം സഫലമായതിൽ അവനുണ്ടായ സന്തോഷം അനല്പമായിരുന്നു.
ആ:--"ഈ സ്ഥലം പുതുവൽ പതിച്ചു കിട്ടണമെന്നു രാഘവനു താല്പൎയ്യമുണ്ടായിരുന്നു. ഇല്ലേ?"
രാഘവൻ:--"കുറെ നാളായി ഈ ആഗ്രഹം എന്നെ വല്ലാതെ വലച്ചുകൊണ്ടിരുന്നു. ആശാന്റെ ഔദാര്യം കൊണ്ട് ഇത്രവേഗം അതു സാധിച്ചു."
ആശാൻ:-- "രാഘവൻെറ പണം കൊണ്ടാണു് ഈ ആധാരം വാങ്ങിയത്. രാഘവന്റെ മൂന്നാണ്ടത്തെ ശമ്പളമാണു് അതിൽ കാണുന്ന അൎത്ഥം. വരൂ നമുക്കു രാഘവന്റെ പുതുവൽ സ്ഥലം പരിശോധിച്ചുനോക്കാം."

ആശാനും രാഘവനും കൂടി പുതുവൽ സ്ഥലം നോക്കാനായി പുറപ്പെട്ടു. അവരുടെ പിന്നാലെ ചടയനും പുറപ്പെട്ടു.

ചടയന്റെ സുഖക്കേടു നിശ്ശേഷം ശമിച്ചിട്ടില്ലെങ്കിലും, അവനു് ആശാനും രാഘവനും വിചാരിച്ചിടത്തോളം ക്ഷീണത ഉണ്ടായിരുന്നില്ല, എത്രയോ തവണ ആ

[ 56 ] മാതിരി പ്രഹരങ്ങൾ യജമാനനിൽനിന്നും അവനു ലഭിച്ചിട്ടുണ്ട്! ആടുമാടുകളോളം തന്നെ ആദരത്തിനു അവകാശമില്ലാത്ത പറയനു് യജമാന്റെ ശിക്ഷാരക്ഷകൾ ഊമയെപ്പോലെ അനുഭവിച്ചുകൊള്ളാനല്ലാതെ എന്തെന്നു ചോദ്യം ചെയ്യാൻ അക്കാലങ്ങളിൽ അവകാശമില്ലായിരുന്നു. ഉൽക്കർഷേച്ഛയുടേയും സ്വാതന്ത്ര്യബുദ്ധിയുടേയും അംകുരങ്ങളെ ശൈശവം മുതൽ ചവിട്ടിച്ചതച്ചു അമർത്തിയിട്ടിരുന്ന ജാതിയിൽ പെട്ട ചടയനു്, തന്നോടു അനുകമ്പയുള്ള മനുഷ്യജീവികൾ ഈ ഭൂമിയിൽ ഉണ്ടെന്നു് രാഘവനെ കണ്ടെത്തിയ ദിവസമാണു് ആദ്യമായി അറിവായത്. ഒരു സഹജീവിയുടെ കഷ്ടദശയിൽ ഹൃദയാലുവായ ഒരു മനുഷ്യൻ കാട്ടുമായിരുന്നതിൽ കൂടുതലായ ദീനാനുകമ്പ രാഘവനാകട്ടെ ആശാനാകട്ടെ ചടയനോടു കാട്ടിയിരുന്നില്ല. എന്നാൽ ജന്മം മുതൽ കഷ്ടതയല്ലാതെ മറെറാന്നും അനുഭവിച്ചിട്ടില്ലാത്ത ചടയന് അങ്ങനെയല്ല തോന്നിയതു്. ആശാനും രാഘവനും, പിന്നാലെ ചടയനും പുതുവലിന്റെ എല്ലാ ഭാഗങ്ങളും നടന്നു കണ്ടശേഷം ആശാൻ പറഞ്ഞു:-- "രാഘവനൊരു നിധിയാണ് കിട്ടിയിരിക്കുന്നതു . ഈ സ്ഥലം അത്രവളരെ വിശേഷമായിട്ടു് എനിക്കു തോന്നുന്നു."
രാഘവൻ: - "വലിയ കാടാണല്ലോ. ഞാനൊരുത്തനായിട്ട് എന്തു ചെയ്യാനാണ്?
ആ:-“അധൈര്യപ്പെടരുത്. മനുഷ്യപ്രയത്നം കൊണ്ടു സാധിക്കാൻ കഴിയാത്തതായി എന്താണുള്ളതു്. രാഘവന്റെ പുതുവലിനു നമുക്കു പേരിടാം. പലതരം വൃക്ഷങ്ങൾ ഇതിനകത്തുണ്ട്. മിക്കതും പാഴ്‍വൃക്ഷങ്ങളാണു്. ഏഴു വലിയ മാവും രണ്ടു പ്ലാവും ഉ
[ 57 ]

ള്ളവമാത്രം ഫലവൃക്ഷങ്ങളായിട്ടുണ്ട്. പ്ലാവിളയെന്നോ മാന്തോപ്പെന്നോ വേണമെങ്കിൽ ഇതിനു പേരിടാം. മുന്നു വടവൃക്ഷമുണ്ട്. രണ്ടുകൂടിയുണ്ടായിരുന്നെങ്കിൽ പഞ്ചവടി എന്നുതന്നെ പേരിടാമായിരുന്നു."

രാഘ:-- "അതിനു വിഷമില്ലല്ലോ. രണ്ടുകൂടി ഞാൻ തന്നെ നട്ടുപിടിപ്പിച്ചുകൊള്ളാം.
ആ:-- "രാമപുരവും, മൈഥിലിച്ചിറയും പഞ്ചവടിയും കൂടി ആയാൽ നല്ല യോജിപ്പുണ്ട്. രാഘവൻ "പഞ്ചവടിയിൽ" തന്നെയാണല്ലോ പാർക്കേണ്ടത്."
രാ:-- "രണ്ടു വൃക്ഷങ്ങൾ കൂടി നടേണ്ടതു ഇനി എവിടെ നട്ടാലാണു് കൊള്ളാമെന്നു തോന്നുന്നത്?
ആ:-- "ഇപ്പോഴുള്ള വടവൃക്ഷങ്ങളിൽ രണ്ടെണ്ണം വടക്കേ അരികിൽ കിഴക്കും പടിഞ്ഞാറും കോണുകളിലാണു നിൽക്കുന്നത്. ഇനി നടുന്നവ തെക്കേ അരികിൽ കിഴക്കും പടിഞ്ഞാറും ആയിക്കൊള്ളട്ടെ"
രാ:- "അപ്പോൾ പഞ്ചവടിയുടെ എലുക അറിയാൻ പ്രയാസമില്ല."
ആ:-- "രാഘവൻെറ പൎണ്ണശാല നടുക്കു നിൽക്കുന്ന ആലിന്റെ വടക്കുവശത്താകട്ടെ, നമുക്കു ആ സ്ഥലം ഒന്നു കൂടി നോക്കാം."

രണ്ടുപേരും കൂടി അവിടെ ചെന്നു പല പരിശോധനകളും നടത്തി.

ആ:-"ഇവിടെ ഒരു നല്ല ഊറ്റു കാണുന്നുണ്ടു്. ഇതിനെ തെളിച്ചു താഴെ ഒരു നല്ല തടമുണ്ടാക്കിയാൽ കുളിക്കാനും കുടിക്കാനും നല്ലശുദ്ധജലം ലഭിക്കും"
രാ:-- "അമരാവതിയിൽനിന്നു മതിലിച്ചിറയിലേക്കുള്ള
[ 58 ]

തോടുതെളിച്ചാൽ ആ വെള്ളച്ചാട്ടത്തിൽനിന്നും അണയിട്ടു തിരിച്ചു ഒരു ചെറിയ കൈത്തോടു് ഇതിലെ കൊണ്ടുവരാം. ഇവിടെ നട്ടുവളൎത്തുന്ന വൃക്ഷലതാദികളെ നനയ്ക്കുന്നതിനു അപ്പോൾ പ്രയാസമുണ്ടായിരിക്കയില്ല"

രാഘവൻെറ ആലോചനയെ ആശാൻ അഭിനന്ദിച്ചു.

ആ:--"ആകട്ടെ, എന്തു ജോലിയാണു് രാഘവൻ ഇവിടെ നടത്താമെന്നു നിശ്ചയിക്കുന്നതു്?"

[[outdent|രാ:-- "ആദ്യം ഇതിന്റെ ചുറ്റാകെ ഒരു വേലിയുണ്ടാക്കണമെന്നു ഞാൻ വിചാരിക്കുന്നു. }}

ആ:--"അതു വളൎത്തുവേലിയായിരുന്നാൽ പച്ചിലവളം ആശ്രയം കൂടാതെ ലഭിക്കും"
രാ:-- "കാടു ധാരാളം സമീപത്തുള്ളതു കൊണ്ടു പച്ചിലവളം സുലഭമാണല്ലോ?"
ആ:-- "എന്നും സുലഭമായിരിക്കുമെന്നു വിശ്വസിച്ചുകൂടാ. ഇതിന്റെ ചുറ്റാകെയുള്ള സ്ഥലങ്ങളും വല്ലവരും പേരിൽ പതിപ്പിച്ചു പോയെങ്കിലോ?
ആ:-- "അങ്ങനെ വരാവുന്നതാണു്. വളർത്തുന്ന വേലി തന്നെ ഉണ്ടാക്കാം. മുള്ളുമുരുക്കു്, ഒതളം, വട്ടത്താമര മുതലായി പച്ചിലവളം ധാരാളം കിട്ടുന്ന വൃക്ഷങ്ങളുടെ കമ്പുകൾ തന്നെ പത്തലിനു ഉപയോഗിക്കാം. ഇടവപ്പാതി ആരംഭിച്ചിട്ടായാൽ ഈ പത്തലുകൾ എളുപ്പം വേരോടിക്കൊള്ളുന്നതാണു്."
ആ:- “വേലിവയ്ക്കുന്നതു അപ്പോൾ മതി. രാഘവൻ കുറെ തെങ്ങുംതൈകൾ പാകി കുരുപ്പിക്കപ്പെട്ടിട്ടുണ്ടല്ലോ. അവയെ ഈയാണ്ടിൽ തന്നെ നടേണ്ടയോ?"
[ 59 ]
രാ:-- “അതു നന്താവനത്തിലേയ്ക്കു ഉദ്ദേശിച്ചു പാകിയിരിക്കയാണല്ലോ.
ആ:--"ഈ സ്ഥലമാണു തെങ്ങുകൃഷിക്കു കുറേക്കൂടി യോഗ്യമായ സ്ഥലം."
രാ:- "അങ്ങനെയാണെങ്കിൽ തെങ്ങുകൃഷിക്കുള്ള സ്ഥലമൊരുക്കി തടമെടുക്കുന്ന ജോലി തന്നെ ആദ്യം തുടങ്ങാം."
ആ:-"തെക്കേയറ്റം കുറെ സ്ഥലം നെൽകൃഷിക്കു കൊള്ളാവുന്നതുണ്ടു്, അതു തെളിച്ചു നേർനിലമാക്കാമെങ്കിൽ അടുത്ത മേടത്തിൽ തന്നെ കൃഷിയിറക്കാം."
രാ:-“തെങ്ങു നടാനുള്ള സ്ഥലത്തു തടങ്ങൾമാത്രം ഇപ്പോൾ എടുത്തു തെങ്ങു നടുകയും കാടുകൾ സാവധാനത്തിൽ തെളിച്ചു ശരിപ്പെടുത്തുകയും ചെയ്താലോ?"
ആ:-- “അതിനും വിരോധമില്ല. കാട്ടിലെ പച്ചിലകൾ തന്നെ തെങ്ങുംതൈകൾക്കു തണലിടാനും ഉപയോഗപ്പെടുത്താമല്ലോ.
രാ:-- "നെൽക്കൃഷിക്കു കൊള്ളാവുന്ന സ്ഥലം തെളിച്ചെടുക്കുന്ന ജോലിതന്നെ ആദ്യം തുടങ്ങാം"
ആ:-- "രാഘവന്റെ സൗകര്യം പോലെ ചെയ്തോളൂ. രണ്ടു വടവൃക്ഷം നടണമെന്നു നിശ്ചയിച്ചതു ഇന്നുതന്നെ നടരുതോ? ജന്മനക്ഷത്രത്തിനു് ആൽമരം നടുന്നതു് ഒരു പുണ്യകൎമ്മമാണെന്നു് ജനങ്ങളുടെ ഇടയിൽ ഒരു വിശ്വാസമുണ്ടല്ലോ."
രാ:-“എന്നാൽ അതു രണ്ടും ഇപ്പോൾ തന്നെ നട്ടുകളയാം. മൺവെട്ടി കൊണ്ടുവരട്ടെ."
[ 60 ]

ഇങ്ങനെ പറഞ്ഞുകൊണ്ടു രാഘവൻ നന്താവനത്തിലേക്ക് ഓടി, ഒരു മൺവെട്ടിയും വെട്ടുകത്തിയും കൊണ്ടുവന്നു് ആശാൻ കാണിച്ചുകൊടുത്ത സ്ഥലത്തു (കന്നിമമൂലയിൽ) രാഘവൻ ഒരു തടമെടുക്കാൻ ആരംഭിച്ചു. സുന്ദരനും സുകുമാരനും ആയ രാഘവൻ കഠിനമായ ദേഹപ്രയത്നം ആവശ്യമുള്ള മൺവെട്ടി വേല ആരംഭിച്ചതു കണ്ടപ്പോൾ ചടയൻ പറഞ്ഞു:-- "മമ്മട്ടി ഇങ്ങു തരീൻ! ഏൻ കുയികുയിക്കാം."

രാ:-- "നിന്റെ സുഖക്കേടുതീൎന്നു ദേഹത്തിനു നല്ല ബലം വന്നിട്ടില്ല. നല്ല സുഖമായതിനുശേഷം നിനക്കു താല്പര്യമുണ്ടെങ്കിൽ കുഴിയെടുക്കേണ്ട ആവശ്യം ഇനിയുമുണ്ടു്."

ചടയൻ ഈ മറുപടികൊണ്ടു തൃപ്തനായില്ലെങ്കിലും ഒന്നും മിണ്ടിയില്ല. രാഘവൻ ഒരു നല്ല തടമെടുത്തു. വടവൃക്ഷത്തിന്റെ ഒരു നല്ല കമ്പ് മുറിച്ചുകൊണ്ടുവന്നു് അതിൽ നട്ടു. അതിനു വെള്ളമൊഴിച്ചു. അനന്തരം കിഴക്കുതെക്കേ മൂലയിലേക്കു അവർ തിരിച്ചു. ഈ യാത്രയിൽ മൺവെട്ടി ചടയൻ കരസ്ഥമാക്കി, അവനും പിന്നാലേ നടന്നു. അവിടെ തടം എടുക്കേണ്ട സ്ഥാനം ആശാൻ ചൂണ്ടിക്കാണിച്ച ഉടനേ ചടയൻ "കുയികുയിക്കാനും” തുടങ്ങി. പറയൻെറ ഉത്സാഹത്തെ തടുക്കേണ്ട എന്നു ആശാൻ രാഘവനോടു ആംഗ്യം കാണിച്ചു. കാൽ നാഴികയ്ക്കകം ഒരു നല്ലതടം എടുത്തുകഴിഞ്ഞു. അതിലും ഒരു ആല് രാഘവൻ തന്നെ നട്ടു. ചടയൻ അതിനെ വെള്ളം കോരി നനച്ചു. “എന്റെ കാടിയാതീ! ഇമ്മരം മാമരമായാൽ നിന്നെ ഞാൻ ഇവിടെ കുടിയിരുത്തിയേക്കാം എന്നു് ചടയൻ നേർച്ചയും കഴിച്ചു.

[ 61 ]
പതിമൂന്നാം അദ്ധ്യായം

ഒരു ദിവസം നന്താവനത്തിലെ ജോലികളെല്ലാം തീർത്തു്, രാഘവൻ പതിവനുസരിച്ചു് അവന്റെ പോത്തുമായി ചിറയിലിറങ്ങി കാട്ടിലേക്കു നടന്നു. ചടയനെ കണ്ടുകിട്ടിയ പാറയിൽകൂടി മേല്പോട്ടുകയറി, തോടൊഴുകിയിരുന്ന ചാലിൽകൂടി അവൻ പിന്നെയും മുന്നോട്ടു നടന്ന് വളഞ്ഞും തിരിഞ്ഞും രണ്ടുനാഴിക ദൂരത്തോളം ചെന്നപ്പോൾ രാഘവൻ അമരാവതിയാറ്റിൽ എത്തി. തെളിഞ്ഞൊഴുകിയിരുന്ന അമരാവതി കലങ്ങി മറിഞ്ഞു ഊക്കോടൊഴുകുന്നതു രാഘവൻ കണ്ടു വിസ്മയിച്ചു. തലേനാൾ കണ്ട മഴക്കോള് മറിഞ്ഞു മലയിൽ ചെന്നു പെയ്തതു നിമിത്തമുണ്ടായ. വെള്ളപ്പൊക്കമായിരിക്കാമെന്ന് അവൻ ഊഹിച്ചു. കുറേ നേരം നദിയുടെ ചുഴികളോടുകൂടിയ ഒഴുക്കു നോക്കിക്കൊണ്ടു നിന്നശേഷം അവൻ നദിയുടെ കരയിൽക്കൂടി കിഴോട്ട് (പടിഞ്ഞാറോട്ടു) നടന്നു. ഏകദേശം ഒരു നാഴിക ദൂരം ചെന്നപ്പോൾ നദിയുടെ ഇരുകരകളും വളരെ തൂക്കായും ദുർഘടമായും കാണപ്പെട്ടു. ഒരുവശം കിഴുക്കാം തൂക്കായ പാറക്കൂട്ടം മറുവശം ആറു കുത്തിയിടിച്ചതിന്റെ അവശേഷമായി ഇടിഞ്ഞു വീഴാൻ ഭാവിച്ചുനിലക്കുന്ന ഉയർന്ന പുൽത്തിട്ടക്കു ഏകദേശം മുന്നൂറുവാര താഴെയായി ഒരു വലിയ വെള്ളച്ചാട്ടം ഉണ്ടായിരുന്നിടത്ത് നദി അലറി വീഴുന്ന ഗംഭീര ധ്വനി ഈ സ്ഥലത്തു മുഴങ്ങിക്കൊണ്ടിരുന്നു. ഈ ഇടുക്കുചാലിലേക്കു നദി പ്രവേശിക്കുന്നിടത്തു മദ്ധ്യേ ഒരു ഊക്കൻ പാറയുള്ളത് നദി ജലത്തെ രണ്ടായി പിളർന്ന് അത്യുഗ്രമായി ചീറി ശബ്ദിച്ചു നിന്നു വിറയ്ക്കുന്നത് നോ

[ 62 ]

ക്കിക്കൊണ്ടു രാഘവൻ നിൽക്കുമ്പോൾ ശംകുവിന്റെ ഭാവം ആകപ്പാടെ ഒന്നു പകൎന്നു. ആ മൃഗം തല ഉയൎത്തിപ്പിടിച്ച് അതിന്റെ സ്വാഭാവികമായ രൂക്ഷത പ്രകാശിപ്പിക്കുന്നതു കണ്ട് രാഘവൻ തന്നെ അന്ധാളിച്ചു.

കിഴക്കു നിന്നു ഒരു നിലവിളിയും ഘോഷവും കേട്ടു തുടങ്ങി. രണ്ടു വലിയ വേട്ടപ്പട്ടികൾ നദിയിലേക്കു നോക്കിക്കൊണ്ടു ബദ്ധപ്പെട്ടു വരുന്നുണ്ടായിരുന്നു. അവർ ഒരു വളവുതിരിഞ്ഞു വരികയായിരുന്നതിനാൽ, ഒരു നൂറുവാര അകലത്തെത്തിയ ശേഷമേ രാഘവൻ അവയെ കണ്ടുള്ളൂ. ആരോ ഒരാൾ വെള്ളത്തിൽ വീണു മുങ്ങിയും പൊങ്ങിയും തുടിച്ചൊഴുകുന്നത് രാഘവൻ ഒരു ഒറ്റനോട്ടത്തിന് മനസ്സിലാക്കിക്കൊണ്ട് മുന്നോട്ടുപാഞ്ഞു. ആരെന്നും എന്തെന്നും ഒന്നും ആലോചിക്കാതെ അവൻ നദിയിലേക്കു കുതിച്ചുചാടി. കരയുടെ ഉയർച്ചകൊണ്ടു വെള്ളത്തിൽ ഊക്കോടുകൂടിയാണ് അവൻ ചെന്നുവീണത്. വീണപാടെ താണു. വെള്ളത്തിൽ നല്ല പരിചയമുണ്ടായിരുന്ന രാഘവൻ മുങ്ങി നിവർന്നു നോക്കിയപ്പോഴേക്കു നദിയിൽ ഒഴുകി വന്ന ആൾ രാഘവൻ ഉയർന്നേടത്തു നിന്നു് രണ്ടു ദണ്ഡ് അകലത്തിലായി. നാലു ദണ്ഡുകൂടി ഒഴുകിയാൽ നദീമദ്ധ്യത്തിലുള്ളതായി മുൻവിവരിച്ച പാറയിൽ ചെന്നു മുട്ടും. രാഘവൻ ഊക്കാസകലം പ്രയോഗിച്ചു മുന്നോട്ടു നീന്തി തൊട്ടുതൊട്ടില്ല എന്ന ദിക്കായപ്പോൾ ഒഴുകിവന്ന ആളും രാഘവനുംകൂടി പാറയിൽ ചെന്നുമുട്ടി രണ്ടുപേരും പാറയുടെ രണ്ടു വശങ്ങളിലുംകൂടി കീഴ്പോട്ടു ഒഴുകി ഇടക്കുചാലിൽ പ്രവേശിച്ചു.

ഈ സന്ദർഭത്തിൽ ശംകു എന്തുചെയ്കയായിരുന്നു? അവനോടെതിരിട്ട വേട്ടനായ്ക്കളിൽ ഒന്നിനെ സംഹരി

[ 63 ] ച്ചുകൊണ്ടു അവന്റെ വാലിൽ കടിച്ചുതൂങ്ങിയ മറ്റേ പട്ടിയേയും കൊണ്ട് അവൻ ആറ്റിൽചാടി. ആറ്റിൽ ചാടിയപ്പോഴേക്കും വാലിൽ തൂങ്ങിക്കിടന്ന വേട്ടപ്പട്ടി പിടിവിട്ടു തെറിച്ചുപോയി. എങ്കിലും പ്രാണരക്ഷയ്ക്കായി ആ ദുർഘടം വീണ്ടും ശങ്കുവിന്റെ വാലിൽ പിടികൂടി. ശങ്കു കാലുകൊണ്ടു് ഒരു തൊഴി കൊടുത്തതോടുകൂടി ആ നായുടെ കഥകഴിഞ്ഞ് അതു ആറ്റിൽകൂടി ഒഴുകിത്തുടങ്ങി.

ശങ്കു യാതൊരു കൂസലും കൂടാതെ തന്റെ യജമാനന്റെ പിന്നാലെ ഇടുക്കുചാലിലേക്കു പ്രവേശിച്ചു. ശങ്കുവിന്റെ വരവുകണ്ടു് രാഘവൻ ധൈൎയ്യം അവലംബിച്ച്, ഒഴുകിപ്പോയ മനുഷ്യനെ ഒരു കൈ കൊണ്ടു താങ്ങി, മറ്റേ കൈകൊണ്ട് ശങ്കുവിന്റെ മുതുകിൽ പിടിച്ചു കിടന്നു. ഒഴുക്കിന്റെ ശക്തികൊണ്ടു് മേല്പോട്ടു നീന്തുക പ്രയാസമെന്നുകണ്ടു് ശങ്കു കീഴ്പോട്ടേക്കുതന്നെ നീന്തി. ഏകദേശം ഒരു ഇരുന്നൂറുവാര ദൂരത്തിലെത്തിയപ്പോൾ ഗുഹപോലുള്ള ഇടുക്കുചാലിൽ നിന്നു, രാഘവനും ശങ്കുവും ബോധരഹിതനായി രാഘവൻറെ കൈയ്യിൽ തങ്ങിക്കിടന്ന ആളുംകൂടി വെളിക്കുവന്നു. പക്ഷേ വെളിക്കുവന്നതു മൃത്യുവിന്റെ വായിലേക്കുതന്നെയായിരുന്നു.

ഒരു നൂറുവാര താഴെയാണു് അമരാവതിയിലെ അതിപ്രസിദ്ധമായ വെള്ളച്ചാട്ടം. അതിന്റെ ഗംഭീരധ്വനി അത്യുച്ചത്തിൽ അവിടെ കേൾക്കാമായിരുന്നു. ജന്തുസഹജമായ ആപൽബോധംകൊണ്ടു് ശങ്കു ഭ്രമിച്ചു തുടങ്ങി. ഏതെങ്കിലും ഒരു കര പറ്റണമെന്നു വിചാരിച്ച് അവൻ ഇരുകരകളിലേക്കും മാറി മാറി നോക്കി. ഓരോ സെക്കന്റ് കഴിയുംതോറും അവർ വെള്ളച്ചാട്ട

[ 64 ]

ത്തോടു അധികമധികം അടുത്തുതുടങ്ങി. വേട്ടക്കാർ നദിയുടെ കരയിലേക്കും വന്നിട്ടുണ്ട്. അവർ ആസന്നമായ ആപത്തിന്റെ ഗൗരവം ഓൎത്ത്, അന്ധരായി കരയ്ക്കുതന്നെ നിന്നു. ഈ സ്ഥലത്തു കരയ്ക്കു് അധികം പൊക്കമില്ലായിരുന്നു. എങ്കിലും നീന്തി കൈകാൽ കുഴഞ്ഞ യാതൊരു ജന്തുവിനും കയറാൻ പാടില്ലാത്തവണ്ണം അതു തൂക്കായിത്തന്നെയിരുന്നു. നേരെ വടക്കേക്കര അധികം പൊക്കമേറിയതായിരുന്നു. എങ്കിലും കരയോടു സമീപിച്ച കുറെസ്ഥലത്തു ഒരു മണൽത്തിട്ടയുണ്ടായിരുന്നു. രാഘവനും ശങ്കുവും തെക്കരുകിൽ കൂടിയാണ് നീന്തിവന്നത്. വെള്ളച്ചാട്ടത്തോടടുക്കാൻ പത്തുവാര ദൂരമേ ബാക്കിയുള്ളൂ. ഒഴുക്കിൻറെ ശക്തിയോർത്താൽ, കുറുകെ നീന്തി വടക്കേക്കര എത്തുന്നതിനു മുമ്പായി വെള്ളച്ചാട്ടത്തിൽപ്പെട്ടു എല്ലാവരുടേയും കഥകഴിയും. വേറെ നിൎവാഹമൊന്നും ഇല്ലായിരുന്നതുകൊണ്ടു് ശങ്കു വടക്കേക്കരയിലേക്കു തന്നെ നീന്തി നദീമദ്ധ്യത്തെത്തിയപ്പോഴേക്കു്, ഒഴുക്കിന്റെ ശക്തികൊണ്ടു് എത്രതന്നെ സാഹസപ്പെട്ടാലും കരപറ്റുന്നകാര്യം മിക്കവാറും അസാദ്ധ്യംതന്നെയെന്നു കരനിന്നവർക്കും രാഘവനും തോന്നി "എരുമക്കിടാവിനെ നീന്തിപഠിപ്പിക്കണ്ടാ" എന്നു പഴമയുണ്ടെങ്കിലും ശങ്കു പഠിച്ചുമിടുക്കനായ എരുമക്കിടാവായിരുന്നു. അതിനാൽ അവൻ തന്റെ സ്വാമിക്കു യാതൊരു അപകടവും പറ്റിക്കൂടെന്നുള്ള വിചാരത്തോടു കൂടി ഊക്കാസകലം പ്രയോഗിച്ചു നീന്തി, വല്ലവിധത്തിലും വടക്കേ മണൽത്തിട്ടയിലെത്തി. രാഘവൻ തന്റെ ഭാരം കരയ്ക്കെടുത്തു നിലത്തുകിടത്തി.

അണ്ണാവിയുടെ മകൻ മാധവന്റെ ചൈതന്യഹീനമായ ശരീരമാണ് താൻ കരയ്ക്കുകൊണ്ടുവന്നതെന്നു

[ 65 ]

രാഘവനു മനസ്സിലായി. അവനെന്തു ചെയ്യാനാണു്. സഹായത്തിനു ധാരാളം ആളുകൾമറുകരയിൽ നിൽപ്പുണ്ട്. അവരിൽ ആർക്കും ഇവിടെ ചെന്നെത്താൻ കഴികയില്ല. മാധവന്റെ വയറ് നല്ലവണ്ണം വീർത്തിട്ടുണ്ടു്. ഒരിക്കൽ വെള്ളംകുടിച്ചു ചാകാറായ ഒരു ആട്ടിൻകുട്ടിയെ കിട്ടുആശാൻ ജീവിപ്പിച്ചവിധം രാഘവൻ കണ്ടിട്ടുണ്ടു്. ഏതാണ്ടു ആ വിധത്തിലൊക്കെ പ്രവർത്തിച്ചപ്പോൾ മാധവൻറെ മൂക്കിൽകൂടിയും വായിൽകൂടിയും വെള്ളം ധാരാളമായി പുറത്തേക്കുപോയി. മാധവനെ മലർത്തിക്കിടത്തി അവൻറെ രണ്ടു കൈകളും മേല്പോട്ടും കീഴ്പോട്ടും ആക്കി, ശ്വാസോച്ഛ്വാസം ഉണ്ടാക്കാൻ കഴിയുമോ എന്നു ശ്രമിക്കുനോക്കി. കുറെനേരം അങ്ങനെ ചെയ്തപ്പോൾ കൂർക്കം വലിക്കുന്ന മാതിരിയിൽ ഒരു ശ്വാസം പുറപ്പെടുന്നതുകേട്ടു. പിന്നെയും കുറെനേരം കൂടി അങ്ങനെ ചെയ്തു. ഏകദേശം അഞ്ചുമിനിറ്റു നേരത്തെ ശ്രമംകൊണ്ട് മാധവന്റെ ശ്വാസം ഒരുവിധം നേരെയാക്കി. പക്ഷേ അവനു തീരെ പ്രജ്ഞയുണ്ടായില്ല.

മണൽത്തിട്ടയിൽനിന്നു കരയ്ക്കു കയറുന്ന കാര്യം അസാദ്ധ്യം. മണൽത്തിട്ടയുടെ അരികിൽ കീഴുക്കാംതൂക്കായി നിൽക്കുന്ന പാറയ്ക്കു പത്താൾപൊക്കത്തിൽ കുറവില്ല. വീണ്ടും മറുകരയ്ക്കുതന്നെ നീന്തി എത്താമെന്നു വിചാരിച്ചാലും, കരയ്ക്കു കയറാൻ യാതൊരു നിർവ്വാഹവും ഇല്ല. രാഘവൻ കരയ്ക്കു നിന്നവരോടു കര കൂറെ സ്ഥലം ഇടിക്കുന്നതിനു പറഞ്ഞു. അപ്പോഴേക്കു നൂതനമായ വേറെയും ആളുകൾ വന്നുകൂടി. കൂട്ടത്തിൽ അണ്ണാവിയും കിട്ടുആശാനും ഉണ്ടായിരുന്നു. ആശാനെ കണ്ടപ്പോൾ രാഘവന്റെ ധൈര്യം വൎദ്ധിച്ചു. അണ്ണാവി പരിഭ്രമിച്ചു നിലവിളികൂട്ടി ആശാൻ അണ്ണാവിയെ സമാധാനപ്പെടുത്തി.

[ 66 ]

ക്കൊണ്ട് ഒരു വടം കൊണ്ടുവരാൻ പറഞ്ഞു. അണ്ണാവിയുടെ ഭൃത്യന്മാർ പൂവത്തൂർമാളികയിലേക്കു ഓടി. കാൽമണിക്കൂർ കഴിഞ്ഞപ്പോഴേക്കും പൂവത്തൂർനിന്നു വടവും ആബാലവൃദ്ധം സ്ത്രീപുരുഷന്മാരും ആറ്റുകരെ വന്നുകഴിഞ്ഞു. അവിടെ ആകപ്പാടെ നിലവിളിയും ബഹളവുമായി. അപ്പോഴേയ്ക്കു ആറ്റിൻകര കുറെ സ്ഥലം ഇടിച്ച് ആളുകൾക്കു ഇറങ്ങാനും കയറാനും തക്കവണ്ണമാക്കി. വടം മറുകരെ എത്തിച്ചുകൊടുക്കുന്ന കാര്യ അസാദ്ധ്യം. വടവുംകൊണ്ട് മറുകരയ്ക്കു നീന്തിച്ചെല്ലുന്നതിനു ധൈര്യമുള്ളവരായി ആരെയും അക്കൂട്ടത്തിൽ കണ്ടില്ല വൃദ്ധനായ കിട്ടുആശാൻ വടവുംകൊണ്ട് ആറ്റിലേക്കു ഇറങ്ങാൻ ഭാവിക്കുന്നതുകൊണ്ട്, "അയ്യോ! ആശാനെ അരുതേ! ഒഴുക്കു വളരെ കട്ടിയാണ്" എന്നു പറഞ്ഞുകൊണ്ടു രാഘവൻ നദിയിലേക്കു കുതിച്ചുചാടി. ആശാൻ വടവും പിടിച്ചുകൊണ്ട് നിന്നേടത്തുതന്നെ അന്ധനായി നിന്നുപോയി, അണ്ണാവി മുതലായവർ 'അയ്യോ' എന്നു നിലവിളിച്ചുകൊണ്ടു്, എന്തു ചെയ്യേണ്ടു എന്നറിയാതെ അങ്ങോട്ടു ഇങ്ങോട്ടും പരിഭ്രമിച്ചു ഓട്ടമായി. രാഘവൻ ഒരുകൂസലും കൂടാതെ മൈഥിലിച്ചിറയിൽ വെളളത്താറാവു നീന്തിക്കളിക്കുംപോലെ ഒഴുക്കിനെതിരായും മറുകര നോക്കിയും നീന്തി ആശാന്റെ സമീപം എത്തി ആശാൻ ആശ്ചര്യപരതന്ത്രനായിത്തീർന്നിരുന്നതിനാൽ, സമീപമെത്തിയ രാഘവനെ തുറിച്ചുനോക്കിക്കൊണ്ടു നിന്നതല്ലാതെ ആ വൃദ്ധൻ വടം രാഘവനെ ഏല്പിച്ചുകൊടുക്കുകയാകട്ടെ, ഒന്നും പറകയാകട്ടെ ചെയ്തില്ല ഇതെല്ലാം കണ്ടുകൊണ്ടുനിന്ന മൈഥിലി ഓടിവന്ന് ആശാന്റെ കൈയിൽനിന്നും വടംവാങ്ങി രാഘവനെ ഏൽപ്പിച്ചിട്ട് "അണ്ണനു ജീവനുണ്ടോ രാഘവാ?" എന്നു ചോ [ 67 ] ദിച്ചു. “പേടിക്കേണ്ട" എന്നു മാത്രം പറഞ്ഞുകൊണ്ടു രാഘവൻ വടവും വാങ്ങി വീണ്ടും നദിയിലിറങ്ങി നീന്തി. ഇത്തവണ വടംകൂടി ഉണ്ടായിരുന്നതുകൊണ്ടു്, രാഘവൻ കുറെ പ്രയാസപ്പെട്ടാണ് മറുകര പറ്റിയതു്. രാഘവൻനദിയിൽ ചാടിയതു മുതൽ മറുകര പറ്റി മടങ്ങിവരുന്നതുവരെയുള്ള ശങ്കുവിന്റെ നിലയും തീപ്പൊരി പറക്കുന്നുവോ എന്നു തോന്നുംവണ്ണമുള്ള അവന്റെ നോട്ടവും കാണേണ്ടതു തന്നെയായിരുന്നു. രാഘവൻ വടത്തിന്റെ ഒരറ്റം ശങ്കുവിന്റെ കഴുത്തിൽക്കെട്ടി. മാധവൻ അപ്പോഴുംബോധരഹിതനായിത്തന്നെ കിടക്കുന്നു. അവനെ എങ്ങനെയാണു മറുകര പാറിക്കുന്നത്? ശങ്കുവിന്റെ പുറത്തു വച്ചുകെട്ടാം, അതു ശങ്കുവിനു നീന്തുന്നതിനും വിഷമം ഉണ്ടാക്കും. താൻ മുമ്പിൽ ചെയ്തപോലെ മാധവനെയും താങ്ങിക്കൊണ്ടു നീന്താമെന്നു വെച്ചാൽ വീണ്ടും വെള്ളം കുടിക്കാൻ ഇടവരുന്നപക്ഷം മാധവൻ പിന്നെ ജീവിക്കുന്ന കാര്യം സംശയമായി തോന്നി. കഴിയുന്ന വേഗത്തിൽ വേണ്ടത്ര ശുശ്രൂഷകൾ ചെയ്യേണ്ടതു് അത്യാവശ്യമെന്നു തോന്നിയതിനാൽ ഒരു നിമിഷമെങ്കിലും താമസിക്കുന്നത് അപകടമാണെന്നും രാഘവൻ തീർച്ചയാക്കി. അവൻ വിഷമിച്ച് മറുകരയ്ക്കു ഒന്നു നോക്കി. ഒരു കൈകൊണ്ട് ആശാന്റെ കൈയും പിടിച്ചും, മറ്റേ കൈകൊണ്ട് കണ്ണീർ തുടച്ചും, ആശാനോടു എന്തോ അപേക്ഷാഭാവത്തിൽ ചോദിക്കുന്ന മൈഥിലിയുടെ മുഖമാണു രാഘവൻ കണ്ടതു്. വരുന്ന തു വരട്ടെ എന്നു വിചാരിച്ചു കൊണ്ടു അവൻ ശങ്കുവിനെ ആറ്റിലിറക്കി, അവന്റെ മുതുകിൽ തലോടി. മാധവനെ താങ്ങിയെടുത്തുകൊണ്ടു രാഘവനും വെള്ളത്തിലിറങ്ങി. കഴുത്തിനുനേർ വെള്ളത്തിലായപ്പോൾ രാഘവൻ ഒരു കൈയ് [ 68 ] കൊണ്ടു് ശങ്കുവിന്റെ മുതുകിലും മറേറ കൈയ്കൊണ്ടു മാധവന്റെ ഭുജത്തിലും പിടിച്ചുകൊണ്ടു ശങ്കുവിനോടു നീന്താൻ പറഞ്ഞു. ശങ്കു നീന്തിത്തുടങ്ങി. കരയ്ക്കും നിന്നവർ ശ്വാസോച്ഛ്വാസം അടക്കി സ്തബ്ധരായി നിന്നു. അഞ്ചു മിനിറ്റുകൊണ്ട്, യാതൊരു അപകടവും കൂടാതെ ശങ്കു തന്റെ സ്വാമിയേയും മാധവനേയും കരയ്ക്കെത്തിച്ചു. ആശാനും അണ്ണാവിയും കൂടി മാധവന്റെ ശവതുല്യമായ ശരീരം രാഘവന്റെ കൈയിൽ നിന്നും, ഏറ്റുവാങ്ങി. രാഘവൻ ബോധരഹിതനായി മൈഥിലിയുടെ കാൽക്കൽ വീണു.



പതിനാലാം അദ്ധ്യായം


മൈഥിലിയുടെ കാൽക്കൽ ബോധരഹിതനായി,വീണ രാഘവനെ ആശാൻ, അണ്ണാവി മുതലായവർ കൂടി പൂവത്തൂർ മാളികയിലേക്കാണു് എടുത്തുകൊണ്ടുപോയതു്. അണ്ണാവിയുടെ മകൻ മാധവന്റെ ബോധക്കേടു്, ഏതാനും മണിക്കൂർ നേരത്തെ ശുശ്രൂഷകൊണ്ടു ഭേദപ്പെടുകയും രണ്ടു ദിവസംകൊണ്ട് അവൻ പൂൎണ്ണസുഖം പ്രാപിക്കുകയും ചെയ്തു. രാഘവന്റെ മോഹാലസ്യത്തെക്കുറിച്ച് ആരംഭത്തിൽ ആരും അത്ര കാര്യമായൊന്നും പരിഭ്രമിച്ചില്ല. അന്നും അതിന്റെ പിറ്റേ ദിവസവും അവൻ കേവലം ശവപ്രായമായിത്തന്നെ കിടന്നു. നേരത്തോടുനേരമായിട്ടും, കഴിയുന്ന ശുശ്രൂഷകളൊക്കെ ചെയ്തിട്ടും യാതൊരാശ്വാസവും കാണുന്നില്ലെന്നും തണുപ്പു് ക്രമേണ ശരീരത്തിൽ വൎദ്ധിച്ചു വരുന്നു എ

[ 69 ]

ന്നും കണ്ടപ്പോൾ ആശാൻ ധൈര്യം ആസകലം അസ്തമിച്ചു. സ്വന്തം പ്രാണനെ തൃണപ്രായമായി കരുതി, തന്റെ പുത്രന്റെ ജീവനെ രക്ഷിച്ച രാഘവനോടു തനിക്കുള്ള കൃതജ്ഞത കാണിക്കാൻ അത്യത്സാഹഭരിതനായി നിന്നിരുന്ന അണ്ണാവിയ്ക്കു് ആ അതിയോഗ്യനായ ബാലന്റെ ജീവിതം സംശയഗ്രസ്തമായി കാണപ്പെട്ടപ്പോൾ ഉണ്ടായ പരവശത അവർണ്ണനീയമായിരുന്നു. മൈഥിലിയുടെ അവസ്ഥയോ? അണ്ണന്റെ ജീവനു അപായമില്ലെന്നറിഞ്ഞപ്പോൾ മുതൽ, അണ്ണാവിയുടേയും അണ്ണന്റെയും, തന്റെയും ജീവനേക്കാൾ രാഘവന്റെ ജീവനാണു് അവൾക്കധികം വിലയേറിയതെന്നു തോന്നിത്തുടങ്ങിയത്. ആദ്യത്തെ രാത്രിയിൽ ആശാനും അണ്ണാവിയും എത്രതന്നെ നിർബന്ധിച്ചിട്ടും അവളുടെ അമ്മ എത്രതന്നെ വാത്സല്യത്തോടു കൂടി ശാസിച്ചിട്ടും അവൾ ഒരു പോളക്കണ്ണടച്ചില്ല. പ്രഭാതമായതുമുതൽ, അവൾ അത്യധികം ആധിയോടു കൂടിയും, എന്നാൽ യാതൊരു പരിഭ്രമവും കൂടാതെയും, രാഘവന്റെ കട്ടിലിനു സമീപം ചെന്നു അവന്റെ മുഖത്തു തന്നെ ഇമവേട്ടാതെ നോക്കിക്കൊണ്ടുനിന്നു. മൈഥിലിയുടെ മനോവ്യഥ കണ്ടറിഞ്ഞ ആശാൻ മനസ്സലിഞ്ഞ്, അവളെ കൈയും പിടിച്ചു അടുത്ത ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അപ്പോഴേയ്ക്കും അണ്ണാവിയും അവിടെ എത്തി.

ആശാൻ--"മൈഥിലി, രാഘവൻ ജീവിക്കയില്ലെന്നു വിചാരിച്ചാണോ നീ അവനെ ഇത്ര സൂക്ഷിച്ചു നോക്കുന്നതു ?"
മൈ--"രാഘവൻ ജീവിക്കയില്ലെന്നു് ആരു പറഞ്ഞു?"
അണ്ണാ-"ജീവിക്കയില്ലെന്നാരും പറഞ്ഞില്ല. ഞങ്ങ
[ 70 ]

ളൊക്കെ അവനെ രക്ഷിക്കാൻ വേണ്ട ശുശ്രൂഷകൾ ചെയ്യുന്നതു നീ കാണുന്നില്ലേ?"

മൈ--“അച്ഛാ, രാഘവനില്ലായിരുന്നു എങ്കിൽ, അണ്ണന്റെ ശവം തന്നെയും നമുക്കു കാണാൻ കിട്ടുമായിരുന്നോ?"
അണ്ണാ--"മകളേ, നീ പറയുന്ന കാര്യം എനിക്കും, നിന്റെ അമ്മയ്ക്കും, ഇവിടെയുള്ളവർക്കെല്ലാവൎക്കും നല്ല ഓൎമ്മയുണ്ട്."
മൈ--"രാഘവനു ബോധക്കേടായിട്ട് ഇപ്പോൾ 21 മണിക്കൂറായി. നമ്മുടെ ശുശ്രൂഷകൊണ്ടു ഇതേവഒരെ ഒരു ഫലവുമുണ്ടായില്ല. തണുപ്പു വൎദ്ധിച്ചുവരുന്നു എന്നു വൈദ്യൻ പറയുകയും ചെയ്യുന്നു."
ആശാ--"ശരിയാണ് മൈഥിലി പറഞ്ഞതു്. നാം ഇങ്ങനെ സംഭാഷണം ചെയ്തു സമയം കളയരുത് .നമ്മുടെ വൈദ്യരുടെ ശ്രമങ്ങൾകൊണ്ടു് വലിയ ഫലമൊന്നും കാണുന്നില്ല. ഡാക്ടറെ വിളിക്കാൻ ആളയക്കുന്നതിനു ഇനി ഒട്ടും താമസിച്ചുകൂടാ"
അണ്ണാ--"ഡാക്ടറെ കൊണ്ടുവരുന്നതിനു ഞാൻ തന്നെ പോകാം” (അണ്ണാവി പുറത്തിറങ്ങി)
മൈ--"ആശാനെ എന്നോടു പരമാൎത്ഥം പറയണം. രാഘവൻ ജീവിക്കുമോ?"
ആ-“എല്ലാം ഭഗവാന്റെ നിശ്ചയം പോലെ വരട്ടെ!"

മൈഥിലി ഒന്നും മിണ്ടാതെ മൗനമായി നിന്നു. അവൾ ചിന്താമഗ്നയായി വീണ്ടും രാഘവന്റെ അടുക്കൽ ചെന്നുനോക്കി അവൾ തന്നെ രാഘവന്റെ പാദത്തിൽ സ്പർശിച്ചുനോക്കി. മഞ്ഞുകട്ടിപോലെ തണുത്തിരുന്ന പാദങ്ങളിൽ നിന്നു് ക്ഷണത്തിൽ കൈ വലി

[ 71 ]

ച്ചെടുത്തുകൊണ്ടു്, വേപഥുവോടുകൂടി, അവൾ വേഗത്തിൽ ആശാന്റെ അടുക്കലേക്കു പോയി.

അന്നുവൈകിട്ടു് നാലു മണിയായപ്പോൾ, അണ്ണാവി ഡാക്ടരേയും കൊണ്ടുവന്നു. ഡാക്ടർ എന്തോ ചില ഔഷധങ്ങൾ ശരീരത്തിൽ ചില സ്ഥാനങ്ങളിൽ കുത്തിവച്ചു. കുറെ കഴിഞ്ഞപ്പോൾ ശരീരത്തിൽ കുറേശ്ശേ ചൂടുണ്ടായിത്തുടങ്ങി. ബാഹ്യമായ ചില ഉപചാരങ്ങൾ ഡാക്ടർ കൂടിയിരുന്നു നടത്തി. നാലഞ്ചു നാഴികയിരുട്ടിയപ്പോൾ, രാഘവൻ കണ്ണുതുറന്നു. എങ്കിലും ബോധം ലേശമുണ്ടായിരുന്നില്ല.

രാഘവൻ രോഗശയ്യയിലായതിന്റെ ഏഴാം ദിവസംമാത്രമേ രോഗം ആയുശ്ചോരമല്ലെന്നു ഉറപ്പു പറയാൻ ഡാക്ടർമാൎക്കും കഴിഞ്ഞുള്ളൂ. എന്നാൽ അത്യധികമായ ക്ലേശം കൊണ്ട് സിരാചക്രം ക്ഷീണിച്ചിരുന്നതു നേരെ ആയി പൂർവ്വസ്ഥിതിയിൽ ആരോഗ്യവാനായിത്തീരാൻ കുറെ ദിവസങ്ങൾ വേണ്ടിവരുമെന്നു ഡാക്ടർ അഭിപ്രായപ്പെട്ടതിനാൽ, അവനു പൂൎണ്ണാരോഗ്യം ലഭിക്കുന്നതുവരെ രോഗശുശ്രൂഷയ്ക്കു തൃപ്തികരമായ ഏർപ്പാടുകൾ അണ്ണാവി ചെയ്തു. രോഗശുശ്രൂഷയോടുകൂടി. രോഗശുശ്രൂഷയോടുകൂടിത്തന്നെ, രാഘവൻ ചെയ്തുവന്ന ജോലികളുടെ നിവിൎഘ്നമായ നടത്തിപ്പിനുവേണ്ട ഏർപ്പാടുകൾ ചെയ്യണമെന്നു് അണ്ണാവി നിശ്ചയിച്ച് ആശാനോടു പറഞ്ഞു: "രാഘവനു സുഖമായിട്ട് അവനെ ദേവസ്വംഭരണം പരിചയിപ്പിച്ചു് ഒരു നല്ല ശമ്പളം കൊടുത്തു മാനേജരായി നിയമിക്കണമെന്നു ഞാൻ വിചാരിക്കുന്നു."

ആ -- "അവനു് ഉദ്യോഗത്തേക്കാൾ അവന്റെ പുതുവൽ ദേഹണ്ണമായിരിക്കും അധികം ഇഷ്ടം. അവന്റെ
[ 72 ]

വാസനയും അഭിരുചിയും നോക്കി ഞാൻ പറഞ്ഞതാണു് അവനു സുഖമായിട്ട് അവന്റെ ഹിതം കൂടി അറിഞ്ഞു നിശ്ചയിച്ചാൽ മതി. രാമായണം വായന ഏതായാലും ഗോവിന്ദനാശാനെത്തന്നെ ഏൽപ്പിക്കാം.അതു മുടക്കേണ്ടാ."

അ-“അതു അങ്ങനെ ആവാം. രാഘവന്റെ പുതുവൽ ദേഹണ്ണം എന്തായി? അവൻ കിടപ്പിലായിപ്പോയതുകൊണ്ടു് ആ ജോലി മുടങ്ങിപ്പോയാൽ, അവൻ സുഖപ്പെട്ടെഴുന്നേൽക്കുമ്പോൾ അവനു അതൊരു വിഷാദകാരണമായിരിക്കും. അതിനു നമുക്കു ഏർപ്പാടു ചെയ്യണം. രാഘവനു ഒരു പറക്കുട്ടിയുണ്ടെന്നു ആശാൻ പറഞ്ഞല്ലോ. അവനു എന്തു പ്രായം വരും?
ആ-“അവനു രാഘവന്റെ പ്രായം തന്നെ."

രാഘവന്റെ പുതുവലിനെക്കുറിച്ചും, അവിടെ അവൻ ചെയ്തതും ചെയ്യാനിരിക്കുന്നതുമായ ദേഹണ്ണത്തെക്കുറിച്ചും ആശാനും, അണ്ണാവിയും ദീർഘമായ ഒരു സംഭാഷണം നടന്നു. രാഘവൻ ജ്ഞാനസമ്പാദനത്തിലോ, കൎഷകവൃത്തിയിലോ അധഃകൃതോദ്ധാരണത്തിലോ ഏതിലാണു അധികം താല്പമെന്നു അണ്ണാവി വിസ്മയിച്ചു. ആശാനും അണ്ണാവിയും തമ്മിൽ വീണ്ടും രാഘവൻെറ സ്വഭാവഗുണത്തേയും, പരിശ്രമശീലത്തേയും, പുതുവൽ കാൎയ്യത്തെയുംകുറിച്ചു ദീർഘമായ ഒരു സംഭാഷണം നടന്നു.


[ 73 ]
പതിനഞ്ചാം അദ്ധ്യായം

അണ്ണാവി ഒരു ഭൃത്യനോടു തിരുവാണ്ടയെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞു. തിരുവാണ്ട രാമപുരത്തെ പറയരുടെ പ്രമാണിയാണു്. പൂവത്തൂർവക തനതു കൃഷി മുമ്പനായി നിന്നു നടത്തുന്നതു് തിരുവാണ്ടയാണ്. തിരുവാണ്ട വന്നിരിക്കുന്നു എന്നു ഭൃത്യൻ വന്നറിയിച്ച ഉടനെ അണ്ണാവി ഇറങ്ങി ചാവടിയുടെ പൂമുഖത്തു ചെന്നിരുന്നു. "തീണ്ടാമുറയ്ക്കു" നിന്നിരുന്ന തിരുവാണ്ടയോട് അടുത്തു വരുവാൻ അണ്ണാവി ആജ്ഞാപിച്ചു. തിരുവാണ്ട അറച്ചറച്ചു രണ്ടുമൂന്നടി മുമ്പോട്ടുവച്ചു അവിടെനിന്നു.

അണ്ണാവി:-- ആടുത്തുവരൂ, തിരുവാണ്ടെ"
തിരു-"ഏനിവിടെ നിന്നോളാം.
അണ്ണാ:-“കുറേക്കൂടി അടുത്തുവാ"

തിരുവാണ്ട ഒന്നുരണ്ടിടകൂടി മുമ്പോട്ടുവച്ച്, മുറ്റത്തിന്റെ അരികിൽ ചെന്നുനിന്നു

“എടോ, ദാ, ഇവിടെ വന്നുനില്ല്" എന്നു് അണ്ണാവി, മുറ്റത്തു ഒരു സ്ഥലം ചൂണ്ടിക്കാണിച്ചു കൊണ്ടു പറഞ്ഞു.

ഒരുവിധം ധൈൎയ്യം പിടിച്ചു്, തിരുവാണ്ട പതുക്കെ പതുക്കെ അടിവെച്ചു്, അണ്ണാവി ചൂണ്ടിക്കാണിച്ച സ്ഥലത്തിനു അല്പം അകലെ വന്നുനിന്നു.

അണ്ണാവി-- "തിരുവാണ്ടയ്ക്ക് എത്ര മക്കളുണ്ട്?"
തിരു-"മൂന്നു മോൻമാരും രണ്ടു പെൺകൊച്ചുങ്ങളുമുണ്ട്."
അ-“ഇളയ മോനു എന്തുപ്രായം വരും:"
[ 74 ]
തിരു--“അവനു പതിനാറുവയസ്സായേ"
അ--“അവനു കൃഷികാര്യങ്ങളൊക്കെ നല്ല പരിചയമായോ"
തി--“അവന്റെ ചേട്ടന്മാരൊന്നും അവനോടു പറ്റത്തില്ല"
അ--“അവന്റെ പേരെന്താണു്?"
അ--“അവനെക്കൂടി നന്താവനത്തിൽ ജോലിക്കയയ്ക്കാമോ?"
തി--“അവൻ കുറേനാളായിട്ടു അവിടെത്തന്നെ ഉടയതേ"
അ--“എവിടെ? നന്താവനത്തിലോ?"
തി--"ആണ്. ഇവിടെ വേലയുള്ളപ്പോഴെല്ലാം അവനിങ്ങു വരും. അതു് അവൻ ചത്താലും മുടക്കത്തില്ല. ഇവിടത്തെ വേലതീൎത്താൽ പിന്നെ ഒരുനിമിഷം അവനിവിടെ നിൽക്കത്തില്ല. അവിടെ അവനൊരു കൂട്ടുകാരൻ ഒരു പറച്ചെറുക്കൻ എവിടന്നോ വന്നു ചേൎന്നിട്ടുണ്ട്. രണ്ടുപേരേയും കണ്ടാൽ ഒരമ്മപെറ്റ രാമലച്ചണന്മാരെ പോലെയിരിക്കും. വേലക്കാൎയ്യങ്ങളിൽ അവനോ മിടുക്കൻ എവനോ മിടുക്കനെന്നു ആരു തംശയിച്ചുപോവും."
അ--"അവനു് നന്താവനത്തിലെ ജോലിക്കു കൂലി എന്തുകിട്ടും?"
തി--"അവിടുത്തെ ജോലിക്കു കൂലി എന്തിനാ? അവിടെ ചെന്നോളണം, വേണ്ടതെല്ലാം തിന്നോളണം, കുടിച്ചോളണം, ചെയ്യാനുള്ള വേലയും ചെയ്തു കളിച്ചോളണം, മറിഞ്ഞോളണം. ആരുടെയും ഒരു ശോദ്യമില്ല. എന്തിനു ശോദിക്കുന്നു? നാലാളുനിന്നു തകൎത്തു ചെയ്താൽ
[ 75 ] തീരാത്ത ജോലി അവരു രണ്ടുപേരും കൂടി ഒരു എട്ടുപത്തു നാഴികനേരംകൊണ്ടു ചെയ്തുതീൎക്കും. പിന്നെ കുളിച്ചോളണം മറിഞ്ഞോളണം എന്നാണ് അവിടത്തെ കുഞ്ഞു വച്ചിരിക്കുന്ന ശട്ടം. ആ കുഞ്ഞും കുഴിയന്മാരോടൊന്നിച്ചു ചിലപ്പോഴൊക്കെ കളിക്കയും ചിരിക്കയും ചെയ്യും. കുളിയും ഊണും തീനുമൊക്കെ കുഞ്ഞും കുഴിയന്മാരും അത്രയിത്ര(കൈചൂണ്ടിക്കാണിച്ചിട്ട്) അടുത്തിരുന്നാണ്. ഏനെന്തൊരു പറയിണു്? കാലം മറിഞ്ഞു പോയി"
അ--"നന്താവനത്തിൽ തീണ്ടും തൊടക്കും ഒന്നും ഇല്ലേ, തിരുവാണ്ടേ?"
തി--“അവിടെച്ചെന്നാപ്പിന്നെ തീണ്ടുമില്ല, തൊടക്കുമില്ല. (ഒരു കൈയ് വായ്ക്കെടെ പൊത്തി ചിരി മറച്ചുകൊണ്ട്) ഇതൊന്നുമല്ല മമ്മന്തറം. അവിടത്തെ കുഞ്ഞു കുഴിയന്മാരെ രാമായണം വായിക്കാൻ പിടിപ്പിച്ചിരിക്കുന്നു. മാടത്തിലല്ലാതെ ഇക്കത ഇവിടെ ആരും അറിഞ്ഞിട്ടില്ല, (ഒരു കൈയ് എടുത്തു തല ചൊറിഞ്ഞു കൊണ്ടു്) ഇനിയും കിടക്കുന്നു ഒരു കതകൂടി. മാക്കോത മാടത്തിവന്നു് അവന്റെ പെങ്ങൾ ഒരു കൊച്ചുള്ളതിനെ പിടിച്ചിരുത്തി, പടിപ്പിച്ചു എഴുതാനും വായിക്കാനും. രണ്ടു പുസ്തകം പടിച്ചുതീൎന്നു. മൂന്നാമത്തെ പുസ്തകമെടുത്തു നാടൊക്കെ ഊണുറക്കമാകുമ്പം ആ കൊച്ചു പെങ്കൊച്ചു വെളക്കും കത്തിച്ചിരുന്നു നല്ല പയറുവറുക്കും പോലെ വായിക്കും"

തിരുവാണ്ടയുടെ പ്രസംഗം കേട്ട് അണ്ണാവി വിസ്മയിച്ചു. ചടയനെ രാഘവൻ അക്ഷരവിദ്യ അഭ്യസിപ്പിക്കുന്ന വിവരം ആശാൻ പറഞ്ഞു അണ്ണാവിയും അറിഞ്ഞിരുന്നു. എങ്കിലും അതിത്രദൂരം പോയെന്ന വിവരം അദ്ദേഹം അറിഞ്ഞില്ല.

[ 76 ]

കിട്ടുവാശാനാകുന്ന കൈലാസത്തിൽനിന്നു നിൎഗ്ഗളിച്ച്, രാഘവ'മാനസ'ത്തിൽ കൂടി പ്രവഹിച്ച സരസ്വതീഗംഗ എവിടെവരെയുള്ള ജനങ്ങളെ ഉൽബുദ്ധരാക്കി തുടങ്ങിയിരിക്കുന്നു എന്നും അണ്ണാവി അൽഭുതപ്പെട്ടു പുലയർ, പറയർ മുതലായ സാധുജനങ്ങളുടെ കൂട്ടത്തിൽ ഒരു കാലത്തു മഹാസിദ്ധന്മാരും, മഹാകവികളും നാടുവാഴികൾതന്നെയും ഉണ്ടായിരുന്നു എന്നു് ചരിത്രപണ്ഡിതന്മാർ ദൃഷ്ടാന്തസഹിതം തെളിയിച്ചിട്ടുണ്ടെങ്കിലും, അവരുടെ ഇന്നത്തെ ദയനീയസ്ഥിതിക്കു് ഉത്തരവാദികളായിരുന്നവരുടെ അനന്തര സന്തതികൾ ആ മഹാപാപത്തെ കഴുകിക്കളയുവാൻ, ഇതേവരെ മനസ്സ് തെളിഞ്ഞു ഫലപ്രദമായ ശ്രമം ചെയ്തുവരുന്നതായി കാണുന്നില്ല.

തിരുവാണ്ടയുടെ കഥാവിസ്താരം കഴിഞ്ഞശേഷം അണ്ണാവി ചോദിച്ചു:- “തിരുവാണ്ടെ, നിനക്കും നിന്റെ പറയിക്കും മക്കൾക്കും കൂടെ നന്താവനത്തിൽ ചെന്നു ഒരു മാടംകെട്ടി അവിടെക്കൂടെ താമസിച്ചു, അവിടത്തെ ജോലിക്കാൎയ്യങ്ങൾ നോക്കിക്കൊള്ളാമൊ?"

തി--“അതെങ്ങനെ? ഇവിടുത്തെ പറമ്പിൽ പെറ്റുവളൎന്ന അടിയൻ പണ്ടുപണ്ടേയുള്ള മാടം കളഞ്ഞച്ചു പോകുന്നതെങ്ങനെ?"
അ--“മാടം കളയേണ്ട. നിന്റെ മൂത്ത മകളേയും അവളുടെ പറയനേയും അവിടെ വിളിച്ചു താമസിപ്പിച്ചോ"

നന്താവനത്തിൽ മാറിത്താമസിക്കണമെന്നുള്ള അണ്ണാവിയുടെ ആജ്ഞകേട്ട്, തിരുവാണ്ടയുണ്ടായ സന്തോഷം അല്പമൊന്നുമല്ലായിരുന്നു. അവൻ അവന്റെ മാടത്തിൽ മടങ്ങിച്ചെന്നു, ഭാൎയ്യയോടും മക്കളോടും വിവരം

[ 77 ] പറഞ്ഞു. പറഞ്ഞതു മുഴുവനാകാത്ത താമസം -മകൾ മാണിക്കം അവളുടെ ജ്യേഷ്ഠത്തിയുടെ മാടത്തിലേക്കു നെട്ടോട്ടം ഓടി. അരനാഴികയ്ക്കകം ചേട്ടത്തിയും ഭർത്താവും കെട്ടും ചുമടുമായി തിരുവാണ്ടയുടെ മാടത്തിലെത്തി പൊറുതി ഉറപ്പിച്ചു. തിരുവാണ്ടയും ഭാൎയ്യയും മകളും പഞ്ചവടിയിലേക്കു തിരിച്ചു.




പതിനാറാം അദ്ധ്യായം


രാഘവന്റെ രോഗം ഒരുമാസക്കാലം കൊണ്ടു പൂൎണ്ണമായി സുഖപ്പെട്ടു എങ്കിലും പൂൎവസ്ഥിതിയിൽ ആരോഗ്യം വീണ്ടെടുക്കുന്നതിനു പിന്നെയും രണ്ടുമാസക്കാലം വേണ്ടിവന്നു. ഒരുവിധം സുഖമായി എന്നു കണ്ട ഉടനെ രാഘവൻ നന്താവനത്തിലേക്കു മടങ്ങിപ്പോകുവാൻ ബദ്ധപ്പെട്ടു. എന്നാൽ അണ്ണാവിയാകട്ടെ, അദ്ദേഹത്തിന്റെ ഗുണവതിയായ ഭാൎയ്യയാകട്ടെ അതിനു അശേഷം സമ്മതിച്ചില്ല. ആശാൻ ഉദാസീനനായിരുന്നതല്ലാതെ അക്കാൎയ്യത്തിൽ അഭിപ്രായമൊന്നും പറഞ്ഞില്ല. അണ്ണാവിയുടെയും ഭാൎയ്യയുടെയും നിർബന്ധത്തേക്കാൾ മൈഥിലിയോടുള്ള സ്നേഹതന്തുവാണ് രാഘവാന പൂവത്തൂർ മാളികയിൽ ബന്ധിച്ചു നിറുത്തിയത്.

ഇടവപ്പാതി അവസാനിച്ചു, ശരൽക്കാലവെൺമേഘങ്ങൾ ആകാശത്തിലെങ്ങും സഞ്ചരിച്ചു തുടങ്ങി.

[ 78 ]

ഒരു ദിവസം രാവിലെ രാഘവൻ ഉണർന്നു; പൂവത്തൂർ മാളികയുടെ പൂമുഖത്തും ഭാൎയ്യയോടു സംസാരിച്ചുകൊണ്ടിരുന്ന അണ്ണാവിയുടെ അടുക്കൽ എത്തി. അപ്പോഴേക്കു നന്താവനത്തിൽ നിന്നു ആശാനും വന്നു ചേർന്നു

ആശാ--"രാഘവന്റെ ആരോഗ്യം പൂൎവ്വസ്ഥിതിയിൽ ആയെന്നു തോന്നുന്നു."
അണ്ണാ--“എങ്കിലും കുറെക്കൂടി കഴിഞ്ഞിട്ടു നന്താവനത്തിൽ മടങ്ങിവന്നാൽ പോരായോ?"

അണ്ണാവിയുടെ ഭാൎയ്യ മീനാക്ഷിഅമ്മ--"അല്ലെങ്കിൽ രാഘവനെന്തിനിപ്പോൾ നന്ദാവനത്തിൽ പോകുന്നു? കുറെ നാൾ കൂടി ഇവിടെ താമസിക്കട്ടെ. കഴിഞ്ഞ ഒന്നൊന്നര മാസക്കാലം കൊണ്ടു മാധവനേയും മൈഥിലിയേയും എത്ര പാട്ടുകളും ശ്ലോകങ്ങളുമാണു് രാഘവൻ പഠിപ്പിച്ചിരിക്കുന്നത്! ഒരു ആറുമാസക്കാലം രാഘവൻ ഇവിടെ താമസിക്കുമെങ്കിൽ, ആറുവർഷം പള്ളിക്കൂടത്തിൽ പോയി പഠിച്ചാലും പഠിക്കാത്തതു അവർ ഇവിടെഇരുന്നു പഠിച്ചുകൊള്ളും."

ആശാ--"രാഘവന്റെ 'പഞ്ചവടി'ക്കാൎയ്യം അനാഥമായിപ്പോകുമല്ലോ."
മീനാ:--"അവിടത്തെക്കാൎയ്യം ഇപ്പോൾ അനാഥമായല്ലല്ലോ കിടക്കുന്നത്. തിരുവാണ്ട ഇന്നാൾ പറഞ്ഞതെല്ലാം നേരാണെങ്കിൽ നന്താവനത്തേക്കാൾ രാഘവന്റെ 'പഞ്ചവടി' ഇപ്പോൾ ഒരു നല്ല പൂങ്കാവനമായി കാണണം"
രാഘ--"അവിടത്തെ കാടു മുഴുവൻ തെളിച്ചിട്ടില്ല. കാട്ടു ജന്തുക്കൾ കയറാതെ വേലിയും കെട്ടി തീൎത്തിട്ടില്ല"
[ 79 ]
മീനാ:-"തിരുവാണ്ട പറഞ്ഞത്, കാടെല്ലാം തെളിച്ചു കരക്കൃഷികളും നടത്തി, വേലിയും അടച്ചുകഴിഞ്ഞെന്നാണല്ലോ. തൈത്തെങ്ങുകൾ കണക്കോല വിരിഞ്ഞു കരുത്തോടെ വളൎന്നുവന്നു. ഇനി അവിടെ ഒരു അമ്പതുപറ വിത്തുപാടു് സ്ഥലം തെളിച്ചെടുത്തതിൽ കൃഷി ഇറക്കാനുള്ള ജോലിയെ ശേഷിച്ചിട്ടുള്ളു. അതിനും നിലമെല്ലാം ഒരുക്കി. കന്നിമാസത്തിൽ നടാൻ ഞാറും പാകി കുരുപ്പിച്ചിട്ടുണ്ടു്."

രാഘവൻ വിസ്മയത്തോടുകൂടി ആശാന്റെ മുഖത്തുനോക്കി. ആശാൻ ഒന്നും മിണ്ടിയില്ല.

അണ്ണാ:- രാഘവാ പുതുവൽ ദേഹണ്ണക്കാര്യം ആശാനും ഞാനും കൂടി നോക്കിക്കൊള്ളാം. രാഘവനെക്കൊണ്ടു എനിക്കൊരു കാര്യം സാധിക്കാനുണ്ട്.
രാഘ: --"എന്നെക്കൊണ്ടോ?"
അണ്ണാ:- "അതേ രാഘവനെക്കൊണ്ടല്ലാതെ മറ്റു ആരെക്കൊണ്ടും വളരെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ദേവസ്വം കാര്യങ്ങൾ ശരിപ്പെടുത്താൻ സാധിക്കുമെന്നു എനിക്കു നല്ല വിശ്വാസമില്ല.
രാ:-- “എനിക്കു ദേവസ്വം കാര്യങ്ങളിൽ പരിചയമൊന്നുമില്ലല്ലോ?
അ:-- “കുറെ ദിവസം കാര്യം നോക്കിവരുമ്പോൾ. പരിചയം താനെ ഉണ്ടായിക്കൊള്ളും."
രാ:-" അതു ശരിയായിരിക്കാം. ഞാൻ ഉദ്ദേശിച്ചിട്ടുള്ള ചില കാര്യങ്ങൾക്കു വിഘ്നം സംഭവിച്ചേക്കും"
അണ്ണാ:-- "രാഘവന്റെ ഏതു കാര്യത്തിനാണു വിഘ്നം സംഭവിച്ചേക്കാവുന്നത്? പുതുവലിന്റെ കാര്യമാണെങ്കിൽ അതു ആശാന്റെ മേൽനോട്ടത്തിൽ ഇപ്പോൾതന്നെ വളരെ ഭംഗിയായി നടക്കുന്നുണ്ട്."
[ 80 ]
ആശാ :- "എന്റെ ഷഷ്ടിപൂൎത്തി ഈ മാസത്തിലാണു് . അതു കഴിഞ്ഞാലുടനെ ഞാനൊരു തീർത്ഥയാത്രയ്ക്കു നിശ്ചയിച്ചിരിക്കയാണ്."
അണ്ണാ: -- "തീൎത്ഥയാത്ര കുറെനാൾ കൂടി കഴിഞ്ഞി?"
ആശാ:- " നീട്ടിവയ്ക്കാൻ നിവൎത്തിയില്ല."
അണ്ണാ:-- “ആശാനും രാഘവനും ഇങ്ങനെ ഒഴിഞ്ഞാൽ ആശാൻ പലപ്പോഴും പറയാറുള്ളതുപോലെ രാമപുരം ദേവസ്വം ഒരു മാതൃകാദേവസ്വമാക്കി തീർക്കാനുള്ള എന്റെ ആഗ്രഹം എങ്ങനെ സഫലമായിത്തീരും?"
ആശാ:- ഉൽസാഹമുള്ള പക്ഷം രാഘവനു പഞ്ചവടിക്കാൎയ്യവും ദേവസ്വം കാൎയ്യവും നടത്താൻ കഴിയാത്തതല്ല."
രാ:-- "ഞാൻ ദേവസ്വം കാൎയ്യം കൂടി ഏൽക്കണമെന്നാണോ?"
ആ--"രാഘവൻ അങ്ങനെ ചെയ്യണമെന്നു ഞാൻ പറയുന്നില്ല. ഉൽസാഹമുള്ള ഒരാൾക്കു ഈ രണ്ടുജോലികളും ഒരേ കാലത്തു ചെയ്യാവുന്നതാണെന്നേ ഞാൻ പറയുന്നുള്ളൂ."

രാഘവൻ ചിന്താനിമഗ്നനായി നിൽക്കുന്നതു കണ്ട് മീനാക്ഷിയമ്മ ചോദിച്ചു: “എന്തുകുഞ്ഞേ, മിണ്ടാതെ നിൽക്കുന്നത്? ദേവസ്വം കുഞ്ഞിന്റെ തനതാണെങ്കിൽ കുറെ പുതുവൽ ദേഹണ്ണിക്കാനുണ്ടെന്നുവച്ചു ദേവസ്വം കാൎയ്യം അന്വേഷിക്കാതിരിക്കുമോ?"

രാ--" മാധവനെ ഏല്പിക്കരുതോ?"
മീ--"നല്ല കഥയായി! അവനു ഉണ്ണണം, ഉടു
[ 81 ] ക്കണം, കളിക്കണം എന്നല്ലാതെ മറ്റു വല്ല ചിന്തയും ഉണ്ടോ?"
ആ-“ചെറുപ്പമായതുകൊണ്ടും അച്ഛനെല്ലാം നോക്കിക്കൊള്ളും എന്നു വിചാരിച്ചും മാധവൻ സ്വല്പം കളിക്കാരനായിത്തീർന്നതാണ്. കുറെ കഴിയുമ്പോൾ അതൊക്കെ മാറിക്കൊള്ളും."
മീ--"മാധവനു ചെറുപ്പമാണെങ്കിൽ രാഘവനും ചെറുപ്പമാണല്ലോ. അവർ തമ്മിൽ എന്തൊരു വ്യത്യാസം."
ആ-“മാധവനെ നേർവഴിക്കു പരിശീലിപ്പിച്ചാൽ അവനും തൻകാൎയ്യം നോക്കാൻ ത്രാണിയുള്ളവനായിത്തീരും."
മീ--" അങ്ങനെ പരിശീലിപ്പിക്കാൻ ഒരാളു വേണ്ടേ ? ഞാൻ പറഞ്ഞാൽ അവനൊന്നും കേൾക്കയില്ല."
ആ--"അമ്മ പറഞ്ഞാൽ കേൾക്കയില്ലെങ്കിൽ അച്ഛൻ പറഞ്ഞു കേൾപ്പിക്കണം."
മീ--"ഓ! അച്ഛൻ പറഞ്ഞു കേൾപ്പിക്കുന്നു! അച്ഛനാണു അവനെ ലാളിച്ചു വഷളാക്കിയത്."
രാ--" മാധവൻ വഷളായിപ്പോയി എന്നു അമ്മ സംശയിക്കേണ്ട."
മി--"എന്നാൽ കുഞ്ഞൊരു കാര്യം ചെയ്യുക. മാധവനെക്കൂടി കുഞ്ഞു കൊണ്ടു നടന്നു കുഞ്ഞു പഠിച്ചതെല്ലാം അവനെയും പഠിപ്പിക്കുക."
രാ--"മാധവൻ വരുമെങ്കിൽ ഞാൻ കൂടി കൊണ്ടു പോകാം. പക്ഷേ നന്താവനത്തിലെ താമസം മാധവനു ഹിതമായിത്തീരുമോ എന്നറിഞ്ഞില്ല."
[ 82 ]
മീ--"കുഞ്ഞു നന്താവനത്തിൽ ഇനി എന്തിനുപോകുന്നു? ഇവിടെ താമസിക്കാമല്ലോ. ഇതു നിന്റെ വീടാണെന്നു തന്നെ നീ വിചാരിച്ചു കൊള്ളുക. ഇവിടെതാമസിച്ചാൽ മൈഥിലിയേയും കൂടി പാട്ടോ, ശ്ലോകമോ കഥയോ ഒക്കെ പഠിപ്പിക്കാമല്ലോ?
രാ- "ഈ വയസ്സുകാലത്തു ആശാനെ തനിച്ചു നന്താവനത്തിൽ ആക്കിട്ട് ഞാൻ ഇവിടെ താമസിച്ചു സുഖമെടുക്കുന്നതു ഭംഗിയാണോ?"
മീ- "എന്നാൽ ആശാനും കൂടെ ഇവിടെത്തന്നെ താമസിക്കട്ടെ"
രാ - "അപ്പോൾ പിന്നെ നന്താവനത്തിൽ ആരുമില്ലാതെ വരുമല്ലോ."
അ-"ആരുമില്ലാതെ വരുന്നതെന്തിനു? അവിടെ രാഘവന്റെ പറയനുണ്ടല്ലോ. അവന്റെ സഹായത്തിനു് പറക്കുടുംബത്തെ ആക്കീട്ടുമുണ്ടു്. പോരെങ്കിൽ ഒന്നുരണ്ടു പറക്കുടുംബത്തെ കൂടി അവിടെ ആക്കാം."
മീ-"ഇതു അത്ര വലിയ കാര്യമായിട്ടു് ആലോചിക്കാനെന്തിരിക്കുന്നു. നന്താവനം അത്ര ദൂരത്തിലെങ്ങുമല്ലല്ലോ. രണ്ടുരണ്ടര നാഴിക ദൂരമല്ലേ ഉള്ളൂ. ഇവിടെ ഇരുന്നുകൊണ്ടും അവിടത്തെ കാര്യം അന്വേഷിക്കാമല്ലോ."
രാ-"ഏതായാലും ഞാൻ അവിടെ ഒന്നുപോയി അവിടത്തെ സ്ഥിതി എങ്ങനെയിരിക്കുന്നു എന്നു അന്വേഷിച്ചിട്ട് പിന്നെയെല്ലാം തീർച്ചപ്പെടുത്താം."

രാഘവൻ ഇങ്ങനെ പറഞ്ഞതു് ആശാനോടു് സ്വകാര്യമായി ഈ വിഷയത്തെപ്പറ്റി ആലോചിക്കാനായിരുന്നു.

[ 83 ]
79

അ-“ഇന്നുതന്നെ അങ്ങോട്ടു പോകണമെന്നാണോ വിചാരിക്കുന്നതു?"

രാ-“ഇപ്പോൾതന്നെ ആശാനോടൊരുമിച്ചു ഞാനും പോകുന്നു."

മീ--"വെയിൽ മൂത്തുവരുന്നല്ലോ. ഇനി ഊണും കഴിച്ചു് ഉച്ചതിരിഞ്ഞു വെയിലാറിയിട്ടു പോയാൽ മതി."

ആശാൻ, അണ്ണാവി, രാഘവൻ, മൈഥിലി,അമ്മ ഇവർ എല്ലാവരും കൂടി വെയിലാറിയിട്ടു പഞ്ചവടിയിൽ പോകാമെന്നു തീർച്ചയാക്കി. മാധവനെ കൂടി വിളിക്കാൻ രാഘവനെ ഏല്പിച്ചു.

——————
[ 84 ]
പതിനേഴാം അദ്ധ്യായം


വെയിലാറി; ചക്രവാളവും സൂര്യബിംബവും തമ്മിൽ അടുക്കുവാൻ രണ്ടു നുകപ്പാടു അകലമേയുള്ളു. ശരൽക്കാലസായംസന്ധ്യയുടെ സാമീപ്യത്തിൽ സൂര്യബിംബത്തിൽ നിന്നു തങ്കരശ്മികളുടെ ഛായ വീശിത്തുടങ്ങി ഉല്ലാസകരമായ ഈ സമയത്ത് അണ്ണാവി മുതൽപേർ രാഘവന്റെ രോഗം ആപൽക്കരമാവാതെ സുഖപ്പെടുത്താൻ അനുഗ്രഹിച്ച രാമപുരത്തു ഭഗവാൻ സന്നിധിയിലേക്കു പുറപ്പെട്ടു. പൂവത്തൂർ നിന്നു രാമപുരത്തെ പുരാതനമായ ഒരു വലിയ നടയ്ക്കാവുള്ളതിൽ കൂടി, അത്യുന്മേഷത്തോടുകൂടിത്തന്നെങ്കിലും, ശരീരത്തിനും അധികം ആയാസം ഉണ്ടാക്കാത്ത സാവധാനഗതിയിലാണ് അവർ നടന്നു പോയതു്. അണ്ണാവിയും ആശാനും പറയർ, പുലയർ മുതലായ അധഃകൃതവൎഗ്ഗക്കാരെ തീണ്ടൽ വൎഗ്ഗക്കാരായി തള്ളിക്കളഞ്ഞിരിക്കുന്നതിന്റെ കാരണങ്ങളേയും, ഗുണദോഷങ്ങളേയും കുറിച്ചു പലതും സംസാരിച്ചുകൊണ്ടു മുമ്പേ നടന്നിരുന്നു. അവരുടെ പിറകേ അമ്മയുടെ കൈയും പിടിച്ചുകൊണ്ട് മൈഥിലി ചില വൃക്ഷങ്ങൾ പൂത്തും, ചിലത് തളിൎത്തും, ചിലത് ഇലകൾ കൊഴിച്ചും, മറ്റു ചിലതു പുഷ്പങ്ങൾ പൊഴിച്ചും നിൽക്കുന്നതുകണ്ട് ആ വൃക്ഷങ്ങളിൽ തത്തിക്കളിച്ചിരുന്ന കിളികളെപ്പോലെ കളകളമായി ചിലച്ചുകൊണ്ടു നടന്നിരുന്നു. മകളെ ഇടയ്ക്കിടയ്ക്കു സംഭാഷണത്തിനു ഉൽസാഹി

[ 85 ] പ്പിച്ചുകൊണ്ടും, പിന്നിൽ വരുന്ന രാഘവമാധവന്മാരുടെ സംഭാഷണത്തെയും മുമ്പിൽ പോകുന്ന അണ്ണാവിയുടേയും ആശാന്റെയും സംഭാഷണത്തേയും മാറി മാറി ശ്രദ്ധിച്ചുകൊണ്ടും മൈഥിലിയുടെ അമ്മയും നടന്നിരുന്നു.

മാൎഗ്ഗക്ലേശം ലേശം അറിയാതെ എല്ലാവരും ഉല്ലാസഭരിതരായി ക്ഷേത്രത്തിൽ എത്തി, വഴിപാടു മുതലായവ കഴിച്ചുതീൎന്നപ്പോഴേക്കും സൂൎയ്യൻ ഏകദേശം അസ്തമിക്കാറായി.

രാത്രി നല്ല നിലാവുണ്ടായിരുന്നതിനാൽ നന്താവനത്തിൽ പോയിട്ട് പൂവത്തൂരിലേക്കു മടങ്ങാമെന്നു അണ്ണാവി മുതൽപേർ തീരുമാനിച്ചു. ആശാൻ നന്താവനത്തിൽ താമസമായതുമുതൽ ക്ഷേത്രത്തിൽനിന്നും നന്താവനത്തിലേക്കും ഒരു വഴി തെളിച്ചിരുന്നു.

അവർ നന്താവനത്തിൽ എത്തിയപ്പോൾ, സൂൎയ്യൻ പശ്ചിമാദ്രിയിൽ മറഞ്ഞു എങ്കിലും ഇരുട്ട് ആരംഭിച്ചില്ല. എല്ലാവരും ചിറയുടെ കരയിൽ എത്തി.

കുളിച്ചു കുറികളും തൊട്ട്, മുടിചിക്കി പുറകോട്ടു ഒരു കൊണ്ട കെട്ടി ഇട്ടിരുന്നതിൽ ഒരു നല്ല റോസാപ്പൂവും തിരുകി, പന്ത്രണ്ടുവയസ്സു പ്രായമുള്ള ഒരു പെൺകുട്ടി നന്താവനത്തിൽ നിന്നു ഓടി ഇറങ്ങി മുമ്പിൽ വന്നു. ആ പെൺകുട്ടിയെക്കണ്ട് “ഇതാരാ, രാഘവന്റെ പെങ്ങളോ? മൈഥിലി ചോദിച്ചു.

മാ-“കണ്ടിട്ടു നിനക്കു എങ്ങനെ തോന്നുന്നു?"
മൈ--“എനിക്കു കണ്ടപ്പോൾ തോന്നാത്തതുകൊണ്ടല്ലേ ഞാൻ ചോദിച്ചത്."
മാ--(ചിരിച്ചുകൊണ്ട്) അതു രാഘവന്റെ പെണ്ണാണു്. പെണ്ണോ, പെങ്ങളോ നീതന്നെ പറ•"
മൈ--"രാഘവൻ നല്ല വെളുപ്പ്. ഇവൾക്കു നല്ല
[ 86 ] കറുപ്പ്. അതുകൊണ്ട് രാഘവന്റെ പെങ്ങളായിരിക്കയില്ല.

രാ--"മൈഥിലി എന്തിനു തൎക്കത്തിനു നോക്കുന്നു? മൈഥിലി സൂക്ഷിച്ചു നോക്കുക ആ പെൺകുട്ടി ഏതെന്ന്"

ആ കുട്ടിയെ അടുത്തുചെന്നു നോക്കുവാൻ മൈഥിലി മുമ്പോട്ടു നടന്നപ്പോൾ ആ കുട്ടി പരിഭ്രമിച്ചു പുറകോട്ടു മാറിത്തുടങ്ങി. മൈഥിലി അടുത്തു ചെല്ലുന്തോറും പെൺകുട്ടി അകന്നകന്നു പൊയ്ക്കൊണ്ടിരുന്നു. മീനാക്ഷിയമ്മയും ആ കുട്ടി ആരെന്നറിയാൻ കൗതുകമുണ്ടാകയാൽ അവരും മുന്നോട്ടു നടന്നു. പെൺകുട്ടി പരിഭ്രമിച്ചു. “അയ്യോ!" എന്നു പറഞ്ഞു നടുങ്ങിക്കൊണ്ടു പുറകോട്ടു മാറി. സന്ധ്യ മയങ്ങിയിരുന്നു. പെൺകുട്ടി പരിഭ്രമിക്കുന്നതു കണ്ട്, മീനാക്ഷിയമ്മ ചോദിച്ചു: “നീ എന്തുപെണ്ണേ, പേടിച്ചു പുറകോട്ടുമാറുന്നതു്? നീ അവിടെ നില്ല്, നിന്നെ ഞാനൊന്നു കാണട്ടെ."

പെ-“ഞാൻ മാണിക്യം ആണേ."

മീ --"(കൗതുകവിസ്മയങ്ങളോടുകൂടി) മാണിക്യമേ! നീ അവിടെ നില്ല്. നിന്നെ ഞാൻ ഒന്നു അടുത്തു കണ്ടോട്ടെ."

അമ്മയും മകളും അടുത്തുചെന്നു. മാണിക്യം ആശ്ചൎയ്യസംഭ്രമങ്ങളോടുകൂടി കണ്ണുകൾ വിശാലമായി തുറന്നു മീനാക്ഷിയമ്മയുടെ മുഖത്തു നോക്കിക്കൊണ്ടുനിന്നു. മൈഥിലി അടുത്തുചെന്നു മാണിക്യത്തിന്റെ പൂ ചൂടിയിരുന്ന കൊണ്ടയിൽ പിടിക്കാൻ ഭാവിച്ചു. അവൾ പേടിച്ച് “അയ്യോ! ഞാൻ പൂ അങ്ങു എടുത്തുകളയാം എന്നു പറഞ്ഞു.

മൈ--(ചിരിച്ചുകൊണ്ട്) പൂ എന്തിനു എടുത്തു

[ 87 ] കളയുന്നു? ഞാനതു നല്ലവണ്ണം തിരുകിത്തരാം” എന്നു പറഞ്ഞു മൈഥിലി പൂ എടുത്തു മുമ്പിലത്തേക്കാൾ ഭംഗിയായി തിരുകി വച്ചു.

അനന്തരം മൈഥിലി മാണിക്യത്തിന്റെ കൈയ്ക്കു പിടിച്ചുകൊണ്ട് "അച്ഛാ, ഞങ്ങളുടെ മാണിക്യത്തെ കണ്ടോ" എന്നു പറഞ്ഞു അവളെ അണ്ണാവിയുടെ അടുക്കൽ വലിച്ചുകൊണ്ടുചെന്നു.

അണ്ണാവിയും ഭാര്യയും, മകനും, മകളും മാണിക്യത്തിന്റെ ചുറ്റും കൂടി, അവളെ ഏതോ ഒരു വിശേഷ സാധനം കാണുംപോലെയുള്ള കൗതുകത്തോടെനോക്കിക്കൊണ്ടു നിന്നശേഷം, തിരിഞ്ഞു ആശാനോടു പറഞ്ഞു:- “ആശാനെ ഇതാശാനും രാഘവനും കൂടി തേച്ചുമിനുക്കിയെടുത്ത ഒരു മാണിക്യം തന്നെയാണ്. എന്റെ മാടത്തിൽ കിടന്നപ്പോൾ ഇതിനിത്ര മാറ്റുണ്ടെന്നു ഞാനറിഞ്ഞിരുന്നില്ല. കുമാരനാശാൻ പറഞ്ഞതു വളരെ ശരിയാണു്.

"തേച്ചുമിനുക്കിയാൽ കാന്തിയും മൂല്യവും
വാച്ചിടും രത്നങ്ങൾ ഭാരതാംബേ
താണുകിടക്കുന്നു നിൻ കുക്ഷിയിൽ, ചാണ
കാണാതെ ആറേഴു കോടിജനം"

ആശാനും രാഘവനും കൂടി രാമപുരത്തുള്ള ഈ രത്നങ്ങളെ തേച്ചുമിനുക്കുവാൻ ആരംഭിച്ചിരിക്കുന്ന ശ്രമത്തിൽ എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും ഞാൻ ചെയ്തു തരുന്നതിനും തയാറാണു്.

അനന്തരം എല്ലാവരും നന്താവനത്തിലേയും കയറിപ്പോയി.


[ 88 ]
പതിനെട്ടാം അദ്ധ്യായം


അണ്ണാവി മുതൽപേർ ആശാൻ ആശ്രമത്തിന്റെ പൂമുഖത്തു പ്രവേശിച്ചു അവിടെ വിരിച്ചിരുന്ന ചൗക്കാളങ്ങളിൽ ഇരുന്നു. മഹർഷിയെപ്പോലുള്ള ആശാൻ ആശ്രമവാസത്തേയും, ആശ്രമത്തിന്റെ മുൻവശത്തുള്ള പന്തലിനേയും അതിന്റെ ഇരുവശങ്ങളിലുമുള്ള പൂന്തോട്ടങ്ങളേയും കുറിച്ച് അല്പം ചില സംഭാഷണങ്ങൾ കഴിഞ്ഞശേഷം അണ്ണാവി പറഞ്ഞു:- "മേടകളിലും മാളികകളിലുമുള്ള ആഡംബരപൂർണ്ണമായ വാസത്തിൽ വിരക്തി തോന്നി, മഹർഷിമാർ ഇങ്ങനെയുള്ള ഏകാന്തവാസം ഇഷ്ടപ്പെട്ടതു അത്ഭുതമല്ല."

മീനാക്ഷിയമ്മ:-"ആശ്രമത്തിൽ വന്ന ഞങ്ങൾക്കു അതിഥിസൽക്കാരം ഒന്നും ഇല്ലേ?” എന്നുനേരംപോക്കായി ചോദിച്ചു. അതു കേട്ടുനിന്ന രാഘവൻ ചടയനെ ഒന്നു നോക്കി. ചടയൻ ഉടൻ തന്നെ തോട്ടത്തിൽ ഓടിപ്പോയി കുറെ വാഴയില മുറിച്ചുകൊണ്ടുവന്നു രാഘവനെ ഏല്പിക്കുകയും, ഒരു വലിയ കലശത്തിൽ വെള്ളം കൊണ്ടുവന്നു വയ്ക്കുകയും ചെയ്തു. രാഘവൻ ഇലകളും വാങ്ങി ആശ്രമത്തിന്റെ ഒരു മുറിക്കകത്തു പ്രവേശിച്ചു. കുറെ കഴിഞ്ഞു പൂമുഖത്തു വന്നു അതിഥികളുടെ മുന്നിൽ ഇല നിരത്തി. ഒരു നല്ല തേൻ കദളി പഴക്കുല എടുത്തുകൊണ്ടു വന്നു നാലഞ്ചു പഴം വീതം എല്ലാ ഇലകളിലും വിളമ്പി.അനന്തരം കുറെ മലർപ്പൊടിയും, കുറെ പൈനാപ്പിൾ പൂളുകളും, പഞ്ചസാരയും കൊണ്ടുവന്നു. അതുകളും വി

[ 89 ] ളമ്പി. ഒരു കുപ്പി തെളിഞ്ഞ ചെറുതേൻ കൊണ്ടുവന്നു് എല്ലാവരുടേയും മലർപ്പൊടിയിൽ കുറേശ്ശ ഒഴിച്ചുകൊടുത്തു. വീണ്ടും മുറിക്കകത്തു കടന്നു് കൂടകളിൽ സംഭരിച്ചുവച്ചിരുന്ന മധുരനാരങ്ങ, മാതളപ്പഴം ഇവയും കൊണ്ടു വന്നു് ഓരോന്നും എല്ലാവരുടേയും മുമ്പിൽ വച്ചിട്ട് ആശ്രമത്തിനു വെളിയിൽ ഇറങ്ങിപ്പോയി. കുറേക്കഴിഞ്ഞ് ചൂടുമാറിയിട്ടില്ലാത്ത പാലും കൊണ്ടുവന്നു് കാച്ചാതെതന്നെ പഞ്ചസാരയും ചേൎത്തു് എല്ലാവർക്കും ആവശ്യം പോലെ കൊടുത്തു. ഈ വിഭവപൂൎണ്ണമായ സൽക്കാരത്തിൽ അണ്ണാവിക്കും മറ്റുമുണ്ടായ സംതൃപ്തിയും ആനന്ദവും അനിർവചനീയമായിരുന്നു. സൽക്കാരത്തിനുപയോഗപ്പെടുത്തിയ വിഭവങ്ങളുടെ വൈശിഷ്ട്യത്തെക്കുറിച്ച് അണ്ണാവി ഭാൎയ്യയോടു ഇങ്ങനെ പ്രസംഗിച്ചു. തുടങ്ങി:--

"വലിയ പ്രഭുക്കന്മാരുടെ മന്ദിരങ്ങളിൽപ്പോലും ഇത്ര വിശിഷ്ടവിഭവങ്ങൾ മുൻകൂട്ടി കരുതിവയ്ക്കാതെ അതിഥികൾക്കു നൽകുന്നതിനു സാധിക്കുന്നതല്ല. ഇവിടെ ഉള്ളവർ അഞ്ചോ ആറോ പറയരാണു് ഇത്ര വളരെവിഭവങ്ങൾ ആശാനു വേണ്ടി കരുതി വയ്ക്കേണ്ട ആവശ്യവും ഇല്ല. പിന്നെയിതെല്ലാം നാം വന്നപ്പോൾ തയാറായിരുന്നതു എങ്ങനെയെന്നു എനിക്കു മനസ്സിലാകുന്നില്ല."

മീനാക്ഷിയമ്മ--“നാം ഇങ്ങോട്ടു വരുന്ന വിവരം ആശാൻ നേരത്തേ അറിഞ്ഞതാണല്ലോ. അതുകൊണ്ടു്, ആരെയോ അയച്ചു്. ആശാൻ ഇതൊക്കെഒരുക്കിവച്ചതായിരിക്കും. (തിരിഞ്ഞു, ആശാനോട്) അങ്ങനെയല്ലേ ആശാനേ?"

ആശാൻ--"ഇതെല്ലാം ഇവിടെത്തന്നെ ഉണ്ടാകുന്നതാണു്. പുറമെനിന്നും ഒന്നും വാങ്ങി ശേഖരിച്ചിട്ടില്ല."

[ 90 ]

മൈ--"ഇതെല്ലാം ആശാന്റെ തോട്ടത്തിൽ തന്നെ ഉണ്ടാകുന്നതാണെങ്കിൽ ആശാന്റെ തോട്ടം എനിക്കൊന്നു കാണണമല്ലോ”

ആ--“ഇന്നിവിടെ താമസിച്ചു നാളെ തോട്ടമെല്ലാംനടന്നുകണ്ട് മടങ്ങിപ്പോയാൽ പോരെ അച്ഛാ? ഈ മുററത്തും ആ പന്തലിന്റെ താഴെയും വിരിച്ചിരിക്കുന്നവെൺമണൽ കണ്ടതിൽ അവിടെക്കിടന്നുറങ്ങുവാൻ എനിക്കു കൊതി തോന്നുന്നു."

ഇങ്ങനെ പറഞ്ഞുകൊണ്ട് മൈഥിലി ഓടി മുറ്റത്തിറങ്ങി "മാണിക്യം എവിടെ” എന്നു ചോദിച്ചു. മാണിക്യത്തെ അവിടെയെങ്ങും കണ്ടില്ല. സാവധാനത്തിൽ എല്ലാവരും മുറ്റത്തിറങ്ങി, ആശാൻ പൂന്തോട്ടത്തെ ശോഭിപ്പിച്ചുകൊണ്ടിരുന്ന ചന്ദ്രപ്രകാശം നോക്കി നിൽക്കുമ്പോൾ ദൂരെയെവിടെയോ നിന്നു പുറപ്പെട്ട സംഗീതധ്വനി അവരുടെ കാതുകളിൽ വന്നു മുഴങ്ങി.എല്ലാവരും രാത്രിയിലെ നിശ്ശബ്ദതയിൽ മുഴങ്ങിക്കൊണ്ടിരുന്ന ആ സംഗീതമാധുരിയിൽ അല്പനേരം ലയിച്ചുനിന്ന അണ്ണാവി ചോദിച്ചു: "ഇതെവിടെനിന്നാശാനെ ഈ ദിവ്യസംഗീതം കേൾക്കുന്നതു?"

ആ--“അതു രാഘവന്റെ പഞ്ചവടിയിലുള്ള ഭജനമഠത്തിൽ നിന്നു പുറപ്പെടുന്നതാണു്. നമുക്കു വേണമെങ്കിൽ അങ്ങോട്ടുപോകാം."

എല്ലാവരും പഞ്ചവടിയുടെ മദ്ധ്യത്തിലുണ്ടായിരുന്ന ഭജനമഠത്തിലേയ്ക്കും പുറപ്പെട്ടു. മഠത്തോടടുക്കുന്തോറും അവിടെ നടന്ന സ്തോത്രഗാനങ്ങൾ ശ്രദ്ധിക്കുവാനല്ലാതെ ഒന്നും സംസാരിക്കാൻ ആൎക്കും തോന്നിയില്ല. മഠത്തി

[ 91 ] ന്റെ വടക്കരുകിൽ മദ്ധ്യഭാഗത്തായി ഒരു ഉയൎന്നു തടം ഉണ്ടാക്കിയിരുന്നതിൽ വളരെ മനോഹരമായി നിൎമ്മിക്കപ്പെട്ടിരുന്ന ഒരു വലിയ എണ്ണച്ഛായാപടം ഭംഗിയുള്ള ചട്ടക്കൂട്ടിലാക്കി പുഷ്പമാല്യങ്ങളെക്കൊണ്ട് അലങ്കരിച്ച് വച്ചിരുന്നു. രാമപുരം ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ അനുകരണമാണു ആ പടത്തിൽ കണ്ടതു്. എന്നാൽ ക്ഷേത്രത്തിലെ ബിംബങ്ങളേക്കാൾ ജീവനും ചൈതന്യവുമുള്ള രൂപങ്ങളായിരുന്നു പടത്തിലുണ്ടായിരുന്നത്.

ഭഗവാന്റെ ദിവ്യ തേജോരൂപം കണ്ടപ്പോൾ അണ്ണാവിയുടേയും, ഭാര്യയുടേയും, മക്കളുടേയും കൈകൾ അവരറിയാതെ തന്നെ മുകളീകൃതങ്ങളായി. പടങ്ങളുടെ സ്വല്പം മുമ്പിലായി ഇരുവശങ്ങളിലും സ്വൎണ്ണം പോലെ തിളങ്ങുന്ന രണ്ടു നിലവിളക്കുകൾ ഇരുന്നു എരിഞ്ഞു ആ രൂപങ്ങളുടെ തേജസ്സ് വദ്ധിപ്പിക്കുന്നുണ്ട്. അവിടെ കൂടിയിരുന്ന എട്ടുപത്തു ഭവനക്കാരുടെ ഹൃദയാന്തർഭാഗത്തിൽനിന്നും പുറപ്പെട്ട പ്രകൃതി മധുരമായ ആ ഗാനത്തിനു അസുലഭമായ ആസ്വാദ്യത ഉണ്ടായിരുന്നു. പാട്ടവസാനിച്ചപ്പോൾ ഭജനക്കാർ എല്ലാവരും എഴുന്നേറ്റ് അവരുടെ മുമ്പിൽ ശേഖരിച്ചിരുന്ന സുഗന്ധപുഷ്പങ്ങൾ വാരി ഭഗവൽ പാദങ്ങളിൽ അൎപ്പിച്ചു സാഷ്ടാംഗപ്രണാമം ചെയ്തു.

ഇങ്ങനെ ഭജനം അവസാനിപ്പിച്ചുകൊണ്ട് ഭജനക്കാർ തിരിഞ്ഞു നോക്കിയപ്പോഴാണു അണ്ണാവിയും മറ്റും നിൽക്കുന്നതു കണ്ടതു്.

അണ്ണാവി എത്രയും ശാന്തസ്വരത്തിൽ ഓരോരുത്ത

[ 92 ] രേയും അടുക്കൽ വിളിച്ചുവരുത്തി, അവരോടു കുശല പ്രശ്നങ്ങൾ ചോദിച്ചു.

മൈഥിലി മാണിക്യത്തെ അടുക്കൽ വിളിച്ചു ചോദിച്ചു "മാണിക്യമാണോ പൂജക്കാരി? പൂജ കഴിഞ്ഞു ഞങ്ങൾക്കു പ്രസാദമൊന്നും തരുവാനില്ലേ?"

മാണിക്യം--(ചിരിച്ചുകൊണ്ട്) “എന്തു പ്രസാദമാണു് തരേണ്ടതു് ?"

മൈ--"നീ എന്തുതന്നെ തന്നാലും അതു ഞങ്ങൾക്കു് പ്രസാദം തന്നെ. അങ്ങനെയല്ലേ അച്ഛാ?"

മാണിക്യം മഠത്തിൽ ചെന്നു് അവിടെ അർപ്പിച്ചിരുന്ന പുഷ്പങ്ങളിൽ കുറെ വാരി എടുത്തുകൊണ്ടു് വന്നു് എല്ലാവൎക്കും കുറേശ്ശേ കൊടുത്തു. എല്ലാവരും അവ ഭക്തിപൂവും വാങ്ങി. അവൾ വീണ്ടും മഠത്തിൽ ചെന്നു് അവിടെ എരിഞ്ഞുകൊണ്ടിരുന്ന കർപ്പൂരം എടുത്തു് ബിംബത്തിൽ മൂന്നു ഉരുകു് ഉഴിഞ്ഞശേഷം വെളിക്കു കൊണ്ടുവന്നു എല്ലാവരുടേയും മുമ്പിൽ കാണിക്കുകയും അവർ ഭക്തിപൂർവം ധൂപത്തിൽ തൊട്ടു കണ്ണിൽ വയ്ക്കുകയും ചെയ്തു.

മൈഥിലിയുടെ ആഗ്രഹവും അണ്ണാവിയുടെ അഭിപ്രായവും അനുസരിച്ച് അന്നു എല്ലാവരും അവിടെത്തന്നെ താമസിച്ചു.


[ 93 ]
പത്തൊൻപതാം അദ്ധ്യായം


ഷഷ്ടിപൂർത്തികഴിഞ്ഞു തീൎത്ഥയാത്ര പുറപ്പെട്ട ആശാൻ അധികം താമസിയാതെ മടങ്ങിവരാമെന്നു പറഞ്ഞിരുന്നുവെങ്കിലും സംവൽസരങ്ങൾ അഞ്ചു കഴിഞ്ഞിട്ടും ആശാൻ മടങ്ങിവന്നില്ല, ഏതെല്ലാം പുണ്യസ്ഥലങ്ങളാണു് അദ്ദേഹം സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്നതെന്നു നിശ്ചയമില്ലാതിരുന്നതിനാൽ അദ്ദേഹത്തെ അന്വേഷിച്ചു പുറപ്പെടാൻ നിവൃത്തിയും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സ്വദേശമേതെന്നു നിശ്ചയമില്ലാതിരുന്നതിനാൽ, അവിടെപ്പോയി അന്വേഷിക്കുവാനും ആൎക്കും കഴിഞ്ഞില്ല. ഇന്നുവരും നാളെവരും, എന്നിങ്ങനെ എണ്ണിയെണ്ണി ദിവസങ്ങളും മാസങ്ങളും സംവൽസരങ്ങളും കഴിഞ്ഞു. ഇങ്ങനെ കഴിഞ്ഞ അഞ്ചു സംവൽസരങ്ങൾക്കിടയിൽ രാമപുരത്തുണ്ടായ പരിവൎത്തനങ്ങൾ അൽഭുതാവഹങ്ങളായിരുന്നു.

മാധവനെ ദേവസ്വം മനേജരായും രാഘവനെ അസിസ്റ്റന്റായും ഇതിനിടയിൽ നിയമിച്ചു കഴിഞ്ഞിരുന്നു. ദേവസ്വം റിക്കാർഡുകളൊക്കെ കുഴഞ്ഞുമറിഞ്ഞു കിടന്നിരുന്നതിനാൽ അതൊക്കെ ശരിയാക്കുന്നതിനു വളരെ പ്രയാസങ്ങൾ നേരിട്ടു. ദേവസ്വം സംബന്ധിച്ച ഈ സകല ജോലികളും രാഘവൻ ഒരു സംവൽസരംകൊണ്ടു പൂൎത്തിയാക്കി.

ദേവസ്വത്തിന്റെ സൎവ ആവശ്യങ്ങളും ധാരാളച്ചിലവിൽ നിൎവഹിക്കത്തക്കവണ്ണം മുതലെടുപ്പും വർദ്ധിച്ചു.

[ 94 ]

ദേവസ്വം ജോലി ധാരാളം ഉണ്ടായിരുന്നെങ്കിലും നന്താവനത്തിലേയും പഞ്ചവടിയിലേയും കാര്യങ്ങളിൽ അവന്റെ ശ്രദ്ധ കുറഞ്ഞില്ല. അവിടത്തെ കാര്യങ്ങൾ രാഘവൻ കൂടി ഉണ്ടായിരുന്നാലത്തെപ്പോലെ ചടയനും മാക്കോതയും കൂടി എത്രയും ജാഗ്രതയോടെ നടത്തിക്കൊണ്ടിരുന്നു. അവൎക്കു സ്നേഹപൂർവം ഉപദേശങ്ങൾ നൽകി ഉൽസാഹിപ്പിക്ക മാത്രമേ രാഘവൻ ചെയ്യേണ്ടതായിരുന്നുള്ളൂ. പഞ്ചവടിയിലെ തെങ്ങുകളെല്ലാം വളൎന്നു സമൃദ്ധിയായി കാച്ചു വരിനിരന്നു നിൽക്കുന്നതു് നയനാനന്ദപ്രദമായ ഒരു കാഴ്ചയായിരുന്നു. അവിടത്തെ വാഴത്താപ്പു ഹനുമാന്റെ കദളീവനത്തെയും അതിശയിച്ചിരുന്നു. ചേന, കാച്ചിൽ മുതലായ കിഴങ്ങു വർഗ്ഗങ്ങളുടെ കൃഷിയും വളരെ സമൃദ്ധിയായിത്തീൎന്നിരുന്നു. പഞ്ചവടിയിലെ പൂന്തോട്ടം മുഗൾ ചക്രവത്തിമാരുടെ ആരാമങ്ങളേയും അതിശയിക്കത്തക്കവിധം ഭംഗിയായി സംരക്ഷിക്കപ്പെട്ടിരുന്നു. പഞ്ചവടിയിൽ താമസക്കാരായ പറയരുടെ ചിലവിനു ആവശ്യമുള്ളതെല്ലാം എടുത്തുകൊണ്ടു് ശേഷം ക്ഷേത്രത്തിലേക്കു അയച്ചുകൊള്ളണമെന്നു രാഘവൻ ഏൎപ്പാടുചെയ്തിരുന്നതിനാൽ ക്ഷേത്രത്തിൽ പാവപ്പെട്ടവൎക്കു നടത്തിവന്ന സദ്യ മുതലായവ ചിലവൊന്നും കൂടാതെ പൂൎവാധികം ഭംഗിയായി നടന്നുതുടങ്ങി.

പറയരുടെ ആവശ്യത്തിനായി പഞ്ചവടിയിൽ രാഘവൻ നടത്തിവന്നിരുന്ന നിശാപാഠശാല. ചടയൻ തന്നെ നിർവിഘ്നമായി നടത്തിവന്നു. പുറമേനിന്നു അവിടെ വിദ്യാൎത്ഥികളായി വന്നവരുടെ സംഖ്യയും വൎദ്ധിച്ചു.

പഞ്ചവടിക്കു സമീപം ഓരോ ഏക്കർ ഭൂമിവീതം അണ്ണാവിയുടെ പൂൎണ്ണസമ്മതപ്രകാരം പറയൎക്കു പതിച്ചു കൊടുത്തു. അവിടം അവരുടെ ഒരു കോളനി ആക്കിത്തീർ

[ 95 ] ത്തു. അവർ വീടുകെട്ടി പാൎക്കാൻ ആവശ്യമുള്ള തടികളും മുളകളും ദേവസ്വം വനത്തിൽ നിന്നും ഇഷ്ടംപോലെ മുറിച്ചെടുത്തു കൊള്ളുന്നതിനും അണ്ണാവി അനുവദിച്ചു. വീടുകൾ കെട്ടി ഉണ്ടാക്കുന്ന ജോലി ആശാരിമാരുടേയോ, അറപ്പുകാരുടേയോ സഹായമൊന്നും കൂടാതെ അവർ തന്നെ ചെയ്യുന്നതിനും ആവശ്യമുള്ള ആയുധങ്ങൾ വാങ്ങിച്ചുകൊടുത്തു വേണ്ട പരിശീലനവും രാഘവൻതന്നെ അവൎക്കു നൽകി.

രാഘവന്റെ അടുത്തശ്രമം രാമപുരത്തെ പൗരന്മാരുടെ വിദ്യാഭിവൃദ്ധിക്കായിരുന്നു. ഒന്നു രണ്ടു ഗ്രാന്റു പള്ളിക്കൂടങ്ങളും മൂന്നുനാലു കുടിപ്പള്ളിക്കൂടങ്ങളും ആ പ്രദേശത്തു് ഉണ്ടായിരുന്നു. എങ്കിലും സ്വഭാഷയിൽ പോലും അക്ഷരാഭ്യാസത്തിനുപരിയായ വിദ്യാഭ്യാസത്തിനു അഞ്ചാറു മൈൽ അകലെയുള്ള സൎക്കാർസ്കൂൾ മാത്രമേ ഉണ്ടായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുഒരു മിഡിൽ സ്കൂൾ പോലും, എത്ര കഷ്ടപ്പെട്ടാലും അന്നന്നു കുട്ടികൾക്കു പോയി പഠിച്ചു വരത്തക്കവണ്ണം ഉണ്ടായിരുന്നില്ല. സമ്പന്നന്മാരുടെ കുട്ടികൾക്കല്ലാതെ ദൂരദേശങ്ങളിൽ പോയി താമസിച്ചു പഠിക്കുവാൻ സാധിക്കുന്നതല്ലല്ലോ. അതിനാൽ രാമപുരത്തുതന്നെ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളും മലയാളം മിഡിൽ സ്കൂളും ദേവസ്വം ചിലവിൽ സ്ഥാപിച്ചു നടത്തുവാൻ രാഘവൻ തീർച്ചപ്പെടുത്തി. അതിന്നായി ക്ഷേത്രത്തിൽ നിന്നും അല്പം അകലെ രണ്ടു പാഠശാലകൾക്കുമായി രണ്ടു വലിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും അവയ്ക്കു വേണ്ട വിദ്യാഭ്യാസോപകരണങ്ങൾ ശേഖരിക്കുകയും ചെയ്തു.

ഈ സ്കൂളുകളുടെ ഉൽഘാടനകൎമ്മം അത്യാഡംബരപൂൎവം തന്നെ നടന്നു. മന്ത്രിതന്നെയാണു് ഉൽഘാടന

[ 96 ] കൎമ്മം നിൎവഹിച്ചത്. അന്നു ആ ദേശക്കാർ ഒരുത്സവദിവസം പോലെ കൊണ്ടാടി. മനോഹരമായ ആ ഗ്രാമപ്രദേശവും രാഘവനും മറ്റും നടത്തുന്ന ജനക്ഷേമകരങ്ങളായ പ്രവർത്തനങ്ങളും മന്ത്രിയെ ആകഷിച്ചു. ഈ ഗ്രാമം നമ്മുടെ നാട്ടിനുതന്നെ ഒരു മാതൃകയാണെന്നു അദ്ദേഹം സംഭാഷണത്തിനിടയിൽ പറഞ്ഞു. അതീവ സന്തുഷ്ഠനായാണു മന്ത്രി രാജധാനിയിലേക്കു മടങ്ങിയത്.


ഇരുപതാം അദ്ധ്യായം

ആ ദിവസം രാമപുരത്തു വേറൊരു വിശേഷംകൂടി ഉണ്ടായി. അതു തീൎത്ഥയാത്ര പോയിരുന്ന കിട്ടുആശാന്റെ പ്രത്യാഗമനമായിരുന്നു. അണ്ണാവിക്കുംരാഘവനും മൈഥിലിക്കും എന്നു വേണ്ട ആ നാട്ടിലുള്ള സകലർക്കും ആശാന്റെ വരവ് അത്യാഹ്ളാദപ്രദമായിരുന്നു.

അന്നു രാത്രി പൂവത്തൂർ മാളികയിൽ നടന്ന ഗൃഹസദസ്സ് ഉൽസാഹവും സൗഭാഗ്യവും തികഞ്ഞതായിരുന്നു. അഞ്ചു സംവത്സരക്കാലത്തെ വിദേശവാസവൃത്താന്തങ്ങൾ ആശാൻ എല്ലാവരേയും വർണ്ണിച്ചു കേൾപ്പിച്ചു. ഒടുവിൽ അണ്ണാവിയുടെ നിർബന്ധപ്രകാരം അദ്ദേഹം സ്വന്തം പൂൎവകഥ അന്നു ആദ്യമായി വെളിപ്പെടുത്തി.

[ 97 ]

ആ കഥ ആശ്ചൎയ്യകരമായിരുന്നു. ആശാന്റെ സ്വദേശം രാമപുരത്തുനിന്നു ആറുദിവസത്തെ വഴി വടക്കു ഒരു ദിക്കിലായിരുന്നു. അദ്ദേഹം തറവാട്ടിൽ കാരണവസ്ഥാനം കയ്യേൽക്കുവാൻ ഇടവന്നതുകൊണ്ടു് പഠിത്തം പൂർത്തിയാക്കാൻ സാധിക്കാതെ മതിയാക്കേണ്ടി വന്നു. ആറേഴു തലമുറക്കാലം നിരന്തരമായ ഐശ്വര്യം നിലനിന്നിരുന്ന ഒരു ഉൽകൃഷ്ട കുടുംബത്തിലായിരുന്നു ആശാൻ ജനിച്ചത്. ആ കുടുംബത്തിലെ ഒടുവിലത്തെ കാരണവർ, ദുഷ്ടനായിരുന്നില്ലെങ്കിലും എളുപ്പത്തിൽ മറ്റുള്ളവരുടെ തന്ത്രത്തിലകപ്പെടുന്ന മുഗ്ദ്ധബുദ്ധിയും ഭാൎയ്യാഹിതത്തിനു വിധേയനും ധാരാളിയുമായിരുന്നു. അതിനാൽ തറവാടു മിക്കവാറും ക്ഷയിച്ചു നാമമാത്രമായിരുന്ന സന്ദർഭത്തിലാണ് അദ്ദേഹം മരിച്ചതും കിട്ടുവാശാൻ കാരണവസ്ഥാനം ഏറ്റതും. ആശാന്റെ തവാട്ടിൽ രണ്ടു ശാഖകൾ ഉണ്ടായിരുന്നതിൽ ഒരു ശാഖയിൽ ആശാനെ ഉണ്ടായിരുന്നുള്ളൂ. മറ്റു ശാഖ സന്താനസമൃദ്ധിയുള്ളതായിരുന്നു. ആ ശാഖയിലെ മൂത്ത പുരുഷനായ ത്രിവിക്രമനും ആശാനും തമ്മിൽ ആറുമാസത്തെ “മൂപ്പിളമ" മാത്രമേയുണ്ടായിരുന്നു. അയാൾ ആശാനോടൊരുമിച്ചു തന്നെ പഠിച്ചിരുന്നുവെങ്കിലും മൂന്നുനാലു തവണ പരീക്ഷയിൽ തോറ്റശേഷം പഠിത്തം നിറുത്തി പോലീസ് ഡിപ്പാർട്ടുമെന്റിൽ ഒരു ഹെഡ് കാൺസ്റ്റബിളായി പ്രവേശിച്ചു. ക്രമേണ ഉയർന്നു് ഒരു ഇൻസ്പെക്ടറായി. അങ്ങനെ പ്രതാപശാലിയായി ഉദ്യോഗം ഭരിച്ചുവരവെ, ഒരു പ്രയാസപ്പെട്ട മോഷണക്കേസിനു എളുപ്പത്തിൽ തെളിവുണ്ടാക്കാനുള്ള വ്യഗ്രതയിൽ അയാൾ ഒരുവനെ അന്യായമായി ഭേദ്യം ചെയ്തു. അതിനാൽ അയാളെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. അങ്ങ

[ 98 ] നെ അയാൾ വീട്ടിൽ വന്നു താമസമായി. സ്വന്തം ശാഖയിലെ സന്താനസമൃദ്ധിക്കു പുറമേ ജ്യേഷ്ഠാനുജത്തിമാരായ രണ്ടു ഭാൎയ്യമാരിലുമായി അയാൾക്കും ധാരാളം സന്താനങ്ങളുണ്ടായി. ഉദ്യോഗത്തിലിരുന്നപ്പോഴത്തെ പ്രതാപജീവിതത്തിനു് നിൎവാഹമില്ലാതെവരികയാൽ, അധികനാൾ ചെല്ലും മുമ്പേ ആശാനുമായി മത്സരമാരംഭിച്ചു. ആശാന്റെ പത്തിരുപതു സംവൽസരക്കാലത്തെ ശ്രദ്ധാപൂർവമായ ഭരണത്തിൽ തറവാട് പൂൎവസ്ഥിതിയിലെത്തിയില്ലെങ്കിലും നല്ല ക്ഷേമാവസ്ഥയിലെത്തിയിരുന്നു. ആശാനു് ഒരു ഭാൎയ്യയും ആ ഭാൎയ്യയിൽ വിവാഹ പ്രായമായ ഒരു മകളും മാത്രമേ ഉണ്ടായിരുന്നുള്ള അവർക്കു സുഖമായ കാലക്ഷേപത്തിനു വേണ്ട വക ആശാൻ സമ്പാദിച്ചു കൊടുത്തിരുന്നു. അനുജൻ യാതൊരു ഹേതുവും കൂടാതെ തന്നോടു മൽസരിച്ചതുകൊണ്ടു് ആശാനു വളരെ മനഃക്ലേശമുണ്ടായി. എങ്കിലും മൽസരത്തെ നിയമസഹായത്താൽ ഒതുക്കുവാൻ അദ്ദേഹം ഉദ്യമിച്ചില്ല. സകല വസ്തുക്കളും അനുജൻ കൈയേറി അനുഭവമേടുത്തുതുടങ്ങി, ആശാൻ വഴക്കിനുപോകാതെ

തറവാട്ടിൽനിന്നും ഒഴിഞ്ഞു മാറി ഭാൎയ്യയോടൊരുമിച്ചു. ഭാൎയ്യക്കു സമ്പാദിച്ചു കൊടുത്ത വസ്തുവിൽ താമസം മാറി. ഏറെ താമസിയാതെ മകളെ യോഗ്യനായ ഒരു വരനു വിവാഹം കഴിച്ചുകൊടുത്തു. ആ മകളുടെ പുത്രനാണു് രാഘവൻ

രാഘവൻ ജനിച്ചു് ഒരു വയസ്സായപ്പോൾ ആശാന്റെ ഭാൎയ്യ മരിച്ചു അനുജന്റെ മൽസരബുദ്ധിയും ഭാൎയ്യയുടെ വിരഹവും, അദ്ധ്യാത്മജ്ഞാനദൃഷ്ടിയും കൊണ്ട് സ്വദേശവാസം വിരസമായിത്തീരുകയാൽ ആശാൻ തീൎത്ഥയാത്രയ്ക്കു പുറപ്പെട്ടു. പല പുണ്യസ്ഥലങ്ങളേയും

[ 99 ] പല പുണ്യാത്മക്കളേയും കണ്ടു് പലതും ഗ്രഹിച്ചു. അതോടുകൂടി അദ്ദേഹത്തിനു മനുഷ്യസമുദായത്തിൽ

കടന്നുകൂടിയിരിക്കുന്ന ഉച്ചനീചത്വാദി സമുദായദോഷങ്ങളെക്കുറിച്ചു ഗാഢമായി ചിന്തിക്കുവാൻ സംഗതിയായി.

ഏതെങ്കിലും ഒരു ചെറിയ ഗ്രാമത്തിൽ അജ്ഞാതവാസം ചെയ്തു, ആ ഗ്രാമീണരുടെ ഇടയിലെങ്കിലും തന്റെ അഭിപ്രായപ്രകാരമുള്ള സമുദായോദ്ധാരണ പരിശ്രമങ്ങൾ ചെയ്യണമെന്നു നിശ്ചയിച്ചു് അതിനു യോഗ്യമായ ഒരു സ്ഥലമന്വേഷിച്ചാണ് പൂവത്തൂരിൽ വന്നു അണ്ണാവിയുടെ പരിചയം സമ്പാദിച്ചു നന്ദാവനത്തിൽ പാർപ്പും രാമപുരം ക്ഷേത്രത്തിൽ രാമായണം വായനയുമായി കഴിഞ്ഞു വന്നതു്.

നന്താവനത്തിൽ താമസമായി ഏതാനും മാസങ്ങൾ കഴിഞ്ഞു. പ്രച്ഛന്നവേഷനായി ആശാൻ സ്വദേശത്തു് സഞ്ചരിച്ചു് അവിടത്തെ ക്ഷേമം അന്വേഷിച്ചു മടങ്ങിപ്പോന്നു. ആശ്രമജോലികൾ സാവകാശമായി ആശാൻ തന്നെയാണു് നടത്തിക്കൊണ്ടു വന്നതെങ്കിലുംചില ജോലികൾക്കും, കൃഷിയില്ലാത്ത കാലങ്ങളിൽ വേലയ്ക്ക് വിശന്നു നടന്നിരുന്ന പറയരേയും ആശാൻ ഏർപ്പെടുത്തിയിരുന്നു.

രാഘവനു മൂന്നു വയസ്സുള്ളപ്പോഴാണ്, ആശാൻ രാഘവനെ ഒടുവിൽ കണ്ടതു്. അപ്പോൾ രാഘവനു സഹോദരിയായി ഒരു പെൺകുട്ടിയും ജനിച്ചിരുന്നു. മകളും കുഞ്ഞുങ്ങളും ഭൎത്താവിന്റെ സംരക്ഷണയിൽ സുഖമായി കഴിഞ്ഞുവന്നതു കണ്ടുള്ള കൃതാൎത്ഥതതോടുകൂടി ആശാൻ തിരിച്ചുവന്നു് ആശ്രമത്തിൽ സ്ഥിരമായി താമസം തുടങ്ങി. ഏതാനും കൊല്ലം കഴിഞ്ഞ

[ 100 ] പ്പോഴാണു രാഘവനെ കണ്ടെത്തുവാനിടയായതു്.

ആശാന്റെ മകളുടെ മകനായ രാഘവൻ സ്വദേശത്തുള്ള ഒരു മലയാളം സ്കൂളിൽ യഥാകാലം ചേർന്നു നാലാം ക്ലാസ്സ് ജയിച്ചു. അഞ്ചാംക്ളാസ്സിൽ വായിച്ചു കൊണ്ടിരിക്കുമ്പോൾ അച്ഛനും അമ്മയും ഒരു സഹോദരിയും ഉണ്ടായിരുന്നവർ സംശയകരമായ വിധത്തിൽ മരണമടഞ്ഞു. തറവാടു വസ്തുവിന്റെ ആദായംകൊണ്ടു ആശാൻ ഭാൎയ്യക്കു സമ്പാദിച്ചുകൊടുത്ത വസ്തു ഒഴിപ്പിച്ചു തറവാട്ടിൽ ചേൎക്കണമെന്നു് ത്രിവിക്രമൻ കൊടുത്ത കേസ് നടന്നുവരുമ്പോഴാണ് രാഘവന്റെ അമ്മയച്ഛന്മാരും സഹോദരിയും മരിച്ചതു്. തൻമൂലം വ്യവഹാരം നടത്താൻ പ്രാപ്തരായ കക്ഷികൾ ഇല്ലെന്നുവരികയാൽ കേസ് ത്രിവിക്രമന് അനുകൂലമായി വിധിച്ചു. രാഘവനെ വീട്ടിൽ നിന്നു പുറത്താക്കി. അങ്ങനെ അനാഥനായിത്തന്ന രാഘവൻ സ്വദേശവാസം ആപൽക്കരമെന്നു സഹജമായ ജന്തുവാസനയാൽ തോന്നിയതു നിമിത്തം അവൻ സ്വദേശം വിട്ടു അലഞ്ഞുതിരിഞ്ഞു കർമ്മബന്ധത്താൽ ആശാന്റെ അടുക്കൽ വന്നുചേൎന്നു.

രാഘവനെ കണ്ടപ്പോൾ ആശാനു സന്ദേഹം ഉണ്ടായതായി പ്രസ്താവിച്ചിട്ടുണ്ടല്ലോ. രാഘവനുമായി അന്നു നടന്ന സംഭാഷണത്തിൽനിന്നു രാഘവൻ ആശാനും തമ്മിലുള്ള ബന്ധവും വീട്ടിലുണ്ടായ വ്യസനകരങ്ങളായ സംഭവങ്ങളും ആശാൻ പൂൎണ്ണമായി ഗ്രഹിച്ചു. രാഘവനു പ്രായപൂൎത്തി വന്നിട്ടു വസ്തുക്കൾ തിരിച്ചുകിട്ടാൻ വ്യവഹാരം കൊടുക്കണമെന്നു ആശാനു ആദ്യം തോന്നിയെങ്കിലും, ആശാന്റെ ആശ്രമവും അതോടു ചേൎന്ന കുറെ സ്ഥലവും രാഘവൻ സമ്പാദ്യമാക്കിത്തീൎക്കാമെങ്കിൽ ആയതു പൊയ്പോയ വസ്തുക്കളേക്കാൾ രാഘവനു

[ 101 ] തുലോം വിലയേറിയ സമ്പാദ്യമായിരിക്കുമെന്നു കരുതി, അതിനുള്ള ശ്രമവും രാഘവന്റെ വിദ്യാഭ്യാസവും ആശാൻ നിഷ്കർഷയോടുകൂടി നടത്തിത്തുടങ്ങി. ആശാൻ ഈ ശ്രമം നിറവേറി എന്നും, അതിന്നായി ചെയ്ത ശ്രമങ്ങളുടെ ഫലമായി രാമപുരംഗ്രാമത്തിൽ എത്രമാത്രം പരിഷ്കാരവും ഐശ്വൎയ്യാഭിവൃദ്ധിയും, ഉപരിയായി അഭിവൃദ്ധിക്കു സ്ഥിരമായ അടിസ്ഥാനവും ഉണ്ടായി എന്നു നാം അറിഞ്ഞല്ലോ. ആശാൻ ഒടുവിൽ ഷഷ്ടിപൂർത്തി കഴിഞ്ഞു സന്യാസിയായി പുറപ്പെട്ടത് സ്വകുടുംബ സ്ഥിതികൾ എങ്ങനെയിരിക്കുന്നുവെന്നും, ചടയന്റെ മതാവിനേയും സഹോദരിയേയും കണ്ടുപിടിക്കാൻ കഴിയുമോ എന്നു അന്വേഷിക്കാനുമായിരുന്നു. ഈ അന്വേഷണം രണ്ടും ആശാൻ നടത്തി സ്വകുടുംബം ത്രിവിക്രമന്റെ പരാക്രമത്തിൽ ക്ഷേമമായിത്തന്നെ നടത്തിയിരുന്നുവെങ്കിലും, അയാളുടെ പരാക്രമം പ്രശംസനീയമായിരുന്നില്ലെന്നു ആശാനു ബോദ്ധ്യപ്പെട്ടു. എങ്ങനെയെങ്കിലും കുടുംബം ക്ഷേമമായി കഴിഞ്ഞു കണ്ടതിലുള്ള തൃപ്തിയോടും ത്രിവിക്രമന്റെ നടപടികളിൽ അത്യപ്തിയോടും ആശാൻ സ്വദേശത്തോടു അവസാന യാത്ര പറഞ്ഞു. രാഘവൻ ഒരു നല്ല നില പ്രാപിക്കാനുള്ള സ്ഥിരമായ അടിസ്ഥാനം ഉണ്ടായിക്കഴിഞ്ഞല്ലോ എന്നു ആശാൻ കൃതകൃത്യനായി. എങ്കിലും ലൗകിക കാൎയ്യങ്ങളിൽ വിരക്തി തോന്നി ആത്മശാന്തിക്കുള്ള മാർഗ്ഗാന്വേഷണം ചെയ്തുകൊണ്ട് ആശാൻ രാമപുരത്തേയ്ക്കു മടങ്ങിവരാതെ, ഒരു സന്യാസിയായിത്തന്നെ വിദേശസഞ്ചാരം തുടങ്ങി. പല പുണ്യ സ്ഥലങ്ങളും സഞ്ചരിച്ചു കണ്ടശേഷം ആശാൻ രണ്ടാമത്തെ സ്വദേശമായ രാമപുരത്തിന്റേയും രാഘ [ 102 ] വന്റെയും സ്ഥിതി അന്വേഷിക്കാമെന്ന് വിചാരിച്ചു് മടങ്ങിവന്നതാണു്. ഈ മടക്ക യാത്രയിൽ ചടയന്റെ പെങ്ങളേയും കണ്ടുകൂടി. അവരേയും കൂടി ചടയന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുവന്നു. ചടയനു അവന്റെ അമ്മയേയും പെങ്ങളേയും കണ്ടപ്പോഴുണ്ടായ ആനന്ദം വായനക്കാൎക്കു ഊഹിച്ചറിയാമല്ലോ.

മൈഥിലീരാഘവന്മാർ പരസ്പരാനുരാഗം ഉള്ളവരായിത്തീൎന്നു എങ്കിൽ അതെങ്ങനെയെന്നു വിസ്തരിച്ചിട്ടാവശ്യമില്ലാത്തവണ്ണമാണു് അവരുടെ കഥ ഇതുവരെ തുടൎന്നുവന്നതു്. അവരെത്തമ്മിൽ ദാമ്പത്യബന്ധത്തിൽ ഏർപ്പെടുത്തുന്നതിനു അണ്ണാവിയുടേയും ഭാൎയ്യയുടേയും മനസ്സിൽ ഒരു ചെറിയ സന്ദേഹം മാത്രമെ ഉണ്ടായിരുന്നു. അതു രാഘവന്റെ കുലം ഏതെന്നുള്ള ശങ്ക മാത്രമായിരുന്നു. ആശാന്റെ കഥാവിസ്കാരം ആ ശങ്കയേയും അപാകരിച്ചു.

അവർ തമ്മിലുള്ള വിവാഹം ആയാണ്ടു മേടമാസത്തിൽ മന്ത്രി മുതലായ പല പ്രമാണപ്പെട്ട ഉദ്യോഗസ്ഥന്മാരുടേയും മറ്റ് മാന്യന്മാരുടേയും സാന്നിദ്ധ്യത്തിൽ മംഗളമായിക്കഴിഞ്ഞു. "സമാനഗുണമായ വധുവര"ന്മാരുടെ ചേർച്ച കണ്ടു് സകല ആളുകളും അവരെ അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. സൗഭാഗ്യങ്ങളോടും കൂടി അവർ ദീർഘകാലം ജീവിച്ചിരുന്നു.

ശുഭം
[ 104 ]









PRINTED AT


THE INDIRA PRINTING WORKS


PETTAH, TRIVANDRUM
"https://ml.wikisource.org/w/index.php?title=പഞ്ചവടി_സ്റ്റാൻഡേർഡ്_5&oldid=224461" എന്ന താളിൽനിന്ന് ശേഖരിച്ചത്